Tuesday, November 1, 2016

ബൈക്ക് മോഷണം


​ഏതാണ്ട് 12.30 ആയിക്കാണും. സുജിത്ത് "എനിയ്ക്ക് വിശക്കുന്നു" എന്ന് പറഞ്ഞ് ബഹളം വച്ചു തുടങ്ങിയപ്പോഴാണ് ആ വസ്തുത എനിയ്ക്കും ബാധകമാണല്ലോ എന്ന് ചിന്തിച്ചത്. കാരണം എനിയ്ക്കും വിശന്നു തുടങ്ങിയിരിയ്ക്കുന്നു. രാവിലത്തെ ദോശയുടെ എഫക്റ്റ് തീര്‍ന്നു എന്നര്‍ത്ഥം.

പിന്നെ, രണ്ടാമതൊന്ന് ആലോചിയ്ക്കാന്‍ നിന്നില്ല, അവന്റെ കൂടെ കൂടാം എന്ന് തീരുമാനിച്ചു. ഓഫീസില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ പുറകിലെ ഗേറ്റിനടുത്ത് ഒന്നു രണ്ട് മലയാളി ഹോട്ടലുകള്‍ ഉണ്ട്. അവിടമാണ് ലക്ഷ്യം. വല്ലപ്പോഴും നിവൃത്തിയില്ലെങ്കില്‍ മാത്രമേ ഓഫീസ് കാന്റീനില്‍ തല വയ്ക്കാറുള്ളൂ...​

അങ്ങനെ ഞാനും സുജിത്തും കൂടി ദില്ലുവിനെ[ദിലീപിനെ] കൂടി വിളിച്ചു... എന്നാല്‍ പതിവു പോലെ അവന്‍ ആ ക്ഷണം നിരസിച്ചു. [മിക്കവാറും അവന്‍ വീട്ടില്‍ പോയിട്ടേ കഴിയ്ക്കാറുള്ളൂ]. എന്നാല്‍ പോകാന്‍ തുടങ്ങിയ ഞങ്ങളെ തിരികെ വിളിച്ച് ബൈക്കിന്റെ കീ നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു " വേണേല്‍ എന്റെ ബൈക്കും കൂടെ കൊണ്ടു പൊയ്ക്കോടാ, നിങ്ങള്‍ രണ്ടാളല്ലേ ഉള്ളൂ. ഈ വെയിലും കൊള്ളണ്ട. മാത്രമല്ല, രണ്ടു പേര്‍ക്ക് വേണ്ടി കാറെടുക്കേണ്ടല്ലോ, പിന്നെ കാറും കൊണ്ട് പോയാല്‍ തിരിച്ചു വരുമ്പോള്‍ ചിലപ്പോ പാര്‍ക്കിങ്ങിന് സ്ഥലം കിട്ടിയില്ലെന്ന് വരും"

ശ്ശോ! ഈ ദില്ലന്‍ ഇത്ര മഹാനായിരുന്നോ എന്ന് എനിയ്ക്കും സുജിത്തിനും മനസ്സില്‍ തോന്നി.  ആ കീയും നീട്ടി നില്‍ക്കുന്ന ദില്ലന്റെ തലയ്ക്ക് പിന്നിലായി ഒരു "ഓറ" പ്രത്യക്ഷപ്പെടുന്നില്ലേ എന്ന് വരെ അന്നേരം സംശയം തോന്നി. "താഴെ പാര്‍ക്കിങ്ങില്‍ സ്റ്റെപ്പ് ഇറങ്ങി ചെല്ലുന്നിടത്ത് മുന്നില്‍ തന്നെ കാണാം എന്റെ ബ്ലാക്-റെഡ് CBZ" എന്നും പറഞ്ഞ് അവന്‍ കീ സുജിത്തിനെ ഏല്‍പ്പിച്ചു. കീയും വാങ്ങി ദില്ലന്റെ മഹാമനസ്കതയെ പുകഴ്ത്തി ഞങ്ങള്‍ നേരെ താഴേയ്ക്ക് വച്ചു പിടിച്ചു.

താഴെ പാര്‍ക്കിങ്ങില്‍ ചെല്ലുമ്പോള്‍ ദില്ലന്റെ സ്ഥിരം സ്ഥലത്ത് ആ വണ്ടി ഇരിപ്പുണ്ട്. പതിവു പോലെ ചെറിയൊരു മല്പിടുത്തത്തിനു ശേഷം സുജിത്ത് വണ്ടി സ്റ്റാന്റില്‍ നിന്ന് ഇറക്കി സ്റ്റാര്‍ട്ട് ആക്കി. കുറച്ചു കഷ്ടപ്പെട്ടായാലും ലോക്ക് ചെയ്ത് വച്ചിരുന്ന ഹെല്‍മെറ്റും എടുക്കാനായി.  [ ഡ്രൈവിങ്ങ് തുടങ്ങിയാല്‍ പുപ്പുലി ആണെങ്കിലും കാറായാലും ബൈക്ക് ആയാലും ഒന്ന് സ്റ്റാര്‍ട്ട് ചെയ്തു കിട്ടണമെങ്കില്‍ സുജിത്തിന് പരസഹായം വേണ്ടി വരാറുണ്ടെന്നുള്ളത്  പാണന്മാര്‍ പാടി നടക്കാറുളള ഒരു സത്യമാണ്]

എന്തായാലും വണ്ടിയും കൊണ്ട് ഞങ്ങള്‍ നേരെ മലയാളി ഹോട്ടലില്‍ പോയി, സുഭിക്ഷമായി ഭക്ഷണവും കഴിച്ച് 1 മണി ആയപ്പോള്‍ തിരിച്ച് ഓഫീസിലെത്തി. താഴെ പാര്‍ക്കിങ് അപ്പോഴേയ്ക്കും ഫുള്‍ ആയെന്ന് സെക്യൂരിറ്റി പറഞ്ഞതിനാല്‍ പുറത്ത് ഒരു മരച്ചുവട്ടില്‍ പെട്ടെന്ന് കാണുന്നിടത്തായി വണ്ടി പാര്‍ക്ക് ചെയ്ത് ഓഫീസില്‍ എത്തി, കീ തിരിച്ച് ദില്ലുവിനു തന്നെ ഒരു ചൂടന്‍ താങ്ക്‍സിനോടൊപ്പം കൊടുത്തു. വണ്ടി മുകളിലെ പാര്‍ക്കിങ്ങ് സ്പേസില്‍ ആണെന്ന് അവനെ അറിയിയ്ക്കാനും മറന്നില്ല.

മണി രണ്ടായപ്പോള്‍ ദില്ലു വീട്ടില്‍ പോകാനിറങ്ങി. ഒരു അഞ്ചു മിനുട്ട് കഴിഞ്ഞു കാണും, എന്റെ മൊബൈലില്‍ അവന്റെ കോള്‍. "വണ്ടി എവിടെ വച്ചെന്നാടാ പറഞ്ഞത്? ഇവിടെങ്ങും കാണാനില്ലല്ലോ"

ഞാന്‍ ഒന്നു കൂടി വച്ച സ്ഥലം വിശദമായി വിവരിച്ചു കൊടുത്തു. എന്നിട്ടും അവന് വണ്ടി കണ്ടു പിടിയ്ക്കാന്‍ ഒക്കുന്നില്ല. ഇതു കേട്ടു കൊണ്ട് നില്‍ക്കുകയായിരുന്ന സുജിത്ത്"ഇങ്ങ് തന്നേ... ഞാന്‍ പറഞ്ഞു കൊടുത്തോളാം" എന്നും പറഞ്ഞ് എന്റെ കയ്യില്‍ നിന്ന് മൊബൈല്‍ തട്ടിപ്പറിച്ചു. അടുത്ത രണ്ടു മിനുട്ട് അവന്റെ വക വിവരണം... എന്നിട്ടും ദില്ലന് വണ്ടി കണ്ടെത്താനാകുന്നില്ല. ഇതിനകം രണ്ടു വട്ടം വെയിലത്ത് ആ ഏരിയ മൊത്തം കവര്‍ ചെയ്തു കഴിഞ്ഞു എന്നും പറഞ്ഞ് അവന്‍ ചീത്ത വിളിയ്ക്കാനും തുടങ്ങി.

"അവന്‍ നമ്മുടെ പിതാക്കന്മാരെ സ്മരിയ്ക്കാന്‍ തുടങ്ങും മുമ്പ് അങ്ങ് ചെന്ന് ആ വണ്ടി എടുത്തു കൊടുത്തേക്കാം" എന്നും പറഞ്ഞ് സുജിത്ത് എന്നെയും വിളിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. ഞാനും സമയം കളയാതെ പുറകേ വച്ചു പിടിച്ചു.

ഞങ്ങള്‍ താഴെ ചെന്നു നോക്കുമ്പോഴുണ്ട്, ദില്ലന്‍ വണ്ടിയും തിരഞ്ഞ് നടക്കുന്നു. ഞങ്ങള്‍ നേരെ വണ്ടി പാര്‍ക്ക് ചെയ്ത ഇടത്തേയ്ക്ക് ചെന്ന് രണ്ടാമത്തെ വണ്ടി ചൂണ്ടിക്കൊണ്ട് പറഞ്ഞു - "ദേ ഇരിയ്ക്കുന്നെടാ നിന്റെ വണ്ടി!" അതു പറഞ്ഞ ശേഷമാണ് ഒന്നു കൂടെ വണ്ടിയിലേയ്ക്ക് നോക്കുന്നത്. അവിടെ ഞങ്ങള്‍ പാര്‍ക്ക് ചെയ്ത CBZ നു പകരം അവിടെയതാ ഒരു Passion Plus ഇളിച്ചോണ്ട് ഇരിയ്ക്കുന്നു.

ഞങ്ങള്‍ രണ്ടു പേരും മോശമില്ലാത്ത രീതിയില്‍ ഒന്നു ഞെട്ടി. ITPL ല്‍ TCS ന്റെ പാര്‍ക്കിങ്ങ് ഏരിയ യില്‍ നിന്ന് Handle Lock ചെയ്തു വച്ചിരുന്ന ഒരു വണ്ടി പൊടുന്നനേ അപ്രത്യക്ഷമാകുകയോ??? impossible!!!

ഞങ്ങളുടെ ഞെട്ടല്‍ കണ്ട ദില്ലനും ഗംഭീരമായി ഒന്നൂടെ ഞെട്ടല്‍ പങ്കു വച്ചു. " എന്താടാ, ഇവിടെ തന്നെ ആണോ നിങ്ങള്‍ വണ്ടി വച്ചത്?"


ഞങ്ങളുടെ വളിച്ച മുഖം കണ്ടപ്പോഴേ ദില്ലനു കാര്യം പിടി കിട്ടി. മറുപടിയ്ക്കൊന്നും കാത്തു നില്‍ക്കാതെ അവന്‍ തൊട്ടപ്പുറത്തു കണ്ട സെക്യൂരിറ്റിക്കാരനോട് പറഞ്ഞു " ഭയ്യാ, ഇവിടെ വച്ചിരുന്ന എന്റെ വണ്ടി കാണുന്നില്ല"

​"വണ്ടി കാണുന്നില്ലേ? എവിടെ വച്ചിരുന്നതാണ്?" എന്നും ചോദിച്ചു കൊണ്ട് ആ സെക്യൂരിറ്റിക്കാരന്‍ അടുത്തേയ്ക്ക് വന്നു. അവന്‍ കൈ ചൂണ്ടിയ സ്ഥലത്തേയ്ക്ക് നോക്കിയിട്ട് കുറച്ചൊരു അമ്പരപ്പോടെ ചോദിച്ചു "ഇവിടെയോ? ഒരു CBZ ആണോ?"

ഞങ്ങള്‍ മൂന്നു പേരും കോറസ്സ് ആയി മറുപടി പറഞ്ഞു "അതേ, ഒരു CBZ തന്നെ"

"അത് കുറച്ചു മുന്‍പ് ഒരാള്‍ വന്ന് എടുത്തോണ്ട് പോയല്ലോ" - സെക്യൂരിറ്റി​


​ഞങ്ങള്‍ മൂന്നു പേരും പിന്നെയും ഞെട്ടി. ദില്ലു സംശയത്തോടെ ചോദിച്ചു "അതെങ്ങനെ? വണ്ടിയുടെ കീ എന്റെ കയ്യിലല്ലേ?" അവന്‍ കീ ഉയര്‍ത്തി കാണിച്ചു.

"അയാളുടെ കയ്യിലും കീ ഉണ്ടായിരുന്നു. അയാള്‍ കുറേ നേരം വണ്ടി അന്വേഷിച്ചു നടന്നു എന്നും പറഞ്ഞു " - സെക്യൂരിറ്റി.

​അപ്പോള്‍ ഞങ്ങള്‍ക്ക് ആകെ കണ്‍ഫ്യൂഷനായി. ഞങ്ങള്‍ മൂന്നു പേരും നേരെ താഴെ പാര്‍ക്കിങ്ങ് ഏരിയയിലേയ്ക്ക് ഓടി. അവിടെ ചെന്ന ഉടനെ ഞങ്ങള്‍ ദിലീപിന്റെ വണ്ടി വച്ചിരുന്ന സ്ഥലത്ത് ചെന്നു നോക്കി. ആ വണ്ടി ഇരുന്ന സ്ഥലത്ത് അതാ വേറേ വണ്ടി ഇരിയ്ക്കുന്നു.

എന്നാല്‍ ദിലീപ് തൊട്ടപ്പുറത്തെ വരിയിലേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു "ദാ, ഇരിയ്ക്കുന്നു എന്റെ വണ്ടി... അതും ഞാന്‍ വച്ച അതേ സ്ഥലത്ത്. അപ്പോള്‍ നിങ്ങള്‍ ആരുടെ വണ്ടിയാടാ എടുത്തോണ്ട് പോയത്?"

അപ്പോഴാണ് ഞങ്ങള്‍ക്ക് കാര്യം പിടി കിട്ടിയത്. ദില്ലന്റെ വണ്ടി ഇരുന്നതിന് തൊട്ടപ്പുറത്തെ വരിയില്‍ ഇരുന്ന അതേ പോലത്തെ മറ്റൊരു വണ്ടിയാണ് ഞങ്ങള്‍ എടുത്തോണ്ട് പോയത്. വണ്ടി വച്ചിരിയ്ക്കുന്ന സ്ഥലവും മോഡലും കളറും അല്ലാതെ നമ്പര്‍ ചോദിയ്ക്കാനോ നോക്കാനോ ഞങ്ങള്‍ മെനക്കെട്ടതുമില്ലല്ലോ.

സമയം കളയാതെ നേരെ മുകളില്‍ പോയി സെക്യൂരിറ്റിയോട് കാര്യം പറഞ്ഞു. വണ്ടി കണ്ടപ്പോള്‍ അയാളും ചിരിയായി. ഇതേ കളര്‍ വണ്ടി, ഒരേ സ്ഥലത്ത് സ്ക്രാച്ചു പോലും ഉണ്ടല്ലോ... തെറ്റിപ്പോയതില്‍ കുറ്റം പറയാനൊക്കില്ല എന്നും പറഞ്ഞ് അയാള്‍ ഞങ്ങളെ സെക്യൂരിറ്റി ഗേറ്റിലേയ്ക്ക് പറഞ്ഞു വിട്ടു. മറ്റേ വണ്ടിയുടെ ഉടമസ്ഥന്‍ അവിടെ ഒരു പരാതി എഴുതി കൊടുത്തിട്ടുണ്ടത്രെ. അയാള്‍ വച്ചിടത്തല്ല വണ്ടി കുറേ കഴിഞ്ഞപ്പോള്‍ കണ്ടെത്തിയത് എന്നും പറഞ്ഞ്.

ഞങ്ങള്‍ ഉടനേ അവിടെ ചെന്ന് കാര്യം പറഞ്ഞു. വൈകാതെ അവര്‍ ആ വണ്ടിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എഴുതി കൊടുത്തിട്ടു പോയ മൊബൈല്‍ നമ്പറില്‍ അയാളെ വിളിച്ചു. ഒട്ടും വൈകിയില്ല, അവര്‍ രണ്ടു പേര്‍ അതേ ബൈക്കില്‍ സ്ഥലത്തെത്തി. അതേ മോഡലിലും കളറിലുമുള്ള ദില്ലന്റെ വണ്ടി അവിടെ കണ്ടപ്പോള്‍ തന്നെ വന്നവര്‍ക്കും കാര്യം മനസ്സിലായി. ഞങ്ങള്‍ നേരെ ചെന്ന് അവരോട് അബദ്ധം പറ്റിയതില്‍ മാപ്പു ചോദിച്ച് തടിയൂരി. ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ ഒരു ചോദ്യം "മലയാളികള്‍ ആണോ" എന്ന്. "അതെ" എന്ന മറുപടി കേട്ടപ്പോള്‍ "എന്നാല്‍ കുഴപ്പമില്ല" എന്ന് ചിരിച്ചു കൊണ്ട് മറൂപടി.

ആ സമയം കൊണ്ട് സെക്യൂരിറ്റിക്കാരന്‍ രണ്ടു പേരുടെയും കയ്യില്‍ നിന്ന് കീ വാങ്ങി മാറ്റി ഇട്ടു നോക്കി. ദിലീപിന്റെ കീ വച്ച് മറ്റേ വണ്ടി അപ്പോഴും സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിച്ചു. മറിച്ച് മറ്റേ കീ ദിലീപിന്റെ വണ്ടിയില്‍ വര്‍ക്ക് ആകുന്നുമുണ്ടായിരുന്നില്ല. ആയതിനാല്‍ രണ്ടാമത്തെ വണ്ടിയുടെ ലോക്കിങ്ങ് സിസ്റ്റത്തിന് എന്തോ കമ്പ്ലയിന്റ് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും വൈകാതെ അത് മാറ്റുന്നതാണ് നല്ലതെന്നും ഉപദേശിച്ച് സെക്യൂരിറ്റിക്കാരും ചിരിച്ചു കൊണ്ട് സ്ഥലം വിട്ടു.

​അബദ്ധം പറ്റിയതാണെങ്കിലും മലയാളികളുടെ തന്നെ വണ്ടിയായതിനാല്‍ അടി കിട്ടാതെ രക്ഷപ്പെട്ടതിലുള്ള ആശ്വാസത്തില്‍ ഞാനും സുജിത്തും തിരിച്ച് ഓഫീസിലേയ്ക്കും പോന്നു. അന്ന് വൈകുന്നേരം സുജിത്തിന്റെ സ്വന്തം കാറില്‍ ഞങ്ങള്‍ തിരിച്ച് പോരും നേരവും അതേ സെക്യൂരിറ്റിക്കാരനെ വഴിയില്‍ കണ്ടു. ഞങ്ങളെ നോക്കി ചിരിച്ചെങ്കിലും "ഇനി ഇതും വല്ലവന്റേം വണ്ടി ആണോടെയ്" എന്ന സ്റ്റൈലിലുള്ള ഒരു നോട്ടം അല്ലേ കക്ഷി ഞങ്ങളെ കണ്ടപ്പോള്‍ നോക്കിയത് എന്നൊരു സംശയം എനിയ്ക്കും സുജിത്തിനും തോന്നാതിരുന്നില്ല.​

Saturday, June 11, 2016

കലാലയ സ്മരണകള്‍


ജീവിതത്തില്‍ ഏറ്റവുമധികം ആസ്വദിച്ച കാലമായിരുന്നു ഞാന്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ പിറവം ബി പി സി കോളേജിലെ മൂന്നു വര്‍ഷത്തെ പഠനകാലം. സൌഹൃദങ്ങള്‍ക്ക് ഒരു പുതിയ മാനം കൈവന്നത് അവിടെ വന്നെത്തിയതില്‍പ്പിന്നെ ആയിരുന്നു. ആദ്യമായി വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നുവെങ്കിലും ആ ഒരു ചിന്ത ഒരു വിഷമമായി ഒരിയ്ക്കല്‍ പോലും മനസ്സിലേയ്ക്ക് കടന്നു വരാതിരുന്നത് ബിപിസിയില്‍ നിന്നും എനിയ്ക്കു ലഭിച്ച എന്റെ സുഹൃത്തുക്കളുടെയും അദ്ധ്യാപകരുടേയും സാന്നിദ്ധ്യമായിരുന്നു.

എറണാകുളം ജില്ലയില്‍ കോട്ടയത്തിനോടു ചേര്‍ന്നു കിടക്കുന്ന പിറവത്തെ ആ കലാലയത്തിലേയ്ക്ക് കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്നു ചേര്‍ന്ന ഞങ്ങള്‍ 55 പേര്‍ ഒരുമിച്ച് മൂന്നുവര്‍ഷക്കാലം ഒരേ മനസ്സോടെ ഒരുമയോടെ അവിടെ ചിലവഴിച്ചു. കേവലം അദ്ധ്യാപകരും സഹപാഠികളും എന്നതിലുപരി ബിപിസി ഞങ്ങളുടെ കുടുംബമായിരുന്നു. ചേട്ടന്മാരും ചേച്ചിമാരും അനുജന്മാരും അനുജത്തിമാരുമുള്ള ഒരു സൌഹൃദ കുടുംബം. പഠനത്തിലും കുസൃതികളിലും കലാപരിപാടികളിലും ഞങ്ങള്‍ മികച്ചു നിന്നിരുന്നതിനാല്‍ അദ്ധ്യാപകര്‍ക്കിടയിലും ഞങ്ങളുടെ ബാച്ചിന് നല്ല സ്ഥാനം തന്നെ ഉണ്ടായിരുന്നു. അവസാ‍നം ആഘോഷങ്ങളുടെ, നേട്ടങ്ങളുടെ, ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ത്ത, ആത്മാര്‍ത്ഥ സൌഹൃദങ്ങളുടെ മൂന്നുവര്‍ഷക്കാലത്തിനൊടുവില്‍ 2002ല്‍ ഞങ്ങള്‍ക്ക്‍ ഉപരിപഠനത്തിനായി പിരിയേണ്ടി വന്നു.

അന്ന് പിരിയുമ്പോഴും എല്ലാവരും ഉറപ്പു തന്നിരുന്നു, ഇനിയും ഇടയ്ക്കിടയ്ക്ക് ഞങ്ങളെല്ലാവരും വീണ്ടും ഞങ്ങളുടെ ബിപിസിയില്‍ ഒന്നിച്ചു ചേരുമെന്നും ആ പഴയ ബന്ധം എന്നെന്നും നിലനില്‍ക്കുമെന്നും. എന്നാല്‍ ഇതുവരെ ആ ആഗ്രഹം നടന്നിട്ടില്ല. ഇന്ന് ജോലിത്തിരക്കുകളുമായി എല്ലാവരും പലയിടങ്ങളിലാണ്, ഇന്നും. ചുരുക്കം ചിലരൊഴികെ ബാക്കിയെല്ലാവരും കുടുംബസ്ഥരായിക്കഴിഞ്ഞു.

ഇന്നിപ്പോള്‍ ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞു, അവിടെ നിന്നും ഞങ്ങള്‍ പഠിച്ചിറങ്ങിയിട്ട്... സ്വാഭാവികമായും എല്ലാവരും അവരവരുടെ വഴികളിലായി പിരിഞ്ഞു പോയെങ്കിലും അന്നത്തെ സുഹൃത്തുക്കളില്‍ കുറച്ചു പേര്‍ ഇന്നും എന്റെ നല്ല സുഹൃത്തുക്കളാണ്. കുറെപ്പേരുമായി ഇടയ്ക്കിടെ പരിചയം പുതുക്കിക്കൊണ്ടിരിയ്ക്കുന്നു. അതോടൊപ്പം ആ കണ്ണിയില്‍ നിന്നും വിട്ടുപോയ കുറച്ചു പേരെ അന്വേഷിച്ചു കൊണ്ടുമിരിയ്ക്കുന്നു. എന്നെങ്കിലും ഒരിയ്ക്കല്‍ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു കൂടും... ഞങ്ങളുടെ പഴയ ബിപിസിയുടെ മുറ്റത്ത്... ആ ഒത്തുചേരല്‍ എത്രയും വേഗം സാദ്ധ്യമാകട്ടെ എന്നേയുള്ളൂ ഞങ്ങളുടെയെല്ലാവരുടേയും പ്രാര്‍ത്ഥന.

ഒരിയ്ക്കല്‍ കൂടി ഞങ്ങളുടെ ബാച്ചിന്റെ ഓര്‍മ്മയ്ക്ക്... എന്നും സന്തോഷത്തോടെ, ആവേശത്തോടെ എന്നാല്‍ ഒരല്പം നഷ്ടബോധത്തോടെ മാത്രം ഓര്‍മ്മിയ്ക്കുന്ന ആ നല്ല നാളുകളുടെ ഓര്‍മ്മയ്ക്ക്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തിന്റെ... ഞങ്ങളുടെ സ്വന്തം ബിപിസിയുടെ ഓര്‍മ്മയ്ക്ക്...

ഒരു വ്യാഴവട്ടം വിട ചൊല്ലവേ
മിഴിയീറനായെൻ മനം നീറവേ
വെറുതേ വിരിഞ്ഞെൻ മനസ്സിൽ വരും
മധുരിയ്ക്കുമോർമ്മയാണു നീ...

പിറവത്തലഞ്ഞ കാലങ്ങളിൽ
പതിവായ്‌ തിരഞ്ഞ നക്ഷത്രമേ
കനവിൽ തിളങ്ങി മറയാതെ നീ
മിഴികൾക്കു കൂട്ടു നില്‍ക്കുമോ
മിഴികൾക്കു കൂട്ടു നില്‍ക്കുമോ

മറയാൻ തുടങ്ങുമൊരു സന്ധ്യയിൽ
പിറവം പുഴയ്ക്കു മൊഴി ചൊല്ലവേ
ഒരു നേർത്ത തേങ്ങലടിയോടെ വന്നു
മനസ്സും കരഞ്ഞു തീർത്തുവോ
മനസ്സും കരഞ്ഞു തീർത്തുവോ

ഒരു വ്യാഴവട്ടം വിട ചൊല്ലവേ
മിഴിയീറനായെൻ മനം നീറവേ
വെറുതേ വിരിഞ്ഞെൻ മനസ്സിൽ വരും
മധുരിയ്ക്കുമോർമ്മയാണു നീ...

വിധി കാത്തു വച്ചൊരെരി വേനലിൽ
സഹപാഠികൾക്കു നിറ മൗനമായ്‌
അനിവാര്യമായ വിട ചൊല്ലുമെൻ
മനസ്സിന്റെ നോവു മായുമോ
മനസ്സിന്റെ നോവു മായുമോ

ഇടറാതെയെന്റെയീ യാത്രയിൽ
പിരിയാത്ത ചങ്ങാതി കൂട്ടമേ
ഇനിയുള്ള ജന്മമതിലൊക്കെയും
ഒരുമിച്ചു കൂട്ടു ചേർന്നിടാം
ഒരുമിച്ചു കൂട്ടു ചേർന്നിടാം ...

ഒരു വ്യാഴവട്ടം വിട ചൊല്ലവേ
മിഴിയീറനായെൻ മനം നീറവേ
വെറുതേ വിരിഞ്ഞെൻ മനസ്സിൽ വരും
മധുരിയ്ക്കുമോർമ്മയാണു നീ...


[സമ്മർ ഇൻ ബത്‌ലെഹേം എന്ന ചിത്രത്തിലെ 'ഒരു രാത്രി കൂടി...' എന്ന ഈണത്തിനൊപ്പിച്ച്‌ എഴുതാൻ ശ്രമിച്ചത്‌]

Tuesday, May 17, 2016

ജനാധിപത്യംതിരഞ്ഞെടുപ്പുകളും പ്രകടന പത്രികകളും വാഗ്ദാനപ്പെരുമഴകളും കണ്ടും കേട്ടും മടുത്തു. എന്നിട്ടോ ഭരണം കയ്യില്‍ കിട്ടിയാല്‍ എല്ലാം വെറും പുക!  ഇത്തവണയും സ്ഥിതിഗതികള്‍ വ്യത്യസ്തമാകുമെന്ന് കരുതുന്നില്ല, നോക്കാം...

എന്നാലും കുറച്ചു വേറിട്ട രീതിയില്‍ നാം ചിന്തിച്ചു തുടങ്ങേണ്ട സമയമായില്ലേ? അങ്ങനൊരു ചിന്ത പങ്കു വയ്ക്കുകയാണ് ഇവിടെ.

ജനങ്ങള്‍ വാഗ്ദാനങ്ങള്‍ കേട്ട് വോട്ട് ചെയ്യുന്ന ശീലം ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. ചുരുങ്ങിയ പക്ഷം വോട്ട് ചെയ്ത് ഭരണത്തിലേയ്ക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതു പോലെ തന്നെ, അഞ്ചു വര്‍ഷം ഭരിച്ചവരുടെ ഭരണം വിലയിരുത്തി, ഏറ്റവും മോശം ഭരണാധികാരികളെ മിനിമം പത്തു വര്‍ഷത്തേയ്ക്കെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്നും ഡീബാര്‍ ചെയ്യാനുമുള്ള അധികാരം മറ്റൊരു വോട്ടിങ്ങിലൂടെ രേഖപ്പെടുത്താനും നടപ്പില്‍ വരുത്താനുമുള്ള നിയമം വേണം. അങ്ങനെ ഡീബാര്‍ ചെയ്യപ്പെടുന്ന പ്രതിനിധികള്‍ അധികാരങ്ങളില്ലാതെ ജനങ്ങള്ക്കിടയില്‍ പ്രവര്‍ത്തിച്ച് വീണ്ടും 10 വര്‍ഷം കഴിഞ്ഞിട്ടു മാത്രം വീണ്ടും മത്സരിയ്ക്കട്ടെ. അപ്പോള്‍ കാണാം, കുറേയെങ്കിലും അഴിമതി കുറയുമോ എന്ന്.

അതു പോലെ ജനപ്രതിനിധികള്‍ ആകാന്‍ ചില യോഗ്യതകളും നിര്‍ബന്ധമാക്കണം - മിനിമം ഇത്ര വിദ്യാഭ്യാസ യോഗ്യത, മിനിമം ഇത്ര പ്രായം, മാക്സിമം ഇത്ര പ്രായം... ഇങ്ങനെയൊക്കെ. എങ്കിലേ ഭരണം കയ്യില്‍ കിട്ടിയാല്‍ വോട്ട് ചെയ്ത് ജയിപ്പിച്ച പൊതുജനങ്ങളെന്ന കഴുതകളോടുള്ള പുച്ഛം അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ഇല്ലാതിരിയ്ക്കൂ... ഇതിപ്പോ വോട്ട് ചെയ്യാന്‍ മാത്രം മതിയല്ലോ ജനങ്ങളെ. അതു കഴിഞ്ഞാല്‍ പുല്ലുവില...

വോട്ട് ചെയ്ത് അഞ്ചു വര്‍ഷത്തേയ്ക്ക് അധികാരമേല്‍പ്പിയ്ക്കുന്ന ജനങ്ങള്‍ക്ക് തന്നെ വര്‍ഷത്തിലൊരിയ്ക്കലോ രണ്ടു വര്‍ഷം കൂടുമ്പോഴോ ഒരു "അപ്രൈസല്‍ വോട്ടിങ്ങ്" പോലെ നടത്തി,  കാലാവധി കഴിയും വരെ ഇവര്‍ തന്നെ തുടരണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കാനുള്ള അവകാശം കൂടി കൊടുത്താല്‍ എങ്ങനെയിരിയ്ക്കും എന്ന ഒരു ആലോചന... അത്ര മാത്രം

ഇനി അഴിമതി കുറഞ്ഞാലോ, നാടിനു നേട്ടം വല്ലതും ഉണ്ടായാലോ എന്നൊക്കെ ഒരതിമോഹം

​ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ചോദിച്ചാല്‍... എനിയ്ക്കറിയില്ല. :(