Friday, October 7, 2011

പിള്ളേച്ചനും നൈറ്റ് ഷിഫ്റ്റും

കുറേ നാളായി ബ്ലോഗില്‍ പോസ്ററ്റുകള്‍ എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. എഴുതാന്‍ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് താമസം വന്നാല്‍ പിന്നെ വീണ്ടും എഴുതി തുടങ്ങുന്നത് വലിയ ബദ്ധപ്പാടു തന്നെ. അതിന്റെ ഒപ്പം ജോലിത്തിരക്കുകളും മടിയും കൂടി ആയാല്‍ പിന്നെ പറയുകയും വേണ്ട. അതാണ് ഇപ്പോള്‍ എന്റെ കാര്യത്തിലും സംഭവിച്ചിരിയ്ക്കുന്നത്.

സമയക്കുറവും മൂലം ബ്ലോഗിലേക്കുള്ള വരവു തന്നെ കുറഞ്ഞിരിയ്ക്കുകയാണ്. സ്ഥിരമായി വായിയ്ക്കാറുണ്ടായിരുന്ന കുറേ ബ്ലോഗുകള്‍ പോലും നോക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. വായന പോലും നടക്കാത്തപ്പോള്‍ പിന്നെ എഴുത്തിന്റെ കാര്യം പറയാനില്ലല്ലോ. വൈകാതെ എഴുതി തുടങ്ങാം എന്നൊക്കെ കരുതുന്നതല്ലാതെ എഴുത്ത് മാത്രം നടന്നില്ല. ഓണം ആകുമ്പോള്‍ എന്തേലും എഴുതിക്കളയാമെന്ന് ഉറപ്പിച്ചതാണ്. അതും നടന്നില്ല. :(

കുറേ നാളുകള്‍ക്ക് ശേഷം ബ്ലോഗില്‍ എന്തേലും എഴുതാമെന്ന് വച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് പിള്ളേച്ചനെ ആണ്. പിള്ളേച്ചനെ മുന്‍പ് പലപ്പോഴായി ഞാന്‍ ബ്ലോഗില്‍ അവതരിപ്പിച്ചിട്ടുള്ളതാണ്. അവനെ പറ്റി പറയാന്‍ തുടങ്ങിയാല്‍ അതിനു മാത്രമേ നേരം കാണൂ എന്നതു കൊണ്ട് മാത്രമാണ് അധികം എഴുതാത്തത്.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ജോലിത്തിരക്കിനെ പറ്റിയും നൈറ്റ് ഷിഫ്റ്റ് ചെയ്യുമ്പോള്‍ താനും റൂം മേറ്റ്സും അനുഭവിയ്ക്കുന്ന കഷ്ടപ്പാടുകളെപ്പറ്റിയുമെല്ലാം വിവരിയ്ക്കുകയായിരുന്നു. ഇടയ്ക്ക് ഒന്നോ രണ്ടോ ആഴ്ചത്തെ ഷിഫ്റ്റ് ചെയ്യേണ്ടി വരുമ്പോള്‍ തന്നെ സാധാരണയുള്ള നമ്മുടെ ജീവിത ശൈലി മൊത്തത്തില്‍ തകിടം മറിയുമെന്നും രാത്രിയില്‍ മുഴുവനും ഉറക്കമിളച്ച് ജോലി ചെയ്യണമെന്നു മാത്രമല്ല, പകല്‍ നേരാം വണ്ണം ഉറക്കവും നടക്കാറില്ല എന്നുമൊക്കെ അവന്‍ പറയുകയായിരുന്നു. ഇപ്പോള്‍ കുറേ നാളായി, കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷത്തോളമായി ചിലപ്പോഴൊക്കെ എനിയ്ക്കും നൈറ്റ് ഷിഫ്റ്റില്‍ വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നതിനാല്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ എനിയ്ക്കും മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

അങ്ങനെ ഞങ്ങള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്ന കൂട്ടത്തില്‍ നൈറ്റ് ഷിഫ്റ്റ് കാരണം ഒരുമിച്ച് താമസിയ്ക്കുന്ന സുഹൃത്തുക്കളുടെ കൂടി ഉറക്കം ചിലപ്പോഴൊക്കെ നഷ്ടപ്പെടേണ്ടി വരുന്നതിനെ പറ്റിയും സംസാരിയ്ക്കാന്‍ ഇട വന്നു. അപ്പോഴാണ് ഞങ്ങളുടെ സുഹൃത്തായ പിള്ളേച്ചന്‍ കുറച്ചു നാള്‍ നൈറ്റ് ഷിഫ്റ്റ് വര്‍ക്ക് ചെയ്തപ്പോള്‍ ഞങ്ങളനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി ഓര്‍മ്മ വന്നത്.

കാരണങ്ങള്‍ എന്തു തന്നെ ആയാലും ഉറക്കം ഒരു വിധത്തിലും നഷ്ടപ്പെടുന്നത് സഹിയ്ക്കാനാകാത്ത വ്യക്തിയാണ് ഈ പിള്ളേച്ചന്‍. എന്നിട്ടും അവന്‍ നൈറ്റ് ഷിഫ്റ്റ് വര്‍ക്ക് ചെയ്യാന്‍ താല്പര്യം കാണിക്കുന്നത് എന്തായിരിയ്ക്കും എന്ന് ആദ്യമൊക്കെ ഞങ്ങള്‍ അതിശയിച്ചിരുന്നു. പിന്നീടാണ് അവരുടെ കമ്പനിയില്‍ രാത്രി വര്‍ക്ക് ചെയ്യുന്നതിന്റെ ഗുണഗണങ്ങള്‍ അവന്‍ തന്നെ ഞങ്ങളോട് വിശദീകരിച്ചത്. രാത്രി സമയത്ത് വര്‍ക്ക് കുറവായിരിയ്ക്കുമെന്ന് മാത്രമല്ല, ഷിഫ്റ്റ് അലവന്‍സായി നല്ലൊരു തുകയും മാസാവസാനം കയ്യില്‍ തടയുമത്രെ. ഇതിനെല്ലാം പുറമേ രണ്ടോ മൂന്നോ മണിക്കൂര്‍ നേരം ഇരുന്നു വര്‍ക്ക് ചെയ്തിട്ട് ബാക്കി സമയം കോണ്‍ഫറസ് റൂമിലോ മറ്റോ പോയിക്കിടന്ന് ഉറങ്ങാനുള്ള സൌകര്യം പോലും അവര്‍ക്കുണ്ടായിരുന്നത്രെ. അപ്പോ പിന്നെ, അവന്‍ നൈറ്റ് ഷിഫ്റ്റ് ചോദിച്ചു വാങ്ങി 'ജോലിയോടുള്ള ആത്മാര്‍ത്ഥത' കാണിയ്ക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ!

എന്തു തന്നെയായാലും അവന്റെ നൈറ്റ് ഷിഫ്റ്റ് കാരണം ഉറക്കം നഷ്ടപ്പെട്ടിരുന്നത് അവന്റെ മാത്രമായിരുന്നില്ല എന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായി തോന്നിയത്. അവന്‍ രാത്രിയില്‍ എന്നൊക്കെ ജോലിയ്ക്ക് പോയിട്ടുണ്ടോ... അന്നൊക്കെ എന്തെങ്കിലും ഗുലുമാലുകള്‍ ഒപ്പിച്ചു വച്ചിട്ടുണ്ടാകും.

അവന് നൈറ്റ് ഷിഫ്റ്റ് ഉള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ഓഫീസില്‍ നിന്നു വരുമ്പോള്‍ വാതിലൊന്ന് തുറന്ന് അകത്തു കയറാനുള്ള കഷ്ടപ്പാടാണ് അതിലൊന്ന്. പലരും പല ഓഫീസിലായതിനാലും ജോലി സമയങ്ങളിലെ വ്യത്യാസം മൂലവും എല്ലാവരുടെ കയ്യിലും ഞങ്ങളുടെ റൂമിന്റെ ഓരോ കീ വീതമുണ്ടായിരുന്നു. ആരെങ്കിലും പകല്‍ വീട്ടിലുള്ള സമയത്ത് അവര്‍ക്ക് ഉറങ്ങണമെങ്കില്‍ റൂം അകത്തു നിന്നും പൂട്ടിയ ശേഷം കിടന്നുറങ്ങണമെന്ന് എല്ലാവരും പരസ്പരം പറഞ്ഞു ധാരണയായിട്ടുള്ളതുമാണ് [അകത്തു നിന്നും പുറത്തു നിന്നും പൂട്ടാവുന്ന തരം വാതിലായിരുന്നു അത് - താഴിട്ടു പൂട്ടുന്ന തരമല്ല]. അതാകുമ്പോള്‍ പുറത്തു നിന്ന് ഏതു സമയത്ത് വരുന്ന ഒരാള്‍ക്കും ബുദ്ധിമുട്ടില്ലാതെ അകത്തു കയറാമല്ലോ. മാത്രമല്ല, അകത്ത് കിടന്ന് ഉറങ്ങുന്ന ആളെ ശല്യപ്പെടുത്തേണ്ടിയും വരില്ല.

ഈ കാര്യം പല തവണ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും പിള്ളേച്ചന്‍ അങ്ങനെ ചെയ്യാറില്ല. അവന്‍ ഉച്ചക്ക് ശേഷം കിടന്നുറങ്ങും മുന്‍പ് വാതില്‍ അകത്തു നിന്ന് അടച്ച് തഴുതിടും. തൊട്ടടുത്തു തന്നെ അലാറം എല്ലാം സെറ്റ് ചെയ്ത് വയ്ക്കാനായി അവന്റെ മൊബൈലും വയ്ക്കാറുണ്ട്. പക്ഷേ ഇതൊന്നും തന്നെ വൈകുന്നേരം ഓഫീസില്‍ നിന്ന് ക്ഷീണിച്ച് വരുന്ന ഞങ്ങളെ സഹായിയ്ക്കാറില്ല. വാതിലില്‍ മുട്ടി വിളിച്ചാലോ അവന്റെ മൊബൈലിലേയ്ക്ക് ഫോണ്‍ ചെയ്താലോ ഒന്നും ആശാന്‍ അറിയാറില്ല. ഓഫീസില്‍ നിന്നും വീട്ടിലെത്തുന്ന ഞങ്ങള്‍ വാതിലിലും ജനലിലും മാറി മാറി തട്ടി വിളിച്ചും അവന്റെ മൊബൈലിലേയ്ക്ക് തുടര്‍ച്ചയായി വിളിച്ചും കുറേ നേരം കളയാതെ പിള്ളേച്ചന്‍ അവന്റെ പള്ളിയുറക്കത്തില്‍ (പിള്ളയുറക്കമെന്നും വിളിയ്ക്കാം) നിന്ന് ഉണരാറില്ല. ഇനി ഉണര്‍ന്നാലോ ബോധം വീഴാന്‍ പിന്നെയും 5-10 മിനിട്ട് സമയമെടുക്കും. പിന്നെ പതുക്കെ എഴുന്നേറ്റ്, ആടിയാടി വന്ന് വാതില്‍ തുറന്നു തരും. എന്നിട്ട് പിന്നെയും ഉറങ്ങാന്‍ പോകും.അത്രയും നേരം കഷ്ടപ്പെടുത്തിയതിന് രണ്ടു ചീത്ത വിളിയ്ക്കാമെന്നു വച്ചാലും ഉറക്കപ്പിച്ചില്‍ അവനതൊന്നും ശ്രദ്ധിയ്ക്കാറുമില്ല.

അവസാനം അവനെ ചീത്ത പറയുന്നതും കുടം കമഴ്ത്തി വച്ച് വെള്ളമൊഴിയ്ക്കുന്നതും ഒരു പോലെയാണെന്ന് മനസ്സിലാക്കി ഞങ്ങള്‍ ചീത്ത പറച്ചില്‍ അവസാനിപ്പിയ്ക്കും. ഫലം... ഇതേ പ്രവൃത്തി അവന്‍ മിക്കവാറും ദിവസങ്ങളില്‍ ആവര്‍ത്തിയ്ക്കും. അവന്‍ ഉറക്കപ്പിച്ചിലല്ലാതെ സ്വബോധത്തോടെ ഇരിയ്ക്കുമ്പോള്‍ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൂടേ എന്ന ഒരു സംശയം ന്യായമായും ഇത് വായിയ്ക്കുന്നവരുടെ മനസ്സില്‍ തോന്നിയേക്കാം. പക്ഷേ, ഉറക്കമില്ലാത്തപ്പോഴും സ്വബോധം എന്നൊരു സാധനം ഉണ്ടാകണ്ടേ? (പറയാഞ്ഞിട്ടല്ല, പക്ഷേ അതു കൊണ്ട് ഒരു ഗുണവും ഉണ്ടായിക്കണ്ടിട്ടില്ല)

അവന്‍ തന്റെ ഉറക്കം ഏതാണ്ട് 6 മണി വരെയൊക്കെ തുടരും. അവസാനം കുളിയെല്ലാം കഴിഞ്ഞ് ഡ്രസ്സ് മാറി റെഡിയായി വന്ന് ഭക്ഷണം കഴിയ്ക്കും. എന്നിട്ട് പോകാന്‍ തയ്യാറായ അതേ വേഷത്തില്‍ അറ്റന്‍ഷനായി ബെഡ്ഡില്‍ വന്ന് വീണ്ടും മയങ്ങാന്‍ കിടക്കും. കാബ് ഡ്രൈവര്‍ വിളിയ്ക്കുമ്പോള്‍ മാത്രം എഴുന്നേറ്റാല്‍ മതിയല്ലോ, അത്രയും നേരം ഉറക്കം കളയുന്നതെന്തിന് എന്നതാണ് അവന്റെ ന്യായം! അവസാനം ക്യാബ് ഡ്രൈവര്‍ വിളിച്ചാല്‍ ചാടിയെഴുന്നേറ്റ് ഒറ്റ ഓട്ടമാണ്. ഇതെല്ലാം കഴിഞ്ഞാല്‍ ക്യാബില്‍ കയറി അവിടെയും ഇരുന്ന് ഉറക്കം തന്നെയാണ് ഓഫീസിലെത്തും വരെ പണി എന്നതാണ് മറ്റൊരു അത്ഭുതം.

ഇനി പ്രശ്നങ്ങള്‍ ഇതു കൊണ്ട് അവസാനിയ്ക്കുമെങ്കില്‍ പോട്ടെ എന്ന് വയ്ക്കാമായിരുന്നു. ഇത് അങ്ങനെയല്ല. ഇവന്‍ വര്‍ക്ക് കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തുന്നത് അതിരാവിലെ മൂന്നുമണി- മൂന്നരയോടെ ആണ്. ആ നേരത്ത് മന:പൂര്‍വ്വമല്ലെങ്കിലും ആശാന്‍ ഞങ്ങളെ ആരെയെങ്കിലുമൊക്കെ മിക്കവാറും ഉണര്‍ത്തിയിരിയ്ക്കും. ചിലപ്പോള്‍ കീ എടുക്കാന്‍ മറന്നതിനാല്‍ ആ നേരത്ത് നമ്മെ വിളിച്ചുണര്‍ത്തും, വേറെ ചിലപ്പോള്‍ കിടക്കാന്‍ വരുമ്പോള്‍ ആരുടെയെങ്കിലും ദേഹത്തു തട്ടും... അങ്ങനെയങ്ങനെ.

ഒരു ദിവസം വെളുപ്പിന് മൂന്നര ആയിക്കാണും. കോളിങ്ങ് ബെല്‍ തുടര്‍ച്ചയായി അടിയ്ക്കുന്ന ശബ്ദം കേട്ടു കൊണ്ടാണ് ഞാന്‍ കണ്ണു തുറക്കുന്നത്. നല്ല ഉറക്കമായതിനാല്‍ സ്ഥലകാലബോധം വരാന്‍ കുറച്ചു നിമിഷങ്ങള്‍ വേണ്ടി വന്നു. കണ്ണു തുറന്ന് തല പൊക്കി, ചുറ്റും നോക്കിയപ്പോള്‍ മറ്റാരും ബെല്ലടിയ്ക്കുന്നത് അറിഞ്ഞ ലക്ഷണമില്ല. ആ സമയമായതിനാല്‍ പിള്ളേച്ചനായിരിയ്ക്കും എന്നുറപ്പാണ്. അവസാനം ഉറക്കം നഷ്ടപ്പെട്ട ഈര്‍ഷ്യയോടെ ഞാന്‍ തന്നെ പതുക്കെ എഴുന്നേറ്റ് വാതിലിനടുത്തേയ്ക്ക് ചെന്നു. അവന്‍ വെളുപ്പിന് വരുമെന്നറിയാവുന്നതിനാലും ഉറക്കം കളയാന്‍ എല്ലാവര്‍ക്കും മടി ആയതിനാലും രാത്രി കിടക്കുമ്പോള്‍ ഡോര്‍ ലോക്ക് ചെയ്യുകയാണ് പതിവ്. പക്ഷേ, തലേന്ന് അവസാനം കിടന്നവര്‍ ആരോ അക്കാര്യം മറന്ന് വാതില്‍ അകത്തു നിന്ന് അടച്ചു തഴുതിട്ടു കാണുമെന്നാണ് ഞാനോര്‍ത്തത്.

പക്ഷേ, അവിടെ ചെന്നപ്പോള്‍ വാതില്‍ പൂട്ടിയിരിയ്ക്കുക തന്നെയാണ്. പിള്ളേച്ചന് അത് തുറക്കാവുന്നതേയുള്ളൂ. കീ അവന്റെ കയ്യിലുണ്ടാകണമല്ലോ. അതാലോചിച്ചപ്പോള്‍ എനിയ്ക്ക് ദേഷ്യം വന്നു. പിന്നെന്തിനാണ് അവന്‍ ബെല്ലടിയ്ക്കുന്നത്? ഞാന്‍ അകത്തു നിന്ന് വിളിച്ചു ചോദിച്ചു - "നിനക്ക് തന്നെ തുറന്നു കൂടേ പിള്ളേച്ചാ? ഇത് പൂട്ടിയിരിയ്ക്കുകയാണല്ലോ"

"എടാ, ഞാന്‍ ഇന്ന് കീ എടുക്കാന്‍ മറന്നു പോയി. നീ നിന്റെ കീ എടുത്ത് വാതില്‍ ഒന്ന് തുറന്നു താ". അവന്റെ മറുപടി കേട്ടപ്പോള്‍ എന്റെ ദേഷ്യം കൂടിയതേയുള്ളൂ. എന്തായാലും കീ എടുക്കാന്‍ മറന്നതിനും എന്റെ ഉറക്കം കളഞ്ഞതിനും അവനെ ചീത്ത പറഞ്ഞു കൊണ്ട് ഞാന്‍ എന്റെ കീയെടുത്ത് വാതില്‍ തുറന്നു കൊടുത്തു. ഇനി മേലില്‍ കീ എടുക്കാന്‍ മറക്കരുത് എന്ന് ഓര്‍മ്മിപ്പിയ്ക്കുകയും ചെയ്തു.

അങ്ങനെ അന്നത്തെ രാത്രി കഴിഞ്ഞു. അടുത്ത ദിവസം രാത്രിയായി. അന്നും വെളുപ്പിന് മൂന്നരയോടെ വാതില്‍ക്കല്‍ ബെല്ലടിയ്ക്കുന്നത് കേട്ടാണ് ഞാനുണര്‍ന്നത്. പഴയപടി മറ്റാരും അറിഞ്ഞ മട്ടില്ല. ആരേലും എഴുന്നേല്‍ക്കട്ടെ എന്നോര്‍ത്ത് ഞാന്‍ കുറച്ചു നേരം വെയ്റ്റ് ചെയ്തു. ഒരു രക്ഷയുമില്ല. അത്രയും ബെല്ലടിച്ചിട്ടും ആരുമെഴുന്നേല്‍ക്കുന്നില്ല. പിള്ളേച്ചന്‍ പുറത്തു നിന്ന് എന്റെ പേരെടുത്ത് വിളിയ്ക്കുന്നതും കേള്‍ക്കാം. അടുത്ത നിമിഷം എന്റെ മൊബൈലിലേയ്ക്കും അവന്റെ മിസ്‌കോള്‍ വന്നു. (ഇനി ബെല്ലടിച്ചത് ഞാനറിഞ്ഞില്ലെങ്കില്‍ മൊബൈലടിയ്ക്കുന്നത് കേട്ട് ഉണരണമല്ലോ)

ഗതി കെട്ട് ഞാന്‍ വീണ്ടുമെഴുന്നേറ്റ് വാതിലിനടുത്ത് ചെന്നു. തലേന്നത്തെ പോലെ തന്നെ.വാതില്‍ പൂട്ടിയിരിയ്ക്കുക തന്നെയാണ്. അന്നും അവന്‍ കീ എടുക്കാന്‍ മറന്നിരിയ്ക്കുന്നു. ഞാന്‍ അവനെ പ്രാകിക്കൊണ്ട് കീയുമെടുത്ത് വാതില്‍ തുറന്നു. ഒരു ചമ്മിയ ചിരിയുമായി അവന്‍ പറഞ്ഞു "എടാ, ഞാനിന്നും കീയെടുക്കാന്‍ മറന്നു. നീ ചീത്ത പറയണ്ട, ഇനി ഞാന്‍ മറക്കില്ല". മനസ്സില്‍ നിന്ന് തികട്ടി വന്ന ദേഷ്യം മുഴുവന്‍ കടിച്ചമര്‍ത്തി ഞാന്‍ തിരിച്ചു വന്ന് കിടന്നു.

എന്നാലും കിടക്കാന്‍ നേരം ഞാന്‍ അവനോട് ചോദിച്ചു. 'അല്ല, വാതില്‍ തുറക്കാന്‍ വൈകിയപ്പോള്‍ നീ എന്തിനാ എന്റെ മൊബൈലിലേയ്ക്ക് തന്നെ വിളിച്ചത്. ഇവിടെ ഞാനല്ലാതെ വേറെയും നാലഞ്ചു പേരില്ലേ?"

"അതു പിന്നെ, നീ മാത്രമേ എഴുന്നേല്‍ക്കൂ എന്നെനിയ്ക്കറിയാം. അതുമല്ല, അവന്മാരെങ്ങാനും എണീറ്റ് വന്നാല്‍ ചിലപ്പോ ഇതാവില്ല എന്റെ സ്ഥിതി"

"ഉം. ഇനി എങ്ങാനും ഇതാവര്‍ത്തിച്ചാല്‍... നീ എന്റെ കയ്യീന്ന് മേടിയ്ക്കും. പറഞ്ഞില്ലാന്ന് വേണ്ട" ഇങ്ങനെ ഒരു ഭീഷണിയോടെ ഞാന്‍ ബാക്കി ഉറക്കത്തിലേയ്ക്ക് മടങ്ങി.

ഇവിടം കൊണ്ടും ഈ സംഭവം അവസാനിച്ചില്ല. തൊട്ടടുത്ത ദിവസം രാത്രിയായി. അതായത് തുടര്‍ച്ചയായ മൂന്നാമത്തെ രാത്രി. അന്നും വെളുപ്പിന് മൂന്നരയായപ്പോള്‍ പതിവു പോലെ ബെല്ലടിയ്ക്കാന്‍ തുടങ്ങി. ബെല്ലടിയ്ക്കുന്നത് കേട്ട നിമിഷം തന്നെ ഞാന്‍ ചാടിയെഴുന്നേറ്റു. തൊട്ടു മുന്‍പിലത്തെ 2 ദിവസത്തെ അനുഭവത്തിനു ശേഷവും പിള്ളേച്ചന്‍ ഇതാവര്‍ത്തിയ്ക്കുന്ന ദേഷ്യത്തോടെ അവനെ കൊന്നു തിന്നാനുള്ള കലിയോടെ ഞാന്‍ കീയുമെടുത്ത് വാതില്‍ തുറന്നു.

വാതില്‍ അങ്ങ് തുറന്ന് പൊട്ടിത്തെറിയ്ക്കാനുള്ള ഭാവത്തോടെ ഞാനവനെ നോക്കുമ്പോള്‍ കാണുന്നത് വളരെ ധൃതിയില്‍ തിരക്കു പിടിച്ച് ബാഗിന്റെ സിബ്ബ് തുറന്ന് കീയിമെടുത്ത് തിരിയുന്ന പിള്ളേച്ചനെയാണ്. എനിയ്ക്കെന്തെങ്കിലും പറയാന്‍ കഴിയും മുന്‍പേ അവന്‍ പറഞ്ഞു തുടങ്ങി. "എടാ സോറി ഡാ, സോറി. നീ ഒന്നും പറയല്ലേ... കീ എന്റെ കയ്യിലുണ്ടായിരുന്നു, ഞാന്‍ മറന്നു പോയി. കഴിഞ്ഞ ദിവസങ്ങളിലെ ഓര്‍മ്മയില്‍ ഇവിടെ എത്തിയപ്പോള്‍ ഞാനറിയാതെ ബെല്ലടിച്ചതാ. അതു കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് കീ എന്റെ ബാഗിലുണ്ടല്ലോ എന്ന്"

അവന്‍ അത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിയ്ക്ക് ദേഷ്യത്തിനു പകരം ചിരിയാണ് വന്നത്. തുടര്‍ച്ചയായി മൂന്നു ദിവസം എന്റെ ഉറക്കം തടസ്സപ്പെടുത്തിയിട്ട് അവന്റെ നിഷ്കളങ്കമായ പറച്ചില്‍ കേട്ടില്ലേ??? കീ കയ്യിലുണ്ടായിരുന്നിട്ടെന്ത് കാര്യം... അന്നും എന്റെ ഉറക്കം പോയില്ലേ എന്ന് ചോദിച്ചപ്പോള്‍ എന്തു പരിഹാരം ചെയ്യുമെന്നറിയാതെ അവനും ചമ്മലോടെ ചിരിച്ചു. അതു കൂടി കണ്ടതോടെ എന്റെ ദേഷ്യം മുഴുവനായും മാറി എന്നതാണ് സത്യം.

അടുത്ത അവധി ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിയ്ക്കുന്ന അവസരത്തില്‍ ഞാന്‍ ഇക്കാര്യം എല്ലാവരോടും സൂചിപ്പിച്ചു. അപ്പോഴാണ് അഭിലാഷും മറ്റും ഒരു ചെറുചിരിയോടെ പറയുന്നത്, ബെല്ലടിയ്ക്കുന്ന ശബ്ദം ഒന്നു രണ്ടു തവണ ഉറക്കത്തിനിടയ്ക്ക് അവരും കേട്ടിരുന്നുവത്രെ. പക്ഷേ, ഞാന്‍ എഴുന്നേറ്റ് തുറന്നോളുമെന്നറിയാവുന്നതിനാല്‍ അവര്‍ കേട്ട ഭാവം നടിയ്ക്കാതെ ഉറക്കം തുടര്‍ന്നതാണത്രെ.

എന്തായാലും ആ സംഭവത്തിനു ശേഷമെങ്കിലും പിള്ളേച്ചന്‍ രാവിലെ വന്ന് ബെല്ലടിച്ച് ഞങ്ങളെ ഉണര്‍ത്താതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷെ പകലുറക്കവും പോകാന്‍ റെഡിയായ ശേഷം അറ്റന്‍ഷനില്‍ കിടന്നുള്ള ഉറക്കവും ക്യാബിലെ ഉറക്കവുമെല്ലാം കമ്പനി പൂട്ടി, അവന്റെ ആ ജോലി പോകുന്ന വരെ നിര്‍ബാധം തുടര്‍ന്നു.

അവസാനം ആ ജോലി നഷ്ടപ്പെട്ട ശേഷം ബാംഗ്ലൂര്‍ ജീവിതം മതിയാക്കി പിള്ളേച്ചന്‍ നാട്ടിലേയ്ക്ക് തിരികെ പോയി. ഇപ്പോള്‍ എറണാകുളത്ത് അവന്‍ ജോലി ചെയ്യുന്ന സ്ഥലത്തെ അവസ്ഥ എന്തായാലും നൈറ്റ് ഷിഫ്റ്റ് ഇല്ലാത്തതിനാല്‍ ഇത്രയ്ക്ക് പരിതാപകരമാകാനിടയില്ല എന്ന് സമാധാനിയ്ക്കാം.

Tuesday, August 2, 2011

ബിപിസി - കലാലയ സ്മരണകള്‍

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍‌പ്... അതായത് 1999 ആഗസ്ത് 2. അന്നായിരുന്നു പിറവത്തെ ബിപിസി എന്ന കലാലയത്തില്‍ ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസം തുടങ്ങിയത്. ആ കലാലയത്തിലെ മൂന്നു വര്‍ഷത്തെ പഠനകാലം! അതൊരു അനുഭവമായിരുന്നു. ജീവിതത്തില്‍ ഏറ്റവുമധികം ആസ്വദിച്ച കാലമായിരുന്നു അത്. പലരും പറഞ്ഞു കേട്ടറിവു മാത്രമായിരുന്ന കോളേജ് ലൈഫ് ശരിയ്ക്ക് ആഘോഷിച്ചത് അവിടെ വച്ചായിരുന്നു.

ഇന്ന് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉപരിപഠനവും ജോലിത്തിരക്കുകളുമായി എല്ലാവരും പലയിടങ്ങളിലാണ്. ഭൂരിഭാഗം പേരും കുടുംബസ്ഥരായിക്കഴിഞ്ഞു. നാട്ടില്‍ ഉള്ളവര്‍ തന്നെ ചുരുക്കം. ഇടയ്ക്ക് വല്ലപ്പോഴുമെല്ലാം സുഹൃദ് സംഗമങ്ങള്‍ സംഘടിപ്പിയ്ക്കണം എന്ന് ഞാന്‍ കരുതാറുണ്ട്. എല്ലാവര്‍ക്കും ആഗ്രഹവുമുണ്ട്. പക്ഷേ, എല്ലാവരേയും ഇതു വരെ ഒരുമിച്ച് കിട്ടിയിട്ടില്ല. കുറേ പേരെ ഇപ്പോഴും തിരഞ്ഞു കൊണ്ടിരിയ്ക്കുന്നു. എങ്കിലും എന്നെങ്കിലും ഒരിയ്ക്കല്‍ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു കൂടും... ഞങ്ങളുടെ പഴയ ബിപിസിയുടെ മുറ്റത്ത്...
ഒരിയ്ക്കല്‍ കൂടി ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസത്തെ സ്മരിച്ചു കൊണ്ട്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തെ സ്മരിച്ചു കൊണ്ട്... ഈ പോസ്റ്റ് ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്കും അന്നത്തെ എല്ലാ സഹപാഠികള്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.
കാലമിന്നിന്‍ വിണ്ണിലാകെ കാര്‍ നിറയ്ക്കുന്നൂ
ഓര്‍മ്മപ്പൂക്കളെന്നെ പൂമഴയാല്‍ കുളിരു കോരുന്നൂ
കുന്നുകേറും സ്മരണയെന്നില്‍ വീണ്ടുമെത്തുന്നൂ
കന്നീറ്റുമലയില്‍* കാലമിന്നും പൂ വിരിയ്ക്കുന്നൂ...

ഒച്ച വച്ചു നടന്ന നാളിന്‍ താളമുണരുന്നൂ, മച്ചിന്‍
മേലെ നിന്നും മറവി തന്‍ മാറാല നീങ്ങുന്നൂ
കൂട്ടരൊത്തൊരുമിച്ചു വാഴും കാലമിന്നോര്‍ക്കേ, കാറ്റിന്‍
കൈകള്‍ വന്നെന്‍ കാതിലേതോ പാട്ടു മൂളുന്നൂ...

ദൂരെയെങ്ങോ തപ്പുകൊട്ടിന്‍ മേളമുയരുന്നൂ, വീണ്ടും
കോടമഞ്ഞില്‍ രാവിലെങ്ങും കുളിരു മൂടുന്നൂ
ചേര്‍ന്നു പാടിയ നാടന്‍ പാട്ടിന്‍ ഈണമുയരുന്നൂ, എന്നോ
പെയ്തു തോര്‍ന്നൊരു കാലമെന്നില്‍ നോവുണര്‍ത്തുന്നൂ...

ദൂരെയിങ്ങീ നാട്ടില്‍ ഞാനിന്നേകനാകുന്നൂ
വീണ്ടുമിനിയൊരു സംഗമത്തെ കാത്തിരിയ്ക്കുന്നൂ
ഇന്നുമെന്നില്‍ സൌഹൃദത്തിന്‍ കാറ്റു വീശുന്നൂ
ആ കാറ്റിലെന്നുടെ കണ്ണു നീരിന്നാവിയാകുന്നൂ...

* കന്നീറ്റുമല - പിറവം അപ്പോളോ ജംഗ്‌ഷനിലെ കന്നീറ്റു മല എന്നറിയപ്പെടുന്ന കുന്നിലാണ് പിറവം ബിപിസി കോളേജ് സ്ഥിതി ചെയ്യുന്നത്.

ഓർമ്മപ്പൂക്കൾ


ഓർ‌മ്മപ്പൂക്കൾ‌ നുള്ളി കന്നീറ്റുമലയുമേറി
​തട്ടു ദോശ തിന്നും അത്താഴം കഞ്ഞി വച്ചും
​​പൊഴിഞ്ഞ

​ ​
നാളുകൾ‌ മനസ്സിലോ... [ഓർ‌മ്മപ്പൂക്കൾ‌...]

​​കൂട്ടുകാരെ നോക്കിയന്ന് പല നാഴിക നേരം
ഇടനാഴിയിൽ‌ കാത്തു നിന്നതും...​
രാവേറെ ചെന്ന നേരം ഒരു ഗാനമേള കണ്ട്
കൂരിരുട്ടിൽ‌ തിരികെ നടന്നതും...
വിരസമായ നാളിൽ‌ ഒരു സിനിമ കാണുവാനായ്
ആ കാവസാക്കിയിൽ‌ പറന്നതും...
ഒത്തു ചേർ‌ന്ന് നേടി നമ്മൾ‌ ആറു സെമസ്റ്ററുകൾ‌... [ ഓർ‌മ്മപ്പൂക്കൾ‌‌...]


​ആ ആ ആ ആ‍..ആ.. ആ...​

പോയ നല്ല നാളിൻ‌ പൊന്നോർ‌മ്മകൾ‌ തൻ‌ മധുരം
അയവിറക്കി നാം രസിയ്ക്കവേ...
ഇനിയൊരിയ്ക്കൽ‌ കൂടി ആ പഴയ നല്ല നാളിൻ‌
ആവർ‌ത്തനങ്ങൾ‌ നാം കൊതിയ്ക്കവേ...
വരി മറന്ന പാട്ടിൻ‌ പൊന്നലകളോർ‌ത്തെടുക്കേ
ഒരു സ്നേഹമന്ത്രമായ് സൗഹൃദം...
മാറിയത് ഓർ‌മ്മകളായ്... ആ ആ ആ ആ‍..ആ.. ആ... [ ഓർ‌മ്മപ്പൂക്കൾ‌‌...]

റബ്ബർ‌കാട്ടിലോടി നടന്നതും
ചോറും പൊതികൾ‌ പങ്കു വച്ചതും...
പട്ടിണിയ്ക്കു കൂട്ടിരുന്നതും...
ഇടയ്ക്കിടയ്ക്ക് തമ്മിൽ‌ കോർ‌ത്തതും...
കപ്പ കക്കാൻ‌ കൂടെ

​​
പോ​യതും...
പിറവം പുഴയിൽ‌ നീന്തിക്കളിച്ചതും...
ആകാശം നോക്കി കിടന്നതും...
സ്വപ്നമെല്ലാം പങ്കു വച്ചതും...
                                                - ​ശ്രീ

Friday, April 22, 2011

ഇനി വര്‍ഷക്കാലം

നാട്ടില്‍ മദ്ധ്യ വേനലവധിയായി പറയപ്പെടുന്ന ഏപ്രില്‍ മെയ് മാസങ്ങള്‍ പേരു സൂചിപ്പിയ്ക്കും പോലെ തന്നെ പൊതുവേ ചൂടുകാലമാണ്. എങ്കിലും ആ കൊടും ചൂട് അവസാനിയ്ക്കുമ്പോഴേയ്ക്കും തുടങ്ങും മഴക്കാലം. സാധാരണ മെയ് അവസാനത്തോടെ തന്നെ ആയിരിയ്ക്കും വര്‍ഷക്കാലത്തിന്റെ ആരംഭം. ജൂണ്‍ മാസത്തില്‍ വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്ന ദിവസമാകുമ്പോഴേയ്ക്കും വര്‍ഷക്കാലം ഇടവപ്പാതി എന്ന ഓമനപ്പേരില്‍ അതിന്റെ തനിനിറം കാട്ടിത്തുടങ്ങിയിട്ടുമുണ്ടാകും.

പക്ഷേ, ഇപ്പോ ഈ പോസ്റ്റില്‍ ഞാന്‍ പറയാനുദ്ദേശ്ശിച്ചത് ചൂടുകാലത്തെയോ മഴക്കാലത്തെയോ പറ്റി അല്ല. ഇതിപ്പോള്‍ ഞാന്‍ പറഞ്ഞാലും ഇല്ലെങ്കിലും നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുള്ള കാര്യവുമാണല്ലോ. മറ്റൊരു വിശേഷം അറിയിയ്ക്കാനാണ് വന്നത്. അത് വേറൊന്നുമല്ല, വരുന്ന മാസം (മെയ് 22 ന്) ഞാന്‍ വിവാഹിതനാകുകയാണ്. അങ്ങനെ എന്റെ ബാച്ചിലര്‍ ജീവിതത്തിനും അവസാനമാകുന്നു. പെണ്‍കുട്ടിയുടെ പേര് വര്‍ഷ. അതായത്, ഒരര്‍ത്ഥത്തില്‍ വരുന്ന മെയ് അവസാനത്തോടെ എന്റെ ജീവിതത്തിലും 'വര്‍ഷ'ക്കാലം തുടങ്ങുകയായി ...

ഉടനേയൊരു വിവാഹം എന്ന ചിന്തയൊന്നും മനസ്സിലുണ്ടായിരുന്നതേയില്ല. പക്ഷേ രണ്ടര വര്‍ഷം മുന്‍പ് ചേട്ടന്റെ വിവാഹം കഴിഞ്ഞതോടെ എല്ലാവരുടെയും നോട്ടം എന്നിലായി (പ്രത്യേകിച്ചും നാട്ടിലെ ബ്രോക്കര്‍മാരുടെ). ഒരുവിധം ഇത്രനാളും ഓരോ ന്യായങ്ങള്‍ പറഞ്ഞ് പിടിച്ചു നിന്നതായിരുന്നു. പക്ഷേ, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോരോന്നായി വിവാഹം കഴിച്ചു കഴിഞ്ഞതോടെ വീട്ടില്‍ പറഞ്ഞു നില്‍ക്കാനുള്ള അവസാന പിടിവള്ളിയും നഷ്ടപ്പെട്ടു. എങ്കിലും കഴിഞ്ഞ വര്‍ഷം വരെ ഓരോന്ന് പറഞ്ഞ് വീട്ടുകാര്‍ക്ക് പിടി കൊടുക്കാതെ നിന്നു, കാരണം മനസ്സു കൊണ്ട് ഒരു വിവാഹത്തിന് തയ്യാറെടുത്തിരുന്നില്ല. പക്ഷേ, കഴിഞ്ഞ വര്‍ഷം ഓണാവധിയ്ക്ക് ബന്ധുക്കള്‍ എല്ലവരും ഒത്തു ചേര്‍ന്നപ്പോള്‍ രക്ഷയില്ലെന്നായി. അവരുടെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ, തൃപ്തികരമായ ഒരു മറുപടിയും പറയാനാകാതെ ഞാനും പതറി. എങ്കിലും അവസാനം അവരുടെയൊക്കെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു എനിയ്ക്കും വഴങ്ങേണ്ടി വന്നു. എന്നാലും തിരക്കൊന്നും വേണ്ട, വല്ല ആലോചനയും വന്നാല്‍ കൊള്ളാവുന്നതാണെങ്കില്‍ ആലോചിയ്ക്കാം എന്ന വ്യവസ്ഥയില്‍ ഒപ്പു വച്ച് കൊണ്ട് തല്‍ക്കാലം ഞാനവിടെ നിന്ന് തലയൂരി.

പക്ഷേ, അവരുണ്ടോ വിടുന്നു... ഞാനൊന്ന് ഓകെ മൂളാന്‍ കാത്തിരിയ്ക്കുകയായിരുന്നു എല്ലാവരും. അപ്പോഴേ അവര്‍ക്കെല്ലാം എന്റെ കണ്ടീഷന്‍സൊക്കെ അറിയണം. അങ്ങനെ ഒന്ന് അതു വരെ പ്ലാന്‍ ചെയ്തില്ലായിരുന്നെങ്കിലും മറുപടി പറയാന്‍എനിയ്ക്കത്ര കാത്തിരിയ്ക്കേണ്ടി വന്നില്ല. കാരണം അങ്ങനെ അധികം കണ്ടീഷന്‍സൊന്നും എനിയ്ക്കുണ്ടായിരുന്നില്ല എന്നതു കൊണ്ടു തന്നെ. ഒരു സാധാരണ പെണ്‍കുട്ടി ആയിരിയ്ക്കണം, മിനിമം ഡിഗ്രി വരെ എങ്കിലും വിദ്യാഭ്യാസം ഉണ്ടായിരിയ്ക്കണം, നാട്ടില്‍ നിന്ന് ഒരുപാട് ദൂരെ നിന്നുള്ള ആലോചന ആകരുത് എന്നീ സാധാരണ നിബന്ധനകള്‍ക്കൊപ്പം ഒരേയൊരു കാര്യമാണ് എടുത്തു പറഞ്ഞത്. പെണ്‍കുട്ടിയുടെ ഉയരം! എനിയ്ക്ക് ആവശ്യത്തിലേറെ ഉയരമുള്ളതിനാല്‍ (കാര്യം 186 സെ.മീ (6.1 അടി)ഉണ്ടെങ്കിലും അതിന്റെ അഹങ്കാരമൊന്നുമില്ലാട്ടോ) പെണ്‍കുട്ടിയ്ക്കും മിനിമം ഒരു 165സെ.മീ. (5. 5 അടി) എങ്കിലും വേണം എന്നു മാത്രം. അപ്പോഴേ അവരെല്ലാവരും കൂടെ എന്നെ തിന്നാന്‍ വന്നു. ഈ 6.1 എന്നു പറയുന്നതൊക്കെ ലോകത്തെങ്ങുമില്ലാത്ത ഉയരമാണെന്നും പറഞ്ഞ് എല്ലാവരും കൂടെ എന്നെ കളിയാക്കി. പെണ്‍കുട്ടിക‌ള്‍ക്ക് 160 സെ.മീ. പോലും നല്ല ഉയരമാണെന്നുമൊക്കെ അവര്‍... സംഗതി ശരിയാണെങ്കിലും ലിമിറ്റഡ് എഡിഷന് ഡിമാന്റ് കൂടുതലാണെന്ന് പറഞ്ഞിട്ട് ആരു കേള്‍ക്കാന്‍? ... ഹും!

അപ്പോഴും പെണ്ണുകാണാന്‍ പോക്ക് എന്ന ചടങ്ങ് ഒരു ബാലികേറാമല ആയി തന്നെ എന്റെ മനസ്സില്‍ അവശേഷിച്ചു. ആ ചടങ്ങിന്റെ ചമ്മല്‍ മാക്സിമം കുറയ്ക്കാന്‍ ഒരു വഴിയും ആദ്യമേ തന്നെ കണ്ടെത്തി. ഒരു ആലോചന വന്നാല്‍ ഫോട്ടോയും മറ്റു വിവരങ്ങളും പരസ്പരം കൈമാറി രണ്ടു കൂട്ടര്‍ക്കും തൃപ്തികരമായി തോന്നിയാല്‍ ജാതകവും നോക്കി കുഴപ്പമില്ല എന്നുറപ്പായാല്‍ മാത്രമേ ഞാന്‍ പെണ്ണുകാണാന്‍ തയ്യാറാകൂ എന്ന ആ കണ്ടീഷന്‍ വീട്ടുകാരെല്ലാം സമ്മതിച്ചു. ജാതകത്തിലൊന്നും അത്ര വിശ്വാസം ഇല്ലാത്തതു കൊണ്ട് എനിയ്ക്ക് നാളും ജാതകവും മറ്റും ഒരു പ്രശ്നമായിരുന്നില്ല. എങ്കിലും ഒട്ടു മിക്ക പെണ്‍ വീട്ടുകാര്‍ക്കും ജാതകം നിര്‍ബന്ധമായിരുന്നു. അതു കൊണ്ട് ആ കാര്യമെല്ലാം പെണ്‍വീട്ടുകാര്‍ക്ക് വിട്ടു. അങ്ങനെ പരസ്പരം ഇഷ്ടമായ ഒന്നു രണ്ട് ആലോചനകള്‍ ജാതകം നോക്കുന്ന ചടങ്ങു വരെ എത്തിയപ്പോഴാണ് മനസ്സിലായത്. എന്റെ ജാതകത്തില്‍ ചെറിയ എന്തോ ദോഷമുണ്ടത്രെ. അതു കൊണ്ട് അതേ പോലെ ദോഷമുള്ള പെണ്‍കുട്ടിയെ മാത്രമേ കെട്ടാന്‍ പറ്റൂ എന്ന്.

അങ്ങനെ വന്നപ്പോള്‍ എനിയ്ക്ക് എന്റെ കണ്ടീഷനില്‍ ചെറിയ ഇളവ് ചെയ്യേണ്ടി വന്നു. എന്റെ ഉയരം പെണ്‍കുട്ടിയ്ക്കോ വീട്ടുകാര്‍ക്കോ അത്ര പ്രശ്നമായി തോന്നുന്നില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ഉയരം കുറച്ചു കുറഞ്ഞാലും സാരമില്ല എന്നായി. (ഒന്നൊന്നര ഇഞ്ച് ഉയരമൊക്കെ ഹീലുള്ള ചെരുപ്പൊക്കെ ഇടുവിച്ച് അഡ്ജസ്റ്റ് ചെയ്ത് ശരിയാക്കി തരാമെന്ന് ചേച്ചിമാരൊക്കെ രഹസ്യമായി ഉറപ്പും തന്നു) എന്നാലും ഒരു നാലഞ്ചു പെണ്ണു കാണലിനുള്ളില്‍ പറ്റിയതൊരെണ്ണം ഒത്തു വന്നാല്‍ മതിയായിരുന്നു എന്നായിരുന്നു പ്രാര്‍ത്ഥന.

എന്തായാലും ആ പ്രാര്‍ത്ഥന വൃഥാവിലായില്ല. ആലോചന തുടങ്ങി രണ്ടു മാസത്തിനുള്ളില്‍ തന്നെ, നാലാമത്തെ പെണ്ണു കാണല്‍ യാത്ര തന്നെ ക്ലിക്ക്‍ഡ്‌!!! എന്റെ അടുത്ത സുഹൃത്തായ അനില്‍ (ഇപ്പോള്‍ ഷാര്‍ജയില്‍) വഴിയാണ് ആ ആലോചന വന്നത്. കല്യാണാലോചന തുടങ്ങാമെന്ന് ഏതാണ്ട് തീരുമാനമായ കാലം തൊട്ടേ അവന്‍ ഈ കല്യാണാലോചനയുമായി വന്നിരുന്നെങ്കിലും ഉയരക്കുറവു പ്രശ്നമാകുമോ എന്ന സംശയത്താല്‍ അത് ആദ്യം പരിഗണിച്ചിരുന്നില്ല. അന്ന് ജാതകവും ദോഷവുമൊന്നും ശ്രദ്ധിച്ചിരുന്നില്ലല്ലോ. രണ്ടു മൂന്ന് ആലോചനകള്‍ക്ക് ശേഷമാണ് (അവന്‍ ക്രിസ്തുമസ് ലീവിന് നാട്ടിലെത്തിയ അവസരത്തില്‍) ഒരു ദിവസം യാദൃശ്ചികമായി എന്റെ വീട്ടിലെത്തി, അച്ഛനുമായി സംസാരിയ്ക്കുമ്പോള്‍ ഞാന്‍ എന്റെ കണ്ടീഷനില്‍ റിഡക്ഷന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന കാര്യം അനില്‍ അറിയുന്നത്.

ഉയരത്തിന്റെ കാര്യത്തിലെ കടുംപിടുത്തത്തില്‍ നിന്ന് ഞാന്‍ കുറച്ച് അയഞ്ഞിട്ടുണ്ട് എന്ന് അച്ഛന്‍ സൂചിപ്പിച്ചതും അനില്‍ അപ്പഴേ അച്ഛനോട് പഴയ ആ ആലോചനയുടെ കാര്യം സുചിപ്പിച്ചു. (ആദ്യ തവണ അക്കാര്യം അച്ഛനമ്മമാരുടെ അടുത്തേയ്ക്കെത്തിയില്ലായിരുന്നല്ലോ) എന്നിട്ടെന്തേ ആ ആലോചനയെ പറ്റി ചിന്തിയ്ക്കാതിരുന്നത് എന്നായി അച്ഛന്‍. അങ്ങനെ ആ പെണ്‍കുട്ടിയുടെ വീട്ടില്‍ സമ്മതമാണെങ്കില്‍ ഒന്നു പോയി കണ്ടേക്കാമെന്ന് ഞാനും സമ്മതിച്ചു. അവരോട് ഇക്കാര്യം ആദ്യമേ സംസാരിച്ചിരുന്നു എന്നും എങ്കിലും ഒന്നു കൂടി ചോദിച്ച് ഉറപ്പു വരുത്തി അറിയിയ്ക്കാമെന്നും പറഞ്ഞ് അനില്‍ യാത്രയായി. പിറ്റേന്ന് വൈകുന്നേരം തന്നെ അവര്‍ക്ക് സമ്മതമാണെന്നും ജാതകം അവര്‍ നോക്കി, ചേരുന്നതാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അനില്‍ അറിയിച്ചു. അങ്ങനെ തൊട്ടടുത്ത ദിവസം തന്നെ ഞങ്ങള്‍ പെണ്ണു കാണലും കഴിഞ്ഞു.

ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടതിനാല്‍ രണ്ടു വീട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടും ഓരോ സന്ദര്‍ശനം നടത്തിയ ശേഷം നിശ്ചയത്തിന്റേയും വിവാഹത്തിന്റേയും എല്ലാം ദിവസങ്ങള്‍ തീരുമാനിയ്ക്കാം എന്നായി. മോതിരം മാറലും ജാതക കൈമാറ്റവും എല്ലാം ഫെബ്രുവരി 20 ന് എന്ന് തീരുമാനിച്ചു.. അപ്പോള്‍ അവര്‍ക്ക് മാര്‍ച്ച് കഴിഞ്ഞേ കല്യാണത്തിന് ഒരുങ്ങാനാകൂ എന്നും അതില്‍ ഞങ്ങള്‍ക്ക് അസൌകര്യമുണ്ടോ എന്നറിയണമെന്നുമായി അവര്‍. മാര്‍ച്ച് അല്ല, ഏപ്രില്‍ കൂടി കഴിഞ്ഞിട്ട് ആലോചിയ്ക്കുന്നതാണ് കൂടുതല് സൌകര്യമെന്ന് ഞങ്ങളും. (ചേച്ചിയുടെ പ്രസവം മാര്‍ച്ച് അവസാനത്തോടെയാണ് പറഞ്ഞിരുന്നത്. അതും കഴിഞ്ഞ് ചേച്ചിയ്ക്കും കുഞ്ഞിനും കൂടി കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയണം എന്നു ഞങ്ങള്‍ക്കും ആഗ്രഹമുണ്ടായിരുന്നു.) അങ്ങനെയാണ് അവസാനം മെയ് മാസത്തില്‍ സൌകര്യപ്രദമായ ഒരു ദിവസം കല്യാണം നടത്താം എന്ന തീരുമാനത്തിലെത്തിയതും എല്ലാവര്‍ക്കും എത്തിച്ചേരാന്‍ പറ്റുന്നതു കൂടി പരിഗണിച്ച് ഒരു ഞായറാഴ്ച (2011 മെയ് 22) കല്യാണ ദിവസമായി നിശ്ചയിച്ചതും.

അപ്പോ പറഞ്ഞു വന്നത് ഇത്രയേയുള്ളൂ... കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമായി. 2011 മെയ് 22 ഞായറാഴ്ച ഞാനും വര്‍ഷയും വിവാഹിതരാകുകയാണ്. ഈ സന്തോഷവും ഇവിടെ ഈ ബൂലോകത്തെ സുഹൃത്തുക്കളോട് പങ്കു വയ്ക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും പ്രതീക്ഷിയ്ക്കുന്നു. ഒപ്പം എല്ലാവരേയും ആ ചടങ്ങിലേയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്യുന്നു.


മുഹൂര്‍ത്തം: കൊടകര - കോടാലി കടമ്പോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ രാവിലെ 10നും 11 നും ഇടയ്ക്ക്;
റിസപ്ഷന്‍: 3മുതല്‍ 6 വരെ എന്റെ വീട്ടില്‍( കൊരട്ടി- ചെറുവാളൂര്‍)

വഴി: http://maps.google.com/maps/ms?ie=UTF&msa=0&msid=205509761653507505950.0004a07760f8a59383bb8

Saturday, March 26, 2011

കാത്തിരുന്ന ഒരു മാര്‍ച്ച്

മാര്‍ച്ച് മാസം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പരീക്ഷാക്കാലം മനസ്സിലേയ്ക്ക് ഓടിയെത്തുന്നതു കൊണ്ടാകാം പണ്ടു മുതല്‍ക്കേ മാര്‍ച്ച് മാസത്തെ വലിയ താല്പര്യത്തോടെയല്ല കണ്ടു കൊണ്ടിരുന്നത്. സ്കൂള്‍ ജീവിതം അവസാനിച്ചതിനു ശേഷവും ആ ഒരു ഇഷ്ടക്കുറവ് അങ്ങു വിട്ടു മാറിയിരുന്നില്ല. ചൂടുകാലം തുടങ്ങുന്നതും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാണ് എന്നതുമെല്ലാം പലപ്പോഴും മാര്‍ച്ചിനെ ഇഷ്ടമാസങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് പതിവ്.

എന്നെ സംബന്ധിച്ചിടത്തോളം എന്റെ പിറന്നാള്‍ മാസമാണ് മാര്‍ച്ച്. എങ്കിലും പണ്ടു മുതലേ ജന്മദിനത്തിന് അങ്ങനെ ഒരു സ്പെഷ്യാലിറ്റി തോന്നിയിട്ടില്ല. വീട്ടിലും ആരുടെയും ജന്മദിനം കാര്യമായി ആഘോഷിയ്ക്കുന്നത് വളരെ അപൂര്‍വ്വമായിരുന്നു. കുട്ടിക്കാലത്ത് ചിലപ്പോഴൊക്കെ എന്റെയോ ചേട്ടന്റെയോ ജന്മദിനങ്ങളില്‍ അമ്മ എന്തെങ്കിലും ഒരു പായസം എങ്കിലും ഉണ്ടാക്കുമായിരുന്നു. വളര്‍ന്നു വന്നപ്പോള്‍ അങ്ങനെ ഒരു ആഘോഷവും വേണമെന്നില്ലെന്നായതോടെ പതിയെ പതിയെ അതും നിന്നു പോയി. അതേ പോലെ, സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ചില വര്‍ഷങ്ങളിലെങ്കിലും ക്ലാസ്സ് ടീച്ചേഴ്സ് ഓരോ കുട്ടികളുടെയും ജന്മദിനം ഓര്‍ത്തെടുത്ത് എല്ലാവരെക്കൊണ്ടും വിഷ് ചെയ്യിപ്പിയ്ക്കാനും ചെറിയ രീതിയില്‍ ആഘോഷിയ്ക്കാനും എല്ലാം ശ്രമിച്ചിട്ടുണ്ടെങ്കിലും മാര്‍ച്ച് മാസത്തില്‍ വന്നു പെട്ട ജന്മദിനമായതിനാല്‍ മറ്റു കുട്ടികളുടേതില്‍ നിന്നും വ്യത്യസ്തമായി എല്ലായ്‌പ്പൊഴും എന്റെ ജന്മദിനം അവഗണിയ്ക്കപ്പെടാറാണ് പതിവ്.

ഇതേ മാര്‍ച്ച് മാസം തന്നെയായിരുന്നു അച്ഛന്റെയും ജന്മമാസമെങ്കിലും അതിന് ഞങ്ങളുടെ അത്ര പോലും പ്രാധാന്യം കൊടുക്കുന്ന സ്വഭാവം അച്ഛനുമില്ലായിരുന്നു. അതു കൊണ്ടു തന്നെ, ആരുടെയെങ്കിലും പിറന്നാള്‍ വന്നാല്‍ ഞങ്ങളിലെ (അച്ഛനും അമ്മയും ചേട്ടനും ഞാനും) പിറന്നാളുകാരനെ അന്നേ ദിവസം രാവിലെ തന്നെ മറ്റു മൂന്നു പേരും വിഷ് ചെയ്യുക എന്ന പരിപാടിയോടെ പിറന്നാളാഘോഷം എന്ന ചടങ്ങ് അവസാനിയ്ക്കുകയായിരുന്നു പതിവ്. രണ്ടര വര്‍ഷത്തോളം മുന്‍പ് ചേട്ടന്‍ വിവാഹം കഴിച്ച് ചേച്ചി കൂടി ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായതോടെ ചേച്ചിയുടെ ജന്മദിനവും മാര്‍ച്ചിലായതിനാല്‍ മാര്‍ച്ച് മാസത്തിലെ പിറന്നാളുകാരുടെ കൂട്ടത്തില്‍ ഒരാളെ കൂടെ കിട്ടി. എങ്കിലും അപ്പോഴും പതിവുകളെല്ലാം മാറ്റമില്ലാതെ തുടര്‍ന്നു.

ഇങ്ങനെ ജന്മദിനങ്ങള്‍ മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിലെ പ്രധാനപ്പെട്ട പല വേര്‍പാടുകളും സംഭവിച്ചതും മാര്‍ച്ച് മാസത്തില്‍ തന്നെയായിരുന്നു കേട്ടോ. അമ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്കും മുന്‍പ് ഒരു മാര്‍ച്ച് മാസത്തിലായിരുന്നു അച്ഛന് സ്വന്തം അച്ഛനെ (ഞങ്ങള്‍ക്ക് പറഞ്ഞു കേട്ടറിവു മാത്രമുള്ള ഞങ്ങളുടെ അച്ഛീച്ചനെ) നഷ്ടപ്പെട്ടത്. അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം (രണ്ട് വര്‍ഷം മുന്‍പ്) അതേ പോലെ വീണ്ടുമൊരു മാര്‍ച്ച് മാസത്തില്‍ തന്നെയാണ് അച്ഛമ്മയും ( അച്ഛന്റെ അമ്മ) വിട പറഞ്ഞത് എന്നതും യാദൃശ്ചികമാകാം. അതേ പോലെ അമ്മയുടെ അമ്മയും 5 വര്‍ഷം മുന്‍പുള്ള ഒരു മാര്‍ച്ചിലാണ് ഞങ്ങളെ വിട്ടു യാത്രയായത്.

അങ്ങനെ പൊതുവേ മാര്‍ച്ച് മാസത്തിന് നല്ലതും ചീത്തയുമായ സ്ഥാനം ഞങ്ങളുടെ കുടുംബത്തിലുണ്ട്. ഇതൊന്നുമല്ല, പറഞ്ഞു വന്നത്. ഈ 2011 മാര്‍ച്ച് മാസത്തിന്റെ പ്രത്യേകതയാണ്. ഇതാദ്യമായി ഞങ്ങളുടെ കുടുംബക്കാര്‍ എല്ലാവരും ഈ മാര്‍ച്ച് മാസം പിറക്കാന്‍ കാത്തിരിയ്ക്കുകയായിരുന്നു. കഴിഞ്ഞ എട്ടു മാസങ്ങളായി എല്ലാവരും അതിലേയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. കാരണം, ചേട്ടന്‍ ഒരു അച്ഛനാകാന്‍ പോകുന്നു എന്നും... അതായത് ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് ഒരു പുതിയ അതിഥി കൂടി വരുന്നുണ്ട് എന്നും ആ കക്ഷി ലാന്റ് ചെയ്യാനുള്ള മുഹൂര്‍ത്തം നിശ്ചയിച്ചിരിയ്ക്കുന്നത് വീണ്ടുമൊരു മാര്‍ച്ചില്‍ തന്നെയായിരിയ്ക്കും എന്നുമുള്ള അറിവ് തന്നെ. ചേച്ചി ഗര്‍ഭിണിയായപ്പോള്‍ തന്നെ അമ്മ കണക്കു കൂട്ടി പറഞ്ഞിരുന്നു, മിക്കവാറും മാര്‍ച്ചില്‍ തന്നെ പുതുമുഖം എത്തിച്ചേരുമെന്ന്.

മാര്‍ച്ച് 27 എന്ന തീയ്യതി ആണ് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്. എങ്കിലും മാര്‍ച്ച് ആദ്യം ചെക്കപ്പിനു ചെന്നപ്പോള്‍ അത്രയും നീളില്ല, മാര്‍ച്ച് 19 ന് തന്നെ പ്രതീക്ഷിയ്ക്കാം എന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും അത്ര നേരം കൂടെ പോലും ക്ഷമിച്ചിരിയ്ക്കുവാനുള്ള സാവകാശമൊന്നും അവന്‍ കാണിച്ചില്ല. മാത്രമല്ല, ഒരു സിസേറിയന്‍ ആണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ പേടിയും കാറ്റില്‍ പറത്തി, ഒരു ദിവസം മുന്‍പേ ഒരു കുഴപ്പവും കൂടാതെ കക്ഷി ഇങ്ങ് പോന്നു. അങ്ങനെ ചേട്ടന്റെയും ചേച്ചിയുടെയും പൊന്നുമകനായി, ഞങ്ങളുടെ കുടുംബത്തിലെ പുതു തലമുറയിലെ ആദ്യത്തെ കണ്ണിയായി ഏവരുടെയും കണ്ണിലുണ്ണിയായി ഇക്കഴിഞ്ഞ 18 ആം തീയതി രാവിലെ 8.35 മകം നക്ഷത്രത്തില്‍ അവന്‍ ജനിച്ചു വീണു - ശ്രീഹരിജിത്ത്, ഞങ്ങളുടെ കുഞ്ഞാപ്പി.

അങ്ങനെ മാര്‍ച്ച് മാസത്തിന് ഞങ്ങളുടെ വീട്ടില്‍ നിന്ന് പുതിയൊരു അവകാശി കൂടി വന്നിരിയ്ക്കുന്നു. ഇപ്പോ ഞങ്ങളുടെ വീട്ടിലും ചേച്ചിയുടെ വീട്ടിലും എല്ലാവരും ആ ഒരു ത്രില്ലിലാണ്. അവനിപ്പോ അമ്മയോടൊപ്പം ആ വീട്ടില്‍ സുഖമായിരിയ്ക്കുന്നു. വൈകാതെ ഞങ്ങളുടെ വീട്ടിലേയ്ക്കുള്ള അവന്റെ വരവും പ്രതീക്ഷിച്ച് അവനെ സ്വീകരിയ്ക്കാനുള്ള തയ്യാറെടുപ്പോടെ കാത്തിരിയ്ക്കുകയാണ് ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍.

*********

ചേട്ടനും ചേച്ചിയ്ക്കും കുഞ്ഞാപ്പിയ്ക്കും എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം ഈ സന്തോഷം ഇവിടെ ബൂലോകത്തു കൂടി പങ്കു വയ്ക്കന്നു.

Sunday, February 27, 2011

ഓര്‍മ്മകളില്‍ ഒരുത്സവമേളം

ചുറ്റുവട്ടങ്ങളിലുള്ള ക്ഷേത്രങ്ങളുടെയും പള്ളികളുടെയും മറ്റും ബാഹുല്യം നിമിത്തം കുട്ടിക്കാലം ഉത്സവങ്ങളും പെരുന്നാളുകളും മൂലം സമ്പന്നമായിരുന്നു, പ്രത്യേകിച്ച് അവധിക്കാലങ്ങള്‍. ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഉത്സവം കൊടിയേറുന്നത് ഫെബ്രുവരി അവസാനമോ മാര്‍ച്ചില്‍ പരീക്ഷക്കാലത്തോ ആയിരിയ്ക്കും. അതു കൊണ്ടു തന്നെ മിക്കവാറും ഉത്സവം തീരുമ്പോഴേയ്ക്കും മദ്ധ്യ വേനലവധി തുടങ്ങിയിട്ടുണ്ടാകും. പലപ്പോഴും എങ്ങനെയെങ്കിലും പരീക്ഷയെല്ലാം ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതി എന്ന അവസ്ഥയിലായിരിയ്ക്കും മാര്‍ച്ച് മാസം തള്ളി നീക്കുക. എന്നിട്ട് വേണമല്ലോ ഉത്സവത്തിന്റെ പേരും പറഞ്ഞ് കൂട്ടുകാരോടൊത്ത് അമ്പലപ്പറമ്പും ചുറ്റുമുള്ള പരിസരങ്ങളും മുഴുവന്‍ ചുറ്റി നടക്കാന്‍. ഉത്സവക്കാലമായതിനാല്‍ വീട്ടില്‍ നിന്ന് കാര്യമായ നിയന്ത്രണവുമുണ്ടാകാറില്ല.

ഉത്സവദിനങ്ങളില്‍ രാവിലെ പോലും ക്ഷേത്ര പരിസരം ആളുകളെ കൊണ്ട് നിറഞ്ഞിരിയ്ക്കും. വൈകുന്നേരമാകുമ്പോഴേയ്ക്കും പറയുകയും വേണ്ട. ആ ചുറ്റുവട്ടങ്ങളിലുള്ള എല്ലാ വീടുകളിലേയും ഒരുമാതിരി എല്ലാവരും തന്നെ അമ്പലത്തിനകത്തും അമ്പലപ്പറമ്പിലുമൊക്കെയായി ഹാജരുണ്ടാകും. (ഇന്ന് ഉത്സവമായാലും പെരുന്നാളായാലും ശരി, അതിലൊന്നിലും ആര്‍ക്കുമത്ര താല്പര്യം പോരാ. വിവിധ ചാനലുകളും മറ്റുമായി മിക്കവാറും മുഴുവന്‍ സമയവും എല്ലാവരും ടിവിയ്ക്കു മുന്നിലായിരിയ്ക്കുമല്ലോ)

അന്നൊക്കെ ഞങ്ങളെല്ലാം പരീക്ഷകളെല്ലാം എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ പിന്നെ ഉത്സവകാലം ആഘോഷിയ്ക്കാന്‍ തുടങ്ങുകയായി. ഉത്സവം നടക്കുന്ന എല്ലാ ക്ഷേത്രങ്ങളിലുമായി കറങ്ങി നടക്കുകയാണ് അന്നത്തെ പ്രധാന കാര്യപരിപാടികളിലൊന്ന്. ഓരോ ക്ഷേത്രത്തിലെയും ഉത്സവ പരിപാടികള്‍ താരതമ്യം ചെയ്യുക, എവിടെയാണ് ആളുകള്‍ കൂടുതലുണ്ടായിരുന്നതെന്ന കണക്കെടുക്കുക, എവിടുത്തെ ആനയാണ് വലുത്, ഏതാനയ്ക്കാണ് തലയെടുപ്പ് അങ്ങനെയങ്ങനെ പോകും ഞങ്ങളുടെ ഉത്തരവാദിത്വങ്ങള്‍. ആനകളായിരുന്നു എക്കാലത്തും ഉത്സവങ്ങളുടെ ആകര്‍ഷണം. ഉത്സവ സീസണ്‍ തുടങ്ങാറാകുമ്പോഴേയ്ക്കും ആനകളെല്ലാം ഓരോന്നായി നാട്ടിലേയ്ക്കെത്തിത്തുടങ്ങും. നാട്ടുകാരുടെ സ്വന്തം ആനയായ ചങ്ക്രമത്ത് മഹേശ്വരന്‍ തുടങ്ങി പേരുകേട്ട പല ആനകളും പലപ്പോഴായി നാട്ടിലെത്തുക പതിവാണ്.

പിന്നെയങ്ങോട്ട് കുറേ നാളേയ്ക്ക് നാട്ടിലെ പ്രധാന സംസാരവിഷയം ഈ ആനകളായിരിയ്ക്കും. കൊച്ചു കുട്ടികള്‍ മുതല്‍ കുഴിയിലേയ്ക്ക് കാലും നീട്ടിയിരിയ്ക്കുന്നവര്‍ വരെ എല്ലാ പ്രായക്കാര്‍ക്കും അവിടെ ആ വര്‍ഷത്തെ ഉത്സവത്തിനു വന്നു ചേര്‍ന്നിട്ടുള്ള ഒരുമാതിരി എല്ലാ ആനകളുടെയും ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം പരിചിതമായിരിയ്ക്കും. ഉത്സവത്തിന്റെ നോട്ടീസ് കയ്യില്‍ കിട്ടുമ്പോള്‍ പോലും അത്തവണത്തെ കലാപരിപാടികള്‍ ഏതൊക്കെ എന്ന് നോക്കുന്നതിലും മുന്‍പ് നോക്കുക ഏത് ആനയാണ് അത്തവണ ഉത്സവത്തിനെത്തുക എന്നതായിരിയ്ക്കും. അവസാനം ആനകള്‍ വന്നു തുടങ്ങിയാലോ... ഉത്സവത്തിന് എഴുന്നള്ളിയ്ക്കണമെന്നൊന്നുമില്ല. ആനകളെ കെട്ടിയിടുന്ന പറമ്പുകളിലും മറ്റുമായി അതിനെ കാണാന്‍ നാട്ടുകാര്‍ വന്നും പോയുമിരിയ്ക്കും. പലപ്പോഴും കൂട്ടത്തിലെ ധൈര്യവാന്മാര്‍ അതിനെ അടുത്തു കിട്ടിയാല്‍ ഒന്ന് തൊട്ടു നോക്കാന്‍ വരെ ധൈര്യപ്പെടാറുണ്ട്.

ഉത്സവത്തിനായി കൊണ്ടു വരുന്ന ആനകള്‍ ഒന്നാം ഉത്സവ ദിവസത്തിനും രണ്ടു ദിവസം മുന്‍പേ നാട്ടിലെത്താറാണ് പതിവ്. അവയ്ക്ക് വേണ്ട ഭക്ഷണം പാപ്പാന്മാരും ശിങ്കിടികളും നാടു മുഴുവന്‍ കറങ്ങി സംഘടിപ്പിയ്ക്കും. ചിലപ്പോഴെല്ലാം ആനകളെയും കൊണ്ട് പാപ്പാന്മാര്‍ അവയ്ക്കുള്ള ഭക്ഷണം സംഘടിപ്പിയ്ക്കാന്‍ നാട്ടിലേയ്ക്കിറങ്ങും. അതാകുമ്പോള്‍ പനമ്പട്ടയും മറ്റും ആന തന്നെ ചുമന്ന് കൊണ്ടു പോയ്ക്കോളുമല്ലോ. അങ്ങനെ ഒരു തവണ ഞങ്ങളുടെ വീടിനടുത്ത് വന്ന ആന ഒരു പ്രശ്നമുണ്ടാക്കിയ കഥ ഒരിയ്ക്കല്‍ ഞാനെഴുതിയിട്ടുണ്ട്. അപൂര്‍വ്വം അവസരങ്ങളില്‍ ഉത്സവത്തിനായി കൊണ്ടു വന്ന ആനകള്‍ ഇതു പോലെ ചെറിയ തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന അവസരങ്ങളുമുണ്ടാകാറുണ്ട്. പക്ഷേ അതൊന്നും ആളുകള്‍ക്ക് ആനകളോടും ഉത്സവത്തോടുമുള്ള കമ്പം കുറയാനുള്ള കാരണമാകാറില്ല.

അങ്ങനെ ഒരു ഉത്സവക്കാലം. ഉത്സവം മൂന്നു നാലു ദിവസം പിന്നിട്ടു കഴിഞ്ഞു. അങ്ങനെ ഒരു ദിവസം വൈകുന്നേരം പതിവു പോലെ ഞങ്ങളെല്ലാവരും വൈകീട്ടത്തെ ദീപാരാധന തൊഴുവാനും ഉത്സവം കാണാനുമായി അമ്പലത്തിലേയ്ക്ക് പുറപ്പെട്ടു. എല്ലാത്തവണത്തേയും എന്ന പോലെ ഉത്സവവും കണ്ട് എല്ലാ കലാപരിപാടികളും കൂടി കഴിഞ്ഞ ശേഷമേ വീട്ടിലേയ്ക്ക് മടങ്ങി വരൂ എന്നൊക്കെ വീരവാദം പറഞ്ഞിട്ടാണ് അമ്പലത്തിലേയ്ക്ക് ഞങ്ങള്‍ അന്നും ഇറങ്ങിയത്. പക്ഷേ പതിവു പോലെ രാത്രി കുറേ കഴിഞ്ഞപ്പോഴേയ്ക്കും ഉറക്കം വന്നു തുടങ്ങിയപ്പോള്‍ ഉത്സവം പകുതിയായപ്പോഴേയ്ക്ക് ഞാനും ചേട്ടനുമെല്ലാം പതിയേ തിരിച്ച് വീട്ടിലേയ്ക്കു പോന്നു. അന്നത്തെ അലച്ചിലിന്റെ ക്ഷീണവും മറ്റും കാരണം അധികം വൈകാതെ ഭക്ഷണവും കഴിച്ച് ഞാനും ചേട്ടനും ഉറങ്ങാന്‍ കിടന്നു. ഞാന്‍ വൈകാതെ ഉറക്കം പിടിയ്ക്കുകയും ചെയ്തു.

ഇടയ്ക്കെപ്പോഴോ ആരോ എന്നെ കുലുക്കി വിളിച്ച് ഉണര്‍ത്തുന്നതു പോലെ തോന്നിയിട്ടാണ് ഞാന്‍ കണ്ണു തുറന്നത്. കുറച്ചു നേരത്തേയ്ക്ക് ഒന്നും മനസ്സിലായില്ല. ആരൊക്കെയോ എന്തൊക്കെയോ വിളിച്ച് പറയുന്നു. ആകെ ഒച്ചയും ബഹളവും തന്നെ. ഉറക്കച്ചടവോടെ കണ്ണും തിരുമ്മി നോക്കുമ്പോള്‍ ഒരു പിടി ചൂട്ടും കയ്യില്‍ പിടിച്ചു കൊണ്ട് ചേട്ടന്‍ അടുത്തു നിന്ന് എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്. ഉറക്കച്ചടവില്‍ എനിയ്ക്കൊന്നും മനസ്സിലായില്ല. മാത്രമല്ല, ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയതിലെ നീരസത്തോടെ ഞാന്‍ വീണ്ടും കിടക്കയിലേയ്ക്ക് തന്നെ ചരിഞ്ഞു. ചേട്ടന്‍ വീണ്ടും എന്നെ വിളിച്ചുണര്‍ത്തി. എന്നിട്ട് വീണ്ടും തിരക്കു പിടിച്ച് എന്തൊക്കെയോ പറഞ്ഞു. അതില്‍ നിന്ന് 'എടാ, അമ്പലത്തില്‍ ആന ഇടഞ്ഞു, ഇങ്ങോട്ടു വരാന്‍ സാധ്യതയുണ്ടെന്ന് കേട്ടു' എന്നത് മാത്രം ഞാന്‍ കേട്ടു. 'ഓ... അതു സാരമില്ല. ഞാനിപ്പോ വരുന്നില്ല, ഞാന്‍ പിന്നെങ്ങാനും കണ്ടോളാം' എന്നും പറഞ്ഞ് ഞാന്‍ വീണ്ടും പുതപ്പെടുത്ത് തല വഴി മൂടി.

എന്റെ മറുപടി കേട്ട് ചേട്ടന്‍ കുറച്ചു നേരം അന്തിച്ചു നിന്നു. പിന്നെ ദേഷ്യത്തില്‍ എന്റെ പുതപ്പെടുത്ത് വലിച്ചെറിഞ്ഞ് എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഒന്നൂടെ സ്പഷ്ടമായി പറഞ്ഞു. 'എടാ മണ്ടാ, ആന ഇടഞ്ഞത് കണ്ടു രസിയ്ക്കാനല്ല നിന്നോട് എഴുന്നേറ്റു വരാന്‍ പറഞ്ഞത്. ഉത്സവത്തിനിടെ ഇടഞ്ഞ ആന ചങ്ങലയും പൊട്ടിച്ച് അമ്പലത്തില്‍ നിന്ന് ഇറങ്ങി ഓടി. അത് ചിലപ്പോള്‍ നമ്മുടെ വീടിന്റെ ഭാഗത്തേയ്ക്കും വരാന്‍ സാധ്യത ഉണ്ടെന്ന് ദാ ഇപ്പോള്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. വേഗം എഴുന്നേറ്റ് ടെറസ്സിന്റെ മുകളില്‍ കയറിക്കോ... എല്ലാവരും അവിടെയുണ്ട്'

എന്റെ ഉറക്കമെല്ലാം പമ്പ കടന്നു. ചേട്ടന്‍ അപ്പറഞ്ഞത് മുഴുവന്‍ കേള്‍ക്കാന്‍ പോലും ഞാന്‍ നിന്നില്ല എന്നു തോന്നുന്നു, ആ വാചകം അവസാനിയ്ക്കും മുന്‍പേ ഞാന്‍ ടെറസ്സിനു മുകളിലെത്തിയിരുന്നു. മുന്‍പൊരിയ്ക്കല്‍ ഇടഞ്ഞ ആനയ്ക്കു മുന്‍പില്‍ നെഞ്ചും വിരിച്ചു നിന്ന് ധൈര്യം കാണിച്ചത് മറക്കാറായിട്ടില്ലാത്തതിനാല്‍ വീണ്ടുമൊരു റിസ്ക് എടുക്കേണ്ട എന്നൊരു തീരുമാനമെടുക്കാന്‍ എനിയ്ക്ക് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വന്നില്ല. അവിടെയെത്തുമ്പോഴതാ, അയല്‍പ്പക്കത്തുള്ളവരെല്ലാം തന്നെ അവിടെ ഹാജരായിട്ടുണ്ട്. (അന്ന് ആ ഏരിയായില്‍ ഉള്ള ഒരേയൊരു വാര്‍ക്ക വീട് ഞങ്ങളുടേതായിരുന്നു). അധികം വൈകാതെ കുറേ ചൂട്ടും മണ്ണെണ്ണയും മറ്റുമായി ചേട്ടനും ടെറസ്സിലേയ്ക്കു വന്നു. ആനയെങ്ങാനും അങ്ങോട്ട് വന്നാല്‍ തല്‍ക്കാലത്തേയ്ക്ക് തടുത്തു നിര്‍ത്താന്‍ തീ ഉപകരിച്ചേക്കുമല്ലോ. എല്ലാവരും ടെറസ്സില്‍ എത്തിയ ശേഷം അയല്‍ക്കാരുടെ പട്ടിയും ടെറസ്സിലേയ്ക്കുള്ള അവസാനത്തെ പടിയില്‍ കയറി ഇരിപ്പു പിടിച്ചു.

ടെറസ്സില്‍ ഇരിയ്ക്കുമ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായി കേള്‍ക്കാമായിരുന്നു, ക്ഷേത്രത്തില്‍ നിന്നുള്ള അനൌണ്‍സ്മെന്റ്... പേടിയോടെയുള്ള ആ ഇരിപ്പിനിടയിലും അയല്‍പക്കത്തെ കരുണന്‍ വല്യച്ഛന്റെ തമാശകള്‍ ഇടയ്ക്കിടയ്ക്ക് എല്ലാവരെയും ചിരിപ്പിച്ചിരുന്നു എന്നതാണ് നേര്. ഇടയ്ക്കിടയ്ക്ക് 'ആന ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. അവിടെയുള്ള വീട്ടുകാര്‍ ജാഗ്രത പാലിയ്ക്കാന്‍ അപേക്ഷ' എന്ന് വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ ടെറസ്സ് നിശ്ശബ്ദമാകും. എല്ലാവരും ചെറിയൊരു പേടിയോടെ ഒരു ചങ്ങലക്കിലുക്കത്തിനു കാതോര്‍ത്തു നില്‍ക്കും. അടുത്ത അനൌണ്‍സ്മെന്റില്‍ ആന മറ്റേതെങ്കിലും ഭാഗത്തേവൈക്ക് തിരിഞ്ഞു എന്ന് പറയുന്നതു കേള്‍ക്കുമ്പോള്‍ വീണ്ടും ശ്വാസം നേരെ വീഴും. ഇതിനിടെ ആന ഏതോ പോസ്റ്റ് തട്ടിയിട്ടതിന്റെ ഫലമായി കറന്റും പോയതിനാല്‍ ചുറ്റുപാടും ഇരുട്ടാകുകയും ചെയ്തു. പിന്നെയുള്ള അനൌണ്‍‌സ്മെന്റ് ആനയുടെ ചങ്ങലക്കിലുക്കം മാത്രം കേട്ടിട്ടായിരുന്നു. (ജനറേറ്റര്‍ ഉണ്ടായിരുന്നതിനാല്‍ മൈക്ക് സെറ്റും ക്ഷേത്രപരിസരത്തെ ചുരുക്കം ട്യൂബ് ലൈറ്റുകളും പ്രവര്‍ത്തനക്ഷമമായിരുന്നു).

ആന ഇടഞ്ഞ വിവരങ്ങളും ആന അതാത് സമയങ്ങളില്‍ ഏത് ഭാഗത്താണ് എത്തിയിട്ടുള്ളത് എന്നുള്ളതുമെല്ലാം മൈക്കിലൂടെ വിളിച്ചു പറഞ്ഞത് നാട്ടുകാരനായ ഒരു മാഷ് ആയിരുന്നു. അതിനടില്‍ കറന്റു പോയതോടെ ആനയെ കാണാതായെങ്കിലും ചങ്ങലക്കിലുക്കത്തില്‍ നിന്ന് ആന ഉദ്ദേശ്ശം ഏതു ഭാഗത്താണ് എന്ന് മൈക്കിലൂടെ അറിയിപ്പു കൊടുത്തു കൊണ്ട് മാഷ് പിടിച്ചു നിന്നു. ഇതിനിടെ ക്ഷേത്രത്തിന്റെ വടക്കേ ഭാഗത്തെങ്ങോ ചങ്ങലക്കിലുക്കം കേട്ട് 'ആന ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തുണ്ട്... പരിസരവാസികള്‍ ശ്രദ്ധിയ്ക്കുക' എന്നു വിളിച്ചു പറഞ്ഞ മാഷിനെ ക്ഷേത്രത്തിനകത്ത് തന്നെ സേഫായി ഇരിയ്ക്കുകയായിരുന്ന ഒരു പോലീസുകാരന്‍ ചീത്ത പറഞ്ഞ് അനൌണ്‍സ്മെന്റ് നിര്‍ത്തിച്ചു. കാരണം, ആന വടക്കു ഭാഗത്ത് എന്ന് മാഷ് വിളിച്ചു പറയുന്ന സമയത്ത് യഥാര്‍ത്ഥത്തില്‍ അതേ ആന മാഷ് വിളിച്ചു പറയുന്ന സ്ഥലത്തിനടുത്തു കൂടെ കടന്നു പോകുകയായിരുന്നു. വടക്കു ഭാഗത്തെങ്ങോ വേറെ എന്തോ ചങ്ങല കിലുങ്ങിയ ശബ്ദമാണ് പാവം മാഷ് ശ്രദ്ധിച്ചത് എന്നു മാത്രം. തെറ്റായ അനൌണ്‍‌സ്മെന്റ് വരുത്തി വച്ചേക്കാവുന്ന അപകടം കണക്കിലെടുത്താണ് ഇതു മനസ്സിലാക്കിയ പോലീസ് അദ്ദേഹത്തെ വിലക്കിയത്. പിന്നീട് ആനയെ തളച്ച ശേഷമാണ് അക്കാര്യം അറിയിയ്ക്കാന്‍ വീണ്ടും മൈക്ക് പ്രവര്‍ത്തിപ്പിച്ചത്.

എന്തായാലും മണിക്കൂറുകള്‍ ആ പരിസരത്തെ ജനങ്ങളെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം നേരം വെളുക്കുന്നതിനു മുന്‍പ് തന്നെ ആനയെ തളയ്ക്കാന്‍ കഴിഞ്ഞു. മണിക്കൂറുകളോളം നാടു മുഴുവനും ഓടി നടന്ന ശേഷം ആന കുറച്ചൊന്ന് അടങ്ങുകയും അങ്ങനെ ക്ഷേത്രപരിസരത്ത് പ്രധാന ഗോപുരത്തിനടുത്തോ മറ്റോ എത്തിയപ്പോള്‍ പാപ്പാന്‍ അതിന്റെ പുറത്തേയ്ക്ക് തഞ്ചത്തില്‍ കയറിപ്പറ്റുകയുമായിരുന്നു എന്ന് ദൃക്‍സാക്ഷികള്‍ പറഞ്ഞറിഞ്ഞു.

ആനയെ തളച്ചു എന്ന അറിയിപ്പ് മൈക്കിലൂടെ കേട്ടിട്ടും പിന്നെയും കുറേ നേരം കൂടെ ഞങ്ങളെല്ലാവരും ആ ടെറസ്സിനു മുകളില്‍ തന്നെ കഴിച്ചു കൂട്ടി. അവസാനം ഏതാണ്ട് നേരം വെളുക്കാറായപ്പോഴാണ് ഓരോരുത്തരായി അവരവരുടെ വീടുകളിലേയ്ക്ക് പോകാന്‍ തുടങ്ങിയത്. അധികം നാശനഷ്ടങ്ങളൊന്നുമുണ്ടാകാതെ ആനയെ തളയ്ക്കാന്‍ പറ്റിയെങ്കിലും അന്നത്തെ ആ ഒരു രാത്രി നാട്ടുകാര്‍ക്ക് ഒരു കാളരാത്രി തന്നെ ആയിരുന്നു. അന്ന് രാത്രി നടത്താനിരുന്ന നാടകം ഉപേക്ഷിയ്ക്കേണ്ടിയും വന്നു. ക്ഷേത്രപരിസരത്തെ ഒറ്റ വീട്ടുകാരും അന്ന് ഉറങ്ങിയില്ലെന്ന് മാത്രമല്ല, ആനയും നാട്ടുകാരും ഉത്സവം കാണാനെത്തിയവരുമെല്ലാം ഓടിയ കൂട്ടത്തില്‍ ആ പരിസരത്തെ മിക്ക പറമ്പുകളിലെയും വിളകള്‍ പലതും നശിയ്ക്കുകയും ചെയ്തു.

ഇന്ന് ഈ സംഭവത്തിനു ശേഷം പത്തു പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഉത്സവത്തിന്റെയും ആഘോഷങ്ങളുടെയും രീതികളും കുറേ മാറി. ഞങ്ങളുടെ പിഷാരത്ത് ക്ഷേത്രത്തില്‍ തന്നെ ഉത്സവത്തിനു വരുന്ന ആനകളുടെ എണ്ണം ഇപ്പോള്‍ 7 ആയി. പക്ഷേ പഴയ പൊലിമയെല്ലാം ഇന്നത്തെ ഉത്സവക്കാലങ്ങള്‍ക്ക് എന്നേ നഷ്ടമായിക്കഴിഞ്ഞു.

Wednesday, January 26, 2011

ഒരു നഴ്സറിക്കാലം

നഴ്സറിയില്‍ ചേരുന്ന കാലത്ത് പഠനം എന്നു വച്ചാല്‍ എന്തോ മലമറിയ്ക്കുന്നത്ര വല്യ സംഭവം ആണെന്നായിരുന്നു കരുതിയിരുന്നത്. കുഞ്ഞായിരുന്ന നാളുകളില്‍, പ്രത്യേകിച്ചും സ്ലേറ്റും പുസ്തകവും ചോറുപാത്രവും പെട്ടിയിലില്‍ വച്ച് (ആദ്യകാലങ്ങളില്‍ ബാഗിനു പകരം അലൂമിനിയം പെട്ടിയായിരുന്നു) വാട്ടര്‍ ബോട്ടിലും കഴുത്തിലിട്ട് ചേട്ടനും കൂട്ടുകാരും പോകുന്നത് കാണുമ്പോഴുള്ള ഒരു.. ഒരു കൊതി. എങ്ങനെ എങ്കിലും സ്കൂളില്‍ പഠിയ്ക്കാന്‍ പോയാല്‍ മതി എന്നായിരുന്നു അന്നൊക്കെ ചിന്ത. മാത്രമല്ല, ചേട്ടനും കൂടി സ്കൂളില്‍ പോയാല്‍ പിന്നെ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാകുകയും ചെയ്യും. അന്ന് എന്റെ പ്രായത്തിലുള്ള കളിക്കൂട്ടുകാരൊന്നും അയല്‍പക്കങ്ങളിലുണ്ടായിരുന്നുമില്ല. (അല്ല, കുറച്ചകലെ ഉണ്ടെങ്കില്‍ തന്നെ അച്ഛനുമമ്മയും അങ്ങോട്ടേയ്ക്കൊന്നും കളിയ്ക്കാന്‍ വിടുകയുമില്ല)

അവസാനം ആറ്റുനോറ്റിരുന്ന സമയം സമാഗതമായി. എന്നെയും നഴ്സറി സ്കൂളില്‍ ചേര്‍ക്കുവാന്‍ തീരുമാനമായി. [ഈ സമയമായപ്പോഴേയ്ക്കും ഞങ്ങള്‍ കൊരട്ടിയില്‍ അച്ഛന്റെ ക്വാര്‍ട്ടേഴ്സിലേയ്ക്ക് താമസം മാറിയിരുന്നു. പിന്നെ മൂന്നു വര്‍ഷം അവിടെയായിരുന്നു]. അതിന്റെ ഭാഗമായി അല്ലറ ചില്ലറ പര്‍ച്ചേസിങ്ങ് കൂടി. പുതിയ ബാഗ്... പുതിയ സ്ളേറ്റ്... പുതിയ ഉടുപ്പ്... പുതിയ ചെരുപ്പ്... പുതിയ കുട... (കുട ഉണ്ടായിരുന്നോ ആവോ. ഒരു താളത്തിന് അങ്ങ് പറഞ്ഞെന്നേയുള്ളൂ) ഞാനും പെരുത്ത് ഹാപ്പി.

അങ്ങനെ ഞാനും സ്കൂളിലേയ്ക്ക് ചേട്ടന്റെ കൂടെ യാത്രയായി. പക്ഷേ സ്കൂളില്‍ ചെന്നെത്തിയതോടെ ആകെ പകച്ചു. പ്രതീക്ഷിച്ചതു പോലെ ഒന്നുമല്ല. ആകെ ബഹളമയം. ഒച്ചയും ബഹളവും ഒപ്പം കരച്ചിലും ഓട്ടവും ഓടിച്ചിട്ടു പിടുത്തവും. ഇതെല്ലാം കണ്ടും കേട്ടും ഞാന്‍ കരയണോ വേണ്ടയോ എന്നറിയാതെ പകച്ചു നിന്നു. അപ്പോഴേയ്ക്കും അമ്മയും വേറേ രണ്ടു മൂന്നു ചേച്ചിമാരും ( അതവിടുത്തെ ടീച്ചര്‍മാരായിരുന്നു എന്ന് പിന്നീടറിഞ്ഞു) ചേര്‍ന്ന് എന്നെപ്പിടിച്ച് ഒരു മുറിയില്‍ കൊണ്ടിരുത്തി. ഞാന്‍ കരുതിയിരുന്നത് സ്കൂളെന്ന് പറയുന്നത് നമ്മുടെ വീടു പോലെ സുന്ദരമായ ഒരു കളിസ്ഥലമാണെന്നായിരുന്നു. പിന്നെ പഠിയ്ക്കാന്‍ ചേട്ടന്റെ കൂടെ പോകാമെന്ന് പറഞ്ഞപ്പോഴും ചേട്ടന്റെ ക്ലാസ്സില്‍ ചേട്ടന്റെ അടുത്തിരുന്ന് പഠിച്ചാല്‍ മതി എന്നൊക്കെയായിരുന്നു. അങ്ങനെയുള്ള എല്ലാ പ്രതീക്ഷകളും തെറ്റിപ്പോയെന്ന് മനസ്സിലാക്കുന്നത് അവിടെ ചെന്നപ്പോള്‍ മാത്രമാണ്.

നഴ്സറി ക്ലാസ്സില്‍ അങ്ങനെ എടുത്തു പറയാനും മാത്രം കൂട്ടുകാരെ ഒന്നും കിട്ടിയിരുന്നില്ല. ഭൂരിഭാഗം പേരും വന്നിരുന്നത് അവരവരുടെ അമ്മമാരുടെ കൂടെയായിരുന്നു. മാത്രമല്ല, മിക്കവാറും ദിവസം ക്ലാസ്സുകള്‍ ഉച്ച വരെ മാത്രവും. ഇന്നത്തെ LKG UKG പോലെയൊന്നുമല്ല, എഴുതാനും വായിയ്ക്കാനും എല്ലാം പഠിപ്പിയ്ക്കുക എന്നതു മാത്രമായിരുന്നു നഴ്സറി ക്ലാസ്സിന്റെ ലക്ഷ്യം. ഒപ്പം കൂട്ടമായി കുറേ പാട്ടുകളും കളികളും. ഇടയ്ക്ക് ബ്രേയ്ക്കിന് അവരവര്‍ കൊണ്ടു വന്നിട്ടുള്ള ബിസ്‌കറ്റും പാലും മറ്റും കഴിയ്ക്കാനുള്ള സമയവും കിട്ടും. ഇതൊന്നുമല്ല, അന്ന് ഏറ്റവും കൊതിയോടെ കാത്തിരുന്നത് (ഇന്നും ഓര്‍മ്മകളില്‍ കൊതിയോടെ ഓര്‍ക്കുന്നത്) ഓരോ ദിവസത്തേയും ക്ലാസ്സിന്റെ അവസാനം ലഭിച്ചിരുന്ന ഒരു ഉരുള ഉപ്പുമാവിനു വേണ്ടിയായിരുന്നു. ചെറു ചൂടോടെ അന്നത്തെ കുഞ്ഞിക്കൈ നിറയുമായിരുന്ന വിധത്തിലുള്ള ആ ഉപ്പുമാവിന്റെ രുചി ഒരിയ്ക്കലും നാവില്‍ നിന്നും പോകുമെന്ന് തോന്നുന്നില്ല. അതു കൊണ്ടൊക്കെ തന്നെ ക്ലാസ്സുമായി പെട്ടെന്ന് പൊരുത്തപ്പെട്ടു.

നഴ്സറി ക്ലാസ്സില്‍ സ്ളേറ്റിനു പുറമേ ഒരു പുസ്തകം കൂടി ഉണ്ടായിരുന്നു. ചിത്രങ്ങളിലൂടെ അക്കങ്ങളെയും അക്ഷരങ്ങളെയും പരിചയപ്പെടുത്തുന്ന ഒരു പുസ്തകം. ഓരോ ദിവസവും എന്തെങ്കിലും ഹോം വര്‍ക്കും കാണും. ഓരോ ദിവസവും വീട്ടിലേയ്ക്ക് വന്നെത്തിയാല്‍ ആദ്യത്തെ പരിപാടി തന്നെ ഈ ഹോംവര്‍ക്ക് ചെയ്തു തീര്‍ക്കുക എന്നതായിരുന്നു. (അത്രയും ഉത്സാഹത്തോടെ പിന്നൊരു കാലത്തും ഹോംവര്‍ക്കുകള്‍ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല) അതു കഴിഞ്ഞേ ഡ്രെസ്സ് മാറുവാനോ ചായ കുടിയ്ക്കുവാനോ പോലും പോകുമായിരുന്നുള്ളൂ.

അതു പോലെ അവിടെ അന്നും യൂണിഫോമും ടൈയും നിര്‍ബന്ധമായിരുന്നു. പിന്നെ ഫുള്‍ സ്ളീവ് ഷര്‍ട്ട് ആണെങ്കില്‍ കൈ മടക്കി വയ്ക്കാതെ അത് ഫുള്‍ സ്ളീവ് ആയി തന്നെ ബട്ടന്‍സൊക്കെ ഇട്ട് ഇടണം. അതാണെങ്കില്‍ എന്നെക്കൊണ്ട് നടക്കുന്ന സംഗതി ആയിരുന്നില്ല. അതു കൊണ്ട് ഷര്‍ട്ടിടാടാനും ഊരാനും അച്ഛനോ അമ്മയോ സഹായിയ്ക്കേണ്ടതുണ്ടായിരുന്നു. പിന്നെ പിന്നെ ഷര്‍ട്ട് അഴിച്ചു മാറ്റാന്‍ ഞാനൊരു വഴി കണ്ടു പിടിച്ചു. ഹോം വര്‍ക്കൊക്കെ കഴിഞ്ഞാല്‍ ചാടിയെഴുന്നേറ്റ് ഷര്‍ട്ടിന്റെ ബട്ടന്‍സൊക്കെ അഴിച്ച് ദേഹത്തു നിന്നും ഊരി മാറ്റി താഴെ അങ്ങ് ഇടും (അപ്പോഴും രണ്ടു കൈയുടേയും ബട്ടന്‍സുകള്‍ അഴിയ്ക്കാത്തതിനാല്‍ അതു രണ്ടും അവിടെ തന്നെ കാണും). അടുത്തതായി നിലത്തു കിടക്കുന്ന ഈ ഷര്‍ട്ടിനു മുകളില്‍ കയറി നിന്ന് ഓരോ കയ്യും ആഞ്ഞു വലിയ്ക്കും. അപ്പോള്‍ ബട്ടന്‍സ് ഇട്ട ഷര്‍ട്ടിന്റെ കയ്യില്‍ നിന്നും എന്റെ കൈകള്‍ സ്വതന്ത്രമാകും. എത്ര എളുപ്പം. ബട്ടന്‍സ് അഴിച്ചു മാറ്റാന്‍ ആരെയും കാത്തു നില്ക്കേണ്ട ആവശ്യവുമില്ല.

അങ്ങനെ ഒരു ദിവസം പതിവു പോലെ ക്ലാസ്സു കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തി. അമ്മ ചായ ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറിയ നേരം കൊണ്ട് ഞാന്‍ ഹോം വര്‍ക്കെല്ലാം ചെയ്തു തീര്‍ത്തു. അടുത്ത പടിയായി സ്ലേറ്റും പുസ്തകവുമെല്ലാം എടുത്തു വച്ചു, അന്നും ഫുള്‍സ്ലീവ് ഷര്‍ട്ട് ആയതിനാല്‍ ഷര്‍ട്ടിന്റെ ബട്ടന്‍സെല്ലാം അഴിച്ച് പതിവു പോലെ ഷര്‍ട്ട് നിലത്തെറിഞ്ഞു. അടുത്ത നിമിഷം അതിനു മുകളിലേയ്ക്ക് ചാടിക്കയറി വലത്തേ കൈ ആഞ്ഞു വലിച്ചു.

ഒരു നിമിഷം! ആ മുറിയും ഞങ്ങള്‍ താമസിയ്ക്കുന്ന ആ ബില്‍ഡിങ്ങും മാത്രമല്ല, ആ ക്വാര്‍ട്ടേഴ്സ് മൊത്തം കിടുങ്ങുമാറ് ഒരലര്‍ച്ച അവിടെ മുഴങ്ങി. ഞാന്‍ പോലും കുറച്ചു സമയമെടുത്തു ആ ശബ്ദം വന്നത് എന്റെ തന്നെ തൊണ്ടയില്‍ നിന്ന് തന്നെ ആണെന്ന് തിരിച്ചറിയാന്‍. അതെല്ലാം മനസ്സിലാക്കി വരുന്നതിനു മുന്‍പ് തന്നെ ഞാന്‍ അലറിക്കരയാന്‍ ആരംഭിച്ചിരുന്നു. അപ്പോഴേയ്ക്കും അമ്മയും അയല്‍പക്കത്തെ ചേച്ചിമാരും പതുക്കെ പതുക്കെ ആ ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ മുഴുവനും അവിടെ വന്നു ചേര്‍ന്നു. വരുന്നവരെല്ലാം എന്താണ് കാര്യമെന്ന് ചോദിയ്ക്കുന്നുണ്ടെങ്കിലും "എന്റെ കൈ ... എന്റെ കൈ..." എന്നും പറഞ്ഞ് കരയുകയല്ലാതെ മറ്റൊന്നും ഞാന്‍ പറയുന്നുമില്ല.

എങ്കിലും ഷര്‍ട്ടിനു മുകളില്‍ കയറി നിന്ന് വലതു കൈ തളര്‍ത്തിയിട്ടു കൊണ്ടുള്ള എന്റെ നില്‍പ്പില്‍ നിന്നു തന്നെ അമ്മയ്ക്ക് കാര്യമെല്ലാം മനസ്സിലായി. അന്ന് പുതിയൊരു ഷര്‍ട്ടായിരുന്നു ഞാനിട്ടിരുന്നത്. അതിന്റെ കൈയ്ക്ക് അല്‍പ്പം ഇറുക്കം കൂടുതലുമായിരുന്നു. അതായിരുന്നു എന്റെ പതിവ് നമ്പര്‍ അവിടെ ഏല്‍ക്കാതിരുന്നത്. അമ്മ അക്കാര്യം പറഞ്ഞു മനസ്സിലാക്കി നാട്ടുകാരെ എല്ലാം സമാധാനിപ്പിച്ച് അയച്ചു. വന്നവരെല്ലാം എന്റെ കൈ പരിശോധിച്ച് ഒന്നും പറ്റിയിട്ടില്ലെന്ന് വിധിച്ച് സ്ഥലം കാലിയാക്കി. അമ്മയും അയല്‍പക്കത്തെ കുറച്ചു പേരും മാത്രം അവിടെ അവശേഷിച്ചു. അതോടൊപ്പം അമ്മ ഷര്‍ട്ടിന്റെ കൈയുടെ ബട്ടന്‍സ് അഴിച്ച് എന്റെ കൈ പതുക്കെ തിരുമ്മിയും മറ്റും ശരിയാക്കാനും തുടങ്ങിയിരുന്നു. പക്ഷേ ഞാന്‍ കരച്ചില്‍ നിര്‍ത്തുന്നില്ല. മാത്രമല്ല, വലതു കൈ അനക്കുന്നുമില്ല. ആരെങ്കിലും വന്ന് കയ്യില്‍ തൊട്ടാല്‍ കരച്ചില്‍ ഉച്ചത്തിലാക്കും, അത്ര തന്നെ.

നേരം കുറേ കഴിഞ്ഞിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്താതായപ്പോള്‍ എല്ലാവര്‍ക്കും കുറേശ്ശെ പേടിയായി തുടങ്ങി. ഇനി കൈയ്ക്ക് വല്ലതും പറ്റിക്കാണുമോ? വൈകാതെ ചേട്ടനെ പറഞ്ഞയച്ച് അച്ഛനെ ഓഫീസില്‍ നിന്നും വരുത്തിച്ചു. അച്ഛന്‍ വന്ന ശേഷം അച്ഛന്റെ വകയും ഒരു പരിശോധന നടത്തി. ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നും കാണാനില്ല. അപ്പോഴേയ്ക്കും ഞാനും കരഞ്ഞു തളര്‍ന്ന് വലിയ വായിലെ കരച്ചിലെല്ലാം അവസാനിപ്പിച്ചു. പകരം ഒരു തരം മോങ്ങല്‍ മാത്രമായി. പക്ഷേ, എന്റെ കയ്യില്‍ തൊട്ടാല്‍ വിധം മാറും. പ്രധാന പ്രശ്നം എനിയ്ക്ക് കൈ അനക്കാന്‍ പറ്റുന്നില്ല എന്നതു തന്നെ. കൈ തളര്‍ത്തിയിട്ടിരിയ്ക്കുകയാണ്. ഉയര്‍ത്താന്‍ പറ്റില്ല, ഞാനോ മറ്റാരെങ്കിലുമോ ശ്രമിച്ചാല്‍ തന്നെ ഭയങ്കര വേദന. അപ്പോള്‍ ഞാന്‍ കരച്ചിലിന്റെ വോളിയം കൂട്ടും.

അവസാനം എന്നെ ഡോക്ടറുടെ അടുത്തേയ്ക് കെട്ടിയെടുക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴേയ്ക്കും ഞാനൊരു 'രോഗി' ആയിക്കഴിഞ്ഞതിനാല്‍ അച്ഛന്‍ എന്നെ എടുത്ത് തോളിലിട്ട് ഡോക്ടറുടെ അടുത്തേയ്ക്ക് വച്ചു പിടിച്ചു. കുറച്ചു ദൂരം നടന്ന് ഡോക്ടറുടെ ക്ലിനിക്കിലെത്തി. (ഇതിനിടെ വഴിയില്‍ കാണുന്ന പരിചയക്കാരെല്ലാം തന്നെ സംഭവം വന്ന് അന്വേഷിച്ചിട്ടു പോയി, എന്റെ കിടപ്പ് കണ്ടാല്‍ കരഞ്ഞു തളര്‍ന്ന് എന്തോ അത്യാഹിതം സംഭവിച്ച മാതിരി തോന്നുമല്ലോ). അവസാനം ഡോക്ടറുടെ അടുക്കലെത്തി. ഡോക്ടര്‍ തന്നെക്കൊണ്ടാകും പോലെ എല്ലാം ശ്രമിച്ചു. ഒരു പ്രശ്നവും കണ്ടെത്താനായില്ല. ഉളുക്കിന്റേതായ ലക്ഷണങ്ങളും നീരും ഒന്നും കാണാനുമില്ല. പിന്നെ, കൂടുതല്‍ വേദന തോന്നിയാല്‍ കൊടുക്കാന്‍ പറഞ്ഞ് എന്തോ മരുന്നും തന്ന് പറഞ്ഞയച്ചു. കൈ ഒരു ദിവസത്തേയ്ക്ക് അനക്കണ്ട എന്നും പിറ്റേ ദിവസത്തേയ്ക്കും മാറിയില്ലെങ്കില്‍ നഴ്സറിയിലേയ്ക്ക് അയയ്ക്കണ്ട എന്നും കൂടി ഉപദേശിച്ചു. അതു കൂടി കേട്ടപ്പോള്‍ എനിയ്ക്ക് കൂടുതല്‍ സങ്കടമായി. (അന്ന് ഒരു ക്ലാസ്സ് മുടങ്ങുന്നത് വലിയ വിഷമമുള്ള കാര്യമായിരുന്നു).

അങ്ങനെ ഞങ്ങള്‍ തിരികേ ക്വാര്‍ട്ടേഴ്സിലേയ്ക്ക് നടക്കുകയായിരുന്നു. അച്ഛന്‍ തിരികേ പോരുന്ന വഴി മുഴുവന്‍ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. സമയം ഏതാണ്ട് ഇരുട്ടിത്തുടങ്ങി. ഞാന്‍ അച്ഛന്റെ തോളില്‍ തല ചായ്ച് തളര്‍ന്ന് കിടപ്പാണ്. അപ്പോഴേയ്ക്കും കരച്ചിലൊക്കെ ഒരുമാതിരി അടങ്ങി. വഴിയില്‍ വച്ച് അച്ഛന്റെ ഒരു സഹപ്രവര്‍ത്തകനെ കണ്ടു മുട്ടി. അവര്‍ രണ്ടു പേരും സംസാരിയ്ക്കുന്നതിനിടയില്‍ എന്നെയും കൊണ്ട് ആ സമയത്ത് എങ്ങോട്ടാണ് എന്ന ചോദ്യം വന്നു. അച്ഛന്‍ കാര്യം മൊത്തം വിവരിച്ചു. അതു കഴിഞ്ഞപ്പോള്‍ ആ ചേട്ടന് എന്റെ കൈ കാണണമെന്നായി. അദ്ദേഹം പതുക്കെ എന്റെ അടുക്കലെത്തി. എന്നിട്ട് "എന്താ മോനേ പറ്റിയത്? കൈ ഉളുക്കിയോ? കാണട്ടെ, ഏത് കയ്യാണ്? എന്താ പറ്റിയത്? ഇപ്പോ എന്താ കുഴപ്പം?" ഇങ്ങനെ തുടര്‍ച്ചയായി കുറേ ചോദ്യങ്ങള്‍ എന്നോട് ചോദിച്ചു.

ഞാന്‍ പയ്യെ വിതുമ്പിക്കൊണ്ട് 'കൈ ഉളുക്കി, ഇപ്പൊ അനക്കാന്‍ പറ്റുന്നില്ല' എന്ന് പറഞ്ഞു.

"ആണോ? ഏത് കയ്യാ ഉളുക്കിയത്? ഇപ്പോ അനക്കാനേ പറ്റുന്നില്ലേ?" ആ ചേട്ടന്‍ പിന്നെയും കുറച്ച് സഹതാപത്തോടെ ചോദിച്ചു.

"ഈ കയ്യാണ് അനക്കാന്‍ പറ്റാത്തത്. ആദ്യം ഇത്രയും പൊക്കാന്‍ പറ്റുമായിരുന്നു. ഇപ്പോ ഇങ്ങനെ പൊക്കാനേ പറ്റുന്നില്ല" ഞാനെന്റെ വലത്തേ കൈ പൊക്കിപ്പിടിച്ച് അദ്ദേഹത്തെ കാണിച്ചു കൊണ്ട് വിശദീകരിച്ചു.

ഇതു കണ്ട് അച്ഛനും ആ ചേട്ടനും ഏതാനും നിമിഷങ്ങള്‍ അന്തം വിട്ട് നിന്നു, തുടര്‍ന്ന് ഒരുമിച്ച് പൊട്ടിച്ചിരിയ്ക്കാന്‍ തുടങ്ങി. എനിയ്ക്ക് കാര്യം മനസ്സിലാക്കാന്‍ പിന്നെയും കുറച്ചു സമയം കുഠെ വേണ്ടി വന്നു. കാരണം അത്രയും നേരം അനക്കുവാനോ പൊക്കിപ്പിടിയ്ക്കുവാനോ പറ്റുന്നില്ലെന്നും പറഞ്ഞ് ബഹളം വച്ചു കരഞ്ഞ അതേ കയ്യും പൊക്കിപ്പിടിച്ചു കൊണ്ടാണ് ഞാന്‍ ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്.

ഇടയ്ക്കെപ്പോഴോ എന്റെ കൈയ്യുടെ ഉളുക്കും വേദനയും നിശ്ശേഷം മാറിയിരുന്നു എന്ന സത്യം ഞാനും മനസ്സിലാക്കിയിരുന്നില്ല. ഉളുക്കിയ സമയത്ത് കൈയൊന്ന് ഇളകുമ്പോഴോ അനക്കുമ്പോഴോ ഉയര്‍ത്താന്‍ ശ്രമിയ്ക്കുമ്പോഴോ തോന്നിയിരുന്ന അസഹ്യമായ വേദന കാരണം പിന്നീട് അത്രയും നേരം ഞാനൊരു ശ്രമം പോലും നടത്താന്‍ കൂട്ടാക്കിയിരുന്നില്ലല്ലോ. എന്തു തന്നെ ആയിരുന്നാലും അത്രയും നേരത്തെ വിശ്രമം തന്നെ ആയിരുന്നു ആ ഉളുക്കിനു പറ്റിയ മരുന്നും.

അങ്ങനെ ഒരു വലിയ രോഗിയെപ്പോലെ അച്ഛന്റെ തോളത്ത് കയറിക്കിടന്ന് കരഞ്ഞു കൊണ്ടു പോയ ഞാന്‍ തിരികെ അച്ഛന്റെ കയ്യും പിടിച്ച് ഉളുക്കിക്കിടന്ന വലതു കൈയും വീശി ചിരിച്ചു കൊണ്ട് തിരികെ വീട്ടില്‍ വന്നു കയറുന്നതു കണ്ട അമ്മയും അയല്‍ക്കാരും അന്തം വിട്ടു. ഇടയ്ക്ക് വഴിയില്‍ വച്ചു നടന്ന സംഭവം മനസ്സിലാക്കാതിരുന്ന ഭൂരിഭാഗം അയല്‍ക്കാര്‍ക്കും എന്നെ ചികിത്സിച്ച ഡോക്ടറോഠുള്ള മതിപ്പും കൂടി എന്ന് പ്രത്യേകം പറയണ്ടല്ലോ.

ഇപ്പോഴും കുടുംബക്കാരെല്ലാം കൂടുന്ന ചില സദസ്സുകളില്‍ അച്ഛനുമമ്മയുമെല്ലാം ഈ പഴയ സംഭവം പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. എന്തായാലും അന്നത്തെ ആ അനുഭവത്തിനു ശേഷം പിന്നീട് കുറേ നാളുകള്‍... അല്ല, വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു വീണ്ടും ഫുള്‍സ്ലീവ് ഷര്‍ട്ടിനോടുള്ള എന്റെ ഭയം മാറിക്കിട്ടാന്‍.