Sunday, February 24, 2019

അർദ്ധ വിരാമം

2001 ലായിരുന്നു ആദ്യത്തെ ബാംഗ്ലൂർ സന്ദർശനം. ബിരുദ പഠനത്തിനിടെ അവസാന വർഷ ടൂർ പ്രോഗ്രാം. ബിരുദാനന്തര ബിരുദ പഠനകാലത്ത് സ്റ്റഡി ടൂറിന്റെ ഭാഗമായി 2003 ൽ വീണ്ടും വരാൻ ഇടയായി. തുടർന്ന് പഠനമെല്ലാം കഴിഞ്ഞപ്പോ 2005 ൽ ജോലി അന്വേഷിച്ചുള്ള ആദ്യ വരവ് മൂന്നാമത്തെ ബാംഗ്ലൂർ യാത്രയായി തീർന്നു. എന്നാൽ ബംഗളൂരുവിൽ വച്ച് കിട്ടിയ ജോലി നാട്ടിലേക്കുള്ള ജോലിയ്ക്കുള്ള സെലക്ഷൻ ആയിരുന്നു എന്ന യാദൃശ്ചികതയാൽ അടുത്ത 2 വർഷം എറണാകുളത്ത് ആണ് ജോയിൻ ചെയ്തത് എന്നു മാത്രം. രണ്ട് വർഷം കഴിഞ്ഞപ്പോൾ 2007 ൽ തോന്നി കൂടുതൽ നല്ല അവസരങ്ങൾക്ക് നാട്ടിൽ നിന്നാൽ പോര എന്ന്. അങ്ങനെ 2007 ഏപ്രിലിൽ പിന്നെയും ഭാഗ്യമന്വേഷിച്ച് ഒരിയ്ക്കൽ കൂടി ബാംഗ്ലൂർക്ക് വണ്ടി കയറി. 

ഒന്നര മാസത്തോളം ജോലി തേടിയുള്ള അലച്ചിലുകൾ. രാവിലെ തൊട്ടടുത്തുള്ള ബേക്കറിയിൽ നിന്ന് ഒരു ചായയും ഒരു കഷ്ണം 'ദിൽ ഖുഷ്‌' എന്ന ബണ്ണ് പോലുള്ള പലഹാരവും(രണ്ടും രണ്ടും നാലു രൂപയ്ക്ക് ബ്രെയ്ക്ക്ഫാസ്റ്റ് കഴിഞ്ഞു). പിന്നെ BMTC പിടിച്ച് ഓരോ സ്ഥലങ്ങളിൽ ഇന്റർവ്യൂ... ആദ്യ റൗണ്ടിൽ പുറത്തായവ മുതൽ നാലു റൗണ്ട് കഴിഞ്ഞു അഞ്ചാമത്തെ റൗണ്ടിൽ കൈവിട്ടു പോയവ, ഓഫർ ലെറ്റർ അയയ്ക്കുമെന്ന് പറഞ്ഞതു കേട്ട് ആശ്വാസത്തോടെ ഇറങ്ങിയിട്ടും പ്രതീക്ഷകൾ തെറ്റിച്ചവ, ബോണ്ട് വേണമെന്ന കണ്ടീഷനുകളാൽ വേണ്ടെന്ന് വച്ചവ, ഇഷ്ടപ്പെട്ട ടെക്‌നോളജി അല്ലെന്ന് കണ്ട് പിന്മാറിയവ... ഇന്റർവ്യൂ വിന് വേണ്ടി നടന്നു  ക്ഷീണിച്ച് ലാൽബാഗിലെ ബഞ്ചിൽ  ഭാവിയെ ഓർത്ത് ഉത്കണ്ഠപ്പെട്ടു കൊണ്ട് ചിന്തിച്ചിരുന്ന എത്രയെത്ര നാളുകൾ!  പല പരീക്‌ഷണങ്ങൾക്കൊടുവിൽ ആ കാത്തിരിപ്പുകൾക്ക് അവസാനം... ഇന്റലിൽ വിപ്രോയുടെ കണ്സള്ട്ടൻസി വഴി ലിനക്സ് അഡ്മിനായി. തുടർന്ന് മൂന്നു വർഷങ്ങൾ അവിടെ... 

ഉദ്യാന നഗരം പതിയെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു... ഞാനൊരു ബ്ലോഗർ ആയി അറിയപ്പെടാൻ തുടങ്ങുന്നതും ബ്ലോഗുകളുടെ സുവർണ്ണ കാലം കൂടി  ആയ അക്കാലത്ത് ആയിരുന്നു. ഓഫീസിലും അല്ലാതെയും മലയാളികളും അല്ലാത്തവരുമായി ഒട്ടേറെ സുഹൃത്തുക്കൾ... ഒപ്പം ബൂലോകത്തിന്റെ പാതയിലൂടെ കിട്ടിയ, ഒരിയ്ക്കൽ പോലും കണ്ടിട്ടില്ല എങ്കിൽ കൂടിയും അടുത്തറിയുന്ന, ഇന്നും തുടരുന്ന ചില സൗഹൃദങ്ങൾ... 

ഇതിനിടെ recession ന്റെ നിഴലിൽ കഴിഞ്ഞ കുറച്ച് നാളുകൾ... സാമ്പത്തിക മാന്ദ്യം... പിന്നീട് 2010 ൽ വിപ്രോയിൽ സ്ഥിരം ജീവനക്കാരനായതോടെ ഇന്റലിനോട് വിട... തുടർന്നുള്ള 4 വർഷങ്ങൾ വിപ്രോയിൽ... ഇതിനിടെ 2011 ൽ വിവാഹിതനാകുന്നതോടെ മഡിവാളയിൽ നിന്നും താമസം HSR ലേക്ക്... (തുടർന്ന് ഈ കഴിഞ്ഞ 8 വർഷത്തോളം HSR ആയിരുന്നു എല്ലാം. അവിടെയും സ്വന്തം നാട് പോലെയുള്ള സുഹൃത്തുക്കൾ. സ്വന്തം ബന്ധുക്കളെ പോലെ സ്നേഹിയ്ക്കുന്ന വീട്ടുടമസ്ഥനും അയൽക്കാരും കടക്കാരും. അവിടുത്തെ ഇത്രയും വർഷങ്ങളിലെ ജീവിതത്തെ തട്ടും മുട്ടുമില്ലാതെ കൊണ്ട് പോകാൻ സഹായിച്ചതിൽ അവർക്കൊക്കെ നന്ദി പറയതിരിയ്ക്കാൻ നിർവാഹമില്ല.)


ഇതിനിടെ 2013 ൽ മോളുടെ ജനനവും വൈഫിന്റെ കേരള ഗവണ്മെന്റ് ജോലിയും കാരണം അവർ നാട്ടിൽ തന്നെ കൂടാൻ നിർബന്ധിതരാകുന്നു. ഞാൻ വീണ്ടും ഒറ്റയ്ക്ക് ബാംഗ്ലൂരിൽ തന്നെ. 2014 ൽ വിപ്രോ വിട്ട് TCS ലേക്ക് മാറുന്നതോടെ അടുത്ത ഘട്ടം ആരംഭിയ്ക്കുകയായി. എന്റെ കരിയറിലെ ഏറ്റവും തിരക്കേറിയതും എന്നാൽ ഏറ്റവും സുന്ദരമായതുമായ കാലഘട്ടം. Cisco account  ലെ തിരക്ക് പിടിച്ച ദിവസങ്ങൾ. ഇതിനിടെ ബ്രെയിൻ സർജറിയുടെ രൂപത്തിൽ 2015 ലെ കുറച്ച് ഇരുണ്ട കാലഘട്ടം... പക്ഷെ വീട്ടുകാരുടെയും കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും  പൂർണ്ണ പിന്തുണയോടെ വീണ്ടും കർമ്മ പാതയിലേയ്ക്ക്. 

അങ്ങനെ 12 വർഷങ്ങളായി തുടർന്ന് വരുന്ന  ജീവിതത്തിന് ഇപ്പോൾ താൽക്കാലികമായെങ്കിലും  ഒരു അവസാനമാകുകയാണ്. കൊച്ചിയിലേക്കു ചോദിച്ചു വാങ്ങിയ ഒരു ട്രാൻസ്ഫർ! ഇത്രയും നാൾ ബാംഗ്ലൂർ എന്നത് കയ്യെത്തും ദൂരത്തുള്ള ഒരിടം പോലെ ആയിരുന്നെങ്കിൽ ഇനി മുതൽ അതും എനിയ്ക്ക് അന്യമാകുകയാണ്... ഒരു യാന്ത്രിക ജീവിതം ആയിരുന്നെങ്കിലും, ഈ ട്രാഫിക്കും പൊടിയും പുകയും ബഹളങ്ങളും പലപ്പോഴും ക്ഷമ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഈ നഗരം എനിയ്ക്ക് എന്തൊക്കെയോ ആയിരുന്നു എന്ന് ഇപ്പോൾ ഈ പിരിയുന്ന വേളയിൽ മനസ്സിലാകുന്നു...  


പ്രിയപ്പെട്ട ബാംഗ്ലൂർ... നന്ദി!  ഒരുപാട് ജീവിതം  പഠിപ്പിച്ചതിന്, രണ്ട് കാലിൽ നിവർന്ന് നിൽക്കാൻ ധൈര്യം തന്നതിന്, എല്ലാത്തിനും ഉപരി ഭാഷയുടെയും  നാടുകളുടെയും അതിർവരമ്പുകൾ ഇല്ലാത്ത സൗഹൃദങ്ങൾ സമ്മാനിച്ചതിന്... നിനക്ക് വിട, താൽക്കാലികമായിട്ടെങ്കിലും! ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകുമോ എന്നറിയില്ല, കാലം നമുക്കായി കാത്ത് വച്ചത് എന്തായിരിയ്ക്കുമെന്നു നാമെങ്ങനെ അറിയാൻ...  ഇനി തിരികെ അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിലേയ്ക്ക്!!!   ഒരു വ്യാഴവട്ടത്തിനു ശേഷം അവിടെ  എന്നെ കാത്തിരിയ്ക്കുന്നത് ഇനിയെന്താകും...


5 comments:

  1. ശ്രീ said...

    ഒരു വ്യാഴവട്ടത്തിനു ശേഷം ബാംഗ്ളൂരിനോട് വിട പറയുമ്പോൾ...

  2. വീകെ. said...

    കൊച്ചിയിൽ വന്നാൽപ്പിന്നെ തിരിച്ചു പോകാൻ തോന്നില്ല. അതാണ് ഞങ്ങടെ കൊച്ചി...!!
    കൊച്ചിയിലേക്ക് സ്വാഗതം സുഹൃത്തേ ...
    സുസ്വാഗതം.....

  3. Muralee Mukundan , ബിലാത്തിപട്ടണം said...

    'പ്രിയപ്പെട്ട ബാംഗ്ലൂർ... നന്ദി! ഒരുപാട് ജീവിതം പഠിപ്പിച്ചതിന്, രണ്ട് കാലിൽ നിവർന്ന് നിൽക്കാൻ ധൈര്യം തന്നതിന്, എല്ലാത്തിനും ഉപരി ഭാഷയുടെയും നാടുകളുടെയും അതിർവരമ്പുകൾ ഇല്ലാത്ത സൗഹൃദങ്ങൾ സമ്മാനിച്ചതിന്... നിനക്ക് വിട, താൽക്കാലികമായിട്ടെങ്കിലും! ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകുമോ എന്നറിയില്ല, കാലം നമുക്കായി കാത്ത് വച്ചത് എന്തായിരിയ്ക്കുമെന്നു നാമെങ്ങനെ അറിയാൻ... ഇനി തിരികെ അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിലേയ്ക്ക്!!! ഒരു വ്യാഴവട്ടത്തിനു ശേഷം അവിടെ എന്നെ കാത്തിരിയ്ക്കുന്നത് ഇനിയെന്താകും... '

    പോറ്റമ്മയെ വിട്ട് പെറ്റമ്മയുടെ നാട്ടിലേക്കല്ലേ ..എന്തായാലും നന്നാകും ...!

  4. അക്ഷരപകര്‍ച്ചകള്‍. said...

    ഈ മാറ്റം നല്ലതിനാവട്ടെ. എന്തായാലും കുടുംബത്തെ പിരിഞ്ഞു നിൽക്കണ്ടല്ലോ. 2015 ലെ ആ വേദനിപ്പിച്ച പരീക്ഷണ ഘട്ടം അറിയാതെപോയി.എഫ് ബി ഇപ്പോൾ വായനക്ക് വേണ്ടി തുടങ്ങിയ ഒരു പുതിയ അ‌ക്കൗണ്ട് വഴി മാത്രമായി. ബ്ലോഗ് ഇപ്പോൾ വൃത്തം പഠിക്കാൻ വല്ലപ്പോഴും എഴുതികൂട്ടുന്ന ഇഷ്ടദൈവസ്തുതിക്കുള്ള ഇടമായി. സ്ഥിരം ബ്ലോഗ് വായനകൾ ഇല്ലായെന്ന മട്ടിലായി. ജീവിതം! മാറ്റങ്ങൾ നൽകി എങ്ങോട്ടോ നയിക്കുന്നു.

    ശ്രീക്ക് ആശംസകൾ. ഇടയ്ക്കു വരാം ഇനി ഈ ബ്ലോഗിൽ. എഴുത്ത് തുടരൂ.

  5. സുധി അറയ്ക്കൽ said...

    ങ്ഖെ??അക്കോ കൊച്ചിക്കാരനാ????