Thursday, November 14, 2013

​സച്ചിന്‍: ആദ്യത്തെ ഓര്‍മ്മ


വര്‍ഷം 1990-91. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന കാലം. ഞങ്ങളുടെ വാളൂര്‍ നായര്‍ സമാജം ഹൈസ്കൂളിന്റെ ആ വര്‍ഷത്തെ വാര്‍‌ഷികത്തോടനുബന്ധിച്ചു കലാ പരിപാടികളും മത്സരങ്ങളും നടക്കുന്ന സമയം. 

അന്നത്തെ മത്സര ഇനം - പൊതുവിജ്ഞാനം. മത്സരത്തില്‍‌ വിഭാഗത്തില്‍ ഞാനും പങ്കെടുത്തു. പറഞ്ഞ സമയത്ത് തന്നെ മത്സരം നടക്കുന്ന ക്ലാസ്സ് മുറിയില്‍‌ ഞാനും എന്റെ കുറച്ചു സഹപാഠികളും എത്തി. നോക്കിയപ്പോള്‍‌ ക്ലാസ്സ് മുറി ഒരു വിധം നിറഞ്ഞിരിയ്ക്കുന്നു, കൂടുതലും  ചേട്ടന്‍‌മാര്‍! ( കൂടുതല്‍‌ പേരും എങ്ങനെയെങ്കിലും ഒന്നോ രണ്ടോ പിരിയഡ് ഒഴിവാക്കാമല്ലോ എന്നു കരുതി വന്നവരാണെന്ന് അവരുടെ ഭാവങ്ങളില്‍‌ നിന്നു തന്നെ മനസ്സിലാക്കാം). ഞങ്ങളും അവിടെ ആസനസ്ഥരായി.

വൈകാതെ, ക്വിസ്സ് മാസ്റ്റര്‍‌ ലീലാവതി ടീച്ചര്‍‌ ക്ലാസ്സിലെത്തി. ടീച്ചര്‍‌ ഞങ്ങള്‍‌ ചെറിയ ക്ലാസ്സുകാരെ അവിടെ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. എന്നാല്‍‌ ഞങ്ങള്‍‌ അഞ്ചാറു പീക്കിരികള്‍‌ക്കു വേണ്ടി വീണ്ടും മിനക്കെടേണ്ടല്ലോ എന്നു കരുതിയാകാണം, ഞങ്ങളോടും സീനിയേഴ്സിന്റെ കൂടെ തന്നെ ഇരിക്കാന്‍‌ പറഞ്ഞു. എല്ലാവര്‍‌ക്കും ഒരേ ചോദ്യങ്ങള്‍‌ തന്നെ മാര്‍‌ക്കിടുമ്പോള്‍‌ മാത്രം ഞങ്ങളെ പ്രത്യ്യേകം തരം തിരിച്ച് നോക്കിയാല്‍‌ മതിയല്ലോ.

അങ്ങനെ മത്സരം തുടങ്ങി. ചോദ്യങ്ങള്‍‌ വന്നു അറിയാവുന്നത് എഴുതിയും അറിയാത്തവയ്ക്ക് അന്തം വിട്ടിരുന്നും ഞാന്‍‌ സമയം കളഞ്ഞു. ഇടയ്ക്കിടെ ചില നേരമ്പോക്കുകളെല്ലാം പറഞ്ഞ് ടീച്ചര്‍‌ സന്ദര്‍‌ഭത്തിന്റെ പിരിമുറുക്കം കുറയ്ക്കാന്‍‌ ശ്രമിക്കുന്നുണ്ടായിരുന്നു.

വൈകാതെ ചോദ്യങ്ങളെല്ലാം കഴിഞ്ഞു. അപ്പോള്‍ തന്നെ മൂല്യനിര്‍‌ണ്ണയം തുടങ്ങി. ചോദ്യങ്ങളില്‍‌ ഒന്ന് ഇതായിരുന്നു - ”ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരന്‍‌ ആര്?” 

അന്ന് ക്രിക്കറ്റ് എന്നു വച്ചാല്‍‌ എനിക്കറിയാവുന്നത് കപില്‍‌ ദേവിനെ മാത്രം. ഞാന്‍‌ അതായിരുന്നു എഴുതി വച്ചതും. ആ ഉത്തരം തെറ്റാണ് എന്ന് പെട്ടെന്ന് തന്നെ മനസ്സിലായി.

മറ്റു ചോദ്യോത്തരങ്ങള്‍ക്ക് വിപരീതമായി ഇത്തവണ ടീച്ചര്‍ ആ ചോദ്യത്തിന് ഉത്തരം അവതരിപ്പിച്ചത് മറ്റൊരു വിധത്തിലായിരുന്നു. എന്റെ ചേട്ടന്റെ അടുത്ത സുഹൃത്തും ക്രിക്കറ്റ് കമ്പക്കാരനുമായ സലീഷ് ചേട്ടന്റെ നേരെ തിരിഞ്ഞ് ചിരിച്ചു കൊണ്ട് ടീച്ചര്‍ ചോദിച്ചു "എന്താ സലീഷേ, അതിന്റെ ഉത്തരം അറിയാതിരിയ്ക്കില്ലല്ലോ അല്ലേ?ആരാ അത്??? "

സലീഷ് ചേട്ടന്‍ അന്ന് ആവേശത്തോടെ വിളിച്ചു പറഞ്ഞ ആ മറുപടി ഇന്നും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. "അത് ഒരിയ്ക്കലും തെറ്റില്ല ടീച്ചര്‍! സച്ചിന്‍! സച്ചിന്‍ ടെണ്ടുല്‍ക്കര്‍!!!"
അത് ശരിയാണെന്ന് ചിരിച്ചു കൊണ്ട് സമ്മതിച്ച് ടീച്ചര്‍ അടുത്ത ചോദ്യത്തിന്റെ ഉത്തരത്തിലേയ്ക്ക് കടന്നു. അന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പേര് ഞാന്‍ ആദ്യമായി ശ്രദ്ധിയ്ക്കുന്നത്. ഒന്നു കൂടി വ്യക്തമാക്കി പറഞ്ഞാല്‍ എന്റെ ജീവിതത്തില്‍ "സച്ചിന്‍ ടെണ്ടുല്‍ക്കര്‍" എന്ന പേര് നിരാശയോടെ കേട്ട ആദ്യത്തെയും അവസാനത്തേയും ഒരേയൊരു സന്ദര്‍ഭമായിരുന്നു അത്.

പിന്നെയും ഒന്നു രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് (92 ലെ ലോകകപ്പോടെ) സച്ചിന്‍ എന്ന പ്രതിഭ മനസ്സില്‍ ചിര പ്രതിഷ്ഠ നേടുകയും ആ പേര് പോലും എന്റെ മാത്രമല്ല 100 കോടി ഇന്ത്യാക്കാരുടെ ഒരാവേശമായി മാറുകയും ചെയ്തത് ചരിത്രം.