Wednesday, January 26, 2011

ഒരു നഴ്സറിക്കാലം

നഴ്സറിയില്‍ ചേരുന്ന കാലത്ത് പഠനം എന്നു വച്ചാല്‍ എന്തോ മലമറിയ്ക്കുന്നത്ര വല്യ സംഭവം ആണെന്നായിരുന്നു കരുതിയിരുന്നത്. കുഞ്ഞായിരുന്ന നാളുകളില്‍, പ്രത്യേകിച്ചും സ്ലേറ്റും പുസ്തകവും ചോറുപാത്രവും പെട്ടിയിലില്‍ വച്ച് (ആദ്യകാലങ്ങളില്‍ ബാഗിനു പകരം അലൂമിനിയം പെട്ടിയായിരുന്നു) വാട്ടര്‍ ബോട്ടിലും കഴുത്തിലിട്ട് ചേട്ടനും കൂട്ടുകാരും പോകുന്നത് കാണുമ്പോഴുള്ള ഒരു.. ഒരു കൊതി. എങ്ങനെ എങ്കിലും സ്കൂളില്‍ പഠിയ്ക്കാന്‍ പോയാല്‍ മതി എന്നായിരുന്നു അന്നൊക്കെ ചിന്ത. മാത്രമല്ല, ചേട്ടനും കൂടി സ്കൂളില്‍ പോയാല്‍ പിന്നെ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാകുകയും ചെയ്യും. അന്ന് എന്റെ പ്രായത്തിലുള്ള കളിക്കൂട്ടുകാരൊന്നും അയല്‍പക്കങ്ങളിലുണ്ടായിരുന്നുമില്ല. (അല്ല, കുറച്ചകലെ ഉണ്ടെങ്കില്‍ തന്നെ അച്ഛനുമമ്മയും അങ്ങോട്ടേയ്ക്കൊന്നും കളിയ്ക്കാന്‍ വിടുകയുമില്ല)

അവസാനം ആറ്റുനോറ്റിരുന്ന സമയം സമാഗതമായി. എന്നെയും നഴ്സറി സ്കൂളില്‍ ചേര്‍ക്കുവാന്‍ തീരുമാനമായി. [ഈ സമയമായപ്പോഴേയ്ക്കും ഞങ്ങള്‍ കൊരട്ടിയില്‍ അച്ഛന്റെ ക്വാര്‍ട്ടേഴ്സിലേയ്ക്ക് താമസം മാറിയിരുന്നു. പിന്നെ മൂന്നു വര്‍ഷം അവിടെയായിരുന്നു]. അതിന്റെ ഭാഗമായി അല്ലറ ചില്ലറ പര്‍ച്ചേസിങ്ങ് കൂടി. പുതിയ ബാഗ്... പുതിയ സ്ളേറ്റ്... പുതിയ ഉടുപ്പ്... പുതിയ ചെരുപ്പ്... പുതിയ കുട... (കുട ഉണ്ടായിരുന്നോ ആവോ. ഒരു താളത്തിന് അങ്ങ് പറഞ്ഞെന്നേയുള്ളൂ) ഞാനും പെരുത്ത് ഹാപ്പി.

അങ്ങനെ ഞാനും സ്കൂളിലേയ്ക്ക് ചേട്ടന്റെ കൂടെ യാത്രയായി. പക്ഷേ സ്കൂളില്‍ ചെന്നെത്തിയതോടെ ആകെ പകച്ചു. പ്രതീക്ഷിച്ചതു പോലെ ഒന്നുമല്ല. ആകെ ബഹളമയം. ഒച്ചയും ബഹളവും ഒപ്പം കരച്ചിലും ഓട്ടവും ഓടിച്ചിട്ടു പിടുത്തവും. ഇതെല്ലാം കണ്ടും കേട്ടും ഞാന്‍ കരയണോ വേണ്ടയോ എന്നറിയാതെ പകച്ചു നിന്നു. അപ്പോഴേയ്ക്കും അമ്മയും വേറേ രണ്ടു മൂന്നു ചേച്ചിമാരും ( അതവിടുത്തെ ടീച്ചര്‍മാരായിരുന്നു എന്ന് പിന്നീടറിഞ്ഞു) ചേര്‍ന്ന് എന്നെപ്പിടിച്ച് ഒരു മുറിയില്‍ കൊണ്ടിരുത്തി. ഞാന്‍ കരുതിയിരുന്നത് സ്കൂളെന്ന് പറയുന്നത് നമ്മുടെ വീടു പോലെ സുന്ദരമായ ഒരു കളിസ്ഥലമാണെന്നായിരുന്നു. പിന്നെ പഠിയ്ക്കാന്‍ ചേട്ടന്റെ കൂടെ പോകാമെന്ന് പറഞ്ഞപ്പോഴും ചേട്ടന്റെ ക്ലാസ്സില്‍ ചേട്ടന്റെ അടുത്തിരുന്ന് പഠിച്ചാല്‍ മതി എന്നൊക്കെയായിരുന്നു. അങ്ങനെയുള്ള എല്ലാ പ്രതീക്ഷകളും തെറ്റിപ്പോയെന്ന് മനസ്സിലാക്കുന്നത് അവിടെ ചെന്നപ്പോള്‍ മാത്രമാണ്.

നഴ്സറി ക്ലാസ്സില്‍ അങ്ങനെ എടുത്തു പറയാനും മാത്രം കൂട്ടുകാരെ ഒന്നും കിട്ടിയിരുന്നില്ല. ഭൂരിഭാഗം പേരും വന്നിരുന്നത് അവരവരുടെ അമ്മമാരുടെ കൂടെയായിരുന്നു. മാത്രമല്ല, മിക്കവാറും ദിവസം ക്ലാസ്സുകള്‍ ഉച്ച വരെ മാത്രവും. ഇന്നത്തെ LKG UKG പോലെയൊന്നുമല്ല, എഴുതാനും വായിയ്ക്കാനും എല്ലാം പഠിപ്പിയ്ക്കുക എന്നതു മാത്രമായിരുന്നു നഴ്സറി ക്ലാസ്സിന്റെ ലക്ഷ്യം. ഒപ്പം കൂട്ടമായി കുറേ പാട്ടുകളും കളികളും. ഇടയ്ക്ക് ബ്രേയ്ക്കിന് അവരവര്‍ കൊണ്ടു വന്നിട്ടുള്ള ബിസ്‌കറ്റും പാലും മറ്റും കഴിയ്ക്കാനുള്ള സമയവും കിട്ടും. ഇതൊന്നുമല്ല, അന്ന് ഏറ്റവും കൊതിയോടെ കാത്തിരുന്നത് (ഇന്നും ഓര്‍മ്മകളില്‍ കൊതിയോടെ ഓര്‍ക്കുന്നത്) ഓരോ ദിവസത്തേയും ക്ലാസ്സിന്റെ അവസാനം ലഭിച്ചിരുന്ന ഒരു ഉരുള ഉപ്പുമാവിനു വേണ്ടിയായിരുന്നു. ചെറു ചൂടോടെ അന്നത്തെ കുഞ്ഞിക്കൈ നിറയുമായിരുന്ന വിധത്തിലുള്ള ആ ഉപ്പുമാവിന്റെ രുചി ഒരിയ്ക്കലും നാവില്‍ നിന്നും പോകുമെന്ന് തോന്നുന്നില്ല. അതു കൊണ്ടൊക്കെ തന്നെ ക്ലാസ്സുമായി പെട്ടെന്ന് പൊരുത്തപ്പെട്ടു.

നഴ്സറി ക്ലാസ്സില്‍ സ്ളേറ്റിനു പുറമേ ഒരു പുസ്തകം കൂടി ഉണ്ടായിരുന്നു. ചിത്രങ്ങളിലൂടെ അക്കങ്ങളെയും അക്ഷരങ്ങളെയും പരിചയപ്പെടുത്തുന്ന ഒരു പുസ്തകം. ഓരോ ദിവസവും എന്തെങ്കിലും ഹോം വര്‍ക്കും കാണും. ഓരോ ദിവസവും വീട്ടിലേയ്ക്ക് വന്നെത്തിയാല്‍ ആദ്യത്തെ പരിപാടി തന്നെ ഈ ഹോംവര്‍ക്ക് ചെയ്തു തീര്‍ക്കുക എന്നതായിരുന്നു. (അത്രയും ഉത്സാഹത്തോടെ പിന്നൊരു കാലത്തും ഹോംവര്‍ക്കുകള്‍ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല) അതു കഴിഞ്ഞേ ഡ്രെസ്സ് മാറുവാനോ ചായ കുടിയ്ക്കുവാനോ പോലും പോകുമായിരുന്നുള്ളൂ.

അതു പോലെ അവിടെ അന്നും യൂണിഫോമും ടൈയും നിര്‍ബന്ധമായിരുന്നു. പിന്നെ ഫുള്‍ സ്ളീവ് ഷര്‍ട്ട് ആണെങ്കില്‍ കൈ മടക്കി വയ്ക്കാതെ അത് ഫുള്‍ സ്ളീവ് ആയി തന്നെ ബട്ടന്‍സൊക്കെ ഇട്ട് ഇടണം. അതാണെങ്കില്‍ എന്നെക്കൊണ്ട് നടക്കുന്ന സംഗതി ആയിരുന്നില്ല. അതു കൊണ്ട് ഷര്‍ട്ടിടാടാനും ഊരാനും അച്ഛനോ അമ്മയോ സഹായിയ്ക്കേണ്ടതുണ്ടായിരുന്നു. പിന്നെ പിന്നെ ഷര്‍ട്ട് അഴിച്ചു മാറ്റാന്‍ ഞാനൊരു വഴി കണ്ടു പിടിച്ചു. ഹോം വര്‍ക്കൊക്കെ കഴിഞ്ഞാല്‍ ചാടിയെഴുന്നേറ്റ് ഷര്‍ട്ടിന്റെ ബട്ടന്‍സൊക്കെ അഴിച്ച് ദേഹത്തു നിന്നും ഊരി മാറ്റി താഴെ അങ്ങ് ഇടും (അപ്പോഴും രണ്ടു കൈയുടേയും ബട്ടന്‍സുകള്‍ അഴിയ്ക്കാത്തതിനാല്‍ അതു രണ്ടും അവിടെ തന്നെ കാണും). അടുത്തതായി നിലത്തു കിടക്കുന്ന ഈ ഷര്‍ട്ടിനു മുകളില്‍ കയറി നിന്ന് ഓരോ കയ്യും ആഞ്ഞു വലിയ്ക്കും. അപ്പോള്‍ ബട്ടന്‍സ് ഇട്ട ഷര്‍ട്ടിന്റെ കയ്യില്‍ നിന്നും എന്റെ കൈകള്‍ സ്വതന്ത്രമാകും. എത്ര എളുപ്പം. ബട്ടന്‍സ് അഴിച്ചു മാറ്റാന്‍ ആരെയും കാത്തു നില്ക്കേണ്ട ആവശ്യവുമില്ല.

അങ്ങനെ ഒരു ദിവസം പതിവു പോലെ ക്ലാസ്സു കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തി. അമ്മ ചായ ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറിയ നേരം കൊണ്ട് ഞാന്‍ ഹോം വര്‍ക്കെല്ലാം ചെയ്തു തീര്‍ത്തു. അടുത്ത പടിയായി സ്ലേറ്റും പുസ്തകവുമെല്ലാം എടുത്തു വച്ചു, അന്നും ഫുള്‍സ്ലീവ് ഷര്‍ട്ട് ആയതിനാല്‍ ഷര്‍ട്ടിന്റെ ബട്ടന്‍സെല്ലാം അഴിച്ച് പതിവു പോലെ ഷര്‍ട്ട് നിലത്തെറിഞ്ഞു. അടുത്ത നിമിഷം അതിനു മുകളിലേയ്ക്ക് ചാടിക്കയറി വലത്തേ കൈ ആഞ്ഞു വലിച്ചു.

ഒരു നിമിഷം! ആ മുറിയും ഞങ്ങള്‍ താമസിയ്ക്കുന്ന ആ ബില്‍ഡിങ്ങും മാത്രമല്ല, ആ ക്വാര്‍ട്ടേഴ്സ് മൊത്തം കിടുങ്ങുമാറ് ഒരലര്‍ച്ച അവിടെ മുഴങ്ങി. ഞാന്‍ പോലും കുറച്ചു സമയമെടുത്തു ആ ശബ്ദം വന്നത് എന്റെ തന്നെ തൊണ്ടയില്‍ നിന്ന് തന്നെ ആണെന്ന് തിരിച്ചറിയാന്‍. അതെല്ലാം മനസ്സിലാക്കി വരുന്നതിനു മുന്‍പ് തന്നെ ഞാന്‍ അലറിക്കരയാന്‍ ആരംഭിച്ചിരുന്നു. അപ്പോഴേയ്ക്കും അമ്മയും അയല്‍പക്കത്തെ ചേച്ചിമാരും പതുക്കെ പതുക്കെ ആ ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ മുഴുവനും അവിടെ വന്നു ചേര്‍ന്നു. വരുന്നവരെല്ലാം എന്താണ് കാര്യമെന്ന് ചോദിയ്ക്കുന്നുണ്ടെങ്കിലും "എന്റെ കൈ ... എന്റെ കൈ..." എന്നും പറഞ്ഞ് കരയുകയല്ലാതെ മറ്റൊന്നും ഞാന്‍ പറയുന്നുമില്ല.

എങ്കിലും ഷര്‍ട്ടിനു മുകളില്‍ കയറി നിന്ന് വലതു കൈ തളര്‍ത്തിയിട്ടു കൊണ്ടുള്ള എന്റെ നില്‍പ്പില്‍ നിന്നു തന്നെ അമ്മയ്ക്ക് കാര്യമെല്ലാം മനസ്സിലായി. അന്ന് പുതിയൊരു ഷര്‍ട്ടായിരുന്നു ഞാനിട്ടിരുന്നത്. അതിന്റെ കൈയ്ക്ക് അല്‍പ്പം ഇറുക്കം കൂടുതലുമായിരുന്നു. അതായിരുന്നു എന്റെ പതിവ് നമ്പര്‍ അവിടെ ഏല്‍ക്കാതിരുന്നത്. അമ്മ അക്കാര്യം പറഞ്ഞു മനസ്സിലാക്കി നാട്ടുകാരെ എല്ലാം സമാധാനിപ്പിച്ച് അയച്ചു. വന്നവരെല്ലാം എന്റെ കൈ പരിശോധിച്ച് ഒന്നും പറ്റിയിട്ടില്ലെന്ന് വിധിച്ച് സ്ഥലം കാലിയാക്കി. അമ്മയും അയല്‍പക്കത്തെ കുറച്ചു പേരും മാത്രം അവിടെ അവശേഷിച്ചു. അതോടൊപ്പം അമ്മ ഷര്‍ട്ടിന്റെ കൈയുടെ ബട്ടന്‍സ് അഴിച്ച് എന്റെ കൈ പതുക്കെ തിരുമ്മിയും മറ്റും ശരിയാക്കാനും തുടങ്ങിയിരുന്നു. പക്ഷേ ഞാന്‍ കരച്ചില്‍ നിര്‍ത്തുന്നില്ല. മാത്രമല്ല, വലതു കൈ അനക്കുന്നുമില്ല. ആരെങ്കിലും വന്ന് കയ്യില്‍ തൊട്ടാല്‍ കരച്ചില്‍ ഉച്ചത്തിലാക്കും, അത്ര തന്നെ.

നേരം കുറേ കഴിഞ്ഞിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്താതായപ്പോള്‍ എല്ലാവര്‍ക്കും കുറേശ്ശെ പേടിയായി തുടങ്ങി. ഇനി കൈയ്ക്ക് വല്ലതും പറ്റിക്കാണുമോ? വൈകാതെ ചേട്ടനെ പറഞ്ഞയച്ച് അച്ഛനെ ഓഫീസില്‍ നിന്നും വരുത്തിച്ചു. അച്ഛന്‍ വന്ന ശേഷം അച്ഛന്റെ വകയും ഒരു പരിശോധന നടത്തി. ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നും കാണാനില്ല. അപ്പോഴേയ്ക്കും ഞാനും കരഞ്ഞു തളര്‍ന്ന് വലിയ വായിലെ കരച്ചിലെല്ലാം അവസാനിപ്പിച്ചു. പകരം ഒരു തരം മോങ്ങല്‍ മാത്രമായി. പക്ഷേ, എന്റെ കയ്യില്‍ തൊട്ടാല്‍ വിധം മാറും. പ്രധാന പ്രശ്നം എനിയ്ക്ക് കൈ അനക്കാന്‍ പറ്റുന്നില്ല എന്നതു തന്നെ. കൈ തളര്‍ത്തിയിട്ടിരിയ്ക്കുകയാണ്. ഉയര്‍ത്താന്‍ പറ്റില്ല, ഞാനോ മറ്റാരെങ്കിലുമോ ശ്രമിച്ചാല്‍ തന്നെ ഭയങ്കര വേദന. അപ്പോള്‍ ഞാന്‍ കരച്ചിലിന്റെ വോളിയം കൂട്ടും.

അവസാനം എന്നെ ഡോക്ടറുടെ അടുത്തേയ്ക് കെട്ടിയെടുക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴേയ്ക്കും ഞാനൊരു 'രോഗി' ആയിക്കഴിഞ്ഞതിനാല്‍ അച്ഛന്‍ എന്നെ എടുത്ത് തോളിലിട്ട് ഡോക്ടറുടെ അടുത്തേയ്ക്ക് വച്ചു പിടിച്ചു. കുറച്ചു ദൂരം നടന്ന് ഡോക്ടറുടെ ക്ലിനിക്കിലെത്തി. (ഇതിനിടെ വഴിയില്‍ കാണുന്ന പരിചയക്കാരെല്ലാം തന്നെ സംഭവം വന്ന് അന്വേഷിച്ചിട്ടു പോയി, എന്റെ കിടപ്പ് കണ്ടാല്‍ കരഞ്ഞു തളര്‍ന്ന് എന്തോ അത്യാഹിതം സംഭവിച്ച മാതിരി തോന്നുമല്ലോ). അവസാനം ഡോക്ടറുടെ അടുക്കലെത്തി. ഡോക്ടര്‍ തന്നെക്കൊണ്ടാകും പോലെ എല്ലാം ശ്രമിച്ചു. ഒരു പ്രശ്നവും കണ്ടെത്താനായില്ല. ഉളുക്കിന്റേതായ ലക്ഷണങ്ങളും നീരും ഒന്നും കാണാനുമില്ല. പിന്നെ, കൂടുതല്‍ വേദന തോന്നിയാല്‍ കൊടുക്കാന്‍ പറഞ്ഞ് എന്തോ മരുന്നും തന്ന് പറഞ്ഞയച്ചു. കൈ ഒരു ദിവസത്തേയ്ക്ക് അനക്കണ്ട എന്നും പിറ്റേ ദിവസത്തേയ്ക്കും മാറിയില്ലെങ്കില്‍ നഴ്സറിയിലേയ്ക്ക് അയയ്ക്കണ്ട എന്നും കൂടി ഉപദേശിച്ചു. അതു കൂടി കേട്ടപ്പോള്‍ എനിയ്ക്ക് കൂടുതല്‍ സങ്കടമായി. (അന്ന് ഒരു ക്ലാസ്സ് മുടങ്ങുന്നത് വലിയ വിഷമമുള്ള കാര്യമായിരുന്നു).

അങ്ങനെ ഞങ്ങള്‍ തിരികേ ക്വാര്‍ട്ടേഴ്സിലേയ്ക്ക് നടക്കുകയായിരുന്നു. അച്ഛന്‍ തിരികേ പോരുന്ന വഴി മുഴുവന്‍ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. സമയം ഏതാണ്ട് ഇരുട്ടിത്തുടങ്ങി. ഞാന്‍ അച്ഛന്റെ തോളില്‍ തല ചായ്ച് തളര്‍ന്ന് കിടപ്പാണ്. അപ്പോഴേയ്ക്കും കരച്ചിലൊക്കെ ഒരുമാതിരി അടങ്ങി. വഴിയില്‍ വച്ച് അച്ഛന്റെ ഒരു സഹപ്രവര്‍ത്തകനെ കണ്ടു മുട്ടി. അവര്‍ രണ്ടു പേരും സംസാരിയ്ക്കുന്നതിനിടയില്‍ എന്നെയും കൊണ്ട് ആ സമയത്ത് എങ്ങോട്ടാണ് എന്ന ചോദ്യം വന്നു. അച്ഛന്‍ കാര്യം മൊത്തം വിവരിച്ചു. അതു കഴിഞ്ഞപ്പോള്‍ ആ ചേട്ടന് എന്റെ കൈ കാണണമെന്നായി. അദ്ദേഹം പതുക്കെ എന്റെ അടുക്കലെത്തി. എന്നിട്ട് "എന്താ മോനേ പറ്റിയത്? കൈ ഉളുക്കിയോ? കാണട്ടെ, ഏത് കയ്യാണ്? എന്താ പറ്റിയത്? ഇപ്പോ എന്താ കുഴപ്പം?" ഇങ്ങനെ തുടര്‍ച്ചയായി കുറേ ചോദ്യങ്ങള്‍ എന്നോട് ചോദിച്ചു.

ഞാന്‍ പയ്യെ വിതുമ്പിക്കൊണ്ട് 'കൈ ഉളുക്കി, ഇപ്പൊ അനക്കാന്‍ പറ്റുന്നില്ല' എന്ന് പറഞ്ഞു.

"ആണോ? ഏത് കയ്യാ ഉളുക്കിയത്? ഇപ്പോ അനക്കാനേ പറ്റുന്നില്ലേ?" ആ ചേട്ടന്‍ പിന്നെയും കുറച്ച് സഹതാപത്തോടെ ചോദിച്ചു.

"ഈ കയ്യാണ് അനക്കാന്‍ പറ്റാത്തത്. ആദ്യം ഇത്രയും പൊക്കാന്‍ പറ്റുമായിരുന്നു. ഇപ്പോ ഇങ്ങനെ പൊക്കാനേ പറ്റുന്നില്ല" ഞാനെന്റെ വലത്തേ കൈ പൊക്കിപ്പിടിച്ച് അദ്ദേഹത്തെ കാണിച്ചു കൊണ്ട് വിശദീകരിച്ചു.

ഇതു കണ്ട് അച്ഛനും ആ ചേട്ടനും ഏതാനും നിമിഷങ്ങള്‍ അന്തം വിട്ട് നിന്നു, തുടര്‍ന്ന് ഒരുമിച്ച് പൊട്ടിച്ചിരിയ്ക്കാന്‍ തുടങ്ങി. എനിയ്ക്ക് കാര്യം മനസ്സിലാക്കാന്‍ പിന്നെയും കുറച്ചു സമയം കുഠെ വേണ്ടി വന്നു. കാരണം അത്രയും നേരം അനക്കുവാനോ പൊക്കിപ്പിടിയ്ക്കുവാനോ പറ്റുന്നില്ലെന്നും പറഞ്ഞ് ബഹളം വച്ചു കരഞ്ഞ അതേ കയ്യും പൊക്കിപ്പിടിച്ചു കൊണ്ടാണ് ഞാന്‍ ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്.

ഇടയ്ക്കെപ്പോഴോ എന്റെ കൈയ്യുടെ ഉളുക്കും വേദനയും നിശ്ശേഷം മാറിയിരുന്നു എന്ന സത്യം ഞാനും മനസ്സിലാക്കിയിരുന്നില്ല. ഉളുക്കിയ സമയത്ത് കൈയൊന്ന് ഇളകുമ്പോഴോ അനക്കുമ്പോഴോ ഉയര്‍ത്താന്‍ ശ്രമിയ്ക്കുമ്പോഴോ തോന്നിയിരുന്ന അസഹ്യമായ വേദന കാരണം പിന്നീട് അത്രയും നേരം ഞാനൊരു ശ്രമം പോലും നടത്താന്‍ കൂട്ടാക്കിയിരുന്നില്ലല്ലോ. എന്തു തന്നെ ആയിരുന്നാലും അത്രയും നേരത്തെ വിശ്രമം തന്നെ ആയിരുന്നു ആ ഉളുക്കിനു പറ്റിയ മരുന്നും.

അങ്ങനെ ഒരു വലിയ രോഗിയെപ്പോലെ അച്ഛന്റെ തോളത്ത് കയറിക്കിടന്ന് കരഞ്ഞു കൊണ്ടു പോയ ഞാന്‍ തിരികെ അച്ഛന്റെ കയ്യും പിടിച്ച് ഉളുക്കിക്കിടന്ന വലതു കൈയും വീശി ചിരിച്ചു കൊണ്ട് തിരികെ വീട്ടില്‍ വന്നു കയറുന്നതു കണ്ട അമ്മയും അയല്‍ക്കാരും അന്തം വിട്ടു. ഇടയ്ക്ക് വഴിയില്‍ വച്ചു നടന്ന സംഭവം മനസ്സിലാക്കാതിരുന്ന ഭൂരിഭാഗം അയല്‍ക്കാര്‍ക്കും എന്നെ ചികിത്സിച്ച ഡോക്ടറോഠുള്ള മതിപ്പും കൂടി എന്ന് പ്രത്യേകം പറയണ്ടല്ലോ.

ഇപ്പോഴും കുടുംബക്കാരെല്ലാം കൂടുന്ന ചില സദസ്സുകളില്‍ അച്ഛനുമമ്മയുമെല്ലാം ഈ പഴയ സംഭവം പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. എന്തായാലും അന്നത്തെ ആ അനുഭവത്തിനു ശേഷം പിന്നീട് കുറേ നാളുകള്‍... അല്ല, വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു വീണ്ടും ഫുള്‍സ്ലീവ് ഷര്‍ട്ടിനോടുള്ള എന്റെ ഭയം മാറിക്കിട്ടാന്‍.

85 comments:

  1. ശ്രീ said...

    ഒരിയ്ക്കലും മറക്കാനാകാത്ത ചില കൊച്ചു കൊച്ചു സംഭവങ്ങളുണ്ടാകും നമ്മളുടെ എല്ലാം ജീവിതത്തില്‍. അതു പോലെ ഒരു കുഞ്ഞു ഓര്‍മ്മക്കുറിപ്പാണ് ഈ പുതുവര്‍ഷത്തില്‍ നീര്‍മിഴിപ്പൂക്കളിലെ ആദ്യ പോസ്റ്റ്.

    എന്റെ നഴ്സറി പഠനകാലത്തു നിന്നും ഒരേട്...

  2. Unknown said...

    ആദ്യമായിട്ട് ........ശ്രീ നന്നായിരിക്കുന്നു

  3. Typist | എഴുത്തുകാരി said...

    ഞാനാദ്യം വന്ന് തേങ്ങ ഉടക്കണമെന്ന് കരുതിയതാ. നടന്നില്ല. അതൊക്കെ ഇപ്പോൾ ഓർക്കാൻ എന്തു സുഖം, അല്ലേ?

  4. jayanEvoor said...

    മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കളിക്കുന്നതിനിടയിൽ, ഞാൻ സ്കൂളിൽ വീണു.
    വീട്ടിൽ മിണ്ടിയില്ല.
    പക്ഷേ വൈകുന്നേരം ഷർട്ട് ഊരാൻ നോക്കിയപ്പോൾ കൈ പൊങ്ങുന്നില്ല!
    പിന്നെ ഒരാഴ്ച സ്ലിംഗ് ഇട്ടു നടന്നു.

    അതോർമ്മ വന്നു.

    കുട്ടിക്കാലം; കുസൃതിക്കാലം!

  5. ramanika said...

    നല്ല ഓര്‍മ്മ
    ശരിക്കും കുട്ടിക്കാലം ഓര്‍ക്കുന്നതും ഒരു അനുഭവമാണ്
    ഈ പോസ്റ്റിലുടെ അതറിഞ്ഞു ....

  6. കൊച്ചുമുതലാളി said...

    എന്തായാലും സംഭവം കലക്കി.... ഇപ്പോഴും ഫുള്‍സ്ലീവിടുമ്പോള്‍ ആ വേദനയോര്‍ക്കാറുണ്ടോ???

  7. Villagemaan/വില്ലേജ്മാന്‍ said...

    കുട്ടിക്കാലത്തെ കുസൃതികള്‍ , അനുഭവങ്ങള്‍ ഓര്‍ക്കുന്നത് തന്നെ ഒരു രസം..

    നല്ല പോസ്റ്റ്‌..

  8. കണ്ണനുണ്ണി said...
    This comment has been removed by the author.
  9. കണ്ണനുണ്ണി said...

    കുട്ടികാലത്തെ ഓര്‍മ്മകള്‍ മാറ്റി വച്ചിരുന്നെങ്കില്‍ ഞാനൊരിക്കലും ഒരു ബ്ലോഗ്ഗര്‍ ആകുമായിരുന്നില്ല

  10. മൻസൂർ അബ്ദു ചെറുവാടി said...

    ഈ നേഴ്സറി ഓര്‍മ്മകള്‍ നന്നായി ശ്രീ.
    രസകരമായി വായിച്ചു

  11. ശ്രീ said...

    MyDreams ...
    ആദ്യ കമന്റിനു നന്ദി :)

    എഴുത്തുകാരി ചേച്ചീ...
    അതെ ചേച്ചീ, ഇപ്പോ അത്തരം ഓര്‍മ്മകള്‍ക്കൊക്കെ ഒരു സുഖം തോന്നുന്നു.

    jayanEvoor ...
    അതെ മാഷേ. എന്തൊക്കെ കുസൃതികളാണ് അന്നെല്ലാം ഒപ്പിച്ചിരിയ്ക്കുന്നത്.
    ആ ഓര്‍മ്മകള്‍ തിരികെ തരാന്‍ ഈ പോസ്റ്റ് ഉപകാരപ്പെട്ടു എന്നറിയുന്നത് സന്തോഷം.

    ramanika ...
    വളരെ നന്ദി മാഷേ.

    കൊച്ചു മുതലാളി ...
    പിന്നീട് കുറേക്കാലം ഞാന്‍ ഫുള്‍സ്ളീവ് ഉപയോഗിയ്ക്കാറേയില്ലായിരുന്നു. പിന്നെ കോളേജ് ലൈഫിലെങ്ങോ എപ്പോഴും ഫുള്‍ സ്ളീവിനുള്ളീലായി. ഇപ്പോ വീണ്ടും രണ്ടും മാറി മാറി ഉപയോഗിച്ചു തുടങ്ങി :)

    Villagemaan ...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം മാഷേ. പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

    കണ്ണനുണ്ണി ...
    ശരിയാണ്. ഇതൊക്കെ ഓര്‍ക്കാനും ഇങ്ങനെ എഴുതി പങ്കു വയ്ക്കാനും എന്നെങ്കിലും കഴിയുമെന്ന് ഒരിയ്ക്കലും കരുതിയിരുന്നതല്ല. ഒരു കണക്കിന് അതൊരു ഭാഗ്യം തന്നെ.

    ചെറുവാടി മാഷേ...
    വളരെ സന്തോഷം, നന്ദി.

  12. രമേശ്‌ അരൂര്‍ said...

    ശ്രീ ..അന്നത്തെ കുട്ടി വളര്‍ന്നു വലിയ കുട്ടന്‍ ആയിട്ടും ഇടയ്ക്കിടെ വീട്ടുകാര്‍ ഓര്‍മപ്പെടുത്തി കളിയാക്കുന്നത് കൊണ്ടായിരിക്കും ഇത്ര ഭംഗിയായി ഈ കുറിപ്പ് എഴുതാന്‍ കഴിഞ്ഞത് ..നഴ്സറി ക്കാലം ഒക്കെ ഓര്‍ത്തെടുക്കുന്നതും ഒരു സിദ്ധി തന്നെ ,,സംഭവം നന്നായി എഴുതി ..ആശംസകള്‍ ..

  13. കൂതറHashimܓ said...

    നല്ല ഓര്‍മകള്‍
    :)

  14. ശ്രീനാഥന്‍ said...

    സമ്മതിച്ചിരിക്കുന്നു, ശ്രീ, ഇത്ര ചെറിയ പ്രായത്തിലെ സംഭവങ്ങൾ ഓർത്തിരിക്കുന്നു! ഷർട്ട് ഊരുന്ന രീതി ഗംഭീരമായി.

  15. മൈലാഞ്ചി said...

    ശ്രീ.. ഇത് സത്യമായും ഓര്‍ത്തിരിക്കുന്നോ? സമ്മതിക്കണം.. എനിക്കാകെ ഒന്നോ രണ്ടോ സംഭവങ്ങളേ ഓര്‍മയുള്ളു.. ബാക്കിയുള്ളത് കേട്ടറിവു മാത്രം.. നഴ്സറി മാത്രല്ല, ഏതാണ്ട് യു പി വരെയും അങ്ങനെയാണെന്ന് തോന്നുന്നു.. മുമ്പാരുടെയോ സ്കൂള്‍ കാലത്തെക്കുറിച്ചുള്ള പോസ്റ്റില്‍ (ഓര്‍മക്കുട്ടനായോണ്ട് ശ്രീയുടെതന്നെയാവാനും മതി) എന്‍റെ രണ്ടാം ക്ലാസ് ഓര്‍മയില്‍ നിന്ന് ചാടിപ്പോയതിനെക്കുറിച്ച് പറഞ്ഞിരുന്നു.. അതിനിയും തിരിച്ചുവന്നില്ല...!!!

    നല്ല വിവരണം ശ്രീ, പതിവുപോലെ...

  16. ഹരിശ്രീ said...

    :)

  17. ചെകുത്താന്‍ said...

    ഓര്‍മ്മകള്‍ :)

  18. Unknown said...

    "ഓര്‍മകള്‍ക്കെന്തു സുഗന്ദ്ധം

    എന്‍ ആത്മാവിന്‍ നഷ്ട സുഗന്ദ്ധം"


    നന്നായിരിക്കുന്നു...

  19. Rare Rose said...

    എന്ത് രസമുള്ള കുഞ്ഞോര്‍മ്മകള്‍.ഇത്രേം വ്യക്തതയോടെ പഴയ കാര്യങ്ങള്‍ ഓര്‍ത്തെഴുതുന്ന ശ്രീയെ മൈലാഞ്ചി ചേച്ചി പറഞ്ഞ പോലെ ഓര്‍മ്മക്കുട്ടന്‍ എന്നു തന്നെ വിളിക്കേണ്ടി വരും.:)

    പിന്നെ ചേച്ചിയെ പോലെ എന്റേം കുറേ കുട്ടിക്കാല ഓര്‍മ്മകള്‍ എവിടെയോ കളഞ്ഞു പോയിട്ടുണ്ട്.:(

  20. ബിന്ദു കെ പി said...

    പറഞ്ഞപോലെ ഇത്ര കൃത്യമായി ഇപ്പോഴും ഇതൊക്കെ ഓർക്കുന്നുണ്ടല്ലോ ശ്രീ...ഓർമ്മപ്പൂക്കൾ ഒരിക്കലും വാടാതിരിക്കട്ടെ...

  21. sreee said...

    ശ്രീ, വളരെ രസകരമായി എഴുതിയിരിക്കുന്നു. നഴ്സറിയിൽ പോകുന്ന ഒരു കുട്ടി വായിച്ചുതീരുന്നതുവരെ മുൻപിൽ ഉണ്ടായിരുന്നു.

  22. the man to walk with said...

    ചെറിയ നോവുള്ള ഓര്‍മ യാണെങ്കിലും രസ്സകരമായി ..

    ആശംസകള്‍

  23. ഋതുസഞ്ജന said...

    Ormakal marikkumo.... Olangal nilaykkumo...

  24. ബഷീർ said...

    ചെറിയ ചെറിയ കാര്യങ്ങൾ ആണെങ്കിലും ഈ പോസ്റ്റും ബാല്യകാലത്തിന്റെ നഷ്ടസ്മൃതികളിലേക്ക് എന്നെയും കൈപിടിച്ച് കൊണ്ട് പോയി.. നന്ദി ശ്രീ..


    ഓടോ

    പോസ്റ്റിടുമ്പോൾ ലിങ്ക് അയക്കുന്നില്ലെന്ന പരാതി ബസിൽ കണ്ടു.. :)
    ബസിൽ മൊത്തം പോസ്റ്റും തള്ളികയറ്റരുതെന്ന ഒരു അപേക്ഷയാണ് എനിക്കുള്ളത് :)

    ആശംസകൾ

  25. വാഴക്കോടന്‍ ‍// vazhakodan said...

    ഓര്‍മ്മകള്‍ക്കെന്നും സുഗന്ധം!
    നേഴ്സറിക്കാലം ഓര്‍ത്തു ശ്രീ..
    ആശംസകള്‍

  26. OAB/ഒഎബി said...

    കുറച്ച് സമയം വീട്ടുകാരെയും അയൽക്കാരെയും പിന്നെ ഒരു ഗ്രാമം മുഴുവനുമായി മുൽമുനയിൽ നിർത്തിയ വമ്പാ..

    അവ്സാനം കൈയും വീശി ഹാപ്പിയായുള്ള ആ നടത്തം ഞാൻ മനസ്സിൽ കാണുന്നു.

  27. ശ്രീ said...

    രമേശ്‌അരൂര്‍ ...
    അതെ മാഷേ. അതുമൊരു കാരണമായിരിയ്ക്കാം. വളരെ നന്ദി.

    കൂതറHashimܓ ...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം, ഹാഷിം :)

    ശ്രീനാഥന്‍ മാഷേ...
    നന്ദി മാഷേ. എന്തൊക്കെ ആയാലും ആ അനുഭവത്തിനു ശേഷം ഷര്‍ട്ടായാലും പാന്റ്‌സായാലും അങ്ങനെ ചവിട്ടി വലിച്ചൂരുന്ന പരിപാടി അതോടെ നിര്‍ത്തി :)

    മൈലാഞ്ചി ചേച്ചീ...
    എന്തോ ഭാഗ്യം കൊണ്ട് നഴ്സറി മുതല്‍ പിജി കഴിയുന്നതു വരെയുള്ള ഓരോ അദ്ധ്യയനവര്‍ഷവും നല്ലതു പോലെ ഓര്‍മ്മയിലുണ്ട്. കുറച്ച് ഓര്‍മ്മ കുറവുള്ളത് ഈ നഴ്സറിക്കാലമാണ്.
    പിന്നെ, ചേച്ചി മുന്‍പൊരിയ്ക്കല്‍ രണ്ടാം ക്ലാസ്സ് മിസ്സായ കാര്യം സൂചിപ്പിച്ചിരുന്നതും എന്റെ പോസ്റ്റില്‍ തന്നെയാണ്. ആ കമന്റ് വായിച്ചതോര്‍ക്കുന്നു. സാരല്യന്നേ, എന്നെങ്കിലും പെട്ടെന്നൊരു ദിവസം ആ ഓര്‍മ്മകള്‍ തിരികെ വന്നുകൂടെന്നില്ലല്ലോ :)

    ഹരിശ്രീ ...
    ആ സംഭവം മറന്നു കാണില്ലല്ലോ അല്ലേ?

    ചെകുത്താന്‍ ...
    വായനയ്ക്കും കമന്റിനും നന്ദി.

    Nisaaran ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    Rare Rose ...
    വളരെ നന്ദി, റോസ്. ഇതു പോലുള്ള ഓര്‍മ്മകളല്ലേ ഇപ്പോള്‍ ഒരു രസം.
    കളഞ്ഞു പോയ ഓര്‍മ്മകളെ തിരിച്ചു പിടിയ്ക്കാനാകട്ടെ എന്നാശംസിയ്ക്കുന്നു.

    ബിന്ദു കെ പി ...
    വളരെ നന്ദി ചേച്ചീ. :)

    sreee ...
    നന്ദി, ചേച്ചീ. ആ നഴ്സറിക്കുട്ടിയോട് പ്രത്യേക അന്വേഷണം അറിയിയ്ക്കണേ :)

    the man to walk with ...
    ആ ചെറിയ നോവ് അന്ന് വലുതായി തോന്നിയെങ്കിലും ഇന്ന് സുഖമുള്ള ഒരു ഓര്‍മ്മയാകുന്നു. നന്ദി.

    Anju Aneesh ...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

    ബഷീര്‍ക്കാ...
    ബാല്യത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഈ പോസ്റ്റ് ഉപകരിച്ചു എന്നറിയുന്നത് സന്തോഷകരം തന്നെ.

    വാഴക്കോടന്‍ ‍// vazhakodan ...
    വളരെ സന്തോഷം, മാഷേ.

    OAB/ഒഎബി ...
    അത് വളരെ രസകരമായിരുന്നു, മാഷേ. അങ്ങോട്ട് കരഞ്ഞു കൊണ്ടു പോയ ആള്‍ തിരികെ ചിരിച്ച് ഹാപ്പിയായി കൈയ്യും വീശി നടന്നു വന്നത് ഒരു വരവ് തന്നെ ആയിരുന്നു :)

  28. Unknown said...

    ബാല്യകാല ഓര്‍മ്മകള്‍ നന്നായി. ഞാനൊന്നും നഴ്സറിയില്‍ പോയിട്ടില്ല, നേരിട്ട് രണ്ടാം ക്ലാസ്സില്‍ ആയിരുന്നു, അതും മൂന്നാമത്തെ വയസ്സില്‍!! വേറെ കുട്ടികള്‍ സ്കൂളില്‍ പോവുന്നത് കണ്ടു കരഞ്ഞിട്ടു ഒരു ആന്റിയുടെ ക്ലാസ്സില്‍ കൊണ്ട് പോയി ഇരുതിയതാ. നാട്ടില്‍ പുറം അല്ലെ അന്ന് അതൊക്കെ നടക്കും. പിന്നെ വീട്ടില്‍ വന്നാല്‍ വേറെ പ്രശ്നം ആവും ദിവസവും, ആന്റി എന്നോട് ചോദ്യം ചോദിക്കുന്നില്ല എന്ന് പറഞ്ഞിട്ട്.
    ആശംസകള്‍ ശ്രീ!!

  29. Echmukutty said...

    മിടുക്കൻ കുട്ടി.
    ഇപ്പോ ഫുൾസ്ലീവ് ഷർട്ടിനെ പേടിയില്ലായിരിയ്ക്കുമല്ലോ. ആ ഷർട്ട് അഴിയ്ക്കുന്ന രീതി ഉഷാറായിട്ടുണ്ട് കേട്ടൊ.
    നല്ല രസമായി വായിച്ചു.

  30. നന്ദു said...

    ശ്രീയുടെ ഓര്‍മ്മകള്‍ രസകരമായി. ജീവിതത്തിലെ ഏറ്റവും മാധുര്യമുള്ള ഓര്‍മ്മകള്‍ ബാല്യത്തെക്കുറിച്ചുള്ളതായിരിക്കും അല്ലേ?
    :)

  31. അഭി said...

    കൊള്ളാം ശ്രീ , ഈ ഓര്‍മ്മകള്‍

  32. A said...

    ഓര്‍മ്മകള്‍ മരിക്കുന്നില്ല

  33. sijo george said...

    നല്ല ഓർമ്മകുറിപ്പ്, ശ്രീ. നാലാംക്ലാസിന് മുൻപത്തെ കാര്യങ്ങളൊക്കെ വളരെ അവ്യക്തമായേ എനിക്കൊകെ ഓർമ്മയിൽ പോലുമുള്ളു.:)

  34. G.MANU said...

    കുഞ്ഞോര്‍മ്മകള്‍ക്ക് ഇളനീര്‍ മധുരം...

  35. ചിതല്‍/chithal said...

    പോസ്റ്റ്‌ നന്നായിട്ടുണ്ട്‌. സ്കൂളിൽ എന്റെ ആദ്യദിനങ്ങളെ ഓർമ്മിപ്പിച്ചു.
    എനിക്കിപ്പോഴും ഫുൾസ്ലീവ്‌ ഷർട്ടിനോടു് അലർജിയാണു്. ഈ പറഞ്ഞ അഴിക്കാനുള്ള ബുദ്ധിമുട്ട്‌ ഞാനും അനുഭവിച്ചിട്ടുള്ളതാണു്. സ്ലീവിന്റെ ബട്ടൻ അഴിക്കാതെ ഷർട്ടൂരും. പിന്നെ സ്ലീവ്‌ അഴിക്കാൻ അമ്മ വരണം. അങ്ങിനെയാണു് മടക്കിവക്കുന്ന ടെക്നോളജി പഠിച്ചത്‌.

  36. Muralee Mukundan , ബിലാത്തിപട്ടണം said...

    ശ്രീ ഏതൊരു കാര്യം വർണ്ണിക്കുമ്പോഴും ഒരോവായനക്കാരും ആ കഥപാത്രത്തെ നേരിട്ട് കാണൂന്ന അനുഭൂതിയാണൂണ്ടാകുന്നത്...

    അതായത് അത്ര തന്മയത്വമായണതെല്ലാം പറഞ്ഞ് പോകുന്നത്....

    ഈ മുഴുക്കൈയ്യൻ പുരാണത്തിലും, ആ കുട്ടി ശ്രീശോഭിനെ ഞങ്ങൾ നേരിട്ട് കണ്ടു കേട്ടൊ!

  37. പ്രയാണ്‍ said...

    ശ്രീ ഒന്ന് ചാടി നോക്കണോ ഷര്‍ട്ടിന് മുകളിലുടെ......:)

  38. smitha adharsh said...

    ഷര്‍ട്ടിന്റെ ബട്ടന്‍സൊക്കെ അഴിച്ച് ദേഹത്തു നിന്നും ഊരി മാറ്റി താഴെ അങ്ങ് ഇടും .അടുത്തതായി നിലത്തു കിടക്കുന്ന ഈ ഷര്‍ട്ടിനു മുകളില്‍ കയറി നിന്ന് ഓരോ കയ്യും ആഞ്ഞു വലിയ്ക്കും. അപ്പോള്‍ ബട്ടന്‍സ് ഇട്ട ഷര്‍ട്ടിന്റെ കയ്യില്‍ നിന്നും എന്റെ കൈകള്‍ സ്വതന്ത്രമാകും. എത്ര എളുപ്പം. ബട്ടന്‍സ് അഴിച്ചു മാറ്റാന്‍ ആരെയും കാത്തു നില്ക്കേണ്ട ആവശ്യവുമില്ല.



    ഇപ്പൊ,ടെക്നിക് പിടി കിട്ടി.ഇത് ഇന്ന് തന്നെ എന്‍റെ മോളെ പഠിപ്പിച്ചിട്ടു തന്നെ കാര്യം..ലവള് തന്നത്താന്‍ ഷര്‍ട്ട് ഊരാന്‍ പഠിക്കുമോന്നു അറിയണമല്ലോ..അല്ല പിന്നെ..
    പതിവുപോലെ പണ്ടത്തെ ഓര്‍മ്മകള്‍ കലക്കി..

  39. Sukanya said...

    കുഞ്ഞു ശ്രീയുടെ വിശേഷങ്ങള്‍ ഇനിയും പോരട്ടെ. എല്ലാരുടെയും സ്നേഹ ലാളനകള്‍ കിട്ടാന്‍ എടുത്ത അടവാണോ എന്നും സംശയിക്കുന്നു. :-)

  40. ശ്രീ said...

    ഞാന്‍:ഗന്ധര്‍വന്‍ ...
    കുട്ടിക്കാലത്തെ അത്തരം ഓര്‍മ്മകളും ഒരു രസമാണ് അല്ലേ? അതിവിടെ പങ്കു വച്ചതിനു നന്ദി, മാഷേ :)

    Echmu ചേച്ചീ...
    കുറേക്കാലം പേടിയായിരുന്നു, ഇപ്പോ കൂടുതലും ഫുള്‍ സ്ളീവ് ആണുപയോഗിയ്ക്കുന്നത്.

    നന്ദു | naNdu | നന്ദു ...
    വളരെ ശരി. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ തന്നെയാണ് എന്നും ഏറെമധുരിയ്ക്കുന്നത്.

    അഭി ...
    നന്ദി

    Salam ...
    നന്ദി മാഷേ.

    sijo george ...
    എന്തോ ഭാഗ്യത്തിന് ഇന്നും അതെല്ലാം എന്റെ ഓര്‍മ്മയിലുണ്ട്.

    G.manu ...
    വളരെ നന്ദി മനുവേട്ടാ...

    ചിതല്‍/chithal ...
    ഈ സംഭവത്തിനു ശേഷം കുറേക്കാലം എനിയ്ക്കും ഇത് അലര്‍ജിയായിരുന്നു കേട്ടോ. പിന്നീട് അത് സ്ഥിരമായി.

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. ...
    പ്രോത്സാഹനത്തിനു നന്ദി മാഷേ. :)

    പ്രയാണ്‍ ...
    ഹെന്റമ്മോ... ഇല്ലില്ല. ആ പരിപാടി അന്നേ നിര്‍ത്തി :)

    സ്മിതേച്ചീ...
    അതു വേണോ? ഒന്നു കൂടെ ആലോചിച്ചിട്ട് മതി കേട്ടോ. അന്നത്തെ വേദന ഞാനിന്നും മറന്നിട്ടില്ലാത്തതു കൊണ്ട് പറഞ്ഞതാണേ :)

    Sukanya ചേച്ചീ...
    അന്ന് അത്രയ്ക്കും ബുദ്ധിയുണ്ടായിരുന്നേല്‍ ഞാനിന്ന് എവിടെ എത്തിയേനെ... :)
    നന്ദി ചേച്ചീ

  41. അലി said...

    കുട്ടിക്കാലത്തെ ഓർമ്മകൾക്കെന്നും സുഗന്ധം മാത്രം.

  42. റിയാസ് (മിഴിനീര്‍ത്തുള്ളി) said...

    ശ്രീ...കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ടുപോയി...
    ഞാനും ഒന്നോര്‍ത്ത് നോക്കട്ടെ. എഴുതാനുള്ള വകുപ്പും കിട്ടുമോ എന്ന്...

  43. nandakumar said...

    പഴയ നഴ്സറി ക്ലാസ്സുകള്‍ ഓര്‍ത്തു. മറന്നു പോയ ഓര്‍മ്മകളെ തിരികെ കൊണ്ടുവന്നു!!

    നന്നായിരിക്കുന്നു :)

  44. ഭായി said...

    ഇത്ര ചെറുപ്പത്തിലുള്ള സംഗതികൾ എങിനെ ഓർത്തെടുത്ത് എഴുതാൻ സാധിക്കുന്നു!!
    ഏതായാലും ഈ പോസ്റ്റ് കാരണം ആ ബാല്യകാലത്തിലേക്ക് ഒന്ന് പോയി കറങി തിരിഞ് വരാൻ സാധിച്ചു. നന്ദി.

    നല്ല പോസ്റ്റ് ശ്രീ...

  45. faisu madeena said...

    paavam kochu shree ..!

  46. മാണിക്യം said...

    പുതുവത്സരാശംസകള്‍!
    ശ്രീ മനോഹരമായി എഴുതി.
    പാവം "കൊച്ച് ശ്രീ " നന്നായി പേടിച്ചു അല്ലേ?
    കണ്‍മുന്നില്‍കാണും പോലെ തോന്നി വായിച്ചപ്പോള്‍.

  47. മുകിൽ said...

    "ആദ്യകാലങ്ങളില്‍ ബാഗിനു പകരം അലൂമിനിയം പെട്ടിയായിരുന്നു.."
    അതെ അതെ. പിന്നെ കുപ്പിയിലെ വെള്ളവും. എന്തൊരു ടേസ്റ്റായിരുന്നു വെള്ളത്തിന്!
    ചെറിയൊരു എൽ പി സ്കൂളിലായിരുന്നതു കൊണ്ട്. എനിക്കത്ര അങ്കലാപ്പില്ലായിരുന്നു. പിന്നെ മുത്തച്ഛൻ സ്കൂളിനു മുന്നിലെ ചായക്കടയിൽ കാവലിരുന്നിരുന്നു ബെല്ലടിക്കുന്നതു വരെ. ആ അറിവോടെയായിരുന്നു എന്റെ ഇരുപ്പ്. ഗമയത്തിയായി.
    അനിയൻ പോകാറായപ്പോഴേക്കും വലിയ സ്കൂളിലായി. കളിബെല്ലടിച്ചപ്പോൾ ഓടിച്ചെന്നു നോക്കിയതും അവൻ “ഇടയ്ക്കു വരാം ന്നു പറഞ്ഞിട്ടു വന്നില്ലല്ലോ“ എന്നു പരിഭവം പറഞ്ഞതും ഓർക്കുന്നു. അവന്റെ അന്നത്തെ കരഞ്ഞ കുഞ്ഞുമുഖം ഒരു പൊന്നുപൂവു പോലെ ഉള്ളിലുണ്ട്.

  48. Varun Aroli said...

    കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ നമുക്ക് എപ്പോഴും പ്രിയപെട്ടവയാണ് . ഈ വായനയുടെ ഇടയ്ക്ക് എല്ലാവരും അവരുടെ കുട്ടികാലവും ഓര്‍ത്തിട്ടുണ്ടാവും തീര്‍ച്ച....

  49. എന്‍.പി മുനീര്‍ said...

    നീളം കൂടിയ പോസ്റ്റായതു കൊണ്ട്
    വായന പിന്നീടാകമെന്നു കരുതി..
    ഇപ്പോളാ വായിച്ചത്.. നഴ്സറിക്കാലത്തെ
    ഓര്‍മ്മകള്‍ വിശദമായി വിവരിച്ചുകൊണ്ടൂള്ള
    ഓര്‍മ്മക്കുറിപ്പ്..വായിക്കുമ്പോള്‍ തന്നെ
    കുട്ടിക്കാലത്തേക്ക് മനസ്സിനെ യാത്രയാക്കും..
    ആശംസകള്‍

  50. keerthi said...

    സൂപ്പര്‍...

    കുട്ടിക്കാലത്തെ ഓരോ നമ്പറുകള്‍ ഓര്‍മ്മ വരുന്നു....:D

  51. rafeeQ നടുവട്ടം said...

    ഇന്നും ഓര്‍ക്കാനും ചേര്‍ക്കാനും കൊതിച്ചു പോകുന്ന കാലമാണ് നമ്മുടെ സ്കൂള്‍ കാലം.
    ശ്രീ പറഞ്ഞിരിക്കുന്ന ഒട്ടുമിക്ക ബാല്യകാല സ്കൂള്‍ ജീവിത പരിസരങ്ങളും ഇന്നത്തെ തലമുറയ്ക്ക് അന്യമായി നില്‍ക്കുകയാണ്.

  52. MOIDEEN ANGADIMUGAR said...

    ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ശ്രീയുടെ പോസ്റ്റ്. നന്നായിട്ടുണ്ട് ശ്രീ.
    ഇപ്പോൾ ഫുൾസ്ലീവ് ഷർട്ടാണോ ഉപയോഗിക്കുന്നത്..?

  53. siya said...

    ശ്രീ ,ഈ പോസ്റ്റുകള്‍ വായിക്കുന്ന സന്തോഷം ....ഈ പോസ്റ്റില്‍ ശ്രീക്ക് കുട ഉണ്ടായിരുനുവോ എന്നുള്ള സംശയം കണ്ടു .കുടയും ആ കൂടെ ഉണ്ടാവും ട്ടോ .ഇത്രയും സാധനകള്‍ വാങ്ങി തന്ന അച്ഛനും അമ്മയും അത് മറന്ന് കാണില്ല ,അത് ഉറപ്പ് !!

    പഴയ നഴ്സറി ക്ലാസ്സുകള്‍ അത് അത്ര ഓര്‍ക്കുന്നില്ല ,പക്ഷേ അതിനിടയില്‍ എനിക്ക് ഓര്‍മ്മയുള്ള ഒരു കാര്യം ഉണ്ട് .എന്‍റെ വീടിന് അടുത്തുള്ള ഒരു ചെറിയ അംഗന്‍ വാടി ,അവിടെഎന്നെ ഇതുപോലെ നേരത്തെ കൊണ്ടു പോയി ഇരുത്തി യിരുന്നു .ആ ക്ലാസ്സ്‌ എനിക്ക് അത്ര ഇഷ്ട്ടായില്ല ,പക്ഷേ അവിടെ നിന്നും കഴിച്ച ''ഉപ്പുമാവിന്റെ രുചി''ഒരിക്കലും മറക്കില്ല ..ഞാന്‍ വേറെ നഴ്സറിയില്‍ പോയപ്പോള്‍ ,ഈ ഉപ്പുമാവ് കിട്ടുമോ എന്ന് ആണ് ആദ്യം ചോദിച്ചത്..എന്ന് എന്‍റെ അമ്മ പറയും .

    അതൊക്കെ ഒരു കാലം .ഓര്‍മ്മകള്‍ എന്നും മരിക്കാതെ മനസ്സില്‍ ഉണ്ട് .

  54. ശ്രീ said...

    അലി ഭായ്...
    വളരെ ശരി.

    റിയാസ് (മിഴിനീര്‍ത്തുള്ളി) ...
    നന്ദി മാഷേ. ഓര്‍ത്തെടുത്ത് വേഗം പോസ്റ്റ് ചെയ്യാന്‍ നോക്കൂ :)

    നന്ദേട്ടാ...
    വീണ്ടും കണ്ടതില്‍ സന്തോഷം, നന്ദി.

    ഭായി ...
    അത്തരം ഓര്‍മ്മകളെല്ലേ ഭായ് ഇപ്പോ എന്തെങ്കിലുമൊക്കെ ബാക്കിയുള്ളത്.
    കമന്റിനു നന്ദി.

    faisu madeena ...
    :)
    വായനയ്ക്കും കമന്റിനും നന്ദി.

    മാണിക്യം ചേച്ചീ...
    വളരെ സന്തോഷം. :)

    മുകിൽ ...
    ഇതു പോലെയുള്ള ഓര്‍മ്മകള്‍ വായനക്കാര്‍ക്ക് ലഭിയ്ക്കുമ്പോഴാണ് ഈ പോസ്റ്റുകള്‍ക്ക് എന്തെങ്കിലും വില ലഭിയ്ക്കുന്നത്. ഈ നല്ല ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി, ചേച്ചീ.

    Varun Aroli ...
    സ്വാഗതം. വളരെ സന്തോഷം മാഷേ. നന്ദി

    Muneer N.P ...
    ഈ അമ്പതാം കമന്റിനു നന്ദി.

    keerthi ...
    വീണ്ടും കണ്ടതില്‍ സന്തോഷം. ആ നമ്പറുകളൊക്കെ ഓര്‍ത്തെടുത്ത് എഴുതാന്‍ ശ്രമിയ്ക്കൂ :)

    rafeeQ നടുവട്ടം ...
    ശരിയാണ്. നമുക്കു ലഭിയ്ക്കാതിരുന്ന പല സുഖ സൌകര്യങ്ങളും ഇന്ന് ലഭ്യമാണെങ്കിലും ഇന്നത്തെ തലമുറയ്ക്ക് പലതും നഷ്ടമായിക്കൊണ്ടിരിയ്ക്കുന്നു.വായനയ്ക്ക് നന്ദി.

    moideen angadimugar ...
    നന്ദി മാഷേ. ഇപ്പോള്‍ കൂടുതലും ഫുള്‍സ്ലീവാണ് ഉപയോഗിയ്ക്കുന്നത് :)

    siya...
    ആ ഉപ്പുമാവ് ഞങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും അതിന്റെ രുചി നാവില്‍ ബാക്കി നില്‍ക്കുന്നതു പോലെ.
    കമന്റിനു നന്ദി :)

  55. Kalavallabhan said...

    ഇനിയിപ്പം ഞാനെന്തു പറയാനാ, അടുത്ത പോസ്റ്റിനാവട്ടെ..

  56. വീകെ said...

    തുടക്കത്തിൽ ഞാൻ വിചാരിച്ചു.’ വല്ല പരീക്ഷയും കാണും. അന്ന് സ്കൂളിൽ പോകാതിരിക്കാനുള്ള അടവായിരിക്കും (എന്നെപ്പോലെ) എന്നാ കരുതിയത്.

    ആശംസകൾ...

  57. ജയിംസ് സണ്ണി പാറ്റൂർ said...

    വളരെ രസകരം ഈ ബാല്യകാല
    സ്മൃതികള്‍.കുട്ടിക്കാലത്ത് ഒരു കഷണം
    കളര്‍ സ്ലേറ്റ് പെന്‍സില്‍ എന്റെ മൂക്കി
    നകത്തു പെട്ടതും ,പെടാപ്പാടു പെട്ടതും
    ഞാനോര്‍ത്തു പോയി

  58. ibnu said...

    well done sreee...... a nostalgic past, everybody can recollect when they go through this..... i had plenty of memories about my childhood... especially about that winter season..... anyway this is a very good attempt...

  59. Anil cheleri kumaran said...

    ഉമ്മ..... സൂപ്പർ പോസ്റ്റ്...!

  60. ആളവന്‍താന്‍ said...

    ശ്രീയുടെ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇത്. എന്തോരോര്‍മ്മശക്തിയാ?
    നന്നായി ഈ പോസ്റ്റും...

  61. [[::ധനകൃതി::]] said...

    പുതുവത്സരാശംസകള്‍!
    ശ്രീ മനോഹരമായി എഴുതി.

    ഒരു സുഖം തോന്നുന്ന ഓര്‍മ്മക്കുറിപ്പാണ് ഈ പോസ്റ്റ്.

    നന്നായിരിക്കുന്നു,,,,,, നന്നായിരിക്കുന്നു.....ഗംഭീരമായി.

  62. Sands | കരിങ്കല്ല് said...

    :) ചില സമയത്തു മറന്നു പോവില്ലേ?

    “യ്യോ ഏതു കയ്യാ ഇന്നലെ കിടക്കാൻ നേരത്തു വേദനിച്ചതു്” -- എന്നു പലപ്പോഴും സ്വയം ചോദിച്ചു പോയിട്ടില്ലേ?

    ആ കുഴപ്പം ശ്രീക്കിത്തിരി നേരത്തേ തുടങ്ങി.. അത്രന്നെ! ;)

  63. shajkumar said...

    നല്ല ഓര്‍മ

  64. Unknown said...

    ഞാന്‍ ഇവിടെ വരാന്‍ ഒരുപാട് വയ്കിയെന്നു തോന്നുന്നു.
    ഈ ബ്ലോഗ്‌ സ്വ,ലേ.യുടെ ബ്ലോഗില്‍ കണ്ടു വന്നതാണ്.

    മനോഹരമായ കുട്ടിക്കാലം.

  65. Vellayani Vijayan/വെള്ളായണിവിജയന്‍ said...

    നല്ല രചന.എന്റെ ഓർമ്മകൾ പുറകോട്ട് പോകുന്നു.ആശംസകൾ.....

  66. raadha said...

    ശ്രീ എത്ര സുഖമുള്ള ഓര്‍മ്മകള്‍....അച്ഛന്റെയും അമ്മയുടെയും വാത്സല്യങ്ങള്‍ പിന്നെയും പിന്നെയും ഓര്‍മപ്പെടുത്തി ഈ പോസ്റ്റ്‌....എന്നും കുഞ്ഞായിരുന്നെങ്കില്‍...!!! :(

  67. ശ്രീ said...

    Kalavallabhan ...

    ഇവിടെ വന്നതില്‍ തന്നെ സന്തോഷം മാഷേ.

    വീ കെ ...
    അന്നൊന്നും അത്ര കുരുട്ടു ബുദ്ധി ഉണ്ടായില്ല മാഷേ :)

    ജയിംസ് സണ്ണി പാറ്റൂര്‍...
    ശരിയാണ് മാഷേ. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല.

    ibnu ...
    സ്വാഗതം. വളരെ സന്തോഷം ഈ സന്ദര്‍ശനത്തിനും കമന്റിനും.

    കുമാരേട്ടാ...
    വളരെ നന്ദി.

    ആളവന്‍താന്‍...
    നന്ദി മാഷേ. ഇതൊക്കെയല്ലേ ഓര്‍ക്കാനുള്ളൂ... :)

    [[::ധനകൃതി::]] ...
    വായനയ്ക്കും കമന്റിനും വളരെ നന്ദി മാഷേ.

    Sands | കരിങ്കല്ല് ...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം. :)

    shajkumar ...
    നന്ദി മാഷേ.

    ~ex-pravasini* ...
    എന്തായാലും വന്നതിനും വായിച്ച് കമന്റിയതിനും സന്തോഷം

    Vellayani Vijayan/വെള്ളായണിവിജയന്‍ ...
    പഴയ ഓര്‍മ്മകള്‍ തിരികെ തരാന്‍ പോസ്റ്റ് സഹായിച്ചു എന്നറിയുന്നതില്‍ സന്തോഷം മാഷേ.

  68. jyo.mds said...

    ഹിഹി-ശ്രീയുടെ അലറിക്കരച്ചില്‍ കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് പുതിയ ഷര്‍ട്ടിന്റെ കൈ കീറിപോന്നെന്നാണ്.കുട്ടികാലം എന്തു രസമായിരുന്നല്ലേ.

  69. ambilimama said...

    nannayittundu sree..ettavum ishtappettathu innum sree ee sambhavathe cholli kaliyakkalukalkku vidheyanakunnu ennu paranjathaanu...

  70. മഴത്തുള്ളികള്‍ said...

    പഴയ ഓര്‍മ്മകള്‍ രസകരമായി വിവരിച്ചിരിക്കുന്നു. ആശംസകള്‍.

  71. Ji Yes Key said...

    kurachu long ayillennu oru doubt.
    but as usual its nice to read on!

  72. kambarRm said...

    സുഖമുള്ള ഓർമകൾ..

    പക്ഷേ എന്റെ അത്ഭുതം അതല്ല., ശ്രീ ഇതെല്ലാം ഇത്ര ക്രിത്യമായി ഓർത്ത് വെക്കുന്നുണ്ടല്ലോ എന്നതാണൂ..
    എത്ര ശ്രമിച്ചാലും എന്റെ നാ‍ലാം ക്ലാസ്സ് പഠനകാലം വരെയേ എന്റെ ഓർമകൾ ചെല്ലുന്നുള്ളൂ..

    ആശംസകൾ

  73. Satheesh Haripad said...

    ഓർമ്മകളുടെ സൗരഭ്യം നിറച്ച എഴുത്ത്. മനോഹരമായിരിക്കുന്നു ശ്രീ.

    http://satheeshharipad.blogspot.com/

  74. Shades said...

    kunju sree enganeyundaavum ennu orthu nokuvaayirunnu njaan....

  75. ശ്രീ said...

    jyo ചേച്ചീ...
    ശരിയാണ്. രസകരമായ കാലമായിരുന്നു അത്.

    ambilimama ...
    സ്വാഗതം ചേച്ചീ. വായനയ്ക്കും കമന്റിനും വളരെ നന്ദി.

    മഴത്തുള്ളികള്‍ ...
    വളരെ നന്ദി.

    Ji Yes Key ...
    നന്ദി മാഷേ.

    കമ്പർ ...
    ഇതെല്ലാം ഓര്‍ത്ത് വയ്ക്കുന്നതല്ലേ ഇപ്പോ ഒരു സുഖം.

    Satheesh Haripad ...
    വളരെ നന്ദി. വീണ്ടും കണ്ടതില്‍ സന്തോഷം. :)

    Shades ...
    :) വളരെ സന്തോഷം

  76. mayflowers said...

    പിള്ള മനസ്സില്‍ കള്ളമില്ല..
    ചിതലരിക്കാത്ത നഴ്സറി ക്ലാസ് ഓര്‍മ്മകള്‍ ഹൃദ്യം.

  77. mk kunnath said...

    ഹിഹിഹി.......!!
    നല്ല ഓര്‍മ്മ.....!
    സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒരു യാത്ര പോകാന്‍ കൊതിക്കാത്തവരുണ്ടോ..........??
    നൈസ് ശ്രീ.....!

    http://mazhamanthram.blogspot.com

  78. പട്ടേപ്പാടം റാംജി said...

    ഇപ്പോള്‍ എന്തായാലും ഹാഫ് കൈ ആക്കിയല്ലോ അല്ലെ? ഇതയും ചെറുപ്പത്തിലെ ഓര്‍മ്മ മറക്കാതെ എഴുതാന്‍ പറ്റിയല്ലോ. എനിക്കേതായാലും ഈ നേഴ്സറി എന്ന സംഭവം ഇല്ലായിരുന്നു.

  79. ഒരില വെറുതെ said...

    നല്ല പോസ്റ്റ്‌..

  80. ശാന്ത കാവുമ്പായി said...

    എല്ലാം ഇപ്പോഴും ഓർക്കുന്നുണ്ട് അല്ലേ?

  81. വിരോധാഭാസന്‍ said...

    ഓര്‍മ്മകള്‍ ഉണര്‍ത്തുപാട്ടായ്
    ഓരോ ദിനവും വന്നെങ്കില്‍..!!




    ആശംസകള്‍..!!

  82. smitha punalur said...

    "ഓര്‍മ്മകള്‍ മായുമോ നീര്‍കുമിളകള്‍ പോല്‍
    ജീവനില്‍ സ്ഫുരിക്കുന്ന ഓര്‍മ്മകളെ........... ...."
    നന്നായിട്ടുണ്ട് ശ്രീ ...

  83. ചിന്തന said...

    ഒരു മാത്ര നേരത്തേയ്ക്കു ഞാനും ഒരു കൊച്ചു കുട്ടിയായി…

    വിവരണം കൊള്ളാം…

    ആ കരച്ചിലും ഉളുക്കിന്റെ വേദനയും എന്റെ കണ്മുൻപിൽ തെളിഞ്ഞു വരുന്നു… അച്ഛന്റെ സഹപ്രവർത്തകനോടുള്ള - ആ വേദനയുടെ- വിശദീകരണവും…ഓർത്തു ചിരി വരുന്നു…

    കുട്ടിത്തത്തിന്റെ നിഷ്കളങ്കത!!! അതു മനോഹരമാണ്…

    അതിന്റെ കാലം പക്ഷേ കഴിഞ്ഞിരിക്കുന്നു… ഇന്നത്തെ കുട്ടികളിൽ നിഷ്കളങ്കത എവിടെ? കുട്ടിത്തം എവിടെ? കാലത്തിനനുസരിച്ചു അവരും കോലം മാറിയിരിക്കുന്നു…

  84. സമാഗമം said...

    you are very nice...

  85. Anonymous said...

    Njaam kayidich beenitund annerm enk mansilayila kai kaik enth patinu karanm kayde avdm maracharnu ...bt enitapoo kai anakan patunila karichaod karcha kalichondirunapo arunu papapde papade veetil arnu njn ade anel aduthaduth veedaaa ...karachilu ket natukarelm odi kudi oru wan oke pidicha hispitalil kondoyath ath vare karachil aarna njn vanil paat ketapo karachil oke nirthy ...paat ninapok veend karayn thodangy...avde chanu xray edthapala kai odinjarnu orurand moonazhcha pladter idanda vanu ...ath kond oru upakaram onday ..valath kai odinjond schoolilum povnda ...bhakshnm.mumy vary tharm ..angne korr gunangal ..pinne kore naal ezhuthathe ieunond kaiyelathe plaster azhich kore naal kaznja enkonu ezhuthu swabhavikamay vanath kai odinjondanonaryla ...ezhuthumbo petanu kai vedhanikum..annerm kai kodyumbo tik enoru dhqbdm iplm kekam ...ena mate kail ninu aa shabdm kekarm ila