Monday, May 3, 2010

ഒരു ക്രിക്കറ്റ് സ്മരണ

80 കളുടെ അവസാനത്തിലും 90 കളിലുമായിട്ടായിരുന്നു എന്റെ വിദ്യഭ്യാസ കാലം. അന്നെല്ലാം മദ്ധ്യവേനലവധി വരാനുള്ള കാത്തിരിപ്പ് ഫെബ്രുവരി-മാർ‌ച്ച് മാസങ്ങളിലേ ആ‍രംഭിയ്ക്കും. മാർ‌ച്ച് മദ്ധ്യത്തോടെ നടക്കാൻ‌ പോകുന്ന വാർഷിക പരീക്ഷകളേക്കാൾ തയ്യാറെടുപ്പുകളാണ് അതു കഴിഞ്ഞു വരുന്ന ഏപ്രിൽ‌ - മെയ് കാലയളവിലെ അവധിയ്ക്ക് കളിയ്ക്കേണ്ടുന്ന കളികൾ‌ക്ക് വേണ്ടി നടത്താറുള്ളത്. അവധിയ്ക്ക് ഉണ്ടാകാൻ‌ സാധ്യതയുള്ള എല്ലാ കുട്ടികളുടേയും എന്തെല്ലാം കളികൾ‌ കളിയ്ക്കാം എന്നുള്ളതിന്റേയുമെല്ലാം ലിസ്റ്റ് പോലും തയ്യാറാക്കുന്നത് പരീക്ഷകൾ‌ക്കിടയിലായിരിയ്ക്കും. എന്നിട്ട് മാർ‌ച്ച് മാസം മുതൽ‌ കൗണ്ട് ഡൗൺ തുടങ്ങും... പരീക്ഷ തുടങ്ങാൻ ഇനിയെത്ര ദിവസം എന്ന് അല്ല, മറിച്ച് പരീക്ഷകൾ‌ കഴിയാൻ എത്ര ദിവസമുണ്ട് എന്നായിരിയ്ക്കും എണ്ണുക.

വാർ‌ഷിക പരീക്ഷകളുടെ പേടിയും ചൂടുമെല്ലാം തോന്നുന്നത് ആദ്യ പരീക്ഷ തുടങ്ങുന്നതിന് രണ്ടോ മൂന്നോ ദിവസം മുൻ‌പ് മാത്രം. ആ പേടിയെല്ലാം ആദ്യ പരീക്ഷ കഴിയുന്നതോടെ മാറുകയും ചെയ്യും. ഇനി ഒരു വിഷയം കുറച്ച് പഠിച്ചാൽ‌ മതിയല്ലോ എന്ന് ആശ്വസിയ്ക്കും. സ്കൂളിൽ നിന്നും വീട്ടിലെത്തിയാൽ ആദ്യം തന്നെ, ഡ്രസ്സ് മാറുന്നതിനും ഭക്ഷണം കഴിയ്ക്കുന്നതിനും മുൻ‌പ് ചെയ്യുന്ന ഒരു പ്രവൃത്തിയുണ്ട് - നേരെ പഠന മുറിയിലെത്തി അന്ന് പരീക്ഷയെഴുതി കഴിഞ്ഞ വിഷയത്തിന്റെ ടെക്സ്റ്റും നോട്ടുമടക്കം എല്ലാ പുസ്തകങ്ങളും എടുത്ത് മാറ്റി വയ്ക്കുക എന്നത്. പിന്നീടൊരിയ്ക്കലും ആ വിഷയം പഠിയ്ക്കേണ്ടല്ലോ എന്ന സന്തോഷമാകും അപ്പോൾ മനസ്സു നിറയെ. മനസ്സിന് ഏറ്റവും സന്തോഷം തോന്നാറുള്ള നിമിഷങ്ങളിലൊന്നാണ് അത്.

അവസാന പരീക്ഷയുടെ അന്ന് പരീക്ഷയെ കുറിച്ച് ഒട്ടും വേവലാതി തോന്നാറില്ല. എങ്ങനെയെങ്കിലും അത് ഒന്ന് എഴുതി തീർ‌ത്ത് വീട്ടിലെത്തിയാൽ മതി എന്നു മാത്രമാകും മനസ്സിൽ. അന്നത്തെ പരീക്ഷ കഴിഞ്ഞാൽ വീട്ടിലേയ്ക്ക് ഒരു ഓട്ടമാണ്. കളിയ്ക്കാനുള്ള തിരക്കിൽ ഭക്ഷണം പോലും വേണ്ടെന്ന് വയ്ക്കാൻ മടി തോന്നാറില്ല.
പത്താം ക്ലാസ്സു വരെയുള്ള എല്ലാ അവധിക്കാലങ്ങളും ഇതിന്റെ തനിപ്പകർ‌പ്പായിരുന്നു. പല സമയത്തും കളിക്കൂട്ടുകാർ മാറി മാറി വരാറുണ്ട് എന്ന് മാത്രം. കൊരട്ടിയിൽ താമസിച്ചിരുന്ന കാലത്ത് (രണ്ടാം ക്ലാസ്സ് വരെ) എന്റെ സമപ്രായക്കരോ അതിലും താഴെയുള്ളവരോ ആയിരുന്നു കൂടുതലുമെങ്കിൽ‌ എന്റെ നാടായ വാളൂർ‌ വന്നപ്പോൾ മുതൽ കൂടുതലും എന്നേക്കാൾ മുതിർന്നവരായി.

അങ്ങനെ ഞങ്ങൾ‌ നാട്ടിലേയ്ക്ക് താമസം മാറ്റിയ സമയം. മൂന്നാം ക്ലാസ്സിലെ മദ്ധ്യവേനലവധിയായി. നാട്ടിലെ കുട്ടിക്കൂട്ടങ്ങൾക്കിടയിൽ താരതമ്യേന പുതുമുഖമായതു കൊണ്ട് എനിയ്ക്ക് അധികം കൂട്ടുകാരായിട്ടുണ്ടായിരുന്നില്ല. ചേട്ടനാണെങ്കിൽ സ്വന്തം ക്ലാസ്സിൽ തന്നെ പഠിയ്ക്കുന്ന രണ്ടു മൂന്നു കൂട്ടുകാർ അയൽ‌പക്കങ്ങളിൽ‌ തന്നെ ഉണ്ടായിരുന്നതു കൊണ്ട് അവരുടെ കൂടെ എളുപ്പത്തിൽ കൂടാൻ പറ്റി. എന്റെ സമപ്രായക്കാർ കുറവായിരുന്നതിനാലും അവിടെ സാധാരണ കളികൾ നടക്കാറുള്ളത് കൊച്ചു കുട്ടികൾ, ഇടത്തരക്കാര്‍, മുതിർ‌ന്നവര്‍ പിന്നെ പെൺ‌കുട്ടികൾ എന്നിങ്ങനെ തരം തിരിച്ചും ആയിരുന്നതിനാൽ എന്നെ ചേട്ടന്റെയും മറ്റും ഗ്യാങ്ങിലേയ്ക്ക് പരിഗണിയ്ക്കാറില്ല.

എനിയ്ക്ക് താഴെയുള്ള കുട്ടികളെല്ലാം തീരെ ചെറിയ കുട്ടികളായതിനാൽ അവരുടെ കൂടെ കളിയ്ക്കുന്നതിന് ഒരു രസവുമുണ്ടാകാറില്ല. അതിനാൽ‌ എങ്ങനെയെങ്കിലും വലിയവരുടെ കൂട്ടത്തിൽ‌ അംഗത്വം നേടുക എന്നതായിരുന്നു എന്റെയും സ്വപ്നം. എല്ലാ ദിവസവും ഞാൻ അവരുടെ പിന്നാലെ നടക്കും. ഓരോ കളികളിലും അവർ എന്നെ ഉൾ‌പ്പെടുത്തും എന്ന് പ്രതീക്ഷിയ്ക്കും. പക്ഷേ, ഒന്നും നടക്കാറില്ല. ഓരോരോ കാരണങ്ങൾ‌ പറഞ്ഞ് അവരെന്നെ ഒഴിവാക്കുകയും ചെയ്യും. ആളു കൂടുതല്‍‌ ആവശ്യമുള്ള ക്രിക്കറ്റിലും ഫുട്ബോളിലും പോലും എനിയ്ക്ക് അവസരം കിട്ടാറില്ല. അതിനു മാത്രം മുതിര്‍ന്നവര്‍ അവിടെ ഉണ്ടായിരുന്നു എന്നതു തന്നെ പ്രധാന കാരണം. ഒന്ന് രണ്ട് അവസരങ്ങളില്‍ ക്രിക്കറ്റോ മറ്റോ കളിയ്ക്കുമ്പോള്‍ വേണ്ടത്ര ആളുകള്‍ തികയാതെ വരുമ്പോള്‍ സബ്‌സ്റ്റിറ്റ്യൂട്ട് ആയി എന്നെ ഇറക്കുമായിരുന്നു. മിക്കവാറും ഫീല്‍ഡ് ചെയ്യാന്‍ മാത്രമോ അല്ലെങ്കില്‍ അവസാന നമ്പറില്‍ ബാറ്റു ചെയ്യാനോ ഒക്കെ ആയിരിയ്ക്കും. വല്ലപ്പോഴുമായി ഇങ്ങനെ വീണു കിട്ടുന്ന അര്‍‌ദ്ധാവസരങ്ങള്‍‌ മുതലാക്കാന്‍ എനിയ്ക്കു കഴിയാറുമില്ല. കാരണം പലപ്പോഴും ഫീല്‍ഡിങ്ങിനിടെ കയ്യിലേയ്ക്ക് വരുന്ന ക്യാച്ചുകള്‍ പോലും നിലത്തിടുക, റണ്ണൌട്ടാക്കാനുള്ള സുവര്‍ണ്ണാവസരങ്ങള്‍‌ പോലും തുലയ്ക്കുക, ഇനി ബാറ്റു ചെയ്യുമ്പോഴാണെങ്കില്‍ ആദ്യ പന്തില്‍ തന്നെ പൂജ്യനായി പുറത്താകുക അല്ലെങ്കില്‍‌ സ്വന്തം ടീമംഗത്തെ തന്നെ റണ്ണൌട്ടാക്കുക ‍അങ്ങനെയങ്ങനെ പോകും എന്നെക്കൊണ്ട് അവര്‍ക്കുള്ള പൊല്ലാപ്പുകള്‍. അതു കൊണ്ടു തന്നെ എന്നെ ഏതെങ്കിലും ടീമിലെടുക്കാന്‍ ആരും തയ്യാറാകാറുമില്ല.

ചിലപ്പോഴെല്ലാം ചില കളികള്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കും. അതായത് ഒരു തവണ രണ്ടു ടീമുകളായി തിരിഞ്ഞ് കളി തുടങ്ങിയാല്‍ അന്നത്തെ കളി കഴിഞ്ഞാലും തുടര്‍ന്നുള്ള ദിവസങ്ങളിലും അതേ ടീം തന്നെ പിന്നെയും കളിയ്ക്കും. പലപ്പോഴും ജയിച്ച ടീമിന്റെ കളിയാക്കലുകള്‍ കൂടുമ്പോഴോ തോറ്റവരുടെ വെല്ലുവിളികള്‍ കൂടുമ്പോഴോ ആയിരിയ്ക്കും അതേ ടീമിലെ അംഗങ്ങളെ നിലനിര്‍‌ത്തിക്കൊണ്ട് ദിവസങ്ങളോളം കളിയ്ക്കേണ്ടി വരിക.

ഒരിയ്ക്കല്‍ അതു പോലെ രണ്ടു ടീമുകള്‍ തിരിഞ്ഞ് കളി പുരോഗമിച്ചു കൊണ്ടിരിയ്ക്കുന്നു. മെയ് മാസവും അതോടൊപ്പം ആ അവധിക്കാലവും അവസാനിയ്ക്കകയായിരുന്നു. അന്ന് അവസാന ‍അവധി ദിവസമാണ്. അതു കൊണ്ട് ഇരു കൂട്ടരും വാശിയിലായിരുന്നു. അപ്പോള്‍ തന്നെ ഇതേ ടീമുകള്‍ പല തവണ ഏറ്റുമുട്ടി കഴിഞ്ഞിരുന്നു. രണ്ടു ടീമുകളും തുല്യമായ എണ്ണം മത്സരങ്ങള്‍ ജയിച്ച് നില്‍‌ക്കുന്ന സമയം. അന്ന് എന്തോ കാരണം കൊണ്ട് എന്റെ ചേട്ടനും ജിബിഷേട്ടനുമെല്ലാം ഉള്‍പ്പെട്ട ടീമില്‍ ഒരാളുടെ കുറവു വന്നു. വേറെ നിവൃത്തി ഇല്ലാത്തതിനാല്‍‌ പകരക്കാരനായി എന്നെ തന്നെ അവര്‍‌ക്ക് ടീമില്‍ ഉള്‍‌പ്പെടുത്തേണ്ടി വന്നു. എതിര്‍ ടീമംഗങ്ങളാണെങ്കില്‍‌ അധികവും ഒമ്പതിലേയും പത്തിലേയും ചേട്ടന്മാരാണ്.

വൈകാതെ കളി തുടങ്ങി, പത്തോവര്‍ മത്സരമാണ്, ഞങ്ങളുടെ ടീമിന്റെ ബാറ്റിങ്ങ് കഴിഞ്ഞു. (അവസാന ബാറ്റ്സ്മാനായതു കൊണ്ട് എന്റെ സംഭാവന ഒന്നും വേണ്ടി വന്നില്ല) സ്കോര്‍ ഏതാണ്ട് അമ്പതു റണ്‍സോ മറ്റോ ആണെന്നാണ് ഓര്‍‌മ്മ. എങ്കിലും എതിര്‍ ടീമിലെ സീനിയര്‍ ചേട്ടന്മാര്‍‌ക്ക് നിസ്സാരമായി മറികടക്കാവുന്ന സ്കോര്‍ തന്നെ ആയിരുന്നു അത്. എങ്കിലും ഞങ്ങളുടെ ടീമും നന്നായി പൊരുതി. അങ്ങനെ അവസാന ഓവറെത്തി. കളി ജയിയ്ക്കാന്‍ എതിര്‍ ടീമിന് വേണ്ടത് പത്ത് റണ്‍സ് മാത്രം. ഒരു വിക്കറ്റ് ബാക്കി. പക്ഷേ അപ്പോള്‍ ക്രീസില്‍ നില്‍‌ക്കുന്നത് എതിര്‍ ടീമിന്റെ ക്യാപ്റ്റനും മികച്ച ബാറ്റ്സ്മാനുമായ സാബു ചേട്ടനാണ്. സാബു ചേട്ടന്‍ ഔട്ടായില്ലെങ്കില്‍ ആ ഓവറില്‍ അവര്‍ ജയിയ്ക്കും എന്ന് നിശ്ചയം. അവസാന ഓവര്‍ എറിയുന്നത് ഞങ്ങളുടെ ടീം ക്യാപ്റ്റനും ഇപ്പറഞ്ഞ സാബു ചേട്ടന്റെ അനുജനുമായ സലീഷേട്ടനാണ് (ചേട്ടനുമനിയനുമാണെങ്കിലും രണ്ടാളും കളിക്കളത്തില്‍ ബദ്ധശത്രുക്കളാണ്. ശരിയ്ക്കും ആ ഒരു കാരണം കൊണ്ടാണ് അത്തവണയും ഒരേ ടീമുകള്‍ തുടര്‍ച്ചയായി കളിയ്ക്കേണ്ടി വന്നതും. ജയിച്ച ആള്‍ തോറ്റയാളെ കണക്കിന് കളിയാക്കും, വെല്ലുവിളിയ്ക്കും. സ്വാഭാവികമായും മറ്റേയാള്‍ ആ വെല്ലുവിളി ഏറ്റെടുത്ത് പിറ്റേന്ന് അതേ ടീമംഗങ്ങളെ വച്ച് പിന്നെയും കളിയ്ക്കാന്‍ തീരുമാനമാകും.)

കൂട്ടത്തില്‍ ഏറ്റവും ചെറുതായതിനാലും മോശം ഫീല്‍ഡറായിരുന്നതിനാലും പന്ത് അധികവും വരാത്ത സ്ഥലത്ത് ബൌണ്ടറിയ്ക്കരികിലായിരുന്നു എന്നെ ഫീല്‍‌ഡില്‍ നിര്‍ത്തിയിരുന്നത്. അതു കൊണ്ട് എനിയ്ക്ക് വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല.ആ ഓവറിലെ ആദ്യ പന്തു തന്നെ സാബു ചേട്ടന്‍ സിക്സറടിച്ചു. ഇനി ജയിയ്ക്കാന്‍ 5 പന്തില്‍ 4 റണ്‍സ് മതി. സാബു ചേട്ടന്‍ ബൌണ്ടറി ലാക്കാക്കി അടിച്ച രണ്ടാം പന്ത് ഉരുണ്ട് വന്നത് ബൌണ്ടറിയ്ക്കരികിലായി നിന്നിരുന്ന എന്റെ നേരെ. ഫീല്‍ഡേഴ്സ് എല്ലാവരും എന്റെ പേര് വിളിച്ചു കുവുന്നത് കേട്ടപ്പോഴാണ് ഞാനും ആ പന്ത് കാണുന്നത് തന്നെ. (ഞാനത്രയും നേരം ചുറ്റുപാടുമുള്ള കാഴ്ചകള്‍ കണ്ടു നില്‍‌ക്കുകയായിരുന്നല്ലോ) എന്തായാലും ഒരു ആവേശത്തില്‍ പന്തിനു പിന്നാലെ എടുത്തു ചാടിയതു കാരണം ബൌണ്ടറിയ്ക്ക് തൊട്ട് മുന്നില്‍ വച്ച് പന്ത് തടുത്ത് തിരിച്ച് എറിഞ്ഞു കൊടുക്കാനും അങ്ങനെ വിലപ്പെട്ട 2 റണ്‍സ് സേവ് ചെയ്യാനും എനിയ്ക്കായി. പക്ഷേ ആ പരാക്രമത്തിനിടയില്‍ ബൌണ്ടറിയോട് ചേര്‍ന്ന് നിന്നിരുന്ന ഒരു മുള്ളു മുരിയ്ക്കില്‍ എന്റെ ദേഹം ഒന്ന് ഉരഞ്ഞു പൊട്ടി. എങ്കിലും എല്ലാവരും ആ ശ്രമത്തിനെ കയ്യടിച്ച് അഭിനന്ദിച്ചപ്പോള്‍ ആ വേദന ഞാന്‍ മറന്നു. ഇനി 4 പന്തില്‍ 2 റണ്‍സ് മതി. ഞാന്‍ എന്റെ മുറിവുകള്‍ പരിശോധിച്ചു കഴിഞ്ഞ് കളിയിലേയ്ക്ക് വീണ്ടും ശ്രദ്ധിയ്ക്കുന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോഴേയ്ക്കും സലീഷേട്ടന്‍ അടുത്ത പന്തും എറിഞ്ഞു കഴിഞ്ഞിരുന്നു. എത്രയും വേഗം കളി ജയിപ്പിയ്ക്കാനുള്ള ആവേശത്തില്‍ സാബു ചേട്ടന്‍ ആ പന്തും ഉയര്‍‌ത്തിയടിച്ചു.

മുറിവില്‍ ശ്രദ്ധിച്ചു കൊണ്ടു നിന്ന എനിയ്ക്ക് എന്തോ ഒന്ന് എന്റെ നേരെ പറന്ന് വരുന്നത് ഒരു മിന്നായം പോലെ കണ്ടതു മാത്രമേ ഓര്‍‌മ്മയുള്ളൂ. “ഹെന്റമ്മേ!” എന്ന ഒരു കരച്ചിലോടെ ഞാന്‍ നെഞ്ചും പൊത്തിപ്പിടിച്ചു കൊണ്ട് താഴെയിരുന്നു പോയി. എന്തായിരുന്നു സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ചുറ്റും നില്‍ക്കുന്നവര്‍ എതാനും നിമിഷങ്ങളെടുത്തു. “ഹൌ ഈസ് ദാറ്റ്” എന്നും അലറി വിളിച്ചു കൊണ്ട് സലീഷേട്ടന്‍ എന്റടുത്തേയ്ക്ക് ഓടിയടുക്കുന്നത് കണ്ടപ്പോഴാണ് എല്ലാവര്‍ക്കും കാര്യം മനസ്സിലായത്. കളി ജയിപ്പിയ്ക്കാന്‍ സാധിയ്ക്കാതിരുന്ന നിരാശയില്‍ സാബു ചേട്ടന്‍ ബാറ്റും താഴെയിട്ട് ഗ്രൌണ്ടില്‍ തന്നെ ഇരുന്നു. നിസ്സാര മാര്‍‌ജ്ജിനിലാണെങ്കിലും ആ കളി ജയിപ്പിയ്ക്കുന്നതിന് കാരണക്കാരനായ എന്നെയും പൊക്കിയെടുത്ത് ടീമംഗങ്ങളെല്ലാം വിജയ നൃത്തം ചവിട്ടുമ്പോള്‍ ‘എന്തു കൊണ്ടിട്ടാണ് എനിയ്ക്ക് നെഞ്ച് വേദന എടുക്കുന്നത് എന്നും ആ പന്തെങ്ങനെ എന്റെ കയ്യില്‍ വന്നു’ എന്നും ആലോചിച്ച് അന്തം വിട്ടിരിയ്ക്കുകയായിരുന്നു ഞാന്‍.

എന്തായാലും ആ അവധിക്കാലത്തെ കലാശക്കളി അങ്ങനെ ഞങ്ങള്‍ക്ക് ജയിയ്ക്കാനായി. ആ ഒരൊറ്റ സംഭവത്തിന്റെ പേരില്‍ പില്‍ക്കാലത്ത് അവിടെ നടന്ന കളികളിലെല്ലാം സീനിയര്‍ ടീമിന്റെ കൂടെ എന്നെയും ചേര്‍ക്കാനും തുടങ്ങി. അന്നു വരെ ക്രിക്കറ്റ് കളിയോട് അത്രയ്ക്ക് മമത ത്തോന്നാതിരുന്ന എനിയ്ക്ക് അന്നത്തെ സംഭവവും ടീമംഗങ്ങളില്‍ നിന്നും കിട്ടിയ പ്രോത്സാഹനവും ഒരു പുതിയ ആവേശമാണ് നല്‍‌കിയത്. അതിനു ശേഷമാണ് ഞാന്‍ ടി വി യില്‍ കാണിയ്ക്കാറുള്ള ക്രിക്കറ്റ് കളി ശ്രദ്ധിയ്ക്കാന്‍ തുടങ്ങിയതും. 1992 ല്‍ നടന്ന ലോകകപ്പോടെ പൂര്‍ണ്ണമായും ക്രിക്കറ്റിനെ ഇഷ്ടപ്പെടാനും തുടങ്ങി.

ഇപ്പോഴും ടീവിയില്‍ ആദ്യ 20 - 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വിജയവും കപ്പും നേടിക്കൊടുക്കാന്‍ കാരണമായ ശ്രീശാന്തിന്റെ ആ ക്യാച്ച് കാണുമ്പോഴോ അതെപ്പറ്റിയുള്ള ലേഖനങ്ങള്‍ വായിയ്ക്കുമ്പോഴോ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ ഈ സംഭവവും ഓര്‍‌ക്കാറുണ്ട്...

126 comments:

  1. ശ്രീ said...

    ഒരു പഴയ അവധിക്കാല ഓര്‍മ്മക്കുറിപ്പ്.

    90 കളുടെ തുടക്കത്തിലെ ഒരു സംഭവമാണ് ഇത്. ഒരു പക്ഷേ ഈ സംഭവമാകാം ക്രിക്കറ്റ് എന്ന കളിയോട് എനിയ്ക്ക് താല്പര്യം കൂടുവാന്‍ കാരണമായത് എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.

  2. laloo said...

    കൊള്ളാം
    ശിക്കാരി ശംഭൊ !

  3. Unknown said...

    ശ്രീ,
    ഓര്‍മ്മകള്‍ എന്നെയും ചിലപ്പോള്‍ സന്തോഷിപ്പിക്കാറും ദുഖിപ്പിക്കാരുമുണ്ട്‌. ചിലത് അങ്ങനെയാണ്.

  4. ramanika said...

    വീണ്ടും ഒരു അവധിക്കാലം കിട്ടിയപോലെ ....

  5. Echmukutty said...

    എനിക്ക് പരിചയമില്ലാത്ത ഒരു കളിയാണിത്. ശ്രമിച്ചിട്ടും മനസ്സിലാക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ട് ഈ കളിക്കാരോടെല്ലാം വലിയ ബഹുമാനമാണ്.
    അപ്പോൾ ശ്രീയോടും........
    നല്ല പോസ്റ്റ്. ഇഷ്ടപ്പെട്ടു.

  6. Unknown said...

    ഫീല്‍ഡേഴ്സ് എല്ലാവരും എന്റെ പേര് വിളിച്ചു കുവുന്നത് കേട്ടപ്പോഴാണ് ഞാനും ആ പന്ത് കാണുന്നത് തന്നെ. (ഞാനത്രയും നേരം ചുറ്റുപാടുമുള്ള കാഴ്ചകള്‍ കണ്ടു നില്‍‌ക്കുകയായിരുന്നല്ലോ) .....

    ഹ ഹ ശരിക്കും ചിരിപിച്ചു .....പഴ കാലത്തേക്ക് ഒരികല്‍ കൂടി കൂട്ടി കൊണ്ട് പോയി
    നന്ദി ശ്രീ .................

  7. കുഞ്ഞൻ said...

    ശ്രീക്കുട്ടാ..

    പഴയ കാലം തിരിച്ചുവന്നതുപോലെ...രസകരമായിട്ടുണ്ട്.

    ഈ സംഭവം മുമ്പ് ഏതെങ്കിലും പോസ്റ്റിൽ പറഞ്ഞിട്ടുണ്ടൊ..? എനിക്ക് ഈ കഥ മുമ്പ് കേട്ടതുപോലെ തോന്നുന്നു...

  8. Anonymous said...

    നമ്മുടെ റ്റോംസ് കോനുമഠം ഒരു സംഭവം തന്നെ ...........

  9. b Studio said...

    ഇങ്ങനെ ഫീൽഡിൽ ഒളിപ്പിച്ചു നിർത്തപ്പെടുന്ന കളിക്കാർക്കു വേണ്ടി ഈ പോസ്റ്റ് സമർപ്പിക്കാം അല്ലേ

  10. ഭായി said...

    ഒരു ടീം ജയിപ്പിക്കുക എന്നൊക്കെ പറഞാൽ നല്ല കാര്യം തന്നെയാണ്, ശ്രീക്ക് അഭിനന്ദനത്തിന്റെ പുഷ്പ ഹാരങളും ചെണ്ടും എന്റെ വഹ. ഞാനും 10 ൽ പഠിക്കുംബോൾ സ്കൂൾ തല മത്സരത്തിൽ ഒറ്റക്ക് ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. എതിർ ടീമിന് ജയിക്കാൻ 24 റൻസ് വേണം അവസാ‍ന ഓവർ. ഞാനാണ് ബൌളർ. സ്കോർ ബോർഡ് കാണുക 1-WIDE, 2-6, 3-4, 4-6, 5-WIDE, 6-4, 7-WIDE, 8-6 അതെ, ഫൈനലിൽ ഞാൻ ഒറ്റക്ക് ജയിപ്പിച്ചത് എതിർ സ്കൂളിന്റെ ടീമിനെയായിരുന്നു. ബോർഡിംഗ് സ്കൂൾ ആയിരുന്നതിനാൽ പാരന്റ്സ് ഇല്ലാതെ വീട്ടിൽ പോകാൻ പറ്റില്ല. എന്നിട്ടും ജീവ ഭയത്താൽ ഒറ്റക്ക് വണ്ടി കയറി വീട്ടിലേക്ക് ഞാൻ രക്ഷപ്പെട്ടു 3 ആഴ്ച സ്കൂളിൽ പോയില്ല്ല.

  11. ബഷീർ said...

    അവധിക്കാല കുറിപ്പ് കേമായി :)

    പുലിയുടെ മേലേക്ക് പേടിച്ച് ബോധം കെട്ട് വീണ് .വീണത് വിദ്യയാക്കുന്ന നമ്മുടെ ശിക്കാരി ശംബുവിനെ ഓർമ്മവന്നു. :)


    മറ്റൊരു ശ്രീ യേ ക്രികറ്റ് ലോകത്തിന് നഷ്ടപ്പെട്ടല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത സന്തോഷം :)

  12. ശ്രീ said...

    laloo...
    ആദ്യ കമന്റിനു നന്ദി മാഷേ. സംഭവം ശരിയാണ്. ഒരര്‍ത്ഥത്തില്‍ ശിക്കാരി ശംഭു തന്നെ :)

    റ്റോംസ് കോനുമഠം...
    ശരിയാണ്. ഓര്‍മ്മകള്‍ അങ്ങനെയൊക്കെയാണ്.

    ramanika...
    വളരെ നന്ദി മാഷേ.

    Echmu ചേച്ചീ...
    എന്റെ അമ്മയും ആദ്യം ഇങ്ങനെ ആയിരുന്നു. പിന്നെ പിന്നെ ഞാനും ചേട്ടനും കൂടി കുറേശ്ശെ പറഞ്ഞു കൊടുത്ത് കുറച്ചൊക്കെ പഠിപ്പിച്ചു. (അതല്ലെങ്കില്‍ അന്ന് അമ്മ സീരിയല്‍ വയ്ക്കണം എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കാനോ അച്ഛന്‍ വരുമ്പോള്‍ ചീത്ത പറയാനോ സാധ്യത ഉണ്ടേയ്. ഇതാകുമ്പോള്‍ സപ്പോര്‍ട്ടിന് ഒരാളെ കൂടി കിട്ടുകയും ചെയ്യുമല്ലോ)
    കമന്റിനു നന്ദി. :)

    MyDreams...
    ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം :)

    കുഞ്ഞൻ ചേട്ടാ...
    ഓര്‍മ്മപ്പിശകല്ല, മുന്‍പൊരിയ്ക്കല്‍ ചേട്ടന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. :)

    Anonymous...
    അതെന്തേ അതിവിടെ പറയാന്‍?

    b Studio...
    സ്വാഗതം. തീര്‍ച്ചയായും. ഈ പോസ്റ്റ് അങ്ങനെ ഉള്ളവര്‍ക്കു കൂടിയുള്ളതാണ് :)

    ഭായി ...
    ഹ ഹ. അങ്ങനെ ഒറ്റയ്ക്ക് ഒരു ടീമിനെ ജയിപ്പിയ്ക്കുക എന്നത് അത്ര നിസ്സാര കാര്യമൊന്നുമല്ലല്ലോ അല്ലേ ഭായീ... എന്നാലും അതൊരിഉ ഒന്നൊന്നര ഓവറു തന്നെ ആയിപ്പോയി ട്ടോ ;)

    ബഷീര്‍ക്കാ...
    ഇതും ഏതാണ്ട് "ശിക്കാരി ശംഭു' ശൈലിയില്‍ തന്നെ പറ്റി പോയതാണ്. (ഇത്തരം അബദ്ധങ്ങള്‍ ഒരിയ്ക്കല്‍ മാത്രമൊന്നുമല്ല പറ്റിയിട്ടുള്ളതും) :)

  13. ദിവാരേട്ടN said...

    പോസ്റ്റ്‌ വായിച്ചുകഴിഞ്ഞപ്പോള്‍ അറിയാതെ ഒരു പാട്ട് മൂളി. "മധുരിക്കും ഓര്‍മ്മകളെ .. മണി മഞ്ചല്‍ കൊണ്ട് വരൂ.." നന്ദി, കാലത്തിലൂടെ പിറകോട്ടു നടത്തിയതിന് ....

  14. ഹംസ said...

    അറിയാതെ കയ്യില്‍ വന്നുപെട്ട ബോള്‍ നെഞ്ചുവേദനയുണ്ടാക്കിയെങ്കില്‍ എന്താ .. സീനിയര്‍ കളിക്കാര്‍ക്കിടയില്‍ സ്വന്തമായ ഒരു ഇമേജുണ്ടാക്കാന്‍ കഴിഞ്ഞില്ലെ ശ്രീ..! പരീക്ഷ് തുടങ്ങുന്ന ദിവസമ്മല്ല എണ്ണികെണ്ടിരിക്കുക അതു കഴിയുന്ന ദിവസം തന്നെയാണ് .. ഇത് എല്ലാവരും ഇങ്ങനെ തന്നെയാണ് അല്ലെ . ഞാന്‍ കരുതിയിരുന്നു ഞങ്ങള്‍ പഠിപ്പില്‍ മണ്ടന്മാര കുട്ടികള്‍ മാത്രമാണ് അങ്ങനെ എണ്ണുകയുള്ളൂ എന്നാണ്.. !! പിന്നെ പരീക്ഷയൊക്കെ കഴിഞ്ഞ് അവധി തുടങ്ങിയാല്‍ സത്യം പറഞ്ഞാല്‍ സ്കൂള്‍ തുറക്കാന്‍ പൂതിയാവും. ദൂര സ്ഥലത്തു നിന്നും വരുന്ന കൂട്ടുകാരെയൊക്കെ കാണാന്‍ കൊതിയാവാന്‍ തുടങ്ങും.!! നല്ല പോസ്റ്റ് ശ്രീ കുറച്ചു നേരം കുട്ടിക്കാലത്തിലൂടെ ഒന്നു ഓടി കളിച്ചു.!!

  15. ഹരിശ്രീ said...

    ഹ...ഹ... ഞാന്‍ നല്ല പോലെ ഓര്‍ക്കുന്നു ഈ സംഭവം...

    :)

  16. krishnakumar513 said...

    അവധിക്കാല ഓര്‍മ്മകള്‍ രസകരമായിരുന്നു,ശ്രീ..

  17. വരയും വരിയും : സിബു നൂറനാട് said...

    ഞങ്ങള്‍ക്കുമുണ്ടായിരുന്നു ഇത് പോലെ തന്നെ ക്രിക്കറ്റ്‌ മത്സരങ്ങള്‍..!!!
    പക്ഷെ എനിക്ക് ബോള്‍ ചെയ്യാന്‍ തരുന്ന ഓവറില്‍ തന്നെ മറ്റേ ടീം ജയിചിരിക്കും!!!

  18. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    പഴയ ഒരോർമ്മ ഞാനും അയവിറക്കട്ടെ ആറാം ക്ലാസിൽ ഹരിപ്പാട് ബോയ്സ് സ്കൂളിൽ ഞാൻ പഠിക്കുന്ന കാലത്താണ് അവിടെ ആദ്യമായി ക്രിക്കറ്റ് വരുന്നത്‌. വലിയചേട്ടന്മാർ പുതിയ കളി കളിക്കുന്നതു കാണുവാൻ അടുത്തുള്ള ഒരു ഷെഡ്ഡിന്റെ പടിയിൽകുന്തിച്ചിരുന്ന എന്റെ കണങ്കാലിലായിരുന്നു ആദ്യ പന്തു വന്നിടിച്ചത്‌. അതോർക്കുമ്പോൾ കണ്ണിൽകൂടി ഇന്നും പൊന്നീച്ച പറക്കും അന്നവിടുന്നു സ്കൂട്ടായ ഞാൻ പിന്നീട് അതിനടുത്തേക്കു പോയില്ല . ഒഇന്നെ ടിവിയിലാണെങ്കിൽ ചിലപ്പോൾ ശ്രദ്ധിക്കും.

    അപ്പോൾ ശ്രീ ഭാഗ്യവാൻ ഇതുപോലെ ഓർമ്മക്കുറിപ്പുകൾ ഇനിയും എഴുതൂ

  19. Sherlock Holmes said...

    കളിയും ചിരിയും കൂട്ടുകൂടലുകളും പിണക്കങ്ങളും വിഷുവും പൂരങ്ങളും ആഖോഷമാക്കിയ അവധിക്കാലം.........
    കഥകളിലെ വായിച്ചിട്ടുള്ളൂ....
    വെക്കേഷന്‍ ക്ലാസ്സുകളും കമ്പ്യൂട്ടര്‍ ഗെയിംസുകളും നിറഞ്ഞ അവധിക്കാലമേ ഞാന്‍ കണ്ടിട്ടുള്ളൂ...
    ശ്രീ, ഫീലിംഗ് എ ബിഗ്‌ "J"

  20. jayanEvoor said...

    ishtappettu!

    njanum oru pazhaya cricket player aayirunnu!

    Eru kollukayum kodukkukayum okkeyaayi oru kaalam!

    (Sorry ... my malayalam doesn't work)

  21. സുമേഷ് | Sumesh Menon said...

    ഹ ഹ.. ശ്രീയെട്ടന്‍, രസകരമായ ഓര്‍മ്മകള്‍.. അങ്ങിനെയങ്ങിനെ എത്ര കിടക്കുന്നു. അല്ലെ?

  22. Anonymous said...

    കോനുമട്ഠത്തെ വാഴ്ത്തുന്നു

  23. ഒഴാക്കന്‍. said...

    അങ്ങനെ ഒരു അവധികാലത്ത് !

  24. pallikkarayil said...

    "ഒരു ചക്ക വീണു, ഒരു മുയല്‍ ചത്തു" അല്ലെ? ഏതായാലും ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ശ്രീയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു അതു നിമിത്തമായല്ലോ. സന്തോഷം. അവധിക്കാല ഓര്‍മ്മ നന്നായി.

  25. വിനയന്‍ said...

    കൊള്ളാം. സമാന സംഭവം എനിക്കും ഉണ്ടായിട്ടുണ്ട്. സ്കൂളില്‍ ക്രിക്കെറ്റ് കളിക്കുമ്പോള്‍....രസകരമായി എഴുതി...

  26. Sulthan | സുൽത്താൻ said...

    ശ്രീ,

    ഒരിക്കലും തിരിച്ചുവരാത്ത, എന്നാൽ ഒരിക്കലും മറക്കാത്ത നമ്മുടെ ബാല്യകാലത്തിന്റെയും അവധിക്കാലത്തിന്റെയും നേർചിത്രം വരക്കുവാൻ ശ്രീക്ക്‌ കഴിഞ്ഞു.

    വെരി നോസ്റ്റാൾജിക്ക്‌ ശ്രീ. ഒപ്പം ഇന്നത്തെ തലമുറക്ക്‌ നഷ്ടമാവുന്നല്ലോ എന്ന വേദനയും.

    ആശംസകൾ.

    Sulthan | സുൽത്താൻ

  27. മുകിൽ said...

    May maasamaayallo ennorththu Sreeyude blog nokkiyathanu. 26 comments kandu veendum date nokki.. Kollaam Sree. Rasakaramaayi paranjnjirikkunnu.

  28. mukthaRionism said...

    ചെറുപ്പത്തിലേ നല്ല കളിക്കാരന്നായിരുന്നല്ലേ..

    നല്ല ഓര്‍മകള്‍..
    കുട്ടിക്കാലത്തേക്ക് വീണ്ടും ഒരു യാത്ര.

    ക്രിക്കറ്റു കളി എനിക്കിഷ്ടല്ല.
    പക്ഷേ,
    ഈ പോസ്റ്റ് ഇഷ്ടായി..

  29. Jenshia said...

    വീട്ടിലെത്തിയാൽ ആദ്യം തന്നെ, ഡ്രസ്സ് മാറുന്നതിനും ഭക്ഷണം കഴിയ്ക്കുന്നതിനും മുൻ‌പ് ചെയ്യുന്ന ഒരു പ്രവൃത്തിയുണ്ട് - നേരെ പഠന മുറിയിലെത്തി അന്ന് പരീക്ഷയെഴുതി കഴിഞ്ഞ വിഷയത്തിന്റെ ടെക്സ്റ്റും നോട്ടുമടക്കം എല്ലാ പുസ്തകങ്ങളും എടുത്ത് മാറ്റി വയ്ക്കുക എന്നത്. പിന്നീടൊരിയ്ക്കലും ആ വിഷയം പഠിയ്ക്കേണ്ടല്ലോ എന്ന സന്തോഷമാകും അപ്പോൾ മനസ്സു നിറയെ. മനസ്സിന് ഏറ്റവും സന്തോഷം തോന്നാറുള്ള നിമിഷങ്ങളിലൊന്നാണ് അത്.സത്യം...ഇന്നു industrial management പരീക്ഷ ആയിരുന്നു, പരീക്ഷ കഴിഞ്ഞു വന്നതും ഞാനും ഇത് തന്നെയാ ചെയ്തെ,പീ ജി എത്തീട്ടും ഇതിനൊന്നും ഒരു മാറ്റോം ഇല്ല :)

  30. Jenshia said...

    പറയാന്‍ വിട്ടുപോയി,എപ്പോഴത്തേം പോലെ ഈ ഓര്‍മ്മക്കുറിപ്പും നന്നായിട്ടുണ്ട് :)

  31. ശ്രീ said...

    ദിവാരേട്ടാ...
    "മധുരിക്കും ഓര്‍മ്മകളെ..."
    അത് എത്ര ശരിയാണ് അല്ലേ? ശരിയ്ക്കും മധുരിപ്പിയ്ക്കുന്ന ഓര്‍മ്മകള്‍ തന്നെയാണ് ഇതെല്ലാം. പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

    ഹംസക്കാ...
    അപ്പോ എന്നെപ്പോലെ അവധി വരുന്നതും എണ്ണിയിരിയ്ക്കുന്നവര്‍ വേറെയും ഉണ്ടായിരുന്നുവല്ലേ? പിന്നെ ഇക്ക പറഞ്ഞതു ശരിയാണ്. മെയ് മാസം കഴിയാറാകുമ്പോള്‍ അവധി കഴിയുകയാണല്ലോ എന്ന വിഷമത്തോടൊപ്പം കൂട്ടുകാരെയെല്ലാം വീണ്ടും കാണാമല്ലോ എന്ന സന്തോഷവും കൂടെയുണ്ടാകും

    ശ്രീച്ചേട്ടാ...
    ഇത് ഒരിയ്ക്കലും മറക്കില്ല എന്ന് എനിയ്ക്കും ഉറപ്പായിരുന്നു :)

    krishnakumar513...
    വളരെ സന്തോഷം മാഷേ. കമന്റിനു നന്ദി.

    സിബു നൂറനാട്...
    ഹ ഹ. ആ സാഹസം മുന്നില്‍ കണ്ടു കൊണ്ടായിരിയ്ക്കും മാഷേ, എനിയ്ക്ക് അന്ന് അവര്‍ ഒറ്റ ഓവര്‍ പോലും തരാതിരുന്നത്. :)

    ഇന്‍ഡ്യാഹെറിറ്റേജ്...
    അപ്പോള്‍ ക്രിക്കറ്റ് എന്ന് കേള്‍ക്കുന്നത് 'വേദനാ'ജനകമായ ഒരോര്‍മ്മ ആയിരിയ്ക്കും അല്ലേ മാഷേ. :)

    Renjith Radhakrishnan...
    തീര്‍ച്ചയായും അത്തരം അവധിക്കാലങ്ങള്‍ ലഭിയ്ക്കാതെ പോയവര്‍ക്ക് അതൊരു വലിയ നഷ്ടം തന്നെയാണ് രഞ്ജിത്. വീഡിയോ ഗെയിമുകളിലും സിനിമകളിലും പാര്‍ക്കുകളിലുമായി കുട്ടിക്കാലം ജീവിച്ചു തീര്‍ക്കുന്ന ഇന്നത്തെ തലമുറയ്ക്ക് നാളെ ഓര്‍ക്കുവാന്‍ എന്തുണ്ടാകുമോ?

    jayanEvoor...
    അങ്ങനെ ഉള്ള കുട്ടിക്കാലം ലഭിച്ചത് നമ്മുടെ ഒക്കെ ഒരു ഭാഗ്യം തന്നെ അല്ലേ മാഷേ.

    സുമേഷ് ...
    അതെ, ഇതു പോലെ രസകരമായ ഒട്ടേറെ ഓര്‍മ്മകള്‍ തന്നിട്ടുണ്ട് ആ കുട്ടിക്കാലം. നന്ദി.

    ഒഴാക്കന്...
    നന്ദി.

    pallikkarayil...
    അതും ഒരു പരിധി വരെ ശരിയാ മാഷേ. പിന്നീട് ബാറ്റിങ്ങും ബൌളിങ്ങും ഫീല്‍ഡിങ്ങു പോലും ആസ്വദിച്ച് കളിച്ച ഒരു കാലമായിരുന്നു.
    കമന്റിനു നന്ദി.

    Vinayan...
    ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ അതെല്ലാം ഒരു രസമല്ലേ? :)

    സുൽത്താൻ...
    വളരെ ശരിയാണ് സുല്‍ത്താനേ. ഇന്നത്തെ തലമുറയ്ക്ക് ഇതെല്ലാം നഷ്ടം തന്നെയാണ്. നാട്ടില്‍ പോലും ഇന്ന് അതേ പോലെ കളിച്ചു നടക്കുന്നവരെ കാണാനില്ല. എപ്പോഴും ടി വിയുടെ മുന്നിലാണ് ഇന്നത്തെ കുട്ടികള്‍.

    Mukil...
    വളരെ നന്ദി ചേച്ചീ, :)

    മുഖ്‌താര്‍ ...
    പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം
    കമന്റിനു നന്ദി.

    Jenshia...
    അപ്പോള്‍ അതേ പോലെ ചെയ്യുന്നവര്‍ വേറെയും ഉണ്ടല്ലേ? അതു കൊള്ളാം.
    കമന്റിനു നന്ദി. :)

  32. കൂതറHashimܓ said...
    This comment has been removed by the author.
  33. കൂതറHashimܓ said...

    ആ പന്ത് കയ്യില്‍ കിട്ടിയിരുന്നില്ലെങ്കില്‍ zero ആയി പോയേനേ ഇപ്പൊ hero ആയില്ലേ.. :)
    സത്യാ... അവസാന പരീക്ഷാ ദിവസം ഒന്നൊന്നര അര്‍മാദം തന്നെ ആയിരിക്കും, എന്തൊരു രസായിരുന്നു അന്നൊക്കെ..!!

  34. Manoraj said...

    അങ്ങിനെ ചക്ക വീണ് മുയലു ചത്തെങ്കിലെന്താ.. ഞങ്ങൾക്ക് നല്ലൊരു സച്ചിൻ ഫാനിനെ കിട്ടിയില്ലേ.. പിന്നെ എന്റെയും അവസ്ഥ ഇതായിരുന്നു ശ്രീ.. ബാറ്റിങ്ങിൽ എനിക്ക് എല്ലാ പന്തും സിക്സ് അടിക്കണം.. അപ്പോൾ എതിരാളികൾ എനിക്ക് സ്ലോ പിച്ച് ബാളോ അല്ലെങ്കിൽ യോർക്കറോ ഇട്ടു തരും.. വെറുതെ വട്ടം വീശുന്ന ഞാൻ ഔട്ട്.. ക്യാച്ച് ഒക്കെ ഞാൻ എടുത്തു എന്ന് പറഞ്ഞാൽ അത് വലിയ സംഭവമാ.. ആ കാലം ഓർമ്മിപ്പിച്ചു.. ശ്രീയുടേ അവധികാലം നന്നായി.. ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ നഷ്ടം തന്നെ..

  35. kambarRm said...

    ഹ..ഹ...ഹ
    വളരെ രസകരമായ അനുഭവം, അതിമനോഹരമായ അവതരണം,ആഹാ..വായനക്കാരെ ഒപ്പം നടത്തുന്നുന്ന അവതരണ ശൈലി, അഭിനന്ദനങ്ങൾ ശ്രീ..
    പോരട്ടേ ഇനിയും ഇതു പോലുള്ളവ.
    (കുട്ടിക്കാലത്ത് ഞാനും ഇതു പോലെത്തന്നെയായിരുന്നു, വലിയ ചേട്ടന്മാരുടെ ടീമിൽ ഒന്ന് ഇടം കിട്ടാൻ സദാ സമയവും അവരുടെ പുറകെ നടക്കും, അവർക്കിഷ്ടപ്പെട്ട പലഹാരങ്ങളും ഉപ്പിലിട്ട മാങ്ങ അച്ചാറുമൊക്കെ വീട്ടിൽ നിന്നും അടിച്ചെടുത്ത് കൊണ്ട് കൊടുക്കും, എന്നിട്ടും ഒടുക്കം വല്ല മാച്ചോ ടൂർണ്ണമെന്റോ വരുമ്പോൾ അവർ നമ്മളെ മൈൻഡ് ചെയ്യുക പോലുമില്ല, ഇനി ഞാനെങ്ങാനും തീറ്റിച്ചതിന്റെ കണക്ക് പറയുമോ എന്ന് പേടിച്ചിട്ട് പലപ്പോഴും ഫീൽഡ് ചെയ്യാൻ അധികം പന്ത് വരാത്ത മേഖലകളിൽ അവസരം തരും,എന്നാലും നമുക്ക് അത് തന്നെ വലിയ സന്തോഷമാ...ഇന്ന് ആ സന്തോഷങ്ങൾ ഇനി ഒരിക്കലും തിരിച്ച് വരില്ലല്ലോ എന്ന ഒരു വിങ്ങലായി മനസ്സിൽ കിടന്ന് പൊള്ളുന്നു)

  36. Renjith Kumar CR said...

    അവധിക്കാല ഓര്‍മ്മകള്‍ നന്നായിട്ടുണ്ട് :)

  37. (റെഫി: ReffY) said...

    നാല്ല എഴുത്ത്. അസൂയപ്പെടുത്തുന്ന അവതരണം.
    ഈ അനുഭവക്കുറിപ്പ് എന്തുകൊണ്ടും അസ്സലായി ശ്രീ.

  38. Anil cheleri kumaran said...

    പരീക്ഷാകാലവും ക്രിക്കറ്റ് കളിയും തിരിച്ച് കൊണ്ടുവന്നു. നന്ദി.

  39. Dhanush | ധനുഷ് said...

    എങ്ങനെയെങ്കിലും അത് ഒന്ന് എഴുതി തീർ‌ത്ത് വീട്ടിലെത്തിയാൽ മതി എന്നു മാത്രമാകും മനസ്സിൽ.

    വളരെ സത്യം. ഇങ്ങനെയുള്ള ദിവസത്തില്‍ മിക്കവാറും എന്റെ മാര്‍ക്കും താഴോട്ടായിരിക്കും. പലപ്പോഴും അശ്രദ്ധ കൊണ്ടു മാത്രം അവസാന പരീക്ഷയില്‍ ഞാന്‍ വന്‍ മണ്ടത്തരങ്ങള്‍ എഴുതി വിട്ടിട്ടുണ്ട്. ക്രിസ്മസ് - ഓണ പരീക്ഷകളുടെ അവസാന സബ്ജെക്റ്റ് പരീക്ഷയുടെ ഉത്തരകടലാസുകള്‍ എത്ര മനോഹരമായ ചീത്തകള്‍ ആണ് എനിക്ക് വാങ്ങി തന്നിരിക്കുന്നത്. വാര്‍ഷികപരീക്ഷയുടെ ഉത്തരകടലാസുകള്‍ സ്കൂളുകാര്‍ തിരിച്ചുതരാത്തത് എന്ത് ഭാഗ്യം.

    നല്ല ഒരു ഓര്‍മ്മക്കുറിപ്പ്.

  40. ശ്രീ പതാരം said...

    ഇത് വായിച്ചപ്പോള്‍ ഈ വേനലിന് വയലില്‍ പോയി മത്സരം കളിച്ചത് ആണ് ഓര്‍ക്കുന്നത്,, പഠിത്തം ഒക്കെ കഴിഞ്ഞു പണി ഇല്ലാതെ നടക്കുന്ന നമ്മള്‍ എല്ലാം കൂടെ പോയി പിള്ളേരെ വെല്ലുവിളിച്ചതും വഞ്ചിയില്‍ ഇടേണ്ട അമ്പതു രൂപ കളി തോറ്റതിന് അവര്‍ക്ക് കൊടുത്തതും... ഹി ഹി

  41. Sukanya said...

    "ഞാനിതൊക്കെ എത്ര കണ്ടതാ എന്നോര്‍ത്തിട്ടാണോ ആ ചെറുപുഞ്ചിരി?" ശ്രീയെ?

  42. Typist | എഴുത്തുകാരി said...

    കുറച്ചു വായിച്ചപ്പോള്‍, എനിക്കും ഒരു പരിചയം തോന്നീട്ടോ.

  43. സിനു said...

    ഹ ഹ..ശരിക്കും ചിരിപ്പിച്ചു
    നെഞ്ചില്‍ ഏറുകൊണ്ട് വേദനിച്ചാലെന്താ..
    അന്ന് മുതല്‍ സീനിയര്‍ ടീമിലെ അംഗമായീലെ..
    നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌
    രസത്തോടെ..വായിച്ചു

  44. പട്ടേപ്പാടം റാംജി said...

    കളിക്കളത്തിലേക്ക് കൈപിടിച്ച് വലിച്ചുകൊണ്ടുപോയി
    കളിപ്പിച്ചതുപോലെ അനുഭവപ്പെട്ടു അവധിക്കാല ക്രിക്കറ്റ് മല്‍സരം.

  45. ചാണ്ടിച്ചൻ said...

    കൊള്ളാം...നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌...പതിയെ പണ്ടുകാലത്തെ പട്ടബാറ്റിലെക്കും റബര്‍ ബോളിലേക്കും ഓര്‍മ്മകള്‍ ചെന്നെത്തി...

  46. ഷാജി ഖത്തര്‍ said...

    ശ്രീ , ഒരു 20-ടൊന്റി മാച്ച് വിവരണം പോലെ അവസാനം ഉദ്ദേഗമുണ്ടാക്കി. നന്നായിട്ടുണ്ട് ഈ അവധിക്കാലം.

  47. ശ്രീ said...

    Hashim...

    അതും ശരിയാ ഹാഷിം, അത് കിട്ടിയില്ലായിരുന്നെങ്കില്‍ അവരു ചിലപ്പോ എന്നെ ഓടിച്ചിട്ട് തല്ലിയേനെ :)

    Manoraj...
    ഹ ഹ. അതെയതെ. അങ്ങനെ ഒരു ഗുണമുണ്ടായി.

    കമ്പർ...
    ആരും അപ്പോ മോശക്കാരല്ല ല്ലേ? :)
    ഇപ്പോ അതെല്ലാം ആലോചിയ്ക്കുമ്പോള്‍ എനിയ്ക്കും ഒരു വിഷമമാണ്.

    Renjith ...
    വളരെ നന്ദി.

    (റെഫി: ReffY)...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.

    കുമാരേട്ടാ...
    നന്ദി.

    ധനുഷ് മാഷേ...
    അപ്പോ എനിയ്ക്ക് ഒരു കമ്പനി കൂടി ആയി. അന്ന് അവസാന പരീക്ഷ വേഗം എഴുതി തീര്‍ത്ത് ഇറങ്ങണം എന്ന് കൂട്ടുകാരോട് ആവശ്യപ്പെടുമ്പോള്‍ അവര്‍ ചോദിയ്ക്കുമായിരുന്നു... 'ഇനി പരീക്ഷ ഇല്ലല്ലോ. അപ്പോ സമയമെടുത്ത് എഴുതിയാല്‍ പോരേടാ' എന്ന്.
    എനിയ്ക്ക് പക്ഷേ മാക്സിമം സമയം കളിക്കാന്‍ വേണ്ടി മാറ്റി വയ്ക്കണമെന്നായിരിയ്ക്കും ആഗ്രഹം :)

    തമ്പി പതാരം...
    സ്വാഗതം. അതു നല്ലൊരു ഓര്‍മ്മ തന്നെ :)
    കമന്റിനു നന്ദി.

    Sukanya ചേച്ചി...
    അങ്ങനെയും പറയാം. അന്ന് അതെങ്ങാനും വിട്ടിരുന്നെങ്കിലോ ചേച്ചീ :)

    എഴുത്തുകാരി ചേച്ചീ...
    കഥയുടെ കാര്യമാണോ?
    :)

    സിനു ...
    അതെ, എന്തെല്ലാം ത്യാഗങ്ങള്‍ സഹിയ്ക്കണം :)
    നന്ദി.

    പട്ടേപ്പാടം റാംജി ...
    ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം മാഷേ.

    ചാണ്ടിക്കുഞ്ഞ് ...
    ഞങ്ങളും അതെല്ലാം തന്നെ ആയിരുന്നു മാഷേ ഉപയോഗിച്ചിരുന്നത് :)

    ഷാജി ഖത്തര്‍...
    സ്വാഗതം മാഷേ. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. വായനയ്ക്കും കമന്റിനും നന്ദി.

  48. ഏകാന്തതയുടെ കാമുകി said...

    കുട്ടിക്കാലം തിരിച്ചുകിട്ടിയിരുന്നെങ്കില്‍!!

  49. മുസാഫിര്‍ said...

    ക്രിക്കറ്റ് ഇഷ്ടമല്ലെങ്കിലും ശ്രീയുടെ കഥ ഇഷ്ടമായി.
    മദ്ധ്യവേനലവധിയായ് ഓർമ്മകൾ
    ചിത്രശാല തുറക്കുകയായ്
    മുത്തുകളിൽ ചവുട്ടി
    മുള്ളുകളിൽ ചവുട്ടി
    നഗ്നമായ കാലടികൾ
    മനസ്സിൽ കാലടികൾ…
    എന്നൊരു പഴയ പാട്ട് ഓർമ്മ വന്നു ഇതു വായിച്ചപ്പോൾ.

  50. sijo george said...

    അവസാന ബോൾ വരെ ആവേശം മുറ്റിനിന്ന ശ്രീയുടെ 10-10 മാച്ച് അവതരണം..! ഒടുവിൽ അന്ധൻ കല്ലെടുത്തെറിഞ്ഞപ്പോൾ വീണ മാങ്ങ പോലെ വിക്കറ്റും..:) കലക്കി കെട്ടോ..

  51. ശാന്ത കാവുമ്പായി said...

    ശ്രീ ഇത്ര നല്ല കളിക്കാരനാണെന്നു ഇന്നല്ലേ ബോധ്യമായത്.

  52. മൻസൂർ അബ്ദു ചെറുവാടി said...

    ക്യാച്ച് എടുക്കുന്ന കാര്യത്തില്‍ ഞാനും അങ്ങിനെ തന്നെ ആയിരുന്നു. മുതിര്‍ന്നവരുടെ അവഗണനയും അതുപോലെ.
    ഏതായാലും ശ്രീയുടെ ഈ കുറിപ്പ് ആ പഴയകാലത്തിലേക്ക്‌ തിരിച്ചുകൊണ്ടുപോയി.

  53. വിനുവേട്ടന്‍ said...

    "ഇങ്ങിനിയെത്താതെ പോയോരെന്‍ ബാല്യമേ..." എന്ന് പണ്ട്‌ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കവിത പഠിച്ചത്‌ ഓര്‍മ്മ വരുന്നു...

    അതൊക്കെ ഒരു കാലം.... അല്ലേ ശ്രീ...? നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം... ഇപ്പോള്‍ എങ്ങനെയാണാവോ...

  54. Cm Shakeer said...

    രസികന്‍ കാച്ച് ! ഇനി പന്ത് എങ്ങാനം ഷര്‍ട്ടിനുള്ളില്‍ വന്ന് വീണതാകുമോ ?

  55. മാണിക്യം said...

    അവധിക്കാലത്തില്‍ ഓര്‍ക്കാന്‍ പറ്റിയ കഥ..
    ഈ ബ്ലോഗറിന്റെയുള്ളീല്‍ ഒരു ക്രിക്കറ്റര്‍ ഉണ്ടായിരുന്നല്ലേ? അഭിനന്ദനം ...:)
    ശ്രീ നന്നായി പറഞ്ഞു നിഷ്കളങ്കമായാ ബാല്യകാലം ഭംഗിയായി വരച്ചിട്ടു..

  56. രഘുനാഥന്‍ said...

    ഇപ്പോഴും ടീവിയില്‍ ആദ്യ 20 - 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വിജയവും കപ്പും നേടിക്കൊടുക്കാന്‍ കാരണമായ ശ്രീശാന്തിന്റെ ആ ക്യാച്ച് കാണുമ്പോഴോ അതെപ്പറ്റിയുള്ള ലേഖനങ്ങള്‍ വായിയ്ക്കുമ്പോഴോ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ ഈ സംഭവവും ഓര്‍‌ക്കാറുണ്ട്...

    ഒറിജിനല്‍ ശ്രീ ശാന്തിനേക്കാള്‍ വീരനായ ഈ "ശ്രീ" ശാന്തന് ആശംസകള്‍

    നല്ല വിവരണം ശ്രീ

  57. Sands | കരിങ്കല്ല് said...

    Shree...

    mumbu vaayikkan pattiyilla.. ippozha vannathu..

    avasaanam aaa catch-l nannaayi chirichu.. :)

    malayalathinulla vakuppu ivide illathondu manglish-l kachunnu...

    njan.

  58. നീലത്താമര said...

    ശ്രീശാന്തിന്റെ തല്ലുകൊള്ളിത്തരം ശ്രീയ്ക്ക്‌ കിട്ടിയിട്ടില്ലല്ലോ അല്ലേ?

    രസകരമായിരിക്കുന്നു ഓര്‍മ്മക്കുറിപ്പുകള്‍.

  59. കൊച്ചുമുതലാളി said...

    പണ്ട് ക്രിക്കറ്റ് കളിക്കാന്‍ പോയതൊക്കെ ഓര്‍മ്മവരുന്നു.... നന്നായിട്ടുണ്ട്... ആശംസകള്‍.... :)

  60. ശ്രീ said...

    ഏകാന്തതയുടെ കാമുകി ...
    സ്വാഗതം. അങ്ങനെ ആഗ്രഹിയ്ക്കാത്തവരുണ്ടാകുമോ?
    വായനയ്ക്കും കമന്റിനും നന്ദി.

    മുസാഫിര്‍ ...
    വളരെ കാലത്തിനു ശേഷമാണല്ലോ മാഷേ? (ഇപ്പോ എഴുത്തൊന്നുമില്ലേ?)
    സന്തോഷം, നന്ദി.

    sijo george...
    ഈ അമ്പതാം കമന്റിനു നന്ദി മാഷേ. :)

    ശാന്ത കാവുമ്പായി ...
    ഹ ഹ, നന്ദി ചേച്ചീ...

    ചെറുവാടി...
    ആ പഴയകാലത്തേയ്ക്ക് തിരിച്ചു കൊണ്ടു പോകാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം മാഷേ.

    വിനുവേട്ടാ...
    നാട്ടിന്‍ പുറവും നാട്ടുകാരും എല്ലാം മാറിക്കൊണ്ടിരിയ്ക്കുകയല്ലേ വിനുവേട്ടാ...

    Cm Shakeer(ഗ്രാമീണം) ...
    ഹേയ്, ഒരു സംശയവും വേണ്ട, നെഞ്ചത്തു തന്നെ, മാഷേ. ആ ക്യാച്ച് ഞാനൊരിയ്ക്കലും മറക്കില്ല :)

    മാണിക്യം ചേച്ചീ...
    കുറേ നാള്‍ക്ക് ശേഷമാണല്ലോ ചേച്ചീ. കണ്ടതില്‍ സന്തോഷം.
    നന്ദി.

    രഘുനാഥന്‍ ...
    ഹ ഹ, നന്ദി മാഷേ...

    സന്ദീപേ...
    ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :)

    നീലത്താമര | neelathaamara...
    പണ്ടൊക്കെ ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ ആയിരുന്നു എന്ന് സമ്മതിയ്ക്കാം. പക്ഷേ വീട്ടുകാര്‍ ശരിക്കു പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ഡീസന്റാകാതെ നിവൃത്തിയില്ലാതായി ;)

    കൊച്ചു മുതലാളി ...
    വളരെ നന്ദി :)

  61. the man to walk with said...

    good field..

  62. കണ്ണനുണ്ണി said...

    അപ്പൊ അന്നന് ശ്രീ പന്ത് പിടിച്ചേ പോലെ ആണല്ലേ... ഇന്ന് ശ്രീ ശാന്ത് പന്ത് പിടിച്ചേ..
    പേര് പോലും സാമ്യം.. എനിക്ക് വയ്യേ ..ഹിഹി

  63. Muralee Mukundan , ബിലാത്തിപട്ടണം said...

    ഒടുക്കത്തെ പരീക്ഷയുടെ ഏങ്കപ്പാടുകൾ ,ക്രിക്കറ്റിന്റെ കിറുക്കിലേക്കുള്ള വഴിതുറക്കലുകൾ ,....,...അങ്ങിനെപലതും ഈ അവധിക്കാലകുറിപ്പുകളിൽ തുടിച്ചുനിൽക്കുന്നു...കേട്ടൊ ശ്രീ.

  64. Rare Rose said...

    ശ്രീ.,സംഭവ ബഹുലമായ അവധിക്കാലവിശേഷം ഇഷ്ടായി.:)
    ഇതിലെ താരം ക്രിക്കറ്റ് ആണെങ്കിലും എനിക്കേറ്റവുമിഷ്ടപ്പെട്ടത് ആ പരീക്ഷാവിശേഷങ്ങളാണു.ഓരോ പരീക്ഷ കഴിയുമ്പോഴും പുസ്തകങ്ങളെയൊക്കെ ഒരു മൂലയ്ക്കു കൊണ്ടു മാറ്റി വെയ്ക്കുന്ന സമയത്തുണ്ടാവുന്ന സന്തോഷമാണു സന്തോഷം.ഇക്കഴിഞ്ഞ പരീക്ഷയ്ക്കു പോലും അതിനു ഒരു തരി പോലും മാറ്റം വന്നിട്ടില്ല.:)

  65. Anya said...

    Have a relaxing weekend

    Kareltje =^.^=
    Anya :)

  66. മഴവില്ല് said...

    സ്കൂള്‍ അവധിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയല്ലോ ശ്രീ ... എന്തായാലും ക്യാച്ച് എടുത്തു ശ്രീ ക്ക് ഒന്നും പറ്റിയില്ലല്ല്ലോ .. വായിച്ചു കഴിഞ്ഞപ്പോള്‍ ഇന്ത്യക്ക് കേരളത്തില്‍ നിന്ന് ഒരു നല്ല കളിക്കാരനെ നഷ്ട്ടപ്പെട്ടല്ലോ എന്നോര്‍ത്ത് സങ്കടം തോന്നി . പണ്ടേ നമുക്ക് ഒരു ശ്രീയെ കിട്ടിയേനെ അല്ലെ ശ്രീ ....

  67. siya said...

    ശ്രീ, ടെ പോസ്റ്റ്‌ സമാധാനമായി ഇന്ന് ആണ് വായിക്കാന്‍ പറ്റിയത് .ഇത് വായിച്ചപോള്‍ എനിക്ക് ചിരി അടക്കാന്‍ വയ്യ ?കാരണം ക്രിക്കറ്റ്‌ എന്ന് കേള്‍ക്കുമ്പോള്‍ എനിക്കും ഇതുപോലെ അവധിക്കാലം ഓര്‍മ വരും .അതും പത്തു ബന്ധുക്കള്‍ ,എല്ലാരും ചേട്ടന്‍ മാര് ആണ് .(കസിന്‍ brothers )അവരുടെ കൂടെ എന്നെയും അവര് ക്രിക്കറ്റ്‌ കളിയ്ക്കാന്‍ കൂട്ടും .അതും ദൂരെ പോകുന്ന ബോള്‍ എടുത്ത്‌ കൊണ്ട് വരികാ ,അതായിരുന്നു മെയിന്‍ പണി .കൂടെ കളിയ്ക്കാന്‍ പെണ്‍കുട്ടികള്‍ ഒന്ന് ഇല്ലാതെ ഇരുന്ന ഞാന്‍ഈ ആണ്പടകളുടെ കൂടെ അവര് പറയുന്നപോലെ ഓടി എടുത്ത്‌ കൊടുക്കും .അവസാനം ആവുമ്പോള്‍ ഞാന്‍ മടുത്തു ഓട്ടം നിര്‍ത്തും. അപ്പോള്‍ ആവും ഞാന്‍ ആ ബോള്‍എല്ലാം എടുത്ത്‌ ഒരു ഓട്ടം ..അതോടെ അവര് ഒരു തവണ എനിക്ക് ബാറ്റ് തൊടാന്‍ തരും ..അതുകൊണ്ട് എനിക്കും ക്രിക്കറ്റ്‌ വലിയ ഇഷ്ട്ടം ആയി .അതുപ്പോലെ ശ്രീ ടെ അവധിക്കാലവും വളരെ നന്നായിരിക്കുന്നു !!!.

  68. വശംവദൻ said...

    നന്നായി എഴുതിയിട്ടുണ്ട്. ആസ്വദിച്ച് തന്നെ വായിച്ചു.

  69. സാബിബാവ said...

    അങ്ങനെ ഒരവധി കാലം തിരിച്ചു കിട്ടിയ പോലെ
    എല്ലാവര്‍ക്കുംണ്ടാകും അവധികാലത്തിന്‍ ഓര്‍മ്മകള്‍ ഒരുപാട് എങ്കിലും നന്നായി എഴുതി

  70. Anoop said...

    ശ്രീയുടെ അവധിക്കാല ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്. ബാല്യത്തിന്‍റെ തീരത്ത് കൂടി വീണ്ടും ഒരു യാത്ര പോയല്ലേ ?
    കോളേജില്‍ പഠിക്കുന്ന സമയം ഇന്ത്യാ പാക്കിസ്ഥാന്‍ ലോകകപ്പ്‌ മത്സരം. അന്ന് ഞങ്ങളുടെ ക്ലാസ്സില്‍ ആ കളികാണാഞ്ഞത് ഞാന്‍മാത്രം. കാരണം ക്രിക്കറ്റു കളിയെപറ്റി എനിക്കൊന്നും അറിയില്ല. ഇപ്പോളും അതിനു മാറ്റം ഒന്നും ഇല്ല. അന്ന് ഞാന്‍ കേട്ട ചീത്തക്ക് ഒരു കയ്യുംകണക്കുമില്ല. അന്നാണ് ഇത് ഇത്രവലിയ സംഭവമാ ണെന്നറിയുന്നത്‌. ഈ കളിയോട് വിരോധം ഒന്നും ഇല്ല.പക്ഷെ കാണാനുള്ള ക്ഷമയില്ല

  71. jyo.mds said...

    ഹഹഹ-നന്നായി എഴുതി

  72. Wash'Allan JK | വഷളന്‍ ജേക്കെ said...

    ഹോ എന്തൊരു ചേര്‍ച്ച. ഞാനും ഇതുപോലെ ഔട്ട്‌ പെറുക്കിയായി ജീവിച്ചിട്ടുണ്ട്.

    രസികന്‍ വിശേഷങ്ങള്‍. ചില സ്പോര്‍ട്സ് സിനിമകളെപ്പോലെ ഉദ്വേഗജനകമാണല്ലോ :)

    ക്രിക്കറ്റ് ചക്കയാന്നോ മാങ്ങയാന്നോ എന്നറിഞ്ഞൂടാത്ത കാലത്ത് ഒരു കൂട്ടുകാരന്‍ എന്നെ പറ്റിച്ചിട്ടുണ്ട്. എനിക്കും കളിക്കണം എന്ന് പറഞ്ഞു പുറകെ നടന്നപ്പോള്‍ പുള്ളി എന്നെ runner ആക്കി. പുള്ളി batsman. അയാള്‍ ബാറ്റു ചെയ്യുമ്പോള്‍ ഞാന്‍ എന്തോ കൂടിയ title ആണെന്ന് കരുതി ഞാന്‍ ഓടിക്കൊണ്ടിരുന്നു.

  73. Vayady said...

    "വാർ‌ഷിക പരീക്ഷകളുടെ പേടിയും ചൂടുമെല്ലാം തോന്നുന്നത് ആദ്യ പരീക്ഷ തുടങ്ങുന്നതിന് രണ്ടോ മൂന്നോ ദിവസം മുൻ‌പ് മാത്രം. ആ പേടിയെല്ലാം ആദ്യ പരീക്ഷ കഴിയുന്നതോടെ മാറുകയും ചെയ്യും. ഇനി ഒരു വിഷയം കുറച്ച് പഠിച്ചാൽ‌ മതിയല്ലോ എന്ന് ആശ്വസിയ്ക്കും."

    സത്യം. കഴിഞ്ഞുപോയ ബാല്യകാലമോര്‍ത്ത് നഷ്ടബോധം തോന്നുന്നു.
    വായന രസകരമായിരുന്നു. ശ്രീ ഞങ്ങള്‍ക്ക് നല്ലൊരു അവധിക്കാലമാണ്‌ സമ്മാനിച്ചത്‌. നന്ദി.

  74. meegu2008 said...

    ഓര്‍മ്മകള്‍ ഇനിയും വിടരട്ടെ ആ തൂലികയില്‍ നിന്ന്...

    ആശംസകള്‍ ...

  75. ശ്രീ said...

    the man to walk with...
    നന്ദി.

    കണ്ണനുണ്ണി...
    അതല്ലേ ആ ക്യാച്ച് കാണുമ്പോള്‍ ഞാന്‍ പഴയ എന്റെ ഫീല്‍ഡിങ്ങും ഓര്‍ക്കുന്നത്... :)

    ബിലാത്തിപട്ടണം / Bilatthipattanam ...
    സന്തോഷം മാഷേ, കമന്റിനു നന്ദി.

    Rare Rose...
    കൊള്ളാം. അപ്പോള്‍ ആ കമ്പനിയില്‍ കൂടാന്‍ ഒരാളെ കൂടെ കിട്ടി. :)

    Anya...
    Thanks a lot...

    മഴവില്ല് ...
    ഹ ഹ. അതെയതെ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യം ;)
    കമന്റിനു നന്ദി ചേച്ചീ.

    siya...
    അതു കൊള്ളാം ട്ടോ. ഞങ്ങള്‍ക്കിടയിലും പെണ്‍ കുട്ടികളുടെ അവസ്ഥ ഇതു തന്നെ ആയിരുന്നു. പന്തെടുത്തു തരിക എന്നത് മാത്രമല്ല ട്ടോ ഗ്യാലറിയില്‍ ഇരുന്ന് പ്രോത്സാഹിപ്പിയ്ക്കുക, റണ്ണൌട്ട്/ ബൌണ്ടറി തുടങ്ങിയവയിലെ തര്‍ക്കങ്ങള്‍ പരിഹരിയ്ക്കുക എന്നതൊക്കെ പെണ്‍പടയുടെ കൂടി ഡ്യൂട്ടി ആയിരുന്നു :)

    വശംവദൻ...
    വളരെ സന്തോഷം മാഷേ.

    സാബിറ സിദീഖ്...
    സ്വാഗതം, ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

    Anoop...
    അക്കാര്യത്തില്‍ ഞങ്ങളും അനൂപേട്ടന്റെ കൂട്ടുകാരെ പോലെ ആയിരുന്നു (ആണ്). ഇന്ത്യയുമായി കളീ നടക്കുന്ന ദിവസങ്ങളില്‍ ടീമിനെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും എതിര്‍ ടീമിനെ സപ്പോര്‍ട്ട് ചെയ്താല്‍ അത് ഞങ്ങള്‍ സഹിയ്ക്കില്ല. :) [അതിന്റെ പേരില്‍ പിള്ളേച്ചനെല്ലാം എത്ര ചീത്ത കേട്ടിരിയ്ക്കുന്നു]

    jyo ചേച്ചീ...
    വളരെ നന്ദി.

    വഷളന്‍...
    ഹ ഹ. അതു കൊള്ളാം. റണ്ണര്‍ ആയി ഗമയില്‍ ബാറ്റും പിടിച്ച് ഓടുന്ന സീന്‍ ഭാവനയില്‍ കണ്ടു. :)

    Vayady...
    കഴിഞ്ഞു പോയ ബാല്യം ഒരു നഷ്ടം തന്നെയാണ് അല്ലേ?
    കമന്റിനു നന്ദി.

    nisagandhi...
    വളരെ നന്ദി. :)

  76. അഭി said...

    നല്ല ഓര്‍മ്മകള്‍

  77. nedfrine | നെഡ്ഫ്രിന്‍ said...

    കിടിലന്‍ കളിക്കാരനായിരുന്നു അല്ലെ? :)
    എന്തായാലും നല്ല പോസ്റ്റ്‌ - ഇഷ്ടപ്പെട്ടു .

  78. TPShukooR said...

    രസമുണ്ട് ശ്രീ....അനുഭവം പകര്‍ത്തുന്നത് ഒരു മിടുക്ക് തന്നെ. ആശംസകള്‍.

  79. perooran said...

    nalla ormakal

  80. perooran said...

    ha ,nalla ormakal

  81. അലി said...

    വീണ്ടും ഒരവധിക്കാലത്തേക്കൊരു തിരിച്ചുപോക്ക്!
    പതിവുപോലെ ശ്രീയുടെ ലളിതസുന്ദര ശൈലിയിൽ.
    ആശംസകൾ!

  82. vinus said...

    ഹ ഹാ ശ്രീ ഞാനും നെഞു കൊണ്ടാ ക്യാച്ചെടുക്കാറ് അതു കൊണ്ട് തന്നെ വളരെ പെട്ടന്ന് ആ കളി നിർത്തി.പിന്നെ ആ പുസ്തകം മാറ്റിവെക്കലൊരു രസമുള്ള പണിയാ ആ ഒരാശ്വാസം ഒന്നു വേറെയാ നന്നായി ഈ ഓർമ്മകൾ

  83. ജയിംസ് സണ്ണി പാറ്റൂർ said...

    നല്ല എഴുത്തുകള്‍ ബ്ലോഗിലാണ്
    ആനുകാലികങ്ങളിലല്ലായെന്നു
    പറഞ്ഞാല്‍ അതിശയേക്തിയാകില്ല
    ശ്രീ ഇതൊല്ലാമൊരു പുസ്തകമാക്കി
    പ്രസിദ്ധീകരിക്കണം

  84. sids said...

    രസകരമായിട്ടുണ്ട് മാഷെ...വളരെ നന്നായി അവതരിപ്പിച്ചു ശരിക്കും കളി കാണുന്നത് പോലെ.............

  85. shajkumar said...

    കൊള്ളാം

  86. ശ്രീനാഥന്‍ said...

    ശ്രീ ലളിതമായി രസകരമായി എഴുതുന്നു. ഞങ്ങളൊക്കെ പണ്ട് കുട്ടിയും കോലും കളിച്ചിരുന്നതൊക്കെ ഓർമിപ്പിച്ചു ശ്രീ (അന്നെവിടെ ക്രിക്കറ്റ്) നന്ദി.

  87. ഉപാസന || Upasana said...

    വാളൂര്‍ സ്കൂള്‍ ഗ്രൌണ്ടില്‍ വച്ച് എനിക്കും ഇതുപോലൊന്ന് പറ്റിയിട്ടുണ്ടെടാ. ക്യാച്ച് എടുത്തത് സ്റ്റിച്ച് ബോളിലാണ്. പന്ത് അടിച്ചത് ജിനുവും (വസീം).
    ക്യാച്ചെടുത്ത് ഞാന്‍ അപരിചതത്വത്തോടെ അത് താഴെയിട്ടു, ഇതാണൊ ഇത്ര വലിയ കാര്യമെന്നമട്ടില്‍
    :-)
    ഉപാസന

  88. ഭാനു കളരിക്കല്‍ said...

    sree, ormakal ootivannu

  89. വീകെ said...

    ശ്രീയുടെ ക്രിക്കറ്റ് കളി കാണാൻ ഞാൻ ഇത്തിരി വൈകിപ്പോയീട്ടൊ...

    നല്ലൊരു ഓർമ്മക്കുറിപ്പു തന്നു....
    ആശംസകൾ....

  90. khader patteppadam said...

    നന്നായി വിവരണം.

  91. ഗോപീകൃഷ്ണ൯.വി.ജി said...

    ശ്രീ മാഷേ...എന്തായാലും ശ്രീശാന്താകാതിരുന്നത് നന്നായി.

    വിവരണം പതിവുപോലെ മനോഹരം.

  92. എന്‍.ബി.സുരേഷ് said...

    ശ്രീ, അവധിക്കാല സ്മരണകള്‍ ഇപ്പോള്‍ ആര്‍ക്കാണുള്ളത്, ഉള്ളത് തന്നെ ക്രിക്കറ്റിനെക്കുറിച്ചാണ് താനും
    ദേശങ്ങള്‍ ക്രിക്കറ്റ് വഴി ദേശസാല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നു തോന്നുന്നു.
    പിന്നെ ഇപ്പോഴത്തെ കുട്ടികള്‍ക്ക് അവധിക്കാലമില്ലല്ലോ
    പരീക്ഷയെക്കാള്‍ കളിയെ മഹത്തായി കണ്ട ഒരു തലമുറ എന്നേ വംശനാശം വന്നു കഴിഞിരിക്കുന്നു.
    ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്ന ഒരു ജനത ഇല്ലാതാവുകയാണോ?

  93. ജീവി കരിവെള്ളൂർ said...

    മധുരിക്കും ഓര്‍മ്മകളേ ...

  94. Anonymous said...
    This comment has been removed by the author.
  95. Anonymous said...

    ശരിക്കും പണ്ടത്തെ കാര്യങ്ങൾ ഓർക്കാൻ പറ്റി. നന്ദി ശ്രീ.

  96. ശ്രീ said...

    അഭി ...
    നന്ദി

    nedfrine | നെഡ്ഫ്രിന്‍ ...
    നന്ദി മാഷേ :)

    Shukoor Cheruvadi...
    സന്തോഷം മാഷേ. കമന്റിനു നന്ദി.

    perooran...
    വളരെ നന്ദി.

    അലി ഭായ്...
    പഴയ അവധിക്കാലങ്ങളിലേയ്ക്ക് തിരിച്ചു പോക്കിന് സഹായിച്ചു എന്നറിഞ്ഞത് സന്തോഷം തന്നെ, കമന്റിനു നന്ദി.

    vinus ...
    വീണ്ടും കണ്ടതില്‍ സന്തോഷം. കമന്റിനു നന്ദി.

    ജയിംസ് സണ്ണി പാറ്റൂര്‍...
    സ്വാഗതം മാഷേ. ആശംസകള്‍ക്കും കമന്റിനും നന്ദി.

    siddhy...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം മാഷേ.

    shajkumar...
    വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ.

    sreenadhan...
    സ്വാഗതം മാഷേ. പഴയ അവധിക്കാലത്തെ ഓര്‍മ്മിപ്പിച്ചു എന്നറിയുന്നത് വളരെ സന്തോഷം തന്നെ. നന്ദി.

    ഉപാസന || Upasana...
    ആ ക്യാച്ചും പിന്നീട് ഗ്രൌണ്ടില്‍ ഒരു സംസാരവിഷയമായിരുന്നല്ലോ :)

    ഭാനു കളരിക്കല്‍...
    വളരെ നന്ദി, ചേച്ചീ.

    വീ കെ മാഷേ...
    വൈകിയാണെങ്കിലും വന്നതില്‍ സന്തോഷം മാഷേ.

    khader patteppadam...
    വളരെ നന്ദി മാഷേ.

    ഗോപീകൃഷ്ണ൯.വി.ജി ...
    ഹ ഹ. അതെയതെ.
    കമന്റിനു നന്ദി.

    എന്‍.ബി.സുരേഷ്...
    ശരി തന്നെയാണ് മാഷേ. ഈ കാലഘട്ടത്തിലെ കുട്ടികള്‍ക്ക് പഠനവും പരീക്ഷകളും തന്നെ എല്ലാത്തിലും വലുത്. അതും അറിവിനു വേണ്ടിയല്ല, മാര്‍ക്കിനു വേണ്ടി.

    കമന്റിനു നന്ദി.

    ജീവി കരിവെള്ളൂര്‍ ...
    അതു തന്നെ. നന്ദി മാഷേ. :)

    dileepthrikkariyoor...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും വളരെ നന്ദി.

  97. hi said...

    ഇതേ പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിരുന്നു :) 1992ലെ ലോകകപ്പ്‌ തൊട്ടു തന്നാ ഞാനും ക്രിക്കറ്റ് ഇഷ്ടപ്പെടാന്‍ തുടങ്ങിയത്

  98. സുധീര്‍ കെ എസ് said...

    ചെറുപ്പത്തിലെ ഒരുപാടു ഓര്മകള്‍ .... ശ്രീ പറഞ്ഞത് പോലെ പലപ്പോളും ഞാനും മുതിര്‍ന്നവരുടെ കൂടെ കളിച്ചിട്ടുണ്ട് ക്രികെറ്റ് ....പക്ഷെ അവര്ര്ക് ആളെ തികക്കാന്‍ ആണെന്ന് മാത്രം...
    എന്തായാലും ഇന്നത്തെ തലമുറയ്ക്ക് നമ്മുടെ ഒന്നും അത്രേം അവസരങ്ങള്‍ കളിക്കാനൊന്നും കിട്ടുന്നില്ല എന്ന് തോന്നുന്നു...അല്ലെ ?

  99. Anonymous said...

    പുതിയ പോസ്റ്റുകള്‍ ഇട്ടത് അറിഞ്ഞില്ല. എങ്ങനെയെന്ന് നോക്കിയപ്പോള്‍ 'ജാലകം ' കണ്ടില്ല. അതാണ് കാര്യം. കരിമൂര്‍ഖനു ശേഷം എഴുതിയതൊന്നും കണ്ടില്ല. കുറേശ്ശേ വായിക്കാം....

  100. ദീപക്‌ said...

    അവധിക്കാല ഓർമ്മകൾ നന്നായിട്ടുണ്ട്‌..അതിൽ ക്രിക്കറ്റ്‌ കൂടി ഉൾപ്പെട്ടപ്പോൾ ഏറെ രസികമായി...

  101. അക്ഷരപകര്‍ച്ചകള്‍. said...

    നല്ല പോസ്റ്റ് ശ്രീ. രസകരമായിട്ടുണ്ട്.
    ഒരിക്കലും തിരിച്ചുവരാത്ത, എന്നാൽ ഒരിക്കലും മറക്കാത്ത അവധിക്കാലം, നിഷ്കളങ്കമായാ ബാല്യകാലം, നല്ല ഓര്‍മകള്‍......ഇതെല്ലാം നന്നായി എഴുതി.എപ്പോഴത്തേം പോലെ ഈ ഓര്‍മ്മക്കുറിപ്പും നന്നായിട്ടുണ്ട്.
    ആശംസകൾ.

  102. Raman said...

    Nannayirikkunnu, ormmakkurippukal
    Neelam kurachu koodippoyo ennoru samshayam

  103. കുഞ്ഞൂട്ടന്‍ | NiKHiL P said...

    ഇങ്ങനെ ബൂലോകത്തൊക്കെ വായന തുടങ്ങി വരുന്നേ ഉള്ളൂ.. ഞാന്‍ ഇതിനു മുന്പു വായിച്ച ഒരു വിധം ബ്ലൊഗുകളിലൊക്കെ എല്ലാ പോസ്റ്റിനും കോമണായി ഒരു കമെന്റേറിയനെ കാണുന്നത് ശ്രദ്ധിച്ചിരുന്നു. അങ്ങനെ അതിന്റെ വേരുകള്‍ തപ്പി നടന്നാണ് ഇവിടെ എത്തിയത്... നല്ല പോസ്റ്റ് , കളിക്കളത്തില്‍ (അതിനു ഇന്ന കളീന്നൊന്നുമില്ല, ക്രിക്കറ്റോ ഫുട്ബോളോ ബാസ്കറ്റ്ബോളോ അങ്ങനെ എല്ലാ കളിക്കളങ്ങളിലും ) ഞാന്‍ എന്ന ഭീകര സ്പോര്‍ട്‌സ്‌മാന് നേരിടേണ്ടി വരാറുണ്ടായിരുന്ന ദുരവസ്ഥ നേരില്‍ കാണുന്ന പ്രതീതി ഉണ്ടായിരുന്നു വായിച്ചപ്പോള്‍...

    പിന്നെ അവസാനം അബദ്ധതില്‍ കയ്യില് കുടുങ്ങിയ ക്യാച്ചിനെ നമ്മുടെ ശശിശാന്തിന്റെ 20-20 ഫൈനല്‍ ക്യാച്ചുമായി ഓര്‍ത്തത് കലക്കി. പുള്ളിക്കാരന്‍ അത് വല്ല്യ സംഭവാ എന്നും കരുതി നടക്കുകയാവും ....

  104. smitha adharsh said...

    അങ്ങനെ എഴുത്തില്‍ മാത്രല്ല ക്രിക്കറ്റിലും ഹീറോ ആയിരുന്നുല്ലേ? ഭാഗ്യം..അന്ന് സീറോ ആവാതിരുന്നത്.
    നല്ല അവതരണം..

  105. Anonymous said...

    nalla rasamundaayirunnu vaayikkan.nalla post .

  106. Mahesh Cheruthana/മഹി said...
    This comment has been removed by the author.
  107. Mahesh Cheruthana/മഹി said...

    ശ്രീയേ, ഇഷ്ടമായി!ഇന്നാണെങ്കില്‍ IPL ല്‍ കേറാമായിരിന്നു

  108. aathman / ആത്മന്‍ said...

    എന്താ ശ്രീ ഇത്?
    'ലഗാനെ' വെല്ലുന്ന അനുഭവമാണല്ലോ...
    എഴുത്തുശൈലി ഉഷാറായി...

  109. Vishwajith / വിശ്വജിത്ത് said...

    ഇത് വായിച്ചു അവധിക്കാലവും സ്കൂള്‍ കാലഘട്ടവും ഓര്‍മ വന്നു ശ്രീ. എല്ലാവര്ക്കും കോളേജ് കാലഘട്ടമാണ് കൂടുതല്‍ ഇഷ്ടം. പക്ഷെ എനിക്കെന്റെ സ്കൂള്‍ കാലഘട്ടമാണ് ഏറ്റവും അധികം ഇഷ്ടം.

  110. ഉല്ലാസ് said...

    കൊള്ളാം...നന്നായിട്ടുണ്ട്‌. ഓര്‍മ്മകള്‍ എന്നും മധുരിക്കട്ടെ ശ്രീ.

  111. Anonymous said...

    കൊള്ളാം ..ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ ...."ഓര്‍മകള്‍ക്ക് എന്ത് സുഗന്തം ...ആത്മാവിന്‍ നഷ്ട്ട സുഗന്തം "

  112. SERIN / വികാരിയച്ചൻ said...

    ''വാർ‌ഷിക പരീക്ഷകളുടെ പേടിയും ചൂടുമെല്ലാം തോന്നുന്നത് ആദ്യ പരീക്ഷ തുടങ്ങുന്നതിന് രണ്ടോ മൂന്നോ ദിവസം മുൻ‌പ് മാത്രം. ആ പേടിയെല്ലാം ആദ്യ പരീക്ഷ കഴിയുന്നതോടെ മാറുകയും ചെയ്യും. ഇനി ഒരു വിഷയം കുറച്ച് പഠിച്ചാൽ‌ മതിയല്ലോ എന്ന് ആശ്വസിയ്ക്കും. സ്കൂളിൽ നിന്നും വീട്ടിലെത്തിയാൽ ആദ്യം തന്നെ, ഡ്രസ്സ് മാറുന്നതിനും ഭക്ഷണം കഴിയ്ക്കുന്നതിനും മുൻ‌പ് ചെയ്യുന്ന ഒരു പ്രവൃത്തിയുണ്ട് - നേരെ പഠന മുറിയിലെത്തി അന്ന് പരീക്ഷയെഴുതി കഴിഞ്ഞ വിഷയത്തിന്റെ ടെക്സ്റ്റും നോട്ടുമടക്കം എല്ലാ പുസ്തകങ്ങളും എടുത്ത് മാറ്റി വയ്ക്കുക എന്നത്. പിന്നീടൊരിയ്ക്കലും ആ വിഷയം പഠിയ്ക്കേണ്ടല്ലോ എന്ന സന്തോഷമാകും അപ്പോൾ മനസ്സു നിറയെ.''


    ഇത് എന്റെയും കൂടെ അനുഭവമാണെല്ലൊ..... എന്റെ നെഞ്ചും കലങ്ങിയ ശേഷമാണു ഞാനും ഒരു കളിക്കാരനാകുന്നത്.

    ഞാൻ ഒരു തുടക്കക്കാരൻ ആണെ ഒന്നു പരിഗണിക്കണെ
    ഞാൻ ഇവിടെയുണ്ട്‌.അവിവേകം ആണെങ്കിൽ ക്ഷമിക്കുക........
    http://serintekinavukal.blogspot.com

  113. വിനോദ് said...

    കുറെ കാലത്തിനു ശേഷമാണ് വീണ്ടും ശ്രീയുടെ പോസ്റ്റുകള്‍ വായിക്കാന്‍ തുടങ്ങിയത് . നന്നായിരിക്കുന്നു ...

  114. Pd said...

    ഏറ് കിട്ടിയാലെന്താ കളി ജയിപ്പിച്ചല്ലൊ അതോടൊപ്പം സ്ഥാനകയറ്റവും :)

  115. Unknown said...

    ക്രിക്കറ്റ് ഒരു കിറുക്കൻ കളി എന്നു പറഞ്ഞിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഞങ്ങളുടെ ബാല്യം.... ഇന്ന് നാട്ടിലും നാട്ടിൻപുറത്തും എന്തിന് എവിടെയും ലോക കപ്പിനെ വരവേൽക്കാൻ ലോകരാജ്യങ്ങളുടെ കൊടി തോരണങ്ങൾ കേട്ടുന്ന ഹരത്തിലാണ് ഇന്ന് ഇവരുടെയൊക്കെ മക്കൾ.... ഇതിനിടയിൽ ‘ശ്രീയുടെ‘ ഈ ഓർമകളുണർത്തുന്ന പോസ്റ്റ് തികച്ചും പ്രസക്തം...

  116. .. said...

    ..
    ഓര്‍മ്മകള്‍ക്ക് എന്നും സുഗന്ധമാണ്..

    ആശംസകള്‍ :)

    വാല്‍ക്കഷണം : ശ്രീയെക്കാള്‍ ഭയങ്കരനായിരുന്നു ഞാനും കളിക്കളത്തില്‍, ഹിഹിഹി
    ..

  117. ജോയ്‌ പാലക്കല്‍ - Joy Palakkal said...

    മദ്ധ്യവേനലവധിക്കാലം എന്നും മനസ്സിലൊരു കുളിര്‍മ്മയായിരുന്നു..

    നന്നായി എഴുതിയതിന്‌ ഏറേ അഭിനന്ദനങ്ങളും!!

  118. ഹേമാംബിക | Hemambika said...

    ഞാന്‍ കുറെ വൈകി..എന്നാലും അവസാനം എത്തി. അപ്പൊ ശ്രീയൊരു ക്രിക്കറ്റര്‍ കൂടി ആണല്ലേ..

  119. Sirjan said...

    നല്ല രസമുണ്ടായിരുന്നു വായിക്കാൻ. ഞങ്ങളുടെ ടീമിൽ ഇതുപോലെ ഒരു സബ്സ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നു. അതെ എന്റെ എറ്റവും ഇളയ അനിയൻ തന്നെയാണ്. എന്തായാലും ഇപ്പൊ അതെ ടീമിൽ ഞാനായി സബ്സ്റ്റിറ്റ്യൂട്ട്.

  120. Anees Hassan said...

    ഇതു ഫുട്ബാള്‍ കാലം

  121. beena said...

    kollam ketto.
    avadikalam aakoshichu ennu para

  122. മുകിൽ said...

    എന്താ ജൂൺ പിറന്നില്ലേ, ശ്രീ? ഇടയ്ക്കു വന്നു നോക്കുകയായിരുന്നു...

  123. പട്ടേപ്പാടം റാംജി said...

    ഫോളോ ഇല്ലാത്തതു കൊണ്ട് പലപ്പോഴും ഞാനിവിടെ വന്നു നോക്കാറുണ്ട്.
    വെറുതെ ഇവിടെ വന്നപ്പോള്‍ ഒന്ന് കമന്റിയതാണ്.

  124. Irshad said...

    ഉഷാറായിരിക്കുന്നു. എന്റ്റെ ഫുട്ബോള്‍ പ്രേമം പോലെ.....

  125. ദാസന്‍ said...

    ഹൃദയം നിറഞ്ഞുള്ള അഭിനന്ദനങ്ങള്‍

  126. Mr. X said...

    Nice 'un.

    "ശ്രീശാന്തിന്റെ ആ ക്യാച്ച് കാണുമ്പോഴോ അതെപ്പറ്റിയുള്ള ലേഖനങ്ങള്‍ വായിയ്ക്കുമ്പോഴോ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ ഈ സംഭവവും ഓര്‍‌ക്കാറുണ്ട്..."

    Paavam aa "Shree"-kkittu venamaayirunno Shree ee kottu!