Tuesday, July 24, 2007

ബിപിസി ചരിതം (കലാമണ്ഡലം ആട്ടക്കഥ)

ഈ സംഭവവും എന്റെ ബിപിസി കോളേജിലെ പഠനകാലത്താണ്‌‍ നടക്കുന്നത്. കോളേജ് ഡേ യോടനുബന്ധമായി നടക്കുന്ന കലാപരിപാടികള്‍‌ക്കുള്ള ഒരുക്കങ്ങള്‍‌ തകൃതിയായി മുന്നേറുന്ന സമയം. ആ വര്‍‌ഷം ഒരു പുതിയ പരിപാടി അവതരിപ്പിക്കാന്‍‌ ഭാരവാഹികള്‍‌ തീരുമാനിച്ചിരുന്നു മറ്റൊന്നുമല്ല, ഞങ്ങളുടെ ജൂനിയറായ ഒരു കുട്ടി കഥകളി അഭ്യസിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട്, ആ വര്‍‌ഷം ഒരു വ്യത്യസ്ഥതയ്ക്കായ് കഥകളി കൂടി പരിപാടികളില്‍‌ ഒരു ഇനമായി ഉള്‍‌പ്പെടുത്തിയിരുന്നു.

അങ്ങനെ കോളേജ് ഡേയ്ക്ക് ഒരാഴ്ച മുന്പു തന്നെ അതിനുള്ള പരിശീലനവും തുടങ്ങി. എറണാകുളത്തു നിന്നും ആ കുട്ടിയുടെ ഗുരു കൂടിയായ ഒരു കഥകളിയാശാന്‍‌ കൂടി (നമുക്ക് അദ്ദേഹത്തെ “കലാമണ്ഡലം” എന്നു വിശേഷിപ്പിക്കാം)അതിനായി വന്നു തുടങ്ങി. കോളേജുകളില്‍‌ കഥകളി ഒരു അപൂര്‍‌വ്വ കലാരൂപം ആയതു കൊണ്ടു തന്നെ ആ പരിപാടിയ്ക്കും അവതരിപ്പിക്കുന്ന കുട്ടിയ്ക്കും കലാമണ്ഡലത്തിനും അമിതമായ പ്രാധാന്യം നല്‍‌കപ്പെട്ടിരുന്നു. പ്രിന്‍‌സിപ്പാലും എല്ലാ അദ്ധ്യാപകരും നമ്മുടെ കലാമണ്ഡലത്തെ കാര്യമായ ബഹുമാനത്തോടെ തന്നെയാണ് സ്വീകരിച്ചിരുന്നത്.

മാത്രമല്ല, ഈ സംഭവത്തില്‍‌ എന്താണ് ഇത്രയ്ക്കു കര്യമായി ഇരിക്കുന്നത് എന്നറിയാനുള്ള ജിജ്ഞാസ മൂലം ഞാനുള്‍‌പ്പെടെയുള്ള ഒട്ടുമിക്ക വിദ്യാര്‍‌ത്ഥികളും എല്ലാ ദിവസവും അവിടെ പോയി ഒന്നു എത്തിനോക്കി തിരിച്ചു പോരുക പതിവായിരുന്നു.

അങ്ങനെ ഒരു ദിവസം ഞാനും കൂട്ടുകാരും (ഞങ്ങള്‍‌ ഏഴെട്ടു പേര്‍‌ ) എപ്പോഴോ ഫ്രീ ടൈം ഒത്തു വന്നപ്പോള്‍‌ പരിശീലനം നടക്കുന്ന ഹാളിലേക്കു ചെന്നു. അപ്പോള്‍‌ അവരും വിശ്രമത്തിലായിരുന്നു. കാണികളും കുറവ്. ആകെ അഞ്ചാറു പേര്‍‌ മാത്രം. എല്ലാവരും വലിയ ബഹുമാനത്തോടെ കലാമണ്ഡലത്തോട് എന്തെങ്കിലും രണ്ടു വാക്കു സംസാരിച്ച് പോകുന്നുണ്ട്. അപ്പോഴാണ് ഞങ്ങളുടെ രംഗ പ്രവേശം. ഞങ്ങളുടെ കൂട്ടത്തില്‍‌ കുല്ലുവുമുണ്ടായിരുന്നു. (മൂന്നാമത്തെ വയസ്സു മുതല്‍‌ സംഗീതം അഭ്യസിക്കുന്ന കുല്ലു ഒരു സംഭവം തന്നെ ആണേ। ഇന്ന് ദക്ഷിണേന്ത്യന്‍‌ സംഗീത ലോകത്ത് കുറേശ്ശെ അറിയപ്പെട്ടു തുടങ്ങിയ അവന്‍‌ ഇപ്പോള്‍‌ യു.എസ്സില്‍‌ ഒരു പര്യടനത്തിലാണ് എന്ന് ഇവിടെ അഭിമാനത്തോടെ സൂചിപ്പിക്കട്ടെ!) അന്ന് സംഭവം നടക്കുന്ന സമയത്ത് അവന്‍‌ എംജി യൂണിവേഴ്സിറ്റി കലാപ്രതിഭ കൂടി ആയിരുന്നു. ഞങ്ങളുടെ കോളേജില്‍‌ എത്തുന്നതിനു മുന്‍പു തന്നെ കുല്ലുവും കഥകളി പഠിക്കുന്ന കുട്ടിയും പല മത്സര വേദികളിലും വച്ച് കണ്ടു പരിചയം ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ, കുല്ലു അകത്തേയ്ക്കു കയറിയപ്പോള്‍‌ തന്നെ ആ കുട്ടി അവന്റെ അടുത്തെത്തി സംസാരിച്ചു. ഇതു കണ്ട എന്റെ മറ്റൊരു സുഹൃത്ത് മത്തനും ( ഹോളോമാന്‍‌ എന്ന പോസ്റ്റിലെ കേന്ദ്ര കഥാപാത്രം) കുല്ലുവിന്റെ അടുത്തേയ്ക്ക് ഓടിച്ചെന്ന്‍ അവന്റെ കൂടെ സംഭാഷണത്തില്‍‌ പങ്കു ചേര്‍‌ന്നു. തുടര്‍‌ന്ന് ആ കുട്ടി കുല്ലുവിനെ നമ്മുടെ കലാമണ്ഡലത്തിനു പരിചയപ്പെടുത്തി. കലാപ്രതിഭയാണെന്നറിഞ്ഞപ്പോള്‍‌ കലാമണ്ഡലത്തിനും കുല്ലുവിനോടൊരു ബഹുമാനം. അങ്ങനെ അവര്‍‌ കുറച്ചു നേരം സംസാരിച്ചു.ഇതൊന്നും ശ്രദ്ധിക്കുന്നില്ലെങ്കിലും മത്തനും കുല്ലുവിന്റെ കൂടെ തന്നെ നില്‍‌പ്പുണ്ടായിരുന്നു.സ്വാഭാവികമായും ( കൂടെ വന്നു പോയില്ലേ, നിവൃത്തിയില്ലല്ലോ)കുല്ലു മത്തനെയും കലാമണ്ഡലത്തിനു പരിചയപ്പെടുത്തി. കലാമണ്ഡലമാകട്ടെ, അദ്ദേഹത്തിന്റെ ഗതികേടിന് മത്തനെ നോക്കിയും ഒന്നു ചിരിച്ചിട്ട് എന്തോ കുശലം ചോദിച്ചു. പിന്നെ പറയണോ. മത്തനും ആവേശമായി. ഇങ്ങോട്ടു ചോദിച്ച സ്ഥിതിയ്ക്ക് തിരിച്ചും എന്തെങ്കിലും ചോദിയ്കേണ്ടേ? (കഥകളി എന്നൊരു സംഗതി ഉണ്ടെന്നല്ലാതെ അതെപ്പറ്റി ഒന്നും അവനറിയില്ലല്ലോ)

“ചേട്ടനെ എവിടെയോ വച്ചു കണ്ടതായി തോന്നുന്നല്ലോ” മത്തന്‍‌ തട്ടി വിട്ടു.

ഇതു കേട്ട കലാ‍മണ്ഡലത്തിന്റെ മുഖം വിടര്‍‌ന്നു. തന്നെ വല്ല ടിവി പ്രോഗ്രാമിലോ പത്രത്തിലോ ഈ പയ്യന്‍‌ കണ്ടിട്ടുണ്ടാകും എന്ന് അദ്ദേഹം കരുതി.

ഒരു നിമിഷം പോലും വൈകാതെ മത്തന്റെ അടുത്ത ചോദ്യവും വന്നു.” ചേട്ടന് ഇലഞ്ഞി ഭാഗത്തെങ്ങാനും റബ്ബര്‍‌ കടയുണ്ടോ”

ഈ ചോദ്യം കേട്ടപ്പോള്‍‌ നമ്മുടെ കലാമണ്ഡലത്തിന്റെ മുഖഭാവം എന്തായിരുന്നു എന്ന് ഇവിടെ വിവരിക്കേണ്ടതില്ലല്ലോ. എന്തു മറുപടി പറയണമെന്നു പോലുമറിയാതെ അദ്ദേഹം കുറച്ചു നേരം സ്തംഭിച്ചിരുന്നു പോയി. ഇതു കേട്ട നിമിഷം തന്നെ അദ്ദേഹത്തെ നേരിടാനാകാതെ കുല്ലു പതുക്കെ അവിടെ നിന്നും അപ്രത്യക്ഷനായി, പിന്നാലെ ഞങ്ങളും.അവിടെ അങ്ങനൊരു ബോംബിട്ട ശേഷം മത്തനും ഞങ്ങളുടെ കൂടെ എത്തി. പക്ഷേ, താന്‍‌ പറഞ്ഞതിലെന്താണ് കുഴപ്പം പറ്റിയതെന്ന് അവനു മനസ്സിലായില്ല എന്നു മാത്രം.

മത്തന്റെ ചേട്ടന് റബ്ബര്‍‌ ബിസ്സിനസ്സാണ്. ഇലഞ്ഞി എന്ന സ്ഥലത്ത് ഒരു കടയും ഉണ്ട്. കലാമണ്ഡലത്തെ കണ്ടപ്പോള്‍‌ അവന് അവിടുത്തെ ഏതോ റബ്ബര്‍‌ കടയില്‍‌ നില്‍‌കുന്ന ആളായിട്ടാണ് തോന്നിയത്.

ആ ഒരൊറ്റ ചോദ്യത്തോടെ കുല്ലുവിന്റെ കൂട്ടുകാരായ ഞങ്ങളെ പറ്റി ആ കുട്ടിയ്ക്ക് നല്ല മതിപ്പായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

14 comments:

 1. ശ്രീ said...

  ഇതു ഞങ്ങളുടെ ബിപിസി കോളെജില്‍‌ വച്ചു നടന്ന ഒരു രസകരമായ സംഭവ കഥ....

 2. Manu said...

  അപ്പോള്‍ എന്റെ ഐപ്പിനു ഭൂലോകത്ത് വേറേം പതിപ്പൂകള്‍ ഒണ്ട്...സമാധാനമായി :)

  എഴുത്തു നന്നായി ശ്രീ

 3. മുരളി വാളൂര്‍ said...

  xcശ്രീശോഭിന്‍,
  ആരാണീ മത്തന്‍? വാളൂരുള്ള ആരെങ്കിലുമാണോ? എഴുത്തു നിര്‍ത്തണ്ട കെട്ടൊ....

 4. ശ്രീ said...

  മനൂ.... എല്ലാവര്‍‌ക്കും ഇതു പോലുള്ള ചില ചങ്ങാതിമാര്‍‌ ഉണ്ടാകും, അല്ലേ...? :)

  മുരളി മാഷെ, മത്തന്‍‌ നാട്ടിലുള്ള കഥാപാത്രമല്ല, കേട്ടോ... എന്റെ കൂടെ കോളേജില്‍‌ പഠിച്ച ഒരു സുഹൃത്താണ്‍....

 5. Saijumon said...

  Sobhicha ara ee mathan? Avan sarikkum oru sambhavam anu alle ?

  Enthayalum ini muthal blog enkilum njan sradhikkum. Pinne nee sarikkum kalakki.

 6. സസ്നേഹം സ്വന്തം said...

  മത്തന്‍ രസികന്‍ തന്നെ..... അടുത്ത കഥ പോരട്ടെ

 7. Friendz4ever said...

  മനസ്സില്‍ ഒരു ദീപമായി സൌഹൃദങ്ങല്‍ തെളിയുന്നത് കൊണ്ടാണല്ലൊ ഇതൊക്കെ മനസ്സില്‍ ഇരിക്കുന്നത് അല്ലെ ശ്രീ...
  ഈ പറഞ്ഞ മത്തനെ എല്ലാവരും കൂടി പറഞ്ഞു പറഞ്ഞു. ഒരു തണ്ണിമത്തന്‍ ആക്കുമൊ..?
  ഹഹഹഹ ...ഇനിയും തുടരുമല്ലൊ സസ്നേഹം സജി പരവൂര്‍.!!

 8. Typist | എഴുത്തുകാരി said...

  ശ്രീ, കൊള്ളാം.

 9. ശ്രീ said...

  സസ്നേഹം സ്വന്തം...
  കമന്റിനു നന്ദി...

  സജി...
  സുഹൃത്തുക്കളുമായി പങ്കു വച്ച നിമിഷങ്ങള്‍ ഓര്‍മ്മിയ്ക്കുന്നതും കുറിച്ചു വയ്ക്കുന്നതും സന്തോഷകരം തന്നെ...
  നന്ദി, കേട്ടോ...
  :)

  എഴുത്തുകാരീ...
  നന്ദി.

 10. P.R said...

  കലാമണ്ടലം, ആട്ടക്കഥ എന്നൊക്കെ കണ്ടപ്പോള്‍ കുറച്ച് കടുപ്പത്തില്‍ പ്രതീക്ഷിച്ചു പോയി.. :)

  എഴുതിയതിഷ്ടപ്പെട്ടു ട്ടൊ, ആ പഴയ കോളേജുകാലം...

 11. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: കുട്ടി... കുട്ടി ഉം ശരി ശരി പെണ്‍കുട്ടിയാണല്ലേ ... അതങ്ങ് തെളിച്ചു പറയാന്‍ എന്താ ഒരു മടി.

  ഓടോ: ആട്ടക്കഥയും കഥകളിയും തമ്മിലെന്താ ബന്ധം.
  കഥയുടെ പേരും കഥയുമായി എന്തോ ഒരു ചേര്‍ച്ചക്കുറവ്.

 12. ശ്രീ said...

  പി. ആര്‍....

  പേരു കണ്ടു തെറ്റിദ്ധരിച്ചു, അല്ലേ....
  വായിച്ചതിനു നന്ദി...

  ചാത്താ...
  എടങ്ങേറാക്കല്ലേ... അങ്ങനെ ശാസ്ത്രീയമായൊന്നും ചോദിക്കല്ലേ.... അപ്പോള്‍ തോന്നിയ ഒരു പേരങ്ങ് തട്ടി എന്നു മാത്രം. പിന്നെ, എനിക്കും അതെപ്പറ്റി കാര്യമായ അറിവൊന്നുമില്ലാന്നുള്ളതും ഒരു സത്യം...
  :)

 13. മലയാളി said...

  നേരത്തെയും മത്തന്റെ കഥ വായിച്ചിരുന്നു. പേര് എന്തായാലും അറിഞ്ഞ് ഇട്ടതുതന്നെ. കൊള്ളാം.

 14. ബിലാത്തിപട്ടണം / Bilatthipattanam said...

  പുത്തൻ പോസ്റ്റിൽ നിന്നും ഈ പൊസ്റ്റിലേക്ക് ഒന്ന് ചാടി നോക്കിയതാണ് കേട്ടൊ
  ഈ ബിപിസി നർമ്മം കൊള്ളാം..