Wednesday, June 25, 2008

മറുനാട്ടില്‍ ഒരു ആക്സിഡന്റ്

തഞ്ചാവൂരിലെ പഠനകാലത്തിനിടയിലെ ഒരു ഞായറാഴ്ച. രാവിലെ തന്നെ കുളിയും അലക്കും മറ്റും കഴിഞ്ഞ് പാചകപരീക്ഷണങ്ങള്‍ക്കായി ഇന്ന് എന്ത് ഐറ്റം തിരഞ്ഞെടുക്കണം എന്ന കണ്‍‌ഫ്യൂഷനില്‍ അടുക്കളയിലായിരുന്നു ഞാന്‍. അപ്പോഴാണ് അപ്പുറത്ത് മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കേട്ടത്. സമയം ഏഴു മണി ആയിട്ടേയുള്ളൂ എന്നതിനാലും അന്ന് അവധി ദിവസം ആയതിനാലും എല്ലാവരും ഉണര്‍ന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ. മൊബൈല്‍ ആരും എടുക്കാന്‍ സാദ്ധ്യത ഇല്ലെന്നു മനസ്സിലാക്കി ഞാനങ്ങോട്ടു ചെന്നു.പ്രതീക്ഷിച്ച പോലെ തന്നെ ആരും സംഭവം അറിഞ്ഞിട്ടേയില്ല. ബിട്ടുവിന്റെ മൊബൈലാണ് കിടന്നു പാടുന്നത്.

ഞാന്‍ ചെന്ന് മൊബൈല്‍ കയ്യിലെടുത്തു. Mathan Calling

ശ്ശെടാ! തഞ്ചാവൂരുള്ള ഏതോ പള്ളിയില്‍ പോകണമെന്നും പറഞ്ഞ് ഇവനിപ്പോ ഇവിടെ നിന്നും ഇറങ്ങിയതേയുള്ളല്ലോ. എന്നും ഓര്‍ത്തു കൊണ്ട് ഞാന്‍ ഫോണെടുത്തു.

എന്ത് കോപ്പാടാ? എഴുന്നേറ്റില്ലേ ഇതു വരെ?

അങ്ങൊട്ട് ഒരു ഹലൊ പോലും പറയും മുന്‍പേ മത്തന്‍ ചോദിച്ചു. ഫോണെടുക്കാന്‍ വൈകിയതിന്റെ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ടാണ് അവന്‍ ചോദിച്ചത്. പോകുന്നത് പള്ളിയിലേയ്ക്കായതു കൊണ്ടാണ് വേറെ ഒന്നും പറയാതിരുന്നതെന്ന് മനസ്സിലായി.

എന്താടാ കാര്യം? അവന്മാരൊന്നും എഴുന്നേറ്റില്ല. നീയിപ്പോ ഇതെവിടെ നിന്നാ? ഇപ്പോ അങ്ങ് പോയതല്ലേയുള്ളു ഞാന്‍ ചോദിച്ചു.

ആഹാ, നീയായിരുന്നോ? അവന്മാരെഴുന്നേറ്റില്ലേ? എടാ ഒരു പ്രശ്നമുണ്ട്

അവനെപ്പോ വിളിച്ചാലും ആദ്യം പറയുന്നത് ഒരു പ്രശ്നമുണ്ട് എന്നാണല്ലോ എന്ന് ഞാനോര്‍ത്തെങ്കിലും പറഞ്ഞില്ല(വെറുതേയെന്തിനു രാവിലെ അവന്റെ വായിലിരിയ്ക്കുന്നതു കേള്‍ക്കണം?). എന്താണ് പ്രശ്നമെന്നു മാത്രം ചോദിച്ചു. മത്തന്‍ കാര്യങ്ങളെല്ലാം ചുരുക്കി പറഞ്ഞു ഫോണ്‍ വച്ചു. ഞാന്‍ വേഗം എല്ലാവരെയും വിളിച്ചെഴുന്നേല്‍പ്പിച്ചു. എന്നിട്ട് കാര്യം പറഞ്ഞു.

മത്തന്‍ പള്ളിയിലേയ്ക്ക് പോകും വഴി ബസ്സിലിരുന്ന് ഒരു കാഴ്ച കണ്ടത്രേ. ഞങ്ങള്‍ പഠിക്കുന്ന കോളേജിനടുത്തുള്ള വളവില്‍ ഒരു കേരളാ റജിസ്ട്രേഷന്‍ വണ്ടി മറിഞ്ഞു കിടക്കുന്നു. സംഭവം ഇപ്പോള്‍ നടന്നിട്ടേയുള്ളൂ. എന്തായാലും ആരും സഹായത്തിനായി വണ്ടികളൊന്നും നിറുത്തുന്നില്ല. മത്തന്‍ കയറിയ ബസ്സും നിറുത്തിയില്ല. ഞങ്ങള്‍ വേഗം അങ്ങോട്ട് ചെല്ലണം. ഞങ്ങളെക്കൊണ്ട് പറ്റുന്ന രീതിയില്‍ അവരെ സഹായിയ്ക്കണം. അതാണ് കാര്യം. അവനും പള്ളിയില്‍ പോയിട്ട് വേഗം തിരിച്ചെത്താമെന്നും പറഞ്ഞു.

അവന്‍ ബസ്സിലിരുന്ന് കണ്ട കാര്യം ഉടനേ വിളിച്ചു പറഞ്ഞതു ഭാഗ്യമായി. ഒന്നുമില്ലെങ്കിലും മലയാളികളല്ലേ. നാട്ടുകാരുടെ സ്വഭാവമനുസരിച്ച് ആരും സഹായിയ്ക്കാനൊന്നുമിടയില്ല. സമയ കളയാതെ ഞാനും സുധിയപ്പനും നേരെ അങ്ങോട്ട് വച്ചു പിടിച്ചു. വൈകാതെ ഞങ്ങള്‍ അവിടെ എത്തി. ഒരു ചുവന്ന ക്വാളിസ് ആണ് അപകടം സംഭവിച്ച വാഹനം. അതാണെങ്കില്‍ തലകീഴായി മറിഞ്ഞു കിടക്കുകയാണ്. തൊട്ടടുത്തുണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചാണ് അപകടം നടന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. കാരണം ആ വലിയ ട്രാന്‍സ്ഫോര്‍മര്‍ കാറിനടുത്തായി മറിഞ്ഞു കിടപ്പുണ്ട്. അത് ഉറപ്പിച്ചിരുന്ന വലിയ നാലു ഇരുമ്പു തൂണുകളില്‍ രണ്ടെണ്ണം ഒടിഞ്ഞു മടങ്ങി കാറിനു മുകളിലുണ്ട്. ഒരെണ്ണം ഭാഗികമായി തകര്‍ന്നു കിടക്കുന്നു. ഒരെണ്ണം മാത്രമേ അതുറപ്പിച്ചിരുന്ന കുറച്ച് സിമന്റുമായി യഥാസ്ഥാനത്ത് നില്‍പ്പുള്ളൂ. കറന്റ് കമ്പികള്‍ ചിലന്തി വല പൊലെ കെട്ടു പിണര്‍ന്ന് പൊട്ടി വാഹനത്തിന്റെ പല ഭാഗങ്ങള്‍ പൊളിച്ച് കടന്നു പോയിട്ടുമുണ്ട്. ഒറ്റനോട്ടം കൊണ്ട് തന്നെ ഇടിയുടെ ആ‍ഘാതം എത്രത്തോളമായിരിയ്ക്കുമെന്ന് ഊഹിയ്ക്കാവുന്നതേയുള്ളൂ.

ഞങ്ങള്‍ അപകട സ്ഥലത്ത് ചെന്നപ്പോഴും ആരും അവിടെ സഹായത്തിനില്ല. ആ റോഡില്‍ കൂടി പോകുന്ന വണ്ടിക്കാര്‍ പോലും അങ്ങോട്ട് നോക്കുന്നുണ്ടെന്നതല്ലാതെ ഒന്നു നിറുത്തുന്നു പോലുമില്ല. അടുത്തെങ്ങും വീടുകളുമില്ല. ആ വണ്ടിയിലുണ്ടായിരുന്നവരെല്ലാം അപ്പോഴേയ്ക്കും എങ്ങനെയൊക്കെയൊ പുറത്തിറങ്ങി വണ്ടിയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ചിലര്‍ താഴെ ഇരിയ്ക്കുന്നു. അതു കണ്ടപ്പോഴേ ആശ്വാസമായി. ഭാഗ്യത്തിന് പ്രതീക്ഷിച്ചത്ര അപകടമൊന്നും ആര്‍ക്കും പറ്റിയിരുന്നില്ല. മിക്കവര്‍ക്കും കയ്യിലും കാലിലും ദേഹത്തുമൊക്കെയായി കുറേ രക്തം പോയിട്ടുണ്ട്. വാഹനത്തിനുള്ളിലും പരിസരത്തും രക്തം തളം കെട്ടി കിടക്കുന്നു. ഒരാള്‍ മാത്രം യാതൊരു പരിക്കുമില്ലാതെ നില്‍ക്കുന്നുണ്ട്. അയാളാണെങ്കില്‍ എന്തു ചെയ്യണമെന്നറിയാന്‍ വയ്യാതെ നില്‍ക്കുന്നതു പോലെ.

ഞങ്ങള്‍ നേരെ അടുത്തു ചെന്ന് അയാളോട് എന്താണ് പറ്റിയതെന്ന് അന്വേഷിച്ചപ്പോഴാണ് മനസ്സിലാകുന്നത് അത് ആ വണ്ടിയുടെ ഡ്രൈവറാണെന്ന്‍. അയാള്‍ പറഞ്ഞതു കേട്ട് അതിശയം തോന്നി. (കാരണം അയാള്‍ക്കൊരു പോറലു പോലും പറ്റിയതായി തോന്നുന്നില്ല. ആ വണ്ടിയുടെ അവസ്ഥ കണ്ടാല്‍ ഡ്രൈവര്‍ ബാക്കി കാണുമെന്ന് അരും വിശ്വസിയ്ക്കില്ല). ഞങ്ങളും മലയാളികളാണെന്നറിഞ്ഞപ്പോള്‍ അയാള്‍ക്കും വലിയ ആശ്വാസമായതു പോലെ തോന്നി.

അപ്പോഴേയ്ക്കും മാഷും ബിട്ടുവും ബിമ്പുവും ജോബിയും പിള്ളേച്ചനും സ്ഥലത്തെത്തി.

ഞങ്ങള്‍ ഡ്രൈവറോട് വിവരങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കിയിരുന്നു. തൃശ്ശൂര്‍ മണ്ണൂത്തി അടുത്തു നിന്നുമുള്ള ഒരു ഫാമിലി ആണ്. വേളാങ്കണ്ണിയ്ക്ക് പോകുന്ന വഴിയാണ്. സാമാന്യം വേഗത്തിലായിരുന്നു പോയ്ക്കൊണ്ടിരുന്നത്. ദീര്‍ഘയാത്രയുടെ ക്ഷീണം കാരണമാകാം ഇടയ്ക്കെപ്പോഴോ ഡ്രൈവറും അബദ്ധത്തില്‍ ഒരു നിമിഷം ഒന്നു മയങ്ങിപ്പോയി. ആ നേരത്ത് വണ്ടി പാളുകയും നിയന്ത്രണം വിട്ട് റോഡരുകിലെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിയ്ക്കുകയുമായിരുന്നു.

എന്തായാലും ഭാഗ്യത്തിന് അധികം ആപത്തൊന്നും സംഭവിച്ചില്ല. മാത്രമല്ല, ഇടിച്ചയുടന്‍ ആ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിയ്ക്കപ്പെടുകയും ചെയ്തതിനാല്‍ വലിയൊരു അപകടവും ഒഴിവായി. എങ്കിലും താനൊഴികെ മറ്റെല്ലാവര്‍ക്കും പരിക്കു പറ്റിയ വിഷമമായിരുന്നു ആ പാവം ഡ്രൈവറെ കൂടുതല്‍ വിഷമിപ്പിയ്ക്കുന്നതെന്നു മനസ്സിലായി.

കാര്യമായ അപകടമൊന്നും ആര്‍ക്കും പറ്റിയിരുന്നില്ലെങ്കിലും ആര്‍ക്കും നടക്കാനാകുമായിരുന്നില്ല. കയ്യിനോ കാലിനോ ഒടിവോ ചതവോ ഉണ്ടോയെന്നും സംശയമുണ്ടായിരുന്നു. ഞങ്ങള്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുന്നതിനിടയില്‍ തന്നെ അയാള്‍ റോഡിലൂടെ പോകുന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു. അടുത്തുള്ള ഹോസ്പിറ്റലില്‍ പോകണമെന്ന് പറഞ്ഞു. 100 രൂപ തന്നാല്‍ കൊണ്ടു പോകാമെന്ന് ഓട്ടോഡ്രൈവര്‍ പറഞ്ഞതു കേട്ട് ഞങ്ങള്‍ ഞെട്ടി. രണ്ടു മൂന്ന് സ്റ്റോപ്പ് അപ്പുറത്താണ് ഹോസ്പിറ്റല്‍. അവിടെ പോകാന്‍ 100 രൂപയോ? (നമ്മുടെ മലയാളികള്‍ മാത്രമല്ല സാഹചര്യം മുതലെടുക്കുന്നവര്‍ എന്ന് അപ്പോ മനസ്സിലായി) ഞങ്ങള്‍ അവിടെ താമസിയ്ക്കുന്നവരാണെന്നും ഹോസ്പിറ്റല്‍ അടുത്താണെന്ന കാര്യം ഞങ്ങള്‍ക്കറിയാം എന്നൊക്കെ പറഞ്ഞിട്ടും അയാള്‍ പൈസ കുറയ്ക്കാന്‍ തയ്യാറായില്ല.

അപ്പോളാണ് അതിലൂടെ ഒരു ഷെയര്‍ ഓട്ടോ* പോകുന്നത് സുധിയപ്പന്‍ ശ്രദ്ധിച്ചത്. അവന്‍ വേഗം ഓടിച്ചെന്ന് അതു നിറുത്തിച്ചു. എന്നിട്ട് കാര്യമായ പരിക്കുകളുള്ള അഞ്ചു പേരെയും അതില്‍ കയറ്റി. എന്നിട്ട് സുധിയും ജോബിയും അവരുടെ കൂടെ ആശുപത്രിയിലേയ്ക്ക് പോകാന്‍ തയ്യാറുമായി. കുറച്ചു കഴിയുമ്പോഴേയ്ക്കും അത്യാവശ്യം വേണ്ട പണവും വസ്ത്രങ്ങളും ഭക്ഷണവും സംഘടിപ്പിച്ച് ഞങ്ങളും ആശുപത്രിയിലേയ്ക്ക് എത്തിക്കൊള്ളാമെന്ന് പറഞ്ഞ് അവരെ അതില്‍ കയറ്റി വിട്ടു. (100 രൂപ ചിലവാകേണ്ടിയിടത്ത് യാത്രാ ചിലവ് വെറും 15 രൂപ)

ഡ്രൈവറുള്‍പ്പെടെ കാര്യമായ പരിക്കുകളില്ലാത്ത ബാക്കി മൂന്നു പേരെയും കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ റൂമിലേയ്ക്കു പോയി. ആ സമയം മുഴുവനും മാഷ് അവരോട് സംസാരിച്ച് സമാധാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. ഞാനും ബിട്ടുവും അടുത്തുള്ള അക്കയുടെ മെസ്സില്‍ പോയി ഏതാണ്ട് അമ്പത് ഇഡ്ഢലിയും അതിനുള്ള സാമ്പാറും ചമ്മന്തിയും ചട്നിയുമെല്ലാം വാങ്ങി കൊണ്ടു വന്നു.രാവിലെ ബാക്കി വന്ന പാലു കൊണ്ട് അവര്‍ക്ക് ചായയുണ്ടാക്കി കൊടുത്ത് ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിച്ചപ്പോഴേയ്ക്കും പിള്ളേച്ചന്‍ അവര്‍ക്ക് കുളിയ്ക്കാന്‍ വെള്ളം ചൂടാക്കി കഴിഞ്ഞിരുന്നു.

ഭക്ഷണവും കഴിച്ച് ഒന്നു കുളിയ്ക്കുക കൂടി ചെയ്തപ്പോള്‍ അവര്‍ക്കും ഒരാശ്വാസമായി. തുടര്‍ന്ന് അവരെ അവിടെ വിശ്രമിയ്ക്കാന്‍ വിട്ട് അത്യാവശ്യം ഒന്നു രണ്ട് കൈലിയും തോര്‍ത്തുമുണ്ടും ഞങ്ങളുടെ എല്ലാവരുടെയും കയ്യിലുണ്ടായിരുന്ന കുറച്ചു പണവും എടുത്ത് ആശുപത്രിയില്‍ കിടക്കുന്നവര്‍ക്കു ഭക്ഷണവുമായി ഞാനും ബിട്ടുവും ബിമ്പുവും ആശുപത്രിയിലേയ്ക്ക് പോയി. മാഷും പിള്ളേച്ചനും റൂമില്‍ തന്നെ ബാക്കിയുള്ളവര്‍ക്കു കൂട്ടിരുന്നു.

ഞങ്ങള്‍ ആശുപത്രിയില്‍ ചെന്നപ്പോഴേയ്ക്കും അവരുടെ പരിശോധനകളെല്ലാം കഴിഞ്ഞിരുന്നു. കൂട്ടത്തില്‍ ഏറ്റവും പ്രായമുണ്ടായിരുന്ന ആള്‍ക്കു മാത്രം നടുവിനു കാര്യമായ എന്തോ തകരാറു പറ്റിയിരുന്നു. പിന്നെ ഒരാളുടെ കൈയ്ക്കും ഒരാളുടെ കാലിനും ഒടിവുണ്ട്. ബാക്കിയുള്ളവര്‍ക്കു ചില്ലറ പൊട്ടലും ചതവുമൊക്കെയേയുള്ളൂ.

അവര്‍ക്കുള്ള ഭക്ഷണവും മറ്റും ഏല്‍പ്പിച്ച് ഞങ്ങള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഹോസ്പിറ്റലില്‍ നിന്നു. ഉച്ചയ്ക്കു ശേഷം മത്തനും ഹോസ്പിറ്റലില്‍ എത്തി. രാത്രി അവര്‍ക്ക് അത്യാവശ്യം വേണ്ട ഭക്ഷണംമല്ലാം വാങ്ങി കൊടുത്ത് ഞങ്ങളും റൂമിലേയ്ക്ക് തിരിച്ചു വന്നു. ഞങ്ങള്‍ തിരികെ റൂമിലെത്തുമ്പോഴേയ്ക്കും സമയം രാത്രി ആയിരുന്നു. അപ്പോഴേയ്ക്കും ഞങ്ങളുടെ ബെഡ്‌റൂമില്‍ കിടന്ന് അവര്‍ മുന്നു പേരും നല്ല ഉറക്കമായി കഴിഞ്ഞിരുന്നു. ഒരു ആക്സീഡന്റു കഴിഞ്ഞ് കിടക്കുകയല്ലേ, നല്ല ക്ഷീണം കാണുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നതിനാല്‍ അവരെ ഉണര്‍ത്താതെ ഞങ്ങള്‍ അടുത്ത മുറിയില്‍ അഡ്ജസ്റ്റു ചെയ്തു കിടന്നു.

അടുത്ത ദിവസം തിങ്കളാഴ്ച ആയതു കൊണ്ട് ഞങ്ങള്‍ക്ക് കോളേജില്‍ പോകേണ്ടതുണ്ടായിരുന്നു. എങ്കിലും അവര്‍ക്ക് ഹോസ്പിറ്റലില്‍ ഒരു സഹായം വേണ്ടി വന്നാലോ എന്നു കരുതി സുധിയപ്പനും മത്തനും അന്ന് ലീവെടുത്ത് ഹോസ്പിറ്റലില്‍ അവരുടെ കൂടെ നിന്നു. അന്ന് വൈകുന്നേരം ഞങ്ങള്‍ കോളേജില്‍ നിന്നും വന്നപ്പോഴേയ്ക്കും എല്ലാവരെയും ഡിസ്‌ചാര്‍ജ് ചെയ്ത് റൂമിലേയ്ക്ക് കൊണ്ടു വന്നിരുന്നു. അതിനുള്ളില്‍ ബാക്കിയുള്ളവര്‍ സംഭവങ്ങളെല്ലാം നാട്ടിലേയ്ക്ക് വിളിച്ചറിയിച്ചിരുന്നു.

അതിനടുത്ത ദിവസം നാട്ടില്‍ നിന്ന് അവരെ കൊണ്ടു പോകാനായി വണ്ടി എത്തി. ഞങ്ങളോടെല്ലാം നന്ദി പറഞ്ഞ് വൈകാതെ ഒന്നു കൂടി കാണാമെന്ന് പറഞ്ഞ് അവര്‍ യാത്രയായി. (ആക്സിഡന്റ് കേസ് പോലീസ് ചാര്‍ജ് ചെയ്തിരുന്നതിനാല്‍ അതു ഒത്തു തീര്‍പ്പാക്കാന്‍ ഒരിയ്ക്കല്‍ കൂടി അവര്‍ക്ക് വരേണ്ടതുണ്ടായിരുന്നു)

അടുത്തയാഴ്ച അവരില്‍ ഒന്നു രണ്ടു പേര്‍ വക്കീലിനെയും കൂട്ടി വീണ്ടും തഞ്ചാവൂര്‍ക്ക് വന്നു. കേസും കാര്യങ്ങളും എല്ലാം തീര്‍ത്ത് അന്ന് വൈകുന്നേരം ഞങ്ങളുടെ റൂമിലേയ്ക്ക് വീണ്ടുമെത്തി. ഞങ്ങള്‍ കോളേജ് പിള്ളേരാണല്ലോ എന്നു കരുതിയാകണം ഒരു സമ്മാനം എന്ന നിലയില്‍ വിലകൂടിയ ഒരു കുപ്പി മദ്യവുമായിട്ടാണ് അവര്‍ വന്നത്. (സോറി, പേര്‍ ഒര്‍മ്മയില്ല). എന്നാല്‍ ഞങ്ങളാരും അത് കഴിയ്ക്കില്ലെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്കും വിഷമമായി. പിന്നെ ഞങ്ങളോടൊത്ത് കുറേ നേരം സംസാരിച്ചിരുന്ന് ഒരുമിച്ച് ഭക്ഷണവും കഴിഞ്ഞ് രാത്രി എല്ലോഴോ അവര്‍ തന്നെ അത് ഫിനിഷ് ചെയ്യേണ്ടി വന്നു. ഞങ്ങള്‍ക്ക് നന്ദി പറഞ്ഞ് പോകും നേരം അവരുടെ നമ്പറും തന്ന് ഇടയ്ക്ക് വിളിയ്ക്കണമെന്നും എന്തെങ്കിലും സഹായം വേണമെങ്കില്‍ മടിയ്ക്കാതെ അറിയിയ്ക്കണം എന്നുമെല്ലാം പറഞ്ഞിട്ടാണ് അവര്‍ പോയത്.

എന്തായാലും ഞങ്ങള്‍ അവരെ വിളിച്ചില്ലെങ്കിലും കോഴ്സ് മുഴുവനാക്കി ഞങ്ങള്‍ തഞ്ചാവൂരു നിന്നും മടങ്ങുന്നതിനു മുന്‍പ് ഒന്നു രണ്ടു തവണ കൂടി അവര്‍ ഞങ്ങളെ വിളിച്ചിരുന്നു. അവസാനം ഞങ്ങളെ അവര്‍ വിളിയ്ക്കുമ്പോള്‍ നട്ടെല്ലിനു ചെറിയ ക്ഷതം സംഭവിച്ച ആ പ്രായമായ ആള്‍ ഒഴികെ എല്ലാവരും പൂര്‍ണ്ണമായും സുഖം പ്രാപിച്ചിരുന്നു.

ഇന്ന് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും അവരെല്ലാവരും സുഖമായിരിയ്ക്കുന്നു എന്നു തന്നെ വിശ്വസിയ്ക്കുന്നു. ആരുടേയും പേരൊന്നും ഇന്ന് ഓര്‍ക്കുന്നില്ലെങ്കിലും അവരിലാരെങ്കിലും യാദൃശ്ചികമായി ഈ പോസ്റ്റ് വായിയ്ക്കാനിട വന്നാല്‍ അന്നത്തെ എല്ലാവരെയും ഞങ്ങള്‍ സുഹൃത്തുക്കളുടെ ആശംസകളും സുഖാന്വേഷണങ്ങളും അറിയിയ്ക്കുമെന്ന് കരുതുന്നു.

[മുന്‍കൂര്‍ ജാമ്യം: ഇത് ഒരു പോസ്റ്റ് ആക്കാന്‍ ഉള്ള ഒരു സംഭവം ഒന്നുമില്ല എന്ന് എനിയ്ക്കും നന്നായിട്ടറിയാം. എങ്കിലും കപ്പമോഷണം എന്ന കഴിഞ്ഞ പോസ്റ്റിലൂടെ വിദ്യാര്‍ത്ഥികളായ യുവതലമുറയില്‍ പെട്ട വായനക്കാര്‍ക്ക് തെറ്റായ ഒരു സന്ദേശം നല്‍കുകയായിരുന്നോ എന്നു ചെറിയ സംശയം അത് പോസ്റ്റിയതിനു ശേഷം ഉണ്ടായിരുന്നു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നപ്പോള്‍ അത്തരം കുരുത്തക്കേടുകള്‍ മാത്രമല്ല ചെയ്തിട്ടുള്ളത് എന്ന് ബൂലോകരെ അറിയിയ്ക്കുക എന്നൊരു ലക്ഷ്യം കൂടി ഈ പോസ്റ്റിനു പിന്നിലുണ്ട്.]

----------------------------------------------------------------------------------

*ഷെയര്‍ ഓട്ടോ:- തമിഴ്‌നാട്ടില്‍ ഒരുപാട് ഉള്ള ഒരു വാഹനമാണ് ഈ ഷെയര്‍ ഓട്ടോ. ഏതാണ്ട് 10-12 പേരെ കയറ്റാവുന്ന വലിയ ഓട്ടോയാണ് ഇത്. ബസ് ചാര്‍ജില്‍ യാത്ര ചെയ്യാമെന്നു മാത്രമല്ല നാം പറയുന്ന സ്ഥലത്ത് നിറുത്തി തരുമെന്ന സൌകര്യവുമൂണ്ട്. കൂടാതെ ബസ്സിനെപ്പോലെ സമയം നോക്കിയല്ല ഇത് പുറപ്പെടുന്നത്. വാഹനം നിറഞ്ഞാല്‍ ഉടന്‍ പുറപ്പെടും. അവിടെ വലിയ ഉപകാരമാണ് ഈ ഓട്ടോകള്‍.

Tuesday, June 10, 2008

കപ്പ മോഷണം

കലാലയ ജിവിതത്തിന്റെ എല്ലാ നന്മകളും സ്വാതന്ത്ര്യവും വേണ്ട പോലെ ആസ്വദിച്ച് നടന്ന സമയമായിരുന്നു പിറവം ബി.പി.സി.യില്‍ പഠിച്ച മൂന്നു വര്‍ഷം. ക്ലാസ്സുള്ള ദിവസങ്ങളില്‍ പോലും എല്ലാവര്‍ക്കും കോളേജില്‍ വരാന്‍ സന്തോഷം മാത്രം. പരസ്പരം നന്നായറിയുന്ന സഹപാഠികളും സുഹൃത്തുക്കളെപ്പോലെ മാത്രം പെരുമാറുന്ന അദ്ധ്യാപകരും.

ക്ലാസ്സുള്ള ദിവസങ്ങളിലെല്ലാം തന്നെ 9 മണിയോടെ എല്ലാവരും ക്ലാസ്സിലെത്തും. കോളേജ് ലൈഫും ക്ലാസ്സുകളും എല്ലായ്പ്പോഴും രസകരമായിരുന്നതു കൊണ്ടാകണം ആരും ക്ലാസ്സ് കട്ടു ചെയ്തിരുന്നതായി ഓര്‍മ്മയില്ല. പഠനമൊന്നും കാര്യമായി നടക്കാറില്ലെങ്കിലും എല്ലാവരും ചേര്‍ന്ന് കൊച്ചു തമാശകളും പാരകളുമൊക്കെയായി എന്നും ആഘോഷമായിരുന്നു. അതു പോലെ തന്നെയ്യായിരുന്നു സ്റ്റഡി ലീവ് നാളുകളും. എല്ലാ കൂട്ടുകാരും കമ്പയിന്‍‌ സ്റ്റഡി എന്ന പേരും പറഞ്ഞ് ഞങ്ങളുടെ കൊച്ചു റൂമില്‍ ഒരുമിച്ചു കൂടുന്ന സമയം. ആകെ ഉള്ള ഒരേയൊരു മുറിയില്‍ തന്നെയാണ് പഠനവും പാചകവും ഉറക്കവുമെല്ലാം. (ഇന്ന് ഈ ബാംഗ്ലൂരില്‍ പരിമിതമായ സൌകര്യങ്ങളില്‍ ജീവിയ്ക്കാന്‍ അന്നത്തെ ആ ജീവിതവും സഹായിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ). സ്റ്റഡി ലീവ് കാലങ്ങളില്‍ റൂമില്‍ ഏഴെട്ടു പേരെങ്കിലും കാണും, ദിവസവും.


ഏതാണ്ട് ഏഴെട്ടു കൊല്ലം മുന്‍പുള്ള ഒരു മെയ് മാസക്കാലം. സെമസ്റ്റര്‍ പരീക്ഷകള്‍ അടുക്കാറായി. സ്റ്റഡി ലീവ് തുടങ്ങി.

ഞങ്ങള്‍‌ 7 പേരും ഞങ്ങളുടെ ആ കൊച്ചു വീട്ടില്‍ ഉള്ള ഒരു ദിവസം. മത്തനൊഴികെ എല്ലാവരും റൂമിലുണ്ട്. മത്തന്‍‌ അവന്റെ വീട്ടില്‍ പോയി ബൈക്കുമായി വരാമെന്നും പറഞ്ഞ് പോയതാണ്‍. അവന്റെ വീടും അവിടെ അടുത്തായിരുന്നു. കുറേ നേരം ഞങ്ങള്‍‌ ഓരോ കാര്യങ്ങള്‍‌ സംസാരിച്ചു കൊണ്ടും പരസ്പരം കളിയാക്കിക്കൊണ്ടും നേരം കളഞ്ഞു. വൈകുന്നേരം കഞ്ഞിയ്ക്കു മുന്‍‍‌പ് മത്തന്‍‍‌ വരുമെന്നും ഞങ്ങളോട് പറഞ്ഞിരുന്നു. (ആരും വായിച്ചു കളിയാക്കണ്ട, അന്നു ഞങ്ങളുടെ രാത്രികാലങ്ങളിലെ പ്രധാന ഭക്ഷണം കഞ്ഞി ആയിരുന്നു). അങ്ങനെ 7 പേര്‍‌ക്കുമുള്ള കഞ്ഞിയും വച്ച് ഞങ്ങളങ്ങെനെ കത്തി വച്ചിരുന്നു. ഒപ്പം ഇടയ്ക്ക് കുല്ലുവിന്റെ നേതൃത്വത്തില്‍‌ പാട്ടും ജോബിയുടെ കൊട്ടും (ജോബിയുടെ കൊട്ട് കോളേജില്‍ പ്രശസ്തമായിരുന്നു. പാട്ടേതായാലും ശരി, അവന്‍ കൊട്ടുന്നത് എന്നും ഒന്നു തന്നെ ആയിരിയ്ക്കും). ആകെ രസകരമായ അന്തരീക്ഷം.

കുറച്ചു കഴിഞ്ഞപ്പോള്‍‍‌ മത്തന്‍‍‌ അവന്റെ ചേട്ടായിയുടെ ബൈക്കുമായി റൂമിലെത്തി. കയ്യിലൊരു വലിയ പാത്രവും. അതു തിന്നാനുള്ള എന്തോ ആണെന്നു മണത്തറിഞ്ഞ സുധിയപ്പന്‍ നിമിഷനേരം കൊണ്ട്‍‌ ചാടി അതു കൈക്കലാക്കി, തുറന്നു നോക്കി. നല്ല ആവി പറക്കുന്ന, പുഴുങ്ങിയ കപ്പ (അഥവാ മരച്ചീനി).


അതു തുറക്കേണ്ട താമസം! എല്ലാവരും അതിന്റെ മുകളിലേയ്ക്ക് ഡൈവു ചെയ്തു. നിമിഷങ്ങള്‍‍‌ക്കുള്ളില്‍‍‌ ആ പാത്രം കാലിയായി. 7 പേര്‍‍‌ക്ക് ഒരു പാത്രം കപ്പ കൊണ്ട് എന്താകാന്‍‍‌? അതു തിന്നു കഴിഞ്ഞതും എല്ലാവരും മത്തനെ ചീത്ത പറഞ്ഞു തുടങ്ങി. ആര്‍‍‌ക്കും മതിയായില്ല എന്നതു തന്നെ കാര്യം. അപ്പോള്‍‍‌ മത്തന്‍‍‌ പറഞ്ഞു. എന്നാല്‍‍‌ ആരെങ്കിലും എന്റെ കൂടെ വാടാ. എന്റെ വീട്ടില്‍‍‌ പോയി വേണമെങ്കില്‍‍‌ നമുക്കു പറമ്പില്‍ നിന്നും ഇഷ്ടം പോലെ കപ്പ പറിച്ചു കൊണ്ടു വരാം. പുഴുങ്ങിയത് ഇനി ഉണ്ടാകില്ല. ബാക്കി ഉണ്ടായിരുന്നത് മുഴുവനും ഞാനിങ്ങു കൊണ്ടു വന്നു.


എന്നാല്‍‍‌ മത്തന്റെ വീട്ടിലേക്കു പോകാന്‍‍‌ ആര്‍‍‌ക്കും അത്ര ധൈര്യം പോരാതമാശയ്ക്കെങ്കിലും, കളിയാക്കുന്ന കാര്യത്തില്‍‍‌ ഞങ്ങളുടെ കൂട്ടത്തിലെ ആരെക്കാളും മോശമല്ല അവന്റെ ചാച്ചനും ചേട്ടായിയും ചേച്ചിയും. ഒരു വലിയ പാത്രം പുഴുങ്ങിയ കപ്പ കൊണ്ടു വന്നിട്ടും ഞങ്ങള്‍ക്കു മതിയായില്ല എന്ന ഒറ്റക്കാര്യം മതി കുറേ നാളേയ്ക്ക് അവര്‍ക്കു ഞങ്ങളെ കളിയാക്കാന്‍‍‌.

അപ്പോ മത്തനൊരു വഴി പറഞ്ഞു. നമുക്ക് എന്റെ പറമ്പിലെ കപ്പ എന്റെ വീട്ടുകാരറിയാതെ പറിച്ചെടുത്താലെന്ത്?


സുധിയപ്പാ, ജോബീ വാടാ” (അന്നെല്ലാം ഇത്തരം കുരുത്തം കെട്ട കാര്യങ്ങളില്‍ മുമ്പും പിമ്പും നോക്കാതെ ചാടി ഇറങ്ങുന്നവരായിരുന്നു സുധിയപ്പനും ജോബിയും)


അപ്പോള്‍ ബിമ്പുവിന് ഒരു ഐഡിയ. എടേയ് മത്താസംഭവം എന്തായാലും മോഷണമല്ലേ? അത് നിന്റെ വീട്ടില്‍ നിന്നായാലും വല്ലവന്റേം പറമ്പില്‍‍‌ നിന്നായാലും മോഷണം തന്നെ. എങ്കിലെന്തിന്‍ അത്ര കഷ്ടപ്പെട്ട് അഞ്ചാറു കിലോമീറ്റര്‍ പോണം? മാത്രമല്ല, നിന്റെ വീട്ടുകാരെങ്ങാനും കണ്ടാല്‍‍‌ ചമ്മലാകുകയും ചെയ്യും. കുറച്ചങ്ങു മാറി നിന്റെ ഒരു ബന്ധുവിന്റെ ഒരു ഒറ്റപ്പെട്ട പറമ്പില്ലേ? അവിടെ ഇഷ്ടം പോലെ കപ്പ നില്‍‍‌ക്കുന്നുണ്ടല്ലോ. അവിടെ നിന്നാണെങ്കില്‍‍‌ ആരുമറിയുകയുമില്ല. എന്തു പറയുന്നു?”


ഇതു കേട്ടതും മത്തന്‍ മുന്നിട്ടിറങ്ങി. ഓ... നിങ്ങളാരും പേടിയ്ക്കേണ്ടെടാ... അതെന്റെ കൊച്ചപ്പന്റെ സ്ഥലമാ. അങ്ങേരൊന്നും അതു നോക്കാറുമില്ല. നമുക്കെത്ര വേണമെങ്കിലും പറിച്ചു കൊണ്ടു പോരാം. സുധീ, ജോബീ, വാടാ.

പിന്നെ വൈകിയില്ല, മൂന്നു പേരും കൂടി മത്തന്റെ ബൈക്കില്‍ വലിഞ്ഞു കയറി. പോകും നേരം മത്തന്‍ വിളിച്ചു പറഞ്ഞു ശ്രീക്കുട്ടാ, നിങ്ങള്‍ രാമന്‍ ചേട്ടന്റെ അടുത്തു നിന്നും കുറച്ചു കാന്താരി മുളക് ഒപ്പിച്ച് അത് അരച്ച് ശരിയാക്കി വച്ചേക്കണേ


സമയം കളയാതെ ഞാനും കുല്ലുവും രാമന്‍ ചേട്ടന്റെ (അയല്‍ക്കാരന്‍) വീട്ടില്‍ പോയി, കുറച്ചു മുളകും പറിച്ചെടുത്ത് അതും അരച്ചു കുറച്ചു വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് ശരിയാക്കി കൊണ്ടു വന്നു. ഞങ്ങള്‍ അതുമായി റൂമിലെത്തുമ്പോഴേയ്ക്കും ബിട്ടുവും ബിമ്പുവും കപ്പ പുഴുങ്ങാന്‍ വെള്ളം വച്ചു കഴിഞ്ഞു. (കഞ്ഞിയെല്ലാം അടുത്ത ദിവസം രാവിലെ കഴിയ്ക്കാമെന്ന് തീരുമാനമായി).


അപ്പോഴേയ്ക്കും മൂവര്‍ സംഘം രണ്ടു വലിയ മൂട് കപ്പയുമായി തിരിച്ചെത്തി. പിന്നെ ആകെ ഒരു കോലാഹലമായിരുന്നു. കപ്പ നന്നാക്കി, കഴുകി, വേവിച്ച് കാന്താരി മുളക് അര‍ച്ചുണ്ടാക്കിയ ചമ്മന്തിയും കൂട്ടി എല്ലാവരും വയറു നിറയെ കഴിച്ചു. എല്ലാം കഴിഞ്ഞപ്പോഴേയ്ക്കും രാത്രി ഏതാണ്ട് ഒരു മണി.


അവസാനം എല്ലാവരും കൂടി ഉള്ള സ്ഥലത്ത് തിങ്ങി ഞെരുങ്ങി കിടന്നു. തിന്ന കപ്പയെക്കുറിച്ചും മറ്റും ഓരോന്ന് പറഞ്ഞു കിടന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി സുധിയപ്പന്റെ പൊട്ടിച്ചിരി റൂമില്‍ മുഴങ്ങിയത്. എന്താ കാര്യമെന്നു ചോദിച്ചിട്ടും അവനൊന്നും മിണ്ടാതെ ചിരിയോടു ചിരി തന്നെ. (അവന്റെ ചില നേരത്തെ ചിരിയ്ക്ക് അട്ടഹാസംഎന്നു തന്നെയാണ് വിളിയ്ക്കേണ്ടത്). വൈകാതെ മത്തനും ചിരിയില്‍ പങ്കു ചേര്‍ന്നു. ഒപ്പം ജോബിയും.


എന്താണ് കാര്യമെന്നറിയാതെ അന്തം വിട്ടു നിന്ന (സോറി, അന്തം വിട്ടു കിടന്ന) ഞങ്ങള്‍ക്ക് എന്തോ പന്തികേടു തോന്നി. മൂന്നെണ്ണത്തിനേയും ചവിട്ടി എഴുന്നേല്‍പ്പിച്ച് കാര്യം തിരക്കി. ചിരി ഒരു വിധം നിര്‍ത്തി സുധിയപ്പന്‍ ചോദിച്ചു.


എടാ, നമ്മള്‍ ഇപ്പൊ തിന്ന കപ്പ എവിടെ നിന്നാണെന്ന് നിങ്ങള്‍‍ക്കറിയുമോ?”

ആ പാടത്തിനക്കരെയുള്ള പറമ്പില്‍ നിന്നല്ലേ? നമ്മുടെ മത്തന്റെ കൊച്ചപ്പന്റെ?” കുല്ലു സംശയത്തോടെ ചോദിച്ചു.

സുധി പിന്നെയും പൊട്ടിച്ചിരിച്ചു. ആ... പാടത്തിനക്കരെയുള്ള ആ പറമ്പില്‍ നിന്നു തന്നെ.പക്ഷേ...

അപ്പോഴേയ്ക്കും ക്ഷമ നശിച്ച ബിമ്പു ചെറുതായി ചൂടായി. ചിരിയ്ക്കാതെ കാര്യം പറെയെടാ *&%$#...”

പറയാം... എടാ, ആ പറമ്പ് മത്തന്റെ ആരുടെയാണെന്നാ പറഞ്ഞത്?”

അവന്റെ കൊച്ചപ്പന്റെ... അല്ലേ?” ബിട്ടു ചെറിയൊരു അമ്പരപ്പോടെ ചോദിച്ചു.

ഉവ്വ! എടാ, അതവന്റെ കൊച്ചപ്പന്റെ പറമ്പൊന്നുമല്ല. ആരുടെ പറമ്പാണെന്ന് ഇവന് അറിയുക പോലുമില്ല.

ദൈവമേ... അപ്പോ?” ഞാനും അമ്പരപ്പോടെ ചോദിച്ചു.

അപ്പോ ഒന്നുമില്ല. ഉള്ളതു പറഞ്ഞാല്‍ ആ രണ്ടു മൂട് കപ്പ ഞങ്ങള്‍ ആരുടേയോ പറമ്പില്‍ നിന്നും അതി വിദഗ്ദമായി മോഷ്ടിച്ചതാണ് എന്നു സാരംജോബി ഇടയ്ക്കു കയറി പറഞ്ഞു.


അവന്മാര്‍ മൂന്നു പേരും ആ മോഷണത്തെ പറ്റി ഓര്‍ത്ത് ആസ്വദിച്ചു ചിരിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ കഴിച്ചതു മുഴുവന്‍ ആവിയായി പോയ പോലെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു ഞങ്ങള്‍ ബാക്കിയുള്ളവര്‍...


പേടിയ്ക്കാനൊന്നുമില്ലെടേയ്. അത് ആരും നോക്കാത്ത ഒരു പറമ്പാണ്. മാത്രമല്ല, രണ്ടു മൂടു കപ്പ പോയാല്‍ ഇവിടുത്തുകാര്‍ക്ക് പുല്ലാണ്. പെരുച്ചാഴികള്‍* തന്നെ ദിവസവും അതില്‍ കൂടുതല്‍ തിന്നു മുടിയ്ക്കുന്നുണ്ടാകും, അവിടെ നിന്നു തന്നെമത്തന്‍ എല്ലാവരെയും ആശ്വസിപ്പിച്ചു.


എടാ, എന്നാലും ആരെങ്കിലും കണ്ടു കാണുമോ? നട്ടപ്പാതിരയ്ക്ക് തല്ലു കൊള്ളുമോ എന്നറിയാനാ...മാത്രമല്ല, നാണക്കേടുംകുല്ലു ഒന്നു കൂടി ചോദിച്ചു.


ആരും കണ്ടിട്ടൂണ്ടാകില്ലെന്നാ തോന്നുന്നത്. ഇനി കണ്ടാലും എന്നെയും മത്തനേയുമല്ലേ പിടിയ്ക്കൂ. സുധിയപ്പനെ ഇരുട്ടത്ത് ആര്‍ക്കും തിരിച്ചറിയാനാകില്ലല്ലോ


സുധിയപ്പന്റെ നിറത്തിനിട്ടൊരു താങ്ങാണ് അതെന്നു മനസ്സിലാക്കിയ ഞങ്ങളെല്ലാവരും ആ തമാശ ആസ്വദിച്ചു ചിരിയ്ക്കുമ്പോള്‍ അതു കേള്‍ക്കാത്ത വണ്ണം സുധിയപ്പന്‍ പിറുപിറുത്തു... കട്ടതാണെങ്കിലും നല്ല ടേയ്സ്റ്റുള്ള കപ്പ! അല്ലേ അളിയാ...


അതെന്തു തന്നെ ആയാലും പിന്നീട് അതു പോലെ ഒരു സാഹസത്തിന് ഞങ്ങളാരും മുതിര്‍ന്നിട്ടില്ല. മാത്രമല്ല, പിന്നീടും മത്തന്‍ എന്തെങ്കിലും കാര്യം ഏല്‍ക്കുമ്പോഴും ഞങ്ങള്‍ പതിയെ ചോദിയ്ക്കും... മത്താ, കൊച്ചപ്പന്റെ വീട്ടില്‍ നിന്നാണോടേയ്???”


ഒരു മോഷണ കഥ ആണെങ്കിലും ഇന്ന് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ക്കുമ്പോഴാണ് അന്നത്തെ ആ സംഭവങ്ങള്‍ ശരിയ്ക്കും ആസ്വദിയ്ക്കാന്‍ സാധിയ്ക്കുന്നത്.

*********************************************************************************

ഈ സംഭവം വെറുതേ ഒരു ഓര്‍മ്മക്കുറിപ്പ് ആയി എഴുതിയെന്നേയുള്ളൂ... വായനക്കാരിലെ യുവ തലമുറ ഇത്തരം മോഷണകഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തമാശയ്ക്കു വേണ്ടിയോ ഒരു ഹരത്തിനു വേണ്ടിയോ ഇതൊന്നും അനുകരിച്ച് ഇത്തരം ഗുലുമാലുകള്‍ ഒപ്പിയ്ക്കരുതേ...

‍അറിഞ്ഞു കൊണ്ടല്ലെങ്കിലും ചെയ്തുപോയ ഈ മോഷണത്തിന് കൃഷി ഉപജീവനമായി കാണുന്ന കര്‍ഷകര്‍ എന്നോടും എന്റെ സുഹൃത്തുക്കളോടും ക്ഷമിയ്ക്കട്ടെ.