1999 ല്‍ ഞങ്ങളുടെ ബാച്ച് ആരംഭിയ്ക്കുമ്പോള്‍ ബി പി സി കോളേജ് അതിന്റെ ബാല്യം പിന്നിട്ടിരുന്നില്ല. 1995 ല്‍ മാത്രം ആരംഭിച്ച ആ കൊച്ചു കോളേജ് സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. മുഴുവനായും പണി പൂര്‍ത്തിയാകാത്ത കെട്ടിടം. താഴെ ബസ് സ്റ്റോപ്പില്‍ നിന്നും മുകളില്‍ കോളേജിന്റെ മുറ്റം വരെ മെറ്റല്‍ വഴി. ഒരു ഗേറ്റോ മതിലോ ഇല്ല. ചുറ്റിനും റബ്ബര്‍ കാട്. ഇതായിരുന്നു അന്നത്തെ ബിപിസി. ഒരു തനി നാട്ടിന്‍ പുറമായിരുന്ന പിറവം എന്ന ഗ്രാമം ഒരു കോളേജിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ടുണ്ടായിരുന്ന നാളുകളായിരുന്നു അത്. റബ്ബര്‍ മരങ്ങള്‍ നിറഞ്ഞതാണെങ്കിലും സ്വച്ഛമായ ഒരു ഗ്രാമം. ശബ്ദങ്ങളോ ബഹളങ്ങളോ ഇല്ലാത്ത ചുറ്റുപാടുകള്‍. 'കന്നീറ്റുമല' എന്നറിയപ്പെട്ടിരുന്ന ചെറിയ ഒരു കുന്ന്. അതിന്റെ ഒത്ത മുകളില്‍ ഒറ്റയ്ക്ക് ഒരു കോളേജ്. അതായിരുന്നു ഞങ്ങളുടെ ബിപിസി.
ആകെ മൂന്ന് ബാച്ച് മാത്രം (BCA, BSc Electronics, BBA). എല്ലാത്തിലും കൂടി 500 ല്‍ താഴെ മാത്രം വിദ്യാര്‍ത്ഥികള്‍. ചെറുപ്പക്കാരായ, ചുറുചുറുക്കുള്ള അദ്ധ്യാപകര്‍. കേവലം അദ്ധ്യാപകരും സഹപാഠികളും എന്നതിലുപരി ബിപിസി ഞങ്ങളുടെ കുടുംബമായിരുന്നു. ഒരു സൌഹൃദ കുടുംബം. ക്ലാസ്സെടുക്കുന്ന സമയങ്ങളില്‍ മാത്രം അദ്ധ്യാപകര്‍, അല്ലാത്തപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍. അതായിരുന്നു ബിപിസിയിലെ അദ്ധ്യാപകരുടെ നയം. ഞങ്ങളുടെ മൂന്നു വര്‍ഷത്തിനിടയ്ക്ക് ഒരിയ്ക്കല്‍ പോലും സമരമോ പഠിപ്പു മുടക്കോ ഉണ്ടായിട്ടില്ല എന്ന് പറയുമ്പോള്‍ തന്നെ ആ കലാലയാന്തരീക്ഷം എല്ലാവര്‍ക്കും ഊഹിയ്ക്കാവുന്നതേയുള്ളൂ. അതിന്റെ ആവശ്യം വന്നിട്ടില്ല എന്നതാണ് സത്യം. തിരഞ്ഞെടുപ്പുകാലങ്ങള്‍ പോലും തികച്ചും ശാന്തമായിരുന്നു.
അന്ന് കോളേജിനു സ്വന്തമായി ഒരു ബോയ്‌സ് ഹോസ്റ്റല്‍ ഉണ്ടായിരുന്നില്ല. എന്നെ പോലെ ദൂരദേശങ്ങളില്‍ നിന്നും വന്നിരുന്നവര്‍ കോളേജിനടുത്ത് കിട്ടിയിരുന്ന ഒഴിഞ്ഞ വീടുകളില്‍ വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു പതിവ്. എന്നാല്‍ മറ്റൊരു നാട്ടിലാണ് എന്ന തോന്നല്‍ പോലും ഉണ്ടാകാത്തത്ര സൌഹാര്‍ദ്ദപരമായ അന്തരീക്ഷമായിരുന്നു അവിടെ. ആ നാട്ടിലെ ഒരാളെ എന്ന പോലെ നാട്ടുകാരും ഞങ്ങളെ സ്നേഹിച്ചു, പരിഗണിച്ചു. എല്ലാം കൊണ്ടും നല്ല ഓര്‍മ്മകള്‍ മാത്രം നിറഞ്ഞ മൂന്നു വര്‍ഷം.
ഇപ്പൊഴും ബി പി സി കോളേജിന്റെ ആ ഗ്രൌണ്ട് കാണുമ്പോള്‍ അല്ലെങ്കില്‍ അതെപ്പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ ഒരു അഭിമാനമാണ്... ഞങ്ങളുടെ പഠനകാലത്ത്, NSS ക്യാമ്പിന്റെ ഭാഗമായി കാടു വെട്ടിത്തെളിച്ച് ഗ്രൌണ്ട് നിര്‍മ്മാണത്തിന് തുടക്കമിട്ടത് ഞങ്ങളായിരുന്നു. കാടും പടലും വെട്ടിത്തെളിയ്ക്കുന്ന കൂട്ടത്തില്‍ നായ്‌ക്കുരണ ചെടികള്‍ തിങ്ങി നിന്നിരുന്ന ഒരു സ്ഥലമുണ്ടായിരുന്നു. അത് എന്താണെന്ന് മനസ്സിലാക്കിയപ്പോഴേയ്ക്കും ഞങ്ങള്‍ മൂന്നു നാലു പേര്‍ (ഞാനും സുധിയപ്പനും ജെയ്‌സണ്‍ ചേട്ടനുമെല്ലാം) അതു മുഴുവന്‍ വെട്ടി വെളുപ്പിയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. കാര്യം മനസ്സിലാക്കിയപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. ദേഹത്തെല്ലാം പൊടി വീണു കഴിഞ്ഞു. എങ്കിലും ഞങ്ങള്‍ പിന്മാറിയില്ല. എന്തായാലും ഞങ്ങളുടെ ദേഹത്ത് പൊടി പറ്റിക്കഴിഞ്ഞു. ഞങ്ങള്‍ ഉടനെ മറ്റെല്ലാവരേയും അവിടെ നിന്നും മാറ്റി. എന്നിട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ആ ഏരിയ മുഴുവന്‍ വെട്ടിവെളുപ്പിച്ചു. എന്നിട്ട് വെട്ടി മാറ്റിയ നായ്ക്കുരണ ചെടികള് എല്ലാം ദൂരെ കൊണ്ടു കളഞ്ഞ ശേഷമാണ് ഞങ്ങള്‍ പിന്മാറിയത്. (പിന്നെ അന്നത്തെ ദിവസം മുഴുവന്‍ ചൊറിച്ചിലായിരുന്നു. ഒന്നര മണിക്കൂര്‍ പൈപ്പിന്‍ ചുവട്ടില്‍ തന്നെ നിന്ന് കുളിച്ച ശേഷമാണ് ചെറിയൊരു ആശ്വാസം കിട്ടിയത്).
ഇന്ന് കോളേജിനു മുന്‍പില്‍ കാണുന്ന ഒട്ടു മിക്ക മരങ്ങളും ചെടികളും ഞങ്ങളുടെ കയ്യൊപ്പു പതിഞ്ഞവയാണ്. അന്നത്തെ പ്രിന്‍സിപ്പാള്‍ ആയിരുന്ന ബേബി എം വര്‍ഗ്ഗീസ് സാറിനും തുടര്‍ന്നു വന്ന കെ എം കുര്യാക്കോസ് സാറിനും വളരെ ഇഷ്ടമായിരുന്നു മരം വച്ചു പിടിപ്പിയ്ക്കുന്നത്. അവരുടെ നേതൃത്വത്തില്‍ ഞങ്ങള്‍ നട്ടു പിടിപ്പിച്ച മരങ്ങള്‍ മിക്കതും ഇന്നും അവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. വെറുതേ നടുക മാത്രമല്ല, ഞങ്ങള്‍ പോരുന്ന കാലം വരെ അവധി ദിവസങ്ങളിലെല്ലാം ഇടയ്ക്ക് കോളേജില്‍ പോയി ആ ചെടികളും മരങ്ങളുമെല്ലാം നനയ്ക്കാന്‍ ഞങ്ങള്‍ അക്കാലത്ത് സമയം കണ്ടെത്തിയിരുന്നു, കേട്ടോ. എല്ലാത്തിനും പിന്തുണയായി ബിജു സാറും ടിജി സാറും (NSS) എന്നുമുണ്ടായിരുന്നു.
അതേ പോലെ ഒന്നാം സെമസ്റ്റര്‍ ക്ലാസ്സിലെ രണ്ടു സീലിങ്ങ് ഫാനുകള്‍ ഇന്നും ഞങ്ങളുടെ സ്വകാര്യ സന്തോഷമാണ്. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പിരിവിട്ട് വാങ്ങിയതായിരുന്നു അവ. അന്ന് അവ ഫിറ്റ് ചെയ്ത ദിവസം ഫിസിക്സ് വാദ്ധ്യാര്‍ ആയിരുന്ന സന്തോഷ് സാര്‍ ഞങ്ങളെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. “നിങ്ങള്‍ ഈ കോളേജില്‍ നിന്നും പോയാലും വര്‍ഷങ്ങളോളം നിങ്ങളുടെ ഓര്‍മ്മയ്ക്കായി ഇവ ഇവിടെയുണ്ടാകും”. അത് സത്യമാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു.
1999 ല്‍ ആദ്യമായി ആ കലാലയത്തിന്റെ പടിയ്ക്കല്‍ ബസ്സിറങ്ങി പകച്ചു നിന്നതും... ഇളകിക്കിടക്കുന്ന വലിയ മെറ്റല്‍ പാകിയ, ഇരു വശങ്ങളിലും റബ്ബര്‍ മരങ്ങള്‍ മാത്രം വളര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ കുറച്ച് ആയാസപ്പെട്ട് കോളേജ് സ്ഥിതി ചെയ്യുന്ന കന്നീറ്റുമല എന്നറീയപ്പെടുന്ന ആ കുന്നു കയറിയതും... മറ്റു വമ്പന്‍ കോളേജുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ താരതമ്യേന ചെറുതായ ആ കോളേജ് കെട്ടിടം കണ്ട് അതിശയിച്ചതും... അദ്ധ്യാപകരുള്‍പ്പെടെയുള്ള അന്നാട്ടുകാരുടെയും അതിനു തെക്കുള്ളവരുടെയും പരിചിതമല്ലാത്ത ഭാഷ കേട്ട് അന്തം വിട്ടതും (അതേ പോലെ എന്റെ ചാലക്കുടി ഭാഷ കേട്ട് അവരും)... താമസിയ്ക്കാനായി ഒരു വീട് നോക്കി കുറേ ദൂരം അലഞ്ഞു നടന്നതും... വീട്ടുകാരെയും ബന്ധുക്കളെയും എല്ലാം വിട്ട് ആദ്യമായി മാറി താമസിച്ചതും... പതുക്കെ പതുക്കെ ആ നാടിനെയും നാട്ടുകാരെയും കോളേജിനെയും ആ ചുറ്റുപാടുകളെയും ഇഷ്ടപ്പെട്ടതും... പിന്നീടുള്ള 3 വര്‍ഷക്കാലം ജീവശ്വാസം പോലെ ഞങ്ങളുടെ ബി പി സി കോളേജിനെ സ്നേഹിച്ചതും... അവിടത്തെ ഓരോ ആഘോഷ ദിവസങ്ങളുടെയും തലേന്ന് ഉറക്കമിളച്ച് കവല മുതല്‍ കോളേജിന്റെ മുറ്റം വരെ കുഴിയെടുത്ത്, പോസ്റ്റുകള്‍ നാട്ടി, തോരണങ്ങള്‍ കെട്ടാറൂള്ളതും, കിഴക്കു വെള്ള കീറൂം വരെ കോളേജു മൊത്തം അലങ്കരിയ്ക്കാറുള്ളതും അതു കഴിഞ്ഞ് പിറ്റേ ദിവസം ആഘോഷപരിപാടികള്‍ അവസാനിയ്ക്കുമ്പോഴേയ്ക്കും ക്ഷീണം കാരണം ഉറക്കം തൂങ്ങി തളര്‍ന്ന് ഇരിയ്ക്കേണ്ടി വരാറുള്ളതും... അവിടുത്തെ അവസാന സെമസ്റ്റര്‍ കഴിയുന്നത്ര ആസ്വദിച്ച് അവിസ്മരണീയമായ ദിവസങ്ങളാക്കി മാറ്റിയതും... എല്ലാം... എല്ലാം ഇന്ന് സുഖമുള്ള ഓര്‍മ്മകള്‍!
ഇപ്പോള്‍ ഇരുപത്തി നാലു വര്‍ഷങ്ങള്‍ തികയുകയാണ്. ഇന്ന് ആ പഴയ നിലയില്‍ നിന്നും ഞങ്ങളുടെ ബിപിസി ഒട്ടേറെ വളര്‍ന്നു കഴിഞ്ഞു. രൂപവും ഭാവവും എല്ലാം മാറി. എങ്കിലും എത്രയൊക്കെ മാറിയാലും ഞങ്ങളുടെ മനസ്സില്‍ ബിപിസി എന്നും പഴയ ബിപിസി തന്നെ. വലിയ ടാര്‍ റോഡും നാലഞ്ചു നിലകളുള്ള വലിയ കെട്ടിടവും മതില്‍ക്കെട്ടും ഇരുമ്പു ഗേറ്റും വമ്പന്‍ ഗ്രൌണ്ടും ഒരുപാടു കോഴ്സുകളും എല്ലാമായി ബിപിസി വളര്‍ന്നു. പഴയ സഹപാഠികളില്‍ ഭൂരിഭാഗം പേരും ഈ കാലയളവിനുള്ളില്‍ കുടുംബസ്ഥരായിക്കഴിഞ്ഞു. നല്ലൊരു ശതമാനം പേരും ഇന്ന് നാട്ടിലില്ല. അടുത്ത സുഹൃത്തുക്കളെ അടിയ്ക്കടി കാണാറുണ്ടെങ്കിലും സോഷ്യൽ മീഡിയകളിലൂടെ ഉള്ള ചാറ്റും ഫോൺ സംഭാഷണങ്ങളിലും മാത്രമായി ബാക്കിയുള്ളവരുമായുള്ള ബന്ധം ചുരുങ്ങി.
എങ്കിലും, വര്‍ഷം എത്ര കഴിഞ്ഞാലും വേറെ എത്രയെത്ര സൌഹൃദങ്ങള്‍ ലഭിച്ചാലും ഞങ്ങള്‍ക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട കലാലയവും സൌഹൃദവും തന്ന ആ നാടും അവിടത്തെ ആ കലാലയവും എന്നും മനസ്സില്‍ ഒളി മങ്ങാതെ നിലനില്‍ക്കും എന്നുറപ്പാണ്. ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസത്തെ സ്മരിച്ചു കൊണ്ട്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തെ സ്മരിച്ചു കൊണ്ട്... ഈ പോസ്റ്റ് ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്കും അന്നത്തെ എല്ലാ സഹപാഠികള്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.
