Friday, March 28, 2008

എന്റെ ഒരു ധൈര്യം!

പാമ്പു പിടുത്തം എന്ന എന്റെ കഴിഞ്ഞ പോസ്റ്റിലെ പ്രകടനം വായിച്ച പലരും എന്റെ ധൈര്യത്തെ ചോദ്യം ചെയ്തു തുടങ്ങിയ സാഹചര്യത്തില്‍ എന്റെ ധൈര്യം തെളിയിയ്ക്കേണ്ടത് എന്റെ തന്നെ ബാധ്യത ആയതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്.

ഈ സംഭവം നടക്കുന്നത് പതിനാറു വര്‍‌ഷങ്ങള്‍‌ക്കു മുന്‍‌പാണ്. സ്ഥലം ഞങ്ങളുടെ ‘പ്രശസ്തമായ’ ചെറുവാളൂര്‍ ഗ്രാമം. (ഞങ്ങളുടെ ഗ്രാമം ഞങ്ങളുടെ ഇടയില്‍ വളരെ പ്രശസ്തമാണ്. മറ്റു നാട്ടുകാരുടെ ഇടയില്‍ എങ്ങനെയാണെന്നറിയില്ല.) 

ഞാന്‍ അന്ന് അഞ്ചിലോ ആറിലോ പഠിക്കുന്നു. മദ്ധ്യവേനലവധി ആരംഭിച്ച സമയം. ആ സമയം ഞങ്ങളുടെ നാട്ടിലെ ഉത്സവ സമയമാണ്. ഉത്സവകാലം ഫെബ്രുവരി മുതല്‍ ഏപ്രില്‍ മാസം വരെ നീണ്ടു നില്‍‌ക്കും. കാരണം ചുറ്റുവട്ടത്തായി ക്ഷേത്രങ്ങള്‍ അഞ്ചാണ്.  അങ്ങനെ ഒരു മാര്‍ച്ച്-ഏപ്രില്‍ മാസത്തിലായിരുന്നു കഥയ്ക്കാസ്പദമായ സംഭവം നടക്കുന്നത്. നാട്ടില്‍ ഉത്സവകാലങ്ങളില്‍ പണ്ടു മുതലേ 3 അല്ലെങ്കില്‍ 5 ആനകളെങ്കിലും ഉണ്ടാകാറുണ്ട്. ഉത്സവം അടുക്കുമ്പോഴേയ്ക്കും ഓരോന്നായി എത്തിത്തുടങ്ങും. അപ്പോള്‍‌ ചുറ്റുവട്ടങ്ങളില്‍ നിന്ന് കഴിയുന്ന വീട്ടുകാരെല്ലാം ആനകള്‍‌ക്ക് പനമ്പട്ട സ്പോണ്‍‌സര്‍‌ ചെയ്യും.  

ആ വര്‍ഷവും ഞങ്ങളുടെ അടുത്തുള്ള ഒരു വീട്ടുകാര്‍ ആനയ്ക്കു പനമ്പട്ട കൊടുക്കാമെന്ന് ഏറ്റിരുന്നു. അതേ സമയം തന്നെ ഞങ്ങളുടെ അയല്‍‌പക്കത്തുള്ള മറ്റൊരു വീട്ടില്‍ കേടായ ഒരു തെങ്ങും നില്‍‌പ്പുണ്ടായിരുന്നു. അത് വെട്ടിക്കളയാനിരിക്കുകയായിരുന്നു, അവര്‍. ആ സമയത്താണ് അടുത്ത വീട്ടിലേയ്ക്ക് പനമ്പട്ട എടുക്കാന്‍ ആന എത്തുന്നത്. അതു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ അയല്‍ വീട്ടുകാര്‍‌ക്കൊരു ആഗ്രഹം… ആനയെ കൊണ്ട് ആ കേടാ‍യ തെങ്ങ് അങ്ങു മറിച്ചിടീച്ചാലെന്ത്? കൂടെ പറമ്പില്‍ നിന്ന് ആനയ്ക്ക് കുറച്ചു പനമ്പട്ടയും കൊടുക്കാം. ഉടനെ അവര്‍ സംഭവം പാപ്പാനുമായി ചര്‍‌ച്ച ചെയ്തു. അയാള്‍‌ക്കും സമ്മതം. 

അങ്ങനെ വൈകാതെ ആനയും പാപ്പാനും സ്ഥലത്തെത്തി. ഇതറിഞ്ഞ ഞങ്ങള്‍ കുട്ടികളെല്ലാം സംഭവം നേരിട്ടു കാണാനായി ഒത്തു കൂടി, കൂടെ മുതിര്‍‌ന്നവരും.  ആന അവരുടെ വീട്ടിലേയ്ക്കു വന്നു കയറിയതു തന്നെ കുറച്ചു വശപ്പിശകായിട്ടായിരുന്നു. എന്നു വച്ചാല്‍ ആ വീട്ടിലേയ്ക്കു കയറാന്‍ വലിയൊരു വഴി ഉണ്ടാ‍യിരുന്നിട്ടും അതത്ര ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ ആശാന്‍ ആ വേലിയുടെ ഒരു വശം പൊളിച്ചിട്ടായിരുന്നു പറമ്പിലേയ്ക്കു പ്രവേശിച്ചത്. 

ഇതെല്ലാം കണ്ടു കൊണ്ട് ഞങ്ങളെല്ലാം കാഴ്ചക്കാരായി വീട്ടുമുറ്റത്തു തന്നെ നിലയുറപ്പിച്ചു. ഞാന്‍ തന്നെയായിരുന്നു, ധൈര്യപൂര്‍‌വ്വം മുന്‍‌പില്‍. (പണ്ടു തൊട്ടേ എനിക്കീ ധൈര്യക്കൂടുതലിന്റെ അസ്കിതയുണ്ടായിരുന്നു).  വീട്ടുകാര്‍ കേടാ‍യ തെങ്ങ് പാപ്പാനെ കാട്ടികൊടുത്തു. എന്നിട്ട് പിന്‍‌വലിഞ്ഞു. അപ്പോഴാണ് പാപ്പാനും ആനയും തമ്മില്‍ ചെറിയൊരു സൌന്ദര്യപ്പിണക്കം. എന്താണെന്നു മനസ്സിലായില്ല. പാപ്പാന്‍ കേടായ തെങ്ങു ചൂണ്ടിക്കാട്ടി ആനയോടെന്തോ പറഞ്ഞു, പക്ഷേ, ആന മൈന്‍ഡു ചെയ്തില്ല. തുടര്‍‌ന്ന് അയാള്‍ ദേഷ്യപ്പെട്ട് ആനയെ ചെറുതായൊന്നു തല്ലി. ഞാന്‍ നോക്കി നില്‍ക്കെ ആന ഒന്ന് അലറി. പിന്നെ അനുസരണയോടെ (എന്നു ഞാന്‍ കരുതി) കേടായ തെങ്ങ് നിഷ്പ്രയാസം ഒറ്റത്തട്ടിനു താഴെയിട്ടു.  അപ്പോഴേയ്ക്കും പാപ്പാന്‍ താഴെയിറങ്ങി തൊട്ടടുത്തുണ്ടായിരുന്ന കോഴിക്കൂടിന്റെ പുറകിലുള്ള തെങ്ങിന്‍ ചുവട്ടിലേയ്ക്കു മാറി. അതിനിടെ അയാള്‍ ആനയോടെന്തോ വിളിച്ചു പറയുന്നുമുണ്ടായിരുന്നു. ആനയാകട്ടെ, കേടായ തെങ്ങു തട്ടി താഴെയിട്ട ശേഷം പാപ്പാന്‍ നിന്നിരുന്ന കോഴിക്കൂടിനോടു ചേര്‍ന്നുള്ള തെങ്ങിനു നേരെ തിരിഞ്ഞു. ആദ്യത്തെ ഇടിയ്ക്കു തന്നെ മൂന്നു നാലു തേങ്ങ വീണു. പിന്നെ, വീണ്ടും പുറകോട്ടാഞ്ഞ് ആ തെങ്ങിനിട്ട് വീണ്ടും ഇടിയോട് ഇടി. 

ആനയുടെ ശക്തിയെ പറ്റി ആലോചിച്ചു നില്‍‌ക്കുകയായിരുന്ന ഞാന്‍ അപ്പോഴാണ് രണ്ടാമത്തെ തെങ്ങ് ശ്രദ്ധിച്ചത്. നല്ല കായ്ഫലമുള്ള ഒന്നാന്തരം തെങ്ങ്. അതെന്തിനാവും മറിച്ചിടുന്നത്? ഞാന്‍ തൊട്ടു പുറകിലായി നിന്നിരുന്ന എന്റെ ചേട്ടനോടു അതെപ്പറ്റി ചോദിക്കാനായി തിരിഞ്ഞു.  അപ്പോഴാണ് ഞാന്‍ യഥാര്‍‌ത്ഥത്തില്‍ അമ്പരന്നത്. അത്രയും നേരം എന്റെ കൂടെയുണ്ടായിരുന്ന ഒരൊറ്റയാളെയും അവിടെ കാണാനില്ല. എന്റെ ചേട്ടനോ, കൂട്ടുകാരോ നാട്ടുകാരോ ആരും. ഞാന്‍ ഒന്നു ശരിക്കും തിരിഞ്ഞു നോക്കുമ്പോഴുണ്ട് അതാ ഇവരെല്ലാവരും തൊട്ടപ്പുറത്തുള്ള എന്റെ വീടിന്റെ ടെറസ്സില്‍ നിന്നു കൊണ്ട് എന്നെ ‘വേഗം വാടാ’ ‘ഓടി വാടാ’ എന്നെല്ലാം പറഞ്ഞു കൊണ്ട് വിളിക്കുന്നു. 

അപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് എനിക്കും മനസ്സിലായത്. പിന്നെ, സംശയിച്ചു നിന്നില്ല, ഞാനും ഒറ്റ ഓട്ടത്തിന് എന്റെ വീടിന്റെ ടെറസ്സിലെത്തി. അവിടെ എല്ലാവരും പേടിച്ചു നില്‍‌ക്കുകയായിരുന്നു. ഞാനെത്തിയപ്പോഴാണ് അവര്‍‌ക്കും ശ്വാസം നേരെ വീണത്.  യഥാര്‍‌ത്ഥത്തില്‍ ആന ചെറുതായൊന്ന് ഇടഞ്ഞതായിരുന്നു. പാപ്പാന്‍ ആനയെ തല്ലിയതോടെ ഇടഞ്ഞ ആന ആദ്യം തന്നെ മുന്നിലുള്ള കേടായ തെങ്ങു തട്ടി താഴെയിട്ടു. തുടര്‍ന്ന് പാപ്പാന്‍ നില്‍‌ക്കുന്ന ഭാഗത്തേയ്ക്ക് തിരിഞ്ഞ് കുത്തി. അപ്പോഴേയ്ക്കും അയാള്‍ കഷ്ടിച്ച് ഒഴിഞ്ഞു മാറി കോഴിക്കൂടിനു പിന്നിലൊളിച്ചു. ആ സമയം ആന ദേഷ്യം മുഴുവന്‍ ആ തെങ്ങില്‍ തീര്‍‌ക്കുകയായിരുന്നു. ആന അലറുന്നതു കേട്ടതോടെ സംഭവം മനസ്സിലായ എല്ലാവരും തിരിഞ്ഞോടിയിരുന്നു.

 എനിക്കു മാത്രം അതു മനസ്സിലാകാതിരുന്നതിനാല്‍ ഞാന്‍ മാത്രം അവിടെ തന്നെ നിന്നു (എന്റെ ധൈര്യം കൊണ്ടാണെന്ന് എല്ലാവരും കരുതിക്കാണും). പക്ഷേ, ഒരു ഗുണം കിട്ടി. എല്ലാവരും കരുതിയത് ആന പാപ്പാനെ തട്ടി എന്നു തന്നെയായിരുന്നു. അയാള്‍ ഒഴിഞ്ഞു മാറിയത് ഞാന്‍ മാത്രമാണല്ലോ കണ്ടത്. മറ്റെല്ലാവരും പാപ്പാന്റെ കഥ തീര്‍‌ന്നു കാണും എന്നു തന്നെ കരുതി പേടിച്ചിരിക്കുകയായിരുന്നു. ഞാന്‍ പറഞ്ഞപ്പോഴാണ് അവര്‍‌ക്കും ആശ്വാസമായത്.  

തുടര്‍ന്ന് രണ്ടാം പാപ്പാന്‍ കൂടി എത്തിയ ശേഷം എങ്ങനെയോ ആനയെ തളയ്ക്കുകയായിരുന്നു. അവസാനം ആന അവരുടെ പറമ്പില്‍ നിന്നും തിരിച്ചിറങ്ങിയതും നേരായ വഴിയ്ക്കായിരുന്നില്ല എന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ. സത്യത്തില്‍ മറ്റുള്ളവരെല്ലാം എങ്ങനെയാണ് ആന ഇടഞ്ഞ കാര്യം മനസ്സിലാക്കിയതെന്ന് അന്നും ഇന്നും എനിക്കറിയില്ല. 
 
[ഇതേ ആന അക്കൊല്ലത്തെ ഉത്സവം താറുമാറാക്കിയ കഥ മറ്റൊരു പോസ്റ്റില്‍]

Tuesday, March 4, 2008

തഞ്ചാവൂര്‍ ബസ്സിലെ നിത്യകന്യക

ഞങ്ങള്‍ തഞ്ചാവൂര്‍ പഠിച്ചു കൊണ്ടിരുന്ന ആ രണ്ടു വര്‍ഷക്കാലത്തെ മുടങ്ങാത്ത ചടങ്ങുകളിലൊന്നായിരുന്നു എല്ലാ ശനിയാഴ്ചകളിലെയും ക്ഷേത്ര ദര്‍ശനം. തഞ്ചാവൂരിലെ പ്രശസ്തമായ ആ ബൃഹദേശ്വര ക്ഷേത്രത്തെ പറ്റി മിക്കവരും കേട്ടിരിയ്ക്കാനിടയുണ്ട് (പെരിയ കോവില്‍ എന്ന പേരിലാണു ഈ ക്ഷേത്രം പരക്കെ അറിയപ്പെടുന്നത്. ചിത്രങ്ങളും കുറച്ചു വിവരണങ്ങളും ഇവിടെ ഉണ്ട്).

വിരസമായ അക്കാലത്തെ വാരാന്ത്യങ്ങളെ കുറച്ചെങ്കിലും രസകരമാക്കാന്‍ ആ യാത്രകള്‍ വലിയ സഹായമായിരുന്നു. മറ്റു നേരം പോക്കുകള്‍ ഒന്നുമില്ലാത്തതിനാല്‍ ജാതി മത ഭേദമന്യേ എല്ലാവരും ഉള്ളില്‍ കയറി പ്രാര്‍ത്ഥിയ്ക്കും. എന്നിട്ട് കുറേ നേരം കൂടി അവിടെ ക്ഷേത്രത്തിനു മുമ്പിലുള്ള പുല്‍ത്തകിടിയില്‍ വട്ടമിട്ട് ഇരിയ്ക്കും. അവസാനം 9 മണിയോടെയാകും മിക്കവാറും അവിടെ നിന്നും പൊടിയും തട്ടി എഴുന്നേല്‍ക്കുന്നത്. അവിടെ നിന്നിറങ്ങിയാല്‍ മിക്കവാറും നേരെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി അത്യാവശ്യം ഷോപ്പിങ്ങ്. (അക്കാലത്തെ ഷോപ്പിങ്ങിലെ ഒഴിച്ചു കൂടാനാകാത്ത ഐറ്റമായിരുന്നു 200 ഗ്രാമിന്റെ ടൈഗര്‍ ബിസ്കറ്റ്. ഒറ്റ തവണ അത് ഒരു 20 പായ്ക്കറ്റ് എങ്കിലും വാങ്ങും. അതിശയോക്തി കലര്‍ത്തി പറഞ്ഞതല്ല, എല്ലാവര്‍ക്കും 2 കൂട് എങ്കിലും മിനിമം വേണം, മത്തന് നാലോ ആറോ നിര്‍ബന്ധം) അതു കൊണ്ടായിരിയ്ക്കും ഞങ്ങള്‍ അവിടെ കയറുമ്പോഴേ അവിടുത്തെ സെയിത്സ് ഗേള്‍സ് ചിരി തുടങ്ങും. എന്നാലും ചമ്മലൊന്നും ഇല്ലാതെ ഞങ്ങള്‍ അവിടുന്ന് വലിയൊരു ബാസ്കറ്റും പൊക്കിയെടുത്ത് നേരെ ബിസ്കറ്റുകളുടെ സെക്ഷനിലെത്തും. കുറെ പായ്ക്കറ്റ് അതിലേയ്ക്ക് തട്ടിയിട്ട് എല്ലാം കൂടി പായ്ക്ക് ചെയ്ത് അവിടെ നിന്നും ഇറങ്ങും.

അടുത്തതായി തഞ്ചാവൂര്‍ ടൌണിലൊരു ചെറിയ ചായക്കടയുണ്ട്, അല്ല പാല്‍ക്കട എന്നു പറയണം. അവിടുത്തെ സ്പെഷല്‍ ഒരു പ്രത്യേക പാലാണ്. നല്ല വണ്ണം തിളപ്പിച്ച് കുറുക്കിയെടുത്ത് അതില്‍ ചക്കര ഇട്ട “ചക്കരപ്പാല്‍”. അതിന്റെ ആ ഒരു പ്രത്യേക രുചി ഒരിയ്ക്കലും മറക്കാ‍നൊക്കില്ല. വേറെ എവിടെയും അത് കണ്ടിട്ടുമില്ല. തഞ്ചാവൂര്‍ എത്തിയാല്‍ ഈ പാല്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാക്കിയതിനു കാരണക്കാരന്‍ മാഷ് (സുനില്‍ രാജ്) ആയിരുന്നു. മാഷ് ആണ് ഇങ്ങനൊരു ഐറ്റം അവിടെ ഉണ്ടെന്ന് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്.

അവിടെ നിന്നും നേരെ തഞ്ചാവൂര്‍ പഴയ ബസ്സ് സ്റ്റാന്‍ഡിലേയ്ക്ക്. (പഴയ ബസ്സ് സ്റ്റാന്‍ഡും പുതിയ ബസ്സ് സ്നാന്‍ഡും ഉണ്ട്)അവിടെ നിന്നും ‘വല്ലം’ എന്നു വിളിയ്ക്കുന്ന ഞങ്ങള് താമസിച്ചിരുന്ന സ്ഥലത്തേയ്ക്ക്. അതായിരുന്നു പതിവ്. (വല്ലം ശര്‍ക്കര നമ്മുടെ നാട്ടിലും പ്രശസ്തമാണ്)

അങ്ങനെ ഒരു ദിവസം ഞങ്ങളെല്ലാവരും കൂടി ക്ഷേത്ര ദര്‍ശനവും പതിവു ഷോപ്പിങ്ങുമെല്ലാം കഴിഞ്ഞ് പഴയ ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും ഒരു ‘വല്ലം’ ബസ്സില്‍ ചാടിക്കയറി. സമയം 9.30 കഴിഞ്ഞു എങ്കിലും സാമാന്യം സീറ്റുകളെല്ലാം നിറഞ്ഞു, ഞ്ങ്ങള്‍ 8 പേരില്‍ പിള്ളേച്ചനും ബിട്ടുവിനും സീറ്റു തരപ്പെട്ടു. എല്ലാ ലഗ്ഗേജും അവരെ ഏല്‍പ്പിച്ച് ബാക്കി ഞങ്ങളെല്ലാവരും അവിടവിടെയായി ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. ഏറ്റവും മുന്‍പിലായി ജോബി. തൊട്ടു പിന്നില്‍ ഞാനും മാഷും. അതിന്റെ പുറകിലായി ബിമ്പുവും സുധിയും. എല്ലാവരും ഓരോന്ന് പറഞ്ഞ് സമയം കളയുന്നു. അപ്പോഴാണ് പുറകിലിരുന്ന് ഒരു അണ്ണന്‍ വളരെ കാര്യമായി മുന്തിരി തിന്നുന്നത് സുധിയപ്പന്റെ കണ്ണില്‍ പെട്ടത്. ഞങ്ങള്‍ക്കാണെങ്കില്‍ റൂമിലെത്തി അരിയിട്ടിട്ടു വേണം വല്ലതും കഴിയ്ക്കാന്‍. (ഇതു പോലെ ഉള്ള ചില ശനിയാഴ്ചകളിലാണ് വല്ലപ്പോഴുമെങ്കിലും ഞങ്ങള്‍ പുറമെ നിന്നും ഭക്ഷണം കഴിച്ചിരുന്നത്. അന്നാണെങ്കില്‍ അതും കഴിച്ചിരുന്നില്ല) ഇതു കണ്ട് സഹിയ്ക്കാന്‍ വയ്യാതായ സുധിയപ്പന്‍ എന്നെ തോണ്ടി വിളിച്ച് അയാള്‍ ആ മുന്തിരി തിന്നുന്നത് കണ്ണു കൊണ്ട് കാണിച്ചു തന്നു. അതു കണ്ട് ഞാന് ആ കാഴ്ചയിലേയ്ക്ക് മാഷുടെ ശ്രദ്ധ ക്ഷണിച്ചു. കുറച്ചു നേരം അയാളെയും പിന്നെ ഞങ്ങളേയും മാറി മാറി നോക്കിയ ശേഷം മാഷ് കുറച്ച് ഉറക്കെ തന്നെ സുധിയപ്പനോട് പറഞ്ഞു “സുധിയപ്പാ, നല്ല ടേയ്സ്റ്റ് ഉണ്ടായിരിയ്ക്കും അല്ലേ?”

അതു ഞങ്ങളുടെ സ്ഥിരം നമ്പറുകളിലൊന്നായിരുന്നതിനാല്‍ അതു കേട്ട് ഞങ്ങളെല്ലാവരും ആസ്വദിച്ചു ചിരിച്ചു. അപ്പോഴാണ് ജോബിയുടെ തൊട്ടു മുന്‍പിലെ സിറ്റില്‍ നിന്നും ഒരു സ്ത്രീ ഇറങ്ങിപ്പോകുന്നത്. ആ ബസ്സില്‍ വേറെ നില്‍ക്കുന്ന സ്ത്രീകളില്ല. ജോബി കുറച്ചു നേരം കാത്തു. ആ സ്റ്റോപ്പില്‍ നിന്നും വേറെ ആരും കയറുന്നുമില്ല. അടുത്തു നില്‍ക്കുന്ന പുരുഷ പ്രജകളും ആ സീറ്റിലേയ്ക്ക് ഒന്നെത്തി നോക്കിയിട്ട് ഇരിയ്ക്കേണ്ട എന്ന തീരുമാനത്തിലാണെന്ന് തോന്നി. ജോബി സീറ്റിലേയ്ക്കൊന്നു നോക്കി. അതില്‍ ഇരിയ്ക്കുന്നത് ഒരു മുത്തിയമ്മൂമ്മയാണ്. ഏതാണ്ട് ഒരു 80 വയസ്സിനു മുകളില്‍ പ്രായം കാണണം. തലയിലൊരൊറ്റ മുടി പോലും ഇനി വെളുക്കാനില്ല. മാത്രമല്ല, വായില്‍ ഒരു പല്ലു പോലും ബാക്കിയില്ല എന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി. ഒരാള്‍ക്ക് സുഖമായി ഇരിയ്ക്കാനുള്ള സ്ഥലം ധാരാളമുണ്ട്.

ജോബി ഞങ്ങളെയെല്ലാം നോക്കി. ഇനിയും കുറേക്കൂടി പോകാനുണ്ട്, ഞങ്ങളുടെ വീട് എത്താന്‍. അത്രയും നേരം നില്‍ക്കണ്ടല്ലോ എന്ന സന്തോഷം അവന്റെ മുഖത്ത്. “അളിയാ, എന്നാപ്പിന്നെ ഞാനിവിടെ ഇരിയ്ക്കുവാടാ” എന്നും പറഞ്ഞ് അവന്‍ ആ സീറ്റില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഒതുങ്ങി ഇരുന്നു. നല്ല പ്രായമുള്ള, തീരെ മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളായിരുന്നു ആ അമ്മൂമ്മ എങ്കിലും അവര്‍ക്ക് അസൌകര്യമാകണ്ട എന്നു കരുതി, വളരെ ഡീസന്റായി, ഒരു വശത്ത് ഒതുങ്ങിയാണ് ജോബി ഇരുന്നത്.

അവന്‍ അവിടെ ഇരിയ്ക്കുന്നതു കണ്ട അമ്മൂമ്മ അവനെ ഒന്നു നോക്കി. അവനാണെങ്കില്‍ കുരച്ചൊരു ബഹുമാനത്തോടെ എന്ന പോലെ അവരെ നോക്കി മാന്യമായി ഒന്നു പുഞ്ചിരിച്ചു.

എന്നാല്‍ ഞങ്ങളാരും പ്രതീക്ഷിച്ചതല്ല അവിടെ സംഭവിച്ചത്. തന്നെക്കൊണ്ട് ആകുന്നത്ര ഉറക്കെ ആ അമ്മൂമ്മ എന്തൊക്കെയോ പറഞ്ഞു തുടങ്ങി. അതിന്റെ ചുരുക്കം ഇതാണ്.

“ഹും! എന്തൊരു ധിക്കാരത്തോടെ ആണ് നീ ഈ സീറ്റില്‍ എന്റെ കൂടെ കയറി ഇരിയ്ക്കുന്നത്. പെണ്ണുങ്ങള്‍ ഇരിയ്ക്കുന്ന സീറ്റിലാണോ ആണ്‍ പിള്ളേര്‍ കയറി ഇരിയ്ക്കുന്നത്. അതെല്ലാം പോട്ടെ. എന്റെ കൂടെ കയറി ഇരുന്നതും പോരാഞ്ഞിട്ട് എന്റെ മുഖത്തു നോക്കി ചിരിച്ചും കാണിച്ചു. ഞാന്‍ വിവാഹം പോലും കഴിയ്ക്കാ‍ത്ത സ്ത്രീയാണ്. അതു നിനക്കറിയുമോ” (കന്യക എന്നതിന് അവരെന്തോ ഒരു വാക്കു പറഞ്ഞു. എന്താണെന്ന് ഞ്ഞങ്ങള്‍ക്കു മനസ്സിലായില്ല. പിന്നീട് ആ ബസ്സിലെ ഒരു സഹയാത്രികനാണ് അതു ഞങ്ങള്‍ക്ക് പറഞ്ഞു തന്നത്)

ഇതു പറഞ്ഞു കഴിഞ്ഞതും ജോബി അന്തം വിട്ട് ഒരു നിമിഷം കൂടി അവിടെ തന്നെ ഇരുന്നു. എന്നിട്ട് വിളറിയ മുഖത്തോടെ, എന്നാല്‍ വളരെ മര്യാദയോടെ “സോറി പാട്ടീ” എന്നും പറഞ്ഞ് എഴുന്നേറ്റു. അടുത്തു നിന്നവരെല്ലാം ഇതു കേട്ട് ചെറിയൊരു തമാശ പോലെ അടക്കിച്ചിരിയ്ക്കുന്നു. ആ ബസ്സിലെ ആരും അത് കാര്യമായി എടുത്തിരുന്നില്ലെങ്കില്‍ കൂടി, ഇതു കേട്ടതും ജോബി വല്ലാതായി. ഒപ്പം ഞങ്ങളും. ഇപ്പറഞ്ഞതെല്ലാം ഞാനും കേട്ടെങ്കിലും ഒന്നു കൂടി ഞാന്‍ ജോബിയോട് കാര്യമന്വേഷിച്ചു.

വല്ലാത്തൊരു വിഷമ ഭാവത്തോടെ, പശ്ചാത്താപത്തോടെ ജോബി എന്റെ തോളില്‍ പിടിച്ചു. എന്നിട്ട് പയ്യെ പറഞ്ഞു. “ എനിയ്ക്കൊരു തെറ്റു പറ്റിപ്പോയി, അളിയാ. അവരെ കണ്ടപ്പോള്‍ ഞാനെന്റെ വല്യമ്മച്ചിയെ പോലെ ഒരാളാണല്ലോ എന്നോര്‍ത്തു. ആ ഒരു സമാധാനത്തോടെ അവിടെ ഇരുന്നു പോയി” അവനത് പറഞ്ഞത് ശരിയ്ക്കും മനസ്സില്‍ തട്ടി തന്നെ ആയിരുന്നു.

അവര്‍ ആ പറഞ്ഞത് കാര്യമാക്കാനൊന്നുമില്ല എന്ന് അന്ന് കണ്ടക്ടറുള്‍പ്പെടെ ബസ്സിലെ എല്ലാവരും ഞങ്ങളോട് പറഞ്ഞെങ്കിലും പിന്നെ ഞങ്ങള്‍ ആരും ആ സീറ്റിലിരുന്നില്ല. മാത്രമല്ല, ഞങ്ങളോടുള്ള ഒരു സഹതാപത്തിന്റെ പേരിലാണോ എന്തോ അന്ന് ആ ഡ്രൈവറും കണ്ടക്ടറും ഞങ്ങളെ സാധാരണ സ്റ്റോപ്പില് ഇറക്കി വിടാതെ ഞങ്ങളുടെ വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്ക് കടത്തി നിര്‍ത്തി തരുകയായിരുന്നു. (സാധാരണ ഞങ്ങള്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍ നിന്നും ആ വഴി വരെ അഞ്ചു മിനിട്ടോളം നടക്കേണ്ട ദൂരം കുറച്ചു തന്നു എന്നു ചുരുക്കം)

ആ സംഭവം അപ്പോള്‍ അവനെ കുറച്ചൊന്നു വിഷമിപ്പിച്ചെങ്കിലും ഇന്ന്‍ ചെറിയൊരു തമാശ പോലെയാണ് അവനത് മറ്റുള്ളവര്‍ക്കു മുന്നില്‍ അവതരിപ്പിക്കാറുള്ളത്.