Friday, December 15, 2023

ആനോ

 പുസ്തകം :  ആനോ

രചയിതാവ് : ജി. ആർ ഇന്ദുഗോപൻ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  ഡി സി ബുക്ക്സ്

പേജ് : 544

വില : 699

Rating : 4/5

പുസ്തക പരിചയം :

1962ൽ വിശുദ്ധനഗരമായ വത്തിക്കാനിൽ ഗ്രന്ഥശാലയ്ക്ക് സമീപം കുഴിയെടുത്തപ്പോൾ അതിൽ നിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങളും പല്ലും കിട്ടി. ഇതിന്റെ രഹസ്യമറിയാൻ പിന്നെയും 25 വർഷങ്ങൾക്ക് ശേഷം ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹമാണു അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം ലോകത്തിനു മുൻപിൽ പരസ്യമാക്കുന്നത്.

 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് മാലിണ്ടി (കെനിയ) വഴി ഗുഡ് ഹോപ്‌ മുനമ്പിലെയ്ക്കും ഏതാണ്ട് ആറു മാസത്തെ യാത്രയ്ക്ക് ഒടുവിൽ പൊർച്ചുഗലിലെ ലിസ്ബൻ വഴി റോമിലേയ്ക്കും എത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു മലയാളിയായ ആനക്കുട്ടി - കേശവന്റെ അഥവാ "ആനോ"യുടെ കഥ. 

 മലയാളികളുടെ ദീർഘദൂര പ്രവാസം ഒരു പക്ഷെ ഈ കാലഘട്ടത്തിൽ ആകാം ആരംഭിച്ചത്. റോമിൽ നിന്ന് ഒരു ആനയും (കേശവൻ/ആനോ) പാപ്പാനും(ചീരൻ)  കഥ പറയുന്ന അപൂർവ്വമായ നോവൽ ആണ് ജി ആർ ഇന്ദുഗോപന്റെ ആനോ.

 ദീർഘ ഗവേഷണങ്ങളുടെ സഹായത്തോടെ, ഏതാണ്ടു പത്ത് വർഷത്തെ പ്രയത്നം കൊണ്ട് ഒരുപാട് റിസർച്ചുകൾക്ക് ശേഷം രൂപപ്പെടുത്തി എടുത്തത് ആണ് ഈ നോവൽ എന്ന് കഥാകൃത്ത് പറയുന്നു.

1500 കളിലെ കേരളത്തിലെ നാട്ടു രാജ്യങ്ങളുടെ രാഷ്ട്രീയ സാഹചര്യങ്ങളും ഭരണാധികാരികളുടെയും പ്രഭുക്കന്മാരുടെയും അടിയാളന്മാരുടെയും അവസ്ഥകളും വ്യക്തമായും മനസ്സിലാക്കാൻ നോവലിന്റെ തുടക്കം മുതൽ സാധിയ്ക്കുന്നുണ്ട്. 

വാസ്കോ ഡ ഗാമ 1498ൽ കോഴിക്കോട് കപ്പലിറങ്ങിയതിന്റെ കഥകളേ നമ്മൾ  കൂടുതലും പറഞ്ഞു കേട്ടിട്ടുള്ളൂ. എന്നാൽ മാർക്കോപോളോ നടത്തിയ ലോക യാത്രകൾക്ക് ശേഷം വെനീഷ്യക്കാരൻ നിക്കോളോ ഡി കോൻടി തന്റെ മുപ്പത് വർഷങ്ങൾ കൊണ്ട് നടത്തിയ യാത്രകളിൽ നിന്ന് കിട്ടിയ അറിവുകൾ ചേർത്ത്  എഴുതിയ പുസ്തകം പിന്നീട് സഭയുടെ ഉടമസ്ഥതയിൽ പല ഭാഷകളിൽ  പ്രസിദ്ധീകരിച്ചതും ആ പുസ്തകത്തിന്റെയും, പ്രതീക്ഷാ മുനമ്പ് വരെ യാത്ര ചെയ്ത് അതിനപ്പുറം ഇന്ത്യ ഉണ്ട് എന്ന് ഉറപ്പ് നൽകിയ ബാർത്തലോമിയൊ ഡയസ് ന്റെയും സഹായത്തോടെയാണു ഗാമ പിന്നീട് ഇന്ത്യയിലെയ്ക്ക് വന്നത് എന്നതും പലർക്കും അജ്ഞാതമാണ്.  

ആദ്യമായി കേരളത്തിൽ കാലു കുത്തിയത് ഗാമ അല്ല, 'ജോവോ നൂനിസ്' എന്ന തടവുകാരനെ ആണു ഗാമ പരീക്ഷണാർത്ഥം തീരത്തെയ്ക്ക് അയച്ചത് എന്നും രണ്ടു ദിവസം കഴിഞ്ഞ് എല്ലാം സുരക്ഷിതം ആണെന്ന് ഉറപ്പ് കിട്ടിയിട്ടാണ് ഗാമ കപ്പലിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയുള്ളൂ എന്നും ഈ നോവൽ വഴി കഥാകൃത്ത്  വെളിപ്പെടുത്തുന്നു. നില നിൽപ്പിനു വേണ്ടിയുള്ള പ്രാദേശിക നാട്ടു രാജാക്കന്മാരുടെ തമ്മിലടികളും മത്സരവും വിദേശികൾ മുതലെടുത്തത് എങ്ങനെ എന്ന് നോവലിൽ വ്യക്തമാക്കുന്നുണ്ട്.  

ബ്രസീൽ കണ്ടെത്തിയ പെഡ്രോ അൽവാരിസ് കബ്രാൾ ന്റെ കേരളാ സന്ദർശനവും അറബികളുമായ് നടത്തിയ യുദ്ധവും എല്ലാം പരാമർശ വിധേയമാകുന്നുണ്ട്. അതു പോലെ കോളമ്പസ് ആണ് അമേരിയ്ക്ക ആദ്യമായി കണ്ടെത്തിയത് എന്നിരിയ്ക്കലും അമരിഗോ വെസ്പൂചിയുടെ കുടുംബത്തിന്റെ സ്വാധീനം കാരണം കൊണ്ടാണ് ആ ഭൂഖണ്ഡത്തിനു പേരിട്ടപ്പോൾ അമേരിക്ക എന്നായത് എന്നതുമെല്ലാം വായനക്കാരിൽ കൗതുകം ജനിപ്പിയ്ക്കുന്ന അറിവുകളാണ്.  

അതു പോലെ റോമിൽ മാർപ്പാപ്പയാകാൻ പരസ്പരം പോരടിച്ചിരുന്ന നിലവിലെ കർദ്ദിനാൾമാരിൽ ശക്തരായ റിയെറിയൊയുടെ റോവറ കുടുംബവും ജോവന്നയുടെ മെഡിചി കുടുംബവും തമ്മിൽ നില നിന്നിരുന്ന മത്സരവും രക്തപങ്കിലമായ കുടുംബ ചരിത്രവുമെല്ലാം വായനക്കാരെ അതിശയിപ്പിയ്ക്കും. അധികാരത്തിനും ആർഭാടത്തിനും വേണ്ടി ശക്തമായ മത്സരം എന്നും എക്കാലവും ഉണ്ടെന്ന് ഈ അറിവുകൾ സാക്ഷ്യപ്പെടുത്തുന്നു.

കശുവണ്ടി അഥവാ പറങ്കിയണ്ടി പോർച്ചുഗലിന്റെ സംഭാവന ആയിരുന്നുവെന്ന് അറിയുമായിരുന്നുവെങ്കിലുംപപ്പായ (അഥവാ കപ്പങ്ങ/ഒമയ്ക്ക) യും കപ്പലണ്ടിയും എല്ലാം അതു പോലെ കടൽ കടന്നു വന്നവർ ആണെന്നും കപ്പലിൽ യാത്ര ചെയ്ത് വന്നത് കൊണ്ടാണ് അവയ്ക്ക് ആ പേര് വന്നതെന്നും ഉള്ളതെല്ലാം എനിയ്ക്കും പുതിയ അറിവുകൾ ആയിരുന്നു.

ഈ നോവലിന്റെ കഥ നടക്കുന്ന കാലഘട്ടത്തിൽ മലയാള ഭാഷ രൂപപ്പെട്ടിട്ടില്ല. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ചന്റെ ഭാഷയെ ഏകോപിപ്പിയ്ക്കാനുള്ള ശ്രമങ്ങളെ പറ്റിയും ജാതി വിവേചനം ഇല്ലാതെ എല്ലാവർക്കും അറിവ് പകരാനുള്ള ശ്രമങ്ങളെ പറ്റിയും ചെറുതായ പരാമർശം നോവലിൽ വരുന്നുണ്ട്. അതു പോലെ ആനോയും ചീരനും ഒപ്പം റോമിൽ ആക്കാലത്തെ പ്രശസ്ത ചിത്രകാരന്മാരും ശില്പികളും ആയ ലിയാണാർഡൊ ഡാവിഞ്ചി, മൈക്കലാഞ്ചലോ, റാഫേൽ എന്നിവർക്കും പുരൊഹിതനായിരുന്ന മാർട്ടിൻ ലൂഥറിനും എല്ലാം കഥയിൽ പ്രസക്തമായ റോളുകൾ  ഉണ്ട്.

ആനോ എന്ന ഈ നോവൽ വെറുമൊരു ആനയുടെയും ആനക്കാരന്റെയും കഥ മാത്രമല്ല മണ്മറഞ്ഞു പോയ അഞ്ഞൂറ് കൊല്ലം മുൻപത്തെ ചരിത്രത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടി ആകുകയാണ്.

എന്നും ഉദ്വേഗപൂർണ്ണമായ  വായനകൾ നമുക്ക് സമ്മാനിക്കാറുള്ള ഇന്ദുഗോപനിൽ നിന്ന് ലഭിച്ച വേറിട്ട ഒരു പുസ്തകം തന്നെ ആണ് ആനോ.


ശ്രീ