Monday, November 2, 2009

ഒരു മലയാറ്റൂര്‍ മലകയറ്റം

ഞങ്ങളുടെ അയല്‍ക്കാരനായ ജിബീഷ് ചേട്ടനെ കുറിച്ച് ഇതിനു മുന്‍‌പും ഒന്നു രണ്ടു പോസ്റ്റുകളില്‍‌ ഞാന്‍ പരാമര്‍‌ശിച്ചിട്ടുള്ളതാണ്. എന്റെയും ചേട്ടന്റെയും വളരെ അടുത്ത സുഹൃത്താണ് കക്ഷി. ചേട്ടനും ജിബീഷ് ചേട്ടനും ചേര്‍ന്ന് നടത്തിയിരുന്ന ഹരിശ്രീ ട്യുഷന്‍ സെന്റര്‍‌ ഒരു കാലത്ത് (മൂന്നു വര്‍‌ഷം മുന്‍‌പ് വരെ) ഞങ്ങളുടെ നാട്ടിലെ കുട്ടികളുടെ SSLC വിജയ ശതമാനത്തില്‍‌ ഒരു നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.

നാലഞ്ചു വര്‍ഷം മുന്‍പുള്ള ഒരു മലയാറ്റൂര്‍ പള്ളി പെരുന്നാള്‍ കാലം. ജിബീഷ് ചേട്ടന്‍ രണ്ടു മൂന്നു തവണ സുഹൃത്തുക്കളുടെ കൂടെ മലയാറ്റൂര്‍ മല കയറിയിട്ടുണ്ട്. ആ വര്‍ഷവും ആശാന് പെരുന്നാളിന് പോകണം എന്ന് പ്ലാനുണ്ടായിരുന്നു. ആദ്യം ഞാനും ചേട്ടനും ജിബീഷേട്ടനും കൂടി പോകാനായിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം പോകാന്‍ നിശ്ചയിച്ച ദിവസം എനിയ്ക്കും ചേട്ടനും എന്തോ അസൌകര്യം കാരണം പ്ലാന്‍ മാറ്റേണ്ടി വന്നു. എന്നാല്‍ ജിബീഷ് ചേട്ടന് അന്ന് എങ്ങനെയെങ്കിലും പോയേ തീരൂ, ആരും കൂട്ടിനില്ലാതെ പോകാന്‍ ഒരു രസവുമുണ്ടാകില്ല താനും.

അപ്പോഴാണ് ഞങ്ങളുടെ കുഞ്ഞച്ഛന്റെ മകന്‍ കണ്ണന്‍ അവിടെ വന്നത്. അവനന്ന് പ്ലസ് റ്റു വിദ്യാര്‍‌ത്ഥിയും ജിബീഷേട്ടന്റെ ഒരു ശിഷ്യനും കൂടിയാണ്. മലയാറ്റൂര്‍ യാത്രയെ കുറിച്ച് അറിഞ്ഞപ്പോള്‍ അവനും പോയാല്‍ കൊള്ളാമെന്നൊരു ആഗ്രഹം. എന്നാല്‍ അവനെ സംബന്ധിച്ചിടത്തോളം മലയാറ്റൂര്‍ പള്ളിയുടെ പെരുമയോ ഭക്തിയോ ആയിരുന്നില്ല അങ്ങനെ ഒരു ആഗ്രഹം ജനിപ്പിച്ചത് എന്നു മാത്രം.

എന്തായാലും പോകാന്‍ തീരുമാനിച്ചു. എങ്കില്‍ പിന്നെ കൂട്ടിന് അവനായാലും മതി എന്ന് കരുതി ജിബീഷേട്ടന്‍ വേഗം സമ്മതിച്ചു. കണ്ണന്‍ വേഗം വീട്ടില്‍ പോയി പോകാനുള്ള അനുവാദവും വാങ്ങി തിരിച്ചു വന്നു. കുളിയും, ഷേവിങ്ങും ചെറിയൊരു മേയ്ക്കപ്പും കഴിഞ്ഞ് മുഖത്ത് ഒരു ചന്ദനക്കുറിയും തൊട്ട് മലയാറ്റൂര്‍ പള്ളിയില്‍ പോകാന്‍ തയ്യാറായി വന്നു നില്‍ക്കുന്ന അവനെ കണ്ട് ജിബീഷ് ചേട്ടന്‍ ഒരു നിമിഷം പകച്ചു നിന്നു.

താന്‍ അണിഞ്ഞൊരുങ്ങി വന്നിരിയ്ക്കുന്നത് കണ്ടിട്ടാണ് ജിബീഷ് ചേട്ടന്‍ സംശയിച്ച് നോക്കുന്നത് എന്ന് മനസ്സിലാക്കിയ കണ്ണന്‍ മുന്‍‌കൂര്‍ ജാമ്യം പോലെ പറഞ്ഞു “അല്ല ജിബീഷേട്ടാ, എന്തായാലും നാലു പേരു കാണുന്നതല്ലേ... മോശമാകണ്ട എന്ന് കരുതി”

എന്തായാലും ജിബീഷ് ചേട്ടന്‍ ഒന്നും പറഞ്ഞില്ല.അവനെ നോക്കി ഒന്ന് അമര്‍ത്തി മൂളുക മാത്രം ചെയ്തു. വൈകാതെ രണ്ടു പേരും കൂടെ യാത്രതിരിച്ചു.

അങ്ങനെ രണ്ടു പേരും മലയാറ്റൂര്‍ എത്തി, മല കയറാന്‍ തുടങ്ങി. കൂടെ മല കയറുന്നവരെ കണ്ടതോടെ വന്നത് ഏതായാലും നഷ്ടമായില്ല എന്ന് കണ്ണന് ബോദ്ധ്യമായി. അവന്‍ കൂടുതല്‍ ആവേശത്തോടെ കയറാന്‍ തുടങ്ങി. എന്നാല്‍ ജിബീഷ് ചേട്ടന്‍ അതിനു മുന്‍പും മല കയറിയിട്ടുണ്ടെങ്കിലും ഇത്തവണ അത്ര എളുപ്പമല്ലായിരുന്നു. മുന്‍‌പെല്ലാം കോളേജില്‍ പഠിച്ചിരുന്ന സമയത്തായിരുന്നതിനാല്‍ അന്ന് സാമാന്യം വണ്ണം കുറവായിരുന്നത് കൊണ്ട് അതത്ര പ്രശ്നമായില്ല. എന്നാല്‍ ഒരു അദ്ധ്യാപകന്‍ ആയ ശേഷം ജിബീഷ് ചേട്ടന്‍ സാമാന്യം വണ്ണം വച്ചിരുന്നതിനാല്‍ മലകയറ്റം വിചാരിച്ചതു പോലെ നിസ്സാരമായിരുന്നില്ല. കുറച്ചു ദൂരം കയറിയപ്പൊഴേയ്ക്കും ആളാകെ ക്ഷീണിച്ചു.

എങ്കിലും കഷ്ടപ്പെട്ട് ഒരു വിധത്തില്‍ രണ്ടാളും ഏതാണ്ട് മുകളില്‍ വരെ കയറിയെത്തി. അപ്പോഴേയ്ക്കും ജിബീഷേട്ടന് ഒരടി നടക്കാന്‍ വയ്യാത്ത സ്ഥിതി ആയിട്ടുണ്ടായിരുന്നു. കിതപ്പ് കാരണം തീരെ ശ്വാസമെടുക്കാന്‍ പോലും പറ്റാതെ കഷ്ടപ്പെട്ട് ആശാന്‍ അവിടെ ഒരു സ്ഥലത്ത് കുറച്ച് നേരം ഇരുന്നിട്ട് പോകാം എന്ന് കണ്ണനോട് ആംഗ്യം കാണിച്ചു.

അങ്ങനെ അവിടെ ഇരുന്ന് അണപ്പ് മാറ്റുമ്പോഴാണ് കണ്ണന്‍ ഒരു കാര്യം ശ്രദ്ധിച്ചത് അവര്‍ക്ക് പിന്നാലെ ഒരു വലിയ പറ്റം പെണ്‍‌കുട്ടികള്‍ മല കയറി വരുന്നു. അവന്‍ വേഗം പോക്കറ്റില്‍‌ നിന്നും ചീപ്പെടുത്ത് മുടി ചീകി, കര്‍ച്ചീഫെടുത്ത് വിയര്‍പ്പെല്ലാം തുടച്ച് ‘ഗ്ലാമറായി’ നിന്നു. ഇതൊന്നും ശ്രദ്ധിയ്ക്കാതെ കുനിഞ്ഞിരുന്ന് ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുകയായിരുന്നു ജിബീഷ് ചേട്ടന്‍ അപ്പോള്‍‌.

പെട്ടെന്നാണ് അവനൊരു സംശയം തോന്നിയത്. “ജിബീഷേട്ടാ... ജിബീഷേട്ടാ... ഒരു മിനിട്ട്! ഇങ്ങോട്ടൊന്നു നോക്കിയേ” അവര്‍ അടുത്തെത്താറായപ്പോഴേയ്ക്കും കണ്ണന്‍ ജിബീഷ് ചേട്ടനെ പതുക്കെ വിളിച്ചു.

കിതപ്പ് കാരണം ശ്വാസമെടുക്കാന്‍ പറ്റാതെ മരണപരാക്രമം കാണിച്ച് കണ്ണും തള്ളി, കഷ്ടപ്പെട്ടു കൊണ്ട് ജിബീഷ് ചേട്ടന്‍ എന്താണെന്ന ചോദ്യ ഭാവത്തില്‍ മുഖമുയര്‍‌ത്തി കണ്ണനെ നോക്കി.

ശബ്ദം താഴ്ത്തി അവന്‍ ജിബീഷ് ചേട്ടനോട് ചോദിച്ചു “ അത് പിന്നേയ്... ഒരു കാര്യം... എന്റെ മുഖത്തെ കുറി മാഞ്ഞോ എന്നൊരു സംശയം. ഒന്ന് നോക്കിയേ”

അതങ്ങ് ചോദിച്ചു കഴിഞ്ഞതും ജിബീഷേട്ടന്റെ മുഖം ചുവന്നു. ആ ശ്വാസം മുട്ടിനിടയിലും ആ മുഖത്ത് നവരസങ്ങള്‍ മാറി മാറി വന്നു. ദേഷ്യവും വിഷമവുമെല്ലാം കടിച്ചു പിടിച്ച് ജിബിഷേട്ടന്‍ മറുപടി പറഞ്ഞു. “ശ്വാസം വലിയ്ക്കാന്‍ പോലും പറ്റാതെ മനുഷ്യന്‍ ഇവിടെ ചാകാന്‍ പോകുമ്പോഴാ അവന്റെയൊരു കുറി! എനിയ്ക്കങ്ങ് എഴുന്നേറ്റ് വരാന്‍ പറ്റാത്തതു കൊണ്ടാ. അല്ലെങ്കില്‍ നിന്നെ ഞാന്‍... നീയാ ചെവി ഇങ്ങു കൊണ്ടു വാ... ഞാന്‍ പറഞ്ഞു തരാം കുറി മാഞ്ഞോ ഇല്ലയോ എന്ന്’

സത്യത്തില്‍‌ അപ്പോഴാണ് കണ്ണനും ജിബീഷേട്ടന്റെ അവസ്ഥ എന്താണെന്ന് ശ്രദ്ധിയ്ക്കുന്നതു തന്നെ. ജിബീഷേട്ടന്റെ വായിലിരിയ്ക്കുന്നത് ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ ചിരിയടക്കി അവന്‍ തല്‍ക്കാലം സ്ഥലം കാലിയാക്കി.

ആ സംഭവം വളരെ പെട്ടെന്ന് തന്നെ നാട്ടില്‍ ഫ്ലാഷ് ആയി. ഇപ്പോഴും അന്നത്തെ അവസ്ഥ വിവരിയ്ക്കുമ്പോള്‍ രണ്ടാളും ചിരി നിയന്ത്രിയ്ക്കാന്‍ വല്ലാതെ പാടുപെടാറുണ്ട്.

വാല്‍‌ക്കഷ്ണം:
അന്നത്തെ സംഭവത്തിനു പകരമായി തൊട്ടടുത്ത ദിവസം ട്യൂഷന്‍ ക്ലാസ്സില്‍ ജിബിഷ് ചേട്ടന്‍ കണ്ണനോട് പകരം വീട്ടുക തന്നെ ചെയ്തു കേട്ടോ. ഏത് ചോദ്യം എങ്ങനെ ചോദിച്ചാല്‍ സ്വന്തം ശിഷ്യന്‍ കുഴങ്ങും എന്ന് ഏതൊരു അദ്ധ്യാപകനും അറിയാമല്ലോ. ;) അതെന്തിനാണ് കിട്ടിയത് എന്ന് കണ്ണനും നല്ല നിശ്ചയവുമുണ്ട് എങ്കിലും എന്തു ചെയ്യാന്‍!