Tuesday, December 16, 2008

ഓര്‍മ്മകളില്‍ ഒരു ക്രിസ്തുമസ് കാലം

“മനസ്സു നന്നാകട്ടെ... മതമേതെങ്കിലുമാകട്ടെ...
മാനവഹൃത്തിന്‍ ചില്ലയിലെല്ലാം മാമ്പൂക്കള്‍ വിരിയട്ടെ...”

ഗാനത്തോടെയായിരുന്നു കോളേജില്‍ NSS ന്റെ ഓരോ പരിപാടികളും ആരംഭിച്ചിരുന്നത്. ബിപിസി കോളേജിലെ പഠനകാലത്തെ എന്നെന്നും ഓര്‍മ്മിക്കത്തക്കതായി നിലനിര്‍ത്തുന്നതില്‍ അക്കാലത്തെ ഞങ്ങളുടെ NSS ക്യാമ്പുകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. പൊതുവേ രസകരമായിരുന്ന കലാലയ ജീവിതത്തെ വളരെയധികം ആസ്വാദ്യകരമാക്കുന്നതിന് ആ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ പങ്കെടുത്ത അഞ്ച് ക്യാമ്പുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്.

സാധാരണയായി ഒരു അദ്ധ്യയന വര്‍ഷം രണ്ടു ക്യാമ്പ് ആണ് ഉണ്ടായിരിയ്ക്കുക. ഒരു ത്രിദിന ക്യാമ്പും ഒരു ദശ ദിന ക്യാമ്പും. ഞങ്ങളുടെ ബിരുദ പഠനത്തിന്റെ അവസാന വര്‍ഷം എന്തോ കാരണങ്ങള്‍ കൊണ്ട് ദശദിന ക്യാമ്പ് നടത്താന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും മറ്റു ക്യാമ്പുകളില്‍ നിന്നു തന്നെ ഒരുപാട് നല്ല നല്ല അനുഭവങ്ങള്‍ കിട്ടിയിട്ടുണ്ട്.

ഞങ്ങളുടെ ബിപിസിയില്‍ എക്കാലവും ഒരു നല്ല സൌഹൃദ അന്തരീക്ഷം നിലനിര്‍ത്തുന്നതിനും NSS ക്യാമ്പുകള്‍ ഒരു പ്രധാന കാരണമായിരുന്നു. കാരണം ചെറിയ തോതിലെങ്കിലും നിലനില്‍ക്കാറുള്ള രാഷ്ട്രീയ പാര്‍ട്ടി തരം തിരിവുകളെല്ലാം തന്നെ (ഞങ്ങള്‍ പഠിച്ചിരുന്ന കാലത്ത് അവിടെരാഷ്ട്രീയം ഒരിയ്ക്കലും അതിരു കടക്കാറില്ലെങ്കിലും) പൂര്‍ണ്ണമായും ഇല്ലാതാകുന്ന ഒരു അവസരമായിരുന്നു ക്യാമ്പ് നാളുകള്‍. പാര്‍ട്ടി/ക്ലാസ്സ്/ബാച്ച്/സബ്ജക്റ്റ് എന്നു വേണ്ട, ആണ്‍-പെണ്‍ /അദ്ധ്യാപക-വിദ്യാര്‍ത്ഥി വിവേചനമില്ലാതെ എല്ലാവരും ഒരുപോലെ ആസ്വദിച്ചിരുന്ന നാളുകള്‍.

ക്യാമ്പുകളുടെ മറ്റൊരു ആകര്‍ഷണീയത പുതിയ പുതിയ പ്രണയജോഡികളായിരുന്നു. ഓരോ തവണയും ക്യാമ്പ് അവസാനിയ്ക്കുമ്പോഴേയ്ക്കും ചുരുങ്ങിയത് അര ഡസന്‍ പ്രണയജോഡികളെങ്കിലും രൂപപ്പെട്ടിട്ടുണ്ടാകും. അത് ദശദിന ക്യാമ്പു കൂടി ആണെങ്കില്‍ പറയുകയും വേണ്ട. ചുരുക്കം ചിലരെങ്കിലും ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നതിനു പിന്നില്‍ അങ്ങനെ ഒരു ഉദ്ദേശ്ശവും ഉണ്ടായിരുന്നു. എങ്കില്‍ തന്നെയും വേണ്ടത്ര സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം തന്നെ എല്ലാവരെയും സ്നേഹപൂര്‍വ്വം നിയന്ത്രിയ്ക്കാന്‍ NSS കോ ഓര്‍ഡിനേറ്റര്‍മാരായ ബിജുസാറിനും ടിജി സാറിനും എന്നും കഴിഞ്ഞിരുന്നു.

1999 ഡിസംബര്‍. ആ വര്‍ഷത്തെ NSS ദശദിന ക്യാമ്പ് തുടങ്ങി. ആ വര്‍ഷത്തെ പ്രത്യേകത ക്യാമ്പ് ആരംഭിച്ചത് ഡിസംബര്‍ 17 നായിരുന്നു എന്നതാണ്. [17-26]. അങ്ങനെ ആദ്യത്തെ രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ടു തന്നെ ഞങ്ങള്‍ ക്യാമ്പിലെ 60 പേരും വലിയ സൌഹൃദത്തിലായി. ഒരോ ദിവസങ്ങളും സേവന പ്രവൃത്തികളും സെമിനാറുകളും കലാപരിപാടികളും തമാശകളും ഒക്കെയായി കടന്നു പോയി. ആ വര്‍ഷത്തെ ക്രിസ്തുമസ് ക്യാമ്പിനിടയില്‍ ആയതു കൊണ്ടു തന്നെ ക്രിസ്തുമസ് ദിനം ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റി വയ്ക്കാനും തീരുമാനമായി. കാരണം ഈ അറുപതു പേരും വീട്ടുകാരോടൊത്തുള്ള ആഘോഷം മാറ്റി വച്ച് വന്നിരിയ്ക്കുകയാണല്ലോ.

അങ്ങനെ ഡിസംബര്‍ 22 നും 23 നും രാത്രി ഞങ്ങള്‍ പതിവായി നടത്താറുള്ള കലാപരിപാടികള്‍ മാറ്റി വച്ച് പകരം ക്രിസ്തുമസ് കരോളിനായി ഇറങ്ങി. രണ്ടു രാത്രികള്‍ കൊണ്ട് കോളേജിനു ചുറ്റുമുള്ള എല്ലാ വീടുകളിലും കയറിയിറങ്ങി. [ കോളേജ് കുട്ടികളല്ലേ എന്നും കരുതി എല്ലാ വീട്ടുകാരും ഞങ്ങളെ കാര്യമായി സല്‍ക്കരിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തിരുന്നു കേട്ടോ. ആ രണ്ടു ദിവസം കൊണ്ട് തിന്നു തീര്‍ത്ത പലഹാരങ്ങള്‍ക്കു കണക്കില്ല. പലഹാരം മാത്രമല്ല, നല്ലൊരു തുക സംഭാവനയായും കിട്ടി.]

സാധാരണയായി ഒരു ദശദിന ക്യാമ്പ് നടത്തുമ്പോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അനുവദിച്ചു കിട്ടുന്ന തുകയില്‍ നിന്നും ചെറിയ ഒരു ടൂറും സംഘടിപ്പിയ്ക്കാന്‍ കഴിയാറുണ്ട്. ഞങ്ങള്‍ക്കാണെങ്കില്‍ അത്തവണ കരോളിനു കിട്ടിയ തുക കൂടി ചേര്‍ത്തപ്പോള്‍ വാഗമണിലേയ്ക്ക് നല്ലൊരു ടൂര്‍ സംഘടിപ്പിയ്ക്കാനുമായി. (രസകരവും സംഭവ ബഹുലവുമായ ആ യാത്രയെപ്പറ്റി പിന്നൊരിയ്ക്കല്‍ എഴുതാം)

അങ്ങനെ ആ വര്‍ഷത്തെ ക്രിസ്തുമസ് ദിവസവും വന്നെത്തി. എല്ലാ ദിവസത്തെയും എന്ന പൊലെ സൂര്യനുദിയ്ക്കും മുന്‍പേ ആരംഭിച്ച അന്നത്തെ ക്യാമ്പ് ദിനം ഒരിയ്ക്കലും മറക്കാന്‍ പറ്റാത്തതായിരുന്നു. ക്രിസ്തുമസ് ആരവങ്ങളോടെ പരസ്പരം ആശംസകള്‍ നേര്‍ന്നു കൊണ്ട് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. അന്നത്തെ ദിവസം ഉച്ച വരെ ആഘോഷങ്ങള്‍ മാത്രമായിരുന്നു. എല്ലാവരും എല്ലാം മറന്ന് ആഘോഷിച്ച ഒരു നല്ല ക്രിസ്തുമസ് പകല്‍. അങ്ങനെ വിഭവസമൃദ്ധമായ ഉച്ചയൂണും കഴിച്ച് ഞങ്ങള്‍ സെമിനാര്‍ ഹാളില്‍ ഒത്തു കൂടി.

അപ്പോഴാണ് അന്നത്തെ ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ ആയിരുന്ന ബേബി എം വര്‍ഗ്ഗീസ് സാര്‍ ഞങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചത്. അക്കൂട്ടത്തില്‍ അദ്ദേഹം ഒരു അഭിപ്രായവും മുന്നോട്ടു വച്ചു. അന്നത്തെ ദിവസത്തിന്റെ ബാക്കി സമയം പിറവത്തിനടുത്തു തന്നെയുള്ള ഒരു വൃദ്ധ സദനത്തില്‍ ചിലവഴിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ ബിജു സാരും ടിജി സാറും ഇക്കാര്യം ഞങ്ങളോട് പറഞ്ഞതും എല്ലാവരും പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചു.

അങ്ങനെ ഞങ്ങളുടെ സദ്യയുടെ ഒരു പങ്കും കുറേ ക്രിസ്തുമസ് പലഹാരങ്ങളും മറ്റുമായി ഞങ്ങള്‍ എല്ലാവരും ആ വൃദ്ധ സദനത്തിലെത്തി. അവിടെ ചെന്നിറങ്ങുന്നതു വരെ എല്ലാവരും ആടിപ്പാടി ബഹളം വച്ചാണ് ചെന്നതെങ്കിലും ആ സ്ഥപനത്തിനു മുറ്റത്ത് കാലു കുത്തിയതോടെ ഞങ്ങളെല്ലാവരും നിശബ്ദരായി. അവിടുത്തെ സ്റ്റാഫുകള്‍ ഞങ്ങളെ അവിടെയുള്ള ഓരോ അന്തേവാസികളേയും പരിചയപ്പെടുത്തി തന്നു. ഉറ്റവരും ഉടയവരും ഇല്ലാത്തവരും ഉണ്ടായിട്ടും ആര്‍ക്കും വേണ്ടാത്തവരും… എങ്കിലും അവരെല്ലാം തന്നെ അവിടുത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ക്രിസ്തുമസ്സിന്റേതായ ആഘോഷങ്ങളോ ഒരുക്കങ്ങളോ ഒന്നും തന്നെ അവിടെ കണ്ടില്ല. അവര്‍ക്ക് ക്രിസ്തുമസിന് ആഘോഷിയ്ക്കാന്‍ എന്താണുള്ളത്?

എങ്കിലും ഞങ്ങള്‍ നക്ഷത്രങ്ങളും കൊണ്ട് അവിടം അലങ്കരിച്ചു. ക്രിസ്തുമസ് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് പാട്ടുകള്‍ പാടി. ആ സ്ഥാപനത്തിലെ നടത്തിപ്പുകാരുടെ അഭ്യര്‍ത്ഥനപ്രകാരം അവര്‍ ഞങ്ങളോടൊപ്പം ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് ഞങ്ങള്‍ “ഹാപ്പി ക്രിസ്തുമസ്” നേര്‍ന്നു കൊണ്ട് കേക്കു മുറിച്ച് അവര്‍ക്കെല്ലാവര്‍ക്കും വിതരണം ചെയ്തു. പിന്നെയും കുറേ നെരം കൂടി ഞങ്ങളെല്ലാവരും അവരോടൊപ്പം ചിലവഴിച്ചു. വളരെ പെട്ടെന്ന് തന്നെ അവരില്‍ പലരും ഞങ്ങളോട് വല്ലാതെ അടുത്തു. ഞങ്ങള്‍ ചോദിയ്ക്കാതെ തന്നെ പലരും അവരുടെ കഥകള്‍ ഞങ്ങളോട് പറഞ്ഞു. മിക്ക സിനിമകളിലും കണ്ടതും കേട്ടതുമായ കഥകളാണ് അവിടെ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത്. അതില്‍ പലരും മക്കളും പേരക്കുട്ടികളും എല്ലാം ഉള്ളവര്‍. പലരുടേയും മക്കള്‍ നല്ല നിലയില്‍ കഴിയുന്നവര്‍. പക്ഷേ, പ്രായമായപ്പോള്‍ ജീവനു തുല്യം സ്നേഹിച്ചിരുന്ന മക്കള്‍ക്കു പോലും അവരെ വേണ്ടാതായി. ചിലര്‍ക്ക് അവരുടെ പ്രവാസജീവിതത്തില്‍ ഇവര്‍ ഭാരമാകുന്നു.

അന്ന് സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ എന്നെയും സുധിയപ്പനെയും കെട്ടിപ്പിടിച്ച് കരഞ്ഞ ഒരമ്മൂമ്മയെ ഞാനിന്നും ഓര്‍ക്കുന്നു. ഞങ്ങളുടെ പ്രായത്തിലുള്ള രണ്ടു പേരക്കുട്ടികള്‍ അവര്‍ക്കും ഉണ്ടത്രെ. പക്ഷേ വര്‍ഷങ്ങളായി മകനും കുടുംബവും അമേരിയ്ക്കയിലോ മറ്റോ ആണ്. അവരാരും ഇവരെ അന്വേഷിയ്ക്കുന്നു പോലുമില്ലത്രെ. ഞങ്ങള്‍ക്കുണ്ടായ അനുഭവത്തിനു സമാനമായ അനുഭവം അന്ന് എന്റെ സഹപാഠികളില്‍ പലര്‍ക്കും ഉണ്ടായി. അവിടെ നിന്നും കണ്ണു നനയാതെ പടിയിറങ്ങിയവര്‍ വിരളമായിരുന്നു. എങ്കിലും ഒന്നുണ്ട്. അത്രയും പേരില്‍ തങ്ങളെ ഉപേക്ഷിച്ചിട്ടു പോയ മക്കളെയും ബന്ധുക്കളെയും കുറ്റപ്പെടുത്തിയവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ബാക്കിയെല്ലാവരും ഇതാണ് അവരുടെ വിധി എന്ന രീതിയിലാണ് സംസാരിച്ചത്. എവിടെയാണെങ്കിലും അവരുടെ മക്കളും പേരക്കുട്ടികളുമെല്ലാം സുഖമായി ജീവിയ്ക്കട്ടെ എന്ന് ഈ അവസ്ഥയിലും അവര്‍ അഗ്രഹിയ്ക്കുന്നു.

അവസാനം അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരെല്ലാവരും തന്നെ മുറ്റത്തിറങ്ങി വന്നു കൈകള്‍ വീശി ഞങ്ങള്ക്ക് റ്റാറ്റാ പറഞ്ഞ് യാത്രയാക്കി. തിരികേ വണ്ടിയില്‍ കയറുമ്പോള്‍ പെണ്‍കുട്ടികളില്‍ പലരും കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു. വന്നപ്പോള്‍ പാട്ടും ബഹളവുമായി വന്നവര്‍ തിരിച്ചുള്ള യാത്രയില്‍ മൌനമായി എന്തോ ആലോചനകളില്‍ മുഴുകിയിരിയ്ക്കുന്നത് കാണാമായിരുന്നു. തിരികേ കേളേജില്‍ എത്തിയപ്പോള്‍ അങ്ങനെ ഒരു യാത്ര നടത്തിയന്റെ ഉദ്ദേശ്ശം ബിജുസാറും ടിജി സാറും ഞങ്ങളോട് വിശദീകരിച്ചു തന്നു. സുഖങ്ങളില്‍ മാത്രം ജീവിയ്ക്കുന്ന നമ്മുടെയെല്ലാം ജീവിതത്തിന്റെ മറ്റൊരു വശം മനസ്സിലാക്കി തരുക എന്ന അവരുടെ ഉദ്ദേശ്ശം 100 % വിജയിച്ചു എന്നു തന്നെ പറയാം. കാരണം വിശദീകരണങ്ങളില്ലാതെ തന്നെ ആ യാത്ര ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു പാഠമാവുകയായിരുന്നു.

എല്ലാവരുടേയും ജീവിതത്തിലെ തന്നെ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത ഒരു ക്രിസ്തുമസ് ദിനം ആയിരുന്നു അത്. പിറ്റേ ദിവസത്തെ കലാശ പരിപാടികളോടെ ആ ദശദിന ക്യാമ്പ് അവസാനിച്ചു. എങ്കിലും എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരുപാടു നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിയ്ക്കാന്‍ ആ പത്തു ദിവസങ്ങള്‍ക്കു കഴിഞ്ഞു.


**********************************************************

[പിറവത്തു നിന്നും കുറച്ചു മാറി മാമലക്കവല എന്ന സ്ഥലത്തുള്ള കരുണാലയം എന്ന സ്ഥാപനമായിരുന്നു അതെന്നാണ് ഓര്‍മ്മ. ബിപിസിയിലെ എന്റെ കലാലയ ജീവിതത്തില്‍ തന്നെ അതു പൊലെയുള്ള മൂന്നു നാലു സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ സാധിച്ചിരുന്നത് ഒരു നിമിത്തമായി, പുണ്യമായി കരുതുന്നു. കാരണം, ഇതു പൊലെയുള്ള സ്ഥലങ്ങളിലെ അന്തേവാസികളുടെ ജീവിതങ്ങള്‍ നമ്മെ ഒരുപാട് ചിന്തിപ്പിയ്ക്കുന്നവയാണ് . എത്രയൊക്കെയായാലും നമ്മള്‍ വെറും സാധാരണ മനുഷ്യന്‍ മാത്രമാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നവയാണ്. എന്റെ ജീവിതത്തെയും ഈ യാത്രകള്‍ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്]

ഈ ക്രിസ്തുമസ് നാളുകള്‍ നമ്മള്‍ എല്ലാം മറന്ന് ആഘോഷിയ്ക്കുമ്പോള്‍ ഇതു പോലെയുള്ള സ്ഥാപനങ്ങളെയും അവിടുത്തെ അന്തേവാസികളേയും ഒരു മാത്ര ഓര്‍ക്കുകയാണെങ്കില്‍, അവര്‍ക്കു വേണ്ടി എത്ര ചെറുതായാലും ശരി ഒരു സഹായം ചെയ്യുകയാണെങ്കില്‍ അത് എത്ര മഹത്തരമായിരിയ്ക്കും എന്നു കൂടി നാം മനസ്സിലാക്കിയാല്‍ അതില്‍ നിന്നും കിട്ടുന്ന സംതൃപ്തി ഒന്നു വേറെ തന്നെയായിരിയ്ക്കും. ഇപ്പോഴേ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് അത് തുടരാനും ഇതു വരെ അങ്ങനെ ചിന്തിയ്ക്കാത്തവര്‍ക്ക് ആ വഴിയില്‍ ചിന്തിയ്ക്കാനും ഈ ക്രിസ്തുമസ് നാളുകള്‍ വഴിയൊരുക്കട്ടെ…നമ്മുടെ കുടുംബ ബന്ധങ്ങള്‍ ദൃഢമായി നില നിര്‍ത്താനും ഏവര്‍ക്കും കഴിയട്ടേ. വാര്‍ദ്ധക്യ കാലത്ത് മാതാപിതാക്കള്‍ ഏറ്റവും കൊതിയ്ക്കുന്നത് അവരുടെ മക്കളുടെയും കൊച്ചു മക്കളുടെയും സാന്നിധ്യവും സ്നേഹവും മാത്രമാണ്. അവരുടെ പണമല്ല.

Friday, December 5, 2008

വീര കേസരി മത്തപുംഗവന്‍

ഞങ്ങള്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദത്തിന് തഞ്ചാവൂര്‍ പഠിയ്ക്കുന്ന കാലം. അക്കാലത്ത് ഞങ്ങളുടെ അടുത്തു തന്നെയുള്ള കുറച്ചു വീടുകളില്‍ ഞങ്ങളുടെ ക്ലാസ്സിലെ വേറെ കുറച്ചു സുഹൃത്തുക്കളും താമസിച്ചിരുന്നു. രണ്ടു വീടുകളില്‍ മലയാളി സുഹൃത്തുക്കളും വേറെ ഒരു വീട്ടില്‍ കുറച്ചു തമിഴ് സുഹൃത്തുക്കളും. ഇന്നത്തെപ്പോലെ ടി.വി./ കമ്പ്യൂട്ടര്‍ ഒന്നുമില്ലാതിരുന്നതിനാല്‍ അവധി ദിവസങ്ങളില്‍ ഞങ്ങള്‍ ഇപ്പറഞ്ഞ വീടുകളില്‍ എവിടെയെങ്കിലും സന്ദര്‍ശനം നടത്തുകയോ അവര്‍ ഞങ്ങളുടെ റൂമില്‍ വരുകയോ പതിവായിരുന്നു.

തമിഴ്‌നാട്ടുകാരുടെ ഒരു പ്രധാന ആഘോഷമായിരുന്ന പൊങ്കല്‍ അടുത്തിരിയ്ക്കുന്ന സമയമായിരുന്നു എന്നു തോന്നുന്നു, ഒരു ഞായറാഴ്ച വൈകുന്നേരം അടുത്ത വീട്ടിലെ തമിഴ് സുഹൃത്തുക്കള്‍ ഞങ്ങളെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. അതിന്‍‌ പ്രകാരം ഞങ്ങള്‍ എല്ലാവരും അന്ന് അവരുടെ റൂമിലേയ്ക്ക് ചെന്നു. (അതിനു മുന്‍‌പ് ഒന്നു രണ്ടു തവണ അവരെ ഞങ്ങളുടെ വീട്ടിലേയ്ക്കും വിളിച്ച് മലയാളികളുടെ രീതിയില്‍ അവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തിരുന്നു.)

അവിടെ വച്ച് അവര്‍ ഞങ്ങള്‍ക്ക് അവരുടെ ഒരു ഇഷ്ടവിഭവമായ “കേസരി” എന്ന ഒരു മധുരപലഹാരം ഉണ്ടാക്കി തന്നു. ഞങ്ങളില്‍ പലരും അതിനു മുന്‍‌പ് ഈ വിഭവം കഴിച്ചിരുന്നില്ല. റവയും നെയ്യും പഞ്ചസാരയും മറ്റും ചേര്‍ത്ത് ഉണ്ടാക്കിയ ആ പലഹാരം എല്ലാവരും വയറു നിറയേ തട്ടിവിട്ട് കുറേ നേരം അവരോടൊത്ത് ചിലവഴിച്ച ശേഷം (ബാക്കി വന്ന പലഹാരം കൂടെ പൊതിഞ്ഞെടുത്ത ശേഷം) ഞങ്ങള്‍ ഞങ്ങളുടെ വീട്ടിലേയ്ക്ക് തിരികേ പോന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ഈ പലഹാരം ഏറ്റവും അധികം ഇഷ്ടപ്പെട്ടത് മത്തനാണ്. അതു കൊണ്ടു തന്നെ അവന്‍ തിരികേ പോരും മുന്‍പ് ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അവരോട് അന്വേഷിച്ചു. അവര്‍ സന്തോഷത്തോടെ എല്ലാം മത്തന് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. പാചക കാര്യത്തില്‍ മത്തന്‍ പണ്ടേ ‘വീക്ക്’ ആണ്. അതു കൊണ്ട് മറന്നു പോകാതിരിയ്ക്കാന്‍ അവനത് ഒരു കുറിപ്പടി പോലെ എഴുതിയെടുക്കുകയും ചെയ്തു.

അടുത്ത തവണ വീട്ടില്‍ പോകുമ്പോള്‍ ചേട്ടനെയും ചേട്ടത്തിയേയും ഈ സ്വാദിഷ്ടമായ വിഭവം ഉണ്ടാക്കി കാണിച്ച് ഒന്നു ഞെട്ടിയ്ക്കണം എന്നായിരുന്നു മത്തന്റെ ഉദ്ദേശ്ശം. അവനത് ഞങ്ങളോട് പറയുകയും ചെയ്തു. (അവന്‍ പാചകത്തില്‍ പുറകോട്ടാണ് എന്ന് അവര്‍ക്കും അറിയാമല്ലോ). എന്നാല്‍ മത്തന് ഏറ്റവും പ്രശ്നമായി തോന്നിയത് “കേസരി” എന്ന ആ പേരായിരുന്നു. ആ പലഹാരത്തെ പറ്റി എപ്പോള്‍ സംസാരിച്ചു തുടങ്ങിയാലും അവനാ പേര് മറക്കും. പിന്നെ, ഞങ്ങളോട് ആരോടെങ്കിലും ചോദിയ്ക്കും “എടാ, അന്ന്‍ ആ തമിഴന്മാര്‍ നമുക്ക് ഉണ്ടാക്കി തന്ന ആ സാ‍ധനത്തിന്റെ പേരെന്തായിരുന്നെടാ” എന്ന്.

ഈ പേര് മറക്കുന്നത് പതിവായപ്പോള്‍ ഒരു ദിവസം ജോബി അവനോട് ചോദിച്ചു. “എടാ, നീ നാട്ടില്‍ എത്തുമ്പോഴേയ്ക്കും പിന്നെയും പേരു മറന്നാല്‍ ചേട്ടനോടും ചേച്ചിയോടും എന്ത് ഉണ്ടാക്കാന്‍ പോകുന്നു എന്നും പറഞ്ഞാണ് ഇതുണ്ടാക്കി കൊടുക്കുന്നത്?”

അപ്പോഴാണ് മത്തനും അതാലോചിച്ചത്. ശരിയാണല്ലോ. അതൊരു പ്രശ്നം തന്നെ. അല്ലെങ്കിലും തന്നെ അടുക്കളയുടെ പരിസരത്ത് അടുപ്പിയ്ക്കാത്ത ചേച്ചിയെ ഒന്നു പറഞ്ഞു സമ്മതിപ്പിച്ച് അനുവാദം വാങ്ങിയെടുക്കണമെങ്കില്‍ ആദ്യമേ എന്താണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് പറഞ്ഞു മനസ്സിലാക്കിയേ പറ്റൂ. അവനും ആലോചനയിലായി. എത്ര ശ്രമിച്ചിട്ടും ‘കേസരി’ എന്ന പേര് അങ്ങ് ഓര്‍ത്തിരിയ്ക്കാന്‍ പറ്റുന്നുമില്ല.

മത്തന്റെ വിഷമം കണ്ട് അവസാനം സുധിയപ്പന്‍ ഒരു വഴി കണ്ടെത്തി. അവന്‍ പറഞ്ഞു. “ എടാ... അത് ഓര്‍ത്തിരിയ്ക്കാന്‍ ഒരു വഴിയുണ്ട്. നീ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഓര്‍ത്താല്‍ മതി. ഉദാഹരണത്തിന് സിംഹം എന്നോ പുലി എന്നോ ഒക്കെ ഓര്‍ത്താല്‍ സംഭവം കിട്ടും. കാരണം ഈ സിംഹത്തിനെ പറയുന്ന മറ്റൊരു പേരാണല്ലോ കേസരി എന്നത്”

അതു കേട്ടതും മത്തന്‍ ഓടിയെത്തി സുധിയപ്പനെ കെട്ടിപ്പിടിച്ചു ഒരു ഷെയ്‌ക്ക് ഹാന്‍‌ഡും കൊടുത്തിട്ടു അവന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു “ഓ.... അളിയന്റെ ബുദ്ധി അപാരം തന്നെ അളിയാ” ഇനി ഞാനത് മറക്കില്ല.

എന്തായാലും തല്‍ക്കാലത്തേയ്ക്ക് സെമസ്റ്റര്‍ എക്സാമിന്റെയും മറ്റും തിരക്കില്‍ ഞങ്ങളെല്ലാം ആ കാര്യം മറന്നു. അവസാനം പരീക്ഷകളെല്ലാം കഴിഞ്ഞ് കിട്ടിയ പത്തു ദിവസത്തെ അവധിയ്ക്ക് ഞങ്ങളെല്ലാവരും നാട്ടിലേയ്ക്കു പോയി. നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് മത്തന്‍ തമിഴ്‌ സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും പഠിച്ച പലഹാരക്കൂട്ട് പരീക്ഷിയ്ക്കുന്ന കാര്യം ഓര്‍ത്തത്.

അവന്‍ ആരോടും പറയാതെ കടയില്‍ പോയി ഒരു കിലോ റവയും അരക്കിലോ പഞ്ചസാരയും പിന്നെ കുറച്ചു നെയ്യും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും എലക്കായും എല്ലാം വാങ്ങിക്കൊണ്ടു വന്നു. (വീട്ടില്‍ ഇതെല്ലാം ചോദിച്ചാല്‍ ഇവനെ ശരിയ്ക്കറിയാവുന്ന ചേച്ചി അതു കൊടുക്കില്ലെന്നവനറിയാം). എന്നിട്ട് ചാച്ചനും (മത്തന്റെ പിതാശ്രീ‍) ചേട്ടനും ചേച്ചിയും എല്ലാവരും ഉള്ള ഒരു ദിവസം എല്ലാവരെയും അവിടെ പിടിച്ചിരുത്തി. ഒരു സര്‍പ്രൈസ് ഉണ്ടെന്നും ഒരു പുതിയ (തീറ്, കിടു, വെടിച്ചില്ല് എന്നിങ്ങനെ മത്തന്റെ സ്വന്തം വാക്കുകളില്‍ വിശേഷണങ്ങള്‍ വേറെയും) പലഹാരം ഇവന്‍ ഉണ്ടാക്കി കാണിച്ചു തരാമെന്നും എല്ലാം വീമ്പിളക്കി.

മത്തനെ മറ്റാരെക്കാളും നന്നായി അറിയാവുന്ന ചേട്ടന്‍ അപ്പോഴേ അപകടം മണത്തു. അന്ന് വേറെ പരിപാടികള്‍ ഒന്നുമില്ലെന്നും ഫുള്‍ ഡേ ഫ്രീ ആണെന്നും ആദ്യം സമ്മതിച്ച അതേ ചേട്ടന്‍ മത്തന്‍ അടുക്കളയില്‍ കയറാന്‍ പോകുന്നു എന്നറിഞ്ഞതും അത്യാവശ്യമായി പുറത്തു പോകാനുണ്ടെന്നും പറഞ്ഞ് ചാടിയെഴുന്നേറ്റു. എന്നാല്‍ മത്തനുണ്ടോ വിടുന്നു. ആ അടവ് മനസ്സിലാക്കിയ അവന്‍ ചേട്ടനെ വിടാന്‍ സമ്മതിച്ചില്ല. എന്തായാലും ഒറ്റയ്ക്ക് സഹിയ്ക്കേണ്ടല്ലോ എന്നോര്‍ത്താകണം ചേച്ചിയും ചേട്ടനെ പിടിച്ചു നിര്‍ത്തി. “കണ്ടക ശനി കൊണ്ടേ പോകൂ” എന്നറിഞ്ഞിട്ടോ എന്തോ ചാച്ചന്‍ ഒന്നും മിണ്ടാതെ എല്ലാം അനുഭവിയ്ക്കാന്‍ തയ്യാറായി അവിടെ മിണ്ടാതിരുന്നു.

വൈകാതെ മത്തന്‍ അടുക്കളയില്‍ കയറി പാതകം അല്ലല്ല, പാചകം തുടങ്ങി. ആരുമറിയാതെ അന്ന് തമിഴ് സുഹൃത്തുക്കളില്‍ നിന്നും എഴുതി വാങ്ങിയ കുറിപ്പടി നോക്കിയായിരുന്നു ഓരോ നീക്കങ്ങളും. (എന്തിന്, വെള്ളം അളന്നൊഴിച്ചതും അടുപ്പില്‍ എത്ര സമയം വയ്ക്കണം എന്നു തിരുമാനിച്ചതും എല്ലാം). പാചകസമയത്ത് ആരും അടുക്കള ഭാഗത്തേയ്ക്ക് വരരുതെന്ന് മത്തന്‍ എല്ലാവര്‍ക്കും മുന്നറിയിപ്പു കൊടുത്തിരുന്നു. (പാചക രഹസ്യം പുറത്താകരുതല്ലോ)

എന്തായാലും അവസാനം വിജയകരമായി മത്തന്‍ പലഹാരം തയ്യാറാക്കി. അവസാനം അത് ഒരു പാത്രത്തിലേയ്ക്ക് പകര്‍ത്തി ഭംഗിയായി നല്ല ആകൃതിയില്‍ എല്ലാം ഒരുക്കി മുറിച്ച് മറ്റൊരു പാത്രം കൊണ്ട് മൂടിക്കൊണ്ട് തീന്‍ മുറിയിലേയ്ക്കു വന്നു. എന്നിട്ട് എല്ലാവരെയും വിളിച്ച് മേശയ്ക്കു ചുറ്റും ഇരുത്തി.

അത്രയും നേരത്തെ സസ്പെന്‍സ് കാരണം എന്താണ് ഐറ്റം എന്നറിയാനുള്ള ആകാംക്ഷയോടെ ഇരിയ്ക്കുകയായിരുന്നു എല്ലാവരും. മത്തനാണെങ്കില്‍ തമിഴ്‌നാട്ടില്‍ മാത്രം കാണപ്പെടുന്ന പലഹാരമാണെന്നും അത് മറ്റാര്‍ക്കും ഉണ്ടാക്കാന്‍ അറിയില്ലെന്നും മറ്റും വച്ചു കാച്ചുകയാണ്. എന്നാല്‍ പലഹാരപ്പാത്രം തഴെ വയ്ക്കുകയോ അതിന്റെ മൂടി പോലും മാറ്റുകയോ ചെയ്തിട്ടുമില്ല. അവസാനം ക്ഷമ നശിച്ച് ചേച്ചി അവനോട് ചോദിച്ചു. “എടാ കുഞ്ഞൂഞ്ഞേ, ഇതിന്റെ പേരെന്താന്ന് പറയെടാ” [മത്തനെന്നാണ് ഞങ്ങള്‍ അവനെ വിളിയ്ക്കുന്നതെങ്കിലും വീട്ടുകാര്‍ക്ക് അവനെന്നും കുഞ്ഞൂഞ്ഞാണ്]

ഈ ചോദ്യം അപ്രതീക്ഷിതമായി കേട്ടതും ഒരു നിമിഷത്തേയ്ക്ക് മത്തന്‍ നിശബ്ദനായി. അവന്റെ മുഖഭാവം മാറി. പതിവു പോലെ ആ പേര് പിന്നെയും മറന്നു പൊയിരിയ്ക്കുന്നു. ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ കൂടി ഓര്‍മ്മ വന്നതായിരുന്നു, എന്നാല്‍ ഇപ്പോള്‍ പിടി കിട്ടുന്നില്ല. അവനെത്ര തല പുകഞ്ഞ് ആലോചിച്ചിട്ടും പേരൊട്ട് ഓര്‍മ്മ വരുന്നുമില്ല.

അവന്റെ ഭാവമാറ്റം കണ്ട് എല്ലാവരും കളിയാക്കി ചിരി തുടങ്ങി. തോല്‍‌വി സമ്മതിച്ചു കൊടുക്കാന്‍ പറ്റില്ലല്ലോ. അപ്പോഴാണ് അവന് സുധിയപ്പന്‍ പറഞ്ഞു കൊടുത്ത ഐഡിയ ഓര്‍മ്മ വന്നത്. മത്തന്റെ തലയില്‍ ഒരു ബള്‍ബ് കത്തി. അന്ന് സുധിയപ്പന്‍ പറഞ്ഞത് ഓര്‍ക്കാന്‍ ശ്രമിച്ചു. പുലിയേയോ കടുവയേയോ മറ്റോ ഓര്‍ത്താല്‍ മതിയെന്നല്ലേ അവനന്ന് പറഞ്ഞത്. അതിന്റെ മറ്റൊരു പേരാണല്ലോ ഈ പലഹാരത്തിന്റെയും പേര്... മത്തന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. അവന്‍ സന്തോഷത്തോടെ ഒരു വിജയിയുടെ ഭാവത്തോടെ വിളിച്ചു കൂവി.

“കിട്ടി... പേരു കിട്ടി. ഇതാണ് വ്യാഘ്രം”

ഇതു കേട്ടതും എല്ലാവരും ചിരി നിര്‍ത്തി. ഞെട്ടലോടെ മുഖത്തോടു മുഖം നോക്കി. അതു കണ്ട മത്തനും എന്തോ പന്തികേടു തോന്നി. ഇനിയും വൈകിയാല്‍ ശരിയാവില്ലെന്നു മനസ്സിലാക്കിയ അവന്‍ വേഗം അവര്‍ക്കു മുന്നില്‍ പാത്രം തുറന്നു കൊണ്ടു പറഞ്ഞു. “ദേ, ഇതാണ് സാധനം. കഴിച്ചു നോക്കിയേ”

അതു കണ്ടതും ചേച്ചി പിന്നെയും ചിരി തുടങ്ങി. ഒരു നുള്ളെടുത്ത് തിന്നു നോക്കിക്കൊണ്ട് ചേച്ചി പറഞ്ഞു “എടാ, ഇതാണോ നീ പറഞ്ഞ വ്യാഘ്രം? ഇത് നമ്മുടെ കേസരിയല്ലേ?”

അതു കേട്ടപ്പോഴാണ് മത്തനും അബദ്ധം മനസ്സിലായത്. “ആ... അങ്ങനേം പറയാം” അവന്‍ പിറുപിറുത്തു.

“അല്ല, ഇത് ഇങ്ങനേം ഉണ്ടാക്കാമല്ലേ? ഇതേതാണ്ട് മധുരമുള്ള ഉപ്പുമാവു പോലെ ഉണ്ടല്ലോ. ഇതാണോ നീ വേറെ എവിടെയും കിട്ടാത്ത സാധനമെന്ന് പറഞ്ഞത്? ”

ചേട്ടന്‍ ഇങ്ങനെ ചോദിയ്ക്കുമ്പോള്‍ അതു കേള്‍ക്കാത്ത ഭാവത്തില്‍ മത്തന്‍ ബൈക്കിന്റെ കീയുമായി പുറത്തേയ്ക്കോടുകയായിരുന്നു, അത്യാവശ്യമായി ആരെയോ കാണാനെന്ന ഭാവത്തില്‍.

മത്തന്‍ ആ പോക്ക് നേരെ പോയത് പിറവത്തുള്ള സുധിയപ്പന്റെ വീട്ടിലേയ്ക്കായിരുന്നുവെന്നും അന്നു രാത്രി ചമ്മല്‍ മാറാതിരുന്നതു കാരണം സുധിയപ്പന്റെ വീട്ടില്‍ തന്നെ അവന്‍ തങ്ങുകയായിരുന്നു എന്നതുമാണ് ബാക്കി ചരിത്രം. ഈ സംഭവങ്ങളെല്ലാം ഞങ്ങളോട് വിശദീകരിച്ചു തന്ന സുധിയപ്പന്‍ അവസാനം മത്തനൊരു പേരുമിട്ടു “വീര കേസരി മത്തപുംഗവന്‍”

Sunday, November 16, 2008

♫ സ്വാമി ശരണം ♫


ശരണം വിളികള്‍ മുഴങ്ങുന്നൂ ശബരി മാമലയില്‍
പൊന്‍‌പ്രഭാവം തെളിയുന്നൂ നിന്റെ തിരുനടയില്‍
ശരണമന്ത്രം ഏറ്റുപാടി ഭക്തരാം ഞങ്ങള്‍
നിന്റെ പാദം തേടി വീണ്ടും വരുന്നയ്യപ്പാ…

സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ…

മകരമഞ്ഞില്‍ നോമ്പുമായ് മണിമാലയുമിട്ട്
ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടീടാം…
കര്‍പ്പൂര തിരി തെളിച്ച് പൂജ ചെയ്തീടാം
ദര്‍ശനത്തിന്‍‌ പുണ്യമേകൂ സ്വാമിയയ്യപ്പാ...

സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ… [ശരണം വിളികള്‍ മുഴങ്ങുന്നൂ…]

മകരക്കുളിരില്‍ നിന്റെ ദര്‍ശനമേറ്റു വാങ്ങുന്നൂ…
മകരജ്യോതി കണ്ടു ഞങ്ങള്‍ മലയിറങ്ങുന്നൂ…
സ്വാമി മന്ത്രം നാവിലെന്നും തങ്ങി നില്‍ക്കേണം
സ്വാമിരൂപം മനസ്സിനെന്നും നന്മയേകേണം…

സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ… [ശരണം വിളികള്‍ മുഴങ്ങുന്നൂ…]

ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍

Saturday, October 25, 2008

ഒരു ക്യാമ്പും ക്യാപ്റ്റന്‍ എല്‍‌ദോയും

എല്ലാവര്‍ക്കും കോളേജ് ജീവിതകാലത്തെ ഓര്‍മ്മകളില്‍ നിന്ന് ഒട്ടേറെ ഇരട്ടപ്പേരുകളുടെ കഥകള്‍ പറയാനുണ്ടാകും. ഒന്നുകില്‍ അതു നമുക്കാകാം, അല്ലെങ്കില്‍ നമ്മള്‍ ഇടുന്നതാകാം, അതുമല്ലെങ്കില്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കാകാം. ചെറിയ അബദ്ധങ്ങളില്‍ നിന്നോ കൊച്ചു കൊച്ചു സംഭവങ്ങളില്‍ നിന്നോ രൂപപ്പെടുന്നവയാണ് അവയില്‍ പലതും. എന്തായാലും കലാലയ ജീവിതത്തിനിടയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഏതു നിമിഷവും ആര്‍ക്കും വീണു കിട്ടിയേക്കാവുന്ന ഒന്നായിരുന്നു ഇരട്ടപ്പേരുകള്‍ അഥവാ വട്ടപ്പേരുകള്‍.


ഞങ്ങള്‍ ബിപിസിയില്‍ പഠിയ്ക്കുന്ന കാലത്തും അവിടെ ഇരട്ടപ്പേരുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലായിരുന്നു. മത്തന്‍, ബിട്ടു, നീലന്‍, മുള്ളന്‍, സില്‍‌‍‌വര്‍‌‍, ഭീകരന്‍, വിശുദ്ധന്‍‌‍, അശുദ്ധന്‍‌‍, കുട്ടപ്പന്‍, സ്കൂട്ടര്‍, ബ്രദര്‍, പവിത്രന്‍, കേഡി, പക്രു, അപ്പച്ചന്‍‌‍, അമ്മായി, പോലീസ്, പന്തം, ആമ, മുയല്‍, താത്ത, ജാജി (ജാഢ ജിഷ എന്നതിന്റെ ചുരുക്കം), ജാസ്മി (ജാഢ സ്മിത), ആക്ടീവ് സ്മിത, കൊട്ടടയ്ക്ക, പത്തക്കോ‍ല്‍, കാലിബര്‍‌‍ മാത്തു എന്നിങ്ങനെ കളിപ്പേരുകള്‍‌‍ അനവധിയാണ്. ഇവര്‍‌‍ക്കൊക്കെ പേരുകള്‍‍ വന്ന വഴികളും രസകരമാണ്‍. എന്നാലും ഞാന്‍‌‍ മൂലം അവിടെ പ്രശസ്തമായ നിര്‍‌‍ദ്ദോഷമായ ഒരു ഇരട്ടപ്പേരായിരുന്നു എല്‍‌‍‌ദോയ്ക്ക് കിട്ടിയ ക്യാപ്റ്റന്‍‌‍ എന്ന പേര്.

ഞങ്ങളുടെ ക്ലാസ്സിലെ സഹൃദയനായ, സരസനായ ഒരു കഥാപാത്രമായിരുന്നു, എല്‍ദൊ. എപ്പോഴും എല്ലാവരോടും ചിരിച്ചു കൊണ്ടു മാത്രം ഇടപെടുന്ന ഒരു വ്യക്തി. മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ “എല്‍ദോയെ സിനിമയിലെടുത്തു”… “ഡാ എല്‍ദോ… അടിച്ചൊടിയ്ക്കെടാ അവന്റെ കാല്…” തുടങ്ങിയ ഡയലോഗുകള്‍ ക്ലാസ്സില്‍ ആദ്യമേ ഹിറ്റ് ആയിരുന്നു. അതിന്റെ പുറകേയായിരുന്നു ഇന്നും നില നില്‍ക്കുന്ന “ക്യാപ്റ്റന്‍” എന്ന പേര് അവനു കിട്ടുന്നത്.

അങ്ങനെ ഒരു പേരു വരാനുള്ള കാരണവും രസകരമായിരുന്നു. രണ്ടാം വര്‍‍ഷത്തിലൊരു ദിവസം‍ പഠിപ്പിയ്ക്കാന്‍ സാര്‍ വരാന്‍ വൈകിയ ഒരു പിരിയഡില്‍ വെറുതേയിരുന്ന് എന്തോ സംസാരിയ്ക്കുകയായിരുന്നു ഞാനും ജോബിയും. അപ്പൊഴാണ് എല്‍‍ദോ അങ്ങോട്ടു വരുന്നത്. അവന്‍‍ ആയിടയ്ക്ക് തലമുടി വെട്ടി, ഒരു തൊപ്പിയും വച്ചു കൊണ്ടാണ്‍ അന്നു വന്നിരുന്നത്. എന്തു കൊണ്ടോ അവനെ കുറച്ചകലെ നിന്നു കണ്ടപ്പോള്‍‍ ഞങ്ങള്‍‍ ആയിടെ കണ്ട ഏതോ ചിത്രത്തിലെ, ക്യാപ്റ്റനായി അഭിനയിച്ച ആരൊ ഒരാളെ എനിയ്ക്ക് ഓര്‍‍മ്മ വന്നു. (ചിത്രമോ അഭിനേതാവിനെയോ ഇപ്പോള്‍‍ ഓര്‍‍മ്മയില്ല). ഞാനത് ജോബിയോട് പറയുകയും ചെയ്തു. അതു കേട്ട് എല്‍‌ദോയെ ശ്രദ്ധിച്ചു നോക്കിയ ജോബിയും ചിരിച്ചു കൊണ്ട് അതു ശരി വച്ചു.

ആ സമയത്താണ് എല്‍‍ദോ അടുത്തേയ്ക്കു വരുന്നത്. സംസാരിയ്ക്കാന്‍‍ ഞങ്ങളോടൊപ്പം കൂടുമ്പോള്‍‍ ഞങ്ങള്‍‍ ചിരിച്ചു കൊണ്ടിരിയ്ക്കുന്നതു കണ്ട് എന്താണു കാര്യമെന്ന് അവന്‍ അന്വേഷിച്ചു. അപ്പോള്‍‍ ഞാന്‍ പറഞ്ഞു, “ഒന്നുമില്ല, നിന്നെ ഇനി മുതല്‍ ക്യാപ്റ്റന്‍‍ എന്നേ ഞങ്ങള്‍‍ വിളിയ്ക്കുകയുള്ളൂ എന്ന് പറയുകയായിരുന്നു” എന്ന്.

‘ക്യാപ്റ്റനോ അതെന്താ അങ്ങനെ ഒരു പേര്? ’ കുറച്ച് അമ്പരപ്പോടെ അവന്‍ ചോദിച്ചു.

പ്രത്യേകിച്ചു കാരണമൊന്നുമില്ലെങ്കിലും അപ്പോള്‍ അവനോട് ഞാന്‍‌‍ സിനിമയിലെ ക്യാപ്റ്റന്റെ കാര്യമൊന്നും പറയാന്‍ തോന്നിയില്ല. പകരം അപ്പോള്‍‍ തോന്നിയ കുസൃതിയില്‍‌‍ കുറച്ചു നാടകീയമായി ഇങ്ങനെ പറഞ്ഞു. “അതിപ്പോ നിന്നോടെങ്ങനെയാ പറയുക? ”

എന്നിട്ട് ഞാന്‍‌‍ ജോബിയെ നോക്കി പറഞ്ഞു “ജോബീ, നീ പറഞ്ഞു കൊടുക്ക്”

എന്നാല്‍ ജോബി പ്രതികരിച്ചതും ഇങ്ങനെ ആയിരുന്നു. “ഞാന്‍ പറയണോ? നീ തന്നെ പറയ്”

ഞാന്‍ വീണ്ടും “ശ്ശെ! ഞാനതെങ്ങനെയാ ഇവന്റെ മുഖത്തു നോക്കി പറയുന്നത്? നീ തന്നെ പറയ്” എന്നും കൂടി പറയുന്നതു കേട്ടപ്പോള്‍‍ എല്‍‌‍ദോയുടെ കണ്ട്രോള്‍ പോയി.

“എന്തോന്നാടാ??? എന്താ ഈ ക്യാപ്റ്റന്‍‍ എന്നതിന്റെ അര്‍‍ത്ഥം? വല്ല ഗുലുമാലുമാണോ?”

അവന്‍‍ ഞങ്ങളുദ്ദേശ്ശിച്ച ട്രാക്കില്‍‍ തന്നെ ചിന്തിയ്ക്കുന്നു എന്നു മനസ്സിലാക്കിയ ജോബി ചാടിക്കയറി അവനോടു പറഞ്ഞു. “എടാ… അയ്യേ! ക്യാപ്ടന്റെ അര്‍ത്ഥം ഒന്നും ഉറക്കെ ചോദിയ്ക്കല്ലേ… ആരെങ്കിലും കേട്ടാന്‍ എന്തു കരുതും?”

ഇതു കേട്ടതും അവന്‍ ദയനീയ മുഖഭാവത്തോടെ പതിയെ ചോദിച്ചു “അത്രയ്ക്കു മോശം അര്‍‍ത്ഥമാണോടേയ്?”

അവന്റെ ഭാവവും ചോദ്യവും കേട്ട ഞങ്ങള്‍‍ ചിരിച്ചു പോയി. ഞങ്ങളുടെ ഭാവം കണ്ടിട്ടോ അപ്പോഴേയ്ക്കും ക്ലാസ്സിലേയ്ക്ക് സാര്‍ കടന്നു വന്നിട്ടോ എന്തോ എന്താണ് സംഭവമെന്ന് വിശദമായി ചോദിച്ചറിയാന്‍ അവന് അപ്പോള്‍ സാധിച്ചില്ല.

എന്തായാലും തീരെ പ്രതീക്ഷിയ്ക്കാതെ തന്നെ രസകരമായ ഒരു സംഭവം ഒത്തു വന്നത് ഞങ്ങള്‍ ശരിയ്ക്കും ആഘോഷിച്ചു. ക്ലാസ്സിലെ എല്ലാവരോടും മറ്റു ക്ലാസ്സുകളിലെ സുഹൃത്തുക്കളോടും എല്ലാം എല്‍‍ദോയെ കാണുമ്പോള്‍ “ക്യാപ്റ്റാ…” എന്നു നീട്ടി വിളിയ്ക്കണം എന്ന് പറഞ്ഞു വച്ചു. സംഭവങ്ങളൊന്നും വിശദമായി അറിയില്ലെങ്കിലും എല്ലാവരും അത് അക്ഷരം പ്രതി പാലിച്ചു.

എല്ലാവരും വിളിച്ചു തുടങ്ങിയപ്പോള്‍ അവന്‍ പല തവണ ഞങ്ങള്‍ക്കടുത്തെത്തിയെങ്കിലും എന്തെങ്കിലുമൊക്കെ ഒഴിവുകഴിവുകള്‍ പറഞ്ഞ് കാര്യം അറിയിയ്ക്കാതെ ഞങ്ങള്‍ പിടിച്ചു നിന്നു. ഇനി മറ്റാരെങ്കിലും ഞങ്ങളോട് ‘അതെന്താ, അവനെ ക്യാപ്റ്റന്‍ എന്നു വിളിയ്ക്കുന്നത് ’എന്നോ മറ്റോ ചോദിച്ചാല്‍ അവനോട് തന്നെ ചോദിയ്ക്കൂ എന്നും പറഞ്ഞ് ഞങ്ങള്‍ അവരെ മടക്കി അയയ്ക്കും. അവരതു പോയി അവനോട് ചോദിച്ചാല്‍ അവന്‍ വല്ലാതാകുകയും മോശമായ എന്തോ ഒന്ന് കേട്ട പോലെ എത്രയും വേഗം അവിടെ നിന്ന് തടി തപ്പുകയും പതിവായി.

ഈ സംഭവത്തെ തുടര്‍‍ന്നായിരുന്നു ആ വര്‍‍ഷത്തെ NSS ദശദിന ക്യാമ്പ് നടന്നത്. ക്യാമ്പില്‍ വച്ചാണ് കോളേജിലെ ജൂനിയേഴ്സും സീനിയേഴ്സും മറ്റു ബാച്ചുകാരും എല്ലാം പരസ്പരം ശരിയ്ക്കു പരിചയപ്പെടുന്നത്. മാത്രമല്ല പലര്‍ക്കും ഇരട്ടപ്പേരുകള്‍ വീഴുന്നത് ഇങ്ങനെ ക്യാമ്പുകള്‍ക്കിടയിലും ആയിരുന്നു. ഞങ്ങള്‍ എല്‍‌ദോയെ ക്യാപ്റ്റന്‍ എന്നു വിളിയ്ക്കുന്നത് കേട്ട് അവര്‍ക്കിടയിലും ഈ പേര്‍ പെട്ടെന്ന് വ്യാപിച്ചു.
അങ്ങനെയിരിയ്ക്കെ ക്യാമ്പില്‍ ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണസമയം ആയി. ക്യാമ്പില്‍ മൊത്തം 60 പേരോളം ഉണ്ടാകുന്നതിനാലും അന്നത്തെ കാന്റീനില്‍ ഒരു സമയം 20 പേരിലധികം പേര്‍ക്ക് ഇരിയ്ക്കാന്‍ കഴിയാത്തതിനാലും രണ്ടു മൂന്നു പന്തികളിലായിട്ടാണ് എല്ലാവരും കഴിച്ചിരുന്നത്.

അങ്ങനെ ഒരു അവസരത്തില്‍ ഞങ്ങള്‍ കുറേപ്പേര്‍ കാന്റീനിനടുത്ത് കുറച്ചു മാറിയിരുന്ന് സംസാരിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. ജൂനിയേഴ്സും സീനിയേഴ്സും എല്ലാവരുമുണ്ട്. അതിനിടയില്‍ പലരും എല്‍ദോയെ ക്യാപ്റ്റന്‍ എന്നാണ് സംബോധന ചെയ്യുന്നതു കേട്ടപ്പോള്‍ അവനു വീണ്ടും തോന്നി, എന്താണ് അങ്ങനെ വിളിയ്ക്കാന്‍ കാരണം എന്ന് അറിയാന്‍ ഇനിയും വൈകിക്കൂടാ… ജൂനിയെഴ്സിന്റെ ഇടയില്‍ പോലും ആ പേര് വ്യാപിച്ചു തുടങ്ങി. അവന്‍ പതുക്കെ എന്നെയും ജോബിയേയും ആ കൂട്ടത്തില്‍ നിന്നും വിളിച്ചു മാറ്റി നിര്‍ത്തി ചോദിച്ചു.

‘എടാ… ഇനിയെങ്കിലും പറയ്, എന്താ ഈ ക്യാപ്റ്റന്‍ എന്ന വാക്കിന്റെ അര്‍ത്ഥം? കണ്ട പിള്ളേരെല്ലാം വന്ന് ക്യാപ്റ്റാ ക്യാപ്റ്റാ എന്ന് വിളിച്ചു തുടങ്ങി. എന്താ ആ പേരു കോണ്ടുദ്ദേശ്ശിയ്ക്കുന്നത്? അതിന്റെ അര്‍ത്ഥം ആര്‍ക്കൊക്കെ അറിയാം?”

ഞാനും ജോബിയും അപ്പോഴും എന്തൊക്കെയോ പറഞ്ഞ് ഒഴിയാന്‍ നോക്കി. പക്ഷേ, അവന്‍ വിടുന്നില്ല. ഞങ്ങള്‍ക്ക് പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അതറിയുന്ന വേറെ ആരുടെയെങ്കിലും പേരു പറഞ്ഞാല്‍ മതിയെന്നായി, അവന്‍. അവന്‍ മറ്റാരുമറിയാതെ ചോദിച്ചു മനസ്സിലാക്കിക്കൊള്ളാം എന്ന്.
വേറെ ആരുടെ പേരു പറയും എന്നോര്‍ത്ത് ഞങ്ങള്‍ക്കും കണ്‍‌ഫ്യൂഷന്‍. (വേറെ ആര്‍ക്കും അതിന്റെ കാരണം അറിയില്ലല്ലോ). എന്നാലും അവിടെ പലര്‍ക്കും അതിന്റെ (മോശമായ) അര്‍ത്ഥം അറിയാമെന്നും എന്തിന് പ്രോഗ്രാം കോ‌ ഓഡിനേറ്ററായ ബിജു സാറിനു പോലും അറിയാമെന്നും ഞങ്ങള്‍‍ വച്ചു കാച്ചി.

അതു കേട്ടപ്പോള്‍ അവനു പകുതി സമാധാനമായി. “ഓ, ബിജു സാറിനറിയാമല്ലേ? എന്നാല്‍ ഞാന്‍ ബിജു സാറിനോട് ചോദിച്ചു നോക്കട്ടെ. ഇനി അങ്ങനെ ഒരു പ്രശ്നം ആ പേരിനുണ്ടെങ്കില്‍ സാറ് എന്താ പറയുന്നതെന്നാറിയാമല്ലോ. പിന്നെ, നിങ്ങള്‍ ആരും വരണ്ട, ഞാനൊറ്റയ്ക്കു പോയി സാറിനോട് ചോദിച്ചോളാം ”

ഇതും പറഞ്ഞു കൊണ്ട് അവന്‍ കാന്റീനിനടുത്തേയ്ക്ക് നടന്നു. ബിജു സാര്‍ അപ്പോള്‍ കാന്റീന്നകത്ത് വെറുതേ ഇരിയ്ക്കുകയാണ്. കടക്കാന്‍ ഒരു വാതില്‍ മാത്രമുള്ള ആ കാന്റീനിന്റെ വാതില്‍ക്കല്‍ അപ്പോള്‍ ഭക്ഷണം കഴിയ്ക്കാന്‍ നില്‍ക്കുന്നവരുടെ തിരക്കു കണ്ടിട്ടാവണം എല്‍‌ദോ കുറച്ചു നേരം അവിടെ നിന്നു.
അതേ സമയം, അവന്‍ ഇക്കാര്യം സാറിനോട് ചോദിച്ചാല്‍ സാറിന് അതെപ്പറ്റി ഒന്നും അറിയാത്തതു കാരണം സാര്‍ അങ്ങനെ ഒന്നുമില്ലെന്ന് അവനോട് പറയുമെന്നും അതോടെ ആ സംഭവം പൊളിയുമെന്നും ഞങ്ങള്‍ക്കുറപ്പായതിനാല്‍ ഇതെങ്ങനെ സാറിനെ അറിയിയ്ക്കും എന്ന ആലോചനയിലായിരുന്നു ഞങ്ങള്‍. കൂടെ നില്‍‌ക്കണമെന്നു പറഞ്ഞാല്‍ സാറും ഞങ്ങളുടെ കൂടെ കൂടുമെങ്കിലും അതെങ്ങനെ സാറിനെ അറിയിയ്ക്കും?

കാന്റീനിനു മുന്നില്‍ തിരക്കു കുറയുന്നതും കാത്തു നില്‍ക്കുന്ന എല്‍‌ദോ കാണാതെ ഞാന്‍ പതുക്കെ കാന്റീനിനകത്തു കടന്ന് ബിജു സാറിനടുത്തെത്തി. എന്നിട്ടു പറഞ്ഞു. “സാര്‍, ഒരു സഹായം ചെയ്യണം. കാര്യമൊക്കെ പിന്നീട് പറയാം. നമ്മുടെ എല്‍ദോ വന്ന് ക്യാപ്റ്റന്‍ എന്നതിന്റെ അര്‍ത്ഥം എന്താണെന്നോ മറ്റോ ചോദിച്ചാല്‍ അതിന് അല്പം “തരികിട” അര്‍ത്ഥമാണ് എന്ന രീതിയില്‍ ഒന്നു പറയണം. ബാക്കി എല്ലാം വിശദമായി പിന്നെ പറയാം”

ഞങ്ങളെ ശരിയ്ക്കറിയാവുന്നതു കൊണ്ടു തന്നെ, അക്കാര്യം സാര്‍ വേണ്ടപോലെ കൈകാര്യം ചെയ്യാമെന്നേറ്റു. ഞാന്‍ പതുക്കെ അവന്‍ കാണാതെ കാന്റീനു പുറത്തിറങ്ങി, പതുക്കെ മാറി നിന്നു.
അപ്പോഴേയ്ക്കും ബിജു സാറും കാന്റീനു പുറത്തേയ്ക്കു വന്നു. ഇതു കണ്ട എല്‍‌ദോ പതുക്കെ സാറിനടുത്തു കൂടി. ആരും ശ്രദ്ധിയ്ക്കുന്നില്ല എന്നു മനസ്സിലാക്കി പതുക്കെ സാറിനോട് ചോദിച്ചു.

“സാറേ.. ഇവന്മാരൊക്കെ എന്നെ ക്യാപ്റ്റന്‍ എന്നു വിളിയ്ക്കുന്നത് സാറും കേട്ടു കാണുമല്ലോ. എന്താ സാറേ അതിന്റെ അര്‍ത്ഥം? വല്ല പ്രശ്നവുമുണ്ടോ?”

ഇതു കേട്ട് ബിജു സാര്‍ അരുതാത്തതെന്തോ കേട്ടതു പോലെ നടത്തം നിത്തി, അവനെ ഒന്നു സൂക്ഷിച്ചു നോക്കി. എന്നിട്ടു കുറച്ചു ഗൌരവത്തില്‍ ഉപദേശരൂപേണ പറഞ്ഞു.

“ച്ഛേ! നീ എന്തു ചോദ്യമാണ് ഈ ചോദിയ്ക്കുന്നത്? ഒരു അദ്ധ്യാപകനോട് ഒരു വിദ്യാര്‍ത്ഥി ചോദിയ്ക്കാന്‍ പാടുള്ള ചോദ്യമാണോടാ ഇത്? ഛെ! മോശം. എന്തായാലും എന്നോട് ചോദിച്ചതിരിയ്ക്കട്ടെ. ഇനി വേറെ ആരോടും ഇതൊന്നും പോയി ചോദിച്ചേക്കരുത്”

ഇതു കൂടി കേട്ടതോടെ എല്‍‌ദോ പരിപൂര്‍ണ്ണമായും തക്ര്ന്നു. “അയ്യോ! അത്രയ്ക്കും വൃത്തികെട്ട അര്‍ത്ഥമായിരുന്നോ സാറേ… സോറി ട്ടാ”അവന്‍ ചമ്മിയ മുഖത്തോടെ അവിടുന്നും വലിഞ്ഞു.

അപ്പോഴേയ്ക്കും ഞങ്ങള്‍ ബിജു സാറിനോടും കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞു. അതു കേട്ട സാറിനും ചിരിയടക്കാന്‍ കഴിഞ്ഞില്ല. അതിനു ശേഷം ബിജു സാറും അവനെ ക്യാപ്റ്റന്‍ എന്നു വിളിയ്ക്കാന്‍ തുടങ്ങി. ബിജു സാറിന്റെ പ്രതികരണവും കൂടി കണ്ടതു കൊണ്ടാകണം, ഇനിയും നാറേണ്ട എന്നു കരുതി അവന്‍ പിന്നീട് അരോടും ക്യാപ്റ്റന്‍ എന്നതിന്റെ അര്‍ത്ഥം വേറെ ആരോടും ചോദിച്ചിട്ടില്ല എന്നാണറിവ്.
എന്തായാലും അതോടെ ക്യാപ്റ്റന്‍ എന്ന പേര്‍ കോളേജ് മുഴുവന്‍ പരന്നു. അങ്ങനെ എല്‍‌ദോ, ‘ക്യാപ്റ്റന്‍ എല്‍‌ദോ’ ആയിത്തീര്‍ന്നു. എന്തിന്, ക്യാപ്റ്റന്‍ എന്നു വിളിയ്ക്കുന്നത് എല്‍‌ദോയെ ആണെന്ന് അദ്ധ്യാപകര്‍ക്കു വരെ മനസ്സിലായിരുന്നു എന്നതാണ് രസകരം. ബിജു സാറും ടിജി സാറും മാത്രമല്ല, ബേബി സാറു പോലും ഇടയ്ക്ക് ക്യാപ്റ്റന്‍ എവിടെ എന്നും മറ്റും അന്വേഷിച്ചിരുന്നു. അതു പോലെ ജൂനിയേഴ്സും “ക്യാപ്റ്റന്‍‌ ചേട്ടാ…” എന്ന് നീട്ടി വിളിയ്ക്കുമ്പോള്‍ അതിനു പിന്നിലെ യാഥാര്‍ത്ഥ്യം അറിയാതെ എല്‍ദോ ചൂളി നില്‍ക്കുന്നത് കാണുന്നതു തന്നെ രസകരമായിരുന്നു.
---------------------------------------------------------------------------------
8 വര്‍‍ഷങ്ങള്‍‍ക്കിപ്പുറം ഈ പോസ്റ്റെഴുതുന്ന സമയം വരെയും എല്‍‌‍ദോ ഈ പേരിന്റെ ഉത്ഭവം എങ്ങനെ എന്നറിഞ്ഞിട്ടില്ല. മാത്രമല്ല; ബിരുദ പഠനത്തിനു ശേഷം ഞങ്ങള്‍ ബിപിസി വിട്ട് ബിരുദാനന്തര ബിരുദത്തിനു തഞ്ചാവൂര്‍ക്ക് പോയി. എന്തോ കമ്പ്യൂട്ടര്‍ കോഴ്സിനു വേണ്ടി ചിലവഴിച്ച ഒരു വര്‍ഷത്തിനു ശേഷം അവന്‍ ഉപരി പഠനത്തിനു ചേര്‍ന്ന മറ്റൊരു കോളേജിലും ഞങ്ങളുടെ ബിപിസിയിലെ ജൂനിയേഴ്സും ഉണ്ടായിരുന്നു എന്നും അവരില്‍ നിന്നും കേട്ടറിഞ്ഞ് ആ കോളേജിലും എല്ലാവരും അവനെ ക്യാപ്റ്റന്‍ എന്നാണ് വിളിച്ചിരുന്നത് എന്നും പിന്നീടറിഞ്ഞു.

Tuesday, September 30, 2008

ഒരു രക്തദാനക്യാമ്പിന്റെ ഓര്‍മ്മയ്ക്ക്...

ഞാന്‍ ആദ്യമായി രക്തദാനം നടത്തുന്നത് ഞങ്ങളുടെ ബിപിസി കോളേജില്‍ വച്ചു നടന്ന രക്തദാന ക്യാമ്പില്‍ വച്ചാണ്. കോളേജ് വിദ്യാര്‍ത്ഥികളായ എനിയ്ക്കും സുഹൃത്തുക്കള്‍ക്കും അന്ന് സമൂഹത്തോട് ചെയ്യാന്‍ പറ്റിയ ചെറിയൊരു സേവനം. അത്രയെങ്കിലും ചെയ്യാന്‍ കഴിയുമല്ലോ എന്ന സംതൃപ്തിയോടെയാണ് ഞങ്ങളെല്ലാം ആദ്യമായി രക്തദാനം നടത്തിയത്.

കോളേജില്‍ രക്തദാന ക്യാമ്പ് നടത്തിയിരുന്നത് ഞങ്ങളുടെ NSS [National Service Scheme] വിഭാഗം തന്നെയായിരുന്നു. ഞങ്ങളെല്ലാം അതിലെ ആക്ടീവ് വളണ്ടിയേഴ്സ് ആയിരുന്നതിനാല്‍ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നതിനും എല്ലാവരേയും ബോധവത്കരിയ്ക്കുന്നതിനുമെല്ലാം ഞങ്ങള്‍ തന്നെ ആയിരുന്നു മുന്‍‌പന്തിയില്‍. എങ്കിലും ആദ്യത്തെ വര്‍ഷം ക്യാമ്പ് നടത്തുമ്പോള്‍ ഞങ്ങളുടെ ക്ലാസ്സിലെ തന്നെ പലരും ഭയം കാരണം രക്തദാനം നടത്താന്‍ തയ്യാറായിരുന്നില്ല. ചിലര്‍ ഭയമാണെന്ന് തുറന്നു പറഞ്ഞപ്പോള്‍ വേറെ ചിലര്‍ മറ്റു പല മുടന്തന്‍ ന്യായങ്ങളും പറഞ്ഞ് ഒഴിവായി നിന്നു. അങ്ങനെ ആദ്യ വര്‍ഷം ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും ഞങ്ങളെ കൂടാതെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് രക്തദാനം നടത്തിയത്.

ഇതിനെല്ലാം പുറമേ, രക്തം ദാനം ചെയ്യുമ്പോള്‍ ഒറ്റയടിയ്ക്ക് അര ലിറ്ററോളം രക്തം നമ്മില്‍ നിന്നും നഷ്ടപ്പെടുന്നതിനാല്‍ നമുക്ക് കാര്യമായ എന്തോ ദോഷം സംഭവിയ്ക്കും എന്നൊരു തെറ്റിദ്ധാരണയും പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ആരോഗ്യവാനായ ഒരാളില്‍ ഏകദേശം 5 ലിറ്ററോളം രക്തം ഉണ്ടായിരിയ്ക്കും എന്നാണ് പറയപ്പെടുന്നത്. അതില്‍ നിന്നും 450 മില്ലി എടുത്താല്‍ തന്നെ അതിന്റെ ക്ഷീണമെല്ലാം മാറി അയാള്‍ നോര്‍മ്മലാകുന്നതിന് കുറച്ചു മണിക്കൂറുകളേ ആവശ്യമുള്ളൂ എന്ന് പഠനങ്ങള്‍ തെളിയിയ്ക്കുന്നു.[ രക്തത്തിലെ ഏറിയ പങ്കും വഹിയ്ക്കുന്ന ജലാംശം രണ്ടു മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പഴയ അളവിലേയ്ക്കെത്തും. അതിനാണ് രക്തദാനത്തിനു ശേഷം ജ്യൂസ് പോലെയുള്ള എന്തെങ്കിലും കുടിയ്ക്കാന്‍ ആവശ്യപ്പെടുന്നത്. ]

രക്തദാനം നടത്തിയ ഞങ്ങളുടെ അനുഭവം വിവരിച്ച ശേഷം ഇതില്‍ പലര്‍ക്കും വീണ്ടു വിചാരമുണ്ടായി. അത് തൊട്ടടുത്ത വര്‍ഷത്തെ ക്യാമ്പില്‍ പ്രതിഫലിയ്ക്കുകയും ചെയ്തു. ഞങ്ങളുടെ പ്രോത്സാഹനങ്ങളുടേയും പിന്തുണയുടേയും ധൈര്യത്തില്‍ രണ്ടാം വര്‍ഷം കൂടുതല്‍ പേര്‍ ഞങ്ങളുടെ ക്ലാസ്സില്‍ നിന്നു തന്നെ രക്തദാനത്തിനു തയ്യാറായി. രക്തദാനത്തിനു മിനിമം യോഗ്യത* ഉള്ളവരില്‍ 90 % പേരും രണ്ടാമത്തെ ക്യാമ്പില്‍ പങ്കെടുത്തു എന്നതാണ് സത്യം.

അന്ന് രക്തദാന ക്യാമ്പില്‍ ഒരു രസകരമായ സംഭവം നടന്നു. ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ആരോഗ്യം കുറഞ്ഞ (അന്ന് കഷ്ടിച്ച് 49 കിലോ തൂക്കം, 160 സെ.മീ. ഉയരം) മത്തനും ഒരു ആഗ്രഹം. അവനും രക്തം ദാനം ചെയ്യണം. സാധാരണയായി വലിയ വാചകമടി എല്ലാം ഉണ്ടെങ്കിലും ഒരു ബ്ലേഡ് കൊണ്ടു കൈ മുറിഞ്ഞ് രക്തം വരുന്നതു കണ്ടാല്‍ പോലും തല കറങ്ങി വീഴുന്നത്ര ധൈര്യശാലിയായ അവന്‍ രക്തദാനത്തിനു തയ്യാറായി മുന്നോട്ട് വന്നത് എല്ലാവരിലും ചിരിയുണര്‍ത്തി. ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്ന 55 കുട്ടികളില്‍ ഏറ്റവും ചെറിയവന്മാരില്‍ ഒരാളായിരുന്ന അവന് ആ അവസരത്തിലെങ്കിലും രക്ത ദാനം നടത്തുക എന്നുള്ളത് അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. കാരണം അന്ന് ഞങ്ങളുടെ കൂട്ടത്തില്‍ മത്തനേക്കാള്‍ അഥവാ മത്തനോടൊപ്പം ആരോഗ്യ സ്ഥിതിയില്‍ കൂട്ടുള്ളത് കുല്ലു മാത്രം. (അക്കാലത്ത് പല തവണ ഇവര്‍ തൂക്കം നോക്കാറുണ്ടെങ്കിലും 49.5 കിലോ തൂക്കമുണ്ടായിരുന്ന കുല്ലു ആ അരക്കിലോ തൂക്കക്കൂടുതലിന്റെ പേരില്‍ എപ്പോഴും അവനെ കളിയാക്കിയിരുന്നു. അല്ല; അത് മത്തന്‍ തന്നെ ചോദിച്ചു വാങ്ങിയിരുന്നു എന്നതാണ് ശരി. കാരണം, മറ്റുള്ളവരുടെ മുന്നില്‍ വച്ച് അവന്‍ കുല്ലുവിനേക്കാള്‍ ആരോഗ്യവാനാണ് താന്‍ എന്ന് തെളിയിയ്ക്കാന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം ഈ അരക്കിലോ തൂക്കക്കൂടുതലിന്റെ കാര്യം പറഞ്ഞ് കുല്ലു അവന്റെ വായടയ്ക്കാറാണ് പതിവ്)

മാത്രമല്ല, ആദ്യ വര്‍ഷത്തെ ക്യാമ്പില്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് മത്തനൊഴികെ എല്ലാവരും രക്തം ദാനം ചെയ്തിരുന്നു. രണ്ടാമത്തെ ക്യാമ്പിലും ഞങ്ങള്‍ മുന്‍‌പന്തിയില്‍ ഉണ്ടെന്നതും അവനറിയാമായിരുന്നു. ആദ്യ തവണ ആരോഗ്യ സ്ഥിതി അത്ര മെച്ചമല്ലാതിരുന്നതു കൊണ്ടു മാത്രമാണ് രക്തദാനത്തില്‍ നിന്നും അവന്‍ മാറി നിന്നതെന്ന് അവന്‍ പലരോടും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. [ആരോഗ്യം മാത്രമല്ല; അന്ന് അവനു സ്വല്പം പേടി കൂടി ഉണ്ടായിരുന്നു എന്നും കൂട്ടിക്കോ]. അതു കൊണ്ടു തന്നെ രണ്ടും കല്‍പ്പിച്ചാണ് മത്തന്‍ തയ്യാറായി വന്നത്.

പോരാത്തതിന് അത്തവണ NSS ന്റെ വളണ്ടിയര്‍ സെക്രട്ടറി ഞങ്ങളുടെ ബിമ്പു ആയിരുന്നതിനാല്‍ രക്തദാന ക്യാമ്പിനു വേണ്ട സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിരുന്നത് ഞങ്ങള്‍ എല്ലാവരും ചേര്‍ന്നായിരുന്നു. അക്കൂട്ടത്തില്‍ ഒരു ഗ്യാപ് കിട്ടിയ വേളയില്‍ മത്തന്‍ blood bank ല്‍ നിന്നു വന്ന കുറച്ചു പേരോട് കമ്പനിയായി. എന്നിട്ട് അവരില്‍ ആരാണ് രക്തദാനത്തിനു തയ്യാറായവരെ ചെക്കു ചെയ്യുന്നത് എന്നെല്ലാം അറിഞ്ഞു വച്ചു. എന്നിട്ട് തൂക്കം നോക്കുന്ന ചേട്ടനെ ആദ്യമേ ചെന്ന് മുട്ടി. മറ്റാരുമറിയാതെ രക്തദാനം തുടങ്ങുന്നതിനും മുന്‍പു തന്നെ അവന്‍അവന്റെ തൂക്കം ടെസ്റ്റ് ചെയ്യിച്ചു. കൃത്യം 49 കിലോ. അവന്റെ ആഗ്രഹമറിഞ്ഞപ്പോള്‍ ഈ തൂക്കം വച്ചു കൊണ്ട് രക്തദാനം നടത്താന്‍ അനുവദിയ്ക്കാന്‍ പാടില്ല എന്ന് ആ ചേട്ടന്‍ തീര്‍ത്തു പറഞ്ഞു.

കുറച്ചു നേരം ആലോചിച്ച ശേഷം മത്തന്‍ എന്നെയും ബിട്ടുവിനേയും വിളിച്ചു. എന്നിട്ടു അവിടുത്തെ പണികളെല്ലാം ഞങ്ങളോട് നോക്കാന്‍ ഏല്‍പ്പിച്ച് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് സുധിയപ്പനേയും വിളിച്ചു കൊണ്ട് പുറത്തേയ്ക്കു പോയി.

എന്താണ് കാര്യമെന്ന് ചോദിച്ചിട്ടും വന്നിട്ട് പറയാമെന്ന് മാത്രം പറഞ്ഞ് അവര്‍ സ്ഥലം വിട്ടു. മറ്റു കാര്യങ്ങള്‍ ശരിയാക്കേണ്ടതുള്ളതു കൊണ്ട് ഞങ്ങള്‍ അതത്ര കാര്യമായെടുത്തുമില്ല.

ഒരു പത്തു മിനുട്ട് കഴിഞ്ഞപ്പോഴേയ്ക്കും പൂര്‍വ്വാധികം സന്തോഷത്തോടെ മത്തനും സുധിയപ്പനും തിരിച്ചെത്തി. മത്തന്റെ മുഖത്ത് കുറച്ചു കൂടി ആത്മ വിശ്വാസം. അവന്‍ ഞങ്ങളേയും വിളിച്ചു കൊണ്ട് വീണ്ടും ശരീര ഭാരം ചെക്കു ചെയ്യാനെത്തി. ഇത്തവണ ചിരിച്ചു കൊണ്ടാണ് ആ ചേട്ടന്‍ അവന്റെ തൂക്കം നോക്കിയത്. ഇത്തവണ 49.5 കിലോ... ഇതെങ്ങനെ എന്ന ആശ്ചര്യത്തോടെയാണെങ്കിലും ഇത്തവണയും ചേട്ടന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

ഇവന്‍ എങ്ങനെ അരക്കിലോ കൂട്ടി എന്ന അത്ഭുതത്തില്‍ ഞങ്ങളെല്ലാം നില്‍ക്കുമ്പോള്‍ സുധിയപ്പന്‍ നേരെ മുന്നോട്ട് വന്ന് ആ ചേട്ടനോട് പറഞ്ഞു. “എന്റെ പൊന്നു ചേട്ടാ.... എങ്ങനെ എങ്കിലും ഇവനെക്കൂടി രക്ത ദാനം ചെയ്യാന്‍ സമ്മതിയ്ക്ക്. ഇപ്പോള്‍ തൂക്കം കൂടാന്‍ വേണ്ടി കാന്റീനില്‍ പോയി പൊറോട്ടയും ചിക്കനും കുറേ അടിച്ചു കയറ്റിയിട്ടാണ് ഇവന്‍ വന്നിരിയ്ക്കുന്നത്. അതു മാത്രമല്ല, ഇതു കണ്ടോ?”

സുധിയപ്പന്‍ മത്തന്റെ പാന്റ്സിന്റെ പോക്കറ്റില്‍ കയ്യിട്ട് സാമാന്യം വലിപ്പമുള്ള ഒന്നു രണ്ടു പാറക്കഷ്ണങ്ങള്‍ പുറത്തെടുത്തു കാണിച്ചു കൊണ്ട് തുടര്‍ന്നു “എങ്ങനെയെങ്കിലും 50 കിലോ തൂക്കം ഒപ്പിയ്ക്കാന്‍ വേണ്ടിയിട്ടാണ് ഇവന്‍ ഈ കഷ്ടപ്പെടുന്നത്. ചേട്ടന്‍ എങ്ങനെ എങ്കിലും ഇവന്റെ പേരു കൂടി ചേര്‍ക്കൂ”

ഇതെല്ലാം കണ്ട് ഞങ്ങള്‍ എല്ലാവരും ചിരിച്ചു പോയെങ്കിലും രക്തദാനം നടത്താനുള്ള അവന്റെ ആത്മാര്‍ത്ഥയില്‍ ഞങ്ങള്‍ക്കു വലിയ മതിപ്പു തോന്നി... ഒപ്പം അഭിമാനവും. അവസാനം ഞങ്ങളുടെ എല്ലാവരുടേയും നിര്‍ബന്ധപ്രകാരം ആ ചേട്ടന്‍ രക്തദാനം നടത്താന്‍ തയ്യാറായവരുടെ ലിസ്റ്റില്‍ മത്തന്റെ പേരും എഴുതി ചേര്‍ത്തു.

അങ്ങനെ ആ വര്‍ഷം ഞങ്ങളോടൊപ്പം മത്തനും രക്തം ദാനം ചെയ്തു, അവന്റെ ജീവിതത്തില്‍ ആദ്യമായി. എങ്കിലും രക്തദാനത്തിനു മത്തന്റെ പേരു വിളിച്ചപ്പോള്‍ അവന്റെ തൂക്കം നോക്കിയ ആ ചേട്ടന്‍ അകത്തേയ്ക്കു വന്ന് രക്തമെടുക്കാന്‍ നിന്നിരുന്ന നഴ്സിനോട് പ്രത്യേകം പറഞ്ഞ് ചെറിയ ബാഗിലാണ് അവന്റെ രക്തം എടുപ്പിച്ചത്. (ഞങ്ങള്‍ക്കെല്ലാം 450 മില്ലിയുടെ ബാഗാണ് ഉപയോഗിച്ചതെന്നും പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള 350 മില്ലിയുടെ ബാഗാണ് അവനു വേണ്ടി ഉപയോഗ്ഗിച്ചതെന്നും ആ ചേട്ടന്‍ പിന്നീട് ഞങ്ങളോട് പറയുകയുണ്ടായി. രക്തദാനത്തിനു ശേഷം മത്തനെ പ്രത്യേകം അഭിനന്ദിയ്ക്കാനും അദ്ദേഹം മറന്നില്ല). എങ്കിലും രക്തം കൊടുക്കാന്‍ കഴിഞ്ഞതില്‍ മത്തനും അതീവ സന്തുഷ്ടനായിരുന്നു.

അന്ന് ഏറ്റവും കൂടുതല്‍ കുട്ടികള്‍ രക്തദാനം നടത്തിയ ക്ലാസ് ഞങ്ങളുടേതായിരുന്നു. അങ്ങനെ ആ വര്‍ഷത്തെ രക്തദാന ക്യാമ്പ് വന്‍ വിജയമാക്കിയതിന് അന്ന് ബ്ലഡ് ബാങ്കില്‍ നിന്നും വന്ന ഡോക്ടര്‍മാരടങ്ങുന്ന ടീം ഞങ്ങളുടെ NSS അസ്സോസിയേഷനെയും ഞങ്ങള്‍ വളണ്ടിയേഴ്സിനേയും പ്രത്യേകം അഭിനന്ദിച്ചിരുന്നു. ഒപ്പം അന്നത്തെ പ്രിന്‍സിപ്പാള്‍ ബേബി സാറും NSS പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ബിജു സാറും ടിജി സാറും.

രക്തദാനം നടത്തുക എന്നത് അത്രയ്ക്ക് ഭയക്കേണ്ട സംഭവം അല്ല എന്ന ധാരണ ഞങ്ങള്‍ക്കെല്ലാം കൈവന്നത് അവിടെ വച്ചായിരുന്നു. ചെറിയ തോതിലാണെങ്കില്‍ കൂടിയും സമൂഹത്തെ നമുക്കു കഴിയുന്ന വിധമെല്ലാം സഹായിയ്ക്കാം എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത് ഞങ്ങളുടെ NSS പ്രവര്‍ത്തനങ്ങളില്‍ കൂടിയും.

* രക്തദാനം നടത്തുന്നതിന് വേണ്ട മിനിമം യോഗ്യതകള്‍:
1. പ്രായപൂര്‍ത്തി തികഞ്ഞവരായിരിയ്ക്കണം (18 വയസ്സ്)
2. ശരീര ഭാരം 50 കിലോഗ്രാമില്‍ കുറയരുത്.
3. ആരോഗ്യമുള്ളവരും കാര്യമായ അസുഖങ്ങള്‍ ഇല്ലാത്തവരുമായിരിയ്ക്കണം.
4. കഴിഞ്ഞ ആറു മാസങ്ങള്‍ക്കുള്ളില്‍ രക്തദാനം നടത്താത്തവരായിരിയ്ക്കണം.
5. പള്‍സ് റേറ്റില്‍ സ്ഥിരത ഉണ്ടായിരിയ്ക്കണം (75-100/മിനുട്ട്)


ശരിയ്ക്കും ഇക്കാര്യം എഴുതാനല്ല വന്നത്. മൂന്നാം വര്‍ഷത്തെ രക്തദാനത്തെ പറ്റിയായിരുന്നു. എന്നാല്‍ ഇനിയുമെഴുതിയാല്‍ പോസ്റ്റ് വല്ലാതെ വലുതാകും. അതു കൊണ്ട് ആ സംഭവം പിന്നീടൊരിയ്ക്കല്‍ പോസ്റ്റാക്കാം.

Friday, September 19, 2008

എന്നാലും ഇതേതാ റെജിസ്ട്രേഷന്‍?

എന്റെ സുഹൃത്തുക്കളില്‍ പലരെയും പലപ്പോഴായി ഞാന്‍ പരിചയപ്പെടുത്തിയിട്ടുള്ളതാണ്. അക്കൂട്ടത്തില്‍ തന്നെ പിള്ളേച്ചനെ പറ്റിയുള്ള കഥകള്‍ എത്ര പറഞ്ഞാലും തീരുമെന്നു തോന്നുന്നില്ല. പലപ്പോഴും ഒന്നും ആലോചിയ്ക്കാതെ എടുത്തു ചാടി പറയുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്ന ഒരാളായിരുന്നു പിള്ളേച്ചന്‍. [ആയിരുന്നു എന്നല്ല; ഇപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല].

നമ്മുടെ കൂടെ ഒരു പ്രവൃത്തി ചെയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ പോലും അതെന്താണെന്നോ എന്തിനാണെന്നോ അവന്‍ ചിലപ്പോള്‍ ആലോചിയ്ക്കാറില്ല. നമ്മള്‍ എന്തെങ്കിലും ചോദിയ്ക്കുമ്പോഴായിരിയ്ക്കും അവനും അതെപ്പറ്റി ചിന്തിയ്ക്കുന്നതു തന്നെ. അതു പോലെ സാധാരണ എല്ലാവര്‍ക്കും താല്പര്യമുള്ള കാര്യങ്ങളിലൊന്നും പിള്ളേച്ചനു താല്പര്യം കാണില്ല. അതു പാട്ടായാലും സിനിമ ആയാലും കളികള്‍ ആയാലും. (ഇന്ത്യയുടെ ക്രിക്കറ്റ് മാച്ചുകള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനെ കളിയാക്കി പറഞ്ഞതിനും എതിര്‍ ടീമുകളെ സപ്പോര്‍ട്ട് ചെയ്തു സംസാരിച്ചതിനുമെല്ലാം അവന്‍ വാങ്ങിക്കൂട്ടിയിട്ടുള്ള അടികള്‍ക്കും ചീത്തകള്‍ക്കും കണക്കില്ല. പ്രത്യേകിച്ച് ഇന്ത്യയോട് വെറുപ്പുണ്ടായിട്ടൊന്നുമല്ല; ബാക്കി ഞങ്ങളെല്ലാവരും ഇന്ത്യന്‍ ടീമിനു വേണ്ടി സംസാരിയ്ക്കുന്നതു കൊണ്ടു മാത്രം. പിന്നെ കളിയും അവനറിയില്ല കേട്ടോ. )

ആരെങ്കിലും സീരിയസായി എന്തിനെയെങ്കിലും പറ്റി സംസാരിയ്ക്കുമ്പോള്‍ ആ ഭാഗത്തേയ്ക്കേ പിള്ളേച്ചന്‍ ശ്രദ്ധിയ്ക്കാറില്ല. ഇനി അതു കേട്ടു കൊണ്ടിരുന്നാല്‍ തന്നെ അതിനു അഭിപ്രായവും പറയാറില്ല. പറയാന്‍ തുടങ്ങുന്നത് മിക്കവാറും അബദ്ധം ആയിരിയ്ക്കും എന്നറിയുന്നതു കൊണ്ടു തന്നെ ആരും അവന്റെ അഭിപ്രായം ചോദിയ്ക്കാറുമില്ല കേട്ടോ. ഇതൊക്കെ ആയാലും തനിക്കു കിട്ടാനുള്ളത് ഏതു വിധേനയും വാങ്ങി വയ്ക്കാന്‍ അവന്‍ മറക്കാറില്ല.

ഞങ്ങള്‍ തഞ്ചാവൂരില്‍ പഠിച്ചു കൊണ്ടിരിയ്ക്കുന്ന കാലം. പാചകത്തിനാവശ്യമായ അരിയും പച്ചക്കറിയും മറ്റും ആഴ്ചയിലൊരിയ്ക്കല്‍ ഒരുമിച്ച് വാങ്ങി വയ്ക്കാറാണ് പതിവ്. മിക്കവാറും ശനിയാഴ്ചകളില്‍ വൈകുന്നേരമോ മറ്റോ ഞങ്ങളെല്ലാവരും കൂടി രണ്ടു കിലോമീറ്റര്‍ അകലെയുള്ള കൊച്ചു ടൌണിലേയ്ക്കിറങ്ങും. എന്തെങ്കിലുമൊക്കെ തമാശയും പറഞ്ഞ് പരസ്പരം പാര വച്ച് തല്ലു പിടിച്ച് അങ്ങനെ നടക്കുന്നത് ഒരു പ്രത്യേക സുഖമായിരുന്നു.

അങ്ങനെ ഒരു ദിവസം പച്ചക്കറിയും മറ്റും വാങ്ങി തിരികെ വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു ഞങ്ങള്‍. തിരികെ വരുന്ന വഴി അവിടെയുള്ള ഒരു ബേക്കറിയില്‍ കയറി അവിടെ നിന്നും ഓരോ പേഡയും വാങ്ങി അതും ആസ്വദിച്ചു തിന്നു കൊണ്ടാണ് ഞങ്ങളുടെ നടപ്പ്.

അപ്പോഴാണ് പെട്ടെന്ന് ഒരു ലോറി ഞങ്ങളെ കടന്ന് പോയത്. ആ ലോറിയുടെ റജിസ്ട്രേഷന്‍ നമ്പര്‍ കണ്ട് കുറച്ചൊരു ആലോചനയോടെ സുധിയപ്പന്‍ എല്ലാവരോടുമായി ചോദിച്ചു. “അളിയാ... ഇതെവിടുത്തെയാടാ ഈ NL റെജിസ്ട്രേഷന്‍ വണ്ടി?”

മറ്റാരെങ്കിലും മറുപടി പറയുന്നതിനു മുന്‍പു തന്നെ വായിലിട്ടു ചവച്ചു കൊണ്ടിരുന്ന പേഡ പോലും മുഴുവനായി നുണഞ്ഞിറക്കാതെ പിള്ളേച്ചന്‍ ഉറക്കെ വിളിച്ചു പറഞ്ഞു “അത് ന്യൂസിലാന്റ് റെജിസ്ട്രേഷനാടാ... ന്യുസിലാന്റ്!”

കുറച്ചു നേരത്തേയ്ക്ക് എല്ലാവരും ഒന്നും പറയാനാകാതെ നിന്നു പോയി . ആദ്യം പ്രതികരിച്ചത് മത്തനായിരുന്നു... “എടാ &%@$ ... ന്യൂസിലാന്റ് റെജിസ്ട്രേഷനോ? നീ ഏത് നാട്ടുകാരനാടാ &%$#@? ”
അതിന്റെ തുടര്‍ച്ചയായി സുധിയപ്പനും ജോബിയും കൂടെ പിള്ളേച്ചനെ നിര്‍ത്തിപ്പൊരിയ്ക്കാന്‍ തുടങ്ങി.
അപകടം മനസ്സിലാക്കി, അതില്‍ നിന്നും രക്ഷപ്പെടാനായി പിള്ളേച്ചന്‍ പിന്നേയും വിളിച്ചു കൂവി.

“മതിയെടാ... നിര്‍ത്ത്... നിര്‍ത്ത്. എനിയ്ക്കൊരു അബദ്ധം പറ്റിയതാണേ... അത് ന്യൂസിലാന്റ് റെജിസ്ട്രേഷനല്ല.... ആദ്യം ഞാന്‍ ഓര്‍ക്കാതെ പറഞ്ഞു പോയതാ... അത് നേപ്പാള്‍ റെജിസ്ട്രേഷന്‍ ആണ്. ”

ഇതും കൂടെ കേട്ടപ്പോള്‍ തലയില്‍ കൈ വച്ച് മത്തന്‍ അവിടെ റോട്ടില്‍ തന്നെ ഇരുന്നു പോയി. “എന്റീശ്വരാ... ഈ കുരിശിനെ എന്തു ചെയ്താല്‍ മതിയാകും?”

ന്യൂസിലാന്റ് റെജിസ്ട്രേഷനെന്നു പറയുന്നതു കേട്ടപ്പോള്‍ അവനെ ചാടിക്കടിയ്ക്കാന്‍ ചെന്ന സുധിയപ്പനും ജോബിയുമെല്ലാം നേപ്പാളെന്നു കേട്ടതോടെ ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥയിലായി.

പിള്ളേച്ചന്റെ ഉത്തരങ്ങളും ബാക്കിയുള്ളവരുടെ പ്രതികരണവുമെല്ലാം കണ്ട് ചിരിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന ഞാനും ബിട്ടുവും ബിമ്പുവും പതിയേ പിള്ളേച്ചനോട് ചോദിച്ചു. “എടാ... സത്യത്തില്‍ അതേതാ റെജിസ്ട്രേഷനെന്ന് നിനക്കറിയില്ലേ?”

ഞങ്ങള്‍ വീണ്ടും കളിയാക്കുകയാണെന്ന് കരുതിയ പിള്ളേച്ചന്‍ ഇത്തവണ കുറച്ചു ചൂടായിട്ടാണ് മറുപടി പറഞ്ഞത്. “അത് നേപ്പാള്‍ റെജിസ്ട്രേഷനാണെന്ന് ഞാന്‍ പറഞ്ഞില്ലേടാ? പിന്നെന്താ ഇത്രയ്ക്ക് ചിരിയ്ക്കാന്‍???”

അവന്റെ മറുപടി പിന്നേയും കേട്ടതും അത്രയും നേരം ഒരു വിധത്തില്‍ കണ്‍‌ട്രോള്‍ ചെയ്ത് നിന്നിരുന്ന ബിമ്പുവിന്റെ നിയന്ത്രണം വിട്ടതും ഒരുമിച്ചായിരുന്നു. നോണ്‍സ്റ്റോപ്പായി ഡിക്ഷ്ണറിയില്‍ കാണാത്ത കുറച്ചു വാക്കുകള്‍ അവന്റെ വായില്‍ നിന്നും നിര്‍ലോഭം പ്രവഹിച്ചപ്പോഴാണ് രണ്ടാമതും തനിക്കു പിഴച്ചു എന്ന് പിള്ളേച്ചന്‍ മനസ്സിലാക്കിയത്. എന്നിട്ടും അത് നാഗാലാന്റ് റെജിസ്ട്രേഷന്‍ ആയിരുന്നു എന്നു മനസ്സിലാക്കാന്‍ അവന്‍ പിന്നെയും കുറേ നേരമെടുത്തു.

ഇപ്പോഴും ഇടയ്ക്ക് ഞങ്ങള്‍ പിള്ളേച്ചനോട് ചോദിയ്ക്കും ‘എടാ ഈ NL റെജിസ്ട്രേഷന്‍ വണ്ടി എവിടുത്തെയാടാ’ എന്ന്. അതു കേള്‍ക്കുമ്പോഴേ പിള്ളേച്ചന്‍ കൈ കൂപ്പും. ഒപ്പം ‘നിനക്കൊക്കെ എന്നെ നാണം കെടുത്തി മതിയായില്ലേടാ’ എന്നൊരു മറു ചോദ്യവും...

ഇനിയും പിള്ളേച്ചനെ ശരിയ്ക്കു മനസ്സിലാകാത്തവരുണ്ടെങ്കില്‍ ഇവിടെ ഒന്നു നോക്കുക.

Tuesday, August 26, 2008

ഒരു പഴയ ഓണക്കാലം

"അകലേ ഓണം പുലരുമ്പോള്‍
ആവണിപ്പൂവും വിരിയുമ്പോള്‍...
അരിയകിനാവേ കൊതിയാകുന്നൂ
ചിറകു തരാമോ പോയി മടങ്ങാന്‍...
ഒന്നെന്‍ കുഞ്ഞിന്‍ പൂക്കളം കാണാന്‍..."

ഇക്കഴിഞ്ഞ ആഗസ്റ്റ് 17 നു (ചിങ്ങം 1) ഞാന്‍ നാട്ടിലായിരുന്നു. ചിങ്ങമാസമായി, വീണ്ടും ഒരു ഓണക്കാലം അടുത്തല്ലോ എന്നോര്‍ത്തപ്പോള്‍ ഞാനറിയാതെ തന്നെ നാവില്‍ വന്നത് ഗാനമാണ്. അപ്പോള്‍ പെട്ടെന്നൊരു മോഹം. ചിങ്ങമാസമായല്ലോ, ഓണപ്പാട്ടുകളെല്ലാം ഒന്നൂടെ കേള്‍ക്കണമെന്ന്. പിന്നെ, വൈകിയില്ല. പാട്ടുകളുടെ ശേഖരത്തില്‍ നിന്നും ഗാനം തപ്പിയെടുത്ത് പല തവണ കേട്ടു.

അതും കേട്ടു കൊണ്ടിരുന്ന കൂട്ടത്തില്‍‍ അറിയാതെ ഓര്‍മ്മകള്‍ കുറച്ചു പുറകോട്ടു പോയി.

1995 ലെ ഓണക്കാലം . ഞാനന്ന് ഒമ്പതാം ക്ലാസ്സിലാണ്. ചേട്ടന്‍ പ്രീ ഡിഗ്രി രണ്ടാം വര്‍ഷം. അന്ന് ഞങ്ങളുടെ വീട്ടില്‍ ടേപ്പ് റെക്കോര്‍ഡര്‍ വന്നിട്ട് അധിക നാളായിട്ടില്ല. (അതു വരെ റേഡിയോ ഗാനങ്ങള്‍ മാത്രമായിരുന്നു ഒരു ആശ്രയം.) അക്കാലത്ത് (ഇന്നും) പാട്ടു കേള്‍ക്കാന്‍ വേണ്ടി അച്ഛനോ അമ്മയോ കാസറ്റുകള്‍ ഒന്നും വാങ്ങി തന്നിരുന്നില്ല. ഞങ്ങളുടെ സ്വകാര്യ ശേഖരത്തില്‍ നിന്നും സ്വരുക്കൂട്ടി വേണം കാസറ്റോ മറ്റോ വാങ്ങാന്‍

പഠിയ്ക്കുന്ന കാലത്ത് ഞങ്ങള്‍ക്കെന്ത് സ്വകാര്യ ശേഖരം എന്നല്ലേ? ഇന്നത്തെ കുട്ടികളെപ്പോലെ പോക്കറ്റ് മണി പരിപാടികള്‍ ഒന്നുമില്ല. വര്‍ഷത്തിലൊരിയ്ക്കല്‍ കിട്ടുന്ന വിഷു കൈനീട്ടം തന്നെ പ്രധാന ആശ്രയം. പിന്നെ, പറമ്പില്‍ കശുവണ്ടിയില്‍ നിന്നും കിട്ടുന്ന ഒരു ഓഹരിയും. [അടിച്ചു മാറ്റലല്ല കേട്ടോ. പറമ്പില്‍ ഒന്നു രണ്ടു കശുമാവുണ്ടായിരുന്നു. മദ്ധ്യ വേനലവധി സമയത്ത് അതു നിറയെ പൂത്ത് കശുവണ്ടി ഉണ്ടാകുകയും ചെയ്യും. അത് പറമ്പിലും റോട്ടിലും എല്ലാം വീണു കിടക്കും. ആദ്യമൊക്കെ അച്ഛന്റെയോ അമ്മയുടേയോ കണ്ണെത്തിയാല്‍ മാത്രമേ കശുവണ്ടികള്‍ ഞങ്ങളുടെ വീടെത്താറുള്ളൂ. അല്ലാത്തപ്പോള്‍ വഴിയേ പോകുന്നവര്‍ ആരെങ്കിലുമൊക്കെ എടുത്തു കൊണ്ടു പോകും. ഞാനോ ചേട്ടനോ ഭാഗത്തേയ്ക്കു നോക്കാറില്ല.മടി തന്നെ കാരണം... പിന്നെ അന്ന് കുട്ടികളായിരുന്നപ്പോല്‍ അതിന്റെയൊന്നും വില അറിയുമായിരുന്നില്ല. പണ്ട് പലപ്പോഴും ഇങ്ങനെ കിട്ടുന്ന കശുവണ്ടി കൂട്ടി വച്ച് ചന്തയില്‍ കൊണ്ടു പോയി വിറ്റ് അച്ഛന്‍ അരിയും സാമാനങ്ങളും വരെ വാങ്ങിയിരുന്നു എന്ന് ഇന്നറിയാം]

എന്തായാലും ഞങ്ങള്‍ അറിഞ്ഞു കൊണ്ട് നല്ല കാര്യങ്ങളൊന്നും ചെയ്യുന്ന ലക്ഷണമില്ല എന്നു മനസ്സിലാക്കിയാകണം അച്ഛനും അമ്മയും ഒരു ഓഫര്‍ മുന്നോട്ടു വച്ചു. മറ്റൊന്നുമല്ല. പകല്‍ സമയങ്ങളില്‍ താഴെ വീണു കിട്ടുന്ന കശുവണ്ടി എനിയ്ക്കോ ചേട്ടനോ പെറുക്കിയെടുക്കാം. അത് വീട്ടില്‍ കൊടുക്കേണ്ടതില്ല. പകരം ഞങ്ങള്‍ക്ക് കൂട്ടി വച്ച് വിറ്റ് അതില്‍ നിന്നും കിട്ടുന്ന ആദായം പങ്കിട്ടെടുക്കാം. എന്നിട്ട് പൈസ കൊണ്ട് വിഷു ആഘോഷങ്ങള്‍ക്കുള്ള സാധനങ്ങളോ കാസറ്റ് മുതലായ വസ്തുക്കളോ വാങ്ങാം. അതല്ലാതെ ഇത്തരം കാര്യങ്ങള്‍ക്കൊന്നും വീട്ടില്‍ നിന്നും പൈസ ചോദിയ്ക്കരുത്. [അതല്ലെങ്കില്‍ വിഷുവിനു പടക്കവും മറ്റും വാങ്ങിക്കിട്ടണമെങ്കില്‍ കുറേ നാള്‍ അച്ഛന്റെ പുറകേ നടക്കണം... അമ്മയെ കൊണ്ട് പറയിപ്പിയ്ക്കണം അങ്ങനെ കുറേ കഷ്ടപ്പാടുകള്‍ സഹിയ്ക്കേണ്ടിയിരുന്നു]

എന്തായാലും ഐഡിയ ഏറ്റു. എനിയ്ക്കും ചേട്ടനും ബോധോദയം ഉണ്ടായി. പിന്നീട് ഞങ്ങള്‍ കശുവണ്ടിയൂടെ കാര്യത്തില്‍ കൂടുതല്‍ ശുഷ്കാന്തി കാണിയ്ക്കാനും തുടങ്ങി. പെറുക്കിയെടുക്കുന്ന കശുവണ്ടി കൂട്ടി വച്ച് ഒരു കൂട് നിറയാറാകുമ്പോള്‍ അടുത്തുള്ള ആന്റപ്പന്‍ ചേട്ടന്റെ കടയില്‍ കൊണ്ടു പോയി വില്‍ക്കും. പണം ഞാനും ചേട്ടനും വീതിച്ചെടുക്കും.

അഞ്ചാറു വര്‍ഷം അങ്ങനെ സമ്പാദിച്ചിരുന്ന പൈസയില്‍ നിന്നാണ് ഞങ്ങളുടെ വീട്ടിലെ 80 % ഓഡിയോ കാസറ്റുകളും വാങ്ങിക്കൂട്ടിയത് എന്നതാണു സത്യം. മിക്കവാറും സമയങ്ങളില്‍ ഞാനും ചേട്ടനും വെവ്വേറെയാണ് കാസറ്റുകള്‍ വാങ്ങിയിരുന്നത്. എന്നിട്ട് ഭാവിയില്‍ തിരിച്ചറിയാനായി അവരവര്‍ വാങ്ങുന്ന കാസറ്റില്‍ സ്വന്തം പേരെഴുതി വയ്ക്കുമായിരുന്നു.

അപ്പോള്‍ പറഞ്ഞു വന്നത് ഇതൊന്നുമല്ല; 1995 ലെ ഓണക്കാലം അടുത്തപ്പോള്‍ ഓണത്തിനു പുറത്തിറങ്ങിയ ഓണപ്പാട്ടുകള്‍ കിട്ടിയാല്‍ കൊള്ളാം എന്ന് ചേട്ടനൊരു ആഗ്രഹം. എന്നാല്‍ ചേട്ടന്റെ കയ്യില്‍ അപ്പോള്‍ സ്പെയര്‍ കാസറ്റൊന്നും ഉണ്ടായിരുന്നുമില്ല. മാത്രമല്ല പുതിയത് വാങ്ങാനുള്ള പണവുമില്ല. [ സാധാരണ പുതിയ കാസറ്റുകള്‍ വാങ്ങാതെ വില കുറവുള്ള ബ്ലാങ്ക് കാസറ്റുകള്‍ വാങ്ങി, അതില്‍ പാട്ടുകള്‍ റെക്കോഡ് ചെയ്യുക എന്നതാണ് ഞങ്ങള്‍ ചെയ്തിരുന്നത്. കാരണം പുതിയ ഒറിജിനല്‍ കാസറ്റിനു 40 രൂപയോളമാകും.] പുതിയ ബ്ലാങ്ക് കാസറ്റു വാങ്ങി അതില്‍ പാട്ടുകള്‍ പിടിയ്ക്കുന്നതിനും 30- 35 രൂപയോളമാകും. അത്രയും പൈസ ചേട്ടന്റെ കയ്യിലില്ല. അവസാനം ചേട്ടന്‍ ഒരു വഴി കണ്ടു. എന്റെ കയ്യില്‍ ആയിടെ വാങ്ങിയ ഒരു ബ്ലാങ്ക് കാസറ്റ് ഉണ്ട്. എന്റെ കാസറ്റ് കൊടുക്കാന്‍ ഞാന്‍ തയ്യാറായാല്‍ ചേട്ടന്‍ സ്വന്തം പണം മുടക്കി ഓണപ്പാട്ടുകള്‍ അതില്‍ റെക്കോഡ് ചെയ്യിയ്ക്കും. കാസറ്റിന്റെ അവകാശം എനിയ്ക്കു തന്നെ ആയിരിയ്ക്കും. പക്ഷേ ഒരു കണ്ടീഷന്‍: അടുത്ത ഓണക്കാലം വരെയെങ്കിലും, അതായത് 1996 ആഗസ്ത്- സെപ്തംബര്‍ വരെ എങ്കിലും പാട്ടുകള്‍ ഞാന്‍ കളയരുത്.

ആദ്യം അത്ര താല്പര്യം തോന്നിയില്ലെങ്കിലും ഒരു കാസറ്റ് എന്റെ കയ്യില്‍ വെറുതേ ഇരിയ്ക്കുകയാണല്ലോ എന്നോര്‍ത്ത് അവസാനം ഞാന്‍ സമ്മതിച്ചു.

അങ്ങനെ ചേട്ടന്‍ കാസറ്റില്‍ വര്‍ഷം എം.ജി. ശ്രീകുമാറൂം എം. ജി. രാധാകൃഷ്ണനും ചേര്‍ന്ന് പുറത്തിറക്കിയ “തങ്കനിലാവ്” എന്ന ആല്‍ബം കാസറ്റില്‍ റെക്കോഡ് ചെയ്തു. ഒരു ഔദാര്യം എന്ന നിലയ്ക്കാണ് അതു റെക്കോഡ് ചെയ്യാന്‍ ഞാന്‍ സമ്മതിച്ചതെങ്കിലും അതിലെ പാട്ടുകള്‍ ഒന്നു രണ്ടു തവണ കേട്ടതോടെ എനിയ്ക്കും വളരെ ഇഷ്ടപ്പെട്ടു. തുടര്‍ന്ന് വര്‍ഷം ഓണക്കാലത്ത് ഞങ്ങള്‍ ഏറ്റവും അധികം കേട്ടത് കാസറ്റിലെ പാട്ടുകളായിരുന്നു.

അടുത്ത വര്‍ഷം ഓണക്കാലമായപ്പോള്‍ ചേട്ടന്‍ എന്നെ ഓര്‍മ്മിപ്പിച്ചു. ‘ഇനി വേണെമെങ്കില്‍ നീ കാസറ്റിലെ പാട്ടുകള്‍ കളഞ്ഞ് വേറെ എന്തെങ്കിലും റെക്കോഡ് ചെയ്തോളൂ കുഴപ്പമില്ല’. പക്ഷേ, അപ്പൊഴേയ്ക്കും എനിയ്ക്ക് ഏറെ പ്രിയങ്കരമായി കഴിഞ്ഞിരുന്നു അതിലെ ഗാനങ്ങള്‍ ഞാന്‍ പാട്ടുകള്‍ കളഞ്ഞില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഓണക്കാലമടുക്കുമ്പോള്‍ ആദ്യം തിരഞ്ഞെടുത്ത് കേള്‍ക്കുന്ന കാസറ്റുകളില്‍ ഒന്നായി അത്.

ഇന്ന് 13 വര്‍ഷങ്ങള്‍ക്കിപ്പുറവും കാസറ്റ് യാതൊരു കേടുപാടും കൂടാതെ ഞങ്ങളുടെ വീട്ടിലുണ്ട്. അതു പോലെ എന്റെയും ചേട്ടന്റെയും ഇഷ്ടഗാനങ്ങളുടെ കൂട്ടത്തില്‍ അതിലെ പാട്ടുകളും. [ ഒരു കുടം കുളിരുമായ്..., ആടു പൊന്‍‌മയിലേ..., ചിത്തിരമുത്തേ ചിങ്കാരി..., ചന്ദ്രദളം പൂങ്കവിളില്‍..., തൃത്താല ചന്ത കഴിഞ്ഞൂ... തുടങ്ങിയ പാട്ടുകളെല്ലാം ഞങ്ങള്‍ക്ക് ഇന്നും വളരെ ഇഷ്ടമാണ്]

വാല്‍ക്കഷ്ണം:കഴിഞ്ഞ മുന്നു നാലു വര്‍ഷത്തോളമായി കാസറ്റിലെ പാട്ടുകളുടെ ഡിജിറ്റല്‍ കോപ്പി ലഭിക്കുമോ എന്ന അന്വേഷണത്തിലായിരുന്നു ഞങ്ങള്‍. എന്നാല്‍ ഇക്കഴിഞ്ഞ ആഴ്ച മാത്രമാണ് കാസറ്റിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ സംഘടിപ്പിയ്ക്കാന്‍ എനിയ്ക്കു സാധിച്ചത്. അതും തികച്ചും യാദൃശ്ചികമായി. ഫുട്പാത്ത് കച്ചവടക്കാരനില്‍ നിന്നും ഫെസ്റ്റിവല്‍ സോങ്ങ്സ് എന്ന ഒരു സീഡി വെറുതേ ഒരു കൌതുകത്തിനു വാങ്ങാന്‍ തോന്നിയപ്പോള്‍ ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല, ഞാന്‍ കുറേ നാളായി തിരഞ്ഞു നടക്കുന്ന കുറച്ചു നല്ല പാട്ടുകളും അക്കൂട്ടത്തിലുണ്ടാകുമെന്ന്. എന്തായാലും തീരെ പ്രതീക്ഷിയ്ക്കാതെ വളരെ സന്തോഷം തന്ന ഒരു സംഭവമായിരുന്നു അത്.

ഇത്തവണയും ഓണമടുത്തെത്തിക്കഴിഞ്ഞു. പക്ഷേ, മിക്കവാറും തിരുവോണത്തിന് നാട്ടിലെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. പണ്ട് അത്തം മുതല്‍ ആവേശത്തോടെ പൂക്കളമിട്ട് ഓണം ആഘോഷിച്ചിരുന്ന ആ ബാല്യത്തിന്റെ ഓര്‍മ്മകളുമായി ഈ മറുനാട്ടിലായിരിയ്ക്കും ഞാന്‍.

‘അകലേ ഓണം’ എന്നു തുടങ്ങുന്ന ഗാനം ഇവിടെ നിന്നും കേള്‍ക്കാം.