Monday, May 3, 2010

ഒരു ക്രിക്കറ്റ് സ്മരണ

80 കളുടെ അവസാനത്തിലും 90 കളിലുമായിട്ടായിരുന്നു എന്റെ വിദ്യഭ്യാസ കാലം. അന്നെല്ലാം മദ്ധ്യവേനലവധി വരാനുള്ള കാത്തിരിപ്പ് ഫെബ്രുവരി-മാർ‌ച്ച് മാസങ്ങളിലേ ആ‍രംഭിയ്ക്കും. മാർ‌ച്ച് മദ്ധ്യത്തോടെ നടക്കാൻ‌ പോകുന്ന വാർഷിക പരീക്ഷകളേക്കാൾ തയ്യാറെടുപ്പുകളാണ് അതു കഴിഞ്ഞു വരുന്ന ഏപ്രിൽ‌ - മെയ് കാലയളവിലെ അവധിയ്ക്ക് കളിയ്ക്കേണ്ടുന്ന കളികൾ‌ക്ക് വേണ്ടി നടത്താറുള്ളത്. അവധിയ്ക്ക് ഉണ്ടാകാൻ‌ സാധ്യതയുള്ള എല്ലാ കുട്ടികളുടേയും എന്തെല്ലാം കളികൾ‌ കളിയ്ക്കാം എന്നുള്ളതിന്റേയുമെല്ലാം ലിസ്റ്റ് പോലും തയ്യാറാക്കുന്നത് പരീക്ഷകൾ‌ക്കിടയിലായിരിയ്ക്കും. എന്നിട്ട് മാർ‌ച്ച് മാസം മുതൽ‌ കൗണ്ട് ഡൗൺ തുടങ്ങും... പരീക്ഷ തുടങ്ങാൻ ഇനിയെത്ര ദിവസം എന്ന് അല്ല, മറിച്ച് പരീക്ഷകൾ‌ കഴിയാൻ എത്ര ദിവസമുണ്ട് എന്നായിരിയ്ക്കും എണ്ണുക.

വാർ‌ഷിക പരീക്ഷകളുടെ പേടിയും ചൂടുമെല്ലാം തോന്നുന്നത് ആദ്യ പരീക്ഷ തുടങ്ങുന്നതിന് രണ്ടോ മൂന്നോ ദിവസം മുൻ‌പ് മാത്രം. ആ പേടിയെല്ലാം ആദ്യ പരീക്ഷ കഴിയുന്നതോടെ മാറുകയും ചെയ്യും. ഇനി ഒരു വിഷയം കുറച്ച് പഠിച്ചാൽ‌ മതിയല്ലോ എന്ന് ആശ്വസിയ്ക്കും. സ്കൂളിൽ നിന്നും വീട്ടിലെത്തിയാൽ ആദ്യം തന്നെ, ഡ്രസ്സ് മാറുന്നതിനും ഭക്ഷണം കഴിയ്ക്കുന്നതിനും മുൻ‌പ് ചെയ്യുന്ന ഒരു പ്രവൃത്തിയുണ്ട് - നേരെ പഠന മുറിയിലെത്തി അന്ന് പരീക്ഷയെഴുതി കഴിഞ്ഞ വിഷയത്തിന്റെ ടെക്സ്റ്റും നോട്ടുമടക്കം എല്ലാ പുസ്തകങ്ങളും എടുത്ത് മാറ്റി വയ്ക്കുക എന്നത്. പിന്നീടൊരിയ്ക്കലും ആ വിഷയം പഠിയ്ക്കേണ്ടല്ലോ എന്ന സന്തോഷമാകും അപ്പോൾ മനസ്സു നിറയെ. മനസ്സിന് ഏറ്റവും സന്തോഷം തോന്നാറുള്ള നിമിഷങ്ങളിലൊന്നാണ് അത്.

അവസാന പരീക്ഷയുടെ അന്ന് പരീക്ഷയെ കുറിച്ച് ഒട്ടും വേവലാതി തോന്നാറില്ല. എങ്ങനെയെങ്കിലും അത് ഒന്ന് എഴുതി തീർ‌ത്ത് വീട്ടിലെത്തിയാൽ മതി എന്നു മാത്രമാകും മനസ്സിൽ. അന്നത്തെ പരീക്ഷ കഴിഞ്ഞാൽ വീട്ടിലേയ്ക്ക് ഒരു ഓട്ടമാണ്. കളിയ്ക്കാനുള്ള തിരക്കിൽ ഭക്ഷണം പോലും വേണ്ടെന്ന് വയ്ക്കാൻ മടി തോന്നാറില്ല.
പത്താം ക്ലാസ്സു വരെയുള്ള എല്ലാ അവധിക്കാലങ്ങളും ഇതിന്റെ തനിപ്പകർ‌പ്പായിരുന്നു. പല സമയത്തും കളിക്കൂട്ടുകാർ മാറി മാറി വരാറുണ്ട് എന്ന് മാത്രം. കൊരട്ടിയിൽ താമസിച്ചിരുന്ന കാലത്ത് (രണ്ടാം ക്ലാസ്സ് വരെ) എന്റെ സമപ്രായക്കരോ അതിലും താഴെയുള്ളവരോ ആയിരുന്നു കൂടുതലുമെങ്കിൽ‌ എന്റെ നാടായ വാളൂർ‌ വന്നപ്പോൾ മുതൽ കൂടുതലും എന്നേക്കാൾ മുതിർന്നവരായി.

അങ്ങനെ ഞങ്ങൾ‌ നാട്ടിലേയ്ക്ക് താമസം മാറ്റിയ സമയം. മൂന്നാം ക്ലാസ്സിലെ മദ്ധ്യവേനലവധിയായി. നാട്ടിലെ കുട്ടിക്കൂട്ടങ്ങൾക്കിടയിൽ താരതമ്യേന പുതുമുഖമായതു കൊണ്ട് എനിയ്ക്ക് അധികം കൂട്ടുകാരായിട്ടുണ്ടായിരുന്നില്ല. ചേട്ടനാണെങ്കിൽ സ്വന്തം ക്ലാസ്സിൽ തന്നെ പഠിയ്ക്കുന്ന രണ്ടു മൂന്നു കൂട്ടുകാർ അയൽ‌പക്കങ്ങളിൽ‌ തന്നെ ഉണ്ടായിരുന്നതു കൊണ്ട് അവരുടെ കൂടെ എളുപ്പത്തിൽ കൂടാൻ പറ്റി. എന്റെ സമപ്രായക്കാർ കുറവായിരുന്നതിനാലും അവിടെ സാധാരണ കളികൾ നടക്കാറുള്ളത് കൊച്ചു കുട്ടികൾ, ഇടത്തരക്കാര്‍, മുതിർ‌ന്നവര്‍ പിന്നെ പെൺ‌കുട്ടികൾ എന്നിങ്ങനെ തരം തിരിച്ചും ആയിരുന്നതിനാൽ എന്നെ ചേട്ടന്റെയും മറ്റും ഗ്യാങ്ങിലേയ്ക്ക് പരിഗണിയ്ക്കാറില്ല.

എനിയ്ക്ക് താഴെയുള്ള കുട്ടികളെല്ലാം തീരെ ചെറിയ കുട്ടികളായതിനാൽ അവരുടെ കൂടെ കളിയ്ക്കുന്നതിന് ഒരു രസവുമുണ്ടാകാറില്ല. അതിനാൽ‌ എങ്ങനെയെങ്കിലും വലിയവരുടെ കൂട്ടത്തിൽ‌ അംഗത്വം നേടുക എന്നതായിരുന്നു എന്റെയും സ്വപ്നം. എല്ലാ ദിവസവും ഞാൻ അവരുടെ പിന്നാലെ നടക്കും. ഓരോ കളികളിലും അവർ എന്നെ ഉൾ‌പ്പെടുത്തും എന്ന് പ്രതീക്ഷിയ്ക്കും. പക്ഷേ, ഒന്നും നടക്കാറില്ല. ഓരോരോ കാരണങ്ങൾ‌ പറഞ്ഞ് അവരെന്നെ ഒഴിവാക്കുകയും ചെയ്യും. ആളു കൂടുതല്‍‌ ആവശ്യമുള്ള ക്രിക്കറ്റിലും ഫുട്ബോളിലും പോലും എനിയ്ക്ക് അവസരം കിട്ടാറില്ല. അതിനു മാത്രം മുതിര്‍ന്നവര്‍ അവിടെ ഉണ്ടായിരുന്നു എന്നതു തന്നെ പ്രധാന കാരണം. ഒന്ന് രണ്ട് അവസരങ്ങളില്‍ ക്രിക്കറ്റോ മറ്റോ കളിയ്ക്കുമ്പോള്‍ വേണ്ടത്ര ആളുകള്‍ തികയാതെ വരുമ്പോള്‍ സബ്‌സ്റ്റിറ്റ്യൂട്ട് ആയി എന്നെ ഇറക്കുമായിരുന്നു. മിക്കവാറും ഫീല്‍ഡ് ചെയ്യാന്‍ മാത്രമോ അല്ലെങ്കില്‍ അവസാന നമ്പറില്‍ ബാറ്റു ചെയ്യാനോ ഒക്കെ ആയിരിയ്ക്കും. വല്ലപ്പോഴുമായി ഇങ്ങനെ വീണു കിട്ടുന്ന അര്‍‌ദ്ധാവസരങ്ങള്‍‌ മുതലാക്കാന്‍ എനിയ്ക്കു കഴിയാറുമില്ല. കാരണം പലപ്പോഴും ഫീല്‍ഡിങ്ങിനിടെ കയ്യിലേയ്ക്ക് വരുന്ന ക്യാച്ചുകള്‍ പോലും നിലത്തിടുക, റണ്ണൌട്ടാക്കാനുള്ള സുവര്‍ണ്ണാവസരങ്ങള്‍‌ പോലും തുലയ്ക്കുക, ഇനി ബാറ്റു ചെയ്യുമ്പോഴാണെങ്കില്‍ ആദ്യ പന്തില്‍ തന്നെ പൂജ്യനായി പുറത്താകുക അല്ലെങ്കില്‍‌ സ്വന്തം ടീമംഗത്തെ തന്നെ റണ്ണൌട്ടാക്കുക ‍അങ്ങനെയങ്ങനെ പോകും എന്നെക്കൊണ്ട് അവര്‍ക്കുള്ള പൊല്ലാപ്പുകള്‍. അതു കൊണ്ടു തന്നെ എന്നെ ഏതെങ്കിലും ടീമിലെടുക്കാന്‍ ആരും തയ്യാറാകാറുമില്ല.

ചിലപ്പോഴെല്ലാം ചില കളികള്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കും. അതായത് ഒരു തവണ രണ്ടു ടീമുകളായി തിരിഞ്ഞ് കളി തുടങ്ങിയാല്‍ അന്നത്തെ കളി കഴിഞ്ഞാലും തുടര്‍ന്നുള്ള ദിവസങ്ങളിലും അതേ ടീം തന്നെ പിന്നെയും കളിയ്ക്കും. പലപ്പോഴും ജയിച്ച ടീമിന്റെ കളിയാക്കലുകള്‍ കൂടുമ്പോഴോ തോറ്റവരുടെ വെല്ലുവിളികള്‍ കൂടുമ്പോഴോ ആയിരിയ്ക്കും അതേ ടീമിലെ അംഗങ്ങളെ നിലനിര്‍‌ത്തിക്കൊണ്ട് ദിവസങ്ങളോളം കളിയ്ക്കേണ്ടി വരിക.

ഒരിയ്ക്കല്‍ അതു പോലെ രണ്ടു ടീമുകള്‍ തിരിഞ്ഞ് കളി പുരോഗമിച്ചു കൊണ്ടിരിയ്ക്കുന്നു. മെയ് മാസവും അതോടൊപ്പം ആ അവധിക്കാലവും അവസാനിയ്ക്കകയായിരുന്നു. അന്ന് അവസാന ‍അവധി ദിവസമാണ്. അതു കൊണ്ട് ഇരു കൂട്ടരും വാശിയിലായിരുന്നു. അപ്പോള്‍ തന്നെ ഇതേ ടീമുകള്‍ പല തവണ ഏറ്റുമുട്ടി കഴിഞ്ഞിരുന്നു. രണ്ടു ടീമുകളും തുല്യമായ എണ്ണം മത്സരങ്ങള്‍ ജയിച്ച് നില്‍‌ക്കുന്ന സമയം. അന്ന് എന്തോ കാരണം കൊണ്ട് എന്റെ ചേട്ടനും ജിബിഷേട്ടനുമെല്ലാം ഉള്‍പ്പെട്ട ടീമില്‍ ഒരാളുടെ കുറവു വന്നു. വേറെ നിവൃത്തി ഇല്ലാത്തതിനാല്‍‌ പകരക്കാരനായി എന്നെ തന്നെ അവര്‍‌ക്ക് ടീമില്‍ ഉള്‍‌പ്പെടുത്തേണ്ടി വന്നു. എതിര്‍ ടീമംഗങ്ങളാണെങ്കില്‍‌ അധികവും ഒമ്പതിലേയും പത്തിലേയും ചേട്ടന്മാരാണ്.

വൈകാതെ കളി തുടങ്ങി, പത്തോവര്‍ മത്സരമാണ്, ഞങ്ങളുടെ ടീമിന്റെ ബാറ്റിങ്ങ് കഴിഞ്ഞു. (അവസാന ബാറ്റ്സ്മാനായതു കൊണ്ട് എന്റെ സംഭാവന ഒന്നും വേണ്ടി വന്നില്ല) സ്കോര്‍ ഏതാണ്ട് അമ്പതു റണ്‍സോ മറ്റോ ആണെന്നാണ് ഓര്‍‌മ്മ. എങ്കിലും എതിര്‍ ടീമിലെ സീനിയര്‍ ചേട്ടന്മാര്‍‌ക്ക് നിസ്സാരമായി മറികടക്കാവുന്ന സ്കോര്‍ തന്നെ ആയിരുന്നു അത്. എങ്കിലും ഞങ്ങളുടെ ടീമും നന്നായി പൊരുതി. അങ്ങനെ അവസാന ഓവറെത്തി. കളി ജയിയ്ക്കാന്‍ എതിര്‍ ടീമിന് വേണ്ടത് പത്ത് റണ്‍സ് മാത്രം. ഒരു വിക്കറ്റ് ബാക്കി. പക്ഷേ അപ്പോള്‍ ക്രീസില്‍ നില്‍‌ക്കുന്നത് എതിര്‍ ടീമിന്റെ ക്യാപ്റ്റനും മികച്ച ബാറ്റ്സ്മാനുമായ സാബു ചേട്ടനാണ്. സാബു ചേട്ടന്‍ ഔട്ടായില്ലെങ്കില്‍ ആ ഓവറില്‍ അവര്‍ ജയിയ്ക്കും എന്ന് നിശ്ചയം. അവസാന ഓവര്‍ എറിയുന്നത് ഞങ്ങളുടെ ടീം ക്യാപ്റ്റനും ഇപ്പറഞ്ഞ സാബു ചേട്ടന്റെ അനുജനുമായ സലീഷേട്ടനാണ് (ചേട്ടനുമനിയനുമാണെങ്കിലും രണ്ടാളും കളിക്കളത്തില്‍ ബദ്ധശത്രുക്കളാണ്. ശരിയ്ക്കും ആ ഒരു കാരണം കൊണ്ടാണ് അത്തവണയും ഒരേ ടീമുകള്‍ തുടര്‍ച്ചയായി കളിയ്ക്കേണ്ടി വന്നതും. ജയിച്ച ആള്‍ തോറ്റയാളെ കണക്കിന് കളിയാക്കും, വെല്ലുവിളിയ്ക്കും. സ്വാഭാവികമായും മറ്റേയാള്‍ ആ വെല്ലുവിളി ഏറ്റെടുത്ത് പിറ്റേന്ന് അതേ ടീമംഗങ്ങളെ വച്ച് പിന്നെയും കളിയ്ക്കാന്‍ തീരുമാനമാകും.)

കൂട്ടത്തില്‍ ഏറ്റവും ചെറുതായതിനാലും മോശം ഫീല്‍ഡറായിരുന്നതിനാലും പന്ത് അധികവും വരാത്ത സ്ഥലത്ത് ബൌണ്ടറിയ്ക്കരികിലായിരുന്നു എന്നെ ഫീല്‍‌ഡില്‍ നിര്‍ത്തിയിരുന്നത്. അതു കൊണ്ട് എനിയ്ക്ക് വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല.ആ ഓവറിലെ ആദ്യ പന്തു തന്നെ സാബു ചേട്ടന്‍ സിക്സറടിച്ചു. ഇനി ജയിയ്ക്കാന്‍ 5 പന്തില്‍ 4 റണ്‍സ് മതി. സാബു ചേട്ടന്‍ ബൌണ്ടറി ലാക്കാക്കി അടിച്ച രണ്ടാം പന്ത് ഉരുണ്ട് വന്നത് ബൌണ്ടറിയ്ക്കരികിലായി നിന്നിരുന്ന എന്റെ നേരെ. ഫീല്‍ഡേഴ്സ് എല്ലാവരും എന്റെ പേര് വിളിച്ചു കുവുന്നത് കേട്ടപ്പോഴാണ് ഞാനും ആ പന്ത് കാണുന്നത് തന്നെ. (ഞാനത്രയും നേരം ചുറ്റുപാടുമുള്ള കാഴ്ചകള്‍ കണ്ടു നില്‍‌ക്കുകയായിരുന്നല്ലോ) എന്തായാലും ഒരു ആവേശത്തില്‍ പന്തിനു പിന്നാലെ എടുത്തു ചാടിയതു കാരണം ബൌണ്ടറിയ്ക്ക് തൊട്ട് മുന്നില്‍ വച്ച് പന്ത് തടുത്ത് തിരിച്ച് എറിഞ്ഞു കൊടുക്കാനും അങ്ങനെ വിലപ്പെട്ട 2 റണ്‍സ് സേവ് ചെയ്യാനും എനിയ്ക്കായി. പക്ഷേ ആ പരാക്രമത്തിനിടയില്‍ ബൌണ്ടറിയോട് ചേര്‍ന്ന് നിന്നിരുന്ന ഒരു മുള്ളു മുരിയ്ക്കില്‍ എന്റെ ദേഹം ഒന്ന് ഉരഞ്ഞു പൊട്ടി. എങ്കിലും എല്ലാവരും ആ ശ്രമത്തിനെ കയ്യടിച്ച് അഭിനന്ദിച്ചപ്പോള്‍ ആ വേദന ഞാന്‍ മറന്നു. ഇനി 4 പന്തില്‍ 2 റണ്‍സ് മതി. ഞാന്‍ എന്റെ മുറിവുകള്‍ പരിശോധിച്ചു കഴിഞ്ഞ് കളിയിലേയ്ക്ക് വീണ്ടും ശ്രദ്ധിയ്ക്കുന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോഴേയ്ക്കും സലീഷേട്ടന്‍ അടുത്ത പന്തും എറിഞ്ഞു കഴിഞ്ഞിരുന്നു. എത്രയും വേഗം കളി ജയിപ്പിയ്ക്കാനുള്ള ആവേശത്തില്‍ സാബു ചേട്ടന്‍ ആ പന്തും ഉയര്‍‌ത്തിയടിച്ചു.

മുറിവില്‍ ശ്രദ്ധിച്ചു കൊണ്ടു നിന്ന എനിയ്ക്ക് എന്തോ ഒന്ന് എന്റെ നേരെ പറന്ന് വരുന്നത് ഒരു മിന്നായം പോലെ കണ്ടതു മാത്രമേ ഓര്‍‌മ്മയുള്ളൂ. “ഹെന്റമ്മേ!” എന്ന ഒരു കരച്ചിലോടെ ഞാന്‍ നെഞ്ചും പൊത്തിപ്പിടിച്ചു കൊണ്ട് താഴെയിരുന്നു പോയി. എന്തായിരുന്നു സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ചുറ്റും നില്‍ക്കുന്നവര്‍ എതാനും നിമിഷങ്ങളെടുത്തു. “ഹൌ ഈസ് ദാറ്റ്” എന്നും അലറി വിളിച്ചു കൊണ്ട് സലീഷേട്ടന്‍ എന്റടുത്തേയ്ക്ക് ഓടിയടുക്കുന്നത് കണ്ടപ്പോഴാണ് എല്ലാവര്‍ക്കും കാര്യം മനസ്സിലായത്. കളി ജയിപ്പിയ്ക്കാന്‍ സാധിയ്ക്കാതിരുന്ന നിരാശയില്‍ സാബു ചേട്ടന്‍ ബാറ്റും താഴെയിട്ട് ഗ്രൌണ്ടില്‍ തന്നെ ഇരുന്നു. നിസ്സാര മാര്‍‌ജ്ജിനിലാണെങ്കിലും ആ കളി ജയിപ്പിയ്ക്കുന്നതിന് കാരണക്കാരനായ എന്നെയും പൊക്കിയെടുത്ത് ടീമംഗങ്ങളെല്ലാം വിജയ നൃത്തം ചവിട്ടുമ്പോള്‍ ‘എന്തു കൊണ്ടിട്ടാണ് എനിയ്ക്ക് നെഞ്ച് വേദന എടുക്കുന്നത് എന്നും ആ പന്തെങ്ങനെ എന്റെ കയ്യില്‍ വന്നു’ എന്നും ആലോചിച്ച് അന്തം വിട്ടിരിയ്ക്കുകയായിരുന്നു ഞാന്‍.

എന്തായാലും ആ അവധിക്കാലത്തെ കലാശക്കളി അങ്ങനെ ഞങ്ങള്‍ക്ക് ജയിയ്ക്കാനായി. ആ ഒരൊറ്റ സംഭവത്തിന്റെ പേരില്‍ പില്‍ക്കാലത്ത് അവിടെ നടന്ന കളികളിലെല്ലാം സീനിയര്‍ ടീമിന്റെ കൂടെ എന്നെയും ചേര്‍ക്കാനും തുടങ്ങി. അന്നു വരെ ക്രിക്കറ്റ് കളിയോട് അത്രയ്ക്ക് മമത ത്തോന്നാതിരുന്ന എനിയ്ക്ക് അന്നത്തെ സംഭവവും ടീമംഗങ്ങളില്‍ നിന്നും കിട്ടിയ പ്രോത്സാഹനവും ഒരു പുതിയ ആവേശമാണ് നല്‍‌കിയത്. അതിനു ശേഷമാണ് ഞാന്‍ ടി വി യില്‍ കാണിയ്ക്കാറുള്ള ക്രിക്കറ്റ് കളി ശ്രദ്ധിയ്ക്കാന്‍ തുടങ്ങിയതും. 1992 ല്‍ നടന്ന ലോകകപ്പോടെ പൂര്‍ണ്ണമായും ക്രിക്കറ്റിനെ ഇഷ്ടപ്പെടാനും തുടങ്ങി.

ഇപ്പോഴും ടീവിയില്‍ ആദ്യ 20 - 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വിജയവും കപ്പും നേടിക്കൊടുക്കാന്‍ കാരണമായ ശ്രീശാന്തിന്റെ ആ ക്യാച്ച് കാണുമ്പോഴോ അതെപ്പറ്റിയുള്ള ലേഖനങ്ങള്‍ വായിയ്ക്കുമ്പോഴോ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ ഈ സംഭവവും ഓര്‍‌ക്കാറുണ്ട്...