Thursday, November 14, 2013

​സച്ചിന്‍: ആദ്യത്തെ ഓര്‍മ്മ


വര്‍ഷം 1990-91. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന കാലം. ഞങ്ങളുടെ വാളൂര്‍ നായര്‍ സമാജം ഹൈസ്കൂളിന്റെ ആ വര്‍ഷത്തെ വാര്‍‌ഷികത്തോടനുബന്ധിച്ചു കലാ പരിപാടികളും മത്സരങ്ങളും നടക്കുന്ന സമയം. 

അന്നത്തെ മത്സര ഇനം - പൊതുവിജ്ഞാനം. മത്സരത്തില്‍‌ വിഭാഗത്തില്‍ ഞാനും പങ്കെടുത്തു. പറഞ്ഞ സമയത്ത് തന്നെ മത്സരം നടക്കുന്ന ക്ലാസ്സ് മുറിയില്‍‌ ഞാനും എന്റെ കുറച്ചു സഹപാഠികളും എത്തി. നോക്കിയപ്പോള്‍‌ ക്ലാസ്സ് മുറി ഒരു വിധം നിറഞ്ഞിരിയ്ക്കുന്നു, കൂടുതലും  ചേട്ടന്‍‌മാര്‍! ( കൂടുതല്‍‌ പേരും എങ്ങനെയെങ്കിലും ഒന്നോ രണ്ടോ പിരിയഡ് ഒഴിവാക്കാമല്ലോ എന്നു കരുതി വന്നവരാണെന്ന് അവരുടെ ഭാവങ്ങളില്‍‌ നിന്നു തന്നെ മനസ്സിലാക്കാം). ഞങ്ങളും അവിടെ ആസനസ്ഥരായി.

വൈകാതെ, ക്വിസ്സ് മാസ്റ്റര്‍‌ ലീലാവതി ടീച്ചര്‍‌ ക്ലാസ്സിലെത്തി. ടീച്ചര്‍‌ ഞങ്ങള്‍‌ ചെറിയ ക്ലാസ്സുകാരെ അവിടെ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. എന്നാല്‍‌ ഞങ്ങള്‍‌ അഞ്ചാറു പീക്കിരികള്‍‌ക്കു വേണ്ടി വീണ്ടും മിനക്കെടേണ്ടല്ലോ എന്നു കരുതിയാകാണം, ഞങ്ങളോടും സീനിയേഴ്സിന്റെ കൂടെ തന്നെ ഇരിക്കാന്‍‌ പറഞ്ഞു. എല്ലാവര്‍‌ക്കും ഒരേ ചോദ്യങ്ങള്‍‌ തന്നെ മാര്‍‌ക്കിടുമ്പോള്‍‌ മാത്രം ഞങ്ങളെ പ്രത്യ്യേകം തരം തിരിച്ച് നോക്കിയാല്‍‌ മതിയല്ലോ.

അങ്ങനെ മത്സരം തുടങ്ങി. ചോദ്യങ്ങള്‍‌ വന്നു അറിയാവുന്നത് എഴുതിയും അറിയാത്തവയ്ക്ക് അന്തം വിട്ടിരുന്നും ഞാന്‍‌ സമയം കളഞ്ഞു. ഇടയ്ക്കിടെ ചില നേരമ്പോക്കുകളെല്ലാം പറഞ്ഞ് ടീച്ചര്‍‌ സന്ദര്‍‌ഭത്തിന്റെ പിരിമുറുക്കം കുറയ്ക്കാന്‍‌ ശ്രമിക്കുന്നുണ്ടായിരുന്നു.

വൈകാതെ ചോദ്യങ്ങളെല്ലാം കഴിഞ്ഞു. അപ്പോള്‍ തന്നെ മൂല്യനിര്‍‌ണ്ണയം തുടങ്ങി. ചോദ്യങ്ങളില്‍‌ ഒന്ന് ഇതായിരുന്നു - ”ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരന്‍‌ ആര്?” 

അന്ന് ക്രിക്കറ്റ് എന്നു വച്ചാല്‍‌ എനിക്കറിയാവുന്നത് കപില്‍‌ ദേവിനെ മാത്രം. ഞാന്‍‌ അതായിരുന്നു എഴുതി വച്ചതും. ആ ഉത്തരം തെറ്റാണ് എന്ന് പെട്ടെന്ന് തന്നെ മനസ്സിലായി.

മറ്റു ചോദ്യോത്തരങ്ങള്‍ക്ക് വിപരീതമായി ഇത്തവണ ടീച്ചര്‍ ആ ചോദ്യത്തിന് ഉത്തരം അവതരിപ്പിച്ചത് മറ്റൊരു വിധത്തിലായിരുന്നു. എന്റെ ചേട്ടന്റെ അടുത്ത സുഹൃത്തും ക്രിക്കറ്റ് കമ്പക്കാരനുമായ സലീഷ് ചേട്ടന്റെ നേരെ തിരിഞ്ഞ് ചിരിച്ചു കൊണ്ട് ടീച്ചര്‍ ചോദിച്ചു "എന്താ സലീഷേ, അതിന്റെ ഉത്തരം അറിയാതിരിയ്ക്കില്ലല്ലോ അല്ലേ?ആരാ അത്??? "

സലീഷ് ചേട്ടന്‍ അന്ന് ആവേശത്തോടെ വിളിച്ചു പറഞ്ഞ ആ മറുപടി ഇന്നും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. "അത് ഒരിയ്ക്കലും തെറ്റില്ല ടീച്ചര്‍! സച്ചിന്‍! സച്ചിന്‍ ടെണ്ടുല്‍ക്കര്‍!!!"
അത് ശരിയാണെന്ന് ചിരിച്ചു കൊണ്ട് സമ്മതിച്ച് ടീച്ചര്‍ അടുത്ത ചോദ്യത്തിന്റെ ഉത്തരത്തിലേയ്ക്ക് കടന്നു. അന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പേര് ഞാന്‍ ആദ്യമായി ശ്രദ്ധിയ്ക്കുന്നത്. ഒന്നു കൂടി വ്യക്തമാക്കി പറഞ്ഞാല്‍ എന്റെ ജീവിതത്തില്‍ "സച്ചിന്‍ ടെണ്ടുല്‍ക്കര്‍" എന്ന പേര് നിരാശയോടെ കേട്ട ആദ്യത്തെയും അവസാനത്തേയും ഒരേയൊരു സന്ദര്‍ഭമായിരുന്നു അത്.

പിന്നെയും ഒന്നു രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് (92 ലെ ലോകകപ്പോടെ) സച്ചിന്‍ എന്ന പ്രതിഭ മനസ്സില്‍ ചിര പ്രതിഷ്ഠ നേടുകയും ആ പേര് പോലും എന്റെ മാത്രമല്ല 100 കോടി ഇന്ത്യാക്കാരുടെ ഒരാവേശമായി മാറുകയും ചെയ്തത് ചരിത്രം.


21 comments:

  1. ശ്രീ said...

    ഇന്ന് 2013 നവംബര്‍ 24: ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ പേടിയോടെ കാത്തിരുന്ന ആ ദിവസം - സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസം തന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരത്തിന് ഇന്ന് ഇറങ്ങുന്നു.

    ഈ അവസരത്തില്‍ സച്ചിനെ കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ്മകള്‍ ഇവിടെ പങ്കു വയ്ക്കുന്നു. ക്രിക്കറ്റിനെ, സച്ചിനെ ഇഷ്ടപ്പെടുന്ന ബൂലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കുമായി ഇത് സമര്‍പ്പിയ്ക്കുന്നു.

    ഗുഡ്‌ ബൈ സച്ചിന്‍!

  2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    അല്ലെങ്കിലും ഈ അഞ്ചാം ക്ലാസ് ഒരു വല്യ പാരയാ

    എനിക്കും ഉണ്ടായിരുന്നു അന്ന് ഒരു പരീക്ഷ പൊതു വിജ്ഞാനം

    എന്ന് എൻ ജി ഓ  ഉടെ ഫുൾ ഫോം എന്റെ കയ്യിൽ ഉള്ള പുസ്തകത്തിൽ ഇല്ല

    ഞാൻ അത് ചേട്ടനോട് ചോദിച്ച് നോൺ ഗസറ്റഡ് ഓഫീസർ എന്ന് പഠിച്ചു. പക്ഷെ എഴുതി വച്ചില്ല

    നമ്മുടെ ഓർമ്മ ഒക്കെ ബ്രഹ്മാവിന്റത്രയല്ലെ എന്ന ഭാവമായിരുന്നു 

    പരീക്ഷയ്ക്ക് കയറുന്നതിൻ മുൻപു തന്നെ അത് മറന്നും പോയി

    സൂക്ഷം പരീക്ഷയ്ക്ക് അതു ചോദിച്ചു

    ഞാൻ ഒട്ടും മടിച്ചില്ല 
    നാഷനൽ ഗവണ്മെന്റ് ഓഫീസർ എന്നെഴുതിയും വച്ചു

    എന്താ പോരെ?

  3. Anonymous said...

    njaan pravaasatthinu thuTakkam kuRicchathum sachin oru pravaasi cricketer aaayathum orE varsham.....
    randupErum pravaasam avasaaniippichathum ore varsham....

    nannaayi Sree, ere uchithamaayi ee Ormmakkuripp~.....

  4. Pradeep Kumar said...

    തിളങ്ങുന്ന ബാലപ്രതിഭ എന്ന പേരിൽ കൗമാരക്കാരനായ സചിന്റെ ഫോട്ടോയോടുകൂടി ഇന്ത്യാടുഡെ കവർ സ്റ്റോറി പ്രസിദ്ധീകരിച്ചത് ഓർക്കുന്നു....

  5. ജിമ്മി ജോണ്‍ said...

    "സച്ചിന്‍ ടെണ്ടുല്‍ക്കര്‍" എന്ന പേര് നിരാശയോടെ കേട്ട ആദ്യത്തെയും അവസാനത്തേയും ഒരേയൊരു സന്ദര്‍ഭമായിരുന്നു അത്.

    അത് ഇഷ്ടപ്പെട്ടു.. :)

    എന്റെ മനസ്സിൽ എന്നാണാവോ സച്ചിൻ കുടിയേറിയത്?? ഒരെത്തും പിടിയും കിട്ടുന്നില്ല.. ഒരു കാര്യം ഉറപ്പാ, ഈ ചെങ്ങായി ഒരിക്കലും എന്റെ മനസ്സിൽ നിന്നും കുടിയിറങ്ങില്ല.. :)

  6. ajith said...

    സച്ചിന്‍ ആരംഭിക്കുകയും വളരാന്‍ തുടങ്ങുകയുമൊക്കെ ചെയ്ത വര്‍ഷങ്ങളില്‍ ക്രിക്കറ്റ് എന്നാല്‍ എന്താണെന്ന് പോലും അറിയാത്ത ഒരു രാജ്യത്തായിരുന്നു ഞാന്‍. പിന്നെ നാട്ടില്‍ വന്നപ്പോഴാണ് ഇങ്ങനെ ഒരാള്‍ ഉണ്ടെന്ന് അറിഞ്ഞത്. ഇന്നും ലോകത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളില്‍ ക്രിക്കറ്റ് എന്നാല്‍ അത് ഒരുതരം വിട്ടില്‍ അല്ലേ എന്ന് മറുചോദ്യം വരും!

  7. ബഷീർ said...

    ക്രിക്കറ്റിനെ അറിയാത്തവരും സച്ചിനെ അറിയുന്നു അതാണു സച്ചിൻ.. ഓർമ്മകൾ പങ്ക് വെച്ചത് നന്നായി

  8. Dileep Mohan said...

    മരത്തടിയില്‍ വെട്ടുയുണ്ടാക്കിയ ബാറ്റില്‍ MRF എന്നെഴുതാന്‍ കുട്ടികളെ പ്രേരിപ്പിച്ച മനുഷ്യന്‍ ....

  9. ശ്രീ said...

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
    ആദ്യ കമന്റിനു നന്ദി മാഷേ. ആ അനുഭവം പങ്കു വച്ചതിലും സന്തോഷം.

    Anonymous ...
    വളരെ നന്ദി.

    Pradeep Kumar ...
    സച്ചിന്റെ ഓര്‍മ്മകള്‍ ഏതെങ്കിലും വിധത്തില്‍ മനസ്സില്‍ താലോലിയ്ക്കാത്തവരുണ്ടാകുമോ?
    നന്ദി മാഷേ

    ജിമ്മിച്ചാ...
    വളരെ സത്യം. ആ പേര് നമ്മളൊന്നും ഒരിയ്ക്കലും മറക്കില്ല. നമുക്കു ശേഷമുള്ള തലമുറകളിലൂടെയും ആ നാമം ഓര്‍ക്കപ്പെടും, തീര്‍ച്ച!

    അജിത്തേട്ടാ...
    ശരിയാണ്. പല രാജ്യങ്ങളിലും ക്രിക്കറ്റ് ഇന്നും എത്തപ്പെട്ടിട്ടില്ലല്ലോ.
    ഒരിയ്ക്കല്‍ Holland ല്‍ നടന്ന മത്സരത്തിനിടെ അവിടെ സ്റ്റേഡിയത്തിനു തൊട്ടടുത്തുള്ള കടകളില്‍ ക്രിക്കറ്റ് ബാറ്റ് കാണിച്ച് എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോള്‍ ഭൂരിഭാഗം പേരും വാ പൊളിച്ച് നിന്നത് ഓര്‍മ്മയുണ്ട്

    ശ്രീച്ചേട്ടാ...

    :)

    ബഷീര്‍ക്കാ...

    വളരെ ശരി, ക്രിക്കറ്റിനെ അറിയാത്തവരും സച്ചിനെ അറിയുന്നു.

    Dileep Mohan...
    സ്വാഗതം.
    അപ്പോള്‍ അത്തരം പരിപാടികള്‍ എല്ലാവരും ചെയ്തിരുന്നു അല്ലേ? :)

  10. drpmalankot said...

    Enikkariyunna little master
    Gavaskar aayirunnu.
    Pinneedu Sachin.
    Nalla kurippu.
    Aashamsakal.

  11. Bipin said...

    BCCI യോട് വഴക്കില്ല, സെലക്ടർമാരോട് വഴക്കില്ല, കോച്ചിനോട് വഴക്കില്ല,കൂട്ടുകാരോട്‌ വഴക്കില്ല, ക്യാപ്ടൻ ആക്കിയാലും വഴക്കില്ല, മാറ്റിയാലും വഴക്കില്ല.Thorough Gentleman. കളിയും റിക്കാർഡും മാത്രം മുന്നിൽ. പാർല മെൻറ് മെമ്പർ ആയി. ഭാരത രത്നയും കിട്ടി.

  12. തുമ്പി said...

    എല്ലാം ഓര്‍ക്കാന്‍ പറ്റിയ സമയം. കായികലോകത്ത് ഭാരതരത്നം കിട്ടിയ ആദ്യത്തെ ആള്‍ ചോദ്യം ഓര്‍ത്ത് വെച്ചോളൂ. കൊച്ച് ശ്രീ ഉത്തരം അറിയാതെ വിഷമിക്കാന്‍ ഇടവരരുത്.

  13. പിള്ളേച്ചന്‍‌ said...

    Sachin as person inside and outside cricket, no doubt, is a gentle man and role model for everyone around the world. Now, collegues and commentors and sachin himself is explaining abt his career in Star sports.

    However,I dont really agree with awarding Bharat Rathna award to him. There was some other deserving persons in sports field itself like Dhyan Chand.

    Need to wait for next move from Sachin.

  14. Muralee Mukundan , ബിലാത്തിപട്ടണം said...

    സച്ചിന്‍ എന്ന പ്രതിഭ മനസ്സില്‍ ചിര പ്രതിഷ്ഠ നേടുകയും ആ പേര് പോലും എന്റെ മാത്രമല്ല 100 കോടി ഇന്ത്യാക്കാരുടെ ഒരാവേശമായി മാറുകയും ചെയ്തത് ചരിത്രം.

  15. ബൈജു മണിയങ്കാല said...

    സച്ചിൻ മയം

  16. ഫൈസല്‍ ബാബു said...

    ചെറുതെങ്കിലും നല്ല ഒരു ഓര്‍മ്മ കുറിപ്പ് ശ്രീ .

  17. നളിനകുമാരി said...

    ക്രിക്കെറ്റ് കാണും എങ്കിലും ഫുട്ബാള്‍ ആയിരുന്നു പ്രിയം ഉറക്കം ഒഴിഞ്ഞു കണ്ടിരുന്നിട്ടുണ്ട് മറഡോണയുടെ ആദ്യത്തെ കളിയൊക്കെ.
    ഇപ്പോള്‍ ഒരു കളിക്കാരന്‍ മനസ്സില്‍ നിന്നും ഇറങ്ങുന്നില്ല. ഇറങ്ങുകയും വേണ്ട അവിടെ ഇരുന്നോട്ടെ. ഒരു തികഞ്ഞ gentleman അല്ലെ.പാവം നമ്മുടെ മാത്രം സച്ചിന്‍.

  18. അക്ഷരപകര്‍ച്ചകള്‍. said...

    എനിയ്ക്ക് കായിക വിനോദങ്ങളിൽ കമ്പമില്ല്യ ശ്രീ. എന്നാലും സച്ചിനെ ഇഷ്ടം. സ്വരം നല്ലതായിരിക്കെ ആലാപനം നിർത്താൻ സാധിച്ച നല്ല വ്യക്തിത്തത്തിന്റെ ഉടമ. ഓർമ്മക്കുറിപ്പ്‌ അസ്സലായി ട്ടോ

  19. സംഗീത് said...

    മാച്ച് ഉള്ള ദിവസങ്ങളില്‍ എത്രയോ തവണ സ്കൂളില്‍ പോകാതിരുന്നിട്ടുണ്ട്.... സച്ചിന്റെ കളി കാണാന്‍...

  20. പട്ടേപ്പാടം റാംജി said...

    ഓര്‍മ്മക്കുറിപ്പ്..

  21. പ്രവീണ്‍ ശേഖര്‍ said...

    സച്ചിന്‍ ..ഞാന്‍ വീണ്ടും ആ വിട വാങ്ങല്‍ പ്രസംഗം ഓര്‍ത്ത്‌ പോയി ..ഞാന്‍ വീണ്ടും സെന്റി ആയി ..