Thursday, November 18, 2010

ഒരു ശബരിമല യാത്ര

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ (വര്‍ഷം 1991) പഠിയ്ക്കുമ്പോഴായിരുന്നു എന്റെ ആദ്യത്തെ ശബരിമല യാത്ര. എന്നെ മലയ്ക്ക് കൊണ്ടു പോകാം എന്ന് അച്ഛനോ അമ്മയോ നേര്‍ച്ച നേര്‍ന്നിരുന്നു എന്നാണോര്‍മ്മ. മലയ്ക്ക് പോകണമെന്ന കാര്യം തീരുമാനിയ്ക്കുമ്പോള്‍ എനിയ്ക്ക് പ്രത്യേകിച്ച് എതിര്‍പ്പൊന്നും തോന്നിയില്ല. കുറച്ചൊരു ഉത്സാഹം തോന്നുകയും ചെയ്തു. അതു കൊണ്ടു തന്നെ യാതൊരു വിധ ഉപാധികളമില്ലാതെ ഞാനും സമ്മതിച്ചു. പക്ഷേ അതു കഴിഞ്ഞപ്പോഴാണ് അതൊരു നിസ്സാര കാര്യമല്ല എന്ന് ബോധ്യം വന്നത്. ദിവസവും അഞ്ചു മണിയോടെ എഴുന്നേല്‍ക്കണം, കുളിയ്ക്കണം. കൊച്ചു വെളുപ്പാന്‍ കാലത്തേ അടുത്തുള്ള എല്ലാ ക്ഷേത്രങ്ങളിലേയ്ക്കും പോകണം, അതു പോലെ വൈകുന്നേരവും. ഇതിനെല്ലാം പുറമേ വൃത്തിയും വെടിപ്പുമായി, ശുദ്ധമായി നടക്കണം. കണ്ണില്‍ കണ്ടിടത്തെല്ലാം പോയി കളിയ്ക്കാനോ കണ്ടതെല്ലാം വലിച്ചു വാരി തിന്നാനോ പാടില്ല.

അന്ന് എല്ലാ ദിവസങ്ങളിലും എന്നെ അതിരാവിലെ കുത്തിപ്പൊക്കി എഴുന്നേല്‍പ്പിയ്ക്കാന്‍ അച്ഛന്‍ കുറേ പാടു പെട്ടിട്ടുണ്ട്. അഞ്ചരയ്ക്ക് എഴുന്നേറ്റേ പറ്റൂ എന്ന അച്ഛന്റെ നിര്‍ബന്ധം ഞാന്‍ ഗത്യന്തരമില്ലാതെ സമ്മതിച്ചിരുന്നെങ്കിലും അതിനു തൊട്ടു മുമ്പ് വിളിച്ചാല്‍ പോലും ഇനിയും രണ്ടു മിനുട്ട് കൂടി ഉണ്ടല്ലോ എന്നും പറഞ്ഞ് ഞാന്‍ മടി പിടിച്ചു കിടക്കും. പിന്നെ, എഴുന്നേറ്റാലും ഉറക്കം തൂങ്ങി, തണുപ്പു കാരണം കുളിയ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന എന്റെ തലയില്‍ ആദ്യത്തെ കുടം വെള്ളം കമിഴ്ത്തുന്നതും മിക്കവാറും അച്ഛന്‍ തന്നെ ആയിരുന്നു. ഒന്നു നനഞ്ഞാല്‍ പിന്നെ കുളിച്ചു കയറാതെ നിവൃത്തിയില്ലല്ലോ. അങ്ങനെ കഷ്ടപ്പെട്ട് 41 ദിവസം നോമ്പും നോറ്റ് ഒരു വിധത്തില്‍ ആദ്യത്തെ ശബരിമല ദര്‍ശനം ഒരുവിധം അങ്ങു നടപ്പിലാക്കുകയായിരുന്നു എന്ന് പറയാം.

പക്ഷേ മുതിര്‍ന്ന ശേഷം അങ്ങനെയല്ല. സ്വന്തം ഇഷ്ടപ്രകാരമാണല്ലോ തീരുമാനങ്ങളെല്ലാമെടുക്കുന്നത്. അപ്പോള്‍
പണ്ട് കുഞ്ഞായിരിയ്ക്കുമ്പോള്‍ അച്ഛന്റെ കൂടെ കന്നിസ്വാമിയായി മല ചവിട്ടിയതു പോലെയുള്ള കഷ്ടപ്പാടുകള്‍ ഒന്നും കഷ്ടപ്പാടുകളായി തോന്നില്ലല്ലോ (മാത്രമല്ല, ഇപ്പോള്‍ കുറച്ചു നേരത്തേ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴാണ് അന്നത്തെ ദിവസം കൂടുതല്‍ ആസ്വാദ്യകരമായി തോന്നാറുള്ളത്.). മണ്ഡലമാസമാകുമ്പോഴേയ്ക്കും പോകാനുള്ള തീരുമാനം വീട്ടില്‍ പറയും. പ്രത്യേകിച്ച് തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അങ്ങു പോകും, അത്ര തന്നെ. ഇനി മലയ്ക്ക് പോകുന്നില്ലെങ്കില്‍ കൂടി മണ്ഡലമാസം മുഴുവന്‍ വ്രതമെടുക്കുകയെങ്കിലും ചെയ്യാറുണ്ട്. ഒരിയ്ക്കല്‍ തഞ്ചാവൂര്‍ പഠിയ്ക്കുന്ന കാലത്ത് സുഹൃത്തുക്കളോടൊപ്പം നോമ്പെടുത്ത് അവിടെയുള്ള ഒരു അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ പോയി മാലയിടുക വരെ ചെയ്തിട്ടുണ്ട്. കെട്ടു നിറച്ച് പോയത് വീട്ടില്‍ നിന്നാണെന്ന് മാത്രം.

നാലഞ്ചു വര്‍ഷം മുന്‍പ് ഒരു മണ്ഡല കാലം. ആയിടയ്ക്ക് തുടര്‍ച്ചയായിട്ടുള്ള വര്‍ഷങ്ങളില്‍ ഞാനും ജിബീഷേട്ടനും ശബരിമലയ്ക്ക് പോയിരുന്നു. കൂടെ മിക്കവാറും സുധിയപ്പനും കാണും. തുലാം മാസമാകുമ്പൊഴേ നോമ്പ് നോറ്റ് മാലയിടും. വൃശ്ചികം അവസാനിയ്ക്കും മുന്‍പ് പോയി വരും. അങ്ങനെ പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ലാതെ ഒരു ദിവസം വൈകുന്നേരത്തോടെ കെട്ടും നിറച്ച് വീട്ടില്‍ നിന്നിറങ്ങും. യാത്രയെല്ലാം KSRTC ബസ്സിലാണ്. അര്‍ദ്ധരാത്രിയോടെ പമ്പയിലെത്തും. അവിടെ കുളിച്ച് അപ്പോ തന്നെ മല കയറാന്‍ തുടങ്ങും. മിക്കവാറും നട തുറക്കുന്ന സമയമാകുമ്പോഴേയ്ക്കും ഞങ്ങള്‍ മലമുകളില്‍ സന്നിധാനത്ത് എത്തിയിട്ടുണ്ടാകും. ദര്‍ശനവും നെയ്യഭിഷേകവും മറ്റും കഴിഞ്ഞ് പ്രസാദവും വാങ്ങി, അവിടെ നിന്നും കിട്ടുന്ന നിവേദ്യച്ചോറും ഭക്ഷിച്ച് രാവിലെ തന്നെ മലയിറങ്ങും. അന്ന് രാത്രിയോടെ തിരികെ വീട്ടിലെത്തിച്ചേരും. ഇതാണ് പതിവ് അജണ്ട.

അങ്ങനെ ഒരു വര്‍ഷം പരിപാടികളെല്ലാം കഴിഞ്ഞ് പമ്പയില്‍ നിന്നും ഒരു കോട്ടയം KSRTC കിട്ടി. കോട്ടയം വരെ സുധിയപ്പനും ഞങ്ങള്‍ക്കൊപ്പമുണ്ട്. അവിടെ നിന്ന് അവന്‍ പിറവത്തേയ്ക്കും ഞാനും ജിബീഷേട്ടനും തൃശ്ശൂര്‍ക്കും ബസ്സ് കയറി. അത്യാവശ്യം തിരക്കുണ്ടായിരുന്നതിനാല്‍ ഇരിയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും രണ്ടിടത്തായിട്ടാണ് സീറ്റ് കിട്ടിയത്. ഞാനിരുന്ന സീറ്റില്‍ നിന്നും രണ്ടു സീറ്റ് പുറകിലാണ് ജിബീഷേട്ടന്‍ ഇരുന്നിരുന്നത്. ഇടയ്ക്കെപ്പോഴോ തിരിഞ്ഞു നോക്കുമ്പോള്‍ ആശാന്‍ കൂടെ യാത്ര ചെയ്യുന്ന, കാവി ജുബ്ബാ ധരിച്ച ഒരു സഹയാത്രികനുമായി കത്തി വയ്ക്കുന്നുണ്ടായിരുന്നു. പിന്നെയും രണ്ടു മൂന്നു തവണ നോക്കുമ്പോഴും രണ്ടു പേരും കാര്യമായ ചര്‍ച്ചയില്‍ തന്നെ മുഴുകിയിരിയ്ക്കുന്നതാണ് കണ്ടത്. അതിനിടയില്‍ ഇടയ്ക്കെപ്പോഴോ ഞാനൊന്ന് മയങ്ങിപ്പോയി.

പിന്നെ തിരിഞ്ഞു നോക്കുമ്പോള്‍ പുറകിലെ സീറ്റില്‍ ജിബീഷേട്ടന്‍ മാത്രമേ ഉള്ളൂ. കൂടെയിരുന്ന ജുബ്ബാക്കാരന്‍ എവിടെയോ ഇറങ്ങിക്കഴിഞ്ഞു. ജിബീഷേട്ടനാണെങ്കില്‍ മൂകനായി പുറത്തേയ്ക്കും നോക്കി ഇരിപ്പുണ്ട്. മുഖത്ത് നേരിയ ഒരു നിരാശ പോലെ. എന്തു പറ്റി എന്ന് ചോദ്യ രൂപേണ നോക്കിയപ്പോള്‍ 'ഒന്നുമില്ല, പിന്നെ പറയാം' എന്ന് ആംഗ്യ ഭാഷയിലൂടെ മറുപടി കിട്ടി. പിന്നെ ഞാനും ഒന്നും ചോദിച്ചില്ല. ആശാന്‍ ഇങ്ങനെ മൂഡ് ഓഫാകാന്‍ എന്താണ് കാരണമെന്നാലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയതുമില്ല.

എങ്കിലും അധികമാലോചിയ്ക്കാതെ ഞാനും അക്കാര്യം അങ്ങനെ വിട്ടു. ബസ്സ് അങ്കമാലി അടുത്തപ്പോഴേയ്ക്കും ഞാനിരുന്ന സീറ്റില്‍ ഒരു ഒഴിവ് വന്നതു കണ്ട് ഞാന്‍ വേഗം ജിബീഷ് ചേട്ടനെ അങ്ങോട്ട് ക്ഷണിച്ചു. മടിയൊന്നും കൂടാതെ ആശാന്‍ അവിടേയ്ക്ക് വന്ന് എന്റെ കൂടെ ഇരുന്നു. അപ്പോഴേയ്ക്കും മുഖത്ത് പഴയ ഉത്സാഹം തിരികെ കിട്ടിയിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പാടെ ചിരിയും തുടങ്ങി. കുറേ നേരത്തേയ്ക്ക് ഒന്നും പറയാതെ കക്ഷി ചിരിയോട് ചിരി തന്നെ. ഞാനാണെങ്കില്‍ കാര്യമറിയാതെ 'ബ്ലിങ്കസ്യാ' എന്നിരിയ്ക്കുകയാണ്. പിന്നെയും പിന്നെയും ചോദിച്ചപ്പോള്‍ ജിബീഷേട്ടന്‍ ചിരിച്ചു കൊണ്ടു തന്നെ കാര്യം വിവരിച്ചു.

കോട്ടയത്തു നിന്നും ബസ്സില്‍ കയറിയപ്പോള്‍ ജിബീഷ് ചേട്ടന്‍ പുറകിലെ സീറ്റിലാണ് ഇരുന്നത് എന്ന് പറഞ്ഞുവല്ലോ. കക്ഷിയുടെ കൂടെ ഒരു ജുബ്ബാക്കാരനും കയറിയിരുന്നു. യാത്ര തുടങ്ങി വൈകാതെ അയാള്‍ ജിബീഷ് ചേട്ടനോട് എവിടെ പോയി വരുന്നു എന്ന് അന്വേഷിച്ചുവത്രെ. ശബരിമല ദര്‍ശനം കഴിഞ്ഞു വരികയാണ് എന്ന് കേട്ടപ്പോള്‍ അയാള്‍ക്ക് കൂടുതല്‍ താല്പര്യമായി, ചേട്ടനോട് പേരും വീടുമെല്ലാം ചോദിച്ചു. യാതൊരു സന്ദേഹവും കൂടാതെ ആശാന്‍ മറുപടി പറഞ്ഞു ' എന്റെ പേര് അജയ്. വീട് ചാലക്കുടി'.


ഒരു പരിചയവുമില്ലാത്ത ഒരാളോട് സ്വന്തം പേര് പറഞ്ഞില്ലെങ്കില്‍ തന്നെ എന്തു വരാനാണ് എന്നായിരുന്നു ആശാന്‍ അപ്പോള്‍ ചിന്തിച്ചത്. മാത്രമല്ല, അയാളെ ഇനിയുമരാവര്‍ത്തി കാണാനുള്ള സാദ്ധ്യത പോലും വിരളമാണല്ലോ.
[അക്കാലത്ത് ജിബീഷ് ചേട്ടന്‍ ക്രിക്കറ്റ് താരം 'അജയ് ജഡേജ'യുടെ ഒരു കടുത്ത ആരാധകനായിരുന്നു. വീട്ടില്‍ സ്വന്തം മുറിയില്‍ ജഡേജയുടെ ചിത്രങ്ങള്‍ ഒട്ടിയ്ക്കുക, കോളേജ് പഠന കാലത്ത് നോട്ട് ബുക്കിനായി ജഡേജയുടെ പടമുള്ള പുസ്തകങ്ങള്‍ വാങ്ങുക അങ്ങനെ തുടങ്ങി, സ്വന്തം പുസ്തകങ്ങളില്‍ സ്വന്തം പേര് 'അജയ് ജിബീഷ്' എന്നു വരെ എഴുതി തുടങ്ങിയിരുന്നു. ഞങ്ങള്‍ മലയ്ക്ക് പോയ സമയമെല്ലാം ജിബീഷ് ചേട്ടന്‍ പഠനമെല്ലാം നിര്‍ത്തി സ്കൂള്‍ മാഷായും ട്യഷന്‍ മാഷായും വര്‍ക്ക് ചെയ്യുന്ന സമയമായിരുന്നു. ആ കാലമായപ്പോഴേയ്ക്കും ജഡേജ ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്തായെങ്കിലും ജിബീഷ് ചേട്ടന്റെ ആരാധനയ്ക്ക് കുറവുണ്ടായിരുന്നില്ല. അന്നും പുസ്തകങ്ങളില്‍ അജയ് ജിബീഷ് എന്ന് പേരെഴുതുന്ന സ്വഭാവവും ആശാന്‍ കൈവിട്ടിരുന്നില്ല. എന്തിന് അക്കാലത്തെല്ലാം ട്യൂഷന്‍ കുട്ടികള്‍ക്ക് ഒപ്പിട്ടു കൊടുക്കുന്നതു പോലും അജയ് എന്ന പേര് ചേര്‍ത്തിട്ടായിരുന്നു]

അങ്ങനെ ബസ്സില്‍ വച്ച് പരിചയപ്പെട്ട ആ അപരിചിതനുമായി ആശാന്‍ കുറേ സംസാരിച്ചു. ഇപ്പോള്‍ ശബരിമല എങ്ങനെ ഉണ്ട്, യാത്ര എങ്ങനെ ഉണ്ട്, അവിടുത്തെ സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെ, ഭക്ഷണം എങ്ങനെ എന്നു തുടങ്ങി അയാള്‍ ചോദിച്ചതിനെല്ലാം വിശദമായി മറുപടി പറയുകയും ചെയ്തു. അവസാനം അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ് ആയപ്പോള്‍ അയാള്‍ എഴുന്നേറ്റ് യാത്ര പറയും നേരം ജിബീഷ് ചേട്ടന് ഒരിയ്ക്കല്‍ കൂടി കൈ കൊടുത്തു കൊണ്ടു ഇങ്ങനെ പറഞ്ഞത്രെ. "ഓകെ, മിസ്റ്റര്‍ അജയ്. പരിചയപ്പെട്ടതില്‍ സന്തോഷം. ഇനി താങ്കള്‍ക്ക് ഒരു സര്‍പ്രൈസ് ന്യൂസ്... ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഒരു ലേഖകനാണ്. പേര് .... ഞാന്‍ ഈ മണ്ഡലകാലത്തെ ശബരിമലവിശേഷങ്ങളെയും യാത്രയെയും പറ്റി ഒരു ഫീച്ചര്‍ തയ്യാറാക്കുന്നുണ്ട്. അതില്‍ തീര്‍ച്ചയായും താങ്കളുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും താങ്കളുടെ പേരും വിവരങ്ങളും പരാമര്‍ശിയ്ക്കുന്നതായിരിയ്ക്കും
".

ഇത്രയും പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോയപ്പോഴാണ് പറ്റിയ അബദ്ധം ജിബീഷേട്ടന് ബോദ്ധ്യമായത്. യാതൊരു ചിലവുമില്ലാതെ നാലു പേര്‍ അറിയാവുന്ന രീതിയില്‍ ഒരു ഫീച്ചറില്‍ പേരും വിവരങ്ങളും വരേണ്ടിയിരുന്ന ഒരു അവസരം നിര്‍ദ്ദോഷകരമായ ഒരു കൊച്ചു കള്ളം മൂലം നഷ്ടപ്പെട്ടു പോയതിന്റെ ഫീലിങ്ങ്സായിരുന്നു കുറച്ചു നേരം മുന്‍പ് ഞാന്‍ ആ മുഖത്ത് കണ്ട മ്ലാനതയ്ക്കു കാരണം.


എന്തായാലും ആ ഒരു സംഭവം കൊണ്ടൊന്നും സ്വന്തം സ്വഭാവം മാറ്റാനൊന്നും ജിബീഷേട്ടന്‍ മിനക്കെട്ടില്ല കേട്ടോ. അന്നും ഇന്നും നിര്‍ദ്ദോഷകരമായ കള്ളങ്ങള്‍ പറയാനും അതുവഴി എന്തെങ്കിലും വേലകളൊപ്പിയ്ക്കാനും ആശാന് മടിയില്ല. ചിലപ്പോഴൊക്കെ ചക്കിനു വച്ചത് കൊക്കിനു കൊണ്ടതു പോലെ ആകാറുണ്ടെങ്കിലും അതു മൂലം ആസ്വാദ്യകരമായ ഒട്ടേറെ അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിയ്ക്കാന്‍ ഞങ്ങള്‍ക്കും അവസരം ലഭിയ്ക്കാറുണ്ട്.