Saturday, June 9, 2007

ഹോളോമാന്‍‌

രണ്ടാം വര്‍‌ഷ ബിരുദ പഠന കാലമാണ് സമയം. അന്നൊരിക്കല്‍‌ യാഥൃശ്ചികമായി ഒരു അവധി വന്നു പെട്ടു. ഒരാഴ്ചയുടെ മദ്ധ്യത്തിലായിപ്പോയതിനാല്‍‌ ആര്‍‌ക്കും വീട്ടില്‍‌ പോകാനൊന്നും ഒത്തില്ല. ഞങ്ങള്‍‌ വെറുതേ ഓരോന്നു പറഞ്ഞു നേരം കളയുമ്പോഴാണ് അടുത്ത വീട്ടില്‍‌ താമസിക്കുന്ന മറ്റു ചങ്ങാതിമാര്‍‌ കൂടി വന്നത്, അന്നത്തെ ദിവസത്തിന്റെ വിരസത മാ‍റ്റാനായി ഇറങ്ങിയതായിരുന്നൂ അവരും.

അങ്ങനെ ഞങ്ങള്‍‌ എല്ലാവരും കൂടി സംസാരിക്കുന്നതിനിടയില്‍‌ തോമാ ആണെന്നു തോന്നുന്നു, ആ അഭിപ്രായം മുന്നോട്ടു വച്ചത്. “നമുക്കൊരു സിനിമയ്ക്കു പോയാലോ?” എല്ലാവരും ഏകകണ്ഠേന സമ്മതിച്ചു. ഏതു സിനിമയ്ക്കു പോകണമെന്നായി അപ്പോള്‍‌
തെങ്കാശിപ്പട്ടണം ഇറങ്ങിയ സമയം. അതു തന്നെ ആയിക്കളയാമെന്നായി. മത്തനും ഏറ്റു പിടിച്ചു. ‘തീറ് പടമാണെന്നാ ആളിയാ കേട്ടത്. നമുക്ക് പോയ്ക്കളയാം’. ആകട്ടെ. പക്ഷേ വീണ്ടും പ്രശ്നം തീയ്യേറ്റര്‍‌ അടുത്തൊന്നുമല്ല മാത്രമല്ല, ആകെ എട്ടു പത്തു പേരുമുണ്ട്.

എന്നത്തേയും പോലെ മത്തന്‍‌ അതും ഏറ്റെടുത്തു” ഞാനൊരു ജീപ്പ് അറേഞ്ചു ചെയ്യാമോ എന്നു നോക്കട്ടെ എന്തു പറയുന്നു?”

എല്ലാവര്‍‌ക്കും സമ്മതം പക്ഷേ കിട്ടുമെന്ന് ഉറപ്പുണ്ടോ?

അതിനും മത്തന്‍‌ വഴി കണ്ടു “ഞാന്‍‌ ഒന്നു വീടു വരെ പോയിട്ടു വരാം. വണ്ടി കിട്ടുമോ എന്ന് അന്വേഷിച്ചിട്ട് അഞ്ചുമണിയ്ക്കു മുമ്പായി മണി ചേട്ടന്റെ കടയിലേയ്ക്കു വിളിച്ചു പറയാം.”(അവന്റെ വീട് കോളേജിന് അടുത്തു തന്നെ ആണ്.കൂടിയാല്‍‌ 5 കി.മീ. ദൂരം വരും).

അങ്ങനെ തല്‍‌ക്കാലം അവര്‍‌ എല്ലാവരും പിരിഞ്ഞു.മത്തന്റെ ഫോണ്‍‌കോളും പ്രതീക്ഷിച്ചിരുപ്പായി.(അവര്‍‌ താമസിക്കുന്ന വീട് കവലയ്ക്കടുത്തു തന്നെ, ആയിരുന്നതിനാല്‍‌ മത്തന്റെ ഫോണ്‍‌ വന്നാല്‍‌ അക്കാര്യം ഞങ്ങളുടെ വീട്ടില്‍‌ വന്നു പറയാമെന്ന കാര്യവും അവര്‍‌ ഏറ്റു) അഞ്ചു മണി വരെയൊന്നും കാക്കേണ്ടി വന്നില്ല, നാലു മണി കഴിഞ്ഞപ്പോഴേയ്ക്കും അവന്‍‌ വിളിച്ചു പറഞ്ഞു മക്കളേ ആ പൂതി മനസ്സില്‍‌ വച്ചേക്ക് വണ്ടി തരപ്പെട്ടില്ല.”

പറഞ്ഞിട്ടു പോയതു മത്തനായതു കൊണ്ടോ, അവന്റെ വാക്കിനെ നല്ല വിശ്വാസമുള്ളതു കൊണ്ടോ അടുത്ത വീട്ടില്‍‌ താമസിക്കുന്ന കൂട്ടുകാരെല്ലാം അത് അത്രയേ പ്രതീക്ഷിച്ചിരുന്നുള്ളൂ എന്ന ഭാവത്തില്‍‌ തിരിച്ചു പോയി.പക്ഷേ, അവര്‍‌ ഇക്കാര്യം ഞങ്ങളോടു വന്നു പറയാന്‍‌ വിട്ടു പോയി. ഞങ്ങളും അതു പ്രതീക്ഷിക്കുന്നുണ്ടാവില്ലെന്ന് അവരും കരുതിക്കാണും. പക്ഷേ, ഞങ്ങള്‍‌ 3 പേര്‍‌ നല്ല പ്രതീക്ഷയിലായിരുന്നു. (ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കട്ടെ. ഞങ്ങളുടെ കൂട്ടത്തില്‍‌ ഏഴെട്ടു പേരുണ്ടെങ്കിലും ആ വീട്ടില്‍‌ വാടക കൊടുത്തു താമസിക്കുന്നവര്‍‌ ഞങ്ങള്‍‌ 3 പേര്‍‌ മാത്രമായിരുന്നു. ബാക്കിയുള്ളവരെ ‘അഭയാര്‍‌ത്ഥികള്‍‌ ‘എന്ന സ്ഥാനപ്പേരിലാണ് ഞങ്ങള്‍‌ സംബോധന ചെയ്യാറ്). അന്നത്തെ ദിവസത്തിന്റെ ബോറടി മാറ്റാമെന്നും നല്ലൊരു സിനിമ(തെങ്കാശിപ്പട്ടണത്തിനു നല്ല അഭിപ്രായമാണേന്നും അറിഞ്ഞിരുന്നു) കാണാമെന്നുമുള്ള പ്രതീക്ഷയില്‍‌ ഞങ്ങള്‍‌ കാത്തിരുപ്പായിരുന്നു.

എന്നാല്‍‌ മണി അഞ്ചും കഴിഞ്ഞ് ആറായിട്ടും മത്തനേയോ അടുത്ത വീട്ടിലെ കൂട്ടുകാരേയോ കാണാതായപ്പോള്‍‌ അവരെ തപ്പി ഞങ്ങള്‍‌ കവലയിലേക്കിറങ്ങി. അവസാനം അവരുടെ വീട്ടില്‍‌ ചെന്നു നോക്കുമ്പോഴുണ്ട് അവിടെ അവരെല്ലാവരും ചീട്ടു കളിച്ചു കൊണ്ടിരിക്കുന്നു.അപ്പോഴാണറിഞ്ഞത് മത്തന്‍‌‌ നിരാശപ്പെടുത്തിയ കാര്യം…

ചീട്ടു കളി താല്‍‌പര്യമില്ലാത്തതിനാല്‍‌ ഞങ്ങള്‍‌ നിരാശയോടെ ഞങ്ങളുടെ വീട്ടിലേയ്ക്കു തിരിച്ചു. വെറുതേയിരുന്ന ഞങ്ങളെ പറഞ്ഞ് ആശിപ്പിച്ചതിന് മത്തനെ കൊല്ലാനുള്ള പകയുമായിട്ടാണ് ഞങ്ങള്‍‌ ഇരുന്നത്. എന്തായാലും അവന്‍‌ രാത്രി വന്നു ചാടുമെന്ന് ഞങ്ങള്‍‌ക്കറിയാമായിരുന്നു.( അവന്റെ വീട് അടുത്തു തന്നെ ആയിരുന്നെങ്കിലും എല്ലാ ദിവസവും രാത്രിയാകുമ്പോള്‍‌ അവന്റെ ചേട്ടായിയുടെ ബൈക്കും കൊണ്ട് അവന്‍‌ ഞങ്ങളുടെ വീട്ടിലെത്തുമായിരുന്നു. എന്നിട്ട് വെളുപ്പിനേ തിരിച്ചു പോകും).

പക്ഷേ സിനിമാ പരിപാടി പാളിയപ്പോഴേക്കും നിരാശരായ അഭയാര്‍‌ത്ഥികള്‍‌ അവരവരുടെ വീടുകളിലേയ്ക്കും പോയി. സിനിമ കാണുകയാണെങ്കില്‍‌ ഞങ്ങളുടെ കൂടെ കൂടാനായിരുന്നു, അവരുടെ പ്ലാന്‍‌. (അല്ലാ, മിക്ക ദിവസങ്ങളിലും എന്തെങ്കിലുമൊക്കെ കാരണങ്ങള്‍‌ കണ്ടെത്തി അവര്‍‌ ഞങ്ങളുടെ കൂടെ തങ്ങാറുണ്ട്)

അവസാനം അവന്‍‌ വന്നു… പക്ഷേ പതിവിലേറെ വൈകി. വന്നപ്പോള്‍‌ തന്നെ 8.30. അവന്‍‌ വന്നു കയറിയ പാടേ കുല്ലു അവനെ കണക്കിനു പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍‌ അവനെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നെന്ന് അവനറിഞ്ഞത്. അതറിഞ്ഞപ്പോള്‍‌ അവനൊരു കുറ്റബോധം…. ഞങ്ങളെ അപ്പോള്‍‌ തന്നെ എങ്ങനെയെങ്കിലും സിനിമയ്ക്കു കൊണ്ടു പോയേ ഒക്കൂ…. പക്ഷേ, വണ്ടി കിട്ടാനില്ല. മാത്രമല്ല, ഞങ്ങള്‍‌ നാലാളും (ഞാനും കുല്ലുവും മത്തനും പിന്നെ സഞ്ചുവും). അപ്പോഴേയ്ക്കും ക്ഷീണം കാരണം സഞ്ചു തനിയേ ഈ സംരംഭത്തില്‍‌ നിന്നും പിന്‍‌മാറി. അപ്പോള്‍‌ മത്തന്റെ തലയില്‍‌ ഒരു ഐഡിയ!!! 3 പേരല്ലേയുള്ളൂ… ബൈക്കില്‍‌ ട്രിപ്പിള്‍‌ വച്ചു പോകാം… രാത്രി ആയതു കൊണ്ട് ചെക്കിങ്ങൊന്നും ഉണ്ടാവില്ല.

പക്ഷേ, അപ്പോഴാണ് ഞാനത് ചിന്തിച്ചത്… ഷോ 9 മണിക്കാണ്. എങ്ങനെ പോയാലും തീയ്യറ്ററില്‍‌ എത്തുമ്പോള്‍‌ 9 മണി കഴിയും. മാത്രമല്ല, തെങ്കാശിപ്പട്ടണം ഇറങ്ങിയിട്ട് ഒന്നോ രണ്ടോ ആഴ്ചയേ ആയിട്ടുള്ളൂ. നല്ല തിരക്കായിരിക്കും നേരത്തെ ചെന്നിട്ടു പോലും ടിക്കറ്റ് കിട്ടുന്നില്ലെന്ന് ചിലര്‍‌ പറഞ്ഞും കേട്ടിരുന്നു. ഞാന്‍‌ അവനെ നിരുത്സാഹപ്പെടുത്താന്‍‌ ശ്രമിച്ചു.

പക്ഷേ മത്തന്റെ കുറ്റബോധം അതിനു സമ്മതിക്കുന്നില്ല. അവനു ഞങ്ങളെ എങ്ങനേയും സിനിമയ്ക്കു കൊണ്ടു പോയേ ഒക്കൂ…. പ്രത്യ്യേകിച്ചു കുല്ലുവിനെ(അവനാണല്ലോ മത്തനോട് ഇക്കാര്യത്തില്‍‌ ഏറ്റവും കൂടുതല്‍‌ പരിഭവിച്ചത്) തെങ്കാശിപ്പട്ടണം പറ്റിയില്ലെങ്കില്‍‌ ഏതെങ്കിലും ഒരു പടം.“ ഒരു പണി ചെയ്യാം… എറണാകുളത്ത് ‘ഹോളോമാന്‍‌ ‘കളിക്കുന്നുണ്ട്…. സൂപ്പര്‍‌ പടമാണെന്നാ കേട്ടത്. നമുക്ക് അതു കാണാം”. മത്തന്‍‌ ഉപാധി പറഞ്ഞു.

അപ്പോള്‍‌ എനിക്കത്ര താല്‍‌പര്യം തോന്നിയില്ല. “എന്നാല്‍‌ നിങ്ങള്‍‌ രണ്ടൂ പേരും പോയിട്ടു വാടാ… എനിക്കു അത്ര താല്‍‌പര്യമില്ല. മാത്രമല്ല, സഞ്ചു ഒറ്റയ്ക്കാവില്ലേ?” ഞാന്‍‌ ഒഴികഴിവു പറഞ്ഞു നോക്കി. പക്ഷേ മത്തനും കുല്ലുവും വിടുന്നില്ല. എന്തായാലും ഞാന്‍‌ കൂടെ ചെന്നേ തീരൂ. അപ്പോള്‍‌ സഞ്ചുവും പറഞ്ഞു. “നിങ്ങള്‍‌ പോയ്ക്കോടാ… എനിക്കു പ്രശ്നമൊന്നുമില്ല. ഭയങ്കര ക്ഷീണം. ഞാനുറങ്ങാന്‍‌ പോകുന്നു. നിങ്ങള്‍‌ തിരിച്ചു വരുമ്പോള്‍‌ എന്നെ വിളിച്ചാല്‍‌ മതി”.
(അവന്‍‌ ക്യാമ്പിന്റെ ഭാഗമായി ആര്‍‌ക്കോ അന്ന് ബ്ലഡ് ഡൊണേറ്റു ചെയ്തിരുന്നു)

അങ്ങനെ എനിക്കു പറയാന്‍‌ കാരണമൊന്നുമില്ലാതായി. പിന്നെ, ഞാനും പോകാനിറങ്ങി.

പക്ഷേ, 9.30 നു മുന്‍പ് എറണാകുളത്തെത്തണം. ഷോ 9.30 നാണെന്ന് പറഞ്ഞതു മത്തനാണ്, യാതൊരു സംശയവുമില്ലാതെ .(അതു കേട്ടപ്പോഴേ ഞങ്ങള്‍‌ക്കു സംശയം തോന്നി. കാരണം അവന്‍‌ അത്രയ്ക്കു ഉറപ്പിച്ചു പറയണമെങ്കില്‍‌ അക്കാര്യം അവന്‍ വലിയ പിടിയുണ്ടാകാന്‍‌ തരമില്ല… അവന്‍‌ എന്നും അങ്ങനെയാണല്ലോ)

പിന്നെ, എന്തെങ്കിലുമാകട്ടെ എന്നു കരുതി ഞങ്ങള്‍‌ 3 പേരും ആ കാവസാക്കിയില്‍‌ വലിഞ്ഞു കയറി.

പതിവിനു വിരുദ്ധമായി ഞാന്‍‌ രണ്ടാമതാണ് കയറിയത്… (സംശയിക്കേണ്ട! മൂന്നും നാലും പേര്‍‌ അതില്‍‌ കയറാറുണ്ട്,ഇടയ്ക്കിടെ) കാരണം 3 പേരായി പോകുമ്പോഴെല്ലാം സാധാരണ ഞാന്‍‌ അവസാനമാണ് കയറാറ്. എന്തോ, മന:പ്പൂര്‍‌വ്വമല്ല, അങ്ങിനെ കയറി എന്നു മാത്രം. അത് അവന്‍‌ അപ്പോള്‍‌ തന്നെ പറയുകയും ചെയ്തു…” പതിവില്ലാതെ ഇന്നു ശ്രീക്കുട്ടനാണല്ലോടാ നടുക്ക്”.

“വാചകമടിച്ചിരിക്കാതെ വണ്ടി വിടടാ… ഇപ്പോ തന്നെ സമയം 8.31 ആയി‘ കുല്ലു പുറകിലിരുന്ന് ഒച്ചയിട്ടു.(മത്തന്‍‌ പടം തുടങ്ങുക 9.30നായിരിക്കുമെന്നു പറഞ്ഞെങ്കിലും 9മണിക്കായിരിക്കുമോ എന്ന് കുല്ലുവിനു സന്ദേഹം ഉണ്ടായിരുന്നു, എനിക്കും)

‘ഓ.കെ.’ മത്തന്‍‌ വണ്ടി എടുത്തു കഴിഞ്ഞു. “നോക്കിക്കോടാ. ഇപ്പോ 8.31… കൃത്യം 8.45 ന്‍ നമ്മള്‍‌ മുളന്തുരുത്തി എത്തും.പിന്നെ 15 മിനിട്ടു കൊണ്ട് എറണാകുളം. എന്തായാലും 9.10 നുള്ളില്‍‌ ഞാന്‍‌ നിങ്ങളെ തീയ്യറ്ററില്‍‌ എത്തിച്ചിരിക്കും” മത്തന്‍‌ ഉറപ്പിച്ചു പറഞ്ഞു.

തുടര്‍‌ന്ന് വണ്ടി പോയത് പറന്നാണോ എന്നു പോലും എനിക്കു തോന്നി. മനസ്സില്‍‌ അവന്റെ ഡ്രൈവിങ്ങില്‍‌ ഒരല്‍‌പ്പം മതിപ്പും തോന്നാതിരുന്നില്ല. (അവന്‍‌ ഡ്രൈവിങ്ങില്‍‌ എന്റെ ഗുരു കൂടിയാണല്ലോ… മോശം വരില്ല.).

വൈകാതെ മുളന്തുരുത്തി എത്താറായി. മത്തന്‍‌ എന്നോടൂ ചോദിച്ചു “ശ്രീക്കുട്ടാ… സമയമെന്തായി?”

‘8.47’ ഞാന്‍‌ പറഞ്ഞു.

“ഞാന്‍‌ പറഞ്ഞില്ലേ, ഈ സമയത്ത് നമ്മള്‍‌ മുളന്തുരുത്തി എത്തുമെന്ന്” അവന്‍‌ അഭിമാനത്തോടെ ചോദിച്ചു.

ഞങ്ങള്‍‌ മുളന്തുരുത്തി പോലീസ് സ്റ്റേഷന്‍‌ കഴിഞ്ഞ് ഗവ: ഹോസ്പിറ്റലിനു മുന്‍‌പിലെത്തിക്കൊണ്ടിരിക്കുന്നു. നല്ല സ്ട്രെയിറ്റു റോഡ് ആയതിനാല്‍‌ വണ്ടി പറക്കുകയാണ്… ഞാന്‍‌ ഒന്ന് എത്തിച്ചു നോക്കി… മീറ്റര്‍‌ സൂചി 80 നും90നും ഇടയ്ക്ക്… കൊള്ളാം… ഇവന്‍‌ ഒരു പുലി തന്നെ…!

കുല്ലുവും മത്തന്റെ പെര്‍‌ഫോമന്‍‌സില്‍‌ തൃപ്തനാണെന്നു തോന്നി.

അങ്ങനെ ഹോസ്പിറ്റലിനടുത്തെത്തി. അവിടെ ചെറിയൊരു കവല. ഹോസ്പിറ്റല്‍‌ കഴിഞ്ഞാല്‍‌ ഇടത്തു നിന്ന് ചെറിയൊരു പോക്കറ്റ് റോഡ്. വലതു വശത്തായി ഒരു വായനാശാല. അങ്ങോട്ടും ഒരു കൊച്ചു റോഡുണ്ട്. ഇടതു വശം ചേര്‍‌ന്ന് ഒരു ഓട്ടോറിക്ഷ നിര്‍‌ത്തിയിട്ടിരിക്കുന്നു.

ആ സമയത്താണ് ഇടതു വശത്തുള്ള പോക്കറ്റ് റോഡില്‍‌ നിന്നും ഒരു സ്കൂട്ടറില്‍‌ രണ്ടു പേര്‍‌ മെയിന്‍‌ റേഡിലേയ്ക്കു പ്രവേശിക്കുന്നത്. മെയിന്‍‌ റോഡില്‍‌ കയറിയ അവരും ഞങ്ങളുടെ തൊട്ടു മുന്നില്‍‌ ഞങ്ങള്‍‌ പോകുന്ന ദിശയിലേയ്ക്കു തന്നെ വണ്ടി തിരിച്ചു.

അവരുടെ സ്കൂട്ടര്‍‌ ഓട്ടോ നിര്‍‌ത്തിയിട്ടിരിക്കുന്നതിനടുത്തെത്തി, ഇപ്പോള്‍‌ ആ വണ്ടി ഏതാണ്ട് റോഡിനു നടുക്കാണ്. ഓട്ടോ കാരണം വണ്ടി നടുക്കു കൂടി എടുത്തതായിരിക്കുമെന്നു മത്തന്‍‌ കരുതി…. കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങളും. ഞങ്ങള്‍‌ അവരുടെ തൊട്ടടുത്തെത്തിയതും മത്തന്‍‌ അവരെ ഓവര്‍‌ടേക്കു ചെയ്യാന്‍‌ വണ്ടി അവരുടെ വലതു വശത്തു കൂടി എടുത്തതും സിഗ്നലൊന്നും കാണിക്കാതെ അവര്‍‌ അവരുടെ സ്കൂട്ടര്‍‌ റോഡിന്റെ വലത്തോട്ടു (വായനാശാലയുടെ ഭാഗത്തേയ്ക്കു) തിരിച്ചതും ഒരുമിച്ചായിരുന്നു.

അപകടം മണത്ത മത്തന്‍‌ വണ്ടി ആഞ്ഞു ചവിട്ടി… പക്ഷേ സ്പീഡ് തീരെ കുറവായതിനാല്‍‌ അപ്പോഴേയ്ക്കും കാവസാക്കി കാലിബറും ചേതക് സ്കൂട്ടറും കൂടി ഒരു ധൃതരാഷ്ട്രാലിംഗനം നടന്നു കഴിഞ്ഞു.

അപ്പോള്‍‌ എനിക്കു കാണാന്‍‌ കഴിഞ്ഞത് ഇതാണ്.‘ ആ സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും അപ്പുറത്തെയ്ക്കു വീഴുന്നു. ഞങ്ങളുടെ വണ്ടി ഉരഞ്ഞു കൊണ്ട് നേരെ ടാര്‍‌ റോഡിലേക്കു കുതിക്കുന്നു.

എനിക്കു മുന്‍‌പില്‍‌ മത്തന്റെ തലയും റോഡിലേയ്ക്ക്… പെട്ടെന്നു തോന്നിയ ബുദ്ധി കൊണ്ട് ഞാനവന്റെ കോളറിനു പിടിച്ച് പുറകോട്ട് വലിച്ചു.അപ്പോഴേയ്ക്കും വണ്ടിയും മത്തനും താഴെ വീണു കഴിഞ്ഞു…. എന്റെ വലിയുടെ ശക്തിയാല്‍‌ അവന്റെ മുഖത്തിന്റെ ഒരു വശം മാത്രമേ കുറച്ചു നിലത്തുരഞ്ഞുള്ളൂ… ബാലന്‍‌സ് തെറ്റിയെങ്കിലും ഞാന്‍‌ വീണില്ല. വണ്ടി മറിഞ്ഞു തുടങ്ങിയപ്പോള്‍‌ തന്നെ കുല്ലുവിന് ചാടി മാറാനും കഴിഞ്ഞു.

അപ്പോഴേയ്ക്കും ആള്‍‌ക്കാര്‍‌ ഓടിക്കൂടി. ഞാന്‍‌ മത്തനെ വലിച്ചെഴുന്നേല്‍‌പ്പിച്ചു. അവന്റെ മുഖത്തിന്റെ ഇടത്തേ വശത്ത് ക്രിക്കറ്റ് ഗ്രൌണ്ടില്‍‌ പിച്ചിനു വേണ്ടി പുല്ലു മാറ്റിയ ആകൃതിയില്‍‌ കറച്ചു ഭാഗത്ത് തൊലി പോയി ചോര വരുന്നു… ഭാഗ്യം! കാര്യമായി ഒന്നും പറ്റിയില്ല. എനിക്കാശ്വാസമായി.

അപ്പോഴാണ് തൊട്ടടുത്ത് റോട്ടില്‍‌ നിന്നും ഒരു കരച്ചില്‍‌. നോക്കുമ്പോള്‍‌ ആ സ്കൂട്ടരിലുണ്ടായിരുന്നവരാണ്. ഓടിച്ചിരുന്നയാള്‍‌ കുഴപ്പങ്ങളൊന്നുമില്ലാതെ ചാടിയെഴുന്നേറ്റു. പക്ഷേ, കരയുന്ന പുറകിലിരുന്ന ആളുടെ കയ്യൊടിഞ്ഞ് ബാന്‍‌ഡേജിട്ട പോലെ. ശ്ശേടാ… ഇത്രപെട്ടെന്ന് ഇതെങ്ങനെ?

‘അവന്റെ കയ്യൊടിഞ്ഞിരിക്കുകയായിരുന്നു. അത് അനങ്ങിക്കാണും‘. മറ്റേയാള്‍‌ നാട്ടുകാരോട് പറയുന്നതു കേട്ടു. അവര്‍ വളരെ പതുക്കെ ആയിരുന്നതിനാല്‍‌ കാര്യമായി ഒന്നും പറ്റിയില്ല. ഭാഗ്യം!

അപ്പോഴേക്കും നാട്ടുകാരെല്ലാം വന്ന് ഞങ്ങളുടെയെല്ലാം ചുറ്റും കൂടി. ഓവര്‍‌സ്പീഡ് എന്ന കുറ്റം ഞങ്ങളുടെ ഭാഗത്തും, സിഗ്നലൊന്നും തരാതെ പെട്ടെന്ന് റോഡ് ക്രോസ്സ് ചെയ്യാന്‍‌ നോക്കിയെന്ന വീഴ്ച അവരുടെ ഭാഗത്തും ഉണ്ടായതു മൂലം നാട്ടുകാരാരും ഒന്നും പറഞ്ഞില്ല. ഞങ്ങളും സ്കൂട്ടറിലുണ്ടായിരുന്നവരും കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞെങ്കിലും നാട്ടുകാര്‍‌ പറഞ്ഞു…‘ എന്തായാലും ആശുപത്രിയില്‍‌ കയറി മുറിവൊക്കെ നോക്കി മരുന്നു വച്ചിട്ടു പോയാല്‍‌ മതി‘.

ഞങ്ങളുടെ ഇടയില്‍‌ മത്തന്റെ മുഖത്തെ കുറച്ചു മുറിവും അവരുടെ കൂട്ടത്തില്‍‌ പുറകിലിരുന്ന ചേട്ടന്റെ ഒടിഞ്ഞ കൈയും ആയിരുന്നു പ്രശ്നം…. എന്തായാലും ആശുപത്രിയില്‍‌ കേറി മരുന്നു വച്ചിട്ടു പോകാമെന്നു ഞങ്ങളും സമ്മതിച്ചു.

“ശ്രീക്കുട്ടാ, നിങ്ങള്‍‌ക്കു വല്ലതും പറ്റിയോ” .അപ്പോഴാണ് ഞാന്‍‌ എന്റെ ശരീരത്തെ കുറിച്ചു ബോധവാനായത്… നോക്കുമ്പോള്‍‌ വലിയ കുഴപ്പമൊന്നും തോന്നുന്നില്ല. എന്റെ ഒരു ചെരിപ്പ് ഊരി പോയിരുന്നു. ആ കാല്‍‌ വിരല്‍‌ ഉരഞ്ഞു പൊട്ടിക്കാണണം, കുറേശ്ശെ വേദനയുണ്ട്.ഷര്‍‌ട്ടിന്റെ അടിഭാഗത്തായി ഇടതു കൈക്കു താഴെ കുറച്ചു ഭാഗം ഉരഞ്ഞു കീറി, അതുപോലെ പാന്റ്സിന്റെ ഇടതു കാല്‍‌മുട്ടും… അല്ലാതെ മുറിവും ചതവുമൊന്നും കാണാനില്ല. വേദനയും തോന്നുന്നില്ല.

അല്ല, കുല്ലുവിനെ അവിടെയൊന്നും കാണാനില്ലല്ലോ. ഞാന്‍‌ ചുറ്റും നോക്കി. വണ്ടി, ആരോ ഉയര്‍‌ത്തി, റോഡ് സൈഡില്‍‌ വച്ചിട്ടുണ്ട്. അവിടെയും അവനെ കാണാനില്ല. നാട്ടുകാരെല്ലാം ആശുപത്രിയിലേയ്ക്ക് ഞങ്ങളെ നിര്‍‌ബന്ധിച്ച് കയറ്റി വിട്ടിട്ട് പിന്‍‌മാറി.(ആശുപത്രിയുടെ മുന്നില്‍‌ വച്ചു തന്നെ ആക്സിഡന്റായതു ഭാഗ്യം… വണ്ടിയൊന്നും വിളിച്ചു പോകേണ്ടി വന്നില്ലല്ലോ)

അങ്ങനെ ആശുപത്രിയിലേയ്ക്കു കയറാന്‍‌ തുടങ്ങുമ്പോള്‍‌ കുല്ലു എവിടെ നിന്നോ ഓടിയെത്തി. അവന്‍‌ എന്നോടു പറഞ്ഞു “ശ്രീക്കുട്ടാ, ഞാന്‍‌ കുറച്ചു മാറി നില്‍‌പ്പുണ്ടായിരുന്നു. നമ്മള്‍‌ വീണു കഴിഞ്ഞ ഉടനേ എന്താണ് പറ്റിയതെന്ന് എന്നോട് ഒരാള്‍‌ ചോദിച്ചു. നമ്മള്‍‌ മൂന്നു പേര്‍‌ വണ്ടിയിലുണ്ടായിരുന്നു എന്നറിഞ്ഞ അയാളാ‍ണ് എന്നോടു പറഞ്ഞത് മാറിനിന്നോളാന്‍‌ .അടുത്തു പോലീസ് സ്റ്റേഷന്‍‌ കൂടി ഉള്ളതിനാല്‍‌ അവരെങ്ങാന്‍‌ വന്ന് കേസായാല്‍‌ ട്രിപ്പിളായിരുന്നെന്നു പറഞ്ഞാല്‍‌ പ്രശ്നമാകുമെന്നു പറഞ്ഞു. അതു കൊണ്ട് ഞാനിവിടെ മാറി നില്‍‌ക്കാം, നിങ്ങള്‍‌ മരുന്നൊക്കെ വച്ചിട്ടു വാ…”

അപ്പോള്‍‌ മത്തന്‍‌ അവിടെ അടുത്ത് അവന്റെ ഒരു ബന്ധു ഉള്ള കാര്യം അവനോടു പറഞ്ഞു .എന്നിട്ട് അദ്ദേഹത്തിന്റെ നമ്പര്‍‌ അവനു കൊടുത്തിട്ട് ഈ കാര്യം അറിയിക്കാന്‍‌ ഏര്‍‌പ്പാടു ചെയ്തു. കാര്യമായി ആര്‍‌ക്കും ഒന്നും പറ്റിയില്ലെങ്കിലും അവനാകെ വിരണ്ടിരുന്നു. കേസോ മറ്റോ ആകുമോ എന്ന ഒരു പേടി. കൂടാതെ വീട്ടില്‍‌ അറിഞ്ഞാല്‍‌ വല്ലതും പറയുമോ എന്ന പേടി വേറെയും.

ഇതൊന്നും പോരാഞ്ഞ് ആശുപത്രിയില്‍‌ കയറാന്‍‌ തുടങ്ങുമ്പോള്‍‌ അവിടെ ഇതെല്ലാം കണ്ടു കൊണ്ടു നിന്ന ഒരുത്തന്‍‌ വന്ന് മത്തനോട് പറഞ്ഞു “ ഛര്‍‌ദ്ദിക്കാനോ മറ്റോ തോന്നുന്നുണ്ടോ ? ഉണ്ടെങ്കില്‍‌ സൂക്ഷിക്കണം കേട്ടോ. തലയ്ക്കൊക്കെ കാര്യമായി വല്ലതും പറ്റിയാല്‍‌ അങ്ങനെയാ...”

ഇതു കൂടി കേട്ടതോടെ പൂര്‍‌ത്തിയായി.അല്ലെങ്കില്‍‌ തന്നെ ആരെങ്കിലും അവനെ കണ്ട് കളിയായി ‘എടാ, നിന്നെ കണ്ടിട്ട് പനി വരാന്‍‌ പോകുന്ന ലക്ഷണമുണ്ടല്ലോ ‘എന്ന് പറഞ്ഞാല്‍‌ പോലും പിറ്റേന്ന് നെറ്റിയില്‍‌ ഒരു തുണിയും നനച്ചിട്ട് ഇന്ദ്രന്‍‌സ് സ്റ്റൈലില്‍‌ “എനിക്കു പനിയാ” എന്നും പറഞ്ഞ് ഇരിക്കുന്നവനോട് പറയാന്‍‌ പറ്റിയ കാര്യം... ദ്രോഹി ! ഞാന്‍‌ മനസ്സില്‍‌ പറഞ്ഞു.

ഹോസ്പിറ്റലിനകത്തെത്തി ചെക്കപ്പെല്ലാം കഴിഞ്ഞപ്പോള്‍‌ സമാധാനമായി. ആര്‍‌ക്കും കുഴപ്പമൊന്നുമില്ല. സ്കൂട്ടറില്‍‌ നിന്നും വീണ ചേട്ടനും ഒടിഞ്ഞകൈ അനങ്ങി എന്നല്ലാതെ വേറെ പ്രശ്നമൊന്നുമില്ല. നഷ്ടപരിഹാരമായി വല്ലതും ചെയ്യേണ്ടതുണ്ടോ എന്നന്വേഷിച്ചപ്പോള്‍‌ പ്രശ്നങ്ങളൊന്നുമില്ലെന്നും ഒന്നും ചെയ്യേണ്ടെന്നും അവര്‍‌ ഞങ്ങളോടു പറഞ്ഞു.

അപ്പോഴേയ്ക്കും നേരത്തെ കണ്ട ആ മനുഷ്യന്റെ വാക്കുകള്‍‌ കേട്ട് പേടിച്ച് മത്തന്‍ ഇടയ്ക്കൊരു സംശയം.... ഛര്‍‌ദ്ദിക്കാന്‍‌ തോന്നുന്നുണ്ടോ എന്ന്. പിന്നെ, വീണ്ടും ഡോക്ടറെ കണ്ട് ഒന്നു കൂടെ പരിശോധിപ്പിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പിക്കേണ്ടി വന്നു, അവനെ സമാധാനിപ്പിക്കാന്‍‌.

പിന്നെ, മത്തന്റെ മുറിവില്‍‌ മരുന്നു വയ്ക്കാന്‍‌ കയറി. ഒരു നേഴ്സ് വന്നു മുറിവെല്ലാം പരിശോധിച്ച് അവന്‍ ഒരു ഇന്‍‌ജെക്ഷന്‍‌‍‌ കൊടുത്തു. കയ്യിലാണ്‍ കുത്തി വച്ചത്. അപ്പോള്‍‌ അവനൊരു സംശയം… “മാഡം, ഇവിടെ കുത്തി വച്ചാല്‍‌ മതിയോ?”

‘മതി മതി ഇതു കയ്യില്‍‌ തന്നെയാണ് എടുക്കേണ്ടത്’. അവന്റെ ചോദ്യത്തിന്റെ അര്‍‌ത്ഥം മനസ്സിലാക്കിയ ആ നേഴ്സിന്റെ ചിരിച്ചു കൊണ്ടുള്ള മറുപടിയില്‍‌ അവനും ആശ്വാസം.

ഇനി മരുന്നു വയ്ക്കാനുള്ള മുറിയില്‍‌ . നേഴ്സ് അവനെ പിടിച്ചിരുത്തി ഏതോ കളറുകളുള്ള എന്തൊക്കെയോ എടുത്തു അവന്റെ മുഖത്തു പുരട്ടി. അവസാനം ബാന്‍‌ഡേജെല്ലാം വച്ചു കഴിഞ്ഞ് അവനെ എഴുന്നേല്‍‌പ്പിച്ച ശേഷം എന്നോട്… “അല്ലാ, കൂട്ടുകാരന് ഒന്നും പറ്റീല്ലേ?. നോക്കിക്കേ… മുറിവു വല്ലതുമുണ്ടേല്‍‌ മരുന്നു വയ്ക്കാം”

ഞാന്‍‌ പറഞ്ഞു “ഹേയ്… എനിക്കൊന്നും പറ്റീല്ല. വിരലിലിത്തിരി തൊലി പോയതേയുള്ളൂ… അതു കുഴപ്പമില്ല.”

‘എന്നാലും സാരമില്ല. കാലെടുത്ത് ഈ സ്റ്റൂളില്‍‌ വയ്ക്കൂ… ഞാന്‍ മരുന്നു പുരട്ടി തരാം.’

പിന്നെ, ഞാന്‍‌ എതിര്‍‌ത്തില്ല. കാലെടുത്തു സ്റ്റൂളില്‍‌ കയറ്റി വച്ചു. നോക്കിയപ്പോള്‍‌ മോശമില്ല, അഞ്ചു വിരലില്‍‌ നിന്നും തൊലി പോയിട്ടുണ്ട്.

‘പാന്റ്സ് കുറച്ചു കയറ്റി വ്ച്ചോളൂ… മരുന്നാക്കണ്ട’ എന്ന് അവരു പറഞ്ഞതു കേട്ട് ഞാന്‍‌ പാന്റ്സ് കുറച്ചു മുകളിലേയ്ക്കു വലിച്ചു അപ്പോഴതാ, കാല്‍പ്പാദത്തില്‍‌ ഒരു വലിയ മുറിവ്… വീഴുമ്പോള്‍‌ കാല്‍ മടങ്ങി ഉരഞ്ഞതാവണം. “എടോ, ഇവിടെയും ഒരു വലിയ മുറിവുണ്ടല്ലോ“ എന്നും പറഞ്ഞ്. അവര്‍‌ കാലിന്റെ ഉപ്പൂറ്റിയില്‍‌ പിടിച്ചു കൊണ്ട് മരുന്നു വയ്ക്കാന്‍‌ ഒരുങ്ങിയതും ഞാന്‍‌ ‘അയ്യോ’ എന്നു നിലവിളിച്ചതും ഒരുമിച്ചായിരുന്നു.

‘എന്തു പറ്റി? ഞാന്‍‌ മരുന്നു വച്ചില്ലല്ലോ?’ അവര്‍‌ ചോദിച്ചു.

ഞാന്‍‌ സംശയത്തോടെ അവരുടെ കൈ മാറ്റി കാലിന്റെ ഉപ്പൂറ്റിയിലേക്കു നോക്കി…. കൊള്ളാം… “അവിടെ നിന്നും പോയിട്ടുണ്ടല്ലോ ഒരേക്കര്‍‌ തൊലി. എന്നിട്ടാണോ താന്‍‌ ഒന്നും പറ്റിയിട്ടില്ലെന്നും പറഞ്ഞു നിന്നത്?” ആ നേഴ്സ് ചിരിച്ചു കൊണ്ടു ചോദിച്ചു. ഞാന്‍‌ ചമ്മി. മുറിഞ്ഞെന്നു തോന്നാനായിട്ട് എനിക്കപ്പോള്‍‌ വേദനയൊന്നും തോന്നിയില്ലല്ലോ.( വേദന അനുഭവിച്ചതു മുഴുവന്‍‌ അതു കഴിഞ്ഞിട്ടുള്ള മൂന്നു നാലു ദിവസമായിരുന്നു)

അങ്ങനെ അവിടെയെല്ലാം മരുന്നു വച്ചു കഴിഞ്ഞപ്പോള്‍‌ അവരു പറഞ്ഞു. “ഒന്നു കൂടി നോക്കിക്കേ… ഇനീം വല്ലതു പറ്റിയിട്ടിണ്ടോ എന്ന്. ദേ… പാന്റ്സിന്റെ മുട്ടും കീറിയിട്ടുണ്ടല്ലോ”

ഇല്ലില്ല. ഇനി ഒന്നുമില്ല, കണ്ടോ എന്നു പറഞ്ഞ് ഞാന്‍‌ പാന്റ്സ് മുട്ടു വരെ വലിച്ചു കയറ്റി നോല്ക്കുമ്പോള്‍‌ അതാ, ഇതു വരെ കണ്ടതിനേക്കാളൊക്കെ വലിയ രണ്ടു മുറിവികള്‍‌ മുട്ടില്‍‌.

മത്തന്റെ മുഖത്ത് ക്രിക്കറ്റ് പിച്ചു പോലെ ആണ് തൊലി പോയതെങ്കില്‍‌ എന്റെ മുട്ടില്‍‌ ഫുഡ്ബോള്‍‌ ഗ്രൌണ്ടു പോലെയാണെന്നു മാത്രം. ആ മുറിവുകള്‍‌ കൂടി കണ്ട്‌ ഞാന്‍‌ പകച്ചു നില്‍‌ക്കുമ്പോള്‍‌ ഇതാണു ഞാന്‍‌ പറഞ്ഞത് എന്ന ഭാവത്തില്‍‌ നേഴ്സ് വേഗം ആ മുറിവുകളും മരുന്നു വച്ചു കെട്ടിത്തന്നു.പറഞ്ഞു വന്നപ്പോള്‍‌ കൂടുതല്‌ പരിക്കുകള്‍‌ എനിക്കാണെന്നായി.

അവസാനം മരുന്നെല്ലാം വച്ച് പുറത്തിറങ്ങുമ്പോഴേയ്ക്കും കുല്ലുവും മത്തന്റെ ബ്ന്ധുവായ ആ ചേട്ടനും അവിടെ കാത്തു നില്‍‌ക്കുന്നുണ്ട്. മത്തനെക്കാളധികം വച്ചു കെട്ടലുമായി പുറത്തു വന്ന എന്നെ കണ്ട് കുല്ലു അമ്പരന്ന് എന്നെ ശരിക്കൊന്നു നോക്കി യെങ്കിലും ഒന്നും പറഞ്ഞില്ല. ഇതാണോ ഇവനെന്നോട് ‘ഞാന്‍‌ പോയി മത്തനു മരുന്നെല്ലാം വയ്പ്പിച്ചിട്ടു വരാം‘ എന്നു വീരവാദം പറഞ്ഞിട്ടു പോയത് എന്നവന്‍‌ മനസ്സിലോര്‍‌ത്തു കാണണം.

അന്ന് എന്തായാലും അവിടെ അടുത്തുള്ള ആ ചേട്ടന്റെ വീട്ടില്‍‌ കൂടാമെന്ന് തീരുമാനമായി.ആ ചേട്ടന്റെ എന്‍‌ഫീല്‍‌ഡില്‍‌ എന്നെയും മത്തനെയും കയറ്റി. എന്നിട്ട് കാര്യമായ കുഴപ്പങ്ങളൊന്നും പറ്റാത്ത കാവസാകിയും ഓടിച്ചു കൊണ്ടു പുറകെ വരാന്‍‌ കുല്ലുവിനോടും പറഞ്ഞു.

വേറെ നിവൃത്തിയില്ലാത്തതിനാല്‍‌ കുല്ലുവും അതു സമ്മതിച്ചു. അതിനി മുന്‍‌പ് ഒരൊറ്റതവണമാത്രമേ അവന്‍‌ ബൈക്ക് ഓടിച്ചിരുന്നുള്ളൂ എന്ന കാര്യം അവന്‍‌ ആ ചേട്ടനോടു പറഞ്ഞില്ല. (അറിയാമായിരുന്നെങ്കിലും ഞങ്ങള്‍‌ അപ്പോള്‍‌ അത് ഓര്‍‌ത്തുമില്ല)

അങ്ങനെ ഞങ്ങള്‍‌ ആ വീട്ടിലേയ്ക്കു തിരിച്ചു. പുറകേ കുല്ലുവും.( അവിടെ സംഭവിച്ച രസകരമായ വസ്തുത എന്തെന്നാല്‍‌ അപ്പോള്‍‌ സമയം 10 കഴിഞ്ഞിരുന്നു. ആ വ്ഴിയുള്ള ബസ്സുകളും തീര്‍‌ന്നു കാണണം. വഴിയില്‍‌ വച്ച് ബസ്സു കിട്ടാതെ നിന്നിരുന്ന ഒരാള്‍‌ കുല്ലുവിന്റെ ബൈക്കിനു കൈ കാണിച്ചു. എന്നാല്‍‌ ഒരു വിധത്തില്‍‌ വിറച്ചു വിറച്ചു വണ്ടി ഓടിക്കുകയായിരുന്ന അവന്‍‌ വണ്ടി നിര്‍‌ത്തിയില്ല. കൈ കാണിച്ച ആള്‍‌ പിന്നില്‍‌ നിന്നു കൊണ്ട് എന്തൊക്കെയോ ചീത്ത വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നു അവന്‍‌ പിന്നീടു പറഞ്ഞു.പിറ്റേ ദിവസം അവന്‍‌ പറയുമ്പോഴാണ് ഈ സംഭവം ഞങ്ങള്‍‌ അറിയുന്നതും) ഇതെല്ലാം പോട്ടെ.... മറ്റൊരു വസ്തുത കൂടി ഉണ്ട്. ഇതു സംഭവിച്ചത് ഒരു ജനുവരി 9നായിരുന്നു. അന്നായിരുന്നൂ, കുല്ലുവിന്റെ ബര്‍‌ത്ത് ഡേയും.... അങ്ങനെ അവന് ജീവിതത്തില്‍‌ തന്നെ കിട്ടിയ മറക്കാനാകാത്ത ബര്‍‌ത്ത് ഡേ സമ്മാനം കൂടിയായി അത്.

അന്നത്തെ രാത്രി ഒരു കാളരാത്രി ആയിരുന്നു എന്ന് പ്രത്യ്യേകം പറയേണ്ടതില്ലല്ലോ. അന്ന് രാത്രി ആയപ്പോഴേക്കും കാലു മുഴുവന്‍‌ നല്ല് വേദനയായി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍‌ മത്തന്‍‌ പറഞ്ഞ വാക്കുകള്‍‌ ഞാനോര്‍‌ത്തു -‘ നോക്കിക്കോടാ. ഇപ്പോ 8.31… കൃത്യം 8.45 ന്‍ നമ്മള്‍‌ മുളന്തുരുത്തി എത്തും.പിന്നെ 15 മിനിട്ടു കൊണ്ട് എറണാകുളം. എന്തായാലും 9.10 നുള്ളില്‍‌ ഞാന്‍‌ നിങ്ങളെ തീയ്യറ്ററില്‍‌ എത്തിച്ചിരിക്കും’.

ദൈവമേ…. തീയ്യറ്ററ്റില്‍‌ എത്തിക്കാമെന്ന് അവന്‍‌ പറഞ്ഞത് ഓപ്പറേഷന്‍‌ തീയ്യറ്ററിലായില്ലല്ലോ… ഒരു സമാധാനത്തോടെ ഞാനോര്‍‌ത്തു.

അങ്ങനെ ഹോളോമാന്‍‌ കാണാനായി ഇറങ്ങി തിരിച്ച ഞാന്‍‌ ഒരു കാല്‍‌ നിറയെ ഹോളുകളുള്ള “ഹോളോമാനാ”യി മടങ്ങിയെത്തി.

പിന്നെയും മൂന്നു നാല്‍ ആഴ്ചകള്‍‌ കൊണ്ട് മത്തന്റെ മുറിവുണങ്ങി, മുറിവിന്റെ പാടുകളും അശ്ശേഷം പോയെങ്കിലും, എന്റെ കാലിലെ മുറിവുകള്‍‌ ഉണങ്ങാന്‍‌ 3 മാസത്തിലേറെ സമയമെടുത്തു. ആ പാടുകളാകട്ടെ, ഇപ്പോഴും എന്റെ കാലില്‍‌ മായാതെ കിടക്കുന്നുമുണ്ട്.

27 comments:

 1. ശ്രീ said...

  “ഞങ്ങള്‍‌ മുളന്തുരുത്തി പോലീസ് സ്റ്റേഷന്‍‌ കഴിഞ്ഞ് ഗവ: ഹോസ്പിറ്റലിനു മുന്‍‌പിലെത്തിക്കൊണ്ടിരിക്കുന്നു. നല്ല സ്ട്രെയിറ്റു റോഡ് ആയതിനാല്‍‌ വണ്ടി പറക്കുകയാണ്‍… ഞാന്‍‌ ഒന്ന് എത്തിച്ചു നോക്കി… മീറ്റര്‍‌ സൂചി 80 നും90നും ഇടയ്ക്ക്… കൊള്ളാം… ഇവന്‍‌ ഒരു പുലി തന്നെ…!“

  ഇത് കഥയാണോന്നു ചോദിച്ചാല്‍‌........
  എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവമാണ്‍... ആ സന്ദര്‍‌ഭത്തില്‍‌ വല്ലാത്ത പേടിയും ടെന്‍‌ഷനുമൊക്കെ തോന്നിയെങ്കിലും ഇന്ന് ആലോചിക്കുമ്പോള്‍‌...

 2. ജോബി said...

  എടാ.... നിനക്കതു വേണം, കാരണം നീ ആ പാവം അഭയാര്‍ത്തികളെ കൂടാതെ ഹോളോമാന്‍ കാണാന്‍ പോയതല്ലെ??....നിനക്കതു തന്നെ വേണം.......

 3. Saijumon said...

  Eda Sobhine Ithu kalakkiyeda

 4. mangu said...

  ആ സംഭവം അടിപൊളിയായല്ലോ ശ്രീ. അതു പോലൊരു അപകടം നേരിട്ടിട്ടും അതിനെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നതില് താങ്കള് വിജയിച്ചിരിക്കുന്നു.
  പിന്നെ, ആദ്യമായി വണ്ടി ഓടിക്കുന്നവനോടും ലിഫ്റ്റ് ചോദിക്കുന്ന നാട്ടുകാര് ഞങ്ങള്‍‌ക്കിടയിലുമുണ്ട് കേട്ടോ… എനിക്കും അതു പോലൊരു അനുഭവമുണ്ട്.
  എന്തായാലും എഴുത്ത് ഉഗ്രനായി….. ഇനിയുമെഴുതൂ….

 5. ദിവ (diva) said...

  ഹാ. നല്ല സത്യസന്ധമായ എഴുത്ത്. മുഷിഞ്ഞില്ലെന്ന് മാത്രമല്ല, ചെറുതായി സസ്പെന്‍സാവുകയും ചെയ്തു.

  btw - മുറിവൊക്കെ വച്ചുകെട്ടിക്കഴിഞ്ഞ് പടത്തിനുതന്നെ പോകുമെന്നാണ് കരുതിയത്; ഞങ്ങള്‍ പണ്ടങ്ങനെ ചെയ്തിട്ടുണ്ട് :-)

 6. ശ്രീ said...

  ജോബി....
  അഭയാര്‍‌ത്ഥികല്ലെങ്കിലും രക്ഷപ്പെട്ടല്ലോ... അന്ന് ഞങ്ങളുടെ ദിവസമായിരുന്നു... :(

  സൈജു...
  നന്ദി...

  മഞ്ജു......
  കമന്റിനു നന്ദി....

  ദിവ ചേട്ടാ....
  അന്ന് സംഭവം കഴിഞ്ഞ് കുറെ നേരത്തേയ്ക്ക് ഞങ്ങളാകെ വല്ലാത്തൊരവസ്ഥയിലായിരുന്നു... ജീവിതത്തില്‍‌ ആദ്യമായിട്ടായിരുന്നു, അത്തരമൊരു ആക്സിഡന്റ്. പിന്നെ, എങ്ങനെ പോകാന്‍‌? എങ്ങനെ എങ്കിലും റൂമിലെത്തിക്കിട്ടിയാല്‍‌ മതി എന്നായിരുന്നു അപ്പോഴത്തെ ചിന്ത...
  കമന്റിനു നന്ദി... :)

 7. മുസാഫിര്‍ said...

  കുറച്ച് നീണ്ടു പോയെങ്കിലും നന്നായി എഴുതിയിരീക്കുന്നു.എഴുത്തിനു ഒരു ‘വായിക്കബിലിറ്റി’ ഉണ്ട്.:-)

 8. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്:
  ശ്രീക്കുട്ടാ നീ നായകനായതു ഓകെ പക്ഷേ മാത്തനെ നീ വെറും മത്തനാക്കിക്കളഞ്ഞല്ലോ. പാവം.

  തീയേറ്റര്‍ എന്നത് എടുത്ത് പറഞ്ഞോണ്ട് , ആക്സിഡന്റ് കഴിഞ്ഞപ്പോഴേ ഒരു ഓപ്പറേഷന്‍ തീയേറ്റര്‍ മണത്തു. ഭാഗ്യം..

 9. ശ്രീ said...

  മുസാഫിര്‍‌...
  കമന്റിനു നന്ദി.... കുറച്ചു നീണ്ടു പോയെന്ന് എനിക്കും തോന്നി....സംഭവകഥ ആയതിനാല്‍‌ വെട്ടിച്ചുരുക്കാനും തോന്നിയില്ല... മുഷിപ്പിച്ചോ?

  ചാത്താ....
  എന്നെ സമാധാനത്തോടെ ജീവിക്കാന്‍‌ സമ്മതിക്കില്ല, അല്ലേ? ഇതിലെ നായകന്‍‌ മത്തനാണെന്ന സമാധാനം കൊണ്ടാണ് അവനെന്നെ ഒന്നും ചെയ്യാതെ വിട്ടത്....
  ഇനി, ഈ കമന്റു കണ്ടാല്‍ മതി....

 10. മുസിരിസ് / അജിത്ത് said...

  അനുഭവം?

  ഹ ഹ ഇനി ഹോളോമാന്‍ ചിത്രം കാണുമ്പോള്‍ ഞാനും
  ഓര്‍ക്കും ശ്രീ..യെ ഈ അനുഭവത്തെ!

 11. മുരളി വാളൂര്‍ said...

  :)

 12. ശ്രീ said...

  മുസിരിസ്...
  കമന്റിനു നന്ദി...
  :)
  മുരളി മാഷെ...
  :)

 13. Anju said...

  hi
  you writings are too good.
  really appreciating the way you are treasuring your friendships

 14. അനാഗതശ്മശ്രു said...

  എഴുത്ത് അടിപൊളി

 15. മയൂര said...

  ശ്രീ, നല്ല അവതരണശൈലി....പോസ്റ്റും സൂപ്പര്‍:)

 16. അനുരാജ്.കെ.ആര്‍ said...

  നന്നായി...നന്നായി എഴുത്ത് ഇഷ്ടായി.........
  pls visit my cartoon blog
  www.cartoonmal.blogspot.com

 17. ശ്രീ said...

  അഞ്ജൂ...
  കമന്റിനു നന്ദി.... ശരിയാണ്‍. എന്റെ സുഹൃത്തുക്കളാണ് എന്റെ ഏറ്റവും വലിയ വീക്ക്നെസ്സ്...

  അനാഗതശ്മശ്രു മാഷെ...
  എന്റെ പോസ്റ്റ് വായിക്കാനെത്തിയതിനു നന്ദി, കമന്റിനും.

  മയൂര/ഡോണ ചേച്ചീ...
  നന്ദിയുണ്ട്ട്ടോ.... :)

  അനുരാജ്...
  കമന്റിയതിനു നന്ദി മാഷെ :)

 18. Friendz4ever said...

  സൌഹൃദം ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍റെ നീരുറവയാണ്..
  അതുകൊടുക്കാനും പകരാനും കഴിയുക എന്നത് ഒരു ജീവിതസൌഭാഗ്യവും.
  സൌഹൃദത്തിന്‍റെ ഈ കണ്ണികള്‍ ഒരുകുടക്കീഴില്‍ നയിസ്ട്ടൊ..!!
  ഈ സംഭവങ്ങളൊക്കെ ഓര്‍ക്കുന്നത് തന്നെ വലിയൊരു കാര്യം..
  ഈ നഗരത്തിരക്കിനിടയിന്‍ നാമേല്ലാം അറിയാതെയാണേലും നമ്മുടെ സുഹൃത്തുക്കളെ
  മറക്കുനില്ലേ..? ഇന്ന് എത്രപേര്‍ ഓര്‍ക്കുന്നുണ്ടാകും ഇങ്ങനെ ഒരു സൌഹൃദം പോലും ...ഇനിയും നല്ല നല്ല പുലരികള്‍ എഴുതാന്‍ തോന്നുമാറുകട്ടെ.!!

 19. ശ്രീ said...

  സജീ...

  ശരിയാണ്. സൌഹൃദം ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍റെ നീരുറവയാണ്...
  താങ്കളുടെ കമന്റില്‍ നിന്നു തന്നെ അറിയാം, ഒരു നല്ല സുഹൃത്തിന്റെ മനസ്സ്...
  കമന്റിനു നന്ദി...

 20. ചാത്തങ്കേരിലെ കുട്ടി ചാത്തന്‍ . . . . said...

  മുളന്തുരുത്തിയുമായി എന്താ ബന്ധം????

 21. ശ്രീക്കുട്ടന്‍ | Sreekuttan said...

  പിറവം മുതല്‍ മുളന്തുരുത്തി വരെ 16മിനിറ്റ്.. ദൈവമേ.. അതെന്തൊരു പോക്ക്!!!

 22. സസ്നേഹം സ്വന്തം said...

  :)

 23. Shravan said...

  nall post :)

 24. വിജയലക്ഷ്മി said...

  nalla vivaranavum postum...kollaam...

 25. sajeev said...

  Nalla rasamayirunnu friends nadanna sambavam vivrikkunnathu pole

 26. ശ്രീ said...

  ചാത്തങ്കേരിലെ കുട്ടി ചാത്തന്‍ ...
  ശ്രീക്കുട്ടന്‍ | Sreekuttan ...
  സസ്നേഹം സ്വന്തം ...
  Shravan ...
  വിജയലക്ഷ്മി ചേച്ചീ ...
  sajeev ...

  എല്ലാവര്‍ക്കും നന്ദി.

 27. Akbar said...

  ആശംസകള്‍