Thursday, July 20, 2017

കന്നഡ ഗൊത്തില്ല


ഓരോ നാട്ടിലും ചെന്ന് താമസിയ്ക്കുമ്പോള്‍ അവിടുത്തെ ഭാഷ അറിഞ്ഞിരുന്നാലത്തെ സൌകര്യം... അതൊന്ന് വേറെ തന്നെയാണ്. അതേ സമയം ഭാഷ അറിയാത്ത ഒരാളുടെ കാര്യം പലപ്പോഴും പരിതാപകരവുമാണ്.

പഠന കാലത്ത് വെറും രണ്ടു വര്‍ഷമേ തമിഴ് നാട്ടില്‍ താമസിച്ചിരുന്നുള്ളൂവെങ്കിലും ആ രണ്ടു വര്‍ഷം കൊണ്ട് തമിഴ് അത്യാവശ്യം കൈകാര്യം ചെയ്യാന്‍ പഠിച്ചെടുത്തു. വേറെ നിവൃത്തി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരുമാതിരി അദ്ധ്യാപകരുള്‍പ്പെടെ 90% പേരും തമിഴ് മാത്രമേ സംസാരിയ്ക്കൂ എന്ന് വന്നപ്പോള്‍ ഞങ്ങളെല്ലാവരും അത് പരിചയിയ്ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

എന്നാല്‍ ബാംഗ്ലൂരിലെ കാര്യം നേരെ മറിച്ച് ആണ്. ഇവിടെ വന്നിട്ട് ഇപ്പോ വര്‍ഷം 10 ആയി. പറയുന്നത് കേട്ടാല്‍ ഒരു വിധമൊക്കെ മനസ്സിലാകും എന്നതൊഴിച്ചാല്‍ ആ ഭാഷ നേരാം വണ്ണം ഉപയോഗിയ്ക്കാന്‍ ഞാന്‍ ഇതു വരെ പ്രാപ്തനായിട്ടില്ല. ഞാന്‍ മനസ്സിലാക്കിയിടത്തോളം അതിന് ഒരു കാരണവും ഉണ്ട്. കന്നട അറിഞ്ഞില്ലെങ്കിലും ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിയ്ക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല എന്നത് തന്നെ കാര്യം. ഇവിടെ ഉള്ള നാട്ടുകാരും കച്ചവടക്കാരും ഉള്‍പ്പെടെയുള്ളവരില്‍ സിംഹഭാഗവും പല ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരാണ്. ബാംഗ്ലൂരില്‍ വന്ന കാലത്ത് അത്യാവശ്യം സാധനങ്ങളുടെയും നിത്യോപയോഗവസ്തുക്കളുടെയും പേരുകള്‍ ഒക്കെ കന്നടയില്‍ പഠിച്ചു തുടങ്ങിയതാണ്. പക്ഷേ, അത് എങ്ങുമെത്തിയില്ല. കാരണം അത് ഉപയോഗിയ്ക്കേണ്ടി വരുന്നില്ല എന്നതു തന്നെ.

ഒരു സാധനം വാങ്ങാനായി ഒരു കന്നടക്കാരന്റെ കടയില്‍ ചെന്ന് അത് വേണം എന്ന് കന്നടയില്‍ പറഞ്ഞു മനസ്സിലാക്കാന്‍ തുടങ്ങുമ്പോഴേ കടക്കാരനു മനസ്സിലാകും, നമ്മള്‍ ഈ നാട്ടുകാരനല്ല എന്ന്. അപ്പോള്‍ അയാള്‍ നമ്മളെ സഹായിയ്ക്കാനായി നമ്മള്‍ ഉദ്ദേശിയ്ക്കുന്നത് എന്താണെന്ന് ഹിന്ദിയിലോ ഇംഗ്ലീഷിലോ ഒക്കെ തിരിച്ചു ചോദിയ്ക്കും. അങ്ങനെ നമ്മുടെ കന്നട പഠിയ്ക്കാനുള്ള ശ്രമം അവര്‍ മുളയിലേ നുള്ളിക്കളയും (ദുഷ്ടന്മാര്‍). പിന്നെ പിന്നെ, അയാള്‍ക്ക് കന്നട ഇല്ലാതെയും  കാര്യം മനസ്സിലാകുമെന്ന് തിരിച്ചറിയുന്ന നമ്മള്‍ ആ കടയില്‍ നമ്മുടെ പൊട്ടക്കന്നട പരീക്ഷിയ്ക്കാതെയുമാകും. ഇത് ഒക്കെ തന്നെയാകും മറ്റൂ പലയിടങ്ങളിലും അനുഭവം.

എന്നാലും ചില സാഹചര്യങ്ങളില്‍ വേണ്ട പോലെ ഭാഷ പ്രയോഗിയ്ക്കാനറിയാതെ പൊട്ടന്മാരാകേണ്ടി വരുന്ന സാഹചര്യങ്ങളും തീരെ കുറവല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിയ്ക്കല്‍ ഞാനും സുഹൃത്തും മജെസ്റ്റിക്കില്‍ നിന്ന് മഡിവാളയ്ക്ക് തിരിച്ചു വരുകയാണ്. ഞങ്ങള്‍ അന്ന് താമസിയ്ക്കുന്നത് മഡിവാളയില്‍ ആണ്. മജെസ്റ്റിക്കിലേയ്ക്ക് പോകുന്ന ബസ് നമ്പറും തിരിച്ച് മഡിവാള വഴി പോകുന്ന ബസ് നമ്പറും മാത്രം അറിയാം. (അല്ലാതെ എങ്ങോട്ട് പോകുന്ന ബസ് ആണെന്ന് കന്നടയില്‍ എഴുതിയിരിയ്ക്കുന്നത് വായിയ്ക്കാന്‍ അറിയില്ല - അന്നും ഇന്നും). അങ്ങനെ ഞാനും സുഹൃത്തും മജെസ്റ്റിക്കില്‍ നിന്ന് തിരിച്ച് മഡിവാള വഴി പോകുന്ന ബസ്സില്‍ കയറി. എനിയ്ക്ക് ബസ്സിന്റെ ഏതാണ്ട് പുറകിലായി ഒരു സൈഡ് സീറ്റ് ആണ് കിട്ടിയത്. ബസ്സ് പുറപ്പെട്ടു, കുറച്ചു ദൂരം കഴിഞ്ഞപ്പോ റോഡില്‍ ചെറിയൊരു ബ്ലോക്കില്‍ പെട്ടു കിടക്കുകയാണ്.

പെട്ടെന്ന് റോഡ് സൈഡില്‍ നിന്ന ഒരാള്‍ ബെസ്സിനടുത്തേയ്ക്ക് വന്നു. ഞാന്‍ ഇരുന്നിരുന്ന സീറ്റിനടുത്താണ് അയാള്‍ എത്തിയത്. അയാളോട് ഏറ്റവും അടുത്ത്  കിട്ടിയ ആള്‍ ഞാനായതു കൊണ്ടും ബസ്സിന്റെ മുന്‍പില്‍ പോയി അതെങ്ങോട്ട് പോകുന്നതാണെന്ന് മനസ്സിലാക്കാനുള്ള സമയം കിട്ടിയേക്കില്ല എന്നുള്ളതു കൊണ്ടും അയാള്‍ ധൃതിയില്‍ എന്നോട് ചോദിച്ചു... ഈ ബസ് "......" എന്ന സ്ഥലത്തേയ്ക്ക് പോകുമോ എന്ന്... (ഏതോ ഒരു സ്ഥലപ്പേര്... ഞാന്‍ മുന്‍പ് കേട്ടിട്ടു പോലുമില്ല). ഞാന്‍ കണ്ണു മിഴിച്ചു. എന്നിട്ട് "അറിയില്ല" എന്ന ഭാവത്തില്‍ തലയാട്ടി. ഒരു നിമിഷം ആലോചിച്ച ശേഷം അയാള്‍ ചോദ്യം ഒന്ന് മാറ്റി... "ശരി, ഇത് എങ്ങോട്ടേയ്ക്ക് പോകുന്ന ബസ് ആണ്?"  ചോദ്യങ്ങള്‍ കന്നടയില്‍ ആയിരുന്നെങ്കിലും അത്രയൊക്കെ ആര്‍ക്കും മനസ്സിലാകുമല്ലോ.

ഞാന്‍ പിന്നെയും ഒന്ന് പരുങ്ങി. അതും എനിയ്ക്കറിയില്ലല്ലോ. ഞാന്‍ പിന്നെയും നിസ്സഹായാവസ്ഥയില്‍ അറിയില്ലെന്ന് തല കുലുക്കി.  സഹി കെട്ട് അയാള്‍ അടുത്തതായി ചോദിച്ചത് ഇത് എവിടെ നിന്ന് വരുന്ന ബസ് ആണെന്നാണെന്ന് തോന്നുന്നു. ആ ചോദ്യം തന്നെ എനിയ്ക്ക് ശരിയ്ക്ക് മനസ്സിലായില്ല. ഞാന്‍ ആകെ ചമ്മലിലായി. അയാളോട് എന്ത് പറയണം എന്നറിയാതെ ഞാന്‍ എനിയ്ക്ക് ആകെ അറിയാവുന്ന കന്നട അങ്ങ് പ്രയോഗിച്ചു "ഗൊത്തില്ല". എന്റെ പ്രതികരണം കണ്ട് അയാള്‍ ആകെ ഷോക്ക്‍ഡ് ആയ പോലെ. "ഇവന്‍ എന്ത് മനുഷ്യനാണ്? എവിടുന്ന് വരുന്ന ബസ്സ് ആണെന്നറിയില്ല. എങ്ങോട്ട് പോകുന്നു എന്നും അറിയില്ല. എന്നിട്ട് ബസ്സില്‍ കയറി ഞെളിഞ്ഞിരിയ്ക്കുകയും ചെയ്യുന്നു" എന്ന അതിശയം അയാളുടെ മുഖത്ത് തെളിഞ്ഞു നിന്നു. ആ ഒരു ഷോക്കില്‍ കണ്‍ഫ്യൂഷനടിച്ച് അയാള്‍ നിന്ന സമയം കൊണ്ട് ബസ്സ് ബ്ലോക്ക് ഒക്കെ മാറി നീങ്ങി തുടങ്ങിയതിനാല്‍ ഞാന്‍ രക്ഷപ്പെട്ട ആശ്വാസത്തോടെ ഒരു ദീര്‍ഘശ്വാസവും വിട്ട് എന്റെ യാത്ര തുടര്‍ന്നു.

"എന്റെ പൊന്നു ചേട്ടാ... ഞാന്‍ മജസ്റ്റിക്കില്‍ പോയിട്ട് മഡിവാളയ്ക്ക് തിരിച്ചു പോകുന്ന വഴിയാണ്. ഈ ബസ്സ് മഡിവാളയില്‍ പോകും എന്ന് മാത്രമേ എനിയ്ക്ക് അറിയൂ" എന്നൊക്കെ അദ്ദേഹത്തോട് ഒന്ന് പറഞ്ഞു മനസ്സിലാക്കണം എന്നു ഒരാഗ്രഹം എനിയ്ക്കുണ്ടായിരുന്നു (സത്യം പറഞ്ഞാല്‍ ഇപ്പോഴും ഉണ്ട്) പക്ഷേ, അതൊക്കെ എങ്ങനെ പറഞ്ഞ് ഒപ്പിയ്ക്കും എന്ന് അറിയാതെ നിസ്സഹായനായി മണ്ടനെ പോലെ ഇരിയ്ക്കേണ്ടി വന്നു, അന്ന്.

കുറച്ചു നാള്‍ മുന്‍പ്  ഒരു സഹപ്രവര്‍ത്തകന്‍ സനോജ് കാറില്‍ ഓഫീസിലേയ്ക്ക് വരുകയായിരുന്നു. വരും വഴി പുറകേ ഒരുത്തന്‍ ഒരു ബൈക്കില്‍ നിര്‍ത്താതെ ഹോണടിച്ച് വരുന്നത് കണ്ടപ്പോള്‍ എന്തോ കാര്യം ഉണ്ട് എന്ന് മനസ്സിലാക്കി കക്ഷി കാര്‍ സ്ലോ ചെയ്തു. പ്രതീക്ഷിച്ചതു പോലെ തന്നെ പിറകേ വന്നവന്‍ നേരെ വന്ന് ഓവര്‍ടേക്ക് ചെയ്ത് വണ്ടി ചവിട്ടി നിര്‍ത്തി എന്റെ സുഹൃത്തിനോട് ശബ്ദമുയര്‍ത്തി കന്നടയില്‍ കുറേ ചീത്ത പറഞ്ഞു. എന്തിനാണ് അയാള്‍ വന്ന് ചീത്ത പറഞ്ഞത് എന്നോ എന്താണ് ആ രണ്ടു മിനിട്ട് അയാള്‍ പറഞ്ഞതെന്നോ സനോജിന് മനസ്സിലായില്ല. അതു കൊണ്ടു തന്നെ തന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നു പോലും മനസ്സിലാക്കാതെ കക്ഷി അയാളോട് "സോറി" എന്ന് മാത്രം പറഞ്ഞ് അവിടെ നിന്ന് ഊരി പോരുകയായിരുന്നു.

ഇടയ്ക്ക് എപ്പോഴെങ്കിലും ഈ ടോപ്പിക്ക് സംസാരിയ്ക്കേണ്ടി വരുമ്പോള്‍ "എന്നാലും എന്തിനായിരുന്നു അയാള്‍ അന്ന് ചീത്ത പറഞ്ഞത്" എന്നും പറഞ്ഞ് സനോജ് ചിന്താമഗ്നനായി ഇരിയ്ക്കുന്നത് ഇപ്പോഴും കാണാറുണ്ട്.

കഴിഞ്ഞ വര്‍ഷം മറ്റൊരു സഹപ്രവര്‍ത്തകന്‍ ആയ ഇജാസ് ഓഫീസില്‍ നിന്ന് താമസ സ്ഥലത്തേയ്ക്ക് ബസ്സില്‍ പോകുകയായിരുന്നു. ഇടയ്ക്ക് ഓഫീസില്‍ വീണു കിട്ടുന്ന ഇടവേളകളില്‍ കന്നടക്കാരായ സഹപ്രവര്‍ത്തകരോട് ചോദിച്ച് കുറച്ചെന്തെങ്കിലും കന്നട വാക്കുകള്‍ പഠിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഒരു സ്വഭാവവും കക്ഷിയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ ഒരിയ്ക്കല്‍ കന്നടക്കാര്‍ സംസാരിയ്ക്കുന്നതു പോലെ തന്നെ കണ്ടക്ടറോട് ചോദിയ്ക്കുവാനായി എന്തോ ഒന്നു രണ്ടു വാചകങ്ങള്‍ (വേറേ ഏതോ സ്ഥലത്തെ കുറിച്ചോ, അങ്ങോട്ട് ഏത് ബസ്സ് കിട്ടുമെന്നോ എത്ര സമയമെടുക്കുമെന്നോ അങ്ങനെ എന്തൊക്കെയോ രണ്ടു മൂന്നു വാചകങ്ങള്) നല്ല ഫ്ലുവന്റ് ആയി പറയാന്‍ പഠിച്ച് (അത് പ്രാക്ടീസ് ചെയ്ത് കന്നട സഹപ്രവര്‍ത്തകര്‍ സര്‍ട്ടിഫൈ ചെയ്ത ശേഷം)കക്ഷി ബസ്സില്‍ കയറി.

മുന്‍ നിശ്ചയപ്രകാരം ഇജാസ് കണ്ടക്ടറുടെ കയ്യില്‍ നിന്ന് ടിക്കറ്റ് എടുത്ത ശേഷം അയാളെ ഒറ്റയ്ക്ക് കിട്ടിയ ഗ്യാപ്പില്‍ തന്നെ കന്നട പരിജ്ഞാനം പരീക്ഷിയ്ക്കാന്‍ തീരുമാനിച്ചു. അയാളോട് താന്‍ പഠിച്ചു വച്ച കന്നട വാചകങ്ങള്‍ വളരെ നാച്ചുറലായി അവതരിപ്പിച്ചു. അവന്റെ ഉച്ചാരണവും ശൈലിയുമെല്ലാം കേട്ട് ഇവന്‍ ഒരു കന്നടക്കാരനായിരിയ്ക്കും എന്ന് ധരിച്ച കണ്ടക്ടര്‍ നല്ല കന്നടയില്‍ കക്ഷിയുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി പറയുകയും ചെയ്തു. അവിടം വരെ കഥ സ്ക്രിപ്റ്റ് അനുസരിച്ചു തന്നെ നീങ്ങി.

എന്നാല്‍ അതിനു ശേഷമാണ് കഥ മാറിയത്. ഇവന്‍ ഏതോ കന്നടക്കാരനാണെന്ന് ധരിച്ച കണ്ടക്ടര്‍ ഇവനോട് തിരിച്ച് വേറെ എന്തൊക്കെയോ കന്നടയില്‍ ചോദിച്ചു. എന്നാല്‍ പഠിച്ചു വച്ചിരിയ്ക്കുന്ന കന്നട അതേ പോലെ പ്രയോഗിയ്ക്കാന്‍ മാത്രമാണല്ലോ എന്റെ സുഹൃത്ത് പഠിച്ചിരുന്നത്. അതു കൊണ്ടു തന്നെ, അയാള്‍ എന്താണ് ചോദിച്ചത് എന്നു മനസ്സിലാക്കാതെ ഇവന്‍ അന്തം വിട്ട് മിണ്ടാതെ വായും പൊളിച്ച് നിന്നു. അയാള്‍ പിന്നെയും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഉത്തരം പറയാതെ തനിയ്ക്ക് പറ്റിയ അമളി ഓര്‍ത്ത് അവന്‍ അയാളുടെ മുന്നില്‍ നിന്ന്ചിരിച്ചു പോകുകയും ചെയ്തു. അയാള്‍ ചോദിച്ചത് സീരിയസ് ആയ എന്തോ കാര്യമായിരുന്നതിനാല്‍ ഇവന്‍ മറുപടി പറയാതെ ചിരിച്ചു കൊണ്ടിരുന്നത് അയാളെ പ്രകോപിപ്പിയ്ക്കുകയും അയാള്‍ ശബ്ദമുയര്‍ത്തി കക്ഷിയെ ചീത്ത പറയാന്‍ തുടങ്ങി.

പിന്നെ ഒരു വിധത്തില്‍ അവന്‍ അയാളോട് തനിയ്ക്ക് കന്നട ശരിയ്ക്ക് അറിയില്ലെന്നും മറ്റും ഒരു വിധം പറഞ്ഞ് മനസ്സിലാക്കി അവിടെ നിന്ന് തടിയൂരുകയായിരുന്നു. എന്തായാലും അതോടെ കന്നട പഠിയ്ക്കാനുള്ള പ്ലാനും കക്ഷി ഉപേക്ഷിച്ചു.

ഇതു പോലെ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലെ ഏറ്റവും അവസാനത്തേതായിരുന്നു മറ്റൊരു സുഹൃത്തായ സുദിന് ഈ അടുത്ത കാലത്ത് നേരിട്ട സംഭവം. കക്ഷി ഹൂഡി സര്‍ക്കിളില്‍ നിന്ന് ഹോപ്ഫാം പോകുന്ന ബസ്സില്‍ ITPL ഉള്ള ഓഫീസിലേയ്ക്ക് വരാനായി കയറിയതായിരുന്നു. കുറച്ചു ദൂരം കഴിഞ്ഞ് ബിഗ് ബസാര്‍ സിഗ്നല്‍ എത്താറായപ്പോള്‍ ബാംഗ്ലൂര്‍ നിവാസി അല്ലാത്ത ഒരു കന്നടക്കാരന്‍ വൃദ്ധന്‍ സുദിന്റെ അടുത്ത് വന്ന് കന്നടയില്‍ ചോദിച്ചു.

"സത്യ സായി ഹോസ്പിറ്റല്‍ ഗേ ഹോഗ ബേകാന്ത്രെ എല്ലി ഇലി ബേക്കു" [ സത്യസായി ഹോസ്പിറ്റല്‍ ലേയ്ക്ക് പോകാനായി എവിടെയാണ് ഇറങ്ങേണ്ടത്?]

ചോദ്യം എന്താണെന്ന് സുദിന് കൃത്യമായി മനസ്സിലായി. സത്യ സായി ഹോസ്പിറ്റല്‍ വേറെ റൂട്ടില്‍ ആണ്. അങ്ങോട്ട് പോകണമെങ്കില്‍ ബിഗ് ബസാര്‍ സ്റ്റോപ്പില്‍ തന്നെ ഇറങ്ങണം. അവിടെ നിന്ന് വൈദേഹി ഹോസ്പിറ്റല്‍ വഴി പോകുന്ന ഏതെങ്കിലും ബസ്സില്‍ മാറി കേറണം.

പക്ഷേ, എന്റെയും മറ്റു സുഹൃത്തുക്കളുടെയും കാര്യം പറഞ്ഞതു പോലെ തന്നെ സുദിനും കന്നട കേട്ടാല്‍ കുറേയൊക്കെ മനസ്സിലാകുമെന്നല്ലാതെ തിരിച്ച് പറയാന്‍ ബുദ്ധിമുട്ടാണ്. ബസ് ആണെങ്കില്‍ കൃത്യം ആ സിഗ്നലില്‍ എത്തിയിരിയ്ക്കുകയാണ്. അങ്ങോട്ട് പോകണമെങ്കില്‍ അയാള്‍ അപ്പോള്‍ തന്നെ അവിടെ ഇറങ്ങുകയും വേണം. അതു കൊണ്ട് അറിയാവുന്ന കന്നട വച്ച് സുദിന്‍ ധൃതിയില്‍ പറഞ്ഞ് ഒപ്പിച്ചു.
 "ഇല്ലി കുത്ത്‌കൊള്ളി"

അവന്‍ ഉദ്ദേശ്ശിച്ചത് "വേഗം ഇവിടെ ഇറങ്ങിക്കോ" എന്ന് ആയിരുന്നു. പക്ഷെ, പറഞ്ഞതിന്റെ അര്‍ത്ഥമാണെങ്കില്‍ "ഇവിടെ ഇരുന്നോളൂ" എന്നും . സ്ഥലം ഉടനെ ഒന്നും എത്തില്ല എന്നും എത്തുമ്പോള്‍ എഴുന്നേറ്റാല്‍ മതിയാകും എന്നും ആണ് സുദിന്റെ മറുപടിയില്‍ നിന്ന് ആ പാവം വൃദ്ധന്‍ മനസ്സിലാക്കിയത്. സ്ഥലം ആകുമ്പോള്‍ കക്ഷി അദ്ദേഹത്തെ വിളിച്ച് ഇറക്കിക്കോളുമായിരിയ്ക്കും എന്നും ആ പാവത്തിന് തോന്നിക്കാണും. ആ ആശ്വാസത്തില്‍ അയാള്‍ അടുത്ത് ഒഴിഞ്ഞു കണ്ട സീറ്റില്‍ കയറി സമാധാനത്തോടെ ഇരുപ്പായി.

വണ്ടി ആണെങ്കില്‍ ആ ജങ്ങ്ഷന്‍ കഴിഞ്ഞ് അവിടെ നിന്ന് നീങ്ങാനും തുടങ്ങി. പണി പാളി എന്ന് മനസ്സിലാക്കിയ സുദിന്‍ ആ വൃദ്ധനെ "താന്‍ ഉദ്ദേശ്ശിച്ചത് അവിടെ ഇരിയ്ക്കാനല്ല, അവിടെ ഇറങ്ങാനാണ്" എന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നറിയാതെ കുഴങ്ങി. പിന്നെ അത് തന്നെക്കൊണ്ട് പറഞ്ഞു മനസ്സിലാക്കാനൊക്കില്ല എന്ന നഗ്ന സത്യം മനസ്സിലാക്കി, രണ്ടും കല്പിച്ച് പെട്ടെന്ന് ഒരു തീരുമാനമെടുത്തു. തൊട്ടടുത്ത സ്റ്റോപ്പില്‍ തന്നെ, ITPL ഓഫീസ് സ്റ്റോപ്പിനും മുന്‍പേ സുദിന്‍ ചാടിയിറങ്ങി. എന്നിട്ട് ഓഫീസിലേയ്ക്കുള്ള ബാക്കി ദൂരം കഷ്ടപ്പെട്ട് നടന്നു.

ആ പാവം ബസ്സിന്റെ ലാസ്റ്റ് സ്റ്റോപ്പ് (അവിടുന്ന് രണ്ട് സ്റ്റോപ്പ് അകലെ) വരെ പോയിട്ട് തിരിച്ചു വന്നു കാണുമോ അതോ വേറെ ആരോടെങ്കിലും ചോദിച്ച് അതിനു മുന്‍പേ ഇറങ്ങിക്കാണുമോ എന്നറിയില്ലെങ്കിലും വഴി തെറ്റിച്ചു പറഞ്ഞതിന് തന്നെ പ്രാകി കാണും എന്ന് മാത്രം സുദിന് ഉറപ്പാണ്.