Tuesday, July 24, 2007

ബിപിസി ചരിതം (കലാമണ്ഡലം ആട്ടക്കഥ)

ഈ സംഭവവും എന്റെ ബിപിസി കോളേജിലെ പഠനകാലത്താണ്‌‍ നടക്കുന്നത്. കോളേജ് ഡേ യോടനുബന്ധമായി നടക്കുന്ന കലാപരിപാടികള്‍‌ക്കുള്ള ഒരുക്കങ്ങള്‍‌ തകൃതിയായി മുന്നേറുന്ന സമയം. ആ വര്‍‌ഷം ഒരു പുതിയ പരിപാടി അവതരിപ്പിക്കാന്‍‌ ഭാരവാഹികള്‍‌ തീരുമാനിച്ചിരുന്നു മറ്റൊന്നുമല്ല, ഞങ്ങളുടെ ജൂനിയറായ ഒരു കുട്ടി കഥകളി അഭ്യസിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട്, ആ വര്‍‌ഷം ഒരു വ്യത്യസ്ഥതയ്ക്കായ് കഥകളി കൂടി പരിപാടികളില്‍‌ ഒരു ഇനമായി ഉള്‍‌പ്പെടുത്തിയിരുന്നു.

അങ്ങനെ കോളേജ് ഡേയ്ക്ക് ഒരാഴ്ച മുന്പു തന്നെ അതിനുള്ള പരിശീലനവും തുടങ്ങി. എറണാകുളത്തു നിന്നും ആ കുട്ടിയുടെ ഗുരു കൂടിയായ ഒരു കഥകളിയാശാന്‍‌ കൂടി (നമുക്ക് അദ്ദേഹത്തെ “കലാമണ്ഡലം” എന്നു വിശേഷിപ്പിക്കാം)അതിനായി വന്നു തുടങ്ങി. കോളേജുകളില്‍‌ കഥകളി ഒരു അപൂര്‍‌വ്വ കലാരൂപം ആയതു കൊണ്ടു തന്നെ ആ പരിപാടിയ്ക്കും അവതരിപ്പിക്കുന്ന കുട്ടിയ്ക്കും കലാമണ്ഡലത്തിനും അമിതമായ പ്രാധാന്യം നല്‍‌കപ്പെട്ടിരുന്നു. പ്രിന്‍‌സിപ്പാലും എല്ലാ അദ്ധ്യാപകരും നമ്മുടെ കലാമണ്ഡലത്തെ കാര്യമായ ബഹുമാനത്തോടെ തന്നെയാണ് സ്വീകരിച്ചിരുന്നത്.

മാത്രമല്ല, ഈ സംഭവത്തില്‍‌ എന്താണ് ഇത്രയ്ക്കു കര്യമായി ഇരിക്കുന്നത് എന്നറിയാനുള്ള ജിജ്ഞാസ മൂലം ഞാനുള്‍‌പ്പെടെയുള്ള ഒട്ടുമിക്ക വിദ്യാര്‍‌ത്ഥികളും എല്ലാ ദിവസവും അവിടെ പോയി ഒന്നു എത്തിനോക്കി തിരിച്ചു പോരുക പതിവായിരുന്നു.

അങ്ങനെ ഒരു ദിവസം ഞാനും കൂട്ടുകാരും (ഞങ്ങള്‍‌ ഏഴെട്ടു പേര്‍‌ ) എപ്പോഴോ ഫ്രീ ടൈം ഒത്തു വന്നപ്പോള്‍‌ പരിശീലനം നടക്കുന്ന ഹാളിലേക്കു ചെന്നു. അപ്പോള്‍‌ അവരും വിശ്രമത്തിലായിരുന്നു. കാണികളും കുറവ്. ആകെ അഞ്ചാറു പേര്‍‌ മാത്രം. എല്ലാവരും വലിയ ബഹുമാനത്തോടെ കലാമണ്ഡലത്തോട് എന്തെങ്കിലും രണ്ടു വാക്കു സംസാരിച്ച് പോകുന്നുണ്ട്. അപ്പോഴാണ് ഞങ്ങളുടെ രംഗ പ്രവേശം. ഞങ്ങളുടെ കൂട്ടത്തില്‍‌ കുല്ലുവുമുണ്ടായിരുന്നു. (മൂന്നാമത്തെ വയസ്സു മുതല്‍‌ സംഗീതം അഭ്യസിക്കുന്ന കുല്ലു ഒരു സംഭവം തന്നെ ആണേ। ഇന്ന് ദക്ഷിണേന്ത്യന്‍‌ സംഗീത ലോകത്ത് കുറേശ്ശെ അറിയപ്പെട്ടു തുടങ്ങിയ അവന്‍‌ ഇപ്പോള്‍‌ യു.എസ്സില്‍‌ ഒരു പര്യടനത്തിലാണ് എന്ന് ഇവിടെ അഭിമാനത്തോടെ സൂചിപ്പിക്കട്ടെ!) അന്ന് സംഭവം നടക്കുന്ന സമയത്ത് അവന്‍‌ എംജി യൂണിവേഴ്സിറ്റി കലാപ്രതിഭ കൂടി ആയിരുന്നു. ഞങ്ങളുടെ കോളേജില്‍‌ എത്തുന്നതിനു മുന്‍പു തന്നെ കുല്ലുവും കഥകളി പഠിക്കുന്ന കുട്ടിയും പല മത്സര വേദികളിലും വച്ച് കണ്ടു പരിചയം ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ, കുല്ലു അകത്തേയ്ക്കു കയറിയപ്പോള്‍‌ തന്നെ ആ കുട്ടി അവന്റെ അടുത്തെത്തി സംസാരിച്ചു. ഇതു കണ്ട എന്റെ മറ്റൊരു സുഹൃത്ത് മത്തനും ( ഹോളോമാന്‍‌ എന്ന പോസ്റ്റിലെ കേന്ദ്ര കഥാപാത്രം) കുല്ലുവിന്റെ അടുത്തേയ്ക്ക് ഓടിച്ചെന്ന്‍ അവന്റെ കൂടെ സംഭാഷണത്തില്‍‌ പങ്കു ചേര്‍‌ന്നു. തുടര്‍‌ന്ന് ആ കുട്ടി കുല്ലുവിനെ നമ്മുടെ കലാമണ്ഡലത്തിനു പരിചയപ്പെടുത്തി. കലാപ്രതിഭയാണെന്നറിഞ്ഞപ്പോള്‍‌ കലാമണ്ഡലത്തിനും കുല്ലുവിനോടൊരു ബഹുമാനം. അങ്ങനെ അവര്‍‌ കുറച്ചു നേരം സംസാരിച്ചു.ഇതൊന്നും ശ്രദ്ധിക്കുന്നില്ലെങ്കിലും മത്തനും കുല്ലുവിന്റെ കൂടെ തന്നെ നില്‍‌പ്പുണ്ടായിരുന്നു.സ്വാഭാവികമായും ( കൂടെ വന്നു പോയില്ലേ, നിവൃത്തിയില്ലല്ലോ)കുല്ലു മത്തനെയും കലാമണ്ഡലത്തിനു പരിചയപ്പെടുത്തി. കലാമണ്ഡലമാകട്ടെ, അദ്ദേഹത്തിന്റെ ഗതികേടിന് മത്തനെ നോക്കിയും ഒന്നു ചിരിച്ചിട്ട് എന്തോ കുശലം ചോദിച്ചു. പിന്നെ പറയണോ. മത്തനും ആവേശമായി. ഇങ്ങോട്ടു ചോദിച്ച സ്ഥിതിയ്ക്ക് തിരിച്ചും എന്തെങ്കിലും ചോദിയ്കേണ്ടേ? (കഥകളി എന്നൊരു സംഗതി ഉണ്ടെന്നല്ലാതെ അതെപ്പറ്റി ഒന്നും അവനറിയില്ലല്ലോ)

“ചേട്ടനെ എവിടെയോ വച്ചു കണ്ടതായി തോന്നുന്നല്ലോ” മത്തന്‍‌ തട്ടി വിട്ടു.

ഇതു കേട്ട കലാ‍മണ്ഡലത്തിന്റെ മുഖം വിടര്‍‌ന്നു. തന്നെ വല്ല ടിവി പ്രോഗ്രാമിലോ പത്രത്തിലോ ഈ പയ്യന്‍‌ കണ്ടിട്ടുണ്ടാകും എന്ന് അദ്ദേഹം കരുതി.

ഒരു നിമിഷം പോലും വൈകാതെ മത്തന്റെ അടുത്ത ചോദ്യവും വന്നു.” ചേട്ടന് ഇലഞ്ഞി ഭാഗത്തെങ്ങാനും റബ്ബര്‍‌ കടയുണ്ടോ”

ഈ ചോദ്യം കേട്ടപ്പോള്‍‌ നമ്മുടെ കലാമണ്ഡലത്തിന്റെ മുഖഭാവം എന്തായിരുന്നു എന്ന് ഇവിടെ വിവരിക്കേണ്ടതില്ലല്ലോ. എന്തു മറുപടി പറയണമെന്നു പോലുമറിയാതെ അദ്ദേഹം കുറച്ചു നേരം സ്തംഭിച്ചിരുന്നു പോയി. ഇതു കേട്ട നിമിഷം തന്നെ അദ്ദേഹത്തെ നേരിടാനാകാതെ കുല്ലു പതുക്കെ അവിടെ നിന്നും അപ്രത്യക്ഷനായി, പിന്നാലെ ഞങ്ങളും.അവിടെ അങ്ങനൊരു ബോംബിട്ട ശേഷം മത്തനും ഞങ്ങളുടെ കൂടെ എത്തി. പക്ഷേ, താന്‍‌ പറഞ്ഞതിലെന്താണ് കുഴപ്പം പറ്റിയതെന്ന് അവനു മനസ്സിലായില്ല എന്നു മാത്രം.

മത്തന്റെ ചേട്ടന് റബ്ബര്‍‌ ബിസ്സിനസ്സാണ്. ഇലഞ്ഞി എന്ന സ്ഥലത്ത് ഒരു കടയും ഉണ്ട്. കലാമണ്ഡലത്തെ കണ്ടപ്പോള്‍‌ അവന് അവിടുത്തെ ഏതോ റബ്ബര്‍‌ കടയില്‍‌ നില്‍‌കുന്ന ആളായിട്ടാണ് തോന്നിയത്.

ആ ഒരൊറ്റ ചോദ്യത്തോടെ കുല്ലുവിന്റെ കൂട്ടുകാരായ ഞങ്ങളെ പറ്റി ആ കുട്ടിയ്ക്ക് നല്ല മതിപ്പായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

Sunday, July 22, 2007

തഞ്ചാവൂര്‍‌ പള്ളിയിലെ കുര്‍ബാന

ഞങ്ങള്‍‌ തഞ്ചാവൂര്‍ താമസം തുടങ്ങിയ സമയം അവിടെ വന്നു പെട്ട ശേഷം കുറച്ചു നാളെടുത്തു അവിടുത്തെ രീതിയും ചിട്ടകളും സ്ഥലങ്ങളും അവരുടെ ഭക്ഷണവും എല്ലാമായി ഒന്നു ഇണങ്ങി വരാന്‍.

ഒന്നാം വര്‍‌ഷം ക്ലാസ്സെല്ലാം തുടങ്ങി, അവിടുത്തെ സ്ഥലങ്ങളെല്ലാം പരിചിതമായി വരുന്നതേയുള്ളൂ
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച വന്നു നാട്ടിലാണെങ്കില്‍ സ്ഥിരമായി പള്ളിയില്‍ പോകുന്ന ശീലമുള്ളവരായിരുന്നു ബിട്ടുവും മത്തനും ജോബിയും. (എന്ന് അവര്‍ വാദിക്കുന്നു. വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ എന്നു ഞങ്ങള്‍ക്കറിയാം.)എന്നാല്‍ അവിടെ വന്ന ശേഷം ഒരു പള്ളി തപ്പി കണ്ടുപിടിക്കാന്‍ കഴിഞ്ഞത് കുറച്ചു നാളുകള്‍‌ കഴിഞ്ഞാണ്. ജോബി ആരോടൊക്കെയോ ചോദിച്ച് ഒരു പള്ളിയിലേക്കു പോകാനുള്ള വഴിയും മനസ്സിലാക്കിയിരുന്നു. പള്ളി എവിടാണെന്ന് കണ്ടിരുന്നുമില്ല.മാത്രമല്ല അടുത്തെവിടെയോ മലയാളം കുര്‍ബാന ഉള്ള പള്ളിയുമുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു. ആ പള്ളിയാണെങ്കില്‍ കുര്‍ബാനയും കൂടി കൂടിയിട്ടു പോരാമെന്നായിരുന്നു അവരുടെ പ്ലാന്‍.

“അതിനു നിങ്ങള്‍ ആ പള്ളി കണ്ടിട്ടുണ്ടോടാ, കെട്ടിയൊരുങ്ങി പോകാനായിട്ട്? “ എന്ന പിള്ളേച്ചന്റെ ചോദ്യത്തിന് മറുപടി പറഞ്ഞതു ജോബിയാണ്.“ഹും,ഒരു വഴി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ, ആ വഴിക്കുള്ള പള്ളി കണ്ടു പിടിക്കാനാണോ പാട്? കാണാതിരിക്കാന്‍ പള്ളി എന്നു പറയുന്നത് വഴിയില്‍ കിടക്കുന്ന മൊട്ടുസൂചിയൊന്നുമല്ലല്ലോ”. എല്ലാവരും പിള്ളേച്ചനെ കളിയാക്കിച്ചിരിച്ചു, ഞാനും. പിള്ളേച്ചന്‍ ചോദ്യത്തിലെ മണ്ടത്തരം സമ്മതിച്ചു
‘ശരിയാഞാനത് ചോദിക്കാന്‍ പാടില്ലായിരുന്നു’ എന്ന സ്റ്റൈലില്‍.

അങ്ങനെ 3 പേരും കൂടി പള്ളിയിലേയ്ക്ക് തിരിച്ചു. 2 കിമീ ദൂരം പോണം. ഞങ്ങള്‍ക്കുള്ളത് ഒരു ചക്കടാ സൈക്കിളും
റാഗിങ്ങ് സമയമെല്ലാം കഴിഞ്ഞിരുന്നതിനാല്‍ മത്തന്‍ ഒരു ബുദ്ധി പറഞ്ഞു; സീനിയേഴ്സിന്റെ അടുത്തു നിന്നും ഒരു സൈക്കിള്‍ കൂടി ഒപ്പിക്കാംമറ്റുള്ളവരും സമ്മതം പറഞ്ഞതിനെ തുടര്‍ന്ന് മത്തന്‍ തന്നെ പോയി സൈക്കിള്‍ എടുത്തു കൊണ്ടു വന്നു

വൈകാതെ 2 സൈക്കിളിലായി മൂന്നു പേരും കൂടി യാത്രക്കൊരുങ്ങി
ഞങ്ങളുടെ സൈക്കിള്‍ (അങ്ങനെ വിളിക്കാമോ എന്തോ. ഞങ്ങളുടെ മറ്റു കൂട്ടുകാരെല്ലാം ആ വണ്ടിയെ 2 ടയറുള്ള എന്തോ ഒരു പാട്ട സാധനം എന്നേ വിശേഷിപ്പിക്കാറുള്ളൂ) വളരെ കണ്ടീഷനിലായതിനാല്‍ അതില്‍ ഒരാളും സീനിയേഴ്സിന്റെ വണ്ടിയില്‍ ഡബിള്‍ ആയും പോകാമെന്നു തീരുമാനമായി.

അവസാനം ജോബി ഒറ്റയ്ക്ക് ഞങ്ങളുടെ സൈക്കിളിലും മത്തനും ബിട്ടുവും മറ്റേ സൈക്കിളിലും യാത്ര തുടങ്ങി. ആരോഗ്യത്തിന്റെ കാര്യത്തില്‍ 2 തവണ മിസ്റ്റര്‍ ബിപിസി(ഞങ്ങളുടെ കോളേജ്) ആയിരുന്നെങ്കിലും ബിട്ടുവിനെ ഡബിള്‍ വച്ചു ഒരു സൈക്കിള്‍ ചവിട്ടിയിരുന്നത് ഞാഞ്ഞൂലു പോലെ ഇരുന്ന മത്തനാണ് .(അവന്‍ കാഴ്ചയില്‍ ഒന്നുമല്ലെങ്കിലും കയ്യിലിരുപ്പിന്റെ കാര്യത്തില്‍ എല്ലാവരെക്കാളും ശക്തനാണെന്നാണ് പൊതു ജന സംസാരം) . ജോബി ഒറ്റയ്ക്കേ പോകൂ എന്ന് വാശി പിടിച്ചിട്ടല്ല
അവനാണേങ്കില്‍ ബിട്ടുവിന് ലിഫ്റ്റു കൊടുക്കാമെന്ന് സമ്മതിച്ചതുമാണ്. പക്ഷെ, ജോബിയുടെ കഴിവിലുള്ള അമിതമായ വിശ്വാസം കൊണ്ടു തന്നെ ബിട്ടു ആ ഓഫര്‍ നിരസിച്ചു. [ജോബി പണ്ടൊരിക്കല്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു തുടങ്ങിയ സമയത്ത് അവന്‍ ഒരു റോട്ടില്‍ കൂടി സൈക്കിളില്‍ വെട്ടി വെട്ടി വരുന്നതു കണ്ട് എതിരേ വന്ന ഒരു ഓട്ടോക്കാരന്‍ വണ്ടി ഓഫ് ചെയ്ത് ഇറങ്ങി മാറി നിന്നുവെന്നും വൈകാതെ അടുത്തെത്തിയ ജോബി സൈക്കിളുമായി ആ ഓട്ടോയിലിടിച്ചു മറിഞ്ഞുവെന്നും പിറവത്തെ ഒരു കേട്ടുകേള്‍വി]

എന്തായാലും കാലം കുറെ കഴിഞ്ഞെങ്കിലും അവന്റെ സൈക്കിള്‍ ചവിട്ടിനു മാറ്റം വന്നിരുന്നില്ല. പക്ഷെ, എങ്ങനെയാണെങ്കിലും അധികം വൈകാതെ 3 പേരും *വല്ലത്ത് (തഞ്ചാവൂരുള്ള ഒരു കൊച്ചു ടൌണ്‍) എത്തി. അവിടെ ഏതോ ഒരു ഉള്ളുവഴിയിലൂടെ പോയാലാണ് പള്ളിയെത്തുക എന്നു മാത്രമേ അവര്‍‌ക്കറിയുമായിരുന്നുള്ളൂ


എന്തായാലും ധൈര്യപൂര്‍‌വ്വം ആത്മവിശ്വാസത്തോടെ ജോബി തന്നെ മുന്നില്‍ യാത്ര തുടര്‍‌ന്നു. കുറച്ചു ദൂരം കഴിഞ്ഞിട്ടും പള്ളിയുടെയോ അടുത്തെങ്ങാനും ഉള്ളതിന്റെയോ ലക്ഷണമൊന്നും കണ്ടില്ല. ബിട്ടുവിനും മത്തനും സംശയമായി
.‘ഈ വഴി അല്ലായിരിക്കുമോ? നീ ആരോടാടാ കോപ്പേ വഴി ചോദിച്ചത്?’ അവര്‍ ജോബിയോടു കയര്‍‌ത്തു.

അഭിമാനപ്രശന്മായിപ്പോയല്ലോ എന്നു കരുതി, ആത്മ വിശ്വാസത്തോടെ ജോബി പ്രതികരിച്ചു “ഇതു തന്നെയാടാ വഴി, എനിക്കുറപ്പാ… നമുക്കു കുറച്ചു കൂടി പോയ് നോക്കാം”

പറഞ്ഞു തീര്‍‌ന്നില്ല… അതാ‍ ആ വഴിയില്‍ നിന്നും കുറച്ചു മാറി ഒരു ചെറിയ വഴി അവസാനിക്കുന്നിടത്ത് ചെറിയൊരു ആള്‍ക്കൂട്ടം….

“ദേ കണ്ടോടാ… ഞാന്‍ പറഞ്ഞില്ലേ? ഇപ്പോ എന്തായി? ഇതാണ് പറഞ്ഞത് എല്ലാത്തിനുംകുറച്ചു സമാധാനം വേണമെന്ന്…വേഗ്ഗം വാ… കുര്‍ബാന തുടങ്ങീന്നാ തോന്നണേ” .ജോബി പറയുന്നതിനിടയില്‍ തന്നെ സൈക്കിളില്‍ നിന്നിറങ്ങി സ്റ്റാന്‍ഡിലിട്ട് അങ്ങോട്ടു നടത്തം തുടങ്ങി…


പുറകെ ബിട്ടുവിനെ ഇറക്കി രണ്ടാമത്തെ സൈക്കിളും സ്റ്റാന്‍ഡിലിട്ട് മത്തനും…എല്ലാവരും തല്‍ക്കാലം ചിരിയും വര്‍‌ത്തമാനവും എല്ലാം നിര്‍‌ത്തി ഭക്തിപൂര്‍‌വ്വം പള്ളിമുറ്റത്തേയ്ക്കു നടന്നു….

‘നമ്മുടെ നാട്ടിലെപ്പോലെ അത്ര വലുതൊന്നുമല്ല,ഇവിടുങ്ങളിലെ പള്ളി, അല്ലേടാ മത്താ?’ ബിട്ടു പയ്യെ ചോദിച്ചു

‘എടാ, ഇവിടെയൊക്കെ അങ്ങിനെയാ… നീ കണ്ടിട്ടില്ലെ പോകും വഴികളിലെല്ലാം ചെറിയ ചെറിയ അമ്പലങ്ങള്‍? അതുപോലെ’

മത്തന്റെ മറുപടിയില്‍ ബിട്ടുവിനു തൃപ്തി തോന്നി…ഇവനിത്ര ലോകവിവരമോ???

അപ്പോഴേക്കും അവര്‍ അവിടെയെത്തി. ജോബി മുന്നില്‍ തന്നെ ഉണ്ട്. മുറ്റത്തു തന്നെ കുറെ ആളുകള്‍ നില്‍ക്കുന്നു…സ്ത്രീകളും കുട്ടികളുമൊക്കെയായി കുറെപ്പേര്‍ അകത്തുമുണ്ട്….

ജോബി പതുക്കെ മുറ്റത്തിന്റെ ഒരു സൈഡിലായി തന്റെ ചെരിപ്പൂരി വച്ചു. എന്നിട്ട് ഭക്തിയോടെ പതുക്കെ അകത്തേയ്ക്കു കയറാന്‍ തുടങ്ങി… തൊട്ടു പിന്നാലെ മത്തനും അതിനു പുറകെ ബിട്ടുവും.

അപ്പോഴേക്കും ചുറ്റും നിന്നവരെല്ലാം ഇവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..അകത്തു കടന്ന ഉടനെ ജോബി അവിടെ വച്ചിരുന്ന മാതാവിന്റെ ഫോട്ടോയ്ക്കു താഴെ പ്രാര്‍ത്ഥനയോടെ ഒരു നിമിഷം കണ്ണടച്ചു നിന്നു. അപ്പോഴേക്കും അകത്തുനിന്നും വന്ന ഒരു സ്ത്രീ ചോദ്യരൂപത്തില്‍ അവരോട് ചോദിച്ചു “യാരപ്പാ നീങ്കെ? എന്ന വേണം?”

ഇവരാര് ഇതല്ലാം ചോദിക്കാന്‍ എന്ന സംശയം മനസ്സിലിട്ടു കൊണ്ട് ജോബി അറിയാവുന്ന തമിഴിലെല്ലാം വച്ചു കാച്ചി .പറഞ്ഞത് അഥവാ പറയാനുദ്ദേശ്ശിച്ചത് ഇതാണ് ‘ഞങ്ങള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനായി വന്നതാണെന്നും മലയാളികളാണെന്നും’.

എന്തായാലും അവര്‍‌ക്ക് കാര്യം മനസ്സിലായി… ഇതു കേട്ട എല്ലാവരും അടക്കിപ്പിടിച്ചു ചിരിക്കാന്‍ തുടങ്ങി… സംഭവം മനസ്സിലാകാതെ നിന്ന ജോബി തന്റെ സ്വതസിദ്ധമായ ആ ചമ്മിയ ചിരിയും ചിരിച്ച് അന്തിച്ചു നിന്നു. അപ്പോഴേക്കും രംഗം പന്തിയല്ലെന്നു മനസ്സിലാക്കിയ മത്തന്‍ “തോമാസുകുട്ടീ, വിട്ടോടാ” എന്ന ശൈലിയില്‍ ബിട്ടുവിനേയും കൂട്ടി തിടുക്കപ്പെട്ട് മുറ്റത്തേക്കിറങ്ങി.

അപ്പോള്‍ ആ സ്ത്രീ ചിരിയടക്കിക്കൊണ്ടു പറഞ്ഞതിന്റെ പൊരുള്‍ ഇതായിരുന്നു
“മക്കളേ… നിങ്ങള്‍ക്കു സ്ഥലം മാറിപ്പോയി…. പള്ളി ഇവിടല്ല. അത് അപ്പുറത്തെ വഴിയിലാ… ഇതു ഞങ്ങളുടെ വീടാണ്. കഴിഞ്ഞ മാസം ഇവിടെ ഒരു മരണം നടന്നിരുന്നു…ഇന്ന് അതിന്റെ ബാക്കി ചടങ്ങുകളെല്ലാം നടക്കുകയാണ്…അതിന്റെ ഭാഗമായുള്ള പ്രാര്‍‌ത്ഥനയാണ് ഇവിടെ ഇപ്പോള്‍ കഴിഞ്ഞത്”

ഇതു മുഴുവനും കേള്‍ക്കാന്‍ നിക്കാതെ 3 പേരും സ്ഥലം കാലിയാക്കിക്കാണുമെന്ന് ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ…. അങ്ങനെ തഞ്ചാവൂര്‍ പള്ളിയിലെ ആദ്യത്തെ കുര്‍ബാന അവര്‍ക്കു മറക്കാന്‍‌ പറ്റാത്ത ഒന്നായി.

Monday, July 9, 2007

തീറ്റപ്പന്തയം - പൊരിച്ച കോഴി2

തീറ്റപ്പന്തയം- പൊരിച്ച കോഴി1 എന്ന പോസ്റ്റില്‍ ഞങ്ങളുടെ സ്റ്റഡിലീവ് വിശേഷങ്ങളെ പറ്റി പറഞ്ഞല്ലോ. ഈ പോസ്റ്റിനെ അതിന്റെ രണ്ടാം ഭാഗം എന്നു പറയാംആ കഥയുടെ ഒരു തുടര്‍‌ച്ച.

ഫുള്‍‌ ചിക്കന്‍‌ പത്തു പൈസ ചിലവില്ലാതെ ഒറ്റയിരുപ്പിനു തിന്നാന്‍‌ കഴിഞ്ഞതിന്റെ ചാരിതാര്‍‌ത്ഥ്യവുമായിട്ടാണ് അന്ന് രാത്രി ജോബി ഉറങ്ങാന്‍‌ കിടന്നത്. അതേ സമയം എന്താ‍ണെന്നറിയില്ല. വയറിനു സുഖമില്ല, വിശപ്പില്ല എന്നൊക്കെ പറഞ്ഞ് വല്ലാത്ത ഫീലിങ്ങിലാണ് മത്തന്‍‌ കിടന്നത്. കാശു കൊടുത്തിട്ടാ‍ണെങ്കിലും കോഴി ശാപ്പിടാന്‍‌ കഴിഞ്ഞ സ്ന്തോഷത്തിലും മത്തനു ഒരു പണി കിട്ടിയതിലുള്ള ആശ്വാസത്തിലും ജോബിയോട് മനസ്സു കൊണ്ടോരു അസൂയയിലും ഞങ്ങളും ഉറങ്ങാന്‍‌ കിടന്നു.

പിറ്റേ ദിവസം. തലേ ദിവസത്തെ ഹാങ്ങ് ഓവറിലായിരുന്നു മത്തന്‍‌. ജോബിയെ കാണുമ്പോഴേ പേടി. ജോബിയാണേങ്കില്‍‌ ഇന്നാരെങ്കിലുമുണ്ടോ പന്തയത്തിന് എന്ന വെല്ലുവിളിയുമായി മസിലും പെരുപ്പിച്ച് നടക്കാന്‍‌ തുടങ്ങി. തലേദിവസത്തെ പ്രകടനം അവന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ച പോലെ!

അങ്ങനെ ഇരിക്കുമ്പോഴാണ് അടുത്ത വീട്ടില്‍‌ താമസിക്കുന്ന കിരണ്‍‌ ഞങ്ങളുടെ വീട്ടിലേയ്യ്ക്കു വരുന്നത്. സ്റ്റഡി ലീവിനു കിട്ടിയ ഗ്യാപ്പില്‍‌ ഒന്നു വീടു വരെ പോയിട്ടുള്ള വരവാണ്. ആ വീട്ടില്‍‌ താമസിക്കുന്ന മറ്റുള്ളവരെല്ലാം നാട്ടില്‍‌ തന്നെയാണ്. കിരണ്‍‌ ഞങ്ങളുടെ കൂടെ കൂടി പഠിക്കാമല്ലോ എന്ന പ്ലാനിലാണ് (?) തിരിച്ചെത്തിയത്. അവന്‍‌ രാവിലെ തന്നെ പുസ്തകങ്ങളും മറ്റുമായി ഞങ്ങളുടെ റൂമിലെത്തുമ്പോള്‍‌ അവിടെ തലേ ദിവസത്തെ തീറ്റപ്പന്തയത്തിന്റെ ചര്‍‌ച്ച തീര്‍‌ന്നിട്ടില്ല. കഥ മുഴുവന്‍‌ കേട്ടു കഴിഞ്ഞപ്പോള്‍‌ കിരണും ജോബിയുടെ കൂട്ടത്തില്‍‌ കൂടി. അവനും പറഞ്ഞുഎടാ, മണ്ടന്‍‌ മത്താ, ഒരു കോഴി ഒറ്റയിരുപ്പിനു തിന്നുക എന്നു വച്ചാലെന്താടാ ഇത്ര ബുദ്ധിമുട്ട്? എനിക്കു തിന്നാന്‍‌ പറ്റുമല്ലോ ഒരു ഫുള്‍‌ ചിക്കന്‍‌!.നോക്കണോ? ”

എന്നാല്‍‌ മത്തനത് കേട്ടതായി ഭാവിച്ചതേയില്ല.കിരണിന്റെ ചോദ്യം ജോബിയോടായി. അപ്പോള്‍‌ എടാ, ഞാന്‍‌ വേണമെങ്കില്‍‌ 2 ചിക്കന്‍‌ തിന്നു കാണിക്കാംഎന്നായി ജോബി.
ഇതു കേട്ട കിരണ്‍‌ അപ്പോഴേ ജോബിയെ എതിര്‍‌ത്തു. നീ എന്തായാലും 2 ചിക്കന്‍‌ തിന്നില്ല. അളിയാ, വെറുതേ വാചകമടിക്കേണ്ട

എന്നാല്‍‌ ജോബി വിടുന്ന ലക്ഷണമില്ല. പിന്നെ വൈകിയില്ല. അടുത്ത പന്തയം.

‘1 മണിക്കൂര്‍‌ സമയം. അതിനുള്ളില്‍‌ ജോബി 2 ചിക്കന്‍‌ തിന്നാല്‍‌ അതിന്റെ വില കിരണ്‍‌ കൊടുക്കും. പറ്റിയില്ലെങ്കില്‍‌ ആ 2 കോഴിയുടെ വിലയും ജോബി കൊടുക്കേണ്ടി വരും. കൂടാതെ കിരണിന്‍ ഒരു കോഴി കൂടെ വാങ്ങിക്കൊടുക്കുകയും വേണം

അങ്ങനെ അന്നും കോഴി പഴയ പടി എത്തി, ഇത്തവണ മൊത്തം 4 എണ്ണം രണ്ടെണ്ണം ഞങ്ങള്‍‌ക്കെല്ലാം കൂടി. നടത്തിപ്പിന്റെ പൂര്‍‌ണ്ണ ചുമതലയും മത്തന്‍‌ ഏറ്റെടുത്തു. (പൈസ പോകുന്നത് ആരുടെയായാലും തനിക്കു സംഭവിച്ചതിനേക്കാള്‍‌ നഷ്ടം അവനു വരുമല്ലോ എന്ന ആശ്വാസം മത്തന്റെ മുഖത്തു പ്രകടമായിരുന്നു). ഇത്തവണ ഞങ്ങളും കരുതി തന്നെയായിരുന്നു. കൂടെ പൊറോട്ടയും വാങ്ങി ഞങ്ങള്‍‌ മുന്‍‌പേ തയ്യാറായി. (ഒരു 4 പൊറോട്ട തനിക്കും വേണമെന്ന് ജോബി ആവശ്യപ്പെട്ടിരുന്നു. അതവന്‍‌ തിന്നില്ലെന്നറിയാമെങ്കിലും അവന്റെ അഹങ്കാരം ഇന്നോടെ തീര്‍‌ക്കാമല്ലോന്നു കരുതി ഞങ്ങള്‍‌ അവനും കൂടി പൊറോട്ട കരുതി)

മത്സരം തുടങ്ങി. ആദ്യത്തെ 10 മിനുട്ടു കൊണ്ട് ആദ്യത്തെ കോഴി നാമാവശേഷമായി. തുടര്‍‌ന്ന് ജോബി രണ്ടാമത്തെ കോഴിയെ കൈ വച്ചു. ഒരല്‍‌പ്പം കഷ്ടപ്പെട്ടെങ്കിലും, 35 മിനിട്ടിനുള്ളില്‍‌ രണ്ടാമത്തെ കോഴിയും അവന്‍‌ തീര്‍‌ത്തു. കൂടെ 4 പൊറോട്ടയും. കിരണ്‍‌ ശ്വാസം നിലച്ചതു പോലെയായി. ഞങ്ങളും അത്രയ്ക്കു പ്രതീക്ഷിച്ചിരുന്നില്ല. എന്നാലും അതു സംഭവിച്ചു. ഞങ്ങള്‍‌ മനസ്സു കൊണ്ട് ജോബിയെ നമസ്കരിച്ചു. എന്തിന്, ഭക്ഷണകലയുടെ തമ്പുരാന്‍‌ എന്നു ഞ്ങ്ങള്‍‌ വിശേഷിപ്പിക്കാറുള്ള സുധിയപ്പന്‍‌ പോലും ഒന്നു അന്തം വിട്ടു. (സാമ്പത്തിക ഞെരുക്കം കാരണം പൈസ പോയാലോ എന്ന പേടി കാരണം കൊണ്ടു മാത്രമാണ് സുധിയപ്പന്‍‌ മത്സരങ്ങളില്‍‌ നിന്നുമൊഴിഞ്ഞു നിന്നത്)

അങ്ങനെ രണ്ടാം ദിവസവും കാശു ചിലവാക്കാതെ ജോബിയ്ക്ക് ചിക്കന്‍‌ കിട്ടി.
ബാക്കി സംഭവങ്ങള്‍‌ ചുരുക്കിപ്പറയാം.

തുടര്‍‌ച്ചയായ മൂന്നാം ദിവസം. അന്നും തലേന്നത്തെ സംഭവങ്ങളെ പറ്റിയുള്ള ചര്‍‌‌ച്ച വന്നു. അന്ന് കിരണും ജോബിയെ സമ്മതിച്ചു. അവന്‍‌ പറഞ്ഞു. ശരിയാണ്, അളിയാ. ഈ കോഴി 2 എണ്ണമെല്ലാം ഒറ്റയടിയ്ക്ക് തിന്നാന്‍‌ പറ്റും. ഇന്നലെ തിന്നപ്പോഴല്ലേ എനിക്കും മനസ്സിലായത്“ (കിരണിനും ഞങ്ങള്‍‌ക്കും കൂടെ വേറെ 2 ചിക്കനും വാങ്ങിയിരുന്നല്ലോ)

തനിക്കു നഷ്ടപ്പെട്ട പൈസയെങ്കിലും മുതലാക്കാനായി കിരണ്‍‌ വീണ്ടും ജോബിയെ വെല്ലു വിളിച്ചു.ഇത്തവണ വേണമെങ്കില്‍‌ 2 കോഴിയെ കിരണ്‍‌ തിന്നാമെന്നായി. എന്നാല്‍‌ ജോബി വഴങ്ങിയില്ല.അതു പറ്റുമെന്ന് താന്‍‌ തന്നെ തെളിയിച്ചതല്ലേ എന്നായി അവന്‍‌. കിരണും വിട്ടില്ല. ഒന്നര മണിക്ക്കൂറിനുള്ളില്‍‌ 3 ചിക്കന്‍‌ തിന്നാമെന്നായി. തിന്നില്ലെങ്കില്‍‌ അവന്‍‌ ജോബിയ്ക് 1 ചിക്കന്‍‌ വാങ്ങിക്കൊടുക്കാമെന്നും കൂടാതെ 3 ചിക്കന്റെയും പൈസ കൊടുക്കാമെന്നും സമ്മതിച്ചു. കിരണിന്‍ 3 ചിക്കന്‍‌ തിന്നാനായില്ലെങ്കില്‍‌ അതും ജോബിയ്ക്കു തിന്നാം.

ആ വെല്ലുവിളി ജോബി സ്വികരിച്ചു. 2 മണിക്കൂര്‍‌ സമയവും അനുവദിച്ചു. അങ്ങനെ അന്നും മത്സരം തുടങ്ങി. 20 മിനുട്ടു കൊണ്ട് കിരണ്‍‌ 1 കോഴിയെ തീര്‍‌ത്തു. എന്നാല്‍‌ 40 മിനുട്ട് കഴിയുമ്പോഴേയ്ക്കും കിരണിന് രണ്ടാമത്തെ കോഴിയുടെ പകുതിയേ തിന്നാനായുള്ളൂ. അപ്പോഴേയ്കും അതാ വരുന്നു! വേറാരുമല്ല, വാള്‍!!! കിരണ്‍‌ നേരെ പുറത്തേയ്ക്കോടി. കുറച്ചു കഴിഞ്ഞ് മൂന്നു നാലു മനോഹരമായ വാളുകള്‍‌ക്കു ശേഷം അവന്‍‌‌ കിടപ്പായി. പിന്നെ, 2 മണിക്കൂറല്ല. അന്നത്തെ ദിവസം കിരണ്‍‌ ഒന്നും കഴിച്ചില്ല.

എന്തായാലും അന്നും ജോബിയ്കു കുശാലായി. എങ്കിലും അവന്‍‌ കിരണിന് ഒരു ഇളവു ചെയ്തു. ആ മൂന്നാമത്തെ കോഴി കൊണ്ട് അവനും തൃപ്തിപ്പെട്ടു. അതു കൊണ്ട് കിരണിന്റെ ഒരു കോഴിയ്ക്കുള്ള പൈസയെങ്കിലും കുറഞ്ഞു കിട്ടി.

അങ്ങനെ തുടര്‍‌ച്ചയായി 3 ദിവസം ജോബിയ്ക്ക് ചിക്കന്‍‌ തിന്നാന്‍‌ കിട്ടി. കോഴ്സ് എല്ലാം കഴിഞ്ഞു പോകും മുന്‍പ് ചിക്കന്‍‌ കഴിക്കണമെന്നുള്ള ഞങ്ങളുടെ ആഗ്രഹവും അങ്ങനെ സഫലീകരിച്ചു.. മത്തനും കിരണും മാത്രം ആ സംഭവം തങ്ങളുടെ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായം പോലെ ഇന്നും കൊണ്ടു നടക്കുന്നു.

Friday, July 6, 2007

ഗോള്‍‌ഡന്‍‌ ഡേ!

ഇന്ന് ജൂലൈ6 . ഇന്നത്തെ ദിവസത്തിന് നിങ്ങള്‍‌ക്കാര്‍‌ക്കുമില്ലാത്ത ഒരു പ്രത്യേകത എനിക്കും എന്റെ സുഹൃത്തുക്കള്‍‌ക്കുമുണ്ട്. എന്താണെന്നു വച്ചാല്‍‌ ഞങ്ങള്‍‌ക്ക് ഇന്ന് ഗോള്‍‌ഡന്‍‌ ഡേആണ്. മനസ്സിലായില്ല, അല്ലേ? ഇതു വായിച്ചു കഴിയുമ്പോള്‍‌ മനസ്സിലാകേണ്ടതാണ്.


ഇതു നടക്കുന്നത് നമ്മുടെ കൊച്ചു കേരളത്തില്‍‌ തന്നെയാണ്. എറണാകുളം ജില്ലയുടെ ഏതാണ്ടൊരു മൂലയിലുള്ള പിറവം എന്ന കൊച്ചു ഗ്രാമത്തില്‍.(പിറവം ചെറുതാണെന്നും ഗ്രാമമാണെന്നും പറഞ്ഞത് പിറവം കാരായ എന്റെ സുഹൃത്തുക്കള്‍‌ ക്ഷമിക്കില്ല.) എന്തായാലും ആ പിറവത്തെ ബസേലിയോസ് പൌലോസ് സെക്കന്റ് കാത്തോലിക്കോസ് കോളേജ് അഥവാ ഞങ്ങളുടെ ബിപിസിയിലാണ് ഇതിന്റെ തുടക്കം.

അതു മനസ്സിലാക്കാന്‍‌ നമുക്കൊരു യാത്ര പോകാം.... ഏഴു സംവത്സരങ്ങള്‍‌ക്കു പുറകിലേയ്ക്ക്.... ഒരു സൌഹൃദ യാത്ര.... ഓര്‍‌മ്മകളുടെ നൂല്‍‌പ്പാലത്തിലൂടെ!

അതാ.... ഇപ്പോള്‍‌ നാം പ്രശസ്തമായ പിറവം വലിയ പള്ളിയും കഴിഞ്ഞ് പാലച്ചുവടും പിന്നിട്ട് കോളേജ് ജംഗ്ഷനിലെത്തിക്കഴിഞ്ഞു.അഥവാ, അപ്പോളോ ജംഗ്ഷനില്‍‌. ഇതാ അവിടെ നിന്നും കൂട്ടുകാരോടൊന്നിച്ച് നാമിപ്പോള്‍‌ കന്നീറ്റുമല കയറുകയാ‍ണ്. 10 മിനിട്ടോളം സമയം കൊണ്ട് തമാശ പറഞ്ഞും പാര വച്ചും പൊട്ടിച്ചിരിച്ചും കുറ്റം പറഞ്ഞും പരിഭവം പങ്കു വച്ചും നാമിതാ ബിപിസിയുടെ തിരുമുറ്റത്ത് വന്നു ചേര്‍‌ന്നു കഴിഞ്ഞു...

ഇനി ബിപിസിയില്‍‌ നമ്മളാദ്യമായി ഒത്തൊരുമിച്ച ബിപിസി ഇലക്ട്രോണിക്സ് ഒന്നാം/രണ്ടാം സെമസ്റ്റര്‍‌ ക്ലാസ്സിലേയ്ക്ക്.... ആദ്യം തന്നെ ഓടിച്ചാടി നടക്കുന്ന സഹപാഠികളിലേയ്ക്കാണ് നമ്മുടെ ശ്രദ്ധ പതിയുന്നത്. അല്ലാ, അതെന്താണ് ബ്ലാക്ക് ബോര്‍‌ഡില്‍???

കറുത്ത ബോര്‍‌ഡില്‍‌ വെളുത്ത വലിയ അക്ഷരങ്ങളില്‍‌ എന്തോ എഴുതിയിരിക്കുന്നു.... കാണുന്നില്ലേ... ഉവ്വ്... നല്ല വ്യക്തമായി കാണാം....

"ഹാപ്പി ഗോള്‍‌ഡന്‍‌ ഡേ"

ഇന്ന് ജൂലൈ 6. എന്താണീ ഗോള്‍‌ഡന്‍‌ ഡേ എന്നല്ലേ....?

നമുക്ക് ചുറ്റുപാടും ഒന്നു കണ്ണോടിക്കാം... ആ കോലാഹലങ്ങളിളേയ്ക്ക് ഒന്നു ചെവിയോര്‍‌ക്കാം...

അവിടെ ഒരുവന്‍‌ അടുത്തിരിക്കുന്നവനോട് ചോദിക്കുന്നു...."എന്താടാ, ഈ ഗോള്‍‌ഡന്‍‌ ഡേ?"
അടുത്തിരിക്കുന്നവന്‍‌ വിവരിക്കുന്നു" എനിക്കും അറിയില്ല. അമേരിക്കയിലൊക്കെ വലിയ കാര്യമായി ആഘോഷിക്കുന്ന എന്തോ ആഘോഷമാണെന്നാ കേട്ടത്"

ക്ലാസ്സില്‍‌ മുഴുവന്‍‌ ഗോള്‍‌ഡന്‍‌ ഡേയെക്കുറിച്ചുള്ള ചൂടു പിടിച്ച ചര്‍‌ച്ച നടക്കുന്നു... അപ്പോഴതാ,രണ്ടാമത്തെ വരിയിലെ അവസാന ബഞ്ചുകളില്‍‌ നിന്നുമായി നാലഞ്ചു പേര്‍‌ എഴുന്നേല്‍‌ക്കുന്നു... അവര്‍‌ മുന്‍‌പിലേക്കു വരികയാണ്. അതാ, അവര്‍‌ പ്ലാറ്റ്ഫോമിനടുത്തെത്തി. അവരില്‍‌ ഒരാള്‍‌ക്ക് സാമാന്യത്തിലധികം പൊക്കം വരും. അത്ര തടിയില്ല. അയാള്‍‌ക്ക് എന്റെ ചെറിയ ഒരു ഛായ തോന്നുന്നുണ്ടല്ലേ... സംശയിക്കേണ്ട! അതു ഞാന്‍‌ തന്നെ. മറ്റൊരാള്‍‌ ആ പരിസരത്തുള്ള എയറു മുഴുവനും വലിച്ചു പിടിച്ചിരിക്കുകയാണെന്നു തോന്നുന്നു.... മറ്റാര്‍‌ക്കും തരില്ലെന്ന ഭാവത്തില്‍‌.... (ഇവനെന്താ ഗുസ്തിക്കു വന്നതോ എന്ന ഭാവത്തില്‍‌ മുന്‍‌ ബഞ്ചിലിരിക്കുന്ന രണ്ടുമൂന്നു പേര്‍‌ ചിരിക്കുന്നു). അത് ജോബി തന്നെ! തുടര്‍‌ച്ചയായി 2 വര്‍‌ഷം (മാത്രം) കോളേജില്‍‌ മിസ്റ്റര്‍‌ ബിപിസി മത്സരം സംഘടിപ്പിച്ചപ്പോഴും ആ രണ്ടു തവണയും ചാമ്പ്യന്‍‌ പട്ടം കരസ്ഥമാക്കിയ ബിപിസിയുടെ കരുത്തനായ, ഇലക്ട്രോണിക്സ് കാരുടെ സ്വന്തം സില്‍‌വര്‍ അഥവാ മസില്‍‌മാന്‍ ജോബി... അതിനടുത്ത് ലോകത്തെന്തു നടന്നാലും എനിക്കൊന്നുമില്ല എന്ന ഭാവത്തില്‍‌ ലാഘവത്തോടെ ചിരിച്ചു കൊണ്ട്, അവിടെ നില്‍‌ക്കുമ്പോഴും പെണ്‍‌കുട്ടികളുടെ നേരെ എന്തൊക്കെയോ പറഞ്ഞ് കളിയാക്കിച്ചിരിച്ചു കൊണ്ടും ബിട്ടു... അതിനടുത്ത് ഏതോ മഹാകാര്യത്തിനു സാക്ഷിയാകാന്‍‌ കഴിഞ്ഞതിന്റെ മുഴുവന്‍‌ ചാരിതാര്‍‌ത്ഥ്യവും മുഖത്തണിഞ്ഞ്, പോകുന്ന വഴിയിലെല്ലാം കൂടി ഗോള്‍‌ഡന്‍‌ ഡേയെ പറ്റി വിശദീകരണം നല്‍‌കിയും തങ്ങള്‍‌ നവോദയായില്‍‌ പഠിച്ചിരുന്നപ്പോള്‍‌ പോലും ഈ ഗോള്‍‌ഡന്‍‌ ഡേ ആഘോഷിക്കാനുള്ള പ്ലാനിട്ടിരുന്നു എന്നും മറ്റുമുള്ള അറിയിപ്പുകളുമായി ബിമ്പു ‍‌. അപ്പുറത്ത് കൂരിരിട്ടില്‍‌ ഒരു പ്രകാശനാളം എന്നു പറയും പോലെ, ബിപിസിയുടെ കറുത്ത മുത്ത്, ഇലക്ട്രോണിക്സ് കാരുടെ കരീം ഭായ്, തോട്ടംഭാഗം ടോണര്‍‌ഭായ്, സ്ലോപ്പര്‍‌ സുധിയപ്പന്‍‌ ഒരു വെളുത്ത ചിരിയുമായി.... (രാത്രി ഇരുട്ടത്തു കൂടിയെങ്ങാനും നടക്കുമ്പോള്‍‌ കയ്യില്‍‌ വെളിച്ചമൊന്നുമില്ലെങ്കില്‍‌ ചിരിച്ചു കൊണ്ടേ നടക്കാവൂ, അല്ലെങ്കില്‍‌ ആരെങ്കിലും വന്ന് ദേഹത്തിടിക്കും എന്ന് പണ്ടാരോ അവനോട് പകുതി കാര്യമായും പകുതി തമാശയായും പറഞ്ഞെന്നു പിറവത്തെ കേട്ടുകേള്‍‌വി. അതിനു ശേഷമാണത്രെ അവന്‍‌ രാത്രിയും പകലും ഈ ട്രേഡ് മാര്‍‌ക്ക് ചിരി ഒരു പതിവാക്കിയത്). അവസാനമായി, ഇന്‍‌ഡിപ്പെന്‍‌ഡന്‍‌സിന്റെ ഷര്‍‌ട്ടും (ആ ഷര്‍ട്ട് അവിടെ പിറവത്ത് ഫുട്ട്പാത്തില്‍‌നിന്നും 50 രൂപയ്ക്കു പേശി വാങ്ങിയത് അറിഞ്ഞത് ഞങ്ങള്‍‌ മാത്രമാണല്ലോ) ഒരു കസവുമുണ്ടുമുടുത്ത് ഒരു കുറിയ മനുഷ്യനും... (കയ്യിലിരുപ്പു വച്ചാണ് ഉഅയരം കണക്കാക്കുന്നതെങ്കില്‍‌ ഈ മാന്യ ദേഹത്തിന്റെ ഉയരം 7 അടിയില്‍‌ കുറയില്ല.).

ആളെ മനസ്സിലായില്ലേ... ഇല്ല? ഒരു ഹിന്റു തരാം... എപ്പോഴും വലിയ സീരിയസ്സയി, തിരക്കു പിടിച്ച് അമേരിക്ക പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന മിസൈലിന്റെ രഹസ്യം സൂക്ഷിക്കാനുള്ള ചുമതലയും ഉത്തരവാദിത്വവും തനിക്കാണ് എന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ സദാസമയവുമുള്ള നടപ്പ്! ഇപ്പോ മനസ്സിലായോ?

പോര? ഒന്നു കൂടി പറയാം.... ക്ലാസ്സിലെല്ലാവരും വല്ലാത്ത പിരിമുറുക്കത്തിലിരിക്കുമ്പോള്‍‌ ഒരു നേരം പോക്കിനായി എന്തെങ്കിലും കേള്‍‌ക്കണമെന്നു തോന്നുമ്പോള്‍‌ ഈ വ്യക്തിയെ വിളീച്ച് വളരെ സീരിയസ്സായി എന്തെങ്കിലും പറയാനാവശ്യപ്പെടുക അന്നു പതിവായിരുന്നു, എല്ലാവര്‍‌ക്കും ഒന്നു പൊട്ടിച്ചിരിക്കാനാവശ്യമായ എന്തെങ്കിലും അതില്‍‌ നിന്നും കിട്ടുമെന്നുറപ്പായിരുന്നു.... ഇപ്പോള്‍‌ പിടി കിട്ടിയോ?

കുറേയൊക്കെ ഓര്‍‌മ്മ വരുന്നു, അല്ലേ? എന്നാല്‍‌ ഇപ്പോള്‍‌ മനസ്സിലാക്കിത്തരാം. "എടാ, എന്തു പ്രശന്മുണ്ടായാലും 257817. ഈ നമ്പറിലേയ്ക്കൊന്നു വിളിച്ചാല്‍‌ മതി" ഇപ്പോ പിടികിട്ടിയോ? ഉവ്വ്,അല്ലേ.... അതു തന്നെ ആള്‍‌ " ദ വണ്‍‌ ആന്‍ഡ് ഓണ്‍‌ലി" ഗ്രേറ്റ് മത്തപുംഗവന്‍‌ അഥവാ മത്തന്‍‌...


ഇനി കാര്യത്തിലേയ്ക്കു കടക്കാം.... ഇവര്‍‌ പ്ലാറ്റ്ഫോമില്‍‌ നിന്നു കൊണ്ട് ഗോള്‍‌ഡന്‍‌ ഡേയെക്കുറിച്ച് സൂചിപ്പിക്കുകയാണ്. പലരും പല ഭാഗത്തു നിന്നും ഗോള്‍‌ഡന്‍‌ ഡേയെക്കുറിച്ചു ചോദിക്കുന്നു. ഇവര്‍‌ ഓരോരുത്തരും അവര്‍‌ക്കെല്ലാം മറുപടി കൊടുക്കുന്നു. അപ്പോഴതാ ജനലിന്റെ അടുത്തു നിന്നും ഒരു രൂപം ചാടിയെഴുന്നേല്‍‌ക്കുന്നു. ആ രൂപം തല ചെരിച്ചു പിടിച്ച് ഒരു കൈ ആഞ്ഞു വീശി ത്രികോണേ ത്രികോണേ എന്ന രീതിയില്‍‌ രണ്ടു ചാട്ടത്തിന് (അതോ നടന്നതു തന്നെയോ?) പ്ലാറ്റ്ഫോമിനടുത്തെത്തി.ഹ! അത് മറ്റാരുമല്ല. അതല്ലേ പ്രൊഫ് പ്രേംജി അഥവാ പിള്ളേച്ചന്‍‌!. പിള്ളേച്ചന്‍‌ ആദ്യം കണ്ട ജോബിയോട് ചോദിച്ചു "ഉംചണ്‍ഹ്പഗുറ്ടടാ കആഫ്ഠര്‍മഎ?" ജോബി പകച്ചു. ഇതേതു ഭാഷ???(ആ ഭാഷയെപ്പറ്റിയുള്ള പരാമര്‍‌ശം ഇനിയുമുള്ള കഥകളില്‍‌ വരുന്നതായ്യിരിക്കും) ഇതു വരെ കേട്ടിട്ട് സംസ്കൃതമെന്നും ഫ്രഞ്ച് എന്നുമൊക്കെ ആണെന്ന് സമാധാനിക്കാറുള്ള ഒരു ഭാഷയല്ല. (കാരണം അതൊന്നുമറിയില്ലെങ്കിലും ഇടെയ്ക്കിടെ കേള്‍‌ക്കാറുള്ളതിനാല്‍‌ അതൊരുമാതിരി പരിചയമായിക്കഴിഞ്ഞു. മാത്രമല്ല, എന്തെങ്കിലും തല്ലുകൊള്ളിത്തരങ്ങള്‍‌ ചെയ്യുമ്പോള്‍‌ മാത്രമേ അതു കേള്‍‌ക്കുന്ന പതിവുള്ളൂ... ഇതിപ്പോ എന്താ കാര്യം?) അവന്‍‌ പിള്ളേച്ചന്റെ നേരെ തിരിഞ്ഞ് കുറച്ചൊരു ആശങ്കയോടെ ചോദിച്ചു "എന്ത്?" പ്രേംജി അഥവാ പിള്ള ഒന്നു കൂടി തിരുത്തി ചോദിച്ചു " എടാ, എന്താടാ കാര്യം? "

", അതാണോ ഇവന്‍‌ നേരത്തെ ചോദിച്ചത്" എന്ന സമാധാനത്തോടെ ജോബി പിള്ളയോടു മറുപടി പറഞ്ഞു 'എടാ, നിനക്കറിഞ്ഞു കൂടെ, ഇന്നല്ലേ ഗോള്‍‌ഡന്‍‌ ഡേ?. അമേരിക്കക്കാരെല്ലാം വലിയ സംഭവമായിട്ടല്ലേ ഇത് ആഘോഷിക്കുന്നത്?' [ ജോബി മന:പ്പൂര്‍‌വ്വം ഒരു നമ്പറിടുകയായിരുന്നു. കാരണം ഒരു ബു.ജീ. സ്റ്റൈലില്‍‌ നടക്കുന്ന പിള്ളേച്ചന്‍‌ ലോകത്തെ എല്ലാക്കാര്യങ്ങളെപ്പറ്റിയും അഭിപ്രായം പറയുക പതിവായിരുന്നു, അന്നും ഇന്നും].
ചോദ്യം കേട്ട് പിള്ളേച്ചന്‍‌ ഒന്നു പരുങ്ങി. അറിയില്ലെന്നു പറയുന്നതെങ്ങനെ? 'ശരിയാണെന്നു തോന്നുന്നു, ഞാനുമെവിടെയോ വായിച്ചിട്ടുള്ള പോലെ തോന്നുന്നു' എന്നും പറഞ്ഞ് പിള്ളേച്ചന്‍‌ വലിഞ്ഞു.

അന്ന് ഒരു അവര്‍‌(പിരീഡ്) ഫ്രീയാണ്. ക്ലാസ്സില്ല. അതു കാരണം ക്ലാസ്സില്‍‌ നിന്നുമിറങ്ങി അവര്‍‌ നേരെ സ്റ്റാഫ് റൂമിലെത്തി. അതാ, തേടിയ വള്ളീ കാലേല്‍‌ ചുറ്റി എന്നു പറയും പോലെ ഷിക്കോര്‍‌ സാര്‍. വേഗം സാറിനെ പോയി കണ്ട് കാര്യം സൂചിപ്പിച്ചു. താനും ഫ്രീയായതു കൊണ്ട് പരിപാടിയ്ക്കു വന്നേയ്ക്കാമെന്ന് ഷിക്കോര്‍‌ സാറും സമ്മതിച്ചു. (കാരണവുമുണ്ട്. ആ കാലത്താണ് കാര്‍‌ഗില്‍‌ യുദ്ധം നടന്നത്. ആ സമയം ഞങ്ങള്‍‌ അതിര്‍‌ത്തിയില്‍‌ ജീവന്‍‌ ബലി കഴിച്ച ധീര ജവാന്‍‌മാര്‍‌ക്കു വേണ്ടി ക്ലാസ്സില്‍‌ തന്നെ ചെറിയൊരു ചടങ്ങു സംഘടിപ്പിച്ചിരുന്ന കാര്യം സാറിനും അറിയാമായിരുന്നു)അങ്ങനെ ഈ അഞ്ചംഗ സംഘം വീണ്ടും ക്ലാസ്സിലെത്തി. കൂടേ സാറും. സാര്‍‌ ക്ലാസ്സിലെത്തി. എന്താണ് പറയാനുള്ളതെന്നു വച്ചാല്‍‌ പറഞ്ഞോളാനുള്ള അനുവാദമായി. സുധിയപ്പന്‍‌ പ്ലാറ്റ്ഫോമിലേയ്ക്കു കയറി ക്ലാസ്സിനെ അഭിസംബോധന ചെയ്തു.

"സുഹൃത്തുക്കളേ... ഇന്ന് ജൂലൈ 6. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിങ്ങളില്‍‌ കുറെ പേര്‍‌ക്കെങ്കിലുമറിയുമായിരിക്കും (?) .ഇന്നാണ് ഗോള്‍‌ഡന്‍‌ ഡേ. അമേരിക്കയിലെല്ലാം വളരെ പ്രശസ്തമായ ഒരു ദിനമാണ് ഇന്ന്. അവിടുത്തെ ജനങ്ങളെല്ലാം ഉത്സവം പോലെ ആഘോഷിക്കുന്ന ഒരു ദിവസം. വാലന്റൈന്‍‌സ് ഡേ എന്ന പോലെ നമ്മുടെ നാട്ടിലും ഇതിനു പ്രചാരമായി വരുന്നതേയുള്ളൂ. എങ്കിലും നമ്മള്‍‌ ഇന്ന് ഇത് ഇവിടെ ആഘോഷിക്കുകയാണ്. അതു മാത്രമല്ല, ഇന്നു നമ്മുടെ മത്തന്റെ ബര്‍‌ത്ത് ഡേ കൂടിയാണ്. ഇതു രണ്ടും കൂടി നാം ഒരുമിച്ച് ആഘോഷിക്കുന്നു. ഷിക്കോര്‍‌ സാറിന് മധുരം നല്‍‌കിക്കൊണ്ട് മത്തന്‍‌ ആഘോഷങ്ങള്‍‌ക്കു തുടക്കമിടുന്നു"

അങ്ങനെ എല്ലാവരുടെയും കൈയ്യടിയുടേയും ആര്‍‌പ്പുവിളികളോടെയും ആ ഗോള്‍‌ഡന്‍‌ ഡേക്ക് അവിടെ ആരംഭമായി... അന്നു ഞങ്ങള്‍‌ ഭംഗിയായി അതാഘോഷിച്ചു.

ഇന്ന് 7 വര്‍‌ഷങ്ങള്‍‌ കൂടി കഴിഞ്ഞു. ബിപിസിയിലെ 3 വര്‍‌ഷവും അത്രയ്ക്കൊന്നും ആഘോഷങ്ങളില്ലെങ്കില്‍‌ കൂടി ഗോള്‍‌ഡന്‍‌ ഡേ ഗംഭീരമായി തുടര്‍‌ന്നു.സത്യത്തില്‍‌ അങ്ങനൊരു ഡേ തന്നെയില്ലായിരുന്നല്ലോ. കോളേജില്‍‌ എന്തു കാര്യങ്ങള്‍‌ക്കും ചാടിക്കേറി എന്തെങ്കിലും മണ്ടത്തരങ്ങള്‍‌ പറയുന്ന പതിവുള്ളതു കൊണ്ട് മത്തനെ വിളിച്ചിരുത്തത് ഗോള്‍‌ഡ് എന്നായിരുന്നു. അതിനുമൊരു കാരണമുണ്ട്. പണ്ടു മുതലേ, ബിപിസിയില്‍‌ സീരിയസായ കാര്യങ്ങള്‍‌ക്കിടയില്‍‌ മണ്ടത്തരം വിളമ്പുന്നവരെ വിളിച്ചിരുന്നത് സില്‍‌വര്‍‌ എന്നായിരുന്നു. അപ്പോള്‍‌ തന്നെ സില്‍‌വര്‍‌ സീനിയറും സില്‍‌വര്‍‌ രണ്ടാമനും കോളേജില്‍‌ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അങ്ങനെയെങ്കില്‍‌ അതിനേക്കാളൊക്കെ വലിയ മണ്ടത്തരങ്ങള്‍‌ വിളമ്പിയിരുന്ന മത്തനെ വിളിക്കാന്‍‌ പേരില്ലാതാകുമല്ലോ എന്ന ദുഖത്തില്‍‌ നിന്നും ഞങ്ങള്‍‌ സ്നേഹപൂര്‍‌വ്വം തിരഞ്ഞെടുത്ത പേരായിരുന്നു ഗോള്‍‌ഡന്‍‌ എന്ന സര്‍‌നെയിം. അതിനു വേണ്ടി ഉണ്ടാക്കിയെടുത്ത ആഘോഷമായി ഗോള്‍‌ഡന്‍‌ ഡേ സെലിബ്രേഷനും.

ഞങ്ങള്‍‌ ബിപിസി ക്കാരുടെ അന്നത്തെ അഭിപ്രായത്തില്‍, ഒരു പക്ഷേ, സാന്താക്ലോസ്സിനു ശേഷം ഇത്ര ലോക പ്രശസ്തനായ(ബിപിസി എന്ന ലോകം എന്നു വേണമെങ്കില്‍‌ നിങ്ങള്‍‌ക്കു ചുരുക്കാം) മറ്റൊരു വ്യക്തി ഇദ്ദേഹമായിരിക്കാം... അതേ.... ഗോള്‍‌ഡന്‍‌ മത്തന്‍‌....

പഴയ ബിപിസി കോളേജിന്റെ നീണ്ട ഇടനാഴികള്‍‌ വഴിയാണ് അദ്ദേഹത്തിന്റെ മണ്ടത്തരങ്ങള്‍‌ പുറം ലോകമറിയുന്നത്... ആ ഓര്‍‌മ്മകള്‍‌ക്ക് ഇന്ന് 7 വര്‍‌ഷം തികയുന്നു....


ഇന്ന് ഇത്രയും വര്‍‌ഷങ്ങള്‍‌ക്കു ശേഷം ആലോചിക്കുമ്പോള്‍‌ ഓര്‍‌മ്മകളില്‍‌ ചിരിയുടെ മാലപ്പടക്കം തീര്‍‌ത്ത ആ നാളുകള്‍‌... അന്നത്തെ കൂട്ടുകാര്‍‌... എല്ലാത്തിനു സാക്ഷിയായ ഞങ്ങളുടെ ബിപിസിയും...

എല്ലാവര്‍‌ക്കും ഹാപ്പി ഗോള്‍‌ഡന്‍‌ ഡേ!!!

Monday, July 2, 2007

തീറ്റപ്പന്തയം - പൊരിച്ച കോഴി1
ഞങ്ങള്‍‌ തഞ്ചാവൂര്‍‌ പഠിക്കുന്ന സമയം. അന്ന് എല്ലാവരും എപ്പോഴും റൂമില്‍‌ തന്നെ ഉണ്ടായിരിക്കുന്ന സമയമായിരുന്നു സ്റ്റഡി ലീവിനു കിട്ടുന്ന ഒരു മാസം. അപ്പോഴാണ് ഞങ്ങളെല്ലാവരും പഠിക്കാനുള്ള എല്ലാ സാമഗ്രികളും (ലൈബ്രറിയില്‍‌ നിന്നുള്ള ബുക്സും ഫോട്ടോകോപ്പികളും എല്ലാം) സംഘടിപ്പിച്ചു തുടങ്ങുക. അതിനിടയില്‍‌ തന്നെയാവും എല്ലാവരും പൂര്‍‌ണ്ണ മനസ്സോടെ പാചകത്തിലും ശ്രദ്ധ വയ്ക്കുക. (അങ്ങനെയെങ്കിലും കുറച്ചു സമയം മാറിക്കിട്ടുമല്ലോ)

അങ്ങനെ ഒരു സ്റ്റ്ഡിലീവു കാലം. അന്നും എല്ലാ ശനിയാഴ്ചകളിലും ഞങ്ങള്‍ അവിടെ കുറച്ചകലെയുള്ള ഒരു ക്ഷേത്രത്തില്‍‌ (പെരിയ കോവിലില്‍‌) പോകുക പതിവായിരുന്നു. എല്ലാ തവണ പോകുമ്പോഴും പകുതി ദൂരം കഴിയുമ്പോള്‍‌ ഒരു ചെറിയ ടൌണിലെത്തും. അപ്പോള്‍‌ എല്ലാവരും ഇടത്തു വശത്തേയ്ക്കു നോക്കും. (തിരിച്ചു വരും വഴി, ഇതേ സ്റ്റോപ്പിലെത്തുമ്പോള്‍‌ വലത്തോട്ടും). മറ്റൊന്നുമല്ല, അവിടെ ഒരു സ്റ്റാളില്‍‌ വൈകുന്നേരങ്ങളില്‍‌ നല്ല ഭംഗ്ഗിയായി കോഴികളെ തൂക്കിയിട്ടിരിക്കുന്നുണ്ടാകും.പീസുകളായും മുഴുവനായും നന്നായി പൊരിച്ച് തിളങ്ങുന്ന കടലാസു കൊണ്ടെല്ലാം പൊതിഞ്ഞ് ഒരു വശത്തും പൊരിക്കാന്‍‌ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന അവസ്ഥയില്‍‌ മറ്റൊരു വശത്തും. നാം ആവശ്യപ്പെടുന്ന കോഴിയോ പീസോ അപ്പോള്‍‌ തന്നെ പാകം ചെയ്ത് റെഡിയാക്കി കയ്യില്‍‌ തരും. [ഇന്നത്തെ കാലത്ത് ഇതൊരു പതിവു കാഴ്ചയാണെങ്കിലും അന്ന് അത് അത്യപൂര്‍വ കാഴ്ചയായിരുന്നു]. അന്നത്തെ അവസ്ഥയില്‍‌ അതു ഞങ്ങള്‍ മന:പ്പൂര്‍‌വ്വം ഒഴിവാക്കിയിട്ടിരിക്കുകയായിരുന്നു. എന്നാലും കോഴ്സ് എല്ലാം കഴിഞ്ഞ് തിരിച്ചു പോകും മുന്‍പ് അവിടെ നിന്നും ലാവിഷായി ഒരിക്കലെങ്കിലും കോഴി വാങ്ങി കഴിച്ചിട്ടേ പോകൂ എന്നും എല്ലാവരും തീര്‍‌ച്ചപ്പെടുത്തിയിരുന്നു. അതു കൊണ്ടാ‍ണ്‍ എല്ലാ ആഴ്ചയും അവിടെയെത്തുമ്പോള്‍‌ ആ ഒരു ദിവസത്തെക്കുറിച്ചുള്ള ഓര്‍‌മ്മകളില്‍‌ എല്ലാവരും അതും നോക്കി വെള്ളമിറക്കാറുള്ളത്.
 
അങ്ങനെ ഒരിക്കല്‍‌ അതു പോലെ ക്ഷേത്രത്തില്‍‌ നിന്നും തിരിച്ചെത്തി, അതിന്റെ അടുത്ത ദിവസം പഠനത്തിനിടയ്ക്കുള്ള ഒരു ഇടവേളയില്‍‌ എല്ലാവരും സംസാരിച്ചിരിക്കുകയായിരുന്നു.അതിനിടയിലെപ്പോഴോ ഈ കോഴി പൊരിച്ചത് സംഭാഷണത്തിനിടയ്ക്കു കടന്നു വന്നു.അതിനെപ്പറ്റിയുള്ള കൊതിയൂറുന്ന വര്‍‌ണ്ണനകളുമായി മാഷും (അല്ലെങ്കിലും ഏതൊരു വസ്തുവിനെപ്പറ്റിയും പ്രത്യേകിച്ചും ഭക്ഷണ പദാര്‍‌ത്ഥങ്ങളേപ്പറ്റി, വര്‍‌ണ്ണനകളിലൂടെയും സ്വത സിദ്ധമായ ചില ശാരീരിക ചലനങ്ങളിലൂടെയും മാത്രം മറ്റൊരാളെ കൊതി പിടിപ്പിക്കാന്‍‌ മാഷിനു ഒരു പ്രത്യ്യേക കഴിവു തന്നെയുണ്ട്.), ആ ചിക്കന്‍‌ വാങ്ങിയാല്‍‌ എങ്ങനെ തിന്നണമെന്നുള്ള കമന്ററിയുമായി ബിമ്പുവും, അതല്ല, അത് ഒരാള്‍‌ക്ക് (എന്നു വച്ചാല്‍‌ തനിക്കു തന്നെ) എത്ര തിന്നാലാണ്‍ മതിയാവുക എന്ന സന്ദേഹവുമായി സുധിയപ്പനും, സാമ്പത്തിക സ്ഥിതികളുടെ കണക്കു കൂട്ടലുകളുമായി ഞാനും (എനിക്കായിരുന്നു അവിടെ സാമ്പത്തിക വകുപ്പിന്റെ, എന്നു വച്ചാല്‍‌ കണക്കു നോക്കുന്ന ചുമതല),അതല്ല, ഒരു ജോലി കിട്ടുമ്പോള്‍‌ അതു പോലുള്ള ഒരു പത്തു ചിക്കന്‍‌ സ്റ്റാളെങ്കിലും വാങ്ങിയിടണമെന്നുള്ള അത്യാഗ്രഹവുമായി മത്തനും, ചിക്കന്‍‌ ഇപ്പോഴായാലും അപ്പോഴായാലും തിന്നാന്‍‌ ഞാനെന്നേ തയ്യാറാണെന്ന സ്ഥിരം തണുപ്പന്‍‌ ഭാവവുമായി ബിട്ടുവും, നല്ല കാര്യങ്ങള്‍‌ നമ്മളൊരിക്കലും മാറ്റി വയ്ക്കരുതെന്നും അതു കൊണ്ട് നമുക്ക് ചിക്കന്‍‌ വാങ്ങാനുള്ള തീരുമാനം പിന്നത്തേയ്ക്കു വയ്ക്കേണ്ടതില്ലെന്നും ഇപ്പോള്‍‌ തന്നെ ആയാലോ എന്നും പറഞ്ഞു മറ്റുള്ളവരെ പ്രലോഭിപ്പിക്കാനുള്ള ശ്രമവുമായി ജോബിയും,അല്ലാ, നിങ്ങളെല്ലാവരും ചിക്കന്‍‌ തിന്നുന്നുണ്ടെങ്കില്‍‌ മാത്രം ഞാനും തിന്നേയ്ക്കാം എന്ന അറിയിപ്പുമായി പിള്ളേച്ചനും ആ ചര്‍‌ച്ചയില്‍‌ പങ്കു കൊണ്ടു.
അതിനിടെ ആ ചിക്കന്‍‌ വാങ്ങിയാല്‍‌ ഒരെണ്ണം എത്ര പേര്‍‌ക്കു തികയുമെന്ന ശങ്ക സുധിയപ്പന്‍‌ പിന്നേയും എടുത്തിട്ടു. മറ്റൊന്നുമാലോചിക്കാതെ ജോബി ചാടിപ്പറഞ്ഞു. ആകെ രണ്ടെണ്ണം മതി. ഒരെണ്ണം എനിക്കും മറ്റേത് നിങ്ങള്‍‌ക്കെല്ലാവര്‍‌ക്കും.
 
അതു മത്തനു പിടിച്ചില്ല. അവന്‍‌ ജോബിയെ വെല്ലു വിളിച്ചു ജോബീ, നിനക്ക് ഒറ്റയടിയ്ക്ക് ഒരിക്കലും ഒരു ഫുള്‍‌ ചിക്കന്‍‌ തിന്നാന്‍‌ പറ്റില്ല. എന്തിന്‍, കിടക്കുന്ന സുധിയപ്പനു പോലും പറ്റില്ല. അവനല്ലേ, നമ്മുടെ അടുക്കളയുടെ അവസാന വാക്ക്അതു കേട്ട് സുധിയപ്പന്‍‌ മത്തനെ ഒന്നു നോക്കിയത് മത്തന്‍‌ കാണാത്ത ഭാവം നടിച്ചു. എന്നാല്‍‌ ജോബി ആ വെല്ലുവിളി ഏറ്റെടുത്തു. ഒരു മണിക്കൂര്‍‌ സമയം തന്നാല്‍‌ അതിനുള്ളില്‍‌ ഒരു ഫുള്‍‌ ചിക്കന്‍‌ തിന്നാം
മത്തന്‍‌ സമ്മതിച്ചു. ഒരു മണിക്കൂറിനുള്ളില്‍‌ ജോബി ഒരു ഫുള്‍‌ ചിക്കന്‍‌ തിന്നാമെങ്കില്‍‌ ആ ചിക്കന്റെ കാശ് മത്തന്‍‌ കൊടുക്കും. പറ്റിയില്ലെങ്കില്‍‌ ജോബി അതിന്റെ കാശും കൊടുക്കണം, ഒരു ചിക്കന്‍‌ മത്തന്‍ വാങ്ങിക്കൊടുക്കയും വേണം. ആ പന്തയം എല്ലാവരാലും അംഗീകരിക്കപ്പെട്ടു.

പക്ഷേ, ഒരു പ്രശ്നം! ഇവന്‍‌ ഈ പന്തയം ജയിക്കുകയോ തോല്‍‌ക്കുകയോ ആയ്ക്കോട്ടെ. പക്ഷേ, നമ്മുടെ മുന്‍പില്‍‌ വച്ച് അങ്ങനെയൊരു അതിക്രമം നടക്കുമ്പോള്‍‌ നമ്മളെല്ലാവരും വെറും കാഴ്ചക്കാരായി നില്‍‌ക്കേണ്ടതൂണ്ടോ?” സുധിയപ്പന്‍‌ തന്റെ സംശയം മുന്നോട്ടു വച്ചു.
അതിന്റെ യാതൊരു ആവശ്യവുമില്ല. അവന്‍‌ കോഴിയെ തിന്നുന്നുണ്ടോ എന്നും നോക്കി നമ്മളെന്തിനു വെള്ളമിറക്കി ഇരിക്കണം. അതു കൊണ്ടു ഒരു കോഴി കൂടി വാങ്ങി നമ്മളെല്ലാവരും കൂടി അത് തിന്നു കൊണ്ട് ഈ പന്തയത്തിനു സാക്ഷ്യം വഹിക്കും, എന്താ?” ബിട്ടു തന്റെ നയം വ്യക്തമാക്കി.
 
ആര്‍‌ക്കും യാതൊരു വിധ എതിര്‍‌പ്പുമില്ലാതെ ആ തീരുമാനം അംഗീകരിക്കപ്പെട്ടു. അങ്ങനെ എല്ലാവരും പൊരിച്ച കോഴി വരുന്നതു കാത്ത് സ്വീകരിക്കാന്‍‌ തയ്യാറെടുത്ത് ഇരിപ്പായി. ജോബിയാണെങ്കില്‍‌ പന്തയം വച്ചും പോയി, ഇനിയിപ്പോ തോറ്റാല്‍‌ മാനവും പോകും കാശും പോകുമെന്ന പേടി കാരണം തന്റെ പഴയ ബോഡി ബില്‍‌ഡിങ്ങിന്റെ ബാലപാഠങ്ങള്‍‌ വീണ്ടും പരിശീലിക്കാന്‍‌ തുടങ്ങി. കോഴി എത്തുമ്പോഴേയ്ക്കും നല്ല പോലെ വിശപ്പുണ്ടാകണമല്ലോ. അവസാ‍നം ആ ശുഭമുഹൂര്‍‌ത്തം സമാഗതമായി.
 
ആര്‍‌പ്പുവിളിയും കുരവയുമായി സുധിയപ്പനും മത്തനും പൊരിച്ച കോഴിയുമായി എത്തി.ഞങ്ങള്‍‌ സമയമെല്ലാം നോക്കി ജോബിയ്ക്കു സ്റ്റാര്‍‌ട്ട് പറഞ്ഞു. അവന്‍‌ എല്ലാ തയ്യാറെടുപ്പുകളോടും കൂടി കോഴിയെ കൈ വച്ചു. എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ജോബിയുടെ കൈകളും വായും അതിവേഗം പ്രവര്‍‌ത്തിച്ചു. 1,2,3… മിനുട്ടുകള്‍‌ അനൌണ്‍സ് ചെയ്തു കൊണ്ട് അടുത്തു തന്നെ മത്തനും നിലയുറപ്പിച്ചു.
 
പക്ഷേ…. 15 മിനിട്ടു തികഞ്ഞില്ല, ആ കോഴി വെറും അസ്ഥികൂടം മാത്രമായി ഞങ്ങള്‍‌ക്കു മുന്‍പിലെ പാത്രത്തില്‍‌ ബാക്കിയായി.( കഷ്ടം! സത്യത്തില്‍‌ ആ കിടപ്പു കണ്ടാലേ അറിയാം, അതിന്റെ ആത്മാവിനു പോലും മോക്ഷം കിട്ടാനിടയില്ല). ഒരു കള്ളച്ചിരിയുമായി ബാക്കിയായ ഒരു എല്ലിന്‍‌ കഷ്ണവും പിടിച്ച് തല ചൊറിഞ്ഞു കൊണ്ട് ജോബി മത്തനോടു പറഞ്ഞു ശ്ശെ, മത്താ, 2 കോഴിയ്ക്കു പന്തയം വയ്ക്കാമായിരുന്നു
 
മത്തന്‍‌ കുറച്ചു നേരത്തേയ്ക്ക് മിണ്ടാന്‍‌ പോലും വയ്യാതെ കണ്ണൂം തള്ളി നില്‍‌ക്കുകയായിരുന്നു. കാശു പോയെന്നു മാത്രം മിച്ചം. അപ്പോഴേയ്ക്കും ഞങ്ങള്‍‌ക്കായി വാങ്ങിയ കോഴിയുമായി ഞങ്ങള്‍‌ മല്‍‌പ്പിടുത്തം തുടങ്ങിയിരുന്നു. മത്തന്റെ പങ്ക് അവനു കൊടുത്തെങ്കിലും അതവനു വേണ്ട പോലെ ആസ്വദിച്ചു കഴിക്കാനായില്ല. വിശപ്പില്ലെന്നാണ്‍ അവന്‍‌ പറഞ്ഞത്.( എങ്ങനെ വിശപ്പുണ്ടാകാന്‍‌? അവന്‍‌ ആ ഷോക്കില്‍‌ നിന്നും വിമുക്തനാകാന്‍‌ കുറച്ചു ദിവസമെടുത്തു.).അതേ സമയം, എന്തായാലും കാശു ചിലവാക്കാതെ ഒരു ഫുള്‍‌ ചിക്കന്‍‌ ആസ്വദിച്ചു(?) കഴിക്കാന്‍‌ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ജോബി. ആ ചിക്കനാണ്‍ തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നു ജോബി അവകാശപ്പെടുമ്പോഴെല്ലാം ആ തടി തനിക്കു കൂടി അവകാശപ്പെട്ടതാണെന്ന അവകാശവാദം കൊണ്ട് സമാധാനിക്കാന്‍‌ ശ്രമിക്കുകയായിരുന്നു മത്തന്‍‌.

{
ഈ പന്തയക്കഥ ഇവിടെ അവസാനിക്കുന്നില്ല. ഇതിന്റെ ബാക്കി ഇവിടെ വായിയ്ക്കാം}