Wednesday, October 24, 2007

ഒരു റാഗിങ്ങ് കഥ

ഞങ്ങള്‍‌ ബിരുദാനന്തര ബിരുദ പഠനത്തിനായി തഞ്ചാവൂര്‍‌ക്ക് ചേക്കേറിയ 2 വര്‍‌ഷക്കാലം ഞങ്ങള്‍‌ക്ക് നല്ലതും ചീത്തയുമായ ഒട്ടേറെ അനുഭവങ്ങള്‍‌ പകര്‍‌ന്നു തന്നിട്ടുണ്ട്. ജീവിതത്തിന്റെ വിവിധ വശങ്ങള്‍‌ മനസ്സിലാക്കാനും, ഒരു പ്രശ്നം വന്നാല്‍‌ അതെങ്ങനെ നേരിടണമെന്നുമുള്ള അറിവുകള്‍‌ നേടാനും സഹായിച്ചു എന്നതൊഴിച്ചാല്‍‌ അവിടെ നിന്നും ലഭിച്ച നല്ല അനുഭവങ്ങള്‍‌ കുറവാണ്. അതു കൊണ്ടു കൂടിയാകണം ഇടയ്ക്കുവീണു കിട്ടിയിരുന്ന രസകരമായ അനുഭവങ്ങള്‍‌ ഞങ്ങള്‍‌ അങ്ങേയറ്റം ആസ്വദിച്ചിരുന്നതും ഇന്നും മറക്കാനാകാത്തതും. അത്തരം ഒരു സംഭവമാണ് ഇവിടെ വിവരിക്കുന്നത്.

ഞങ്ങള്‍‌ രണ്ടാം വര്‍‌ഷത്തിലേയ്ക്കു കടന്ന സമയം. ജൂനിയേഴ്സ് എല്ലാം വന്നു തുടങ്ങി ജൂനിയേഴ്സ് വരുന്നതിനും ഏതാണ്ട് ഒരു മാസത്തോളം മുന്‍‌പേ തന്നെ ഞങ്ങളുടെ റൂമിലെ ചങ്ങാതിമാരെല്ലാവരും ചര്‍‌ച്ച തുടങ്ങി. വേറൊന്നുമല്ല, നവാഗതരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു തന്നെ ഞങ്ങള്‍‌ ആദ്യ വര്‍‌ഷം വന്നെത്തിയപ്പോള്‍‌ ആരും മോശം പറയാത്ത രീതിയില്‍‌ തന്നെ ഞങ്ങളുടെ സീനിയേഴ്സ് ഞങ്ങളെ സ്വീകരിച്ചിരുന്നു (ചിലര്‍‌ ഇതിനെ റാഗിംങ് എന്നു വിളിക്കും). നമുക്കു കിട്ടിയതിനു പകരം ഇനി വരുന്നവരോടും അങ്ങനെ പെരുമാറുന്നതില്‍‌ അര്‍‌ത്ഥമില്ലെന്ന് അറിയാമായിരുന്നതിനാല്‍‌ ഞങ്ങള്‍‌ മൂന്നു നാലു പേര്‍ക്ക്‌ ഈ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു എങ്കിലും ഞങ്ങള്‍‌ മാത്രമായി മാറി നില്‍‌ക്കരുതെന്നും വെറുതെ മറ്റുള്ളവരുടെ കൂടെ നിന്നാല്‍‌ മതിയെന്നു മൊക്കെ എല്ലാവരും വന്ന് പല തവണ പറഞ്ഞതിനാല്‍‌ താല്പര്യമില്ലെങ്കില്‍‌ കൂടി അവരുടെ കൂടെ കൂടാ‍മെന്നു ഞങ്ങളും സമ്മതിച്ചു. മാത്രമല്ല, ആരെയും ഉപദ്രവിക്കില്ലെന്നും, ഒരു നേരം പോക്കെന്ന രീതിയില്‍‌ മാത്രമേ നീങ്ങൂ എന്നും അവരും തീരുമാനിച്ചിരുന്നു.

അങ്ങനെ ആ സമയം വന്നെത്തി ജൂനിയേഴ്സ് എത്തിത്തുടങ്ങി. പ്രതീക്ഷിച്ചതു പോലെ തന്നെ, കുറച്ചു പേര്‍‌ താമസിക്കാനായി എത്തിയത് ഞങ്ങളുടെ റൂമിനടുത്തു തന്നെ. അന്നൊരു ദിവസം ഞങ്ങളില്‍‌ രണ്ടു മൂന്നു പേര്‍‌ അവരെ പരിചയപ്പെടാനായി ഞങ്ങളുടെ റൂമിലേയ്ക്കു വിളിച്ചു. എല്ലാവരും വലിയ ഗൌരവത്തിലൊക്കെ അവരെ നേരിടാന്‍‌ ഒരുങ്ങിയിരുന്നു. എന്നാലും ഉള്ളില്‍‌ ചെറിയൊരു പേടിയൊക്കെ എല്ലാവര്‍‌ക്കും ഉണ്ടായിരുന്നു. ഞങ്ങള്‍‌ വിരട്ടിയെന്നും പറഞ്ഞ് അവന്‍‌മാരെങ്ങാനും പോയി കോളേജില്‍‌ പരാതി പറഞ്ഞാല്‍‌ ഗുലുമാലാകുമല്ലോ.

അപ്പോഴാണ് മത്തന്‍ ഒരു ഐഡിയ തോന്നിയത്. എന്നു വച്ചാല്‍‌ ജൂനിയേഴ്സ് ഉള്ളപ്പോള്‍‌ ഞങ്ങളാരും സ്വന്തം പേരു വച്ച് പരസ്പരം സംബോധന ചെയ്യാതിരിക്കുക. അപ്പോള്‍‌ അവര്‍‌ക്കു ഞങ്ങളുടെ ശരിയായ പേരുകള്‍‌ കിട്ടില്ലല്ലോ. എന്തായാലും ആ ഐഡിയ എല്ലാവര്‍‌ക്കും സ്വീകാര്യമായി. മത്തന്‍‌ സ്വന്തം പേരിനു പകരം “അലക്സ്’“ എന്ന പേരു സ്വീകരിച്ചു. മറ്റുള്ളവര്‍‌ ജെയിംസ്, സ്റ്റീഫന്‍‌,ഉണ്ണി തുടങ്ങി തോന്നിയ പോലെ പേരുകള്‍‌ തിരഞ്ഞെടുത്തു.

കുറച്ചു നേരം കഴിഞ്ഞു ജൂനിയേഴ്സ് കുറച്ചൊക്കെ ആശങ്കയോടെ ഞങ്ങളുടെ റൂമിലെത്തി മത്തനും ബിമ്പുവും സുധിയപ്പനുമുള്‍‌പ്പെടെ എന്തിന് പിള്ളേച്ചന്‍‌ പോലും ഉഷാറായി. ഓരോന്നും പറഞ്ഞും ചോദിച്ചും അവര്‍‌ പിള്ളേരെ വിരട്ടുന്നു... ഇതിനിടെ ജോബി, തനിക്കു മുന്‍‌ വര്‍‌ഷം ഏറ്റവും കൂടുതലായി ചെയ്യേണ്ടി വന്ന ഒരു പ്രത്യേക തരം സല്യൂട്ട് അവരെക്കൊണ്ട് ചെയ്യിക്കാന്‍‌ ശ്രമിക്കുന്നു പിള്ളേച്ചന്‍‌ എല്ലാം ആസ്വദിച്ചു കൊണ്ട് ചിരിച്ചു കൊണ്ട് കൂടെ നില്‍‌ക്കുന്നു.

അതിനിടയില്‍‌ ഞാനും സുധിയും എന്തോ സംസാരിച്ചു കൊണ്ട് വരാന്തയില്‍‌ നില്‍‌ക്കുകയായിരുന്നു. ഞങ്ങള്‍‌ക്കു കാണാവുന്ന രീതിയില്‍‌ അടുത്ത മുറിയില്‍‌ മത്തന്‍‌ സ്വന്തം ആരോഗ്യ സ്ഥിതി പോലും വക വയ്ക്കാതെയാണ് ഒച്ചയിട്ടു കൊണ്ട് അവരെ പേടിപ്പിക്കുന്നത്. അപ്പോള്‍‌ ഞാന്‍‌ എന്തോ കാര്യത്തെ പറ്റി സുധിയപ്പനോടു സംസാരിക്കുകയാണ്. അതെപ്പറ്റി അവനും അത്ര ഉറപ്പില്ല. അവന്‍‌ പറഞ്ഞത് അത് മത്തനേ അറിയൂ എന്നാണ്. മത്തനോട് ചോദിക്കണം അതിനെന്താ ഇപ്പോ തന്നെ ചോദിച്ചേക്കാമെന്നും പറഞ്ഞ് സുധിയപ്പന്‍‌ അവനെ വിളിക്കാനൊരുങ്ങി. പെട്ടെന്ന് ഞാന്‍‌ അവനെ ഓര്‍‌മ്മപ്പെടുത്തി-“ എടാ, സ്വന്തം പേരില്‍‌ വിളിക്കരുതെന്ന് അവന്‍‌ പറഞ്ഞിട്ടുണ്ട് കേട്ടോ”

അപ്പോഴാണ് അവനും അത് ഓര്‍‌ത്തത്” ആ അതു ശരിയാ ഞാന്‍‌ മറന്നുഎന്താടാ അവന്റെ പേര്‍ ? അലക്സ് എന്നല്ലേ?”

ഞാന്‍‌ തല കുലുക്കി.

“അലക്സേ ഇങ്ങോട്ടൊന്നു വന്നേടാ” സുധി വിളിച്ചു.

എവിടെ? മത്തന്‍‌ കേട്ട ഭാവമില്ല. അവന്‍‌ ജൂനിയേഴ്സിനെ നിരത്തി നിര്‍‌ത്തി ചൂടാവുകയാണ്.

സുധിയപ്പന്‍‌ പിന്നെയും വിളിച്ചു. ഒരു രക്ഷയുമില്ല. കുറച്ചു കൂടി ഉറക്കെ വിളിച്ചു നോക്കി മത്തന്റെ അടുത്തു നില്‍‌ക്കുന്ന ജൂനിയേഴ്സ് ആ വിളി കേട്ട് തല പൊക്കി ഞങ്ങളെ നോക്കി. എന്നിട്ടും മത്തന്‍ അനക്കമില്ല.

സുധിയപ്പനു കലി കയറി.”ഈ **** ന് ചെവിയും കേള്‍‌ക്കില്ലേ? ഡാ അലക്സേ നിന്നെ വിളിച്ചത് കേട്ടില്ലേ ഇവിടെ വാടാ” അവന്‍‌ അലറി.

ഇത്തവണ മത്തന്‍‌ ഗൌരവത്തോടെ തിരിഞ്ഞു നോക്കി. എന്നിട്ട് ജൂനിയേഴ്സിനോടായി ദേഷ്യത്തില്‍‌ പറഞ്ഞു.” ഇതിലാരാടാ അലക്സ്? നിന്നെയൊക്കെ വിളിക്കുന്നതു കേട്ടില്ലേടാ‍? വിളിക്കുന്നിടത്തു ചെന്നു കൂടേ? ആരാടാ ഈ അലക്സ്?”

ഒരു നിമിഷം!

വിളിച്ച സുധിയപ്പനും ഇതു കേട്ടു കൊണ്ടു നിന്ന ഞാനും മറ്റു കൂട്ടുകാരും വല്ലാത്തൊരു അവസ്ഥയിലായി. എന്തിന്? ജൂനിയേഴ്സു പോലും ഇതെന്തു കഥ എന്ന അര്‍‌ത്ഥത്തില്‍‌ ഞങ്ങളെ പകച്ചു നോക്കി നിന്നു. ചിരിയടക്കാന്‍‌ പാടു പെട്ട ഞാന്‍‌ പെട്ടെന്ന് അവിടെ നിന്നും വലിഞ്ഞു. രണ്ടു മൂന്നു നിമിഷങ്ങള്‍‌ക്കകം എല്ലാവരും എന്റെ അടുത്തെത്തി, കൂടെ മത്തനും. പിന്നെ, കുറെ നേരത്തേയ്ക്ക് ഞങ്ങള്‍‌ ചിരിയോടു ചിരിയായിരുന്നു. അവന്‍‌ തന്നെ സ്വന്തം പേരായി തിരഞ്ഞെടുത്തതാണ് അലക്സ് എന്ന പേര്‍ എന്നുള്ള കാര്യം മത്തന്‍‌ മറന്നു പോയിരുന്നു. എന്തായാലും ആ വിദ്യ പൊളിഞ്ഞതു കാരണം ജൂനിയേഴ്സും രക്ഷപ്പെട്ടു.

Tuesday, October 23, 2007

കമ്പയിന്‍‌ സ്റ്റഡിയും വല്യമ്മച്ചിയും


ഞങ്ങള്‍‌ പിറവം ബിപിസി കോളേജില്‍‌ പഠിക്കുന്ന കാലം. അക്കാലത്ത് ഞാനും ബിട്ടുവും കുല്ലുവും മാത്രമാണ് അവിടെ കോളേജിനടുത്ത് ഒരു റൂമെടുത്ത് താമസിച്ചിരുന്നത്. ബാക്കി എല്ലാവരുടേയും വീടുകള്‍‌ ഒരുവിധം അടുത്തു തന്നെയാണ്. അവരെല്ലാം ‘മിക്കവാറും’ എല്ലാ ദിവസവും സ്വന്തം വീട്ടില്‍‌ നിന്നും തന്നെയാണ് കോളേജില്‍‌ വന്നുപോയ്ക്കോണ്ടിരുന്നത്. (ലവന്മാരൊക്കെ ഒരുമാതിരി ദിവസങ്ങളിലെല്ലാം ഞങ്ങളുടെ റൂമില്‍‌ തന്നെ കാണും കേട്ടോ. അതുകൊണ്ടാണ് ‘മിക്കവാറും’ എന്നു സൂചിപ്പിച്ചത്.)

എന്തായാലും ഇതിനൊരു പ്രായ്ശ്ചിത്തം എന്ന പോലെയാകണം, ഇടയ്ക്ക് ഒരു അവധി ദിവസം വന്നാല്‍‌ അപ്പോള്‍‌ തന്നെ ഇവന്മാരാരെങ്കിലും ഞങ്ങളെയെല്ലാവരേയും അവരുടെ വീട്ടിലേയ്ക്കു ക്ഷണിക്കുമായിരുന്നു. ആദ്യം കുറച്ചൊക്കെ ജാഢ കാണിക്കുമെങ്കിലും ഞങ്ങള്‍‌ ചെല്ലാമെന്നു സമ്മതിക്കും... എല്ലാവരും കൂടെ ചെല്ലുകയും ചെയ്യും. എന്നു കരുതി, ആ വീട്ടുകാര്‍‌ക്ക് ശല്യമൊന്നുമാകില്ല. പക്ഷേ, ഒരു കുഞ്ഞു സദ്യയ്ക്കു വേണ്ട ഏര്‍‌പ്പാടുകളൊക്കെ അവരു ചെയ്യേണ്ടി വരുമെന്നു മാത്രം. കാരണം വിളിക്കുന്നത് ഞങ്ങളെ മൂന്നു പേരെയുമാണെങ്കിലും ചെല്ലുന്നത് ഞങ്ങള്‍‌ ഏഴും കൂടിയാണേയ്. എങ്ങനെയൊക്കെ ആയാലും ഞങ്ങളെ എല്ലാവരേയും ഇപ്പറഞ്ഞ എല്ലാവരുടേയും വീട്ടുകാര്‍‌ക്ക് നല്ലവണ്ണം അറിയാമായിരുന്നു. (കുറച്ചൊന്നുമല്ലല്ലോ, ഞങ്ങളെ സഹിച്ചിരിക്കുന്നത് അവരാരും അതൊന്നും ഈ ജന്മത്തു മറക്കാനിടയില്ല)

വല്ലപ്പോഴുമുള്ള ഈ വിസിറ്റിനു പുറമേ പരീക്ഷാക്കാലമടുത്താല്‍ ഞങ്ങള്‍‌ ചിലപ്പോഴെല്ലാം കമ്പയിന്‍‌ സ്റ്റഡി നടത്താറുള്ളത് ഇവന്മാരുടെ ആരുടെയെങ്കിലും വീട്ടിലായിരിക്കും. ഈ ‘കമ്പയിന്‍‌ സ്റ്റഡി’യെപ്പറ്റി ഞാന്‍‌ വിശദീകരിക്കേണ്ടല്ലോ. പഠിക്കുന്നതിനിടയില്‍‌ ‘ഒരു ചോദ്യം കണ്ടാല്‍ അതേതു ചാപ്റ്ററില്‍‌ നിന്നാണെന്ന് ആര്‍‌ക്കും പറയാനറിയില്ലായിരുന്നുവെങ്കിലും അടുക്കളയില്‍‌ നിന്നും ഒരു മണം വന്നാല്‍‌ അതേതു കറിയായിരിക്കും’ എന്നു പറയാനുള്ള ഒരു പ്രത്യേക വൈദഗ്ദ്ധ്യം ഞങ്ങള്‍‌ക്കു കൈ വന്നതിനു കാരണം ഈ കമ്പയിന്‍‌ സ്റ്റഡി ആയിരുന്നു എന്ന് നിസ്സംശയം പറയാം.

അങ്ങനെ മൂന്നാം വര്‍‌ഷം, അഞ്ചാം സെമസ്റ്ററിലോ മറ്റോ സ്റ്റഡിലീവ് സമയത്ത് ബിമ്പു ഒരു അബദ്ധം കാണിച്ചു…. എന്നു വച്ചാല്‍‌ ഞങ്ങളെ അവന്റെ വീട്ടിലേയ്ക്ക് കമ്പയിന്‍‌ സ്റ്റഡിയ്ക്കു ക്ഷണിച്ചു. ഇതു കേട്ടതോടെ രണ്ടു ദിവസം അവിടെ നില്‍ക്കാനുള്ള പ്ലാനില്‍‌ പതിവു പോലെ എല്ലാവരും കൂടെ പുസ്തകങ്ങളും അത്യാവശ്യം വസ്ത്രങ്ങളുമായി അങ്ങോട്ട് കെട്ടിയെടുത്തു.

സാധാരണ, ആദ്യത്തെ ദിവസം പഠനമൊന്നും നടക്കില്ല. ആ വീട്ടുകാരോടെല്ലാം വിശേഷങ്ങളും പറഞ്ഞ് ആ നാടും പറമ്പുമെല്ലാം ചുറ്റി നടന്ന്, പഠനസാമഗ്രികളെല്ലാം തയ്യാറാക്കി ഇടയ്ക്ക് ഭക്ഷണവും കഴിച്ചങ്ങനെ ഇരിക്കും. അതുപോലെ തന്നെ അന്നും തുടര്‍ന്നു. ചെന്നു കയറിയതു തന്നെ സന്ധ്യയ്ക്കായിരുന്നു. പറമ്പിലെല്ലാം ഒന്നു ചുറ്റി, ഒന്നു കുളിച്ചു റെഡിയായപ്പോഴേയ്ക്കും സമയം രാത്രിയായി. പുസ്തകങ്ങളും മറ്റും നിരത്തിയപ്പോഴേയ്ക്കും ബിമ്പുവിന്റെ മമ്മി വന്നു ഭക്ഷണം കഴിക്കാന്‍‌ വിളിച്ചു. എല്ലാവരും അതു കേള്‍‌ക്കാനിരിക്കുകയായിരുന്നു എന്ന പോലെ ഡൈനിങ്ങ് ടേബിളിലേയ്ക്ക് ഓടി. പതിവു പോലെ ആദ്യമെത്തിയത് സുധിയപ്പന്‍‌ തന്നെ. (ഞങ്ങളുടെ കൂട്ടത്തില്‍‌ ഇടയ്ക്കിടെ ഈ വിശപ്പിന്റെ അസുഖമുള്ള ആളായിരുന്നു ഈ സുധിയപ്പന്‍‌). എല്ലാവരും ടേബിളിനു ചുറ്റും നിരന്നിരുന്നു. കൂടെ ബിമ്പുവും അവന്റെ പപ്പയും അനുജനും കുഞ്ഞനുജത്തിയും.

അപ്പോഴേയ്ക്കും ബിമ്പുവിന്റെ വല്യമ്മച്ചിയും (പപ്പയൂടെ അമ്മ)എത്തി. പ്രായാധിക്യം കൊണ്ട് കാഴ്ചയ്ക്ക് അല്‍പ്പം പ്രശ്നമുണ്ടായിരുന്നു വല്യമ്മച്ചിക്ക്. ഒപ്പം കുറച്ച് ഓര്‍‌മ്മക്കുറവും. ഞങ്ങളെയെല്ലാവരേയും മുന്‍പ് കണ്ടു പരിചയമുണ്ടായിരുന്നുവെങ്കിലും മറന്നുകാണുമല്ലോ എന്ന ശങ്കയില്‍‌ ഞങ്ങള്‍‌ ഭക്ഷണം കഴിക്കുന്നതിന്റെ വേഗം ഒരല്പം കുറച്ചു. വെട്ടി വിഴുങ്ങുന്നത് ഒരു മയത്തിലാക്കി എന്നര്‍‌ത്ഥം. അവന്റെ പപ്പയ്ക്കും മമ്മിയ്ക്കുമെല്ലാം ഞങ്ങളെ മുന്‍‌പേ അറിയാമായിരുന്നതിനാല്‍‌ അവരുടെ മുന്‍‌പില്‍‌ ഇനിയും ഇമേജ് കുറയുമോ എന്ന ശങ്ക ഇല്ലായിരുന്നു. (വല്ലതും ഉണ്ടേലല്ലേ കുറയൂ) ഞങ്ങളുടെ സ്ട്രൈക്ക് റേറ്റ് കുറയാന്‍‌ കാരണം വല്യമ്മച്ഛിയുടെ സാന്നിധ്യമാണെന്ന് മനസ്സിലാക്കിയ ബിമ്പു ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. “നിങ്ങള്‍‌ കഴിക്ക് അളിയന്മാരേ… വല്യമ്മച്ഛിയ്ക്ക് നിങ്ങളെയൊക്കെ അറിയാവുന്നതാ”

ഒപ്പം വല്യമ്മച്ഛിയോടൊരു ചോദ്യവും “ വല്യമ്മച്ഛീ… ഇവരെയൊക്കെ മനസ്സിലായില്ലേ?”

ബിമ്പുവിന്റെ കൂട്ടുകാരാണെന്ന് മനസ്സിലാക്കിയ വല്യമ്മച്ഛി പരിചയഭാവത്തില്‍‌ ചിരിച്ചു കൊണ്ട് പറഞ്ഞു “പിന്നില്ലാതെ…!”

എന്നിട്ട് പതിയെ ഇതൊന്നും അത്ര ശ്രദ്ധിക്കാതെ ഒരു ചിക്കന്‍‌ പീസില്‍‌ നിന്ന് ശ്രദ്ധയോടെ അവസാന തരി ഇറച്ചിയും കൂടെ കടിച്ചെടുക്കുന്നതില്‍‌ മാത്രം വ്യാപൃതനായിരുന്ന സുധിയപ്പന്റെ അടുത്തെത്തി. എന്നിട്ടവന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

“ അല്ലാ, കൊച്ച് ആണോ പെണ്ണോ?”

തിന്നു കൊണ്ടിരുന്ന ചിക്കന്‍‌ പീസ് തൊണ്ടയില്‍‌ കുടുങ്ങിയതു പോലെ സുധിയപ്പനൊന്ന് ഞെട്ടി. ഒപ്പം ഞങ്ങളെല്ലാവരും. ‘വല്യമ്മച്ഛിയ്ക്ക് കണ്ണിന് ഇത്രയും കാഴ്ചക്കുറവുണ്ടോ?’ ‘സുധിയെ കണ്ടിട്ടാണോ ആണാണോ പെണ്ണാണോ എന്നു ചോദിക്കുന്നത്?’ ‘ഭാഗ്യം! ഞങ്ങളോടാരോടും ചോദിച്ചില്ലല്ലോ’ എന്നെല്ലാമുള്ള ചിന്തകള്‍‌ക്കു പുറമേ ഒരറ്റത്തു നിന്നും മത്തന്‍‌ മാലപ്പടക്കത്തിനു തിരി കൊളുത്തിയതു പോലെ ചിരി തുടങ്ങി. പിന്നെ, പിടിച്ചു നിര്‍‌ത്താനാകാതെ ഞങ്ങളും കൂടെ കൂടി. ആ കൂട്ടച്ചിരിക്കിടയില്‍‌ സുധിയപ്പന്‍‌ മാത്രം അത്രയും നേരം വാരി വിഴുങ്ങിയതെല്ലാം ആവിയായിപ്പോയ പോലെ ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു.

അപ്പോഴേയ്ക്കും സംഭവം മനസ്സിലാക്കിയ ബിമ്പു ഇടപെട്ടു. അവന്‍‌ വിശദീകരിച്ചപ്പോഴാണ് എല്ലാവര്‍‌ക്കും കാര്യം മനസ്സിലായത്. ഈ സംഭവം നടക്കുന്നതിനും ഒന്നു രണ്ടാഴ്ച മുന്‍‌പ് ബിട്ടു ബിമ്പുവിന്റെ വീട്ടില്‍‌ പോയിരുന്നു. അന്ന് ബിട്ടു വല്യമ്മച്ചിയോട് കുറേ നേരം സംസാരിച്ച കൂട്ടത്തില്‍‌ മഞ്ജുവേച്ചി (അവന്റെ സഹോദരി) പ്രസവിക്കാന്‍‌ കിടക്കുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. അതിനു ശേഷം വല്യമ്മച്ചി എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോഴാണ് ആ കാര്യം ഓര്‍‌മ്മ വന്നത്. അപ്പോഴെന്തോ, ബിട്ടുവാണെന്നു തെറ്റിദ്ധരിച്ച് സുധിയപ്പനോട് ചേച്ചിയുടെ കൊച്ച് ആണാണോ പെണ്ണാണോ എന്ന് ചോദിച്ചതായിരുന്നു. എന്നാല്‍‌ ആളു മാറിയതു കൊണ്ടും ആ പഴയ സംഭവം ബിമ്പുവിനല്ലാതെ ആര്‍‌ക്കുമറിയില്ലായിരുന്നതു കൊണ്ടും സുധിയപ്പനുള്‍‌പ്പെടെ എല്ലാവര്ക്കും അതൊരു നേരം പോക്കായി മാറുകയായിരുന്നു. എന്തായാലും ആ സംഭവം സുധിയപ്പനും ബിമ്പുവിന്റെ വീട്ടുകാരുമുള്‍‌പ്പെടെ എല്ലാവരും ആസ്വദിച്ച് ആഘോഷിച്ചു.

സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ ആശ്വാസത്തില്‍‌ സുധിയപ്പനാകട്ടെ, തേഡ് അമ്പയറുടെ തീരുമാനത്തില്‍‌ ഔട്ടാകാതെ രക്ഷപ്പെട്ട ബാറ്റ്സ്മാന്റെ ആത്മവിശ്വാസത്തോടെ അടുത്ത ചിക്കന്‍‌ പീസുമായി മല്‍പ്പിടുത്തത്തിലേര്‍‌പ്പെട്ടു, കൂടെ ഞങ്ങളും.

അതിനു ശേഷം വളരെക്കാലത്തേയ്ക്ക് ഞങ്ങള്‍‌ക്ക് പറഞ്ഞു ചിരിക്കാനും സുധിയപ്പനെ കളിയാക്കാനും ഉള്ള ഒരു സംഭവമായിരുന്നു അത്. അങ്ങനെ എല്ലാവരും ഒരുമിച്ചുള്ളപ്പോള്‍‌ ഞങ്ങളവനോട് പറയും ‘അന്ന് ബിമ്പു അവനെ രക്ഷിക്കാന്‍‌ വേണ്ടി മാത്രമാണ് ബിട്ടുവിന്റെ കാര്യം എടുത്തിട്ടത്’ എന്ന്. ‌ അപ്പോള്‍ അതിന്റെ തുടര്‍‌ച്ചയായി &%***&#@% എന്നെല്ലാം പറഞ്ഞു കൊണ്ട് സുധിയപ്പന്‍‌ ആരും കാണാതെ കണ്ണാടിയിലേയ്ക്ക് ഒന്നു പാളി നോക്കുമായിരുന്നു.

സാധാരണ ക്ലീന്‍‌ ഷേവ് ചെയ്തു നടക്കാറുള്ള അവന്‍‌ പിന്നെ കുറേക്കാലത്തേയ്ക്ക് മീശയും താടിയും വളര്‍‌ത്തുന്ന കാര്യത്തിലും വളരെയേറെ ശ്രദ്ധിച്ചിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

Sunday, October 14, 2007

ഒരു തണുത്ത വെളുപ്പാന് കാലത്ത്

2001 നവംബര്‍‌ മാസത്തിലെ ഒരു തണുത്ത വെളുപ്പാന്‍‌കാലം. അക്കാലത്ത് ഞാന്‍‌ പിറവത്ത് ബിരുദപഠനം നടത്തുകയാണ്. മിക്കവാറും രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോള്‍‌ നേരെ എന്റെ നാട്ടിലേയ്ക്ക് പോരും. എന്നിട്ട് അടുത്ത തിങ്കളാഴ്ച രാവിലെ 5 മണിയോടെ വീട്ടില്‍‌ നിന്നും ഇറങ്ങും. ആ സമയത്ത് ബസ്സ് കിട്ടാത്തതിനാല്‍‌ കൊരട്ടി വരെയുള്ള 5 കി. മീ. ഞാന്‍‌ സൈക്കിളിനു പോകുകയാണ് പതിവ്. എങ്കിലേ 9 മണിക്കു മുന്‍പ് കോളേജില്‍‌ എത്തിപ്പെടാന്‍‌ കഴിയൂ.

അങ്ങനെ രണ്ടാം വര്‍‌ഷപഠനത്തിനിടയ്ക്ക് ഒരു ദിവസം ഞാന്‍‌ നാട്ടിലെത്തി. ആയിടയ്ക്കാണ് അടുത്ത വീട്ടിലെ സുഹൃത്തായ ജിബീഷേട്ടന്‍‌ ഒരു പഴയ സ്കൂട്ടര്‍‌ തരപ്പെടുത്തിയത്. ആ വണ്ടിയെ പറ്റി പറയാനാണെങ്കില്‍‌ തന്നെ ഒരുപാടുണ്ട്. ചുരുക്കി പറഞ്ഞാല്‍‌ പഴയ ആ വിജയ് സൂപ്പര്‍‌ ഒരു സംഭവം തന്നെ ആയിരുന്നു. അത് സ്റ്റാര്‍‌ട്ട് ചെയ്യണമെങ്കില്‍‌ 10 മിനുട്ട് വേണം. സ്റ്റാര്‍‌ട്ടായാല്‍‌ 2-3 കിലോമീറ്റര്‍‌ ചുറ്റളവിലുള്ള നാട്ടുകാരെല്ലാം പിറുപിറുത്തു തുടങ്ങും “ദേ, മാഷ് വണ്ടി സ്റ്റാര്‍‌ട്ടാക്കി” (കൂട്ടത്തില്‍- സൂചിപ്പിക്കട്ടെ, ഈ ജിബീഷേട്ടന്‍‌ ഒരു അദ്ധ്യാപകനാണ് കേട്ടോ).

നാട്ടില്‍‌ ചെന്നിറങ്ങിയ ഉടനേ ഈ വിജയ് സൂപ്പറും കൊണ്ടായി ഞങ്ങളുടെ യാത്ര. എന്നു വച്ചാല്‍‌ ഞാനും ജിബീഷേട്ടനും എവിടേയ്ക്ക് പോയാലും ഇതും കൊണ്ട് പോകും. അന്ന് പെട്രോളിനും വിലക്കുറവായിരുന്നല്ലോ. വിജയ് സൂപ്പറായിരുന്നുവെങ്കിലും അന്ന് ഞങ്ങള്‍‌ക്കത് വലിയൊരു സഹായമായിരുന്നു. നാട്ടുകാര്‍‌ക്കായിരുന്നു അതു കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍‌ ചെവി പൊളിക്കുന്ന ശബ്ദവും, പറക്കും തളികയിലെ ബസ്സ് പോയതിനു ശേഷം കാണുന്ന പോലത്തെ കറുത്ത പുകയും. അതായത്, ഞങ്ങള്‍‌ ഈ വണ്ടിയും കൊണ്ട് പോയാല്‍‌ പിന്നെ ഒരു മൂന്നു മിനിട്ടു നേരത്തേയ്ക്ക് ആ വഴിയില്‍‌ ഒന്നും കാണാനാകുമായിരുന്നില്ല.

ജിബീഷേട്ടന്‍‌ ഒരു അദ്ധ്യാപകനായിരുന്നതു കൊണ്ടാണോ നാട്ടുകാര്‍‌ ഒന്നും പറയാതിരുന്നത് എന്നറിയില്ല. മാത്രമല്ല, അന്ന് ഇന്നത്തേപ്പൊലെ അധികം വണ്ടികളൊന്നും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നുമില്ല. അതു കൊണ്ടു കൂടിയാകാം വല്ലപ്പോഴുമുള്ള ഈ വണ്ടിയെ നാട്ടുകാര്‍‌ വിട്ടുകളഞ്ഞത്.

അങ്ങനെ ഒരവസരത്തിലാണ് ജിബീഷേട്ടന്‍‌ പറഞ്ഞത് “ നീ രാവിലെ പോകുമ്പോള്‍ എന്തിന് സൈക്കിളിനു പോണം നമുക്ക് ഈ സ്കൂട്ടറിനു പോകാമല്ലോ. കൂടെ ഞാനോ നിന്റെ ചേട്ടനോ വരാം. എന്നിട്ട് വണ്ടി ഞങ്ങള്‍‌ തിരിച്ചു കൊണ്ടു വരാം” ( മറ്റെല്ലാവരും അതിനെ ലൂണ/ ലാമ്പി എന്നൊക്കെ കളിയാക്കി വിളിക്കുമ്പോള്‍‌‍ ജിബീഷേട്ടന്‍‌ മാത്രമാണ് അതിനെ സ്കൂട്ടര്‍‌ എന്നു വിളിച്ചിരുന്നത്).

അതൊരു കൊള്ളാവുന്ന ഐഡിയ ആയി എനിക്കും തോന്നി. രാവിലെ തന്നെ സൈക്കിള്‍‌ ചവിട്ടേണ്ടല്ലോ. അങ്ങനെ തുടര്‍‌ന്നുള്ള എന്റെ മടക്കയാത്രയില്‍‌ ആ വണ്ടി എനിക്കും ഒരുപകാരമായി.

പക്ഷേ, ഒരു പ്രശ്നമുണ്ട്. ആ ശകടം സ്റ്റാര്‍‌ട്ടായി കിട്ടുന്നതിന് മിനിമം 15 മിനുട്ടെടുക്കും. (പ്രത്യേകിച്ചും വെളുപ്പിന്) എഞ്ചിനൊക്കെ ഒന്നു ചൂടു പിടിക്കുന്നതു വരെ അതിന്‍‌ മേല്‍‌ ഗുസ്തി പിടിക്കണം. ആ പത്തു പതിനഞ്ചു മിനുട്ടു കൊണ്ട് ചുറ്റുവട്ടത്തുള്ളവരെല്ലാം എഴുന്നേറ്റിട്ടുണ്ടാകും. എന്നാലും വീട്ടുകാരെ ഓര്‍‌ത്തിട്ടോ എന്തോ അതിനും നാട്ടുകാര്‌ ഒന്നും പറയാറില്ല, പാവങ്ങള്‍‌! എല്ലാം സഹിച്ചു.

അങ്ങനെ ഒരു തവണ ഞാന്‍‌ നാട്ടിലെ അവധിക്കാലവും കഴിഞ്ഞ് തിരികെ പിറവത്തേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. അന്നൊരു ദിവസം ജിബീഷ് ചേട്ടനെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്നു കരുതി, എന്റെ കൂടെ ചേട്ടന്‍‌ (ഇപ്പോള്‍‌ ഹരിശ്രീ എന്ന ബ്ലോഗര്‍‌)വരാമെന്നേറ്റു. അന്ന് എന്തോ ഒരു കാരണം കൊണ്ട് ഒരല്‍പ്പം താമസിച്ചാണ് ഞങ്ങള്‍‌ ഇറങ്ങിയത്. സാധാരണ ഇറങ്ങുന്ന 5.00 നു പകരം 5.15 ആയി. അതായത് ഇനി കഷ്ടിച്ച് 10 മിനുട്ടു കൊണ്ട് കൊരട്ടിയിലെത്തണം. 5.25 ന് സാധാരണ കിട്ടാറുള്ള ഒരു പുനലൂര്‍‌ ഫാസ്റ്റ് പാസഞ്ചറുണ്ട്. അതു പോയാല്‍‌ പിന്നെ ഉടനെയൊന്നുമില്ല, ഞാന്‍‌ കോളേജിലെത്താന്‍‌ വൈകുകയും ചെയ്യും.

അതു കൊണ്ട് ഞാനും ചേട്ടനും കുറച്ചു ധൃതിയിലാണ് ഇറങ്ങിയത്. കുറച്ചു കൂടി എക്സ്പര്‍‌ട്ട് ഡ്രൈവറായതിനാല്‍‌ വണ്ടി ഓടിക്കുന്ന ദൌത്യം ഞാനേറ്റെടുത്തു. (ഉവ്വ!)

എന്തായാലും ആ വളവും തിരിവും നിറയെ ഗട്ടറുകളുമുള്ള അ വഴിയിലൂടെ ഞാന്‍- വണ്ടി പറപ്പിച്ചു വിട്ടു.(എന്നു വച്ചാല്‍‌ ഒരു പഴഞ്ചന്‍‌ വിജയ് സൂപ്പറിന്റെ പരമാവധി വേഗം ഊഹിക്കാമല്ലൊ. എന്നാലും അതിന്റെ മാക്സിമം വേഗത്തില്‍‌) .ആ വണ്ടിയുടെ ഹെഡ് ലൈറ്റാണെങ്കില്‍‌ ഒരു മെഴുകുതിരിയുടെ വെട്ടമേ ഉണ്ടായിരുന്നുമുള്ളൂ. എങ്കിലും വെളുപ്പിനേ ആയിരുന്നതിനാല്‍‌ റോഡില്‍‌ കാര്യമായി ആരുമുണ്ടാകില്ലെന്നുള്ള ധൈര്യത്തിലുമാണ് ഞാന്‍‌ ഫുള്‍‌സ്പീഡില്‍‌ ഓടിച്ചത്. മാത്രമല്ല, നല്ല പരിചയമുള്ള വഴി ആയതിനാല്‍‌ എവിടെയൊക്കെയാണ് ഗട്ടറുകള്‍‌, എവിടെയൊക്കെയാണ് ഹമ്പുകള്‍‌ ,വളവുകള്‍‌ എന്നെല്ലാം നന്നായി അറിയാമായിരുന്നു.

പിറകിലിരുന്ന ചേട്ടന്‍‌ എന്റെ പോക്കു കണ്ട് “പതുക്കെ പോടാ…”, “ നീ നിര്‍‌ത്ത്, ഞാനോടിക്കാം” എന്നെല്ലാം വിളിച്ചു കൂവുന്നതൊന്നും മുഖവിലയ്ക്കെടുക്കാതെ ഞാന്‍‌ വണ്ടി കത്തിച്ചു വിടുകയാണ്. മറ്റൊന്നുമല്ല, ബസ്സ് മിസ്സാകുമെന്ന പേടി തന്നെ കാരണം.

അങ്ങനെ പകുതി ദൂരം കഴിഞ്ഞു. കുലയിടം എന്ന സ്ഥലവും കഴിഞ്ഞ് റോഡ് കുറേ ദൂരം വളവുകളൊന്നുമില്ലാതെ കിടക്കുകയാണ്. അങ്ങു ദൂരെ വരെ കാണാം. ആ ധൈര്യത്തില്‍- ഞാന്‍‌ വണ്ടി ഫോര്‍‌ത്ത് ഗിയറില്‍‌ തന്നെ ഫുള്‍‌ ആക്സിലറേറ്റരില്‍‌ ഓടിക്കുകയാണ്. റോട്ടിലെങ്ങും ആരുമില്ല. ഇരുട്ടു മാറിയിട്ടില്ലെങ്കിലും ഇടയ്ക്കിടെ സ്ടീറ്റ് ലൈറ്റുമുണ്ട്. അങ്ങു ദൂരെ ഒരാള്‍‌ സൈക്കിളില്‍‌ പോകുന്നതു മാത്രം കാണാം. അല്ലാതെ ആരുമില്ല.

ദൂരെ ഒരാള്‍‌ മാത്രമല്ലേ സൈക്കിളില്‍‌ എനിക്കു മുന്‍പേ പോകുന്നതായുള്ളൂ. എതിരേ ആരും വരുന്നുമില്ല. എങ്കില്‍‌ അയാളെക്കൂടെ ഓവര്‍‌ടേക്ക് ചെയ്ത് പോയേക്കാമെന്ന് ഞാന്‍‌ കുറേ ദൂരെ നിന്നേ മനസ്സില്‍‌ തീരുമാനിച്ചു. അയാളപ്പോള്‍‌ സൈക്കിള്‍‌ ഓടിക്കുന്നത് ഏതാണ്ട് റോഡിനു നടുവിലൂടെയാണ്. ‘ഞാനടുത്തെത്തുമ്പോഴേയ്ക്കും അയാള്‍‌ ഇടത്തോട്ടു മാറുമായിരിക്കും. അപ്പോള്‍‌ വലതു ഭാഗത്തു കൂടെ എനിക്ക് അയാളെ ഓവര്‍‌ടേക്ക് ചെയ്യാം‘ എന്നെല്ലാം മനസ്സില്‍‌ കണക്കു കൂട്ടി ഞാനും ഏതാണ്ട് റോഡിനു നടുക്കു കൂടെ തന്നെ ഓടിക്കുകയാണ്.

അയാളും ഞാനും തമ്മിലുള്ള ദൂരം കുറഞ്ഞു വരികയാണ്. ആ ഭാഗത്താണെങ്കില്‍‌ 2 സ്ടീറ്റ് ലൈറ്റുകള്‍‌ കത്തുന്നുണ്ടായിരുന്നുമില്ല. അതു കൊണ്ട്, സൈക്കിളില്‍‌ ഒരു രൂപത്തെ കാണാമെന്നല്ലാതെ അയാളെ എനിക്കപ്പോഴും വ്യക്തമായി കാണാനാകുന്നില്ല. അങ്ങനെ ഞാനയാളുടെ അടുത്തേയ്ക്ക് അടുക്കുകയാണ്. അപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്. എനിക്കു വലതു ഭാഗത്തു കൂടെ കടന്നു പോകാന്‍‌ വഴി തരുന്നതിനു പകരം അയാളും വലത്തോട്ട് നീങ്ങി നീങ്ങി വരുകയാണ്. വലത്തു ഭാഗത്തു കൂടെ ഓവര്‍‌ടേക്കു ചെയ്യുന്നതാണല്ലോ ശരി എന്നും കരുതി, ഞാനും വണ്ടി വലത്തോട്ടു തന്നെ നീക്കുകയാണ്.

അയാളെന്താ ഇടത്തേയ്ക്കു മാറാത്തത് എന്ന് ആലോചിക്കുമ്പോഴേയ്ക്കും ഞാനയാളുടെ ഏതാണ്ട് ഒരു 50 മീറ്ററോളം അടുത്തെത്തി. അപ്പോഴാണ് എനിക്കയാളെ ശരിക്കും കാണാന്‍‌ കഴിഞ്ഞത്. ഞാന്‍‌ കരുതിയതു പോലെ അയാള്‍‌ എനിക്കു മുന്‍പേ പോകുകയായിരുന്നില്ല. എനിക്കെതിരേ സൈക്കിളിനു വരുകയായിരുന്നു. ആ സമയമായതിനാലും റോഡില്‍‌ ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നതിനാലും അയാള്‍‌ എനിക്കു നേരെയാണ് വരുന്നതെന്ന് എനിക്കു മനസ്സിലായിരുന്നില്ല. അയാള്‍‌ സൈക്കിള്‍‌ സൈഡിലേക്കൊതുക്കാമെന്നു കരുതിയായിരിക്കണം വലത്തോട്ടു നീങ്ങിയത്. എന്നാല്‍‌ അയാള്‍‌‌ മുന്‍പേ പോകുകയാണെന്നു കരുതി അയാളെ വലത്തു ഭാഗത്തു കൂടി ഓവര്‍‌ടേക്ക് ചെയ്യാനായി എന്റെ വണ്ടിയുമായി റോഡിനു വലത്തു ഭാഗത്തേയ്ക്ക് അതിവേഗം വരുകയായിരുന്നല്ലോ ഞാന്‍‌.

സംഭവം എനിക്കു വ്യക്തമായപ്പോഴേയ്ക്കും ഞാനയാളുടെ തൊട്ടടുത്തെത്തിയിരുന്നു. ആസന്നമായ, ഒഴിവാക്കാനാകാത്ത ഒരു ദുരന്തം മനസ്സിലാക്കിയ അയാള്‍‌ ഒഴിഞ്ഞു മാറാനിട കിട്ടാതെ, വരുന്നതു നേരിടുവാനെന്ന വണ്ണം നില്‍‌ക്കുകയായിരുന്നു. പെട്ടെന്ന് സംഭവം പിടി കിട്ടിയ ഞാന്‍‌ അതിവേഗം വണ്ടി ഒന്നു പാളിച്ച് ഏതാണ്ട് റോഡില്‍‌ ഒരു “S” എഴുതിയതു പോലെ വണ്ടി വളച്ചു ചവിട്ടി നിര്‍‌ത്തി. എങ്കിലും വന്ന വേഗത കാരണം സ്കൂട്ടറിന്റെ ഒരു സൈഡ് ആ സൈക്കിളിന്റെ പുറകിലെ സ്റ്റാന്‍‌ഡുമായി ചെറുതായൊന്ന് ഉരഞ്ഞു. അപ്പോഴേയ്ക്കും സൈക്കിള്‍‌ അയാള്‍‌ നിര്‍‌ത്തിയതിനാല്‍‌ ഒന്നു ഉലഞ്ഞതല്ലാതെ അയാള്‍‌ക്കും ഒന്നും പറ്റിയില്ല. സ്കൂട്ടര്‍‌ റോഡിനു വട്ടം നിര്‍‌ത്തി, സ്റ്റാന്‍‌ഡിട്ട് ഞാന്‍‌ ചാടിയിറങ്ങി, അയാളുടെ അടുത്തേയ്ക്കോടി ചെന്നു.

അപ്പോള്‍‌ അയാളാകട്ടെ ഉറപ്പിച്ചു എന്നു കരുതി ഉപേക്ഷിക്കാന്‍‌ തയ്യാറായ ജീവന്‍‌ അപ്രതീക്ഷിതമായി തിരികെ കിട്ടിയ സന്തോഷത്തിലും അവിശ്വാസത്തിലും ശ്വാ‍സം പോലും വിടാനാകാതെ നില്‍‌ക്കുകയായിരുന്നു.

“സോറി ചേട്ടാ, എന്തെങ്കിലും പറ്റിയോ?” എന്ന എന്റെ ചോദ്യത്തിന് “ഇല്ല. നോക്കിപ്പോകണ്ടേ മോനേ” എന്നു മാത്രമാണ് അയാള്‍‌ പറഞ്ഞത്.

(സത്യമായിട്ടും ആ ‘മോനെ’ എന്ന വിളിക്കു മുന്‍‌പോ പിന്‍‌പോ അയാള്‍‌ ഒന്നും ചേര്‍‌ത്തില്ലാട്ടോ.ജീവന്‍‌ തിരിച്ചു കിട്ടിയ സന്തോഷം കാരണമായിരിക്കും )

എന്തായാലും വലിയോരു അപകടം ഒഴിവായിക്കിട്ടിയതിന്റെ സന്തോഷത്തോടെയാണ് ഞാനന്ന് എന്റെ യാത്ര തുടര്‍‌ന്നത്.

[എന്തായാലും കഷ്ടപ്പെട്ടത് വെറുതെയായില്ലാട്ടോ, ഞാന്‍‌ കൊരട്ടിയില്‍‌ വണ്ടി നിര്‍‌ത്തി ഓടിച്ചെല്ലുമ്പോഴേയ്ക്കും പുനലൂര്‍‌ ഫാസ്റ്റ് സ്റ്റോപ്പില്‍‌ നിന്നും എടുക്കുന്നതേയുണ്ടായിരുന്നുള്ളൂ]

Monday, October 8, 2007

പിള്ളേച്ചന്റെ പെണ്ണു ചോദിക്കല്‍‌

എന്റെ അടുത്ത സുഹൃത്തുക്കളെ മിക്കവരെയും പല പോസ്റ്റുകളിലൂടെയായി ഞാന്‍‌ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും പിള്ളേച്ചനെ പറ്റി മാത്രം അധികം വിശദീകരിച്ചിട്ടില്ല. പിള്ളേച്ചനെ പറ്റി എഴുതുവാനാണെങ്കില്‍‌ ഒരുപാടുണ്ട്. എങ്ങനെ എഴുതിത്തുടങ്ങണം, ഏതു സംഭവം ആദ്യം പറയണം എന്നെല്ലാമുള്ള കണ്‍‌ഫ്യൂഷന്‍ തന്നെ പ്രധാന കാരണം.

ബിരുദ പഠനത്തിനായി ഞാന്‍‌ പിറവത്ത് എത്തിയപ്പോഴാണ് പിള്ളേച്ചനെ ആദ്യമായി പരിചയപ്പെടുന്നത്. ആദ്യ അദ്ധ്യയന ദിവസം തന്നെ പിള്ളേച്ചനെ കണ്ട് ഞങ്ങളെല്ലാവരും ഞെട്ടി. ജൂബായെല്ലാം ഇട്ട് ക്ലീന്‍‌ ഷേവ് ചെയ്ത് ഒരു സോഡാക്കുപ്പി കണ്ണടയും വച്ച ഒരുവന്‍‌. സാധാരണ ക്യാമ്പസ് സിനിമകളില്‍‌ കാണാറുള്ള ഒരു ബു.ജീ. (ബുദ്ധിജീവി) ലുക്ക്.

എന്തായാലും പിള്ളേച്ചന്‍‌ ഞങ്ങളുടെ ക്ലാസ്സിലെ ഒരു സംഭവമായി മാറാന്‍‌ അധിക സമയം വേണ്ടി വന്നില്ല. തന്റെ സ്വത സിദ്ധമായ ‘ത്രികോണേ.. ത്രികോണേ’ എന്ന രീതിയിലുള്ള, തലയും ചെരിച്ചു പിടിച്ച് ഓടുന്ന വേഗതയിലുള്ള നടത്തവും മറ്റാര്‍‌ക്കും മനസ്സിലാകാത്ത രീതിയില്‍‌, അതിനേക്കാള്‍‌ വേഗത്തിലുള്ള സംസാര ശൈലിയും പിള്ളേച്ചനെ ആ ക്യാമ്പസ്സില്‍ അതിവേഗം പ്രശസ്തനാകാന്‍‌ സഹായിച്ചു. (പിന്നീട് ആര്‍‌ക്കും മനസ്സിലാകാത്ത ഈ ഭാഷാ ശൈലി ഞങ്ങള്‍‌ “ഹീബ്രു” ആയി അംഗീകരിച്ചു.)

പിള്ളേച്ചന്‍‌ കാണിച്ചിട്ടുള്ള വീര സാഹസിക കഥകളും അബദ്ധങ്ങളും അനവധിയാണ്. പല സംഭവങ്ങളും വഴിയേ എഴുതാം. ഇത് ഈയടുത്ത കാലത്ത് അവനു പറ്റിയ ഒരു അബദ്ധമാണ്.

ഞങ്ങളുടെ കോളേജ് പഠനമെല്ലാം കഴിഞ്ഞ് ജോലി തേടി നടക്കുന്ന കാലം. താന്‍‌ പാതി, ദൈവം പാതി എന്നെല്ലാം മറ്റുള്ളവര്‍‌ പറയുന്നതു കേട്ടിട്ടോ എന്തോ, പിള്ളേച്ചനും ആയിടയ്ക്ക് ക്ഷേത്ര ദര്‍‌ശനം ഒരു പതിവാക്കിയിരുന്നു. അക്കാലത്ത് അവന്റെ മൂത്ത ചേട്ടനാനെങ്കില്‍‌ ബഹറൈനില്‍‌ ജോലി ചെയ്യുകയാണ്. വീട്ടുകാരെല്ലാം ചേട്ടനു വേണ്ടി കല്യാണാലോചനകളും തുടങ്ങിയിരിക്കുന്ന സമയം. പിള്ളേച്ചനും ചേട്ടനു പറ്റിയ വല്ല പെണ്‍‌കിട്ടികളുമുണ്ടോ എന്ന് അവന്റേതായ രിതിയില് അന്വേഷണം നടത്തുന്നുണ്ടായിരുന്നു.

അങ്ങനെ ക്ഷേത്ര ദര്‍‌ശനം പതിവാക്കിയിരുന്ന സമയം. എല്ലാ ദിവസവും വെളുപ്പിനു തന്നെ പിള്ളേച്ചന്‍‌ തന്റെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍‌ വന്ന് പ്രാര്‍‌ത്ഥിച്ചു പോന്നു. (ഇനിയിപ്പോ പ്രാര്‍‌ത്ഥനാക്കുറവു കൊണ്ട് തനിക്ക് ജോലി നഷ്ടപ്പെടേണ്ടല്ലോ)

അങ്ങനെയിരിക്കെയാണ് അവന്‍‌ സ്ഥിരമായി അതേ ക്ഷേത്രത്തില്‍‌ പ്രാര്‍‌ത്ഥിക്കാനായി വന്നിരുന്ന ഒരു പെണ്‍‌ കുട്ടിയെ ശ്രദ്ധിക്കുന്നത്. മിക്കവാറും ആ കുട്ടി ഒരു പ്രായമായ സ്ത്രീയുടെ കൂടെയാണ് ക്ഷേത്രത്തില്‍‌ വരാറുള്ളത്. ചിലപ്പോഴൊക്കെ ഒരു പയ്യന്റെ കൂടെയും .(പിള്ളേച്ചന്‍‌ ഊഹിച്ചു... കണ്ടിട്ട് കോളേജിലോ മറ്റോ പഠിക്കുന്ന കുട്ടിയാണെന്ന് തോന്നുന്നു, മുത്തശ്ശിയാകണം കൂടെയുള്ള സ്ത്രീ. സഹോദരനായിരിക്കും ഇടയ്ക്ക് കൂടെ വരാറുള്ളത്.). സ്ഥിരമായി ആ കുട്ടിയെ ക്ഷേത്രത്തില്‍‌ കണ്ടപ്പോഴാണ് പിള്ളേച്ചന് ആ ആശയം തോന്നിയത്. കുട്ടിയെ കാണാന്‍‌ തരക്കേടില്ല. കാഴ്ചയില്‍‌ തന്നെ നല്ല പക്വതയുള്ള കുട്ടി. തന്റെ ചേട്ടനു വേണ്ടി പെണ്ണാലൊചിച്ചാലെന്താണ് തെറ്റ്? തന്റെ ചേട്ടത്തിയായി വരാന്‍‌ എന്തു കൊണ്ടും യോജ്യയായ കുട്ടി തന്നെ.

അവനെന്തായാലും ഈ കാര്യം അവന്റെ അമ്മയോട് സൂചിപ്പിച്ചു. കൊള്ളവുന്ന കുട്ടിയാണെങ്കില്‍‌ ആലോചിക്കുന്നതില്‍‌ തെറ്റൊന്നുമില്ലെന്ന് അമ്മയും സമ്മതിച്ചു. ആ ഒരു ധൈര്യത്തില്‍‌ പിള്ളേച്ചന്‍‌ അടുത്ത ദിവസം ക്ഷേത്രത്തിലെത്തി. “എന്തായാലും ശരി, ഇന്നു കാണുമ്പോള്‍ ആ കുട്ടിയോട് കാര്യം സൂചിപ്പിക്കുക തന്നെ. അല്ലെങ്കില്‍‌ മുത്തശ്ശിയോട് ചോദിച്ചേക്കാം. അതല്ലേ, അതിന്റെയൊരു രീതി?” അവനോര്‍‌ത്തു.

അങ്ങനെ ദര്‍‌ശനമെല്ലാം കഴിഞ്ഞെങ്കിലും പിള്ളേച്ചന്‍‌ ആ ക്ഷേത്ര പരിസരത്തു തന്നെ കുറച്ചു നേരം ചുറ്റിപ്പറ്റി നിന്നു. അന്ന് പതിവിലും കുറച്ചു വൈകിയാണ് ആ കുട്ടി ക്ഷേത്രത്തിലെത്തിയത്. എന്നാല്‍‌ അന്നെന്തോ കൂടെ മുത്തശ്ശിയും സഹോദരനും മാത്രമായിരുന്നില്ല. മൂന്നു നാലു പേര്‍‌ കൂടെയുണ്ട്. അച്ഛനോ അമ്മയോ ഒക്കെയാണെന്നു തോന്നുന്നു. ഇന്നെന്തെങ്കിലും വിശേഷമുണ്ടാകണം. കല്യാണാലോചനയ്ക്കു പറ്റിയ സന്ദര്‍‌ഭം തന്നെ. പിള്ളേച്ചനു സന്തോഷം തോന്നി. എന്തായാലും പ്രാര്‍ത്ഥന കഴിഞ്ഞ് അവര്‍‌ വരുന്നതു വരെ അവന്‍‌ കാത്തു നിന്നു.

വൈകാതെ അവര്‍‌ പ്രാര്‍‌ത്ഥനയെല്ലാം കഴിഞ്ഞ് പിള്ളേച്ചനു മുന്‍‌പിലൂടെ കടന്നു പോകുകയാണ്. അവന്‍‌ പെട്ടെന്ന് അവര്‍‌ക്കു മുന്നിലേയ്ക്കു ചെന്നു. പെണ്ണിന്റെ അച്ഛനോട് തന്നെ ചോദിച്ചേക്കാമെന്നു കരുതി പിള്ളേച്ചന്‍‌ സംഭവം അവതരിപ്പിച്ചു. അയാള്‍‌‌ അതു കേട്ട് അവനെ കുറച്ചു നേരം നോക്കി നിന്നു. അവനെന്തോ തമാശ പറഞ്ഞതാണോയെന്ന സംശയത്തില്‍‌.

അയാളെന്തോ പറയാന്‍‌ തുടങ്ങുന്നതു ശ്രദ്ധിക്കാതെ പിള്ളേച്ചന്‍‌ തന്റെ വീട്ടുകാരെക്കുറിച്ചും ചേട്ടനെക്കുറിച്ചുമെല്ലാം ആവേശത്തോടെ വിശദീകരിക്കുകയാണ്. എന്നാല്‍‌ പിന്നെ അതങ്ങു പറഞ്ഞു തീരട്ടെ എന്ന മട്ടില്‍‌ അയാള്‍‌‌ കേട്ടുകൊണ്ടു നിന്നു. അവസാനം അവന്‍ അവരോട് പറഞ്ഞു “നിങ്ങള്‍‌ക്കു താല്പര്യം തോന്നുന്നുണ്ടെങ്കില്‍‌ നമുക്ക് ഇതു പ്രൊസീഡു ചെയ്യാം. എന്റെ അമ്മയോട് ഞാനിക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്”

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍‌ അയാള്‍‌ ആ പെണ്‍‌കുട്ടിയെ നോക്കിക്കൊണ്ട് അവനോട് പറഞ്ഞു. “എന്തായാലും ഇതിനൊരു തീരുമാനമെടുക്കേണ്ടത് അവളു തന്നെയായ്ക്കോട്ടെ. പക്ഷേ

അയാളെ വീണ്ടും പറഞ്ഞ് മുഴുമിപ്പിക്കാന്‍‌ സമ്മതിക്കാതെ പിള്ളേച്ചന്‍ വീണ്ടും ആവേശത്തോടെ ഇടയില്‍‌ കയറി. “അതേ എന്നാലും നിങ്ങള്‍‌ അച്ഛനമ്മമാരോടാണല്ലോ ആദ്യം ഇക്കാര്യമെല്ലാം സംസാരിക്കേണ്ടതെന്നു കരുതീട്ടാ ഞാന്‍‌

അപ്പോള്‍ ആ കുട്ടിയുടെ അച്ഛന്‍‌ വീണ്ടും തുടര്‍‌ന്നു “പക്ഷേ, താന്‍‌ പറഞ്ഞതു പോലെ ഇക്കാര്യത്തില്‍‌ ഇപ്പോള്‍ അവസാന തീരുമാനമെടുക്കേണ്ടത് ഞങ്ങളു മാത്രമല്ല, ദേ അവനും കൂടിയാണ്. അതായത്, അവളുടെ ഭര്‍‌ത്താവും കൂടെ”

അയാള്‍‌ പറഞ്ഞതു കേട്ട് പിള്ളേച്ചന്‍‌ ഒട്ടുമാലോചിക്കാതെ,ഒരു നിമിഷം പോലും കഴിയാതെ ചാടിക്കയറി പറഞ്ഞു “അതിനെന്താ, അതു സാരമില്ല. അദ്ദേഹത്തോടും ഞാന്‍‌ സംസാരിക്കാം” അതു പറഞ്ഞു കഴിഞ്ഞാണ് അയാളു പറഞ്ഞത് അവന് കത്തിയത് (മനസ്സിലായത്). പെട്ടെന്ന് ചമ്മിയ മുഖത്തോടെ “അയ്യോ സോറി സോറി” എന്നു പറഞ്ഞു കോണ്ട് പിള്ളേച്ചന്‍‌ അയാളെ നോക്കി. ആ കുട്ടിയുടെ കൂടെ കണ്ടത് അവളുടെ സഹോദരനായിരുന്നില്ല, ഭര്‍‌ത്താവായിരുന്നു എന്ന് അവനറിഞ്ഞത് അപ്പോഴായിരുന്നു. എന്തായാലും പിന്നെ അധികം നിന്നു നാറേണ്ടെന്ന് കരുതി ഒന്നു‌ കൂടി അവരോട് ക്ഷമ പറഞ്ഞ്, തിരിച്ചു നടക്കും മുന്‍പ് (ഓടും മുന്‍പ്)പിള്ളേച്ചന്‍‌ ഒരിക്കല്‍‌ കൂടി ആ പെണ്‍‌കുട്ടിയുടെ മുഖത്തേയ്ക്കു നോക്കി. അപ്പോള്‍‌ മാത്രമായിരുന്നു ആ കുട്ടിയുടെ നെറ്റിയിലുള്ള സിന്ദൂരം അവന്‍‌ ശ്രദ്ധിക്കുന്നതു തന്നെ. ചാടിക്കയറി കല്യാണാലോചന നടത്തു മുന്‍പ് അതെങ്കിലും ഒന്നു ശ്രദ്ധിക്കാമായിരുന്നു എന്നോര്‍‌ത്ത് അവന്‍‌ തിരിച്ചു നടക്കുമ്പോള്‍ പിറകില്‍‌ ആ കുടുംബാംഗങ്ങള്‍‌ മുഴുവന്‍ അടക്കിപ്പിടിച്ച് ചിരിക്കുന്നത് അവനു കേള്‍‌ക്കാമായിരുന്നു.

എന്തായാലും പിന്നീട് കുറേക്കാലത്തേയ്ക്ക് ( അവന്റെ ചേട്ടന്റെ വിവാഹം കഴിയുന്നതു വരെ)പിള്ളേച്ചന്‍‌ ആ ക്ഷേത്രത്തിലേക്കുള്ള പോക്കു തന്നെ ഒഴിവാക്കി. മാത്രമല്ല, ചേട്ടനു വേണ്ടി പിന്നെയൊരു പെണ്ണിനേയും ആലോചിക്കാന്‍‌ ശ്രമിച്ചിട്ടുമില്ല.

Wednesday, October 3, 2007

ബിപിസി ടൂറും ബേബിസാറും.

ഞങ്ങള്‍‌ ബിപിസിയില്‍‌ മൂന്നാം വര്‍‌ഷം (അഞ്ചാം സെമസ്റ്റര്‍‌) പഠിക്കുമ്പോഴാണ് കോളേജില്‍‌ നിന്നും ടൂറ്‌ പോകുന്നത്. ഞങ്ങളുടെ ക്ലാസ്സിലെ 90% പേരും ഉണ്ടായിരുന്നു, ആ ട്രിപ്പിന്. നാലു ദിവസം ഞങ്ങള്‍‌ ശരിക്കും ആസ്വദിച്ചു.

ഞങ്ങളുടെ കൂടെ വന്നത് ബേബി സാറും സജി മിസ്സുമായിരുന്നു. അവസാന സെമസ്റ്ററുകള്‍‌ ആയപ്പൊഴേയ്ക്കും കോളേജിലെ എല്ലാ അദ്ധ്യാപകരോടും ഞങ്ങള്‍‌ നല്ല അടുപ്പമായിക്കഴിഞ്ഞിരുന്നു.
അങ്ങനെയാണ് ബേബി സാറും സജി മിസ്സും ഞങ്ങളുടെ കൂടെ വരാമെന്നേറ്റത്.

ബേബി സാറാണെങ്കില്‍‌ ഞങ്ങളുടെ അദ്ധ്യാപകരില്‍‌ ഏറ്റവും ആത്മാര്‍‌ത്ഥമായി പഠിപ്പിക്കുന്ന, എന്നാല്‍‌ അതേ സമയം തന്നെ അതു പോലെ ഞങ്ങളെ സ്നേഹിക്കുന്ന ഒരു അദ്ധ്യാപകനാണ്. (പോരാത്തതിന് അദ്ധ്യാപകരുടെ കൂട്ടത്തില്‍‌ ഏറ്റവും ക്ലീന്‍‌ ഇമേജ് നിലനിര്‍‌ത്തുന്ന വ്യക്തിയും). സജി മിസ്സാകട്ടെ, ഒരുപാട് കുട്ടികളോടൊന്നും കമ്പനി ഇല്ലെങ്കിലും ഞങ്ങളുമായി നല്ല കമ്പനി ആയിരുന്നു. (ആ ഒറ്റ കാരണം കൊണ്ടു മാത്രമാണ് സാധാരണ ഇത്തരം ടൂറുകള്‍‌ക്കൊന്നും ഒരു ബാച്ചിന്റേയും കൂടെ പോകാറില്ലാത്ത മിസ്സ് ഞങ്ങളോടൊപ്പം വന്നത് എന്ന് പിന്നീട് പറയുകയുണ്ടായി.) ഞങ്ങള്‍‌ മഞ്ജുവേച്ചിയെ (സോറി, പഠിപ്പിച്ചിരുന്ന ടീച്ചറാണെങ്കിലും ഞങ്ങളുടെ ബിട്ടുവിന്റെ ചേച്ചി ആയതിനാല്‍‌ ഞങ്ങളും അങ്ങനെയേ വിളിക്കാറുള്ളൂ) വിളിച്ചെങ്കിലും അന്ന് കുഞ്ഞു വാവയെല്ലാം ഉള്ളതു കൊണ്ട് ചേച്ചി പിന്മാറുകയായിരുന്നു.

അങ്ങനെ 2001 നവംബര്‍‌ 26 ന് വൈകുന്നേരം 7 മണിയോടെ 'യമുന' എന്ന എയര്‍‌ബസ്സില്‍‌ ഞങ്ങള്‍‌ ഏതാണ്ട് അമ്പതോളം പേര്‍‌ യാത്ര തിരിച്ചു. ഹൊക്കനക്കല്‍‌, ബാംഗ്ലൂര്‍‌, മൈസൂര്‍‌, ഊട്ടി, മേട്ടുപ്പാളയം ഇങ്ങനെയായിരുന്നു റൂട്ട്.

അങ്ങനെ ഹൊക്കനക്കലും ബാംഗ്ലൂരും മൈസൂരും കഴിഞ്ഞ് ഞങ്ങള്‍‌ മൂന്നാം നാള്‍‌ രാത്രി ഊട്ടിയിലെത്തി. പിറ്റേന്ന് ഞങ്ങള്‍‌ ബോട്ടിങ്ങെല്ലാം കഴിഞ്ഞ് ബോട്ടാണിക്കല്‍‌ ഗാര്‍‌ഡനിലൂടെ നടക്കുകയായിരുന്നു.

ഞങ്ങളെന്നു പറഞ്ഞാല്‍‌ അപ്പോള്‍‌ ഞാനും സുധിയും മത്തനും സുമേഷും ജെപിയും ഒരുമിച്ച്. തൊട്ടു മുന്നിലായി ജോബിയും ബിട്ടുവും ബിമ്പുവും, അവരുടെ കൂടെ ബേബി സാറും. അതിനും മുന്‍‌പില്‍‌ ഞങ്ങളുടെ ക്ലാസ്സിലെ തന്നെ തോമായും ഗിരിയും മറ്റും. അവരുടെ തൊട്ടു മുന്‍‌പില്‍‌ ഇതു പോലെ വേറെ ഏതോ കോളെജില്‍‌ നിന്നും ടൂറു വന്ന വേറെ കുറേ പെണ്‍‌കുട്ടികള്‍‌.

ഞങ്ങളെല്ലാവരും അങ്ങോട്ടുമിങ്ങോട്ടും കുഞ്ഞു കുഞ്ഞ് പാരകള്‍‌ വച്ച് നടക്കുന്നു, ബേബി സാര്‍‌ ഇതെല്ലാം ആസ്വദിച്ചു കൊണ്ട് കൂടെയുണ്ട്. അപ്പോഴാണ് തൊട്ടു മുന്‍‌പില്‍‌ നടക്കുന്ന അവന്മാരിലാരോ “ശൂ ശൂ” എന്ന് ശബ്ദമുണ്ടാക്കുന്നത് എന്റെ ശ്രദ്ധയില്‍‌ പെട്ടത്. എനിക്കു തോന്നിയത്, മുന്‍‌പില്‍‌ നടക്കുന്ന ജോബി അതിന്റെ മുന്‍‌പില്‍‌ പോകുന്ന തോമായോടോ മറ്റോ എന്തോ പറയാനായി അവരെ വിളിക്കുന്നതാണ് എന്നാണ്. (എന്തായാലും അവന്മാരാരും ബേബി സാറ്‌ കൂടെ ഉള്ളപ്പോള്‍‌ മറ്റു കോളേജിലെ പെണ്‍‌കുട്ടികളെ വിളിക്കാനുള്ള ധൈര്യം കാണിക്കില്ല എന്നു ഉറപ്പാണല്ലോ)

എങ്കിലും കിട്ടിയ ഗ്യാപ്പില്‍‌ ഒരു ഗോളടിച്ചേക്കാം എന്നു കരുതി ഞാന്‍‌ ഉടനേ വിളിച്ചു കൂവി “ ഡാ, ജോബി, എന്തിനാടാ വെറുതേ വല്ല കോളേജിലേയും പെണ്‍‌കുട്ടികളെ വിളിക്കുന്നേ? ച്ഛേ, നാണമാകില്ലേടാ” എന്ന്.

ബേബി സാറും കൂടി ഉള്ളതിനാല്‍ അവന്റെ വായില്‍‌ നിന്നും കടിച്ചാല്‍‌ പൊട്ടാത്ത ഒന്നും കേള്‍‌ക്കേണ്ടി വരില്ലെന്നുള്ള ഒരു ധൈര്യത്തിലും ഒപ്പം കൂടെയുള്ള എല്ലാവരും അവനെ കളിയാക്കാന്‍‌ എന്റെ കൂടെ കൂടും എന്ന അമിതമായ വിശ്വാസത്തിലുമാണ് ഞാനങ്ങനെ തട്ടിയത്.

എന്നാല്‍ ഞാനിത് പറഞ്ഞു കഴിഞ്ഞതും ജോബിയുള്‍‌പ്പെടെ അവന്മാരെല്ലാവരും തിരിഞ്ഞു നിന്ന് അമര്‍‌ത്തിച്ചിരിക്കുന്നതാണ് ഞാന്‍‌ കണ്ടത്. ഒപ്പം അവരുടെ കൂടെ നടന്നിരുന്ന ബേബി സാര്‍‌ കുറച്ചൊന്നു വരണ്ട ചിരിയോടെ എന്റെ അടുത്തേയ്ക്കു വന്നു. എന്നിട്ട് ഞങ്ങളോടെല്ലാവരോടും എന്ന പോലെ പറഞ്ഞു “ സോറി. ആക്ച്വലി, ജോബിയല്ല, ഞാനാ ‘ശൂ ശൂ’ എന്ന് വിളിച്ചത്. പക്ഷേ, അത് ആ പെണ്‍‌കുട്ടികളെയല്ല, നമ്മുടെ തോമയേയും കൂട്ടുകാരേയുമാണ്. അവര്‍‌ ആ കുട്ടികളുടെ അടുത്തേയ്ക്കൊന്നും പോകണ്ടാന്ന് ഒന്നു സൂചിപ്പിക്കാന്‍‌ വേണ്ടിയാ അല്ലാതെ.”

വിളിക്കാന്‍‌ പോയത് അബദ്ധമായല്ലോ എന്നാലോചിച്ച് ചെറിയൊരു ചമ്മലോടെ സാറ് നില്‍ക്കുമ്പോള്‍ ആളൊഴിഞ്ഞ പോസ്റ്റാണല്ലോ എന്ന് കരുതി അടിച്ചത് കോച്ചിന്റെ പോസ്റ്റിലായിപ്പോയി എന്ന അവസ്ഥയില്‍‌പ്പെട്ട കളിക്കാരനേപ്പോലെ ചമ്മി നില്‍‌ക്കുകയായിരുന്നു ഞാന്‍‌