Thursday, December 23, 2010

പാളിപ്പോയ ഒരു ക്രിസ്തുമസ്സ് സര്‍പ്രൈസ്

ഏറ്റവും രസകരമായി ക്രിസ്തുമസ്സും ന്യൂ ഇയറും ആഘോഷിച്ചിട്ടുള്ളത് ബിരുദ പഠനകാലത്തായിരിയ്ക്കും എന്ന് തോന്നുന്നു. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിറവത്ത് പഠിയ്ക്കുന്ന കാലത്ത് ഡിസംബര്‍ മാസം പകുതിയായപ്പോള്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു, ആ വര്‍ഷത്തെ ക്രിസ്തുമസ്സും പുതുവത്സരവും അടിപൊളിയാക്കണം എന്ന്. എന്തായാലും കോളേജില്‍ പതിവു പോലെ ക്രിസ്തുമസ്സ് ആഘോഷങ്ങളുണ്ടാകും. അതിനു പുറമേ എന്തെങ്കിലും ചെയ്തു കാണിയ്ക്കണം എന്നായിരുന്നു ഞങ്ങളുടെ ഐഡിയ. ആരെയും മുന്‍കൂട്ടി അറിയിയ്ക്കാതെ എല്ലാവര്‍ക്കും സര്‍പ്രൈസാകുന്ന എന്തെങ്കിലും ഒന്ന്... എന്നാല്‍ അധികം സമയമെടുക്കാനും പാടില്ല. കാരണം ചെയ്യുന്നത് എന്താണെങ്കിലും ക്രിസ്തുമസ്സ് അവധിയ്ക്കായി കോളേജ് അടയ്ക്കുന്നതിനു മുന്‍പ് വേണം. അല്ലെങ്കില്‍ എല്ലാവരും കാണുന്നതെങ്ങനെ?

പിരിവിട്ട് കുറേ കാശു മുടക്കിയുള്ള പരിപാടികളൊന്നും വേണ്ടെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. അല്ലാതെ എല്ലാവരും കൂടി ഉത്സാഹിച്ച് ചെയ്താല്‍ നടക്കാവുന്ന എന്തെങ്കിലും മതി എന്നും തീരുമാനമായി. രണ്ടു മൂന്നു ദിവസം തലകുത്തിയിരുന്ന് ആലോചിച്ചിട്ടും ഒന്നും ഫിക്സ് ചെയ്യാനാകുന്നില്ല. ഓരോരുത്തരും ഓരോരോ ആശയങ്ങള്‍ പറയുന്നു... പക്ഷേ ഒന്നിനും ബഹുജന പിന്തുണ നേടാനാകുന്നുമില്ല. അവസാനം മത്തന്‍ ഒരു ഐഡിയ മുന്നോട്ട് വച്ചു. കോളേജ് ജംഗ്‌ഷനില്‍ ഒരു വമ്പന്‍ നക്ഷത്രം ഉണ്ടാക്കി തൂക്കുക. ഒപ്പം ഒരു വലിയ ക്രിസ്തുമസ് ട്രീയും.

ആ ഐഡിയ എല്ലാവര്‍ക്കും ഇഷ്ടമായി. എന്തായാലും ഉണ്ടാക്കുമ്പോള്‍ നല്ല വലുപ്പത്തില്‍ തന്നെ ഒരെണ്ണം ഉണ്ടാക്കാമെന്ന് തന്നെ ഉറപ്പിച്ചു. മുളയുംഈറ്റയും കൊണ്ട് നക്ഷത്രമുണ്ടാക്കി, ചൈനീസ് പേപ്പര്‍ വാങ്ങി ഒട്ടിച്ച് ഭംഗിയാക്കണം. ഒപ്പം കുറേ ഡ്രോയിങ്ങ് പേപ്പര്‍ വാങ്ങി നന്നായി വരയ്ക്കാനറിയുന്ന ആരെക്കൊണ്ടെങ്കിലും കുറേ ആശംസ എഴുതി അവിടവിടെയായി ഒട്ടിയ്ക്കാമെന്നും കൂടെ അഭിപ്രായം വന്നു. അതും കൊള്ളാം എന്ന് എല്ലാവര്‍ക്കും തോന്നി. വിവിധ നിറങ്ങളിലുള്ള കുറേ ചൈനീസ് പേപ്പറും കുറേ ഡ്രോയിങ്ങ് പേപ്പറും വാങ്ങാനുള്ള ചിലവല്ലേയുള്ളൂ... നക്ഷത്രമുണ്ടാക്കാന്‍ വേണ്ട മുളയുംഈറ്റയും ട്രീ ഒരുക്കാന്‍ പറ്റിയ മരവും മത്തന്‍ ഏറ്റു. ഡ്രോയിങ്ങ് പേപ്പറും സ്കെച്ച് പേനകളും വാങ്ങിക്കൊടുത്താല്‍ ആശംസകള്‍ എഴുതി തരാമെന്ന് ക്ലാസ്സിലെ ചിത്രകാരനായ അഭിലാഷും സമ്മതിച്ചു.

അവധിയ്ക്കു മുന്‍പുള്ള അവസാന അദ്ധ്യയന ദിവസം കോളേജ് ജംഗ്ഷനില്‍ എല്ലാവരും ബസ്സിറങ്ങുമ്പോള്‍ എല്ലാവരെയും അമ്പരപ്പിയ്ക്കുന്ന തരത്തില്‍ വമ്പനൊരു ക്രിസ്തുമസ്സ് നക്ഷത്രം അവിടെയുള്ള മരത്തില്‍ പ്രത്യക്ഷപ്പെടണം. പിന്നെ ഒരു കാര്യമുള്ളത് സംഗതി അവസാന നിമിഷം വരെ രഹസ്യമായിരിയ്ക്കണം എന്നുള്ളതാണ്. തലേന്നു പോലും ആര്‍ക്കും അങ്ങനെയൊരു നീക്കമുണ്ടെന്ന് യാതൊരു സംശയത്തിനും ഇട കൊടുക്കരുത്. അതായിരുന്നു ഞങ്ങളുടെ പ്ലാന്‍. അതിനു വേണ്ടി ഒരൊറ്റ ദിവസം രാത്രി മുഴുവന്‍ ഉറക്കമിളച്ച് നക്ഷത്രവും മറ്റും ഒരുക്കാന്‍ ഞങ്ങളെല്ലാം നിശ്ചയിച്ചു.

പക്ഷേ ആദ്യത്തെ പ്നാനില്‍ നേരിയ തിരിച്ചടി കിട്ടി. അവസാന രണ്ടു ദിവസം പനിയോ മറ്റോ കാരണം അഭിലാഷ് ക്ലാസ്സില്‍ വന്നില്ല. അവസാനം കൂട്ടത്തില്‍ ഭേദപ്പെട്ട പടം വരക്കാരന്‍ എന്ന നിലയ്ക്ക് ആ ദൌത്യം അവസാന നിമിഷം ബിമ്പുവിനെ ഏല്‍പ്പിച്ചു. ഞങ്ങളെല്ലാം കൂടി നക്ഷത്രവും ട്രീയും ഒരുക്കുന്ന നേരത്ത് ആശംസകളെല്ലാം എഴുതി ഉണ്ടാക്കുന്ന കാര്യം അവന്‍ ഏറ്റു.

അങ്ങനെ ആ ദിവസം വന്നു ചേര്‍ന്നു. അന്ന് ക്ലാസ് കഴിഞ്ഞെങ്കിലും മുന്‍ നിശ്ചയ പ്രകാരം ഞങ്ങളുടെ ഗ്യാങ്ങിലെ ആരും സ്വന്തം വീടുകളിലേയ്ക്ക് പോയില്ല. അവിടെ റൂമെടുത്ത് താമസിയ്ക്കുന്ന എനിയ്ക്കും സഞ്ജുവിനും കുല്ലുവിനും പുറമേ ഞങ്ങളുടെ റൂമില്‍ മത്തനും സുധിയപ്പനും ജോബിയും ബിമ്പുവും സുമേഷും കൂടി. അതു പോലെ അടുത്ത് മറ്റൊരു റൂമില്‍ താമസിയ്ക്കുന്ന ഗിരീഷും തോമയും സന്ദീപും അനീഷും ടോമി സാറും.

ഇക്കൂട്ടത്തിലെ 'ടോമി സാര്‍' എന്നത് ഒരു അദ്ധ്യാപകനാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ഞങ്ങളുടെ ക്ലാസ്സിലെ തന്നെ ഒരു സുഹൃത്താണ് ടോമി. പക്ഷേ ആശാന്‍ സ്വയം അവനെ മറ്റുള്ളവര്‍ക്ക് പലപ്പോഴും പരിചയപ്പെടുത്തുന്നത് 'ഞാന്‍ ടോമി! ടോമി സാര്‍ എന്ന് വിളിയ്ക്കും‍' എന്നായിരുന്നു. അതല്ലെങ്കില്‍ ഞങ്ങളെല്ലാവരും കൂടെ എങ്ങോട്ടെങ്കിലും പോകുകയോ എന്തെങ്കിലും ചെയ്യാന്‍ പുറപ്പെടുകയോ ചെയ്യുന്നതു കണ്ടാല്‍ ഓടി വന്ന് "അളിയാ, ടോമി സാറിനെയും കൂട്ടെടാ..." എന്ന് പറയുന്ന അവന്റെ ശൈലി കടമെടുത്ത് ആദ്യമൊക്കെ ഞങ്ങളും പിന്നീട് ഞങ്ങളുടെ ക്ലാസ്സിലുള്ളവരും പതുക്കെ പതുക്കെ കോളേജ് മുഴുവനും... എന്തിന്, അവസാനം മൂന്നാം വര്‍ഷം അവസാനമാകുമ്പോഴേയ്ക്കും ആ നാട്ടുകാരും ഞങ്ങളുടെ അദ്ധ്യാപകര്‍ പോലും അവനെ 'ടോമി സാര്‍' എന്നായിരുന്നു വിളിച്ചിരുന്നത്.


അങ്ങനെ കോളേജ് പരിസരത്തു നിന്ന് അവസാനത്തെ വിദ്യാര്‍ത്ഥിയും ബസ്സ് കയറി എന്നുറപ്പിച്ച ശേഷമാണ് ഞങ്ങള്‍ വര്‍ണ്ണക്കടലാസുകള്‍ വാങ്ങാനും മറ്റും പുറപ്പെടുന്നതു തന്നെ .അതേ പോലെ ജംഗ്‌ഷനിലെ കടകളെല്ലാം അടച്ച് നാട്ടുകാരെല്ലാം ഉറക്കമായ ശേഷം വേണം ഈറ്റയും മുളക്കഷ്ണങ്ങളും ക്രിസ്തുമസ്സ് ട്രീ ഒരുക്കാന്‍ വേണ്ട മരവും മറ്റും കൊണ്ടു വരാനെന്നും നേരത്തേ ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. (കാരണം നാട്ടുകാര്‍ക്കും അതൊരു സര്‍പ്രൈസ് ആകണമല്ലോ)

അങ്ങനെ സമയം ഏതാണ്ട് ഒമ്പതര-പത്ത് ആകുന്നതു വരെ ഞങ്ങളെല്ലാം ഈ രണ്ടു റൂമുകളിലായി കാത്തിരുന്നു. അവിടുത്തെ എല്ലാ കടകളും അടച്ച് എല്ലാവരും സ്ഥലം വിട്ട ശേഷം ഞങ്ങള്‍ ഓരോരുത്തരായി ജംഗ്‌ഷനിലെത്തി. ഞങ്ങളല്ലാതെ അവിടെ ഒറ്റ മനുഷ്യനില്ല. പറ്റിയ സമയം തന്നെ. പക്ഷേ സമയം ഇത്രയായിട്ടും മത്തന്‍ എത്തിയിട്ടില്ല. മുള-ഈറ്റ ചീന്തുകളും ട്രീയും ഏറ്റിരിയ്ക്കുന്നത് അവനാണ്. സമയം പത്തു കഴിഞ്ഞു.. .പത്തര- പതിനൊന്നാകുന്നു. ഇതു വരെയും അവനെ കാണാനില്ല. ഓരോരുത്തരായി അവനെ ചീത്ത വിളിയ്ക്കാന്‍ തുടങ്ങി. അന്നത്തെ കാലമായതു കൊണ്ട് ആരുടെ കയ്യിലും മൊബൈലൊന്നുമില്ല. വീട്ടില്‍ പോയി വിളിയ്ക്കാനായി അവന്റേതല്ലാതെ വേറെ ഒരു വണ്ടിയും ഇല്ല. കാത്തിരിയ്ക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. അവസാനം ഏതാണ്ട് പതിനൊന്നോടെ അവന്‍ വന്നു, വന്നപാടേ ലേറ്റ് ആയതിന് ക്ഷമയും പറഞ്ഞു. അവന്റെ ചേട്ടായി വണ്ടിയുമായി വരാന്‍ വൈകിയതാണത്രേ കാരണം.

എന്തായാലും ഇനിയും കളയാന്‍ സമയമില്ലാത്തതിനാല്‍ അവനെ അപ്പോള്‍ തന്നെ ഈറ്റ എടുത്തു കൊണ്ടു വരാന്‍ പറഞ്ഞയച്ചു. ഒപ്പം സുധിയപ്പനേയും വിട്ടു. അര മണിക്കൂറിനുള്ളില്‍ ഒരു കെട്ട് ഈറ്റയും കുറച്ച് മുളന്തണ്ടുകളുമായി അവര്‍ തിരിച്ചെത്തി. അതോടെ എല്ലാവര്‍ക്കും ആവേശം തിരിച്ചു കിട്ടി. ഞങ്ങളെല്ലാം സമയം കളയാതെ പണി തുടങ്ങി. മത്തനെയും സുധിയപ്പനെയും വീണ്ടും പറഞ്ഞു വിട്ടു. ട്രീ ശരിയാക്കനുള്ള മരം വെട്ടി കൊണ്ടു വരണമല്ലോ. അവര്‍ വീണ്ടും തിരിച്ചു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവര്‍ വെറും കയ്യോടെ തിരിച്ചു വന്നു. മത്തന്‍ കണ്ടു വച്ചിരുന്ന മരം ഇപ്പോ അവിടെ കാണാനില്ലത്രേ. ട്രീ ഒരുക്കുന്നതിനായി അത് മറ്റാരോ പകലെപ്പോഴോ വന്ന് വെട്ടിക്കൊണ്ട് പോയി.

അവസാനം സമയക്കുറവു മൂലം ട്രീ പരിപാടി ഉപേക്ഷിയ്ക്കാമെന്ന് തീരുമാനമായി. മാത്രമല്ല, നക്ഷത്രം ഒരുക്കുന്നത് തന്നെ വിചാരിച്ചത്ര എളുപ്പമല്ല എന്ന് ഞങ്ങള്‍ അപ്പോഴേയ്ക്കും തിരിച്ചറിഞ്ഞിരുന്നു. ഒന്നാമതായി ഒരു പടു കൂറ്റന്‍ നക്ഷത്രത്തിന്റെ കോലമാണ് കെട്ടിയുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നത് . കൊണ്ടു വന്ന ഈറ്റ മുഴുവനും ചീന്തി മുളന്തണ്ടുകള്‍ വച്ചു കെട്ടിക്കഴിഞ്ഞപ്പോള്‍ ഏതാണ്ട് രണ്ടാളുടെ പൊക്കമെങ്കിലും വരും. അതു മുഴുവന്‍ കെട്ടി വന്നപ്പോഴേയ്ക്കും സമയം രണ്ടു മണിയോളമായി. പോരാത്തതിന് നല്ല മഞ്ഞും. ഇനി വര്‍ണ്ണക്കടലാസുകള്‍ മുഴുവന്‍ ചുളിവില്ലാതെ നന്നായി ഒട്ടിച്ച് നക്ഷത്രം പൂര്‍ണ്ണമാക്കണം. സമയം കളയാതെ, ആവേശം ചോരാതെ എല്ലാവരും പണിയിലാണ്. എന്തായാലും അത്രയും നേരത്തെ പ്രയത്നം വെറുതേയായില്ല എന്ന് പണി കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് തോന്നി. കാരണം ഞങ്ങളെല്ലാം മനസ്സില്‍ കണ്ടതിനേക്കാള്‍ മികച്ച മനോഹരമായ ഒരു കൂറ്റന്‍ നക്ഷത്രം!

മരത്തിനു മുകളില്‍ കയറി ആ വമ്പന്‍ നക്ഷത്രം എല്ലാവരും കാണത്തക്ക രീതിയില്‍ പ്രതിഷ്ഠിയ്ക്കുന്ന കാര്യും ആദ്യമേ ടോമി സാര്‍ ഏറ്റിരുന്നു. അപ്പോഴേയ്ക്കും ബിമ്പു ആ ഡ്രോയിങ്ങ് പേപ്പറുകള്‍ മുഴുവനും കൊണ്ട് ജംഗ്‌ഷനിലെത്തി. വരച്ചത് മുഴുവനും ഉണങ്ങിയിട്ടില്ലെങ്കിലും സമയം കളയാനില്ലാത്തതിനാല്‍ അതെല്ലാം കോളേജിലേയ്ക്കുള്ള വഴി മുഴുവനും ഒട്ടിയ്ക്കാനായി ബിമ്പുവും ജോബിയും ഉടനേ പുറപ്പെടുകയും ചെയ്തു.

അങ്ങനെ ഒരു വിധത്തില്‍ എല്ലാ പരിപാടികളും കഴിഞ്ഞപ്പോഴേയ്ക്കും സമയം ഏതാണ്ട് വെളുപ്പിന് മൂന്നര-നാലു മണിയോളമായി. എങ്കിലും ക്രിസ്തുമസ്സ് ട്രീ ഒഴികെയെല്ലാം ഭംഗിയായി ചെയ്യാനായല്ലോ എന്ന സംതൃപ്തിയില്‍ ഞങ്ങളെല്ലാവരും സന്തോഷത്തോടെ റൂമിലേയ്ക്ക് തിരികെ പോരുകയും ചെയ്തു. പിറ്റേന്ന് ജംഗ്‌ഷനിലെത്തുന്നവരെല്ലാം ആരാണ് ഈ പണി ചെയ്തത് എന്നോര്‍ത്ത് അത്ഭുതപ്പെടുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. അതെല്ലാം ഓര്‍ത്ത് പിറ്റേന്ന് രാവിലെ എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് കാഴ്ച ഒരുക്കാനായ ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങളെല്ലാം ഉറങ്ങാന്‍ കിടന്നു. ക്ഷീണം കാരണം വൈകാതെ ഉറങ്ങിപ്പോകുകയും ചെയ്തു.

പിറ്റേന്ന് രാവിലെ എട്ട് -എട്ടര ആയിട്ടാണ് കണ്ണു തുറന്നതു തന്നെ. വേഗം തന്നെ പ്രാഥമിക കൃത്യങ്ങളെല്ലാം തീര്‍ത്ത് ഒമ്പത്-ഒമ്പതരയോടെ ഞങ്ങളെല്ലാവരും ആവേശത്തോടെ ജംഗ്‌ഷനിലേയ്ക്ക് വച്ചു പിടിച്ചു. ജംഗ്‌ഷനില്‍ അപ്പോഴേയ്ക്കും നല്ലൊരു ജനക്കൂട്ടം ആ നക്ഷത്രത്തിനു ചുറ്റുമായി ഉണ്ടാകും എന്ന് ഞങ്ങള്‍ക്ക് അത്ര ഉറപ്പായിരുന്നു. അന്തം വിട്ടു നില്‍ക്കുന്ന അവരെല്ലാം ഈ പണി ഈ ഒരൊറ്റ രാത്രി കൊണ്ട് ആര് ഒപ്പിച്ചു എന്ന അമ്പരപ്പില്‍ നില്‍ക്കുന്നതും അത് ഞങ്ങളുടെ പ്രയത്നഫലമാണ് എന്നറിയുമ്പോള്‍ അവിടെ കൂടി നില്‍ക്കുന്നഎല്ലാവരും ഞങ്ങളെ അഭിനന്ദിയ്ക്കുന്നതുമെല്ലാം ഞങ്ങള്‍ മനക്കണ്ണില്‍ കണ്ടു.

ആ ആവേശത്തോടെ ജംഗ്‌ഷനിലേയ്ക്ക് തിരിയുമ്പോള്‍ തന്നെ ഞങ്ങള്‍ കണ്ടു... അതാ, നക്ഷത്രം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന ആ മരത്തിനു ചുവട്ടില്‍ വലിയൊരു ആള്‍ക്കൂട്ടം! എല്ലാവരും പ്രതീക്ഷിച്ചതു പോലെ തന്നെ മരത്തിനു മുകളിലേയ്ക്ക് നോക്കി വിസ്മയിച്ചു നില്‍പ്പാണ്. "അളിയാ... ഏറ്റെടാ, ഏറ്റു. എന്തു മാത്രം പിള്ളേരാ കൂടിയിരിയ്ക്കുന്നതെന്നു നോക്കിക്കേ" മത്തനും സന്തോഷം അടക്കാനാകുന്നില്ല. ഞങ്ങളുടെയും സന്തോഷം അതിന്റെ പരമകോടിയിലെത്തി. അവിടന്നങ്ങോട്ട് ഞങ്ങള്‍ ഓടുകയായിരുന്നു എന്ന് പറയാം.

എന്നാല്‍ ആവേശത്തോടെ ഓടി മരച്ചുവട്ടിലെത്തി, മുകളിലേയ്ക്ക് നോക്കിയതും ഞങ്ങളുടെ കണ്ണൂ തള്ളിപ്പോയി. ഏതാണ്ട് നാലു മണിയോടെ ഞങ്ങള്‍ തയ്യാറാക്കി മരത്തില്‍ പൊക്കി ഉയര്‍ത്തി നിര്‍ത്തിയ, വര്‍ണ്ണക്കടലാസുകളുടെ ഗാംഭീര്യത്തില്‍ പളപളാ മിന്നിത്തിളങ്ങി നിന്നിരുന്ന ആ കൂറ്റന്‍ നക്ഷത്രത്തിന്റെ പ്രേതം പോലെ നക്ഷത്രത്തിന്റെ ഷേപ്പില്‍ വികൃതമായ ഒരസ്ഥികൂടം! താഴെ അവിടവിടെയായി പാറിപ്പറന്നു നടക്കുന്ന കുറേ വര്‍ണ്ണക്കടലാസുകള്‍!

ഞങ്ങളുടെ സപ്തനാഡികളും തകര്‍ന്നു. ആവേശമെല്ലാം ചോര്‍ന്ന് ഇനിയെന്തു ചെയ്യും എന്നോര്‍ത്ത് കുറച്ചിട ഞങ്ങള്‍ അവിടെ തന്നെ നിന്നു പോയി. കുറച്ചപ്പുറത്തായി ഗിരീഷും തോമായും സംഘവും ഞങ്ങളുടെ അതേ ഭാവത്തില്‍ നില്‍ക്കുന്നത് ഞങ്ങള്‍ മാത്രമേ ശ്രദ്ധിച്ചുള്ളൂ... അവിടെ കൂടിയിരിയ്ക്കുന്നവരെല്ലാം പുച്ഛത്തോടെ, പരിഹാസത്തോടെ ആ നക്ഷത്രം അവിടെ പ്രതിഷ്ഠിച്ചവരെ മതിയാവോളം കളിയാക്കിക്കൊണ്ട് തിരിച്ചു പോകുന്നുണ്ട്. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഒറ്റ വാക്കില്‍ അതു ചെയ്തവരെപ്പറ്റി ഏക കണ്ഠമായ അഭിപ്രായമായിരുന്നു... " മണ്ടന്‍മാര്‍. ഈറ്റ കൊണ്ട് നക്ഷത്രമുണ്ടാക്കുമ്പോള്‍ വെയിലു കൊണ്ട് അത് വികസിയ്ക്കും എന്ന് മനസ്സിലാക്കാനുള്ള കോമണ്‍സെന്‍സ് പോലുമില്ലാത്ത പമ്പരവിഡ്ഢികള്‍" എന്ന്.

അത് കേട്ടപ്പോഴാണ് ഞങ്ങള്‍ക്കും അക്കിടി മനസ്സിലായത്. അര്‍ദ്ധരാത്രിയില്‍ നല്ല മഞ്ഞുള്ള തണുപ്പില്‍ വരിഞ്ഞു മുറുക്കി നല്ല ഷെയ്‌പ്പില്‍ കെട്ടി വച്ച ഈറ്റ കഷ്ണങ്ങളെല്ലാം വെയിലു കൊണ്ട് വികസിച്ചപ്പോള്‍ വളഞ്ഞ് ഒട്ടിച്ചിരുന്ന കടലാസുകളെല്ലാം കീറി നാശമായിപ്പോയതാണ്. പറഞ്ഞിട്ടെന്തു കാര്യം! ഇപ്പോള്‍ കണ്ടാല്‍ നക്ഷത്രത്തിന്റെ ഒരു പേക്കോലം മാത്രം.

ആ കണ്ട കാഴ്ചയുടെ ക്ഷീണത്തില്‍ തകര്‍ന്ന ഹൃദയവുമായി, രാവിലത്തെ ഭക്ഷണം പോലുമുപേക്ഷിച്ച് കേളേജിലേയ്ക്കുള്ള വഴി നടക്കുമ്പോള്‍ ഞങ്ങള്‍ ഇരുവശങ്ങളിലുമുള്ള മതിലുകളിലേയ്ക്ക് നോക്കി. എന്തായാലും ഇത്തവണ പ്രതീക്ഷ തെറ്റിയില്ല. മഷി ശരിയ്ക്കുണങ്ങും മുന്‍പേ പശ തേച്ച് ഒട്ടിച്ചതിനാല്‍ രാത്രിയിലെ മഞ്ഞിന്റെ സഹായത്താല്‍ ഡ്രോയിങ്ങ് പേപ്പറുകളെല്ലാം നിറമിളകി, എന്താണ് എഴുതിയിരിയ്ക്കുന്നതെന്നു പോലും വായിയ്ക്കാനാകാത്ത അവസ്ഥയിലായതിനാല്‍ അതൊന്നും ആരും ശ്രദ്ധിച്ചു പോലുമില്ല എന്നത് അപ്പോള്‍ ഒരാശ്വാസമായി തോന്നി.

ക്ലാസ്സില്‍ ചെന്നു കയറിയ ഉടനേ തന്നെ മത്തന്‍ ടോമിയോട് ജംഗ്‌ഷനില്‍ നക്ഷത്രം ഉണ്ടാക്കി വച്ച 'മണ്ടന്മാരെ' പറ്റി പറഞ്ഞ് കളിയാക്കി ചിരിയ്ക്കുന്നത് കേട്ടതിനാല്‍ മറ്റുള്ളവരാരും തല്‍ക്കാലം ഞങ്ങളെ സംശയിച്ചില്ല. പിന്നെയും കുറേ നാളു കഴിഞ്ഞ് ആ സംഭവത്തിന്റെ ജാള്യത എല്ലാം കുറച്ചൊന്ന് മാറിയ ശേഷമാണ് ആ സംഭവത്തിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുത്തത്.

എന്തായാലും അത്രയും കഷ്ടപ്പെട്ട് ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് ചെയ്ത അധ്വാനം മുഴുവനും വെള്ളത്തിലായിപ്പോയെങ്കിലും എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് കാഴ്ച വയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതു വരെ ക്രിസ്തുമസ്സിന് അത്രയും മോശമായ ഒരു നക്ഷത്രം ആ നാട്ടുകാരാരും കണ്ടിട്ടുണ്ടായിരുന്നില്ലല്ലോ.