Wednesday, January 4, 2017

ചിക്കമംഗളൂരുവിലെ നായ്ക്കള്‍

ഓഫീസില്‍ നിന്ന് എല്ലാവരും കൂടെ ഒരു യാത്ര പോകാം എന്ന പ്ലാന്‍ ഞങ്ങള്‍ പലപ്പോഴായി പ്ലാന്‍ ചെയ്തിട്ടും നടക്കാതെ പോകുകയാണ് പതിവ്. അവസാനം അത് സാധിച്ചു. ഞങ്ങളുടെ മാനേജര്‍ ബെസന്ത് പ്രൊജക്റ്റ് മാറി പോകുന്നത് ഉറപ്പായ സാഹചര്യത്തില്‍ അതിനു മുന്‍പായി... മുപ്പതോളം പേര്‍ ചേര്‍ന്ന് ചിക്കമംഗളൂര്‍ക്ക് ഒരു രണ്ടു ദിവസത്തെ യാത്ര. രണ്ട് പകലും ഒരു രാത്രിയും അവിടെ തങ്ങേണ്ടി വരും എന്നുള്ളതിനാല്‍ ചിക്കമംഗളൂര്‍ നിന്ന് 20 കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് മാറി മല്ലന്തുര്‍ എന്ന സ്ഥലത്തെ Jungle greens എന്ന റിസോര്‍ട്ട് ബുക്ക് ചെയ്തു. മിനിമം  24 പേര്‍ ഉണ്ടെങ്കില്‍ കോട്ടേജ് മുഴുവനായും ഞങ്ങള്‍ക്ക് തരാം എന്ന് അവര്‍ ഏറ്റിരുന്നു. ഞങ്ങള്‍ ആണെങ്കില്‍ ആഗസ്ത് 27 ശനിയാഴ്ച അതിരാവിലെ തന്നെ എത്തും എന്നും അവരെ അറിയിച്ചിരുന്നു. എന്നാലല്ല്ലേ ആ ഒരു ദിവസം മുഴുവന്‍ ചിലവഴിയ്ക്കാന്‍ കിട്ടൂ...

മുന്‍ നിശ്ചയ പ്രകാരം ബാംഗ്ലൂരില്‍ നിന്ന് 26 ന് രാത്രി 10 മണിയ്ക്ക് തന്നെ ഞങ്ങള്‍ പുറപ്പെട്ടു. അതു കൊണ്ട് പറഞ്ഞതു പോലെ തന്നെ അതി രാവിലെ 4 മണി കഴിഞ്ഞപ്പോഴേയ്ക്കും ഞങ്ങള്‍ ചിക്കമംഗളൂര്‍ കഴിഞ്ഞ് മല്ലന്തുര്‍ എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. റിസോര്‍ട്ടിലേയ്ക്ക് ചെല്ലുന്നതിന്റെ മുന്‍പേ മെയില്‍ വഴിയും ഫോണ്‍ വഴിയും contact ചെയ്തിരുന്നതാണ്. അപ്പോള്‍ അവര്‍ റൂട്ട് മാപ്പും വിവരങ്ങളും തരികയും ചെയ്തിരുന്നു. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് ബസ് ചെല്ലില്ല എന്നും ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരം ജീപ്പ് മാത്രമേ പോകൂ എന്നും അത് അവര്‍ തന്നെ അറേഞ്ച് ചെയ്തോളാം എന്നും ആയിരുന്നു പറഞ്ഞിരുന്നത്. അവര്‍ പറഞ്ഞത് കറക്റ്റ് ആണെന്ന് അവിടെ എത്തിയപ്പോള്‍ മനസ്സിലായി, മല്ലന്തുര്‍ നിന്ന് Jungle Green ന്റെ ബോര്‍ഡ് വച്ചിരിയ്ക്കുന്ന വഴിയിലേയ്ക്ക് ഞങ്ങളുടെ ബസ് തിരിയുക പോലും ഇല്ല. ഒന്ന് ശ്രമിച്ചു നോക്കിയിട്ട് ബസ്‌ ഡ്രൈവറും ആ ശ്രമം ഉപേക്ഷിച്ചു.

അതു കൊണ്ട് അപ്പോള്‍ തന്നെ ഞങ്ങള്‍ റിസോര്‍ട്ടിലേയ്ക്ക് വിളിച്ചു കാര്യം പറഞ്ഞു. അവിടെ ആകെ ഒരു ജീപ്പ് മാത്രമേ ഉള്ളൂ എന്നും രണ്ടു മൂന്ന് ട്രിപ്പ് ആയി എല്ലാവരെയും കൊണ്ടു പോകാം എന്നും അല്‍പ സമയം കാത്തു നില്‍ക്കണമെന്നും അവിടെ നിന്നും അറിയിപ്പു കിട്ടി. ഈ കാത്തു നില്‍പ്പ് ബസ്സിനകത്തു തന്നെ വേണമെന്നില്ലല്ലോ എന്നും പറഞ്ഞ് സുജിത്ത് എന്നെയും വിളിച്ചു കൊണ്ട് ബസ്സില്‍ നിന്ന് താഴെയിറങ്ങി.

നോക്കുമ്പോള്‍ തനി കാട് തന്നെ. അടുത്ത് ഏതോ ഒരു കോഫി എസ്റ്റേറ്റ് മാത്രം, അതിന്റെ അടച്ചിട്ടിരിയ്ക്കുന്ന കൂറ്റന്‍ ഇരുമ്പു ഗേറ്റിന്റെ മുന്നില്‍ ആയിട്ടാണ് ഞങ്ങള്‍ ബസ്സ് നിര്‍ത്തിയിട്ടിരിയ്ക്കുന്നത്. അടുത്തെങ്ങും ഒരു മനുഷ്യ ജീവിയെയോ വീടോ കാണാനില്ല... കുറച്ചു ദൂരെ പട്ടികളുടെ കുര മാത്രം കേള്‍ക്കാം. ഞങ്ങള്‍ അതൊന്നും ഗൌനിയ്ക്കാതെ റോഡില്‍ ഇറങ്ങി നില്‍പ്പായി. അപ്പോഴേയ്ക്കും ഒപ്പം ദിലീപും സനോജും പ്രവീണും വിശാലും ഒപ്പം ഇറങ്ങി വന്നു. എന്തായാലും റിസോര്‍ട്ടില്‍ നിന്ന് വണ്ടി അയയ്ക്കാം എന്ന് പറഞ്ഞതാണല്ലോ. അവര്‍ ഉടനെ വരുമായിരിയ്ക്കും എന്ന് കരുതി ഞങ്ങള്‍ അവരെയും കാത്ത് നില്‍പ്പായി. ബസ്സ് സൈഡിലേയ്ക്ക് ഒതുക്കിയിട്ട് ബസ് ഡ്രൈവറും അപ്പോഴേയ്ക്കും ഞങ്ങളുടെ കൂടെ ഇറങ്ങി വന്നു.

അകലെയെങ്ങോ കേട്ടു കൊണ്ടിരുന്ന പട്ടികളുടെ കുരയുടെ ശബ്ദം അടുത്തടുത്ത് വരുന്നുണ്ടെന്നത് അപ്പോഴാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്. ആ അടച്ചിട്ടിരിയ്ക്കുന്ന ഗേറ്റ് ഉള്ള എസ്റ്റേറ്റില്‍ നിന്നാണ് പട്ടികള്‍ കുരയ്ക്കുന്നത്. ഒന്നു കൂടെ സൂക്ഷിച്ചു നോക്കിയപ്പോള്‍ അകത്ത് കുറച്ച് ദൂരെയായി രണ്ടു കൂറ്റന്‍ പട്ടികള്‍ പ്രത്യക്ഷപ്പെട്ടു. ജര്‍മ്മന്‍ ഷെപ്പേഡ് ആണ്. പതിവില്ലാതെ, നേരം കെട്ട ആ നേരത്ത് അവിടെ വണ്ടിയുടെയും ഞങ്ങള്‍ ആളുകളുടെയും ശബ്ദം കേട്ടതിന്റെ അസ്വസ്ഥത ആണ് ആ പട്ടികള്‍ക്ക് എന്നു തോന്നുന്നു. അവറ്റകള്‍ ഗേറ്റിനടുത്തേയ്ക്ക് സംശയിച്ച് സംശയിച്ച് നീങ്ങുന്നുമുണ്ട്. എങ്കിലും ഗേറ്റ് അടച്ചു പൂട്ടിയിട്ടിരിയ്ക്കുന്നതിനാല്‍ ഞങ്ങള്‍ അപ്പോഴും അതത്ര കാര്യമാക്കിയില്ല.

ഞങ്ങള്‍ റിസോര്‍ട്ടില്‍ നിന്ന് വണ്ടി വരാന്‍ എന്താണ് ഇത്ര താമസം എന്നതിനെ പറ്റി കൂലംകഷമായി ചര്‍ച്ച ചെയ്തു കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ കൂടെ ഇറങ്ങിയ പ്രവീണ്‍ മാത്രം ഞങ്ങളുടെ കൂടെ കൂടാതെ ആ പട്ടികളുടെ നീക്കം ആയിരുന്നു ശ്രദ്ധിച്ചു കൊണ്ടിരുന്നത്. പൊതുവേ കക്ഷി പട്ടികളുമായി അത്ര രസത്തിലല്ല. സനോജിന്റെ വീട്ടില്‍ വളര്‍ത്തുന്ന, പഞ്ചപാവമായ ശ്യാം എന്ന വളര്‍ത്തു പട്ടി പോലും തന്റെ അടുത്തു വരുന്നത് പേടിയാണ് പ്രവീണിന്. അതു കൊണ്ടു തന്നെ അവന്‍ കുറച്ച് ആശങ്കയോടെ ആയിരുന്നു ആ പട്ടികള്‍ ഗേറ്റിനടുത്തേയ്ക്ക് അടുത്തടുത്ത് വന്നു കൊണ്ടിരുന്നത് നിരീക്ഷിച്ചു കൊണ്ടിരുന്നത്.

പട്ടികള്‍ ഗേറ്റിനടുത്ത് എത്തിയപ്പോഴാണ് മറ്റൊരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. ആ ഗേറ്റ് അടച്ചു പൂട്ടി ഇട്ടിരുന്നു എന്നതും അതിന്റെ കമ്പികള്‍ക്കിടയിലൂടെ ഒരു പട്ടിയ്ക്ക് കടന്നു പോകാനാകില്ല എന്നതും ശരിതന്നെ ആയിരുന്നെങ്കിലും മറ്റൊരു അപകടം ഉണ്ടായിരുന്നു...  ആ ഗേറ്റും അത് ഉറപ്പിയ്ക്കാനുള്ള മതിലിന്റെ ഒരു ഭാഗവും ഉണ്ടെന്നല്ലാതെ ആ എസ്റ്റേറ്റിന് ചുറ്റു മതില്‍ എന്നൊരു സാധനമേ ഉണ്ടായിരുന്നില്ല. പകരം അവിടെ നിറയെ കുറ്റിച്ചെടികള്‍ മാത്രമാണ് മതിലിന്റെ രൂപത്തില്‍ ഉണ്ടായിരുന്നത്. പട്ടിയ്ക്ക് മാത്രമല്ല, ഒരു പശുവിന് പോലും അതിനിടയിലൂടെ കടന്നു വരാന്‍ സാധിയ്ക്കുമായിരുന്നു!!!

പട്ടികള്‍ ഗേറ്റിനടുത്ത് എത്തി, ആ കുറ്റിച്ചെടികള്‍ക്കിടയിലൂടെ റോഡിലേയ്ക്ക് ഇറങ്ങാന്‍ ഭാവിയ്ക്കുന്നതു കണ്ട ഉടനെ പ്രവീണ്‍ അപകടം മണത്തു. അവന്‍ തന്നെ ആയിരുന്നു ആ ഗേറ്റിന് ഏറ്റവും അടുത്തായി നിന്നിരുന്നതും. തൊട്ടടുത്ത് ഞങ്ങളുടെ ഡ്രൈവര്‍, അതിനടുത്ത് ഞാനും സനോജും വിശാലും. വണ്ടിയുടെ പിന്‍ ഭാഗത്തോട് ചേര്‍ന്ന് ദിലീപും സുജിത്തും. ബസ് നിര്‍ത്തിയിട്ടിരുന്നത് റോഡിന്റെ ഇടതു വശത്തേയ്ക്ക് ചേര്‍ന്നായിരുന്നു, അതും ബസിന്റെ മുന്‍വശം ആ ഗേറ്റിനോട് ചേര്‍ന്നും.  ഞങ്ങള്‍ എല്ലാവരും നിന്നിരുന്നത് റോഡിന്റെ വലതു വശത്തും. [അവിടെ നിന്ന് പെട്ടെന്ന് ഓടി വണ്ടിയില്‍ കയറുക എന്നത് അസംഭവ്യം എന്ന് സാരം].

ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് പട്ടികള്‍ റോഡിലേയ്ക്ക് പതിയെ ഇറങ്ങാന്‍ ഭാവിയ്ക്കുന്നതും അതോടൊപ്പം പട്ടികളെ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്ന പ്രവീണ്‍ വെട്ടിത്തിരിഞ്ഞ് ഓടാന്‍ തുനിയുന്നതും ആണ്. അതു വരെയും എന്തു കൊണ്ടോ അത്ര അക്രമണ ഭാവത്തോടെ ആയിരുന്നില്ല ആ പട്ടികള്‍ കുരച്ചു കൊണ്ടിരുന്നത്. [അവയുടെ സ്വാഭാവികമായ ജീവിത ശൈലിയില്‍ അന്ന് മാറ്റം വരുത്തുന്ന എന്തൊക്കെയോ ഒച്ചപ്പാടും ആള്‍പ്പെരുമാറ്റവും അവയെ അസ്വസ്ഥരാക്കിക്കാണും, അതിന്റെ ഒരു പ്രതിഷേധം അവ കുരച്ച് അറിയിയ്ക്കുന്നു, അത്രേ ഉണ്ടായിരുന്നുള്ളൂ...] എന്നാല്‍ പ്രവീണിന്റെ പെട്ടെന്നുള്ള പിന്മാറ്റം  അവറ്റകളെയും ചൊടിപ്പിച്ചതു പോലെ... അവന്‍ തിരിഞ്ഞ് ഓടാന്‍ ഒരുങ്ങിയതും അതു മനസ്സിലാക്കിയതു പോലെ, പതുക്കെ റോഡിലേയ്ക്ക് ഇറങ്ങുകയായിരുന്ന ആ രണ്ടു പട്ടികളും അവയുടെ ഗിയര്‍ മാറ്റി അതി വേഗം അവനെ പിന്‍തുടരാന്‍ ഒരുങ്ങിയതും ഒരേ നിമിഷത്തില്‍ ആയിരുന്നു.

ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ഞാന്‍ ആ സമയം കൊണ്ട് ചില കണക്കു കൂട്ടലുകള്‍ നടത്തിക്കഴിഞ്ഞിരുന്നു. ഗേറ്റിനോട് അത്ര അടുത്തായിരുന്നതിനാല്‍ തിരിഞ്ഞോടിയാല്‍ പ്രവീണിനോ ഞങ്ങള്‍ക്കോ എങ്ങോട്ടെങ്കിലും രക്ഷപ്പെടാന്‍ സാധിയ്ക്കുന്നതിലും മുന്‍പ് ആ പട്ടികള്‍ ചുരുങ്ങിയ പക്ഷം പ്രവീണിന്റെ അടുത്തെങ്കിലും എത്തും എന്നത് ഉറപ്പായിരുന്നു. അതു കൊണ്ടു തന്നെ "എടാ, ഓടരുത്" എന്നു ഞാന്‍ അവനോട് വിളിച്ചു കൂവി, എങ്കിലും അവന്‍ പ്രാണരക്ഷാര്‍ത്ഥം ഓടാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഒപ്പം ആ പട്ടികള്‍ പിന്‍തുടരാനും.

അപ്പോഴേയ്ക്കും ഇതെല്ലാം കണ്ടു കൊണ്ടു നില്‍ക്കുകയായിരുന്ന ബസ്‌ ഡ്രൈവര്‍ അപകടം മണത്തു, തുറന്നു കിടക്കുകയായിരുന്ന ഡ്രൈവര്‍ സീറ്റിലേയ്ക്ക് ചാടിക്കയറുകയും ആ ഡോര്‍ വലിച്ചടട്ക്കുകയും ചെയ്തു(ദുഷ്ടന്‍!). ബസ്സിന്റെ ഏതാണ്ട് പിന്‍വശത്തോട് ചേര്‍ന്നു നിന്നിരുന്ന ദില്ലുവും സുജിത്തും അന്നേരം കൊണ്ട് ബസ്സിന് പുറകില്‍ കോണി ഉണ്ടോ എന്ന് നോക്കി ഇല്ലെന്ന് മനസ്സിലായി പിറകിലൂടെ മറ്റേ വശത്തുള്ള ഡോറു വഴി അകത്തേയ്ക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ഇത്രയും സംഭവിച്ചത് സെക്കന്റുകള്‍ക്കുള്ളിലായിരുന്നു .

എന്നാല്‍ മുന്‍പില്‍ ഡ്രൈവറുടെ  തൊട്ടടുത്ത് നിന്നിരുന്ന എനിയ്ക്കും സനോജിനും വിശാലിനും രക്ഷപ്പെടാന്‍ വേറെ ഒരവസരവും ഇല്ലായിരുന്നു. പട്ടികള്‍ പിന്‍തുടരുന്ന പ്രവീണിനും.എന്തായാലും ഓടി രക്ഷപ്പെടാനുള്ള സമയം ഇല്ല. പട്ടികള്‍ ആണെങ്കില്‍ കുതിച്ചെത്തിക്കൊണ്ടിരിയ്ക്കുകയാണ് താനും.

വേറെ വഴിയൊന്നും ഇല്ലാത്തതിനാല്‍ ഞാന്‍ രണ്ടും കല്‍പ്പിച്ച് സനോജിനോട് പറഞ്ഞു... " സനോജേ, അനങ്ങരുത്... അങ്ങനെ തന്നെ നില്‍ക്ക്".

അപ്പോഴേയ്ക്കും അതിവേഗം പ്രവീണിനടുത്തേയ്ക്ക് പാഞ്ഞടുക്കുകയായിരുന്ന പട്ടികള്‍ ഒരു മിന്നായം പോലെ ഞങ്ങളെ കടന്നു പോകുകയായിരുന്നു. തൊട്ടടുത്ത നിമിഷം അവ പ്രവീണെ ചാടിപ്പിടിച്ചേക്കും എന്ന് തോന്നിയ ആ നിമിഷം തന്നെയാണ് അവ അനങ്ങാപ്പാറ പോലെ നില്‍ക്കുകയായിരുന്ന ഞങ്ങള്‍ മൂന്നു പേരെ ശ്രദ്ധിയ്ക്കുന്നത്. (ഞാനും സനോജും അനങ്ങാതെ നില്‍ക്കുന്നതു കണ്ട വിശാല്‍ ഞങ്ങളുടെ പുറകില്‍ അതേ പോലെ അനങ്ങാതെ നില്‍പ്പുണ്ടായിരുന്നു എന്നത് ഞാനും അപ്പോഴാണ് ശ്രദ്ധിച്ചത്). ഞങ്ങള്‍ ഓടാതെ അനങ്ങാതെ നില്‍ക്കുന്നതു കണ്ടതു കൊണ്ടോ എന്തോ അവയും പെട്ടെന്ന് ഭാവം മാറി. അതു വരെ കുരച്ച് പിന്നാലെ പാഞ്ഞ ആ രണ്ടു കൂറ്റന്‍ പട്ടികളും വാലാട്ടിക്കൊണ്ട് ഞങ്ങളുടെ മൂവരുടെയും ചുറ്റും മണത്തു കൊണ്ട് ദേഹം ഉരുമ്മി ചുറ്റി നടക്കാനാരംഭിച്ചു.

സൌഹൃദ ഭാവത്തോടെ അവ ഞങ്ങളെ മുട്ടിയുരുമ്മി എങ്കിലും അവിടം മുഴുവന്‍ ചെളിയായിരുന്നതിനാല്‍ അവയെ തൊടാന്‍ ശ്രമിയ്ക്കണ്ട എന്ന് ഞാന്‍ സനോജിനോട് പറയുമ്പോഴേക്കും വിശാല്‍ അതിലൊന്നിനെ വാത്സല്യത്തോടെ തഴുകുകയും അതേ സമയം ആ പ്ട്ടി സ്നേഹം മൂത്ത് ചെളിയില്‍ പുതഞ്ഞ അതിന്റെ രണ്ടു മുന്‍കാലുകളും ഉയര്‍ത്തി വിശാലിന്റെ നെഞ്ചില്‍ വയ്ക്കുകയും ചെയ്തത് ഒരുമിച്ചായിരുന്നു. രണ്ട് കാലില്‍ നില്‍ക്കുമ്പോള്‍ ഏതാണ്ട് വിശാലിന്റെ തോളൊപ്പം പൊക്കം വരുന്ന അത്രയ്ക്ക് വലുപ്പം ഉണ്ടായിരുന്നു അവയ്ക്ക്. ദേഹം മൊത്തം ചെളി ആയെങ്കിലും വിശാല്‍ ചിരിച്ചു കൊണ്ട് നിന്നു. (ഞാനും സനോജും മലയാളത്തില്‍ 'തൊടരുത്' എന്ന് പറഞ്ഞത് കന്നഡിഗ ആയ വിശാലിനു മനസ്സിലായില്ലായിരുന്നു).

അപ്പോഴേയ്ക്കും അന്തരീക്ഷത്തിന്റെ ഘനം കുറഞ്ഞു. ഞങ്ങളെ ബസ്സിലെ ജനലുകളിലൂടെ ശ്രദ്ധിയ്ക്കുകയായിരുന്ന സഹപ്രവര്‍ത്തകര്‍ എല്ലാം ഈ പട്ടികളുടെ മാറ്റം ആസ്വദിയ്ക്കാനും ചിരിച്ച് പ്രോത്സാഹിപ്പിയ്ക്കാനും ഒക്കെ തുടങ്ങി. ആ പട്ടികള്‍ ആണേല്‍ ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏവരെയും അതിശയിപ്പിച്ചു കൊണ്ട് നമ്മുടെയൊക്കെ വീടുകളിലെ പട്ടികള്‍ എന്ന പോലെ ഞങ്ങളോട് വളരെയധികം അടുത്തു. മാത്രമല്ല, അവ റിസോര്‍ട്ട് എത്തും വരെ ഞങ്ങളെ അനുഗമിയ്ക്കുകയും പിന്നെയും തിരിച്ച് പോകാന്‍ മടിച്ച് അവിടെ കുറേ നേരം കൂടെ തങ്ങുകയും ചെയ്തു.

അതിനിടയില്‍ വിശാല്‍ എന്റെയും സനോജിന്റെയും അടുത്തു വന്ന് അഭിനന്ദിയ്ക്കുന്ന മട്ടില്‍ പറഞ്ഞു "പ്രവീണ്‍ ഓടാന്‍ തുടങ്ങിയപ്പോ ഞാനും പേടിച്ച് പോയതായിരുന്നു. ഓടിയാലോ എന്ന് കരുതുമ്പോഴാണ് ശ്രീയും സനോജും ധൈര്യപൂര്‍വ്വം ഓടാതെ നില്‍ക്കുന്നത് ശ്രദ്ധിച്ചത്. അതു കൊണ്ടാണ് ഞാനും ഓടാതിരുന്നത്" എന്ന്... [ബസ്സിലുണ്ടായിരുന്ന മറ്റു ചില സുഹൃത്തുക്കളും എന്റെയും  സനോജിന്റെയും ധൈര്യത്തെ പുകഴ്ത്തി പറയുന്നുണ്ടായിരുന്നു]

എവിടെ! വേറെ ഒരു നിവൃത്തിയും ഇല്ലാത്ത ഒറ്റക്കാരണം കൊണ്ടാണ് ഞാന്‍ ഓടാതിരുന്നത് എന്ന് ആരറിയാന്‍...! അതേ പോലെ "സനോജെ, ഓടരുത്" എന്ന് പറഞ്ഞപ്പോള്‍ സനോജ് പറഞ്ഞ മറുപടി "ഓടില്ല, ഓടണമെന്ന് കരുതിയാലും പറ്റുകേമില്ല. പക്ഷേ, ഞാന്‍ പേടിച്ച് മുള്ളിപ്പോയോ" എന്ന് സംശയമുണ്ട് എന്നായിരുന്നു എന്നും ഞങ്ങള്‍ക്ക് മാത്രമല്ലേ അറിയൂ...

19 comments:

  1. ശ്രീ said...

    ഈയടുത്ത് നടത്തിയ ചിക്കമംഗളൂരു ട്രിപ്പിനിടെ ഉണ്ടായ ഒരു ചെറിയ അനുഭവം...


    എല്ലാ സുഹൃത്തുക്കള്‍ക്കും പുതുവത്സരാശംസകള്‍!

  2. ഹരീഷ് തൊടുപുഴ said...

    Ha ha..gud

  3. Sukanya said...

    ഇന്‍ ഹരിഹര്‍ നഗര്‍ "തോമസ്‌ കുട്ടീ വിട്ടോടാ" കണ്ടപോലെ രസകരമായി എഴുതി.
    ഇന്‍ ചിക്ക്മംഗളൂര്‍ പക്ഷെ "സനോജേ അനങ്ങരുത്." :)

  4. വിനുവേട്ടന്‍ said...

    ആ ഗേറ്റും അത് ഉറപ്പിയ്ക്കാനുള്ള മതിലിന്റെ ഒരു ഭാഗവും ഉണ്ടെന്നല്ലാതെ ആ എസ്റ്റേറ്റിന് ചുറ്റു മതില്‍ എന്നൊരു സാധനമേ ഉണ്ടായിരുന്നില്ല.

    നമ്മുടെ ഇന്ത്യാ ഗേറ്റ് പോലെ.... അല്ലേ...?

    പ്രവീണിന്റെ ഓട്ടം മനസ്സിലോർത്തിട്ട് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല... :)

  5. ശ്രീ said...

    ഹരീഷേട്ടാ... കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ ഈ വഴി... നന്ദി :)

    സുകന്യേച്ചി... അതെയതെ, നന്ദി :)

    വിനുവേട്ടാ... ഇന്ത്യാഗേറ്റ് പോലെ തന്നെ. പ്രവീണിന് പട്ടികളുമായുള്ള സഹവാസം മാത്രം പറ്റില്ല. ഒരിയ്ക്കല്‍ (ഓണത്തിനോ മറ്റോ) നാട്ടിലേയ്ക്ക് പോകാനിരുന്ന അവന് ഫ്രീയായി കാറില്‍ ഒരു യാത്ര തരപ്പെട്ടിട്ടും കാറില്‍ പട്ടി കൂടെ ഉണ്ടാകും എന്ന ഒറ്റക്കാരണം കൊണ്ട് ഇരട്ടി പൈസ കൊടുത്ത് പ്രൈവറ്റ് ബസിന് നാട്ടില്‍ പോയ കക്ഷിയാ :)

  6. Typist | എഴുത്തുകാരി said...

    വെക്കേഷന്‍ ആഘോഷിക്കാന്‍ പോയവര്‍ക്ക് നല്ല ബെസ്റ്റ് സ്വീകരണം.

  7. പിള്ളേച്ചന്‍‌ said...

    German shepherd alle, then u can take one to home too..

  8. ramanika said...

    Pattikalude sweekaranam gambheeram!

  9. Punaluran(പുനലൂരാൻ) said...

    നായ് കഥ സൂപ്പർ..ഒട്ടും ബോറടിച്ചില്ല..നവവത്സരാശംസകൾ..











  10. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഹ ഹ ഹ :)

  11. Muralee Mukundan , ബിലാത്തിപട്ടണം said...

    കൊച്ചു കൊച്ച് അനുഭവങ്ങളെ ശ്രീ എത്ര നാന്നായാണ്
    വരികളിലൂടെ വരച്ച കാട്ടുന്നത് , കൂടാതെ ഇത്തവണ ചിരിയുടെ
    മേമ്പൊടി കൂടി ചേർത്തിയതും വായന വളരെ രസാവഹമാക്കി കേട്ടോ

  12. ഈ വഴിയോരം said...

    "ഞങ്ങള്‍ക്ക് മാത്രമല്ലേ അറിയൂ.." ഇതിപ്പോ ആരും അറിഞ്ഞില്ലല്ലോ..
    എന്തായാലും പട്ടി കടിക്കാൻ ഓടിച്ചാൽ അനങ്ങാതെ നിന്നാൽ മതിയെന്ന സൂത്രം വളരെ രസകരമായി പറഞ്ഞു തന്നതിന് നന്ദി.. :)

  13. Sudheer Das said...

    നര്‍മ്മം കലര്‍ത്തിയ യാത്രാകുറിപ്പ് നന്നായിട്ടോ ശ്രീ.

  14. ശ്രീ said...

    Typist | എഴുത്തുകാരി ...

    നന്ദി, ചേച്ചീ

    പിള്ളേച്ചാ...

    വേണേല്‍ വരുമായിരുന്നു. അത്ര അടുപ്പമായി അവ
    ramanika ...

    നന്ദി മാഷേ
    Punaluran(പുനലൂരാൻ) ...
    വളരെ സന്തോഷം. മാഷേ

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
    :)

    Muralee Mukundan , ബിലാത്തിപട്ടണം ...
    നന്ദി, മുരളി മാഷേ

    ഈ വഴിയോരം ...
    ഇത് എല്ലാടത്തും വര്‍ക്ക് ആകുമോ എന്നുറപ്പില്ല, അന്ന് രക്ഷപ്പെട്ടെന്ന് മാത്രം :)
    വായനയ്ക്കും കമന്റിനും നന്ദി, മാഷേ.

    സുധീര്‍ ഭായ്...
    വളരെ നന്ദി.

  15. സുധി അറയ്ക്കൽ said...



    ഈയടുത്ത കാലത്ത്‌ വായിച്ച്‌ ചങ്കിടിച്ച്‌ പൊട്ടിപ്പോകുമെന്ന് തോന്നിയ പോസ്റ്റ്‌.ആ സ്ഥാനത്ത്‌ ഞാനെങ്ങാനുമായിരുന്നെങ്കിൽ എന്റെ കാറ്റ്‌ അപ്പളേ പോയേനേ.ഹോ.ഓർക്കുമ്പോത്തന്നെ കുളിരു കോരുന്നു.എന്തായാലും രക്ഷപ്പെട്ടല്ലോ!!

    ആ പട്ടികൾ സൗഹൃദഭാവം കാണിച്ചിരുന്നില്ലെങ്കിലോ? എന്തായേനേ അവസ്ഥ? എന്നൊക്കെയാ ഞാൻ ചിന്തിച്ച്‌ പോയത്‌.!!!!"

  16. വീകെ said...

    പട്ടികൾ വരുമ്പോൾ ഓടാതെ നിന്നാൽ മതിയെന്ന വാദം എത്രമാത്രം ശരിയുണ്ട്. മിനിഞ്ഞാന്ന് ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പട്ടികൾ കടിച്ചെടുത്ത് കൊണ്ടു പോയത്..

    എന്തായാലും സംഗതി രസകരമായിരിക്കുന്നു ശ്രീ..
    ആശംസകൾ.....

  17. Geetha said...

    പട്ടിയെ എനിക്കും ഭയങ്കര പേടിയാ. പട്ടിയെ കണ്ടാൽ ഓടരുതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
    അതും പിറകെ ഓടിവരും. എങ്കിലും പ്രവീണിന്റെ ഓട്ടം..... ഹോ.. ശ്രീയുടെ വാക്കുകളിലൂടെ അ ഓട്ടം കണ്ടു.. പാവം.
    എന്നാലും ആ ബസ് ഡ്രൈവർ കൊള്ളാല്ലോ..
    രസകരമായ യാത്രാവിവരണം. ആശംസകൾ ശ്രീ.

  18. Geetha said...

    പട്ടിയെ എനിക്കും ഭയങ്കര പേടിയാ. പട്ടിയെ കണ്ടാൽ ഓടരുതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
    അതും പിറകെ ഓടിവരും. എങ്കിലും പ്രവീണിന്റെ ഓട്ടം..... ഹോ.. ശ്രീയുടെ വാക്കുകളിലൂടെ അ ഓട്ടം കണ്ടു.. പാവം.
    എന്നാലും ആ ബസ് ഡ്രൈവർ കൊള്ളാല്ലോ..
    രസകരമായ യാത്രാവിവരണം. ആശംസകൾ ശ്രീ.

  19. Unknown said...

    പട്ടിയെ കണ്ടാൽ ഓടരുതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
    അതും പിറകെ ഓടിവരും. എങ്കിലും പ്രവീണിന്റെ ഓട്ടം\
    VISIT
    https://goo.gl/xsWrAe