Tuesday, November 1, 2016

ബൈക്ക് മോഷണം


​ഏതാണ്ട് 12.30 ആയിക്കാണും. സുജിത്ത് "എനിയ്ക്ക് വിശക്കുന്നു" എന്ന് പറഞ്ഞ് ബഹളം വച്ചു തുടങ്ങിയപ്പോഴാണ് ആ വസ്തുത എനിയ്ക്കും ബാധകമാണല്ലോ എന്ന് ചിന്തിച്ചത്. കാരണം എനിയ്ക്കും വിശന്നു തുടങ്ങിയിരിയ്ക്കുന്നു. രാവിലത്തെ ദോശയുടെ എഫക്റ്റ് തീര്‍ന്നു എന്നര്‍ത്ഥം.

പിന്നെ, രണ്ടാമതൊന്ന് ആലോചിയ്ക്കാന്‍ നിന്നില്ല, അവന്റെ കൂടെ കൂടാം എന്ന് തീരുമാനിച്ചു. ഓഫീസില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ പുറകിലെ ഗേറ്റിനടുത്ത് ഒന്നു രണ്ട് മലയാളി ഹോട്ടലുകള്‍ ഉണ്ട്. അവിടമാണ് ലക്ഷ്യം. വല്ലപ്പോഴും നിവൃത്തിയില്ലെങ്കില്‍ മാത്രമേ ഓഫീസ് കാന്റീനില്‍ തല വയ്ക്കാറുള്ളൂ...​

അങ്ങനെ ഞാനും സുജിത്തും കൂടി ദില്ലുവിനെ[ദിലീപിനെ] കൂടി വിളിച്ചു... എന്നാല്‍ പതിവു പോലെ അവന്‍ ആ ക്ഷണം നിരസിച്ചു. [മിക്കവാറും അവന്‍ വീട്ടില്‍ പോയിട്ടേ കഴിയ്ക്കാറുള്ളൂ]. എന്നാല്‍ പോകാന്‍ തുടങ്ങിയ ഞങ്ങളെ തിരികെ വിളിച്ച് ബൈക്കിന്റെ കീ നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു " വേണേല്‍ എന്റെ ബൈക്കും കൂടെ കൊണ്ടു പൊയ്ക്കോടാ, നിങ്ങള്‍ രണ്ടാളല്ലേ ഉള്ളൂ. ഈ വെയിലും കൊള്ളണ്ട. മാത്രമല്ല, രണ്ടു പേര്‍ക്ക് വേണ്ടി കാറെടുക്കേണ്ടല്ലോ, പിന്നെ കാറും കൊണ്ട് പോയാല്‍ തിരിച്ചു വരുമ്പോള്‍ ചിലപ്പോ പാര്‍ക്കിങ്ങിന് സ്ഥലം കിട്ടിയില്ലെന്ന് വരും"

ശ്ശോ! ഈ ദില്ലന്‍ ഇത്ര മഹാനായിരുന്നോ എന്ന് എനിയ്ക്കും സുജിത്തിനും മനസ്സില്‍ തോന്നി.  ആ കീയും നീട്ടി നില്‍ക്കുന്ന ദില്ലന്റെ തലയ്ക്ക് പിന്നിലായി ഒരു "ഓറ" പ്രത്യക്ഷപ്പെടുന്നില്ലേ എന്ന് വരെ അന്നേരം സംശയം തോന്നി. "താഴെ പാര്‍ക്കിങ്ങില്‍ സ്റ്റെപ്പ് ഇറങ്ങി ചെല്ലുന്നിടത്ത് മുന്നില്‍ തന്നെ കാണാം എന്റെ ബ്ലാക്-റെഡ് CBZ" എന്നും പറഞ്ഞ് അവന്‍ കീ സുജിത്തിനെ ഏല്‍പ്പിച്ചു. കീയും വാങ്ങി ദില്ലന്റെ മഹാമനസ്കതയെ പുകഴ്ത്തി ഞങ്ങള്‍ നേരെ താഴേയ്ക്ക് വച്ചു പിടിച്ചു.

താഴെ പാര്‍ക്കിങ്ങില്‍ ചെല്ലുമ്പോള്‍ ദില്ലന്റെ സ്ഥിരം സ്ഥലത്ത് ആ വണ്ടി ഇരിപ്പുണ്ട്. പതിവു പോലെ ചെറിയൊരു മല്പിടുത്തത്തിനു ശേഷം സുജിത്ത് വണ്ടി സ്റ്റാന്റില്‍ നിന്ന് ഇറക്കി സ്റ്റാര്‍ട്ട് ആക്കി. കുറച്ചു കഷ്ടപ്പെട്ടായാലും ലോക്ക് ചെയ്ത് വച്ചിരുന്ന ഹെല്‍മെറ്റും എടുക്കാനായി.  [ ഡ്രൈവിങ്ങ് തുടങ്ങിയാല്‍ പുപ്പുലി ആണെങ്കിലും കാറായാലും ബൈക്ക് ആയാലും ഒന്ന് സ്റ്റാര്‍ട്ട് ചെയ്തു കിട്ടണമെങ്കില്‍ സുജിത്തിന് പരസഹായം വേണ്ടി വരാറുണ്ടെന്നുള്ളത്  പാണന്മാര്‍ പാടി നടക്കാറുളള ഒരു സത്യമാണ്]

എന്തായാലും വണ്ടിയും കൊണ്ട് ഞങ്ങള്‍ നേരെ മലയാളി ഹോട്ടലില്‍ പോയി, സുഭിക്ഷമായി ഭക്ഷണവും കഴിച്ച് 1 മണി ആയപ്പോള്‍ തിരിച്ച് ഓഫീസിലെത്തി. താഴെ പാര്‍ക്കിങ് അപ്പോഴേയ്ക്കും ഫുള്‍ ആയെന്ന് സെക്യൂരിറ്റി പറഞ്ഞതിനാല്‍ പുറത്ത് ഒരു മരച്ചുവട്ടില്‍ പെട്ടെന്ന് കാണുന്നിടത്തായി വണ്ടി പാര്‍ക്ക് ചെയ്ത് ഓഫീസില്‍ എത്തി, കീ തിരിച്ച് ദില്ലുവിനു തന്നെ ഒരു ചൂടന്‍ താങ്ക്‍സിനോടൊപ്പം കൊടുത്തു. വണ്ടി മുകളിലെ പാര്‍ക്കിങ്ങ് സ്പേസില്‍ ആണെന്ന് അവനെ അറിയിയ്ക്കാനും മറന്നില്ല.

മണി രണ്ടായപ്പോള്‍ ദില്ലു വീട്ടില്‍ പോകാനിറങ്ങി. ഒരു അഞ്ചു മിനുട്ട് കഴിഞ്ഞു കാണും, എന്റെ മൊബൈലില്‍ അവന്റെ കോള്‍. "വണ്ടി എവിടെ വച്ചെന്നാടാ പറഞ്ഞത്? ഇവിടെങ്ങും കാണാനില്ലല്ലോ"

ഞാന്‍ ഒന്നു കൂടി വച്ച സ്ഥലം വിശദമായി വിവരിച്ചു കൊടുത്തു. എന്നിട്ടും അവന് വണ്ടി കണ്ടു പിടിയ്ക്കാന്‍ ഒക്കുന്നില്ല. ഇതു കേട്ടു കൊണ്ട് നില്‍ക്കുകയായിരുന്ന സുജിത്ത്"ഇങ്ങ് തന്നേ... ഞാന്‍ പറഞ്ഞു കൊടുത്തോളാം" എന്നും പറഞ്ഞ് എന്റെ കയ്യില്‍ നിന്ന് മൊബൈല്‍ തട്ടിപ്പറിച്ചു. അടുത്ത രണ്ടു മിനുട്ട് അവന്റെ വക വിവരണം... എന്നിട്ടും ദില്ലന് വണ്ടി കണ്ടെത്താനാകുന്നില്ല. ഇതിനകം രണ്ടു വട്ടം വെയിലത്ത് ആ ഏരിയ മൊത്തം കവര്‍ ചെയ്തു കഴിഞ്ഞു എന്നും പറഞ്ഞ് അവന്‍ ചീത്ത വിളിയ്ക്കാനും തുടങ്ങി.

"അവന്‍ നമ്മുടെ പിതാക്കന്മാരെ സ്മരിയ്ക്കാന്‍ തുടങ്ങും മുമ്പ് അങ്ങ് ചെന്ന് ആ വണ്ടി എടുത്തു കൊടുത്തേക്കാം" എന്നും പറഞ്ഞ് സുജിത്ത് എന്നെയും വിളിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. ഞാനും സമയം കളയാതെ പുറകേ വച്ചു പിടിച്ചു.

ഞങ്ങള്‍ താഴെ ചെന്നു നോക്കുമ്പോഴുണ്ട്, ദില്ലന്‍ വണ്ടിയും തിരഞ്ഞ് നടക്കുന്നു. ഞങ്ങള്‍ നേരെ വണ്ടി പാര്‍ക്ക് ചെയ്ത ഇടത്തേയ്ക്ക് ചെന്ന് രണ്ടാമത്തെ വണ്ടി ചൂണ്ടിക്കൊണ്ട് പറഞ്ഞു - "ദേ ഇരിയ്ക്കുന്നെടാ നിന്റെ വണ്ടി!" അതു പറഞ്ഞ ശേഷമാണ് ഒന്നു കൂടെ വണ്ടിയിലേയ്ക്ക് നോക്കുന്നത്. അവിടെ ഞങ്ങള്‍ പാര്‍ക്ക് ചെയ്ത CBZ നു പകരം അവിടെയതാ ഒരു Passion Plus ഇളിച്ചോണ്ട് ഇരിയ്ക്കുന്നു.

ഞങ്ങള്‍ രണ്ടു പേരും മോശമില്ലാത്ത രീതിയില്‍ ഒന്നു ഞെട്ടി. ITPL ല്‍ TCS ന്റെ പാര്‍ക്കിങ്ങ് ഏരിയ യില്‍ നിന്ന് Handle Lock ചെയ്തു വച്ചിരുന്ന ഒരു വണ്ടി പൊടുന്നനേ അപ്രത്യക്ഷമാകുകയോ??? impossible!!!

ഞങ്ങളുടെ ഞെട്ടല്‍ കണ്ട ദില്ലനും ഗംഭീരമായി ഒന്നൂടെ ഞെട്ടല്‍ പങ്കു വച്ചു. " എന്താടാ, ഇവിടെ തന്നെ ആണോ നിങ്ങള്‍ വണ്ടി വച്ചത്?"


ഞങ്ങളുടെ വളിച്ച മുഖം കണ്ടപ്പോഴേ ദില്ലനു കാര്യം പിടി കിട്ടി. മറുപടിയ്ക്കൊന്നും കാത്തു നില്‍ക്കാതെ അവന്‍ തൊട്ടപ്പുറത്തു കണ്ട സെക്യൂരിറ്റിക്കാരനോട് പറഞ്ഞു " ഭയ്യാ, ഇവിടെ വച്ചിരുന്ന എന്റെ വണ്ടി കാണുന്നില്ല"

​"വണ്ടി കാണുന്നില്ലേ? എവിടെ വച്ചിരുന്നതാണ്?" എന്നും ചോദിച്ചു കൊണ്ട് ആ സെക്യൂരിറ്റിക്കാരന്‍ അടുത്തേയ്ക്ക് വന്നു. അവന്‍ കൈ ചൂണ്ടിയ സ്ഥലത്തേയ്ക്ക് നോക്കിയിട്ട് കുറച്ചൊരു അമ്പരപ്പോടെ ചോദിച്ചു "ഇവിടെയോ? ഒരു CBZ ആണോ?"

ഞങ്ങള്‍ മൂന്നു പേരും കോറസ്സ് ആയി മറുപടി പറഞ്ഞു "അതേ, ഒരു CBZ തന്നെ"

"അത് കുറച്ചു മുന്‍പ് ഒരാള്‍ വന്ന് എടുത്തോണ്ട് പോയല്ലോ" - സെക്യൂരിറ്റി​


​ഞങ്ങള്‍ മൂന്നു പേരും പിന്നെയും ഞെട്ടി. ദില്ലു സംശയത്തോടെ ചോദിച്ചു "അതെങ്ങനെ? വണ്ടിയുടെ കീ എന്റെ കയ്യിലല്ലേ?" അവന്‍ കീ ഉയര്‍ത്തി കാണിച്ചു.

"അയാളുടെ കയ്യിലും കീ ഉണ്ടായിരുന്നു. അയാള്‍ കുറേ നേരം വണ്ടി അന്വേഷിച്ചു നടന്നു എന്നും പറഞ്ഞു " - സെക്യൂരിറ്റി.

​അപ്പോള്‍ ഞങ്ങള്‍ക്ക് ആകെ കണ്‍ഫ്യൂഷനായി. ഞങ്ങള്‍ മൂന്നു പേരും നേരെ താഴെ പാര്‍ക്കിങ്ങ് ഏരിയയിലേയ്ക്ക് ഓടി. അവിടെ ചെന്ന ഉടനെ ഞങ്ങള്‍ ദിലീപിന്റെ വണ്ടി വച്ചിരുന്ന സ്ഥലത്ത് ചെന്നു നോക്കി. ആ വണ്ടി ഇരുന്ന സ്ഥലത്ത് അതാ വേറേ വണ്ടി ഇരിയ്ക്കുന്നു.

എന്നാല്‍ ദിലീപ് തൊട്ടപ്പുറത്തെ വരിയിലേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു "ദാ, ഇരിയ്ക്കുന്നു എന്റെ വണ്ടി... അതും ഞാന്‍ വച്ച അതേ സ്ഥലത്ത്. അപ്പോള്‍ നിങ്ങള്‍ ആരുടെ വണ്ടിയാടാ എടുത്തോണ്ട് പോയത്?"

അപ്പോഴാണ് ഞങ്ങള്‍ക്ക് കാര്യം പിടി കിട്ടിയത്. ദില്ലന്റെ വണ്ടി ഇരുന്നതിന് തൊട്ടപ്പുറത്തെ വരിയില്‍ ഇരുന്ന അതേ പോലത്തെ മറ്റൊരു വണ്ടിയാണ് ഞങ്ങള്‍ എടുത്തോണ്ട് പോയത്. വണ്ടി വച്ചിരിയ്ക്കുന്ന സ്ഥലവും മോഡലും കളറും അല്ലാതെ നമ്പര്‍ ചോദിയ്ക്കാനോ നോക്കാനോ ഞങ്ങള്‍ മെനക്കെട്ടതുമില്ലല്ലോ.

സമയം കളയാതെ നേരെ മുകളില്‍ പോയി സെക്യൂരിറ്റിയോട് കാര്യം പറഞ്ഞു. വണ്ടി കണ്ടപ്പോള്‍ അയാളും ചിരിയായി. ഇതേ കളര്‍ വണ്ടി, ഒരേ സ്ഥലത്ത് സ്ക്രാച്ചു പോലും ഉണ്ടല്ലോ... തെറ്റിപ്പോയതില്‍ കുറ്റം പറയാനൊക്കില്ല എന്നും പറഞ്ഞ് അയാള്‍ ഞങ്ങളെ സെക്യൂരിറ്റി ഗേറ്റിലേയ്ക്ക് പറഞ്ഞു വിട്ടു. മറ്റേ വണ്ടിയുടെ ഉടമസ്ഥന്‍ അവിടെ ഒരു പരാതി എഴുതി കൊടുത്തിട്ടുണ്ടത്രെ. അയാള്‍ വച്ചിടത്തല്ല വണ്ടി കുറേ കഴിഞ്ഞപ്പോള്‍ കണ്ടെത്തിയത് എന്നും പറഞ്ഞ്.

ഞങ്ങള്‍ ഉടനേ അവിടെ ചെന്ന് കാര്യം പറഞ്ഞു. വൈകാതെ അവര്‍ ആ വണ്ടിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എഴുതി കൊടുത്തിട്ടു പോയ മൊബൈല്‍ നമ്പറില്‍ അയാളെ വിളിച്ചു. ഒട്ടും വൈകിയില്ല, അവര്‍ രണ്ടു പേര്‍ അതേ ബൈക്കില്‍ സ്ഥലത്തെത്തി. അതേ മോഡലിലും കളറിലുമുള്ള ദില്ലന്റെ വണ്ടി അവിടെ കണ്ടപ്പോള്‍ തന്നെ വന്നവര്‍ക്കും കാര്യം മനസ്സിലായി. ഞങ്ങള്‍ നേരെ ചെന്ന് അവരോട് അബദ്ധം പറ്റിയതില്‍ മാപ്പു ചോദിച്ച് തടിയൂരി. ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ ഒരു ചോദ്യം "മലയാളികള്‍ ആണോ" എന്ന്. "അതെ" എന്ന മറുപടി കേട്ടപ്പോള്‍ "എന്നാല്‍ കുഴപ്പമില്ല" എന്ന് ചിരിച്ചു കൊണ്ട് മറൂപടി.

ആ സമയം കൊണ്ട് സെക്യൂരിറ്റിക്കാരന്‍ രണ്ടു പേരുടെയും കയ്യില്‍ നിന്ന് കീ വാങ്ങി മാറ്റി ഇട്ടു നോക്കി. ദിലീപിന്റെ കീ വച്ച് മറ്റേ വണ്ടി അപ്പോഴും സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിച്ചു. മറിച്ച് മറ്റേ കീ ദിലീപിന്റെ വണ്ടിയില്‍ വര്‍ക്ക് ആകുന്നുമുണ്ടായിരുന്നില്ല. ആയതിനാല്‍ രണ്ടാമത്തെ വണ്ടിയുടെ ലോക്കിങ്ങ് സിസ്റ്റത്തിന് എന്തോ കമ്പ്ലയിന്റ് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും വൈകാതെ അത് മാറ്റുന്നതാണ് നല്ലതെന്നും ഉപദേശിച്ച് സെക്യൂരിറ്റിക്കാരും ചിരിച്ചു കൊണ്ട് സ്ഥലം വിട്ടു.

​അബദ്ധം പറ്റിയതാണെങ്കിലും മലയാളികളുടെ തന്നെ വണ്ടിയായതിനാല്‍ അടി കിട്ടാതെ രക്ഷപ്പെട്ടതിലുള്ള ആശ്വാസത്തില്‍ ഞാനും സുജിത്തും തിരിച്ച് ഓഫീസിലേയ്ക്കും പോന്നു. അന്ന് വൈകുന്നേരം സുജിത്തിന്റെ സ്വന്തം കാറില്‍ ഞങ്ങള്‍ തിരിച്ച് പോരും നേരവും അതേ സെക്യൂരിറ്റിക്കാരനെ വഴിയില്‍ കണ്ടു. ഞങ്ങളെ നോക്കി ചിരിച്ചെങ്കിലും "ഇനി ഇതും വല്ലവന്റേം വണ്ടി ആണോടെയ്" എന്ന സ്റ്റൈലിലുള്ള ഒരു നോട്ടം അല്ലേ കക്ഷി ഞങ്ങളെ കണ്ടപ്പോള്‍ നോക്കിയത് എന്നൊരു സംശയം എനിയ്ക്കും സുജിത്തിനും തോന്നാതിരുന്നില്ല.​

23 comments:

 1. ശ്രീ said...

  സത്യമായും ഒരബദ്ധം പറ്റീതാ... ഇത് സ്ഥിരമാക്കാന്‍ ഒരുദ്ദേശ്ശവുമില്ല, കേട്ടോ [ ഈ സംവഭവം അറിഞ്ഞപ്പോള്‍ "വണ്ടി മോഷണം എന്നതൊക്കെ ഇത്ര എളുപ്പം ആണല്ലേ, നിങ്ങള്‍ക്ക് ഇത് ഒരു തൊഴിലാക്കിക്കൂടേ" എന്ന് കശ്മലന്മാരായ ചില സുഹൃത്തുക്കള്‍ പറയുന്നുണ്ടെങ്കിലും]

 2. സന്തോഷ്‌ കോറോത്ത് said...

  :)))

 3. ചച്ചു said...

  കൊള്ളാട്ടോ☺

 4. Anonymous said...

  കർണാടകയിലെ ബൈക്ക് മോഷണ സംഘം

 5. bibin paul said...

  Koode pazhaya changathi illathathu kondu njan angane chodikkunnilla

 6. bibin paul said...

  Kollam Sobhicha, valare nannayittund. Pandu delhi officil vechu ithe sambhavam nadannittund. Oreyoru vyathyasam bike thirike vekkumbo aa pavathine shariyaya udamastan thalli ennu matram. Villan oru bajaj chetak aayirunnu.

 7. ജിമ്മി ജോണ്‍ said...

  അബദ്ധം പറ്റിയതാണത്രേ!! ഇതിവന്മാരുടെ സ്ഥിരം പരിപാടിയാ... വിടരുത്!!

  നില്പും ഭാവവുമൊക്കെ കണ്ടാൽ പറയുമോ, പഠിച്ച കള്ളന്മാരാണെന്ന്..

  (ഇതൊന്നും ഞാൻ പറഞ്ഞതല്ല... ചവിട്ടിക്കൂട്ടുന്നതിനിടയിൽ ആ മലയാളികൾ പറഞ്ഞതാ..)

  അബദ്ധം ആവർത്തിക്കാൻ ഇടവരാതിരിക്കട്ടെ.. :)

 8. Renjith Kumar said...

  :-)

 9. സുധി അറയ്ക്കൽ said...

  ഹാ ഹാ ഹാ.കൊള്ളാമല്ലോ.അടികിട്ടാതിരുന്നത്‌ നന്നായി.

 10. Harinath said...

  കൊള്ളാം...:)

 11. ശ്രീ said...

  സന്തോഷ്‌ കോറോത്ത് ...

  സന്ദര്‍ശനത്തിനും ആദ്യ കമന്റിനും നന്ദി :)

  ചച്ചു ...

  നന്ദി

  Anonymous ...

  ഹഹ അതെ ;)


  bibin paul ...

  കഷ്ടിച്ച് അടി കിട്ടാതെ രക്ഷപ്പെട്ടു എന്നേ ഉള്ളൂ :)

  ജിമ്മിച്ചാ...
  നാറ്റിയ്ക്കരുത് , ഒരു കയ്യബദ്ധം ;)

  Renjith Kumar...

  :-)


  സുധി അറയ്ക്കൽ...

  സത്യം തന്നെ , സുധി :)

  Harinath...

  നന്ദി :)

 12. ഹരിശ്രീ said...

  :)

 13. Muralee Mukundan , ബിലാത്തിപട്ടണം said...

  സാധാരണ മലയാളിക്ക്
  മലയാളി പാര ആകാറാണ്
  പതിവ്. എന്തോ കുരുത്തം എന്ന്
  പറഞ്ഞാൽ മതി കേട്ടോ Small കള്ളന്മാരെ .

 14. Muralee Mukundan , ബിലാത്തിപട്ടണം said...
  This comment has been removed by the author.
 15. Areekkodan | അരീക്കോടന്‍ said...

  മൂന്നോ നാലോ ബൈക്ക് ഞങ്ങളുടെ നാട്ടിൽ നിന്നും കാണാതായിട്ടുണ്ട്.അതിലൊന്ന് ബാംഗ്ലൂരിൽ കണ്ടതായും ....ഇതാ കുംഭസാരം തുടങ്ങീക്ക്‌ണു....ഇപ്പോ ശരിയാക്കിത്തരാ....ഹലോ (നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ....)മണ്ണാ‍ാ‍ാങ്കട്ട.

 16. വിനുവേട്ടന്‍ said...

  രസകരമായീട്ടോ...

  ബൈക്കിന്റെ അടയാളം പറഞ്ഞ് കൊടുത്തപ്പോഴേ എനിക്ക് തോന്നിയിരുന്നു ഇത് ഇങ്ങനെയാ‍വാനേ തരമുള്ളൂ എന്ന്... പോസ്റ്റിന്റെ തലക്കെട്ടാണ് ചതിച്ചത്... :)

 17. Typist | എഴുത്തുകാരി said...

  തല്ലു കിട്ടാതെ രക്ഷപ്പെട്ടല്ലോ, ഭാഗ്യം!

 18. Punaluran(പുനലൂരാൻ) said...

  ബൈക്കൊക്കെ എന്താ..ഇപ്പോൾ കുട്ടികളെ വരെ മാറിപ്പോകുന്നു... എഴുത്ത് നന്നായി..ആശംസകൾ
 19. വീകെ said...

  കോഴിയെ കട്ടവന്റെ തലയിൽ പൂടയുണ്ടാകുമെന്ന് കേട്ടിട്ടുണ്ടല്ലെ...!
  അതാ സെക്യൂരിറ്റിക്കാരനെ നോക്കി കണ്ണുരുട്ടാൻ കാരണം.
  ഹൈടെക് കള്ളന്മാർക്കൊക്കെ നാട്ടിലിപ്പോൾ ഒരു തരം വീരാരാധനയാണല്ലൊ.

 20. Dr.Jishnu Chandran said...

  ഹലോ..
  താങ്കളെ വീണ്ടും കണ്ടതില്‍ സന്തോഷം. 2008 ഇല്‍ എന്റെ ബ്ലോഗിന്റെ ആദ്യത്തെ പോസ്റ്റില്‍ കമന്‍റിയവരില്‍ ഒരാളാണ് താങ്കള്‍.

  ഇപ്പൊഴും മുടങ്ങാതെ പോസ്റ്റിടുന്നല്ലോ... വലിയകാര്യം.

  പോസ്റ്റ് വായിച്ചു.. നന്നായി.

 21. ആദി said...

  ഞാനൊരടി പ്രതീക്ഷിച്ച് . കിട്ടാതിരുന്നത് ഭാഗ്യം.
  ബൈക്ക് മോഷണം നന്നായി അവതരിപ്പിച്ചു. ഇഷ്ടായിട്ടോ. ആശംസകൾ

 22. Anonymous said...

  i have also same incident before in Trivandrum Techno park.My luck the original owner didn't arrive untill when i come back

 23. flyon academy said...

  https://goo.gl/ed0J5U
  ഹൈടെക് കള്ളന്മാർക്കൊക്കെ നാട്ടിലിപ്പോൾ ഒരു തരം വീരാരാധനയാണല്ലൊ
  https://goo.gl/xsWrAe