Tuesday, December 29, 2015

ഓപ്പറേഷന്‍ കാലം

"ഈ ചേട്ടന്‍ ആണ്  ആ  Burr Hole Surgery കേസ് കേട്ടോ"

"Burr Hole? ഇന്ന് ഒരേയൊരു കേസേ പറഞ്ഞിട്ടുള്ളൂ, അത് ഓപണ്‍ സര്‍ജറി ആണല്ലോ"

"ങ് ഹേ! അല്ലല്ലോ!  അങ്ങനല്ലല്ലോ N.I.C.U.  വില്‍ പറഞ്ഞത്?

"ഹേയ്, സത്യമായും അല്ല. ഇത് ഓപണ്‍ സര്‍ജറി തന്നെ ആണ്. രവി ഡോക്ടറുടെ കേസല്ലേ? ഇപ്പോ അവര്‍ വന്ന് confirm ചെയ്ത് പോയതേയുള്ളൂ"

എനിയ്ക്ക് ഞെട്ടാനും പേടിയ്ക്കാനും ടെന്‍ഷനടിയ്ക്കാനുമായി രണ്ടു മിനിറ്റ് പോലും കിട്ടിക്കാണില്ല. അതിനു മുന്‍പ് ആരോ എന്നോട് പറഞ്ഞു - "അനസ്ത്യേഷ്യ  തരുവാണ് ട്ടോ"

ഞാന്‍ തലയാട്ടിയത് ഓര്‍മ്മയുണ്ട്. പിന്നെ ബോധം തെളിയുമ്പോള്‍ തലയുടെ വലതു വശത്ത് അസഹ്യമായ വേദന തോന്നുന്നുണ്ട്. കണ്ണുകള്‍ കഷ്ടപ്പെട്ട് തുറന്നപ്പോള്‍ അടുത്ത് വര്‍ഷയും ഒന്നു രണ്ട് സിസ്റ്റേഴ്സും നില്‍പ്പുണ്ട്. കയ്യുയര്‍ത്തി തലയില്‍ ഒന്ന് തൊട്ടു നോക്കണമെന്ന്  ആഗ്രഹമുണ്ടെങ്കിലും ശരീരം മൊത്തം തളര്‍ന്ന് കിടക്കുന്നതു പോലെയാണ് അപ്പോള്‍ തോന്നിയത്. നല്ല pain തോന്നുന്നുണ്ടെന്നും ബെഡ്ഡില്‍ തലയ്ക്ക് മുകള്‍ ഭാഗത്ത് നില്‍ക്കുന്ന വര്‍ഷയെ കണ്ണു മുകളിലേയ്ക്കാക്കി നോക്കാന്‍ നല്ല ബുദ്ധിമുട്ടു തോന്നുന്നുണ്ടെന്നും പറയണമെന്നുണ്ടായിരുന്നു. പക്ഷേ അതിനെക്കാള്‍ ഉപരിയായി നല്ല ദാഹം തോന്നുന്നുണ്ടായിരുന്നു, മാത്രമല്ല, ചുണ്ടു നനയ്ക്കാന്‍ പോലും വായില്‍ ഒരു തുള്ളി ഉമിനീരു പോലും ഇല്ലെന്നാണ് അപ്പോള്‍ തോന്നിയത്. അതു കൊണ്ട് "ഇത്തിരി വെള്ളം" എന്നു മാത്രമാണ് കഷ്ടപ്പെട്ട് പറഞ്ഞ്  ഒപ്പിയ്ക്കാന്‍ സാധിച്ചത്. എന്നാല്‍ "ഇപ്പൊ വെള്ളം തരാന്‍ പറ്റില്ല ചേട്ടാ, ഓപ്പറേഷന്‍ കഴിഞ്ഞാല്‍ 4 മണിക്കൂര്‍ നേരത്തേയ്ക്ക് വെള്ളം പോലും തരാന്‍ പാടില്ല" എന്ന് അടുത്തു നിന്ന നഴ്സ് പറഞ്ഞതു കേട്ടപ്പോഴേയ്ക്കും വേദന കാരണമോ മരുന്നിന്റെ effect കാരണമോ ഞാന്‍ വീണ്ടും ഉറങ്ങി പോയി [അതോ ബോധം പോയതാണോ].

വീണ്ടും ഉണരുമ്പോള്‍ ആദ്യം അടുത്തു കണ്ട നഴ്സിനോട് ഞാനാദ്യം ചോദിച്ചത് സമയം എത്രയായി എന്നാണ്. ആറേ കാല്‍ എന്ന് കേട്ടപ്പോള്‍ ആശ്വാസമായി. ഏഴാകുമ്പോള്‍ കുറച്ചു വെള്ളം കിട്ടുമല്ലോ. അവസാനം മണി ഏഴായപ്പോള്‍ ആ കിടന്ന കിടപ്പില്‍ തന്നെ അവര്‍ വായിലൊഴിച്ചു തന്ന കുറച്ചു വെള്ളം കുടിച്ചപ്പോള്‍ ആണ് കുറച്ചെങ്കിലും ആശ്വാസമായത്. പിന്നെയാണ് രണ്ടു ദിവസം observation ഇല്‍ ആണ് ഞാനെന്നും അപ്പോള്‍ കിടക്കുന്നത് Post Operative Ward ഇല്‍ ആണെന്നുമൊക്കെ ഞാന്‍ മനസ്സിലാക്കുന്നത്.

അപ്പോഴേയ്ക്കും തലയിലെ വേദനയുമായി ഞാന്‍ ഒരുവിധം സമരസപ്പെട്ടതായി എനിയ്ക്കു തന്നെ തോന്നി. മാത്രമല്ല, ഒരു Brain Surgery കഴിഞ്ഞിട്ട് വേറെ ഒന്നും സംഭവിച്ചില്ലല്ലോ എന്നും ആശ്വസിച്ചു.  ഓപ്പറേഷന്‍ തിയറ്റഠില്‍ കയറുന്നതിന് തൊട്ടു മുന്‍പ് വരെ Keyhole Surgery ആയിരിയ്ക്കും എന്നായിരുന്നല്ലോ ഞാന്‍ (എന്തിന്, NICU വിലെ നഴ്സുമാരും അവിടെ കണ്ട ജൂനിയര്‍ ഡോക്ടര്‍ വരെ) വരെ കരുതിയിരുന്നത്. അതു കൊണ്ടാണല്ലോ കീ ഹോള്‍ സര്‍ജറി എന്നത് അത്ര പേടിയ്ക്കാനൊന്നുമില്ല എന്ന് മനസ്സിലാക്കി തരുന്നതിനായി കക്ഷി ഓപണ്‍ സര്‍ജറിയുടെ ഭീകരതകളും റിസ്കുകളും എന്നോട് വിസ്തരിച്ച് പറഞ്ഞത്. സര്‍ജറിയ്ക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ ഒരു പക്ഷേ രോഗി 'coma' യില്‍ ആകുവാനും ചുരുങ്ങിയ പക്ഷം 'paralysis' ആകുവാനും വരെ സാധ്യതയുണ്ടായിരുന്നുവത്രെ. ഇനി വിജയിയ്ക്കുന്ന കേസുകളില്‍ പോലും ചിലപ്പോള്‍ ഓര്‍മ്മ നഷ്ടപ്പെടലോ സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങളോ വരെ ഉണ്ടാകാന്‍ സാധ്യത ഏറെയായിരുന്നുന്നു.  അതും പോരാതെ ഒരു ഒന്നൊന്നര മാസത്തേയ്ക്ക് fits വരാനുള്ള സാധ്യതയും മുറിവ് ശരിയ്ക്ക് ഉണങ്ങും വരെ infection നുള്ള സാധ്യതകളും വളരെയുണ്ടായിരുന്നു.

എന്തായാലും വേറെ ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ഞാനും ആശ്വസിച്ചു.  അങ്ങനെ സര്‍ജറി കഴിഞ്ഞ് മൂന്നാം നാള്‍ പ്രൈവറ്റ് റൂമിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. എങ്കിലും എഴുന്നേല്‍ക്കാനും നടക്കാനുമൊക്കെ ആരുടെയെങ്കിലും സഹായം ഒഴിവാക്കാനാകില്ലായിരുന്നു. ഭക്ഷണം കഴിയ്ക്കാനും ടോയ്‌ലറ്റില്‍ പോകാനും മാത്രമാണ് ആദ്യത്തെ ഒരാഴ്ച ഞാന്‍ ആശുപത്രി കിടക്കയില്‍ നിന്ന് എഴുന്നേറ്റതു തന്നെ. അപ്പോള്‍ പോലും ഒരു പത്ത് അടി നടക്കുമ്പോഴേയ്ക്കും ശരീരം ആകെ തളരുകയും വല്ലാതെ കിതപ്പ് തോന്നുകയും ചെയ്യുന്ന അവസ്ഥ. കിടക്കുമ്പോഴാണെങ്കിലോ തലയോട്ടിയ്ക്കുള്ളില്‍ എവിടെയോ ഇടിമിന്നല്‍ ഏല്‍ക്കുമ്പോഴെന്നതു പോലത്തെ തല വെട്ടിപ്പൊളിയ്ക്കുന്ന വേദന. രാവിലെയും രാത്രിയും തരുന്ന pain killer ന്റെ ബലത്തില്‍ കഷ്ടിച്ച് ആറു മണിക്കൂര്‍ ഒരു വിധം പിടിച്ചു നില്‍ക്കാം. രാത്രികളില്‍ കഴിയ്ക്കേണ്ട pain killer നു വേണ്ടി ഒരു ഏഴു മണി എങ്കിലും ആയിക്കിട്ടാന്‍ വേദന കടിച്ചമര്‍ത്തി കാത്തിരിയ്ക്കണം. ഏഴരയോടു കൂടി കുറച്ച് കഞ്ഞി കുടിച്ച് മരുന്നും കഴിച്ച് ഉറങ്ങാന്‍ കിടക്കും. പിന്നെ രാത്രി രണ്ട്- രണ്ടര വരെ, ഒരു വശം ചരിഞ്ഞാണെങ്കിലും തളര്‍ന്ന് കിടന്ന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ ഉറങ്ങാം. രണ്ടരയാകുമ്പോഴേയ്ക്കും pain killer ന്റെ സ്വാധീനം കുറയും. അപ്പോള്‍ തലയ്ക്കുള്ളില്‍ എന്തോ കുത്തിയിറങ്ങുന്നതു പോലെ വേദന തുടങ്ങും. എത്ര ശ്രമിച്ചാലും അറിയാതെ പുളഞ്ഞു പോകും, ഞരങ്ങലും മൂളലും കാരണം കൂടെ നില്‍ക്കുന്നവര്‍ ഉറക്കം കളഞ്ഞ് അടുത്തു വന്ന് വിഷമിച്ച് അതും കണ്ടിരിയ്ക്കും. അവര്‍ക്കെന്തു ചെയ്യാനൊക്കും! പിന്നെ നേരം വെളുക്കാനുള്ള കാത്തിരിപ്പാണ്. അടുത്ത ഡോസ് മരുന്നു കിട്ടാന്‍!

വെളിച്ചം, ശബ്ദം, മണം എന്നിവയുടെയൊക്കെ sensitivity ഭയങ്കരമായ തോതില്‍ കൂടിയതു പോലെ. മൊബൈല്‍/ടിവി/പത്രം ഇവയൊന്നും നോക്കാനേ പറ്റുന്നില്ലായിരുന്നു. അതും പോരാഞ്ഞ് ഡബിള്‍ വിഷന്‍ എന്ന പ്രശ്നം. കണ്ണടച്ചു കിടക്കാന്‍ പോലും ബുദ്ധിമുട്ട്! അങ്ങനെ ഏതാണ്ട് രണ്ട് ആഴ്ച! അവസാനം പത്തു ദിവസം കഴിഞ്ഞ് തലയിലെ ബാന്‍ഡേജ് അഴിച്ചു നോക്കി, ഡോക്ടര്‍ അറിയിച്ചു - രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ സ്റ്റിച്ച് വെട്ടി, വീട്ടില്‍ പോകാം. [അങ്ങനെ സ്റ്റിച്ച് വെട്ടാന്‍ നേരത്താണ് തലയിലെ മുറിവിന്റെ ഭീകരത എനിയ്ക്കു തന്നെ ശരിയ്ക്ക് മനസ്സിലായത്.]

അങ്ങനെ പതിമൂന്നു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഞാന്‍ തിരിച്ച് വീട്ടിലെത്തി. പിന്നെ രണ്ടര മാസത്തോളം വീട്ടില്‍ തന്നെ. തല ഒന്നു കുളിയ്ക്കാന്‍ 20 ദിവസം എടുത്തു, എങ്കിലും മൊട്ടത്തലയായതിനാല്‍ കുഴപ്പമൊന്നും തോന്നിയില്ല. infection ആകരുതെന്ന പേടി കാരണം മോളെ പോലും രണ്ടാഴ്ച അടുത്തേയ്ക്ക് വിടാതെ വീട്ടുകാര്‍ ശ്രദ്ധിച്ചു. സന്ദര്‍ശകരെ കഴിവതും ഒഴിവാക്കി. ഏതാണ്ട് ഒന്നര മാസം കഴിഞ്ഞപ്പോള്‍ കുറേശ്ശെ ടിവിയില്‍ ശ്രദ്ധിയ്ക്കാനും പത്രം നോക്കാനുമെല്ലാം കഴിയുമെന്നായി. ഒരു മാസത്തിനു ശേഷം പതുക്കെ പതുക്കെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങി. ഏഴു കിലോ തൂക്കം കുറഞ്ഞിരുന്ന ഞാന്‍ രണ്ടു മൂന്നു മാസം കൊണ്ട് അതും തിരിച്ചു പിടിച്ചു. ഒരു ആശുപത്രിയിലേതെന്ന പോലെ വര്‍ഷയും അച്ഛനുമമ്മയും ചേട്ടനും ചേച്ചിയും ശുശ്രൂഷിയ്ക്കാനും സഹായിയ്ക്കാനും ഉണ്ടായിരുന്നതും ആരോഗ്യം തിരിച്ചു കിട്ടാന്‍ വലിയ സഹായമായി. ഒപ്പം ഓഫീസില്‍ നിന്ന് മാനേജറുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണവും സഹായവും പരിഗണനയും കൂടി കിട്ടിയതിനാല്‍ ജോലിസംബന്ധമായ ബുദ്ധിമുട്ടുകളും ഒഴിവായിക്കിട്ടി. അവസാനം രണ്ടര മാസങ്ങള്‍ക്ക് ശേഷം ഒരു കെട്ട് മരുന്നുകളുമായി ഞാന്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചെത്തി.

ഒരു സാധാരണ തലവേദന പോലെ തുടങ്ങി, ശക്തമായ തലവേദനയും കണ്ണു വേദനയും അവസാനം കൈ വിരലുകളുടെ മരവിപ്പും മറ്റമായി വളര്‍ന്നു വന്നത് തലയില്‍ രക്തം കട്ട പിടിച്ചതു കാരണമാണെന്ന് മനസ്സിലാക്കാന്‍ തക്ക സമയത്ത് സാധിച്ചത് എന്തോ ഒരു ഭാഗ്യം. [[അവസാനം എഴുതിയ ശാപം കിട്ടിയ ഒരു ദിവസം എന്ന പോസ്റ്റിലെ ബുദ്ധിമുട്ടുകളുടെ പ്രധാന കാരണം ഇതായിരുന്നു എന്ന് അന്നറിഞ്ഞിരുന്നില്ല]]. അല്ലായിരുന്നെങ്കില്‍... അന്ന് ഡോക്ടര്‍ പറഞ്ഞതു പോലെ ഒരു ദിവസമോ കുറച്ചു മണിക്കൂറുകളോ വൈകിപ്പോയിരുന്നെങ്കില്‍... ഞാന്‍ വല്ല പരാലിസിസും വന്ന് വീണു പോയ ശേഷമേ തിരിച്ചറിയുമായിരുന്നുളളൂ... അതിനു മുന്‍പ് ഒരു ന്യൂറോ സര്‍ജനെ കണ്ടേക്കാം എന്ന് തോന്നിയ സമയം... അതായിരുന്നു നിര്‍ണ്ണായകമായത്.

ഈ അനുഭവം ജീവിതത്തില്‍ ഒരു കാര്യം കൂടി അടിവരയിട്ട് ഓര്‍മ്മിപ്പിയ്ക്കുന്നു - എത്ര വളര്‍ന്നാലും നമുക്ക് ഒറ്റയ്ക്ക് എന്തും ചെയ്യാന്‍ പറ്റും, അഥവാ മറ്റാരുടെയും സഹായമില്ലാതെ ജീവിയ്ക്കാന്‍ പറ്റും എന്ന ധാരണ തെറ്റാണ്. നേരെ മറിച്ച്, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹവും സഹായവും കൂടെയുണ്ടെങ്കില്‍ എത്ര കഷ്ടപ്പാടുകളെയും നേരിടാനുള്ള ധൈര്യം നമുക്കു ലഭിയ്ക്കും...

അങ്ങനെ ഓര്‍ത്തു വയ്ക്കാന്‍ ഒരിയ്ക്കലും മറക്കാനാകാത്ത വേദനയുടെ കുറച്ചു ദിവസങ്ങള്‍ സമ്മാനിച്ച 2015 കടന്നു പോകുകയാണ്. എങ്കിലും... പ്രതീക്ഷകളുടെ പൊന്‍കിരണങ്ങളുമായി നമ്മെ വരവേല്‍ക്കാന്‍ 2016 കാത്തു നില്‍ക്കുന്നു. എല്ലാവര്‍ക്കും നല്ലതു മാത്രം വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ പുതുവത്സരാശംസകള്‍...

*********
ഓഫ്: ആകെ ഒരു സമാധാനം ഇനി ആരും തലയില്‍ ഒന്നുമില്ല എന്നും പറഞ്ഞ് കളിയാക്കില്ലല്ലോ എന്നതാണ്. ബ്രെയിന്‍ ഉണ്ട് എന്ന് ഈ സര്‍ജറിയിലൂടെ ഞാന്‍ പ്രൂവ് ചെയ്തില്ലേ... ;)