Saturday, March 26, 2011

കാത്തിരുന്ന ഒരു മാര്‍ച്ച്

മാര്‍ച്ച് മാസം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പരീക്ഷാക്കാലം മനസ്സിലേയ്ക്ക് ഓടിയെത്തുന്നതു കൊണ്ടാകാം പണ്ടു മുതല്‍ക്കേ മാര്‍ച്ച് മാസത്തെ വലിയ താല്പര്യത്തോടെയല്ല കണ്ടു കൊണ്ടിരുന്നത്. സ്കൂള്‍ ജീവിതം അവസാനിച്ചതിനു ശേഷവും ആ ഒരു ഇഷ്ടക്കുറവ് അങ്ങു വിട്ടു മാറിയിരുന്നില്ല. ചൂടുകാലം തുടങ്ങുന്നതും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാണ് എന്നതുമെല്ലാം പലപ്പോഴും മാര്‍ച്ചിനെ ഇഷ്ടമാസങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് പതിവ്.

എന്നെ സംബന്ധിച്ചിടത്തോളം എന്റെ പിറന്നാള്‍ മാസമാണ് മാര്‍ച്ച്. എങ്കിലും പണ്ടു മുതലേ ജന്മദിനത്തിന് അങ്ങനെ ഒരു സ്പെഷ്യാലിറ്റി തോന്നിയിട്ടില്ല. വീട്ടിലും ആരുടെയും ജന്മദിനം കാര്യമായി ആഘോഷിയ്ക്കുന്നത് വളരെ അപൂര്‍വ്വമായിരുന്നു. കുട്ടിക്കാലത്ത് ചിലപ്പോഴൊക്കെ എന്റെയോ ചേട്ടന്റെയോ ജന്മദിനങ്ങളില്‍ അമ്മ എന്തെങ്കിലും ഒരു പായസം എങ്കിലും ഉണ്ടാക്കുമായിരുന്നു. വളര്‍ന്നു വന്നപ്പോള്‍ അങ്ങനെ ഒരു ആഘോഷവും വേണമെന്നില്ലെന്നായതോടെ പതിയെ പതിയെ അതും നിന്നു പോയി. അതേ പോലെ, സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ചില വര്‍ഷങ്ങളിലെങ്കിലും ക്ലാസ്സ് ടീച്ചേഴ്സ് ഓരോ കുട്ടികളുടെയും ജന്മദിനം ഓര്‍ത്തെടുത്ത് എല്ലാവരെക്കൊണ്ടും വിഷ് ചെയ്യിപ്പിയ്ക്കാനും ചെറിയ രീതിയില്‍ ആഘോഷിയ്ക്കാനും എല്ലാം ശ്രമിച്ചിട്ടുണ്ടെങ്കിലും മാര്‍ച്ച് മാസത്തില്‍ വന്നു പെട്ട ജന്മദിനമായതിനാല്‍ മറ്റു കുട്ടികളുടേതില്‍ നിന്നും വ്യത്യസ്തമായി എല്ലായ്‌പ്പൊഴും എന്റെ ജന്മദിനം അവഗണിയ്ക്കപ്പെടാറാണ് പതിവ്.

ഇതേ മാര്‍ച്ച് മാസം തന്നെയായിരുന്നു അച്ഛന്റെയും ജന്മമാസമെങ്കിലും അതിന് ഞങ്ങളുടെ അത്ര പോലും പ്രാധാന്യം കൊടുക്കുന്ന സ്വഭാവം അച്ഛനുമില്ലായിരുന്നു. അതു കൊണ്ടു തന്നെ, ആരുടെയെങ്കിലും പിറന്നാള്‍ വന്നാല്‍ ഞങ്ങളിലെ (അച്ഛനും അമ്മയും ചേട്ടനും ഞാനും) പിറന്നാളുകാരനെ അന്നേ ദിവസം രാവിലെ തന്നെ മറ്റു മൂന്നു പേരും വിഷ് ചെയ്യുക എന്ന പരിപാടിയോടെ പിറന്നാളാഘോഷം എന്ന ചടങ്ങ് അവസാനിയ്ക്കുകയായിരുന്നു പതിവ്. രണ്ടര വര്‍ഷത്തോളം മുന്‍പ് ചേട്ടന്‍ വിവാഹം കഴിച്ച് ചേച്ചി കൂടി ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായതോടെ ചേച്ചിയുടെ ജന്മദിനവും മാര്‍ച്ചിലായതിനാല്‍ മാര്‍ച്ച് മാസത്തിലെ പിറന്നാളുകാരുടെ കൂട്ടത്തില്‍ ഒരാളെ കൂടെ കിട്ടി. എങ്കിലും അപ്പോഴും പതിവുകളെല്ലാം മാറ്റമില്ലാതെ തുടര്‍ന്നു.

ഇങ്ങനെ ജന്മദിനങ്ങള്‍ മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിലെ പ്രധാനപ്പെട്ട പല വേര്‍പാടുകളും സംഭവിച്ചതും മാര്‍ച്ച് മാസത്തില്‍ തന്നെയായിരുന്നു കേട്ടോ. അമ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്കും മുന്‍പ് ഒരു മാര്‍ച്ച് മാസത്തിലായിരുന്നു അച്ഛന് സ്വന്തം അച്ഛനെ (ഞങ്ങള്‍ക്ക് പറഞ്ഞു കേട്ടറിവു മാത്രമുള്ള ഞങ്ങളുടെ അച്ഛീച്ചനെ) നഷ്ടപ്പെട്ടത്. അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം (രണ്ട് വര്‍ഷം മുന്‍പ്) അതേ പോലെ വീണ്ടുമൊരു മാര്‍ച്ച് മാസത്തില്‍ തന്നെയാണ് അച്ഛമ്മയും ( അച്ഛന്റെ അമ്മ) വിട പറഞ്ഞത് എന്നതും യാദൃശ്ചികമാകാം. അതേ പോലെ അമ്മയുടെ അമ്മയും 5 വര്‍ഷം മുന്‍പുള്ള ഒരു മാര്‍ച്ചിലാണ് ഞങ്ങളെ വിട്ടു യാത്രയായത്.

അങ്ങനെ പൊതുവേ മാര്‍ച്ച് മാസത്തിന് നല്ലതും ചീത്തയുമായ സ്ഥാനം ഞങ്ങളുടെ കുടുംബത്തിലുണ്ട്. ഇതൊന്നുമല്ല, പറഞ്ഞു വന്നത്. ഈ 2011 മാര്‍ച്ച് മാസത്തിന്റെ പ്രത്യേകതയാണ്. ഇതാദ്യമായി ഞങ്ങളുടെ കുടുംബക്കാര്‍ എല്ലാവരും ഈ മാര്‍ച്ച് മാസം പിറക്കാന്‍ കാത്തിരിയ്ക്കുകയായിരുന്നു. കഴിഞ്ഞ എട്ടു മാസങ്ങളായി എല്ലാവരും അതിലേയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. കാരണം, ചേട്ടന്‍ ഒരു അച്ഛനാകാന്‍ പോകുന്നു എന്നും... അതായത് ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് ഒരു പുതിയ അതിഥി കൂടി വരുന്നുണ്ട് എന്നും ആ കക്ഷി ലാന്റ് ചെയ്യാനുള്ള മുഹൂര്‍ത്തം നിശ്ചയിച്ചിരിയ്ക്കുന്നത് വീണ്ടുമൊരു മാര്‍ച്ചില്‍ തന്നെയായിരിയ്ക്കും എന്നുമുള്ള അറിവ് തന്നെ. ചേച്ചി ഗര്‍ഭിണിയായപ്പോള്‍ തന്നെ അമ്മ കണക്കു കൂട്ടി പറഞ്ഞിരുന്നു, മിക്കവാറും മാര്‍ച്ചില്‍ തന്നെ പുതുമുഖം എത്തിച്ചേരുമെന്ന്.

മാര്‍ച്ച് 27 എന്ന തീയ്യതി ആണ് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്. എങ്കിലും മാര്‍ച്ച് ആദ്യം ചെക്കപ്പിനു ചെന്നപ്പോള്‍ അത്രയും നീളില്ല, മാര്‍ച്ച് 19 ന് തന്നെ പ്രതീക്ഷിയ്ക്കാം എന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും അത്ര നേരം കൂടെ പോലും ക്ഷമിച്ചിരിയ്ക്കുവാനുള്ള സാവകാശമൊന്നും അവന്‍ കാണിച്ചില്ല. മാത്രമല്ല, ഒരു സിസേറിയന്‍ ആണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ പേടിയും കാറ്റില്‍ പറത്തി, ഒരു ദിവസം മുന്‍പേ ഒരു കുഴപ്പവും കൂടാതെ കക്ഷി ഇങ്ങ് പോന്നു. അങ്ങനെ ചേട്ടന്റെയും ചേച്ചിയുടെയും പൊന്നുമകനായി, ഞങ്ങളുടെ കുടുംബത്തിലെ പുതു തലമുറയിലെ ആദ്യത്തെ കണ്ണിയായി ഏവരുടെയും കണ്ണിലുണ്ണിയായി ഇക്കഴിഞ്ഞ 18 ആം തീയതി രാവിലെ 8.35 മകം നക്ഷത്രത്തില്‍ അവന്‍ ജനിച്ചു വീണു - ശ്രീഹരിജിത്ത്, ഞങ്ങളുടെ കുഞ്ഞാപ്പി.

അങ്ങനെ മാര്‍ച്ച് മാസത്തിന് ഞങ്ങളുടെ വീട്ടില്‍ നിന്ന് പുതിയൊരു അവകാശി കൂടി വന്നിരിയ്ക്കുന്നു. ഇപ്പോ ഞങ്ങളുടെ വീട്ടിലും ചേച്ചിയുടെ വീട്ടിലും എല്ലാവരും ആ ഒരു ത്രില്ലിലാണ്. അവനിപ്പോ അമ്മയോടൊപ്പം ആ വീട്ടില്‍ സുഖമായിരിയ്ക്കുന്നു. വൈകാതെ ഞങ്ങളുടെ വീട്ടിലേയ്ക്കുള്ള അവന്റെ വരവും പ്രതീക്ഷിച്ച് അവനെ സ്വീകരിയ്ക്കാനുള്ള തയ്യാറെടുപ്പോടെ കാത്തിരിയ്ക്കുകയാണ് ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍.

*********

ചേട്ടനും ചേച്ചിയ്ക്കും കുഞ്ഞാപ്പിയ്ക്കും എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം ഈ സന്തോഷം ഇവിടെ ബൂലോകത്തു കൂടി പങ്കു വയ്ക്കന്നു.