Tuesday, May 5, 2009

ഒരു ക്രിക്കറ്റ് T20 വീരഗാഥ

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ യാദൃശ്ചികമായാണ് പഴയ Microcontroller ന്റെ പുസ്തകം എടുത്തു നോക്കാന്‍ ഇട വന്നത്. അതൊന്ന് വെറുതേ മറിച്ചു നോക്കിയപ്പോള്‍ ഒരു കടലാസ് കഷ്ണം കണ്ണില്‍ പെട്ടു. ഒറ്റ നോട്ടത്തില്‍ തന്നെ തഞ്ചാവൂരിലെ രസകരമായ ചില നാളുകളുടെ ഓര്‍മ്മകള്‍ എല്ലാം മനസ്സിലേയ്ക്കോടിയെത്തി.

അതൊരു ലോക്കല്‍ ക്രിക്കറ്റ് മാച്ചിന്റെ സ്കോര്‍‌ഷീറ്റ് ആയിരുന്നു. ഇന്നത്തെ അതിവേഗ ക്രിക്കറ്റിന്റെ മുഖമുദ്രയായ ട്വന്റി 20 എല്ലാം നിലവില്‍ വരുന്നതിനും മുന്‍പ് തഞ്ചാവൂരിലെ ഞങ്ങളുടെ വീടിനു പുറകിലത്തെ വിശാലമായ ആ ഗ്രൌണ്ടില്‍ ക്രിക്കറ്റിന്റെ ഈ അതിവേഗരൂപം ഞങ്ങള്‍ നടപ്പില്‍ വരുത്തിയിരുന്നു (ഒരു ദിവസം മുഴുവന്‍ കളിയ്ക്കാനുള്ള സമയവും സ്റ്റാമിനയും കുറവായിരുന്നു എന്നതാണ് സത്യമെങ്കിലും). മിക്കവാറും എല്ലാ ദിവസവും വൈകുന്നേരം പത്തോവര്‍ ഉള്ള സൌഹൃദ മാച്ച് പതിവായിരുന്നെങ്കിലും സമയവും ആളുകളും കൂടുതലുള്ള ശനി- ഞായര്‍ ദിവസങ്ങളില്‍ കുറച്ചു കൂടി ഗൌരവമുള്ള 20- 25 ഓവര്‍ മാച്ചുകളും ഞങ്ങള്‍ കളിച്ചിരുന്നു. മിക്കവാറും അത്തരം കളികളിലെ സ്കോര്‍ രേഖപ്പെടുത്തി വയ്ക്കുന്നതും ഒരു പതിവായിരുന്നു. അത്തരത്തില്‍ ഒരു കളിയുടെ സ്കോര്‍‌ഷീറ്റ് ആയിരുന്നു അത്. ആ കടലാസിലൂടെ ഒന്നു കണ്ണോടിച്ചപ്പോള്‍ രസകരമായ, മറക്കാനാകാത്ത അന്നത്തെ മാച്ച് എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു.

തഞ്ചാവൂരിലെ ഞങ്ങളുടെ ആദ്യവര്‍ഷമായിരുന്നു അത്. ഞങ്ങള്‍ താമസിച്ചിരുന്ന വീട് ഒരു വിജനമായ പ്രദേശത്തായിരുന്നു. അതിന്റെ തൊട്ടു പിറകിലായി ഉണ്ടായിരുന്ന സാമാന്യം വലുപ്പമുള്ള ക്രിക്കറ്റ് ഗ്രൌണ്ട് ഞങ്ങള്‍ താമസം തുടങ്ങിയ ആദ്യ ദിവസം തന്നെ ശ്രദ്ധിച്ചിരുന്നു. എങ്കിലും റാഗിങ്ങ് പിരിയഡ് എല്ലാം കഴിഞ്ഞ ശേഷമാണ് ഗ്രൌണ്ടില്‍ ഇറങ്ങിയത് എന്നത് വേറെ കാര്യം. തൊട്ടടുത്ത് ഗ്രൌണ്ട് ഉണ്ടെന്ന് കരുതി അവിടെയെങ്ങാന്‍ സീനിയേഴ്സിന്റെ അനുവാദമില്ലാതെ കളിയ്ക്കാനിറങ്ങിയാല്‍ കാലു തല്ലിയൊടിയ്ക്കുമെന്നുള്ള അവരുടെ ‘സ്നേഹപൂര്‍വ്വമായ’ മുന്നറിയിപ്പിനെ അവഗണിയ്ക്കാന്‍ തോന്നിയില്ല എന്നതാണ് പരമാര്‍ത്ഥം. അങ്ങനെ ഒരു മാസം നീണ്ടു നിന്ന റാഗിങ്ങ് കോഴ്സ് എല്ലാം കഴിഞ്ഞ് സീനിയേഴ്സ് ഞങ്ങളുമായി നല്ല കമ്പനിയായി. അവര്‍ തന്നെയാണ് അതിനു ശേഷം രണ്ടു ബാറ്റ് ഞങ്ങള്‍ക്ക് കൊണ്ടു തന്നതും കളിയ്ക്കാന്‍ പ്രോത്സാഹിപ്പിച്ചതും. [‘എടാ മക്കളേ’ എന്ന് വിളിച്ചു കൊണ്ട് കയറി വരാറുള്ള ഡിനുച്ചേട്ടനേയും ജെയിംസ് ചേട്ടനെയും ഒന്നും ഒരിയ്ക്കലും മറക്കാനാകുമെന്ന് തോന്നുന്നില്ല. അത്ര സ്നേഹമുള്ള ആ പാവം ചേട്ടന്മാര്‍ക്ക് ഞങ്ങള്‍ ചെന്നു കയറിയ ആ ഒരു മാസം ഞങ്ങളെ എങ്ങനെ പേടിപ്പിയ്ക്കാന്‍ കഴിഞ്ഞു എന്ന് ഇന്ന് ആലോചിയ്ക്കുമ്പോള്‍ തന്നെ അത്ഭുതമാണ്. കൂടുതല്‍ റാഗിങ് വിശേഷങ്ങള്‍ പിന്നൊരിയ്ക്കല്‍ പറയാം.]

നമുക്ക് അന്നത്തെ മാച്ചിലേയ്ക്ക് തിരിച്ചു വരാം. അതൊരു ശനിയാഴ്ചയായിരുന്നു എന്നാണ് ഓര്‍മ്മ. ഉച്ചവെയില്‍ പൂര്‍ണ്ണമായും മാറുന്നതിനു മുന്‍‌പേ ഒരു മൂന്നു മണിയോടെ ഞങ്ങള്‍ എല്ലാവരും ഗ്രൌണ്ടില്‍ ഒത്തു കൂടി. അന്ന് വേണ്ടത്ര സമയമുണ്ടായിരുന്നതിനാല്‍ 10 ഓവര്‍ വീതമുള്ള മൂന്നോ നാലോ കളിയെങ്കിലും നടത്താന്‍ കഴിയുമെന്ന് ഉറപ്പായിരുന്നു. (സമയം ഉണ്ടായിരുന്നെങ്കിലും അന്ന് കളി തുടങ്ങുമ്പോള്‍ അംഗ സംഖ്യ കുറവായിരുന്നു).

വൈകാതെ രണ്ടു ടീമുകള്‍ ആയി ഞങ്ങള്‍ കളി ആരംഭിച്ചു. മികച്ച കളിക്കാരായ കിരണും അരുണും ആയിരുന്നു ഓരോ ടീമിന്റെയും ക്യാപ്റ്റന്മാര്‍. അരുണിന്റെ ടീമിലായിരുന്നു ഞാന്‍. ഒപ്പം സുധിയപ്പനും ജോബിയും ഷെറിനും. കിരണിന്റെ ടീമില്‍ സഞ്ജുവും ബിബിനും അനൂപും അജേഷും. കളി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഡിനു ചേട്ടനും ബിനേഷ് ചേട്ടനും ശരത്തും തോമയും ലിനോയും ജോക്സിനും മെജോയും ജോസും വന്നു. ഡിനു ചേട്ടനും ജോക്സിനും ലിനോയും തോമയും ഞങ്ങളുടെ ടീമിലും ബിനേഷ് ചേട്ടനും മെജോയും ശരത്തും ജോസും എതിര്‍ ടീമിലും ചേര്‍ന്നു. ഷെറിനും ജോസും സാധാരണ കളിയ്ക്കുന്ന പതിവില്ലെങ്കിലും അന്ന് ഞങ്ങളുടെ കളിയുടെ ആവേശത്തില്‍ അവരും കൂടുകയായിരുന്നു.

മത്തനും പിള്ളേച്ചനും മാഷും പതിവു പോലെ കളി കാണാനായി വന്നിരുന്നു. മാഷ് കളിയ്ക്കാറില്ലെങ്കിലും കളിക്കാരെ പ്രോത്സാഹിപ്പിയ്ക്കാനും കമന്ററി പറയാനും സ്കോര്‍ നോക്കാനുമെല്ലാമായി കളിക്കിടയിലെ ഒരു അവിഭാജ്യ ഘടകമായിരുന്നു. മത്തനും പിള്ളേച്ചനും കളി അറിയില്ലെങ്കിലും വല്ലപ്പോഴും ഒപ്പം കൂടാറുണ്ട്. അന്ന് പക്ഷേ അവര്‍ സ്കോര്‍ എഴുതാന്‍ ഇരുന്നതേയുള്ളൂ. ഇവരും ഇവരുടെ ഒപ്പം കളിയ്ക്കാന്‍ കൂടാതെ കാഴ്ചക്കാരായി മാത്രം വന്നിരിയ്ക്കാറുള്ള, അടുത്ത വീടുകളിലെ മറ്റു സുഹൃത്തുക്കളുമായിരുന്നു കളിയ്ക്കിടയില്‍ അമ്പയറിങ്ങു നടത്തുന്നതും പതിവായുണ്ടാകാറുള്ള തര്‍ക്കം പരിഹരിയ്ക്കുന്നതും.

ആളുകള്‍ ആവശ്യത്തിന് ആയതോടെ ഇരുപത് ഓവര്‍ വീതമുള്ള മത്സരം വയ്ക്കാം എന്ന് തീരുമാനമായി. അങ്ങനെ 9 പേരടങ്ങുന്ന 2 ടീമുകളായി മത്സരം കൂടുതല്‍ ആവേശത്തോടെ ആരംഭിച്ചു. ടോസ് നേടി, ആദ്യം ബാറ്റ് ചെയ്തത് ഞങ്ങളുടെ ടീം ആയിരുന്നു. നിശ്ചിത ഇരുപത് ഓവറില്‍ ഞങ്ങള്‍ 5 വിക്കറ്റിന് 98 റണ്‍സ് നേടി*. (ക്യാപ്റ്റനായിരുന്ന അരുണിന്റെ 36 റണ്‍സായിരുന്നു ഞങ്ങള്‍ക്ക് തുണയായത്. ഒപ്പം ബിനേഷേട്ടന്‍ എറിഞ്ഞ അവസാന ഓവറില്‍ നിന്ന് തുടര്‍ച്ചയായി നേടിയ അഞ്ച് ബൌണ്ടറികള്‍ ഉള്‍പ്പെടെ പുറത്താകാതെ 32 റണ്‍സ് എടുക്കാന്‍ എനിയ്ക്ക് കഴിഞ്ഞതും ഞാന്‍ മറക്കുന്നതെങ്ങനെ? (അതിനു മുന്‍‌പോ ശേഷമോ നല്ല ടീമുകളുമായി കളിച്ചിട്ട് ഒരോവറില്‍ 20 റണ്‍സ് എന്ന ലക്ഷ്യം നേടാന്‍ എനിയ്ക്ക് സാധിച്ചിട്ടില്ല. എപ്പോഴും ചക്ക വീഴുമ്പോള്‍ മുയല്‍ ചാകണമെന്നില്ലല്ലോ)

മറുപടിയായി ബാറ്റ് ചെയ്ത കിരണിന്റെ ടീമിന് കിരണും മെജോയും മികച്ച തുടക്കമാണ് നല്‍കിയത്. 24 ഉം 14 ഉം റണ്‍സ് വീതമെടുത്ത് അവര്‍ ഇരുവരും പുറത്തായ ശേഷം വന്ന സഞ്ജു അനൂപിനൊപ്പം വേഗം 22 റണ്‍സ് നേടിയെങ്കിലും വൈകാതെ പുറത്തായി. തുടര്‍ന്നു വന്ന ബിനേഷേട്ടനും ശരത്തും അജേഷും പെട്ടെന്ന് പുറത്തായപ്പോഴും അനൂപ് ഒരറ്റത്ത് നന്നായി കളിയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ 19 ആം ഓവറില്‍ അനൂപും ബിബിന്റെ പിന്തുണയോടെ അവരുടെ സ്കോര്‍ 90 കടത്തി. പക്ഷേ ആ ഓവര്‍ എറിഞ്ഞ അരുണ്‍ ബിബിനെ അവസാന പന്തില്‍ ക്ലീന്‍ ബൌള്‍ ചെയ്തതോടെ അവര്‍ 7 വിക്കറ്റിന് 96 എന്ന നിലയിലായി**.

അവര്‍ക്ക് കളി ജയിയ്ക്കാന്‍ അവസാന ഓവറില്‍ 3 റണ്‍സ് വേണം. ഒരറ്റത്ത് 23 റണ്‍സുമായി അനൂപ് ബാറ്റ് ചെയ്യുന്നു. അവസാന ബാറ്റ്‌സ്മാന്‍ ആയ ജോസ് ആണ് മറുവശത്ത്. ഡിനു ചേട്ടന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തു നേരിട്ട അനൂപ് ഒരു റണ്‍സ് നേടി. ഇനി കളി ജയിയ്ക്കാന്‍ അവര്‍ക്ക് 5 പന്തില്‍ 2 റണ്‍സ് മതി. ഒരു റണ്‍സെടുത്താല്‍ കളി സമനിലയാകും.

കിരണ്‍ കാണികളുടെ കൂട്ടത്തിലിരുന്ന് ജോസിനോട് സിംഗിള്‍ എടുത്ത് സ്ട്രൈക്ക് അനൂപിന് കൊടുക്കാന്‍ വിളിച്ച് പറയുന്നുണ്ട്. എന്നാല്‍ ഫുള്‍ ജാഢയില്‍ ഒരു അന്താരാഷ്ട്ര കളിക്കാരന്റെ മട്ടും ഭാവവുമായിട്ടാണ് ജോസിന്റെ നില്പ്. കിരണിന്റെ ഉപദേശം രസിയ്ക്കാത്ത മട്ടില്‍ തമാശ രൂപത്തില്‍ ജോസ് വിളിച്ചു പറഞ്ഞു “അതെന്താ അളിയാ... നീ എന്നെ കുറച്ചു കാണുന്നത്? കളി ഞാന്‍ ജയിപ്പിച്ചാലും പോരേ? അതിനെന്തിനാ അനൂപ്? നീ കണ്ടോ...”

ജോസിന്റെ സ്വതസിദ്ധമായ അലസതയോടെയുള്ള മറുപടി ഞങ്ങളിലും ചിരി പടര്‍ത്തി. ഗാര്‍ഡ് എടുത്ത് പിച്ചിനു നടുവില്‍ പോയി ബാറ്റ് കൊണ്ട് കുത്തി നോക്കി, ജോസ് പന്ത് നേരിടാന്‍ തയ്യാറായി. ഡിനു ചേട്ടന്‍ രണ്ടാമത്തെ പന്ത് എറിഞ്ഞു. പന്ത് സ്റ്റമ്പിന് തൊട്ടടുത്തു കൂടെ കീപ്പറായ ജോക്സിന്റെ കയ്യിലെത്തി. പക്ഷേ, ജോസിന് അപ്പോഴും കുലുക്കമില്ല.ഇനിയും മൂന്ന് പന്തുണ്ടല്ലോ എന്ന ഭാവം. അവന്‍ കാണികളെ എല്ലാം കൈയുയര്‍ത്തി അഭിവാദ്യം ചെയ്തു.

നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് അനൂപ് വിളിച്ചു പറഞ്ഞു “ഒരു റണ്‍സെങ്കിലും എടുത്ത് സ്ട്രൈക്ക് താടാ”.

“വേണ്ട അളിയാ... ഞാനേറ്റു”

ജോസ് വീണ്ടും തയ്യാറായി. മൂന്നാമത്തെ പന്ത് . ജോസ് ബാറ്റ് ആഞ്ഞു വീശി. പന്ത് പിന്നെയും കീപ്പറുടെ കയ്യില്‍. ബാറ്റില്‍ തൊട്ടു പോലുമില്ല.

അതു വരെ പ്രതീക്ഷ നശിച്ചിരുന്ന ഞങ്ങള്‍ക്ക് കൂടുതല്‍ ഉത്സാഹമായി. ജോസിനു ചുറ്റും ശക്തമായ ഫീല്‍ഡിങ്ങ് ഏര്‍പ്പെടുത്തി. സിംഗിളുകള്‍ തടയണം എന്നതു തന്നെ ഞങ്ങളുടെ ലക്ഷ്യം. കാണികളുടെ ഭാഗത്തു നിന്നും ചിരിയും തമാശ നിറഞ്ഞ ഡയലോഗുകളും മാത്രമായി. ജോസ് എന്നിട്ടും ആത്മ വിശ്വാസത്തിലാണ്. ഡിനു ചേട്ടന്‍ വീണ്ടും പന്തെറിയാനായി തിരിഞ്ഞു നടക്കുമ്പോള്‍ ജോസ് ക്രീസില്‍ നിവര്‍ന്നു നിന്ന് ചുറ്റുപാടും ഫീല്‍ഡിങ്ങ് അറേഞ്ച്മെന്റ്‌സ് എല്ലാം നോക്കി. എന്നിട്ട് അനൂപിനെ പിച്ചിനു നടുവിലേയ്ക്ക് എന്തോ പറയാനെന്ന പോലെ വിളിച്ചു. അടുത്തു ചെന്ന് അവനോട് പന്ത് മുട്ടിയിട്ട് ഒരു റണ്‍സെങ്കിലും എടുക്കാന്‍ പറഞ്ഞ് അനൂപ് തിരിച്ചു നടന്നു. ഒപ്പം കാഴ്ചക്കാരോട് വാതോരാതെ വാചകമടിയ്ക്കുന്നുമുണ്ട്.

വീണ്ടും പിച്ചിനു നടുവിലെല്ലാം ബാറ്റു കൊണ്ട് കുത്തി നോക്കി, പിന്നെയും ഗാര്‍ഡ് എടുത്ത് ജോസ് തയ്യാറായി. നാലാ‍മത്തെ പന്തും ബാറ്റില്‍ കൊള്ളാതെ ഓഫ് സൈഡിലൂടെ പോയി. കിരണ്‍ ആള്‍ക്കൂട്ടത്തിലിരുന്ന് ജോസിനെ ചീത്ത വിളിയ്ക്കാന്‍ തുടങ്ങി. കാണികളുടെ എല്ലാം കളിയിലെ പിരിമുറുക്കം മാറി തമാശയായി. എല്ലാവരും ഒറ്റക്കെട്ടായി “ജോസ്... ജോസ്” എന്ന് ആര്‍ത്തു വിളിയ്ക്കാന്‍ തുടങ്ങി. കൈ പൊക്കിയും തല കുനിച്ചും അതെല്ലാം ആസ്വദിച്ചു കൊണ്ട് ജോസ് അടുത്ത പന്ത് നേരിടാന്‍ ഒരുങ്ങി. അതിനു മുന്‍പ് പിച്ചിനു നടുവിലേയ്ക്ക് നടന്നു കൊണ്ട് അനൂപിനെയും വിളിച്ചു. ക്ഷമ നശിച്ചു നില്‍ക്കുകയായിരുന്ന അനൂപ് വേഗത്തില്‍ അവന്റെ അടുത്ത് ചെന്ന് പറഞ്ഞതെന്തെന്ന് കേട്ടില്ലെങ്കിലും വളിച്ച ചിരിയോടെ ചെവി പൊത്തിക്കൊണ്ട് ജോസ് തിരികെ ക്രീസിലേയ്ക്ക് നടക്കുന്നതാണ് എല്ലാവരും കണ്ടത്.

അഞ്ചാമത്തെ പന്തിനും ജോസ് ബാറ്റ് വീശിയെങ്കിലും ആ പന്തും തൊടാന്‍ ജോസിന് കഴിഞ്ഞില്ല. അതോടെ ജോസും ചിരിച്ചു പോയി എന്നതാണ് സത്യം. സ്വന്തം ടീമംഗങ്ങളെല്ലാം ജോസിനെ തെറി വിളി തുടങ്ങി. ജോസ് ചിരി നിര്‍ത്താതെ തന്നെ വിളിച്ചു പറഞ്ഞു. “ഒരു പന്തില്‍ രണ്ടു റണ്‍സ് പോരേ അളിയാ... ഫോറടിച്ചാല്‍ എല്ലാം ഓകെയായില്ലേ?”

“നീ ഒരു &%$ ഉം അടിയ്ക്കണ്ട. ഒന്നു തട്ടിയിട്ടിട്ട് ഓടാമോ... സ്കോര്‍ തുല്യമാക്കാനെങ്കിലും പറ്റുമല്ലോ” നിരാശയും ദേഷ്യവും കലര്‍ത്തിയാണ് കിരണ്‍ മറുപടി പറഞ്ഞത്.

“ഇല്ലളിയാ... ഇത് നമ്മള്‍ ജയിച്ചു കഴിഞ്ഞു... ഈ പന്ത് നീ ബൌണ്ടറിയില്‍ നിന്ന് പെറുക്കിക്കോ” ജോസ് അവസാന പന്ത് നേരിടാന്‍ തയ്യാറായി. ഡിനു ചേട്ടന്‍ പോലും ചിരിച്ചു കൊണ്ടാണ് അവസാന പന്തെറിഞ്ഞത്. കാണികളുടെ ആരവങ്ങള്‍ക്കിടയില്‍ ജോസ് ബാറ്റ് ആഞ്ഞു വീശി. പക്ഷേ, പതിവില്‍ നിന്നും യാതൊരു വ്യത്യാസവും കൂടാതെ പന്ത് കീപ്പറുടെ കയ്യിലെത്തി.

അടുത്ത നിമിഷം ബാറ്റും താഴെയിട്ട് ജോസ് തൊട്ടടുത്തുള്ള ഞങ്ങളൂടെ റൂമിലേയ്ക്ക് പ്രാണരക്ഷാര്‍ത്ഥം ഓടുന്നതാണ് എല്ലാവരും കണ്ടത്. കിരണും അനൂപും സഞ്ജുവും ഉള്‍പ്പെടെയുള്ള അവന്റെ മറ്റു ടീമംഗങ്ങള്‍ അവനെ ചീത്ത വിളിച്ചു കൊണ്ട് പുറകേയും.

തുടര്‍ന്ന് രണ്ടു ടീമംഗങ്ങളും ഒരുമിച്ചിരുന്ന് അന്നത്തെ മത്സരത്തെ പറ്റി സംസാരിച്ചു കോണ്ടിരിയ്ക്കുകയായിരുന്നു. അതിനിടെ അന്നത്തെ മത്സരത്തിന്റെ സ്കോര്‍ ഷീറ്റ് എല്ലാം തയ്യാറാക്കിയ ശേഷം 1 റണ്‍സിന് കളി ജയിച്ച ഞങ്ങളുടെ ടീമില്‍ നിന്ന് 36 റണ്‍സും 3 വിക്കറ്റും നേടിയ അരുണിനെ മാന്‍ ഓഫ് ദ മാച്ചായി മാഷും മത്തനും പ്രഖ്യാപിയ്ക്കുമ്പോള്‍ അരുണ്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. “കളി ജയിപ്പിച്ച ആളാണ് മാന്‍ ഓഫ് ദ മാച്ച് എങ്കില്‍ അത് ജോസിന് കൊടുക്കണം”. അപ്പോള്‍ ജോസ് ചിരിച്ചു കൊണ്ട് വിശദീകരിച്ചു.

“അത് പിന്നെ അളിയാ... അങ്ങനെ ആക്കണ്ട. എന്റെ ഫുട് വര്‍ക്ക് അത്ര ശരിയായില്ല. ഇന്നലെ പ്രാക്ടീസ് ചെയ്യാന്‍ പറ്റാത്തതിന്റെയാ. പിന്നെ വെളിച്ചക്കുറവും ഉണ്ടായിരുന്നു. മാത്രമല്ല, കാറ്റിന്റെ ഗതിയും അനുകൂലമായിരുന്നില്ല. പന്തിന്റെ മൂവ് മെന്റ് ഗസ്സ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ടൈമിങ്ങ് ശരിയായില്ല... അതല്ലായിരുന്നെങ്കില്‍ കാണിച്ചു തരാമായിരുന്നു. എനിയ്ക്ക് ഒരൊറ്റ പന്തു പോരേ കളി അവസാനിപ്പിയ്ക്കാന്‍!!!”

സഞ്ജു പെട്ടെന്ന് ഇടയ്ക്കു കയറിപ്പറഞ്ഞു “പിന്നേ...അല്ലായിരുന്നെങ്കില്‍ നീയങ്ങ് ഒലത്തിയേനെ. ഒന്നു പോടാ. പിന്നെ നിന്റെ കളി അവസാനിപ്പിയ്ക്കാന്‍ ഒരൊറ്റ പന്തു മതി എന്ന് ഞങ്ങള്‍ക്കറിയാം. എടാ, ആദ്യം ബാറ്റ് നേരെ പിടിയ്ക്കാന്‍ പഠിയ്ക്ക്. നീയൊരൊറ്റ ഒരുത്തനാ ഞങ്ങളെ തോല്‍പ്പിച്ചത്... എന്നിട്ട് അവന്‍ ഡയലോഗ് വിടുന്നത് കേട്ടില്ലേ?”

അതു കേട്ട് ജോബി പറഞ്ഞു “എന്നാലും... എന്റെ ജീവിതത്തില്‍ ആദ്യമായിട്ടു കാ‍ണുകയാ, ബാറ്റിനു പകരം നാക്കു കൊണ്ട് ക്രിക്കറ്റ് കളിയ്ക്കുന്ന ഒരാളെ. നിന്നെ സമ്മതിയ്ക്കണം ജോസളിയാ”.

അത് കേട്ടതും എല്ലാവരും കൂടെ ചിരിച്ചു പോയി, ഒപ്പം ജോസും. എന്നിട്ട് എല്ലാവരോടു മായി പറഞ്ഞു. “എന്റെ പൊന്നളിയന്മാരേ... ഇനി സത്യം പറയാമല്ലോ. എനിയ്ക്ക് ഈ ക്രിക്കറ്റ് കളി തന്നെ അറിയില്ല. ഞാന്‍ ചുമ്മാ നിങ്ങളുടെ കൂടെ കൂടിയതല്ലേ...”

എന്തായാലും അതിനു ശേഷം ഒരിയ്ക്കലും ജോസ് ഞങ്ങളുടെ കൂടെ കളിയ്ക്കാന്‍ കൂടിയിട്ടില്ല. എങ്കിലും കാണികളുടെ കൂട്ടത്തിലിരുന്ന് ജോബി പറഞ്ഞതു പോലെ നാക്കു കൊണ്ടുള്ള ബാറ്റിങ്ങിന് ഒരു കുറവുമുണ്ടായിരുന്നില്ല കേട്ടോ. ബാറ്റ്സ്മാനേയും ബൌളറേയും ഫീല്‍ഡറേയുമെല്ലാം ഉപദേശിയ്ക്കാനും രസകരമായ ‘ടെക്നിക്കല്‍’ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനുമെല്ലാമായി ജോസ് എന്നും സജീവമായി ഞങ്ങളുടെ കൂടെ ഉണ്ടാകാറുമുണ്ട്.

**********

ഞങ്ങള്‍ക്ക് തഞ്ചാവൂരെ പഠനകാലത്ത് കിട്ടിയ നല്ല ഒരു സുഹൃത്താണ് ഈ ജോസ്. വളരെ രസികനും സഹൃദയനും എന്നാല്‍ കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉള്ളവനും ആയിരുന്നു അവന്‍ എന്നു വേണം പറയാന്‍. ഇടപെടുന്നവരുടെ സ്വഭാവരീതിയ്ക്കനുസരിച്ച് അവരുടെ അതേ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നും താഴ്ന്നും പെരുമാറാനുള്ള അവന്റെ കഴിവു ഒന്നു വേറെ തന്നെയായിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത പ്രകൃതം. ഇന്ന് ജോസ് നാട്ടില്‍ കോളേജ് അദ്ധ്യാപകനാണ്. ഇപ്പോഴും ജോസുമായുള്ള ഞങ്ങളുടെ സൌഹൃദം അതേപടി നില നില്‍ക്കുന്നു.

[*ടീം1 ടോട്ടല്‍ - 98/5 (20 ഓവര്‍). അരുണ്‍ - 36; ഡിനു - 11; ജോക്സിന്‍ - 0; സുധി - 14(റണ്ണൌട്ട്); ശ്രീ - 32*; ലിനോ - 1; ജോബി - 4*. കിരണ്‍ - 12/2; അനൂപ് - 16/1; സഞ്ജു - 20/1; ശരത് - 12/0; മെജോ - 15/0; ബിനേഷ് - 23/0]
[**ടീം2 ടോട്ടല്‍ - 96/7 (20 ഓവര്‍). കിരണ്‍ - 24; മെജോ -14; അനൂപ് - 24*; ശരത്ത് - 2; സഞ്ജു - 22; ബിനേഷ് - 5; അജേഷ് - 1; ബിബിന്‍ - 4; ജോസ് - 0*. അരുണ്‍ - 18/3; ഡിനു - 22/2; ശ്രീ - 16/1; സുധി - 18/1; ജോബി- 10/0; ലിനോ- 12/0]
ഞങ്ങളുടെ പഴയ വീടും ക്രിക്കറ്റ് ഗ്രൌണ്ടും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.