Tuesday, January 22, 2019

കാലം മറയ്ക്കാത്ത കാൽപ്പാടുകൾ

"മനുവേട്ടാ... മനുവേട്ടാ..."

ഊർമ്മിളയുടെ വിളിയാണ് ആ ഗാഢ നിദ്രയിൽ നിന്ന് ഉണർത്തിയത്. കാച്ചെണ്ണയുടെ മണമുള്ള അവളുടെ നീണ്ട മുടിയിഴകൾ എന്റെ മുഖത്ത് ഇക്കിളിയിടുന്നുണ്ടായിരുന്നു. ആലസ്യത്തോടെ, അതിലേറെ ആയാസത്തോടെ കണ്ണുകൾ ചിമ്മി നോക്കുമ്പോൾ പതിവു പോലെ അവൾ കുളി കഴിഞ്ഞ് ഈറൻ മുടികളോടെ നിൽക്കുകയാണ്.

ആ ഉറക്കത്തിന്റെ സുഖം കളയാതെ അവളെ എന്നിലേയ്ക്ക് വലിച്ചടുപ്പിയ്ക്കാൻ ഞാൻ കൈ നീട്ടിയതും അതു മുൻകൂട്ടി കണ്ടിട്ടെന്ന പോലെ അവൾ രണ്ടടി പുറകോട്ട് മാറി, സ്നേഹപൂർവ്വമുള്ള ശാസനാ സ്വരത്തിൽ ചോദിച്ചു.

"മറന്നോ, ക്ഷേത്രത്തിൽ പോകണ്ടേ? വേഗമാകട്ടെ!"

പെട്ടെന്നാണ്  ആ ഓർമ്മ വീണത്. ശരിയാണ്. ഞാനിപ്പോൾ ഗുരുവായൂരാണല്ലോ. തലേന്ന് വൈകീട്ട് വന്ന് റൂമെടുത്തതും ഒരു വട്ടം ക്ഷേത്രത്തിൽ പോയി ദർശനം കഴിഞ്ഞ് കുറച്ച് തിരികെ വന്ന് കിടന്നതും എല്ലാം പെട്ടെന്ന് ഓർമ്മ വന്നു. പെട്ടെന്ന് തട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് ബ്രഷും പേസ്റ്റുമെടുത്ത്, തോർത്തു മുണ്ട് എടുത്ത് തോളിലിട്ട് ബാത്ത് റൂമിലേയ്ക്ക് കയറി.

ഊർമ്മിളയുടെ കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു, ഗുരുവായൂർ ക്ഷേത്രത്തിൽ വന്ന് നിർമ്മാല്യം തൊഴണമെന്നത്. വിവാഹം കഴിഞ്ഞിട്ട് വർഷം അഞ്ചാകുന്നു. പല കാരണങ്ങളാൽ അതങ്ങ് നീണ്ടു നീണ്ടു പോയി. എന്തായാലും ഇത്തവണത്തെ അവധിക്കാലത്ത് അതങ്ങ് സാധിപ്പിച്ചു കൊടുക്കാൻ തീരുമാനിയ്ക്കുകയായിരുന്നു.

അല്ലെങ്കിലും വലിയ വലിയ ആഗ്രഹങ്ങളൊന്നും ഒരിയ്ക്കലും അവളെന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഒരു വലിയ തറവാട്ടിൽ എല്ലാ സൌകര്യങ്ങളോടെയും വളർന്ന കുട്ടി, എങ്ങനെ പരിമിതമായ ചുറ്റുപാടുകളിൽ വളർന്നു വന്ന എന്റെ ശൈലികളുമായി പൊരുത്തപ്പെടും എന്ന് വിവാഹം കഴിഞ്ഞ നാളുകളിൽ അതിശയിച്ചിരുന്നു. എന്നാൽ എല്ലാ സംശയങ്ങളെയും അസ്ഥാനത്താക്കി അവൾ എന്റെ പ്രതീക്ഷകൾക്കും അപ്പുറത്തേയ്ക്ക് വളരുകയായിരുന്നു.

ഇന്ന് അഞ്ചു വർഷങ്ങൾക്കിപ്പുറം ഞാനും ഒരു സാധാരണക്കാരനല്ല. മുപ്പത്തി മൂന്നാം വയസ്സിൽ പ്രശസ്തമായ ഒരു ഐ ടി കമ്പനിയുടെ ചെന്നൈ ഓഫീസിലെ മാനേജർ ആണ്. പക്ഷേ, വിവാഹിതനാകുമ്പോൾ കഠിനപ്രയത്നത്തിലൂടെ, പരസഹായമേതുമില്ലാതെ ഒരു ഐ ടി
ഭീമന്റെ കമ്പനിയിൽ ജോലി നേടിയെടുത്ത വെറുമൊരു നാട്ടിൻ പുറത്തുകാരൻ എന്ന ലേബൽ മാത്രം കൈമുതലായുണ്ടായിരുന്ന എനിയ്ക്ക് 'ഗവണ്മെന്റ് ജോലിക്കാർക്ക് മാത്രമേ മകളെ കൊടുക്കൂ' എന്ന് വാശി പിടിച്ചിരുന്ന അവളുടെ അച്ഛൻ എന്ത് കൊണ്ടാണ് മകളെ സന്തോഷ പൂർവ്വം കൈ പിടിച്ചു തന്നത് എന്നറിയില്ല.

"മനുവേട്ടാ, കുളി കഴിഞ്ഞില്ലേ? വൈകിയാൽ തിരക്കു കൂടും കേട്ടോ"

അപ്പുറത്തെ മുറിയിൽ നിന്നുമുള്ള അവളുടെ   വാക്കുകൾ വീണ്ടും എന്നെ തിരികെ കൊണ്ടു വന്നു. പെട്ടെന്ന് കുളിച്ച് തോർത്തി പുറത്തിറങ്ങുമ്പോഴേയ്ക്ക് അവൾ മോനെ ഉണർത്തിക്കഴിഞ്ഞിരുന്നു...  "ആദി" ഞങ്ങളുടെ മൂന്നു വയസ്സുകാരൻ പൊന്നോമന!

ഞാൻ ഡ്രെസ്സ് മാറി വന്നപ്പോഴേയ്ക്കും ആദിയെയും കുളിപ്പിച്ച് വസ്ത്രം മാറ്റിച്ച് കഴിഞ്ഞിരുന്നു അവൾ! പിന്നെ, അധികം സമയം കളയാതെ ഞങ്ങൾ ലോഡ്ജിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങി, ഗുരുവായൂരപ്പന്റെ നടയിലേയ്ക്ക് നടന്നു.

കുറേ നാളായുള്ള ആഗ്രഹം സാധിയ്ക്കുന്നതിന്റെ ഒരു ചാരിതാർത്ഥ്യം അവളുടെ മുഖത്ത് ഉണ്ടായിരുന്നു. ആ കൊച്ചു വെളുപ്പാൻ കാലത്തു പോലും അമ്പല നടയിൽ കുറേശ്ശേ തിരക്ക് ആയി തുടങ്ങിയിട്ടുണ്ടായിരുന്നു. ഞങ്ങളും ധ്യാനത്തോടെ ആ ക്യൂവിൽ ഇടം പിടിച്ചു.

വൈകാതെ  നട തുറന്നു. ധൃതി കൂട്ടാതെ, ഉറക്കച്ചടവ് മാറാത്ത ആദിയേയും തോളിലെടുത്ത്, അവളുടെ കൈയും പിടിച്ച് ക്ഷേത്രത്തിനകത്തേയ്ക് കയറി, കൺ നിറയെ ഭഗവാനെ കണ്ടു, പ്രാർത്ഥിച്ചു. ഞാൻ പ്രസാദവും വാങ്ങി നീങ്ങുമ്പോഴും അവൾ നടയിൽ കൈ കൂപ്പി കണ്ണടച്ച് പ്രാർത്ഥനയിലായിരുന്നു. എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അമ്പല നടയിൽ എത്തിയാൽ ഇതെപ്പോഴും പതിവാണ്. ഊർമ്മിള മറ്റെല്ലാം മറന്ന് ഒരുപാട് നേരം പ്രാർത്ഥിയ്ക്കും.

ഞാൻ ശല്യപ്പെടുത്താതെ തിരക്കിൽ നിന്ന് അൽപം മാറി, അവളെ കാത്തു നിന്നു. വൈകാതെ മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ അവൾ ഇറങ്ങി വന്നു. അശ്രദ്ധയോടെ ഞാനെന്റെ നെറ്റിയിൽ വരഞ്ഞ ചന്ദനക്കുറി, ശ്രദ്ധയോടെ ശരിയാക്കി, ആദിയുടെ നെറ്റിയിലും ഒരു കുഞ്ഞു കുറി തൊട്ടു കൊടുത്തു. ഞങ്ങൾ പുറത്തേയ്ക്കിറങ്ങി.

ശേഷം അവളുടെ ആഗ്രഹം പോലെ ക്ഷേത്രത്തിന് വലം വച്ച്  പ്രാർത്ഥിച്ചു, അതിനു ശേഷം തൊട്ടടുത്തുള്ള മമ്മിയൂർ ക്ഷേത്രത്തിലും കൂടെ പോയി, തൊഴുത് തിരിച്ച് ഗുരുവായൂർ ക്ഷേത്രമുറ്റത്തേയ്ക്ക് തിരിച്ചെത്തി. അപ്പോഴാണ് അവൾ പറയുന്നത്.

"അമ്മയുടെ പേരിൽ ഒരു വഴിപാട് പറഞ്ഞിരുന്നു. അത് വാങ്ങണം"

"എന്നാൽ ഞാൻ പോയി അത് വാങ്ങി വരാം. ഇപ്പോ ക്ഷേത്രത്തിൽ സാമാന്യം നല്ല തിരക്കുമായി."

"വേണ്ട, മനുവേട്ടൻ ആദിയെയും പിടിച്ച് ഇവിടെ തന്നെ നിന്നാൽ മതി. ഞാൻ പോയി വരാം. കൂട്ടത്തിൽ എനിയ്ക്ക് ഒന്നു കൂടെ ഭഗവാനെ തൊഴാമല്ലോ"

ഞാൻ പുഞ്ചിരിയോടെ സമ്മതിച്ചു... അല്ലെങ്കിലും അമ്മയെ എവിടെ പോയാലും അവൾ മറക്കാറില്ല. 'അവർ അമ്മായി അമ്മയും മരുമകളും അല്ല, അമ്മയും മകളും ആണെന്നേ ആർക്കും തോന്നൂ' എന്ന പലരും അഭിപ്രായപ്പെടാറുള്ളത് ഞാനോർത്തു. അവൾ ക്ഷേത്രത്തിനകത്തേയ്ക്ക് പോകുന്നതും നോക്കി നിൽക്കുമ്പോഴേയ്ക്കും ആദി എന്റെ തോളിൽ നിന്നും കുതറി ഇറങ്ങാൻ ശ്രമിയ്ക്കുകയായിരുന്നു. നേരം വെളുത്തപ്പോഴേയ്ക്കും അവന്റെ ഉറക്കച്ചടവ് എല്ലാം മാറിക്കഴിഞ്ഞിരുന്നു. തൊട്ടപ്പുറത്ത് നിരനിരയായി കാണുന്ന പെട്ടിക്കടകളിലെ കളിപ്പാട്ടങ്ങളിലായിരുന്നു അവന്റെ കണ്ണ്. അവനിഷ്ടപ്പെട്ട ഒരു കളിപ്പാട്ടവും വാങ്ങി കൊടുത്ത് അവനെയും എടുത്തു കൊണ്ട് ആ ആല്മരച്ചോട്ടിൽ കാത്ത് നിന്നു.

പെട്ടെന്നാണ്  മിന്നായം പോലെ ഒരു മുഖം ക്ഷേത്ര മുറ്റത്ത് കണ്ട പോലെ തോന്നിയത്... ഒരു നിമിഷം! അത് അവൾ തന്നെ ആയിരിയ്ക്കുമോ! കണ്ണുകൾ ചുറ്റിനും പരതി... നിറയെ ഭക്തരെ കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ് ക്ഷേത്ര മുറ്റം. എങ്ങും കാണാനില്ല. ഇനിയിപ്പോ അതവളല്ലായിരിയ്ക്കുമോ?

ആയിരിയ്ക്കില്ല! വർഷം പന്ത്രണ്ട് കഴിഞ്ഞില്ലേ, ഒരു പക്ഷേ എനിയ്ക്ക് തോന്നിയതാകണം. മാത്രമല്ല, അവൾ ഗൾഫിലെങ്ങോ സെറ്റിലായെന്നാണല്ലോ അവസാനം അറിഞ്ഞത്. ഞാൻ സമാധാനിയ്ക്കാൻ ശ്രമിച്ചു. എങ്കിലും ഇത്രയും വർഷങ്ങൾക്ക് ശേഷം പെട്ടെന്ന് അവളുടെ ഓർമ്മകൾ വന്നതിൽ അതിശയം തോന്നി.

******************************

മീര! ഒരു കാലത്ത് അവളായിരുന്നു എല്ലാം. പ്രണയവർണ്ണങ്ങൾ നിറഞ്ഞു നിന്നിരുന്ന ആ ക്യാമ്പസ് കാലം. ജീവിതം ഏറ്റവും നന്നായി ആസ്വദിച്ചിരുന്നത് ആ അഞ്ചു വർഷങ്ങളിൽ ആയിരുന്നല്ലോ. പല ദേശങ്ങളിൽ നിന്നും, പല ചുറ്റുപാടുകളിൽ നിന്നും വന്ന അഞ്ഞൂറോളം പേർ! കുന്നിൻ മുകളിലുള്ള ആ കൊച്ചു കോളേജ്! അവിടുത്തെ ചുറുചുറുക്കുള്ള, സ്നേഹസമ്പന്നരായ അദ്ധ്യാപകർ! എന്തിനും കൂടെയുണ്ടാകാറുള്ള ഒരു പറ്റം സുഹൃത്തുക്കൾ! ഇല്ലായ്മകളും കഷ്ടപ്പാടുകളും എല്ലാം മറന്ന അഞ്ചു വർഷങ്ങൾ! ബിരുദവും ബിരുദാനന്തര ബിരുദവും!

സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത് ആ ക്യാമ്പസ് ആയിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നും വന്ന എനിയ്ക്കും എന്തെല്ലാമോ ആയിത്തീരാൻ, നല്ലൊരു ഭാവി കരുപ്പിടിപ്പിയ്ക്കാൻ കഴിയും എന്ന ആത്മ വിശ്വാസം നിറച്ച അദ്ധ്യാപകരും സുഹൃത്തുക്കളും... ആദ്യ സെമസ്റ്ററിൽ മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ ആ കലാലയമുറ്റത്ത് കാലെടുത്തു വച്ച അന്തർമുഖനായ, നാട്ടിൻ പുറത്തുകാരനായ കൌമാരക്കാരനിൽ നിന്നും അഞ്ചു വർഷങ്ങൾക്കിപ്പുറം ബിരുദാനന്തര ബിരുദധാരിയായ, ഭാവിയെ പ്രതീക്ഷയോടെ നോക്കുന്ന, ആത്മ വിശ്വാസം തുളുമ്പുന്ന യുവാവായ "മനു കൃഷ്ണൻ" എന്ന യുവാവിലേയ്ക്കുള്ള വളർച്ചയിൽ ആ ക്യാമ്പസും അന്തരീക്ഷവും വഹിച്ച പങ്ക് വിസ്മരിയ്ക്കാവുന്നതല്ല.

ആ കലാലയത്തിൽ എല്ലാം മറന്ന് ഉത്സവം പോലെ ആഘോഷിച്ച് ഒരുപാട് ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ടായിരുന്നു ഓരോ സെമസ്റ്ററുകളും കഴിഞ്ഞു പോയിരുന്നത്.  അങ്ങനെ സൌഹൃദങ്ങളുടെ മായിക പ്രപഞ്ചം സൃഷ്ടിച്ച കരുത്തോടെ മുന്നേറുമ്പോഴായിരുന്നു  മൂന്നാം വർഷ ബിരുദ നാളുകളിലെങ്ങോ ഞങ്ങൾ പരിചയപ്പെടുന്നത്. മീര!
അന്ന് അവൾ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. സുഹൃത്തുക്കളിൽ ആരോ ആണ് ആദ്യമായി അവളെ പരിചയപ്പെടുത്തുന്നത്. പിന്നീട് ആ പരിചയം സൌഹൃദമായി, പ്രണയമായി.

ആ വർഷത്തെ കോളേജ് ഡേ! അന്നായിരുന്നു സുഹൃത്തുക്കളുടെ പൂർണ്ണ പിന്തുണയോടെ എന്റെ ഇഷ്ടം അവളെ അറിയിയ്ക്കുന്നത്. അവളും അത് കേൾക്കാൻ കൊതിച്ചിരിയ്ക്കുകയായിരുന്നു എന്ന് തോന്നിപ്പോയി. പിന്നീടുള്ള ഓരോ ദിനവും പുലരാൻ കാത്തിരിയ്ക്കുകയായിരുന്നു. കോളേജിന് അവധി വന്നാൽ ആ ദിവസങ്ങൾ എങ്ങനെയും തള്ളി നീക്കാൻ കഷ്ടപ്പെട്ടിരുന്ന നാളുകൾ!

ദിവസങ്ങളും മാസങ്ങളും സെമസ്റ്ററുകളും കഴിഞ്ഞു പോയി, അപ്പോഴേയ്ക്ക് ഞങ്ങളുടെ പ്രണയം ആ ക്യാമ്പസ്സിൽ പാട്ടായി കഴിഞ്ഞിരുന്നു.  പക്ഷേ, പഠനത്തിൽ ഒരിയ്ക്കലും പിന്നോക്കം പോകാതിരുന്നതു കൊണ്ടാകണം, അദ്ധ്യാപകർക്കും മുഷിച്ചിലൊന്നും തോന്നാതിരുന്നത്.

ഞാൻ എന്റെ ബിരുദാനന്തര ബിരുദത്തിന്റെ അവസാന സെമസ്റ്ററുകളിൽ ആയിരിയ്ക്കുന്ന കാലം. മീര അന്ന് ബിരുദ പഠനത്തിന്റെ അവസാന സെമസ്റ്റർ! മുന്നോട്ടുള്ള ജീവിതത്തെ പറ്റി ഞങ്ങൾ ഇരുവരും കൂടുതൽ ഗൌരവ പൂർവ്വമായി ചിന്തിച്ചു തുടങ്ങിയിരുന്നു.

അവൾ ബിരുദാനന്ത ബിരുദം പൂർത്തിയാക്കാൻ എടുക്കുന്ന അടുത്ത രണ്ടു വർഷം! അതിനുള്ളിൽ ഞാൻ നല്ലൊരു ജോലി നേടിയെടുക്കുന്നു. അങ്ങനെ അവളെ പെണ്ണു ചോദിച്ച് അവളുടെ വീട്ടിൽ പോകുന്നു. ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ! എല്ലാ പിന്തുണയോടെയും ഞങ്ങളുടെ മുഴുവൻ സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. ഒരു സ്വപ്നത്തിന്റെ സുന്ദരമായ പരിസമാപ്തി കയ്യെത്തിപ്പിടിയ്ക്കാവുന്നത്ര അടുത്തെത്തിയ നാളുകൾ!

എല്ലാം തകർന്നത് പെട്ടെന്നായിരുന്നു. വിധി ഒരു ഹൃദയാഘാതത്തിന്റെ രൂപത്തിൽ ഞങ്ങൾക്കിടയിൽ വില്ലനായി അവതരിച്ചു. അവസാന സെമസ്റ്റർ തീരാൻ മൂന്നു മാസങ്ങൾ മാത്രം അവശേഷിയ്ക്കേ അവളുടെ അച്ഛൻ പോയി. ആ ഷോക്കിൽ നിന്നും വുമുക്തനാകും മുൻപേ ഇടിത്തീ പോലെ ആ വാർത്തയും വന്നു. അവളുടെ അമ്മാവന്മാർ അവൾക്ക് വിവാഹം ഉറപ്പിച്ചുവത്രെ! അവളുടെ അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നത്രെ മകളുടെ വിവാഹം! അതു കൊണ്ട്, അവളുടെ അമ്മയുടെ സ്നേഹ സമ്പന്നരായ ആങ്ങളമാർ വളരെ കഷ്ടപ്പെട്ട് കണ്ടെത്തിയ ഒരു ബന്ധം! ബിരുദ പരീക്ഷകൾ കഴിഞ്ഞാൽ ഉടനെ വിവാഹം!

മാനസികമായി ആകെ തകർന്നു പോയ ദിവസങ്ങൾ! ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് അവൾ വീണ്ടും കോളേജിൽ വന്ന ദിവസം ഞങ്ങൾ വീണ്ടും കണ്ടു മുട്ടി. ക്യാമ്പസ്സിലെ ഞങ്ങളുടെ പ്രിയങ്കരമായ ആ വാകമരച്ചോട്ടിൽ!!! പ്രസരിപ്പെല്ലാം നഷ്ടപ്പെട്ട മുഖവുമായി അവൾ മിണ്ടാതെ കുറേ നേരം നിന്നു. അവൾ സംസാരിച്ചു തുടങ്ങാൻ കാത്ത് വിങ്ങുന്ന ഹൃദയവുമായി ഞാനും, കുറച്ചു മാറി ഞങ്ങളെ കാത്ത്  എന്തിനും തയ്യാറായി ഞങ്ങളുടെ സുഹൃത്തുക്കളും!

അവസാനം അവൾ സംസാരിച്ചു തുടങ്ങി...  

"മനുവേട്ടാ"

"മീരാ"

ഒന്ന് നിർത്തിയ ശേഷം നിറഞ്ഞ കണ്ണുകളോടെ അവൾ തുടർന്നു. "എല്ലാം അറിഞ്ഞു കാണുമല്ലോ അല്ലേ? ഞാൻ... ഞാനെന്താ ചെയ്യണ്ടേ?"

ഒരു നിമിഷം സുഹൃത്തുക്കളുടെ വാഗ്ദാനവും ഉപദേശങ്ങളും എല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി. പെട്ടെന്ന് ഒരു ഒളിച്ചോട്ടം, റെജിസ്റ്റർ മാര്യേജ്. അവരുടെ സഹായത്തോടെ ഒരു കൊച്ച് വാടക വീട്. പിന്നീട് കൂലിപ്പണിയെങ്കിൽ കൂലിപ്പണി... അങ്ങനെയങ്ങനെ. അവർ അതൊക്കെ പറയുമ്പോൾ ഞാനും ഏതാണ്ട് അതു പോലൊക്കെ ഉറപ്പിച്ചതായിരുന്നു. പക്ഷേ, ഞാൻ ഒന്നും മിണ്ടിയില്ല.

പറയ് മനുവേട്ടാ, ഇനി ഞാനെന്താ ചെയ്യണ്ടേ?"  അവൾ വീണ്ടും ചോദിച്ചു.

പെട്ടെന്ന് എന്തോ പെട്ടെന്ന് ആലോചിച്ചുറച്ചത് പോലെ ഞാൻ പറഞ്ഞു...

"മീരാ, ഇപ്പോൾ ഒരു തീരുമാനം പറയേണ്ടത് നീയാണ്. അതെന്തു തന്നെ ആയാലും ഞാൻ നിന്റെ ആ തീരുമാനത്തിന് ഒപ്പം ഉണ്ടാകും. ഇന്നു തന്നെ എങ്ങോട്ടെങ്കിലും പോകണോ, ഞാൻ തയ്യാറാണ്. നിന്റെ ഒരു വാക്കു മാത്രം മതി. നിന്നെ ഞാൻ പട്ടിണിയ്ക്ക് ഇടില്ല, ആ ഉറപ്പ് ഞാൻ തരും. അതല്ല മറിച്ചാണ് നിന്റെ തീരുമാനമെങ്കിൽ അതും നീ ഇപ്പോൾ പറയണം. യാതൊരു പരാതിയും ഇല്ലാതെ പിന്മാറണോ... അതിനും ഞാൻ തയ്യാറാണ്" ശബ്ദമിടറിക്കൊണ്ടാണെങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു.

നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടയ്ക്കാൻ പോലും ശ്രമിയ്ക്കാതെ അവൾ ഏതാനും നിമിഷങ്ങൾ അങ്ങനെ നിന്നു. അവസാനം തുടർന്നു. "എനിയ്ക്കറിയില്ല, മനുവേട്ടാ... ഞാൻ ഈ പറയുന്നത് വഞ്ചന ആണോ എന്ന്... ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു, സ്വപ്നം കണ്ടിരുന്നു... നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം! സന്തുഷ്ടമായ ഒരു ജീവിതം! പക്ഷേ, ആ സ്വപ്നങ്ങളിൽ നമുക്കൊപ്പം നമ്മുടെ രണ്ടു പേരുടെയും കുടുംബങ്ങളും ഉണ്ടായിരുന്നു. നമ്മിൽ  പ്രതീക്ഷ അർപ്പിച്ച്, നമ്മെ ആശ്രയിച്ചു ജീവിയ്ക്കുന്ന, നമ്മെ ഒരുപാടു സ്നേഹിയ്ക്കുന്ന രണ്ടു കുടുംബങ്ങൾ! പക്ഷെ, ഈ ഒരവസരത്തിൽ ഞാൻ എങ്ങനെയാണ് എന്റെ പ്രണയം വീട്ടിൽ അവതരിപ്പിയ്ക്കുക? അച്ഛന്റെ വിടവാങ്ങൽ ഇനിയും ഉൾക്കൊള്ളാൻ കഴിയാതെ നിൽക്കുന്ന എന്റമ്മ... അറിയാമല്ലോ, അച്ചനില്ലാതെ എന്റെ അമ്മയ്ക്ക് ഒന്നിനുമാകില്ലായിരുന്നു,  ഇനിയുള്ള കാലം എങ്ങനെ ജീവിയ്ക്കും എന്നു പോലും അറിയാത്ത എന്റെ അമ്മയും കുഞ്ഞനിയനും... അവന്റെ ഭാവിയും..."

അവൾ കരച്ചിൽ അടക്കാൻ പണിപ്പെടുകയായിരുന്നു, ഞാൻ നിശ്ശബ്ദനായി നിറകണ്ണുകളോടെ അവളുടെ വാക്കുകൾക്കായി കാത്തു നിന്നു. അവൾ തുടർന്നു...

" മാത്രമല്ല, മനുവേട്ടന്റെ ഭാവിയോ?മനുവേട്ടനെ മാത്രം ആശ്രയിച്ചിരിയ്ക്കുന്ന അമ്മയും പെങ്ങളും? അച്ഛൻ നഷ്ടപ്പെട്ട കുഞ്ഞുപെങ്ങളെ
ഒരച്ഛന്റെ സ്ഥാനത്തു നിന്ന്  പഠിപ്പിച്ച് നല്ല നിലയിലാക്കി വിവാഹം കഴിപ്പിച്ചു വിടണം എന്ന മനുവേട്ടന്റെ സ്വപ്നം! എല്ലാ കഷ്ടപ്പാടുകളെയും അതിജീവിച്ച് സ്വന്തം കഴിവു കൊണ്ട് പഠിച്ചു മിടുക്കനായി നല്ലൊരു ജോലിക്കാരനായി വരുന്നതും കാത്തിരിയ്ക്കുന്ന അമ്മയുടെ സ്വപ്നം! ഇതെല്ലാം ഞാൻ  എങ്ങനാ മനുവേട്ടാ ഒരൊറ്റ നിമിഷം കൊണ്ട് തകർത്തെറിയുക?"

കണ്ണു തുടച്ചു കൊണ്ട് അവൾ തുടർന്നു. "ഇതിനെല്ലാം പുറമേ, അച്ഛൻ മരിച്ച് ഒരു മാസം തികയും മുൻപേ ഒളിച്ചോടിപ്പോയ പെണ്ണ് എന്ന ദുഷ്‌പേരു കൂടി ഉണ്ടാക്കിയാൽ എന്റെ അമ്മയും അനുജനും പിന്നെ ജീവിച്ചിരിയ്ക്കുമോ? അവർ എന്തെങ്കിലും കടുംകൈ ചെയ്താൽ പിന്നെ നമുക്ക് ജീവിതത്തിൽ എന്നെങ്കിലും മനസ്സമാധാനം കിട്ടുമോ?"

അവൾ കരച്ചിൽ അടക്കാൻ കഴിയാതെ കുറച്ചിട നിർത്തി.  എന്റെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു. അപ്പോഴും നേരിയ പ്രതീക്ഷയോടെ അവൾ കണ്ണു തുടച്ച് എന്നെ നോക്കി.

"മനുവേട്ടന് ഒന്നും പറയാനില്ലേ?"

ഒരു ദീർഘ നിശ്വാസത്തോടെ, കണ്ഠത്തിലെന്തോ കനമുള്ളത് തടഞ്ഞതു പോലെ കഷ്ടപ്പെട്ട് ഞാനൊരു വിധം പറഞ്ഞു.

"ഞാൻ എന്ത് മറുപടി പറയാനാണ്  മീര? നീ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. എല്ലാം 100% സത്യവുമാണ്. ഇതിനൊന്നിനും തന്നെ ഇപ്പോൾ എന്റെ കയ്യിലും പരിഹാരമില്ല. പഠനം കഴിഞ്ഞ് ഒരു ജോലി കിട്ടിയ ശേഷമായിരുന്നെങ്കിൽ നിന്നെ വന്ന് പെണ്ണു ചോദിയ്ക്കാനെങ്കിലും കഴിഞ്ഞേനെ. പക്ഷേ, വിധി നമുക്ക് അതിനുള്ള സാവകാശം പോലും തന്നില്ലല്ലോ. നീ പറഞ്ഞതാണ് സത്യം. നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം നമ്മുടെ സ്വാർത്ഥ താൽപര്യങ്ങൾ ത്യജിച്ച് നമ്മെ സ്നേഹിയ്ക്കുന്ന നമ്മുടെ വീട്ടുകാർക്ക് വേണ്ടി ഒരു തീരുമാനത്തിലെത്തുക എന്നത് തന്നെയാണ്"

പ്രതീക്ഷിച്ച മറുപടി തന്നെയെങ്കിലും ഞാൻ പറഞ്ഞു തീർന്നതും പെരുമഴപ്പെയ്ത്ത് പോലെ മീര പൊട്ടിക്കരഞ്ഞു. അവളുടെ വിഷമങ്ങൾ കരഞ്ഞു തീർക്കാൻ അനുവദിച്ച്, അവൾക്കൊപ്പം ഉള്ളിൽ കരഞ്ഞു കൊണ്ട് ഞാൻ കാത്തു നിന്നു. അവസാനം പിരിയും മുൻപ്  ചങ്ക് പറിയുന്ന വേദനയോടെയെങ്കിലും ഞാൻ ഇത്രകൂടി പറഞ്ഞൊപ്പിച്ചു...

"മീരാ, എന്നെ ഓർത്ത് നീയും നിന്നെ ഓർത്ത് ഞാനും കരയുന്ന അവസാന ദിവസമായിരിയ്ക്കട്ടെ ഇന്ന്.  ഈ ഒരു ദിവസത്തോടെ  മനുവിന്റെയും മീരയുടെയും പ്രണയകാലത്തിന് തിരശ്ശീല വീഴണം. പക്ഷേ, അതൊരിയ്ക്കലും നമ്മുടെ ഭാവിയെ അലോസരപ്പെടുത്താതിരിയ്ക്കട്ടെ. നമ്മെ കാത്തിരിയ്ക്കുന്ന നമ്മുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി, നാളെ മുതൽ നമുക്ക് മറ്റൊരു ജീവിതം തുടങ്ങാം. പക്ഷേ ഒരേ ഒരു ഉറപ്പ് നീ എനിയ്ക്ക് തരണം ... നിന്നെ കാത്തിരിയ്ക്കുന്ന ഭാവി ജീവിതത്തിൽ നീ 100% സന്തോഷവതിയായിരിയ്ക്കും എന്ന്."

വീണ്ടും ഒരു  പൊട്ടിക്കരച്ചിൽ ആയിരുന്നു മീരയുടെ മറുപടി. അവൾ ഞാൻ പറഞ്ഞത് മനസ്സിലേയ്ക്ക് ഉൾക്കൊള്ളാൻ ശ്രമിയ്ക്കുകയായിരുന്നു, ശേഷം കണ്ണു തുടച്ചു കൊണ്ട് അവൾ ചോദിച്ചു. " അങ്ങനെയെങ്കിൽ അതേ ഉറപ്പ് മനുവേട്ടനും എനിയ്ക്ക് തരണം"

വിങ്ങുന്ന മനസ്സോടെയെങ്കിലും ശ്രമപ്പെട്ട് ഒരു പുഞ്ചിരി മുഖത്തു വരുത്തിക്കൊണ്ട് ഞാൻ തലകുലുക്കി.

"അടുത്ത ജന്മത്തിലെങ്കിലും നമ്മൾക്ക്  ഒരുമിച്ച്  ജീവിയ്ക്കാൻ കഴിയുമായിരിയ്ക്കും അല്ലേ മനുവേട്ടാ..."

"ഇനിയൊരു ജന്മമുണ്ടോ എന്ന് ആർക്കറിയാം മീരാ, പക്ഷേ, അങ്ങനെ ഒന്നുണ്ടെങ്കിൽ അതിൽ നമുക്ക് പരസ്പരം നഷ്ടപ്പെടുത്താതിരിയ്ക്കാം"

അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച. അവൾ കാഴ്ചയിൽ നിന്നും മറയുന്നതു വരെ ഞാൻ ആ മരച്ചോട്ടിൽ തന്നെ നിന്നു.
പിന്നീട് സുഹൃത്തുക്കളെ കെട്ടിപ്പിടിച്ച് മനസ്സു തുറന്ന് കുറേ കരഞ്ഞു, അവളെ ഓർത്ത് അവസാനമായി. പിന്നീടു കോളേജിലെ അവസാന കുറച്ചു നാളുകൾ പരസ്പരം കാണാൻ ശ്രമിച്ചില്ല, പഠനത്തിൽ ഞാൻ ഉഴപ്പാതിരിയ്ക്കാൻ സുഹൃത്തുക്കളും ശ്രദ്ധിച്ചു.

പിന്നീട്  റാങ്കോടു കൂടി ആ കലാലയം വിട്ടതും ചെറീയ ജോലികളിൽ നിന്ന് തുടങ്ങി, ചെന്നൈയിലെ ഇപ്പോൾ വർക്ക് ചെയ്യുന്ന ഐടി കമ്പനിയിൽ എത്തിയതും അനിയത്തിയെ പഠിപ്പിച്ച് വലുതാക്കി, ആഗ്രഹിച്ചതു പോലെ വിവാഹം ചെയ്തയച്ചതും എല്ലാം ഒരു സ്വപ്നസാക്ഷാത്കാരം പോലെ കഴിഞ്ഞു. ഇന്ന് അമ്മയും സന്തോഷവതിയാണ്. അന്നത്തെ സുഹൃത്തുക്കൾ ആത്മാർത്ഥ സുഹൃത്തുക്കളായി ഇന്നുമുണ്ട്, ഇടയ്ക്കെപ്പോഴോ അവരിൽ നിന്നും ചോദിയ്ക്കാതെ തന്നെ അറിഞ്ഞിരുന്നു... മീരയും കുടുംബവും ഗൾഫ് നാടുകളിൽ എങ്ങോ സന്തുഷ്ടകരമായ കുടുംബ ജീവിതം നയിയ്ക്കുന്നു എന്ന്. ഞാനും ഇന്ന് സന്തുഷ്ടനാണല്ലോ എന്നോർത്തപ്പോൾ അറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിലും വിരിഞ്ഞു.

******************************

"മനുവേട്ടാ..."

കുറച്ച് ഉറക്കെയുള്ള ഊർമ്മിളയുടെ വിളിയാണ് ചിന്തകളിൽ നിന്നും എന്നെ വീണ്ടും ഉണർത്തിയത്.

"ഇത് എന്താലോചിച്ചു കൊണ്ടിരിയ്ക്കുകയാണ്? ആദി ഉറക്കമായല്ലോ"

ശരിയാണ്. അവൻ എന്റെ മടിയിൽ ഇരുന്ന് ഉറക്കമായിക്കഴിഞ്ഞു... പാവം! അതിരാവിലെ വിളിച്ചെഴുന്നേൽപ്പിച്ചതല്ലേ?

"വഴിപാട് കഴിഞ്ഞോ?"

"ഉവ്വ്, അല്ലാ, ഇതെന്താലോചിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു?"

ഒന്നും പറയാതെ ഒന്ന് ചിരിച്ചെന്നു വരുത്തി, അവളോട് ചോദിച്ചു... വല്ലതും കഴിയ്ക്കണ്ടേ, ഓരോ മസാലദോശ ആയാലോ?"

അവൾക്ക് ഇഷ്ടപ്പെട്ട ഒന്നായ മസാലദോശയുടെ കാര്യം പറഞ്ഞതും അവൾ സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട് തലകുലുക്കി.  ഇന്ത്യൻ കോഫീ ഹൌസിൽ മസാല ദോശയും ഓർഡർ ചെയ്ത് അതും കാത്തിരിയ്ക്കുമ്പോൾ എനിയ്ക്ക് എതിരെ ഇരുന്ന ഊർമ്മിള വീണ്ടും ചോദിച്ചു...

"എന്തു പറ്റി? എന്താ പതിവില്ലാതെ ഒരു മൌനം"

എന്റെ നേരിയ ചലനങ്ങൾ പോലും ഇവൾക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റുന്നുണ്ടല്ലോ എന്ന സംതൃപ്തമായ ചിന്തയോടെ ഒരു ദീർഘ നിശ്വാസത്തോടെ  ഞാൻ മെല്ലെ പറഞ്ഞു.

"ഞാൻ ... അല്ല, ഞാനോർക്കുകയായിരുന്നു... മീര !  അല്ല, അതു പോലെ ആരെയോ അമ്പലനടയിൽ കണ്ടതു പോലെ"

അവളുടെ കണ്ണുകൾ വിടർന്നു... " മീരയോ ? നേരോ ? അതിന് മീര പുറത്തെവിടെയോ ആണെന്നല്ലേ പറഞ്ഞത്?"

ഒന്നു നിർത്തിയ ശേഷം അവൾ പിന്നെയും ചോദിച്ചു. "ഒരു പക്ഷെ, അങ്ങനെ ആയിക്കൂടെന്നില്ലല്ലോ. അപ്പോ തന്നെ സംശയം തീർക്കാമായിരുന്നില്ലേ? പോയി ചോദിയ്ക്കേണ്ടതായിരുന്നു. പറഞ്ഞു കേട്ടതല്ലാതെ ഞാൻ കണ്ടിട്ടുമില്ലല്ലോ... ഈ മനുവേട്ടൻ!  "

ഞാൻ ഒന്നും പറഞ്ഞില്ല. അപ്പോഴേയ്ക്കും മസാലദോശ വന്നു. കഴിച്ച് ഇറങ്ങിയപ്പോൾ ഞാൻ ചോദിച്ചു...

"അല്ല, എന്നാൽ ഇനി മടങ്ങുകയല്ലേ? " ചുറ്റും നോക്കുകയായിരുന്ന അവൾ യാന്ത്രികമായി മൂളി. ഞാൻ  ആദിയെയും എടുത്തു കൊണ്ട് കാറിനടുത്തേയ്ക്ക് നടന്നു.  എന്നോട് ചേർന്നു നിന്ന് കൈ കോർത്ത് പിടിച്ചു കൊണ്ട് അവളും.

ഞങ്ങൾ കാറിൽ കയറാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് പിറകിൽ നിന്ന് ഒരു വിളി

"എക്സ്‌ക്യൂസ്‌മീ..."

ആ ശബ്ദം!  എത്രയോ വർഷങ്ങൾക്കിപ്പുറവും ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ അവൾ... മീര! കയ്യിൽ തൂങ്ങിപ്പിടിച്ചു കൊണ്ട് ഒരു കുസൃതിക്കുടുക്ക.

"മനുവേട്ടാ, മറന്നു കാണില്ലല്ലോ അല്ലേ?" മറുപടിയ്ക്ക് കാത്ത് നിൽക്കാതെ അവൾ ഞങ്ങൾക്കടുത്തേയ്ക്ക് നടന്നടുത്തു. വാത്സല്യപൂർവ്വം ഊർമ്മിളയുടെ  കൈ പിടിച്ചു.

"ഊർമ്മിള! അല്ലേ ? മോനേ... ആദി എന്നല്ലേ പേര്?" 
അവൾ ആദിയുടെ കവിളിലും മെല്ലെ നുള്ളി.

"എന്നെ അറിയുമോ എന്നറിയില്ല... ഞാൻ..."

"മീര... അല്ലേ? അറിയാം" ഊർമ്മിള സൌമ്യമായി ചിരിച്ചു.

ഒരു നിമിഷം അതിശയത്തോടെ നിന്ന ശേഷം മീര പിന്നെയും ചിരിച്ചു...

" അപ്പോൾ എന്നെ പറ്റി..."

"ഉവ്വ്, അറിയാം, എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്." ഊർമ്മിള പിന്നെയും.

ഞാൻ ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം സംയമനം വീണ്ടെടുത്ത് കൊണ്ട് ചോദിച്ചു "പക്ഷേ, മീരാ,  ഇവിടെ? ഊർമ്മിളയെയും ആദിയെയും എങ്ങനെ...?"

അവൾ ഇടയ്ക്ക് കയറി. "ഞങ്ങൾ വർഷങ്ങളായി ദുബായിൽ ആണ്. ഇതിപ്പോ വെക്കേഷന് വന്നതാണ്. അപ്പോൾ ഗുരുവായൂർ വരണമെന്ന് നന്ദേട്ടന് ഒരാഗ്രഹം. പിന്നെ,  ഞാൻ എല്ലാം അറിയുന്നുണ്ട് മനുവേട്ടാ. നമ്മൾ പിരിഞ്ഞ നാൾ മുതൽ മനുവേട്ടന്റെ എല്ലാ വിവരങ്ങളും. മനുവേട്ടനും കുടുംബവും സന്തോഷമായി ജീവിയ്ക്കുന്നത് അറിഞ്ഞപ്പോഴാണ് സത്യത്തിൽ എനിയ്ക്കും സംതൃപ്തി ആയത്."

അപ്പോഴേയ്ക്കും സ്വൽപം കഷണ്ടി കയറി തുടങ്ങിയ, എങ്കിലും കാണാൻ സ്മാർട്ട് ആയ ഒരാൾ ഞങ്ങളുടെ അടുത്തേയ്ക്ക് ചിരിച്ചു കൊണ്ടു വന്നു. ഒപ്പം മൂന്നു ബലൂണുകളുമായി എട്ടു പത്തു വയസ്സായ ഒരു ആൺകുട്ടിയും. അയാൾ ചിരിച്ചു കൊണ്ടു തന്നെ എനിയ്ക്കു നേരെ ഹസ്തദാനത്തിനായി കൈ നീട്ടി. പുഞ്ചിരിയോടെ ഞാനും കൈ കൊടുക്കുമ്പോൾ മീര തിടുക്കത്തിൽ അവരെ പരിചയപ്പെടുത്തുകയായിരുന്നു. മീരയും ഭർത്താവ് നന്ദഗോപാലും മകൻ പ്രണവും മകൾ കൃഷ്ണപ്രിയയും."

"എന്നാൽ വരട്ടെ, മനുവേട്ടാ... ഇനിയും എന്നെങ്കിലും ഇതേ പോലെ കാണാം" യാത്ര പറഞ്ഞ് പിരിയും മുൻപ് പ്രണവ് അവന്റെ കയ്യിൽ നിന്ന് ഒരു ബലൂൺ ആദിയ്ക്ക് കൊടുത്തു.

അവർ തിരിഞ്ഞു നടക്കുമ്പോൾ ഊർമ്മിള പറഞ്ഞു.

"അവരുടെ കോണ്ടാക്റ്റ് ഡീറ്റയിത്സ് ഒന്നും ചോദിച്ചില്ലല്ലോ"

അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു "വേണ്ട ഊർമ്മിള, ഈ പരിചയം! ഇതിങ്ങനെ വല്ലപ്പോഴും ഉള്ള യാദൃശ്ചികമായ കണ്ട് മുട്ടലുകളിൽ, അങ്ങനെ ഇനിയും സംഭവിയ്ക്കുകയാണെങ്കിൽ... തുടർന്നാൽ മതി. അതാണ് സുഖം.

.