Monday, October 30, 2023

സ്‌നൈപ്പർ

 പുസ്തകം :  സ്നൈപ്പർ 

രചയിതാവ് : ശശി വാര്യർ

പരിഭാഷ : യാമിനി

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  പൂർണ്ണ പബ്ലിക്കേഷൻസ്

പേജ് : 312

വില : 150

Rating : 4/5


പുസ്തക പരിചയം :

'കേണൽ രാജ' നായകൻ ആയ 'അണലി', 'അനാഥൻ' എന്നീ ത്രില്ലർ നോവലുകൾക്ക് ശേഷം ശശി വാര്യരുടെതായി പുറത്തിറങ്ങിയ മറ്റൊരു ഗംഭീര വർക്ക് ആണ് സ്നൈപ്പർ. പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ അപകടകാരിയും ഒരു ഷാർപ്പ് ഷൂട്ടറുമായ  ഒരു നോർത്തിന്ത്യൻ വാടക കൊലയാളി കേന്ദ്ര കഥാപാത്രമാകുന്ന കഥയാണ് ഇത്.

ഇന്ത്യൻ പട്ടാളക്കാരുടെ വലയിൽ നിന്ന് വിദഗ്ദമായി രക്ഷപ്പെട്ട് സൗത്ത് ഇന്ത്യയിലെയ്ക്ക് രക്ഷപ്പെടുകയാണ് അതി ക്രൂരനായ ഒരു സ്നൈപ്പർ. ഇന്ത്യൻ സൈന്യം ലഫ്റ്റ്നന്റ് കേണൽ ഈശ്വരന്റെ നേതൃത്വത്തിൽ ഈ സ്നൈപ്പറെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുന്നു. 

അതേ സമയത്ത് ഇങ്ങ് കൊച്ചി നഗരത്തിൽ ഈശ്വരന്റെ മകൾ പ്രിയയെ കാണാതാകുന്നു. പോലീസിൽ പരാതി കൊടുത്തെങ്കിലും അവരുടെ അലംഭാവം കാരണം അന്വേഷണം ഒന്നും വേണ്ട പോലെ നടക്കുന്നില്ല.  തുടർന്ന് നീണ്ട അന്വേഷണത്തിനൊടുവിൽ ഒരു പെൺകുട്ടിയുടെ പൊള്ളലേറ്റ്, കത്തിക്കരിഞ്ഞു വികൃതമാക്കപ്പെട്ട, തലയില്ലാത്ത മൃതദേഹം കണ്ടു കിട്ടുന്നു. ആ മൃതദേഹം പ്രിയയുടെത് ആണെന്ന് തിരിച്ചറിയുന്ന കേണൽ ഈശ്വരൻ നാട്ടിലെയ്ക്ക് തിരിയ്ക്കുന്നു. 

ഈശ്വരന്റെ മകൾ പ്രിയയുടെ സുഹൃത്തായ പെൺകുട്ടി, പ്രിയയുടെ മരണവാർത്ത അറിഞ്ഞതിന് തൊട്ടു  പുറകെ ആത്മഹത്യ ചെയ്യുന്നു. ആ കുട്ടിയുടെ അച്ഛൻ ആയ മൂർത്തി എന്നയാളെ ഈശ്വരൻ മരണാനന്തര ചടങ്ങിനിടെ പരിചയപ്പെടുന്നു. എന്നാൽ അയാൾ ആരെയോ ഭയപ്പെടുന്നതിനാൽ ഒന്നും വ്യക്തമായി സംസാരിയ്ക്കാൻ കൂട്ടാക്കുന്നില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം പോലീസിൽ പരാതി കൊടുക്കാൻ ധൈര്യം കാണിയ്ക്കുന്ന മൂർത്തി  ആ രാത്രിയിൽ ക്രൂരമായി കൊല്ലപ്പെടുന്നു.

ഉന്നതങ്ങളിൽ പോലും പിടിപാടുള്ള ഒരു വിചിത്ര മനുഷ്യനായ 'നരച്ച മനുഷ്യൻ' എന്ന പേരിൽ അറിയപ്പെടുന്ന അതി ക്രൂരനായ ഒരാളാണു ഈ സംഭവങ്ങളുടെ എല്ലാം  പിന്നിലുള്ളത്.  അന്വേഷണച്ചുമതലയുള്ള പോലീസ് പോലും ഈ മനുഷ്യന്റെ  ആളാണ്.

കേണൽ ഈശ്വരൻ അന്വേഷണം എങ്ങുമെത്താതെ നിസ്സാഹായണാകുന്നു. എല്ലാം മറന്ന്, സ്വന്തം ഭാര്യയുടെയും ജേഷ്ഠ സ്ഥാനീയൻ ആയ കാര്യസ്ഥന്റെയും  ശാപ വാക്കുകൾ പോലും  വക വയ്ക്കാതെ അദ്ദേഹം  ഉദ്യോഗ സ്ഥലത്തേയ്ക്ക് തിരികെ പോകുന്നു. എന്നാൽ അദ്ദേഹത്തിന്റെ മനസ്സിൽ എന്തായിരുന്നു എന്ന് ആരും തിരിച്ചറിയുന്നില്ല.

 കുറച്ചു മാസങ്ങൾക്ക് ശേഷം ഉദ്യോഗം രാജിവച്ച് കേണൽ ഈശ്വരൻ  നാട്ടിലെത്തുന്നു. മകളുടെ മരണത്തിന് പ്രതികാരം വീട്ടാനും അതിന്റെ പിന്നിലുള്ള സംഘത്തെ തകർക്കാനുമുള്ള അദ്ദേഹത്തിന്റെയും എന്തിനും പോന്ന  അദ്ദേഹത്തിന്റെ ഗൂർഖാ സഹായിയുടെയും പ്രതികാര കഥയാണ് സ്നൈപ്പർ. ഒട്ടനേകം ഉദ്വേഗ ജനകമായ മുഹൂർത്തങ്ങളും സംഘട്ടന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് സ്നൈപ്പർ. ത്രില്ലർ പ്രേമികൾ തീർച്ചയായും വായിച്ചിരിയ്ക്കേണ്ടത് തന്നെ.

- ശ്രീ

Wednesday, October 25, 2023

അനാഥൻ

 പുസ്തകം :  അനാഥൻ 

രചയിതാവ് / എഡിറ്റർ : ശശി വാര്യർ

പരിഭാഷ : പി കെ വാസുദേവൻ നായർ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  പൂർണ്ണ പബ്ലിക്കേഷൻസ്

പേജ് : 396

വില : 200

Rating : 4/5


പുസ്തക പരിചയം :

കമാൻഡോ ഓപ്പറേഷനുകളാൽ സമ്പന്നമായ 'അണലി' എന്ന തന്റെ ത്രില്ലറിനു ശേഷം ശശി വാര്യർ എഴുതിയ പുസ്തകം ആണ് അനാഥൻ.  ഒരു ത്രില്ലറിനു യോജിച്ച പേര് ആണോ ഇത് എന്ന് വായനക്കാർക്ക് സംശയം തോന്നിയേക്കാമെങ്കിലും കഥയിൽ ആ പേരിന്റെ പ്രസക്തി പരിഗണിച്ചിട്ടാകാം അതേ പേര് തന്നെ പുസ്തകത്തിനും കൊടുത്തിരിയ്ക്കുന്നത്.

'അണലി' എന്ന കഥയിലെ നായകൻ ആയ കേണൽ രാജൻ മേനോൻ അഥവാ രാജ തന്നെ ആണ് ഈ കഥയിലും നായകൻ. അദ്ദേഹത്തിനു ഇപ്പോ മുപ്പത്തിയെട്ടു വയസ്സു കഴിഞ്ഞു. കമാൻഡോ സേനയിലെ തന്റെ നല്ലകാലം പിന്നിട്ടു കഴിഞ്ഞോ എന്ന് അദ്ദേഹം ഇടയ്ക്ക് ചിന്തിച്ചും തുടങ്ങി. എങ്കിലും അദ്ദേഹത്തിന്റെ വിദഗ്ധ സേവനം മിലിട്ടറി ഉപയോഗപ്പെടുത്തിക്കൊണ്ടേ ഇരിയ്ക്കുകയാണ്. 

കഥ തുടങ്ങുന്നത് പാക് അധിനിവേശ കാശ്മീരിൽ തടവിൽ വച്ചിരുന്ന ഒരു അമേരിക്കൻ ടൂറിസ്റ്റിനെ മോചിപ്പിച്ച്  ഇന്ത്യയിൽ കൊണ്ടു വരാൻ ഉള്ള ഉദ്ധ്യമത്തോടെ ആണ്. വിജയകരമായി ആ ദൗത്യം പൂർത്തീകരിയ്ക്കുന്ന കേണൽ രാജയ്ക്ക് മണിക്കൂറുകൾ തികയുന്നതിനു മുൻപ് വീണ്ടുമൊരു പ്രതിസന്ധിയെ നേരിടേണ്ടിവരുന്നു. 

 പ്രധാനമന്ത്രിയുടെ കൊച്ചു മകളെ ഭീകരന്മാർ റാഞ്ചിക്കൊണ്ടു പോയിരിക്കുന്നു. രാജ അതിസൂക്ഷ്മതയോടെ തയ്യാറാക്കുന്ന പദ്ധതിയിൽ മന്ത്രി സഭയുടെയും ഉപദേശക കമ്മറ്റിയുടെയും ഇടപെടലുകൾ കാരണം പല വിട്ടു വീഴ്ചകൾ വേണ്ടി വരുന്നു.  അവസാനം രണ്ടും കല്പ്പിച്ച് ഇന്ത്യൻ സേനയുടെ കമാൻഡോ വിഭാഗമായ സെപ്ഷ്യൽ ഓപ്പറേഷൻസ് ഫോഴ്സ് (എസ്.ഒ.എഫ്) ഭീകരന്മാരുടെ താവളം ആക്രമിക്കുന്നു. 

പക്ഷെ, തീർത്തും അപ്രതീക്ഷിതമായി രാജയുടെ പദ്ധതി പാളിപ്പോകുന്നു. ഗുരുതരമായ പരിക്കുകളോടെ രാജ കഷ്ടിച്ചു രക്ഷപ്പെടുന്നു.

ട്രീറ്റ്മെന്റിൽ മൃതപ്രായനായി കഴിയുമ്പോൾ ആണ് കുറ്റം മുഴുവനും തന്റെ ചുമലിൽ കെട്ടി വയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്നും പരിക്കുകൾ ഭേദമായാൽ ചെയ്യാത്ത കുറ്റങ്ങൾക്ക് താൻ ബലിയാടാകാൻ പോകുകയാണ് എന്നും അദ്ദേഹം മനസ്സിലാക്കുന്നത്. എങ്ങനെയെങ്കിലും തന്റെ സൽപ്പേര് വീണ്ടെടുക്കണമെന്ന് ദൃഢനിശ്ചയം ചെയ്യുന്ന രാജ ആരോരുമറിയാതെ ആശുപത്രിയിൽ നിന്നും പോലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെടുന്നു.

 ഓപ്പറേഷന്റെ പരാജയകാരണം രാജയും ഭീകരന്മാരുമായുള്ള ഒരു ഒത്തുകളിയാണെന്ന നിഗമനത്തിൽ പോലിസും രഹസ്യാന്വേഷണ വിഭാഗക്കാരും അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങുന്നു. സത്യം കണ്ടെത്താനുള്ള  രാജയുടെ അന്വേഷണം അയാളെ കൊണ്ടെത്തിച്ചത്  പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഇന്ത്യൻ പൊളിറ്റിക്സിലെ ഒരു ഭയങ്കര വഞ്ചനയുടെ പിന്നാമ്പുറങ്ങളിലാണ്. 

അവസാന പേജ് വരെ സസ്പെൻസ് നിറഞ്ഞു നിൽക്കുന്ന മറ്റൊരു ത്രില്ലർ...


- ശ്രീ

Wednesday, October 11, 2023

അണലി

 പുസ്തകം :  അണലി

രചയിതാവ് : ശശി വാര്യർ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  പൂർണ്ണ പബ്ലിക്കേഷൻസ്

പേജ് : 362

വില : 150

Rating : 4/5

പുസ്തക പരിചയം :

മലയാളി വായനക്കാർക്ക് തികച്ചും അപരിചിതമായ ഒരു മേഖലയാകണം തീവ്രവാദ പശ്ചാത്തലത്തിലുള്ള കഥയും അതിനെ ചെറുക്കുന്നതിനുള്ള കമാൻഡോ ഓപ്പറേഷനുകളും പ്രമേയമായിട്ടുള്ള ഒരു നോവൽ.  1995-2005 കാലഘട്ടങ്ങളിൽ പ്രത്യേകിച്ചും. ഇത്തരത്തിൽ പെട്ട കഥകൾ എഴുതുന്ന 'ആദ്യത്തെ ഇന്ത്യൻ നോവലിസ്റ്റ്' ആണത്രേ മലയാളി എങ്കിലും ആംഗലേയ സാഹിത്യകാരൻ ആയ 'ശശി വാര്യർ'. 

അദ്ദേഹത്തിന്റെ ആദ്യാവസാനം ത്രില്ലും സസ്പെൻസും നിറഞ്ഞ ഒരു നോവൽ ആണ് 'അണലി'. കഥയുടെ പേര് തന്നെ സൂചിപ്പിയ്ക്കുന്നത് പോലെ എറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായ 'അണലി' യെ പോലെ എവിടെയോ ഒളിഞ്ഞിരുന്നു ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്ന  അപകടകാരിയായ ഒരു അജ്ഞാതന്റെ ബുദ്ധിപരവും മാരകവുമായ നീക്കങ്ങളിൽ നിന്ന് രാജ്യത്തെയും ഗവണ്മെന്റിനെയും രക്ഷിയ്ക്കുന്ന ഇന്ത്യൻ മിലിട്ടറിയിലെ 'സ്‌പെഷൽ ഓപ്പറേഷൻസ് ഫോഴ്സ്' ലെ സെക്കന്റ് ലെഫ്റ്റനന്റ് 'രാജ' എന്നറിയപ്പെടുന്ന രാജൻ മേനോന്റെ സാഹസികമായ തീരുമാനങ്ങളും നീക്കങ്ങളും കൗണ്ടർ അറ്റാക്കുകളുമെല്ലാം കൊണ്ട് അക്ഷരാർത്ഥത്തിൽ  ഒരു പരിപൂർണ്ണ ത്രില്ലർ ആണ് അണലി എന്ന ഈ നോവൽ.

യാത്രക്കാരുമായി പോകുകയായിരുന്ന ഒരു  ട്രെയിനിന്റെ ഒരു കമ്പാർട്ട്മെന്റ് തീവ്രവാദികൾ  ഹൈജാക്ക് ചെയ്തു എന്ന അറിയിപ്പ്  ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് ലഭിയ്ക്കുന്നു. യാത്രക്കാരെ മുഴുവൻ ബന്ദികൾ ആക്കുകയും റെയില് വേ സുരക്ഷാ പോലീസുകാരിൽ ഒരാളെ വെടിവച്ചു കൊല്ലുകയും ചെയ്തു. പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ച ഒരു യാത്രക്കാരനെയും. യാത്രക്കാരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കൂട്ടത്തിൽ ഒരാൾ ആകട്ടെ, ഭരണ പക്ഷത്തുള്ള ഒരു മന്ത്രിയുടെ ബന്ധുവും. അവരെ വിട്ടയയയ്ക്കുന്നതിന് വലിയൊരു സംഖ്യ വിദേശ കറന്സികൾ ആയും സ്വർണ്ണമായും വേണമെന്ന് റാഞ്ചികൾ ആവശ്യപ്പെടുന്നു. ഒപ്പം തടവിൽ കഴിയുന്ന കാശ്മീർ തീവ്രവാദികളെ വിട്ടയയ്ക്കുകയും വേണം. വളരെ കുറച്ചു സമയത്തിനുള്ളിൽ ഇത് ചെയ്തില്ലെങ്കിൽ തടവുകാരെ ഓരോരുത്തരെയായി വധിയ്ക്കും.   വല്ലാത്ത ഈ  ഒരു പ്രതിസന്ധിയിൽ ഗവണ്മെന്റ് രക്ഷാപ്രവർത്തനം മിലിട്ടറിയിലെ SOF വിങ് നെ ഏൽപ്പിയ്ക്കുന്നു.

കേണൽ രാജയുടെ നേതൃത്വത്തിൽ ഉള്ള വിദഗ്ദരായ ഒരു ടീം ചുരുങ്ങിയ സമയത്തിനുള്ളിൽ സ്ഥിതിഗതികൾ പഠിയ്ക്കുകയും കൃത്യമായ പ്ലാൻ തയ്യാറാക്കി അപ്രതീക്ഷിതമായ ഒരാക്രമണത്തിലൂടെ തീവ്രവാദികളെ എല്ലാം കൊലപ്പെടുത്തി തടവുകാരെ രക്ഷിയ്ക്കുന്നു. പക്ഷെ, ഈ തട്ടിക്കൊണ്ടു പോകലിന്റെ പ്രധാന ആസൂത്രകൻ ആയി, പുറത്ത് നിന്നു ചരട് വലിയ്ക്കുന്ന, അതി ബുദ്ധിമാനും അത്യന്തം അപകടകാരിയുമായ ഉന്നതങ്ങളിൽ പിടിയുള്ള മറ്റൊരാൾ (അണലി)  ഉണ്ടെന്ന് രാജ മനസ്സിലാക്കുന്നു. അയാളെ മാത്രം പിടി കൂടാനോ കണ്ടെത്താനോ ഇവർക്ക് സാധിയ്ക്കുന്നില്ല. 

അതിന്റെ പരിണിത ഫലങ്ങൾ ഭയങ്കകരമായിരുന്നു. അണലി കൂടുതൽ ശക്തമായും ബുദ്ധിപരമായും തിരിച്ചടിയ്ക്കുന്നു. ഒന്നിന് പുറകെ ഒന്നായി കൂടുതൽ ശക്തിയായി തന്നെ. 

 അവസാനം അതി വിനാശകരമായ ഒരു പ്ലാൻ അണലി തയ്യാറാക്കുന്നു.  ഒപ്പമുള്ള ആരെ വിശ്വസിയ്ക്കണം എന്നു പോലും മനസ്സിലാകാത്ത ഒരു സാഹചര്യത്തിൽ, സ്വന്തം ജീവൻ പോലും നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽ പോലും രാജ അണലിയെ തടയാൻ ഇറങ്ങുന്നു.

ആദ്യാവസാനം ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന ഒരു ത്രില്ലർ തന്നെയാണ് ഈ നോവൽ. സിനിമകളിൽ എല്ലാം ഇത്തരം സീനുകൾ നാം കാണാറുണ്ട് എങ്കിലും അതൊരു നോവലിൽ വായിയ്ക്കുമ്പോൾ ആണ് ഇത്തരത്തിൽ നാം പത്രങ്ങളിൽ കാണുന്ന ഓരോ വാർത്തകൾക്കും പുറകിലും ഉണ്ടായേക്കാവുന്ന യഥാർത്ഥ ഭീകരതയുടെ വലിപ്പം നമുക്ക് ശരിയ്ക്ക് തിരിച്ചറിയാൻ കഴിയുക.

ഒരു മിലിട്ടറി കമാൻഡൊ ഓപ്പറേഷന്റെ ഒരുക്കങ്ങളും അതിൽ ഉൾപ്പെട്ടിരിയ്ക്കുന്നവർ അനുഭവിയ്ക്കുന്ന ത്യാഗങ്ങളും ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും വക വയ്ക്കാതെ സ്വന്തം ജീവൻ പോലും വക വയ്ക്കാതെ നാടിനു വേണ്ടി പോരാടുന്ന അവരുടെ ആത്മ വീര്യവും അതേ സമയം അവർക്ക് നഷ്ടമാകുന്ന കുടുംബ ബന്ധങ്ങളും... അത് പോലെ തന്നെ ബന്ധിയാക്കപ്പെട്ടവർക്ക് പിന്നീട് രക്ഷപ്പെട്ടാൽ പോലും ഭാവിയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും എല്ലാം നമ്മൾ വായനക്കാർക്ക് ഇത്രയും അനുഭവ വേദ്യമാക്കുന്ന ഇത് പോലുള്ള മറ്റൊരു നോവലും ഇത് വരെ വായിച്ചിട്ടില്ല. ഇത് പോലുള്ള ഒരു ഓപ്പറേഷനിൽ  ഓരോ സെക്കന്റുകളും എത്രത്തോളം നിർണ്ണായകമാണ് എന്ന് വായനയ്ക്ക് ഇടയിൽ നമ്മൾ അത്ഭുതപ്പെടും.

നമ്മുടെ സൈനികരെയും അവരുടെ ജീവിതത്തെയും അടുത്തറിയാൻ തീർച്ചയായും ഇത് പോലുള്ള കഥകൾ നമ്മൾ വായിച്ചിരിയ്ക്കേണ്ടത് തന്നെയാണ്. പക്ഷെ, നിർഭാഗ്യവശാൽ ശശി വാര്യരും അദ്ദേഹത്തിന്റെ നോവലുകളും എന്തു കൊണ്ടോ അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു.

- ശ്രീ

Thursday, October 5, 2023

ബി.സി. 261

 പുസ്തകം :  ബി.സി. 261

രചയിതാക്കൾ : രഞ്ജു കിളിമാനൂർ, ലിജിൻ ജോൺ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  മാതൃഭൂമി ബുക്ക്സ്

പേജ് : 296

വില : 420

Rating : 3.75/5

പുസ്തക പരിചയം :

സമീപ കാലത്ത് ത്രില്ലർ രചനകൾ എഴുതി പ്രശസ്തരായ രണ്ട് എഴുത്തുകാർ - അലക്സി സീരീസിലൂടെ വായനക്കാർക്ക് സുപരിചിതനായ രഞ്ജു കിളിമാനൂരും ബ്ലഡ് മണി, നെഗറ്റീവ് എന്നീ ത്രില്ലറുകളുടെ രചയിതാവായ ലിജിൻ ജോണും ഒരുമിച്ചു കൈകോർക്കുന്ന ഹിസ്റ്ററിയും  

ഫാന്റസിയും ചേരും പടി ചേർത്തെഴുതിയ ഒരു ത്രില്ലർ  ആണ് ബി.സി. 261 എന്ന നോവൽ.

പേര് സൂചിപ്പിയ്ക്കും പോലെ തന്നെ ബി.സി. 261 ലെ അശോക ചക്രവർത്തിയുടെ മഗധയിൽ നിന്ന് ഈ 2023 വരെ എത്തി നിൽക്കുന്ന 2300 വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒരു കഥാപരിസരവും കഥാ പാത്രങ്ങളും ഭൂതകാലവും വർത്തമാനകാലവും ഇട കലർത്തി വായനക്കാരെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്തിക്കൊണ്ടു ഒറ്റ വായനയിൽ പുസ്തകം വായിയ്ക്കുന്നതിന് പ്രേരിപ്പിയ്ക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്.

ലോകർക്ക് മുഴുവൻ പരിചിതമായ ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി ഒരു നോവൽ എഴുതുമ്പോൾ നല്ല പോലെ ഹോം വർക്ക് ചെയ്യേണ്ടതായിട്ടുണ്ട്... ഒട്ടേറെ പഠിക്കേണ്ടതായും ഉണ്ട്. തീർച്ചയായും അതിൽ എഴുത്തുകാർ വിജയിച്ചിട്ടുണ്ട് എന്ന് സമ്മതിയ്ക്കേണ്ടി വരും. 

BC 261 ലെ ഒരു ചരിത്ര സംഭവത്തിൽ നിന്ന് ആരംഭിയ്ക്കുന്ന ആദ്യ അദ്ധ്യായം മുതൽ  വായനയുടെ ഡ്രൈവിങ് സീറ്റിൽ നമ്മൾ ഇരിപ്പുറപ്പിയ്ക്കും.  അടുത്ത അദ്ധ്യായത്തിൽ കഥ വർത്തമാന കാലത്തേയ്ക്ക് - 2018 ലേയ്ക്ക് തിരിച്ചു വരികയാണ്. കുപ്രസിദ്ധനായ ഒരു ആന്റിക് ഡീലർ വിക്ടറിന്റെ കൊലപാതകവും അതിന്റെ പേരിൽ പോലീസ് സംശയിയ്ക്കുന്ന രണ്ടു പ്രതികളും തുടർ അന്വേഷണങ്ങളുമായി അവിടെ മുതൽ കഥ കൊഴുക്കുകയാണ്. 

ഒരു പ്രത്യേക സാഹചര്യത്തിൽ വിക്ടറിന്റെ കൊലപാതകത്തിൽ പ്രതികളായി സംശയിയ്ക്കപ്പെടുന്ന ഹർഷൻ, ഹേമന്ദ് എന്നീ ചെറുപ്പക്കാർക്കൊപ്പം സത്യത്തെ തിരഞ്ഞു പോകാൻ നിർബന്ധിതനാകുകയാണ് ഫസ്റ്റ് വിഷൻ ചാനലിലെ ജേർണലിസ്റ്റ് കൂടിയായ വരദൻ. അവർക്ക് ഒപ്പം വരദന്റെ പത്നി ജ്യോതിയും. എന്നാൽ ഈ നാൽവർ സംഘത്തിനു നേരിടേണ്ടി വരുന്നത് അവർ ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്തത്ര ശക്തനായ, അതിമാനുഷികനായ ഒരെതിരാളിയെ ആയിരുന്നു. അയാൾക്ക് മുൻപിൽ പോലീസ് ഫോഴ്സ് പോലും നിഷപ്രഭമാകുന്നു.

വിക്ടറിന്റെ മരണം ഒരു ഒറ്റപ്പെട്ട യാദൃശ്ചിക സംഭവം അല്ലെന്ന് മനസ്സിലാക്കുന്ന വരദനും സംഘവും നേരിടുന്ന തടസ്സങ്ങളും മനസ്സിലാക്കുന്ന ഞെട്ടിപ്പിയ്ക്കുന്ന സത്യങ്ങളും ഒക്കെയായി വലിയൊരു പശ്ചാത്തലത്തിൽ ആണ് കഥ വികസിയ്ക്കുന്നത്. അത് വായിച്ചു തന്നെ അറിയണം എന്നതിനാൽ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ല.

കഥയിൽ ഉടനീളം ചരിത്രമെല്ലാം കടന്നു വരുന്നുണ്ടെങ്കിലും അനായാസമായി ഒറ്റയിരുപ്പിന് വായിയ്ക്കാൻ ഉതകുന്ന വിധത്തിൽ ഉള്ള എഴുത്ത് കാരണം സുഗമമായി വായിച്ചു തീർക്കാൻ സാധിയ്ക്കുന്നുണ്ട്. 

എടുത്തു പറയേണ്ട മറ്റൊന്ന് പുസ്തകത്തിന്റെ കഥയ്ക്ക് എറ്റവും അനുയോജ്യമായ കവർ പേജ് ആണ്. കഥയുടെ ഒരു ഘട്ടത്തിൽ അല്ലെങ്കിൽ വായനയ്ക്ക് ശേഷം നമ്മൾ ആ കവർ പേജിൽ അല്പ സമയം നോക്കി ഇരുന്നു പോകും. അത്രയ്ക്ക് യോജിച്ച ഒന്നു ഡിസൈൻ ചെയ്ത ജോസ്മോൻ വാഴയിൽ തീർച്ചയായും അഭിനന്ദനം അർഹിയ്ക്കുന്നു.

ഒരു സിനിമ എന്ന സ്വപ്നവുമായി തിരക്കഥാ രൂപത്തിൽ എഴുതി, പിന്നീട് രണ്ടു ഭാഗങ്ങൾ വരുന്ന നോവലുകൾ ആയി തീരുമാനിച്ച് അവസാനം ഒറ്റ പുസ്തകമാക്കാൻ ഒട്ടേറെ വെട്ടി ചുരുക്കലുകൾ വരുത്തേണ്ടി വന്നതിനു ശേഷം ആണ് പുസ്തകം ഇന്ന് കാണുന്ന രൂപത്തിൽ എത്തിയത് എന്ന് രണ്ടു രചയിതാക്കളും അറിയിച്ചിരുന്നു. അതിന്റെ ഒരു പോരായ്മ ചില ഭാഗങ്ങളിൽ കാണുന്നുണ്ട്. ചില സന്ദർഭങ്ങൾ ഒക്കെ അധികം വിശദീകരിയ്ക്കാതെ വെട്ടി ചുരുക്കിയത് പോലെ (വായനാസുഖം നഷ്ടമാകുന്നില്ലെങ്കിൽ കൂടി) തോന്നുന്നുണ്ട്.  അതു പോലെ സിനിമയ്ക്ക് വേണ്ടി എഴുതിയത് കൊണ്ടാണോ എന്നറിയില്ല, ഗൗരവമുള്ള കഥാ സന്ദർഭങ്ങളിൽ അല്പ സ്വല്പം തമാശ കലർത്തിയുള്ള സംഭാഷണങ്ങൾ ചില കഥാപാത്രങ്ങങ്ങൾക്ക് കൊടുത്തത്... അത് കഥയുടെ ഒഴുക്ക് കുറയ്ക്കുന്നതായി (എനിയ്ക്ക്) തോന്നി. അതും അല്ലറ ചില്ലറ എഡിറ്റിങ് പിഴവുകളും ഉണ്ടെന്നത് ഒഴിച്ചാൽ മികച്ച ഒരു വായന തരുന്ന ലക്ഷണമൊത്ത ഒരു ഹിസ്റ്ററിക്കൽ ത്രില്ലർ തന്നെ ആണ് ബി.സി. 261. 

കൂടുതൽ വായനക്കാരിലേയ്ക്ക് ബി.സി. 261 എത്തിച്ചേരട്ടെ എന്നും ഇനിയും നല്ല രചനകൾ രഞ്ജുവിൽ നിന്നും ലിജിനിൽ നിന്നും പിറവിയെടുക്കട്ടെ എന്നും ആശംസിയ്ക്കുന്നു.

- ശ്രീ