Saturday, October 16, 2010

പാമ്പു പിടുത്തം


​​ ​  1994-95 കാലഘട്ടം. ഞാന്‍‍ എട്ടാം ക്ലാസ്സില്‍‍ പഠിയ്ക്കുന്ന സമയം. അത്യാവശ്യം അല്ലറ ചില്ലറ കുരുത്തക്കേടുകളും കുസൃതികളും ഒക്കെയായി സസുഖം ജീവിച്ചു പോരുന്ന കാലം. എന്റെ ചേട്ടന്‍‍ (ബ്ലോഗര്‍ ഹരിശ്രീ) പണ്ടേ ഡീസന്റായിരുന്നതിനാല്‍‍ എല്ലാ കുസൃതികളും തല്ലുകൊള്ളിത്തരങ്ങളും ഒപ്പിയ്ക്കേണ്ടത് എന്റെ ഒരു അവകാശവും ബാദ്ധ്യതയുമായിരുന്നു. എങ്കിലും സന്തോഷപൂര്‍‍വ്വം ആ കൃത്യം ഞാന്‍ മുടങ്ങാതെ‍ നിര്‍‍വ്വഹിച്ചു പോന്നു. അതിനൊക്കെ ഉള്ള കൂലി അച്ഛന്റെയും അമ്മയുടേയും കയ്യില്‍‍ നിന്ന് കണക്കു പറഞ്ഞ് വാങ്ങിയ്ക്കാറുമുണ്ട്. ഹൊ! അന്ന് വാങ്ങിക്കൂട്ടിയിട്ടുള്ള തല്ലിനും ചീത്ത വിളിയ്ക്കുമൊന്നും നോ ഹാന്‍ഡ് ആന്‍‌ഡ് മാത്ത മാറ്റിക്സ്. (മനസ്സിലായില്ലേ? കയ്യും കണക്കുമില്ലാ എന്ന്)  
അക്കാലത്ത് ഞാനെന്തു നല്ല കാര്യം ചെയ്താലും അത് അവസാനിയ്ക്കുന്നത് മറ്റുള്ളവര്‍‍ക്ക് ഉപദ്രവമായിട്ടായിരുന്നു. അതു കൊണ്ടു തന്നെ എന്തു പരിപാടിയ്ക്കും എന്നെ ആരും ഉള്‍‍പ്പെടുത്താറുമില്ല. എന്നാല്‍‍ എന്തു ചെയ്താലും അവസാനം ചീത്തയേ കേള്‍‍ക്കൂ എന്നു മനസ്സിലാക്കി ഞാന്‍‍ മാറി നില്‍‍ക്കുമോ? അതുമില്ല. എല്ലാത്തിലും പോയി തലയിടും. എങ്കിലും അക്കാലത്ത് നാട്ടുകാരുടേയും വീട്ടുകാരുടേയും ഇടയില്‍‍ അല്പം ഇമേജ് കൂട്ടാന്‍‍ പറ്റിയ ഒരു സംഭവം നടന്നു.  
ചേട്ടന്‍‍ അന്ന് പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുകയാണ്. മാമന്റെ മകനായ നിതേഷ് ചേട്ടന്‍‍ പഠന സൌകര്യാര്‍‍ത്ഥം തറവാട്ടിലുണ്ട്. ‍(മാത്രമല്ല അക്കാലത്ത് കുഞ്ഞച്ഛന്‍ ഗള്‍ഫിലായതു കൊണ്ടും സംഗീത് കൊച്ചു കുട്ടി ആയിരുന്നതു കൊണ്ടും അവിടെ ഒരു സഹായമാകുകയും ചെയ്യും). തറവാട്ടു വീടും ഞങ്ങളുടെ വീടും തമ്മില്‍‍ ഒരു വേലിയുടെ അകലമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഏതോ ഒരു ശനിയാഴ്ച. അച്ഛന്‍‍ ജോലിയ്ക്കു പോയിരിയ്ക്കുകയാണ്. ഞാനും ചേട്ടനും നിതേഷ് ചേട്ടനും സംഗീതും ഞങ്ങളുടെ വീട്ടിലിരുന്ന് കാര്യമായ എന്തോ ചര്‍‍ച്ചയില്‍‍ മുഴുകിയിരിയ്ക്കുകയാണ്(എന്നു വച്ചാല്‍ ഏതോ സിനിമാക്കഥ പറഞ്ഞിരിയ്ക്കുകയായിരുന്നു എന്നു ചുരുക്കം). അമ്മയും ചിറ്റയും അമ്മൂമ്മമാരും വീടിനു പുറകിലെ മുറ്റത്ത് എന്തൊക്കെയോ പണികളും പരദൂഷണങ്ങളും ഒരുമിച്ച് കൊണ്ടു പോകുന്നു.  
പെട്ടെന്നാണ് ചിറ്റ ഓടി അകത്തേയ്ക്കു വന്നത്. ആദ്യം കണ്ടത് എന്നെ. “എടാ ഓടി വാടാ… ദേ അവിടെ മുറ്റത്തൊരു പാമ്പ്” ആകെ വിറച്ചു കൊണ്ട് അത്രയും പറഞ്ഞു. “പാമ്പോ? എവിടെ? ” എന്നും ചോദിച്ചു കൊണ്ട് മറ്റുള്ളവരെയൊന്നും നോക്കാതെ ഞാന്‍‍ വീടിന്റെ മുന്‍‌വശത്തേയ്ക്ക് ഓടി. ഞാന്‍‍ മുന്‍‍‌വശത്തെ മുറ്റത്താണ് പാമ്പ് എന്നു ധരിച്ചിട്ടാണ് ഓടുന്നതെന്നു കരുതിയ ചിറ്റ എന്നെ പിടിച്ചു നിര്‍‍ത്തി ഒന്നൂടെ പറഞ്ഞു “മുന്നിലല്ലെടാ. പുറകു വശത്ത് മോട്ടോര്‍‍ ഷെഡ്ഡിനടുത്താണ്. അങ്ങോട്ട് വാ” എന്ന്.  ‌[ഓഹോ! പിന്‍വാതിലിലൂടെ ചിറ്റ ഓടിക്കയറുന്നതു കണ്ട എനിയ്ക്കറിഞ്ഞു കൂടേ പാമ്പ് അവിടെയാണെന്ന്. ഞാനോടിയത് എന്റെ തടി രക്ഷിയ്ക്കാനാണെന്ന് അവര്‍ക്കറിയില്ലല്ലോ]. 
അപ്പോഴേയ്ക്കും സംഭവമറിഞ്ഞ നിതേഷ് ചേട്ടനും ഒരു വടിയും തപ്പിയെടുത്ത് ഇറങ്ങി. എന്റെ ചേട്ടനും കൂടെ ഇറങ്ങി. എന്തായാലും നിവൃത്തിയില്ലാതെ ഞാനും അവരോടൊപ്പം കൂടി.  നിതേഷ് ചേട്ടന്‍ പണ്ടു മുതല്‍ക്കു തന്നെ പാമ്പു പിടുത്തത്തില്‍ മിടുക്കനാണ്. അതു കൊണ്ട് സാധാരണ പാമ്പിനെ കൊല്ലാനെടുക്കുന്ന നല്ലൊരു ചൂരലുമായി ആശാന്‍ മുന്നിട്ടിറങ്ങി. [അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ പാമ്പുകളെ (ഒറിജിനല്‍) കാണുക എന്നത് തികച്ചും സാധാരണമായതിനാ‍ല്‍ മിക്കവാറും എല്ലാ വീടുകളിലും ഓരോ നല്ല വടിയെങ്കിലും റെഡിയായിരിയ്ക്കും]. ചേട്ടനും ഒരു മുട്ടന്‍ വടിയുമെടുത്ത് കൂടെയുണ്ട്. ഞാനാണെങ്കില്‍ പാമ്പിനെ കണ്ടാല്‍ അടുത്ത വീട്ടിലെ കരുണന്‍ വല്യച്ഛനെ (പുള്ളി പാമ്പ് പിടുത്തത്തില്‍ പുലിയാണ്) അറിയിയ്ക്കുക എന്ന ഒരേയൊരു കാര്യം മാത്രം ചെയ്ത് എങ്ങോട്ടെങ്കിലും സ്കൂട്ടാവുകയാണ് അതു വരെ പതിവ്., പക്ഷേ, ഇത്തവണ രക്ഷയില്ല. അപ്പോള്‍ വീട്ടിലുള്ള ആണ്‍തരികള്‍ ഞങ്ങളാണല്ലോ. ഗതികേടു കാരണം ഞാനും നല്ല നീളവും വണ്ണവുമുള്ള വടി ഒരെണ്ണം സംഘടിപ്പിച്ചു. (സത്യത്തില്‍ എന്റെ ഉദ്ദേശ്ശം പാമ്പിനെ കണ്ടു പിടിച്ച് കൊല്ലുക എന്നതായിരുന്നില്ല, മറിച്ച് എന്റെ അടുത്തേയ്ക്കെങ്ങാനും പാമ്പു വന്നാല്‍ ആത്മ രക്ഷയ്ക്കായി ആ വടി ഉപയോഗിയ്ക്കുക എന്നതായിരുന്നു)  
അമ്മയും ചിറ്റയും അമ്മൂമ്മമാരുമെല്ലാം വീടിനകത്തു കയറി ഭദ്രമായി നില്‍പ്പുണ്ട്. ഗാലറിയില്‍ നിന്ന് കളി കണ്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കോച്ചിനെപ്പോലെ ഇടയ്ക്ക് 'അവിടെ നോക്കെടാ... ഇവിടെ നോക്കെടാ' എന്നൊക്കെ ഉപദേശിയ്ക്കുന്നുമുണ്ട്. കൊച്ചു കുട്ടിയായതിനാല്‍ സംഗീതും അവരുടെ കൂടെ നിന്നതേയുള്ളൂ.  
മുറ്റം നിറയെ വിറകും ഓലയുമെല്ലാം കിടക്കുകയാണ്. ഞങ്ങള്‍ മൂന്നു പേരും അവിടവിടെയായി തിരച്ചില്‍ തുടങ്ങി. പെട്ടെന്ന് വിറകുകള്‍ക്കിടയില്‍ പതുങ്ങിയിരുന്ന പാമ്പ് മോട്ടോര്‍ ഷെഡിനകത്തു കയറി ഒളിച്ചു. മോട്ടോര്‍ ഷെഡിലും നിറയെ സാമാനങ്ങള്‍ ഇരിപ്പുണ്ട്. അതു കൊണ്ട് അതിനിടയില്‍ എങ്ങനെ പാമ്പിനെ തിരയുമെന്നോര്‍ത്ത് ഞങ്ങള്‍ നില്‍ക്കുമ്പോഴേയ്ക്കും നിതേഷ് ചേട്ടന്‍ ധൈര്യപൂര്‍വ്വം ഷെഡ്ഡിനകത്തു നോക്കാമെന്നേറ്റു. പാമ്പിനെ കണ്ട സ്ഥിതിയ്ക്ക് അതിനെ കൊല്ലാതെ വിട്ടാല്‍ അപകടമാണല്ലോ. ഒറ്റ നോട്ടമേ കണ്ടുള്ളൂവെങ്കിലും സാമാന്യം വലിയ പാമ്പായിരുന്നൂ അത്.  
നിതേഷ് ചേട്ടന്‍ അകത്തു കയറി തിരയുമ്പോള്‍ ചേട്ടന്‍ മോട്ടോര്‍ ഷെഡ്ഡിന്റെ വാതിലിനരികെ തയ്യാറായി നിന്നു. ഞാനാണെങ്കില്‍ കുറച്ചു കൂടി മാറി സേഫായ ഒരു സ്ഥലം നോക്കി അലക്കു കല്ലിനരികിലായി നിലയുറപ്പിച്ചു. പെട്ടെന്നെങ്ങാനും പാമ്പ് എന്റെ നേരെ വന്നാല്‍ നേരെ ചാടി അലക്കു കല്ലേല്‍ കയറുക എന്നതായിരുന്നു എന്റെ ലക്ഷ്യം.  
നിതേഷ് ചേട്ടന്‍ മോട്ടോര്‍ ഷെഡ്ഡിനകത്തെ ചാക്കും കുട്ടയും കയറും മറ്റു സാധനങ്ങളുമെല്ലാം ഓരോന്നായി തിരഞ്ഞ് പുറത്തേക്കിട്ടു തുടങ്ങി. അവസാനം ഏതോ ഒരു കുട്ടയെടുത്തു മാറ്റിയതും അതിനകത്തു നിന്നും പാമ്പ് ശരവേഗത്തില്‍ പുറത്തേയ്ക്ക് പാഞ്ഞു. “ എടാ പാമ്പ് ദാ‍ വരുന്നെടാ... അടിയ്ക്കെടാ” എന്ന് നിതേഷ് ചേട്ടന്‍ പറഞ്ഞതും അപ്രതീക്ഷിതമായി പുറത്തു ചാടിയ പാമ്പിനെ വാതിലിനരികെ നിന്നിരുന്ന ചേട്ടന്‍ ആഞ്ഞടിച്ചു. എന്നാല്‍ ആ അടി കൊള്ളാതെ പാമ്പ് സ്വയരക്ഷയ്ക്കായി പാഞ്ഞു വന്നത് എന്റെ നേരെ ആയിരുന്നു. അത് ഒട്ടും പ്രതീക്ഷിയ്ക്കാതെ നിന്ന എനിയ്ക്ക് ആലോചിയ്ക്കാന്‍ തീരെ സമയം ലഭിച്ചില്ല (നിതേഷ് ചേട്ടനും എന്റെ ചേട്ടനും കൂടെ അതിനെ കൊന്നു കൊള്ളുമെന്ന പ്രതീക്ഷയിലായിരുന്നല്ലോ ഞാന്‍). പാമ്പ് എന്റെ തൊട്ടു മുന്നിലെത്തിയതും അലക്കു കല്ലിലേയ്ക്ക് വലിഞ്ഞു കയറാനൊന്നും എനിയ്ക്കു തോന്നിയില്ല. ആ ഒരു നിമിഷത്തിലെ പേടിയും സ്വയ രക്ഷയെക്കുറിച്ചുള്ള ചിന്തയും മൂലമാകണം ഞാന്‍ കണ്ണും പൂട്ടി കയ്യിലിരുന്ന വടി കൊണ്ട് ആഞ്ഞടിച്ചു. ഒറ്റയടി മാത്രം! അതി വേഗത്തില്‍ പാഞ്ഞു വന്ന പാമ്പിന്റെ കൃത്യം നടുവിന്!  
ആ അടിയുടെ ശക്തിയില്‍ പാമ്പ് നടുവൊടിഞ്ഞ് മുന്നോട്ട് ഇഴയാനാകാതെ പിടഞ്ഞു. അതിനിടെ ആത്മസംയമനം വീണ്ടെടുത്ത ഞാന്‍ അലക്കു കല്ലിന്റെ മുകളില്‍ കയറിപ്പറ്റിയിരുന്നു. അപ്പോഴേയ്ക്കും ചേട്ടനും നിതേഷ് ചേട്ടനും അങ്ങോട്ടെത്തി. ചാകാതെ നടുവൊടിഞ്ഞ് പിടയുന്ന പാമ്പിന് നിതേഷ് ചേട്ടന്‍ ഉടനേ മോക്ഷം നല്‍കി. പിന്നെ, സാമാന്യം നല്ല വലുപ്പമുണ്ടായിരുന്ന അതിനെ പറമ്പിലൊരിടത്ത് കൊണ്ടുപോയി കുഴിച്ചിട്ടു. 
അങ്ങനെ അബദ്ധത്തിലാണെങ്കിലും ഒരു പാമ്പിനെയെങ്കിലും നേരിടാന്‍ പറ്റിയ ചാരിത്ഥാര്‍ത്യത്തോടെ ഞാന്‍ ഞെളിഞ്ഞു നില്‍ക്കുമ്പോള്‍ നിതേഷ് ചേട്ടന്‍ അമ്മയോട് പറയുന്നതു കേട്ടു “പേടിയ്ക്കാനൊന്നുമില്ലായിരുന്നു അമ്മായി... അതു വെറും ചേര ആയിരുന്നു” എന്ന്. (എന്നാലും ആ സംഭവം കാരണം അവിടെ എന്റെ ഇമേജ് കുറച്ചു കൂടി കൂടി, ചുരുങ്ങിയത് നാട്ടിലെ കൊച്ചു കുട്ടികള്‍ക്കിടയിലെങ്കിലും)