Tuesday, May 13, 2014

ഒരു എട്ടിന്റെ പണി - പിള്ളേച്ചന്‍ സ്പെഷ്യല്‍

ഞങ്ങള്‍ തഞ്ചാവൂര്‍ പഠിയ്ക്കുന്ന കാലം. അന്ന് 8 പേരാണ് റൂമില്‍ [ആ റൂം അറിയപ്പെട്ടിരുന്നത് "വൈറ്റ് ഹൌസ്" എന്നായിരുന്നു] ഉള്ളത്. രാവിലെ തന്നെ നേരത്തേ എഴുന്നേറ്റാലേ 9 മണിയോടെ കോളേജില്‍ പോകാന്‍ നേരമാകുമ്പോഴേയ്ക്കും എല്ലാവര്‍ക്കും റെഡിയാകാന്‍ ഒക്കുകയുള്ളൂ.[നാട്ടിലേതു പോലെ അല്ല, അവിടെ കോളേജില്‍ ഒരു കാരണവശാലും ലേറ്റ് ആയി ചെല്ലാനോ അവധി എടുക്കാനോ പറ്റില്ല].

 അതു കൊണ്ട് അഞ്ച് - അഞ്ചര മണി മുതല്‍ ഓരോരുത്തരായി ഉണര്‍ന്ന് കാര്യ പരിപാടികളിലേയ്ക്ക് കടക്കും. കുളിച്ച് റെഡിയായി, പ്രഭാത ഭക്ഷണം ഉണ്ടാക്കി കഴിച്ച്, ഉച്ച ഭക്ഷണം തയ്യാറാക്കി പായ്ക്ക് ചെയ്ത് ഡ്രെസ്സ് തേച്ചു മിനുക്കി വരുമ്പോഴേയ്ക്കും 9 മണി ആയിക്കാണും.

8 മുതല്‍ 9 വരെയുള്ള സമയത്ത് ആകെ തിരക്കും ഒച്ചപ്പാടും ബഹളവും ഒക്കെയാകും റൂമില്‍. എത്ര നേരത്തെയൊക്കെ എഴുന്നേറ്റാലും രണ്ടു മൂന്നു പേരെങ്കിലും മടി പിടിച്ച് എട്ടു മണി - എട്ടര വരെയൊക്കെ സമയം കളയും. അവസാനം എല്ലാവരും ഒരുമിച്ച് ഒരേ സമയത്താകും കുളിയ്ക്കാനും ഡ്രെസ്സ് അയേണ്‍ ചെയ്യാനുമൊക്കെ തിരക്കു കൂട്ടുക.

കൂട്ടത്തില്‍ സാധാരണയായി പിള്ളേച്ചന്‍ മാത്രം തന്റെ ചുമതലകളെല്ലാം കൃത്യമായി ചെയ്തു വച്ചിരിയ്ക്കും. അതു കൊണ്ടു തന്നെ കക്ഷി 9 മണിയ്ക്കു മുന്‍പേ തന്നെ പോകാന്‍ തയ്യാറായി കാണും. രാവിലെ തന്നെ കുളിച്ച് തയ്യാറാകുന്ന പതിവുള്ളതിനാലും ഡ്രെസ്സ് അയേണ്‍ ചെയ്യുന്നതു പോലുള്ള പരിപാടികള്‍ ഒറ്റയടിയ്ക്ക് അവധി ദിവസങ്ങളില്‍ തന്നെ ചെയ്തു വയ്ക്കാറുള്ളതിനാലും പിള്ളേച്ചന്‍ സാധാരണയായി രാവിലെ ആരെയും ശല്യപ്പെടുത്താറില്ല.

പക്ഷേ, ഒരു ദിവസം രാവിലെ ഇതേ പിള്ളേച്ചന്‍ ഞങ്ങള്‍ക്കിട്ട് നല്ലൊരു പണി തന്നെ തന്നു. അന്നാണെങ്കില്‍ ആദ്യത്തെ പിരിയഡ് തന്നെ HOD യുടെ ക്ലാസ്സ് ആണ്. നേരം വൈകാനേ പാടില്ലാത്തതാണ്.  അതും പോരാഞ്ഞ് HOD എടുക്കുന്ന ക്ലാസ്സില്‍ ലേറ്റ് ആയി ചെല്ലുന്ന കാര്യം ചിന്തിയ്ക്കുകയേ വേണ്ട. (പ്രത്യേകിച്ചു മലയാളികള്‍).

അന്ന് സമയം ഏതാണ്ട് എട്ടേ മുക്കാല്‍ - ഒമ്പത് മണി ആയിക്കാണും. സാധാരണ ആ സമയത്ത് പിള്ളേച്ചന്‍ നടയിറങ്ങാനുള്ള ഒരുക്കത്തിലാകാറാണ് പതിവ്. പക്ഷേ, അന്ന് പതിവില്ലാതെ കക്ഷി ബെഡ് റൂമില്‍ കണ്ണാടിയുടെ മുന്‍പില്‍ തന്നെ നില്‍പ്പാണ്. ഷോര്‍ട്ട് സൈറ്റ് കാരണം സ്ഥിരമായി കണ്ണട വച്ചിരുന്ന പിള്ളേച്ചന്‍ കണ്ണട മാറ്റി കണ്ണില്‍ ലെന്‍സ് വയ്ക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്.

ആ ലെന്‍സ് വയ്ക്കുന്ന ആ പ്രോസ്സസ് ആണെങ്കില്‍ ഒരു അഞ്ചു പത്തു മിനുട്ട് നീണ്ടു നില്‍ക്കുന്ന പരിപാടിയുമാണ്. ആ മുറിയിലെ ഫാന്‍ ഓഫാക്കി, അടുത്തുള്ള ആളുകളെ എല്ലാം മാറ്റി, കണ്ണാടിയ്ക്കു മുന്നില്‍ ചെന്ന് ലെന്‍സ് സൂക്ഷിയ്ക്കുന്ന ചെപ്പില്‍ നിന്ന് ഓരോ ലെന്‍സായി ശ്രദ്ധയോടെ എടുത്ത് ലിക്വിഡ് ഒഴിച്ച് തയ്യാറാക്കി അവസാനം കണ്ണട മാറ്റി ലെന്‍സ് ഓരോന്നായി കണ്ണില്‍ വയ്ക്കും. ഓരോ കണ്ണിലും വച്ച ശേഷം ഒരു കണ്ണടച്ച് കാഴ്ച ടെസ്റ്റ് ചെയ്യും. അങ്ങനെ സ്വയം ബോദ്ധ്യം വന്ന ശേഷം മാത്രം പുറത്തേയ്ക്ക് ഇറങ്ങും. അതാണ് പതിവ്. ഈ പരിപാടി സ്ഥിരമായതിനാലും എല്ലാവര്‍ക്കും പരിചിതമായതിനാലും അന്നേരം ആരും തന്നെ കക്ഷിയുടെ അടുത്തു പോകുകയോ ശല്യം ചെയ്യുകയോ പതിവില്ല.

പക്ഷേ, അന്ന് പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞിട്ടും അവന്‍ കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് അനങ്ങുന്നില്ല. ഓരോ കണ്ണടച്ചു പിടിച്ച് കാഴ്ച പരിശോധിയ്ക്കല്‍ തന്നെ പരിപാടി. കുറേ നേരമായിട്ടും ഈ പ്രക്രിയ അവസാനിയ്ക്കുന്നില്ലെന്ന് കണ്ട് സാധാരണയായി അവന്റെ കൂടെ കോളേജില്‍ പോകാനിറങ്ങാറുള്ള സഞ്ജു അവനോട് കാര്യമന്വേഷിച്ചു. അപ്പോഴാണ് കക്ഷി ആ സംശയം ഉന്നയിയ്ക്കുന്നത്. "ഒരു കണ്ണിലെ ലെന്‍സ് താഴെ എങ്ങാനും വീണു പോയോ" എന്ന് അവനൊരു സംശയം... ഒന്നു രണ്ടു തവണ ഒരു കണ്ണില്‍ ലെന്‍സ് വച്ചത് ശരിയായില്ല എന്ന് തോന്നിയതിനാല്‍ കക്ഷി അതെടുത്ത് വീണ്ടും വീണ്ടും ശരിയാക്കി വച്ചിരുന്നുവത്രെ. അതിനിടെ എപ്പോഴോ സംഗതി കയ്യില്‍ നിന്ന് പോയോ എന്നതാണ് സംശയം.

അപ്പോള്‍ തന്നെ സഞ്ജു എന്നെ വിളിച്ച് കാര്യം പറഞ്ഞു. ഞാനും സഞ്ജുവും ആ മുറി ശ്രദ്ധയോടെ പരിശോധിയ്ക്കാന്‍ തുടങ്ങി. പിള്ളേച്ചനാണെങ്കില്‍  "എടാ, വേഗമാകട്ടെ. അത് വേഗം നോക്കിയെടുക്ക്. നേരം വൈകിയാല്‍ അതിന്റെ നനവ് പോയി, അത് ഉണങ്ങി ചുരുണ്ട് പോകും. പിന്നെ കണ്ടു പിടിയ്ക്കാന്‍ പറ്റില്ല" എന്നെല്ലാം പറഞ്ഞ് ബഹളം കൂട്ടാനും തുടങ്ങി.

ഒറ്റ നോട്ടത്തിലൊന്നും അത് കണ്ട് പിടിയ്ക്കാന്‍ പറ്റാതായപ്പോള്‍ ഞാന്‍ ബാക്കിയുള്ളവരെ കൂടി സഹായത്തിനു വിളിച്ചു. എല്ലാവരും കാര്യത്തിന്റെ സീരിയസ്‌നെസ്സ് മനസ്സിലാക്കി മറ്റെല്ലാ പരിപാടികളും മാറ്റി വച്ച് തിരയാന്‍ കൂടി. അവന്റെ കണ്ണിന്റെ കാര്യമല്ലേ, മാത്രവുമല്ല... അവന്‍ പറഞ്ഞതു പോലെ അതെങ്ങാനും ഉണങ്ങി ചുരുണ്ട് നശിച്ച് പോയാല്‍ പിന്നെ വീണ്ടും ഡോക്ടറെ കണ്ട് വേറെ ലെന്‍സ് ശരിയാക്കി വരുമ്പോഴേക്കും ദിവസങ്ങള്‍ പിടിയ്ക്കുകയും അവന്റെ കോളേജില്‍ പോക്കും പഠനവുമെല്ലാം അവതാളത്തിലാകുകയും ചെയ്യും.

അങ്ങനെ പിള്ളേച്ചനൊഴികെ എല്ലാവരും അവനു ചുറ്റും മുട്ടിലിഴഞ്ഞും കിടന്നുമെല്ലാം ആ മുറിയും തറയും എന്നു വേണ്ട, അവിടിരുന്ന ബാഗുകളും മേശയും കസേരയും താഴെ കിടക്കുന്ന കടലാസുകള്‍ പോലും ശ്രദ്ധയോടെ തിരയാന്‍ തുടങ്ങി.

അപ്പോഴാണ് ഞങ്ങളുടെ സഹപാഠിയും അയല്‍ വീട്ടിലെ താമസക്കാരനുമായ കിരണ്‍ എന്തോ ആവശ്യത്തിന് അങ്ങോട്ട് കയറി വന്നത്. അവന്‍ നോക്കുമ്പോള്‍ പിള്ളേച്ചന്‍ മാത്രം ഒരു മുറിയുടെ നടുക്ക് രാജകീയമായ സ്റ്റൈലില്‍  നില്‍പ്പുണ്ട്. ഞങ്ങള്‍ ബാക്കി ഏഴു പേരും അവനു ചുറ്റും ശയനപ്രദക്ഷിണം നടത്തുന്നു. "പിള്ളേച്ചനാണേല്‍ അവിടെ നോക്കെടാ, ഇവിടെ നോക്ക്" എന്നിങ്ങനെ ആജ്ഞകള്‍ നല്‍ക്കുന്നു. കിരണ്‍ ആദ്യം ഒന്ന് ഞെട്ടി. പിന്നെ കാര്യമറിഞ്ഞതോടെ ലെന്‍സ് തപ്പാന്‍ അവനും കൂടി.

​സമയം കഴിയുന്തോറും എല്ലാവരും ടെന്‍ഷനാകാന്‍ തുടങ്ങി. ആ ലെന്‍സ് ഏതാണ്ട് നഷ്ടപ്പെട്ടു എന്ന് തന്നെ ഞങ്ങളെല്ലാവരും ഉറപ്പിച്ചു...​
​ അപ്പോഴുണ്ട്, അതാ പിള്ളേച്ചന്റെ സന്തോഷത്തോടെയുള്ള ശബ്ദം " ഡാ, ഒരു മിനുട്ട്... ​
​ആ ലെന്‍സ് പോയിട്ടില്ലെന്ന് തോന്നുന്നു..."​
​ അവന്‍ ഒന്ന് നിര്‍ത്തി.​


"... പിന്നെ... ???" ഞങ്ങള്‍ എല്ലാവരും തലയുയര്‍ത്തി, കോറസായി ചോദിച്ചു.​


ചെറിയൊരു ചമ്മലോടെ പിള്ളേച്ചന്‍ തുടര്‍ന്നു " അത്.... അതെന്റെ കണ്ണില്‍ തന്നെ ഇരിപ്പുണ്ട്. സോറി...ഡാ!"​


​ എല്ലാവര്‍ക്കും ചിരിയും ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു. പോകാന്‍ തയ്യാറായിക്കൊണ്ടിരുന്നവരും കുളിയ്ക്കാന്‍ പോകാന്‍ നിന്നവരുമുള്‍പ്പെടെ എല്ലാവരെയും കുറച്ചു നേരം മുട്ടേലിഴയ്ക്കാനും നിലത്തു കിടന്ന് ഇഴയ്ക്കാനും മന:പൂര്‍വ്വമല്ലെങ്കിലും അവനെ കൊണ്ട് സാധിച്ചല്ലോ.  പിന്നെ ഒരു രണ്ടു മിനുട്ട് നേരം ​
​അതു വരെ കുളിയ്ക്കുക പോലും ചെയ്യാതിരുന്ന മത്തനും സുധിയപ്പനുമെല്ലാം ചീത്ത കൊണ്ട് അഭിഷേകം നടത്തുകയായിരുന്നു.​


​അവസാനം എല്ലാവരും പോകാന്‍ തയ്യാറായി റൂമില്‍ നിന്നിറങ്ങുമ്പോഴേയ്ക്കും സമയം ഒമ്പതേ മുക്കാല്‍ കഴിഞ്ഞിരുന്നു.​
​ നാലു കിലോമീറ്ററോളം പോകാനുണ്ടെങ്കിലും നേരിട്ട് ബസ്സ് കിട്ടാത്ത റൂട്ട് ആയതിനാല്‍ എങ്ങനെയൊക്കെയോ ഏതോ ഒരു പാല്‍ [ആരോക്യ പാല്‍] വണ്ടിക്കാരുടെ കയ്യും കാലും പിടിച്ച് ഒരു വിധത്തില്‍ കോളേജില്‍ എത്തിപ്പെടുമ്പോഴേയ്ക്കും അവിടെ സെക്കന്റ് ബെല്‍ മുഴങ്ങുകയായിരുന്നു. ​


​ അതിനു ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം പലപ്പോഴായും തമാശയ്ക്കും പകുതി കാര്യമായും ഞങ്ങള്‍ പിള്ളേച്ചനോട് ചോദിയ്ക്കാറുണ്ട്. "സത്യത്തില്‍ അന്ന് ലെന്‍സ് കാണാതായി എന്ന് പറഞ്ഞത് സത്യത്തില്‍ അത് നഷ്ടപ്പെട്ടതായി തോന്നിയിട്ട് പറഞ്ഞതോ അതോ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മന:പൂര്‍വ്വം ഒരു പണി തന്നതോ" എന്ന്. അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരി മാത്രമാകും മിക്കപ്പോഴും പിള്ളേച്ചന്റെ മറുപടി.