Thursday, December 2, 2021

ഹാഫ് ഗേൾഫ്രൻഡ്

പുസ്തകം : ഹാഫ്  ഗേൾഫ്രണ്ട്

രചന            : ചേതൻ ഭഗത്

പ്രസാധകർ : ഡിസി ബുക്ക്സ്

പേജ്             : 292

വില               : 200


എല്ലായ്പോഴും പുസ്തകത്തിന്റെ പേരുകൾ കൊണ്ട് വായനക്കാരെ ആകർഷിയ്ക്കാൻ ഒരു പ്രത്യേക കഴിവുണ്ട് ചേതൻ ഭഗത്തിന്. ഈ പുസ്തകവും വ്യത്യസ്ഥമല്ല. "ഹാഫ് ഗേൾഫ്രൻഡ്!" അതെന്താണ് അങ്ങനെ ഒരു പേര് എന്ന ആകാംക്ഷ നമ്മൾ വായനക്കാർക്ക് തുടക്കം മുതലേ ഉണ്ടാകുമെന്നുറപ്പാണ്. അതു പോലെ വളരെ അനായാസമായി കഥയിൽ ലയിച്ചിരുന്നു പെട്ടെന്ന് വായിച്ചു തീര്ക്കാൻ നമ്മെ പ്രേരിപ്പിയ്ക്കാൻ ഈ കഥയിലും കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്.


മാധവ്... റിയ... ഇവരുടെ കഥയാണ് ഇത്. തന്നെ എറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന  ബീഹാറിലെ ഒരു ദാരിദ്ര രാജ കുടുംബാഗം  ആയ മാധവും ഹൈ ക്ലാസുകാരുടെ ദില്ലിയിൽ നിന്നും വന്ന റിയയും  തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ കഥയാണ് ഹാഫ് ഗേൾ ഫ്രൻഡ്. ഇംഗ്ലീഷ് നന്നായി പറയൻ അറിയാത്ത, ബാസ്കറ്റ് ബോൾ പ്ലെയർ ആയ മാധവ് ഝാ കോളേജിലെ ബാസ്കറ്റ് ബോൾ കോർട്ടിൽ വച്ചാണ് മറ്റൊരു പ്ലെയർ ആയ റിയാ സോമാനിയെ ആദ്യമായി കണ്ടു മുട്ടുന്നത്. പിന്നീട് ആ പരിചയം അടുത്ത സൗഹൃദമായി മാറുന്നു.


വൈകാതെ പിരിയുവാൻ ആകാത്ത വിധം മാധവിന് റിയ യോട് പ്രണയം തോന്നുന്നു. ഇക്കാര്യം സൂചിപ്പിയ്ക്കുമ്പോൾ ചില നിബന്ധനകളോടെ താൻ അവന്റെ "ഹാഫ് ഗേൾ ഫ്രൻഡ്" ആകാൻ തയ്യാറാണ് എന്നു റിയ അറിയിയ്ക്കുന്നു.


ഗാഢമായ ആ ബന്ധത്തിന് എങ്ങനെ വിള്ളൽ വീഴുന്നു എന്നും    അവർ എങ്ങനെ വേർപിരിയുന്നു എന്നും എല്ലാം തുടർന്ന് വരുന്ന ഭാഗങ്ങൾ നമ്മോട് പറയുന്നു.


റിയായുടെ അപ്രതീക്ഷിതമായ വിവാഹത്തോടെ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്ന് തോന്നുന്ന  ആ ബന്ധം പിന്നീട് ഒന്നൊന്നര വർഷങ്ങൾക്ക് ശേഷം വ്യത്യസ്തമായ ഒരു സാഹചര്യത്തിൽ ചുറ്റുപാടുകളിൽ വീണ്ടും പുനരാരംഭിയ്ക്കുന്നു. ഡൽഹിയിൽ വലിയ ശമ്പളം കിട്ടുന്ന നല്ലോരു ബാങ്ക് ജോലി ഉപേക്ഷിച്ചു നാട്ടിലെ ദരിദ്രമായ, തന്റെ അമ്മ നടത്തുന്ന സ്കൂളിന്റെ ആവശ്യങ്ങൾക്കായി പ്രവർത്തിച്ചു വരികയായിരുന്നു അപ്പോൾ മാധവ്. റിയ ആകട്ടെ, വിവാഹ ബന്ധവും കുടുംബ ബന്ധവും ഉപേക്ഷിച്ചു സ്വന്തം നിലയ്ക്ക് ഒരു ജോലിയുമായി പാട്ന യിൽ എത്തിപ്പെടുകയാണ്.


 റിയയുടെ ചില നിബന്ധനകളോടെ വീണ്ടും ഇരുവരുടെയും സൗഹൃദം പൂത്ത്‌ തളിർക്കുന്നു... പക്ഷെ വീണ്ടും ഒരിയ്ക്കൽ കൂടി ജീവിതത്തിലെ എറ്റവും സന്തോഷപ്രദമായ ഒരു അവസരത്തിൽ (മൈക്രോസോഫ്ട് ഫൌണ്ടേഷനും ബിൽഗേറ്റ്സും എല്ലാം ഇവിടെ കഥാപാത്രമാകുന്നുണ്ട്) ഒരു കത്തും എഴുതി വച്ചു റിയ അപ്രത്യക്ഷമാകുന്നു. റിയയെ എന്നന്നേക്കുമായി നഷ്ടപ്പെട്ട മാധവ് പൂർണ്ണമായും തകർന്നു പോകുകയാണ്.


യാദൃശ്ചികമായി കിട്ടിയ അവളുടെ പഴകിയ ഡയറിക്കുറിപ്പുകൾ ഇഷ്ട എഴുത്തുകാരൻ ചേതൻ ഭഗത്തിനെ നിർബന്ധപൂർവ്വം ഏൽപ്പിച്ചു, റിയയുടെ ഓർമ്മകളിൽ മാത്രം ഒതുങ്ങിക്കൂടി മാധവ് യാത്രയാകുന്നു. ആ ഡയറിയിൽ എന്താണെന്ന് തനിയ്ക്ക് അറിയില്ല എന്നും എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ട അവളുടെ കുറിപ്പുകൾ വായിയ്ക്കാനോ നശിപ്പിയ്ക്കാനോ തനിയ്ക്ക് കരുത്തില്ലെന്നും എഴുത്തിനു ഉപകാരപ്പെടുമെങ്കിൽ ഉപയോഗിയ്ക്കാമെന്നും  അതല്ലെങ്കിൽ നശിപ്പിച്ചു കളഞ്ഞു കൊള്ളാനും അയാൾ പോകുമ്പോൾ അറിയിയ്ക്കുന്നു.

      

ആദ്യം താല്പര്യത്തോടെ അല്ലെങ്കിലും പഴകി പൊടിഞ്ഞു തുടങ്ങിയ ആ ഡയറിയിലെ വായനായോഗ്യമായ ഏതാനും താളുകൾ വായിയ്ക്കുന്ന ചേതൻ ഭഗത്ത് ഉടനെ തന്നെ മാധവിനെ വിളിച്ചു വരുത്തുന്നു... 


 യഥാർത്ഥത്തിൽ റിയ എന്തായിരുന്നു എന്നതിൻ്റെ ഉത്തരം അവൾ എഴുതിയിരുന്ന ഡയറി ആയിരുന്നു. അവളുടെ മനസ്സായിരുന്നു ആ ഡയറി. 


തുടർന്ന് വായനക്കാർക്കും ഉദ്വേഗം ജനിപ്പിക്കുന്ന കഥാഭാഗങ്ങൾ സമ്മാനിയ്ക്കുന്ന നോവൽ ഒരേ സമയം ദേഷ്യവും സ്നേഹവും  റിയയോട് നമുക്ക് തോന്നിപ്പിയ്ക്കുന്നുണ്ട്.


 അവസാനം ഒരുപാട് അലച്ചിലിനും അന്വേഷണങ്ങൾക്കും ഒടുവിൽ ശുഭപര്യവസായിയായി കഥ തീരുമ്പോൾ വായനക്കാരെയും തൃപ്തരാക്കാൻ ഈ നോവലിനു കഴിയുന്നുണ്ട്.   


- ശ്രീ

Friday, November 5, 2021

റോസാപ്പൂവിന്റെ പേര്


പുസ്തകം   : റോസാപ്പൂവിന്റെ പേര്

രചന            : ഉംബെർത്തൊ എക്കോ 

പ്രസാധകർ : ഡി സി ബുക്ക്സ്

പേജ്             : 662

വില               : 699


1327 ൽ വടക്കൻ ഇറ്റലിയിൽ സ്ഥിതി ചെയ്യുന്ന ഒരു ബെനഡിക്റ്റൈൻ മഠത്തിൽ നടക്കുന്ന കൊലപാതക പരമ്പരകളെ അടിസ്ഥാനമാക്കുന്ന ഒരു ചരിത്ര നിഗൂഢ നോവലാണ് റോസാപ്പൂവിന്റെ പേര്.

  7 ദിവസങ്ങളിലെ സംഭവ പരമ്പരകളെ 7 അധ്യായങ്ങളിലായി കഥ വികസിക്കുന്നു.

 ബാസ്കെർവില്ലിലെ വില്യമും മെൽക്കിന്റെ അഡ്‌സോയും നടത്തുന്ന അന്വേഷണത്തിന്റെ വിവരണം കൂടി ആണ് നോവൽ നമുക്ക് തരുന്നത്. 

1327 ലെ ഒരു ശൈത്യകാലത്ത് ഫ്രാൻസിസ്കൻ ആയ  വില്യമും ശിഷ്യൻ   അഡ്സോയും ജോൺ പന്ത്രണ്ടാമൻ മാർപ്പാപ്പയുടെ സന്യാസിമാരുമായും പ്രതിനിധികളുമായും ഒരു കൂടിക്കാഴ്ച നടത്തുന്നതിനായി    ഒരു ബെനഡിക്റ്റൈൻ മഠത്തിൽ എത്തുകയാണ്. അവിടെയെത്തിയപ്പോൾ യാദൃശ്ചികമായി ചിത്രകാരനായ അദെൽമോയുടെ അപ്രതീക്ഷിത മരണം അവരുടെ ലക്ഷ്യത്തെയും വ്യതിചലിപ്പിയ്ക്കുന്നു. മഠാധിപൻ ആബോയുടെ അപേക്ഷ പ്രകാരം ആ മരണത്തിനു പുറകിലെ സത്യം കണ്ടെത്താൻ അവർ നിയോഗിയ്ക്കപ്പെടുന്നു. എന്നാൽ ഒന്നിന് പുറകെ ഒന്നായി ദുരൂഹ മരണങ്ങൾ ആണ് അവരെ കാത്തിരുന്നത്. അതും ഒരു വിശുദ്ധ കാഹളത്തിൽ പറയുന്ന ക്രമത്തിൽ അതിലെ സൂചനകൾ തരുന്ന സ്ഥലങ്ങളിൽ ആണ് ഓരോ തുടർ മരണങ്ങൾ സംഭവിയ്ക്കുന്നത്. മരണങ്ങളിലെ പ്രത്യേകതകൾ... നടന്ന സ്ഥലം, രീതി, മരണപ്പെടുന്നവരുടെ വിരലിലും നാവിലും കാണുന്ന കറുത്ത പാടുകൾ എന്നിവയെല്ലാം ദുരൂഹതകൾ വർദ്ധപ്പിയ്ക്കുന്നു.

ഈ മരണങ്ങൾക്ക് പുറകിലെ രഹസ്യവും ആ നിഗൂഢ ഗ്രന്ഥാലയത്തിന്റെ പ്രത്യേകതകളും അനാവരണം ചെയ്യപ്പെടുകയാണ് തുടർന്നുള്ള ഏഴ് ദിവസങ്ങളിലൂടെ...മരണങ്ങളിൽ ഗ്രന്ഥാലയത്തിലെ രഹസ്യങ്ങൾക്ക് ഉള്ള പങ്ക്  ഇഴ പിരിച്ച് വില്യം സത്യത്തിലെയ്ക്ക് അടുക്കുന്നു. 

ഒട്ടും ലളിതമായ രചനാശൈലിയിൽ അല്ല പുസ്തകത്തിന്റെ ഘടന എന്നത് വായനാസുഖം നന്നേ കുറയ്ക്കുന്നുണ്ട്. അതോടൊപ്പം അന്യഭാഷാ വാചകങ്ങങ്ങൾ ഒരുപാട് തിരുകി കയറ്റിയത് പലപ്പോഴും അരോചകമായി തോന്നി.


- ശ്രീ

Wednesday, October 20, 2021

നിരീശ്വരൻ

 

പുസ്തകം   : നിരീശ്വരൻ

രചന            : വി ജെ ജയിംസ്

പ്രസാധകർ : ഡി സി ബുക്ക്സ്

പേജ്             : 320

വില               : 340


കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും നേടിയ കൃതിയാണു വി ജെ ജയിംസിന്റെ നിരീശ്വരൻ.


വിശ്വസങ്ങളും അന്ധ വിശ്വാസങ്ങളും തമ്മിൽ ഉള്ള വ്യത്യാസം എന്നത് വളരെ നേർത്തതാണെന്നും അത് എങ്ങനെയൊക്കെ ആണ് ജനജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എന്നും ഒരു നാടിന്റെ തന്നെ മുഖച്ഛായ തന്നെ മാറ്റുന്നത് എന്നും ഈ നോവൽ നമുക്ക് കാണിച്ചു തരുന്നു.


 'ആഭാസ'ന്മാർ എന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന... ആന്റണി, ഭാസ്കരൻ, സഹീർ എന്നീ മൂന്നു ആത്മ സുഹൃത്തുകളിലൂടെയാണു കഥ വികസിയ്ക്കുന്നത്.   യുക്തിയെ ചോദ്യം ചെയ്യുന്ന ആ നാട്ടിലെ ജനങ്ങളുടെ അന്ധമായ ഈശ്വര വിശ്വാസത്തെ തകിടം മറിയ്ക്കാൻ അവർ കല്പിച്ചു കൂട്ടി ഉണ്ടാക്കി എടുക്കുന്ന ഒരു വിപരീത ദേവൻ ആണ് നിരീശ്വരൻ. 


നാട്ടിലെ എറ്റവും ശ്രദ്ധേയമായ, തലമുറകളുടെ സംഗമ സ്ഥലമായ ആൽ-മാവിൻ ചുവട്ടിലെ നിരീശ്വര പ്രതിഷ്ഠയും പിന്നീട് ഈശ്വരന്മാരുടെയും ഈശ്വരൻ ആയി നിരീശ്വരൻ മാറുന്നതും അതെ തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ആണ് നോവലിന്‍റെ  ഇതിവൃത്തം. 


ആന്റണി, ഭാസ്കരൻ, സഹീർ ത്രയത്തിനു തൊട്ടു മുൻപിലത്തെ തലമുറക്കാരായ അർണോസ് (പാതിരി), സെയ്ദ് (മൗലവി), ഈശ്വരൻ എമ്പ്രാന്തിരി എന്നീ സുഹൃത്തുക്കളുടെ ജീവിതവും അവരുടെ മറ്റൊരു സുഹൃത്ത് ആയ ഇന്ദ്രജിത്തിന്റെ ശാസ്ത്രത്തെ പോലും വെല്ലുവിളിയ്ക്കുന്ന അത്ഭുത രോഗശാന്തിയും തുടര്ന്നുള്ള പ്രതിസന്ധികളും വളരെ നന്നായി നോവലിൽ അവതരിപ്പിച്ചിരിയ്ക്കുന്നു.


 ശാസ്ത്രജ്ഞനായ റോബെർട്ടോയുടെ ഗന്ധശാസ്ത്ര പരീക്ഷണങ്ങൾ, റോബർട്ടോയുടെ സൗഹൃദം ആ നാട്ടിലെ നാട്ടു വേശ്യ എന്നറിയപ്പെട്ടിരുന്ന ജാനകിയിൽ വരുത്തുന്ന മാറ്റങ്ങൾ, വഴക്കാളിയായി അറിയപ്പെട്ടിരുന്ന ഘോഷയാത്ര അന്നാമ്മയുടെ പരിവർത്തനം എന്നിങ്ങനെ അന്നാമ്മയുടെ അമ്മിണി പശു പൊലും വായനക്കാരുടെ ഹൃദയം സ്പർശിയ്ക്കാതെ കടന്നു പോകില്ല. 


ഓരോരുത്തരുടെയും മറ്റുള്ളവരോടുള്ള  കാഴ്ചപ്പാട് എങ്ങനെയെല്ലാം വ്യത്യാസപ്പെടുന്നു എന്നും വിശ്വാസം ആയാലും അവിശ്വാസം ആയാലും രണ്ടിലും പൊതുവായുള്ളത് അതിൽ വിശ്വസിയ്ക്കുക എന്നത് ആണെന്നും  നിരീശ്വരൻ നമുക്ക്  മനസ്സിലാക്കി തരുന്നു. 


- ശ്രീ

Friday, September 10, 2021

ഘാതകന്‍

പുസ്തകം : ഘാതകന്‍

രചന : കെ ആർ മീര

പ്രസാധകർ : കറന്റ് ബുക്ക്സ്

പേജ് : 564

വില : 550


"ഖുച്ചി രുവാ, സത്യപ്രിയാ, ഖുച്ചീ രുവാ.. മത്തെ ഫുല്ലിബെ നായീ.. ബിക്കോസ് ദെയർ ഈസ് ആൾവെയ്സ് അനദർ ചാൻസ്!"


ഒരുൾക്കിടിലത്തോടെയാകും ഓരോ തവണയും വായനക്കാർ ഈ വരികൾ ആവർത്തിച്ചു വായിച്ചിട്ടുണ്ടാകുക. ഒറ്റയടിയ്ക്ക് കഥയുടെ ഗിയർ മാറുന്ന ഒരു ഫീൽ.


 ശ്വാസം അടക്കിപ്പിടിച്ചിരുന്നു, ഒറ്റയിരുപ്പിന് തന്നെ വായിച്ചു തീർക്കാൻ പ്രേരിപ്പിയ്ക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ ആണ് കെ ആർ മീര യുടെ എറ്റവും പുതിയ നോവൽ ആയ "ഘാതകൻ" എന്നു പറയാം.


 2016 നവംബർ 8 ലെ നോട്ടുനിരോധനത്തിനു 8 ദിവസങ്ങൾക്ക് ശേഷം നവംബർ 16ന് ഒരു വധശ്രമത്തിൽ നിന്ന് വിസ്മയകരമാം വിധം തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന സത്യപ്രിയ... എന്തിന് ഒരാൾ തന്നെ വധിയ്ക്കണം എന്ന ചോദ്യത്തിന് പിറകെ  തൻ്റെ ഘാതകനെ അന്വേഷിച്ച് സഞ്ചരിക്കേണ്ടി വരുന്ന സത്യപ്രിയയുടെ കഥ. ചുരുക്കി പറഞ്ഞാൽ അതാണ് ഘാതകൻ. ആ യാത്രയിൽ സത്യപ്രിയയുടെയും അവളുമായ് ബന്ധമുള്ള ഒരുപിടി കഥാപാത്രങ്ങളുടെയും ഭൂതകാലം വായനക്കാർക്ക് മുൻപിൽ ചുരുളഴിയുന്നു. 


വളരെ ചെറിയ പ്രായം മുതൽ കാണരുതാത്തതും കേൾക്കരുതാത്തതും ആയ സത്യങ്ങൾ കണ്ടും കേട്ടും വളരേണ്ടി വരുന്ന ഒരു പെൺകുട്ടി.  ഓരോ കാലഘട്ടത്തിൽ അവൾ അനുഭവിയ്ക്കുന്ന ദുരിതങ്ങളും അവജ്ഞകളും പരിഹാസങ്ങളും ദാരിദ്ര്യവും തന്നെ ആകും അവളെ ഏതവസ്ഥയിലും കുലുങ്ങാത്ത, അതിശക്തയായ ഒരു കഥാപാത്രമാക്കി മാറ്റുന്നത്. 


അതേ പോലെ സത്യപ്രിയയുടെ അമ്മയും അച്ഛനും. ഒരച്ഛൻ എങ്ങനെ ആകരുത് എന്ന് വ്യക്തമായി കാണിച്ചു തരുന്നതിനോടൊപ്പം ആരും ആഗ്രഹിയ്ക്കുന്ന ഒരമ്മ ആയിട്ടാണ് സത്യയുടെ അമ്മ വസന്തലക്ഷ്മി യെ നോവലിസ്റ്റ് നമുക്ക് മുന്നിൽ  ആണു അവതരിപ്പിയ്ക്കുന്നത്. നമ്മുടെ മനസ്സിനു എറ്റവും സന്തോഷം തരുന്ന കഥാപാത്രം എന്നു സംശയമേതുമില്ലാതെ പറയാം.  എത്ര വലിയ തടസ്സങ്ങളെയും വളരെ ലാഘവത്തോടെ, ആത്മ സംയമനത്തോടെ നേരിടാനും, വിധിയെ പഴിച്ചു വിഷമിയ്ക്കാതെ സാധ്യമായ എല്ലാ രീതികളിലും നമ്മെ ജീവിച്ചു കാണിയ്ക്കുവാനും കഴിയുന്ന    ആകർഷകമായ ഒരു  കഥാപാത്രം. 


എന്നും നല്ല വായനകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള കെ ആർ മീരയുടെ,  വളരെ മികച്ച വായനാനുഭവം തരുന്ന ഒന്നാണ് എറ്റവും പുതിയ ഈ നോവൽ. ഉപയോഗിച്ചിരിയ്ക്കുന്ന  അവതരണ ശൈലിയും വ്യത്യസ്തമായി തോന്നി.


- ശ്രീ

Friday, August 20, 2021

പർവ്വതങ്ങളും മാറ്റൊലി കൊള്ളുന്നു


പുസ്തകം   : പർവ്വതങ്ങളും മാറ്റൊലി കൊള്ളുന്നു

രചന            : ഖാലിദ് ഹോസൈനി

പ്രസാധകർ : ഡി സി ബുക്ക്സ്

പേജ്             : 464

വില               : 499


പട്ടം പറത്തുന്നവൻ, തിളക്കമാർന്ന ഒരായിരം സൂര്യന്മാർ എന്നീ പ്രശസ്തമായ കൃതികൾക്ക് ശേഷം വന്ന ഖാലിദ് ഹോസൈനിയുടെ മറ്റൊരു മനോഹരമായ നോവൽ ആണ് 'പർവ്വതങ്ങളും മാറ്റൊലി കൊള്ളുന്നു'.


 നോവൽ ആരംഭിയ്ക്കുന്നത്  അബ്ദുള്ളയ്ക്കും പരിക്കും അവരുടെ പിതാവ് സാബൂർ പറഞ്ഞു കൊടുക്കുന്ന ഒരു ദീവിന്റെ കഥയിലൂടെയാണ്. മൈതാൻ സബ്സ് എന്ന ഗ്രാമത്തിൽ നിന്ന് ഒരു കർഷകന്റെ എറ്റവും പ്രിയപ്പെട്ട ഇളയ മകനെ ഒരു ദീവ്  പിടിച്ചു കൊണ്ടുപോകുന്നതായിരുന്നു കഥ.  


ആ കഥ കുഞ്ഞു പരിയെയും അവളുടെ പ്രിയപ്പെട്ട ജ്യേഷ്ഠൻ അബ്ദുള്ളയേയും അവരുടെ ജീവിത കഥയാക്കുമെന്ന് അവരറിഞ്ഞിരുന്നില്ല.


ഇവരുടെ സഹോദര സ്നേഹത്തിൽ നിന്ന് അജിന്റെ ആഴങ്ങളെ തോറ്റു കൊണ്ട്, വായനക്കാരുടെ ഹൃദയത്തെ മുറിവെൽപ്പിച്ചു  കൊണ്ട് ആണ്  ഖാലിദ്‌ ഹുസൈനിയുടെ പർവതങ്ങളും മാറ്റൊലി കൊള്ളുന്നു എന്ന രചന മുന്നേറുന്നത്.



എന്നാൽ മുൻ രചനകളിൽ നിന്ന് വ്യത്യസ്തമായി രണ്ടോ മൂന്നോ പ്രധാന കഥാപാത്രങ്ങളിൽ ചുരുക്കാതെ ഒരുപാട് ജീവിതങ്ങളെ കൂടി കഥയിൽ ഉടനീളം പരിചയപ്പെടുത്തുന്നുണ്ട്, കഥാകൃത്ത് .



 മുൻ നോവലുകളിൽ എന്ന പോലെ അഫ്ഗാനിസ്താനിലെ രാഷ്ട്രീയാവസ്ഥയും  ജന ജീവിതവും ഇതിലും കടന്നുവരുന്നുണ്ട്. എന്നാൽ  മറ്റു രാജ്യങ്ങളിലെയ്ക്കും അവിടങ്ങളിലെ കഥാപാത്രങ്ങളിലെയ്ക്കും അവരുടെ ജീവിത ശൈലിയിലെയ്ക്കും കൂടി വ്യാപിയ്ക്കുന്നുന്നുണ്ട് ഇത്തവണ .


ഖാലിദ് ഹൊസൈനിയുടെ ആഖ്യാനശൈലി തന്നെ ആണ് ഈ കൃതിയുടെയും ആത്മാവ്. വായനക്കാരെ അവസാനം വരെ പിടിച്ചിരുത്താനും ഓരോ കഥാപാത്രങ്ങൾക്കും ഒപ്പം മനസ്സ് കൊണ്ട് സഞ്ചരിയ്ക്കാനും നമുക്ക് കഴിയും എന്നു തീർച്ച.


- ശ്രീ

Saturday, July 31, 2021

തിളക്കമാർന്ന ഒരായിരം സൂര്യന്മാർ

പുസ്തകം : തിളക്കമാർന്ന ഒരായിരം സൂര്യന്മാർ

രചന : ഖാലിദ് ഹോസൈനി

പ്രസാധകർ : ഡി സി ബുക്ക്സ്

പേജ് : 336

വില : 195

"One could not count the moons that shimmer on her roofs, Or the thousand splendid suns that hide behind her walls."

കാബൂളിനെ പറ്റി പതിനേഴാം നൂറ്റാണ്ടിൽ Saib-e-Tabrizi എഴുതിയ കവിതയിൽ നിന്നുള്ള ഈ വരികൾ ആണ് ഇത്.

1950 കളുടെ അവസാനം മുതൽ 2000 ങ്ങളുടെ ആദ്യ പകുതിയോളം നീണ്ടു നിൽക്കുന്ന അമ്പതു വർഷങ്ങൾക്കിടയിലുള്ള  അഫ്ഘാനിസ്ഥാനിലെ സ്ത്രീ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ ആണ് ഖാലിദ് ഹോസൈനിയുടെ 'തിളക്കമാർന്ന ഒരായിരം സൂര്യന്മാർ' എന്ന നോവലിന്റെ ഇതിവൃത്തം.

ശാന്തമായ അന്തരീക്ഷത്തിൽ തുടങ്ങുന്ന കഥ പിന്നീട് യുദ്ധത്തിന്റെയും  ഭീകരാവസ്ഥയുടെയും നടുക്കുന്ന വിവരണങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്നു. മുജാഹിദീനുകളും താലിബാനും എല്ലാം അവിടുത്തെ ജനജീവിതത്തെ എത്രത്തോളം നശിപ്പിച്ചു എന്നും ഓരോ ദിവസവും ഉണരുമ്പോൾ ജീവൻ നഷ്ടമാകുമോ, ഉറ്റവരെ നഷ്ടപ്പെടുമൊ, വീട് നഷ്ടമാകുമോ... കഴിയ്ക്കാൻ ഭക്ഷണം ഉണ്ടാകുമോ എന്നു പോലും ഭയന്ന് ജീവിയ്ക്കേണ്ട അവസ്ഥകളിലേയ്ക്ക് തകർന്നു പോകുന്ന ആ ഒരു ജനതയുടെ നടുവിൽ യാഥാസ്ഥിതിക കുടുംബങ്ങളിൽ ജനിച്ച് വളർന്ന അഫ്ഘാൻ സ്ത്രീകളുടെ പ്രതീകങ്ങളായ  മറിയത്തിന്റെയും ലൈലയുടെയും കഥയാണ് ഇത്.

അക്കാലത്തെ സ്ത്രീ സമൂഹം അനുഭവിക്കേണ്ടി വന്ന  നരക യാതനകളൂടെയും കഷ്ടപ്പാടുകളുടെയും നേർ ചിത്രമാണ് ഈ നോവൽ. സ്വന്തം കുടുംബത്തിൽ ഭർത്താവിന്റെ ചൊ ൽപ്പടിയ്ക്ക് ജീവിയ്ക്കേ ണ്ടി വരുന്ന ഈ രണ്ടു സ്ത്രീ ജീവിതങ്ങളെ അക്കാലത്തെ അഫ്ഗാനിലെ രാഷ്ട്രീയ സാമൂഹ്യ  വ്യവസ്ഥിതി കൂടുതൽ ദുഷ്കരമാക്കുന്നു. ക്രൂരവും മനുഷ്യത്വ രഹിതവുമായ ഭരണകൂടത്തിന്റെ നിയമങ്ങൾക്ക് ഒപ്പം സ്ത്രീയ്ക്ക് തുണ ആകേണ്ട ഭർത്താവിൽ നിന്ന് തന്നെ അതി ക്രൂരമായി പീഡിപ്പിയ്ക്കപ്പെടേണ്ടി വരുമ്പോഴും അയാൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയാതെ അടിമയെ പോലെ ഭയന്ന് ജീവിയ്ക്കേണ്ടി വരുന്ന സ്ത്രീകളെ ഈ  നോവലിൽ കാണാം. ഭരണകൂട ഭീകരതയും പുരുഷാധിപത്യവും ആൺ പെൺ വിവേചനവും പട്ടിണിയും ദാരിദ്ര്യവും എല്ലാം തന്റെ അസാധാരണമായ രചനാശൈലിയിൽ ഖാലിദ് ഹൊസൈനി ആവിഷ്കരിച്ചിരിക്കുന്നു....

1959 ൽ ജലീൽ എന്ന ഒരു പണക്കാരന് തന്റെ വേലക്കാരിയിൽ പിറക്കുന്ന,  "ഹറാം പിറന്നവൾ" എന്ന് വിളിയ്ക്കപ്പെടുന്ന മറിയം... അവളൊടൊപ്പം ആണു കഥ ആരംഭിയ്ക്കുന്നത്. അവളുടെ കഷ്ടതകൾ നിറഞ്ഞ ജീവിതവും ഒരേയൊരാശ്രയമായ അമ്മയുടെ മരണവും പതിനഞ്ചാം വയസ്സിൽ നാല്പത്തഞ്ച്കാരനായ റഷീദ് എന്ന വിഭാര്യനുമായി  നിർബന്ധിതമായി നടത്തപ്പെടുന്ന വിവാഹവും തുടർച്ചയായി അലസിപ്പോകുന്ന ഗർഭവും തുടർന്ന് ഭർത്താവിന്റെ അവഗണനകളും എല്ലാം നമുക്ക് നേരിൽ കാണും പോലെ അനുഭവേദ്യമാകുന്നുണ്ട്.

അതെ സമയം മരിയത്തെ അപേക്ഷിച്ചു കുറേകൂടി മെച്ചപ്പെട്ട ചുറ്റുപാടുകളിൽ ജീവിച്ചു,  നല്ല വിദ്യാഭ്യാസം ലഭിച്ച ലൈലയുടെ  അവസ്ഥ വളരെ പെട്ടെന്ന് ആണ് തകിടം മറിയുന്നത്. യുദ്ധത്തിന്റെ ഭീകരാന്തരീക്ഷത്തിൽ ആദ്യം കളിക്കൂട്ടുകാരൻ താരിഖിനു നാട് വിട്ടു പോകേണ്ടി വരുമ്പോൾ പിന്നാലെ ഒരു സ്ഫോടനത്തിൽ അവൾക്ക് അച്ഛനമ്മമാരെയും സ്വന്തം കിടപ്പാടം വരെയും നഷ്ടപ്പടുന്നു. 

പരിക്ക് പറ്റി കിടന്ന ലൈലയെ സ്വന്തം വീട്ടിൽ എടുത്തു കൊണ്ടു വന്ന, അപ്പോഴെയ്ക്കും അറുപതുകാരൻ ആയ റഷീദിനെ പരിക്ക് ഭേദമാകുമ്പോൾ  വിവാഹം ചെയ്യാൻ പതിനഞ്ചു കാരി ആയ അവൾക്ക് തീരുമാനമെടുക്കേണ്ടി വരുന്നു.  

 തുടർന്ന് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത് മറിയവും ലൈലയും ഒരുമിച്ചാണ്. അവരിരുവർക്കും ഇടയിൽ ആദ്യം ഉടലെടുക്കുന്ന സ്പർദ്ധ ലൈലയുടെ കുഞ്ഞിന്റെ ജനനത്തോടെ പതിയെ പതിയെ അലിഞ്ഞലിഞ്ഞു ,  പിരിയാനാവാത്ത ബന്ധമായി രൂപപ്പെടുന്നു.

പക്ഷെ, ചുരുങ്ങിയ കാലത്തിനുള്ളിൽ അവർ ഒരുമിച്ചു അനുഭവിയ്ക്കേണ്ടി വരുന്ന കണക്കില്ലാത്ത യാതനകൾ... പട്ടിണി, മർദ്ദനം അവയുടെ അവസാനം...അനിവാര്യമായ വേർപാടുകൾ, കൂടിച്ചേരലുകൾ...   സുഖകരമെന്ന് പറയാവുന്ന പരിസമാപ്തി.

 ഹൃദയ സ്പർശിയായ വായനാനുഭവമാണ് തിളക്കമാർന്ന ഒരായിരം സൂര്യന്മാർ വായനക്കാർക്ക് നൽകുക എന്ന് നിസ്സംശയം പറയാം.


-ശ്രീ

Tuesday, June 15, 2021

പട്ടം പറത്തുന്നവൻ

 പുസ്തകം: പട്ടം പറത്തുന്നവൻ

രചന: ഖാലിദ് ഹൊസൈനി 

പ്രസാധകർ: ഡിസി ബുക്സ് 

പേജ്: 328

വില: 330


1970 കൾ മുതൽ 2000 ലെ ആദ്യ ചില വർഷങ്ങൾ വരെ നീണ്ടു കിടക്കുന്ന അഫ്ഗാനിസ്താനിലെ ജീവിതം വരച്ചു കാട്ടുന്ന ഹൃദ്യമായ ഒരു നോവൽ ആണു പട്ടം പറത്തുന്നവൻ.

യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത പ്രതിസന്ധികൾ വായനക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിയ്ക്കും എന്നതിൽ സംശയമില്ല.

കാബൂളിലെ ഒരു ധനികകുടുംബാംഗം ആയ അമീർ, അവന്റെ വീട്ടു ജോലിക്കാരൻ ആയ ഹസാര വിഭാഗത്തിൽ പെട്ട അലിയുടെ മകൻ  ഹസ്സൻ എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥ പറഞ്ഞാണ് നോവൽ ആരംഭിക്കുന്നത്.   അമീറിന്റെ അച്ഛൻ അലിയെയും ഹസ്സനെയും കുടുംബാംഗങ്ങൾ എന്ന പോലെ തന്നെ ആണ് പരിഗണിച്ചിരുന്നത്. മിടുക്കൻ ആയ ഹസ്സനെ അഭിനന്ദിയ്ക്കാനും പ്രോത്സാഹിപ്പിയ്ക്കാനും മറക്കാത്ത അദ്ദേഹം  അതെ സമയം സ്വതവേ തണുപ്പൻ മട്ടുകാരൻ ആയ അമീറിന്റെ പ്രകൃതത്തിൽ  ചിലപ്പോഴെങ്കിലും തന്റെ നിരാശ പ്രകടമാക്കാറുമുണ്ട്. 

ഹസ്സന്റെ ആത്മാർത്ഥ സ്നേഹവും സൗഹൃദവും അമീറിനോടുള്ള അവന്റെ വിധേയത്വവും നമ്മുടെ മനസ്സ് കുളിർപ്പിയ്ക്കും. അതെ സമയം അമീറിന്റെ നിസ്സംഗതയും ഇടയിൽ വരുന്ന സമപ്രായക്കാരനായ അസീഫിന്റെ വികൃതമായ ക്രൂരത നിറഞ്ഞ കളികളും.

 

പട്ടം പറത്തുന്നതിൽ വിദഗ്ദനായ അമീറും പൊട്ടിയ പട്ടം ഓടി പിടിയ്ക്കാൻ അസാമാന്യ വൈദഗ്ദ്യം ഉള്ള ഹസ്സനും നമ്മേ ആവേശം കൊള്ളിയ്ക്കുന്നുണ്ട്.  എന്നാൽ ആവേശകരമായ ഒരു പട്ടം പറത്തൽ മത്സരത്തിനു ശേഷം അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില സംഭവങ്ങൾ ഉണ്ടാകുകയും അതെ തുടർന്ന് അവർ തമ്മിൽ വേർപിരിയേണ്ടി വരികയും ചെയ്യുന്നു. തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനിൽ ഭരണമാറ്റവും അട്ടിമറികളും യുദ്ധവും ആരംഭിയ്ക്കുന്നതോടെ  ജനങ്ങൾ ആശങ്കാകുലരാകാനും പലായനം ചെയ്യാനും നിർബന്ധിതരാകുന്നു. മറ്റുള്ളവർക്ക് ഒപ്പം അമീറും അവന്റെ പിതാവും പാക്കിസ്ഥാനിലേക്കും പിന്നീട് അവിടെനിന്ന്  അമേരിക്കയിലേക്ക് കുടിയേറുന്നു. 


എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ചിരുന്ന ജന്മികളിൽ നിന്ന് അഭയാർത്ഥികളെ പോലുള്ള അവരുടെ പിന്നീടുള്ള ജീവിതവും കണ്മുന്നിലെണ്ണ വണ്ണം വായനക്കാർക്ക് അനുഭവവേദ്യമാകുന്നുണ്ട്.


 പിന്നീട് വളരെ വർഷങ്ങൾക്കു ശേഷം അമീറിന് തന്റെ ജീവിതത്തിലെ ഒരു വലിയ തെറ്റ് തിരുത്താനുള്ള ഒരവസരം കൈവരുന്നു. രണ്ടും കല്പിച്ച്  അഫ്ഗാനിസ്ഥാനിലെയ്ക്ക് പോകുന്ന അമീറിന്റെ കാഴ്ചകളിലൂടെയുള്ള മാറിയ അഫ്ഗാനിസ്ഥാൻ ആണ് നാം പിന്നീട് കാണുന്നത്.  വായനക്കാരെ പൊള്ളിയ്ക്കുന്ന, അസ്വസ്ഥരാക്കുന്ന ഒട്ടനേകം കാഴ്ചകൾ... യുദ്ധം അഫ്ഗാനിസ്ഥാനെ എത്രമാത്രം നശിപ്പിച്ചു എന്ന് ആ അനുഭവ കാഴ്ചകൾ  കാണിച്ചു തരുന്നു. തുടർന്ന് സോറാബ് എന്ന ബാലനെ വീണ്ടെടുക്കാനുള്ള അമീറിന്റെ പ്രയത്നങ്ങളും നോവലിസ്റ്റ് വിവരിയ്ക്കുമ്പോൾ കുഞ്ഞു സോറാബിന്റെ ദുരിത ജീവിതവും കഷ്ടതകളും ജീവിതാനുഭവങ്ങളും  നമ്മുടെയും കണ്ണു നിറയ്ക്കും... തീർച്ച.



- ശ്രീ

Thursday, May 20, 2021

ഒറിജിൻ

 പുസ്തകം : ഒറിജിൻ

കഥാകൃത്ത് : ഡാൻ ബ്രൗൺ

വിവർത്തനം : സുരേഷ് എം ജി

പ്രസാധകർ : ഡി സി ബുക്ക്സ്

പേജ് : 584

വില : 599


"ചരിത്രം പരിശോധിക്കുക. ഭൂമിയിലെ ഏറ്റവും അപകടകാരികളായ മനുഷ്യർ ദൈവമക്കളാണ്. അവരുടെ ദൈവങ്ങൾ ഭീഷണിയിലാകുമ്പോൾ അവർ പ്രത്യേകിച്ചും അപകടകാരികളാകുന്നു."


ഡാൻ ബ്രൗണിന്റെ റോബർട്ട് ലാങ്ഡൻ സീരീസിലെ അഞ്ചാമത്തെ പുസ്തകം ആണ് ഒറിജിൻ. മുൻപിലത്തെ ലാങ്ഡൻ കഥകൾ ആയ Angels and demons, Davinci code, Lost Symbol, Inferno എന്നിവയുടെ അതേ ഫോർമുലയിൽ വരുന്ന ഒരു ത്രില്ലർ തന്നെ ആണ് ഒറിജിൻ. പതിവ് പോലെ ഈ പുസ്തകത്തിലും പ്രതിപാദിച്ചിരിയ്ക്കുന്ന കല, വാസ്തുശില്പവിദ്യ, സ്ഥലം, ശാസ്ത്രം, മത സ്ഥാപനങ്ങൾ എല്ലാം തന്നെ യഥാർഥ്യത്തിൽ ഉള്ളത് തന്നെ ആണ്. പേര് സൂചിപ്പിയ്ക്കുന്ന പോലെ തന്നെ ഭൂമിയിലെ ജീവന്റെ ഉൽപ്പത്തി യെ ആധാരമാക്കിയാണു ഇത്തവണ ഡാൻ ബ്രൗൺ നമ്മെ വിസ്മയിപ്പിയ്ക്കുന്നത്.


ഒറ്റ രാത്രിയിൽ നടക്കുന്ന ഉദ്വേഗ ജനകമായ സംഭവങ്ങൾ തന്നെ ആണ് ഈ കഥയിലും. ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിലെ ചിഹ്ന ശാസ്ത്രജ്ഞൻ പ്രൊഫസർ ലാങ്ഡൻ, തന്റെ പൂർവ്വ കാല ശിഷ്യനും നിരീശ്വര വാദിയും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ആയ എഡ്മണ്ട് കീർഷിന്റെ ക്ഷണ പ്രകാരം സ്പെയിനിലേയ്ക്ക് ചെന്നെത്തുകയാണ്.


ഈ ലോകത്തെ തന്നെ മാറ്റി മറിച്ചേക്കാവുന്ന തന്റെ ഒരു കണ്ടു പിടുത്തത്തെ ലോകർക്ക് മുൻപിൽ അവതരിപ്പിയ്ക്കാൻ (ഓൺലൈൻ ലൈവ് പ്രോഗ്രാം) വേണ്ടി ആയിരുന്നു വിശദാംശങ്ങൾ  ആരെയും അറിയിയ്ക്കാത്ത ഈ ചടങ്ങ്. തന്റെ വെളിപ്പെടുത്തൽ എല്ലാ മത നേതാക്കളെയും വിശ്വാസികളെയും ഒരു പക്ഷെ പ്രകോപിപ്പിച്ചേക്കാം എന്ന ആശങ്കയും താൻ അപായപ്പെട്ടേക്കാം എന്ന സൂചനയും കീർഷ്  ലാങ്ഡനെ അറിയിയ്ക്കുന്നു. 


ലോക മതവിശ്വാസങ്ങളുടെ അടിത്തറ തന്നെ ഇളക്കാൻ തക്ക ശക്തമായ... എല്ലാ മതങ്ങളുടെയും നില നിൽപ്പിനു തന്നെ ആധാരമായ ചോദ്യങ്ങൾ... നൂറ്റാണ്ടുകൾ അല്ല, മാനവ ചരിത്രത്തിന്റെ അത്ര തന്നെ പഴക്കം ചെന്ന രണ്ട് ചോദ്യങ്ങൾ... "നാം എവിടെ നിന്നു വരുന്നു? നാം എങ്ങോട്ട് പോകുന്നു?"  ഈ രണ്ട് ചോദ്യങ്ങളുടെ ഉത്തരങ്ങൾ  തെളിവുകൾ ഉൾപ്പെടെ വെളിപ്പെടുത്തുവാൻ തുടങ്ങുന്ന അതെ നിമിഷത്തിൽ...  കീർഷിന്റെ മറ്റൊരു കണ്ടുപിടുത്തം ആയ വിൻസ്റ്റൺ  എന്നു പേരായ Artificial Intelligence ൽ പ്രവൃത്തിയ്ക്കുന്ന virtual computer ൽ നിന്ന് എന്തോ അപായ സൂചന കിട്ടുന്നു. ലാങ്ഡനു പക്ഷെ ഏതെങ്കിലും വിധത്തിൽ ഇടപെടാൻ ആകും മുൻപേ ഒരു  കൊലയാളിയുടെ വെടിയേറ്റ് തന്റെ കണ്ടുപിടുത്തം വെളിപ്പെടുത്തുന്നതിനു തൊട്ട് മുൻപ് കീർഷ്  കൊല്ലപ്പെടുകയാണ്.


കൊലപാതകി നിമിഷങ്ങൾക്കുള്ളിൽ രക്ഷപ്പെടുന്നു എങ്കിലും സ്പെയിനിലെ രാജകുടുംബത്തിന്റെ ഔദ്യോഗിക സുരക്ഷാ വിഭാഗമായ ഗാർഡിയാ റിയൽ ഏജന്റ്സ് സംശയത്തിന്റെ പേരിൽ ലാങ്ഡനെയും ബിൽബാവോ മ്യൂസിയം ഡയറക്ടറും സ്പെയിനിന്റെ നിയുക്ത റാണിയും കൂടിയായ ആംബ്ര വിദാലിനെയും പിടിച്ചു നിർത്തുന്നു.


എന്നാൽ ഈ കൊലപാതകത്തിന്റെ സൂത്രധാരന്മാർക്ക് രാജകൊട്ടാരവുമായി എന്തോ ബന്ധമുണ്ടെന്നു സംശയം തോന്നുന്ന ആംബ്ര ലാങ്ഡന്റെ ഒപ്പം വിൻസ്റ്റന്റെ സഹായത്തോടെ മ്യൂസിയത്തിൽ നിന്ന് രക്ഷപ്പെടുകയാണ്. എത്രയും വേഗം കീർഷിന്റെ കണ്ടുപിടുത്തത്തെ  ലോകർക്ക് മുൻപിൽ  അനാവരണം ചെയ്യുക എന്നത് അവരുടെ കർത്തവ്യത്തോടൊപ്പം സ്വന്തം നിരപരാധിത്വം തെളിയിയ്ക്കേണ്ട ബാധ്യതയും കൂടി ആയി മാറുന്നു.


മത നേതാക്കളുടെ പ്രതിനിധികൾ ആയ ബിഷപ്പ് ആന്റോണിയോ വാൾഡെസ്‌പീനോ, റബ്ബി കോവെസ്, അല്ലാമ അൽ ഫദൽ എന്നിവരും സ്പെയിൻ രാജകുമാരൻ ഡോൺ ജൂലിയൻ, ഗാർഡിയ കമാന്റർ ഡീഗോ ഗാർസ, അഡ്മിറൽ അവീല, മോനിക മാർട്ടിൻ, മാർകോ, പാൽമേറിയൻ സഭയും മാർപ്പാപ്പയും, ഫാദർ ജോവാക്വിം ബെന,  monte@iglesia.com എന്ന അജ്ഞാത ബ്ലോഗർ... അങ്ങനെ അനേകരിലൂടെ കഥ വികസിയ്ക്കുകയാണ്.


ഡാൻ ബ്രൗൺ കൃതികളും ശൈലിയും ഇഷ്ടപ്പെട്ടുന്ന ഒരാൾ എന്ന നിലയ്ക്ക് ഒറിജിൻ എന്നെ നിരാശപ്പെടുത്തിയില്ല. എനിയ്ക്ക് ഇഷ്ടം ആയെങ്കിലും  Davinci Code പോലെ എറ്റവും മികച്ചു നിൽക്കുന്ന ഒരു ആക്ഷൻ അഡ്വെഞ്ച്വർ പായ്ക്ക്ഡ് സസ്പെൻസ് ത്രില്ലർ അല്ല ഒറിജിൻ എന്നു പറയേണ്ടി വരും. പക്ഷെ, ഡാൻ ബ്രൗണിന്റെ വായനക്കാരെ തൃപ്തിപ്പെടുത്താനുള്ള ചേരുവകൾ എല്ലാം ഇതിലും ഉണ്ട്. 


അവസാന ഭാഗങ്ങൾ ഡാൻ ബ്രൗണിന്റെ സ്ഥിരം വായനക്കാർക്ക് ഏറെക്കൂറെ ഊഹിച്ചെടുക്കാൻ കഴിയുന്നതായിട്ടാണ്  അനുഭവപ്പെട്ടത്.  എന്നിരിയ്ക്കിലും എല്ലായ്പോഴും എന്ന പോലെ ഒറ്റയടിയ്ക്ക് വായിച്ചു തീർക്കാൻ പ്രലോഭിപ്പിയ്ക്കുന്ന എല്ലാം ഒറിജിൻ എന്ന ഈ പുസ്തകം നമുക്കായി കാത്തു  വയ്ക്കുന്നുണ്ട്.


- ശ്രീ

Thursday, April 15, 2021

ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക


വായിയ്ക്കുന്ന എല്ലാ പുസ്തകങ്ങളെ കുറിച്ചും കുറിപ്പ് എഴുതുന്ന പതിവില്ല. പക്ഷെ, എഴുതണം എന്നു കരുതിയവ ഒരിയ്ക്കലും അധികം നീണ്ടു പോകാറുമില്ല.  ഇതാദ്യമായിട്ടാണ് ഒരു പുസ്തകം വായിച്ച ശേഷം അതിന്റെ റിവ്യൂ ഇത്രയും നീണ്ടു പോകുന്നത്.


എച്മു ചേച്ചിയെ ബ്ലോഗ് എഴുതുന്ന കാലം മുതൽ അതായത് ഒരു പന്ത്രണ്ട് വർഷത്തോളമായി പരിചയമുണ്ട്. ചേച്ചി ബ്ലോഗിൽ എഴുതിയ 'കമ്പി കെട്ടിയ ഒരു ചൂരൽ' എന്ന ഒരനുഭവക്കുറിപ്പ് ആയിരുന്നു ഞാനാദ്യം വായിയ്ക്കുന്നത് എന്നാണോർമ്മ. അതുൾപ്പെട്ട മിക്ക കുറിപ്പുകളും വായനക്കാരെ അസ്വസ്ഥരാക്കും വിധം  വേദനിപ്പിയ്ക്കുന്ന അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകളായിരുന്നു. പലപ്പോഴും ചേച്ചിയുടെ കുറിപ്പുകൾ  വായിച്ച ശേഷം കമന്റ് ഒന്നും എഴുതാതെ മടങ്ങി പോരാറുണ്ട്. 


തുടർന്നുള്ള വർഷങ്ങൾക്കിടയിൽ ചേച്ചി ഫേസ്ബുക്കിലുൾപ്പെടെ എഴുത്തിൽ കൂടുതൽ സജീവമായി. അവിടെ എഴുതിയ കുറിപ്പുകൾ ഒരുപാട് വായനക്കാരെ ആകർഷിച്ചു.  പ്രശസ്തരായ പലരും ആ എഴുത്തുകളിലൂടെ മറയില്ലാതെ തുറന്നു കാട്ടപ്പെട്ടപ്പോൾ ആരാധകരും വിമർശകരും ഒരു പോലെ കൂടി. അവസാനം അത് അച്ചടിമഷി പുരണ്ട് ജനങ്ങളിലേക്ക് എത്തി... അതാണ് "ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക" എന്ന പുസ്തകം.


പേരിലെ വ്യത്യസ്തത പുസ്തകത്തിന്റെ ഉള്ളടക്കത്തിലും വായനക്കാർക്ക് കാണാനാകും. ആത്മകഥാംശമേറെയുള്ള ഒരു സൃഷ്ടി എന്നോ ഈ കാലഘട്ടത്തിലും പുരുഷാധിപത്യത്തിന്റെ നികൃഷ്ടമായ വശങ്ങൾ തുറന്നു കാട്ടുന്ന തുറന്നെഴുത്ത് എന്നോ ചവിട്ടിയരയ്ക്കപ്പെട്ടിടത്തു നിന്നും തളരാതെ ജീവിതത്തോട് പൊരുതി വിജയിച്ച, മറ്റു സ്ത്രീജനങ്ങൾക്ക് മാതൃകയാക്കാവുന്ന ഒരു സ്ത്രീജന്മത്തിന്റെ ആവിഷ്കാരം എന്നോ... എങ്ങനെ വേണമെങ്കിലും ഈ കൃതിയെ നമുക്ക് അടയാളപെടുത്താം.


ഇതുപോലൊരു തുറന്നെഴുത്തിന് മുതിരുമ്പോൾ, അതുമൊരു സ്ത്രീ മുന്നിട്ടിറങ്ങുമ്പോൾ അവർ നേരിടേണ്ടി വരുന്നത് ഒരു വലിയ സമൂഹത്തിനെയാണ്... നൂറു നൂറു ചോദ്യങ്ങളെയാണ്. എന്തു കൊണ്ട് അന്ന് ഇത് തുറന്നു പറഞ്ഞില്ല എന്നതുൾപ്പെടെ. (എല്ലാത്തിനും ഒരുത്തരം മാത്രം... ഇത് ജീവിതമാണ് സുഹൃത്തുക്കളെ. ഇവിടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുമ്പോൾ അപ്പോഴത്തെ പ്രായോഗിക ബുദ്ധിയ്ക്ക് മാത്രമാണ് പ്രസക്തി)



മനസ്സിനെ വളരെയധികം പിടിച്ചുലച്ച അനുഭവ വിവരണങ്ങളുടെ പൊള്ളുന്ന ചൂട് ആണോ അതോ  ഇതിലെ പ്രധാന കഥാപാത്രമായ 'ജോസഫ് എന്ന പ്രശസ്തൻ' ഞാനും കൂടി ഉൾപ്പെടുന്ന ആണുങ്ങളിൽ ഒരാൾ ആയതിന്റെ അപകർഷതാ ബോധം കാരണം ആണോ ഒരു വായനാനുഭവം എഴുതുക എന്നത് ഒരു ബാലികേറാമല പോലെ എനിയ്ക്ക് മുന്നിൽ നിന്നത് എന്നു വേർതിരിച്ചു പറയാൻ ആകുന്നില്ല. 


എങ്കിലും മറ്റൊരു വിധത്തിൽ ആലോചിയ്ക്കുമ്പോൾ ഇത് ഒരു പുരുഷമേധാവിത്വത്തിന്റെയോ മാനസിക വൈകൃതമുള്ള ഒരു പ്രശസ്തന്റെയോ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളുടെയോ മാത്രം കഥകൾ അല്ല.  എച്മു ചേച്ചിയുടെ അതിജീവനത്തിന്റെ കഥയാണ്. ഇത്ര ഭീകരമായ അവസ്‌ഥ തരണം ചെയ്ത് ഇന്ന്  ഈ നിലയിൽ എത്തിയത് കൊണ്ട് ഇതൊക്കെ കുറെ പേർ അറിഞ്ഞു. അതല്ല എങ്കിലോ... ഒരു കഷ്ണം കയറിലോ സാരിയിലോ ആരോരുമറിയാതെ തീരുമായിരുന്ന, ആർക്കും വേണ്ടാത്ത ഒരു ജീവിതം ആയേനെ. കാരണം നമ്മൾ അറിയാത്ത എത്രയോ എച്മു കുട്ടിമാർ നമ്മളറിയാതെ അങ്ങനെ ജീവിതം അവസാനിപ്പിച്ചു പരാജയം സമ്മതിച്ചു പോയിക്കാണും. അതിലും അധികമെത്രയോ പേർ പുറം ലോകം അറിയാതെ എല്ലാം ഉള്ളിലൊതുക്കി നമുക്കിടയിൽ ഇപ്പോഴും നീറി നീറി ജീവിയ്ക്കുന്നുണ്ടാകും. അങ്ങനെയുള്ളവർക്ക് ഒരു പ്രചോദനമാണ് എച്മു ചേച്ചിയുടെ ജീവിതവും കഥകളും. ഒപ്പം മനുഷ്യത്വം വറ്റാത്ത അപൂർവ്വം ചിലർ എങ്കിലും ഇനിയും ഈ ലോകത്ത് ബാക്കിയുണ്ട് എന്നു തെളിയിയ്ക്കുന്ന ചുരുക്കം ചില നന്മയുള്ള മനുഷ്യരും നമുക്ക് ഈ ലോകത്ത് ഇനിയും പ്രതീക്ഷ നൽകുന്നു.


 ജോസഫ്... എന്തു മനുഷ്യൻ(?) ആണയാൾ? അയാളെക്കാൾ എത്രയോ മുകളിൽ ആണ് പഠിപ്പും വിദ്യാഭ്യാസവും ഇല്ലാതെ രാത്രി കള്ളും കുടിച്ചു വന്ന് ഭാര്യയെ തല്ലുന്ന നിരക്ഷരനായ ഒരു കൂലിപ്പണിക്കാരൻ! അയാൾക്ക് ഒരൊറ്റ മുഖമേ കാണൂ... സമൂഹത്തിലും വീട്ടിലും. അയാൾക്ക് അഭിനയിയ്ക്കാനും അറിവുണ്ടാകില്ല. 


പക്ഷെ, ഇവിടെയോ?  ഒരു പ്രശസ്തൻ  ആയതിന്റെ എല്ലാ ആനുകൂല്യങ്ങളും ജോസഫ് അനുഭവിച്ചു. എല്ലാ സ്വാധീനങ്ങളും അയാൾ ഉപയോഗിച്ചു. തന്റെ വികൃതമായ മനസ്സും സ്വഭാവവും ഭംഗിയായി സമൂഹത്തിന്റെ മുന്നിൽ നിന്നും മറച്ചു വയ്ക്കാനും അയാൾക്ക് കഴിഞ്ഞു. എങ്കിലും വിശ്വസിച്ചു കൂടെ ഇറങ്ങിപ്പോന്ന ഇരുപതു വയസ്സ് പോലും തികയാത്ത പെണ്കുട്ടിയെ അയാൾ ഏതൊക്കെ വിധത്തിൽ പീഡിപ്പിച്ചു, എങ്ങനെയൊക്കെ ഉപയോഗിച്ചു... എന്തിന് അവർക്കുണ്ടായ ആ കുഞ്ഞോ... അത് വിവരിയ്ക്കാനോ ഓർക്കാനോ പോലും ഒരു വായനക്കാരന് പോലും സാധിയ്ക്കുന്നുണ്ടാകുമെന്നു തോന്നുന്നില്ല. അപ്പോൾ ആ പൊള്ളുന്ന അനുഭവങ്ങൾ നേരിൽ അനുഭവിച്ച എച്മു ചേച്ചിയുടെ അവസ്‌ഥ എന്തായിരിയ്ക്കും? അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നൊക്കെ പറയുന്നത് ഇതായിരിയ്ക്കണം.


ജോസഫ്‌ മാത്രമല്ല, ആ അച്ഛനോ... ഒരാളുടെ വ്യക്തിത്വം നിർണ്ണയിയ്ക്കുന്നത് അയാളുടെ ഔദ്യോഗിക പദവി അല്ല എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഡോക്ടർ ആയ ആ അച്ഛൻ. മകളുടെ തകർച്ചയിൽ സന്തോഷിയ്ക്കുന്ന ഒരച്ഛൻ ഉണ്ട് എന്നറിയുന്നത് തന്നെ ഏതൊരു അച്ഛനും അപമാനകരം ആണ്. അവസാന കാലത്തെങ്കിലും അയാൾക്ക് വീണ്ടുവിചാരം ഉണ്ടായെങ്കിൽ എന്ന് ആ പുസ്തകം വായിയ്ക്കുമ്പോൾ വെറുതെയെങ്കിലും ഒന്നാശിച്ചു പോയി.


ആ കുഞ്ഞിനെ അമ്മയിൽ നിന്നും മാറ്റി നിർത്തി വർഷങ്ങളോളം ഇരുവരെയും മാനസികമായി പീഡിപ്പിയ്ക്കാൻ ഇവർക്കൊക്കെ എങ്ങനെ മനസ്സു വന്നു? തിരിച്ചു കിട്ടുന്ന കുഞ്ഞിന്റെ പുതിയ ശീലങ്ങൾ അറിഞ്ഞു ചങ്ക് പൊട്ടി കരയുന്ന ആ അമ്മയ്ക്കൊപ്പം വായനക്കാരുടെ കണ്ണുനീർ വീണു നനഞ്ഞ എത്രയെത്ര പേജുകൾ! 


എങ്കിലും പപ്പനും ജയ്‌ഗോപാലും...  അതുപോലെ, ഇവരുടെ ജീവിതത്തിൽ  ഇടയ്ക്ക് വന്നു പോകുന്ന  സാന്ത്വനങ്ങളും പ്രതീക്ഷകളും നൽകുന്ന ചുരുക്കം ചിലരുടെ പിൻബലത്തോടെ ജീവിതം തിരിച്ചു പിടിയ്ക്കുന്ന ഈ കൊച്ചു കുടുംബത്തിന്റെ സന്തോഷകരമായ വിവരണങ്ങളോടെ പുസ്തകം അവസാനിയ്ക്കുമ്പോഴും വായനക്കാർ ഈ മുന്നൂറോളം പേജുകൾ പകർന്നു തന്ന നോവിൽ  നിന്നും തിരിച്ചു വന്നിട്ടുണ്ടാകില്ല എന്നുറപ്പ്. പിന്നെയും എത്ര നാൾ കഴിഞ്ഞാലും ഈ കഥാപാത്രങ്ങൾ നമുക്കുള്ളിൽ ഉണങ്ങാത്ത ഒരു മുറിവ് പോലെ നീറിക്കൊണ്ടിരിയ്ക്കും...


ഈ പുസ്തകം ഇനിയുമിനിയും ഒരുപാട് വായിയ്ക്കപ്പെടട്ടെ! എച്മു ചേച്ചിയെ പോലുള്ള ഇനിയും ഒരുപാട് സ്ത്രീജനങ്ങളുടെ  ഉയിർത്തെഴുന്നേല്പിന് ഒരു പ്രചോദനമാകട്ടെ! 

- ശ്രീ

Wednesday, March 31, 2021

ഡാർക്ക് നെറ്റ് ദി ഡിജിറ്റൽ അണ്ടർവേൾഡ്

 പുസ്തകം : ഡാർക്ക് നെറ്റ് (ദി ഡിജിറ്റൽ അണ്ടർവേൾഡ്)

കഥാകൃത്ത് : ആദർശ് എസ്

ഡിസി ബുക്ക്‌സ് സംഘടിപ്പിച്ച, അഗതാ കൃസ്റ്റി ക്രൈം ഫിക്ഷൻ നോവൽ മത്സരത്തിൽ ആദ്യ നാലു സ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട നോവലുകളിൽ ഒന്നാണ് ആദർശ് എസ് ന്റെ ഡാർക്ക് നെറ്റ് (ദി ഡിജിറ്റൽ അണ്ടർവേൾഡ്).

കേരളത്തിലെ മലയാളി വായനക്കാർക്ക് അധികം പേർക്കും പരിചിതമാകാൻ ഇടയില്ലാത്ത ഒന്നാണ് ഈ പുസ്തകത്തിന്റെ പ്രമേയം. ഡാർക്ക് വെബ് നെ കുറിച്ചാണെന്നു മാത്രം ആണ് സൂചന കിട്ടിയിരുന്നത് എന്നതിനാൽ ലളിതമായി ഇതെങ്ങനെ അവതരിപ്പിച്ചിട്ടുണ്ടാകും എന്ന സങ്കോചത്തോടെ ആണ് വായന തുടങ്ങിയത്. എന്നാൽ ആ സംശയങ്ങൾ എല്ലാം കാറ്റിൽ പറത്തി, വളരെ സുഗമമായ ഒരു വായന സമ്മാനിച്ചു, ഈ നോവൽ.

ലോകം മുഴുവനും ഉപയോഗിയ്ക്കുന്ന വേൾഡ് വൈഡ് വെബ് എന്ന ഇന്റർനെറ്റ് മേഖല യഥാർത്ഥത്തിൽ വെറും 4% മാത്രമാകുമ്പോൾ  ബാക്കി  96% വരുന്ന, സാധാരണക്കാർക്ക്  അധികം പരിചിതമല്ലാത്ത ഡീപ് വെബ്‌/ഡാർക്ക് വെബ്‌ എന്ന മേഖലയിലെ ഭയാനകവും ഇരുണ്ടതുമായ ലോകത്തെ അടിസ്ഥാനമാക്കി, സാങ്കേതിക വിദ്യകൾ കോർത്തിണക്കി, എന്നാൽ അനായാസമായി, ലളിതമായി നമ്മളോട് കഥ പറയുകയാണ് കഥാകൃത്ത്.

 സാധാരണക്കാരായ, ഐടി വിദഗ്ധരല്ലാത്ത വായനക്കാർക്ക് പോലും എളുപ്പം മനസ്സിലാകുന്ന വിധത്തിൽ ലളിതമായും  വിശദമായും അതേ സമയം ചടുലമായും കഥ  അവതരിപ്പിയ്ക്കാൻ ആദർശ് ശ്രദ്ധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ  350 ഓളം പേജ് വരുന്ന ഈ പുസ്തകം ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ ഇത് നമ്മെ പ്രേരിപ്പിയ്ക്കും.

ഈജിപ്തിലെ തുത്തൻഗാമന്റെ പിരമിഡിനെ കുറിച്ചു ഗവേഷണം നടത്തുന്ന ടീമിലെ സീനിയർ ശാസ്ത്രജ്ഞനും ഈജിപ്ഷ്യൻ സ്വദേശിയും ആയ പ്രൊഫസർ യഹിയ അൽ ഇബ്രാഹിമിന്റെ കൊലപാതകവും അത് കാണേണ്ടി വരുന്ന അദ്ദേഹത്തിന്റെ അനുയായി കൂടിയായ ഹേബ മറിയമിന്റെ തിരോധാനവും അതോടൊപ്പം നഷ്ടമാകുന്ന KV62 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന 'എന്തോ ഒന്നി'നെ കുറിച്ചുള്ള സൂചനകളും  വായനക്കാർക്ക് മുൻപിൽ അവതരിപ്പിച്ചു കൊണ്ടാണ് കഥ ആരംഭിയ്ക്കുന്നത്.

അതേ ഗവേഷണ സംഘത്തിൽ ഉണ്ടായിരുന്ന, പ്രൊഫസർ യഹിയയുടെ സുഹൃത്ത് ആയ,  മലയാളി കൂടിയായ പ്രൊഫസർ അനന്തമൂർത്തി കേരളത്തിലേയ്ക്ക് എത്തിപ്പെടുന്നതോടെ തുടർന്നുള്ള സംഭവ പരമ്പരകൾ കേരളത്തെ കേന്ദ്രീകരിച്ചാകുകയാണ്.

  പ്രൊഫസർ അനന്തമൂർത്തിയ്ക്ക് പുരാതന ഈജിപ്ഷ്യൻ വിശ്വാസി സമൂഹത്തിന്റെ ചില സംഘടനകളിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന്  ഇന്റലിജൻസ് കേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് കിട്ടുന്ന കേരളാ പോലീസ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒരു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിയ്ക്കുന്നു. അതിന്റെ നേതൃസ്ഥാനം എസ് പി ശിവന്തികാ നടരാജൻ ഐ പി എസ് എന്ന വനിതാ ഓഫീസറിൽ നിക്ഷിപ്‌തമാകുന്നു. ഒപ്പം സഹായത്തിനായി കേരളാ പൊലീസിലെ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 12 പേരും.

 അനന്തമൂർത്തിയുടെ വധ ഭീഷണിയ്ക്ക് പുറമെ ഡാർക്ക് നെറ്റ് കേന്ദ്രീകരിച്ചു ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ക്രൈം മാഫിയ സിൻഡിക്കേറ്റുകളിൽ ചിലർ കേരളം അവരുടെ കുറ്റകൃത്യങ്ങൾക്ക് വിളനിലം ആക്കാൻ പ്ലാനിടുന്നതായും ഇന്റലിജൻസ് വഴി അറിയുന്ന പോലീസ് സേന, അതിനെതിരെ സുസജ്ജമാകാനും ശിവന്തികയോടും ടീമിനോടും ആവശ്യപ്പെടുന്നു.

അപ്രതീക്ഷിതമായി അനന്തമൂർത്തിയും കൊല്ലപ്പെടുന്നതോടെ സമ്മർദ്ദത്തിലാകുന്ന  പോലീസ്, ഡാർക്ക് വെബ്ബിലെ മാഫിയാ തലവൻ എന്ന പേരിൽ കുപ്രസിദ്ധി ആർജ്ജിച്ച, "മേജർ" എന്ന അപര നാമത്തിൽ അറിയപ്പെടുന്ന അജ്ഞാതനായ, അതിശക്തനായ ശത്രുവിനെതിരെ പ്രതിരോധിയ്ക്കാൻ ഇറങ്ങുകയാണ്. ഒപ്പം ശിഖ, അലൻ എന്നീ ഓൺലൈൻ മാധ്യമ പ്രവർത്തകരും അവരുടെ ചാനലും... 

അതേ സമയം ഡീപ് വെബ്ബിലെ വൈറ്റ് ഹാക്കേഴ്‌സ് നെ പ്രതിനിധീകരിച്ചു "മാസ്റ്റർ" എന്ന പേരിൽ അറിയപ്പെടുന്ന ഒരു അജ്ഞാതനും അദ്ദേഹത്തിന്റെ കൂട്ടാളികളും മേജറിനെ പോലുള്ളവർക്കെതിരെ രംഗത്തു വരുന്നു.

തുടർന്നുള്ള ഉദ്യോഗജനകമായ കഥാസന്ദര്ഭങ്ങൾ കൊണ്ട് സമ്പന്നമാണ് ഡാർക്ക് നെറ്റ് എന്ന ഈ നോവൽ.

 350 ഓളം പേജുകൾ വരുന്ന ഈ നോവൽ ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ ഇത് വായിച്ചു തുടങ്ങുന്ന ഏതൊരു വായനക്കാരനും തോന്നിപ്പോകും.

മയക്കുമരുന്നുകളും ആയുദ്ധക്കടത്തും സെക്‌സ് റാക്കറ്റും ഉൾപ്പെടെ ഗുരുതരവും ഭീകരവുമായ, അനുനിമിഷം വളരുന്ന കുറ്റകൃത്യങ്ങളുടെ കറുത്ത ലോകത്തെയും (അവിടുത്തെ റെഡ് റൂമെന്ന വികൃത മേഖലയെയും) അത് സാധാരണക്കാർക്ക് എത്രത്തോളം ഭീഷണമാകാമെന്നും വ്യക്തമായ സൂചനകൾ നമുക്ക് തരാൻ ഈ നോവലിന് കഴിയുന്നുണ്ട്...

വേണമെങ്കിൽ ഇനിയും എത്ര sequels വേണമെങ്കിലും ഇറക്കാൻ കഴിയാവുന്നത്ര സാധ്യതകൾ അടങ്ങുന്നതാണ്  ഡാർക്ക് നെറ്റ് എന്ന ഈ  നോവലിന്റെ കഥാ ഘടന എന്നത് വായനക്കാർക്ക് ഇനിയും ഒരുപാട് പ്രതീക്ഷകൾ തരുന്നുണ്ട്...

കാത്തിരിയ്ക്കുന്നു, ആദർശിന്റെ പുതിയ കഥകൾക്കായി.


- ശ്രീ

Sunday, March 14, 2021

ന്യൂറോ ഏരിയ

 പുസ്തകം : ന്യൂറോ ഏരിയ

കഥാകൃത്ത് : ശിവൻ എടമന


മലയാളത്തിൽ ക്രൈം ത്രില്ലറുകളുടെ സുവർണ്ണകാലമാണ് ഇപ്പോൾ എന്ന് നിസ്സംശയം പറയാം. മലയാളികളിലേയ്ക്ക് വായനാശീലം തിരിച്ചു കൊണ്ട് വരുവാൻ കോവിഡ് കാലം അകമഴിഞ്ഞു സഹായിയ്ക്കുന്നുമുണ്ട്.

അഗതാ ക്രിസ്റ്റിയുടെ ആദ്യ പുസ്തകം റിലീസ് ആയതിന്റെ നൂറാം വർഷികാഘോഷത്തിന്റെ ഭാഗമായി DC ബുക്ക്‌സ് നടത്തിയ ക്രൈം ത്രില്ലർ നോവൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പുസ്തകമാണ് ശിവൻ എടമനയുടെ "ന്യൂറോ ഏരിയ".

ആദ്യാവസാനം ഉദ്വേഗത്തോടെ ഒറ്റയിരുപ്പിൽ വായിയ്ക്കാനാകുന്ന, അനായാസമായ കൈവഴക്കത്തോടെ എഴുതിയ, പുതിയ കാലത്തിന്റെ ത്രില്ലർ നോവലുകൾ എടുത്താൽ അതിൽ മുൻപന്തിയിൽ കാണും ഈ നോവൽ എന്നുറപ്പ്. 

ഇപ്പോഴും നിരവധി പഠനങ്ങൾ നടന്നു കൊണ്ടിരിയ്ക്കുന്ന റോബോട്ടിക്സിന്റെ, ബ്രെയ്‌ൻ മാപ്പിംഗിന്റെ ഒക്കെ സാധ്യതകളെ മനോഹരമായി  ഉപയോഗപ്പെടുത്തി, അതി നൂതനമായ സാങ്കേതിക വിദ്യകളാൽ സമ്പന്നമായ,  സതേൺ ഹെൽത്ത് കെയർ എന്ന റോബോട്ടിക് ഹോസ്പിറ്റൽ കേന്ദ്രമാക്കി അവിടെ നടന്ന ഒരു കൊലപാതക ശ്രമവും പുറകെ ഒന്നിന് പുറകെ ഒന്നായി മറ്റു രണ്ട് കൊലപാതകങ്ങളും അധികമാർക്കും പ്രവേശനം പോലുമില്ലാത്ത നിഗൂഢമായ "ന്യൂറോ ഏരിയ" യും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികസങ്ങളുമാണ് ചുരുക്കത്തിൽ കഥാ തന്തു.

ഭൂരിഭാഗവും റോബോട്ടുകൾ നിയന്ത്രിയ്ക്കുന്ന, മൃത്യുഞ്ജയ എന്ന വിവിധ ഭാഷകൾ പോലും അനായാസം കൈകാര്യം ചെയ്യുന്ന റിസപ്‌ഷനിലെ റോബോട്ട് മുതൽ രാഹുൽ ശിവശങ്കർ എന്ന വിദഗ്ധനായ യുവ ന്യൂറോ സർജൻ ഉടമസ്ഥനായ സതേൺ ഹെൽത്ത് കെയറിലെ വിസ്മയങ്ങൾ വായനക്കാരെ ത്രില്ലടിപ്പിയ്ക്കും. പണത്തോടുള്ള അമിതാസക്തിയും ആർത്തിയുമുള്ളവരേയും സമൂഹ നന്മയും മനുഷ്യ സ്നേഹവും മാത്രം ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്നവരേയും ജീവിതത്തേക്കാൾ ശാസ്ത്രത്തെ  സ്നേഹിയ്ക്കുന്നവരേയും എല്ലാം നമുക്കിവിടെ കാണാം...

 ആദ്യ പേജിൽ നിന്നു തന്നെ വായനക്കാരൻ മറ്റൊരു ലോകത്തേയ്ക്ക് താനറിയതെ പ്രവേശിയ്ക്കുകയാണ്... അവിടെ നമുക്ക് ചുറ്റും വിസ്മയങ്ങളുടെ, സാങ്കേതികതയുടെ സമ്പത്തിന്റെ മറ്റൊരു ലോകമാണ്. രാഹുലും ഡോക്ടർ ലളിതയും ലൂക്കാ ഡോക്ടറും മർട്ടിനും പിംഗളയും മീനാക്ഷിയും... അവർക്കൊപ്പം വായനയിലുടനീളം ഒരു നിശ്ശബ്ദനായ കാഴ്ചക്കാരനായി അവിടെയെവിടെയെല്ലാമോ നമ്മളുമുണ്ട്. നമ്മുടെ തൊട്ടടുത്തെങ്ങോ അദൃശ്യനായ ആ ആറടിക്കാരൻ കൊലയാളിയും... അത്ര മനോഹരമായി  വായനക്കാരെ കഥയിലേയ്ക്ക് ചേർത്തു നിർത്താൻ ഈ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. കഥാഗതിയിൽ ഒരിടത്തു പോലും ഇഴച്ചിലോ കല്ലുകടിയോ തോന്നിപ്പിയ്ക്കാതെ 274 പേജുകൾ മുഴുവനും വായിച്ചു തീർത്ത ശേഷവും കുറെ നേരം കൂടെ നമ്മുടെ മനസ്സ് ന്യൂറോണുകളുടെ ലോകത്തു തന്നെ വിഹരിയ്ക്കുമെന്നു തീർച്ച.

 ഡാൻ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് പോലെ, ആദ്യ പേജ് മുതൽ ആകർഷിച്ച, വിസ്മയിപ്പിച്ച ഒരു മികച്ച സസ്പെൻസ് ത്രില്ലർ തന്നെ ആണ് ന്യൂറോ ഏരിയ. അതിന്റെ പുറകിൽ കഥാകൃത്ത് നടത്തിയിരിയ്ക്കുന്ന പഠനങ്ങളെയും എടുത്തു പറയേണ്ടിയിരിയ്ക്കുന്നു... 

ഇനിയും നമുക്ക് പ്രതീക്ഷിയ്‌ക്കാം മനോഹരമായ ഒട്ടനവധി സൃഷ്ടികൾ,  ഭാവിയുടെ വാഗ്ദാനമായ ഈ കഥാകൃത്തിൽ നിന്നും...

- ശ്രീ

Monday, February 15, 2021

ശവങ്ങളുടെ കഥ, എൻ്റേയും


വയനാട്ടിലെ ഒരു ദരിദ്ര കുടുംബത്തിലെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പട പൊരുതി ആദ്യം അദ്ധ്യാപകനായും 1989 മുതൽ പോലീസുകാരൻ ആയും  ജീവിത വിജയം കരസ്ഥമാക്കിയ,  ഒരു കലാകാരന്റെ  ആത്മ കഥാംശം കലർന്ന കുറിപ്പുകൾ ആണ് ഒറ്റയിരുപ്പിൽ ഓർമ്മക്കുറിപ്പുകൾ പോലെ വായിച്ചു തീർക്കാവുന്ന ഈ ചെറിയ പുസ്തകം.

മരണം... അത് കൊലപാതകമായും ആത്മഹത്യ ആയും അപ്രതീക്ഷിതമായ അപകട മരണമായും  ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നു. പേരറിയാത്ത നാടുകളിലും കാടുകളിലും പുഴയോരത്തുമൊക്കെ ചിലപ്പോൾ ദിവസങ്ങൾ പഴക്കം  വന്ന ശവങ്ങൾക്ക് ഒറ്റയ്ക്ക് കൂട്ടിരിയ്ക്കേണ്ടി വരുന്ന കാക്കിക്കുപ്പായക്കാരുടെ ഉള്ളറിയുവാൻ പൊതുവെ ആരും ശ്രമിയ്ക്കാറില്ല. 

അനുഭവത്തിലെ ശവങ്ങളുടെ കഥകൾക്കൊപ്പം സംഭവ ബഹുലമായ തന്റെ കുട്ടിക്കാലത്തെ ചില ചിത്രങ്ങളും വായനക്കാരുടെ മനസ്സിൽ കോറിയിടുന്നുണ്ട്, രഘു സർ... മെഡിക്കൽ കോളേജ്, ഉപ്പുമാവ്, വിരുന്നുകരൻ, വാറ്റു പുര, സായി ബാബയും ഞാനും തുടങ്ങിയ ചില കഥകളിലൂടെ...

ട്രെയിനിന് മുന്നിൽ ചാടി മരിയ്ക്കുന്ന സ്ത്രീയും രക്ഷപ്പെട്ട അവരുടെ കുട്ടികളും, ഉളിയത്തടുക്കയിലെ അരുന്ധതി അഡിഗയുടെ  നൊമ്പരങ്ങളും, വാറ്റുപുരയുടമയുടെ മകൾ അലീനയുടെ ഞെട്ടിപ്പിയ്ക്കുന്ന ദുരന്തവും, ഇഞ്ചക്കാട്ടിലെ നൂഞ്ചന്റെ വിചിത്ര പ്രതികാരവും, വിധിയുടെ വിചിത്ര തീരുമാനങ്ങളിൽ കോമാളി കഥാപാത്രം ആകേണ്ടി വന്ന ശ്രീകുമാറും, ഇടച്ചേരി ദേവസ്യയുടെ വെട്ടു കൊണ്ടോടുന്ന വട്ടക്കാട്ട് വർഗീസും, ആരുടെയോ കൈത്തെറ്റു കൊണ്ട് ജീവൻ നഷ്ടപ്പെട്ട മണിയേട്ടനും, ഒരിയ്ക്കലും കാണാതെ പോലും നഷ്ടങ്ങളുടെ കണക്കിൽ മുൻ നിരയിൽ വന്ന തങ്കരാജണ്ണന്റെ മകൾ പൂങ്കുഴലിയും ആ മൊട്ടത്തല വരച്ച കലങ്ങളും ഒക്കെ വായനയ്ക്ക് ശേഷവും കുറെ കാലമെങ്കിലും വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കും. അത്രയും ദുരിതങ്ങളും പേറി ഷീനപ്പ പൂജാരിയുടെ കുടുംബം അയാൾക്ക് ശേഷം എത്ര കാലം അതിജീവിച്ചിരിയ്ക്കും എന്നത് ഒരു നെടുവീർപ്പോടെയാണ് ചിന്തിച്ചത്... 

ഉപ്പുമാവിലെ നൊമ്പരങ്ങളും, രുഗ്മിണി അമ്മാളിന്റെ ബുദ്ധിയും സായി ബാബയുമായുണ്ടായ കൂടിക്കാഴ്ചയിലെ ആശ്ചര്യകരമായ അനുഭവവും 14 വർഷത്തെ ഒളി ജീവിതത്തിൽ നിന്ന് പിടി കൂടി സുഹൃത്താക്കിയ ഗോപിയുടെ കേസും...എല്ലാം ഒരു മുപ്പത് - നാല്പത് വർഷം മുൻപത്തെ കാലഘട്ടത്തിലൂടെ കണ്മുന്നിൽ കാണും പോലെ വായിച്ചു തീർന്നത് അറിഞ്ഞതു പോലുമില്ല.

23 കൊച്ചു കൊച്ചു ജീവിത അനുഭവങ്ങൾ കോർത്തെടുത്ത് ലളിതമായാ, എന്നാൽ മികച്ച രചനാ വൈഭവത്തോടെ എഴുതിയ  ഈ പുസ്തകം ആർക്കും നല്ലൊരു വായന സമ്മാനിയ്ക്കും എന്നതിൽ തർക്കമില്ല.

Friday, February 5, 2021

കാറ്റിന്റെ നിഴൽ

 

1940 കളിലെ ബാഴ്സിലോണ. ഒരിയ്ക്കൽ ഒരു  ഗ്രന്ഥശാല ഉടമ കൂടിയായ തന്റെ അച്ഛന്റെ കൂടെ ഡാനിയേൽ എന്ന കുട്ടി ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് ചെന്നെത്തുന്നു... ആ സ്ഥലത്തിന്റെ പേര് "വിസ്മരിയ്ക്കപ്പെട്ട പുസ്തകങ്ങളുടെ സെമിത്തേരി". അപൂർവ്വമായ, ആർക്കും വേണ്ടാതായ, അരുടേതുമല്ലാത്ത പഴയ പുസ്തകങ്ങളുടെ  നിഗൂഢമായ കലവറ ആണ് ഈ പുസ്തകങ്ങളുടെ സെമിത്തേരി എന്നറിയപ്പെടുന്ന ഇടം.  ആദ്യമായി അവിടം സന്ദർശിയ്ക്കുന്ന ആൾക്ക് തനിക്കിഷ്ടമുള്ള ഒരു പുസ്തകം അവിടെ നിന്നും തിരഞ്ഞെടുക്കാം. അപ്പോൾ മുതൽ അയാളാണ് ആ പുസ്തകത്തിന്റെ ഉടമസ്ഥൻ. അത് കൈമോശം വരാതെ, നശിപ്പിയ്ക്കപ്പെടാതെ ആയുഷ്കാലം സംരക്ഷിയ്ക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കേണ്ടത് അയാളാണ്. അങ്ങനെ അവിടെ നിന്നും ഏറെ നേരം തിരഞ്ഞു ഡാനിയേൽ കണ്ടെടുക്കുന്ന പുസ്തകമാണ് ജൂലിയൻ കാരക്‌സ് എന്ന, അധികം ആരാലും അറിയപ്പെടാത്ത ഒരു എഴുത്തുകാരന്റെ  "കാറ്റിന്റെ നിഴൽ".


ആ പുസ്തകം ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർക്കുന്ന ഡാനിയേൽ ആ കൃതിയിൽ ആകൃഷ്ടനായി ജൂലിയൻ കാരക്സിന്റെ മറ്റു സൃഷ്ടികൾ അന്വേഷിച്ചിറങ്ങുന്നു.


 ആശ്ചര്യപ്പെടുത്തുന്ന വിവരം എന്തെന്നാൽ ജൂലിയൻ കാരക്‌സ് എന്ന എഴുത്തുകാരന്റെ ഒരൊറ്റ കൃതികൾ പോലും ഒരിടത്തും ലഭ്യമല്ല എന്നാണ്. മികച്ച കലാ സൃഷ്ടികൾ ആയിരുന്നിട്ടു പോലും എഴുതിയ കാലത്തു ഒട്ടും വിറ്റു പോകാതെ, വായിയ്ക്കപ്പെടാതെ ഇരുന്ന ആ പുസ്തകങ്ങൾ ആയിരുന്നത്രെ അവ. എന്നാൽ വർഷങ്ങൾക്ക് ശേഷം  ആരോ ഒരാൾ  കാരക്സ് കൃതികൾ തിരഞ്ഞു പിടിച്ചു കണ്ടെത്തി, അവയുടെ ഓരോ കോപ്പികളും കൈവശപ്പെടുത്തി നശിപ്പിച്ചു കളയുകയായിരുന്നു. വൈകാതെ ഒരാൾ ഡാനിയേലിനെയും സമീപിയ്ക്കുന്നു... നിലവിൽ കാരക്‌സിന്റെതായി ബാക്കിയായ ഒരേയൊരു പുസ്തകമായ ആയ കാറ്റിന്റെ നിഴലിന്റെ അവസാനത്തെ കോപ്പി കൈവസപ്പെടുത്തുകയാണ് അയാളുടെ ലക്ഷ്യം... അയാൾ ആരാണെന്നോ എന്താണെന്നോ എങ്ങനെയിരിയ്ക്കുമെന്നോ ഒന്നും ആർക്കും വ്യക്തതയില്ല... അറിയാവുന്നത് ഒന്നു മാത്രം! അയാളുടെ പേര് ... ലെയിൻ കൊബർട്ട്. അതാകട്ടെ, അവൻ വായിച്ച കാറ്റിന്റെ നോവലിലെ ദുഷ്ട കഥാപാത്രത്തിന്റെ പേരും.


 ഇതിന് പിന്നിൽ എന്തോ രഹസ്യം ഉണ്ടെന്ന് മനസ്സിലാക്കുന്ന  ഡാനിയേൽ, തന്റെ സുഹൃത്തായ ഫെർമിന്റെ പിന്തുണയോടെ ജൂലിയൻ കാരക്സിന്റെ പുറകിലുള്ള നിഗൂഢതകൾ അനാവരണം ചെയ്യാൻ ഇറങ്ങുകയാണ്...  


അവിടെ ദാനിയേലിനെ കാത്തിരിയ്ക്കുന്നത് നിരവധി വെല്ലുവിളികൾ ആയിരുന്നു... ഒപ്പം ആരോരുമറിയാതെ പോയ ഒട്ടേറെ പേരുടെ ജീവിത കഥകളും. കഥയ്ക്കുള്ളിലെ കഥ പറയുന്ന ഈ നോവൽ ആവേശ്വോജ്വലമായ ഒരു ത്രില്ലറിന് സമമാണ്. 


ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ഇഴയടുപ്പങ്ങൾ പകരുന്ന കുളിർമയും സമ്പത്തിന്റെയും അധികാരത്തിന്റെയും പേരിൽ അക്കാലത്തെ ജനങ്ങൾ അനുഭവിയ്ക്കേണ്ടി വരുന്ന ദുരിതങ്ങളുടെ നേർക്കാഴ്ചകൾ പകരുന്ന നെടുവീർപ്പുകളും ഉൾപ്പെടെ ശ്വാസമടക്കിപിടിച്ചു വായിയ്ക്കേണ്ടി വരുന്ന സന്ദർഭങ്ങളും കണ്ണു നനയിയ്ക്കുന്ന മുഹൂർത്തങ്ങളും അതിശയിപ്പിയ്ക്കുന്ന കഥാഗതികളും കൊണ്ട് സമ്പന്നമാണ്  കാർലോസ് റൂയിസ് സാഫോണിന്റെ ഈ നോവൽ.

 ഒരിയ്ക്കൽ എങ്കിലും വായിച്ചിരിയ്ക്കേണ്ട, 2001 ൽ പുറത്തിറങ്ങിയ 560 പേജുകളുള്ള ഈ നോവൽ (2020 ലെ വില 575 രൂപ) വിവിധ ഭാഷകളിലായി ലോകമെമ്പാടും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മില്യണുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.


Monday, February 1, 2021

പെരുമാൾ! ശിവ ശങ്കർ പെരുമാൾ!

  

മലയാള അപസർപ്പക സാഹിത്യത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുകളിൽ പഴക്കമുണ്ട്. ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യ വർഷങ്ങളിൽ അപ്പൻ തമ്പുരാൻ രചിച്ച് പുറത്തിറങ്ങിയ 'ഭാസ്കരമേനോൻ' ആണ് മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവൽ ആയി കണക്കാക്കപ്പെടുന്നത് എന്നാണറിവ്. 


പിന്നെയും നീണ്ട പത്തെഴുപത് വർഷങ്ങൾ വേണ്ടി വന്നു മലയാളികൾക്ക് ഹോംസിനെയോ പോയ്‌റോട്ടിനെയോ പോലെ ഒരു സ്വന്തം ബ്രാൻഡ് കുറ്റാന്വേഷകൻ സ്വന്തമാകാൻ... കോട്ടയം പുഷ്പനാഥിന്റെ നോവലുകൾ വഴി ആയിരുന്നു അത്.  അതിനു ശേഷം മലയാളത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ നായകനാക്കി എടുത്തു പറയാൻ അധികം കുറ്റാന്വേഷണ നോവലുകൾ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.


നമ്മൾ അപ്പോഴും ഹോംസിനെയും പോയ്‌റോട്ടിനെയും പോലുള്ള ലോകപ്രശ സ്തരായ, മലയാളികൾ അല്ലാത്ത കുറ്റാന്വേഷകരുടെ കഥകളുടെ പരിഭാഷകൾ വായിച്ചു സംതൃപ്തിയടഞ്ഞു... 


മലയാളത്തിലെ ആ കുറവുകൾ നികത്തിക്കൊണ്ടാണ് മലയാള സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ സേതുരാമയ്യർ സിബിഐ യുടെ മാനറിസങ്ങളുമായി 100% മലയാളിയായ ശിവ ശങ്കർ പെരുമാൾ എന്ന കുറ്റാന്വേഷകൻ രൂപം കൊള്ളുന്നത്. അതിനു കാരണക്കാരനായതോ 'അൻവർ അബ്ദുള്ള' എന്ന പ്രതിഭാധനനായ എഴുത്തുകാരനും.


-ദ സിറ്റി ഓഫ് എം-


മുംബൈയിൽ ,  സിബിഐ യിൽ നിന്നും ഉന്നത ഉദ്യോഗം രാജി വച്ചു  സ്വന്തം നാടായ കേരളത്തിൽ വന്നു ശാന്തമായ ജീവിതം നയിയ്ക്കാൻ തീരുമാനിയ്ക്കുന്ന കഥാ നായകനെ പരിചയപ്പെടുത്തിക്കൊണ്ടാണ് പെരുമാൾ സീരീസിലെ ആദ്യ നോവൽ ആയ സിറ്റി ഓഫ് എം തുടങ്ങുന്നത്.


കാണാതായ 2 മക്കളെ അന്വേഷിച്ചിറങ്ങുന്ന ആരോരുമില്ലാത്ത ഒരു പാവം വൃദ്ധയെ തന്റെ പഴയ സുപ്പീരിയരുടെ നിർബന്ധത്തിനു വഴങ്ങി സഹായിയ്ക്കാൻ നിയോഗിയ്ക്കപ്പെടുന്നതോടെയാണ് പെരുമാൾ അഥവാ ശിവശങ്കർ പെരുമാൾ സ്വകാര്യ കുറ്റാന്വേഷണ രംഗത്തേക്ക് രംഗ പ്രവേശം ചെയ്യുന്നത്.


'കാൽക്കർ സഹോദരന്മാരുടെ കേസ്' എന്ന പേരിൽ പിന്നീട് അറിയപ്പെടുന്ന ഈ കേസിന്റെ നൂലാമലകളിലേയ്ക്ക് പെരുമാൾ ഇറങ്ങിച്ചെല്ലുന്നതും അതിന്റെ പുറകിൽ ആരുമറിയാതെ പോയ ദുരന്തങ്ങളും അതിനു ചരട് വലിയ്ക്കുന്ന, ശക്തരായ ഭീകരന്മാരെയും നേരിടുന്നതിന്റെ അതിമനോഹരമായ, ത്രില്ലടിപ്പിയ്ക്കുന്ന ഒരു ആക്ഷൻ പാക്ക്ഡ് ത്രില്ലർ ആണ് ദ സിറ്റി ഓഫ് എം. (ഇതിന്റെ തുടർച്ചയായി വരുന്ന കഥകളിൽ നിന്നും വ്യത്യസ്തമായി ബുദ്ധിയേക്കാൾ കായികമായി വില്ലന്മാരെ നേരിടേണ്ടി വരുന്നുണ്ട് പെരുമാളിന്.  മാത്രമല്ല, ഇതിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ഫോണോ സോഷ്യൽ മീഡിയ അക്കൗണ്ടോ സ്ഥിരമായി ഒരു സഹായിയോ ഒന്നും ഇല്ല. ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഒരു പുതിയ അനുഭവം തന്നെ ആണ് പെരുമാളിന്റെ ദ സിറ്റി ഓഫ് എം എന്ന് നിസ്സംശയം പറയാം).


-മരണത്തിന്റെ തിരക്കഥ-

 പെരുമാൾ സീരീസിലെ രണ്ടാമത്തെ നോവൽ ആണ് "മരണത്തിന്റെ തിരക്കഥ". ആദ്യ കഥയിൽ നിന്നും വ്യത്യസ്തനായി കുറെ കൂടി ശാന്തനായ... എന്നാൽ കൂടുതൽ ബുദ്ധിയും നിരീക്ഷണ ശക്തിയും കൊണ്ട് വായനക്കാരെ അതിശയിപ്പിയ്ക്കുന്ന പെരുമാളിനെ ആണ് ഈ കഥയിൽ നമുക്ക് കാണാൻ കഴിയുക.


 കൊലപാതക കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെടുന്ന പ്രശസ്തയായ ഒരു സിനിമാ നടിയുടെ കേസിൽ ഇടപെടേണ്ടി വരുന്ന പെരുമാളിന്റെ ബുദ്ധിയെ വെല്ലുവിളിയ്ക്കുന്ന നിരവധി ഉദ്വേഗജനകമായ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് മരണത്തിന്റെ തിരക്കഥ. ഒരു വിധത്തിലും ആർക്കും കണ്ടെത്താനാകില്ലെന്നു  തോന്നുന്നിടത്തു നിന്നും വിസ്മയിപ്പിയ്ക്കുന്ന തുമ്പുകൾ കണ്ടെത്തി കേസ് ആവശ്യപ്പെടുന്ന തെളിവുകൾ കോടതിയിൽ നിരത്തുന്ന പെരുമാൾ, പിന്നീട് സത്യത്തിന്റെ ആരും അറിയാതെ പോയ അവസാന കണ്ണി കൂടി കണ്ടെത്തുന്നതോടെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റോടെ സത്യം പുറത്തു വരികയാണ്. ആദ്യാവസാനം സസ്പെൻസ് നിലനിർത്തുന്ന മറ്റൊരു രചന.


-കമ്പാർട്ട്മെന്റ്-


അടുത്തത്, ഒരു ട്രെയിൻ യാത്രാവേളയിൽ കൂടെ യാത്ര ചെയ്യുന്ന പെണ്കുട്ടിയുടെ കൊലപാതക കുറ്റം ചുമത്തപ്പെടുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന "കമ്പാർട്ട്മെന്റ്". പ്രത്യക്ഷത്തിൽ എല്ലാ തെളിവുകളും ആ ചെറുപ്പക്കാരന് എതിരായിട്ടും,  കേസന്വേഷണത്തിന് നിയോഗിയ്ക്കപ്പെടുന്ന ശിവശങ്കർ പെരുമാൾ  എന്ന കുറ്റാന്വേഷകനിൽ നിന്ന് ആരും ഒരു അത്ഭുതവും പ്രതീക്ഷിച്ചിരുന്നില്ല,  മകന്റെ നിരപരാധിത്വത്തിൽ ഉറപ്പില്ലാത്ത, പ്രതിയുടെ സ്വന്തം അച്ഛന് പോലും...

പക്ഷെ ആ പെണ്കുട്ടിയുടെ പൂർവ കഥകളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പെരുമാൾ സത്യം വെളിച്ചത്തു കൊണ്ട് വരുമ്പോൾ ഒട്ടും പ്രതീക്ഷിയ്ക്കാത്ത കുറ്റവാളികൾ ആണ് വായനക്കാർക്ക് മുൻപിൽ തെളിഞ്ഞു വരുന്നത്.


-പ്രൈം വിറ്റ്നസ്-


ഇതു വരെ ഇറങ്ങിയ സീരീസിൽ അവസാനത്തേത് എന്ന് പറയാവുന്നത് "പ്രൈം വിറ്റ്നസ്"  എന്ന മറ്റൊരു മികച്ച നോവൽ ആണ്. (കുറെ മുൻപ് എഴുതിയ ഈ നോവൽ പിന്നീട് മറ്റു ചില  കാരണങ്ങളാൽ പെരുമാൾ സീരീസിൽ ഉൾപ്പെടുത്തി മാറ്റി എഴുത്തുകയായിരുന്നു).


ജോലി സംബന്ധമായി പല കമ്പനികളിൽ നിന്ന് കടലോരത്തുള്ള ഒരു റിസോർട്ടിൽ താമസിയ്ക്കാനെത്തുന്ന ഒരു കൂട്ടം ചെറുപ്പക്കാരിൽ ഒരാളുടെ അപ്രതീക്ഷിത മരണവും അതേ തുടർന്നുള്ള വിസ്മയാവാഹമായ കണ്ടെത്തലുകളും സസ്പെന്സും നിറഞ്ഞ മറ്റൊരു പെരുമാൾ നോവൽ. അവസാന നിമിഷം വരെ ത്രിൽ നിറഞ്ഞു നിൽക്കുന്ന ഈ നോവലിൽ കുറ്റവാളിയോട് പെരുമാളിന്റെ മനുഷ്യത്വം നിറഞ്ഞ സമീപനവും വായനക്കാരുടെ ഹൃദയത്തെ സ്പർശിയ്ക്കും.


മലയാളികൾക്ക് സ്വന്തമായി  നമ്മുടെ സ്വന്തം ഡിറ്റക്ടീവ് ... അതാണ് ശിവശങ്കർ പെരുമാൾ! ലോക നിലവാരത്തിലുള്ള ഒരു അപസർപ്പക കഥകളിൽ പ്രതീക്ഷിയ്ക്കുന്ന എല്ലാ ചേരുവകളും ഉള്ള നോവലുകൾ ആണ് ഓരോന്നും. ഒരൊറ്റ നോവൽ പോലും വായനക്കാരെ നിരാശരാക്കില്ല എന്ന ഉറപ്പ് വായിച്ചവർ എല്ലാവരും നൽകും... അതു നിശ്ചയമാണ്.


എന്തു കൊണ്ട് ഈ നോവലുകൾ കൂടുതൽ വായനക്കാരിലേയ്ക്ക് എത്താൻ വൈകി എന്നത് തന്നെ അത്ഭുതമാണ്. പക്ഷെ, ഈ 2020 ഓട് കൂടെ വായനക്കാർ മറഞ്ഞു കിടന്ന ഒരു രത്നം എന്നത് പോലെ പെരുമാളിനെ തിരിച്ചറിഞ്ഞു കഴിഞ്ഞു... പുസ്തകങ്ങൾ ഇപ്പൊൾ പുതിയ പ്രിന്റുകൾ ഇറങ്ങുന്നത് കൊണ്ട് കൂടുതൽ പേരിലേക്ക് എത്തുമെന്ന് ആശ്വസിയ്ക്കാം.


നമുക്ക് ഇനിയും കാത്തിരിയ്ക്കാം... പുതിയ പെരുമാൾ കഥകളുമായി അൻവർ മാഷ് വരുന്നതും കാത്ത്...


-  ശ്രീ

Sunday, January 3, 2021

കലാലയ വർണ്ണങ്ങൾ

 

പ്രിയ കവി അനിൽ പനച്ചൂരാൻറെ സ്മരണകളിൽ

* അറബിക്കഥ എന്ന ചിത്രത്തിലെ 'ചോര വീണ...' എന്ന ഗാനത്തിന്റെ ഈണത്തില്‍ ഞങ്ങളുടെ ബിപിസി 99  ബാച്ചിനു വേണ്ടി എഴുതിയത്


* പേരു കേട്ട നാട്ടില്‍ നിന്നുയര്‍ന്നു വന്നൊരാലയം 
വേദനയിൽ നൂറു നൂറു വാക്കുകള്‍ പൊഴിയ്ക്കവേ
ഓർക്കുവിൻ സതീർത്ഥ്യരേ നമ്മൾ വാണ വേദിയിൽ
ആരവങ്ങൾ കയ്യൊഴിഞ്ഞു ബാക്കിയായ ബഞ്ചുകൾ...

ബി പി സീ... ബി പി സീ...


പച്ച മണ്ണു വെട്ടി മാറ്റി നട്ടു നമ്മളീ മരം
ആഴ്ചയിൽ നനയ്ക്കുവാൻ മത്സരിച്ചനാളുകൾ
പൂവുകൾ പറിച്ചിടാതെ കാത്തിരുന്നതോർക്കണം
ക്യാമ്പസ്സിന്റെ മോടി കൂട്ടി മാറ്റിടുന്ന ക്യാമ്പുകൾ

കട്ടിമണ്ണു വെട്ടി മാറ്റി കണ്ടെടുത്ത ഗ്രൗണ്ടിതിൽ
മത്സരിച്ചു മതി വരാതെ പടിയിറങ്ങി ബാച്ചുകൾ
സ്വന്ത ജീവിതത്തിൽ നിന്നു മാറ്റി വച്ച രാത്രികൾ
നടു കഴച്ചു കുഴിയെടുത്തു നാട്ടിയെത്ര തോരണം...

സ്മരണകൾക്കു തീ പിടിച്ചു നീറിടുന്ന ക്യാമ്പസ്സിൽ
ചോദ്യമായി വന്നലച്ചു 'നിങ്ങളെന്നെ ഓർക്കുമോ?'
റാങ്കുകാർക്കു ജന്മമേറെയേകിയ കലാലയം
കണ്ണു നീരിൽ മങ്ങിടുന്ന കാഴ്ചയായ്‌ മാറിയോ...

ബി പി സീ... ബി പി സീ...


തിരിച്ചു പോകുവാൻ നമുക്കെളുപ്പമല്ലതോർക്കണം
മിഴി തുടച്ചു വഴി തെളിച്ചു യാത്ര നമ്മൾ തുടരണം
യാത്ര ചെയ്യുവാൻ കരുത്തു നേടണം, ഹതാശരായ്‌
വഴി പിഴച്ചു പോയിടാതെ പൊരുതി നമ്മൾ നേടണം

നാളെ യെന്ന നാളുകൾ പ്രചോദനമായ്‌ മാറണം
നാൾവഴിയിലെന്നും വീര ഗാഥകൾ രചിയ്ക്കണം 
നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും
നമ്മളൊന്നു തന്നെ സത്യം അന്നുമിന്നുമെന്നുമേ

നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും
നമ്മളൊന്നു തന്നെ സത്യം... അന്നുമിന്നുമെന്നുമേ...

Friday, January 1, 2021

മൂലഭദ്രി

 

300 കൊല്ലം മുമ്പ് കേരളത്തിൽ മാർത്താണ്ഡ വർമ്മ അദ്ദേഹത്തിന്റെ ഭരണകാലത്ത് രൂപം കൊടുത്ത ഒരു ഗൂഢ ഭാഷ ആണ് മൂലഭദ്രി.

മലയാളം അക്ഷരങ്ങൾ തന്നെ സ്ഥാനം തെറ്റിച്ചു എഴുതി ഉണ്ടാക്കിയ ഒരു കോഡ്‌ ഭാഷ. ഇപ്പോൾ  ചുരുക്കം പേരെ ഇത് അറിയുന്നവരായുള്ളൂ.  അതിലും വിരളമായുള്ളവർ മാത്രമേ ഇതുപയോഗിയ്ക്കുന്നുള്ളൂ.

മൂലഭദ്രി പഠിയ്ക്കാൻ ദാ ഇത്രേം ഓർത്താൽ മതി

"അകോ ഖഗോ ങഘ ശ്ചൈവ
ചടോ ഞണോ തപോ നമ:
യശോ രഷോ ലസ ശ്ചൈവ
വഹ ളക്ഷ റഴ റ്റന"

പെട്ടെന്നു ഒന്നും പിടി കിട്ടിക്കാണില്ല അല്ലെ?

ഒന്നൂടെ വിശദമാക്കാം.

അകോ : "അ"ക്ക് പകരം "ക"യും, തിരിച്ച് "ക"ക്ക് പകരം "അ"യും.

അതായത്

അ=ക
ആ=കാ
ഇ=കി
ഈ=കീ
ഉ=കു
ഊ=കൂ
ഋ=കൃ
എ=കെ
ഏ=കേ
ഐ=കൈ
ഒ=കൊ
ഓ=കോ
ഔ=കൗ
അം=കം
അ:=ക:

ബാക്കിയുള്ള അക്ഷരങ്ങൾ മുകളിൽ കൊടുത്തിരിക്കും വിധം ഉപയോഗിക്കുക.

ചടോ എന്നാൽ ച=ട

ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ

ഇത് ഓരോന്നും പരസ്പരം വച്ചു മാറും.

ഴ=റ,
റ്റ=ന(വനം എന്നതിലെ "ന").

അതേ സമയം, നാമം എന്നതിലെ ന എന്നതിന് മ ആണ് എന്നും ഓർക്കുക

നനഞ്ഞു = മറ്റണ്ണു

ൺ ൻ ർ ൽ ൾ ങ്ക ന്ത ത്സ എന്നിവയ്ക്ക് പകരം ഞ് റ്റ് ഴ്‌ സ്‌ ക്ഷ്‌ ങ്ങ മ്പ പ്ല എന്നിവ യഥാക്രമം വരും.

അതു പോലെ അക്കങ്ങൾക്ക്

1=2
3=4
5=6
7=8
9=0


ഇങ്ങനെ ആണ് ഉപയോഗിയ്ക്കുന്നത്