Saturday, June 11, 2016

കലാലയ സ്മരണകള്‍


ജീവിതത്തില്‍ ഏറ്റവുമധികം ആസ്വദിച്ച കാലമായിരുന്നു ഞാന്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ പിറവം ബി പി സി കോളേജിലെ മൂന്നു വര്‍ഷത്തെ പഠനകാലം. സൌഹൃദങ്ങള്‍ക്ക് ഒരു പുതിയ മാനം കൈവന്നത് അവിടെ വന്നെത്തിയതില്‍പ്പിന്നെ ആയിരുന്നു. ആദ്യമായി വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നുവെങ്കിലും ആ ഒരു ചിന്ത ഒരു വിഷമമായി ഒരിയ്ക്കല്‍ പോലും മനസ്സിലേയ്ക്ക് കടന്നു വരാതിരുന്നത് ബിപിസിയില്‍ നിന്നും എനിയ്ക്കു ലഭിച്ച എന്റെ സുഹൃത്തുക്കളുടെയും അദ്ധ്യാപകരുടേയും സാന്നിദ്ധ്യമായിരുന്നു.

എറണാകുളം ജില്ലയില്‍ കോട്ടയത്തിനോടു ചേര്‍ന്നു കിടക്കുന്ന പിറവത്തെ ആ കലാലയത്തിലേയ്ക്ക് കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്നു ചേര്‍ന്ന ഞങ്ങള്‍ 55 പേര്‍ ഒരുമിച്ച് മൂന്നുവര്‍ഷക്കാലം ഒരേ മനസ്സോടെ ഒരുമയോടെ അവിടെ ചിലവഴിച്ചു. കേവലം അദ്ധ്യാപകരും സഹപാഠികളും എന്നതിലുപരി ബിപിസി ഞങ്ങളുടെ കുടുംബമായിരുന്നു. ചേട്ടന്മാരും ചേച്ചിമാരും അനുജന്മാരും അനുജത്തിമാരുമുള്ള ഒരു സൌഹൃദ കുടുംബം. പഠനത്തിലും കുസൃതികളിലും കലാപരിപാടികളിലും ഞങ്ങള്‍ മികച്ചു നിന്നിരുന്നതിനാല്‍ അദ്ധ്യാപകര്‍ക്കിടയിലും ഞങ്ങളുടെ ബാച്ചിന് നല്ല സ്ഥാനം തന്നെ ഉണ്ടായിരുന്നു. അവസാ‍നം ആഘോഷങ്ങളുടെ, നേട്ടങ്ങളുടെ, ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ത്ത, ആത്മാര്‍ത്ഥ സൌഹൃദങ്ങളുടെ മൂന്നുവര്‍ഷക്കാലത്തിനൊടുവില്‍ 2002ല്‍ ഞങ്ങള്‍ക്ക്‍ ഉപരിപഠനത്തിനായി പിരിയേണ്ടി വന്നു.

അന്ന് പിരിയുമ്പോഴും എല്ലാവരും ഉറപ്പു തന്നിരുന്നു, ഇനിയും ഇടയ്ക്കിടയ്ക്ക് ഞങ്ങളെല്ലാവരും വീണ്ടും ഞങ്ങളുടെ ബിപിസിയില്‍ ഒന്നിച്ചു ചേരുമെന്നും ആ പഴയ ബന്ധം എന്നെന്നും നിലനില്‍ക്കുമെന്നും. എന്നാല്‍ ഇതുവരെ ആ ആഗ്രഹം നടന്നിട്ടില്ല. ഇന്ന് ജോലിത്തിരക്കുകളുമായി എല്ലാവരും പലയിടങ്ങളിലാണ്, ഇന്നും. ചുരുക്കം ചിലരൊഴികെ ബാക്കിയെല്ലാവരും കുടുംബസ്ഥരായിക്കഴിഞ്ഞു.

ഇന്നിപ്പോള്‍ ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞു, അവിടെ നിന്നും ഞങ്ങള്‍ പഠിച്ചിറങ്ങിയിട്ട്... സ്വാഭാവികമായും എല്ലാവരും അവരവരുടെ വഴികളിലായി പിരിഞ്ഞു പോയെങ്കിലും അന്നത്തെ സുഹൃത്തുക്കളില്‍ കുറച്ചു പേര്‍ ഇന്നും എന്റെ നല്ല സുഹൃത്തുക്കളാണ്. കുറെപ്പേരുമായി ഇടയ്ക്കിടെ പരിചയം പുതുക്കിക്കൊണ്ടിരിയ്ക്കുന്നു. അതോടൊപ്പം ആ കണ്ണിയില്‍ നിന്നും വിട്ടുപോയ കുറച്ചു പേരെ അന്വേഷിച്ചു കൊണ്ടുമിരിയ്ക്കുന്നു. എന്നെങ്കിലും ഒരിയ്ക്കല്‍ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു കൂടും... ഞങ്ങളുടെ പഴയ ബിപിസിയുടെ മുറ്റത്ത്... ആ ഒത്തുചേരല്‍ എത്രയും വേഗം സാദ്ധ്യമാകട്ടെ എന്നേയുള്ളൂ ഞങ്ങളുടെയെല്ലാവരുടേയും പ്രാര്‍ത്ഥന.

ഒരിയ്ക്കല്‍ കൂടി ഞങ്ങളുടെ ബാച്ചിന്റെ ഓര്‍മ്മയ്ക്ക്... എന്നും സന്തോഷത്തോടെ, ആവേശത്തോടെ എന്നാല്‍ ഒരല്പം നഷ്ടബോധത്തോടെ മാത്രം ഓര്‍മ്മിയ്ക്കുന്ന ആ നല്ല നാളുകളുടെ ഓര്‍മ്മയ്ക്ക്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തിന്റെ... ഞങ്ങളുടെ സ്വന്തം ബിപിസിയുടെ ഓര്‍മ്മയ്ക്ക്...

ഒരു വ്യാഴവട്ടം വിട ചൊല്ലവേ
മിഴിയീറനായെൻ മനം നീറവേ
വെറുതേ വിരിഞ്ഞെൻ മനസ്സിൽ വരും
മധുരിയ്ക്കുമോർമ്മയാണു നീ...

പിറവത്തലഞ്ഞ കാലങ്ങളിൽ
പതിവായ്‌ തിരഞ്ഞ നക്ഷത്രമേ
കനവിൽ തിളങ്ങി മറയാതെ നീ
മിഴികൾക്കു കൂട്ടു നില്‍ക്കുമോ
മിഴികൾക്കു കൂട്ടു നില്‍ക്കുമോ

മറയാൻ തുടങ്ങുമൊരു സന്ധ്യയിൽ
പിറവം പുഴയ്ക്കു മൊഴി ചൊല്ലവേ
ഒരു നേർത്ത തേങ്ങലടിയോടെ വന്നു
മനസ്സും കരഞ്ഞു തീർത്തുവോ
മനസ്സും കരഞ്ഞു തീർത്തുവോ

ഒരു വ്യാഴവട്ടം വിട ചൊല്ലവേ
മിഴിയീറനായെൻ മനം നീറവേ
വെറുതേ വിരിഞ്ഞെൻ മനസ്സിൽ വരും
മധുരിയ്ക്കുമോർമ്മയാണു നീ...

വിധി കാത്തു വച്ചൊരെരി വേനലിൽ
സഹപാഠികൾക്കു നിറ മൗനമായ്‌
അനിവാര്യമായ വിട ചൊല്ലുമെൻ
മനസ്സിന്റെ നോവു മായുമോ
മനസ്സിന്റെ നോവു മായുമോ

ഇടറാതെയെന്റെയീ യാത്രയിൽ
പിരിയാത്ത ചങ്ങാതി കൂട്ടമേ
ഇനിയുള്ള ജന്മമതിലൊക്കെയും
ഒരുമിച്ചു കൂട്ടു ചേർന്നിടാം
ഒരുമിച്ചു കൂട്ടു ചേർന്നിടാം ...

ഒരു വ്യാഴവട്ടം വിട ചൊല്ലവേ
മിഴിയീറനായെൻ മനം നീറവേ
വെറുതേ വിരിഞ്ഞെൻ മനസ്സിൽ വരും
മധുരിയ്ക്കുമോർമ്മയാണു നീ...


[സമ്മർ ഇൻ ബത്‌ലെഹേം എന്ന ചിത്രത്തിലെ 'ഒരു രാത്രി കൂടി...' എന്ന ഈണത്തിനൊപ്പിച്ച്‌ എഴുതാൻ ശ്രമിച്ചത്‌]

21 comments:

  1. ശ്രീ said...

    ഞങ്ങളുടെ ക്യാമ്പസ് എന്ന് എന്നും സ്നേഹത്തോടെ ഓര്‍ക്കാറുള്ള ബി പി സി കോളേജില്‍ ഞങ്ങളുടെ ബാച്ചിന്റെ ഓര്‍മ്മയ്ക്ക്... പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഓര്‍മ്മക്കുറിപ്പ്...

    ബി പി സി യിലെ എല്ലാ സുഹൃത്തുക്കള്‍ക്കും അദ്ധ്യാപകര്‍ക്കും അവിടത്തെ നാട്ടുകാര്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിയ്ക്കുന്നു

  2. Sudheer Das said...

    വായിച്ചൂ. കേട്ടോ.

  3. സുധി അറയ്ക്കൽ said...

    കുറേ കാലം കൂടി ശ്രീ എഴുതുന്നു ല്ലേ!!!!

    നല്ല ഓർമ്മകൾ.

    ആശംസകൾ!!!.

  4. കൊച്ചു ഗോവിന്ദൻ said...

    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
    തനിയേ കിടന്നു മിഴി വാർക്കവേ
    ഒരു നേർത്ത തെന്നലലിവോടെ വന്നു
    ചെവിയിൽ മൊഴിഞ്ഞു ബീപ്പീസീ...
    ചെവിയിൽ മൊഴിഞ്ഞു ബീപ്പീസീ... :)

  5. ramanika said...

    കോളേജ് ജീവിതം എത്ര പഴകിയാലും ഓർക്കുമ്പോൾ ആ നല്ല കാലം നമ്മുടെ കുടെവരും നമ്മൾ നാം അറിയാതെ ആ കാലത്തിലേക്ക് മടങ്ങിയെത്തും പക്ഷെ കൂടെ ദുഖവും ആ നല്ല നാളുകള തിരികെ കിട്ടില്ല എന്ന അറിവ് മൂലം
    ആശംസകൾ

  6. ശ്രീ said...

    സുധീർ ഭായ്‌
    നന്ദി, ആദ്യ കമന്റിന്‌…

    സുധി...
    അതെ. സന്ദർശ്ശനത്തിനും അഭിപ്രായത്തിനും നന്ദി ട്ടോ.

    കൊച്ചു ഗോവിന്ദൻ...
    വളരെ ശരി. ആ ഈണത്തിൽ തന്നെയാണ്‌ എഴുതാൻ ശ്രമിച്ചത്‌.

    രമണിക...
    അതെ, നന്ദി മാഷേ

  7. ജിമ്മി ജോൺ said...

    ബീപ്പീസി പാരഡി കിടുക്കി ശ്രീ... :)

    (പക്ഷേ, കൊച്ചു ഗോവിന്ദൻ ഗോളടിച്ചു... “ചെവിയിൽ മൊഴിഞ്ഞു ബീപ്പീസീ.. :) :) )

  8. വിനുവേട്ടന്‍ said...

    ഈ ശ്രീയെ എന്ത് ചെയ്യണം...? ഗൃഹാതുരത്വത്തിന്റെ ചിറകുകളിലേറ്റി കൊണ്ടുപോയി എന്തിനാ ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കുന്നത്...?

    മനോഹരമായ ആ ഗാനത്തിന്റെ ഈണത്തിലെഴുതിയ ഈ കവിതയും ഗംഭീരം... ശ്രീയുടെ പാടവത്തിനു മുന്നില്‍ നമിക്കുന്നു... ആശംസകള്‍...

  9. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    The most beautiful phase of life. True

  10. ജ്യുവൽ said...

    സുന്ദരമായ ഓർമ്മകൾ.ഹൃദ്യമായ എഴുത്ത്.

  11. വീകെ said...

    ഓർമ്മകൾക്ക് മരണമില്ല ശ്രീ. പിന്നെയും പിന്നെയും തികട്ടി വന്നു കൊണ്ടിരിക്കും. ഇനിയൊരിക്കൽക്കൂടി ആ കലാലയമുറ്റത്ത് കൂടിച്ചേരാൻ അവസരം കിട്ടട്ടെ.
    ആശംസകൾ...

  12. Muralee Mukundan , ബിലാത്തിപട്ടണം said...

    ഒരു വ്യാഴവട്ടം വിട ചൊല്ലവേ
    മിഴിയീറനായെൻ മനം നീറവേ
    വെറുതേ വിരിഞ്ഞെൻ മനസ്സിൽ വരും
    മധുരിയ്ക്കുമോർമ്മയാണു നീ...


    കൊള്ളാം കേട്ടൊ ഈ ഗാനം അല്ല പദ്യം അല്ല കവിത

  13. Geetha said...

    പഴയ കലാലയ ഓർമ്മകൾ മധുരം

  14. ഗൗരിനാഥന്‍ said...

    ആ പാട്ട് അതു പോലെ പാടാന്‍ പറ്റുന്നുണ്ട് ശ്രീ..ഈ മറക്കാനാകാത്ത ഓര്‍മകളല്ലെ ജീവന്റെ ഞരന്പുകള്‍..

  15. വിനോദ് said...

    കുറേക്കാലങ്ങൾക്കു ശേഷമാണ് ശ്രീയുടെ പോസ്റ്റുവായിക്കുന്നത് .... നന്നായിരിക്കുന്നു . ആ ഒത്തുചേരല്‍ എത്രയും വേഗം സാദ്ധ്യമാകട്ടെ എന്നു അകമഴിഞ്ഞു പ്രാർത്ഥിക്കുന്നു ...

  16. sugatha said...

    ആ കലാലയത്തിലാണ് ഞാനും പടിച്ചത്......ശ്രീ ചേട്ടന്റെ വരികള്‍ അവിടുത്തെ ഓര്‍മ്മകള്‍ തിരികെ കൊണ്ടു വന്നു.............

  17. ഹരീഷ് തൊടുപുഴ said...

    See... ippozhum ezhuthikkondirikkunnuvalle... wonder��

  18. നളിനകുമാരി said...

    മധുരിക്കും ഓർമകളെ മലർ മഞ്ചൽ കൊണ്ട് വരൂ

  19. Punaluran(പുനലൂരാൻ) said...

    ജീവിതത്തിലെ ഏറ്റവും നല്ല സമയം.. ഒരു തിരിഞ്ഞുനോട്ടം..നന്നായി ആശംസകൾ.





  20. Punaluran(പുനലൂരാൻ) said...

    ജീവിതത്തിലെ ഏറ്റവും നല്ല സമയം.. ഒരു തിരിഞ്ഞുനോട്ടം..നന്നായി ആശംസകൾ.





  21. Unknown said...

    ജീവിതത്തിലെ ഏറ്റവും നല്ല സമയം https://goo.gl/ed0J5U

    https://goo.gl/xsWrAe