Saturday, October 25, 2008

ഒരു ക്യാമ്പും ക്യാപ്റ്റന്‍ എല്‍‌ദോയും

എല്ലാവര്‍ക്കും കോളേജ് ജീവിതകാലത്തെ ഓര്‍മ്മകളില്‍ നിന്ന് ഒട്ടേറെ ഇരട്ടപ്പേരുകളുടെ കഥകള്‍ പറയാനുണ്ടാകും. ഒന്നുകില്‍ അതു നമുക്കാകാം, അല്ലെങ്കില്‍ നമ്മള്‍ ഇടുന്നതാകാം, അതുമല്ലെങ്കില്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കാകാം. ചെറിയ അബദ്ധങ്ങളില്‍ നിന്നോ കൊച്ചു കൊച്ചു സംഭവങ്ങളില്‍ നിന്നോ രൂപപ്പെടുന്നവയാണ് അവയില്‍ പലതും. എന്തായാലും കലാലയ ജീവിതത്തിനിടയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഏതു നിമിഷവും ആര്‍ക്കും വീണു കിട്ടിയേക്കാവുന്ന ഒന്നായിരുന്നു ഇരട്ടപ്പേരുകള്‍ അഥവാ വട്ടപ്പേരുകള്‍.


ഞങ്ങള്‍ ബിപിസിയില്‍ പഠിയ്ക്കുന്ന കാലത്തും അവിടെ ഇരട്ടപ്പേരുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലായിരുന്നു. മത്തന്‍, ബിട്ടു, നീലന്‍, മുള്ളന്‍, സില്‍‌‍‌വര്‍‌‍, ഭീകരന്‍, വിശുദ്ധന്‍‌‍, അശുദ്ധന്‍‌‍, കുട്ടപ്പന്‍, സ്കൂട്ടര്‍, ബ്രദര്‍, പവിത്രന്‍, കേഡി, പക്രു, അപ്പച്ചന്‍‌‍, അമ്മായി, പോലീസ്, പന്തം, ആമ, മുയല്‍, താത്ത, ജാജി (ജാഢ ജിഷ എന്നതിന്റെ ചുരുക്കം), ജാസ്മി (ജാഢ സ്മിത), ആക്ടീവ് സ്മിത, കൊട്ടടയ്ക്ക, പത്തക്കോ‍ല്‍, കാലിബര്‍‌‍ മാത്തു എന്നിങ്ങനെ കളിപ്പേരുകള്‍‌‍ അനവധിയാണ്. ഇവര്‍‌‍ക്കൊക്കെ പേരുകള്‍‍ വന്ന വഴികളും രസകരമാണ്‍. എന്നാലും ഞാന്‍‌‍ മൂലം അവിടെ പ്രശസ്തമായ നിര്‍‌‍ദ്ദോഷമായ ഒരു ഇരട്ടപ്പേരായിരുന്നു എല്‍‌‍‌ദോയ്ക്ക് കിട്ടിയ ക്യാപ്റ്റന്‍‌‍ എന്ന പേര്.

ഞങ്ങളുടെ ക്ലാസ്സിലെ സഹൃദയനായ, സരസനായ ഒരു കഥാപാത്രമായിരുന്നു, എല്‍ദൊ. എപ്പോഴും എല്ലാവരോടും ചിരിച്ചു കൊണ്ടു മാത്രം ഇടപെടുന്ന ഒരു വ്യക്തി. മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ “എല്‍ദോയെ സിനിമയിലെടുത്തു”… “ഡാ എല്‍ദോ… അടിച്ചൊടിയ്ക്കെടാ അവന്റെ കാല്…” തുടങ്ങിയ ഡയലോഗുകള്‍ ക്ലാസ്സില്‍ ആദ്യമേ ഹിറ്റ് ആയിരുന്നു. അതിന്റെ പുറകേയായിരുന്നു ഇന്നും നില നില്‍ക്കുന്ന “ക്യാപ്റ്റന്‍” എന്ന പേര് അവനു കിട്ടുന്നത്.

അങ്ങനെ ഒരു പേരു വരാനുള്ള കാരണവും രസകരമായിരുന്നു. രണ്ടാം വര്‍‍ഷത്തിലൊരു ദിവസം‍ പഠിപ്പിയ്ക്കാന്‍ സാര്‍ വരാന്‍ വൈകിയ ഒരു പിരിയഡില്‍ വെറുതേയിരുന്ന് എന്തോ സംസാരിയ്ക്കുകയായിരുന്നു ഞാനും ജോബിയും. അപ്പൊഴാണ് എല്‍‍ദോ അങ്ങോട്ടു വരുന്നത്. അവന്‍‍ ആയിടയ്ക്ക് തലമുടി വെട്ടി, ഒരു തൊപ്പിയും വച്ചു കൊണ്ടാണ്‍ അന്നു വന്നിരുന്നത്. എന്തു കൊണ്ടോ അവനെ കുറച്ചകലെ നിന്നു കണ്ടപ്പോള്‍‍ ഞങ്ങള്‍‍ ആയിടെ കണ്ട ഏതോ ചിത്രത്തിലെ, ക്യാപ്റ്റനായി അഭിനയിച്ച ആരൊ ഒരാളെ എനിയ്ക്ക് ഓര്‍‍മ്മ വന്നു. (ചിത്രമോ അഭിനേതാവിനെയോ ഇപ്പോള്‍‍ ഓര്‍‍മ്മയില്ല). ഞാനത് ജോബിയോട് പറയുകയും ചെയ്തു. അതു കേട്ട് എല്‍‌ദോയെ ശ്രദ്ധിച്ചു നോക്കിയ ജോബിയും ചിരിച്ചു കൊണ്ട് അതു ശരി വച്ചു.

ആ സമയത്താണ് എല്‍‍ദോ അടുത്തേയ്ക്കു വരുന്നത്. സംസാരിയ്ക്കാന്‍‍ ഞങ്ങളോടൊപ്പം കൂടുമ്പോള്‍‍ ഞങ്ങള്‍‍ ചിരിച്ചു കൊണ്ടിരിയ്ക്കുന്നതു കണ്ട് എന്താണു കാര്യമെന്ന് അവന്‍ അന്വേഷിച്ചു. അപ്പോള്‍‍ ഞാന്‍ പറഞ്ഞു, “ഒന്നുമില്ല, നിന്നെ ഇനി മുതല്‍ ക്യാപ്റ്റന്‍‍ എന്നേ ഞങ്ങള്‍‍ വിളിയ്ക്കുകയുള്ളൂ എന്ന് പറയുകയായിരുന്നു” എന്ന്.

‘ക്യാപ്റ്റനോ അതെന്താ അങ്ങനെ ഒരു പേര്? ’ കുറച്ച് അമ്പരപ്പോടെ അവന്‍ ചോദിച്ചു.

പ്രത്യേകിച്ചു കാരണമൊന്നുമില്ലെങ്കിലും അപ്പോള്‍ അവനോട് ഞാന്‍‌‍ സിനിമയിലെ ക്യാപ്റ്റന്റെ കാര്യമൊന്നും പറയാന്‍ തോന്നിയില്ല. പകരം അപ്പോള്‍‍ തോന്നിയ കുസൃതിയില്‍‌‍ കുറച്ചു നാടകീയമായി ഇങ്ങനെ പറഞ്ഞു. “അതിപ്പോ നിന്നോടെങ്ങനെയാ പറയുക? ”

എന്നിട്ട് ഞാന്‍‌‍ ജോബിയെ നോക്കി പറഞ്ഞു “ജോബീ, നീ പറഞ്ഞു കൊടുക്ക്”

എന്നാല്‍ ജോബി പ്രതികരിച്ചതും ഇങ്ങനെ ആയിരുന്നു. “ഞാന്‍ പറയണോ? നീ തന്നെ പറയ്”

ഞാന്‍ വീണ്ടും “ശ്ശെ! ഞാനതെങ്ങനെയാ ഇവന്റെ മുഖത്തു നോക്കി പറയുന്നത്? നീ തന്നെ പറയ്” എന്നും കൂടി പറയുന്നതു കേട്ടപ്പോള്‍‍ എല്‍‌‍ദോയുടെ കണ്ട്രോള്‍ പോയി.

“എന്തോന്നാടാ??? എന്താ ഈ ക്യാപ്റ്റന്‍‍ എന്നതിന്റെ അര്‍‍ത്ഥം? വല്ല ഗുലുമാലുമാണോ?”

അവന്‍‍ ഞങ്ങളുദ്ദേശ്ശിച്ച ട്രാക്കില്‍‍ തന്നെ ചിന്തിയ്ക്കുന്നു എന്നു മനസ്സിലാക്കിയ ജോബി ചാടിക്കയറി അവനോടു പറഞ്ഞു. “എടാ… അയ്യേ! ക്യാപ്ടന്റെ അര്‍ത്ഥം ഒന്നും ഉറക്കെ ചോദിയ്ക്കല്ലേ… ആരെങ്കിലും കേട്ടാന്‍ എന്തു കരുതും?”

ഇതു കേട്ടതും അവന്‍ ദയനീയ മുഖഭാവത്തോടെ പതിയെ ചോദിച്ചു “അത്രയ്ക്കു മോശം അര്‍‍ത്ഥമാണോടേയ്?”

അവന്റെ ഭാവവും ചോദ്യവും കേട്ട ഞങ്ങള്‍‍ ചിരിച്ചു പോയി. ഞങ്ങളുടെ ഭാവം കണ്ടിട്ടോ അപ്പോഴേയ്ക്കും ക്ലാസ്സിലേയ്ക്ക് സാര്‍ കടന്നു വന്നിട്ടോ എന്തോ എന്താണ് സംഭവമെന്ന് വിശദമായി ചോദിച്ചറിയാന്‍ അവന് അപ്പോള്‍ സാധിച്ചില്ല.

എന്തായാലും തീരെ പ്രതീക്ഷിയ്ക്കാതെ തന്നെ രസകരമായ ഒരു സംഭവം ഒത്തു വന്നത് ഞങ്ങള്‍ ശരിയ്ക്കും ആഘോഷിച്ചു. ക്ലാസ്സിലെ എല്ലാവരോടും മറ്റു ക്ലാസ്സുകളിലെ സുഹൃത്തുക്കളോടും എല്ലാം എല്‍‍ദോയെ കാണുമ്പോള്‍ “ക്യാപ്റ്റാ…” എന്നു നീട്ടി വിളിയ്ക്കണം എന്ന് പറഞ്ഞു വച്ചു. സംഭവങ്ങളൊന്നും വിശദമായി അറിയില്ലെങ്കിലും എല്ലാവരും അത് അക്ഷരം പ്രതി പാലിച്ചു.

എല്ലാവരും വിളിച്ചു തുടങ്ങിയപ്പോള്‍ അവന്‍ പല തവണ ഞങ്ങള്‍ക്കടുത്തെത്തിയെങ്കിലും എന്തെങ്കിലുമൊക്കെ ഒഴിവുകഴിവുകള്‍ പറഞ്ഞ് കാര്യം അറിയിയ്ക്കാതെ ഞങ്ങള്‍ പിടിച്ചു നിന്നു. ഇനി മറ്റാരെങ്കിലും ഞങ്ങളോട് ‘അതെന്താ, അവനെ ക്യാപ്റ്റന്‍ എന്നു വിളിയ്ക്കുന്നത് ’എന്നോ മറ്റോ ചോദിച്ചാല്‍ അവനോട് തന്നെ ചോദിയ്ക്കൂ എന്നും പറഞ്ഞ് ഞങ്ങള്‍ അവരെ മടക്കി അയയ്ക്കും. അവരതു പോയി അവനോട് ചോദിച്ചാല്‍ അവന്‍ വല്ലാതാകുകയും മോശമായ എന്തോ ഒന്ന് കേട്ട പോലെ എത്രയും വേഗം അവിടെ നിന്ന് തടി തപ്പുകയും പതിവായി.

ഈ സംഭവത്തെ തുടര്‍‍ന്നായിരുന്നു ആ വര്‍‍ഷത്തെ NSS ദശദിന ക്യാമ്പ് നടന്നത്. ക്യാമ്പില്‍ വച്ചാണ് കോളേജിലെ ജൂനിയേഴ്സും സീനിയേഴ്സും മറ്റു ബാച്ചുകാരും എല്ലാം പരസ്പരം ശരിയ്ക്കു പരിചയപ്പെടുന്നത്. മാത്രമല്ല പലര്‍ക്കും ഇരട്ടപ്പേരുകള്‍ വീഴുന്നത് ഇങ്ങനെ ക്യാമ്പുകള്‍ക്കിടയിലും ആയിരുന്നു. ഞങ്ങള്‍ എല്‍‌ദോയെ ക്യാപ്റ്റന്‍ എന്നു വിളിയ്ക്കുന്നത് കേട്ട് അവര്‍ക്കിടയിലും ഈ പേര്‍ പെട്ടെന്ന് വ്യാപിച്ചു.
അങ്ങനെയിരിയ്ക്കെ ക്യാമ്പില്‍ ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണസമയം ആയി. ക്യാമ്പില്‍ മൊത്തം 60 പേരോളം ഉണ്ടാകുന്നതിനാലും അന്നത്തെ കാന്റീനില്‍ ഒരു സമയം 20 പേരിലധികം പേര്‍ക്ക് ഇരിയ്ക്കാന്‍ കഴിയാത്തതിനാലും രണ്ടു മൂന്നു പന്തികളിലായിട്ടാണ് എല്ലാവരും കഴിച്ചിരുന്നത്.

അങ്ങനെ ഒരു അവസരത്തില്‍ ഞങ്ങള്‍ കുറേപ്പേര്‍ കാന്റീനിനടുത്ത് കുറച്ചു മാറിയിരുന്ന് സംസാരിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. ജൂനിയേഴ്സും സീനിയേഴ്സും എല്ലാവരുമുണ്ട്. അതിനിടയില്‍ പലരും എല്‍ദോയെ ക്യാപ്റ്റന്‍ എന്നാണ് സംബോധന ചെയ്യുന്നതു കേട്ടപ്പോള്‍ അവനു വീണ്ടും തോന്നി, എന്താണ് അങ്ങനെ വിളിയ്ക്കാന്‍ കാരണം എന്ന് അറിയാന്‍ ഇനിയും വൈകിക്കൂടാ… ജൂനിയെഴ്സിന്റെ ഇടയില്‍ പോലും ആ പേര് വ്യാപിച്ചു തുടങ്ങി. അവന്‍ പതുക്കെ എന്നെയും ജോബിയേയും ആ കൂട്ടത്തില്‍ നിന്നും വിളിച്ചു മാറ്റി നിര്‍ത്തി ചോദിച്ചു.

‘എടാ… ഇനിയെങ്കിലും പറയ്, എന്താ ഈ ക്യാപ്റ്റന്‍ എന്ന വാക്കിന്റെ അര്‍ത്ഥം? കണ്ട പിള്ളേരെല്ലാം വന്ന് ക്യാപ്റ്റാ ക്യാപ്റ്റാ എന്ന് വിളിച്ചു തുടങ്ങി. എന്താ ആ പേരു കോണ്ടുദ്ദേശ്ശിയ്ക്കുന്നത്? അതിന്റെ അര്‍ത്ഥം ആര്‍ക്കൊക്കെ അറിയാം?”

ഞാനും ജോബിയും അപ്പോഴും എന്തൊക്കെയോ പറഞ്ഞ് ഒഴിയാന്‍ നോക്കി. പക്ഷേ, അവന്‍ വിടുന്നില്ല. ഞങ്ങള്‍ക്ക് പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അതറിയുന്ന വേറെ ആരുടെയെങ്കിലും പേരു പറഞ്ഞാല്‍ മതിയെന്നായി, അവന്‍. അവന്‍ മറ്റാരുമറിയാതെ ചോദിച്ചു മനസ്സിലാക്കിക്കൊള്ളാം എന്ന്.
വേറെ ആരുടെ പേരു പറയും എന്നോര്‍ത്ത് ഞങ്ങള്‍ക്കും കണ്‍‌ഫ്യൂഷന്‍. (വേറെ ആര്‍ക്കും അതിന്റെ കാരണം അറിയില്ലല്ലോ). എന്നാലും അവിടെ പലര്‍ക്കും അതിന്റെ (മോശമായ) അര്‍ത്ഥം അറിയാമെന്നും എന്തിന് പ്രോഗ്രാം കോ‌ ഓഡിനേറ്ററായ ബിജു സാറിനു പോലും അറിയാമെന്നും ഞങ്ങള്‍‍ വച്ചു കാച്ചി.

അതു കേട്ടപ്പോള്‍ അവനു പകുതി സമാധാനമായി. “ഓ, ബിജു സാറിനറിയാമല്ലേ? എന്നാല്‍ ഞാന്‍ ബിജു സാറിനോട് ചോദിച്ചു നോക്കട്ടെ. ഇനി അങ്ങനെ ഒരു പ്രശ്നം ആ പേരിനുണ്ടെങ്കില്‍ സാറ് എന്താ പറയുന്നതെന്നാറിയാമല്ലോ. പിന്നെ, നിങ്ങള്‍ ആരും വരണ്ട, ഞാനൊറ്റയ്ക്കു പോയി സാറിനോട് ചോദിച്ചോളാം ”

ഇതും പറഞ്ഞു കൊണ്ട് അവന്‍ കാന്റീനിനടുത്തേയ്ക്ക് നടന്നു. ബിജു സാര്‍ അപ്പോള്‍ കാന്റീന്നകത്ത് വെറുതേ ഇരിയ്ക്കുകയാണ്. കടക്കാന്‍ ഒരു വാതില്‍ മാത്രമുള്ള ആ കാന്റീനിന്റെ വാതില്‍ക്കല്‍ അപ്പോള്‍ ഭക്ഷണം കഴിയ്ക്കാന്‍ നില്‍ക്കുന്നവരുടെ തിരക്കു കണ്ടിട്ടാവണം എല്‍‌ദോ കുറച്ചു നേരം അവിടെ നിന്നു.
അതേ സമയം, അവന്‍ ഇക്കാര്യം സാറിനോട് ചോദിച്ചാല്‍ സാറിന് അതെപ്പറ്റി ഒന്നും അറിയാത്തതു കാരണം സാര്‍ അങ്ങനെ ഒന്നുമില്ലെന്ന് അവനോട് പറയുമെന്നും അതോടെ ആ സംഭവം പൊളിയുമെന്നും ഞങ്ങള്‍ക്കുറപ്പായതിനാല്‍ ഇതെങ്ങനെ സാറിനെ അറിയിയ്ക്കും എന്ന ആലോചനയിലായിരുന്നു ഞങ്ങള്‍. കൂടെ നില്‍‌ക്കണമെന്നു പറഞ്ഞാല്‍ സാറും ഞങ്ങളുടെ കൂടെ കൂടുമെങ്കിലും അതെങ്ങനെ സാറിനെ അറിയിയ്ക്കും?

കാന്റീനിനു മുന്നില്‍ തിരക്കു കുറയുന്നതും കാത്തു നില്‍ക്കുന്ന എല്‍‌ദോ കാണാതെ ഞാന്‍ പതുക്കെ കാന്റീനിനകത്തു കടന്ന് ബിജു സാറിനടുത്തെത്തി. എന്നിട്ടു പറഞ്ഞു. “സാര്‍, ഒരു സഹായം ചെയ്യണം. കാര്യമൊക്കെ പിന്നീട് പറയാം. നമ്മുടെ എല്‍ദോ വന്ന് ക്യാപ്റ്റന്‍ എന്നതിന്റെ അര്‍ത്ഥം എന്താണെന്നോ മറ്റോ ചോദിച്ചാല്‍ അതിന് അല്പം “തരികിട” അര്‍ത്ഥമാണ് എന്ന രീതിയില്‍ ഒന്നു പറയണം. ബാക്കി എല്ലാം വിശദമായി പിന്നെ പറയാം”

ഞങ്ങളെ ശരിയ്ക്കറിയാവുന്നതു കൊണ്ടു തന്നെ, അക്കാര്യം സാര്‍ വേണ്ടപോലെ കൈകാര്യം ചെയ്യാമെന്നേറ്റു. ഞാന്‍ പതുക്കെ അവന്‍ കാണാതെ കാന്റീനു പുറത്തിറങ്ങി, പതുക്കെ മാറി നിന്നു.
അപ്പോഴേയ്ക്കും ബിജു സാറും കാന്റീനു പുറത്തേയ്ക്കു വന്നു. ഇതു കണ്ട എല്‍‌ദോ പതുക്കെ സാറിനടുത്തു കൂടി. ആരും ശ്രദ്ധിയ്ക്കുന്നില്ല എന്നു മനസ്സിലാക്കി പതുക്കെ സാറിനോട് ചോദിച്ചു.

“സാറേ.. ഇവന്മാരൊക്കെ എന്നെ ക്യാപ്റ്റന്‍ എന്നു വിളിയ്ക്കുന്നത് സാറും കേട്ടു കാണുമല്ലോ. എന്താ സാറേ അതിന്റെ അര്‍ത്ഥം? വല്ല പ്രശ്നവുമുണ്ടോ?”

ഇതു കേട്ട് ബിജു സാര്‍ അരുതാത്തതെന്തോ കേട്ടതു പോലെ നടത്തം നിത്തി, അവനെ ഒന്നു സൂക്ഷിച്ചു നോക്കി. എന്നിട്ടു കുറച്ചു ഗൌരവത്തില്‍ ഉപദേശരൂപേണ പറഞ്ഞു.

“ച്ഛേ! നീ എന്തു ചോദ്യമാണ് ഈ ചോദിയ്ക്കുന്നത്? ഒരു അദ്ധ്യാപകനോട് ഒരു വിദ്യാര്‍ത്ഥി ചോദിയ്ക്കാന്‍ പാടുള്ള ചോദ്യമാണോടാ ഇത്? ഛെ! മോശം. എന്തായാലും എന്നോട് ചോദിച്ചതിരിയ്ക്കട്ടെ. ഇനി വേറെ ആരോടും ഇതൊന്നും പോയി ചോദിച്ചേക്കരുത്”

ഇതു കൂടി കേട്ടതോടെ എല്‍‌ദോ പരിപൂര്‍ണ്ണമായും തക്ര്ന്നു. “അയ്യോ! അത്രയ്ക്കും വൃത്തികെട്ട അര്‍ത്ഥമായിരുന്നോ സാറേ… സോറി ട്ടാ”അവന്‍ ചമ്മിയ മുഖത്തോടെ അവിടുന്നും വലിഞ്ഞു.

അപ്പോഴേയ്ക്കും ഞങ്ങള്‍ ബിജു സാറിനോടും കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞു. അതു കേട്ട സാറിനും ചിരിയടക്കാന്‍ കഴിഞ്ഞില്ല. അതിനു ശേഷം ബിജു സാറും അവനെ ക്യാപ്റ്റന്‍ എന്നു വിളിയ്ക്കാന്‍ തുടങ്ങി. ബിജു സാറിന്റെ പ്രതികരണവും കൂടി കണ്ടതു കൊണ്ടാകണം, ഇനിയും നാറേണ്ട എന്നു കരുതി അവന്‍ പിന്നീട് അരോടും ക്യാപ്റ്റന്‍ എന്നതിന്റെ അര്‍ത്ഥം വേറെ ആരോടും ചോദിച്ചിട്ടില്ല എന്നാണറിവ്.
എന്തായാലും അതോടെ ക്യാപ്റ്റന്‍ എന്ന പേര്‍ കോളേജ് മുഴുവന്‍ പരന്നു. അങ്ങനെ എല്‍‌ദോ, ‘ക്യാപ്റ്റന്‍ എല്‍‌ദോ’ ആയിത്തീര്‍ന്നു. എന്തിന്, ക്യാപ്റ്റന്‍ എന്നു വിളിയ്ക്കുന്നത് എല്‍‌ദോയെ ആണെന്ന് അദ്ധ്യാപകര്‍ക്കു വരെ മനസ്സിലായിരുന്നു എന്നതാണ് രസകരം. ബിജു സാറും ടിജി സാറും മാത്രമല്ല, ബേബി സാറു പോലും ഇടയ്ക്ക് ക്യാപ്റ്റന്‍ എവിടെ എന്നും മറ്റും അന്വേഷിച്ചിരുന്നു. അതു പോലെ ജൂനിയേഴ്സും “ക്യാപ്റ്റന്‍‌ ചേട്ടാ…” എന്ന് നീട്ടി വിളിയ്ക്കുമ്പോള്‍ അതിനു പിന്നിലെ യാഥാര്‍ത്ഥ്യം അറിയാതെ എല്‍ദോ ചൂളി നില്‍ക്കുന്നത് കാണുന്നതു തന്നെ രസകരമായിരുന്നു.
---------------------------------------------------------------------------------
8 വര്‍‍ഷങ്ങള്‍‍ക്കിപ്പുറം ഈ പോസ്റ്റെഴുതുന്ന സമയം വരെയും എല്‍‌‍ദോ ഈ പേരിന്റെ ഉത്ഭവം എങ്ങനെ എന്നറിഞ്ഞിട്ടില്ല. മാത്രമല്ല; ബിരുദ പഠനത്തിനു ശേഷം ഞങ്ങള്‍ ബിപിസി വിട്ട് ബിരുദാനന്തര ബിരുദത്തിനു തഞ്ചാവൂര്‍ക്ക് പോയി. എന്തോ കമ്പ്യൂട്ടര്‍ കോഴ്സിനു വേണ്ടി ചിലവഴിച്ച ഒരു വര്‍ഷത്തിനു ശേഷം അവന്‍ ഉപരി പഠനത്തിനു ചേര്‍ന്ന മറ്റൊരു കോളേജിലും ഞങ്ങളുടെ ബിപിസിയിലെ ജൂനിയേഴ്സും ഉണ്ടായിരുന്നു എന്നും അവരില്‍ നിന്നും കേട്ടറിഞ്ഞ് ആ കോളേജിലും എല്ലാവരും അവനെ ക്യാപ്റ്റന്‍ എന്നാണ് വിളിച്ചിരുന്നത് എന്നും പിന്നീടറിഞ്ഞു.