Thursday, August 23, 2007

ഓണം! ഓണ സദ്യ!!!


വീണ്ടും ഒരു ഓണക്കാലം കൂടി വന്നെത്തിക്കഴിഞ്ഞു. എല്ലാ മലയാളികളും ജാതി മത ഭേദമന്യേ ആഘോഷപൂര്‍‌വ്വം കൊണ്ടാടുന്ന ഒന്നാണ് കേരളത്തിന്റെ ഈ ദേശീയോത്സവം. ഇതു പോലെ ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവവും ലോകത്തു മറ്റൊരിടത്തുമില്ലെന്നാണ് പറയപ്പെടുന്നത്. ഓണം പൂക്കളുടെ ഉത്സവമാണ്. നാട്ടില്‍‌ വിളവെടുപ്പു കാലം കൂടിയാണ് ഓണക്കാലം.


ഓണത്തിന്റെ മറ്റൊരു പ്രധാന ആകര്ഷണം ഓണസദ്യയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണം’, ‘ഉണ്ടറിയണം ഓണം’ എന്നെല്ലാമാണ് ഓണത്തെക്കുറിച്ച് പഴമക്കാര്‍‌ പറയുക.
പണ്ടു പട്ടിണിയും കഷ്ടപ്പാടുകളും നിത്യസംഭവമായിരുന്ന കാലത്ത് ആഘോഷം പോലെ പപ്പടവും പഴവും പായസവും കൂട്ടി മൃഷ്ടാന്നം ഭക്ഷിക്കാനുള്ള അപൂര്‍‌വ്വം അവസരങ്ങളിലൊന്നായിരുന്നു സാധാരണക്കാരന് ഓണം. ഇന്ന് ആ അവസ്ഥ മാറി എങ്കിലും ഓണത്തെയും ഓണ സദ്യയേയും പറ്റിയുള്ള ഓര്‍‌മ്മകള്‍‌ ഏതൊരു കേരളീയനും ഗൃഹാതുരത്വം തോന്നിപ്പിക്കുന്ന ഒന്നാണ്.




ഓണസദ്യയിലെ പ്രധാന വിഭവങ്ങളില്‍‌ കൂടി നമുക്കൊന്നു കണ്ണോടിക്കാം.


സാമ്പാര്‍‌, കാളന്, ഓലന്, അവിയല്‍‌, എരിശ്ശേരി, തോരന്‍‌,പുളിശ്ശേരി, പച്ച മോര്, പപ്പടം, കായ ഉപ്പേരി, പഴം നുറുക്ക്, ശര്‍‌ക്കര പുരട്ടി, പ്രഥമന്‍‌ എന്നിവയെല്ലാമാണ് സാധാരണ ഓണസദ്യയിലെ പ്രധാന വിഭവങ്ങള്. ഈ കൂട്ടത്തില്‍‌ തന്നെ അവിയിലും സാമ്പാറും പിന്നീട് ചേര്‍‌ക്കപ്പെട്ടതാണ് എന്നും പറയപ്പെടുന്നുണ്ട്. പയറ്, പാവക്ക, ചേമ്പ്, ചേന എന്നീ വിഭവങ്ങള്‍‌ കൊണ്ടുള്ള വിശേഷപ്പെട്ട ഉപ്പേരികളും ചീര മുരിങ്ങ തുടങ്ങിയ ഇലക്കറികളും ഓണ വിഭവങ്ങളില്‍‌ പ്രധാനമാണ്. അച്ചാറുകള്‍, ഉപ്പിലിട്ടത് എന്നീ വിഭാഗങ്ങളില്‍‌ മാങ്ങ, നാരങ്ങ, ഇഞ്ചി എന്നിവയും ഉള്‍‌‍‌പ്പെടുന്നു. പിന്നെ അരി, ഗോതമ്പ്, പഴം, പരിപ്പ്, അട എന്നിങ്ങനെയുള്ള വിവിധ തരം പ്രഥമനും.


വിളമ്പുന്നതിനും ഉണ്ട് ചില പ്രത്യേകതകള്‍‌. തൂശനില അഥവാ നാക്കില തന്നെ വേണം. അതില്‍‌ തന്നെ ഇലത്തുമ്പ് അഥവാ നാക്ക് ഇടത്തേയ്ക്കു വരുന്ന രീതിയില് ഇല വയ്ക്കണം എന്നാണ്. ചിത്രത്തില്‍‌ കാണുന്നതു പോലെ.


ഇനി വിഭവങ്ങള്‍‌ വിളമ്പുന്നതിനും പ്രത്യേക ഇടങ്ങളുണ്ട്. നടുക്ക് ചോറ്, ഇടതു ഭാഗത്ത് മുകളില്‍‌ ഏതെങ്കിലും ഉപ്പേരികള്‍‌, വലതു വശത്ത് താഴെ പഴം നുറുക്ക്, കായ ഉപ്പേരി, ശര്ക്കര ഉപ്പേരി, ഇടത്ത് വശം പപ്പടം, വലത്ത് കാളന്, പിന്നെ എരിശ്ശേരി, സാമ്പാര്‍‌, അതു പോലെ അച്ചാറും ഉപ്പിലിട്ടതും.പരിപ്പുകറി, പച്ചമോര്, പുളിശ്ശേരി, തോരന്‍‌ എന്നിവയും കൂട്ടത്തില്‍‌ കൂടുന്നു.


[കേട്ടറിവു വച്ചുള്ള വിശദീകരണങ്ങളാണ് ഏറെയും. തെറ്റുകള്‍‌ പൊറുക്കുക, തിരുത്തുക. പ്രാദേശികമായ ചില വ്യതിയാനങ്ങള്‍‌ ഈ പറഞ്ഞതില്‍‌ നിന്നും വരാറുണ്ട്.

ഈ ഓണ സദ്യയുടെ കൂട്ടത്തില്‍‌ പെടാത്ത അത്തരം കുറേ വിഭവങ്ങളെ പറ്റി എല്ലാവര്‍‌ക്കും കുറേ പറയാനുണ്ടാകും. അതെല്ലാം കമന്റുകളായി പ്രതീക്ഷിക്കുന്നു.]

എല്ലാവരുടേയും ഓണ സദ്യ ഗംഭീരമാകട്ടേ!
പൊന്നോണാശംസകള്‍‌


Thursday, August 16, 2007

ഓണം... പൊന്നോണം


2007 ആഗസ്ത് 17. വെള്ളിയാഴ്ച. കൊല്ലവര്‍‌ഷം 1183 ചിങ്ങം 1.

വീണ്ടും ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയിലേയ്ക്ക് ഒരു ഓണക്കാലം കൂടെ വന്നെത്തുകയാണ് നന്മയുടെ പ്രതീകമായ ഒട്ടനേകം ഓര്‍‌മ്മകളുടെ പ്രതീകമായ ഓണം. എന്നും ഓണവും ഓണക്കാലവും ഏതൊരു മലയാളിയ്ക്കും ഗൃഹാതുരത്വം തോന്നിപ്പിക്കാറുണ്ട്. എനിക്കും വ്യത്യസ്തമല്ല. ഓരോ ഓണക്കാലത്തും ഞാനോര്‍‌ക്കും ആ പഴയ ബാല്യകാലംപരീക്ഷാ തിരക്കിലും സമയം കണ്ടെത്തി തുമ്പപ്പൂവും കോളാമ്പിപ്പൂവും കൂട്ടുകാരോടൊത്ത് മത്സരിച്ചു പറിച്ചിരുന്ന ആ കാലം അത്തം മുതല്‍‌ പത്തു ദിവസം പൂക്കളമിട്ട് ആഘോഷത്തോടെ കാത്തിരുന്ന ആ പഴയ ഓണക്കാലം.


ഇന്ന് ഈ തിരക്കുകള്‍‌ക്കിടയില്‍‌ പഴയ ഓണക്കാലം ഓര്‍‌മ്മകളില്‍‌ മാത്രമാകുകയാണ്. ഓണപ്പാട്ടുകളുടെയോ പൂവിളികളുടെയോ ആരവങ്ങളില്ലാതെ പൂക്കളങ്ങളുടെയോ ഓണക്കളികളുടെയോ സാന്നിദ്ധ്യമില്ലാത്ത ഓണം മലയാള നാടു വിട്ട് ദൂരദേശങ്ങളില്‍‌ മാത്രമിരുന്ന് ഓണത്തിന്റെ ഓര്‍‌മ്മകള്‍ അയവിറക്കുന്ന എല്ലാ മലയാളികള്‍‌ക്കും സമര്‍‌പ്പിച്ചു കൊണ്ട് ഈ ഓണക്കാലത്തിനു വേണ്ടി സമര്‍‌പ്പിക്കുകയാണ് ഞാന്‍‌ ഈ പോസ്റ്റ്.

Monday, August 13, 2007

അങ്ങനെ, അവസാനം... പവനായി ശവമായി

ഞങ്ങളുടെ തഞ്ചാവൂര്‍ ജീവിതം പൊടി പൊടിക്കുന്ന സമയം ആദ്യത്തെ ഒരു വര്‍ഷം കഴിഞ്ഞതോടെ നാടും ചുറ്റുപാടുകളും ഒക്കെ ഒരുവിധം പരിചിതമായിക്കഴിഞ്ഞിരുന്നു.

രണ്ടാം വര്‍ഷം ആയപ്പോള്‍ കുറച്ചു പരിഷ്കാരങ്ങളൊക്കെ വന്നു, പ്രത്യ്യേകിച്ചും ഞങ്ങളുടെ കൂടെ താമസത്തിനായി മാഷും കൂടിയതോടെ. (എം. ടെക്ക് പഠിക്കണമെന്ന ആഗ്രഹവുമായി തഞ്ചാവൂര്‍ക്ക് വണ്ടി കയറിയ മാഷ് യാദൃശ്ചികമായി ഞങ്ങളുടെ കയ്യില്‍ പെടുകയായിരുന്നൂപാവം).

പരിഷ്കാരം എന്നു വച്ചാല്‍ പ്രധാനമായും മാറ്റം വന്നത് ഞങ്ങളുടെ ഭക്ഷണ രീതികളിലാണ്. എന്തെങ്കിലും കഴിച്ചാല്‍ മതി എന്ന അവസ്ഥയില്‍ നിന്നും മാറി, രുചി കൂടി ശ്രദ്ധിച്ചു തുടങ്ങി. രാവിലെയും വൈകീട്ടും ചപ്പാത്തിയും ഗോതമ്പുകറിയും (അതൊരു പ്രത്യേക കറിയാണ് രഹസ്യമായി ചോദിച്ചാല്‍ പറഞ്ഞു തരുന്നതാണ്, ബാച്ചികള്‍ക്കു മാത്രം!) മാത്രം ശീലമാക്കിയിരുന്ന ഞങ്ങല്‍ കുറച്ചു ചെയ്ഞ്ച് ഒക്കെ ആക്കി തുടങ്ങി. ഇടയ്ക്ക് ഉപ്പുമാവ്, ചിലപ്പോള്‍ പുട്ട് (പുട്ടു കുടം കത്തിപ്പോകുന്നതു വരെ), വല്ലപ്പോഴുമൊരിക്കല്‍ ദോശ, അപൂര്‍വ്വമായി ന്യൂഡിത്സ് ഇങ്ങനെയെല്ലാമായി കാര്യങ്ങള്‍ എന്നു വച്ചാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ലാവിഷ് (മറ്റു ദുശ്ശീലങ്ങള്‍ ഇല്ലാത്തതിനാല്‍ ഭക്ഷണകാര്യത്തില്‍ കുറച്ചു ലാവിഷാകാമെന്നു കരുതി).

പിന്നെ, 2003 ക്രിക്കറ്റ് ലോകകപ്പ് പ്രമാണിച്ച് നാട്ടില്‍ നിന്നും ഒരു കൊച്ചു ടെലിവിഷന്‍ ഒപ്പിച്ചു. കൂടാതെ, ഇലക്ട്രോണിക്സ് അയിരുന്നെങ്കിലും ഒരു സെമസ്റ്ററില്‍ CPP പഠിക്കാനുണ്ടായിരുന്നതിനാല്‍ ഒരു പഴയ സിസ്റ്റം സംഘടിപ്പിച്ചു, അത് ജോബിയുടെ അയിരുന്നു. ( വളരെ പഴയ ആ സിസ്റ്റത്തില്‍ ആകെ ഡോസ് മാത്രമേ വര്‍‌ക്ക് ചെയ്തിരുന്നുള്ളൂ എന്നതിനാലും ഒരു പാട്ടു കേള്‍ക്കാന്‍ പോലും പറ്റാത്തതിനാലും ജോബി എപ്പോഴൊക്കെ അതിനെ സിസ്റ്റം എന്നു വിളിക്കുന്നോ, അപ്പോഴെല്ലാം സുധിയപ്പന്‍ ചാടിക്കയറി അതു തിരുത്തി “സിസ്റ്റമല്ല, ഒരു പഴയ കമ്പ്യൂട്ടര്‍‌” എന്നു മാറ്റിപ്പറയുമായിരുന്നു).എങ്കിലും ഞങ്ങളുടെ പഠനത്തിന് അത് വളരെ പ്രയോജനകരമായിരുന്നു എന്നതു സത്യമായിരുന്നു, കേട്ടോ.

ഇതിനിടെ ഞങ്ങളില്‍ കുറച്ചു പേര്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ കുറച്ചു കൂടി ശ്രദ്ധയാകാം എന്നായി ചിന്ത സാമാന്യം വണ്ണം ഇപ്പൊഴേ ഉണ്ടെന്ന കാരണത്താല്‍ മാഷും ബിട്ടുവും ആദ്യമേ പിന്‍‌വാങ്ങിയിരുന്നു.കുറച്ചു കൂടി വണ്ണം വയ്ക്കുന്നതില്‍ തെറ്റില്ല എന്ന ചിന്തയില്‍ ഞാനും മത്തനും കച്ച കെട്ടിയിറങ്ങി. ഭക്ഷണത്തില്‍ കുറച്ചു കൂടി ശ്രദ്ധിക്കുക, രാവിലെയും വൈകീട്ടും പാലു കുടി നിര്‍‌ബന്ധമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ഐഡിയ. ഇപ്പൊത്തന്നെ മോശമല്ലാത്ത വണ്ണമൊക്കെ ഉണ്ടേങ്കിലും ഭക്ഷണകാര്യത്തില്‍ താന്‍ മാറി നില്‍‌ക്കുന്ന പ്രശ്നമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സുധിയപ്പനും ഞങ്ങളുടെ കൂടെ കൂടി. പിശുക്ക് കാരണം കുറേ ഹരിച്ചും ഗുണിച്ചും നോക്കി അവസാനം എല്ലാവരും എന്തു കരുതും എന്ന ഒറ്റക്കാരണം കൊണ്ട് ഞങ്ങളുടെ കൂടെ കൂടാന്‍ പിള്ളേച്ചനും നിര്‍‌ബന്ധിതനായി.

പക്ഷേ, ഇതിനേക്കാളൊക്കെ വലിയ ഐഡിയ ആയിരുന്നു, ബിമ്പുവിനും ജോബിയ്ക്കും.. തന്റെ പഴയ കാല പ്രതാപം തിരിച്ചു പിടിക്കാനുള്ള ആഗ്രഹത്തോടെ ജോബിയും ( 2 വര്‍‌ഷം കോളേജില്‍ മിസ്റ്റര്‍ ബിപിസി ആയത് അവന്‍ ഇടയ്ക്കിടെ ഞങ്ങളെ ഓര്‍മ്മിപ്പിക്കുമായിരുന്നു) കുറച്ചൊക്കെ കുങ്ഫു വിന്റെയോ മറ്റോ സ്റ്റെപ്സ് പഠിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ബിമ്പുവും കുറച്ചു കടന്ന് ചിന്തിച്ചു. ഡെയ്‌ലി പാലും മുട്ടയും നിര്‍‌ബന്ധമാക്കുക എന്നതിനോടൊപ്പം അവര്‍ പ്രോട്ടീന്‍ പൌഡറും ഡേറ്റ്സ് സിറപ്പും എല്ലാം വാങ്ങി വച്ചു. ഇതിനെല്ലാം പുറമേ തഞ്ചാവൂരുള്ള ഏതോ ജിമ്മില്‍ പോയി അന്വേഷിച്ചു. അവിടുത്തെ രീതികള്‍, സമയ ക്രമം, അഡ്വാന്‍സ് അങ്ങനെ എല്ലാം.. തൊട്ടടുത്ത മാസം മുതല്‍ ജിമ്മില്‍ പോകാനും ഉറപ്പിച്ചു. കൂടാതെ എല്ലാ ദിവസവും രാവിലെ 5 മണിക്ക് അലാറം വച്ച് എഴുന്നേറ്റ് കുറച്ചു ദൂരം ഓടാന്‍ പോകണമെന്നും, ഇതൊന്നും പോരാതെ, റൂമില്‍ തന്നെ സ്ഥിരമായി രാവിലെയും വൈകീട്ടും വ്യായാമവും യോഗയും ശീലമാക്കാനും പ്ലാനിട്ടു.

പിന്നെ, കുറച്ചു നാളത്തേയ്ക്ക് എന്തു പറഞ്ഞു വന്നാലും ബിമ്പു ചെന്നെത്തുന്നത് ജിമ്മിലേയ്ക്കും കുങ്ഫുവിലേയ്ക്കുമായിരിക്കും. പിന്നെ, രണ്ടു പേരുടേയും വീരവാദങ്ങളായി. “ഞങ്ങളെ 2 മാസം കഴിയുമ്പോള്‍ നോക്കിക്കോ ഞങ്ങള്‍ അങ്ങനെയാ‍കും, ഇങ്ങനെയാകും “ ഇങ്ങനെ സ്ഥിരം ഡയലോഗുകള്‍ ഇടയ്ക്ക് കുറച്ചു എക്സര്‍സൈസ് ചെയ്തു കഴിയുമ്പോഴേയ്ക്കും ‘എന്റെ മസ്സിലു നോക്കെടാ, വിങ്സ് നോക്കെടാ’ എന്നെല്ലാമുള്ള ബഹളങ്ങള്‍. എല്ലാവര്‍ക്കും സ്വൈര്യക്കേട്. പോരാത്തതിന് സുധിയപ്പനോടും ബിട്ടുവിനോടും വയര്‍ കുറയ്ക്കാനും മറ്റുമുള്ള ഉപദേശങ്ങള്‍. ഇതിനിടെ ബിമ്പുവിന്റെ വക പിള്ളേച്ചന് യോഗ ക്ലാസ്സ്. അങ്ങനെ ജിമ്മിലേയ്ക്ക് പോകും മുന്‍പേ തന്നെ റൂമില്‍ സ്ഥിരം വ്യായാമവും ബഹളവുമായി.

അടുത്ത മാസം തുടങ്ങിയപ്പോഴേയ്ക്കും രണ്ടു പേരും ജിമ്മിലേയ്ക്ക് ചെന്നു ചേര്‍‌ന്നു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ബിമ്പുവിന് വല്ലാത്ത മേലു വേദന. അന്ന് ജിമ്മില്‍ പോയില്ല. അടുത്ത ദിവസം ബെഡ്ഡില്‍ നിന്ന് എഴുന്നേല്‍ക്കാനേ വയ്യെന്നായി പനി!. അടുത്ത ദിവസം തീരെ വയ്യെന്നായി. സുധിയപ്പനും ജോബിയും അവനെ ഡോക്ടറുടെ അടുത്തേയ്ക്ക് എടുത്തു കൊണ്ടാണ് പോയത്.

പിന്നെ, നിറയെ മരുന്നുകളായി, ഇഞ്ചെക്ഷനായിഅങ്ങനെ രണ്ടു മൂന്നു ദിവസം കിടന്ന കിടപ്പു തന്നെ കട്ടിയുള്ള ഒന്നും കഴിക്കാന്‍ പോലും പറ്റാതായി. സ്ഥിരമായി പാലും മുട്ടയും പ്രോട്ടീന്‍ പൌഡറും ഡേറ്റ്സ് സിറപ്പും കഴിച്ചിരുന്നവന്‍ വെറും കഞ്ഞിയും അച്ചാറും കൊണ്ട് തൃപ്തിപ്പെട്ടു.

അങ്ങനെ ഒരു ദിവസം. ഞങ്ങളേല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കിടക്കപ്പായയില്‍ നിന്നും ഒടിഞ്ഞു കുത്തി എഴുന്നേറ്റ് കഞ്ഞിപ്പാത്രവും കയ്യില്‍ പിടിച്ച് ബിമ്പുവും കൂടെ വന്നിരുന്നു. അപ്പോള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മാഷ് അവനെ കുറച്ചു നേരം നോക്കിയിട്ട് ഇരുന്നു ചിരി തുടങ്ങി. എന്താ കാര്യമെന്ന് അന്വേഷിച്ച ഞങ്ങളോട് മാഷ് പറഞ്ഞു

“അല്ല, ഞാനാലോചിക്കുകയായിരുന്നു കുറച്ചു ദിവസമായിട്ട് എന്തൊക്കെയാ ഇവിടെ കണ്ടിരുന്നത്? എന്തായിരുന്നൂ ഡയലോഗുകള്‍? വ്യായാമം, യോഗ, കാലത്തെഴുന്നേറ്റ് ഓട്ടം, രാവിലേം വൈകീട്ടും പാല്‍, മുട്ട, പ്രോട്ടീന്‍ പൌഡര്‍, ഡേറ്റ്സ് സിറപ്പ് ജിമ്മില്‍ പോക്ക്,അത്,ഇത്

എന്നു വച്ചാല്‍ എന്തൊക്കെ കോലാഹലങ്ങളായിരുന്നു മലപ്പുറം കത്തി, അമ്പ്, വില്ല്, കുന്തം, കൊടച്ചക്രം, ഒലക്കേടേ മൂട് എന്നിട്ടിപ്പോ, അവസാനം പവനായി. ശവമായി

മാഷ് ഈ ഡയലോഗ് നാടോടിക്കാറ്റ് എന്ന സിനിമയിലെ അതേ ടോണില്‍ പറഞ്ഞു തീരുന്നതിനു മുന്‍പേ തന്നെ നാലു ദിക്കില്‍ നിന്നും ഞങ്ങളെല്ലാവരും ചിരി തുടങ്ങിയിരുന്നു. ഇതു കേട്ട് ചിരിക്കാനോ മറുപടി പറയാനോ പോലും പറ്റാത്ത അവസ്ഥയില്‍ ഇരിക്കുകയായിരുന്നു, അപ്പോള്‍ ബിമ്പു.

എന്തായാലും ബിമ്പുവിന് അതോടെ പുതിയൊരു പേര് വീണു കിട്ടി “പവനായി”

Monday, August 6, 2007

വില്ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്

ഇത് എന്റെ കഥയല്ല. ഞാന്‍ എഴുതിയതുമല്ല. സുനില്‍ എന്റെ ഒരു അടുത്ത സുഹൃത്ത് എഴുതിയതാണ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് കയ്പ്പേറിയ അനുഭവങ്ങളില്‍ നിന്നും ഒരേട് ഈ കഥ എന്റെ ബ്ലോഗിലെ ഒരു പോസ്റ്റ് ആയി ഇടാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ സന്തോഷത്തോടെ ഞാനത് സമ്മതിക്കുകയായിരുന്നു. കാരണം എനിക്കും ഇതു വായിച്ചപ്പോള്‍ തോന്നി, കുറെപ്പേരെങ്കിലും ഇത് വായിച്ചിരിക്കണമെന്ന് അഭിപ്രായം പറയണമെന്ന് അതിനായി എനിക്കു കഴിയുന്നത് ഞാനും ചെയ്യുന്നു സ്വീകരിക്കുമല്ലോ


********************************************************************************


ഞാന്‍ ഗാഢമായി ഉറങ്ങുകയായിരുന്നു. സമയം നട്ടുച്ച ആണ്. എങ്കിലും എന്റെ തലക്കുള്ളില്‍ ഒരു സുന്ദരമായ സ്വപ്നം അരങ്ങു തകര്‍‌ക്കുകയാണ്. സ്വപ്നത്തില്‍ ഞാന്‍ ഉദ്യാനനഗരിയിലെ ഒരു പ്രശക്തമായ കമ്പനിയുടെ ഓഫിസില്‍ ഇരിക്കുന്നു
.. ഒരു സാഹായ്നത്തില്‍ കുറച്ച് ആകാംക്ഷയൊടെ എന്റെ രണ്ട് ഇന്റര്‍വ്യൂ കഴിഞ്ഞിരിക്കുന്നു, ഇനി എന്തോ ‘Face to Face Discussion ‘ആണ്. അതിനാണ് ഞാന്‍ മിടിക്കുന്ന ഹൃദയത്തോടെ കാത്തിരിക്കുന്നത്. വിരസമായ കുറെ സമയത്തിനൊടുവില്‍ ഞാന്‍ വിളിക്കപ്പെട്ടു. ഞാന്‍ കാണുമ്പോള്‍ ആ മാഡം ഫോണിലൂടെ ആരോടൊ സംസാരിക്കുകയാണ്. ഇംഗ്ലീഷില്‍ അനര്‍‌ഗളമായി സംസാരിക്കുന്ന ആ വനിതയുടെ ഐഡന്റിറ്റി കാര്‍‌ഡില്‍ ഞാന്‍ സാകൂതം നോക്കി. “ Sumith Dutta, Accenture Services India ”. ബംഗാളിയാണ്. ഞാനോര്‍‌ത്തു, പണ്ട് കാതിക്കുടം ‘പനമ്പള്ളി സ്മാരക വായനാശാലയില്‍ വച്ച് നടന്ന ഒരു സാഹിത്യസംവാദത്തില്‍ എം.സി ഗോപി പറഞ്ഞ വാചകം. “ ഈ ഇന്ത്യാ മഹാരാജ്യത്ത് കേരളസാഹിത്യത്തോട് കിടപിടിക്കാന്‍ പറ്റുന്ന ഒരേ ഒരു കൂട്ടര്‍ ബംഗാളികളാണെന്ന് “. എം.സി ഗോപി ഒരു ആര്‍‌ക്കിടെക്റ്റ് ആണ് ,പക്ഷെ വായിക്കുന്നത് മാത്രുഭുമി ഒക്കെ ആണ്. കറ കളഞ്ഞ വി.എസ് അനുയായി ആണ് പുള്ളി. ഉയര്‍ന്ന വായനാനിലവാരം ഉള്ള ആള്‍. അപ്പോള്‍ ഗോപി പറഞ്ഞത് ശരിയായിരിക്കും………


മാഡം സംസാരം നിറുത്തി എന്റെ ബയോഡാറ്റ സൂക്ഷിച്ച് വായിക്കാന്‍ തുടങ്ങി. ഒരു പ്രത്യേക സ്റ്റൈലില്‍. അപ്പോള്‍ എനിക്ക് ഓര്‍‌മ്മ വന്നത് HCL കൊച്ചിന്‍ ഓഫീസിലെ സജിത് മാത്യു സാറിനെ ആണ്. “ആളുടെ രീതികളും ഇങ്ങിനെയൊക്കെത്തന്നെ“ . മാഡം എന്നോട് ചോദിച്ചു വളരെ ജെനറല്‍ ആയ കുറച്ച് ചോദ്യങ്ങള്‍. ഒക്കെ Attitude Test ന്‍ ചോദിച്ചത് തന്നെ. Attitude Test.. ഹ ഹ ഹ ഹ.. ഒരു വ്യക്തിയുടെ Attitude വെറും ഏഴോ എട്ടോ ചോദ്യങ്ങള്‍ കൊണ്ട് അളക്കാമെന്നു പറഞ്ഞാല്‍ അതാണ് ലോകത്തിലെ ഏറ്റവും വലിയ തമാശകളിലൊന്ന്. കുറച്ച് തയ്യാറെടുപ്പ് നടത്തിയാല്‍ ഏത് Attitude കാരനും കടന്നു കൂടാം പിന്നല്ലെ. ഞാന്‍ എല്ലാ ചോദ്യത്തിനും നന്നായി ഉത്തരം പറഞ്ഞു, ഇല്ലാത്ത നാട്യങ്ങള്‍ ഒക്കെ ഉണ്ടെന്ന് നടിച്ച് ഒപ്പം എന്റെ ചില ആശങ്കകളും പങ്ക് വച്ചു. മാഡം അതൊക്കെ ഒരു പുഞ്ചിരിയൊടെ നേരിട്ടു. അവര്‍‌ക്ക് വളരെ വ്യക്തമായ ചില പദ്ധതികള്‍ ഒക്കെ ഉണ്ടെന്നും ഓഫര്‍ ലെറ്റര്‍ നാളെ ഇ-മെയിലില്‍ വരുമെന്നും പറഞ്ഞു. റൂമിനു‍ പുറത്തിറങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി. ഞാന്‍‌ “Accenture“ ലോ . വിശ്വസിക്കാനാകുന്നില്ലാ


തലക്ക് അടിയില്‍ വച്ചിരുന്ന ഷൂവിന്‍ മേല്‍ എന്റെ കണ്ണീറ് ഒലിച്ചിറങ്ങി. ഞാന്‍ കൈ കുത്തി എഴുന്നേറ്റു. സ്വപ്നത്തിന്റെ മായികപ്രപഞ്ചത്തില്‍ നിന്ന് വിടുതല്‍ കിട്ടാന്‍ പിന്നേയും കുറച്ചു സമയം എടുത്തു. എവിടെയൊക്കെയോ ഉരഞ്ഞ് കൈയില്‍ ചെറിയ നീറ്റല്‍. കരിങ്കല്‍ കൊണ്ട് ഉണ്ടാക്കിയ ഒരു ഇരിപ്പിടത്തിലായിരുന്നു ഞാന്‍ കിടന്നിരുന്നത്. ഒരു വശത്ത് വാഹനങ്ങല്‍ ചീറിപ്പായുന്ന എം. ജി. റോഡ്. മറുവശത്ത് തലയുയര്‍‌ത്തി നില്‍ക്കുന്ന Utility Building രണ്ടും നല്ല്ല options ആണ്. ഹ ഹ ഹ പെട്ടെന്ന് ഞാന്‍ അറിയാതെ എന്റെ ചുണ്ടിലൊരു മന്ദഹാസം മിന്നി മറഞ്ഞു. ചിന്തകള്‍ ചിതറിത്തെറിച്ചു പോകുകയാണ്, ഓര്‍‌മ്മകള്‍ കുതറിമാറുകയാണ്. ഞാന്‍ അവയെ ഓരോന്നായി കൂട്ടി യോജിപ്പിക്കാന്‍ തുടങ്ങി. ഒന്ന് രണ്ട്. മൂന്ന്.. ഒടുവില്‍ മറക്കാനാഗ്രഹിച്ചവ വീണ്ടും വിരുന്നു വന്നപ്പോല്‍ കണ്ണുകള്‍ വീണ്ടും നീറാന്‍ തുടങ്ങി. എന്നിട്ടും ഞാന്‍ പിടിച്ച് നിന്നു അരുത് കണ്ണുകള്‍ നിറയരുത് പക്ഷെ ഓര്‍‌മ്മയുടെ ഓളങ്ങല് ഓരോന്നായി അടിച്ചു കയറിയപ്പോല് ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയൊടെ ഓടി മാറാന്‍ ശ്രമിക്കവെ ഞാന്‍ മനസ്സിലാക്കി. എന്തെന്നാല്‍ ഞാന്‍ തോല്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന്, എന്റെ കണ്ണുകള്‍ നിറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ പിന്നെ അവയെ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല കണ്ണീര്‍‌ നിറഞ്ഞ് ഒഴുകി കവിളിലൂടെമൂക്കിലൂടെ.. ഞാന്‍ പതുക്കെ മുഖം പൊത്തി കരഞ്ഞു. എന്റെ അന്ത:രംഗം എന്നൊട് മന്ത്രിച്ചു. “ അവര്‍. അവരെന്നെ ഒരു പരാജിതനാക്കി.. “. അവര്‍‌ക്കറിയില്ല അത്, അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുന്നു


അന്ന്, ആ സന്ധ്യയില്‍ വളരെ മധുരതരമായിരുന്നു ആ മാഡത്തിന്റെ സംസാരം. “ Sunil according to our records, technically you are very good, but at the same time you have.. I’m sorry”. എല്ലാം കഴിഞ്ഞു. വെറും അര മിനിറ്റിനുള്ളില്‍. തകര്‍‌ന്നു വീണത് സ്വപ്നക്കൊട്ടാരങ്ങള്‍ ഒന്നുമല്ല. ഞാനൊന്നും പടുത്ത് ഉയര്‍‌ത്തിയിരുന്നുമില്ല. പക്ഷെ ഞാന്‍ മറ്റുള്ളവരെപ്പോലെ ഒരു “Blessed one” അല്ല എന്നുള്ള ആ മാഡത്തിന്റെ ഓര്‍‌മ്മപ്പെടുത്തല്‍ക്രൂരമായ ആ ഓര്‍മപ്പെടുത്തലിനു മുന്നില്‍ ഞാന്‍ തളര്‍ന്നു. എനിക്ക് കേള്‍വിക്കുറവ് വന്നത് എന്റെ കുറ്റം മൂലമാണോ..???. എന്റെ തൊണ്ടക്കുള്ളില്‍ എന്തോ തങ്ങിയിരിക്കുന്നതു പോലെ ഒന്നും പറയാനാകുന്നില്ല.ക്രൂരമായ ആ ഓര്‍മപ്പെടുത്തലിനു മുന്നില്‍ ഞാന്‍ തളര്‍ന്നു. ഒന്നും പറയാനാകുന്നില്ല. അപ്പോള്‍‌ എന്നത്തേയും പോലെ അവര്‍, കാലത്തിന്റെ കാവല്‍ക്കാര് എന്റെ തലക്കു മുകളിലിരുന്ന്‍ ആര്‍‌ത്ത് ചിരിച്ചു. “ ഈ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ മനുഷ്യത്വം പ്രതീക്ഷിച്ച വിഡ്ഢി”. ഞാന്‍ തിരിച്ച് ഒന്നും മിണ്ടിയില്ല മാഡത്തിനോട്.. കാരണം എനിക്കറിയാമായിരുന്നു അപ്പീലില്ലെന്ന്.. ആ മുഖം അത് വെളിവാക്കുന്നുണ്ടായിരുന്നു, ആവശ്യത്തിന്


തിരിച്ചു വരുമ്പോള്‍ ഞാന്‍ മനസ്സിലാക്കി. പരീക്ഷണങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന്. ദൈവങ്ങള്‍ നിരപരാധികളല്ലേ ഇക്കാര്യത്തില്‍അതെ.. ആണ്. കാരണം ഞാന്‍ പ്രാര്‍‌ത്ഥിക്കാറുള്ളത് അനുഭവങ്ങളുടെ തീച്ചൂളയില്‍ എന്നെ വാര്‍‌ത്തെടുക്കണേ എന്നാണ്‍ ജോലി വേണമെന്നല്ല


അവര്‍ വാര്‍‌ത്തെടുത്തു കൊണ്ടിരിക്കുകയാണ് ഇപ്പൊഴും ഞാന്‍ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ് ഇപ്പൊഴും എനിക്ക് അനല്പമായ സന്തോഷം തോന്നി. ഒടുക്കം വാര്‍‌ത്തെടുക്കുന്ന ചൂളയില്‍ തന്നെ അവരെന്നെ ഹോമിച്ചേക്കാം, ഒരു പക്ഷേ കാരണം ഞാന്‍ അവരുടെ ഒരു ഉപാസകനല്ലായിരുന്നു ഒരിക്കല്‍. ഒരു നിഷേധിയുടെ ചങ്കൂറ്റത്തോടെ ആ വിശ്വാസപ്രമാണങ്ങളെയൊക്കെ അവഗണിച്ചിരുന്നു ഒരു കാലത്ത്. പിന്നീട് കനത്ത തിരിച്ചടികള്‍ നേരിടുമ്പോഴും ഞാന്‍ ശ്രമിച്ചു, പിടിച്ചു നില്‍ക്കാന്‍. പക്ഷെ എന്റെ മനസ്സിന്റെ അകത്തളത്തിലിരുന്ന് വിരുന്നുണ്ട രാധയേയും അവര്‍ തട്ടിയെടുത്തപ്പോള്‍ ഞാന്‍ തളര്‍‌ന്നു. ഒരു യാത്ര പോലും പറയാതെ, ഒരു നേരിയ ചാറ്റല്‍ മഴ പോലെയാണ് അവള്‍ കടന്ന്‍ പോയത്. ആ മഴക്കാലസന്ധ്യയില്‍. എന്റെ സ്വപ്നങ്ങളെ ഉണറ്ത്തി, എന്റെ കൈവിരലുകളില്‍ ഞൊട്ടയിട്ട് എനിക്കായി ഒരുപാട് കഥകള്‍ പറഞ്ഞു തന്ന രാധയേയും അവര്‍ തട്ടിയെടുത്തപ്പോള്‍ ഞാന്‍ ആദ്യമായി പരാജിതനായി, Personally. അന്നും അവര്‍, കാലത്തിന്റെ കാവല്‍ക്കാര്‍ എന്റെ തലക്ക് മുകളിലിരുന്ന് ആറ്ത്ത് ചിരിച്ചു. പക്ഷെ ഞാന്‍ ഗൌനിച്ചില്ല. കാരണം അന്നും ഞാന്‍ ഒരു winner ആയിരുന്നു, Professionally. ഇപ്പൊ അതേ ആളുകള്‍ തന്നെ എന്റെ Professional life നെയും ആക്രമിക്കാന്‍ ശ്രമിക്കുന്നു. എനിക്ക് സന്ദേഹമില്ലാ ആ കാര്യത്തില്‍


ഇപ്പൊ ഞാന്‍ തേടുന്നു അതിജീവനത്തിന്റെ പൊരുളുകള്‍. ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്ത് വരുമ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍‌ത്തി ചോദ്യങ്ങളായി. Honeywell ലില്‍ സംഭവിച്ച പോലെ അവര്‍, HR Personels ചോദിക്കും. എല്ലാവരും കേട്ടോളൂ എന്ന ധ്വനിയൊടെ “ What is your basic qualification? “


അനുകൂലമായ സാഹചര്യങ്ങളില്‍ വളര്‍‌ന്ന് വന്നവര്‍ , അല്ലേല്‍ കോഴ കൊടുക്കാന്‍ കാശുള്ളവര്‍ അവര്‍ പറയും, “Engineering”. ഇതൊന്നുമില്ലാതെ ഗതിയില്ലാതെ വളര്‍ന്നവര്‍ അവര്‍ പറയും “Diploma”. ഇതു കേള്‍ക്കുമ്പോള്‍ ഞാന്‍ ജയിച്ചു നീ തോറ്റു എന്ന ഭാവത്തില്‍ വളരെ ഹര്‍‌ഷോന്മാദത്തൊടെ എന്നാല്‍ അപാരമായ കാരുണ്യം മുഖത്തു വരുത്തി ആ മഹതി പറഞ്ഞു. “ We will consider only Engineering graduates for this position”. ഓകെ മാഡം പിന്നെന്തിന് എന്നെ മെയില്‍ അയച്ച് വിളിച്ച് വരുത്തി Interview ന് എന്ന് ചോദിച്ചാല്‍ അവര്‍ ചൂളുമെന്നോ മനസ്സാക്ഷിക്കുത്ത് കൊണ്ട് ഉത്തരം മുട്ടുമെന്നൊന്നും ആരും കരുതരുത്. അതിനൊക്കെ അവര്‍‌ക്ക് വളരെ വ്യക്തമായ മറുപടി ഉണ്ട് അതാണ് “ Sorry “.


മേല്പറഞ്ഞ “ Sorry “ എന്ന വാക്കിന്റെ അര്‍‌ത്ഥതലങ്ങള്‍ വളരെ വലുതാണ്. ഇത്തരം സന്ദര്‍‌ഭങ്ങളിലും ആ വാക്ക് ഉപയോഗിക്കാമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇന്നേ വരെ മണ്ണില്‍ വെറും കാല്‍ കുത്തിയിട്ടില്ലാത്ത, Harry Potter എന്ന reality തീരെയില്ലാത്ത ഒരു പുസ്തകം വാങ്ങാന്‍ രണ്ട് ദിവസം മുന്‍പേ ക്യൂ നില്‍ക്കുന്ന ഒരു തലമുറയുടെ പ്രതിനിധിയൊട് ഞാന്‍ പറയണോ “ നാട്ടിന്‍പുറങ്ങളില്‍ നിന്ന് വരുന്നവരുടെ “ Diploma “ Engieering ന്‍ തുല്യമാണെന്ന്‍. Attitude test എന്ന പരിപാടി അവര്‍‌ക്ക് മേല്‍ നഗരസന്തതികള്‍ക്ക് അനാവശ്യമായ മുന്‍ തൂക്കം കൊടുക്കുന്ന ഒന്നാണെന്ന്? ഇല്ലാ.. ഞാന്‍ പറയുന്നില്ല. കാരണം അവര്‍ക്ക് അത് മനസ്സിലാക്കാന്‍ മാത്രം ലോകവിവരം ഒന്നും ഇല്ല. ഒരു നടന്റെ മകന്റെ കല്യാണത്തിന്‍ മറ്റെന്തിനേക്കാളും കവറിംഗ് കൊടുത്ത മാധ്യമസംസ്കാരം തന്നെയാണ്അവരില്‍ പലരേയും ഭരിക്കുന്നത്. ഇങ്ങിനെയുള്ളവരോട് പറഞ്ഞിട്ട് എന്തു കാര്യം ?


അന്ന് വൈകീട്ട് അമ്മ വിളിച്ചു…… ചോദിച്ചു” എന്തായി മോനേ.” എന്ന്. ആ സ്വരത്തിലുള്ള മുഴുവന്‍ പ്രതീക്ഷയും ആകാംക്ഷയും ഞാന്‍ തൊട്ടറിഞ്ഞു. അയ്യങ്കോവ് ശാസ്താവിന്‍ നിറമാല, വന്‍പുഴക്കാവ് ഭഗവതിക്ക് ഗുരുതി എന്നിങ്ങനെ ഒരു നെടുങ്കന്‍ പട്ടിക തന്നെ അമ്മ നേര്‍‌ന്നിരിക്കും. Interview ന് നടന്ന കാര്യങ്ങള്‍ പറഞ്ഞ് അമ്മയെ വെറുതെ വിഷമിപ്പിക്കേണ്ട. ഞാന്‍ ഉറപ്പിച്ചു.


“ നന്നായിരുന്നു അമ്മെ. അവര്‍ അറിയിക്കാമെന്നാ പറഞ്ഞത് ചെലപ്പൊ


അമ്മ സാന്ത്വനപ്പെടുത്തി” കിട്ടും മോനെ, അമ്മ നേര്‍‌ന്നിട്ടുണ്ട് ഭഗവതിക്ക്………


എന്റെ കവിളിലൂടെ ചാലുകള്‍ കീറി കണ്ണീര്‍‌ ഒഴുകി ഞാനത് ഇടം കൈ കൊണ്ട് തുടച്ചു.

ഇപ്പൊള്‍ ഞാന്‍ ഓര്‍‌ക്കുന്നു എന്റെ കുട്ടിക്കാലം. അന്നൊക്കെ രാത്രി പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വീട്ടുപടിക്കല്‍ നിന്നേ കേള്‍ക്കും


“ഹരിശ്രീ എന്നരുള്‍ ചെയ്ത‍‍ ഗുരുവിനെ സ്മരിച്ചൂ ഞാന്‍……


എന്റെ പ്രിയപ്പെട്ട അച്ഛന്റെ വരവാണ് കൊച്ചപ്പന്റെ കള്ള് ഷാപ്പീന്ന് ശാസ്താം പാട്ടും പാടി്, ഒരു പൊതി പോത്തെറച്ചീം കൊണ്ട്. ഞാന്‍ മുറ്റത്തേക്ക് ഓടിയിറങ്ങും അച്ചനെ പിടിക്കാന്‍എന്നെ അടുത്ത് നിറ്ത്തി എന്റെ കുഞ്ഞു വയറു തടവി അച്ചന്‍ ചോദിക്കും...


“ മോന്‍ കഞ്ഞി കുടിച്ചോ എന്ന്” എന്നിട്ട് പോത്തെറച്ചി എനിക്ക് തരും.


പിന്നെം കുറെ പറയും..” മോന്‍ നന്നായി പഠിക്കണം കേട്ടോ, ഇല്ലെങ്കിലും കുഴപ്പമില്ല. നമുക്ക് രണ്ട് പേര്‍‌ക്കും കൂടെ സായ്‌വിന്റെ ഇഷ്ടികക്കളത്തില്‍ പോകാം, അല്ലെങ്കില്‍ മോന്‍ അച്ചന്റെ കൂടെ ചാക്ക് പിടിക്കാന്‍ വന്നോ. അച്ചന്‍ ദിവസൊം നൂറ് രൂപ തരാം.”


അപ്പോള്‍ ഞാന്‍ പറയും.. അല്ല അച്ചനെപ്പോലെ ഈണത്തില്‍ പാടും..” അച്ചാ, ഒരു നാള്‍ ഞാനും ചേട്ടനെപ്പോലെ വളരും വലുതാവും……


അപ്പൊ അച്ഛന്‍ എന്റെ കുഞ്ഞിക്കൈ പിടിച്ച് കടിയ്ക്കും സ്നേഹം കൊണ്ട്


പക്ഷെ…… ഇപ്പോള്‍.ഇപ്പോള്‍ ആണെങ്കില്‍ ഞാന്‍ പറയും. “ അച്ചാ ഞാന്‍ റെഡിയാണ് ചാക്ക് പിടിക്കാന്‍


ഹാ..ഹാ കരയുമ്പോഴും എനിക്ക് കഴിയുന്നു ചിരിക്കാന്‍……


ഓര്‍‌മ്മകളേ എന്നെ വെറുതെ വിടുക…… പ്ലീസ്!!!


- സുനില്‍




Thursday, August 2, 2007

♫ ബിപിസി: ഓര്‍മ്മകളുടെ മഴ ♫

ഈ പോസ്റ്റ് ഞാന്‍‌ എന്റെ ബിരുദ പഠനം പൂര്‍‌ത്തിയാക്കിയ പിറവം ബിപിസി കോളേജിനും അവിടുത്തെ എല്ലാ അദ്ധ്യാപകര്‍‌ക്കും എന്റെ അന്നത്തെ പ്രിയപ്പെട്ട സഹപാഠികള്‍‌ക്കും വേണ്ടി സമര്‍‌പ്പിക്കുന്നു... ഞങ്ങള്‍‌ ഒരുമിച്ചു കണ്ടു മുട്ടിയ ഒരു ആഗസ്ത് രണ്ടിന്റെ ഓര്‍‌മ്മയ്ക്ക്...

[കവിതയായി കണക്കാക്കി എന്നെ ചീത്ത പറയരുത്... ഞാന്‍‌ എനിക്കു തോന്നിയതു പോലെ കുറിച്ചു വച്ച എന്തോ ഒന്ന് ആയി കണക്കാക്കിയാല്‍‌ മതി.
(ഇനി ഇതു പോലുള്ള കോപ്രായങ്ങള്‍‌ പാടില്ല എങ്കില്‍‌ ചീത്ത നേരിട്ടു പറയണ്ട... ഒന്നു കമന്റിയാല്‍‌ മതി, ഞാന്‍‌ നന്നായിക്കോളും...)]

*******************************************************
ഒരു മഴ പെയ്തു തോരുകയാണ്...
ഓര്‍‌മ്മകളുടെ മഴ...
അങ്ങു ദൂരെ ഒരു ഗ്രാമത്തിലെ
ആ കുന്നിന്‍‌ മുകളിലെ കലാലയവും
അതിനു ചുറ്റിലുമുള്ള
ആ പാറക്കൂട്ടങ്ങളും
താഴേക്കിറങ്ങുന്ന
വളഞ്ഞുപുളഞ്ഞ
ആ മെറ്റല്‍ വഴിയും
ഓര്‍‌മ്മകളില്‍‌ പെയ്യുകയാണ്
ഒരു നേര്‍‌ത്ത നൂല്‍മഴ പോലെ...
ആ കലാലയത്തില്‍
നാം ഒരുമിച്ചു ചിലവിട്ട
മൂന്നു വര്‍‌ഷങ്ങളും...
നാമൊരുമിച്ചു കണ്ട സ്വപ്നങ്ങളും
ചെയ്ത കുസൃതിത്തരങ്ങളും
പറഞ്ഞു തീരാത്ത തമാശകളും
പകര്‍‌ന്ന നൊമ്പരങ്ങളും
നേരിട്ട പരീക്ഷാപ്പേടിയും
എല്ലാമെല്ലാം ഓര്‍‌മ്മകളില്‍
മാത്രമാകുകയാണ്...
എല്ലാം ഓര്‍‌മ്മകളില്‍
മാത്രമാകുകയാണോ...
മഴ പെയ്തു തീരുകയാണോ...
ഇല്ല.... ആരു പറഞ്ഞു
മഴ പെയ്തു തീരുമെന്ന്?
മഴ പെയ്തു കൊണ്ടേയിരിക്കും...
ഓര്‍‌മ്മകളുടെ മഴ മനസ്സില്‍‌
എന്നും പെയ്തുകൊണ്ടേയിരിക്കും...
ഒരു നേര്‍‌ത്ത കുളിരോടെ...
നോവുന്ന സുഖത്തോടെ...
മഴ പെയ്തു കൊണ്ടേയിരിക്കും...