Friday, February 1, 2019

ഉർവ്വശീ ശാപം ഉപകാരം


ഞാൻ R T Office (Regional Transport Office) ൽ സിസ്റ്റം അഡ്മിൻ ആയി വർക്ക് ചെയ്യുന്ന കാലം. പഴയ ​രീതിയിലുള്ള പുസ്തക രൂപത്തിൽ ഉള്ള ലൈസൻസും RC ബുക്കും എല്ലാം മാറി ലാമിനേറ്റ് ചെയ്ത കാർഡ് രൂപത്തിൽ ആദ്യമായി വന്നു തുടങ്ങുന്നത് ഞങ്ങൾ അവിടെ വർക്ക് ചെയ്യുമ്പോളാണ്. കേരളത്തിലെ എല്ലാ RT Office കളിലും സബ് RT Office (SRTO) കളിലും ഒരേ സമയത്ത് ആണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരുന്നത്.

 എല്ലാ ഓഫീസുകളും രൂപത്തിലും ഭാവത്തിലും ഒരേ പോലെ ആക്കിയതും എല്ലായിടത്തും കമ്പ്യൂട്ടറുകൾ install ചെയ്ത് അവിടുത്തെ ജോലികൾ എല്ലാം തന്നെ smartweb എന്ന സോഫ്റ്റ് വെയർ വഴി ആക്കിയതും എല്ലാം ഞങ്ങളുടെ കമ്പനി വഴി ആയിരുന്നു. ആദ്യ നാളുകളിൽ ഓഫീസ് സ്റ്റഫുകൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം കുറവായതിനാലും smartweb ആപ്ലിക്കേഷൻ പരിചിതമല്ലാത്തതു കൊണ്ടും അവർക്ക് ട്രെയിനിങ്ങ് കൊടുക്കാനും ആദ്യത്തെ കുറേ മാസങ്ങൾ അവർക്ക് വേണ്ട സപ്പോർട്ട് കൊടുക്കാനും ഉള്ള ചുമതലയും ഞങ്ങളുടെ കമ്പനിയുടെ സ്റ്റാഫുകൾക്ക് (sys admins)  ആയിരുന്നു. (എനിയ്ക്ക് തന്നെ അക്കാലത്ത് 5 ഓഫീസുകളിൽ ചുമതലയുണ്ടായിരുന്നു. അതും പോരാതെ ആ കമ്പനിയിലെ ആദ്യ ടെക്നിക്കൽ സ്റ്റാഫ് ആയിരുന്നതിനാൽ കേരളത്തിലെ ഒട്ടു മിക്ക ഓഫീസുകളിലും പോകാനും ഓഫീസ് സ്റ്റാഫിന് ട്രെയിനിങ്ങ് കൊടുക്കാനുമൊക്കെയുള്ള സൌഭാഗ്യവും എനിയ്ക്ക് ലഭിച്ചിരുന്നു.)

 അന്നു വരെ Learners License Test നടത്തിയിരുന്നതും കടലാസിൽ എഴുതി ആയിരുന്നു. പുതിയ സോഫ്റ്റ് വെയർ വന്നതോടെയാണ് അതും കമ്പ്യൂട്ടർ വഴിയുള്ള ടെസ്റ്റ് ആക്കിയത്. അതായിരുന്നു, അക്കാലത്ത് Learners Test ന്റെ ഉത്തരവാദിത്വം വഹിച്ചിരുന്ന Assistant Motor Vehicle Inspectors (AMVI) നേരിട്ടിരുന്ന മറ്റൊരു വലിയ തലവേദന. കാരണം Test നു വരുന്നവർ നൂറിനും മുകളിൽ ഉണ്ടാകും. 90% പേർക്കും കമ്പ്യൂട്ടർ പരിജ്ഞാനം നന്നേ കുറവ്. തൊടുന്നതിനും പിടിയ്ക്കുന്നതിനും ഒക്കെ സംശയവും ആയിരിയ്ക്കും. ഒന്നോ രണ്ടോ AMVI മാർ ഉണ്ടായാൽ പോലും പെട്ടെന്ന് മടുത്തു പോകും. അതു കൊണ്ട് പലപ്പോഴും ഞങ്ങളുടെ സ്റ്റാഫിന്റെ കൂടെ സഹായം അവർ അന്നേ ദിവസങ്ങളിൽ പ്രത്യേകമായി ആവശ്യപ്പെടാറുണ്ട്.

 അങ്ങനെ ഒരു ദിവസം. കേരളത്തിലെ ഒരു സബ് ആർ ടി ഓഫീസിലെ (ഏത് ഓഫീസ് എന്ന് പറയുന്നില്ല) ആദ്യത്തെയോ രണ്ടാമത്തെയോ മാത്രം Learners License Test നടക്കുകയാണ്. ടെസ്റ്റ് ന്റെ ചുമതലയുള്ള ജെയിംസ് സാർ (യഥാർത്ഥ പേരല്ല) അന്ന് ഞങ്ങളോടും (ആ ഓഫീസിൽ ഞങ്ങൾ അന്ന് 2 sys admins ഉണ്ടായിരുന്നു) ടെസ്റ്റ് നടത്തുമ്പോൾ ഒരു കൈ സഹായം ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ സമ്മതിയ്ക്കുകയും ചെയ്തു.

 വൈകാതെ ടെസ്റ്റ് തുടങ്ങി, ആളുകൾ തുടരെ തുടരെ വന്നു കൊണ്ടിരിയ്ക്കുകയാണ്. എങ്ങനെ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യണം, എവിടെ ക്ലിക്ക് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ഒക്കെ അറിവില്ലാത്തവർക്ക് ഞങ്ങൾ പറഞ്ഞു കൊടുക്കണമായിരുന്നു. അങ്ങനെ ടെസ്റ്റ് തകൃതിയായി മുന്നേറുമ്പോഴാണ് ജെയിംസ് സാർ തിരക്കു പിടിച്ച് എന്റെ അടുത്തേയ്ക്ക് വന്നത്. എന്നിട്ട് ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു.

"ശ്രീ, ഒരു ചെറിയ സഹായം ചെയ്യണം. ദാ, അവിടെ ഇനി ടെസ്റ്റ് ന് വരാൻ കാത്തു നിൽക്കുന്ന ക്യൂവിൽ പിന്നിലായി നിൽക്കുന്ന ആ നീല ഷർട്ടിട്ട കാർന്നോരെ കണ്ടില്ലേ? കക്ഷി എന്റെ അയൽക്കാരനാണ്. എങ്ങനെയും ലൈസൻസ് എടുക്കണമെന്ന് പുള്ളിക്കാരന് ഒരാഗ്രഹം. എന്നോട് കുറെ നാളായി പറയുന്നു. അതു കൊണ്ട് ഇന്ന് ടെസ്റ്റിന് വന്നു കൊള്ളാൻ ഞാൻ പറഞ്ഞതു പ്രകാരം വന്നിരിയ്ക്കുകയാണ് കക്ഷി. പക്ഷേ, പ്രശ്നം എന്തെന്നാൽ കമ്പ്യൂട്ടർ പരിജ്ഞാനം തീരെ ഇല്ല പുള്ളിക്കാരന്. ഈ പ്രായത്തിൽ കമ്പ്യൂട്ടർ പഠിച്ചിട്ട് ടെസ്റ്റ് എഴുതാൻ വരാൻ പറയാനും എനിയ്ക്ക് പറ്റില്ല. അതു കൊണ്ട് എങ്ങനെയും അയാളെ ഒന്ന് ജയിപ്പിച്ചെടുക്കണം. ഇതിലെങ്ങാനും തോറ്റിട്ട് കക്ഷി തിരിച്ചു പോയാൽ എനിയ്ക്ക് നാട്ടിൽ തിരിച്ചു ചെല്ലാൻ പറ്റില്ല. അതു പോലെ എന്നെ പറഞ്ഞ് നാണം കെടുത്തിക്കളയും. അതാണ് കക്ഷി."

"മനസ്സിലായി സാർ, എന്ത് സഹായമാണ് ഇപ്പോൾ എനിയ്ക്ക് ചെയ്യാൻ പറ്റുക?" ഞാൻ സംശയം മുഴുവനാകാതെ ചോദിച്ചു.

"നിങ്ങൾക്ക് ഇപ്പോൾ ഈ ടെസ്റ്റിന്റെ ചോദ്യോത്തരങ്ങൾ എല്ലാം മന:പാഠമല്ലേ, അയാൾ വന്നിരുന്ന് ഓരോ ചോദ്യവും കഷ്ടപ്പെട്ട് വായിച്ച് അതിന്റെ ഉത്തരം തപ്പിയെടുത്ത് വരുമ്പോഴേയ്ക്കും ടെസ്റ്റിന്റെ സമയം കഴിഞ്ഞു പോകും. നേരാം വണ്ണം ടെസ്റ്റ് ന് പങ്കെടുത്താൽ കക്ഷി 101% പൊട്ടും. അതു കൊണ്ട് നിങ്ങൾ ഒന്ന് സഹായിയ്ക്കണം. എന്നെ അപ്പുറത്ത് സാർ വിളിയ്ക്കുന്നുണ്ട്, ഞാൻ പെട്ടെന്ന് പോയി വരാം."

ഇത്രയും പറഞ്ഞ് എനിയ്ക്ക് മറുത്തെന്തെങ്കിലും പറയാനാകും മുൻപ് ജെയിംസ് സാർ ധൃതി പിടിച്ച് അപ്പുറത്തേയ്ക്ക് പോയി. ഒരു നിമിഷം സംശയിച്ചു നിന്നെങ്കിലും ഉത്തരവാദിത്വപ്പെട്ട സാർ തന്നെ അങ്ങനെ ആവശ്യപ്പെട്ടതിനാൽ ഞങ്ങൾ അദ്ദേഹത്തെ സഹായിയ്ക്കാൻ തന്നെ തീരുമാനിച്ചു. ചോദ്യം വായിച്ചു കൊടുത്ത് ഓപ്ഷൻസ് പറഞ്ഞിട്ട് അദ്ദേഹം പറയുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാൻ സഹായിച്ചാൽ മതിയല്ലോ.

 വൈകാതെ അയാളുടെ ഊഴവും വന്നു. ഞങ്ങൾ മറ്റുള്ളവർക്കൊപ്പം കക്ഷിയേയും വിളിച്ച് ഒരു കമ്പ്യൂട്ടറിനു മുന്നിൽ ഇരുത്തി (ഒരേ സമയം ആറു പേർക്ക് എഴുതാമായിരുന്നു).  അപ്പോഴാണ് കക്ഷിയുടെ യഥാർത്ഥ അവസ്ഥ ഞങ്ങൾക്ക് മനസ്സിലാകുന്നത്. ജെയിംസ് സാർ പറഞ്ഞതിനേക്കാൾ പരിതാപകരം. കമ്പ്യൂട്ടർ പരിജ്ഞാനം തീരെ ഇല്ലെന്നതോ പോകട്ടെ. ഏറ്റവും എളുപ്പമുള്ള ആദ്യത്തെ ചോദ്യത്തിന് പോലും ശരിയുത്തരം തിരഞ്ഞെടുക്കാൻ കക്ഷിയ്ക്ക് അറിവില്ല!

 "എതെങ്കിലും ഒരുത്തരം പറയൂ" എന്ന് പറഞ്ഞപ്പോൾ "എനിയ്ക്കറിയില്ല, നിങ്ങൾ തന്നെ ഒരെണ്ണം എടുത്താൽ മതി" എന്ന്. ഞങ്ങൾ എന്തു ചെയ്യണം എന്ന ആശയക്കുഴപ്പത്തോടെ നിൽക്കുമ്പോഴേയ്ക്കും അപ്പുറത്ത് പോയ ജെയിംസ് സാർ അവിടുത്തെ പണി തീർത്ത് തിരക്കു പിടിച്ച് അങ്ങോട്ടേയ്ക്ക് വന്നു.

 ഞങ്ങൾ സാറിനോട് കാര്യം പറഞ്ഞു. "അതു സാരമില്ല, തൽക്കാലം ഞാൻ നോക്കിക്കോളാം" എന്നും പറഞ്ഞ് സാർ വേഗം അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിനടുത്ത് വന്നു, എന്നിട്ട് കക്ഷിയുടെ പിന്നിൽ നിന്ന് കൈയിട്ട് ഓരോ ഓപ്ഷനും a, c,d അങ്ങനെയങ്ങനെ പെട്ടെന്ന് പെട്ടെന്ന് ഉത്തരങ്ങൾ ക്ലിക്ക് ചെയ്ത് ചെയ്ത് 3 മിനുട്ട് കൊണ്ട് 20 ചോദ്യങ്ങളും മാർക്ക് ചെയ്തു.

 ഞങ്ങൾ വായും പൊളിച്ച് നിൽക്കുകയാണ്. എന്നാൽ അതിൽ രസകരമായ കാര്യം എന്തെന്നാൽ കൃത്യം 20 ചോദ്യങ്ങൾ കഴിഞ്ഞതും കമ്പ്യൂട്ടർ സ്ക്രീനിൽ വലിയ അക്ഷരങ്ങളിൽ "Sorry! You are failed" (20 ചോദ്യങ്ങളിൽ 12 ഉത്തരങ്ങൾ ശരിയാക്കണം എന്നാണല്ലോ) എന്ന് വലിയ അക്ഷരങ്ങളിൽ തെളിഞ്ഞു കാണിയ്ക്കുന്നുണ്ടായിരുന്നു.

 സത്യത്തിൽ ജെയിംസ് സാറും സ്തബ്ദനായി നിൽക്കുകയായിരുന്നു. തിരക്കു പിടിച്ച് ചെയ്തതാണെങ്കിലും ഒരു AMVI ആയിട്ടു പോലും സാറിനും12 ശരിയുത്തരങ്ങൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ചമ്മൽ തന്നെ പ്രധാന കാരണം. ആദ്യമേ ഈ കക്ഷിയെ പറ്റി പറഞ്ഞത് മനസ്സിലുണ്ടായിരുന്നതിനാൽ സാർ അയാളെ എങ്ങനെ ആശ്വസിപ്പിയ്ക്കും എന്ന് കരുതി അതിശയത്തോടെ നിൽക്കുകയായിരുന്നു അപ്പോൾ ഞങ്ങൾ.

 എന്നാൽ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് സാർ അയാളുടെ കൈ പിടിച്ച് കുലുക്കി. എന്നിട്ട്  "failed" എന്ന് തെളിഞ്ഞു നിൽക്കുന്ന സ്ക്രീൻ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു

"ദാ, കണ്ടില്ലേ... എല്ലാം ശരിയായിട്ടുണ്ട് കേട്ടോ... പാസ്സായി, ഇനി ധൈര്യമായി സന്തോഷത്തോടെ വീട്ടിൽ പൊയ്ക്കോ"

 ഇത് കേട്ട് ഞങ്ങൾ വാ പൊളിച്ച് നിൽക്കുമ്പോൾ ആ പാവം മനുഷ്യൻ സന്തോഷത്തോടെ നിറ കണ്ണുകളോടെ ജെയിംസ് സാറിനെ ചേർത്ത് പിടിച്ച് താണു വണങ്ങി നന്ദിയും പറഞ്ഞ് സന്തോഷത്തോടെ ഇറങ്ങി പോയി.

 എന്താ അവിടെ സംഭവിച്ചത് എന്ന് പൂർണ്ണമായും മനസ്സിലാക്കാതെ നിൽക്കുന്ന ഞങ്ങളോട് ജെയിംസ് സാർ പറഞ്ഞു... " ഒന്നും മനസ്സിലായില്ല അല്ലേ? കമ്പ്യൂട്ടറുമായി യാതൊരു പരിചയവും ഇല്ലാത്ത ആളാണ് കക്ഷി എന്ന് ഞാൻ പറഞ്ഞില്ലേ? തോറ്റു എന്നാണോ ജയിച്ചു എന്നാണോ എഴുതി കാണിയ്ക്കുന്നത് എന്നു പോലും അങ്ങേർക്ക് അറിയില്ല. തൽക്കാലം ജയിച്ചു എന്ന് സമാധാനിച്ച് അയാൾ പോട്ടെ! അയാളെ ഞാൻ എങ്ങനെയെങ്കിലും ജയിപ്പിച്ചോളാം"

 "എങ്കിലും സാർ, ഒരു കണക്കിന് അയാൾ തോറ്റത് നന്നായില്ലേ? ഇവരൊക്കെ തന്നെ അല്ലേ ഇനി ഭാവിയിൽ ലൈസൻസ് എടുത്ത് വണ്ടിയുമായി റോട്ടിൽ ഇറങ്ങേണ്ടി വരുന്നത്? ശരിയ്ക്കും നിയമങ്ങൾ പഠിയ്ക്കാതെ എങ്ങനെയെങ്കിലും ലൈസൻസ് എടുക്കുന്നത് റിസ്ക് അല്ലേ, അയാൾക്ക് മാത്രമല്ല, എല്ലാവർക്കും?"

കുറച്ചു നിമിഷങ്ങൾ മൌനമായി നിന്ന ശേഷം പതിയേ തല കുലുക്കി അത് ശരി വച്ചു കൊണ്ട് ശബ്ദം താഴ്ത്തി പിറുപിറുക്കുന്ന പോലെ സാർ ഇതും കൂടെ കൂട്ടിച്ചേർത്തു... "ശരി തന്നെ! എന്നാലും എന്റെ ഉത്തരങ്ങളും എല്ലാം തെറ്റിപ്പോയല്ലോ. ഇനി ഞാനും ഒന്നൂടെ ടെസ്റ്റ് എഴുതേണ്ടി വരുമോ"

 ചിരിച്ചു കൊണ്ടു നിൽക്കുകയായിരുന്ന ഞങ്ങളുടെ അടുത്ത് എന്തോ ആലോചിച്ച ശേഷം സ്വന്തം പോക്കറ്റിൽ നിന്ന് learners test നുള്ള തുക എടുത്ത് തന്ന ശേഷം സാർ പറഞ്ഞു.

" നിങ്ങൾ ഒരു പണി ചെയ്യ്, അയാളുടെ പേരിൽ അടുത്ത ആഴ്ചത്തേയ്ക്ക് ഒന്നു കൂടെ ടെസ്റ്റിന് ഉള്ള ഒരു ഫീസ് അടയ്ക്ക്. അപ്പോഴേയ്ക്കും ഉത്തരങ്ങൾ പഠിച്ചിട്ട് വരാൻ ഞാൻ പറഞ്ഞോളാം, പിന്നെ... ഇത്തവണ അയാൾ തോറ്റതിന് കാരണക്കാരൻ ശരിയ്ക്കും ഞാനും കൂടിയല്ലേ, അതു കൊണ്ട് ആ പൈസ ഞാൻ തന്നെ അടച്ചോളാം. എന്തായാലും ഇനി പഠിച്ച് വരുന്നവർ ടെസ്റ്റ് എഴുതിയാൽ മതി!"

 എന്തായാലും "ഉർവ്വശീ ശാപം ഉപകാരം" എന്ന വാക്യം ശരി വച്ചു കൊണ്ട് ഞങ്ങൾ മറ്റുള്ള സ്റ്റാഫുകളുടെ സഹായത്തിനായി തിരിയുമ്പോൾ ജെയിംസ് സാർ അദ്ദേഹത്തിന്റെ ബാക്കി പണികൾ തീർക്കാൻ പോകുകയായിരുന്നു.

8 comments:

  1. ശ്രീ said...

    ചിലപ്പോഴെങ്കിലും ചില അബദ്ധങ്ങൾ സംഭവിയ്ക്കുന്നത് നല്ലതിന് ആയിത്തീരാറുണ്ട്


    ഒരു പഴയ ഓർമ്മക്കുറിപ്പ്...

  2. Muralee Mukundan , ബിലാത്തിപട്ടണം said...

    ഇതിൽ ഏറ്റവും വലിയ രസം ജെയിൻസിനെ പോലെയുള്ള വെഹിക്കിൾ ഇൻസ്സ്പെക്റ്റർസ്നുപോലും ലേണേഴ്സ് ചോദ്യങ്ങൾ പോലും അറിയില്ല എന്നത് തന്നെയാണ് ...!

  3. വിനുവേട്ടന്‍ said...

    ചാലക്കുടിയിലും ബെംഗളൂരുവിലും മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക RTO ഓഫീസുകളിലുമുണ്ടെടാ എനിക്ക് പിടി... :)

    ജെയിംസ് സാറ് ചിരിപ്പിച്ചു കളഞ്ഞല്ലോ ശ്രീ...

  4. ശ്രീ said...

    മുരളി മാഷേ...

    വളരെ സന്തോഷം, വായനയ്ക്കും കമന്റിനും. ശരിയാണ് - അതു തന്നെ ആണ് അതിലെ ഏറ്റവും രസകരമായ കാര്യം!

    വിനുവേട്ടാ...
    നേരായിരുന്നു, അന്ന് എല്ലാ ഓഫീസുകളിലും പരിചയക്കാരുണ്ടായിരുന്നു :)

  5. വീകെ. said...

    വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയാണല്ലെ. റോഡ് ടെസ്റ്റ് നടത്തുമ്പോഴും ഇതേ അവസ്ഥയുണ്ട്. പിടിയുള്ളവന്റെ മക്കൾ ഒറ്റ പ്രാവശ്യമേ ടെസ്റ്റിനിരിക്കൂ. നമ്മുടെ നാട്ടിലെ റോഡപകടങ്ങളിലെ പ്രധാന വില്ലൻ ഈ അറിവില്ലായ്മയാണ്.

    ആശംസക8...

    പുതിയ പോസ്റ്റിടുമ്പോൾ വാട്ട്സപ്പിൽ ഒരു ലിങ്ക് തരണം കെട്ടോ ...

  6. വെറുതെ...വെറും വെറുതെ ! said...

    ഹ ഹ ഹ... അത് കലക്കി. വേലി തന്നെ വിളവ് തിന്നാൻ പോകുക. ഒടുവിൽ നല്ലൊരു തിരിച്ചറിവ് ഉണ്ടാവുക. സംഭവ കഥ ആയോണ്ട് കുറച്ചുകൂടെ ആസ്വാദ്യകരമായി ശ്രീ.

  7. അക്ഷരപകര്‍ച്ചകള്‍. said...

    രസകരമായ കുറിപ്പ് ശ്രീ.

    ഇൻസ്‌പെക്ടർ സർ ചിരിപ്പിച്ചു ആ പാവത്തിനെ ജയിച്ചു എന്നു ആശ്വസിപ്പിക്കുന്നതിനിടയിൽ. :) പിന്നെ ഇൻസ്‌പെക്‌ടർമാരൂടെ അജ്ഞതയും വാസ്തവമാണെന്നല്ലേ ഇതിൽ നിന്നും അറിയാൻ കഴിയുന്നത്.

    ലൈസൻസ് എങ്ങിനെയും സംഘടിപ്പിക്കണം എന്നു കരുതുന്നവർ ഏറെയുണ്ട്. പക്ഷേ അർഹതപ്പെട്ടവർക്കു മാത്രം കിട്ടട്ടെ എന്നു ആശംസിക്കുന്നു! എന്നാലേ ആശ്വാസത്തോടെ റോഡിലിറങ്ങാൻ മറ്റു യാത്രികർക്ക് സാധിക്കൂ.

  8. സുധി അറയ്ക്കൽ said...

    എല്ലാ ആർ ടി ഓഫിസുകളിലും ഇതാവും നടക്കുന്നത്‌.