Tuesday, August 22, 2023

കലിക

 പുസ്തകം :  കലിക

രചയിതാവ് / എഡിറ്റർ : മോഹനചന്ദ്രൻ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  നാഗകൃഷ്ണ പബ്ലിക്കേഷൻസ്

പേജ് : 294

വില : 12

Rating: 4.5/5

പുസ്തക പരിചയം : 

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മാന്ത്രിക നോവൽ എന്ന് നിസ്സംശയം പറയാൻ കഴിയുന്ന ഒന്നാണ് ഏതാണ്ട് അമ്പതു വർഷങ്ങൾക്ക് മുൻപ് മോഹനചന്ദ്രന്റെ തൂലികയിൽ പിറന്ന കലിക എന്ന നോവൽ.

ഗ്രാമത്തിലെ തന്റെ മംഗലത്ത്  തറവാടിനെ (അച്ഛന്റെയും അമ്മയുടെയും ദുർ മരണങ്ങൾക്ക് ശേഷം) ഉപേക്ഷിച്ചു വർഷങ്ങൾക്ക് മുൻപ് മദ്രാസിലേയ്ക്ക് പാപ്പന്റെ ഒപ്പം പലായനം ചെയ്ത സദൻ പതിനേഴു വർഷങ്ങൾക്കിപ്പുറം ആത്മ സുഹൃത്തുക്കളായ ജോസഫ്, സഖറിയ, ജമാൽ എന്നിവർക്കൊപ്പം തന്റെ ഗ്രാമത്തിലെയ്ക്ക് തിരികെ വരുന്നതും തുടർ സംഭവങ്ങളും ആണ് നോവലിന്റെ ഇതിവൃത്തം.

അനാഥൻ എങ്കിലും വിദേശങ്ങളിൽ ജേർണലിസ്റ്റ് ആയി ജോലി നോക്കുന്ന സകലകലാവല്ലഭൻ ആയ ജോസഫ് (പൊടിമോൻ). ജന്മം കൊണ്ട് ഹിന്ദു എങ്കിലും അമ്മയുടെ മരണ ശേഷം ഒരു ഫാദറിന്റെ കാരുണ്യത്തിൽ അനാഥാലത്തിൽ തുടർന്ന് ജോസഫ് ആയി വളർന്നു... അടുത്തത് കൂട്ടത്തിലെ സുന്ദരൻ സഖറിയ (കറിയ). നസ്രാണിയാണെങ്കിലും മന്ത്രങ്ങളിലും ഹിന്ദുമതാചാരങ്ങളിലും പാവീണ്യം നേടിയ കറിയയുടെ മിടുക്കനായ മകൻ. അപ്പച്ചനെ പോലെ മകനും കുറെയൊക്കെ മന്ത്രവിധികൾ വശമുണ്ട്. ഒപ്പം മൂവരുടെയും ജേഷ്ഠ സ്ഥാനീയൻ ആയ ജമാൽ (ഇക്കാക്ക). കച്ചവട കണ്ണുള്ള ഒരു വ്യാപാരി ആണെന്നാലും സദനെയും സഖറിയയെയും ജോസഫിനെയും എറ്റവും അടുത്തറിയുന്ന ജേഷ്ഠനെ പോലെയാണ് ജമാൽ. ഒരപകടത്തിനു ശേഷം ശാരീരികമായും മാനസികമായും 'ചില പരിമിതി'കളാൽ  ഭക്ഷണം, പണം... എന്നീ ചിന്തകളിൽ മാത്രമായി ഒതുങ്ങി കഴിയുന്നു. 

സദനും കൂട്ടുകാരും അന്യ നാട്ടുകാരനായ രങ്കയ്യ എന്ന സ്വാമിയെയും കൂട്ടി നാട്ടിൽ എത്തുകയാണു. രങ്കയ്യ തറവാട്ടിന്റെ മുറ്റത്ത് നിന്ന് ആരോ ചെയ്ത ആഭിചാരത്തിന്റെ ആവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ചില പൂജകൾക്ക് ശേഷം എല്ലാവർക്കും രക്ഷ കെട്ടി കൊടുത്ത ശേഷം തിരിച്ചു പോകുകയും ചെയ്യുന്നു. ശേഷം  ഗ്രാമത്തിൽ തങ്ങുന്ന ഈ നാൽവർ സംഘത്തെ ആ ഗ്രാമത്തിൽ കാത്തിരിക്കുന്നത് പകയും,  പ്രതികാരവും, പ്രണയവും എന്തിന് മരണം പോലും ആണെന്ന് അവരപ്പോൾ  അറിയുന്നില്ല.  

ഒട്ടനവധി നിഗൂഢതകളുടെ അഴിയാക്കുരുക്കുകളിൽ പെട്ട് കിടക്കുന്ന മംഗലത്ത് തറവാടിന്റെ ശാപം കഴുകി കളഞ്ഞു   ശുദ്ധീകരിയ്ക്കുവാൻ ചില ശ്ലോകങ്ങളുടെയും മന്ത്രങ്ങളുടെയും സഹായം വേണ്ടി വരുമെന്ന് സഖറിയ മനസ്സിലാക്കുന്നു. അതിന്റെ ഭാഗമായി ചില സംസ്കൃത ശ്ലോകങ്ങളുടെ അർത്ഥം കൃത്യമായി അറിയുവാൻ അവർ നാട്ടിലെ വിദ്യാലയത്തിലെ സംസ്കൃതാദ്ധ്യാപികയായ കലിക ടീച്ചറെ സമീപിയ്ക്കുന്നു. 

പിന്നീട് കഥ മറ്റൊരു തലത്തിലെയ്ക്ക് കടക്കുകയാണ്.

കലിക ഒരു വെറും പെണ്ണല്ല എന്ന് അവർ തിരിച്ചറിയുമ്പോഴേയ്ക്കും കുറേ വൈകിപ്പൊയിരുന്നു.  അപൂർണ്ണമായ കാവും മംഗലത്ത് തറവാടും കലികയുമായിട്ടുള്ള ബന്ധം എന്ത്... ഇടയ്ക്ക് കേൾക്കുന്ന ഒരു കൊച്ചു പെൺ കുട്ടിയുടെ കരച്ചിലിന്റെ പുറകിലെ യാഥാർത്ഥ്യം എന്ത്... ദുഷ്ട പിശാചുക്കളെ എതിർത്തു തോൽപ്പിയ്ക്കാൻ ഈ നാൽ വർ സംഘത്തിനു കഴിയുമോ ?

വെറുമൊരു മാന്ത്രിക നോവൽ മാത്രമല്ല, അടിച്ചമർത്തപ്പെട്ട ഒരു പെണ്ണിന്റെ  പ്രതികാരത്തിന്റെ കഥ കൂടി ആണ് ഈ നോവൽ. സൗന്ദര്യവും ലഹരിയും ഭീതിയും രതിയും പകയും പ്രതികാരവും സമാസമം ഇതിലൂടെ നമുക്ക് കാണാം.

(1980 ല്‍ ബാലചന്ദ്രമേനോൻ   കലിക സിനിമയാക്കി. പക്ഷെ,   ഷീല നായികയായ ഈ ചിത്രത്തിനു നോവലുമായി കാര്യമായ ബന്ധം അവകാശപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല.)

ഈ മാറിയ കാലഘട്ടത്തിൽ പോലും ആവേശത്തോടെ വായിച്ചിരുന്നു പോകും ഈ നോവൽ.   ഒട്ടനവധി മാന്ത്രിക നോവലുകൾ പിന്നീട് ഇറങ്ങാൻ കലിക പ്രചോദനമായിട്ടുണ്ട്. ഇത് ഇറങ്ങിയതിനു ശേഷം മാത്രമാണ് പി വി തമ്പി യുടെ കൃഷ്ണ പരുന്ത് പോലും വരുന്നത്. 

- ശ്രീ

Wednesday, August 16, 2023

ദി ഡിവോഷൻ ഓഫ് സസ്പെകട് എക്സ്

 പുസ്തകം:  ദി ഡിവോഷൻ ഓഫ് സസ്പെകട് എക്സ്

രചയിതാവ് / എഡിറ്റർ : കീഗോ ഹിഗാഷിനോ

വിഭാഗം:  നോവൽ 

ഭാഷ: മലയാളം

പ്രസാധകർ: മഞ്ജുൾ  

പേജ്: 362

വില: 399

Rating: 4.5/5



പുസ്തക പരിചയം:


പ്രശസ്ത ജാപ്പനീസ് എഴുത്തുകാരനായ കെയ്ഗോ ഹിഗാഷിനോയുടെ ദി ഡിവോഷൻ ഓഫ് സസ്പെക്ട് എക്സ്   എന്ന പുസ്തകം ത്രില്ലറുകളിൽ ഒരുപാട് മുന്നിൽ നിൽക്കുന്ന ഒന്ന് തന്നെ എന്ന് നിസ്സംശയം പറയേണ്ടി വരും. ഒരിയ്ക്കലും ആരും പ്രതീക്ഷിയ്ക്കാത്ത ഒരു ട്വിസ്റ്റ് കഥയെ തികച്ചും വ്യത്യസ്തമാക്കുന്നു.അതറിയുമ്പോൾ വായനക്കാർ ശരിയ്ക്കും ഞെട്ടുക തന്നെ ചെയ്യും...


അബദ്ധത്തിൽ സംഭവിച്ചു പോകുന്ന ഒരു കൊലപാതകം... മരിച്ചയാൾ മരിയ്ക്കേണ്ടയാൾ തന്നെയാണെങ്കിലും കൊലപാതകം കുറ്റമല്ലാതാകുന്നില്ലല്ലോ.   പക്ഷെ അത് മറച്ച് വയ്ക്കാൻ സാധിച്ചാൽ ഒരു പാവം അമ്മയും മകളും ഒരു പക്ഷെ രക്ഷപ്പെട്ടാലൊ ? ആ കൊലപാതകം മറച്ചു വയ്ക്കാൻ ഒരു വ്യക്തി ശ്രമിച്ചാൽ അയാൾക്ക് അത് തെളിയിയ്ക്കപ്പെടാതിരിയ്ക്കാൻ അഥവാ അവർ ശിക്ഷിയ്ക്കപ്പെടാതിരിയ്ക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും ? അതെ സമയം അത് നടന്നെങ്കിൽ അതെങ്ങനെ ആയിരിയ്ക്കും എന്ന് തെളിയിയ്ക്കാൻ മറ്റൊരാൾ കൂടി രംഗത്തിറങ്ങിയാലോ? അതാണ് ദി ഡിവോഷൻ ഓഫ് സസ്പെക്ട് എക്സ് എന്ന നോവൽ. 


 യസൂക്കയും മകളായ മിസാറ്റോയും മാത്രം താമസിക്കുന്ന ഫ്ലാറ്റിലേക്ക് ശല്യക്കാരൻ ആയ മുൻ ഭർത്താവ് തൊഗാഷി അപ്രതീക്ഷിതമായി എത്തുന്നതും തുടർന്ന് അബദ്ധത്തിൽ നടക്കുന്ന ഒരു  കൊലപാതകം.  അത് അന്വേഷിക്കാനെത്തുന്ന കുസനഗി എന്ന പോലീസ് ഓഫീസർ... ഒറ്റ നോട്ടത്തിൽ ഒന്നിനും തെളിവില്ല. പക്ഷെ...!!!


യസൂക്കോയുടെ ഫ്ലാറ്റിന്റെ  തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന   പ്രൊഫസർ ഇഷിഗാമി ആ അമ്മയെയും മകളെയും സഹായിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ  മറുവശത്ത് കുസനഗിയോടൊപ്പം ചേരുന്നത് ഇഷിഗാമിയുടെ പഴയ സുഹൃത്ത് ആയ പ്രൊഫസർ യുകാവ ആണ്. കണക്ക് പ്രൊഫസർ ആയ ഇഷിഗാമിയുടെ ബുദ്ധിയും കൗശലവും ഊർജ തന്ത്ര അദ്ധ്യാപകൻ ആയ യുകാവയുടെ നിരീക്ഷണ പാടവവും തമ്മിലുള്ള മത്സരം ആണു വായനക്കാരെ ഹരം കൊള്ളിയ്ക്കുന്നത്. ഡിറ്റക്ടീവ് ഗലീലിയോ എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന, പോലീസിനെ പലപ്പോഴും സഹായിയ്ക്കാരുള്ള വ്യക്തി കൂടി ആണ് ഡോ. മനാബു യുകാവ എങ്കിൽ ഇതേ യുകാവ പോലും ബഹുമാനത്തോടെ കാണുന്ന വ്യക്തി ആണ് അദ്ദേഹത്തിന്റെ പഴയ സുഹൃത്ത് ഇഷിഗാമി. 


"ആർക്കും ഉത്തരം കണ്ടെത്താൻ  കഴിയാത്ത ഒരു സമസ്യ സൃഷ്ടിക്കുന്നതാണോ അതോ ആ സമസ്യയുടെ ഉത്തരം കണ്ടെത്തുന്നതാണോ  കൂടുതൽ ബുദ്ധിമുട്ട്?"


 രണ്ട് ദിവസം കൊണ്ട് 360 ൽ പരം പേജ് വരുന്ന ഈ പുസ്തകം മുഴുവൻ വായിച്ച് തീർത്തപ്പോൾ നല്ലോരു ഫീൽ ആയിരുന്നു. ഇഷിഗാമിയും യുകാവയും കുറേ കാലം മനസ്സിൽ ഉണ്ടാകുമെന്നുറപ്പ്.


- ശ്രീ

Wednesday, August 2, 2023

കലാലയ വര്‍ണ്ണങ്ങള്‍

ഇരുപത്തി നാലു വര്‍ഷങ്ങള്‍... അതെ, ഇരുപത്തി നാലു വര്‍ഷങ്ങള്‍ തികയുകയാണ്  പിറവത്തെ ബിപിസി എന്ന കലാലയത്തില്‍ ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസം തുടങ്ങിയിട്ട്. ബിരുദ പഠനത്തിനായി ചിലവിട്ട വെറും മൂന്നു വര്‍ഷങ്ങളേ അവിടെ പഠിച്ചുള്ളൂ എങ്കിലും ജീവിതത്തില്‍ ഏറ്റവുമധികം ആസ്വദിച്ച കാലമായിരുന്നു അത്. കോളേജ് ലൈഫ് ശരിയ്ക്ക് ആഘോഷിച്ചത് അവിടെ വച്ചായിരുന്നു.

1999 ല്‍ ഞങ്ങളുടെ ബാച്ച് ആരംഭിയ്ക്കുമ്പോള്‍ ബി പി സി കോളേജ് അതിന്റെ ബാല്യം പിന്നിട്ടിരുന്നില്ല. 1995 ല്‍ മാത്രം ആരംഭിച്ച ആ കൊച്ചു കോളേജ് സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. മുഴുവനായും പണി പൂര്‍ത്തിയാകാത്ത കെട്ടിടം. താഴെ ബസ് സ്റ്റോപ്പില്‍ നിന്നും മുകളില്‍ കോളേജിന്റെ മുറ്റം വരെ മെറ്റല്‍ വഴി. ഒരു ഗേറ്റോ മതിലോ ഇല്ല. ചുറ്റിനും റബ്ബര്‍ കാട്. ഇതായിരുന്നു അന്നത്തെ ബിപിസി. ഒരു തനി നാട്ടിന്‍ പുറമായിരുന്ന പിറവം എന്ന ഗ്രാമം ഒരു കോളേജിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ടുണ്ടായിരുന്ന നാളുകളായിരുന്നു അത്. റബ്ബര്‍ മരങ്ങള്‍ നിറഞ്ഞതാണെങ്കിലും സ്വച്ഛമായ ഒരു ഗ്രാമം. ശബ്ദങ്ങളോ ബഹളങ്ങളോ ഇല്ലാത്ത ചുറ്റുപാടുകള്‍. 'കന്നീറ്റുമല' എന്നറിയപ്പെട്ടിരുന്ന ചെറിയ ഒരു കുന്ന്. അതിന്റെ ഒത്ത മുകളില്‍ ഒറ്റയ്ക്ക് ഒരു കോളേജ്. അതായിരുന്നു ഞങ്ങളുടെ ബിപിസി.

ആകെ മൂന്ന് ബാച്ച് മാത്രം (BCA, BSc Electronics, BBA). എല്ലാത്തിലും കൂടി 500 ല്‍ താഴെ മാത്രം വിദ്യാര്‍ത്ഥികള്‍. ചെറുപ്പക്കാരായ, ചുറുചുറുക്കുള്ള അദ്ധ്യാപകര്‍.  കേവലം അദ്ധ്യാപകരും സഹപാഠികളും എന്നതിലുപരി ബിപിസി ഞങ്ങളുടെ കുടുംബമായിരുന്നു. ഒരു സൌഹൃദ കുടുംബം. ക്ലാസ്സെടുക്കുന്ന സമയങ്ങളില്‍ മാത്രം അദ്ധ്യാപകര്‍, അല്ലാത്തപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍. അതായിരുന്നു ബിപിസിയിലെ അദ്ധ്യാപകരുടെ നയം. ഞങ്ങളുടെ മൂന്നു വര്‍ഷത്തിനിടയ്ക്ക് ഒരിയ്ക്കല്‍ പോലും സമരമോ പഠിപ്പു മുടക്കോ ഉണ്ടായിട്ടില്ല എന്ന് പറയുമ്പോള്‍ തന്നെ ആ കലാലയാന്തരീക്ഷം എല്ലാവര്‍ക്കും ഊഹിയ്ക്കാവുന്നതേയുള്ളൂ. അതിന്റെ ആവശ്യം വന്നിട്ടില്ല എന്നതാണ് സത്യം. തിരഞ്ഞെടുപ്പുകാലങ്ങള്‍ പോലും തികച്ചും ശാന്തമായിരുന്നു.

അന്ന് കോളേജിനു സ്വന്തമായി ഒരു ബോയ്‌സ് ഹോസ്റ്റല്‍ ഉണ്ടായിരുന്നില്ല. എന്നെ പോലെ ദൂരദേശങ്ങളില്‍ നിന്നും വന്നിരുന്നവര്‍ കോളേജിനടുത്ത് കിട്ടിയിരുന്ന ഒഴിഞ്ഞ വീടുകളില്‍ വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു പതിവ്.  എന്നാല്‍ മറ്റൊരു നാട്ടിലാണ് എന്ന തോന്നല്‍ പോലും ഉണ്ടാകാത്തത്ര സൌഹാര്‍ദ്ദപരമായ അന്തരീക്ഷമായിരുന്നു അവിടെ. ആ നാട്ടിലെ ഒരാളെ എന്ന പോലെ നാട്ടുകാരും ഞങ്ങളെ സ്നേഹിച്ചു, പരിഗണിച്ചു. എല്ലാം കൊണ്ടും നല്ല ഓര്‍മ്മകള്‍ മാത്രം നിറഞ്ഞ മൂന്നു വര്‍ഷം.

ഇപ്പൊഴും ബി പി സി കോളേജിന്റെ ആ ഗ്രൌണ്ട് കാണുമ്പോള്‍ അല്ലെങ്കില്‍ അതെപ്പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ ഒരു അഭിമാനമാണ്... ഞങ്ങളുടെ പഠനകാലത്ത്, NSS ക്യാമ്പിന്റെ ഭാഗമായി കാടു വെട്ടിത്തെളിച്ച് ഗ്രൌണ്ട് നിര്‍മ്മാണത്തിന് തുടക്കമിട്ടത് ഞങ്ങളായിരുന്നു. കാടും പടലും വെട്ടിത്തെളിയ്ക്കുന്ന കൂട്ടത്തില്‍ നായ്‌ക്കുരണ ചെടികള്‍ തിങ്ങി നിന്നിരുന്ന ഒരു സ്ഥലമുണ്ടായിരുന്നു. അത് എന്താണെന്ന് മനസ്സിലാക്കിയപ്പോഴേയ്ക്കും ഞങ്ങള്‍ മൂന്നു നാലു പേര്‍ (ഞാനും സുധിയപ്പനും ജെയ്‌സണ്‍ ചേട്ടനുമെല്ലാം) അതു മുഴുവന്‍ വെട്ടി വെളുപ്പിയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. കാര്യം മനസ്സിലാക്കിയപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. ദേഹത്തെല്ലാം പൊടി വീണു കഴിഞ്ഞു. എങ്കിലും ഞങ്ങള്‍ പിന്മാറിയില്ല. എന്തായാലും ഞങ്ങളുടെ ദേഹത്ത് പൊടി പറ്റിക്കഴിഞ്ഞു. ഞങ്ങള്‍ ഉടനെ മറ്റെല്ലാവരേയും അവിടെ നിന്നും മാറ്റി. എന്നിട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ആ ഏരിയ മുഴുവന്‍ വെട്ടിവെളുപ്പിച്ചു. എന്നിട്ട് വെട്ടി മാറ്റിയ നായ്ക്കുരണ ചെടികള് എല്ലാം ദൂരെ കൊണ്ടു കളഞ്ഞ ശേഷമാണ് ഞങ്ങള്‍ പിന്മാറിയത്. (പിന്നെ അന്നത്തെ ദിവസം മുഴുവന്‍ ചൊറിച്ചിലായിരുന്നു. ഒന്നര മണിക്കൂര്‍ പൈപ്പിന്‍ ചുവട്ടില്‍ തന്നെ നിന്ന് കുളിച്ച ശേഷമാണ് ചെറിയൊരു ആശ്വാസം കിട്ടിയത്).

ഇന്ന് കോളേജിനു മുന്‍‌പില്‍ കാണുന്ന ഒട്ടു മിക്ക മരങ്ങളും ചെടികളും ഞങ്ങളുടെ കയ്യൊപ്പു പതിഞ്ഞവയാണ്. അന്നത്തെ പ്രിന്‍‌സിപ്പാള്‍ ആയിരുന്ന ബേബി എം  വര്‍ഗ്ഗീസ് സാറിനും  തുടര്‍ന്നു വന്ന കെ എം കുര്യാക്കോസ് സാറിനും വളരെ ഇഷ്ടമായിരുന്നു മരം വച്ചു പിടിപ്പിയ്ക്കുന്നത്. അവരുടെ നേതൃത്വത്തില്‍ ഞങ്ങള്‍ നട്ടു പിടിപ്പിച്ച മരങ്ങള്‍ മിക്കതും ഇന്നും അവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. വെറുതേ നടുക മാത്രമല്ല, ഞങ്ങള്‍ പോരുന്ന കാലം വരെ അവധി ദിവസങ്ങളിലെല്ലാം ഇടയ്ക്ക് കോളേജില്‍ പോയി ആ ചെടികളും മരങ്ങളുമെല്ലാം നനയ്ക്കാന്‍ ഞങ്ങള്‍ അക്കാലത്ത് സമയം കണ്ടെത്തിയിരുന്നു, കേട്ടോ. എല്ലാത്തിനും പിന്തുണയായി ബിജു സാറും ടിജി സാറും (NSS)  എന്നുമുണ്ടായിരുന്നു.

അതേ പോലെ ഒന്നാം സെമസ്റ്റര്‍ ക്ലാസ്സിലെ രണ്ടു സീലിങ്ങ് ഫാനുകള്‍ ഇന്നും ഞങ്ങളുടെ സ്വകാര്യ സന്തോഷമാണ്. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പിരിവിട്ട് വാങ്ങിയതായിരുന്നു അവ. അന്ന് അവ ഫിറ്റ് ചെയ്ത ദിവസം ഫിസിക്സ് വാദ്ധ്യാര്‍ ആയിരുന്ന സന്തോഷ് സാര്‍ ഞങ്ങളെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. “നിങ്ങള്‍ ഈ കോളേജില്‍ നിന്നും പോയാലും വര്‍ഷങ്ങളോളം നിങ്ങളുടെ ഓര്‍മ്മയ്ക്കായി ഇവ ഇവിടെയുണ്ടാകും”. അത് സത്യമാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു.

ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ എന്തെല്ലാം ഓര്‍മ്മകള്‍...

1999 ല്‍ ആദ്യമായി ആ കലാലയത്തിന്റെ പടിയ്ക്കല്‍ ബസ്സിറങ്ങി പകച്ചു നിന്നതും... ഇളകിക്കിടക്കുന്ന വലിയ മെറ്റല്‍ പാകിയ, ഇരു വശങ്ങളിലും റബ്ബര്‍ മരങ്ങള്‍ മാത്രം വളര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ കുറച്ച് ആയാസപ്പെട്ട് കോളേജ് സ്ഥിതി ചെയ്യുന്ന കന്നീറ്റുമല എന്നറീയപ്പെടുന്ന ആ കുന്നു കയറിയതും... മറ്റു വമ്പന്‍ കോളേജുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ താരതമ്യേന ചെറുതായ ആ കോളേജ് കെട്ടിടം കണ്ട് അതിശയിച്ചതും... അദ്ധ്യാപകരുള്‍പ്പെടെയുള്ള അന്നാട്ടുകാരുടെയും അതിനു തെക്കുള്ളവരുടെയും  പരിചിതമല്ലാത്ത ഭാഷ കേട്ട് അന്തം വിട്ടതും (അതേ പോലെ എന്റെ ചാലക്കുടി ഭാഷ കേട്ട് അവരും)... താമസിയ്ക്കാനായി ഒരു വീട് നോക്കി കുറേ ദൂരം അലഞ്ഞു നടന്നതും... വീട്ടുകാരെയും ബന്ധുക്കളെയും എല്ലാം വിട്ട് ആദ്യമായി മാറി താമസിച്ചതും... പതുക്കെ പതുക്കെ ആ നാടിനെയും നാട്ടുകാരെയും കോളേജിനെയും ആ ചുറ്റുപാടുകളെയും ഇഷ്ടപ്പെട്ടതും... പിന്നീടുള്ള 3 വര്‍ഷക്കാലം ജീവശ്വാസം പോലെ ഞങ്ങളുടെ ബി പി സി കോളേജിനെ സ്നേഹിച്ചതും... അവിടത്തെ ഓരോ ആഘോഷ ദിവസങ്ങളുടെയും തലേന്ന് ഉറക്കമിളച്ച്  കവല മുതല്‍ കോളേജിന്റെ മുറ്റം വരെ കുഴിയെടുത്ത്, പോസ്റ്റുകള്‍ നാട്ടി,  തോരണങ്ങള്‍ കെട്ടാറൂള്ളതും, കിഴക്കു വെള്ള കീറൂം വരെ കോളേജു മൊത്തം അലങ്കരിയ്ക്കാറുള്ളതും അതു കഴിഞ്ഞ് പിറ്റേ ദിവസം ആഘോഷപരിപാടികള്‍ അവസാനിയ്ക്കുമ്പോഴേയ്ക്കും ക്ഷീണം കാരണം ഉറക്കം തൂങ്ങി തളര്‍ന്ന് ഇരിയ്ക്കേണ്ടി വരാറുള്ളതും... അവിടുത്തെ അവസാന സെമസ്റ്റര്‍ കഴിയുന്നത്ര ആസ്വദിച്ച് അവിസ്മരണീയമായ ദിവസങ്ങളാക്കി മാറ്റിയതും... എല്ലാം... എല്ലാം ഇന്ന് സുഖമുള്ള ഓര്‍മ്മകള്‍!

ഇപ്പോള്‍ ഇരുപത്തി നാലു വര്‍ഷങ്ങള്‍ തികയുകയാണ്. ഇന്ന് ആ പഴയ നിലയില്‍ നിന്നും ഞങ്ങളുടെ ബിപിസി ഒട്ടേറെ വളര്‍ന്നു കഴിഞ്ഞു. രൂപവും ഭാവവും എല്ലാം മാറി. എങ്കിലും എത്രയൊക്കെ മാറിയാലും ഞങ്ങളുടെ മനസ്സില്‍ ബിപിസി എന്നും പഴയ ബിപിസി തന്നെ. വലിയ ടാര്‍ റോഡും നാലഞ്ചു നിലകളുള്ള വലിയ കെട്ടിടവും മതില്‍‌ക്കെട്ടും ഇരുമ്പു ഗേറ്റും വമ്പന്‍ ഗ്രൌണ്ടും ഒരുപാടു കോഴ്സുകളും എല്ലാമായി ബിപിസി വളര്‍ന്നു. പഴയ സഹപാഠികളില്‍ ഭൂരിഭാഗം പേരും ഈ കാലയളവിനുള്ളില്‍ കുടുംബസ്ഥരായിക്കഴിഞ്ഞു. നല്ലൊരു ശതമാനം പേരും ഇന്ന് നാട്ടിലില്ല. അടുത്ത സുഹൃത്തുക്കളെ അടിയ്ക്കടി കാണാറുണ്ടെങ്കിലും സോഷ്യൽ മീഡിയകളിലൂടെ ഉള്ള ചാറ്റും ഫോൺ സംഭാഷണങ്ങളിലും മാത്രമായി ബാക്കിയുള്ളവരുമായുള്ള ബന്ധം ചുരുങ്ങി.

എങ്കിലും, വര്‍ഷം എത്ര കഴിഞ്ഞാലും വേറെ എത്രയെത്ര സൌഹൃദങ്ങള്‍ ലഭിച്ചാലും ഞങ്ങള്‍ക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട കലാലയവും സൌഹൃദവും തന്ന ആ നാടും അവിടത്തെ ആ കലാലയവും എന്നും മനസ്സില്‍ ഒളി മങ്ങാതെ നിലനില്‍ക്കും എന്നുറപ്പാണ്. ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസത്തെ സ്മരിച്ചു കൊണ്ട്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തെ സ്മരിച്ചു കൊണ്ട്... ഈ പോസ്റ്റ് ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്കും അന്നത്തെ എല്ലാ സഹപാഠികള്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.