Thursday, February 23, 2012

അങ്ങനെ ഒരവധിക്കാലത്ത്



കുട്ടിക്കാലത്ത് വാര്‍ഷിക പരീക്ഷയെല്ലാം കഴിഞ്ഞ് 2 മാസത്തെ അവധിക്കാലം എങ്ങനെയൊക്കെ അടിച്ചു പൊളിയ്ക്കാം എന്നുള്ളതിന്റെ ആലോചനകള്‍ ഫെബ്രുവരി മാസം തന്നെ  തുടങ്ങും. തൊട്ടടുത്ത മാസം നടക്കാന്‍ പോകുന്ന വാര്‍ഷിക പരീക്ഷയെ കുറിച്ച് ഒരിയ്ക്കലെങ്കിലും ടെന്‍ഷനടിച്ചിട്ടുള്ളതായി ഓര്‍മ്മയില്ല, പത്താം ക്ലാസ്സില്‍ പോലും. മറിച്ച് സ്കൂളടച്ചാല്‍ ആരൊക്കെ കളിയ്ക്കാന്‍ കാണും, എന്തൊക്കെ കളിയ്ക്കും  ഇങ്ങനെയൊക്കെയുള്ള ചിന്തകളായിരിയ്ക്കും മനസ്സില്‍.

പലപ്പോഴും അവധിക്കാലത്ത് കളിയ്ക്കാനുള്ള കളികളുടെ ലിസ്റ്റ് പോലും തയ്യാറാക്കി വച്ചിട്ടുണ്ട്... ഇനിയെങ്ങാനും ആ സമയത്ത് ഏതെങ്കിലും കളികള്‍ മറന്നു പോയാലോ... അവധിക്കാലത്ത് ബന്ധുവീടുകളില്‍ നില്‍ക്കാന്‍ പോകുമ്പോഴും നമ്മുടെ വീട്ടിലും അയല്‍പക്കങ്ങളിലുമൊക്കെ ബന്ധുക്കളും അവരുടെ കുട്ടികളുമൊക്കെ അവധിക്കാലമാഘോഷിയ്ക്കാന്‍ വരുമ്പോഴുമൊക്കെയായിരിയ്ക്കും പുതിയ പുതിയ കളികളൊക്കെ ചിലപ്പോള്‍ പഠിയ്ക്കാന്‍ കഴിയുന്നത്.

അങ്ങനെ പകര്‍ന്നുകിട്ടിയ പല കളികളുടെയും നേരിയ ഓര്‍മ്മകളേ ഇപ്പോഴുള്ളൂ... പലതും ഓര്‍മ്മയില്ല. ഇപ്പോഴത്തെ കാലത്തെ കുട്ടികള്‍ അത്തരം കളികളൊന്നും കളിയ്ക്കുന്നത് കാണാറുമില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും ടിവിയും ചാനലുകളും കമ്പ്യൂട്ടര്‍ ഗെയിമുകളുമൊക്കെ മതിയല്ലോ.

പക്ഷേ... അന്നൊക്കെ എത്രയൊക്കെ കണക്കു കൂട്ടലുകള്‍ നടത്തിയാലും അവധിക്കാലം ആദ്യത്തെ കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ വിരസമാകുകയാണ് പതിവ്. മിക്കവാറും വിഷു അടുക്കുന്നതോടെ അയല്‍പക്കങ്ങളിലെ കൂട്ടുകാരൊക്കെ അവരവരുടെ ബന്ധുവീടുകളിലേയ്ക്കും മറ്റുമായി പോയിക്കഴിഞ്ഞിരിയ്ക്കും. ഞങ്ങളാണെങ്കില്‍ അങ്ങനെ അമ്മ വീട്ടിലോ ബന്ധുവീടുകളിലോ പോയി നില്‍ക്കുന്നത് കുറവാണ്.

അയല്‍പക്കങ്ങളില്‍ നിന്ന് ജിബീഷേട്ടനും സുധീഷും സുജിത്തും മാത്രമാകും മിക്കവാറും അവധിക്കാലമായാല്‍ ഉണ്ടാകുക. പിന്നെ, ഞാനും ചേട്ടനും മാത്രമാകും വിഷുക്കാലമെല്ലാം കഴിഞ്ഞാല്‍. ഞങ്ങള്‍ രണ്ടാളും കൂടി എന്തു കളിയ്ക്കാനാണ് ? കുറച്ചു നാള്‍ കഴിയുമ്പോഴേയ്ക്കും ബോറടിയാകും. പിന്നെ ബന്ധുക്കളാരെങ്കിലുമൊക്കെ വരാന്‍ പ്രാര്‍ത്ഥിച്ച് കാത്തിരിപ്പായിരിയ്ക്കും. ബന്ധുക്കള്‍ ഒരുപാടുണ്ടെങ്കിലും അങ്ങനെ വന്ന് നില്‍ക്കാനൊന്നും അധികമാരുമുണ്ടാകാറില്ല. പിന്നെ, ആകെ സാധ്യതയുള്ളവര്‍ അമ്മായിയുടെ 3 മക്കളാണ്. (അതില്‍ നിതേഷ് ചേട്ടനെ പറ്റി മുന്‍പൊരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്).

അതു പോലെ ഒരു മധ്യവേനലവധിക്കാലം... ആദ്യ കുറച്ചു ദിവസങ്ങളിലെ അര്‍മ്മാദത്തിനു ശേഷം ഒരുമാതിരി എല്ലാവരും അവധിക്കാലം ആഘോഷിയ്ക്കാനായി പലയിടങ്ങളിലേയ്ക്കായി പോയിത്തുടങ്ങി. അങ്ങനെയിരിയ്ക്കെ, അവസാനം അമ്മായിയുടെ രണ്ടാമത്തെ മകനായ നിഷാന്ത് ചേട്ടന്‍ തറവാട്ടിലേയ്ക്ക് വന്നു. ഒരാഴ്ച അവിടെ നില്‍ക്കാമെന്ന പ്ലാനിലാണ് ചേട്ടന്‍ എന്നറിഞ്ഞപ്പോള്‍ ഞങ്ങളും ഹാപ്പിയായി.
കുറഞ്ഞത് ഒരാഴ്ചത്തേക്കെങ്കിലും കളിയ്ക്കാന്‍ ഒരു കൂട്ടായല്ലോ.

പിന്നെ, കുറച്ചു നാള്‍ നിഷാന്ത് ചേട്ടനും ഞങ്ങള്‍ക്കൊപ്പം കൂടി. എങ്കിലും അപ്പോഴും ഞങ്ങള്‍ 5 പേരേ കളിയ്ക്കാനുള്ളൂ. നിഷാന്ത് ചേട്ടനെ കൂടാതെ, ഞാനും ചേട്ടനും പിന്നെ അയല്‍പക്കത്തെ സുധീഷും സുജിത്തും. അതായത് 4 -5 പേര്‍ക്ക് കളിയ്ക്കാവുന്ന കളികളൊക്കെയേ കളിയ്ക്കാനാകൂ എന്നര്‍ത്ഥം. എവിടേലും അടങ്ങിയൊതുങ്ങി ഇരുന്നുള്ള കളികള്‍ മാറ്റി നിര്‍ത്തിയാല്‍ രസകരമായ കളികള്‍ അധികമൊന്നുമില്ലാത്ത അവസ്ഥ. (അത് നമുക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ. രാത്രിയോ നട്ടുച്ചയ്ക്കോ ഒഴികെ ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിയ്ക്കുന്ന കാര്യം അക്കാലത്ത് ആലോചിയ്ക്കാനേ വയ്യായിരുന്നു).അങ്ങനെയാണ് ഞങ്ങള്‍ ആ ഒരാഴ്ച 'മോതിരം' എന്ന കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ കളിയ്ക്കാണെങ്കില്‍ അധികം ആളുകള്‍ വേണമെന്നില്ല, മിനിമം 4 പേര്‍ ഉണ്ടായാല്‍ മതി. കൂടുതല്‍ എത്ര വേണമെങ്കിലും ആകാം.

അതായത് കളി ഇങ്ങനെ ആണ്. ആദ്യം ആകെയുള്ള ആളുകള്‍ രണ്ടു ടീമുകളായി തിരിയും (ടീം A, ടീം B എന്ന് കരുതുക). ഓരോ ടീമിനും ഓരോ ക്യാപ്റ്റനുണ്ടാകും. എന്നിട്ട് രണ്ടു ടീമുകളും ഒരു ഗ്രൌണ്ടിലോ തുറസ്സായ ഏതെങ്കിലും സ്ഥലത്തോ ഉദ്ദേശ്ശം 50-100 മീറ്റര്‍ അകലത്തില്‍ മുഖാമുഖമായി നിലയുറപ്പിയ്ക്കും. അടുത്തതായി ഓരോ ടീമുകളും അവര്‍ നില്‍ക്കുന്നിടത്തായി ഒരു Starting line വരയ്ക്കും. എന്നിട്ട്, ടീമംഗങ്ങളെല്ലാം ആ വരയില്‍ നിരന്ന് നില്‍ക്കും. ഇനി രണ്ടു ടീമിന്റെയും സമ്മതപ്രകാരം ഒരു മോതിരം തിരഞ്ഞെടുക്കും (ആ മോതിരം ഒരേയൊരെണ്ണമേ ഉണ്ടാകാന്‍ പാടുള്ളു. രണ്ടു ടീമിലുമായി മറ്റാരുടെയും കയ്യില്‍ അതേ പോലത്തെ മോതിരം ഉണ്ടാകരുത്). ഇരു ടീമുകളിലെയും അംഗങ്ങള്‍ അവരുടെ കൈകള്‍ പിറകിലേയ്ക്ക് പിടിച്ചിരിയ്ക്കും. എന്നിട്ട് ടോസ് നേടുന്ന ടീമിന്റെ (ഉദാ: ടീം A) ക്യാപ്റ്റന്‍ തന്റെ ടീമിലെ ഓരോ അംഗങ്ങളുടെയും പിറകിലൂടെ നടന്ന് പിറകിലേയ്ക്ക് പിടിച്ചിരിയ്ക്കുന്ന കൈകളില്‍ മോതിരം വയ്ക്കുന്നതായി ഭാവിയ്ക്കും. ഇതിനിടെ ആരുടെയെങ്കിലും കയ്യില്‍ ആ മോതിരം നിക്ഷേപിയ്ക്കും. അതല്ലെങ്കില്‍ അത് ക്യാപ്റ്റന് സ്വന്തം കയ്യില്‍ തന്നെ വയ്ക്കാം.  ആരുടെ കയ്യിലാണ് മോതിരം വയ്ക്കുന്നതെന്ന് എതിര്‍ ടീമിന് മനസ്സിലാക്കാന്‍ അവസരം കൊടുക്കാതെയാകും അത് ചെയ്യുക. അതിനു ശേഷം ക്യാപ്റ്റന്‍ മുമ്പോട്ട് വന്ന് എതിര്‍ ടീമിനോട് ചോദിയ്ക്കും "ആരുടെ കയ്യില്‍ മോതിരം?"

അടുത്തത് എതിര്‍ ടീമിന്റെ (ഉദാ: ടീം B) ഊഴമാണ്. അവരുടെ ക്യാപ്റ്റന്‍  ഒരു ഊഹം വച്ച് ഉത്തരം പറയണം. ആ ചോദ്യത്തിന് ശരിയായ ഉത്തരം പറഞ്ഞാല്‍ ആ മോതിരം രണ്ടാമത്തെ ക്യാപ്റ്റന് ലഭിയ്ക്കും. അപ്പോള്‍ ആദ്യം ചെയ്തതെല്ലാം ആ ടീമുകാര്‍ക്ക് ചെയ്യാം.  എന്നിട്ട് ചോദ്യം ചോദിയ്ക്കാം . മറിച്ച് ഉത്തരം തെറ്റാണെങ്കില്‍ ആദ്യത്തെ ടീമിനു തന്നെ ആദ്യ ജയം. അവര്‍ക്ക് തന്നെ വീണ്ടും ചോദ്യമാവര്‍ത്തിയ്ക്കാം. മാത്രമല്ല, ടീമംഗങ്ങളില്‍ ആരുടെ കയ്യിലാണോ മോതിരമുള്ളത് അയാള്‍ക്ക് അപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് ഒരു ചാട്ടം കൊണ്ട് എത്ര ദൂരത്ത് എത്താമോ അവിടെ കയറി നില്‍ക്കാം (ടീമംഗങ്ങള്‍ തൊട്ടുരുമ്മി നില്‍ക്കാന്‍ പാടില്ല, എതിര്‍ടീം പറയുന്ന ഉത്തരം ശരിയാണെങ്കില്‍ കയ്യിലുള്ള മോതിരം അടുത്തയാള്‍ക്ക് കൊടുക്കാന്‍ പാടില്ലല്ലോ). അങ്ങനെ ഇരു ടീമുകളും എതിര്‍ ടീമുകളുടെ നേരെ മുന്നേറിക്കൊണ്ടിരിയ്ക്കും. അവസാനം ഏതെങ്കിലും ഒരു ടീമിലെ ഒരാളെങ്കിലും എതിര്‍ ടീമിന്റെ starting line കടന്നാല്‍ ആ ടീം ജയിയ്ക്കും.

ഇതായിരുന്നു കളി. ചേട്ടനും നിഷാന്ത് ചേട്ടനും ഈ കളിയില്‍ ആദ്യം അല്പം താല്പര്യം തോന്നിയില്ലെങ്കിലും എന്റെയും സുധീഷിന്റെയും നിര്‍ബന്ധത്തില്‍ കളിയ്ക്കാന്‍ കൂടാമെന്ന് സമ്മതിച്ചു. പക്ഷേ, എപ്പോഴും ചേട്ടനും നിഷാന്ത് ചേട്ടനും തന്നെ ഒരു ടീമായി കളിയ്ക്കും. പകരം എതിര്‍ ടീമില്‍ ഞങ്ങള്‍ക്ക് 3 പേര്‍ക്ക് കളിയ്ക്കാം. കുട്ടികളായതിനാലും കളിയ്ക്കേണ്ടത് ഞങ്ങളുടെ ആവശ്യമായതിനാലും ഞങ്ങള്‍ എല്ലാ ഡിമാന്റുകളും അംഗീകരിച്ചു.

അന്ന്  ആകെയുള്ളത് ഞങ്ങള്‍ 5 പേര്‍. ആരുടെയും കയ്യില്‍ ഒരൊറ്റ മോതിരം പോലും എടുക്കാനില്ലാതിരുന്നതിനാല്‍ നിഷാന്ത് ചേട്ടന്‍ എവിടെയെല്ലാമോ തിരഞ്ഞ് ഒരു പ്രത്യേക തരം മാര്‍ബിള്‍ കഷ്നം പോലത്തെ തിളക്കമുള്ള ചെറിയ കല്ല് തപ്പിയെടുത്തു കൊണ്ടു വന്നു. അങ്ങനത്തെ കല്ല് അവിടെങ്ങും വേറെ കണ്ടിട്ടില്ലാത്തതിനാല്‍ മോതിരത്തിനു പകരം അതുപയോഗിയ്ക്കാന്‍ ഞങ്ങള്‍ തീരുമാനമായി.

അങ്ങനെ കളി തുടങ്ങി. കളി എല്ലാം രസമായിരുന്നു എങ്കിലും ആ ഒരാഴ്ച കളിച്ചിട്ട് ഒരൊറ്റ തവണ പോലും ഞങ്ങളുടെ ടീമിന് ജയിയ്ക്കാനായില്ല. എല്ലാ തവണയും ചേട്ടനും നിഷാന്ത് ചേട്ടനുമുള്ള ടീം തന്നെ ജയിയ്ക്കും. വല്ലപ്പോഴുമൊരിയ്ക്കലാകും മോതിരം (ആ കല്ല്) ഞങ്ങളുടെ ടീമിലെത്തുക. അത് തിരിച്ച് അവരുടെ ടീമിലെത്തിയാല്‍ തീര്‍ന്നു. പിന്നെ, ഞങ്ങള്‍ക്ക് ഒരു രക്ഷയുമുണ്ടാകില്ല. ഓരോ ദിവസവും 'ഇന്നെങ്കിലും ഒരു തവണ നമുക്ക് ജയിയ്ക്കണം' എന്ന വാശിയില്‍ ഞങ്ങള്‍ കളി തുടങ്ങും. പക്ഷേ, എല്ലാ ദിവസവും ഇതു തന്നെ അവസ്ഥ.

അവസാനം ഒരാഴ്ച കഴിഞ്ഞു, വെക്കേഷനെല്ലാം കഴിഞ്ഞ് നിഷാന്ത് ചേട്ടന്‍ തിരിച്ചു പോകേണ്ട ദിവസമായി. അന്ന് പോകും മുന്‍പ് അവസാന്മായി ഒരിയ്ക്കല്‍ കൂടി ഞങ്ങള്‍ മോതിരം കളിച്ചു. അന്നെങ്കിലും ഒന്ന് ജയിയ്ക്കണമെന്ന വാശി ഉണ്ടായിരുന്നിട്ടും കാര്യമുണ്ടായില്ല, അന്നും പതിവു പോലെ ഞങ്ങള്‍ തോറ്റു. ആ കളിയും തോറ്റ് നിരാശരായി നില്‍ക്കുമ്പോള്‍ ചേട്ടനും നിഷാന്ത് ചേട്ടനും  ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. എന്നിട്ട് പറഞ്ഞു "എല്ലാ കളിയിലും നിങ്ങള്‍ തോറ്റു പോയി എന്ന് കരുതി വിഷമിയ്ക്കുകയൊന്നും വേണ്ട കേട്ടോ. ഇതാ ഇതു കണ്ടോ?"

ഇതും പറഞ്ഞു കൊണ്ട് രണ്ടാളും ഒരുമിച്ച് അവരുടെ കൈകള്‍ നീട്ടിപ്പിടിച്ചു. അതാ, രണ്ടു പേരുടെ കയ്യിലുമിരിയ്ക്കുന്നു ആ തിളങ്ങുന്ന കല്ല്!! രണ്ടിനും ഏതാണ്ട് ഒരേ നിറം, വലുപ്പം. പെട്ടെന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ തന്നെ പ്രയാസം! അപ്പോള്‍ ഇതും വച്ചു കൊണ്ടാണ് അവര്‍ അത്രയും ദിവസം ഞങ്ങളെ കബളിപ്പിച്ച് എല്ലാ കളിയും ജയിച്ചത്... കല്ല തപ്പിയെടുത്തപ്പോള്‍ ഒരേ പോലത്തെ രണ്ടെണ്ണം കിട്ടിയ കാര്യം നിഷാന്ത് ചേട്ടന്‍ അപ്പോഴാണ് വെളിപ്പെടുത്തിയത്. ആ കല്ല് ഒരേയൊരെണ്ണമേ ഉള്ളൂ എന്ന് വിശ്വസിച്ച് കളിച്ച ഞങ്ങള്‍ പിന്നെങ്ങനെ ജയിയ്ക്കാനാണ്!

അവര്‍ തന്നെ നേരിട്ടു വന്ന് തുറന്നു പറഞ്ഞതു കൊണ്ടാണോ എന്നറിയില്ല, കള്ളത്തരം കാണിച്ചാണ് അവര്‍ എല്ലാ കളികളും ജയിച്ചതെന്നറിഞ്ഞപ്പോഴും ഞങ്ങള്‍ക്ക് അവരോട് ദേഷ്യമൊന്നും തോന്നിയില്ല.  മാത്രവുമല്ല, ഞങ്ങള്‍ക്കു വേണ്ടിയാണല്ലോ അവര്‍ കളിയ്ക്കാനെങ്കിലും തയ്യാറായത്.

ഇന്നിപ്പോള്‍ നാട്ടില്‍ വീണ്ടും പരീക്ഷാ കാലം. എന്തു കൊണ്ടോ പഴയ സ്കൂള്‍ കാലത്തെ ഓര്‍ത്തപ്പോള്‍ അന്നത്തെ അവധിക്കാലമാണ് പെട്ട്ന്ന് ഓര്‍മ്മയില്‍ വന്നത്. പക്ഷേ, ഇന്നത്തെ കുട്ടികള്‍ പഴയ കളികളൊക്കെ കളിയ്ക്കുന്നുണ്ടാകുമോ ആവോ. ഞങ്ങള്‍ "മോതിരം" എന്ന് പേരിട്ട് വിളിച്ചിരുന്ന ഈ കളി ഈയടുത്ത കാലത്തൊന്നും ഞങ്ങളുടെ നാട്ടിലെ കുട്ടികളാരും കളിയ്ക്കുന്നത് കണ്ടതായി ഓര്‍മ്മയില്ല.