സമയം അര്‍ദ്ധരാത്രി കഴിഞ്ഞു. ഞാന്‍ കുറച്ചൊരു അക്ഷമയോടെ റോഡിലേയ്ക്കു നോക്കി. പ്രതീക്ഷിച്ചതു പോലെ വണ്ടികളൊന്നും കാണുന്നില്ല. സുഹൃത്തുക്കളെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്നു കരുതിയാണ് അവരോട് വീണ്ടും ബൈക്കുമായി തിരിച്ചു വരേണ്ട എന്നു പറഞ്ഞത്. ഈ രാത്രി സമയത്ത് പത്തിരുപത് കിലോമീറ്റര്‍ … പോരാത്തതിന് നല്ല മഴയും. എന്റെ റൂട്ടില്‍ സധാരണ ഇഷ്ടം പോലെ വണ്ടികള്‍ കാണാറുള്ളതാണ്… ടെമ്പോയോ, ജീപ്പോ എന്തെങ്കിലുമൊക്കെ. എന്നാല്‍ ഇന്നിതെന്തു പറ്റി?
പെട്ടെന്ന് ശക്തമായ ഒരു മിന്നല്‍! തൊട്ടടുത്ത നിമിഷം ആ പ്രദേശം മൊത്തം ഇരുളിലായി. തുടര്‍ന്ന് മാലപ്പടക്കം പോലെ ഇടിമുഴക്കവും… “നാശം! കറന്റും പോയി. ഇതിനി എപ്പോ വരുമോ ആവോ?” ഞാന്‍ മനസ്സില്‍ പറഞ്ഞു.
അന്ന് ഞാന്‍ ഓഫീസില്‍ നിന്നിറങ്ങിയത് കുറച്ചു വൈകിയായിരുന്നു. വെള്ളിയാഴ്ചയാണ്. ശനിയും ഞായറും അവധി. ഇതെല്ലാം ഓര്‍ത്തിട്ടാണ് സുഹൃത്തുക്കള്‍ സെക്കന്റ് ഷോയ്ക്കു വിളിച്ചപ്പോള്‍ പോകാമെന്നു കരുതിയത്. ഞാന്‍ കൂടിയായാല്‍ നാലു പേരാകും. ബൈക്കു സ്വന്തമായുള്ള രണ്ടു സുഹൃത്തുക്കളുമുണ്ട് എന്ന കാരണം കൊണ്ടു തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതിച്ചു. വൈകുന്നേരം വരെ മഴയുടെ ലക്ഷണം പോലുമുണ്ടായിരുന്നുമില്ല. എന്നാല്‍ സിനിമയ്ക്കിടയിലെപ്പോഴാണ് മഴ തുടങ്ങിയതെന്ന്‍ അറിയില്ല. പുറത്തിറങ്ങുമ്പോള്‍ ശക്തമായ മഴ. ഉടനെയൊന്നും അതിനു ശമനമുണ്ടാവില്ലെന്നു മനസ്സിലാക്കി, നനഞ്ഞാണെങ്കിലും സമയം കളയാതെ പോകാന്‍ ഇറങ്ങുമ്പോഴാണ് ശ്രദ്ധിക്കുന്നത് ഒരു ബൈക്കിന്റെ ടയര്‍ വെടി തീര്‍ന്നിരിക്കുന്നു.
ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്ന അവസ്ഥ. ആ ബൈക്ക് കൊണ്ടു പോകാനൊരു നിവൃത്തിയുമില്ല. അത് അവിടെ തന്നെ പൂട്ടി വച്ചു. ഇനിയെങ്ങനെ പോകുമെന്ന് ആലോചനയായി. ഞാനൊഴികെ 3 പേരുടെ വീടുകളും ഒരുവിധം അടുത്താണ്. അതുകൊണ്ട് ഞാന്‍ അവരോട് 3 പേരോടും ആ ഒരു ബൈക്കില്‍ പോയ്ക്കോളാന്‍ പറഞ്ഞു തന്റെ റൂട്ടില്‍ ഏതെങ്കിലും വണ്ടി കിട്ടുമല്ലോ എന്നു കരുതി. രണ്ടു പേരെ കൊണ്ടു വിട്ടിട്ട് തിരിച്ചു വന്ന് എന്നെക്കൂടി വീട്ടില്‍ കൊണ്ടുവിടാമെന്ന് അതിലൊരു സുഹൃത്തു പറഞ്ഞതാണ്. അവനോട് വേണ്ട എന്നു പറഞ്ഞു. ഞാന്‍ വളരെ ആത്മവിശ്വാസത്തോടെയാണ് അവരോട് പറഞ്ഞത്, എന്റെ റൂട്ടില്‍ വണ്ടി ഉറപ്പായും കിട്ടും എന്ന്. അതു കേട്ട് സമാധാനത്തോടെ അവര്‍ പോയി. അവരു പോയിട്ട് അര മണിക്കൂറോളമായി. വണ്ടി കാത്തു നിന്ന് ക്ഷമ നശിച്ചു തുടങ്ങി.
ദൂരെ നിന്ന് ഒരു വാഹനത്തിന്റെ വെളിച്ചം കണ്ടപ്പോള്‍ പ്രതീക്ഷയായി.മഴയത്തേയ്ക്ക് ഇറങ്ങി നിന്നു, കൈ കാണിച്ചു. ഒരു സുമോ ആയിരുന്നു. സാമാന്യം വേഗത്തിലായിരുന്ന ആ വണ്ടി ഒന്നു സംശയിച്ചെന്നവണ്ണം കുറച്ചു മുന്നോട്ടു കയറി നിന്നു… ഡ്രൈവറുടെ മുഖത്ത് ചോദ്യഭാവം. ഞാന്‍ എനിക്കു പോകണ്ട സ്ഥലപ്പേരു പറഞ്ഞു. കുറച്ചു നേരം ആലോചിച്ച ശേഷം അയാള്‍ ഫ്രണ്ട് സീറ്റില്‍ അപ്പുറത്തിരുന്ന ആളോടെന്തോ പറഞ്ഞു. പിന്നെ ഫ്രണ്ടില്‍ കയറിക്കോളാന്‍ ആംഗ്യം കാണിച്ചു. എനിക്ക് ആശ്വാസമായി. മുന്‍പില്‍ ഡ്രൈവറെ കൂടാതെ ഇരുന്നിരുന്നത് ഒരു കറുത്ത തടിയനായിരുന്നു. സിനിമയിലെ ഗുണ്ടകളുടെ ഒക്കെ ഒരു ലുക്ക്! എനിക്ക് ഇരിക്കാനായി അയാള്‍ അല്പം ഒതുങ്ങിയിരുന്നു. അത്ര താല്പര്യത്തോടെ ആണെന്നു തോന്നിയില്ല. വണ്ടിയിലേയ്ക്ക് കയറും നേരം ഞാനൊന്ന് തിരിഞ്ഞു നോക്കി. ആ വണ്ടിയിലിരിക്കുന്നവരെല്ലാം നല്ല തടിമാടന്‍മാര്‍… എല്ലാവരും വലിയ ഗൌരവത്തിലെന്ന പോലെ. അപ്പോഴേയ്ക്കും ഡ്രൈവര്‍ വണ്ടിയ്ക്കകത്തെ ലൈറ്റ് വീണ്ടും ഓഫാക്കി. വണ്ടി മുന്നോട്ടെടുത്തു.
ആരും ഒന്നും സംസാരിക്കുന്നില്ല. ആകെ ഒരു മൂകത. മഴ കുറച്ചു കൂടെ ശക്തമായി. വല്ലപ്പോഴും വരുന്ന മിന്നലിന്റെ വെളിച്ചം മാത്രമുണ്ട് റോട്ടില്‍. എനിക്കെന്തോ ഒരു വല്ലായ്മ തോന്നി. ഒപ്പം യാത്ര ചെയ്യുന്നവര്‌ക്കെല്ലാം എന്തോ പന്തികേട്. ഡ്രൈവറാകട്ടെ വണ്ടി നല്ല വേഗത്തില്‍ തന്നെയാണ് പറപ്പിക്കുന്നത്. എന്നാല്‍ പതിവായി വണ്ടികള്‍ പോകാറുള്ള വഴിയിലൂടെയല്ല ഇപ്പോഴത്തെ പോക്ക് എന്ന് മാത്രം മനസ്സിലായി. ഇതെന്താ ചേട്ടാ ഈ വഴി എന്ന ചോദ്യത്തിന് മറ്റേ വഴിയിലൂടെ ഇപ്പോ പോകാന്‍ പറ്റില്ല എന്നു മാത്രം കനത്തിലൊരു മറുപടി. എനിക്കാകെ ആശയക്കുഴപ്പമായി. പെട്ടെന്നാണ് മനസ്സിലൊരു സംശയം തോന്നിയത്. ഇവന്മാരു വല്ല കുഴപ്പക്കാരുമായിരിക്കുമോ? ഈയിടെയായി കിഡ്നാപ്പിങ്ങ് എന്നത് ഒരു പതിവായിക്കഴിഞ്ഞു. പത്രത്തില്‍ പല തവണ വായിച്ചിരിക്കുന്നു. അറിയാതെ ഒരു പേടി മനസ്സിനെ കീഴ്പ്പെടുത്തി. എന്നെ കിഡ്നാപ്പു ചെയ്താലും ഇവന്മാര്‍ക്കൊന്നും കിട്ടാന്‍ പോകുന്നില്ല എന്ന് എനിക്കല്ലേ അറിയൂ. (വല്ലതും ഉണ്ടായാലല്ലേ) എന്തായാലും മനസ്സില്‍ ഒന്നു കണക്കു കൂട്ടി… പേഴ്സില്‍ അധികം പൈസ കാണില്ല. എന്നാല്‍ എ.ടി.എം കാര്‍ഡ് അതിലുണ്ട്. അധികമൊന്നുമില്ലേലും ഉള്ളത് ഇവന്മാരടിച്ചോണ്ടു പോയാലോ… പൈസ മാത്രമല്ല, ദേഹോപദ്രവം വല്ലതും ഏല്‍പ്പിച്ചാല്‍???
സിനിമയ്ക്കു പോകാന്‍ തോന്നിയ ബുദ്ധിയെ മനസ്സാ ശപിച്ചു. എന്തു ചെയ്യണമെന്ന ആവലാതിയോടെ ഇരിക്കപ്പൊറുതിയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കാന്‍ തുടങ്ങി. വണ്ടി നല്ലൊരു ഗട്ടറു ചാടിയപ്പോള്‍ ഒന്നിളകിയിരുന്നു. പെട്ടെന്ന് ഒന്നു ഞെട്ടി. കഴുത്തിനു പുറകില്‍ എന്തോ നല്ല തണുപ്പ്. മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. ലോഹമാണ്…ഒരു കത്തി! ധൈര്യമെല്ലാം ചോര്‍ന്നുപോകും പോലെ… വായിലെ ഉമിനീരു വറ്റി. ശബ്ദം പുറത്തേയ്ക്കു വരുന്നില്ല. അല്ല, ശബ്ദമെടുത്തിട്ടു തന്നെ എന്തു കാര്യം. ഇവന്മാരെന്തോ കരുതിക്കൂട്ടി തന്നെ. എല്ലാ ദൈവങ്ങളേയും ഉള്ളുരുകി വിളിച്ചു.
പെട്ടെന്നാണ് മുന്നില്‍ ആ വളവ് കണ്ണില്‍ പെട്ടത്. വണ്ടി ഇപ്പോഴും സാമാന്യം സ്പീഡില്‍ തന്നെയാണ്. ഡ്രൈവര്‍ വണ്ടി ആ വളവില്‍ വീശി വളച്ചു. ഞാനുള്‍പ്പെടെ എല്ലാവരും ഒരു വശത്തേയ്ക്കൊന്നു ചെറുതായൊന്ന് ചെരിഞ്ഞു. ഞാന്‍ പ്രതീക്ഷിച്ചതു പോലെ തന്നെ കഴുത്തിലെ ആ കത്തിമുന തെന്നി മാറി. ഞാന്‍ പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് സര്‍വ്വ ശക്തിയുമെടുത്ത് കഴുത്തില്‍ നിന്നും ആ കത്തി തട്ടി മാറ്റി.
എന്തായാലും ലൈറ്റിടാതിരുന്നതിനാല്‍ എന്റെ മുഖഭാവം ആരും കണ്ടുകാണില്ല. ഞാന്‍ പറ്റിയ ചമ്മല്‍ മറച്ചു വയ്ക്കാന്‍ പാടുപെട്ട് നേരെ ഇരിക്കുമ്പോള്‍ അടുത്തിരുന്ന ആ വലിയ മനുഷ്യന്‍ ചോദിച്ചു, വളരെ സൌമ്യമായ ശബ്ദത്തില്‍ “എന്താ, എന്തു പറ്റി?”
അവസാനം എനിക്കിറങ്ങാനുള്ള സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തിത്തരുമ്പോള്‍ ഞാന്‍ പേഴ്സെടുക്കാനായി പോക്കറ്റില്‍ കയ്യിടുമ്പോള്‍ അയാളെന്നെ വീണ്ടും അത്ഭുതപ്പെടുത്തി. “ഒന്നും വേണ്ട, അനിയാ… ഈ നേരത്ത് സഹായിച്ചില്ലെങ്കിലോ… നമ്മളൊക്കെ മനുഷ്യരല്ലേ?” എന്നാണ് അയാള്‍ പറഞ്ഞത്. അവസാനം പോകാന്‍ നേരത്ത് ഇവിടെ നിന്നും വീട്ടിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലല്ലൊ എന്നു കൂടെ ചോദിച്ച് ഉറപ്പു വരുത്തിയിട്ടാണ് അവര്‍ യാത്രയായത്.
അപ്പോഴേയ്ക്കും മഴയും ഏതാണ്ട് ശമിച്ചിരുന്നു. അവിടെ നിന്ന് ആ രാത്രി 5 കിലോമീറ്റര്‍ കൂടെ നടന്നാണ് ഞാന്‍ വീടെത്തിയത്. എങ്കിലും ആ പൊടിമഴയും നനഞ്ഞ് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ പറ്റിപ്പോയ അബദ്ധത്തേക്കുറിച്ചും കാഴ്ചയില്‍ നിന്നും വ്യത്യസ്തരായ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയായിരുന്നു ഞാന്‍.
50 comments:
കുറച്ചു നാള്‍ മുന്‍പ് ഉണ്ടായ ഒരു അനുഭവം ഇവിടെ പങ്കു വയ്ക്കുന്നു. ഇത് നടക്കുമ്പോള്‍ ഞാന്‍ അനുഭവിച്ചിരുന്ന ടെന്‍ഷന്‍ വായനക്കാര്‍ക്കു മനസ്സിലാകുമോ എന്നറിയില്ല. എന്തായാലും ഇതിനു സമാനമായ ഒരനുഭവം എന്റെ ഒരു സുഹൃത്തിനും പറ്റിയതായി ഒരിക്കല്‍ അവനെന്നോടു പറയുകയുണ്ടായി. അതിപ്പോള്‍ ഓര്‍ത്തപ്പോഴാണ്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടാമെന്ന ചിന്ത വന്നത്.
ഹഹഹഹ.. അത് എനിക്ക് ഇഷ്ടപെട്ടു. ഇടയ്ക്ക് ആരെങ്കിലും ഇങ്ങനെ കത്തി വെക്കുന്നത് നല്ലതാ. എന്തായാലും അവര്‍ക്ക് കണ്ടപ്പോള്‍ തന്നെ മനസിലായിക്കാണും ഇയാളെ കിഡ്നാപ്പ് ചെയ്തിട്ടു കാര്യമൊന്നുമില്ല എന്ന്.
നന്നായി ട്ടോ. സമയത്തിനു വീട്ടില്‍ പോയില്ലെങ്കില്‍ അങ്ങനിരിക്കും
ചാത്തനേറ്: സ്ഥലം പറയെഡോ ബാംഗ്ലൂരാണോ 20 + 5 കിമി നീ എവിടാ താമസിക്കുന്നത് തമിഴ്നാട്ടിലോ? പടം കാണാന്‍ പോയത് ഇന്നൊവേറ്റീവ് മള്‍ടിപ്ലക്സിലാണെന്നൂഹിച്ചാല്‍!!!
കാബിലു കേറിയാല്‍ ഈ ഒരു ഭയം ഉള്ളതു നല്ലതാ ഉറങ്ങിപ്പോവൂല.
ഏതോ സിനിമയില്‍ ജഗദീഷിനെ ഒരു തടിയന്‍ ഓടിച്ചിട്ട് "തൊട്ടേ.. ഇനി എന്നെ തൊട്" എന്ന് പറയുന്നതാണ് ഇത് വായിച്ച് ആദ്യം ഓര്‍ത്തത്. :) വിവരണം നന്നായി :)
" അയാളുടെ ശരീരപ്രകൃതിക്കു തീരെ വിപരീതമായ രിതിയിലായിരുന്നു അയാളുടെ പെരുമാറ്റവും സംസാരവും."
പലപ്പോഴും ഇതാണ് സത്യം.
ശ്രീയുടെ ആകാംക്ഷ വായനാക്കാരിലെക്കും പകര്‍ന്ന എഴുത്ത്.ആശംസകള്‍
വെറുതെ കുറച്ചു നേരം ടെന്‍ഷനടിച്ചു അല്ലേ..
എന്നാലും അതുകഴിഞ്ഞപ്പോഴത്തെ ഒരു ആശ്വാസവും, ആകെപ്പാടെ ഒരു ചമ്മലും, തടിമാടന്മാരോട് ഒരു സഹാനുഭൂതിയും ഒക്കെ നന്നായി മനസ്സിലാവുന്നുണ്ട്.. :)
ശ്രീ,
"കത്തി(പ്പേടി)വേഷം" കണ്ട്, വണ്ടിയിലുള്ളവര്‍ ആവും കൂടുതല്‍ പേടിച്ചിട്ടുണ്ടാകുക അല്ലേ..
:)
സസ്പെന്‍സ് കൊള്ളാം.
പക്ഷേ, ഇക്കാര്യം നീ മുന്‍പ് പറഞ്ഞിട്ടില്ലല്ലോ?.
അല്ല മാഷെ, ഇത് എവിടെ വച്ചാണ് സംഭവിച്ചത്? എന്തായാലും ബാഗ്ലൂര് ആയിരിക്കില്ല, വന്ന വണ്ടിയിലുള്ളവര്‍ ശുദ്ധമലയാളത്തിലല്ലെ സംസാരിച്ചത്, ഇനിയിപ്പോ ചാലക്കുടിയിലാണ് സിനിമക്കുപോയെതെങ്കില്‍ ഹൈവെയില്‍ക്കൂടിയല്ലെ പോകുന്നത്,അങ്ങിനെ വരുമ്പോള്‍ വേറെ റൂട്ട് ഏതാണ്..? ഈ സംശയം വല്ലാതെ എന്നെ പിടികൂടീ മാഷെ..!
ഹഹ..വീട്ടുകാരറിയാതെ സിനിമക്കു പോയാല്‍ ഇങ്ങിനെയിരിക്കും...! ചേട്ടന്റെ വാക്കുകള്‍ അതിനു തെളിവ്..!
അനുഭവം കൊള്ളാം
ഹ,ഹ, എനിക്കു വയ്യേ..
ശ്രീ കത്തി വെറുതെ കൊതിപ്പിച്ചു അല്ലെ..!
എന്തായാലും വയലന്റായി കാറിലുള്ള ചേട്ടന്മാരെ ഒന്നും ചെയ്യാത്തതു നന്നായി..:)
ഓ:ടോ:25 കിലോമീറ്റര്‍ യാത്ര ചെയ്തു പകലു കാണാന്‍ പറ്റാത്ത ഏതു സിനിമക്കാ പോയത്..;)
നിന്നെ സമ്മതിക്കണം ശ്രീക്കുട്ടാ
ശ്രീക്കുട്ടാ..
മനസില്‍ ഒരു മഴത്തുള്ളി വീണ ഫീലിംഗ്.. ഒരു കൊച്ചു സംഭവത്തെ മനോഹരമായി അവതരിപ്പിച്ച് യൂണിവേഴ്സല്‍ ലവ് ഇപ്പൊഴും ഉണ്ട് എന്ന് തെളിയിച്ചു.
ഇതെനിക്കൊരുപാടങ്ങിഷ്ടമായി.....
സുകുമാരക്കുറുപ്പുമാര്‍ ഒരുപാടുള്ള ലോകമല്ലേ... കാശില്ലേലും കത്തിക്കരിയാനൊരു ബോഡിയുണ്ടല്ലോ എന്നൊക്കെ ഓര്‍ത്ത് ലിഫ്റ്റ് ചോദിക്കുന്ന പണി പണ്ടേ ഞാന്‍ നിര്‍ത്തിയതാണു...പക്ഷേ..ഇതു വായിച്ചപ്പോള്‍....
ആദ്യം മുതല്‍ അവസാനം വരെ ആസ്വദിച്ചു വായിച്ചു.നന്നായിരിക്കുന്നു..സംഭവം നേരില്‍ കാണുന്ന പ്രതീതി ഉളവാക്കുന്ന അവതരണശൈലി
ഹ ഹ ഹ കൊള്ളാം...
അസ്സലായി വിവരണം...
:)
ഒന്നാമത് നീയെന്തിനാ സെക്കന്റ് ഷോയ്ക്ക് പോയേ...അതു അത്ര അകലെ...!
രണ്ടാമത്... നീയെന്തിനാ കൂട്ടുകാരുടെ അടുത്ത് വെയിറ്റിട്ടേ...!
മൂന്നാമത്... നിയെന്തിനാ പരിചയില്ലത്ത വണ്ടീല്‍ കേറ്യേ....!
നാലമത്... നീയെന്തിനാ അവരെ തെറ്റിദ്ധരിച്ചേ...!
അഞ്ചാമത്... ഞാനെന്തിനാ ഇതൊക്കെ ചോദിച്ചേ...?
:)
ഓ:ടോ : കുഞ്ഞേട്ടാ... ദൂരൊക്കെ കേട്ടിട്ട്...ആമ്പല്ലൂര്‍ ഭാഗത്താന്നാ തോന്നണേ... അതാ വീട്ടിലും പറയാഞ്ഞേ...!
:)
ഒരു സെകന്റ് ഷോ ഉണ്ടാക്കിയെ പൊല്ലാപ്പ്... :)
ചേട്ടനറിയാതെയാ പോയതല്ലേ...അപ്പോ? :)
ശ്‌ശോ ജസ്റ്റ് മിസ്സ്...അല്ലെങ്കിലും ഈ കന്നടക്കാരിങ്ങനെയാ..ചുമ്മാ കൊതിപ്പിക്കും ;-)
കാര്യമൊക്കെ ശരി..കാണുന്ന വണ്ടീലൊക്കെ ചാടിക്കേറുന്നതിനു മുന്‍പ് ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാ..കുഞ്ഞേ കാലമത്ര നല്ലതല്ല..
(ഹാവൂ ഒരാളെ ഉപദേശിച്ചപ്പോ എന്തൊരു സമാധാനം)
ശ്രീ,
എന്നാലും പേടിപ്പിചു കളഞ്ഞല്ലൊ?കഴിവതും രാത്രിയിലെ അഭ്യാസങ്ങള്‍ ഒഴിവാക്കുക!!
ശ്രീ...
ആദ്യമൊന്ന് പേടിച്ചു....പിന്നെ ചിരി...ചിരിയോട് ചിരി
എന്നാലും ഇന്നത്തെ കാലമാണ് യാരെയും നമ്പ കൂടത് മച്ച..റൊമ്പ ഡൈയ്‌ച്ഞര്‍ കാലമിത്.... കണ്ണൊ കൊത്തായിതാ...സുംനേ യാകോ അല്ലി ഇല്ലി സിനിമ നോടുവത്‌കേ ഒഗ്‌ത്തീരാ നീവു..ബേഡ കണ്ണൊ....
ഒള്‍ളേ സ്റ്റോറി മറി......
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
ചുമ്മാ പേടിപ്പിച്ചു കളഞ്ഞല്ലോ?
അവസാന ഭാഗം വരെ ആസ്വദിച്ചു വായിച്ചു.
ഉഗ്രന്‍!
അന്നങ്ങ് കൊണ്ട് പോയിരുന്നെങ്കില്‍ ;)
ഹോ, ആകെപ്പാടെ പേടിച്ചിരിക്കുവായിരുന്നു ഞാന്‍. ഇടക്ക് വെച്ചോര്‍ത്തു ശ്രീയെ അവര്‍ എന്തുചെയ്തുകാണുമെന്ന്........ :( അല്ല, അങ്ങനെ വല്ലതും ചെയ്തെങ്കില്‍ ഇതാരാ പോസ്റ്റിയതെന്ന്. ആകെ കണ്‍ഫ്യൂഷ്യസ്. പിന്നെയാ മനസ്സിലായേ ശ്രീ തന്നെയാ ഇത് പോസ്റ്റിയതെന്ന് ;) തടിയന്മാരെ എല്ലാവരേയും പേടിക്കേണ്ടതില്ല, അതുപോലെ മെലിഞ്ഞവരെ എല്ലാവരേയും വിശ്വസിക്കേണ്ടതുമില്ല. :) ഹി ഹി.
നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍...
കൊള്ളാം ശ്രീ. :)
കൊള്ളാം ശ്രീ, നന്നായിട്ടുണ്ട്. എന്നിട്ടു് ഏതു സിനിമയാ കണ്ടതു് ഇത്ര അകലെപ്പോയിട്ട്?
ടെന്‍ഷനടിപ്പിച്ചല്ലടേയ്.. :(
അതേ എല്ലാ മനുഷ്യരും കാഴ്ചയില്‍ നിന്നും വ്യത്യസ്തരാണു.
നല്ല അനുഭവക്കുറിപ്പ്!
ഇത്ര കഷ്ടപ്പെട്ടുകണ്ട ആ സിനിമ ഏതായിരുന്നു?
കഥയും അതുപറഞ്ഞരീതിയും ഇഷ്ടായി ശ്രീ..
ശോ..ഒക്കെ നശിപ്പിച്ചില്ലേ..പറഞ്ഞുവന്നപ്പോ ഞാനോര്‍ത്തു ആ ചാക്കോ, സുകുമാരക്കുറുപ്പ് പോലെ വല്ല സംഭവമായിരിക്കുമെന്നാ. കൊതിപ്പിച്ചു കളഞ്ഞല്ലോ ശ്രീ.. :)
പേടിയാണെങ്കിലും അടങ്ങി ഒതുങ്ങി നേരത്തും കാലാത്തും വീട്ടില്‍ പൊയ്ക്കൂടെ...?
ഹൂം... ഞാനോ മറ്റോ ആയിരിക്കണം (അവിടെ വച്ചു തന്നെ പേടിച്ച് തട്ടിപ്പോയേനേ )
:)
ശ്രീയേ, എഴുത്ത് വായിക്കാനും ഒക്കെ ഒരു സുഖമുണ്ടായിരുന്നു പക്ഷേ കഴിയുന്നതും അപരിചതരുടെ കൂടെ ഇങ്ങനെ യാത്ര ചെയ്യാതിരിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു:)
അതു കത്തിതന്നെയാണെന്ന് കരുതി പുറകിലിരിക്കുന്ന ആരെയെങ്കിലും കൈ വെച്ചിരുന്നെങ്കില്‍ വേറൊരു ക്ലൈമാക്സ് വായിക്കാമായിരുന്നു :-)
നേരത്തിനും കാലത്തിനും വീട് പറ്റാതിരുന്നാല്‍ ഇങ്ങനെയിരിക്കും..കുറച്ച് നേരമെങ്കില്‍ കുറച്ച് നേരം ടെന്‍ഷന്‍ അടിച്ചില്ലേ :|
ശ്രീ, ടെന്‍ഷന്‍ മനസ്സിലാവുണ്ട്
ചില സമയം രാത്രി പ്രേതസിനിമ കണ്ടു കഴിയുമ്പോ ഇങ്ങനെ ഫീലിങ്ങുണ്ടാവാറുണ്ട് വേറെ ആരോ ഇരുട്ടില്‍ നിന്നും നോക്കുന്നതായിട്ട്. എന്നാല്‍ ആ തോന്നുന്ന വശത്തേക്ക് ഒന്നു ധൈര്യം സംഭരിച്ചു നോക്കാന്‍ പറ്റിയാല്‍ പേടി പമ്പ കടക്കും.
നല്ല രസമായിരിക്കുന്നു അവതരണം. ശരിക്കും സസ്പെന്‍സ് ഉണ്ടായിരുന്നു. ശ്രീക്ക് അഭിനന്ദനങ്ങള്‍
ശ്രീയേ നന്നായിട്ടുണ്ട് ഈ പോസ്റ്റും.
അവസാനം ഇങ്ങനെയാവുമെന്ന് തുടക്കത്തിലേ ഊഹിച്ചു. അതല്ലേ ഇപ്പോഴും ഇതെഴുതാന്‍ ആള് ബാക്കിയുള്ളത്... ഹ..ഹാ.ഹാ.
ഓ.ടോ :ഈ സംഭവവും “നീര്‍മിഴിപ്പൂക്കളില്‍“ പെടില്ല !!
സസ്പെന്‍സ് സൂപ്പര്‍ബ് ...ആകാംക്ഷ വായനാക്കാരിലെക്കും പകര്‍ന്ന എഴുത്ത്..:)
ഒള്ളതാണോ സാര്‍...
സസ്പെന്‍സ് ആയിരുന്നു...
സൂക്ഷ്ച്ച് കേറണം എവിടേയും...
ആ വണ്ടിയില്‍ കന്നഡക്കാരായിരുന്നോ..?
:)
ഉപാസന
ഹോ...............
അന്നങ്ങ് കൊണ്ടുപോയിരുന്നങ്കില്‍......
കൊള്ളാമെടാ.......
================
FLASH NEWS
================
THE HINDU
New Delhi
Staff Reporter
24 children to get National Bravery Awards
------------------------------------------------
NEW DELHI: The National Bravery Awards for 2007 will be presented to 24 children — 12 boys and 12 girls — by the Prime Minister on the eve of Republic Day 2008.
Mr SREE SOBHIN, (blogger name: "Sree"), the topper in the list showed his courage and balance of mind by escaping from a kidnapping attempt on a rainy night..
A high-powered committee comprising representatives of various ministries and departments, NGOs and senior members of the ICCW were involved in the selections of the Awards.
ഞാനാദ്യമായാണു ശ്രീ എഴുതിയതു വായിക്കുന്നതു.നന്നായിരിക്കുന്നു.ചാക്കോ രണ്ടാമന്‍ ആകാനുള്ള സാധ്യത നഷ്ടമായി ല്ലേ..
:) nannnayaswadhichu........
കൊള്ളാം ശ്രീ. ആരായാലും ഒന്നു 'പ്യാടിച്ചു' പോകും...
വളരെ നല്ല ഒരു ഹാസ്യ സസ്പെന്‍സ് ത്രില്ലര്‍ ആയിരുന്നു........ഞാന്‍ ഇംഗ്ലീഷ് ബ്ലോഗ് കുറെ കാലമായി എഴുതുന്നു പക്ഷെ മലയാളം ഇപ്പോള്‍ തുടങ്ങിയതെയുള്ളൂ......മലയാളത്തെ ഇഷ്ട്ടപെടുന്ന എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.........ഇനിയും ഇങ്ങിനെയുള്ള നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു......
വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്‍ എല്ലാവര്‍ക്കും നന്ദി.
:)
ഹഹ. എന്തായാലും രക്ഷപ്പെട്ടല്ലോ.
:)
സസ്നേഹം സ്വന്തം രേഖപ്പെടുത്തുന്നു, ഈ പോസ്റ്റിന്റെ അമ്പതാം കമന്റ്.
ഹി ഹി ഹി..
Post a Comment