Sunday, February 24, 2019

അർദ്ധ വിരാമം

2001 ലായിരുന്നു ആദ്യത്തെ ബാംഗ്ലൂർ സന്ദർശനം. ബിരുദ പഠനത്തിനിടെ അവസാന വർഷ ടൂർ പ്രോഗ്രാം. ബിരുദാനന്തര ബിരുദ പഠനകാലത്ത് സ്റ്റഡി ടൂറിന്റെ ഭാഗമായി 2003 ൽ വീണ്ടും വരാൻ ഇടയായി. തുടർന്ന് പഠനമെല്ലാം കഴിഞ്ഞപ്പോ 2005 ൽ ജോലി അന്വേഷിച്ചുള്ള ആദ്യ വരവ് മൂന്നാമത്തെ ബാംഗ്ലൂർ യാത്രയായി തീർന്നു. എന്നാൽ ബംഗളൂരുവിൽ വച്ച് കിട്ടിയ ജോലി നാട്ടിലേക്കുള്ള ജോലിയ്ക്കുള്ള സെലക്ഷൻ ആയിരുന്നു എന്ന യാദൃശ്ചികതയാൽ അടുത്ത 2 വർഷം എറണാകുളത്ത് ആണ് ജോയിൻ ചെയ്തത് എന്നു മാത്രം. രണ്ട് വർഷം കഴിഞ്ഞപ്പോൾ 2007 ൽ തോന്നി കൂടുതൽ നല്ല അവസരങ്ങൾക്ക് നാട്ടിൽ നിന്നാൽ പോര എന്ന്. അങ്ങനെ 2007 ഏപ്രിലിൽ പിന്നെയും ഭാഗ്യമന്വേഷിച്ച് ഒരിയ്ക്കൽ കൂടി ബാംഗ്ലൂർക്ക് വണ്ടി കയറി. 

ഒന്നര മാസത്തോളം ജോലി തേടിയുള്ള അലച്ചിലുകൾ. രാവിലെ തൊട്ടടുത്തുള്ള ബേക്കറിയിൽ നിന്ന് ഒരു ചായയും ഒരു കഷ്ണം 'ദിൽ ഖുഷ്‌' എന്ന ബണ്ണ് പോലുള്ള പലഹാരവും(രണ്ടും രണ്ടും നാലു രൂപയ്ക്ക് ബ്രെയ്ക്ക്ഫാസ്റ്റ് കഴിഞ്ഞു). പിന്നെ BMTC പിടിച്ച് ഓരോ സ്ഥലങ്ങളിൽ ഇന്റർവ്യൂ... ആദ്യ റൗണ്ടിൽ പുറത്തായവ മുതൽ നാലു റൗണ്ട് കഴിഞ്ഞു അഞ്ചാമത്തെ റൗണ്ടിൽ കൈവിട്ടു പോയവ, ഓഫർ ലെറ്റർ അയയ്ക്കുമെന്ന് പറഞ്ഞതു കേട്ട് ആശ്വാസത്തോടെ ഇറങ്ങിയിട്ടും പ്രതീക്ഷകൾ തെറ്റിച്ചവ, ബോണ്ട് വേണമെന്ന കണ്ടീഷനുകളാൽ വേണ്ടെന്ന് വച്ചവ, ഇഷ്ടപ്പെട്ട ടെക്‌നോളജി അല്ലെന്ന് കണ്ട് പിന്മാറിയവ... ഇന്റർവ്യൂ വിന് വേണ്ടി നടന്നു  ക്ഷീണിച്ച് ലാൽബാഗിലെ ബഞ്ചിൽ  ഭാവിയെ ഓർത്ത് ഉത്കണ്ഠപ്പെട്ടു കൊണ്ട് ചിന്തിച്ചിരുന്ന എത്രയെത്ര നാളുകൾ!  പല പരീക്‌ഷണങ്ങൾക്കൊടുവിൽ ആ കാത്തിരിപ്പുകൾക്ക് അവസാനം... ഇന്റലിൽ വിപ്രോയുടെ കണ്സള്ട്ടൻസി വഴി ലിനക്സ് അഡ്മിനായി. തുടർന്ന് മൂന്നു വർഷങ്ങൾ അവിടെ... 

ഉദ്യാന നഗരം പതിയെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു... ഞാനൊരു ബ്ലോഗർ ആയി അറിയപ്പെടാൻ തുടങ്ങുന്നതും ബ്ലോഗുകളുടെ സുവർണ്ണ കാലം കൂടി  ആയ അക്കാലത്ത് ആയിരുന്നു. ഓഫീസിലും അല്ലാതെയും മലയാളികളും അല്ലാത്തവരുമായി ഒട്ടേറെ സുഹൃത്തുക്കൾ... ഒപ്പം ബൂലോകത്തിന്റെ പാതയിലൂടെ കിട്ടിയ, ഒരിയ്ക്കൽ പോലും കണ്ടിട്ടില്ല എങ്കിൽ കൂടിയും അടുത്തറിയുന്ന, ഇന്നും തുടരുന്ന ചില സൗഹൃദങ്ങൾ... 

ഇതിനിടെ recession ന്റെ നിഴലിൽ കഴിഞ്ഞ കുറച്ച് നാളുകൾ... സാമ്പത്തിക മാന്ദ്യം... പിന്നീട് 2010 ൽ വിപ്രോയിൽ സ്ഥിരം ജീവനക്കാരനായതോടെ ഇന്റലിനോട് വിട... തുടർന്നുള്ള 4 വർഷങ്ങൾ വിപ്രോയിൽ... ഇതിനിടെ 2011 ൽ വിവാഹിതനാകുന്നതോടെ മഡിവാളയിൽ നിന്നും താമസം HSR ലേക്ക്... (തുടർന്ന് ഈ കഴിഞ്ഞ 8 വർഷത്തോളം HSR ആയിരുന്നു എല്ലാം. അവിടെയും സ്വന്തം നാട് പോലെയുള്ള സുഹൃത്തുക്കൾ. സ്വന്തം ബന്ധുക്കളെ പോലെ സ്നേഹിയ്ക്കുന്ന വീട്ടുടമസ്ഥനും അയൽക്കാരും കടക്കാരും. അവിടുത്തെ ഇത്രയും വർഷങ്ങളിലെ ജീവിതത്തെ തട്ടും മുട്ടുമില്ലാതെ കൊണ്ട് പോകാൻ സഹായിച്ചതിൽ അവർക്കൊക്കെ നന്ദി പറയതിരിയ്ക്കാൻ നിർവാഹമില്ല.)


ഇതിനിടെ 2013 ൽ മോളുടെ ജനനവും വൈഫിന്റെ കേരള ഗവണ്മെന്റ് ജോലിയും കാരണം അവർ നാട്ടിൽ തന്നെ കൂടാൻ നിർബന്ധിതരാകുന്നു. ഞാൻ വീണ്ടും ഒറ്റയ്ക്ക് ബാംഗ്ലൂരിൽ തന്നെ. 2014 ൽ വിപ്രോ വിട്ട് TCS ലേക്ക് മാറുന്നതോടെ അടുത്ത ഘട്ടം ആരംഭിയ്ക്കുകയായി. എന്റെ കരിയറിലെ ഏറ്റവും തിരക്കേറിയതും എന്നാൽ ഏറ്റവും സുന്ദരമായതുമായ കാലഘട്ടം. Cisco account  ലെ തിരക്ക് പിടിച്ച ദിവസങ്ങൾ. ഇതിനിടെ ബ്രെയിൻ സർജറിയുടെ രൂപത്തിൽ 2015 ലെ കുറച്ച് ഇരുണ്ട കാലഘട്ടം... പക്ഷെ വീട്ടുകാരുടെയും കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും  പൂർണ്ണ പിന്തുണയോടെ വീണ്ടും കർമ്മ പാതയിലേയ്ക്ക്. 

അങ്ങനെ 12 വർഷങ്ങളായി തുടർന്ന് വരുന്ന  ജീവിതത്തിന് ഇപ്പോൾ താൽക്കാലികമായെങ്കിലും  ഒരു അവസാനമാകുകയാണ്. കൊച്ചിയിലേക്കു ചോദിച്ചു വാങ്ങിയ ഒരു ട്രാൻസ്ഫർ! ഇത്രയും നാൾ ബാംഗ്ലൂർ എന്നത് കയ്യെത്തും ദൂരത്തുള്ള ഒരിടം പോലെ ആയിരുന്നെങ്കിൽ ഇനി മുതൽ അതും എനിയ്ക്ക് അന്യമാകുകയാണ്... ഒരു യാന്ത്രിക ജീവിതം ആയിരുന്നെങ്കിലും, ഈ ട്രാഫിക്കും പൊടിയും പുകയും ബഹളങ്ങളും പലപ്പോഴും ക്ഷമ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഈ നഗരം എനിയ്ക്ക് എന്തൊക്കെയോ ആയിരുന്നു എന്ന് ഇപ്പോൾ ഈ പിരിയുന്ന വേളയിൽ മനസ്സിലാകുന്നു...  


പ്രിയപ്പെട്ട ബാംഗ്ലൂർ... നന്ദി!  ഒരുപാട് ജീവിതം  പഠിപ്പിച്ചതിന്, രണ്ട് കാലിൽ നിവർന്ന് നിൽക്കാൻ ധൈര്യം തന്നതിന്, എല്ലാത്തിനും ഉപരി ഭാഷയുടെയും  നാടുകളുടെയും അതിർവരമ്പുകൾ ഇല്ലാത്ത സൗഹൃദങ്ങൾ സമ്മാനിച്ചതിന്... നിനക്ക് വിട, താൽക്കാലികമായിട്ടെങ്കിലും! ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകുമോ എന്നറിയില്ല, കാലം നമുക്കായി കാത്ത് വച്ചത് എന്തായിരിയ്ക്കുമെന്നു നാമെങ്ങനെ അറിയാൻ...  ഇനി തിരികെ അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിലേയ്ക്ക്!!!   ഒരു വ്യാഴവട്ടത്തിനു ശേഷം അവിടെ  എന്നെ കാത്തിരിയ്ക്കുന്നത് ഇനിയെന്താകും...


Friday, February 1, 2019

ഉർവ്വശീ ശാപം ഉപകാരം


ഞാൻ R T Office (Regional Transport Office) ൽ സിസ്റ്റം അഡ്മിൻ ആയി വർക്ക് ചെയ്യുന്ന കാലം. പഴയ ​രീതിയിലുള്ള പുസ്തക രൂപത്തിൽ ഉള്ള ലൈസൻസും RC ബുക്കും എല്ലാം മാറി ലാമിനേറ്റ് ചെയ്ത കാർഡ് രൂപത്തിൽ ആദ്യമായി വന്നു തുടങ്ങുന്നത് ഞങ്ങൾ അവിടെ വർക്ക് ചെയ്യുമ്പോളാണ്. കേരളത്തിലെ എല്ലാ RT Office കളിലും സബ് RT Office (SRTO) കളിലും ഒരേ സമയത്ത് ആണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരുന്നത്.

 എല്ലാ ഓഫീസുകളും രൂപത്തിലും ഭാവത്തിലും ഒരേ പോലെ ആക്കിയതും എല്ലായിടത്തും കമ്പ്യൂട്ടറുകൾ install ചെയ്ത് അവിടുത്തെ ജോലികൾ എല്ലാം തന്നെ smartweb എന്ന സോഫ്റ്റ് വെയർ വഴി ആക്കിയതും എല്ലാം ഞങ്ങളുടെ കമ്പനി വഴി ആയിരുന്നു. ആദ്യ നാളുകളിൽ ഓഫീസ് സ്റ്റഫുകൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം കുറവായതിനാലും smartweb ആപ്ലിക്കേഷൻ പരിചിതമല്ലാത്തതു കൊണ്ടും അവർക്ക് ട്രെയിനിങ്ങ് കൊടുക്കാനും ആദ്യത്തെ കുറേ മാസങ്ങൾ അവർക്ക് വേണ്ട സപ്പോർട്ട് കൊടുക്കാനും ഉള്ള ചുമതലയും ഞങ്ങളുടെ കമ്പനിയുടെ സ്റ്റാഫുകൾക്ക് (sys admins)  ആയിരുന്നു. (എനിയ്ക്ക് തന്നെ അക്കാലത്ത് 5 ഓഫീസുകളിൽ ചുമതലയുണ്ടായിരുന്നു. അതും പോരാതെ ആ കമ്പനിയിലെ ആദ്യ ടെക്നിക്കൽ സ്റ്റാഫ് ആയിരുന്നതിനാൽ കേരളത്തിലെ ഒട്ടു മിക്ക ഓഫീസുകളിലും പോകാനും ഓഫീസ് സ്റ്റാഫിന് ട്രെയിനിങ്ങ് കൊടുക്കാനുമൊക്കെയുള്ള സൌഭാഗ്യവും എനിയ്ക്ക് ലഭിച്ചിരുന്നു.)

 അന്നു വരെ Learners License Test നടത്തിയിരുന്നതും കടലാസിൽ എഴുതി ആയിരുന്നു. പുതിയ സോഫ്റ്റ് വെയർ വന്നതോടെയാണ് അതും കമ്പ്യൂട്ടർ വഴിയുള്ള ടെസ്റ്റ് ആക്കിയത്. അതായിരുന്നു, അക്കാലത്ത് Learners Test ന്റെ ഉത്തരവാദിത്വം വഹിച്ചിരുന്ന Assistant Motor Vehicle Inspectors (AMVI) നേരിട്ടിരുന്ന മറ്റൊരു വലിയ തലവേദന. കാരണം Test നു വരുന്നവർ നൂറിനും മുകളിൽ ഉണ്ടാകും. 90% പേർക്കും കമ്പ്യൂട്ടർ പരിജ്ഞാനം നന്നേ കുറവ്. തൊടുന്നതിനും പിടിയ്ക്കുന്നതിനും ഒക്കെ സംശയവും ആയിരിയ്ക്കും. ഒന്നോ രണ്ടോ AMVI മാർ ഉണ്ടായാൽ പോലും പെട്ടെന്ന് മടുത്തു പോകും. അതു കൊണ്ട് പലപ്പോഴും ഞങ്ങളുടെ സ്റ്റാഫിന്റെ കൂടെ സഹായം അവർ അന്നേ ദിവസങ്ങളിൽ പ്രത്യേകമായി ആവശ്യപ്പെടാറുണ്ട്.

 അങ്ങനെ ഒരു ദിവസം. കേരളത്തിലെ ഒരു സബ് ആർ ടി ഓഫീസിലെ (ഏത് ഓഫീസ് എന്ന് പറയുന്നില്ല) ആദ്യത്തെയോ രണ്ടാമത്തെയോ മാത്രം Learners License Test നടക്കുകയാണ്. ടെസ്റ്റ് ന്റെ ചുമതലയുള്ള ജെയിംസ് സാർ (യഥാർത്ഥ പേരല്ല) അന്ന് ഞങ്ങളോടും (ആ ഓഫീസിൽ ഞങ്ങൾ അന്ന് 2 sys admins ഉണ്ടായിരുന്നു) ടെസ്റ്റ് നടത്തുമ്പോൾ ഒരു കൈ സഹായം ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ സമ്മതിയ്ക്കുകയും ചെയ്തു.

 വൈകാതെ ടെസ്റ്റ് തുടങ്ങി, ആളുകൾ തുടരെ തുടരെ വന്നു കൊണ്ടിരിയ്ക്കുകയാണ്. എങ്ങനെ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യണം, എവിടെ ക്ലിക്ക് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ഒക്കെ അറിവില്ലാത്തവർക്ക് ഞങ്ങൾ പറഞ്ഞു കൊടുക്കണമായിരുന്നു. അങ്ങനെ ടെസ്റ്റ് തകൃതിയായി മുന്നേറുമ്പോഴാണ് ജെയിംസ് സാർ തിരക്കു പിടിച്ച് എന്റെ അടുത്തേയ്ക്ക് വന്നത്. എന്നിട്ട് ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു.

"ശ്രീ, ഒരു ചെറിയ സഹായം ചെയ്യണം. ദാ, അവിടെ ഇനി ടെസ്റ്റ് ന് വരാൻ കാത്തു നിൽക്കുന്ന ക്യൂവിൽ പിന്നിലായി നിൽക്കുന്ന ആ നീല ഷർട്ടിട്ട കാർന്നോരെ കണ്ടില്ലേ? കക്ഷി എന്റെ അയൽക്കാരനാണ്. എങ്ങനെയും ലൈസൻസ് എടുക്കണമെന്ന് പുള്ളിക്കാരന് ഒരാഗ്രഹം. എന്നോട് കുറെ നാളായി പറയുന്നു. അതു കൊണ്ട് ഇന്ന് ടെസ്റ്റിന് വന്നു കൊള്ളാൻ ഞാൻ പറഞ്ഞതു പ്രകാരം വന്നിരിയ്ക്കുകയാണ് കക്ഷി. പക്ഷേ, പ്രശ്നം എന്തെന്നാൽ കമ്പ്യൂട്ടർ പരിജ്ഞാനം തീരെ ഇല്ല പുള്ളിക്കാരന്. ഈ പ്രായത്തിൽ കമ്പ്യൂട്ടർ പഠിച്ചിട്ട് ടെസ്റ്റ് എഴുതാൻ വരാൻ പറയാനും എനിയ്ക്ക് പറ്റില്ല. അതു കൊണ്ട് എങ്ങനെയും അയാളെ ഒന്ന് ജയിപ്പിച്ചെടുക്കണം. ഇതിലെങ്ങാനും തോറ്റിട്ട് കക്ഷി തിരിച്ചു പോയാൽ എനിയ്ക്ക് നാട്ടിൽ തിരിച്ചു ചെല്ലാൻ പറ്റില്ല. അതു പോലെ എന്നെ പറഞ്ഞ് നാണം കെടുത്തിക്കളയും. അതാണ് കക്ഷി."

"മനസ്സിലായി സാർ, എന്ത് സഹായമാണ് ഇപ്പോൾ എനിയ്ക്ക് ചെയ്യാൻ പറ്റുക?" ഞാൻ സംശയം മുഴുവനാകാതെ ചോദിച്ചു.

"നിങ്ങൾക്ക് ഇപ്പോൾ ഈ ടെസ്റ്റിന്റെ ചോദ്യോത്തരങ്ങൾ എല്ലാം മന:പാഠമല്ലേ, അയാൾ വന്നിരുന്ന് ഓരോ ചോദ്യവും കഷ്ടപ്പെട്ട് വായിച്ച് അതിന്റെ ഉത്തരം തപ്പിയെടുത്ത് വരുമ്പോഴേയ്ക്കും ടെസ്റ്റിന്റെ സമയം കഴിഞ്ഞു പോകും. നേരാം വണ്ണം ടെസ്റ്റ് ന് പങ്കെടുത്താൽ കക്ഷി 101% പൊട്ടും. അതു കൊണ്ട് നിങ്ങൾ ഒന്ന് സഹായിയ്ക്കണം. എന്നെ അപ്പുറത്ത് സാർ വിളിയ്ക്കുന്നുണ്ട്, ഞാൻ പെട്ടെന്ന് പോയി വരാം."

ഇത്രയും പറഞ്ഞ് എനിയ്ക്ക് മറുത്തെന്തെങ്കിലും പറയാനാകും മുൻപ് ജെയിംസ് സാർ ധൃതി പിടിച്ച് അപ്പുറത്തേയ്ക്ക് പോയി. ഒരു നിമിഷം സംശയിച്ചു നിന്നെങ്കിലും ഉത്തരവാദിത്വപ്പെട്ട സാർ തന്നെ അങ്ങനെ ആവശ്യപ്പെട്ടതിനാൽ ഞങ്ങൾ അദ്ദേഹത്തെ സഹായിയ്ക്കാൻ തന്നെ തീരുമാനിച്ചു. ചോദ്യം വായിച്ചു കൊടുത്ത് ഓപ്ഷൻസ് പറഞ്ഞിട്ട് അദ്ദേഹം പറയുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാൻ സഹായിച്ചാൽ മതിയല്ലോ.

 വൈകാതെ അയാളുടെ ഊഴവും വന്നു. ഞങ്ങൾ മറ്റുള്ളവർക്കൊപ്പം കക്ഷിയേയും വിളിച്ച് ഒരു കമ്പ്യൂട്ടറിനു മുന്നിൽ ഇരുത്തി (ഒരേ സമയം ആറു പേർക്ക് എഴുതാമായിരുന്നു).  അപ്പോഴാണ് കക്ഷിയുടെ യഥാർത്ഥ അവസ്ഥ ഞങ്ങൾക്ക് മനസ്സിലാകുന്നത്. ജെയിംസ് സാർ പറഞ്ഞതിനേക്കാൾ പരിതാപകരം. കമ്പ്യൂട്ടർ പരിജ്ഞാനം തീരെ ഇല്ലെന്നതോ പോകട്ടെ. ഏറ്റവും എളുപ്പമുള്ള ആദ്യത്തെ ചോദ്യത്തിന് പോലും ശരിയുത്തരം തിരഞ്ഞെടുക്കാൻ കക്ഷിയ്ക്ക് അറിവില്ല!

 "എതെങ്കിലും ഒരുത്തരം പറയൂ" എന്ന് പറഞ്ഞപ്പോൾ "എനിയ്ക്കറിയില്ല, നിങ്ങൾ തന്നെ ഒരെണ്ണം എടുത്താൽ മതി" എന്ന്. ഞങ്ങൾ എന്തു ചെയ്യണം എന്ന ആശയക്കുഴപ്പത്തോടെ നിൽക്കുമ്പോഴേയ്ക്കും അപ്പുറത്ത് പോയ ജെയിംസ് സാർ അവിടുത്തെ പണി തീർത്ത് തിരക്കു പിടിച്ച് അങ്ങോട്ടേയ്ക്ക് വന്നു.

 ഞങ്ങൾ സാറിനോട് കാര്യം പറഞ്ഞു. "അതു സാരമില്ല, തൽക്കാലം ഞാൻ നോക്കിക്കോളാം" എന്നും പറഞ്ഞ് സാർ വേഗം അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിനടുത്ത് വന്നു, എന്നിട്ട് കക്ഷിയുടെ പിന്നിൽ നിന്ന് കൈയിട്ട് ഓരോ ഓപ്ഷനും a, c,d അങ്ങനെയങ്ങനെ പെട്ടെന്ന് പെട്ടെന്ന് ഉത്തരങ്ങൾ ക്ലിക്ക് ചെയ്ത് ചെയ്ത് 3 മിനുട്ട് കൊണ്ട് 20 ചോദ്യങ്ങളും മാർക്ക് ചെയ്തു.

 ഞങ്ങൾ വായും പൊളിച്ച് നിൽക്കുകയാണ്. എന്നാൽ അതിൽ രസകരമായ കാര്യം എന്തെന്നാൽ കൃത്യം 20 ചോദ്യങ്ങൾ കഴിഞ്ഞതും കമ്പ്യൂട്ടർ സ്ക്രീനിൽ വലിയ അക്ഷരങ്ങളിൽ "Sorry! You are failed" (20 ചോദ്യങ്ങളിൽ 12 ഉത്തരങ്ങൾ ശരിയാക്കണം എന്നാണല്ലോ) എന്ന് വലിയ അക്ഷരങ്ങളിൽ തെളിഞ്ഞു കാണിയ്ക്കുന്നുണ്ടായിരുന്നു.

 സത്യത്തിൽ ജെയിംസ് സാറും സ്തബ്ദനായി നിൽക്കുകയായിരുന്നു. തിരക്കു പിടിച്ച് ചെയ്തതാണെങ്കിലും ഒരു AMVI ആയിട്ടു പോലും സാറിനും12 ശരിയുത്തരങ്ങൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ചമ്മൽ തന്നെ പ്രധാന കാരണം. ആദ്യമേ ഈ കക്ഷിയെ പറ്റി പറഞ്ഞത് മനസ്സിലുണ്ടായിരുന്നതിനാൽ സാർ അയാളെ എങ്ങനെ ആശ്വസിപ്പിയ്ക്കും എന്ന് കരുതി അതിശയത്തോടെ നിൽക്കുകയായിരുന്നു അപ്പോൾ ഞങ്ങൾ.

 എന്നാൽ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് സാർ അയാളുടെ കൈ പിടിച്ച് കുലുക്കി. എന്നിട്ട്  "failed" എന്ന് തെളിഞ്ഞു നിൽക്കുന്ന സ്ക്രീൻ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു

"ദാ, കണ്ടില്ലേ... എല്ലാം ശരിയായിട്ടുണ്ട് കേട്ടോ... പാസ്സായി, ഇനി ധൈര്യമായി സന്തോഷത്തോടെ വീട്ടിൽ പൊയ്ക്കോ"

 ഇത് കേട്ട് ഞങ്ങൾ വാ പൊളിച്ച് നിൽക്കുമ്പോൾ ആ പാവം മനുഷ്യൻ സന്തോഷത്തോടെ നിറ കണ്ണുകളോടെ ജെയിംസ് സാറിനെ ചേർത്ത് പിടിച്ച് താണു വണങ്ങി നന്ദിയും പറഞ്ഞ് സന്തോഷത്തോടെ ഇറങ്ങി പോയി.

 എന്താ അവിടെ സംഭവിച്ചത് എന്ന് പൂർണ്ണമായും മനസ്സിലാക്കാതെ നിൽക്കുന്ന ഞങ്ങളോട് ജെയിംസ് സാർ പറഞ്ഞു... " ഒന്നും മനസ്സിലായില്ല അല്ലേ? കമ്പ്യൂട്ടറുമായി യാതൊരു പരിചയവും ഇല്ലാത്ത ആളാണ് കക്ഷി എന്ന് ഞാൻ പറഞ്ഞില്ലേ? തോറ്റു എന്നാണോ ജയിച്ചു എന്നാണോ എഴുതി കാണിയ്ക്കുന്നത് എന്നു പോലും അങ്ങേർക്ക് അറിയില്ല. തൽക്കാലം ജയിച്ചു എന്ന് സമാധാനിച്ച് അയാൾ പോട്ടെ! അയാളെ ഞാൻ എങ്ങനെയെങ്കിലും ജയിപ്പിച്ചോളാം"

 "എങ്കിലും സാർ, ഒരു കണക്കിന് അയാൾ തോറ്റത് നന്നായില്ലേ? ഇവരൊക്കെ തന്നെ അല്ലേ ഇനി ഭാവിയിൽ ലൈസൻസ് എടുത്ത് വണ്ടിയുമായി റോട്ടിൽ ഇറങ്ങേണ്ടി വരുന്നത്? ശരിയ്ക്കും നിയമങ്ങൾ പഠിയ്ക്കാതെ എങ്ങനെയെങ്കിലും ലൈസൻസ് എടുക്കുന്നത് റിസ്ക് അല്ലേ, അയാൾക്ക് മാത്രമല്ല, എല്ലാവർക്കും?"

കുറച്ചു നിമിഷങ്ങൾ മൌനമായി നിന്ന ശേഷം പതിയേ തല കുലുക്കി അത് ശരി വച്ചു കൊണ്ട് ശബ്ദം താഴ്ത്തി പിറുപിറുക്കുന്ന പോലെ സാർ ഇതും കൂടെ കൂട്ടിച്ചേർത്തു... "ശരി തന്നെ! എന്നാലും എന്റെ ഉത്തരങ്ങളും എല്ലാം തെറ്റിപ്പോയല്ലോ. ഇനി ഞാനും ഒന്നൂടെ ടെസ്റ്റ് എഴുതേണ്ടി വരുമോ"

 ചിരിച്ചു കൊണ്ടു നിൽക്കുകയായിരുന്ന ഞങ്ങളുടെ അടുത്ത് എന്തോ ആലോചിച്ച ശേഷം സ്വന്തം പോക്കറ്റിൽ നിന്ന് learners test നുള്ള തുക എടുത്ത് തന്ന ശേഷം സാർ പറഞ്ഞു.

" നിങ്ങൾ ഒരു പണി ചെയ്യ്, അയാളുടെ പേരിൽ അടുത്ത ആഴ്ചത്തേയ്ക്ക് ഒന്നു കൂടെ ടെസ്റ്റിന് ഉള്ള ഒരു ഫീസ് അടയ്ക്ക്. അപ്പോഴേയ്ക്കും ഉത്തരങ്ങൾ പഠിച്ചിട്ട് വരാൻ ഞാൻ പറഞ്ഞോളാം, പിന്നെ... ഇത്തവണ അയാൾ തോറ്റതിന് കാരണക്കാരൻ ശരിയ്ക്കും ഞാനും കൂടിയല്ലേ, അതു കൊണ്ട് ആ പൈസ ഞാൻ തന്നെ അടച്ചോളാം. എന്തായാലും ഇനി പഠിച്ച് വരുന്നവർ ടെസ്റ്റ് എഴുതിയാൽ മതി!"

 എന്തായാലും "ഉർവ്വശീ ശാപം ഉപകാരം" എന്ന വാക്യം ശരി വച്ചു കൊണ്ട് ഞങ്ങൾ മറ്റുള്ള സ്റ്റാഫുകളുടെ സഹായത്തിനായി തിരിയുമ്പോൾ ജെയിംസ് സാർ അദ്ദേഹത്തിന്റെ ബാക്കി പണികൾ തീർക്കാൻ പോകുകയായിരുന്നു.