Saturday, June 3, 2017

ജൂണ്‍ മാസത്തിലെ മഴയോര്‍മ്മകള്‍


ജൂണ്‍ മാസങ്ങള്‍ എന്നും മനസ്സിലുണര്‍ത്തുന്നത് തകര്‍ത്തു പെയ്യുന്ന ഇടവപ്പാതിയുടെ ഓര്‍മ്മകളാണ്.  ഒപ്പം പുസ്തകങ്ങളെ മാറോടടക്കിപ്പിടിച്ച് ഒരൊറ്റ കുടയില്‍ രണ്ടും മൂന്നും ചങ്ങാതിമാരോടൊപ്പം നനഞ്ഞൊട്ടിയ സ്കൂള്‍ യൂണിഫോമും ധരിച്ച് പള്ളിക്കൂടത്തിലേയ്ക്കുള്ള യാത്രകളും.

ഓരോ വര്‍ഷത്തെയും ആദ്യത്തെ അദ്ധ്യയന ദിവസം മഴയുടെ അകമ്പടിയോടെയായിരിയ്ക്കും... ഒന്നാം ക്ലാസ്സുകളില്‍ ആദ്യമായി ചേരാന്‍ വരുന്നവരാണെങ്കില്‍ അച്ഛനമ്മമാരെ കാണാതാകുമ്പോള്‍  മഴയോടും മത്സരിച്ച് ക്ലാസ്സ് മുറികളില്‍ ആര്‍ത്തലച്ച് ' പെയ്യാന്‍ ' തുടങ്ങിക്കാണും.

ഞാന്‍‌ ഒന്നാം ക്ലാസ്സു മുതല്‍‌ മൂന്നാം ക്ലാസ്സു വരെ പഠിച്ചിരുന്ന കൊരട്ടി കോണ്‍‌വെന്റ് സ്കൂളിന്റെ ജൂണ്‍ മാസ ഓര്‍മ്മകളിലായാലും അതിനു ശേഷം നാലു മുതല്‍ പത്തു വരെ പഠിച്ചിരുന്ന വാളൂര്‍ സ്കൂളിന്റെ ജൂണ്‍ മാസ ഓര്‍മ്മകളിലായാലും മഴ ഒഴിച്ചു കൂടാനാകാത്ത കൂട്ടുകാരനായിരുന്നു. തകര്‍ത്തു പെയ്യുന്ന മഴയില്‍ സ്കൂള്‍ ഗേറ്റ് കടക്കുമ്പോഴേയ്ക്കും കാണാം, നിരവധി കുടകള്‍ മുട്ടിയുരുമ്മി പല ക്ലാസ്സുകളിലേയ്ക്കായി വഴി തിരിഞ്ഞു പോകുന്നത്... ഇടയ്ക്കിടെ ഓരോ വര്‍ണ്ണക്കുടകളും. എനിയ്ക്ക് ഒരിയ്ക്കലും വര്‍ണ്ണക്കുടകള്‍ ഉണ്ടായിരുന്നില്ല. (2 ഫോള്‍ഡ് 3 ഫോള്‍ഡ് കുടകളും അക്കാലത്ത് ആര്‍ക്കും ഉണ്ടായിരുന്നില്ല).  ചില്ലു കൊണ്ടുള്ള പിടിയുള്ള, തുണി കൊണ്ടുള്ള ശീലയില്‍ അച്ഛന്‍ എന്റെ പേര് വെളുത്ത നൂലില്‍ തുന്നിത്തന്ന, നരച്ചു തുടങ്ങിയ ഒരു കുടയാണ് എന്റെ സ്വന്തം കുടയായി മനസ്സില്‍ ആദ്യമെത്തുന്നത്. 

ഓരോ ക്ലാസ്സ് റൂമിന്റെയും വാതില്‍ക്കല്‍ നനഞ്ഞൊലിയ്ക്കുന്ന കുടകളെല്ലാം ചാരി വച്ചിട്ടുണ്ടാകും. ക്ലാസ്സ് റൂമിനകത്തും ബഞ്ചുകളിലും ഡസ്കുകളിലുമെല്ലാം ചാറ്റല്‍മഴ പാടുകള്‍ കാണാം. അവിടവിടെയായി ഓടിനിടയില്‍ കൂടി മഴത്തുള്ളികളും വീഴുന്നുണ്ടാകും... മഴശല്യം കാരണം ബഞ്ചും ഡസ്കുമെല്ലാം നിര തെറ്റിച്ച് ഇടുന്നതും ഒരൊറ്റ ബഞ്ചില്‍ അഞ്ചാറു പേര്‍ വരെ തിക്കിത്തിരക്കി ഇരിയ്ക്കേണ്ടി വരുന്നതുമെല്ലാം മഴക്കാലത്തിന്റെ മാത്രം പ്രത്യേകതകളായിരുന്നു. ഒപ്പം, കുറച്ചു നേരം വൈകി ക്ലാസ്സിലെത്തുന്നതിന്റെ പേരില്‍ കുട്ടികള്‍ക്ക് ടീച്ചര്‍മാരുടെ ചീത്ത കേള്‍ക്കാതെ രക്ഷപ്പെടാന്‍ പറ്റുന്നതും യൂണിഫോം (ഉണങ്ങാത്തതു കൊണ്ട്) നിര്‍ബന്ധമല്ലാതാകുന്നതും പലപ്പോഴും ശക്തമായ മഴയുടെ ചറപറ ശബ്ദവും ഇടി മുഴക്കങ്ങളും കാരണം ക്ലാസ്സെടുക്കാന്‍ പോലുമാകാതെ അദ്ധ്യാപകര്‍ ചില പിരിയഡുകളില്‍ പഠിപ്പിയ്ക്കാതെ വെറുതേയിരിയ്ക്കാറുള്ളതും എല്ലാം പലപ്പോഴും  മഴയുടെ പേരില്‍ കിട്ടാറുള്ള സൌജന്യങ്ങളില്‍ പെടാറുണ്ട്.

മഴക്കാലത്തെ കളികളെ കുറിച്ചാണെങ്കില്‍ പെരുമഴയത്ത് ഗ്രൌണ്ടിലിറങ്ങിയുള്ള ഒരു ഫുട്‌ബോള്‍ കളിയുണ്ട്. അതാണ് ഏറ്റവും ആവേശകരമായ ഓര്‍മ്മകളിലൊന്ന്. ചെളിവെള്ളത്തിലും മറ്റും അറിഞ്ഞും അറിയാതെയും തെന്നി വീണും സുഹൃത്തുക്കളെ തള്ളിവീഴ്ത്തിയും മറ്റും കളിച്ചിരുന്ന ആ കളിയോളം ആസ്വാദ്യകരമായി മറ്റൊന്നും തോന്നിയിട്ടില്ല.

അപൂര്‍വ്വമായാണെങ്കിലും ചില മഴക്കാലങ്ങളില്‍ ആലിപ്പഴം പെയ്യാറുണ്ടായിരുന്നു. കയ്യിലെടുക്കുമ്പോഴേയ്ക്കും അലിഞ്ഞു പോകാവുന്നത്ര ചെറിയ ഐസുകട്ടകള്‍... [ആലിപ്പഴം പെയ്യുന്നത് നല്ല പോലെ കാണാനും കയ്യിലെടുത്ത് പരിശോധിയ്ക്കാനും സാധിച്ചത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ ബാംഗ്ലൂര്‍ വന്നതിനു ശേഷമാണ്]

അതു പോലെ മറക്കാനാകത്ത ഒന്നാണ് വീട്ടില്‍ നിന്ന് സ്കൂളിലേയ്ക്കും തിരിച്ചുമുള്ള നടത്തം.  മഴ വെള്ളത്തില്‍ കളിച്ചും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഓടി വന്ന് ഒരു കാലു കൊണ്ട് തടുത്ത്, അതേ സമയം തന്നെ മറ്റേ കാലു കൊണ്ട് പടക്കം പൊട്ടിയ്ക്കുന്നതും കെട്ടി നില്‍ക്കുന്ന വെള്ളം ചാലു കീറി കണ്ട പറമ്പിലേയ്ക്കൊഴുക്കുന്നതും റോഡരുകില്‍ കാണുന്ന തവളകളുടേയും മറ്റും പുറകേ പോകുന്നതും യാത്രയ്ക്കിടെ കാണുന്ന പാടശേഖരത്തില്‍ വെള്ളം കയറുന്നതിന്റെ അളവ് നോക്കാന്‍ പോകുന്നതും അക്കൂട്ടത്തില്‍ മീനോ മറ്റോ ഉണ്ടോ എന്ന് നോക്കിയിരിയ്ക്കുന്നതും അങ്ങനെയങ്ങനെ എന്തെല്ലാം ഓര്‍മ്മകള്‍...

വെള്ളം കയറി റോഡു ഗതാഗതം തടസ്സപ്പെട്ട് ഒന്നോ രണ്ടോ ദിവസങ്ങള്‍ വിദ്യാലയങ്ങള്ക്ക്  അവധി കിട്ടാറുള്ളതെല്ലാം ഉത്സവക്കാലം പോലെയാണ്. അതിനു വേണ്ടി കാത്തിരിയ്ക്കാറുണ്ടെന്നതാണ് സത്യും. അന്നേരം വീട്ടില്‍ വെള്ളം കയറി കഷ്ടപ്പെടുന്ന പാവങ്ങളെ കുറിച്ച് ആലോചിയ്ക്കാനോ അവരുടെ കഷ്ടപ്പാടുകളെ കുറിച്ച് ചിന്തിയ്ക്കാനോ ഒന്നുമുള്ള അറിവില്ലായിരുന്നു.

പിന്നീട് വളര്‍ന്ന് വരും തോറും മഴയുടെ കൂടെ കളിയ്ക്കാന്‍ പറ്റാതായി. സ്കൂള്‍ പഠനകാലത്തിനു ശേഷം പ്രിഡിഗ്രി കാലത്തും മഴയും നനഞ്ഞ് ക്ലാസ്സില്‍ പോകേണ്ടി വന്നിട്ടുണ്ടെങ്കിലും ഒന്നര മണിക്കൂര്‍ നനഞ്ഞ് ബസ്സിലിരിയ്ക്കേണ്ടി വരുന്നതും മറ്റും ആസ്വദിയ്ക്കാന്‍ പറ്റിയിട്ടില്ല. പിറവത്ത് പഠിയ്ക്കുന്ന കാലത്ത്  മഴ നനഞ്ഞ് ക്ലാസ്സില്‍ പോകേണ്ടി വന്നിട്ടില്ലെങ്കിലും പലപ്പോഴും മഴയത്ത് ക്രിക്കറ്റ് കളിയ്ക്കാറുണ്ട്. തഞ്ചാവൂരെ രണ്ടു വര്‍ഷത്തെ പഠനകാലത്തും മഴയെക്കാള്‍ പൊരിവെയിലായിരുന്നു പലപ്പോഴും കൂട്ട്.

ഇപ്പോള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വല്ലപ്പോഴും നാട്ടില്‍ പോകുമ്പോള്‍ വീടിന്റെ ടെറസ്സില്‍ കയറി നിന്ന് മഴയും നനഞ്ഞ് കുറച്ചു നേരം കിടക്കാറുള്ളതോ പറമ്പിലോ പാടത്തോ നടക്കുമ്പോള്‍ ചാറ്റല്‍ മഴ ആസ്വദിയ്ക്കാറുള്ളതോ ഒക്കെയായി ആ ശീലങ്ങള്‍ ചുരുങ്ങിക്കഴിഞ്ഞു.

എങ്കിലും, മനസ്സില്‍ ഓര്‍മ്മകളുടെ പെരുമഴക്കാലം സമ്മാനിച്ചിട്ട് കടന്നു പോയ ആ കുട്ടിക്കാലം ഇന്നും അതേ മിഴിവോടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഇന്നും തകര്‍ത്തു പെയ്യുന്ന ജൂണ്‍ മാസത്തിലെ മഴ എന്നെ ആ പഴയ കാലത്തിന്റെ ഇളം ചൂടു പകരുന്ന സുഖമുള്ള ഓര്‍മ്മകളിലേയ്ക്ക് കൊണ്ടു പോകുന്നു...

36 comments:

 1. ശ്രീ said...

  ​​
  ചിലപ്പോഴൊക്കെ മഴ കണ്ടു കൊണ്ടങ്ങനെ വെറുതേ ഇരിയ്ക്കുമ്പോള്‍ വലിയ സന്തോഷമാകും മനസ്സില്‍ തോന്നുക... വേറെ ചിലപ്പോള്‍ പെയ്യുന്ന മഴ പഴയ കാര്യങ്ങളെക്കുറിച്ചോ മറ്റോ ഓര്‍മ്മിപ്പിയ്ക്കും... ജൂണ്‍ മാസങ്ങള്‍ എന്നും മനസ്സിലുണര്‍ത്തുന്നത് തകര്‍ത്തു പെയ്യുന്ന ഇടവപ്പാതിയുടെ ഓര്‍മ്മകളാണ്. മനസ്സില്‍ ഓര്‍മ്മകളുടെ പെരുമഴക്കാലം സമ്മാനിച്ചിട്ട് കടന്നു പോയ കുട്ടിക്കാലം...

  ഇന്നും തകര്‍ത്തു പെയ്യുന്ന ജൂണ്‍ മാസത്തിലെ മഴ എന്നെ ആ പഴയ കാലത്തിന്റെ ഇളം ചൂടു പകരുന്ന ഓര്‍മ്മകളിലേയ്ക്ക് കൊണ്ടു പോകുന്നു...

 2. Gireesh KS said...

  നനവുള്ള ഓർമകളിലേക്ക് ഊളിയിടുന്ന ഹൃദ്യമായ കുറിപ്പ്..
  ആശംസകൾ...

 3. Dr Premakumaran Nair Malankot said...

  Nalla ormmakal, hrudyamaaya kurippu.

 4. Pradeep Kumar said...

  ശ്രീയുടെ ബ്ളോഗിൽ സാധാരണ വരാറുള്ള ഓർമ്മക്കുറിപ്പുകളിൽ നിന്ന് ഏറെ വ്യത്യസ്ഥമായിരിക്കുന്നു ഈ മഴയോർമ്മകൾ. ഇതിലെ ഓരോ വരിയും ഞാൻ അനുഭവിച്ചതും, കൺനിറയെ കണ്ടതുമാണ്. ഓരോ മലയാളിയുടേയും മനസ്സിലുള്ള ഗൃഹാതുരമായ മഴയോർമ്മകളും ഇതുതന്നെ.....

  പ്രകൃതിയെ അനുഭവിച്ചറിഞ്ഞ ഈ എഴുത്ത് ഏറെ ഹൃദ്യമായി......

 5. ആദര്‍ശ് | Adarsh said...
  This comment has been removed by the author.
 6. ആദര്‍ശ് | Adarsh said...

  മഴയോർമ്മകൾ എന്നും കുളിര് പകരുന്നവയാണ്. .ഒരു പ്രവാസി ആയതിനു ശേഷം "മഴക്കാലം "വെറും ഓർമ്മയായി മാറി എനിക്കും .പക്ഷെ ഈ വർഷം നാട്ടുമഴ നനയാൻ പറ്റും എന്നാണ് പ്രതീക്ഷ.ആ പ്രതീക്ഷയെ ആകാംക്ഷയാക്കി മാറ്റുന്നു ഓർമ്മക്കുറിപ്പുകൾ ..!!

 7. Russel Abdulla said...

  Sreeyude ee post vaayichappol nalla oru mazha nananja pratheethi. 8. Suvis said...

  ശ്രീയുടെ പോസ്റ്റ്‌ വായിച്ചപ്പോൾ ചെന്നൈയിലെ കൊടും ചൂടിലും ഒരു ഇടവപ്പാതി മഴ നനഞ്ഞ സുഖം....

 9. ജിമ്മി ജോൺ said...

  Russel Abdulla എന്ന സുഹൃത്ത് പറഞ്ഞതുപോലെ, ഇത് വായിച്ചുകഴിഞ്ഞപ്പോൾ ഒരു നല്ല മഴ നനഞ്ഞ സുഖം!

  പതിവുപോലെ, ശ്രീയുടെ ഈ ഓർമ്മക്കുറിപ്പുകൾ ബാല്യത്തിലേയ്ക്ക് തിരികെ കൊണ്ടുപോയി.. എല്ലായിടത്തും മഴക്കാലവും, അന്നേരമുള്ള സ്കൂളിൽ‌പ്പോക്ക് ഇതൊക്കെ ഒരുപോലെ തന്നെ ആയിരുന്നു അല്ലേ.. തോടുകളൊക്കെ നിറഞ്ഞൊഴുകുന്നത് കാരണം, ഉച്ച കഴിഞ്ഞ് മഴ പെയ്താൽ ഒരു പീരിയഡ് നേരത്തെ സ്കൂൾ വിടും.. മാനം കറുത്തിരുളുമ്പോൾ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും മുഖം തെളിയും.. :)

  ഒന്നാലോചിച്ചാൽ, നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്!! മഴ നനഞ്ഞും കണ്ട വഴികളിലൊക്കെ അലഞ്ഞ് നടന്നും നമ്മൾ അർമാദിച്ചു.. ഇപ്പോളത്തെ കുട്ടികൾ ഇത് വല്ലതും അറിയുന്നുണ്ടോ?

 10. ജിമ്മി ജോൺ said...
  This comment has been removed by the author.
 11. ശ്രീ said...

  Gireesh KS ...
  ആദ്യ കമന്റിനു നന്ദി

  Dr Premakumaran Nair Malankot ...
  നന്ദി മാഷേ

  Pradeep Kumar ...
  അതെ മാഷേ. ഭൂരിഭാഗം മലയാളികളും കണ്ടനുഭവിച്ചറിഞ്ഞതു തന്നെയാകും ഇതെല്ലാം.

  പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

  ആദര്‍ശ് | Adarsh ...
  കൊള്ളാം, മഴക്കാലം തീരും മുന്‍പേ നാട്ടിലെത്തി പഴയ ഓര്‍മ്മകളെല്ലാം തിരിച്ചു പിടിയ്ക്കാനാകട്ടെ :)

  Russel Abdulla ...
  സ്വാഗതം.
  വായനയ്ക്കും കമന്റിനും നന്ദി

  Suvis ...
  അവിടെ മഴയെത്തിയിട്ടില്ല അല്ലേ? വരും, വരാതിരിയ്ക്കില്ല :)
  നന്ദി, ചേച്ചീ

  ജിമ്മിച്ചാ...
  ശരിയാണ്.
  കഴിഞ്ഞ തവണ നാട്ടില്‍ ഒരു യാത്രയ്ക്കിടയില്‍ മഴ പെയ്യുന്നത് കണ്ട് ഗ്രൌണ്ടില്‍ നിന്ന് ഓടിക്കയറി മാറി നില്‍ക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ ഞാനുമോര്‍ത്തു ഇവരൊക്കെ എന്തിനാണാവോ മഴയെ പേടിയ്ക്കുന്നത് എന്ന്.

  നമ്മെക്കാള്‍ മുന്‍പുള്ള തലമുറ ആസ്വദിച്ചതിന്റെ പകുതി പോലും നമുക്കൊന്നും കിട്ടിയിട്ടില്ല എന്നവര്‍ പറയുന്നു. അപ്പോള്‍ ഈ പുതിയ തലമുറയുടെ കാര്യമോ!!!

 12. ajith said...

  ഒരു കുടയൊക്കെ എത്ര അപ്രാപ്യമായിരുന്നു ബാല്യത്തില്‍. അത് അങ്ങനെയൊരു കാലം

 13. വിനുവേട്ടന്‍ said...

  മനോഹരമായ മഴക്കാലത്തിന്റെ ഓര്‍മ്മ... അത് അതിമനോഹരമായി പകര്‍ത്തിയിരിക്കുന്നു...

  ചില്ല് പിടിയുള്ള അന്നത്തെ കുടകള്‍... ആ ചില്ല് പിടിയ്ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ടായിരുന്നു... ഓര്‍മ്മയുണ്ടോ ശ്രീ?

  പ്രദീപ് കുമാര്‍ പറഞ്ഞത് പോലെ, മദ്ധ്യവയസ്കരായ ഓരോ മലയാളിയും ഈ അനുഭത്തിലൂടെ കടന്നുപോയിട്ടുണ്ടാകും... ഇങ്ങിനിയെത്താത്ത ആ ബാല്യത്തിലേക്ക് ഒരിക്കല്‍ക്കൂടി കൊണ്ടുപോയ ശ്രീയ്ക്ക് ഒരുപാട് നന്ദി...

 14. ശ്രീ said...

  അജിത്തേട്ടാ

  അവധി കഴിഞ്ഞെത്തിയല്ലേ, സന്തോഷം

  വിനുവേട്ടാ
  ശരിയാണ്. ആ ചില്ലു പിടിയുടെ ഗന്ധം ഞാനും ആസ്വദിച്ചിരുന്നു.

 15. habbysudhan said...

  Nostalgic. ..

 16. വീകെ said...

  ആ ചില്ലു പിടിക്ക് നാരങ്ങാമിഠായിയുടെ ഗന്ധമായിരുന്നു..
  എല്ലാം ശ്രീ തന്നെ പറഞ്ഞതു കൊണ്ട് എനിക്കൊന്നും പറയാനില്ല. എന്നാലും ഒന്നുണ്ട് പറയാൻ. സ്കൂളിന്റെ പിറകിലെ അരമതിലിൽ എന്റെ ഒരു 'ഓലക്കുട'യും ഗൌരവത്തോടെ അതിലേറെ തലയെടുപ്പോടെ തൂങ്ങി നിന്നിരുന്നു....!

 17. ഗൗരിനാഥന്‍ said...

  ദാ ഞാനിവിടെ മണ്‍സൂണ്‍ വിസിറ്റിനു കേരളത്തില്‍ പോകാട്ടോ... മകളെ മഴ കൊള്ളിച്ച് പുതിയ തരം പനി പിടിക്കും എന്നും പറഞ്ഞ് നാട്ടിലുള്ളവര്‍ പേടിപ്പിക്കുന്നു..പ്രവാസവും ശ്രീ പറഞ്ഞ പോലത്തെ പൊരി വെയിലും പോകു എന്നും പറയുന്നു..കാലം നമ്മുടെ മഴയാസ്വാദനത്തെ വളരെ അധികം മാറ്റുന്നുണ്ട്.. നാം മാറുന്നതു പോലെ തന്നെ..എന്നാലും മഴ നമ്മുക്കുപ്രിയപെട്ടതു തന്നെ, നന്നായെഴുതി ശ്രീ..

 18. ഹരിശ്രീ said...

  ഹായ്,

  മഴപെയ്തു മാനം തെളിഞ്ഞ നേരം....
  തൊടിയിലെ തൈമാവിന്‍ ചോട്ടില്‍.... ഒരു കൊച്ചു കാറ്റേറ്റു വീണതേന്‍ മാമ്പഴം-ഒരുമിച്ചു പങ്കിട്ട കാലം
  "നമ്മള്‍" ഒരുമിച്ചു പങ്കിട്ട ബാല്യ കാലം...

 19. ഹരിശ്രീ said...

  ഹായ്,

  മഴപെയ്തു മാനം തെളിഞ്ഞ നേരം....
  തൊടിയിലെ തൈമാവിന്‍ ചോട്ടില്‍.... ഒരു കൊച്ചു കാറ്റേറ്റു വീണതേന്‍ മാമ്പഴം-ഒരുമിച്ചു പങ്കിട്ട കാലം
  "നമ്മള്‍" ഒരുമിച്ചു പങ്കിട്ട ബാല്യ കാലം...

 20. sathees makkoth said...

  "മഴ വെള്ളത്തില്‍ കളിച്ചും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഓടി വന്ന് ഒരു കാലു കൊണ്ട് തടുത്ത്, അതേ സമയം തന്നെ മറ്റേ കാലു കൊണ്ട് പടക്കം പൊട്ടിയ്ക്കുന്നതും കെട്ടി നില്‍ക്കുന്ന വെള്ളം ചാലു കീറി കണ്ട പറമ്പിലേയ്ക്കൊഴുക്കുന്നതും റോഡരുകില്‍ കാണുന്ന തവളകളുടേയും മറ്റും പുറകേ" ...

  ഓർമ്മകളുടെ കൃത്യത! അത് ശ്രീയുടെ മാത്രം പ്രത്യേകത. മറക്കാനാവാത്ത ചില ഓർമ്മകളിലേയ്ക്ക് മടക്കിക്കൊണ്ട് പോയതിന്‌ നന്ദി.

 21. പിള്ളേച്ചന്‍‌ said...

  http://digitalpaper.mathrubhumi.com/290092/kochi/18-june-2014#page/29/1

 22. ശ്രീ said...

  habbysudhan...
  വായനയ്ക്കും കമന്റിനും നന്ദി.

  വീകെ...
  ശരിയാണ് മാഷേ.
  വളരെ സന്തോഷം :)

  ഗൗരിനാഥന്‍...
  ഒരു കുഴപ്പവുമില്ല, അവരും നാട് ആസ്വദിയ്ക്കട്ടെ, ചേച്ചീ
  നന്ദി.

  ഹരിശ്രീ...
  അതെ :)

  sathees makkoth...
  വളരെ നന്ദി, സതീശേട്ടാ

  പിള്ളേച്ചന്‍‌...
  കണ്ടില്ലായിരുന്നു, താങ്ക്സ് ഡാ

 23. SREEJITH NP said...

  വെള്ളരികുണ്ടിലെ പാലം വെള്ളത്തില്‍ ഒലിച്ചുപോയി, അവിടെയായിരുന്നു സ്കൂള്‍ വീട്ടില്‍ നിന്നും ഒന്‍പതു കിലോമീറ്റര്‍. പാലം പോയത് കാരണം വണ്ടികള്‍ ഒന്നും ഇല്ല.. ആ മഴയത് ഒന്‍പതു കിലോമീറ്റര്‍ നടന്നു ഞാനും കൂട്ടുകാരും വീട്ടിലേക്ക്. അതൊക്കെ ഒരു ഓര്മ മാത്രമായി അവശേഷിക്കുന്നു. വളരെ നന്നായി ശ്രീ ഈ കുറിപ്പ്. ഓര്‍മ്മകള്‍ ഉണര്‍ത്തി.

 24. ബിലാത്തിപട്ടണം Muralee Mukundan said...

  ഇപ്പോള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വല്ലപ്പോഴും നാട്ടില്‍ പോകുമ്പോള്‍ വീടിന്റെ ടെറസ്സില്‍ കയറി നിന്ന് മഴയും നനഞ്ഞ് കുറച്ചു നേരം കിടക്കാറുള്ളതോ പറമ്പിലോ പാടത്തോ നടക്കുമ്പോള്‍ ചാറ്റല്‍ മഴ ആസ്വദിയ്ക്കാറുള്ളതോ ഒക്കെയായി ആ ശീലങ്ങള്‍ ചുരുങ്ങിക്കഴിഞ്ഞു.

  എങ്കിലും, മനസ്സില്‍ ഓര്‍മ്മകളുടെ പെരുമഴക്കാലം സമ്മാനിച്ചിട്ട് കടന്നു പോയ ആ കുട്ടിക്കാലം ഇന്നും അതേ മിഴിവോടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഇന്നും തകര്‍ത്തു പെയ്യുന്ന ജൂണ്‍ മാസത്തിലെ മഴ എന്നെ ആ പഴയ കാലത്തിന്റെ ഇളം ചൂടു പകരുന്ന സുഖമുള്ള ഓര്‍മ്മകളിലേയ്ക്ക് കൊണ്ടു പോകുന്നു...
  As it is...

 25. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

  കുടയുടെ മണം അല്ല പുതിയ പുസ്തകത്തിന്റെ ആ മണം -- ഹൊ എന്തൊരൊ മദമായിരുന്നു

 26. അമ്പിളി. said...

  എന്നും പ്രിയം മഴ. എഴുതാനും വായിക്കാനുമൊക്കെ. ശ്രീ പറഞ്ഞിരിയ്ക്കുന്ന പോലെ മഴ നനഞ്ഞ ആ നല്ല കാലം ഇനിയില്ല. ഓർമ്മകൾ പേറുന്ന ആർദ്രമായ മനസ്സോടെയല്ലാതെ എനിയ്ക്ക് ഇപ്പോൾ മഴയെ കാണാനോ ആസ്വദിക്കാനോ സാധിയ്ക്കില്ല. എത്ര വലിയ കുട ചൂടി നടന്നാലും അതിൽ ഓർമ്മകളാൽ തുളകൾ വീണു ഞാൻ അടിമുടി നനയും. നല്ല മഴ്ക്കാഴ്ച്ചകൾക്ക് നന്ദി

 27. വിനോദ് കുട്ടത്ത് said...

  ശ്രീ ......ശ്രീയുടെ ശ്രീത്വമുള്ള ഓര്‍മ്മകളിലൂടെ എന്നെ ബാല്യത്തിലേക്ക് തിരിച്ചു കൊണ്ട് പോയി...... ആശംസകൾ.....

 28. കല്ലോലിനി said...

  മനസ്സില്‍ ഓര്‍മ്മകളുടെ പെരുമഴക്കാലം സമ്മാനിച്ചിട്ട് കടന്നു പോയ ആ കുട്ടിക്കാലം ഇന്നും അതേ മിഴിവോടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
  ശ്രീയേട്ടാ... എത്ര മനോഹരമായി എഴുതിയിരിക്കുന്നു.. കൈവിട്ട ബാല്യം.. ഇനി കിട്ടാക്കനി... ഇതിലെ ഓരോ വരിയും ഞാനും അനുഭവിച്ചിട്ടുണ്ട്.
  നന്ദി... ഹൃദ്യമായ ഈ ഓര്‍മക്കുറിപ്പിന്.. ഞാനും നനഞ്ഞു... ഓര്‍മകളുടെ ഒരു കുളിര്‍മഴ....!!

 29. സുധി അറയ്ക്കൽ said...

  നല്ല ഓർമ്മകൾ ശ്രീ...

  ബ്ലോഗിൽ നിന്നും അവധിയെടുത്തിരിക്ക്വാണോ??വിനുവേട്ടന്റെ ബ്ലോഗിൽ മാത്രം കാണാം.??

 30. കപ്പ ത്തണ്ട് said...

  മനോഹരമായ എഴുത്ത്...

 31. Shaheem Ayikar said...

  ഒരു നല്ല ഇളം മഴ നനഞ്ഞ സുഖമുള്ള എഴുത്ത് ... എന്റെ ആശംസകൾ.

 32. Typist | എഴുത്തുകാരി said...

  Kuttikkalathe mazhayum mazhakkalavum. Engine marakkum? Innu dha ippo oru thakarppan mazha kazhinjeyulloo.

 33. അക്ഷരപകര്‍ച്ചകള്‍. said...

  വായിച്ചതു തന്നെയെങ്കിലും ഒന്നുകൂടി വായിച്ചു ശ്രീ.

  സുഖമാണോ?

 34. Farhan Jaseem said...

  പഴയതൊക്കെ മനസ്സിലേക്ക് വന്നു.ഇനി അതൊന്നും ഇല്ലല്ലോ എന്നോർക്കുമ്പോൾ മാത്രമാണ് സങ്കടം.

 35. ARYAPRABHA P S said...

  കണ്ണടച്ചാൽ മുൻപ് പെയ്തൊഴിഞ്ഞ ഏതോ മഴയുടെ താളം എനിക്ക് ഇപ്പോഴും കേൾക്കാം..ഒന്നു വിളിച്ചാൽ ഓടിയെത്താവുന്നത്റ അടുത്താണ് മഴയോർമ..കുളിരും കിനാവുകളും കൂട്ടി മഴ പുറത്തു കനക്കും നേരം അമ്മമ്മയെ കെട്ടിപ്പിടിച്ചു ഞാൻ വെറുതെ ഉറക്കം നടിക്കുമായിരുന്ന കുട്ടിക്കാലം അകലെ നിന്നു കൊതിപ്പിക്കുന്നു...

 36. aradhyaaditi said...

  👍