Thursday, June 11, 2009

ഒരു സുഹൃദ്‌സ്മരണ

ഇതു പോലെ ഒരു ജൂണ്‍ മാസാരംഭത്തില്‍ സ്കൂള്‍ തുറന്ന സമയം. ഞാന്‍ അന്ന് എന്റെ പ്രിയപ്പെട്ട വാളൂര്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ്സിലേയ്ക്ക് പാസ്സായിരിയ്ക്കുന്നു. രണ്ടാം ദിവസം ക്ലാസ്സില്‍ വന്നു കയറിയ ഞാന്‍ എന്റെ പുറകിലത്തെ ബഞ്ചിലിരിയ്ക്കുന്ന കുട്ടിയെ കണ്ട് കുറച്ചൊന്ന് അത്ഭുതപ്പെട്ടു. അത് അവനായിരുന്നു. എന്റെ വീടിന്റെ നാലഞ്ച് വീടിനപ്പുറമുള്ള വീട്ടിലെ, എന്നേക്കാള്‍ മൂന്നു നാലു വയസ്സിനെങ്കിലും മുതിര്‍ന്ന കണ്ണന്‍.

“ങേ, ശ്രീയോ? നീ ക്ലാസ്സിലാണല്ലേ? ചെറിയൊരു ചമ്മലോടെ അവന്‍ ചോദിച്ചു.

“അതേകണ്ണന്‍ എങ്ങനെ ഇവിടെ? ഞാനും അതിശയത്തോടെ തിരിച്ചു ചോദിച്ചു.

അപ്പോഴേയ്ക്കും സുനി ( അന്നും ഇന്നും എന്റെ അടുത്ത സുഹൃത്തായ ബ്ലോഗര്‍ ഉപാസന) ഇടപെട്ടു. “എടാനിന്റെ അയല്‍ക്കാരന്‍ ആയിട്ടും നീ അറിഞ്ഞില്ലേ? ഇവന്‍ വീണ്ടും പഠിയ്ക്കാന്‍ തീരുമാനിച്ചു. ഇനി മുതല്‍ നമ്മുടെ സഹപാഠിയാണ്”.

വൈകാതെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ അവന്‍ ഒമ്പതാം ക്ലാസ്സിലായിരുന്നു. അന്ന് സാമാന്യം വഷളത്തരങ്ങളും മോശം കൂട്ടുകെട്ടുകളുമായി പഠനത്തില്‍ തീരെ ശ്രദ്ധയില്ലാത്ത, ടീച്ചര്‍മാരുടെ നോട്ടപ്പുള്ളിയായിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. അക്കാലത്ത് പരീക്ഷകളില്‍ അഞ്ചും ആറും വിഷയങ്ങള്‍ വരെ അവന്‍ തോല്‍ക്കുന്ന പതിവുണ്ടായിരുന്നു. അവസാനം വാര്‍ഷിക പരീക്ഷ തോറ്റതോടെ പഠനം നിര്‍ത്തി വാര്‍ക്കപ്പണിയ്ക്കു പോകാനുള്ള അവന്റെ തീരുമാനനത്തില്‍‍ ‍ നാട്ടുകാര്‍ക്കോ അദ്ധ്യാപകര്‍ക്കോ അത്ഭുതം തോന്നിയില്ലെന്ന് മാത്രമല്ല, വീട്ടുകാര്‍ക്ക് സന്തോഷമാകുകയും ചെയ്തു. കുടുംബത്തിന് ഒരു വരുമാനമാകുമല്ലോ.

കണ്ണന്‍ രണ്ട് വര്‍ഷത്തിനു ശേഷം തിരിച്ചു വന്നിരിയ്ക്കുകയാണ്. എങ്ങനെ എങ്കിലും പത്താം ക്ലാസ്സ് പാസാകണം എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം വരവ്. അതും ആരുടേയും നിര്‍ബന്ധം കൊണ്ടൊന്നുമല്ലസ്വയം തോന്നി, തിരിച്ചെത്തിയിരിയ്ക്കുകയാണ്. അതു കൊണ്ടു തന്നെ രണ്ടാം വരവില്‍ അവന്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിയ്ക്കാന്‍ ശ്രമിച്ചു. ടീച്ചര്‍മാരോട് സംശയങ്ങള്‍ ചോദിയ്ക്കാനും നല്ല കൂട്ടുകെട്ടുകളില്‍ മാത്രം പങ്കാളിയാകാനും ശ്രദ്ധിച്ചു. വഷളനായ ഒരു കുട്ടിയുടെ തിരിച്ചു വരവ് എന്ന നിലയില്‍ എല്ലാ ടീച്ചര്‍മാരും അവന് കൂടുതല്‍ പരിഗണനയും കൊടുത്തു.

എങ്കിലും, രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അവന്റെ തിരിച്ചു വരവ് അത്ര എളുപ്പമായിരുന്നില്ല. വീണ്ടും പഠനത്തിന്റെ ട്രാക്കിലെത്താന്‍ അവന് കിണഞ്ഞു പരിശ്രമിയ്ക്കേണ്ടി വന്നു. അവനാണെങ്കില്‍ മുന്‍പ് ശരാശരിയ്ക്കും താഴെ മാത്രം പഠിച്ചിരുന്ന വ്യക്തിയുമായിരുന്നല്ലോ. മാത്രമല്ല, കണ്ണനെ പരിഹസിയ്ക്കാനും ഒട്ടേറെ പേരുണ്ടായിരുന്നു. അവന്റെ കൂടെ മുന്‍‌പ് പഠിച്ചിരുന്ന പലരും അപ്പോഴേയ്ക്കും സ്കൂള്‍ ജീവിതമെല്ലാം അവസാനിപ്പിച്ചിരുന്നല്ലോ. അവരും ചില നാട്ടുകാരുമെല്ലാം മടങ്ങി വരവിനെ പരിഹാസത്തോടെയാണ് കണ്ടിരുന്നത്.

അതു കൊണ്ടൊക്കെ തന്നെ ഒമ്പതാം ക്ലാസ്സിലെ ആദ്യ കുറേ ദിവസങ്ങള്‍ കണ്ണന്‍‍ ശരിയ്ക്കും കഷ്ടപ്പെട്ടു. ശ്രമിച്ചിട്ടും ഹോം വര്‍ക്കുകള്‍ ചെയ്യാന്‍ പറ്റാതെയും പഠിച്ചിട്ടും ക്ലാസ്സില്‍ ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെയും അവന്‍ ദിവസങ്ങളില്‍ പലപ്പോഴും വിഷമിച്ചു. ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാത്തതില്‍ അവനും നിരാശ തോന്നിയിരിയ്ക്കണം. ഒപ്പം പുറത്തു നിന്നുമുള്ള പരിഹാസങ്ങളും കൂടിയായപ്പോള്‍ അവന്‍ മാനസികമായി തകര്‍ന്നു.

എങ്കിലും ഞങ്ങളുടെ ക്ലാസ്സിലെ ഭൂരിഭാഗം പേരുടേയും പിന്തുണ കണ്ണനോടൊപ്പം ഉണ്ടായിരുന്നു. അത് അവന് ശരിയ്ക്കും ഒരു പ്രചോദനമായിരുന്നു. ക്ലാസ്സില്‍ തരക്കേടില്ലാതെ പഠിയ്ക്കുന്നവര്‍ എന്ന നിലയില്‍ കണ്ണന് എന്നോടും ഉപാസനയോടും മഹേഷിനോടുമെല്ലാം കുറച്ച് ബഹുമാനം കലര്‍ന്ന സ്നേഹമുണ്ടായിരുന്നു. അവന്‍ ഒഴിവു പിരിയഡുകളില്‍ ഞങ്ങളോട് സംശയങ്ങള്‍ ചോദിയ്കുന്നതും മറ്റും പതിവായി. ഞങ്ങളാണെങ്കില്‍ അവനെ വേണ്ടത്ര പ്രോത്സാഹിപ്പിയ്ക്കാനും കഴിയും വിധമെല്ലാം അവനെ സഹായിയ്ക്കാനും ശ്രമിച്ചിരുന്നു. ഒപ്പം ഹിന്ദി ടീച്ചറായ ലീലാവതി ടീച്ചറും മറ്റും അവനെ സഹായിയ്ക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.

അങ്ങനെ അവന്‍ കുറേശ്ശെ മെച്ചപ്പെട്ടു വരാന്‍ തുടങ്ങി. ഒമ്പതിലെ ഓണപ്പരീക്ഷക്ക് രണ്ടോ മൂന്നോ വിഷയങ്ങള്‍ക്കു മാത്രമാണ് അവന് പാസ്സ്മാര്‍ക്ക് കിട്ടാതിരുന്നത്. എന്നാല്‍ ക്രിസ്തുമസ് പരീക്ഷ ആയപ്പോഴേയ്ക്കും കണക്ക് ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും പാസ്സാകാന്‍ അവനു സാധിച്ചു. അങ്ങനെ ഒമ്പതാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞു. അവന്‍ പത്തിലേയ്ക്ക് പാസ്സാകുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സംശയമേയില്ലായിരുന്നു.

പിന്നീടുള്ള രണ്ടു മാസത്തെ മദ്ധ്യവേനല്‍ അവധിക്കാലത്ത് ഞങ്ങളെല്ലാം കളിച്ചു തിമര്‍ക്കുമ്പോള്‍ കണ്ണന്‍ മാത്രം ആ കൂട്ടത്തിലെങ്ങും ഉണ്ടായിരുന്നില്ല. പകരം, അവന്‍ തന്റെ പഴയ സുഹൃത്തുക്കള്‍ക്കൊപ്പം വാര്‍ക്കപ്പണിയ്ക്കു പോയി. പത്താം ക്ലാസ്സിലെ പഠന ചിലവുകള്‍ക്കായി ജോലി ചെയ്തു കിട്ടുന്ന വരുമാനം സൂക്ഷിച്ചു വച്ചു.

വൈകാതെ റിസല്‍ട്ട് വന്നു, പ്രതീക്ഷിച്ചിരുന്ന പോലെ ഞങ്ങളോടൊപ്പം അവനും പത്താം ക്ലാസ്സിലെത്തി. അപ്പോഴേയ്ക്കും അവന്റെ പഠന നിലവാരവും ഉയര്‍ന്നിരുന്നു. അവനെപ്പോലെ തന്നെ ഞങ്ങള്‍ സുഹൃത്തുക്കളും അദ്ധ്യാപകരും അവന്റെ പുരോഗതിയില്‍ സന്തോഷിച്ചു.

ക്ലാസ്സിലെ മുപ്പതിലധികം വരുന്ന ഞങ്ങള്‍ സഹപാഠികള്‍ക്ക് ഒരു അത്ഭുതമായി മാറിയിരുന്നു അവന്‍. ഞങ്ങളെക്കാള്‍ മൂന്നോ നാലോ വയസ്സിന് മൂത്തവന്‍. പഠനം മതിയാക്കി പണിയ്ക്കു പോയ ശേഷം വീണ്ടു വിചാരം തോന്നി, തിരിച്ചു വന്നവന്‍. അതിനേക്കാളുപരി പഠന ചിലവുകള്‍ക്കുള്ള പണം സ്വയം സമ്പാദിയ്ക്കുന്നവന്‍അങ്ങനെ അങ്ങനെ

അപ്പോഴേയ്ക്കും പഴയതു പോലെ അവനെ ആരും കളിയാക്കാതെയായി. സ്കൂളിനകത്തും പുറത്തും അവനെ പ്രോത്സാഹിപ്പിയ്ക്കുന്നവര്‍ മാത്രമായി. എങ്കിലും പത്താം ക്ലാസ്സില്‍ ആണല്ലോപഠനത്തിന്റെ സംശയങ്ങള്‍ തീര്‍ക്കാനും മറ്റുമായി എവിടെ എങ്കിലും ട്യൂഷന് ചേരുന്നത് നല്ലതാണ് എന്ന് എല്ലാവരും പറഞ്ഞത് ശരിയാണെന്ന് തോന്നിയതിനാല്‍ അവന്‍ പറ്റിയ ഒരാളെ തപ്പി നടപ്പായി. അവന് ഒരു ട്യൂഷന്‍ പോലെ പറഞ്ഞു കൊടുക്കാന്‍ എനിയ്ക്കോ സുനിലിനോ സമയം കിട്ടുമോ എന്ന് ഒരിയ്ക്കല്‍ അവന്‍ എന്നോട് ചോദിച്ചു. എന്നാല്‍ അവന്റെ സഹപാഠികള്‍ മാത്രമായ ഞങ്ങളേക്കാള്‍ നല്ലത് മറ്റാരെയെങ്കിലും കണ്ടെത്തുന്നതാണെന്ന് എനിയ്ക്ക് തോന്നി. അങ്ങനെ ആണ് എന്റെ സുഹൃത്തും അയല്‍‌ക്കാരനുമായ (അന്ന് കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന) ജിബിഷ് ചേട്ടനെ തപ്പിയെടുത്തത്. ആദ്യമെല്ലാം മടിച്ചെങ്കിലും അവസാനം തനിക്ക് അറിയാവുന്നത് പറഞ്ഞു കൊടുക്കാന്‍ ജിബീഷ് ചേട്ടനും തയ്യാറായി.(ജിബീഷ് ചേട്ടനെ സംബന്ധിച്ചിടത്തോളം അതൊരു തുടക്കമായിരുന്നു. പിന്നീടുള്ള 10 വര്‍ഷക്കാലം ഞങ്ങളുടെ നാട്ടിലെ തന്നെ എറ്റവും മികച്ച ട്യൂഷന്‍ സെന്റര്‍ ആയിരുന്നു ജിബിഷ് ചേട്ടനും എന്റെ ചേട്ടനും കൂടി നടത്തിക്കൊണ്ടു പോന്ന ഹരിശ്രീ ട്യൂഷന്‍ സെന്റര്‍)

അങ്ങനെ പത്താം ക്ലാസ്സിലെ ഓണപ്പരീക്ഷ വരെ സുഗമമായി കടന്നു പോയി. ഓണപ്പരീക്ഷയ്ക്ക് അവന് മുന്നൂറ്റി അമ്പതിനടുത്ത് (600 ല്‍) മാര്‍ക്ക് ഉണ്ടായിരുന്നു. അദ്ധ്യാപകര്‍ എല്ലാം അവനെ കലവറയില്ലാതെ പ്രശംസിച്ചു.

അക്കാലത്ത് ഒരു ദിവസം കണ്ണന്റെ പുറത്തു തട്ടിക്കൊണ്ട് തമാശരൂപേണ സുനി (ഉപാസന) എന്നോട് പറയുക പോലും ചെയ്തു. “എടാ… ഇതാ നമുക്കൊരു ശക്തനായ എതിരാളി” എന്ന്. ആ പ്രശംസ ഒരു അംഗീകാരമെന്ന പോലെ കണ്ണനും വിനയപൂര്‍വ്വം ആസ്വദിച്ചു.

എന്നാല്‍ അതിനു ശേഷമായിരുന്നു കാര്യങ്ങള്‍ തകിടം മറിഞ്ഞത്. എപ്പോഴും ‘പഠനംപഠനം എന്നു മാത്രമായി അവന്റെ ചിന്ത. എങ്ങനെ എങ്കിലും എസ്സ്. എസ്സ്. എല്‍. സി. പാസ്സായേ തിരൂ എന്ന ശക്തമായ തോന്നലില്‍ അവന്‍ രാത്രികളിലെല്ലാം ഉറക്കമിളച്ച് പഠിയ്ക്കാന്‍ തുടങ്ങി. ഉറക്കം വരാതിരിയ്ക്കാനായി ആരൊക്കെയോ പറഞ്ഞ മരുന്നുകളും മറ്റും വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. ഇതെല്ലാം അവനെ പ്രതികൂലമായി ബാധിച്ചു. രാത്രി സമയങ്ങളില്‍ ഒരുപാടു വൈകും വരെ ഇരുന്നും അതിരാവിലെ തന്നെ ഉണര്‍ന്നും എല്ലാം പഠിയ്ക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി അവന്‍ സ്ഥിരമായി തലവേദനയും മറ്റും തുടങ്ങി. എപ്പോഴും ഓരോന്ന് ചിന്തിച്ച് ടെന്‍ഷനടിച്ച് ഉറക്കം തന്നെ ഇല്ലാതായി. അതോടൊപ്പം പലരുടേയും അഭിപ്രായങ്ങള്‍ കേട്ട് തോന്നിയ പോലെ മരുന്നുകളും മറ്റും വാങ്ങി കഴിച്ച് അവന്‍ ആകെ ഒരു ഉന്മാദാവസ്ഥയിലായി.

വര്‍ഷത്തെ ക്രിസ്തുമസ്സ് പരീക്ഷയ്ക്ക് കണ്ണന്‍ വളരെ കഷ്ടപ്പെട്ടു. പരീക്ഷകള്‍ നേരാം വണ്ണം എഴുതാന്‍ തന്നെ അവനു സാധിച്ചില്ല. ഒന്നു രണ്ടു വിഷയങ്ങള്‍ക്ക് പാസ് മാര്‍ക്ക് നേടാനും സാധിച്ചില്ല. ഞങ്ങള്‍ ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകര്‍ക്കും അത്ഭുതമായി. എല്ലാവര്‍ക്കും അവനോട് ഒന്നു മാത്രമേ ചോദിയ്ക്കാനുണ്ടായിരുന്നുള്ളൂ“എന്തു പറ്റി, കണ്ണന്? ഉഴപ്പിയതാണോ? അസുഖം വല്ലതുമാണോ?

ആരെന്തു ചോദിച്ചാലും ഒന്നിനും മറുപടി പറയാതെ അവന്‍ മിണ്ടാതെ നില്‍ക്കും. ആ കാലയളവില്‍ അവധി ദിവസങ്ങളാണെങ്കില്‍ അവന്‍ പലപ്പോഴും എന്റെ വീട്ടിലേയ്ക്ക് വരാറുണ്ട്. അങ്ങനെ സംസാരിച്ചിരിയ്ക്കുമ്പോള്‍ അവന്‍ അവന്റെ പ്രശ്നങ്ങള്‍ എന്നോട് പറയും. ഞാന്‍ അവനെ (വെറുമൊരു പതിനഞ്ചുകാരന്റെ അറിവു വച്ചു കൊണ്ടാണെങ്കിലും) എന്തെങ്കിലുമൊക്കെ പറഞ്ഞ് സമാധാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും. അതു പോലും അവന് വലിയ ആശ്വാസമായിരുന്നു എന്ന് പിന്നീട് അവനെന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ സംസാരിച്ചിരുന്ന വേളയില്‍ ഒരിയ്ക്കല്‍ അവനെന്നോട് പറഞ്ഞു.

“ശ്രീ, നിനക്കറിയില്ല എന്റെ വീട്ടിലെ അവസ്ഥ. എന്റെ കുടുംബത്തില്‍ ഇന്ന് വരെ ആരും പത്താം ക്ലാസ്സ് പാസ്സായ ചരിത്രമില്ല. നിനക്കറിയാമല്ലോ എന്റെ ചേച്ചിയെ? എന്നെക്കാള്‍ നന്നായി പഠിച്ചിരുന്ന ചേച്ചിയ്ക്കു പോലും രണ്ടു തവണ ശ്രമിച്ചിട്ടും എസ്സ്. എസ്സ്. എല്‍. സി. പാസ്സാകാന്‍ സാധിച്ചിച്ചിട്ടില്ല. അത് ഞങ്ങളുടെ കുടുംബത്തിന്റെ തന്നെ ശാപമാണ്. എന്റെ അമ്മയും അതു തന്നെയാണ് പറയുന്നത്. എത്ര പഠിച്ചാലും ഞാന്‍ പാസ്സാകില്ല എന്ന്. നേരം കൊണ്ട് പഠിപ്പു നിര്‍ത്തി പണിയ്ക്കു പോയി നാലു കാശുണ്ടാക്കാന്‍ നോക്കണമെന്നാണ്‍ അവരുടെ അഭിപ്രായം”.

ഒന്നു നിര്‍ത്തിയ ശേഷം അവന്‍ തുടര്‍ന്നു.

നിനക്കറിയുമോ? ഞാന്‍ പണിയ്ക്കു പോകുന്ന ദിവസങ്ങളില്‍ രാവിലെ ഞാന്‍ ഉണര്‍ന്നെഴുന്നേറ്റ് വരുമ്പോഴേയ്ക്കും കുളിമുറിയില്‍ ചൂടുവെള്ളം റെഡി ആയിട്ടുണ്ടാകും. കുളിച്ച് വരുമ്പോഴേയ്ക്കും ഭക്ഷണവും തയ്യാറായിരിയ്ക്കും. പക്ഷേ, പഠിയ്ക്കാന്‍ പോകുന്ന ദിവസങ്ങളില്‍ ഇതൊന്നുമില്ല. കുളിയും കഴിഞ്ഞ്, ക്ലാസ്സില്‍ പോകും മുന്‍‌പ് കഞ്ഞി കിട്ടണമെങ്കില്‍ തന്നെ പല തവണ ചോദിയ്ക്കണം, കുറേ കുത്തു വാക്കുകള്‍ കേള്‍ക്കണം അത്രയും പറഞ്ഞപ്പോഴേയ്ക്കും അവന്റെ ശബ്ദം ഇടറി.

അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ സ്തബ്ദനായി നിന്നു പോയി. സ്വന്തം അമ്മയുടെ പെരുമാറ്റത്തെ പറ്റിയാണ് അവന്‍ പറഞ്ഞത്. പഠിയ്ക്കാനായി വീണ്ടും സ്കൂളില്‍ പോകുന്നതിനോട് അവന്റെ വീട്ടില്‍ ആര്‍ക്കും താല്പര്യമില്ല എന്ന് എനിയ്ക്ക് അപ്പോഴാണ് ശരിയ്ക്കും ബോധ്യമായത്. അവന്‍ പഠിയ്ക്കാനായി പോകുന്നതു കൊണ്ട് വീട്ടിലേയ്ക്കുള്ള വരുമാനം കുറഞ്ഞു എന്നതാണ് അവന്റെ അമ്മ പോലും അങ്ങനെ പെരുമാറാന്‍ കാരണം എന്നത് എന്നെ അത്ഭുതപ്പെടുത്തി. (വീട്ടിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒന്നും നിങ്ങള്‍ അറിയണ്ട, നിങ്ങള്‍ക്ക് പഠിയ്ക്കാന്‍ പറ്റുന്നിടത്തോളം പഠിച്ചാല്‍ മതി എന്ന് എന്റെ വീട്ടില്‍ അച്ഛനും അമ്മയും എന്നോടും ചേട്ടനോടും പറയുന്നതിലെ സ്നേഹവും ആത്മാര്‍ത്ഥതയും ആദ്യമായി തിരിച്ചറിഞ്ഞത് ഒരു പക്ഷേ അന്നായിരിയ്ക്കണം. അന്നു വരെ, പോയിരുന്നു പഠിയ്ക്കെടാ എന്ന് പറയുമ്പോള്‍ മടിയോടെ, അവര്‍ക്ക് വേണ്ടി എന്ന പോലെയാണ് പുസ്തകവുമെടുത്ത് വല്ലതുമൊക്കെ പഠിയ്ക്കാന്‍ ചെന്നിരിയ്ക്കാറുള്ളത്)

ഇത്രയൊക്കെ പ്രശ്നങ്ങള്‍ക്കിടയിലാണ് അവന്‍ പത്താം ക്ലാസ്സിലെ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത്. ഇങ്ങനെയുള്ള എല്ലാ ചിന്തകളും കൂടി ആയപ്പോള്‍ അവന് എത്ര ശ്രമിച്ചിട്ടും ഒന്നും തലയില്‍ കയറാതായി. ക്ലാസ്സില്‍ ശ്രദ്ധിയ്ക്കാനും പറ്റാതായപ്പോള്‍ അവന് എന്താണ് പറ്റിയതെന്ന് ടീച്ചര്‍മാരും ചോദിയ്ക്കാന്‍ തുടങ്ങി. അവസാനം ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ തന്റെ പ്രശ്നങ്ങള്‍ എല്ലാം അവരോട് പങ്കു വച്ചു. പിന്നീടുള്ള രണ്ട് മൂന്ന് മാസക്കാലം അദ്ധ്യാപകരുടെ എല്ലാം പ്രധാന പരിപാടി അവനെ സമാധാനിപ്പിയ്ക്കുക, പ്രോത്സാഹിപ്പിയ്ക്കുക, ഉപദേശങ്ങള്‍ നല്‍കുക എന്നതൊക്കെയായിരുന്നു. “കണ്ണന് എന്തു പ്രശ്നമുണ്ടെങ്കിലും ഒരു അമ്മയോടെന്ന പോലെ എന്നോട് തുറന്നു പറഞ്ഞു കൊള്ളൂ എന്നു പറഞ്ഞ ലിലാവതി ടീച്ചറിനു മുന്നില്‍ വച്ച് നിയന്ത്രണം വിട്ട് നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ തുടച്ചു നില്‍ക്കുന്ന കണ്ണനെ എനിയ്ക്ക് ഇന്നും നല്ല ഓര്‍മ്മയുണ്ട്. പലപ്പോഴും ടീച്ചര്‍ അവനെ സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി സമാധാനിപ്പിച്ച് ധൈര്യം കൊടുത്ത് വിട്ടിട്ടുണ്ട്.

അങ്ങനെ പതുക്കെ പതുക്കെ അവന്റെ മാനസികാവസ്ഥ കുറേയൊക്കെ ശരിയായി. പക്ഷേ, അപ്പോഴേയ്ക്കും സമയം അതിക്രമിച്ചു കഴിഞ്ഞിരുന്നു. എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയ്ക്ക് വേണ്ടതു പോലെ തയ്യാറെടുക്കാനുള്ള സമയം അവനു കിട്ടിയില്ല. എങ്കിലും എങ്ങനെ എങ്കിലും പാസാകണം എന്ന വാശി അവനും അവനെ കഴിയും വിധമെല്ലാം സഹായിയ്ക്കാനുള്ള സന്മസസ്സ് അദ്ധ്യാപകര്‍ക്കും ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കും ഉണ്ടായിരുന്നു. ഒപ്പം രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജിബീഷ് ചേട്ടനും അവന്റെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കാന്‍ സമയം കണ്ടെത്തി.

അങ്ങനെ അവസാനം എസ്സ്. എസ്സ്. എല്‍. സി. റിസല്‍ട്ട് വന്നു. കണ്ണന്റെ പ്രാര്‍ത്ഥനയ്ക്കു ഫലമുണ്ടായി. ഇരുന്നൂറ്റി അമ്പതിനടുത്ത് മാര്‍ക്ക് വാങ്ങി അവന്‍ പാസ്സായി.

പത്താം ക്ലാസ്സിന്റെ തുടക്കത്തില്‍ എല്ലാവരും മിനിമം ഫസ്റ്റ് ക്ലാസ്സ് എങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ധ്യയന വര്‍ഷത്തിന്റെ പകുതി ആയപ്പോഴേയ്യ്ക്കും എസ്സ്. എസ്സ്. എല്‍. സി. അവന് പാസ്സാകാന്‍ സാധിയ്ക്കുമോ എന്ന് പോലും സംശയിച്ചിരുന്നു. അങ്ങനെ നോക്കുമ്പോള്‍ പാസ്സാകാനെങ്കിലും സാധിച്ചല്ലോ എന്ന സംതൃപ്തിയായിരുന്നു അവന്.

പക്ഷേ, അതോടെ അവന്‍ പഠനം നിര്‍ത്തി, വീണ്ടും പണിയ്ക്കു പോയിത്തുടങ്ങി. ഞങ്ങളെല്ലാം നിബന്ധിച്ചിട്ടും തുടര്‍ന്ന് പഠിയ്ക്കാന്‍ അവന്‍ കൂട്ടാക്കിയില്ല. അധികം വൈകാതെ ഞങ്ങളുടെ നാട്ടിലെ വീടും സ്ഥലവും എല്ലാം വിറ്റ് അവര്‍ മറ്റൊരു ദേശത്തേയ്ക്ക് യാത്രയായി. പിന്നീട് രണ്ടോ മൂന്നോ തവണയേ ഞാന്‍ അവനെ കണ്ടിട്ടുള്ളൂഅവസാനമായി രണ്ടു വര്‍ഷം മുന്‍പ് കണ്ടപ്പോള്‍ അവന്‍ ഒരുപാട് സംസാരിച്ചു. അന്ന് കുറച്ചൊരു നഷ്ടബോധത്തോടെ അവന്‍ പറഞ്ഞു. “അന്ന് നിങ്ങള്‍ പറഞ്ഞതു പോലെ പഠനം നിര്‍ത്തേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നെടാപത്താം ക്ലാസ് പാസായതു കൊണ്ട് മാത്രം എന്റെ ജീവിതത്തില്‍ ഒരു മാറ്റവും വന്നില്ല”

----------
ഇപ്പോഴും ഇടയ്ക്ക് വല്ലപ്പോഴുമൊരിയ്ക്കല്‍ എന്റെ പഴയ പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫ് എടുത്ത് മറിച്ചു നോക്കുമ്പോള്‍ കണ്ണന്‍ എഴുതിയ പേജില്‍ എത്തുമ്പോള്‍ ഞാന്‍ പലതും ഓര്‍ക്കുംഅന്ന് അവന്‍ എന്റെ ഓട്ടോഗ്രാഫ് എഴുതിയ ദിവസവും

എന്റെ ഓട്ടോഗ്രാഫ് ബുക്കില്‍ എന്തെങ്കിലും രണ്ടു വരി കുറിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവനത് വാങ്ങി, ഒറ്റയ്ക്കൊരു ബഞ്ചില്‍ പോയിരുന്നു. ഏതാണ്ട് പത്തു പതിനഞ്ച് മിനുട്ട് നേരം എന്തൊക്കെയോ അലോചിച്ചിരുന്നു. അവസാനം അത് മടക്കി എന്റെ കയ്യില്‍ തന്നിട്ട് അവന്‍ പറഞ്ഞു “ഞാന്‍ പോയിക്കഴിഞ്ഞിട്ട് നീ ഇതു തുറന്നു നോക്കിയാല്‍ മതി”

അത്രയും
പറഞ്ഞ് അവന്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങി പോയി. ഉടനെ തന്നെ ഞാന്‍ പേജ് തുറന്നു നോക്കി. അത്രയും സമയമെടുത്ത് അവന്‍ എന്തായിരിയ്ക്കും എഴുതിയത് എന്നറിയാന്‍അതില്‍ കണ്ണു നീര്‍ വീണ് കുതിര്‍ന്ന ഒരു പേജില്‍ ആകെ എഴുതിയിരുന്നത് ഇത്ര മാത്രമായിരുന്നു.

“ഒന്നുമില്ലെങ്കിലും എന്നെ മനസ്സിലാക്കാന്‍ നിനക്ക് സാധിച്ചല്ലോഎനിയ്ക്ക് അതു മതി”

വരികളില്‍ എല്ലാമുണ്ടായിരുന്നു. അവന്റെ മനസ്സ്നൊമ്പരങ്ങള്‍ എല്ലാം.

സാഹചര്യങ്ങള്‍ സമ്മതിയ്ക്കാത്തതു കൊണ്ട് ജീവിതം വഴിമാറി പോയവരെ കുറിച്ചു പറഞ്ഞു കേള്‍ക്കുമ്പോള്‍ ഞാന്‍ കണ്ണനെ ഓര്‍ക്കും. സ്വന്തം കുടുംബത്തില്‍ നിന്നെങ്കിലും വേണ്ടത്ര പിന്തുണ കിട്ടിയിരുന്നെങ്കില്‍ അവന് ഇന്ന് ഗതി വരില്ലായിരുന്നു.

വി.ബി. മാഷുടെ മനോഹരമായ ഒരു സൌഹൃദ പോസ്റ്റ് ഇതാ ഇവിടെ. വായിയ്ക്കൂ.