Wednesday, January 21, 2009

ഒരു മദ്ധ്യസ്ഥ ശ്രമം

പിറവം ബിപിസിയില്‍ പഠിച്ചിരുന്ന കാലത്ത് ഞങ്ങളുടെ താമസം കോളേജിനടുത്തു തന്നെയുള്ള ഒരു “റബ്ബര്‍ പാല്‍ സംഭരണ കേന്ദ്രം” വക ഓഫീസ് കെട്ടിടത്തില്‍ ആയിരുന്നു. ഒരു മുറി (ഒരു കൊച്ചു ബാത്ത് റൂം അറ്റാച്ച്‌ഡ്), ഒരു അടുക്കള, ഒരു വരാന്ത. ഇത്രേയുള്ളൂ എങ്കിലും അത് ഞങ്ങളുടെ സാമ്രാജ്യമായിരുന്നു… മൂന്നു വര്‍ഷക്കാലം.

ഞങ്ങള്‍ താമസത്തിനെത്തുമ്പോള്‍ അത് ഒരു ഒറ്റപ്പെട്ട കെട്ടിടമായിരുന്നു. പിന്നീട് ഒന്നാം വര്‍ഷം പകുതിയായപ്പോഴാണ് ആ വീടിന് തൊട്ടടുത്തായി ഒരു പുതിയ വീടു പണിതത്. എന്നു വച്ചാല്‍ ഏതാണ്ട് ഒരേക്കറിലധികം വരുന്ന, ഒറ്റപ്പെട്ടു കിടക്കുന്ന ആ റബ്ബര്‍ കാട്ടില്‍ അവര്‍ക്കു ലഭിച്ച ഒരേയൊരു അയല്‍ക്കാര്‍ ആയിരുന്നു ഞങ്ങള്‍‍. തൊട്ടടുത്തെങ്ങും വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്തില്‍ ഒരു വീടു പോലുമില്ല. അവരുടെ വീടു പണി മുതല്‍ ഞങ്ങളുമായി ആ വീട്ടുകാര്‍ (രാമന്‍ ചേട്ടനും ബിനു ചേച്ചിയും ആര്യക്കുട്ടിയും) നല്ല അടുപ്പത്തിലായിരുന്നു. കാരണം, ഞങ്ങളെക്കൊണ്ടാകുന്ന രീതിയില്‍ ഞങ്ങളും അവര്‍ക്ക് കൊച്ചു കൊച്ചു സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നു.

തുടര്‍ന്നുള്ള രണ്ടു വര്‍ഷം ഞങ്ങള്‍ക്ക് ഒരു മൂത്ത ചേട്ടനെ പോലെ ആയിരുന്നു അവിടുത്തെ രാമന്‍ ചേട്ടന്‍. ഞങ്ങളുടെ അന്നത്തെ രാത്രി ഭക്ഷണം കഞ്ഞിയായിരുന്നു എന്ന് ഞാന്‍ മുന്‍‌പൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. കറികള്‍ വയ്ക്കുന്ന പതിവില്ല. വീട്ടില്‍ നിന്നും കൊണ്ടു വരുന്ന അച്ചാറും ചമ്മന്തി പൊടിയും തന്നെ പ്രധാന കറികള്‍. കൂടെ ചിലപ്പോഴൊക്കെ ഓരോ മുട്ട വാങ്ങി പൊരിയ്ക്കും. അത്ര തന്നെ. [ ഒരു പക്ഷേ, ആദ്യമായി ഞങ്ങള്‍ സ്വയം പാകം ചെയ്തു കഴിച്ചതു കൊണ്ടു തോന്നുന്നതാകാം, ആ കഞ്ഞിയുടെ സ്വാദ് ഇന്നും നാവിന്‍ തുമ്പിലുണ്ട്... ]

ദിവസവും വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഞങ്ങള്‍ കഞ്ഞി തയ്യാറക്കും നേരം രാമന്‍ ചേട്ടന്‍ ജനാലക്കരികെ വരും. “കഞ്ഞി ഇട്ടോടാ?” എന്നു ചോദിച്ചിട്ടു പോകും. അവിടെ വീടു പണി നടക്കുന്ന സമയത്തു തന്നെ ഞങ്ങളുടെ ദിനചര്യ മനസ്സിലാക്കിയിരുന്നു രാമന്‍ ചേട്ടന്‍. അതു കൊണ്ടാകാം അവര്‍ താമസം തുടങ്ങിയ ആദ്യ ദിവസം തന്നെ രാത്രി ഞങ്ങള്‍ ഭക്ഷണം കഴിയ്ക്കുന്ന നേരത്ത് ചേട്ടനും ചേച്ചിയും ഒരു പാത്രം കറിയുമായിഞങ്ങളുടെ റൂമില്‍ വന്നു. അത് വാങ്ങാന്‍ മടിച്ച് ചമ്മലോടെ ഞങ്ങള്‍ ആദ്യം പരുങ്ങി നിന്നെങ്കിലും അവരുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം നിമിത്തം അത് സ്വീകരിയ്ക്കേണ്ടി വന്നു.

പിന്നീട് അതൊരു തുടര്‍ക്കഥയായി. അവരെന്തു കറി വച്ചാലും അതിലൊരു പങ്ക് ഞങ്ങള്‍ക്കെത്തിയ്ക്കുമായിരുന്നു. എന്നിട്ട് ചേട്ടനും ചേച്ചിയും അവരുടെ മകള്‍ ആര്യക്കുട്ടിയും ഞങ്ങളുടെ റൂമിലിരുന്ന് കുറേ നേരം സംസാരിച്ചിട്ടേ പോകാറുള്ളൂ... തുടര്‍ന്നുള്ള രണ്ടു വര്‍ഷക്കാലത്തോളം കറിയില്ലാതെ ഞങ്ങള്‍ക്ക് അത്താഴം കഴിയ്ക്കേണ്ടി വന്നിട്ടില്ല.

വിദ്യാഭ്യാസവും ലോക പരിചയവും കുറവാണെങ്കിലും രാമന്‍ ചേട്ടന്‍ രസികനായ ഒരു വ്യക്തിയും അതിലുപരി ഒരു സ്ണേഹ സമ്പന്നനായ ഒരു ഗൃഹനാഥനും ഭര്‍ത്താവും അച്ഛനും ആയിരുന്നു. എങ്കിലും അദ്ദേഹത്തിനുണ്ടായിരുന്ന ഒരു കൊച്ചു ദുശ്ശീലമായിരുന്നു എല്ലാ ദിവസവും വൈകുന്നേരങ്ങളിലെ കള്ളു കുടി. ഭക്ഷണം കഴിച്ചില്ലെങ്കിലും രണ്ടു കുപ്പി നാടന്‍ കള്ളടിയ്ക്കാത്ത രാമന്‍ ചേട്ടനെ സന്ധ്യ മയങ്ങിയാല്‍ കാണാനൊക്കാറില്ല. വളരെ അപൂര്‍വ്വമായേ കുടിച്ച് പാമ്പാകുന്ന അവസ്ഥയിലെത്താറുള്ളൂവെങ്കിലും അങ്ങനെ അധികമാകുന്ന ദിവസങ്ങളില്‍ ചിലപ്പോഴൊക്കെ ആള്‍ ചില്ലറ പ്രശ്നമുണ്ടാക്കാറുണ്ട്. അമിതമായി കുടിച്ചതിന് ചേച്ചിയോ മറ്റോ പരാതി പറഞ്ഞാല്‍ അന്നത്തെ ദിവസങ്ങളില്‍ പെട്ടെന്ന് ദേഷ്യപ്പെടും. പിന്നെ കുറച്ച് ബഹളമുണ്ടാക്കും, ചേച്ചിയുമായി പിണങ്ങും. അന്ന് അവരുടെ വീട്ടില്‍ നേരത്തേ ലൈറ്റണയും.

പക്ഷേ, ഞങ്ങള്‍ക്കുള്ള കറി മാത്രം മുടങ്ങാറില്ല. അങ്ങനെയുള്ള ദിവസങ്ങളില്‍ ചേട്ടന്‍ ഒറ്റയ്ക്കാണ് വരിക. കറി തന്നിട്ട് വീട്ടില്‍ കയറാതെ പോകുകയും ചെയ്യും. ‘എന്താണ് രാമന്‍ ചേട്ടാ, ഒരു ബഹളം കേട്ടത്?’ എന്നു ചോദിച്ചാല്‍ മുഖത്തെ ഗൌരവമെല്ലാം കളഞ്ഞ് ചിരിയോടെ പറയും... “ഞാനിന്ന് ലേശം കൂടുതല്‍ കഴിച്ചെടാ. അതവള്‍ക്ക് ഇഷ്ടായില്ലെന്ന്. പിന്നെ... പോവാന്‍ പറ. അവള്‍‌ടെ ഇഷ്ടത്തിനല്ലേ ഞാന്‍ ജീവിയ്ക്കുന്നേ…” എന്നോ മറ്റോ പറയും. എന്നാലും, പിറ്റേ ദിവസം രാവീലെ തന്നെ ആശാന്‍ വീണ്ടും ഡീസന്റാകും. ചേച്ചിയുമായി കോമ്പ്രമൈസ് ആകും. ചുരുക്കിപ്പറഞ്ഞാല്‍ ഇണക്കങ്ങളും പിണക്കങ്ങളുമുള്ള രസകരമായ ഒരു തനി നാടന്‍ ദാമ്പത്യം.

അങ്ങനെ ഒരു ജനുവരിമാസം. കൃത്യമായി പറഞ്ഞാല്‍ 2001 ജനുവരിയിലെ “ഹോളോമാന്‍ ട്രാജഡി” കഴിഞ്ഞ് ഞാന്‍ നിര്‍ബന്ധിത വിശ്രമത്തിലായിരിയ്ക്കുന്ന കാലം. (ഒരു ബൈക്ക് ആക്സിഡന്റ് - സംഭവമെന്തെന്നറിയാന്‍ തന്നിരിയ്ക്കുന്ന ലിങ്കില്‍ പോയി നോക്കുക). വിശ്രമമെന്നൊക്കെ പറഞ്ഞാല്‍ ഒരൊറ്റ ദിവസമേ ലീവ് എടുത്തുള്ളൂ കേട്ടോ. മറ്റു ദിവസങ്ങളിലൊക്കെ കൂട്ടുകാരുടെ സഹായത്തോടെയാണെങ്കിലും ഞൊണ്ടി ഞൊണ്ടി കന്നേറ്റു മലയും കയറി കോളേജില്‍ എത്തിയിരുന്നു. അക്കാലത്തെ ഒരു ദിവസത്തെ ക്ലാസ്സ് മിസ്സാക്കുന്നത് ഓര്‍ക്കാനേ പറ്റില്ലായിരുന്നു.

ഒരു കാലു മൊത്തം വച്ചു കെട്ടും കയ്യിലും ദേഹത്തവിടവിടെയായി കൊച്ചു കൊച്ചു മുറിവുകളുമൊക്കെയായി കഷ്ടപ്പെട്ടാണ് ഏതാണ്ട് ഒരു മാസക്കാലം ഞാന്‍ തള്ളി നീക്കിയത്. ഇടത്തേ കാല്‍മുട്ടും പാദവും ആകെ മുറിഞ്ഞ്, നീരു വന്ന് വീര്‍ത്തിരിയ്ക്കുന്നതു കൊണ്ടും മുടിഞ്ഞ വേദന ആയതു കൊണ്ടും നടക്കാന്‍ വളരെ പ്രയാസമായിരുന്നു. കഴിയുന്നതും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ചടഞ്ഞു കൂടിയിരിയ്ക്കുകയായിരുന്നു അവധി ദിവസങ്ങളിലെല്ലാം.

അങ്ങനെ അപകടം കഴിഞ്ഞു വന്ന ഞായറാഴ്ച. റൂമില്‍ ഞാന്‍ മാത്രമേയുള്ളൂ. ബിട്ടുവും കുല്ലുവും അവരുടെ വീട്ടില്‍ പോയിരിയ്ക്കുകയാണ്. ഞാന്‍ ഒരു വിധത്തിലൊക്കെ എന്റെ ഭക്ഷണം പാകം ചെയ്യലും തുണി അലക്കുമെല്ലാം തീര്‍ത്ത് വൈകുന്നേരം അടങ്ങിയൊതുങ്ങി ഇരിയ്ക്കുകയാണ്. സമയം സന്ധ്യ കഴിഞ്ഞു കാണും. അപ്പോഴാണ് അപ്പുറത്ത് രാമന്‍ ചേട്ടന്റെ വീട്ടില്‍ നിന്ന് എന്തോ ബഹളം കേള്‍ക്കുന്നത്. രാമന്‍ ചേട്ടന്‍ അന്നും കൂടുതല്‍ കഴിച്ച് വീട്ടില്‍ വന്നതായിരിയ്ക്കും എന്ന് ഞാന്‍ ഊഹിച്ചു. കുറച്ച് നേരത്തേയ്ക്ക് അനക്കമൊന്നും കേട്ടില്ല. അപ്പുറത്തെ വീട്ടിലെ ലൈറ്റ് അണഞ്ഞു. ഞാന്‍ അതത്ര ഗൌനിയ്ക്കാന്‍ പോയില്ല.

അപ്പോഴാണ് ജനലരുകില്‍ ഒരു മുട്ടു കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ ചില്ലു ജനലിനപ്പുറത്ത് ബിനു ചേച്ചി നില്‍ക്കുന്നു. എന്നിട്ട് എന്നോട് അങ്ങോട്ടു ചെല്ലാന്‍ കൈ കൊണ്ട് ആംഗ്യം കാണിയ്ക്കുന്നു. ബഹളമുണ്ടായിട്ടും ഇന്നു ചേച്ചിയാണോ കറിയും കൊണ്ട് വന്നത് എന്ന അതിശയത്തോടെ ഞാന്‍ ഞൊണ്ടി ഞൊണ്ടി അങ്ങോട്ടു ചെന്നു. മുഖഭാവം അത്ര പന്തിയല്ല എന്നു തോന്നി എന്താണ് കാര്യമെന്നു ചോദിച്ചപ്പോള്‍ മുഖവുരയൊന്നും കൂടാതെ ചേച്ചി നേരെ കാര്യത്തിലേയ്ക്കു കടന്നു.

“ ശ്രീക്കുട്ടാ, ചേട്ടന്‍ ഇന്നും കൊറേ കുടിച്ചേച്ച് വന്നേക്കുവാ... എന്തിനാ ഇത്രേം കുടിച്ചേന്ന് ചോദിച്ചപ്പോ എന്നെ വഴക്കു പറഞ്ഞു. ഞാനും തിരിച്ച് ഏതാണ്ടൊക്കെ പറഞ്ഞു. അപ്പോ എന്നെ തല്ലാന്‍ വന്നു. എന്നിട്ട് വീടിനു പുറത്താക്കി വാതിലടച്ചു. എന്നോട് എവടക്കേലും പോയ്ക്കോളാന്‍”

അത്രയും പറഞ്ഞപ്പോഴേയ്ക്കും ചേച്ചി വല്ലാതായി. അതു കേട്ട് ഞാനും അമ്പരന്നു. ചെറിയ പിണക്കമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും ഇങ്ങനെ ഒരു സംഭവം ഇതാദ്യമാണ്.

“അല്ല, ചേച്ചീ... അതിപ്പോ... ഞാന്‍... ഞാനെന്താ ചെയ്യേണ്ടേ?”

ചേച്ചി കുറച്ചൊരു പ്രതീക്ഷയോടെ പറഞ്ഞു. “നിങ്ങളാരെങ്കിലും പറഞ്ഞാല്‍ ചേട്ടന്‍ കേള്‍ക്കും. ശ്രീക്കുട്ടന്‍ ചേട്ടനോട് മയത്തില്‍ സംസാരിച്ചിട്ട് എന്നെ വീട്ടില്‍ കേറ്റാന്‍ ഒന്നു പറയാമോ?”

അതു കേട്ട് ഞാന്‍ ഒന്നു പരുങ്ങി. ഒന്നാമതായി ഞാന്‍ പോയി രാമന്‍ ചേട്ടനെ ഉപദേശിയ്ക്കാന്‍ ചെന്നാല്‍ അപ്പോഴത്തെ മൂഢില്‍ “നീയാരാടാ എന്നെ ഉപദേശിയ്ക്കാന്‍” എന്നോ മറ്റോ പറഞ്ഞാല്‍ ഞാന്‍ ചമ്മും. നാണക്കേടുമാകും. രണ്ടാമത്, ആരോഗ്യപരമായി എന്റെ കണ്ടീഷനും ശരിയല്ല. ദേഹം മൊത്തം പാച്ച് വര്‍ക്ക് നടത്തിയിരിയ്ക്കുന്നതിനാല്‍ ചേട്ടന്‍ ഓടിച്ചാല്‍ ഇറങ്ങി ഓടാന്‍ പോലുമാകില്ല. പക്ഷേ, ചേച്ചിയുടെ ദയനീയ ഭാവം കണ്ടിട്ട് പറ്റില്ല എന്നു പറയാനുമാകില്ല. മാത്രമല്ല, ഞാന്‍ പറഞ്ഞാല്‍ ശരിയാകും എന്ന പ്രതീക്ഷ ചേച്ചിയുടെ സംസാരത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം.

കൂട്ടുകാര്‍ക്കിടയിലൊക്കെ പ്രശ്നങ്ങള്‍ തിര്‍ക്കാന്‍ പലപ്പോഴും ഇടപെടേണ്ടി വരാറുണ്ടെങ്കിലും മുതിര്‍ന്നവരുടെ പ്രശ്നങ്ങലില്‍ ഇടപെടാറില്ല. എന്നാലും ഒന്നാലോചിച്ച ശേഷം, അവസാനം ഞാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങാന്‍ തീരുമാനിച്ചു. ചേച്ചിയോട് കൂടെ വരാന്‍ പറഞ്ഞു. അപ്പോ ചേച്ചിയ്ക്ക് കൂടെ വരാന്‍ പേടി.

“അയ്യോ! ഞാന്‍ വരില്ല. എന്നോട് ഇറങ്ങി പോയ്ക്കോളാന്‍ പറഞ്ഞതാ... ഞാന്‍ കുറച്ചു മാറി ആ ഇരുട്ടത്തെങ്ങാനും നിന്നോളാം. ശ്രീക്കുട്ടന്‍ പോയി സംസാരിച്ചിട്ട് ചേട്ടന്‍ സമ്മതിച്ചു കഴിയുമ്പോള്‍ എന്നെ വിളിയ്ക്കുമ്പോഴേ ഞാന്‍ വരത്തൊള്ളൂ”

ഇതു കേട്ടതോടെ എന്റെ ചങ്കിടിപ്പ് കൂടി. ചേട്ടനെങ്ങാനും തല്ലാന്‍ വന്നാല്‍ ഒന്നു പിടിച്ചു മാറ്റാന്‍ പോലും ആരുമില്ല. അങ്ങനെ എന്നെ സിംഹക്കൂട്ടിലേയ്ക്ക് മുയലിനെ എറിഞ്ഞു കൊടുക്കുന്നതു പോലെ അവിടെ ഉപേക്ഷിച്ചിട്ട് ചേച്ചി ഇരുട്ടത്തേയ്ക്ക് മാറി നിന്നു.

ഞാന്‍ ഒരു വിധത്തില്‍ അവരുടെ വീടിന്റെ മുറ്റത്തെത്തി. ലൈറ്റ് എല്ലാം ഓഫ് ആണ്. ഒരു ശബ്ദവും കേള്‍ക്കാനുമില്ല. ഞാന്‍ കോളിങ് ബെല്‍ അടിച്ചു. മറുപടിയില്ല. ഒന്നു കൂടെ അടിച്ചു. ഒപ്പം “രാമന്‍ ചേട്ടാ” എന്ന് ആശങ്കയോടെ ഒന്നു വിളിച്ചു.

“ആരാടാ?” അകത്ത് ലൈറ്റ് ഓണായി, വരാന്തയിലും.
“ആഹാ, നീയാണോ? കേറി വാ” ചേട്ടന്‍ വാതില്‍ തുറന്നു. ഞാന്‍ പതുക്കെ അകത്തേയ്ക്ക് കാലെടുത്തു വച്ചതും എന്തോ പോലെ തോന്നി.

“അയ്യോ… ഇതെന്തു പറ്റി?”

ഞാന്‍ കാല്‍ പിന്‍‌വലിച്ചു കൊണ്ട് ചോദിച്ചു. ചവിട്ടിയത് ചോറിലാണ്. അകം നിറയെ ചോറും കറികളും പാത്രങ്ങളും പരന്നു കിടക്കുന്നു. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി. ചേട്ടന്റെ മുഖവും കടന്നല്‍ക്കുത്തേറ്റ പോലെ ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ടെങ്കിലും എന്നോട് സംയമനത്തോടെ സംസാരിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. എന്നാലും ആടിയാ‍ടിയാണ് നില്പ്. അത്രയും ഫിറ്റായി ചേട്ടനെ കണ്ടിട്ടില്ല. വെറുതേയല്ല ചേച്ചി ചൂടായത്.

“നീയത് കാര്യമാക്കണ്ട. കേറി വാ.”

“അല്ല, പിന്നേയ്, ചേച്ചി...” ഞാന്‍ പറഞ്ഞു മുഴുമിപ്പിയ്ക്കും മുന്‍‌പേ ചേട്ടന്‍ ചാടിക്കയറി പറഞ്ഞു. “ അവളെ ഞാന്‍ പറഞ്ഞു വിട്ടു. ഇനി ഈ വീട്ടില്‍ ഞാന്‍ കയറ്റത്തില്ല. അവള്‍ എന്നെ ഭരിയ്ക്കാന്‍ വന്നിരിയ്ക്കുന്നു... അന്നേരത്തെ ദേഷ്യത്തിന്‍ ഞാനെടുത്തെറിഞ്ഞതാ ഇതൊക്കെ.”

തുടര്‍ന്ന് ചേട്ടന്‍ എന്തൊക്കെയോ പറഞ്ഞു. അപ്പോള്‍ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുമുണ്ട്.

ഞാന്‍ പെട്ടെന്ന് ഇടയ്ക്കു കയറി. “അല്ല, ഞാനറിഞ്ഞു. ചേച്ചി എന്റടുത്ത് വന്നു പറഞ്ഞു.” രാമന്‍ ചേട്ടന്‍ ദേഷ്യം കൊണ്ട് രണ്ടടി മുന്നോട്ടു വച്ചു. “ ആഹാ, അവള്‍ നിന്റടുത്ത് വന്ന് പരാതി പറഞ്ഞല്ലേ? &%$# അവളെ ഞാന്‍... നീ ഇതിലിടപെടേണ്ടടാ... അവള്‍ക്ക് അത്ര അഹങ്കാരം പാടില്ല, നീ അവള്‍ക്കു വേണ്ടി ഒന്നും പറയണ്ട”

ഞാന്‍ വീണ്ടും പതറി. സംസാരിച്ചു കൊണ്ട് രാമന്‍ ചേട്ടന്‍ ഓരോ അടി മുന്നോട്ടു വയ്ക്കുന്തോറും ഞാന്‍ പുറകോട്ട് വാതില്‍ക്കലേയ്ക്ക് നീങ്ങി നീങ്ങി വന്നു. ഒപ്പം കൂടുതല്‍ പരിക്കു പറ്റിയ ഇടത്തേക്കാലിനെ രാമന്‍ ചേട്ടന്റെ സൈഡില്‍ നിന്നും പരമാവധി മാറ്റി വയ്ക്കുവാനും ശ്രദ്ധിച്ചു. (ഇനി, കഷ്ടകാലത്തിന് പുള്ളി വല്ലതും എടുത്ത് എന്നെ എറിഞ്ഞാലും പരിക്കു പറ്റിയ കാലിനെ രക്ഷിയ്ക്കണമല്ലോ)

എന്നാലും ഞാന്‍ അപ്പോഴും രാമന്‍ ചേട്ടനെ മയപ്പെടുത്താന്‍ ഓരോന്ന് പറയുന്നുണ്ടായിരുന്നു. ‘എന്തിനാ ചേട്ടാ വെറുതെ ബഹളമൊക്കെ ഉണ്ടാക്കുന്നത്? നാട്ടുകാരു കേള്‍ക്കില്ലേ?’ എന്നൊക്കെ പരമാവധി അനുനയത്തോടെ പറഞ്ഞു. പൊതുവേ ആ അവസ്ഥയില്‍ ആരെന്തു പറഞ്ഞാലും കേള്‍ക്കാന്‍ കൂട്ടാക്കാറില്ല എങ്കിലും അന്ന് എന്തു കൊണ്ടോ രാമന്‍ ചേട്ടന്‍ ഞാന്‍ പറഞ്ഞതൊക്കെ മിണ്ടാതെ നിന്നു കേട്ടു. അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞ് അവസാനം ചേട്ടന്‍ കുറേശ്ശെ തണുത്തു. അപ്പോള്‍ എനിയ്ക്കും കുറച്ചു കൂടി ധൈര്യമായി.

അല്‍പ്പ സമയം കഴിഞ്ഞ് ചേട്ടന്റെ ദേഷ്യമെല്ലാം കുറച്ച് കുറഞ്ഞെന്നു മനസ്സിലാക്കി ഞാന്‍ പതുക്കെ പറഞ്ഞു. “ചേച്ചി ദാ അവിടെ പുറത്ത് നില്‍പ്പുണ്ട്. ചേട്ടന്‍ സമ്മതിച്ചാല്‍ കയറി വരും”

ഒന്നാലോചിച്ചിട്ട് ചേട്ടന്‍ ഗൌരവം വിടാതെ പറഞ്ഞു. “ഉം, ശരി. ഇനി എന്നെ ഉപദേശിയ്ക്കാന്‍ വരരുതെന്ന് അവളോട് പറഞ്ഞേക്ക്. എന്നിട്ട് കയറി വരാന്‍ പറയ്” അതു കേട്ടതോടെ എനിയ്ക്കും ആശ്വാസമായി. ഞാന്‍ ചേച്ചിയെ വിളിച്ച് വീട്ടിലേയ്ക്കു കയറ്റി വിട്ടു. തുടര്‍ന്ന് ഞാന്‍ രണ്ടാളോടും യാത്ര പറഞ്ഞിറങ്ങി. അപ്പോള്‍ ചേട്ടന്‍ പുറകില്‍ നിന്നു വിളിച്ചു. എന്നിട്ടു പറഞ്ഞു.

“ എടാ, അതേയ് ഇന്നത്തെ ബഹളത്തിനിടെ ഉണ്ടാക്കിയ കറിയൊക്കെ ഞാന്‍ തട്ടിക്കളഞ്ഞു. അതോണ്ട് ഇന്ന് കറിയൊന്നുമില്ലാട്ടോ”

“ഓ... അതൊന്നും സാരമില്ല ചേട്ടാ... നിങ്ങളുടെ പിണക്കം മാറിയല്ലോ. അതു മതി” എന്ന് അവരോടു പറഞ്ഞ് അതേ സമയം എന്റെ കാല്‍ ഇതേ പോലെ തന്നെ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ ഞാന്‍ പതുക്കെ എന്റെ റൂമിലേയ്ക്ക് നടന്നു. റൂമില്‍ വന്ന് കയറിയപ്പോഴേയ്ക്കും നീരു വന്നിരിയ്ക്കുന്ന കാലിന്റെ വേദന കുറേക്കൂടി വര്‍ദ്ധിച്ചു. എന്നാലും അവരുടെ വഴക്ക് തീര്‍ക്കാന്‍ പറ്റിയല്ലോ എന്ന് ആശ്വാസിച്ചിരിയ്ക്കുമ്പോഴേയ്ക്കും അതാ ജനാലയ്ക്കരുകില്‍ പിന്നെയും ചേച്ചി വിളിയ്ക്കുന്നു.

“എന്തു പറ്റി ചേച്ചീ?” എന്ന അമ്പരപ്പോടെ ചോദിച്ചപ്പോള്‍ ഒരു പൊതിക്കെട്ട് എടുത്തുയര്‍ത്തി കാണിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.

“ശ്രീക്കുട്ടാ, ഇത് ചേട്ടന്‍ വന്നപ്പോള്‍ വാങ്ങിക്കൊണ്ടു വന്ന പച്ചമീനാണ്. ഇനിയിപ്പോ ഇതു കറി വയ്ക്കാനൊന്നുമുള്ള സമയമില്ല. ഇവിടെ വച്ചാല്‍ നാളേയ്ക്ക് കേടായിപ്പോകും. അതോണ്ട് ഇതൊന്ന് അപ്പുറത്തെ വീട്ടില്‍ കൊടുത്തിട്ട് അവരുടെ ഫ്രിഡ്ജില്‍ വയ്ക്കാന്‍ പറയാമോ? നാളെ പോയി എടുത്താല്‍ മതിയല്ലോ. ഇപ്പോള്‍ ഞാന്‍ പോയാല്‍ ചേട്ടന്‍ ഇനിയും ചീത്ത പറയും. അതോണ്ടാ...”

ദയനിയമായ മുഖഭാവത്തോടെയാണെങ്കിലും ഞാന്‍ സമ്മതിച്ചു. കാരണം ഇപ്പറഞ്ഞ വീട് കുറച്ചു ദൂരെയാണ്. ശരിയായ വഴിയിലൂടെ പോയാല്‍ 10 മിനുട്ട് നടക്കണം. ആ അവസ്ഥയില്‍ വയ്യാത്ത കാലും വച്ചു കൊണ്ട് ഞാന്‍ ആ വഴി നടന്നാല്‍ അവിടെ എത്തുമ്പൊഴേയ്ക്കും ചിലപ്പോള്‍ മീന്‍ കേടാകും. അതു കൊണ്ട് ആ ഇരുട്ടത്ത് കയ്യില്‍ ഒരു ടോര്‍ച്ച് പോലുമില്ലാതെ ആ റബ്ബര്‍ക്കാട്ടിലൂടെ മീനും പിടിച്ചു കൊണ്ട് ഞാന്‍ നടത്തമാരംഭിച്ചു. മുന്‍പില്‍ വല്ല കല്ലോ കുഴിയോ ഉണ്ടോ എന്നു പോലും കാണാത്തതിനാല്‍ വളരെ ശ്രദ്ധയ്യോടെ പരിക്കില്ലാത്ത വലതു കാല്‍ മാത്രം മുന്നോട്ടു നീക്കി പരതിക്കൊണ്ടായിരുന്നു നടത്തം. ഒപ്പം വല്ല പാമ്പോ മറ്റോ കാണുമോ എന്ന പേടിയും. ഏതാണ്ട് അര മണിക്കൂര്‍ സമയമെടുത്ത് അവിടെ പോയി മീനും ഏല്‍പ്പിച്ച് തിരികെ വന്നപ്പോഴേയ്ക്കും അതി കഠിനമായ എന്തോ ഉദ്യമം കഴിഞ്ഞ പ്രതിതിയാണ് തോന്നിയത്.

അന്ന് കാലിന്റെ വേദന കാരണം ഉറങ്ങാന്‍ കുറേ കഷ്ടപ്പെട്ടെങ്കിലും ഒരു കുടുംബത്തിലെ വഴക്ക് കുഴപ്പമില്ലാതെ പറഞ്ഞു തീര്‍ക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് അന്ന് ഉറങ്ങിയത്. അന്ന് കുറച്ചധികം കുടിച്ചു പോയി എന്ന് പിറ്റേ ദിവസം ചേട്ടന്‍ പശ്ചാത്താപത്തോടെ ഞങ്ങളോട് പറയുകയും ചെയ്തു. എന്തായാലും പിന്നീട് ഞങ്ങള്‍ പഠനം കഴിഞ്ഞ് പോരുന്നതു വരെ രാമന്‍ ചേട്ടന്‍ ഒരു പരിധി വിട്ട് കുടിച്ചിട്ടു വന്നതായി അറിവില്ല; അവര്‍ക്കിടയില്‍ അതു പോലുള്ള വഴക്കുകളൊന്നും ഉണ്ടായിട്ടുമില്ല.