Wednesday, January 21, 2009

ഒരു മദ്ധ്യസ്ഥ ശ്രമം

പിറവം ബിപിസിയില്‍ പഠിച്ചിരുന്ന കാലത്ത് ഞങ്ങളുടെ താമസം കോളേജിനടുത്തു തന്നെയുള്ള ഒരു “റബ്ബര്‍ പാല്‍ സംഭരണ കേന്ദ്രം” വക ഓഫീസ് കെട്ടിടത്തില്‍ ആയിരുന്നു. ഒരു മുറി (ഒരു കൊച്ചു ബാത്ത് റൂം അറ്റാച്ച്‌ഡ്), ഒരു അടുക്കള, ഒരു വരാന്ത. ഇത്രേയുള്ളൂ എങ്കിലും അത് ഞങ്ങളുടെ സാമ്രാജ്യമായിരുന്നു… മൂന്നു വര്‍ഷക്കാലം.

ഞങ്ങള്‍ താമസത്തിനെത്തുമ്പോള്‍ അത് ഒരു ഒറ്റപ്പെട്ട കെട്ടിടമായിരുന്നു. പിന്നീട് ഒന്നാം വര്‍ഷം പകുതിയായപ്പോഴാണ് ആ വീടിന് തൊട്ടടുത്തായി ഒരു പുതിയ വീടു പണിതത്. എന്നു വച്ചാല്‍ ഏതാണ്ട് ഒരേക്കറിലധികം വരുന്ന, ഒറ്റപ്പെട്ടു കിടക്കുന്ന ആ റബ്ബര്‍ കാട്ടില്‍ അവര്‍ക്കു ലഭിച്ച ഒരേയൊരു അയല്‍ക്കാര്‍ ആയിരുന്നു ഞങ്ങള്‍‍. തൊട്ടടുത്തെങ്ങും വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്തില്‍ ഒരു വീടു പോലുമില്ല. അവരുടെ വീടു പണി മുതല്‍ ഞങ്ങളുമായി ആ വീട്ടുകാര്‍ (രാമന്‍ ചേട്ടനും ബിനു ചേച്ചിയും ആര്യക്കുട്ടിയും) നല്ല അടുപ്പത്തിലായിരുന്നു. കാരണം, ഞങ്ങളെക്കൊണ്ടാകുന്ന രീതിയില്‍ ഞങ്ങളും അവര്‍ക്ക് കൊച്ചു കൊച്ചു സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നു.

തുടര്‍ന്നുള്ള രണ്ടു വര്‍ഷം ഞങ്ങള്‍ക്ക് ഒരു മൂത്ത ചേട്ടനെ പോലെ ആയിരുന്നു അവിടുത്തെ രാമന്‍ ചേട്ടന്‍. ഞങ്ങളുടെ അന്നത്തെ രാത്രി ഭക്ഷണം കഞ്ഞിയായിരുന്നു എന്ന് ഞാന്‍ മുന്‍‌പൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. കറികള്‍ വയ്ക്കുന്ന പതിവില്ല. വീട്ടില്‍ നിന്നും കൊണ്ടു വരുന്ന അച്ചാറും ചമ്മന്തി പൊടിയും തന്നെ പ്രധാന കറികള്‍. കൂടെ ചിലപ്പോഴൊക്കെ ഓരോ മുട്ട വാങ്ങി പൊരിയ്ക്കും. അത്ര തന്നെ. [ ഒരു പക്ഷേ, ആദ്യമായി ഞങ്ങള്‍ സ്വയം പാകം ചെയ്തു കഴിച്ചതു കൊണ്ടു തോന്നുന്നതാകാം, ആ കഞ്ഞിയുടെ സ്വാദ് ഇന്നും നാവിന്‍ തുമ്പിലുണ്ട്... ]

ദിവസവും വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഞങ്ങള്‍ കഞ്ഞി തയ്യാറക്കും നേരം രാമന്‍ ചേട്ടന്‍ ജനാലക്കരികെ വരും. “കഞ്ഞി ഇട്ടോടാ?” എന്നു ചോദിച്ചിട്ടു പോകും. അവിടെ വീടു പണി നടക്കുന്ന സമയത്തു തന്നെ ഞങ്ങളുടെ ദിനചര്യ മനസ്സിലാക്കിയിരുന്നു രാമന്‍ ചേട്ടന്‍. അതു കൊണ്ടാകാം അവര്‍ താമസം തുടങ്ങിയ ആദ്യ ദിവസം തന്നെ രാത്രി ഞങ്ങള്‍ ഭക്ഷണം കഴിയ്ക്കുന്ന നേരത്ത് ചേട്ടനും ചേച്ചിയും ഒരു പാത്രം കറിയുമായിഞങ്ങളുടെ റൂമില്‍ വന്നു. അത് വാങ്ങാന്‍ മടിച്ച് ചമ്മലോടെ ഞങ്ങള്‍ ആദ്യം പരുങ്ങി നിന്നെങ്കിലും അവരുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം നിമിത്തം അത് സ്വീകരിയ്ക്കേണ്ടി വന്നു.

പിന്നീട് അതൊരു തുടര്‍ക്കഥയായി. അവരെന്തു കറി വച്ചാലും അതിലൊരു പങ്ക് ഞങ്ങള്‍ക്കെത്തിയ്ക്കുമായിരുന്നു. എന്നിട്ട് ചേട്ടനും ചേച്ചിയും അവരുടെ മകള്‍ ആര്യക്കുട്ടിയും ഞങ്ങളുടെ റൂമിലിരുന്ന് കുറേ നേരം സംസാരിച്ചിട്ടേ പോകാറുള്ളൂ... തുടര്‍ന്നുള്ള രണ്ടു വര്‍ഷക്കാലത്തോളം കറിയില്ലാതെ ഞങ്ങള്‍ക്ക് അത്താഴം കഴിയ്ക്കേണ്ടി വന്നിട്ടില്ല.

വിദ്യാഭ്യാസവും ലോക പരിചയവും കുറവാണെങ്കിലും രാമന്‍ ചേട്ടന്‍ രസികനായ ഒരു വ്യക്തിയും അതിലുപരി ഒരു സ്ണേഹ സമ്പന്നനായ ഒരു ഗൃഹനാഥനും ഭര്‍ത്താവും അച്ഛനും ആയിരുന്നു. എങ്കിലും അദ്ദേഹത്തിനുണ്ടായിരുന്ന ഒരു കൊച്ചു ദുശ്ശീലമായിരുന്നു എല്ലാ ദിവസവും വൈകുന്നേരങ്ങളിലെ കള്ളു കുടി. ഭക്ഷണം കഴിച്ചില്ലെങ്കിലും രണ്ടു കുപ്പി നാടന്‍ കള്ളടിയ്ക്കാത്ത രാമന്‍ ചേട്ടനെ സന്ധ്യ മയങ്ങിയാല്‍ കാണാനൊക്കാറില്ല. വളരെ അപൂര്‍വ്വമായേ കുടിച്ച് പാമ്പാകുന്ന അവസ്ഥയിലെത്താറുള്ളൂവെങ്കിലും അങ്ങനെ അധികമാകുന്ന ദിവസങ്ങളില്‍ ചിലപ്പോഴൊക്കെ ആള്‍ ചില്ലറ പ്രശ്നമുണ്ടാക്കാറുണ്ട്. അമിതമായി കുടിച്ചതിന് ചേച്ചിയോ മറ്റോ പരാതി പറഞ്ഞാല്‍ അന്നത്തെ ദിവസങ്ങളില്‍ പെട്ടെന്ന് ദേഷ്യപ്പെടും. പിന്നെ കുറച്ച് ബഹളമുണ്ടാക്കും, ചേച്ചിയുമായി പിണങ്ങും. അന്ന് അവരുടെ വീട്ടില്‍ നേരത്തേ ലൈറ്റണയും.

പക്ഷേ, ഞങ്ങള്‍ക്കുള്ള കറി മാത്രം മുടങ്ങാറില്ല. അങ്ങനെയുള്ള ദിവസങ്ങളില്‍ ചേട്ടന്‍ ഒറ്റയ്ക്കാണ് വരിക. കറി തന്നിട്ട് വീട്ടില്‍ കയറാതെ പോകുകയും ചെയ്യും. ‘എന്താണ് രാമന്‍ ചേട്ടാ, ഒരു ബഹളം കേട്ടത്?’ എന്നു ചോദിച്ചാല്‍ മുഖത്തെ ഗൌരവമെല്ലാം കളഞ്ഞ് ചിരിയോടെ പറയും... “ഞാനിന്ന് ലേശം കൂടുതല്‍ കഴിച്ചെടാ. അതവള്‍ക്ക് ഇഷ്ടായില്ലെന്ന്. പിന്നെ... പോവാന്‍ പറ. അവള്‍‌ടെ ഇഷ്ടത്തിനല്ലേ ഞാന്‍ ജീവിയ്ക്കുന്നേ…” എന്നോ മറ്റോ പറയും. എന്നാലും, പിറ്റേ ദിവസം രാവീലെ തന്നെ ആശാന്‍ വീണ്ടും ഡീസന്റാകും. ചേച്ചിയുമായി കോമ്പ്രമൈസ് ആകും. ചുരുക്കിപ്പറഞ്ഞാല്‍ ഇണക്കങ്ങളും പിണക്കങ്ങളുമുള്ള രസകരമായ ഒരു തനി നാടന്‍ ദാമ്പത്യം.

അങ്ങനെ ഒരു ജനുവരിമാസം. കൃത്യമായി പറഞ്ഞാല്‍ 2001 ജനുവരിയിലെ “ഹോളോമാന്‍ ട്രാജഡി” കഴിഞ്ഞ് ഞാന്‍ നിര്‍ബന്ധിത വിശ്രമത്തിലായിരിയ്ക്കുന്ന കാലം. (ഒരു ബൈക്ക് ആക്സിഡന്റ് - സംഭവമെന്തെന്നറിയാന്‍ തന്നിരിയ്ക്കുന്ന ലിങ്കില്‍ പോയി നോക്കുക). വിശ്രമമെന്നൊക്കെ പറഞ്ഞാല്‍ ഒരൊറ്റ ദിവസമേ ലീവ് എടുത്തുള്ളൂ കേട്ടോ. മറ്റു ദിവസങ്ങളിലൊക്കെ കൂട്ടുകാരുടെ സഹായത്തോടെയാണെങ്കിലും ഞൊണ്ടി ഞൊണ്ടി കന്നേറ്റു മലയും കയറി കോളേജില്‍ എത്തിയിരുന്നു. അക്കാലത്തെ ഒരു ദിവസത്തെ ക്ലാസ്സ് മിസ്സാക്കുന്നത് ഓര്‍ക്കാനേ പറ്റില്ലായിരുന്നു.

ഒരു കാലു മൊത്തം വച്ചു കെട്ടും കയ്യിലും ദേഹത്തവിടവിടെയായി കൊച്ചു കൊച്ചു മുറിവുകളുമൊക്കെയായി കഷ്ടപ്പെട്ടാണ് ഏതാണ്ട് ഒരു മാസക്കാലം ഞാന്‍ തള്ളി നീക്കിയത്. ഇടത്തേ കാല്‍മുട്ടും പാദവും ആകെ മുറിഞ്ഞ്, നീരു വന്ന് വീര്‍ത്തിരിയ്ക്കുന്നതു കൊണ്ടും മുടിഞ്ഞ വേദന ആയതു കൊണ്ടും നടക്കാന്‍ വളരെ പ്രയാസമായിരുന്നു. കഴിയുന്നതും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ചടഞ്ഞു കൂടിയിരിയ്ക്കുകയായിരുന്നു അവധി ദിവസങ്ങളിലെല്ലാം.

അങ്ങനെ അപകടം കഴിഞ്ഞു വന്ന ഞായറാഴ്ച. റൂമില്‍ ഞാന്‍ മാത്രമേയുള്ളൂ. ബിട്ടുവും കുല്ലുവും അവരുടെ വീട്ടില്‍ പോയിരിയ്ക്കുകയാണ്. ഞാന്‍ ഒരു വിധത്തിലൊക്കെ എന്റെ ഭക്ഷണം പാകം ചെയ്യലും തുണി അലക്കുമെല്ലാം തീര്‍ത്ത് വൈകുന്നേരം അടങ്ങിയൊതുങ്ങി ഇരിയ്ക്കുകയാണ്. സമയം സന്ധ്യ കഴിഞ്ഞു കാണും. അപ്പോഴാണ് അപ്പുറത്ത് രാമന്‍ ചേട്ടന്റെ വീട്ടില്‍ നിന്ന് എന്തോ ബഹളം കേള്‍ക്കുന്നത്. രാമന്‍ ചേട്ടന്‍ അന്നും കൂടുതല്‍ കഴിച്ച് വീട്ടില്‍ വന്നതായിരിയ്ക്കും എന്ന് ഞാന്‍ ഊഹിച്ചു. കുറച്ച് നേരത്തേയ്ക്ക് അനക്കമൊന്നും കേട്ടില്ല. അപ്പുറത്തെ വീട്ടിലെ ലൈറ്റ് അണഞ്ഞു. ഞാന്‍ അതത്ര ഗൌനിയ്ക്കാന്‍ പോയില്ല.

അപ്പോഴാണ് ജനലരുകില്‍ ഒരു മുട്ടു കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ ചില്ലു ജനലിനപ്പുറത്ത് ബിനു ചേച്ചി നില്‍ക്കുന്നു. എന്നിട്ട് എന്നോട് അങ്ങോട്ടു ചെല്ലാന്‍ കൈ കൊണ്ട് ആംഗ്യം കാണിയ്ക്കുന്നു. ബഹളമുണ്ടായിട്ടും ഇന്നു ചേച്ചിയാണോ കറിയും കൊണ്ട് വന്നത് എന്ന അതിശയത്തോടെ ഞാന്‍ ഞൊണ്ടി ഞൊണ്ടി അങ്ങോട്ടു ചെന്നു. മുഖഭാവം അത്ര പന്തിയല്ല എന്നു തോന്നി എന്താണ് കാര്യമെന്നു ചോദിച്ചപ്പോള്‍ മുഖവുരയൊന്നും കൂടാതെ ചേച്ചി നേരെ കാര്യത്തിലേയ്ക്കു കടന്നു.

“ ശ്രീക്കുട്ടാ, ചേട്ടന്‍ ഇന്നും കൊറേ കുടിച്ചേച്ച് വന്നേക്കുവാ... എന്തിനാ ഇത്രേം കുടിച്ചേന്ന് ചോദിച്ചപ്പോ എന്നെ വഴക്കു പറഞ്ഞു. ഞാനും തിരിച്ച് ഏതാണ്ടൊക്കെ പറഞ്ഞു. അപ്പോ എന്നെ തല്ലാന്‍ വന്നു. എന്നിട്ട് വീടിനു പുറത്താക്കി വാതിലടച്ചു. എന്നോട് എവടക്കേലും പോയ്ക്കോളാന്‍”

അത്രയും പറഞ്ഞപ്പോഴേയ്ക്കും ചേച്ചി വല്ലാതായി. അതു കേട്ട് ഞാനും അമ്പരന്നു. ചെറിയ പിണക്കമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും ഇങ്ങനെ ഒരു സംഭവം ഇതാദ്യമാണ്.

“അല്ല, ചേച്ചീ... അതിപ്പോ... ഞാന്‍... ഞാനെന്താ ചെയ്യേണ്ടേ?”

ചേച്ചി കുറച്ചൊരു പ്രതീക്ഷയോടെ പറഞ്ഞു. “നിങ്ങളാരെങ്കിലും പറഞ്ഞാല്‍ ചേട്ടന്‍ കേള്‍ക്കും. ശ്രീക്കുട്ടന്‍ ചേട്ടനോട് മയത്തില്‍ സംസാരിച്ചിട്ട് എന്നെ വീട്ടില്‍ കേറ്റാന്‍ ഒന്നു പറയാമോ?”

അതു കേട്ട് ഞാന്‍ ഒന്നു പരുങ്ങി. ഒന്നാമതായി ഞാന്‍ പോയി രാമന്‍ ചേട്ടനെ ഉപദേശിയ്ക്കാന്‍ ചെന്നാല്‍ അപ്പോഴത്തെ മൂഢില്‍ “നീയാരാടാ എന്നെ ഉപദേശിയ്ക്കാന്‍” എന്നോ മറ്റോ പറഞ്ഞാല്‍ ഞാന്‍ ചമ്മും. നാണക്കേടുമാകും. രണ്ടാമത്, ആരോഗ്യപരമായി എന്റെ കണ്ടീഷനും ശരിയല്ല. ദേഹം മൊത്തം പാച്ച് വര്‍ക്ക് നടത്തിയിരിയ്ക്കുന്നതിനാല്‍ ചേട്ടന്‍ ഓടിച്ചാല്‍ ഇറങ്ങി ഓടാന്‍ പോലുമാകില്ല. പക്ഷേ, ചേച്ചിയുടെ ദയനീയ ഭാവം കണ്ടിട്ട് പറ്റില്ല എന്നു പറയാനുമാകില്ല. മാത്രമല്ല, ഞാന്‍ പറഞ്ഞാല്‍ ശരിയാകും എന്ന പ്രതീക്ഷ ചേച്ചിയുടെ സംസാരത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം.

കൂട്ടുകാര്‍ക്കിടയിലൊക്കെ പ്രശ്നങ്ങള്‍ തിര്‍ക്കാന്‍ പലപ്പോഴും ഇടപെടേണ്ടി വരാറുണ്ടെങ്കിലും മുതിര്‍ന്നവരുടെ പ്രശ്നങ്ങലില്‍ ഇടപെടാറില്ല. എന്നാലും ഒന്നാലോചിച്ച ശേഷം, അവസാനം ഞാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങാന്‍ തീരുമാനിച്ചു. ചേച്ചിയോട് കൂടെ വരാന്‍ പറഞ്ഞു. അപ്പോ ചേച്ചിയ്ക്ക് കൂടെ വരാന്‍ പേടി.

“അയ്യോ! ഞാന്‍ വരില്ല. എന്നോട് ഇറങ്ങി പോയ്ക്കോളാന്‍ പറഞ്ഞതാ... ഞാന്‍ കുറച്ചു മാറി ആ ഇരുട്ടത്തെങ്ങാനും നിന്നോളാം. ശ്രീക്കുട്ടന്‍ പോയി സംസാരിച്ചിട്ട് ചേട്ടന്‍ സമ്മതിച്ചു കഴിയുമ്പോള്‍ എന്നെ വിളിയ്ക്കുമ്പോഴേ ഞാന്‍ വരത്തൊള്ളൂ”

ഇതു കേട്ടതോടെ എന്റെ ചങ്കിടിപ്പ് കൂടി. ചേട്ടനെങ്ങാനും തല്ലാന്‍ വന്നാല്‍ ഒന്നു പിടിച്ചു മാറ്റാന്‍ പോലും ആരുമില്ല. അങ്ങനെ എന്നെ സിംഹക്കൂട്ടിലേയ്ക്ക് മുയലിനെ എറിഞ്ഞു കൊടുക്കുന്നതു പോലെ അവിടെ ഉപേക്ഷിച്ചിട്ട് ചേച്ചി ഇരുട്ടത്തേയ്ക്ക് മാറി നിന്നു.

ഞാന്‍ ഒരു വിധത്തില്‍ അവരുടെ വീടിന്റെ മുറ്റത്തെത്തി. ലൈറ്റ് എല്ലാം ഓഫ് ആണ്. ഒരു ശബ്ദവും കേള്‍ക്കാനുമില്ല. ഞാന്‍ കോളിങ് ബെല്‍ അടിച്ചു. മറുപടിയില്ല. ഒന്നു കൂടെ അടിച്ചു. ഒപ്പം “രാമന്‍ ചേട്ടാ” എന്ന് ആശങ്കയോടെ ഒന്നു വിളിച്ചു.

“ആരാടാ?” അകത്ത് ലൈറ്റ് ഓണായി, വരാന്തയിലും.
“ആഹാ, നീയാണോ? കേറി വാ” ചേട്ടന്‍ വാതില്‍ തുറന്നു. ഞാന്‍ പതുക്കെ അകത്തേയ്ക്ക് കാലെടുത്തു വച്ചതും എന്തോ പോലെ തോന്നി.

“അയ്യോ… ഇതെന്തു പറ്റി?”

ഞാന്‍ കാല്‍ പിന്‍‌വലിച്ചു കൊണ്ട് ചോദിച്ചു. ചവിട്ടിയത് ചോറിലാണ്. അകം നിറയെ ചോറും കറികളും പാത്രങ്ങളും പരന്നു കിടക്കുന്നു. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി. ചേട്ടന്റെ മുഖവും കടന്നല്‍ക്കുത്തേറ്റ പോലെ ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ടെങ്കിലും എന്നോട് സംയമനത്തോടെ സംസാരിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. എന്നാലും ആടിയാ‍ടിയാണ് നില്പ്. അത്രയും ഫിറ്റായി ചേട്ടനെ കണ്ടിട്ടില്ല. വെറുതേയല്ല ചേച്ചി ചൂടായത്.

“നീയത് കാര്യമാക്കണ്ട. കേറി വാ.”

“അല്ല, പിന്നേയ്, ചേച്ചി...” ഞാന്‍ പറഞ്ഞു മുഴുമിപ്പിയ്ക്കും മുന്‍‌പേ ചേട്ടന്‍ ചാടിക്കയറി പറഞ്ഞു. “ അവളെ ഞാന്‍ പറഞ്ഞു വിട്ടു. ഇനി ഈ വീട്ടില്‍ ഞാന്‍ കയറ്റത്തില്ല. അവള്‍ എന്നെ ഭരിയ്ക്കാന്‍ വന്നിരിയ്ക്കുന്നു... അന്നേരത്തെ ദേഷ്യത്തിന്‍ ഞാനെടുത്തെറിഞ്ഞതാ ഇതൊക്കെ.”

തുടര്‍ന്ന് ചേട്ടന്‍ എന്തൊക്കെയോ പറഞ്ഞു. അപ്പോള്‍ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുമുണ്ട്.

ഞാന്‍ പെട്ടെന്ന് ഇടയ്ക്കു കയറി. “അല്ല, ഞാനറിഞ്ഞു. ചേച്ചി എന്റടുത്ത് വന്നു പറഞ്ഞു.” രാമന്‍ ചേട്ടന്‍ ദേഷ്യം കൊണ്ട് രണ്ടടി മുന്നോട്ടു വച്ചു. “ ആഹാ, അവള്‍ നിന്റടുത്ത് വന്ന് പരാതി പറഞ്ഞല്ലേ? &%$# അവളെ ഞാന്‍... നീ ഇതിലിടപെടേണ്ടടാ... അവള്‍ക്ക് അത്ര അഹങ്കാരം പാടില്ല, നീ അവള്‍ക്കു വേണ്ടി ഒന്നും പറയണ്ട”

ഞാന്‍ വീണ്ടും പതറി. സംസാരിച്ചു കൊണ്ട് രാമന്‍ ചേട്ടന്‍ ഓരോ അടി മുന്നോട്ടു വയ്ക്കുന്തോറും ഞാന്‍ പുറകോട്ട് വാതില്‍ക്കലേയ്ക്ക് നീങ്ങി നീങ്ങി വന്നു. ഒപ്പം കൂടുതല്‍ പരിക്കു പറ്റിയ ഇടത്തേക്കാലിനെ രാമന്‍ ചേട്ടന്റെ സൈഡില്‍ നിന്നും പരമാവധി മാറ്റി വയ്ക്കുവാനും ശ്രദ്ധിച്ചു. (ഇനി, കഷ്ടകാലത്തിന് പുള്ളി വല്ലതും എടുത്ത് എന്നെ എറിഞ്ഞാലും പരിക്കു പറ്റിയ കാലിനെ രക്ഷിയ്ക്കണമല്ലോ)

എന്നാലും ഞാന്‍ അപ്പോഴും രാമന്‍ ചേട്ടനെ മയപ്പെടുത്താന്‍ ഓരോന്ന് പറയുന്നുണ്ടായിരുന്നു. ‘എന്തിനാ ചേട്ടാ വെറുതെ ബഹളമൊക്കെ ഉണ്ടാക്കുന്നത്? നാട്ടുകാരു കേള്‍ക്കില്ലേ?’ എന്നൊക്കെ പരമാവധി അനുനയത്തോടെ പറഞ്ഞു. പൊതുവേ ആ അവസ്ഥയില്‍ ആരെന്തു പറഞ്ഞാലും കേള്‍ക്കാന്‍ കൂട്ടാക്കാറില്ല എങ്കിലും അന്ന് എന്തു കൊണ്ടോ രാമന്‍ ചേട്ടന്‍ ഞാന്‍ പറഞ്ഞതൊക്കെ മിണ്ടാതെ നിന്നു കേട്ടു. അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞ് അവസാനം ചേട്ടന്‍ കുറേശ്ശെ തണുത്തു. അപ്പോള്‍ എനിയ്ക്കും കുറച്ചു കൂടി ധൈര്യമായി.

അല്‍പ്പ സമയം കഴിഞ്ഞ് ചേട്ടന്റെ ദേഷ്യമെല്ലാം കുറച്ച് കുറഞ്ഞെന്നു മനസ്സിലാക്കി ഞാന്‍ പതുക്കെ പറഞ്ഞു. “ചേച്ചി ദാ അവിടെ പുറത്ത് നില്‍പ്പുണ്ട്. ചേട്ടന്‍ സമ്മതിച്ചാല്‍ കയറി വരും”

ഒന്നാലോചിച്ചിട്ട് ചേട്ടന്‍ ഗൌരവം വിടാതെ പറഞ്ഞു. “ഉം, ശരി. ഇനി എന്നെ ഉപദേശിയ്ക്കാന്‍ വരരുതെന്ന് അവളോട് പറഞ്ഞേക്ക്. എന്നിട്ട് കയറി വരാന്‍ പറയ്” അതു കേട്ടതോടെ എനിയ്ക്കും ആശ്വാസമായി. ഞാന്‍ ചേച്ചിയെ വിളിച്ച് വീട്ടിലേയ്ക്കു കയറ്റി വിട്ടു. തുടര്‍ന്ന് ഞാന്‍ രണ്ടാളോടും യാത്ര പറഞ്ഞിറങ്ങി. അപ്പോള്‍ ചേട്ടന്‍ പുറകില്‍ നിന്നു വിളിച്ചു. എന്നിട്ടു പറഞ്ഞു.

“ എടാ, അതേയ് ഇന്നത്തെ ബഹളത്തിനിടെ ഉണ്ടാക്കിയ കറിയൊക്കെ ഞാന്‍ തട്ടിക്കളഞ്ഞു. അതോണ്ട് ഇന്ന് കറിയൊന്നുമില്ലാട്ടോ”

“ഓ... അതൊന്നും സാരമില്ല ചേട്ടാ... നിങ്ങളുടെ പിണക്കം മാറിയല്ലോ. അതു മതി” എന്ന് അവരോടു പറഞ്ഞ് അതേ സമയം എന്റെ കാല്‍ ഇതേ പോലെ തന്നെ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ ഞാന്‍ പതുക്കെ എന്റെ റൂമിലേയ്ക്ക് നടന്നു. റൂമില്‍ വന്ന് കയറിയപ്പോഴേയ്ക്കും നീരു വന്നിരിയ്ക്കുന്ന കാലിന്റെ വേദന കുറേക്കൂടി വര്‍ദ്ധിച്ചു. എന്നാലും അവരുടെ വഴക്ക് തീര്‍ക്കാന്‍ പറ്റിയല്ലോ എന്ന് ആശ്വാസിച്ചിരിയ്ക്കുമ്പോഴേയ്ക്കും അതാ ജനാലയ്ക്കരുകില്‍ പിന്നെയും ചേച്ചി വിളിയ്ക്കുന്നു.

“എന്തു പറ്റി ചേച്ചീ?” എന്ന അമ്പരപ്പോടെ ചോദിച്ചപ്പോള്‍ ഒരു പൊതിക്കെട്ട് എടുത്തുയര്‍ത്തി കാണിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.

“ശ്രീക്കുട്ടാ, ഇത് ചേട്ടന്‍ വന്നപ്പോള്‍ വാങ്ങിക്കൊണ്ടു വന്ന പച്ചമീനാണ്. ഇനിയിപ്പോ ഇതു കറി വയ്ക്കാനൊന്നുമുള്ള സമയമില്ല. ഇവിടെ വച്ചാല്‍ നാളേയ്ക്ക് കേടായിപ്പോകും. അതോണ്ട് ഇതൊന്ന് അപ്പുറത്തെ വീട്ടില്‍ കൊടുത്തിട്ട് അവരുടെ ഫ്രിഡ്ജില്‍ വയ്ക്കാന്‍ പറയാമോ? നാളെ പോയി എടുത്താല്‍ മതിയല്ലോ. ഇപ്പോള്‍ ഞാന്‍ പോയാല്‍ ചേട്ടന്‍ ഇനിയും ചീത്ത പറയും. അതോണ്ടാ...”

ദയനിയമായ മുഖഭാവത്തോടെയാണെങ്കിലും ഞാന്‍ സമ്മതിച്ചു. കാരണം ഇപ്പറഞ്ഞ വീട് കുറച്ചു ദൂരെയാണ്. ശരിയായ വഴിയിലൂടെ പോയാല്‍ 10 മിനുട്ട് നടക്കണം. ആ അവസ്ഥയില്‍ വയ്യാത്ത കാലും വച്ചു കൊണ്ട് ഞാന്‍ ആ വഴി നടന്നാല്‍ അവിടെ എത്തുമ്പൊഴേയ്ക്കും ചിലപ്പോള്‍ മീന്‍ കേടാകും. അതു കൊണ്ട് ആ ഇരുട്ടത്ത് കയ്യില്‍ ഒരു ടോര്‍ച്ച് പോലുമില്ലാതെ ആ റബ്ബര്‍ക്കാട്ടിലൂടെ മീനും പിടിച്ചു കൊണ്ട് ഞാന്‍ നടത്തമാരംഭിച്ചു. മുന്‍പില്‍ വല്ല കല്ലോ കുഴിയോ ഉണ്ടോ എന്നു പോലും കാണാത്തതിനാല്‍ വളരെ ശ്രദ്ധയ്യോടെ പരിക്കില്ലാത്ത വലതു കാല്‍ മാത്രം മുന്നോട്ടു നീക്കി പരതിക്കൊണ്ടായിരുന്നു നടത്തം. ഒപ്പം വല്ല പാമ്പോ മറ്റോ കാണുമോ എന്ന പേടിയും. ഏതാണ്ട് അര മണിക്കൂര്‍ സമയമെടുത്ത് അവിടെ പോയി മീനും ഏല്‍പ്പിച്ച് തിരികെ വന്നപ്പോഴേയ്ക്കും അതി കഠിനമായ എന്തോ ഉദ്യമം കഴിഞ്ഞ പ്രതിതിയാണ് തോന്നിയത്.

അന്ന് കാലിന്റെ വേദന കാരണം ഉറങ്ങാന്‍ കുറേ കഷ്ടപ്പെട്ടെങ്കിലും ഒരു കുടുംബത്തിലെ വഴക്ക് കുഴപ്പമില്ലാതെ പറഞ്ഞു തീര്‍ക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് അന്ന് ഉറങ്ങിയത്. അന്ന് കുറച്ചധികം കുടിച്ചു പോയി എന്ന് പിറ്റേ ദിവസം ചേട്ടന്‍ പശ്ചാത്താപത്തോടെ ഞങ്ങളോട് പറയുകയും ചെയ്തു. എന്തായാലും പിന്നീട് ഞങ്ങള്‍ പഠനം കഴിഞ്ഞ് പോരുന്നതു വരെ രാമന്‍ ചേട്ടന്‍ ഒരു പരിധി വിട്ട് കുടിച്ചിട്ടു വന്നതായി അറിവില്ല; അവര്‍ക്കിടയില്‍ അതു പോലുള്ള വഴക്കുകളൊന്നും ഉണ്ടായിട്ടുമില്ല.

72 comments:

  1. ശ്രീ said...

    പഠനകാലത്ത് ആക്സിഡന്റു പറ്റി ഇരുന്ന നാളുകളില് നടത്തിയ ഒരു മദ്ധ്യസ്ഥതാ ശ്രമം- 2009 ലെ ആദ്യ പോസ്റ്റ്.

    ഒരു പോസ്റ്റാക്കുവാന് മാത്രം ഉള്ള സംഭവം ഒന്നുമില്ല. എങ്കിലും 8 വര്ഷം മുന്പ് ഈ സംഭവം നടക്കുമ്പോള് അനുഭവിച്ച ടെന്ഷനും പേടിയും വേദനയും ഇവിടെ പറഞ്ഞറിയിക്കാനാവില്ല. ഈയിടെ എന്റെ സുഹൃത്ത് കുല്ലുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഹോളോമാന് സംഭവം വിണ്ടും ഓര്ത്ത കൂട്ടത്തില് ഇതും ഓര്മ്മ വന്നപ്പോഴാണ് ഇതെഴുതിയാലോ എന്ന ചിന്ത വന്നത്. [കുല്ലുവിന്റെ ജന്മദിനത്തിന്റെ അന്നായിരുന്നു ആ ആക്സിഡന്റ് നടന്നത്]

    സമയക്കുറവു മൂലം എഴുതി വന്നപ്പോള് വൈകി. മാത്രമല്ല, അല്പ്പം നീളം കൂടിപ്പോയോ എന്ന സംശയവും ഇല്ലാതില്ല. ക്ഷമിയ്ക്കുമല്ലോ.

  2. ഹരിശ്രീ said...

    ശോഭീ,

    ഇന്ന് ആദ്യകമന്റ് എന്റെ വക.

    രാമന്‍ ചേട്ടനെ പറ്റിയും, ചേച്ചിയെ പറ്റിയും നീ പറഞ്ഞിട്ടുണ്ട്. പക്ഷേഈസംഭവം ആദ്യമായാണ് അറിഞ്ഞത്.
    എന്തായാലും നന്നായിരിയ്കുന്നു...

    :)

  3. Calvin H said...

    അങ്ങനെ അവരു വീണ്ടും കമ്പനിയായി, മദ്ധ്യസ്ഥത്തിന് ചെന്ന ശ്രീ കാലു വേദനിച്ചു കിടപ്പിലുമായി :)

  4. സു | Su said...

    ശ്രീയുടെ അവസ്ഥ കണ്ടപ്പോൾ രാമൻ ചേട്ടന് ചിരിയും സ്നേഹവും കരുതലും ഒക്കെ തോന്നിക്കാണും. അതുകൊണ്ടാ കുറച്ച് അയഞ്ഞേക്കാംന്ന് വെച്ചത്. ഓടാൻ പറ്റുന്ന ആരെങ്കിലും ചെന്നിരുന്നെങ്കിൽ ഓടിച്ചേനെ. എന്തായാലും ചെന്നത് നന്നായി. കാലുവേദനിച്ചെങ്കിലും കുടുംബകലഹം തൽക്കാലത്തേക്ക് തീർത്തല്ലോ. :)

  5. [ nardnahc hsemus ] said...

    ആ സംഭവത്തിനു ശേഷം പിന്നീടുള്ള 2 വര്‍ഷം മീങ്കാരന്റെ വിളി കേട്ടാല്‍ ഉള്ളിലൊരു ഞെട്ടലായിരുന്നു.. .. :)

    ഏയ്... കഥ നീണ്ടു പോയിട്ടൊന്നുമില്ല.. ശരിയ്ക്കും ഇത്രയുമൊക്കെ വേണം..
    “വലതുകാലില്‍ ഒരു മദ്ധ്യസ്ഥ ശ്രമം“ എന്നായിരുന്നു വേണ്ടിയിരുന്നത്!! :)

  6. ശ്രീനാഥ്‌ | അഹം said...

    കൊള്ളാം ശ്രീ. ആത്മാര്‍ദ്ധമായ വിവരണം.

  7. ശിശു said...

    വളരെ നീണ്ട പോസ്റ്റുകള്‍ സാധാരണ വായിക്കാറില്ല, പക്ഷെ ശ്രീയുടെ പോസ്റ്റ് ഇത്തിരിനീണ്ടാലും അതിന്റെ യാതൊരു മുഷിപ്പുമുണ്ടാക്കിയില്ല..നല്ല വിവരണം.
    ഒരു നല്ല സമരിയക്കാരനുമാണ് ഇല്ലെ? സുമേഷ് പറഞ്ഞപേരാണ് പോസ്റ്റിനുയോജിച്ചത്..(വെറുതെ ഇല്ലെങ്കില്‍ ആളുദേഷ്യപ്പെടുമെന്നെ..)

  8. തോന്ന്യാസി said...

    ശ്രീ ഇതു വായിച്ചപ്പോ ഓര്‍മ്മ വന്നത് വയനാട്ടില്‍ താമസിച്ചു പഠിച്ചിരുന്ന കാലത്ത് ഇതു പോലൊരു മദ്ധ്യസ്ഥ ശ്രമം നടത്തിയതാണ്.

    അന്ന് പുറത്തായത് കണവനാണെന്ന് മാത്രം. ഞങ്ങള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിനു മുന്നില്‍ വന്ന് “അവളെന്നെ പുറത്താക്കി വാതിലടച്ചെടാ മക്കളേ” എന്നു പറഞ്ഞ് കരഞ്ഞ്, വാളുവച്ചു കിടന്ന കുട്ടേട്ടനെ കുളിപ്പിച്ചെടുത്ത് പാതിരാത്രിയില്‍ അങ്ങേരുടെ വീട്ടില്‍ കൊണ്ടു വിട്ടു.

    പിന്നീട് ഞങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാകണം ആ ചേച്ചി,പുള്ളിയെ പുറത്താക്കി വാതിലടച്ചിട്ടില്ല.

  9. കഥ പറയുമ്പോള്‍ .... said...

    കൊള്ളാം ശ്രീ, നല്ല വിവരണ്ണം..

  10. അഗ്രജന്‍ said...

    അപ്പോ ഈ കള്ളുകുടിച്ച് ബോധം പോവ്വാന്ന് പറേണതൊക്കെ വെറുതെയാണല്ലേ...!

    നല്ല പോസ്റ്റ് ശ്രീ... നീണ്ടതാണെങ്കിലും മുഷിഞ്ഞില്ല... രസമുണ്ടായിരുന്നു വായിക്കാന്‍!

  11. BS Madai said...

    ശ്രീ, സത്യസന്ധമായ വിവരണം... നീണ്ടാതാനെന്കിലും ഒട്ടും മുഷിയാതെ വായിച്ചു. എല്ലാം കഴിഞ്ഞതിനു ശേഷമുണ്ടായ ആ 'മീന്കൊണ്ടുകൊടുക്കല്‍' അതിത്തിരി കട്ടിയായി! പിറ്റേന്ന് ആ മീനിന്റെ പങ്കു വറുത്തു തന്നോ അതോ കറി വച്ചു തന്നോ!?

  12. നവരുചിയന്‍ said...

    രാത്രി റബര്‍ കാട്ടില്‍ കൂടെ മീനും ആയി ഒരു നടപ്പ് .... കൊള്ളാം ആ മീനിന്റെ മണം പിടിച്ചു ..വല്ല സിംഹമോ ,പുലിയോ വന്നിരുന്നു എങ്കില്‍ .....

  13. siva // ശിവ said...

    നല്ല ഓര്‍മ്മക്കുറിപ്പ്.....

  14. ബിന്ദു കെ പി said...

    കൊള്ളാം. മദ്ധ്യസ്ഥശ്രമത്തിന് പോയിട്ട് വലതുകാലിന് കൂടുതൽ കുഴപ്പമൊന്നും പറ്റാതിരുന്നത് ഭാഗ്യമായി.

  15. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ഇതു വെറും ശ്രമം അല്ലല്ലോ മദ്ധ്യസ്ഥം തന്നെയല്ലേ?

    ഓടോ:അപ്പോള്‍ റബ്ബര്‍കാട്ടില്‍ രാത്രി ഒറ്റയ്ക്കൊക്കെ ഇറങ്ങി നടക്കാനുള്ള ധൈര്യമുണ്ടല്ലേ.

  16. ശ്രീ said...

    ശ്രീച്ചേട്ടാ...
    ആദ്യ കമന്റിനു നന്ദി. (ഹോളോമാന്‍ സംഭവം തന്നെ ഞാനന്ന് വീട്ടില്‍ പറഞ്ഞിരുന്നില്ലല്ലോ. പിന്നെങ്ങനെ അക്കാലത്തെ ഈ സംഭവം പറയും?)

    ശ്രീഹരീ...
    അതെയതെ. എന്നാലും ആ പ്രശ്നം പെട്ടെന്ന് പരിഹരിയ്ക്കപ്പെട്ടല്ലോ എന്ന സമാധാനമുണ്ടല്ലോ. :)

    സൂവേച്ചീ...
    ഒരു പക്ഷേ ശരിയായിരിയ്ക്കാം. രാമന്‍ ചേട്ടന് ഞങ്ങളെ വല്യ കാര്യമായിരുന്നു. ഞാന്‍ വയ്യാതെ കിടന്ന ദിവസങ്ങളിലെല്ലാം ഇടയ്ക്കിടെ വന്ന് കുശലാന്വേഷണങ്ങള്‍ നടത്തുക പതിവുമായിരുന്നു. അതു കൊണ്ടൊക്കെയാകാം, കുടിച്ചിട്ടുണ്ടായിരുന്നെങ്കിലും വളരെ മയത്തില്‍ എന്നോട് പെരുമാറിയത്. :)

    സുമേഷേട്ടാ...
    ഒരു പരിധി വരെ അങ്ങനെയും പറയാം. അതിവിടെ പറഞ്ഞു ഫലിപ്പിയ്ക്കാന്‍ എനിയ്ക്കറിയില്ല. രാത്രിയിലെ ആ യാത്രയിലായിരിയ്ക്കും ഒരു പക്ഷേ എനിയ്ക്ക് മീനുകളോട് ഏറ്റവും വെറുപ്പ് തോന്നിയത്. ;)
    തലക്കെട്ട് ചിരിപ്പിച്ചു.

    ശ്രീനാഥ്...
    വളരെ നന്ദി. :)

    ശിശു മാഷേ...
    നടന്ന സംഭവം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുകയായിരുന്നു എന്നല്ലാതെ അത്ര തൃപ്തികരമായി എഴുതിത്തീര്‍ത്ത പോസ്റ്റല്ല ഇത്. ഇഷ്ടമായി എന്ന അറിവ് വളരെ സന്തോഷിപ്പിയ്ക്കുന്നു.

    തോന്ന്യാസീ...
    തികച്ചും സമാനമായ അനുഭവമാണല്ലോ. പാവം ചേട്ടന്‍. :)

    അനീഷ്...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)

    അഗ്രജന്‍ മാഷേ...
    മുഷിപ്പിച്ചില്ല എന്നറിഞ്ഞതില്‍ സന്തോഷം. :)

    BS Madai...
    മാഷേ... ആ മീന്‍‌പൊതിയും കൊണ്ട് അന്ന് രാത്രി ആ കാട്ടില്‍ കൂടി തപ്പിത്തടഞ്ഞ് പോകുന്ന വഴി എനിയ്ക്ക് ആകപ്പാടെ എന്തൊക്കെയാണ് തോന്നിയതെന്ന് പറയാനാകില്ല. പകുതി പോയിക്കഴിഞ്ഞപ്പോള്‍ വേദനയും തളര്‍ച്ചയും കാരണം ഇനി ഒരടി നടക്കാന്‍ പറ്റില്ല എന്ന അവസ്ഥയില്‍ പോലുമെത്തി. പിന്നെ, എങ്ങനെയൊക്കെയോ തപ്പിത്തടഞ്ഞ് തിരിച്ച് വന്ന് കിടക്കയില്‍ വീണു എന്നതാണ് സത്യം.
    [പിറ്റേന്ന് ചേച്ചി ആ മീന്‍ വറുത്തു തന്നൂട്ടോ. അപ്പഴാണ് കുറച്ചു വിഷമം മാറിയത് ;)]
    നവരുചിയന്‍...
    ഹെന്റമ്മേ! അന്നത്തെ എന്റെ അവസ്ഥയില്‍ വെറും ഒരു പട്ടി വന്നിരുന്നെങ്കില്‍ പോലും നല്ലൊരു കടിയും വാങ്ങി തിരിച്ചു പോരുക എന്നതു മാത്രമേ എനിയ്ക്കു പറ്റുമായിരുന്നുള്ളൂ... ;)

    ശിവ...
    വളരെ നന്ദി. :)

    ബിന്ദു ചേച്ചീ...
    അതെ. കാല്‍ കുഴപ്പമൊന്നും പറ്റാതെ ഒളിച്ചു പിടിച്ചു കൊണ്ട് രാമന്‍ ചേട്ടനോട് സംസാരിയ്ക്കാന്‍ പാടു പെട്ടതോര്‍ക്കുമ്പോല്‍ ഇന്ന് രസം തോന്നുന്നു. :)

    ചാത്താ...
    ശ്രമിച്ചു നോക്കാമെന്നേ പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ... നല്ല കാലം കൊണ്ട് (എന്റെയും എന്റെ കാലിന്റെയും) എല്ലാം ശരിയായി. (അവസാനത്തെ കമന്റ് ഞാന്‍ കണ്ടില്ലാട്ടാ) ;)

  17. mayilppeeli said...

    മദ്ധ്യസ്ഥശ്രമത്തിനിടെ ശ്രീയുടെ കാലിനൊന്നും പറ്റിയില്ലല്ലോ....ഭാഗ്യം.....സുഖമില്ലാതിരുന്നിട്ടും അവരെ സഹായിയ്ക്കനുള്ള മനസ്സു കാട്ടിയല്ലോ...വളരെ നല്ല കാര്യം തന്നെയാണത്‌....നല്ല പോസ്റ്റ്‌.....

  18. പ്രയാണ്‍ said...

    *
    =)
    *

  19. ശ്രീക്കുട്ടന്‍ | Sreekuttan said...

    പതിവുപോലെ.. വളരെ ഇഷ്ടപ്പെട്ടു. സമാനമായ ഒരനുഭവം ഞങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്,രണ്ടുമൂന്നു കൊല്ലം മുന്‍പ്..
    (അന്നു പക്ഷേ കോമ്പ്രമൈസ് ആയില്ല..ഞങ്ങള്‍ ഇടപെട്ടതാണ് പ്രശ്നം വഷളാക്കിയത് എന്നു നാട്ടുകാര് പിന്നീട് പറഞ്ഞു..)
    ഹോളോമാന്‍ ഒന്നുകൂടി വായിക്കട്ടെ..

  20. Ranjith chemmad / ചെമ്മാടൻ said...

    ശ്രീ രസകരമായിരിക്കുന്നു, ഈ വിവരണം...

  21. ബഷീർ said...

    ശ്രീ,

    മദ്ധ്യസ്ഥന്റെ റോള്‍ നന്നായി. ഓടാനുള്ള ത്രാണിയില്ലാത്ത സമയത്ത്‌ അതും മദ്യ-സ്ഥനായ ഒരാളുമായിട്ടാവുമ്പോള്‍ ഏറെ സൂക്ഷിക്കണം. മദ്യം അകത്ത്‌ ചെന്നാല്‍ പിന്നെ മനുഷ്യന്‍ പലതുമായി മാറുന്നു.
    എന്തായാലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ലല്ലോ.
    കള്ളു കുടിയന്മാരുടെ വീട്ടുകാര്യത്തില്‍ ഇടപെട്ടാല്‍ ചിലപ്പോള്‍ സ്വപ്നേ വിചാരിക്കാത്തതാവും അവന്മാരുടെ വായില്‍ നിന്ന് വരിക.

    അത്‌ താങ്ങാനുള്ള തൊലിക്കട്ട്‌ ആദ്യം ഉണ്ടാക്കാണം..
    2009 ലെ ആദ്യ പോസ്റ്റിനു ആശംസകള്‍

    മദ്യപാനം സര്‍വ്വ പാപങ്ങളുടെയും മാതാവാണ്.

  22. കുഞ്ഞന്‍ said...

    ശ്രീക്കുട്ടാ..

    പോസ്റ്റിന് ഒട്ടും നീളക്കൂടുതല്‍ തോന്നിയില്ലെന്നു മാത്രമല്ല ഇയാളെക്കുറിച്ച് മതിപ്പും ഏറി.

    ആ മീന്‍ അടുത്ത വീട്ടില്‍ കൊണ്ടു വയ്ക്കണമെന്നു പറഞ്ഞപ്പോള്‍ ക്ഷമയോടെ സമയവും സന്ദര്‍ഭവും നോക്കാതെ ആ കാര്യം ചെയ്തുകൊടുത്ത ശ്രീക്കുട്ടനെ പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.. ഈയവസ്ഥയില്‍ സ്വന്തം വീട്ടുകാരാണ് ഇതൊന്നു കൊണ്ടു കൊടുക്കടൈ എന്നു പറഞ്ഞാല്‍ അനിസരിക്കുമായിരുന്നൊ എന്നൊരു ചോദ്യം ചോദിക്കുന്നു...????

  23. അഗ്രജന്‍ said...

    ഹഹഹ കുഞ്ഞന്റെ ചോദ്യം... ന്യായം :)

  24. the man to walk with said...

    ഇതാ മദ്യം വിഷമമാണെന്ന് പറയുന്നത് ..
    വല്ലാതെ വിഷമിപ്പിച്ചു ശ്രീയെ ,,,

    best wishes

  25. Typist | എഴുത്തുകാരി said...

    അപ്പോള്‍ മദ്ധ്യസ്ഥത പരിചയമുണ്ടല്ലേ? നമ്മുടെ ബൂലോഗത്തു നടക്കുന്ന വാക്പയറ്റുകള്‍ക്കു മദ്ധ്യസ്ഥതക്കു വിളിച്ചാല്‍ പണിയാകുമേ! ഒരു മദ്ധ്യസ്ഥനെ അന്വേഷിച്ചിട്ടു കിട്ടിയില്ലെന്നു പറയുന്നതു കേട്ടു.

  26. Mr. X said...

    ആദ്യ മൂന്ന് കമന്‍റുകള്‍ ശ്രീ, ഹരിശ്രീ, ശ്രീഹരി! ബ്ലോഗിന്റെ ഒരു ഐശ്വര്യമേ!

    സംഭവം കൊള്ളാട്ടോ. ഇമ്മാതിരി ഒരു പാട് രസകരങ്ങളായ അനുഭവങ്ങള്‍ ഉണ്ടല്ലേ, കയ്യില്‍?

    ഓരോന്നോരോന്നായി പോരട്ടെ...

  27. SreeDeviNair.ശ്രീരാഗം said...

    പ്രീയപ്പെട്ട ശ്രീ,

    വേദനിപ്പിക്കുന്ന
    ഓര്‍മ്മകള്‍
    ഒരിക്കലും മായില്ല..
    പോസ്റ്റ് നന്നായിട്ടുണ്ട്...

    പുതുവര്‍ഷാശംസകള്‍

    സ്വന്തം,
    ചേച്ചി

  28. വരവൂരാൻ said...

    നന്നായിട്ടുണ്ട്‌, ആശംസകൾ

  29. ശ്രീ said...

    mayilppeeli ചേച്ചീ...
    അതെ, കാലിന് പിന്നെയും വല്ലതും വരുമോന്നൊരു ചെറിയ പേടി ഉണ്ടായിരുന്നു. :)

    Prayan...
    സന്ദര്‍ശനത്തിനു നന്ദി, മാഷേ...

    ശ്രീക്കുട്ടാ...
    ഹ ഹ. ഏതായാലും ഇവിടെ അങ്ങനെ സംഭവിയ്ക്കാതിരുന്നത് ഭാഗ്യം. :)

    രണ്‍‌ജിത് മാഷേ...
    വളരെ നന്ദി കേട്ടോ. :)

    ബഷീര്‍ക്കാ...
    അതെ. മദ്യപിച്ചു നില്‍ക്കുന്ന സാഹചര്യമാ‍യതിനാല്‍ കുറച്ചൊരു ആശങ്കയോടെയാണ് അവിടേക്കു ചെന്നത്. പിന്നെ, വല്ലതും കേള്‍ക്കേണ്ടി വന്നേക്കാമെന്ന ഒരു മുന്‍‌വിധിയും മനസ്സു കൊണ്ട് എടുത്തിരുന്നു. ;)

    കുഞ്ഞന്‍ ചേട്ടാ...
    നീളം കൂടിയെങ്കിലും ബോറായില്ല എന്നറിഞ്ഞതില്‍ ആശ്വാസം. വീട്ടുകാരാണ് പറയുന്നതെങ്കില്‍ ഒന്നു മടിച്ചേനെ എന്നത് സത്യം തന്നെ. (പക്ഷേ, വീട്ടുകാര്‍ അങ്ങനൊരു അവസ്ഥയില്‍ ഒന്നും ഏല്‍പ്പിയ്ക്കുക പതിവില്ലാട്ടോ) :)

    the man to walk with...
    അതെ. ആ വിഷം കാരണമാണല്ലോ അവിടെ അങ്ങനൊരു സാഹചര്യം വന്നു ചേര്‍ന്നത്. :)

    എഴുത്തുകാരി ചേച്ചീ...
    ബൂലോകത്ത് ഒന്നിനുമില്ല. വെറുതേ എന്തിനാ ഉള്ള ‘ചീത്തപ്പേര്’ കളഞ്ഞു കുളിയ്ക്കുന്നത്... ;)

    ആര്യന്‍...
    ഹ ഹ. കമന്റുകളിലെ ആ പ്രത്യേകത ഞാനും ഇപ്പോഴാണ് ശ്രദ്ധിച്ചത്. നന്ദി. :)

    ശ്രീദേവി ചേച്ചീ...
    ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അതെല്ലാം ഒരു രസം... നന്ദി ചേച്ചീ... :)

    വരവൂരാന്‍...
    വായനയ്ക്കും കമന്റിനും നന്ദി മാഷേ...

  30. Appu Adyakshari said...

    അങ്ങനെ എന്നെ സിംഹക്കൂട്ടിലേയ്ക്ക് മുയലിനെ എറിഞ്ഞു കൊടുക്കുന്നതു പോലെ അവിടെ ഉപേക്ഷിച്ചിട്ട് ചേച്ചി ഇരുട്ടത്തേയ്ക്ക് മാറി നിന്നു..

    ഹ..ഹ.ഹ.. അടിപൊളി ശ്രീയേ..

    നല്ല ഓര്‍മ്മകള്‍ കേട്ടോ, പതിവുപോലെ. ഇനിയും എഴുതൂ

  31. ജിജ സുബ്രഹ്മണ്യൻ said...

    അപ്പോൽ കുടുംബകലഹങ്ങളുണ്ടാകുമ്പോൾ ശ്രീയെ വിളിച്ചാൽ മതീ ല്ലേ.വയ്യാത്ത കാലും വെച്ച് മീൻ കൊണ്ടു കൊടുക്കാൻ തോന്നിയ ശ്രീയുടെ നല്ല മനസ്സിനെ നമിക്കുന്നു.ഒപ്പം രാമൻ ചേട്ടന്റെ കുടി പൂർണ്ണമായും നിർത്താൻ പറ്റിയില്ലെങ്കിലും അളവു കുറപ്പിക്കാൻ ശ്രീയുടെ വാക്കുകൾക്ക് സാധിച്ചല്ലോ.നന്നായി.ഇനിയും കുടിയന്മാരെ നന്നാക്കാൻ ശ്രീക്കു കഴിയുമാറാകട്ടെ!

  32. Sands | കരിങ്കല്ല് said...

    എത്ര നീളായാലും ശ്രിടെ പോസ്റ്റുകള്‍ അടിപൊളിയാ.. :)

  33. Sands | കരിങ്കല്ല് said...

    പറയാന മറന്നു... നല്ല നല്ല പോസ്റ്റ് :)

  34. nandakumar said...

    നീളക്കൂടുതലൊന്നും തോന്നിയില്ല (അങ്ങിനെ നോക്കാത്തതുകൊണ്ടാകും) പോസ്റ്റ് ഇഷ്ടപ്പെട്ടു. ആ സന്ദര്‍ഭം മനസ്സില്‍ വിഷ്വലായി വരുന്നുണ്ട്. ചെയ്തത് വലിയ കാര്യമല്ലെന്നും, തന്നാലാവുന്നതാണെന്നും തോന്നുന്നതും നല്ല കാര്യം. ഈ മനസ്സും ഹൃദയവും നഷ്ടപ്പെടാതിരിക്കട്ടെ..

    (ഞാന്‍ പിന്നീട് വിളിച്ചെന്നിരിക്കും, അല്ല, ആവശ്യം വന്നാലോ, മുന്‍ പരിചയൊള്ള ആളല്ലേ ) :)

  35. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഓര്‍മ്മക്കുറിപ്പ് വളാരെ ഹൃദ്യമായി

  36. പാമരന്‍ said...

    കൊള്ളാം സംഭവം! കൊറേ കാലമായല്ലോ കണ്ടിട്ട്‌..

  37. Anil cheleri kumaran said...

    ശ്രീ.. കൊള്ളാം. നല്ല വിവരണം. എന്തെങ്കിലും സംഭവിച്ചേക്കാമെന്നു അവസാനം വരെ പ്രതീക്ഷിച്ചു. എന്നു വച്ച് പട്ടിയുടെ കടി കിട്ടണമെന്നൊന്നുമല്ല കേട്ടോ. ശ്രീയുടെ ആഖ്യാന ശൈലി മികച്ചു നില്‍ക്കുന്നു.

  38. പ്രയാസി said...

    ഈ പെണ്ണുങ്ങള്‍ക്കൊന്നും കണ്ണില്‍ ചോരയില്ലെന്നു പറയുന്നത് വെറുതെയല്ല!

    ഒരു വികലാംഗനെക്കൊണ്ട് എന്തെല്ലാം ചെയ്യിച്ചു,

    പോസ്റ്റ് നന്നായി കുട്ടാ..

    ഓട്രാ: ഇടക്കു പല ആവശ്യങ്ങളും ഞാന്‍ പറഞ്ഞിരുന്നു,ബയങ്കര ബുസി! ഹാ... ഒരു പെണ്ണായി ജനിച്ചാ മത്യാരുന്നു..;)

  39. രാജീവ്‌ .എ . കുറുപ്പ് said...

    ശ്രീയേട്ടാ പിറ്റേന്ന് കാലിനു നല്ല നീര് ആയിക്കാണുമല്ലോ. വയ്യാതിരുന്ന ഒരാളെ കൊണ്ടു എന്തൊക്കെ ചെയ്യിപ്പിച്ചു. എന്തായാലും പുള്ളി പരിക്ക് പറ്റിയ കാലിനെ വെറുതെ വിട്ടല്ലോ

  40. Sunith Somasekharan said...

    കൊള്ളാം ശ്രീ ... നന്നായിരിക്കുന്നു ....

  41. OAB/ഒഎബി said...

    ഒരു കയ്യിൽ മീനും പിടിച്ച്, കാലും ഏന്തി വലിച്ചുള്ള ഹരിശ്രീ അശോകൻ മോഡൽ നടത്തത്തിനിടയിൽ വല്ല പട്ടിയും ഒപ്പം കൂടിയിരുന്നെങ്കിൽ....ഹ ഹ ഹാ
    എന്തു രസമായേനെ അല്ലെ :)
    ആത്മാറ്ത്തതയുള്ള സ്വഭാവത്തിനും, എഴുത്തിനും നന്ദി.

  42. Bindhu Unny said...

    :-)

  43. G.MANU said...

    വേണ്ടാട്ടിടത്ത് മധ്യസ്ഥതയ്ക്ക് പോയാല്‍ ശ്രീയും മീന്‍‌കാരനാവും എന്ന് മനസിലായി :))

    പതിവുപോലെ ഒരു ആല്‍ത്തറ കൊച്ചുവര്‍ത്തമാന ഫീലിംഗ്...

  44. ശ്രീ said...

    അപ്പുവേട്ടാ...
    വളരെ നന്ദി.

    കാന്താരി ചേച്ചീ...
    ഒരു ചക്ക വീഴുമ്പോള്‍ മുയല്‍ ചത്തെന്നു കരുതി എപ്പോഴും അങ്ങനെ സംഭവിയ്ക്കണമെന്നില്ലാട്ടോ. ;)

    സന്ദീപേ...
    വളരെ നന്ദി കേട്ടോ. :)

    നന്ദേട്ടാ...
    വളരെ സന്തോഷം. നന്ദീട്ടോ.

    പ്രിയാ...
    വായനയ്ക്കും കമന്റിനും നന്ദി.

    പാമരന്‍ മാഷേ.
    നന്ദി. ഈയിടെയായി തിരക്കല്‍പ്പം കൂടുതലാണ്.

    കുമാരേട്ടാ...
    അവസാനം എനിയ്ക്കു തല്ലു കിട്ടിക്കാണുമെന്നു കരുതിയല്ലേ... ;)

    പ്രയാസീ...
    അപ്പഴേയ്ക്കും എന്നെ വികലാംഗനാക്കി അല്ലേ? :)

    കുറുപ്പിന്റെ കണക്കു പുസ്തകം...
    അതെ, കാല്‍ രക്ഷപ്പെട്ടല്ലോ. :)

    My......C..R..A..C..K........Words
    വളരെ നന്ദി മാഷേ.

    OAB...
    ഹ ഹ. അതെ. ഏതാണ്ട് ആ അവസ്ഥയില്‍ തന്നെ ആണ് അന്നു പോയത്. പട്ടികളൊന്നും വഴിയേ വരാതിരുന്നത് എന്റെ ഭാഗ്യം!

    ബിന്ദു ചേച്ചീ...
    നന്ദി.

    മനുവേട്ടാ...
    അവസാ‍നം ഞാന്‍ മീന്‍‌കാരനുമായീല്ലേ... :(
    വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)

  45. ഷിജു said...

    “അന്ന് കുറച്ചധികം കുടിച്ചു പോയി എന്ന് പിറ്റേ ദിവസം ചേട്ടന്‍ പശ്ചാത്താപത്തോടെ ഞങ്ങളോട് പറയുകയും ചെയ്തു. എന്തായാലും പിന്നീട് ഞങ്ങള്‍ പഠനം കഴിഞ്ഞ് പോരുന്നതു വരെ രാമന്‍ ചേട്ടന്‍ ഒരു പരിധി വിട്ട് കുടിച്ചിട്ടു വന്നതായി അറിവില്ല; അവര്‍ക്കിടയില്‍ അതു പോലുള്ള വഴക്കുകളൊന്നും ഉണ്ടായിട്ടുമില്ല.”

    ശ്രീയുടെ മധ്യസ്ഥത ഇനിയും സഹിക്കാന്‍ വയ്യാത്തതുകൊണ്ടാണോ എന്തോ പിന്നേം രാമന്‍ ചേട്ടന്‍ പരിധിവിട്ട് കുടിക്കാഞ്ഞത് :)

  46. nikeshponnen said...

    ഏതായാലും ശ്രീയുടെ കാല് കഴിഞ്ഞ ജന്മത്തില്‍ ഏതോ സുഹൃതം ചെയ്തിട്ടുണ്ടാകണം.

  47. നരിക്കുന്നൻ said...

    ശ്രീയുടെ എഴുത്തുകൾ നല്ല നിലവാരം പുലർത്തുന്നു എന്നെ ആദ്ധ്യമേ പറയട്ടേ.. നല്ല ഒഴുക്കോടെ ആകർഷണീയമായി വായിക്കാൻ കഴിയുന്നതിനാൽ വലിപ്പം പ്രശ്നമാകുന്നില്ല. വായിക്കുമ്പോൾ ശ്രീയേയും മറ്റ് കഥാപാത്രങ്ങളേയും ജീവനോടെ കണ്മുന്നിൽ കാണുന്നു.

    ഇടത്തേ കാൽമുട്ടും പാദവുമാകെ മുറിഞ്ഞ്, നീർ വന്ന് വീർത്ത് വേദന സഹിച്ചിരിക്കുന്ന ശ്രീ വരികളിൽ ജീവനുള്ള കഥാപാത്രമാകുമ്പോൾ എന്റെ കാൽമുട്ടിലും അറിയാതെ തടവാതിരിക്കാൻ തോന്നുന്നില്ല. കഠിനമായ ശാരീരിക വേദനക്കിടയിലും ഒരു കുടുംബത്തിന്റെ സങ്കീർണ്ണമായൊരു പ്രശ്നം ഒതുക്കി തീർത്ത ചാരിതാർത്ഥ്യത്തോടെ ശ്രീ ഉറങ്ങാൻ കിടക്കുമ്പോൾ നന്മ നിറഞ്ഞ നല്ലൊരു ഓർമ്മക്കുറിപ്പ് വായിച്ച ചാരിതാർത്ഥ്യത്തിൽ ഞാനും ഉറങ്ങട്ടേ..!

    ശ്രീക്കും കൂട്ടുകാർക്കും എന്റെ സ്നേഹാശംസകൾ!

  48. പകല്‍കിനാവന്‍ | daYdreaMer said...

    ഹൃദ്യം ഈ വായന.... സമയക്കുറവു മൂലമാണ് എത്താന്‍ വൈകിയത്...

  49. PIN said...

    ശ്രീ,
    വിവരണം നന്നായിട്ടുണ്ട്‌. ആ വക ശ്രമങ്ങൾ ഇനിയും തുടരുക. ഇതൊക്കെ അല്ലേ നമ്മെകൊണ്ട്‌ ചെയ്യാൻ പറ്റൂ.

  50. Jayasree Lakshmy Kumar said...

    നല്ല പോസ്റ്റ് ശ്രീ
    [എന്നാലും വയ്യാത്ത കാലും വച്ച് ശ്രീയെ മീനുമായി രാത്രി പറഞ്ഞു വിട്ട ആ ചേച്ചി ഇത്തിരി കടുപ്പം തന്നെ]

  51. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

    ശ്രീ... ഒരു കല്ല്യാണം കഴിച്ചാലും ഇതൊക്കെ ഓര്‍ക്കുവല്ലോല്ലേ...
    നല്ല പോസ്റ്റ്... പിറ്റേന്ന് മീന്‍കറികിട്ട്യോന്നു പറഞ്ഞില്ല...

  52. അരുണ്‍ കരിമുട്ടം said...

    നന്നായിരിക്കുന്നു ശ്രീ.വായിക്കാന്‍ രസകരം എന്ന് മാത്രമല്ല,ഒരു വഴക്ക് തീര്‍ക്കുമ്പോള്‍ ഉള്ള ഒരു മനസമാധാനം ഉണ്ടല്ലോ,അത് ഒരു പ്രത്യേക സമാധാനം തന്നാണ്.

  53. Unknown said...

    ഹ ഹ ഹ...കൊള്ളാ‍മല്ലൊ ചേട്ടാ.....8 ദിവസം മുന്‍പു നടന്നകാര്യങള്‍ പോലും ഓര്‍ക്കാന്‍ പറ്റാത്ത ഈ കാലത്ത് 8 വര്‍ഷം നടന്നതു വളരേ രസകരമായി തോന്നുന്നു.....

  54. വേതാളം.. said...

    sree blog vaayichittilla,
    but athinu munpe onnu vannu commentanamennu thonni
    ormayundoo enne?
    anyway i am coming back
    anugrahikkanam

  55. മാണിക്യം said...

    ശ്രീ‍കുട്ടാ
    അസാമാന്യ ധൈര്യം വേണം ഇടഞ്ഞു നിക്കണ കൊമ്പന്റെ കണ്ണില്‍ തോട്ടി കെട്ടാന്‍ .. അതു ഉണ്ടെന്ന് തോന്നിട്ടാവും രാമന്‍ ചേട്ടന്‍ അയഞ്ഞത്
    കഥ രസമായിരുന്നു ആ ദയനീയാവസ്ഥ ശരിക്കും ഫില്‍ ചെയ്തു, ആ ചേച്ചീ എന്നാലും ഈ കാലു വയ്യാത്ത ആളിനോട് ചെയ്തത് കടും കൈയ്യായി..
    :)

  56. മേരിക്കുട്ടി(Marykutty) said...

    ആദ്യത്തെ പോസ്റ്റ് മദ്ധ്യസ്ഥ ശ്രമം ആയതു നന്നായി ശ്രീ.
    പിന്നെ ശ്രീയുടെ പോസ്റ്റ് ഒക്കെ വല്ലാത്ത ഗൃഹതുരത ഉണര്‍ത്തുന്നു...

  57. രസികന്‍ said...

    മദ്ധ്യസ്ഥതാ ശ്രമം വിജയം കണ്ടല്ലോ... വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മദ്ധ്യസ്ഥനെ കാത്തോളണേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു ...

    നന്നായിരുന്നു ശ്രീക്കുട്ടന്‍

    ഓ.ടൊ: തിരക്കാണു എത്താന്‍ വൈകിയതിന്റെ മുഖ്യ കാരണം

  58. ശ്രീഇടമൺ said...

    ഓര്‍മ്മക്കുറിപ്പുകള്‍ അസ്സലായിട്ടുണ്ട്...

    ആശംസകള്‍...*

  59. ശ്രീ said...

    ഷിജുച്ചായാ...
    ഒരു പക്ഷേ, അതു കൊണ്ടായിരിയ്ക്കാം...
    nikeshponnen...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി മാഷേ.
    നരിക്കുന്നന്‍ മാഷേ...
    ഇങ്ങനെ ഒരു കമന്റിനു നന്ദി മാഷേ. :)
    പകല്‍‌ക്കിനാവന്‍...
    നന്ദി മാഷേ. :)
    PIN...
    അമ്പതാം കമന്റിനു നന്ദി. അതെ. അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നോര്‍ക്കുമ്പോള്‍ എനിയ്ക്കും സന്തോഷം.
    ലക്ഷ്മീ...
    ചേച്ചി ഒരു പച്ചപ്പാവമായിരുന്നു. അങ്ങനെ ഒരു അവസ്ഥയിലാണല്ലോ ഞാന്‍ എന്നു ചേച്ചി ചിന്തിച്ചു പോലുമില്ല എന്നു മാത്രം.
    കുളത്തില്‍ കല്ലിട്ട കുരുത്തം കെട്ടവന്‍...
    ഹ ഹ. അതെന്താ അങ്ങനെ ഒരു ബന്ധം?
    അരുണ്‍...
    വളരെ ശരിയാണ്. അതു കഴിഞ്ഞപ്പോള്‍ തോന്നിയ സംതൃപ്തി ഒന്നു വേറെ തന്നെയാണ്.
    സുജിത്...
    ചില കാര്യങ്ങള്‍ അങ്ങനെയാണ്. ഒരിയ്ക്കലും മറക്കാനാകാത്ത ചില അനുഭവങ്ങള്‍ ഉണ്ടല്ലോ...
    വേതാളം...
    കുറേക്കാലമായല്ലോ കണ്ടിട്ട്... വീണ്ടും സജീവമാകൂ... :)
    മാണിക്യം ചേച്ചീ...
    ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോട്ടി കെട്ടാന്‍ പറ്റിയ ആണ് ഞാന്‍ അല്ലേ? ഹ ഹ. :)
    മേരിക്കുട്ടീ...
    പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. :)
    രസികന്‍ മാഷേ...
    വൈകിയിട്ടൊന്നുമില്ലെന്നേ... വന്നതില്‍ സന്തോഷം.
    ശ്രീ ഇടമണ്‍...
    വായനയ്ക്കും കമന്റിനും നന്ദി. :)

  60. എം.എസ്. രാജ്‌ | M S Raj said...

    ചട്ടീം കലോം ആണെങ്കി തട്ടീം മുട്ടീം ഒക്കെ.....

    ആഹ് പിന്നെ, ഒരു കാര്യം.. ഇപ്പോ കാലിനും കൈക്കും കുഴപ്പമൊന്നുമില്ലല്ലോ? നമ്മടെ ഏ.കേ.ജീ സെന്ററില്‍ ഒരു പ്രശ്നം പറഞ്ഞുതീര്‍ക്കാനുണ്ട്. രണ്ടു തലമൂത്ത ആള്‍ക്കാര്‍ തമ്മിലുള്ള ഒരു ചിന്ന ഇഷ്യു. ഒന്നു നോക്കുന്നോ?

  61. Anonymous said...

    ശ്രീ “

    ആദ്യത്തെ വിവരണം കണ്ടപ്പോള്‍ ഒരു “ ഡ്രാക്കുള “ മണത്തു ,എങ്കിലും ശ്രീ മനോഹരമായിരിക്കുന്നു എന്റെ ഹോസ്റ്റല്‍ ലൈഫിലും ഇത്തരം കറി ഫാമിലി ഉണ്ടായിരുന്നു.

  62. Shravan RN said...

    nice post :) cheers :)

  63. sreeNu Lah said...

    ശ്രീ, ഇന്നാണ് വായിച്ചത്. നല്ല (വേദനയുള്ള) അനുഭവം.

  64. Anonymous said...

    നല്ല പോസ്റ്റ്‌ ശ്രീ,
    എത്ര നല്ല നല്ല ഓർമ്മകളാണ്‌ ശ്രീക്ക്‌....അസൂയ തോന്നുന്നു......പിന്നെ ചെരിയൊരു ഹെൽപ്‌ ചെയ്യുമോ?ഈ മനോജിന്റെ മേളം
    കേരള ബ്ലോഗ്‌ റോളിൽ വരാൻ എന്തു ചെയ്യണം? പുള്ളിയുടെ മെയിൽ അഡ്രസ്സ്‌ എന്താണ്‌? ഒന്നു പറഞ്ഞു തരാമോ?..
    ബുദ്ധിമുട്ടാവില്ലല്ലോ?

  65. സുദേവ് said...

    മനോഹരമായ ഒരു പോസ്റ്റ് .... കോളേജ് എന്നും നല്ല നല്ല അനുഭവങ്ങളുടെ ഒരു കളരി ആണ് അല്ലെ?

  66. ചിതല്‍ said...

    ശ്രീ.. ചെറിയ ഇടവേള വന്നു...ഇവിടെ വീണ്ടും എത്താന്‍...
    പഴയതെല്ലാം ഇന്നലെ പോലെ വായിച്ച മൂഡാണ് ഈ പോസ്റ്റ് വായിച്ചപ്പോള്‍.. ഒരേ താളമാണ് , കൊണ്ട് പോകുന്ന ആ ശൈലി..

    “ദയനിയമായ മുഖഭാവം” മാത്രമേയുള്ളു..എന്തൊക്കെ പറഞ്ഞു മനസ്സില്‍

  67. ഉസ്മാന്‍ പള്ളിക്കരയില്‍ said...

    കുടുംബജീവിതത്തിന്റെ താളം തെറ്റിക്കുന്ന മദ്യപാനശീലം....

    നല്ല പോസ്റ്റ്.

  68. വിജയലക്ഷ്മി said...

    Paavam srikuttan :(

  69. Mr. X said...

    പുതിയ പോസ്റ്റ് ഒന്നും എന്തേ കാണാനില്ല...?

  70. Sathees Makkoth | Asha Revamma said...

    സത്യം പറ ആ പരിക്ക് മദ്ധ്യസ്തതയ്ക്ക് പോയിക്കഴിഞ്ഞുണ്ടായതല്ലേ?
    പോസ്റ്റ് നന്നായി.

  71. സൂത്രന്‍..!! said...

    ശ്രീയേട്ടാ നന്നായിട്ട് ഉണ്ട് ..ഇനിയും പ്രതീക്ഷിക്കുന്നു..

  72. ഹാപ്പി ബാച്ചിലേഴ്സ് said...

    വായിച്ച പോസ്റ്റ് തപ്പി തപ്പി അവസാനം കണ്ടെത്തി.. ഓർക്കുന്നു. വായിച്ച് ചിരിച്ചതോർക്കുന്നു... പലതും വായിച്ചിട്ടുണ്ട്.. അന്നൊന്നും ബ്ലോഗിങ്ങ് അത്ര കാര്യമായെടുത്തിരുന്നില്ല. ഇനിയും കാണാം..