Wednesday, November 28, 2007

♫ ശരണമയ്യപ്പാ ♫

മണ്ഡല മാസമല്ലേ? വെറുതേയെങ്കിലും കുറച്ചു നാള്‍‌ മുന്‍‌പ് ഭക്തിപൂര്‍‌വ്വം കുറിച്ചിട്ട ചില വരികള്‍‌ ഇവിടെ പോസ്റ്റാക്കുന്നു. കവിത പോലെയല്ല, ഒരു പ്രാര്‍‌ത്ഥനാ ഗാനം പോലെ... അയ്യപ്പ സ്വാമിയ്ക്ക് മനസ്സു കൊണ്ട് ഒരു സാഷ്ടാംഗ പ്രണാമം അര്‍‌പ്പിച്ചു കൊണ്ട് ...

സ്വാമിയേ... ശരണമയ്യപ്പാ...


ശബരിപീഠം ലക്ഷ്യമാക്കി ശരണം വിളികള്‍‌ നാവിലേറ്റി

പതിനെട്ടാം പടിചവിട്ടാന്‍‌ വരുന്നൂ ഞങ്ങള്‍‌

മണ്ഡലം നോമ്പ് നോറ്റ് മാലയിട്ട്, കെട്ടുമേന്തി

മലമുകളില്‍‌ ദര്‍‌ശനത്തിനു വരുന്നയ്യപ്പാ

സ്വാമി ശരണം അയ്യപ്പാ ശരണം സ്വാമിയേ ശരണം


എരുമേലി പേട്ട തുള്ളി പമ്പയാറില്‍‌ കുളി കഴിഞ്ഞ്

നിന്‍‌ ദിവ്യ ദര്‍‌ശനത്തിനു വരുന്നയ്യപ്പാ

നിന്‍‌ ശരണം മന്ത്രമാക്കി, നിന്റെ രൂപം മനസ്സിലേറ്റി

പുണ്യമലയേറി ഞങ്ങള്‍‌ വരുന്നയ്യപ്പാ

സ്വാമി ശരണം അയ്യപ്പാ ശരണം സ്വാമിയേ ശരണം


മകരമഞ്ഞില്‍‌ മൂടി നില്‍‌ക്കും കാനനത്തിനുള്ളിലൂടെ

ശബരീശാ മല കയറി വരുന്നൂ ഞങ്ങള്‍‌

ദര്‍‌ശനത്തിന്‍‌ പുണ്യമേകി, പാപമെല്ലാം തൂത്തെറിഞ്ഞ്

മോക്ഷമാര്‍‌ഗ്ഗം നല്‍‌കിടേണേ സ്വാമി അയ്യപ്പാ

സ്വാമി ശരണം അയ്യപ്പാ ശരണം സ്വാമിയേ ശരണം

സ്വാമി ശരണം അയ്യപ്പാ ശരണം സ്വാമിയേ ശരണം

പണിക്കര്‍ സാര്‍ ഈ ഗാനം ഈണം നല്‍കി ഇവിടെ പാടിയിരിയ്ക്കുന്നു. യു ട്യൂബ് വീഡിയോ ഇവിടെ.

Thursday, November 22, 2007

ഒരു നവംബര് ദിനത്തിന്റെ ഓര്‍‌മ്മയ്ക്ക്...

കഴിഞ്ഞ ദിവസം ഞാന്‍‌ ഓഫീസില്‍‌ നിന്നും വീട്ടിലേയ്ക്ക് വരുകയായിരുന്നു. ബസ്സിറങ്ങി ഒരു 10 മിനുട്ട് കൂടി നടക്കണം, താമസിക്കുന്ന റൂമിലെത്തണമെങ്കില്‍‌. അടുത്ത കാലത്ത് പരിചയപ്പെട്ട ഒരു തമിഴ് സുഹൃത്തിനെയും വഴിയില്‍‌ വച്ചു കണ്ടു. അന്ന് പതിവിലേറെ വര്‍‌ക്കുണ്ടായിരുന്നതിനാല്‍‌ നല്ല ക്ഷീണം തോന്നിയതു കൊണ്ട് (ഒപ്പം വിശപ്പും)എങ്ങും തങ്ങാതെ അവനോട് സംസാരിച്ചു കൊണ്ട് നേരെ റൂമിലേയ്ക്ക് നടന്നു.

ഞങ്ങളുടെ റൂമിലേയ്ക്ക് പോകുന്ന വഴിയ്ക്ക് ഒരു കൊച്ചു തട്ടുകടയുണ്ട്. അതിനു മുന്നിലെത്തിയപ്പോഴാണ് ആ കടക്കാരന്‍‌ ശബ്ദമുയര്‍‌ത്തി ആരെയോ ചീത്ത പറയുന്നതു പോലെ തോന്നിയത്. നോക്കിയപ്പോള്‍‌ ശരിയാണ്. ആ കടയ്ക്കു മുന്നില്‍‌ ഒരാള്‍‌ ഭക്ഷണത്തിനു വേണ്ടിയെന്ന പോലെ കൈ നീട്ടി നില്‍‌ക്കുന്നു. കാഴ്ചയില്‍‌ തന്നെ എന്തോ ഒരു പോരായ്മ തോന്നുന്നുണ്ട്. ബുദ്ധി സ്ഥിരത കുറഞ്ഞ ഒരാളെന്ന് ഒറ്റ നോട്ടത്തില്‍‌ പറയാം. ആ കടക്കാരന്‍‌ എത്രയൊക്കെ പറഞ്ഞിട്ടും പിടിച്ചു തള്ളിയിട്ടും മുഖത്ത് വലിയ ഭാവ ഭേദമൊന്നും കൂടാതെ അയാള്‍‌ കൈയും നീട്ടിപ്പിടിച്ച് അവിടെ തന്നെ നില്‍ക്കുകയാണ്. ഒപ്പം എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്. അവിടെ നില്‍‌ക്കുന്നവരാരും അതൊന്നും കാര്യമാക്കുന്നതേയില്ല.

എന്തായാലും അതു കണ്ടപ്പോള്‍‌ എനിക്കെന്തോ ഒരു വല്ലായ്മ തോന്നി. ഞാന്‍‌ ആ സുഹൃത്തിനോട് പറഞ്ഞു “നമുക്ക് എന്തെങ്കിലും കഴിക്കാം”. അവന്‍‌ അനുകൂല ഭാവത്തില്‍‌ തല കുലുക്കി. ഞാന്‍‌ ആ കടയില്‍‌ നിന്നും വടയും ബജ്ജിയും വാങ്ങി. കടക്കാരന്‍‌ അത് പൊതിഞ്ഞു തന്നു. ഞാനാ പൊതിയില്‍‌ നിന്നും 2 വടയും 2 ബജ്ജിയും അയാള്‍‌ക്ക് നേരെ നീട്ടി. അയാള്‍‌ കുറച്ചു നേരം എന്നെത്തന്നെ നോക്കി. എന്നിട്ട് എന്റെ കയ്യില്‍‌ നിന്നും അത് തട്ടിപ്പറിച്ച് വാങ്ങുന്നതു പോലെ വാങ്ങി. എന്നിട്ട് എന്തൊക്കെയോ പറഞ്ഞു (അത് കന്നടയിലായിരുന്നതിനാല്‍‌ നന്ദി പറഞ്ഞതാണോ ചീത്ത വല്ലതും പറഞ്ഞതാണോ എന്ന് എനിക്കു സംശയം തോന്നാതിരുന്നില്ല. എങ്കിലും ആ കടക്കാരന്റെ മുഖഭാവത്തില്‍‌ നിന്നും ‘കുഴപ്പമില്ല’ എന്നു മാത്രം മനസ്സിലായി). “യു ആര്‍‌ ഗ്രേറ്റ് യാര്‍‌“ ബാക്കിയുള്ള വട പങ്കിട്ട് കഴിച്ച് പിരിയാന്‍‌ നേരത്ത് ആ തമിഴ് സുഹൃത്ത് പുറത്ത് തട്ടിക്കൊണ്ട് എന്നോട് പറഞ്ഞു. ഞാന്‍‌ വെറുതേ ഒന്നു ചിരിച്ചിട്ട് എന്റെ റൂമിലേയ്ക്കുള്ള നടത്തം തുടര്‍‌ന്നു.

അങ്ങനെ നടക്കുമ്പോള്‍‌ ഒരു പഴയ സംഭവം ഓര്‍‌മ്മ വന്നു. അതും ഒരു നവംബറിലായിരുന്നു എന്നത് തികച്ചും യാദൃശ്ചികമായിരിക്കാം. അത് കൃത്യമായി ഓര്‍‌ക്കാന്‍‌ കാരണമുണ്ട്. അന്ന് ഞങ്ങള് പിറവത്ത് പഠിയ്ക്കുകയാണ്. ഒരു നവംബര്‍‌ മാസത്തിലായിരുന്നു ഞങ്ങളുടെ ആദ്യത്തെ NSS 3 ഡേ ക്യാമ്പ് നടന്നത്. അതിനോടടുത്ത സമയത്താണ് ഇതു നടന്നത്.

അന്ന് ഞങ്ങളുടെ റൂമില്‍‌ ഞാന്‍‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബിട്ടുവും കുല്ലുവും വീട്ടില്‍‌ പോയിരിക്കുകയായിരുന്നു. അവിടെ ഞായറാഴ്ചകള്‍‌ പൊതുവേ വിരസമാണ്. സുഹൃത്തുക്കളാരും ഉണ്ടാകുകയില്ല. ഹോട്ടലോ കടകളോ തുറക്കുകയില്ല. കാലേകൂട്ടി അരി വാങ്ങി വച്ചില്ലെങ്കില്‍‌ അന്ന് പട്ടിണി കിടക്കേണ്ടി വരുകയും ചെയ്യും.(പല തവണ അങ്ങനെ വേണ്ടി വന്നിട്ടുമുണ്ട്) അന്നും പതിവു പോലെ ഉച്ചയ്ക്ക് വിശന്നപ്പോള്‍‌ മാത്രമാണ് അരിയുണ്ടോ എന്നു നോക്കിയതു തന്നെ. കൃത്യം ഒരാള്‍‌ക്ക് ഒരു നേരത്തേയ്ക്കുള്ള അരിയുണ്ട്. അതായത് അന്ന് രാത്രി വല്ലതും കഴിക്കണമെങ്കില്‍‌ മത്തന്‍‌ വന്നിട്ട് അവന്റെ കൂടെ ബൈക്കില്‍‌ വല്ലയിടത്തും പോകേണ്ടി വരും. (മത്തന്റെ വീട് ഒരു വിധം അടുത്തു തന്നെ ആണെങ്കിലും മിക്കവാറും എല്ലാ രാത്രിയും അവന്‍‌ ഞങ്ങളുടെ റൂമില്‍‌ കിടക്കാന്‍‌ വരാറുണ്ടായിരുന്നു). ഭാഗ്യത്തിന് തലേ ദിവസം വാങ്ങിയ മുട്ട ഒരെണ്ണം ബാക്കിയുണ്ടായിരുന്നു. പിന്നെ കുറച്ചു തൈരും അച്ചാറും. (ഇതൊക്കെ തന്നെയായിരിക്കും മിക്ക ദിവസവും ഭക്ഷണം).

അങ്ങനെ അരിയും അടുപ്പത്തിട്ട് ഞാനൊന്നു കറങ്ങാനായി ജംക്ഷനിലേക്കിറങ്ങി. അരി വേവാനുള്ള സമയം എല്ലാം നന്നായി അറിയാമായിരുന്നതിനാല്‍‌ അതിനുള്ളില്‍‌ പോയി വരാമെന്നായിരുന്നു പ്ലാന്‍‌. കാരണം, ഭാഗ്യവശാല്‍‌ കട വല്ലതും തുറന്നിട്ടുണ്ടെങ്കില്‍‌ വൈകുന്നേരത്തേയ്ക്കുള്ള അരി കൂടി വാങ്ങാമല്ലോ. എന്തായാലും ആ പ്രതീക്ഷയ്ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഒറ്റ കട പോലും തുറന്നിട്ടുണ്ടായിരുന്നില്ല. ഞാന്‍‌ കുറച്ചു നിരാശയോടെ തിരിച്ചു റൂമിലേയ്ക്കു മടങ്ങാന്‍‌ നേരത്താണ് കുട്ടന്‍‌ എന്റെ മുന്നില്‍‌ വന്നു ചാടിയത്. [കുട്ടന്‍‌ എന്നത് യഥാര്‍‌ത്ഥ പേരല്ല] ആ നാട്ടുകാരനായ ഒരു പയ്യനായിരുന്നു, കുട്ടന്‍‌. പ്രായത്തിനൊത്ത ബുദ്ധി വളര്‍‌ച്ചയില്ല. എങ്കിലും മിക്കവാറും സമയത്ത് അവന്‍‌ ആ കോളേജ് ജംക്ഷനില്‍‌ തന്നെ കാണും. അങ്ങനെ ഞങ്ങളെ എല്ലാവരേയും അവനു നന്നായി അറിയാം.

പതിവു പോലെ എന്നെ കണ്ട ഉടനേ അവന്‍‌ ഓടിയെത്തി, എന്റെ കയ്യില്‍‌ പിടിച്ചു. എന്നിട്ടു ചോദിച്ചു “ചേട്ടായീ, നീ എനിക്കൊരു ചായ വാങ്ങിത്തരാവോ?”

[അവന്‍‌ ഞങ്ങളെ എല്ലാവരേയും ‘ചേട്ടാ’ എന്നും ‘എടാ’ എന്നും എല്ലാം വിളിക്കാറുണ്ട്. പിന്നെ, പരിചയമുള്ളവരോടെല്ലാം ചായ വാങ്ങിത്തരാമോ എന്നും ചോദിയ്ക്കും] അതു പതിവായുള്ളതാണ്. മിക്കവാറും എല്ലാവരും എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിയാറാണ് പതിവ്. അതുപോലെ അന്ന് അവന്‍‌ ചായ ചോദിച്ചപ്പോള്‍‌ അടഞ്ഞു കിടക്കുന്ന ശശി ചേട്ടന്റെ ഹോട്ടല്‍‌ ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാന്‍‌ പറഞ്ഞു “കട അടച്ചിട്ടിരിക്കുകയല്ലേ കുട്ടാ”


അവന്‍‌ കുറച്ചൊരു വിഷമത്തോടെ പറഞ്ഞു “എന്നാല്‍‌ ഒരു വട വാങ്ങിത്തന്നാലും മതി”


“അതിനും കട തുറക്കണ്ടേ” എന്ന എന്റെ ചോദ്യത്തിന് എന്തോ ആലോചിച്ചിട്ട് അവന്‍‌ പതുക്കെ പറഞ്ഞു “ ആണോ? അതു ശരിയാണല്ലേ
എന്നാല്‍‌ വേണ്ട. പിന്നെ മതി”

അവന്റെ മുഖത്തെ ദു:ഖ ഭാവം കണ്ടപ്പോള്‍‌ എനിക്കും ചെറിയ വിഷമം തോന്നി. “നീ എന്റെ കൂടെ റൂമിലേയ്ക്കു വരുന്നോ? ചായ ഞാന്‍‌ തരാം” അപ്പോഴത്തെ തോന്നലില്‍‌ ഞാന്‍ പെട്ടെന്നു ചോദിച്ചു.

അവന്റെ മുഖം വിടര്‍‌ന്നു. തലകുലുക്കി സമ്മതിച്ചു കൊണ്ട് ഉത്സാഹത്തോടെ അവനെന്റെ കൂടെ വന്നു. സാധാരണ അത് പതിവില്ലാത്തതാണ്. കഴിവതും അവനെ അവിടെ എല്ലാവരും ഒഴിവാക്കാറേയുള്ളൂ, ഞങ്ങള്‍‌ ഉള്‍‌പ്പെടെ. എന്നാലും അന്നെനിക്ക് അങ്ങനെ തോന്നിയില്ല.

“കുട്ടാ നിനക്ക് കട്ടന്‍‌ ചായ മതിയല്ലോ അല്ലേ? പാലുണ്ടാകില്ല”

“മതി ചേട്ടായീ. വീട്ടിലും പാലില്ലാത്തപ്പോ ഞാന്‍‌ കട്ടന്‍‌ ചായയാ കുടിക്കാറ്”

അവന്‍‌ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നപ്പോഴേയ്ക്കും വീടെത്തി. അപ്പോഴാണ് ഞാന്‍‌ അരി അടുപ്പത്തിട്ടിരുന്നത് ഓര്‍‌ത്തത്. വേഗം ചെന്ന് നോക്കുമ്പോള്‍‌ കഞ്ഞി പാകമായിട്ടുണ്ട്. ഞങ്ങള്‍‌ അവിടെ മിക്കവാറും കഞ്ഞിയാണ് കഴിക്കാറുള്ളത്. ഉണ്ടാക്കാനുള്ള എളുപ്പം കൂടെ കണക്കിലെടുത്താണ് അത്.

“കഞ്ഞിയാണോ ചേട്ടായീ?” അവന്‍‌ എത്തി നോക്കിക്കൊണ്ട് ചോദിച്ചു.

“ ഉം. എന്താ നിനക്ക് കഞ്ഞി വേണോ? വെറുതേ അവനോട് ചോദിച്ചു.

“എന്നാലെനിക്ക് കഞ്ഞി മതി. എനിക്കു വിശന്നിട്ടാ ഞാന്‍‌ ചായ ചോദിച്ചത്”

അവന്റെ മറുപടി കേട്ട് ഞാന്‍‌ കുറച്ചൊരു ആശ്ചര്യത്തോടെ ചോദിച്ചു “അതെന്താ നീ ഊണു കഴിച്ചില്ലേ?”

“ഇല്ല. വീട്ടില്‍‌ ആരുമില്ല. എല്ലാവരും കല്യാണത്തിനു‌ പോയിരിക്കുവാ”

അവനേതോ ദൂരെയുള്ള സ്ഥലത്തിന്റെ പേരും പറഞ്ഞു. എനിക്കു വിഷമം തോന്നി. പാവം! വീട്ടില്‍‌ ഭക്ഷണം ഉണ്ടാകില്ലായിരിക്കും. മാത്രമല്ല, ബുദ്ധിയ്ക്ക് അല്‍പ്പം സ്ഥിരത കുറവുള്ളതു കൊണ്ട് അവന്റെ വീട്ടുകാരു പോലും അവനെ വേണ്ടത്ര ശ്രദ്ധിക്കുന്നുമില്ല എന്നു തോന്നുന്നു.

ഞാനെന്തായാലും എനിക്കു വേണ്ടി തയ്യാറാക്കിയ കഞ്ഞി അവനു കൊടുത്തു. വറുത്ത മുട്ടയും അച്ചാറും കൂട്ടി അവനത് മുഴുവനും ആസ്വദിച്ചു കഴിച്ചു. തൈര് ഇഷ്ടമല്ലെന്നും പറഞ്ഞ് അതു മാത്രം കഴിച്ചില്ല.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവന്‍‌ കുറച്ചു നേരം കൂടി അവിടെ എന്തൊക്കെയോ സംസാരിച്ചിരുന്നു. പതിവു പോലെ പരസ്പര ബന്ധമില്ലാത്ത പലതും അവന്‍‌ പറഞ്ഞു. ആ കൂട്ടത്തില്‍‌ ഒരു കാര്യം കൂടി പറഞ്ഞു. അന്നവന്റെ പിറന്നാളാണത്രെ.

അവന്‍ പറഞ്ഞത് ശരിയാണോ അതോ വെറുതേ പറഞ്ഞതാണോ എന്ന് എനിക്ക് ഇന്നും ഉറപ്പില്ല. എങ്കിലും അതു കേട്ടപ്പോള്‍‌ അറിയാതെയാണെങ്കിലും ഞാന്‍‌ ചെയ്ത പ്രവൃത്തിയില്‍‌ എനിക്കൊരു സംതൃപ്തി തോന്നി. വിശന്നിരിക്കുന്ന ഒരാളുടെ വിശപ്പു മാറ്റാന്‍‌ കഴിഞ്ഞല്ലോ. അതും അവന്റെ പിറന്നാള്‍‌ ദിനത്തില്‍‌.

കുട്ടനെന്നോട് യാത്ര പറഞ്ഞ് പോയ ശേഷം, കഞ്ഞി തീര്‍‌ന്നതിനാലും വേറെ അരി ബാക്കി ഇല്ലാത്തതിനാലും ഞാനൊരു കട്ടന്‍‌ ചായയും തിളപ്പിച്ചു. അതും പതുക്കെ കുടിച്ചു കൊണ്ട് ഞങ്ങളുടെ റൂമിലെ ആ നീണ്ട ബെഞ്ചില്‍‌ ചാരിക്കിടക്കുമ്പോള്‍‌ വിശപ്പു മാറി വയറു നിറഞ്ഞില്ലെങ്കിലും എന്റെ മനസ്സു നിറഞ്ഞിരുന്നു.

*************************************************************************************

പിറവത്തു നിന്നും പോന്ന ശേഷം കുട്ടനെപ്പറ്റി ഒന്നുമറിയില്ല. ഇന്ന് അവനെവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ അറിയില്ല. ഇപ്പോള്‍‌ ഞങ്ങളെയാരെയെങ്കിലും അവനോര്‍‌ക്കുന്നുണ്ടാകുമോ? ...സാധ്യതയില്ല.

Monday, November 12, 2007

ഒരു കിഡ്നാപ്പിങ്ങ് ശ്രമം

സമയം അര്‍‌ദ്ധരാത്രി കഴിഞ്ഞു. ഞാന്‍‌‌ കുറച്ചൊരു അക്ഷമയോടെ റോഡിലേയ്ക്കു നോക്കി. പ്രതീക്ഷിച്ചതു പോലെ വണ്ടികളൊന്നും കാണുന്നില്ല. സുഹൃത്തുക്കളെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്നു കരുതിയാണ് അവരോട് വീണ്ടും ബൈക്കുമായി തിരിച്ചു വരേണ്ട എന്നു പറഞ്ഞത്. ഈ രാത്രി സമയത്ത് പത്തിരുപത് കിലോമീറ്റര്‍‌ പോരാത്തതിന് നല്ല മഴയും. എന്റെ റൂട്ടില്‍‌ സധാരണ ഇഷ്ടം പോലെ വണ്ടികള്‍‌ കാണാറുള്ളതാണ് ടെമ്പോയോ, ജീപ്പോ എന്തെങ്കിലുമൊക്കെ. എന്നാല്‍‌ ഇന്നിതെന്തു പറ്റി?

പെട്ടെന്ന് ശക്തമായ ഒരു മിന്നല്‍‌! തൊട്ടടുത്ത നിമിഷം ആ പ്രദേശം മൊത്തം ഇരുളിലായി. തുടര്‍‌ന്ന് മാലപ്പടക്കം പോലെ ഇടിമുഴക്കവും “നാശം! കറന്റും പോയി. ഇതിനി എപ്പോ വരുമോ ആവോ?” ഞാന്‍‌ മനസ്സില്‍‌ പറഞ്ഞു.

‌ അന്ന് ഞാന്‍‌ ഓഫീസില്‍‌ നിന്നിറങ്ങിയത് കുറച്ചു വൈകിയായിരുന്നു. വെള്ളിയാഴ്ചയാണ്. ശനിയും ഞായറും അവധി. ഇതെല്ലാം ഓര്‍‌ത്തിട്ടാണ് സുഹൃത്തുക്കള്‍‌ സെക്കന്റ് ഷോയ്ക്കു വിളിച്ചപ്പോള്‍‌ പോകാമെന്നു കരുതിയത്. ഞാന്‍‌ കൂടിയായാല്‍‌ നാലു പേരാകും. ബൈക്കു സ്വന്തമായുള്ള രണ്ടു സുഹൃത്തുക്കളുമുണ്ട് എന്ന കാരണം കൊണ്ടു തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതിച്ചു. വൈകുന്നേരം വരെ മഴയുടെ ലക്ഷണം പോലുമുണ്ടായിരുന്നുമില്ല. എന്നാല്‍‌ സിനിമയ്ക്കിടയിലെപ്പോഴാണ് മഴ തുടങ്ങിയതെന്ന്‍ അറിയില്ല. പുറത്തിറങ്ങുമ്പോള്‍‌ ശക്തമായ മഴ. ഉടനെയൊന്നും അതിനു ശമനമുണ്ടാവില്ലെന്നു മനസ്സിലാക്കി, നനഞ്ഞാണെങ്കിലും സമയം കളയാതെ പോകാന്‍‌ ഇറങ്ങുമ്പോഴാണ് ശ്രദ്ധിക്കുന്നത് ഒരു ബൈക്കിന്റെ ടയര്‍ വെടി തീര്‍‌ന്നിരിക്കുന്നു.

ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്ന അവസ്ഥ. ആ ബൈക്ക് കൊണ്ടു പോകാനൊരു നിവൃത്തിയുമില്ല. അത് അവിടെ തന്നെ പൂട്ടി വച്ചു. ഇനിയെങ്ങനെ പോകുമെന്ന് ആലോചനയായി. ഞാനൊഴികെ 3 പേരുടെ വീടുകളും ഒരുവിധം അടുത്താണ്. അതുകൊണ്ട് ഞാന്‍‌ അവരോട് 3 പേരോടും ആ ഒരു ബൈക്കില്‍‌ പോയ്ക്കോളാന്‍‌ പറഞ്ഞു തന്റെ റൂട്ടില്‍‌ ഏതെങ്കിലും വണ്ടി കിട്ടുമല്ലോ എന്നു കരുതി. രണ്ടു പേരെ കൊണ്ടു വിട്ടിട്ട് തിരിച്ചു വന്ന് എന്നെക്കൂടി വീട്ടില്‍‌ കൊണ്ടുവിടാമെന്ന് അതിലൊരു സുഹൃത്തു പറഞ്ഞതാണ്. അവനോട് വേണ്ട എന്നു പറഞ്ഞു. ഞാന്‍‌ വളരെ ആത്മവിശ്വാസത്തോടെയാണ് അവരോട് പറഞ്ഞത്, എന്റെ റൂട്ടില്‍‌ വണ്ടി ഉറപ്പായും കിട്ടും എന്ന്. അതു കേട്ട് സമാധാനത്തോടെ അവര്‍‌ പോയി. അവരു പോയിട്ട് അര മണിക്കൂറോളമായി. വണ്ടി കാത്തു നിന്ന് ക്ഷമ നശിച്ചു തുടങ്ങി.

ദൂരെ നിന്ന് ഒരു വാഹനത്തിന്റെ വെളിച്ചം കണ്ടപ്പോള്‍‌ പ്രതീക്ഷയായി.മഴയത്തേയ്ക്ക് ഇറങ്ങി നിന്നു, കൈ കാണിച്ചു. ഒരു സുമോ ആയിരുന്നു. സാമാന്യം വേഗത്തിലായിരുന്ന ആ വണ്ടി ഒന്നു സംശയിച്ചെന്നവണ്ണം കുറച്ചു മുന്നോട്ടു കയറി നിന്നു ഡ്രൈവറുടെ മുഖത്ത് ചോദ്യഭാവം. ഞാന്‍‌ എനിക്കു പോകണ്ട സ്ഥലപ്പേരു പറഞ്ഞു. കുറച്ചു നേരം ആലോചിച്ച ശേഷം അയാള്‍‌ ഫ്രണ്ട് സീറ്റില്‍‌ അപ്പുറത്തിരുന്ന ആളോടെന്തോ പറഞ്ഞു. പിന്നെ ഫ്രണ്ടില്‍ കയറിക്കോളാന്‍‌ ആംഗ്യം കാണിച്ചു. എനിക്ക് ആശ്വാസമായി. മുന്‍‌പില്‍‌ ഡ്രൈവറെ കൂടാതെ ഇരുന്നിരുന്നത് ഒരു കറുത്ത തടിയനായിരുന്നു. സിനിമയിലെ ഗുണ്ടകളുടെ ഒക്കെ ഒരു ലുക്ക്! എനിക്ക് ഇരിക്കാനായി അയാള്‍‌ അല്പം ഒതുങ്ങിയിരുന്നു. അത്ര താല്പര്യത്തോടെ ആണെന്നു തോന്നിയില്ല. വണ്ടിയിലേയ്ക്ക് കയറും നേരം ഞാനൊന്ന് തിരിഞ്ഞു നോക്കി. ആ വണ്ടിയിലിരിക്കുന്നവരെല്ലാം നല്ല തടിമാടന്‍‌മാര്‍‌ എല്ലാവരും വലിയ ഗൌരവത്തിലെന്ന പോലെ. അപ്പോഴേയ്ക്കും ഡ്രൈവര്‍‌ വണ്ടിയ്ക്കകത്തെ ലൈറ്റ് വീണ്ടും ഓഫാക്കി. വണ്ടി മുന്നോട്ടെടുത്തു.

ആരും ഒന്നും സംസാരിക്കുന്നില്ല. ആകെ ഒരു മൂകത. മഴ കുറച്ചു കൂടെ ശക്തമായി. വല്ലപ്പോഴും വരുന്ന മിന്നലിന്റെ വെളിച്ചം മാത്രമുണ്ട് റോട്ടില്‍‌. എനി‌ക്കെന്തോ ഒരു വല്ലായ്മ തോന്നി. ഒപ്പം യാത്ര ചെയ്യുന്നവര്‌ക്കെല്ലാം എന്തോ പന്തികേട്. ഡ്രൈവറാകട്ടെ വണ്ടി നല്ല വേഗത്തില്‍‌ തന്നെയാണ് പറപ്പിക്കുന്നത്. എന്നാല്‍‌ പതിവായി വണ്ടികള്‍‌ പോകാറുള്ള വഴിയിലൂടെയല്ല ഇപ്പോഴത്തെ പോക്ക് എന്ന് മാത്രം മനസ്സിലായി. ഇതെന്താ ചേട്ടാ ഈ വഴി എന്ന ചോദ്യത്തിന് മറ്റേ വഴിയിലൂടെ ഇപ്പോ പോകാന്‍‌ പറ്റില്ല എന്നു മാത്രം കനത്തിലൊരു മറുപടി. എനിക്കാകെ ആശയക്കുഴപ്പമായി. പെട്ടെന്നാണ് മനസ്സിലൊരു സംശയം തോന്നിയത്. ഇവന്മാരു വല്ല കുഴപ്പക്കാരുമായിരിക്കുമോ? ഈയിടെയായി കിഡ്നാപ്പിങ്ങ് എന്നത് ഒരു പതിവായിക്കഴിഞ്ഞു. പത്രത്തില്‍‌ പല തവണ വായിച്ചിരിക്കുന്നു. അറിയാതെ ഒരു പേടി മനസ്സിനെ കീഴ്പ്പെടുത്തി. എന്നെ കിഡ്നാപ്പു ചെയ്താലും ഇവന്മാര്‍‌ക്കൊന്നും കിട്ടാന്‍‌ പോകുന്നില്ല എന്ന് എനിക്കല്ലേ അറിയൂ. (വല്ലതും ഉണ്ടായാലല്ലേ) എന്തായാലും മനസ്സില്‍‌ ഒന്നു കണക്കു കൂട്ടി പേഴ്സില്‍‌ അധികം പൈസ കാണില്ല. എന്നാല്‍ ‌ എ.ടി.എം കാര്‍‌ഡ് അതിലുണ്ട്. അധികമൊന്നുമില്ലേലും ഉള്ളത് ഇവന്മാരടിച്ചോണ്ടു പോയാലോ പൈസ മാത്രമല്ല, ദേഹോപദ്രവം വല്ലതും ഏല്‍‌പ്പിച്ചാല്‍‌???

സിനിമയ്ക്കു പോകാന്‍‌ തോന്നിയ ബുദ്ധിയെ മനസ്സാ ശപിച്ചു. എന്തു ചെയ്യണമെന്ന ആവലാതിയോടെ ഇരിക്കപ്പൊറുതിയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കാന്‍‌ തുടങ്ങി. വണ്ടി നല്ലൊരു ഗട്ടറു ചാടിയപ്പോള്‍‌ ഒന്നിളകിയിരുന്നു. പെട്ടെന്ന് ഒന്നു ഞെട്ടി. കഴുത്തിനു പുറകില്‍‌ എന്തോ നല്ല തണുപ്പ്. മനസ്സില്‍‌ ഒരു കൊള്ളിയാന്‍‌ മിന്നി. ലോഹമാണ്ഒരു കത്തി! ധൈര്യമെല്ലാം ചോര്‍‌ന്നുപോകും പോലെ വായിലെ ഉമിനീരു വറ്റി. ശബ്ദം പുറത്തേയ്ക്കു വരുന്നില്ല. അല്ല, ശബ്ദമെടുത്തിട്ടു തന്നെ എന്തു കാര്യം. ഇവന്മാരെന്തോ കരുതിക്കൂട്ടി തന്നെ. എല്ലാ ദൈവങ്ങളേയും ഉള്ളുരുകി വിളിച്ചു.

തല തിരിച്ചു നോക്കാനൊരു പേടി. കഴുത്തിലിരിക്കുന്ന കത്തി അനങ്ങിയാല്‍‌??? അതിന്റെ മുന വണ്ടിയുടെ കുലുക്കത്തിനൊപ്പം കഴുത്തില്‍‌ കൊള്ളുന്നുണ്ട്, ഇടയ്ക്ക്. ചെറുതായി നീറുന്നുമുണ്ട്. എന്തു ചെയ്യും വീട്ടുകാരെ പറ്റി എല്ലാം ഓര്‍‌ത്തു എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍‌പിന്നെ ധൈര്യം സംഭരിക്കാന്‍‌ ശ്രമിച്ചു. എന്തായാലും നേരിടുക തന്നെ. എന്തെങ്കിലും സംഭവിക്കുകയാനെങ്കില്‍‌ തന്നെ കീഴടങ്ങുന്നതെന്തിന്? ഒരു അവസരം പ്രതീക്ഷിച്ച് അനങ്ങാതെ കാത്തിരുന്നു.

പെട്ടെന്നാണ് മുന്നില്‍‌ ആ വളവ് കണ്ണില്‍‌ പെട്ടത്. വണ്ടി ഇപ്പോഴും സാമാന്യം സ്പീഡില്‍‌ തന്നെയാണ്. ഡ്രൈവര്‍‌ വണ്ടി ആ വളവില്‍‌ വീശി വളച്ചു. ഞാനുള്‍‌പ്പെടെ എല്ലാവരും ഒരു വശത്തേയ്ക്കൊന്നു ചെറുതായൊന്ന് ചെരിഞ്ഞു. ഞാന്‍‌ പ്രതീക്ഷിച്ചതു പോലെ തന്നെ കഴുത്തിലെ ആ കത്തിമുന തെന്നി മാറി. ഞാന്‍‌ പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് സര്‍‌വ്വ ശക്തിയുമെടുത്ത് കഴുത്തില്‍‌ നിന്നും ആ കത്തി തട്ടി മാറ്റി.

സംഭവിക്കുന്നതെന്തായാലും നേരിടാനായി തിരിഞ്ഞ ഞാന്‍‌ ആകെ വിളറിപ്പോയി. പുറകില്‍‌ ഞാന്‍‌ കണ്ടത് എന്തു പറ്റി എന്ന ഭാവത്തില്‍‌ എന്നെ നോക്കുന്ന പിന്‍‌സീറ്റിലെ യാത്രക്കാരെയാണ്. എന്തു പറ്റിയെന്നു മനസ്സിലാകാതെ അവരെന്നെ നോക്കുമ്പോള്‍ ഞാന്‍ ചുറ്റും നോക്കി. അതാ, ആ വണ്ടിയുടെ ഒരു വശത്തെ ഡോറിന്റെ ബീഡിങ്ങ് പൊളിഞ്ഞ് തള്ളി നില്‍‌ക്കുന്നു. അതിന്റെ അറ്റമായിരുന്നു എന്റെ കഴുത്തിനു പുറകില്‍‌ തട്ടിക്കൊണ്ടിരുന്നത്. ഉള്ളിലെ ഭയം കൊണ്ടോ എന്തോ, എനിക്കത് ഒരു കത്തി ആയിട്ടായിരുന്നു തോന്നിയത്.

എന്തായാലും ലൈറ്റിടാതിരുന്നതിനാല്‍‌ എന്റെ മുഖഭാവം ആരും കണ്ടുകാണില്ല. ഞാന്‍‌ പറ്റിയ ചമ്മല്‍‌ മറച്ചു വയ്ക്കാന്‍‌ പാടുപെട്ട് നേരെ ഇരിക്കുമ്പോള്‍‌ അടുത്തിരുന്ന ആ വലിയ മനുഷ്യന്‍‌ ചോദിച്ചു, വളരെ സൌമ്യമായ ശബ്ദത്തില്‍‌ “എന്താ, എന്തു പറ്റി?”

“ഏയ്, ഒന്നുമില്ല, എന്തോ പ്രാണി” എന്നു പറഞ്ഞ് ഒരു വളിച്ച ചിരിയും ചിരിച്ചു കൊണ്ട് ഞാന്‍‌ നേരെയിരുന്നു. അയാളുടെ ശരീരപ്രകൃതിക്കു തീരെ വിപരീതമായ രിതിയിലായിരുന്നു അയാളുടെ പെരുമാറ്റവും സംസാരവും.

അവസാനം എനിക്കിറങ്ങാനുള്ള സ്റ്റോപ്പില്‍‌ വണ്ടി നിര്‍‌ത്തിത്തരുമ്പോള്‍‌ ഞാന്‍‌ പേഴ്സെടുക്കാനായി പോക്കറ്റില്‍‌ കയ്യിടുമ്പോള്‍‌ അയാളെന്നെ വീണ്ടും അത്ഭുതപ്പെടുത്തി. “ഒന്നും വേണ്ട, അനിയാ ഈ നേരത്ത് സഹായിച്ചില്ലെങ്കിലോ നമ്മളൊക്കെ മനുഷ്യരല്ലേ?” എന്നാണ് അയാള്‍‌ പറഞ്ഞത്. അവസാനം പോകാന്‍‌ നേരത്ത് ഇവിടെ നിന്നും വീട്ടിലെത്താന്‍‌ ബുദ്ധിമുട്ടുണ്ടാകില്ലല്ലൊ എന്നു കൂടെ ചോദിച്ച് ഉറപ്പു വരുത്തിയിട്ടാണ് അവര്‍‌ യാത്രയായത്.

അപ്പോഴേയ്ക്കും മഴയും ഏതാണ്ട് ശമിച്ചിരുന്നു. അവിടെ നിന്ന് ആ രാത്രി 5 കിലോമീറ്റര്‍‌ കൂടെ നടന്നാണ് ഞാന്‍‌ വീടെത്തിയത്. എങ്കിലും ആ പൊടിമഴയും നനഞ്ഞ് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍‌ പറ്റിപ്പോയ അബദ്ധത്തേക്കുറിച്ചും കാഴ്ചയില്‍‌ നിന്നും വ്യത്യസ്തരായ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയായിരുന്നു ഞാന്‍‌.

Thursday, November 1, 2007

വിശപ്പിന്റെ ഒരു രാത്രി


ഞങ്ങള്‍‌ പിറവം ബിപിസി കോളേജിലെ രണ്ടാം വര്‍‌ഷമായിരുന്നു ഏറ്റവും രസകരമായി ആഘോഷിച്ചത്. ഒന്നാം വര്‍‌ഷത്തില്‍‌ ജൂനിയേഴ്സ് എന്ന പരിചയക്കുറവും മൂന്നാം വര്‍‌ഷം സീനിയേഴ്സ് എന്ന ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നതിനാല്‍‌ രണ്ടാം വര്‍‌ഷം പോലെ കോളേജില്‍‌ ‘അര്‍‌മ്മാദിച്ചു’ നടക്കാന്‍‌ കഴിഞ്ഞിട്ടില്ല.

ഞങ്ങളുടെ ബിപിസി കോളേജില്‍ അന്ന് മൂന്ന് അസ്സോസിയേഷനുകളാണ് ഉണ്ടായിരുന്നത്. പണച്ചാക്കുകളെക്കൊണ്ടു നിറഞ്ഞ ബി.ബി.എ. അസ്സോസിയേഷന്‍‌, അവരോട് കിടപിടിക്കുന്ന ബി.സി.എ. അസ്സോസിയേഷന്‍‌, പിന്നെ ഇടത്തരക്കാരായ ഞങ്ങളുടെ സ്വന്തം ഇലക്ട്രോണിക്സ് അസ്സോസിയേഷനും. ഇതില്‍‌ എന്തു പരിപാടികള്‍‌ക്കും ബി.ബി.എ. യും ബി.സി.എ.യും പണം വാരിയെറിഞ്ഞ് പരിപാടികള്‍‌ ഗംഭീരമാക്കാറുള്ളപ്പോ‌ള്‍‌ കൂട്ടായ്മ കൊണ്ടും പരിപാടികളിലെ വൈവിദ്ധ്യം കൊണ്ടും മാത്രമാണ് ഞങ്ങള്‍‌ ഇലക്ട്രോണിക്സുകാര്‍‌ അവിടെ പിടിച്ചു നിന്നിരുന്നത്. ഈ മൂന്ന് അസ്സോസിയേഷനും തമ്മില്‍‌ ആരോഗ്യപരമായ ഒരു മത്സരവും അവിടെ നില നിന്നിരുന്നു.

രണ്ടാം വര്‍‌ഷത്തില്‍‌ ഞങ്ങള്‍‌ക്കു കിട്ടിയ ഒരു ഉത്തരവാദിത്വമുള്ള ജോലിയായിരുന്നു ഇലക്ട്രോണിക്സ് അസോസിയേഷന്‍‌ സംഘടിപ്പിച്ച എക്സിബിഷന്‍‌. അസ്സോസിയേഷന്റെ സെക്രട്ടറി ഞങ്ങളുടെ ബിട്ടു ആയിരുന്നതിനാല്‍‌ പരിപാടി ഭംഗിയാക്കേണ്ടത് ഞങ്ങളുടെ ക്ലാസ്സുകാരുടെ ആവശ്യമായിരുന്നു. പ്രത്യേകിച്ചും ഞങ്ങള്‍‌ 7 പേരുടെ. സീനിയേഴ്സിന്റെയും ജൂനിയേഴ്സിന്റെയും സഹകരണം വേണ്ടുവോളം കിട്ടിയിരുന്നുവെങ്കിലും ഞങ്ങളുടെ പ്രധാന എതിരാളികള്‍‌ മറ്റു അസ്സോസ്സിയേഷനുകളല്ലായിരുന്നു. മറിച്ച്, ഞങ്ങളുടെ അസ്സോസിയേഷന്റെ ഫണ്ട് തന്നെയായിരുന്നു. കാരണം മറ്റ് അസ്സോസിയേഷനുകളെല്ലാം ആ വര്‍‌ഷം തുടക്കത്തിലെ ഫണ്ട് ബാലന്‍‌സ് 20,000/- എന്നും 12000/- എന്നുമെല്ലാം അനൌണ്‍‌സ് ചെയ്തു കൊണ്ടാണ് തുടങ്ങിയതെങ്കില്‍‌ ഞങ്ങളുടെ ഫണ്ട് -2000/- ആയിരുന്നു. കോളേജ് ഫണ്ടിലേയ്ക്ക് 2000/- കടം. എന്നു വച്ചാല്‍‌ കോളേജ് കോമ്മണ്‍‌ ഫണ്ടിലേയ്ക്ക് 2000 എടുത്തു കൊടുത്താലേ അവര്‍‌ ബാലന്‍‌സ് ‘പൂജ്യം’ എന്ന ഒരു സ്ലിപ്പെഴുതി തിരിച്ചു തരൂ എന്ന അവസ്ഥ.

എങ്കിലും ഒരു ടാലന്റ് എക്സിബിഷന്‍‌ നടത്തണമെന്നുള്ള ഞങ്ങളുടെ ആവശ്യം അസ്സോസിയേഷന്‍ മീറ്റിങ്ങില്‍‌ വച്ച് എല്ലാവരുടേയും സമ്പൂര്‍‌ണ്ണ പിന്തുണയോടെ അംഗീകരിക്കപ്പെട്ടു. അദ്ധ്യാപകരുടേയും വിദ്യാര്‍‌ത്ഥികളുടേയും പിന്തുണ ഉണ്ടെങ്കിലും പ്രശ്നം അപ്പോഴും ഫണ്ട് മാത്രമാണ്. അവസാനം അതിനും ഒരു വഴി കണ്ടു. എല്ലാ വിദ്യാര്‍‌ത്ഥികളുടേയും വീട്ടില്‍‌ പോയി അവരെ ക്ഷണിക്കുക. ഒപ്പം ഒരു സംഭാവന പിരിവും. കൂടാതെ നാട്ടിലുള്ള എല്ലാ കടകളിലും മറ്റും പരസ്യം പിടിക്കുക. അങ്ങനെ അതിന്റെ ഉത്തരവാദിത്വവും ഞങ്ങളുടെ തലയില്‍‌ തന്നെയായി.(എന്നു വച്ച് പഠന സമയത്തല്ല, ദിവസവും ക്ലാസ്സു കഴിഞ്ഞ് 5 മണിയ്ക്കു ശേഷം മാത്രം ഇറങ്ങും. അര്‍‌ദ്ധരാത്രിയോടെ തിരിച്ചെത്തും). അങ്ങനെ പോകുന്ന മിക്ക ദിവസങ്ങളിലും ഭക്ഷണം കഴിയ്ക്കുന്നതെല്ലാം വളരെ വൈകിയായിരിക്കും. എല്ലാ വീടുകളിലും കറങ്ങി, അവസാനം തിരികെ പോരും വഴി എവിടെ നിന്നെങ്കിലുമായിരിക്കും കഴിയ്ക്കുക.

അതു പോലൊരു ദിവസം യാത്ര മൂവാറ്റുപുഴ - കോതമംഗലം ഭാഗത്തേയ്ക്കായിരുന്നു. ഞങ്ങള്‍‌ക്കൊപ്പം സാധാരണ ഫിലിപ്പും തോമാ‍യും വിവേകും വരാറുണ്ടെങ്കിലും അന്ന് അവരുണ്ടായിരുന്നില്ല. 2001 മാര്‍‌ച്ച് അവസാനമാണ് സംഭവം. കൂട്ടത്തിലുള്ള ഭൂരിഭാഗം പേര്‍‌ക്കും ഈസ്റ്റര്‍ നോമ്പുണ്ട്. അന്ന്‍ കോതമംഗലം ഭാഗത്തുള്ള രണ്ടു മൂന്നു സുഹൃത്തുക്കളുടെ വീടുകളായിരുന്നു ലക്ഷ്യം. മുന്‍‌കൂട്ടി അറിയിച്ചു സമ്മതം വാങ്ങിയിരുന്നുവെങ്കിലും ചമ്മലോടെയാണ് ഞങ്ങള്‍‌ അവരുടെ വീടുകളില്‍‌ ചെന്നു കയറിയത്. വളരെ അടുത്ത സുഹൃത്തുക്കളായിട്ടും ആദ്യമായി അവരുടെ വീട്ടില്‍‌ ചെല്ലുന്നത് സംഭാവന പിരിയ്ക്കാനാണല്ലോ എന്നതു തന്നെ ചമ്മലിന്റെ കാരണം. എന്നാലും അസ്സോസിയേഷനു വേണ്ടി ആണല്ലോ എന്ന സമാധാനത്തില്‍‌ രണ്ടും കല്‍പ്പിച്ചു കയറി. ആദ്യം ജേക്കബിന്റെ വീട്ടില്‍‌. പിന്നെ, സോമിയുടെ വീട്ടില്‍‌. എല്ലായിടത്തു നിന്നും വളരെ സ്നേഹപൂര്‍‌വ്വമായ സ്വീകരണം. ചായ, നാരങ്ങാ വെള്ളം, സ്വീറ്റ്സ് അങ്ങനെ. രണ്ടിടത്തു നിന്നും എന്തെങ്കിലുമൊക്കെ കഴിച്ചെന്നു വരുത്തി, അവരെ എക്സിബിഷനു ക്ഷണിച്ച് അവസാനം സുമയുടെ വീട്ടിലേയ്ക്ക്. വഴി അറിയാത്തതിനാല്‍‌ സോമിയുടെ ചേട്ടനും കൂടെ വന്ന് വീട് കാണിച്ചു തന്നു. അപ്പോഴേയ്ക്കും രാത്രിയായിരുന്നു. അവിടെ നിന്നും കിട്ടി, എല്ലായിടത്തേയും പോലെ ചായയും ചിപ്സും. അവരുടെ വീട്ടുകാരെയും പരിപാടിയ്ക്ക് ക്ഷണിച്ച് അവിടെ നിന്നും സംഭാവനയും വാങ്ങി ഇറങ്ങാന്‍‌ തുടങ്ങുമ്പോള്‍‌ അവര്‍‌ നിര്‍‌ബന്ധിച്ചു, രാത്രിയായില്ലേ, ഭക്ഷണം കഴിച്ചിട്ടു പോകാമെന്നും പറഞ്ഞ്. എന്നാല്‍‌ സംഭാവന പിരിയ്ക്കാന്‍‌ വന്നതും പോരാഞ്ഞ് ഭക്ഷണം കൂടെ കഴിച്ച് അവരെ ബുദ്ധിമുട്ടിയ്ക്കാനുള്ള മടി കാരണം ഞങ്ങള്‍‌ അതു നിരസിച്ചു. സുമയും അവളുടെ അമ്മയും വീണ്ടും വീണ്ടും നിര്‍‌ബന്ധിച്ചപ്പോള്‍‌ ഞാന്‍‌ ചാടിക്കയറി പറഞ്ഞു , ‘ഞങ്ങള്‍‌ വരുന്ന വഴി ഫുഡ് കഴിച്ചതേയുള്ളൂ, അതു കൊണ്ടാണ് വേണ്ടാത്തത്‘ എന്ന്. പിന്നെ അവരും നിര്‍‌ബന്ധിച്ചില്ല.

അവരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ തിരികെ യാത്ര തുടങ്ങി. അവരുടെ വീട്ടില്‍‌ നിന്നും കുറച്ചങ്ങു പോയതേയുള്ളൂ… മത്തന്‍‌ ബൈക്ക് ചവിട്ടി നിര്‍‌ത്തി. അതു കണ്ട് പുറകേ വന്നിരുന്നവരും നിര്‍‌ത്തി. “എന്താടാ നിര്‍‌ത്തിയത്” എന്ന് ഞാന്‍‌ ചോദിച്ചു തീരും മുന്‍‌പ് അവനെന്റെ കഴുത്തിനു പിടിച്ചു. എന്നിട്ടു ചോദിച്ചു.

“നമ്മളെല്ലാവരും ഒരുമിച്ചല്ലേടാ പട്ടീ കോളേജില്‍‌ നിന്നും ഇറങ്ങിയത്? എന്നിട്ട് ഇതിനിടയില്‍‌ നീ മാത്രമെപ്പൊഴാ വരുന്ന വഴി ഭക്ഷണം കഴിച്ചത്? നീ സുമയുടെ അമ്മയോട് പറയുന്നുണ്ടായിരുന്നല്ലോ നമ്മളെല്ലാവരും കഴിച്ചൂ എന്ന്”
“എടാ, അതു പിന്നെ, അവിടെ നിന്നും സംഭാവന പിരിച്ചതും പോരാ, ഇനി ഭക്ഷണവും കൂടെ കഴിയ്ക്കുന്നതെങ്ങനെയാടാ… അതാണ് ഞാനങ്ങനെ…” ഞാന്‍‌ ന്യായീകരിക്കാന്‍‌ ശ്രമിച്ചു.

“അളിയാ…വല്ലാതെ വിശക്കുന്നെടാ...” സുധിയപ്പനും മത്തനൊപ്പം കൂടി.

“എന്തായാലും സാരമില്ലെടാ, പോകുന്ന വഴി വല്ല തട്ടുകടയിലും കയറാം, ഹോട്ടലെല്ലാം അടച്ചു കാണും … മത്താ നീ വേഗം വിട് , സമയം 10 കഴിഞ്ഞു” ബിട്ടു ഒരു സമാധാനം കണ്ടെത്തി.

അങ്ങനെ എല്ലാവരും വീണ്ടും യാത്ര തുടര്‍‌ന്നു. മൂവാറ്റുപുഴ എത്തിയപ്പോള്‍‌ അവിടുത്തെ ഒരുവിധം തട്ടുകടകളും പൂട്ടിക്കഴിഞ്ഞു. ബാക്കിയുള്ളിടത്ത് ആകെയുള്ളത് മുട്ടയും ബ്രെഡും മാത്രം.

“മുട്ട ഏതായാലും വേണ്ട, നോമ്പുള്ളതാ” ബിമ്പുവിന്റെ അഭിപ്രായത്തെ ബിട്ടുവും ജോബിയും ന്യായീകരിച്ചു.

“എന്നാല്‍‌ പിറവത്തു നിന്നാകാം… ദോശ കാണാതിരിയ്ക്കില്ല” സുധി പറഞ്ഞു.

എല്ലാവരും സമ്മതിച്ചു. വീണ്ടും യാത്ര തുടര്‍‌ന്നു. പിറവത്ത് എത്തിയപ്പോള്‍‌ ഒരു തട്ടുകട മാത്രം തുറന്നിരിപ്പുണ്ട്. ബാക്കിയെല്ലാം അടച്ചു. അവിടെയാണെങ്കില്‍‌ ആകെയുള്ളത് പുട്ടു മാത്രവും.

“ഏയ്… ഈ രാത്രി സമയത്ത് പുട്ടു കഴിച്ചാല്‍‌ ശരിയാകില്ല. നമുക്ക് കൂത്താട്ടുകുളം വരെ പോകാമെടാ…10 കിലോമീറ്ററു കൂടെ പോയാല്‍‌ പോരെ? നല്ല കപ്പയും ദോശയും കിട്ടും”. മത്തന്‍‌ തന്റെ ഐഡിയ പുറത്തെടുത്തു.

രാത്രി പുട്ടിനേക്കാള്‍‌ എല്ലാവര്‍‌ക്കും പ്രിയം കപ്പയോ ദോശയോ ആയതിനാല്‍‌ ആരും എതിരു പറഞ്ഞില്ല. വിശപ്പു കാരണം സുധിയപ്പന്‍‌ മാത്രം ‘അതു വേണോടാ, പുട്ടു പോരേ’ എന്ന സന്ദേഹത്തില്‍‌ നിന്നു.

“ആദ്യം ഇവിടെ നിന്നും പുട്ടടിച്ചിട്ട് കൂത്താട്ടുകുളത്തു നിന്നും നമുക്ക് കപ്പയും പിന്നെ അഞ്ചാറു ദോശയുമായാലോ” കയ്യിലെ മസിലു വിറപ്പിച്ചു കൊണ്ട് ചോദിയ്ക്കുന്നതിനിടെ ജോബി പുട്ടിനെ നോക്കി വെള്ളമിറക്കി..

എന്നാല്‍‌ ഭൂരിഭാഗത്തിന്റെ അഭിപ്രായം മാനിച്ച് എല്ലാവരും കൂത്താട്ടുകുളത്തേയ്ക്ക് പറന്നു. പോകും വഴി ബിട്ടു മത്തനോട് ഒരിക്കല്‍‌ കൂടി ചോദിച്ചു “ മത്താ, സമയം 11.30 ആയീട്ടോ. അവിടെ ഫുഡ് ഉണ്ടാകുമോടാ?”

“എടാ, അവിടെ ഫുഡ് ഉണ്ടാകുമെന്ന് ഉറപ്പാ… നേരം വെളുക്കുന്നതു വരെ ഏതാണ്ട് 4 മണി - 5 മണി വരെ അവിടത്തെ ഒരു തട്ടുകട ഉണ്ടാകാറുണ്ട്. ഞാന്‍‌ പല തവണ അവിടെ നിന്നും അര്‍‌ദ്ധരാത്രി പോലും ഫുഡ് കഴിച്ചിട്ടുണ്ട്. നിങ്ങള്‍‌ ധൈര്യമായിപ്പോരേ…” മത്തന്‍‌ ഉറപ്പിച്ചു പറഞ്ഞു.

അങ്ങനെ വലിയ പ്രതീക്ഷയില്‍‌ രാത്രി 12 മണിയോടെ കൂത്താട്ടുകുളത്തെ ആ തട്ടുകടയിലെത്തുമ്പോള്‍‌ ഞങ്ങള്‍‌ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. അവിടുത്തെ ചേട്ടന്മാര്‍‌ വലിയ രണ്ടു മൂന്ന് ചെമ്പുകള്‍‌ കഴുകി വൃത്തിയാക്കുന്നു.

സംശയത്തോടെയെങ്കിലും ആ കടക്കാരോടുള്ള ചെറിയൊരു അടുപ്പം വച്ച് മത്തനവരോട് ചോദിച്ചു “ചേട്ടാ, കഴിയ്ക്കാനൊന്നുമില്ലേ?”

“അയ്യോ മാനെ, എല്ലാം തീര്‍‌ന്നുപോയല്ലോടാ. കുറച്ചു മുന്‍പ് ഒരു ടൂറിസ്റ്റ് ബസ്സ് ഇവിടെ നിര്‍‌ത്തി. ആ വണ്ടിയിലെ എല്ലാവരും ഇവിടെ നിന്നാണ് കഴിച്ചത്. അതോണ്ട് എല്ലാം നേരത്തേ തീര്‍‌ന്നു.”

അതും കേട്ടു കൊണ്ടാണ് ഞങ്ങള്‍‌ ബാക്കി എല്ലാവരും അങ്ങോട്ട് ചെല്ലുന്നത്. ഇനിയെന്തു പറയും എന്ന ദയനിയാവസ്ഥയില്‍‌ മത്തന്‍‌ സുധിയുടെ മുഖത്തേയ്ക്കു നോക്കുമ്പോള്‍‌ ഒന്നും മിണ്ടാതെ സുധി ഓടി വന്ന് ബൈക്കില്‍‌ കയറി. എന്നിട്ടു പറഞ്ഞു “ വേഗം വാടാ, പിറവത്തേയ്ക്ക് . പുട്ടെങ്കില്‍‌ പുട്ട്. അതും തീരുന്നതിനു മുന്‍പ് വാ”

പെട്ടെന്ന് എല്ലാവരും കര്‍‌മ്മ നിരതരായി. എല്ലാവരും ബൈക്ക് തിരിച്ചു വിട്ടു, വീണ്ടും പിറവത്തേയ്ക്ക്. വന്നതിനേയ്ക്കാള്‍‌ വേഗത്തിലാണ് തിരിച്ചു ചെന്നതെങ്കിലും അവിടേയും വൈകിപ്പോയിരുന്നു. അവിടുത്തെ ആ തട്ടുകടയും അടച്ചു പൂട്ടി പോയിക്കഴിഞ്ഞിരുന്നു.

ശൂന്യമായ ആ പിറവം ടൌണില്‍‌ ആരോടെന്നില്ലാതെ ഉറക്കെ രണ്ടു ചീത്തയും വിളിച്ച് കുറച്ചു നേരം കഴിഞ്ഞ് നിര്‍‌വ്വികാരമായ മുഖത്തോടെ സുധിയപ്പന്‍‌ അവന്റെ കയ്യിലിരുന്ന ബൈക്കിന്റെ താക്കോല്‍‌ എന്നെ ഏല്‍‌പ്പിച്ചു. ചോദ്യ ഭാവത്തില്‍‌ അവന്റെ മുഖത്തു നോക്കിയപ്പോള്‍‌ തളര്‍‌ന്ന ശബ്ദത്തില്‍ ദയനീയമായി അവന്‍‌ പറഞ്ഞു “നീ ഓടിച്ചാല്‍‌ മതി. വിശന്നിട്ട് കണ്ണു കാണാന്‍‌ വയ്യെടേയ്”

അവസാനം പിറവം മുതല്‍‌ റൂം എത്തുന്നതു വരെ സുഹൃത്തുക്കളുടെ വീടുകളില്‍‌ നിന്നുള്ള ഫുഡ് മുടക്കിയതിന് എന്നെയും, അവസാനം കിട്ടിയ ഭക്ഷണം പോരെന്നു പറഞ്ഞതിന് മത്തനേയും ചീത്ത പറഞ്ഞു കൊണ്ട് എല്ലാവരും ഞങ്ങളുടെ റൂമിലെത്തി. എന്നിട്ട് രണ്ടു കുപ്പി പച്ച വെള്ളം വീതം വലിച്ചു കേറ്റി ഉറങ്ങാന്‌ കിടക്കുമ്പോള്‍‌ ‘വിയറ്റ്നാം കോളനി’യില്‍‌ മോഹന്‍‌ ലാല്‍‌ ഇന്നസെന്റിനോട് പറയുന്ന ആ ഡയലോഗ് ഞാന്‍‌ ആത്മഗതം പോലെ പറഞ്ഞു.

“ഒരു നേരം ഭക്ഷണം കഴിച്ചില്ലാന്നു വച്ച് ആരും ചത്തൊന്നും പോകില്ലല്ലോ”

എന്നാല്‍‌ അറിയാതെ അത് അല്പം ഉറക്കെ ആയിപ്പോയതിനാല്‍‌ അതിന് മറുപടിയായി ബാക്കിയുള്ളവന്മാരുടെ വായിലിരിക്കുന്ന അന്നത്തെ അവസാനത്തെ ചീത്തയും കൂടെ കേട്ടിട്ടാണ് ഞാനന്ന് ഉറങ്ങിയത്.