Tuesday, December 16, 2008

ഓര്‍മ്മകളില്‍ ഒരു ക്രിസ്തുമസ് കാലം

“മനസ്സു നന്നാകട്ടെ... മതമേതെങ്കിലുമാകട്ടെ...
മാനവഹൃത്തിന്‍ ചില്ലയിലെല്ലാം മാമ്പൂക്കള്‍ വിരിയട്ടെ...”

ഗാനത്തോടെയായിരുന്നു കോളേജില്‍ NSS ന്റെ ഓരോ പരിപാടികളും ആരംഭിച്ചിരുന്നത്. ബിപിസി കോളേജിലെ പഠനകാലത്തെ എന്നെന്നും ഓര്‍മ്മിക്കത്തക്കതായി നിലനിര്‍ത്തുന്നതില്‍ അക്കാലത്തെ ഞങ്ങളുടെ NSS ക്യാമ്പുകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. പൊതുവേ രസകരമായിരുന്ന കലാലയ ജീവിതത്തെ വളരെയധികം ആസ്വാദ്യകരമാക്കുന്നതിന് ആ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ പങ്കെടുത്ത അഞ്ച് ക്യാമ്പുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്.

സാധാരണയായി ഒരു അദ്ധ്യയന വര്‍ഷം രണ്ടു ക്യാമ്പ് ആണ് ഉണ്ടായിരിയ്ക്കുക. ഒരു ത്രിദിന ക്യാമ്പും ഒരു ദശ ദിന ക്യാമ്പും. ഞങ്ങളുടെ ബിരുദ പഠനത്തിന്റെ അവസാന വര്‍ഷം എന്തോ കാരണങ്ങള്‍ കൊണ്ട് ദശദിന ക്യാമ്പ് നടത്താന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും മറ്റു ക്യാമ്പുകളില്‍ നിന്നു തന്നെ ഒരുപാട് നല്ല നല്ല അനുഭവങ്ങള്‍ കിട്ടിയിട്ടുണ്ട്.

ഞങ്ങളുടെ ബിപിസിയില്‍ എക്കാലവും ഒരു നല്ല സൌഹൃദ അന്തരീക്ഷം നിലനിര്‍ത്തുന്നതിനും NSS ക്യാമ്പുകള്‍ ഒരു പ്രധാന കാരണമായിരുന്നു. കാരണം ചെറിയ തോതിലെങ്കിലും നിലനില്‍ക്കാറുള്ള രാഷ്ട്രീയ പാര്‍ട്ടി തരം തിരിവുകളെല്ലാം തന്നെ (ഞങ്ങള്‍ പഠിച്ചിരുന്ന കാലത്ത് അവിടെരാഷ്ട്രീയം ഒരിയ്ക്കലും അതിരു കടക്കാറില്ലെങ്കിലും) പൂര്‍ണ്ണമായും ഇല്ലാതാകുന്ന ഒരു അവസരമായിരുന്നു ക്യാമ്പ് നാളുകള്‍. പാര്‍ട്ടി/ക്ലാസ്സ്/ബാച്ച്/സബ്ജക്റ്റ് എന്നു വേണ്ട, ആണ്‍-പെണ്‍ /അദ്ധ്യാപക-വിദ്യാര്‍ത്ഥി വിവേചനമില്ലാതെ എല്ലാവരും ഒരുപോലെ ആസ്വദിച്ചിരുന്ന നാളുകള്‍.

ക്യാമ്പുകളുടെ മറ്റൊരു ആകര്‍ഷണീയത പുതിയ പുതിയ പ്രണയജോഡികളായിരുന്നു. ഓരോ തവണയും ക്യാമ്പ് അവസാനിയ്ക്കുമ്പോഴേയ്ക്കും ചുരുങ്ങിയത് അര ഡസന്‍ പ്രണയജോഡികളെങ്കിലും രൂപപ്പെട്ടിട്ടുണ്ടാകും. അത് ദശദിന ക്യാമ്പു കൂടി ആണെങ്കില്‍ പറയുകയും വേണ്ട. ചുരുക്കം ചിലരെങ്കിലും ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നതിനു പിന്നില്‍ അങ്ങനെ ഒരു ഉദ്ദേശ്ശവും ഉണ്ടായിരുന്നു. എങ്കില്‍ തന്നെയും വേണ്ടത്ര സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം തന്നെ എല്ലാവരെയും സ്നേഹപൂര്‍വ്വം നിയന്ത്രിയ്ക്കാന്‍ NSS കോ ഓര്‍ഡിനേറ്റര്‍മാരായ ബിജുസാറിനും ടിജി സാറിനും എന്നും കഴിഞ്ഞിരുന്നു.

1999 ഡിസംബര്‍. ആ വര്‍ഷത്തെ NSS ദശദിന ക്യാമ്പ് തുടങ്ങി. ആ വര്‍ഷത്തെ പ്രത്യേകത ക്യാമ്പ് ആരംഭിച്ചത് ഡിസംബര്‍ 17 നായിരുന്നു എന്നതാണ്. [17-26]. അങ്ങനെ ആദ്യത്തെ രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ടു തന്നെ ഞങ്ങള്‍ ക്യാമ്പിലെ 60 പേരും വലിയ സൌഹൃദത്തിലായി. ഒരോ ദിവസങ്ങളും സേവന പ്രവൃത്തികളും സെമിനാറുകളും കലാപരിപാടികളും തമാശകളും ഒക്കെയായി കടന്നു പോയി. ആ വര്‍ഷത്തെ ക്രിസ്തുമസ് ക്യാമ്പിനിടയില്‍ ആയതു കൊണ്ടു തന്നെ ക്രിസ്തുമസ് ദിനം ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റി വയ്ക്കാനും തീരുമാനമായി. കാരണം ഈ അറുപതു പേരും വീട്ടുകാരോടൊത്തുള്ള ആഘോഷം മാറ്റി വച്ച് വന്നിരിയ്ക്കുകയാണല്ലോ.

അങ്ങനെ ഡിസംബര്‍ 22 നും 23 നും രാത്രി ഞങ്ങള്‍ പതിവായി നടത്താറുള്ള കലാപരിപാടികള്‍ മാറ്റി വച്ച് പകരം ക്രിസ്തുമസ് കരോളിനായി ഇറങ്ങി. രണ്ടു രാത്രികള്‍ കൊണ്ട് കോളേജിനു ചുറ്റുമുള്ള എല്ലാ വീടുകളിലും കയറിയിറങ്ങി. [ കോളേജ് കുട്ടികളല്ലേ എന്നും കരുതി എല്ലാ വീട്ടുകാരും ഞങ്ങളെ കാര്യമായി സല്‍ക്കരിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തിരുന്നു കേട്ടോ. ആ രണ്ടു ദിവസം കൊണ്ട് തിന്നു തീര്‍ത്ത പലഹാരങ്ങള്‍ക്കു കണക്കില്ല. പലഹാരം മാത്രമല്ല, നല്ലൊരു തുക സംഭാവനയായും കിട്ടി.]

സാധാരണയായി ഒരു ദശദിന ക്യാമ്പ് നടത്തുമ്പോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അനുവദിച്ചു കിട്ടുന്ന തുകയില്‍ നിന്നും ചെറിയ ഒരു ടൂറും സംഘടിപ്പിയ്ക്കാന്‍ കഴിയാറുണ്ട്. ഞങ്ങള്‍ക്കാണെങ്കില്‍ അത്തവണ കരോളിനു കിട്ടിയ തുക കൂടി ചേര്‍ത്തപ്പോള്‍ വാഗമണിലേയ്ക്ക് നല്ലൊരു ടൂര്‍ സംഘടിപ്പിയ്ക്കാനുമായി. (രസകരവും സംഭവ ബഹുലവുമായ ആ യാത്രയെപ്പറ്റി പിന്നൊരിയ്ക്കല്‍ എഴുതാം)

അങ്ങനെ ആ വര്‍ഷത്തെ ക്രിസ്തുമസ് ദിവസവും വന്നെത്തി. എല്ലാ ദിവസത്തെയും എന്ന പൊലെ സൂര്യനുദിയ്ക്കും മുന്‍പേ ആരംഭിച്ച അന്നത്തെ ക്യാമ്പ് ദിനം ഒരിയ്ക്കലും മറക്കാന്‍ പറ്റാത്തതായിരുന്നു. ക്രിസ്തുമസ് ആരവങ്ങളോടെ പരസ്പരം ആശംസകള്‍ നേര്‍ന്നു കൊണ്ട് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. അന്നത്തെ ദിവസം ഉച്ച വരെ ആഘോഷങ്ങള്‍ മാത്രമായിരുന്നു. എല്ലാവരും എല്ലാം മറന്ന് ആഘോഷിച്ച ഒരു നല്ല ക്രിസ്തുമസ് പകല്‍. അങ്ങനെ വിഭവസമൃദ്ധമായ ഉച്ചയൂണും കഴിച്ച് ഞങ്ങള്‍ സെമിനാര്‍ ഹാളില്‍ ഒത്തു കൂടി.

അപ്പോഴാണ് അന്നത്തെ ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ ആയിരുന്ന ബേബി എം വര്‍ഗ്ഗീസ് സാര്‍ ഞങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചത്. അക്കൂട്ടത്തില്‍ അദ്ദേഹം ഒരു അഭിപ്രായവും മുന്നോട്ടു വച്ചു. അന്നത്തെ ദിവസത്തിന്റെ ബാക്കി സമയം പിറവത്തിനടുത്തു തന്നെയുള്ള ഒരു വൃദ്ധ സദനത്തില്‍ ചിലവഴിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ ബിജു സാരും ടിജി സാറും ഇക്കാര്യം ഞങ്ങളോട് പറഞ്ഞതും എല്ലാവരും പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചു.

അങ്ങനെ ഞങ്ങളുടെ സദ്യയുടെ ഒരു പങ്കും കുറേ ക്രിസ്തുമസ് പലഹാരങ്ങളും മറ്റുമായി ഞങ്ങള്‍ എല്ലാവരും ആ വൃദ്ധ സദനത്തിലെത്തി. അവിടെ ചെന്നിറങ്ങുന്നതു വരെ എല്ലാവരും ആടിപ്പാടി ബഹളം വച്ചാണ് ചെന്നതെങ്കിലും ആ സ്ഥപനത്തിനു മുറ്റത്ത് കാലു കുത്തിയതോടെ ഞങ്ങളെല്ലാവരും നിശബ്ദരായി. അവിടുത്തെ സ്റ്റാഫുകള്‍ ഞങ്ങളെ അവിടെയുള്ള ഓരോ അന്തേവാസികളേയും പരിചയപ്പെടുത്തി തന്നു. ഉറ്റവരും ഉടയവരും ഇല്ലാത്തവരും ഉണ്ടായിട്ടും ആര്‍ക്കും വേണ്ടാത്തവരും… എങ്കിലും അവരെല്ലാം തന്നെ അവിടുത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ക്രിസ്തുമസ്സിന്റേതായ ആഘോഷങ്ങളോ ഒരുക്കങ്ങളോ ഒന്നും തന്നെ അവിടെ കണ്ടില്ല. അവര്‍ക്ക് ക്രിസ്തുമസിന് ആഘോഷിയ്ക്കാന്‍ എന്താണുള്ളത്?

എങ്കിലും ഞങ്ങള്‍ നക്ഷത്രങ്ങളും കൊണ്ട് അവിടം അലങ്കരിച്ചു. ക്രിസ്തുമസ് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് പാട്ടുകള്‍ പാടി. ആ സ്ഥാപനത്തിലെ നടത്തിപ്പുകാരുടെ അഭ്യര്‍ത്ഥനപ്രകാരം അവര്‍ ഞങ്ങളോടൊപ്പം ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് ഞങ്ങള്‍ “ഹാപ്പി ക്രിസ്തുമസ്” നേര്‍ന്നു കൊണ്ട് കേക്കു മുറിച്ച് അവര്‍ക്കെല്ലാവര്‍ക്കും വിതരണം ചെയ്തു. പിന്നെയും കുറേ നെരം കൂടി ഞങ്ങളെല്ലാവരും അവരോടൊപ്പം ചിലവഴിച്ചു. വളരെ പെട്ടെന്ന് തന്നെ അവരില്‍ പലരും ഞങ്ങളോട് വല്ലാതെ അടുത്തു. ഞങ്ങള്‍ ചോദിയ്ക്കാതെ തന്നെ പലരും അവരുടെ കഥകള്‍ ഞങ്ങളോട് പറഞ്ഞു. മിക്ക സിനിമകളിലും കണ്ടതും കേട്ടതുമായ കഥകളാണ് അവിടെ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത്. അതില്‍ പലരും മക്കളും പേരക്കുട്ടികളും എല്ലാം ഉള്ളവര്‍. പലരുടേയും മക്കള്‍ നല്ല നിലയില്‍ കഴിയുന്നവര്‍. പക്ഷേ, പ്രായമായപ്പോള്‍ ജീവനു തുല്യം സ്നേഹിച്ചിരുന്ന മക്കള്‍ക്കു പോലും അവരെ വേണ്ടാതായി. ചിലര്‍ക്ക് അവരുടെ പ്രവാസജീവിതത്തില്‍ ഇവര്‍ ഭാരമാകുന്നു.

അന്ന് സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ എന്നെയും സുധിയപ്പനെയും കെട്ടിപ്പിടിച്ച് കരഞ്ഞ ഒരമ്മൂമ്മയെ ഞാനിന്നും ഓര്‍ക്കുന്നു. ഞങ്ങളുടെ പ്രായത്തിലുള്ള രണ്ടു പേരക്കുട്ടികള്‍ അവര്‍ക്കും ഉണ്ടത്രെ. പക്ഷേ വര്‍ഷങ്ങളായി മകനും കുടുംബവും അമേരിയ്ക്കയിലോ മറ്റോ ആണ്. അവരാരും ഇവരെ അന്വേഷിയ്ക്കുന്നു പോലുമില്ലത്രെ. ഞങ്ങള്‍ക്കുണ്ടായ അനുഭവത്തിനു സമാനമായ അനുഭവം അന്ന് എന്റെ സഹപാഠികളില്‍ പലര്‍ക്കും ഉണ്ടായി. അവിടെ നിന്നും കണ്ണു നനയാതെ പടിയിറങ്ങിയവര്‍ വിരളമായിരുന്നു. എങ്കിലും ഒന്നുണ്ട്. അത്രയും പേരില്‍ തങ്ങളെ ഉപേക്ഷിച്ചിട്ടു പോയ മക്കളെയും ബന്ധുക്കളെയും കുറ്റപ്പെടുത്തിയവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ബാക്കിയെല്ലാവരും ഇതാണ് അവരുടെ വിധി എന്ന രീതിയിലാണ് സംസാരിച്ചത്. എവിടെയാണെങ്കിലും അവരുടെ മക്കളും പേരക്കുട്ടികളുമെല്ലാം സുഖമായി ജീവിയ്ക്കട്ടെ എന്ന് ഈ അവസ്ഥയിലും അവര്‍ അഗ്രഹിയ്ക്കുന്നു.

അവസാനം അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരെല്ലാവരും തന്നെ മുറ്റത്തിറങ്ങി വന്നു കൈകള്‍ വീശി ഞങ്ങള്ക്ക് റ്റാറ്റാ പറഞ്ഞ് യാത്രയാക്കി. തിരികേ വണ്ടിയില്‍ കയറുമ്പോള്‍ പെണ്‍കുട്ടികളില്‍ പലരും കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു. വന്നപ്പോള്‍ പാട്ടും ബഹളവുമായി വന്നവര്‍ തിരിച്ചുള്ള യാത്രയില്‍ മൌനമായി എന്തോ ആലോചനകളില്‍ മുഴുകിയിരിയ്ക്കുന്നത് കാണാമായിരുന്നു. തിരികേ കേളേജില്‍ എത്തിയപ്പോള്‍ അങ്ങനെ ഒരു യാത്ര നടത്തിയന്റെ ഉദ്ദേശ്ശം ബിജുസാറും ടിജി സാറും ഞങ്ങളോട് വിശദീകരിച്ചു തന്നു. സുഖങ്ങളില്‍ മാത്രം ജീവിയ്ക്കുന്ന നമ്മുടെയെല്ലാം ജീവിതത്തിന്റെ മറ്റൊരു വശം മനസ്സിലാക്കി തരുക എന്ന അവരുടെ ഉദ്ദേശ്ശം 100 % വിജയിച്ചു എന്നു തന്നെ പറയാം. കാരണം വിശദീകരണങ്ങളില്ലാതെ തന്നെ ആ യാത്ര ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു പാഠമാവുകയായിരുന്നു.

എല്ലാവരുടേയും ജീവിതത്തിലെ തന്നെ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത ഒരു ക്രിസ്തുമസ് ദിനം ആയിരുന്നു അത്. പിറ്റേ ദിവസത്തെ കലാശ പരിപാടികളോടെ ആ ദശദിന ക്യാമ്പ് അവസാനിച്ചു. എങ്കിലും എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരുപാടു നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിയ്ക്കാന്‍ ആ പത്തു ദിവസങ്ങള്‍ക്കു കഴിഞ്ഞു.


**********************************************************

[പിറവത്തു നിന്നും കുറച്ചു മാറി മാമലക്കവല എന്ന സ്ഥലത്തുള്ള കരുണാലയം എന്ന സ്ഥാപനമായിരുന്നു അതെന്നാണ് ഓര്‍മ്മ. ബിപിസിയിലെ എന്റെ കലാലയ ജീവിതത്തില്‍ തന്നെ അതു പൊലെയുള്ള മൂന്നു നാലു സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ സാധിച്ചിരുന്നത് ഒരു നിമിത്തമായി, പുണ്യമായി കരുതുന്നു. കാരണം, ഇതു പൊലെയുള്ള സ്ഥലങ്ങളിലെ അന്തേവാസികളുടെ ജീവിതങ്ങള്‍ നമ്മെ ഒരുപാട് ചിന്തിപ്പിയ്ക്കുന്നവയാണ് . എത്രയൊക്കെയായാലും നമ്മള്‍ വെറും സാധാരണ മനുഷ്യന്‍ മാത്രമാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നവയാണ്. എന്റെ ജീവിതത്തെയും ഈ യാത്രകള്‍ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്]

ഈ ക്രിസ്തുമസ് നാളുകള്‍ നമ്മള്‍ എല്ലാം മറന്ന് ആഘോഷിയ്ക്കുമ്പോള്‍ ഇതു പോലെയുള്ള സ്ഥാപനങ്ങളെയും അവിടുത്തെ അന്തേവാസികളേയും ഒരു മാത്ര ഓര്‍ക്കുകയാണെങ്കില്‍, അവര്‍ക്കു വേണ്ടി എത്ര ചെറുതായാലും ശരി ഒരു സഹായം ചെയ്യുകയാണെങ്കില്‍ അത് എത്ര മഹത്തരമായിരിയ്ക്കും എന്നു കൂടി നാം മനസ്സിലാക്കിയാല്‍ അതില്‍ നിന്നും കിട്ടുന്ന സംതൃപ്തി ഒന്നു വേറെ തന്നെയായിരിയ്ക്കും. ഇപ്പോഴേ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് അത് തുടരാനും ഇതു വരെ അങ്ങനെ ചിന്തിയ്ക്കാത്തവര്‍ക്ക് ആ വഴിയില്‍ ചിന്തിയ്ക്കാനും ഈ ക്രിസ്തുമസ് നാളുകള്‍ വഴിയൊരുക്കട്ടെ…നമ്മുടെ കുടുംബ ബന്ധങ്ങള്‍ ദൃഢമായി നില നിര്‍ത്താനും ഏവര്‍ക്കും കഴിയട്ടേ. വാര്‍ദ്ധക്യ കാലത്ത് മാതാപിതാക്കള്‍ ഏറ്റവും കൊതിയ്ക്കുന്നത് അവരുടെ മക്കളുടെയും കൊച്ചു മക്കളുടെയും സാന്നിധ്യവും സ്നേഹവും മാത്രമാണ്. അവരുടെ പണമല്ല.

Friday, December 5, 2008

വീര കേസരി മത്തപുംഗവന്‍

ഞങ്ങള്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദത്തിന് തഞ്ചാവൂര്‍ പഠിയ്ക്കുന്ന കാലം. അക്കാലത്ത് ഞങ്ങളുടെ അടുത്തു തന്നെയുള്ള കുറച്ചു വീടുകളില്‍ ഞങ്ങളുടെ ക്ലാസ്സിലെ വേറെ കുറച്ചു സുഹൃത്തുക്കളും താമസിച്ചിരുന്നു. രണ്ടു വീടുകളില്‍ മലയാളി സുഹൃത്തുക്കളും വേറെ ഒരു വീട്ടില്‍ കുറച്ചു തമിഴ് സുഹൃത്തുക്കളും. ഇന്നത്തെപ്പോലെ ടി.വി./ കമ്പ്യൂട്ടര്‍ ഒന്നുമില്ലാതിരുന്നതിനാല്‍ അവധി ദിവസങ്ങളില്‍ ഞങ്ങള്‍ ഇപ്പറഞ്ഞ വീടുകളില്‍ എവിടെയെങ്കിലും സന്ദര്‍ശനം നടത്തുകയോ അവര്‍ ഞങ്ങളുടെ റൂമില്‍ വരുകയോ പതിവായിരുന്നു.

തമിഴ്‌നാട്ടുകാരുടെ ഒരു പ്രധാന ആഘോഷമായിരുന്ന പൊങ്കല്‍ അടുത്തിരിയ്ക്കുന്ന സമയമായിരുന്നു എന്നു തോന്നുന്നു, ഒരു ഞായറാഴ്ച വൈകുന്നേരം അടുത്ത വീട്ടിലെ തമിഴ് സുഹൃത്തുക്കള്‍ ഞങ്ങളെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. അതിന്‍‌ പ്രകാരം ഞങ്ങള്‍ എല്ലാവരും അന്ന് അവരുടെ റൂമിലേയ്ക്ക് ചെന്നു. (അതിനു മുന്‍‌പ് ഒന്നു രണ്ടു തവണ അവരെ ഞങ്ങളുടെ വീട്ടിലേയ്ക്കും വിളിച്ച് മലയാളികളുടെ രീതിയില്‍ അവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തിരുന്നു.)

അവിടെ വച്ച് അവര്‍ ഞങ്ങള്‍ക്ക് അവരുടെ ഒരു ഇഷ്ടവിഭവമായ “കേസരി” എന്ന ഒരു മധുരപലഹാരം ഉണ്ടാക്കി തന്നു. ഞങ്ങളില്‍ പലരും അതിനു മുന്‍‌പ് ഈ വിഭവം കഴിച്ചിരുന്നില്ല. റവയും നെയ്യും പഞ്ചസാരയും മറ്റും ചേര്‍ത്ത് ഉണ്ടാക്കിയ ആ പലഹാരം എല്ലാവരും വയറു നിറയേ തട്ടിവിട്ട് കുറേ നേരം അവരോടൊത്ത് ചിലവഴിച്ച ശേഷം (ബാക്കി വന്ന പലഹാരം കൂടെ പൊതിഞ്ഞെടുത്ത ശേഷം) ഞങ്ങള്‍ ഞങ്ങളുടെ വീട്ടിലേയ്ക്ക് തിരികേ പോന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ഈ പലഹാരം ഏറ്റവും അധികം ഇഷ്ടപ്പെട്ടത് മത്തനാണ്. അതു കൊണ്ടു തന്നെ അവന്‍ തിരികേ പോരും മുന്‍പ് ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അവരോട് അന്വേഷിച്ചു. അവര്‍ സന്തോഷത്തോടെ എല്ലാം മത്തന് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. പാചക കാര്യത്തില്‍ മത്തന്‍ പണ്ടേ ‘വീക്ക്’ ആണ്. അതു കൊണ്ട് മറന്നു പോകാതിരിയ്ക്കാന്‍ അവനത് ഒരു കുറിപ്പടി പോലെ എഴുതിയെടുക്കുകയും ചെയ്തു.

അടുത്ത തവണ വീട്ടില്‍ പോകുമ്പോള്‍ ചേട്ടനെയും ചേട്ടത്തിയേയും ഈ സ്വാദിഷ്ടമായ വിഭവം ഉണ്ടാക്കി കാണിച്ച് ഒന്നു ഞെട്ടിയ്ക്കണം എന്നായിരുന്നു മത്തന്റെ ഉദ്ദേശ്ശം. അവനത് ഞങ്ങളോട് പറയുകയും ചെയ്തു. (അവന്‍ പാചകത്തില്‍ പുറകോട്ടാണ് എന്ന് അവര്‍ക്കും അറിയാമല്ലോ). എന്നാല്‍ മത്തന് ഏറ്റവും പ്രശ്നമായി തോന്നിയത് “കേസരി” എന്ന ആ പേരായിരുന്നു. ആ പലഹാരത്തെ പറ്റി എപ്പോള്‍ സംസാരിച്ചു തുടങ്ങിയാലും അവനാ പേര് മറക്കും. പിന്നെ, ഞങ്ങളോട് ആരോടെങ്കിലും ചോദിയ്ക്കും “എടാ, അന്ന്‍ ആ തമിഴന്മാര്‍ നമുക്ക് ഉണ്ടാക്കി തന്ന ആ സാ‍ധനത്തിന്റെ പേരെന്തായിരുന്നെടാ” എന്ന്.

ഈ പേര് മറക്കുന്നത് പതിവായപ്പോള്‍ ഒരു ദിവസം ജോബി അവനോട് ചോദിച്ചു. “എടാ, നീ നാട്ടില്‍ എത്തുമ്പോഴേയ്ക്കും പിന്നെയും പേരു മറന്നാല്‍ ചേട്ടനോടും ചേച്ചിയോടും എന്ത് ഉണ്ടാക്കാന്‍ പോകുന്നു എന്നും പറഞ്ഞാണ് ഇതുണ്ടാക്കി കൊടുക്കുന്നത്?”

അപ്പോഴാണ് മത്തനും അതാലോചിച്ചത്. ശരിയാണല്ലോ. അതൊരു പ്രശ്നം തന്നെ. അല്ലെങ്കിലും തന്നെ അടുക്കളയുടെ പരിസരത്ത് അടുപ്പിയ്ക്കാത്ത ചേച്ചിയെ ഒന്നു പറഞ്ഞു സമ്മതിപ്പിച്ച് അനുവാദം വാങ്ങിയെടുക്കണമെങ്കില്‍ ആദ്യമേ എന്താണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് പറഞ്ഞു മനസ്സിലാക്കിയേ പറ്റൂ. അവനും ആലോചനയിലായി. എത്ര ശ്രമിച്ചിട്ടും ‘കേസരി’ എന്ന പേര് അങ്ങ് ഓര്‍ത്തിരിയ്ക്കാന്‍ പറ്റുന്നുമില്ല.

മത്തന്റെ വിഷമം കണ്ട് അവസാനം സുധിയപ്പന്‍ ഒരു വഴി കണ്ടെത്തി. അവന്‍ പറഞ്ഞു. “ എടാ... അത് ഓര്‍ത്തിരിയ്ക്കാന്‍ ഒരു വഴിയുണ്ട്. നീ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഓര്‍ത്താല്‍ മതി. ഉദാഹരണത്തിന് സിംഹം എന്നോ പുലി എന്നോ ഒക്കെ ഓര്‍ത്താല്‍ സംഭവം കിട്ടും. കാരണം ഈ സിംഹത്തിനെ പറയുന്ന മറ്റൊരു പേരാണല്ലോ കേസരി എന്നത്”

അതു കേട്ടതും മത്തന്‍ ഓടിയെത്തി സുധിയപ്പനെ കെട്ടിപ്പിടിച്ചു ഒരു ഷെയ്‌ക്ക് ഹാന്‍‌ഡും കൊടുത്തിട്ടു അവന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു “ഓ.... അളിയന്റെ ബുദ്ധി അപാരം തന്നെ അളിയാ” ഇനി ഞാനത് മറക്കില്ല.

എന്തായാലും തല്‍ക്കാലത്തേയ്ക്ക് സെമസ്റ്റര്‍ എക്സാമിന്റെയും മറ്റും തിരക്കില്‍ ഞങ്ങളെല്ലാം ആ കാര്യം മറന്നു. അവസാനം പരീക്ഷകളെല്ലാം കഴിഞ്ഞ് കിട്ടിയ പത്തു ദിവസത്തെ അവധിയ്ക്ക് ഞങ്ങളെല്ലാവരും നാട്ടിലേയ്ക്കു പോയി. നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് മത്തന്‍ തമിഴ്‌ സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും പഠിച്ച പലഹാരക്കൂട്ട് പരീക്ഷിയ്ക്കുന്ന കാര്യം ഓര്‍ത്തത്.

അവന്‍ ആരോടും പറയാതെ കടയില്‍ പോയി ഒരു കിലോ റവയും അരക്കിലോ പഞ്ചസാരയും പിന്നെ കുറച്ചു നെയ്യും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും എലക്കായും എല്ലാം വാങ്ങിക്കൊണ്ടു വന്നു. (വീട്ടില്‍ ഇതെല്ലാം ചോദിച്ചാല്‍ ഇവനെ ശരിയ്ക്കറിയാവുന്ന ചേച്ചി അതു കൊടുക്കില്ലെന്നവനറിയാം). എന്നിട്ട് ചാച്ചനും (മത്തന്റെ പിതാശ്രീ‍) ചേട്ടനും ചേച്ചിയും എല്ലാവരും ഉള്ള ഒരു ദിവസം എല്ലാവരെയും അവിടെ പിടിച്ചിരുത്തി. ഒരു സര്‍പ്രൈസ് ഉണ്ടെന്നും ഒരു പുതിയ (തീറ്, കിടു, വെടിച്ചില്ല് എന്നിങ്ങനെ മത്തന്റെ സ്വന്തം വാക്കുകളില്‍ വിശേഷണങ്ങള്‍ വേറെയും) പലഹാരം ഇവന്‍ ഉണ്ടാക്കി കാണിച്ചു തരാമെന്നും എല്ലാം വീമ്പിളക്കി.

മത്തനെ മറ്റാരെക്കാളും നന്നായി അറിയാവുന്ന ചേട്ടന്‍ അപ്പോഴേ അപകടം മണത്തു. അന്ന് വേറെ പരിപാടികള്‍ ഒന്നുമില്ലെന്നും ഫുള്‍ ഡേ ഫ്രീ ആണെന്നും ആദ്യം സമ്മതിച്ച അതേ ചേട്ടന്‍ മത്തന്‍ അടുക്കളയില്‍ കയറാന്‍ പോകുന്നു എന്നറിഞ്ഞതും അത്യാവശ്യമായി പുറത്തു പോകാനുണ്ടെന്നും പറഞ്ഞ് ചാടിയെഴുന്നേറ്റു. എന്നാല്‍ മത്തനുണ്ടോ വിടുന്നു. ആ അടവ് മനസ്സിലാക്കിയ അവന്‍ ചേട്ടനെ വിടാന്‍ സമ്മതിച്ചില്ല. എന്തായാലും ഒറ്റയ്ക്ക് സഹിയ്ക്കേണ്ടല്ലോ എന്നോര്‍ത്താകണം ചേച്ചിയും ചേട്ടനെ പിടിച്ചു നിര്‍ത്തി. “കണ്ടക ശനി കൊണ്ടേ പോകൂ” എന്നറിഞ്ഞിട്ടോ എന്തോ ചാച്ചന്‍ ഒന്നും മിണ്ടാതെ എല്ലാം അനുഭവിയ്ക്കാന്‍ തയ്യാറായി അവിടെ മിണ്ടാതിരുന്നു.

വൈകാതെ മത്തന്‍ അടുക്കളയില്‍ കയറി പാതകം അല്ലല്ല, പാചകം തുടങ്ങി. ആരുമറിയാതെ അന്ന് തമിഴ് സുഹൃത്തുക്കളില്‍ നിന്നും എഴുതി വാങ്ങിയ കുറിപ്പടി നോക്കിയായിരുന്നു ഓരോ നീക്കങ്ങളും. (എന്തിന്, വെള്ളം അളന്നൊഴിച്ചതും അടുപ്പില്‍ എത്ര സമയം വയ്ക്കണം എന്നു തിരുമാനിച്ചതും എല്ലാം). പാചകസമയത്ത് ആരും അടുക്കള ഭാഗത്തേയ്ക്ക് വരരുതെന്ന് മത്തന്‍ എല്ലാവര്‍ക്കും മുന്നറിയിപ്പു കൊടുത്തിരുന്നു. (പാചക രഹസ്യം പുറത്താകരുതല്ലോ)

എന്തായാലും അവസാനം വിജയകരമായി മത്തന്‍ പലഹാരം തയ്യാറാക്കി. അവസാനം അത് ഒരു പാത്രത്തിലേയ്ക്ക് പകര്‍ത്തി ഭംഗിയായി നല്ല ആകൃതിയില്‍ എല്ലാം ഒരുക്കി മുറിച്ച് മറ്റൊരു പാത്രം കൊണ്ട് മൂടിക്കൊണ്ട് തീന്‍ മുറിയിലേയ്ക്കു വന്നു. എന്നിട്ട് എല്ലാവരെയും വിളിച്ച് മേശയ്ക്കു ചുറ്റും ഇരുത്തി.

അത്രയും നേരത്തെ സസ്പെന്‍സ് കാരണം എന്താണ് ഐറ്റം എന്നറിയാനുള്ള ആകാംക്ഷയോടെ ഇരിയ്ക്കുകയായിരുന്നു എല്ലാവരും. മത്തനാണെങ്കില്‍ തമിഴ്‌നാട്ടില്‍ മാത്രം കാണപ്പെടുന്ന പലഹാരമാണെന്നും അത് മറ്റാര്‍ക്കും ഉണ്ടാക്കാന്‍ അറിയില്ലെന്നും മറ്റും വച്ചു കാച്ചുകയാണ്. എന്നാല്‍ പലഹാരപ്പാത്രം തഴെ വയ്ക്കുകയോ അതിന്റെ മൂടി പോലും മാറ്റുകയോ ചെയ്തിട്ടുമില്ല. അവസാനം ക്ഷമ നശിച്ച് ചേച്ചി അവനോട് ചോദിച്ചു. “എടാ കുഞ്ഞൂഞ്ഞേ, ഇതിന്റെ പേരെന്താന്ന് പറയെടാ” [മത്തനെന്നാണ് ഞങ്ങള്‍ അവനെ വിളിയ്ക്കുന്നതെങ്കിലും വീട്ടുകാര്‍ക്ക് അവനെന്നും കുഞ്ഞൂഞ്ഞാണ്]

ഈ ചോദ്യം അപ്രതീക്ഷിതമായി കേട്ടതും ഒരു നിമിഷത്തേയ്ക്ക് മത്തന്‍ നിശബ്ദനായി. അവന്റെ മുഖഭാവം മാറി. പതിവു പോലെ ആ പേര് പിന്നെയും മറന്നു പൊയിരിയ്ക്കുന്നു. ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ കൂടി ഓര്‍മ്മ വന്നതായിരുന്നു, എന്നാല്‍ ഇപ്പോള്‍ പിടി കിട്ടുന്നില്ല. അവനെത്ര തല പുകഞ്ഞ് ആലോചിച്ചിട്ടും പേരൊട്ട് ഓര്‍മ്മ വരുന്നുമില്ല.

അവന്റെ ഭാവമാറ്റം കണ്ട് എല്ലാവരും കളിയാക്കി ചിരി തുടങ്ങി. തോല്‍‌വി സമ്മതിച്ചു കൊടുക്കാന്‍ പറ്റില്ലല്ലോ. അപ്പോഴാണ് അവന് സുധിയപ്പന്‍ പറഞ്ഞു കൊടുത്ത ഐഡിയ ഓര്‍മ്മ വന്നത്. മത്തന്റെ തലയില്‍ ഒരു ബള്‍ബ് കത്തി. അന്ന് സുധിയപ്പന്‍ പറഞ്ഞത് ഓര്‍ക്കാന്‍ ശ്രമിച്ചു. പുലിയേയോ കടുവയേയോ മറ്റോ ഓര്‍ത്താല്‍ മതിയെന്നല്ലേ അവനന്ന് പറഞ്ഞത്. അതിന്റെ മറ്റൊരു പേരാണല്ലോ ഈ പലഹാരത്തിന്റെയും പേര്... മത്തന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. അവന്‍ സന്തോഷത്തോടെ ഒരു വിജയിയുടെ ഭാവത്തോടെ വിളിച്ചു കൂവി.

“കിട്ടി... പേരു കിട്ടി. ഇതാണ് വ്യാഘ്രം”

ഇതു കേട്ടതും എല്ലാവരും ചിരി നിര്‍ത്തി. ഞെട്ടലോടെ മുഖത്തോടു മുഖം നോക്കി. അതു കണ്ട മത്തനും എന്തോ പന്തികേടു തോന്നി. ഇനിയും വൈകിയാല്‍ ശരിയാവില്ലെന്നു മനസ്സിലാക്കിയ അവന്‍ വേഗം അവര്‍ക്കു മുന്നില്‍ പാത്രം തുറന്നു കൊണ്ടു പറഞ്ഞു. “ദേ, ഇതാണ് സാധനം. കഴിച്ചു നോക്കിയേ”

അതു കണ്ടതും ചേച്ചി പിന്നെയും ചിരി തുടങ്ങി. ഒരു നുള്ളെടുത്ത് തിന്നു നോക്കിക്കൊണ്ട് ചേച്ചി പറഞ്ഞു “എടാ, ഇതാണോ നീ പറഞ്ഞ വ്യാഘ്രം? ഇത് നമ്മുടെ കേസരിയല്ലേ?”

അതു കേട്ടപ്പോഴാണ് മത്തനും അബദ്ധം മനസ്സിലായത്. “ആ... അങ്ങനേം പറയാം” അവന്‍ പിറുപിറുത്തു.

“അല്ല, ഇത് ഇങ്ങനേം ഉണ്ടാക്കാമല്ലേ? ഇതേതാണ്ട് മധുരമുള്ള ഉപ്പുമാവു പോലെ ഉണ്ടല്ലോ. ഇതാണോ നീ വേറെ എവിടെയും കിട്ടാത്ത സാധനമെന്ന് പറഞ്ഞത്? ”

ചേട്ടന്‍ ഇങ്ങനെ ചോദിയ്ക്കുമ്പോള്‍ അതു കേള്‍ക്കാത്ത ഭാവത്തില്‍ മത്തന്‍ ബൈക്കിന്റെ കീയുമായി പുറത്തേയ്ക്കോടുകയായിരുന്നു, അത്യാവശ്യമായി ആരെയോ കാണാനെന്ന ഭാവത്തില്‍.

മത്തന്‍ ആ പോക്ക് നേരെ പോയത് പിറവത്തുള്ള സുധിയപ്പന്റെ വീട്ടിലേയ്ക്കായിരുന്നുവെന്നും അന്നു രാത്രി ചമ്മല്‍ മാറാതിരുന്നതു കാരണം സുധിയപ്പന്റെ വീട്ടില്‍ തന്നെ അവന്‍ തങ്ങുകയായിരുന്നു എന്നതുമാണ് ബാക്കി ചരിത്രം. ഈ സംഭവങ്ങളെല്ലാം ഞങ്ങളോട് വിശദീകരിച്ചു തന്ന സുധിയപ്പന്‍ അവസാനം മത്തനൊരു പേരുമിട്ടു “വീര കേസരി മത്തപുംഗവന്‍”