Friday, July 6, 2007

ഗോള്‍‌ഡന്‍‌ ഡേ!

ഇന്ന് ജൂലൈ6 . ഇന്നത്തെ ദിവസത്തിന് നിങ്ങള്‍‌ക്കാര്‍‌ക്കുമില്ലാത്ത ഒരു പ്രത്യേകത എനിക്കും എന്റെ സുഹൃത്തുക്കള്‍‌ക്കുമുണ്ട്. എന്താണെന്നു വച്ചാല്‍‌ ഞങ്ങള്‍‌ക്ക് ഇന്ന് ഗോള്‍‌ഡന്‍‌ ഡേആണ്. മനസ്സിലായില്ല, അല്ലേ? ഇതു വായിച്ചു കഴിയുമ്പോള്‍‌ മനസ്സിലാകേണ്ടതാണ്.


ഇതു നടക്കുന്നത് നമ്മുടെ കൊച്ചു കേരളത്തില്‍‌ തന്നെയാണ്. എറണാകുളം ജില്ലയുടെ ഏതാണ്ടൊരു മൂലയിലുള്ള പിറവം എന്ന കൊച്ചു ഗ്രാമത്തില്‍.(പിറവം ചെറുതാണെന്നും ഗ്രാമമാണെന്നും പറഞ്ഞത് പിറവം കാരായ എന്റെ സുഹൃത്തുക്കള്‍‌ ക്ഷമിക്കില്ല.) എന്തായാലും ആ പിറവത്തെ ബസേലിയോസ് പൌലോസ് സെക്കന്റ് കാത്തോലിക്കോസ് കോളേജ് അഥവാ ഞങ്ങളുടെ ബിപിസിയിലാണ് ഇതിന്റെ തുടക്കം.

അതു മനസ്സിലാക്കാന്‍‌ നമുക്കൊരു യാത്ര പോകാം.... ഏഴു സംവത്സരങ്ങള്‍‌ക്കു പുറകിലേയ്ക്ക്.... ഒരു സൌഹൃദ യാത്ര.... ഓര്‍‌മ്മകളുടെ നൂല്‍‌പ്പാലത്തിലൂടെ!

അതാ.... ഇപ്പോള്‍‌ നാം പ്രശസ്തമായ പിറവം വലിയ പള്ളിയും കഴിഞ്ഞ് പാലച്ചുവടും പിന്നിട്ട് കോളേജ് ജംഗ്ഷനിലെത്തിക്കഴിഞ്ഞു.അഥവാ, അപ്പോളോ ജംഗ്ഷനില്‍‌. ഇതാ അവിടെ നിന്നും കൂട്ടുകാരോടൊന്നിച്ച് നാമിപ്പോള്‍‌ കന്നീറ്റുമല കയറുകയാ‍ണ്. 10 മിനിട്ടോളം സമയം കൊണ്ട് തമാശ പറഞ്ഞും പാര വച്ചും പൊട്ടിച്ചിരിച്ചും കുറ്റം പറഞ്ഞും പരിഭവം പങ്കു വച്ചും നാമിതാ ബിപിസിയുടെ തിരുമുറ്റത്ത് വന്നു ചേര്‍‌ന്നു കഴിഞ്ഞു...

ഇനി ബിപിസിയില്‍‌ നമ്മളാദ്യമായി ഒത്തൊരുമിച്ച ബിപിസി ഇലക്ട്രോണിക്സ് ഒന്നാം/രണ്ടാം സെമസ്റ്റര്‍‌ ക്ലാസ്സിലേയ്ക്ക്.... ആദ്യം തന്നെ ഓടിച്ചാടി നടക്കുന്ന സഹപാഠികളിലേയ്ക്കാണ് നമ്മുടെ ശ്രദ്ധ പതിയുന്നത്. അല്ലാ, അതെന്താണ് ബ്ലാക്ക് ബോര്‍‌ഡില്‍???

കറുത്ത ബോര്‍‌ഡില്‍‌ വെളുത്ത വലിയ അക്ഷരങ്ങളില്‍‌ എന്തോ എഴുതിയിരിക്കുന്നു.... കാണുന്നില്ലേ... ഉവ്വ്... നല്ല വ്യക്തമായി കാണാം....

"ഹാപ്പി ഗോള്‍‌ഡന്‍‌ ഡേ"

ഇന്ന് ജൂലൈ 6. എന്താണീ ഗോള്‍‌ഡന്‍‌ ഡേ എന്നല്ലേ....?

നമുക്ക് ചുറ്റുപാടും ഒന്നു കണ്ണോടിക്കാം... ആ കോലാഹലങ്ങളിളേയ്ക്ക് ഒന്നു ചെവിയോര്‍‌ക്കാം...

അവിടെ ഒരുവന്‍‌ അടുത്തിരിക്കുന്നവനോട് ചോദിക്കുന്നു...."എന്താടാ, ഈ ഗോള്‍‌ഡന്‍‌ ഡേ?"
അടുത്തിരിക്കുന്നവന്‍‌ വിവരിക്കുന്നു" എനിക്കും അറിയില്ല. അമേരിക്കയിലൊക്കെ വലിയ കാര്യമായി ആഘോഷിക്കുന്ന എന്തോ ആഘോഷമാണെന്നാ കേട്ടത്"

ക്ലാസ്സില്‍‌ മുഴുവന്‍‌ ഗോള്‍‌ഡന്‍‌ ഡേയെക്കുറിച്ചുള്ള ചൂടു പിടിച്ച ചര്‍‌ച്ച നടക്കുന്നു... അപ്പോഴതാ,രണ്ടാമത്തെ വരിയിലെ അവസാന ബഞ്ചുകളില്‍‌ നിന്നുമായി നാലഞ്ചു പേര്‍‌ എഴുന്നേല്‍‌ക്കുന്നു... അവര്‍‌ മുന്‍‌പിലേക്കു വരികയാണ്. അതാ, അവര്‍‌ പ്ലാറ്റ്ഫോമിനടുത്തെത്തി. അവരില്‍‌ ഒരാള്‍‌ക്ക് സാമാന്യത്തിലധികം പൊക്കം വരും. അത്ര തടിയില്ല. അയാള്‍‌ക്ക് എന്റെ ചെറിയ ഒരു ഛായ തോന്നുന്നുണ്ടല്ലേ... സംശയിക്കേണ്ട! അതു ഞാന്‍‌ തന്നെ. മറ്റൊരാള്‍‌ ആ പരിസരത്തുള്ള എയറു മുഴുവനും വലിച്ചു പിടിച്ചിരിക്കുകയാണെന്നു തോന്നുന്നു.... മറ്റാര്‍‌ക്കും തരില്ലെന്ന ഭാവത്തില്‍‌.... (ഇവനെന്താ ഗുസ്തിക്കു വന്നതോ എന്ന ഭാവത്തില്‍‌ മുന്‍‌ ബഞ്ചിലിരിക്കുന്ന രണ്ടുമൂന്നു പേര്‍‌ ചിരിക്കുന്നു). അത് ജോബി തന്നെ! തുടര്‍‌ച്ചയായി 2 വര്‍‌ഷം (മാത്രം) കോളേജില്‍‌ മിസ്റ്റര്‍‌ ബിപിസി മത്സരം സംഘടിപ്പിച്ചപ്പോഴും ആ രണ്ടു തവണയും ചാമ്പ്യന്‍‌ പട്ടം കരസ്ഥമാക്കിയ ബിപിസിയുടെ കരുത്തനായ, ഇലക്ട്രോണിക്സ് കാരുടെ സ്വന്തം സില്‍‌വര്‍ അഥവാ മസില്‍‌മാന്‍ ജോബി... അതിനടുത്ത് ലോകത്തെന്തു നടന്നാലും എനിക്കൊന്നുമില്ല എന്ന ഭാവത്തില്‍‌ ലാഘവത്തോടെ ചിരിച്ചു കൊണ്ട്, അവിടെ നില്‍‌ക്കുമ്പോഴും പെണ്‍‌കുട്ടികളുടെ നേരെ എന്തൊക്കെയോ പറഞ്ഞ് കളിയാക്കിച്ചിരിച്ചു കൊണ്ടും ബിട്ടു... അതിനടുത്ത് ഏതോ മഹാകാര്യത്തിനു സാക്ഷിയാകാന്‍‌ കഴിഞ്ഞതിന്റെ മുഴുവന്‍‌ ചാരിതാര്‍‌ത്ഥ്യവും മുഖത്തണിഞ്ഞ്, പോകുന്ന വഴിയിലെല്ലാം കൂടി ഗോള്‍‌ഡന്‍‌ ഡേയെ പറ്റി വിശദീകരണം നല്‍‌കിയും തങ്ങള്‍‌ നവോദയായില്‍‌ പഠിച്ചിരുന്നപ്പോള്‍‌ പോലും ഈ ഗോള്‍‌ഡന്‍‌ ഡേ ആഘോഷിക്കാനുള്ള പ്ലാനിട്ടിരുന്നു എന്നും മറ്റുമുള്ള അറിയിപ്പുകളുമായി ബിമ്പു ‍‌. അപ്പുറത്ത് കൂരിരിട്ടില്‍‌ ഒരു പ്രകാശനാളം എന്നു പറയും പോലെ, ബിപിസിയുടെ കറുത്ത മുത്ത്, ഇലക്ട്രോണിക്സ് കാരുടെ കരീം ഭായ്, തോട്ടംഭാഗം ടോണര്‍‌ഭായ്, സ്ലോപ്പര്‍‌ സുധിയപ്പന്‍‌ ഒരു വെളുത്ത ചിരിയുമായി.... (രാത്രി ഇരുട്ടത്തു കൂടിയെങ്ങാനും നടക്കുമ്പോള്‍‌ കയ്യില്‍‌ വെളിച്ചമൊന്നുമില്ലെങ്കില്‍‌ ചിരിച്ചു കൊണ്ടേ നടക്കാവൂ, അല്ലെങ്കില്‍‌ ആരെങ്കിലും വന്ന് ദേഹത്തിടിക്കും എന്ന് പണ്ടാരോ അവനോട് പകുതി കാര്യമായും പകുതി തമാശയായും പറഞ്ഞെന്നു പിറവത്തെ കേട്ടുകേള്‍‌വി. അതിനു ശേഷമാണത്രെ അവന്‍‌ രാത്രിയും പകലും ഈ ട്രേഡ് മാര്‍‌ക്ക് ചിരി ഒരു പതിവാക്കിയത്). അവസാനമായി, ഇന്‍‌ഡിപ്പെന്‍‌ഡന്‍‌സിന്റെ ഷര്‍‌ട്ടും (ആ ഷര്‍ട്ട് അവിടെ പിറവത്ത് ഫുട്ട്പാത്തില്‍‌നിന്നും 50 രൂപയ്ക്കു പേശി വാങ്ങിയത് അറിഞ്ഞത് ഞങ്ങള്‍‌ മാത്രമാണല്ലോ) ഒരു കസവുമുണ്ടുമുടുത്ത് ഒരു കുറിയ മനുഷ്യനും... (കയ്യിലിരുപ്പു വച്ചാണ് ഉഅയരം കണക്കാക്കുന്നതെങ്കില്‍‌ ഈ മാന്യ ദേഹത്തിന്റെ ഉയരം 7 അടിയില്‍‌ കുറയില്ല.).

ആളെ മനസ്സിലായില്ലേ... ഇല്ല? ഒരു ഹിന്റു തരാം... എപ്പോഴും വലിയ സീരിയസ്സയി, തിരക്കു പിടിച്ച് അമേരിക്ക പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന മിസൈലിന്റെ രഹസ്യം സൂക്ഷിക്കാനുള്ള ചുമതലയും ഉത്തരവാദിത്വവും തനിക്കാണ് എന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ സദാസമയവുമുള്ള നടപ്പ്! ഇപ്പോ മനസ്സിലായോ?

പോര? ഒന്നു കൂടി പറയാം.... ക്ലാസ്സിലെല്ലാവരും വല്ലാത്ത പിരിമുറുക്കത്തിലിരിക്കുമ്പോള്‍‌ ഒരു നേരം പോക്കിനായി എന്തെങ്കിലും കേള്‍‌ക്കണമെന്നു തോന്നുമ്പോള്‍‌ ഈ വ്യക്തിയെ വിളീച്ച് വളരെ സീരിയസ്സായി എന്തെങ്കിലും പറയാനാവശ്യപ്പെടുക അന്നു പതിവായിരുന്നു, എല്ലാവര്‍‌ക്കും ഒന്നു പൊട്ടിച്ചിരിക്കാനാവശ്യമായ എന്തെങ്കിലും അതില്‍‌ നിന്നും കിട്ടുമെന്നുറപ്പായിരുന്നു.... ഇപ്പോള്‍‌ പിടി കിട്ടിയോ?

കുറേയൊക്കെ ഓര്‍‌മ്മ വരുന്നു, അല്ലേ? എന്നാല്‍‌ ഇപ്പോള്‍‌ മനസ്സിലാക്കിത്തരാം. "എടാ, എന്തു പ്രശന്മുണ്ടായാലും 257817. ഈ നമ്പറിലേയ്ക്കൊന്നു വിളിച്ചാല്‍‌ മതി" ഇപ്പോ പിടികിട്ടിയോ? ഉവ്വ്,അല്ലേ.... അതു തന്നെ ആള്‍‌ " ദ വണ്‍‌ ആന്‍ഡ് ഓണ്‍‌ലി" ഗ്രേറ്റ് മത്തപുംഗവന്‍‌ അഥവാ മത്തന്‍‌...


ഇനി കാര്യത്തിലേയ്ക്കു കടക്കാം.... ഇവര്‍‌ പ്ലാറ്റ്ഫോമില്‍‌ നിന്നു കൊണ്ട് ഗോള്‍‌ഡന്‍‌ ഡേയെക്കുറിച്ച് സൂചിപ്പിക്കുകയാണ്. പലരും പല ഭാഗത്തു നിന്നും ഗോള്‍‌ഡന്‍‌ ഡേയെക്കുറിച്ചു ചോദിക്കുന്നു. ഇവര്‍‌ ഓരോരുത്തരും അവര്‍‌ക്കെല്ലാം മറുപടി കൊടുക്കുന്നു. അപ്പോഴതാ ജനലിന്റെ അടുത്തു നിന്നും ഒരു രൂപം ചാടിയെഴുന്നേല്‍‌ക്കുന്നു. ആ രൂപം തല ചെരിച്ചു പിടിച്ച് ഒരു കൈ ആഞ്ഞു വീശി ത്രികോണേ ത്രികോണേ എന്ന രീതിയില്‍‌ രണ്ടു ചാട്ടത്തിന് (അതോ നടന്നതു തന്നെയോ?) പ്ലാറ്റ്ഫോമിനടുത്തെത്തി.ഹ! അത് മറ്റാരുമല്ല. അതല്ലേ പ്രൊഫ് പ്രേംജി അഥവാ പിള്ളേച്ചന്‍‌!. പിള്ളേച്ചന്‍‌ ആദ്യം കണ്ട ജോബിയോട് ചോദിച്ചു "ഉംചണ്‍ഹ്പഗുറ്ടടാ കആഫ്ഠര്‍മഎ?" ജോബി പകച്ചു. ഇതേതു ഭാഷ???(ആ ഭാഷയെപ്പറ്റിയുള്ള പരാമര്‍‌ശം ഇനിയുമുള്ള കഥകളില്‍‌ വരുന്നതായ്യിരിക്കും) ഇതു വരെ കേട്ടിട്ട് സംസ്കൃതമെന്നും ഫ്രഞ്ച് എന്നുമൊക്കെ ആണെന്ന് സമാധാനിക്കാറുള്ള ഒരു ഭാഷയല്ല. (കാരണം അതൊന്നുമറിയില്ലെങ്കിലും ഇടെയ്ക്കിടെ കേള്‍‌ക്കാറുള്ളതിനാല്‍‌ അതൊരുമാതിരി പരിചയമായിക്കഴിഞ്ഞു. മാത്രമല്ല, എന്തെങ്കിലും തല്ലുകൊള്ളിത്തരങ്ങള്‍‌ ചെയ്യുമ്പോള്‍‌ മാത്രമേ അതു കേള്‍‌ക്കുന്ന പതിവുള്ളൂ... ഇതിപ്പോ എന്താ കാര്യം?) അവന്‍‌ പിള്ളേച്ചന്റെ നേരെ തിരിഞ്ഞ് കുറച്ചൊരു ആശങ്കയോടെ ചോദിച്ചു "എന്ത്?" പ്രേംജി അഥവാ പിള്ള ഒന്നു കൂടി തിരുത്തി ചോദിച്ചു " എടാ, എന്താടാ കാര്യം? "

", അതാണോ ഇവന്‍‌ നേരത്തെ ചോദിച്ചത്" എന്ന സമാധാനത്തോടെ ജോബി പിള്ളയോടു മറുപടി പറഞ്ഞു 'എടാ, നിനക്കറിഞ്ഞു കൂടെ, ഇന്നല്ലേ ഗോള്‍‌ഡന്‍‌ ഡേ?. അമേരിക്കക്കാരെല്ലാം വലിയ സംഭവമായിട്ടല്ലേ ഇത് ആഘോഷിക്കുന്നത്?' [ ജോബി മന:പ്പൂര്‍‌വ്വം ഒരു നമ്പറിടുകയായിരുന്നു. കാരണം ഒരു ബു.ജീ. സ്റ്റൈലില്‍‌ നടക്കുന്ന പിള്ളേച്ചന്‍‌ ലോകത്തെ എല്ലാക്കാര്യങ്ങളെപ്പറ്റിയും അഭിപ്രായം പറയുക പതിവായിരുന്നു, അന്നും ഇന്നും].
ചോദ്യം കേട്ട് പിള്ളേച്ചന്‍‌ ഒന്നു പരുങ്ങി. അറിയില്ലെന്നു പറയുന്നതെങ്ങനെ? 'ശരിയാണെന്നു തോന്നുന്നു, ഞാനുമെവിടെയോ വായിച്ചിട്ടുള്ള പോലെ തോന്നുന്നു' എന്നും പറഞ്ഞ് പിള്ളേച്ചന്‍‌ വലിഞ്ഞു.

അന്ന് ഒരു അവര്‍‌(പിരീഡ്) ഫ്രീയാണ്. ക്ലാസ്സില്ല. അതു കാരണം ക്ലാസ്സില്‍‌ നിന്നുമിറങ്ങി അവര്‍‌ നേരെ സ്റ്റാഫ് റൂമിലെത്തി. അതാ, തേടിയ വള്ളീ കാലേല്‍‌ ചുറ്റി എന്നു പറയും പോലെ ഷിക്കോര്‍‌ സാര്‍. വേഗം സാറിനെ പോയി കണ്ട് കാര്യം സൂചിപ്പിച്ചു. താനും ഫ്രീയായതു കൊണ്ട് പരിപാടിയ്ക്കു വന്നേയ്ക്കാമെന്ന് ഷിക്കോര്‍‌ സാറും സമ്മതിച്ചു. (കാരണവുമുണ്ട്. ആ കാലത്താണ് കാര്‍‌ഗില്‍‌ യുദ്ധം നടന്നത്. ആ സമയം ഞങ്ങള്‍‌ അതിര്‍‌ത്തിയില്‍‌ ജീവന്‍‌ ബലി കഴിച്ച ധീര ജവാന്‍‌മാര്‍‌ക്കു വേണ്ടി ക്ലാസ്സില്‍‌ തന്നെ ചെറിയൊരു ചടങ്ങു സംഘടിപ്പിച്ചിരുന്ന കാര്യം സാറിനും അറിയാമായിരുന്നു)അങ്ങനെ ഈ അഞ്ചംഗ സംഘം വീണ്ടും ക്ലാസ്സിലെത്തി. കൂടേ സാറും. സാര്‍‌ ക്ലാസ്സിലെത്തി. എന്താണ് പറയാനുള്ളതെന്നു വച്ചാല്‍‌ പറഞ്ഞോളാനുള്ള അനുവാദമായി. സുധിയപ്പന്‍‌ പ്ലാറ്റ്ഫോമിലേയ്ക്കു കയറി ക്ലാസ്സിനെ അഭിസംബോധന ചെയ്തു.

"സുഹൃത്തുക്കളേ... ഇന്ന് ജൂലൈ 6. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിങ്ങളില്‍‌ കുറെ പേര്‍‌ക്കെങ്കിലുമറിയുമായിരിക്കും (?) .ഇന്നാണ് ഗോള്‍‌ഡന്‍‌ ഡേ. അമേരിക്കയിലെല്ലാം വളരെ പ്രശസ്തമായ ഒരു ദിനമാണ് ഇന്ന്. അവിടുത്തെ ജനങ്ങളെല്ലാം ഉത്സവം പോലെ ആഘോഷിക്കുന്ന ഒരു ദിവസം. വാലന്റൈന്‍‌സ് ഡേ എന്ന പോലെ നമ്മുടെ നാട്ടിലും ഇതിനു പ്രചാരമായി വരുന്നതേയുള്ളൂ. എങ്കിലും നമ്മള്‍‌ ഇന്ന് ഇത് ഇവിടെ ആഘോഷിക്കുകയാണ്. അതു മാത്രമല്ല, ഇന്നു നമ്മുടെ മത്തന്റെ ബര്‍‌ത്ത് ഡേ കൂടിയാണ്. ഇതു രണ്ടും കൂടി നാം ഒരുമിച്ച് ആഘോഷിക്കുന്നു. ഷിക്കോര്‍‌ സാറിന് മധുരം നല്‍‌കിക്കൊണ്ട് മത്തന്‍‌ ആഘോഷങ്ങള്‍‌ക്കു തുടക്കമിടുന്നു"

അങ്ങനെ എല്ലാവരുടെയും കൈയ്യടിയുടേയും ആര്‍‌പ്പുവിളികളോടെയും ആ ഗോള്‍‌ഡന്‍‌ ഡേക്ക് അവിടെ ആരംഭമായി... അന്നു ഞങ്ങള്‍‌ ഭംഗിയായി അതാഘോഷിച്ചു.

ഇന്ന് 7 വര്‍‌ഷങ്ങള്‍‌ കൂടി കഴിഞ്ഞു. ബിപിസിയിലെ 3 വര്‍‌ഷവും അത്രയ്ക്കൊന്നും ആഘോഷങ്ങളില്ലെങ്കില്‍‌ കൂടി ഗോള്‍‌ഡന്‍‌ ഡേ ഗംഭീരമായി തുടര്‍‌ന്നു.സത്യത്തില്‍‌ അങ്ങനൊരു ഡേ തന്നെയില്ലായിരുന്നല്ലോ. കോളേജില്‍‌ എന്തു കാര്യങ്ങള്‍‌ക്കും ചാടിക്കേറി എന്തെങ്കിലും മണ്ടത്തരങ്ങള്‍‌ പറയുന്ന പതിവുള്ളതു കൊണ്ട് മത്തനെ വിളിച്ചിരുത്തത് ഗോള്‍‌ഡ് എന്നായിരുന്നു. അതിനുമൊരു കാരണമുണ്ട്. പണ്ടു മുതലേ, ബിപിസിയില്‍‌ സീരിയസായ കാര്യങ്ങള്‍‌ക്കിടയില്‍‌ മണ്ടത്തരം വിളമ്പുന്നവരെ വിളിച്ചിരുന്നത് സില്‍‌വര്‍‌ എന്നായിരുന്നു. അപ്പോള്‍‌ തന്നെ സില്‍‌വര്‍‌ സീനിയറും സില്‍‌വര്‍‌ രണ്ടാമനും കോളേജില്‍‌ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അങ്ങനെയെങ്കില്‍‌ അതിനേക്കാളൊക്കെ വലിയ മണ്ടത്തരങ്ങള്‍‌ വിളമ്പിയിരുന്ന മത്തനെ വിളിക്കാന്‍‌ പേരില്ലാതാകുമല്ലോ എന്ന ദുഖത്തില്‍‌ നിന്നും ഞങ്ങള്‍‌ സ്നേഹപൂര്‍‌വ്വം തിരഞ്ഞെടുത്ത പേരായിരുന്നു ഗോള്‍‌ഡന്‍‌ എന്ന സര്‍‌നെയിം. അതിനു വേണ്ടി ഉണ്ടാക്കിയെടുത്ത ആഘോഷമായി ഗോള്‍‌ഡന്‍‌ ഡേ സെലിബ്രേഷനും.

ഞങ്ങള്‍‌ ബിപിസി ക്കാരുടെ അന്നത്തെ അഭിപ്രായത്തില്‍, ഒരു പക്ഷേ, സാന്താക്ലോസ്സിനു ശേഷം ഇത്ര ലോക പ്രശസ്തനായ(ബിപിസി എന്ന ലോകം എന്നു വേണമെങ്കില്‍‌ നിങ്ങള്‍‌ക്കു ചുരുക്കാം) മറ്റൊരു വ്യക്തി ഇദ്ദേഹമായിരിക്കാം... അതേ.... ഗോള്‍‌ഡന്‍‌ മത്തന്‍‌....

പഴയ ബിപിസി കോളേജിന്റെ നീണ്ട ഇടനാഴികള്‍‌ വഴിയാണ് അദ്ദേഹത്തിന്റെ മണ്ടത്തരങ്ങള്‍‌ പുറം ലോകമറിയുന്നത്... ആ ഓര്‍‌മ്മകള്‍‌ക്ക് ഇന്ന് 7 വര്‍‌ഷം തികയുന്നു....


ഇന്ന് ഇത്രയും വര്‍‌ഷങ്ങള്‍‌ക്കു ശേഷം ആലോചിക്കുമ്പോള്‍‌ ഓര്‍‌മ്മകളില്‍‌ ചിരിയുടെ മാലപ്പടക്കം തീര്‍‌ത്ത ആ നാളുകള്‍‌... അന്നത്തെ കൂട്ടുകാര്‍‌... എല്ലാത്തിനു സാക്ഷിയായ ഞങ്ങളുടെ ബിപിസിയും...

എല്ലാവര്‍‌ക്കും ഹാപ്പി ഗോള്‍‌ഡന്‍‌ ഡേ!!!

17 comments:

 1. ശ്രീ said...

  ഈ പോസ്റ്റ് ഇവിടെ യോജിക്കുമോ എന്നറിയില്ല. ഇത് പ്രധാനമായും എന്റെ സുഹൃത്തുക്കള്‍‌ക്കു വേണ്ടിയാണ്. ഇതിലെ പല കഥാപാത്രങ്ങളും പലപ്പോഴായി എന്റെ പോസ്റ്റുകളില്‍‌ വന്നിട്ടുള്ളതിനാല്‍‌ ഒരു പക്ഷേ, നിങ്ങളെന്നോട് ക്ഷമിച്ചേക്കുമെന്ന പ്രതീക്ഷയോടെയാണ് ഇതിവിടെ ഇടുന്നത്. അരോചകമാണെങ്കില്‍‌ ക്ഷമിക്കുമല്ലോ.

  ഇന്ന് ജൂലൈ 6. ഹാപ്പി ഗോള്‍‌ഡന്‍‌ ഡേ!

 2. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: ക്ഷമിക്കേണ്ടത് ഞങ്ങളല്ലാ ആ സുഹൃത്തുക്കളാ.. അവരൊന്നും ഇപ്പോള്‍ ഒരു കൈപ്പാടകലെ ഇല്ല എന്ന ധൈര്യത്തിലല്ലേ ഈ വച്ച് കാച്ചുന്നത്...

  എന്നാലും ഓരോ സുഹൃത്തുക്കളെയായി ഓരോ പോസ്റ്റില്‍ ഇന്‍‌ട്രൊഡ്യൂസ് ചെയ്യുന്നതായിരുന്നു നല്ലത്..

 3. ഉറുമ്പ്‌ /ANT said...

  പഴയ ബിപിസി കോളേജിന്റെ നീണ്ട ഇടനാഴികള്‍‌ വഴിയാണ് അദ്ദേഹത്തിന്റെ മണ്ടത്തരങ്ങള്‍‌ പുറം ലോകമറിയുന്നത്...
  മാത്തന്‍ ഇതൊന്നും വായിക്കില്ല എന്ന ഉറപ്പിലാണോ ഈ കാച്ച്...........?
  ഈ മാത്തന്റെ ഇമെയില്‍ ഐഡി ഒന്നു തരാമോ.....................

 4. ശ്രീ said...

  ചാത്താ....
  നന്ദി... ഇതു അവരു കണ്ടാലും കുഴപ്പമില്ലെന്നേ... വലിയ പരുക്കില്ലാതെ രക്ഷപ്പെടാം...

  ഉറുമ്പ്...
  മത്തനിതു വായിച്ചു കഴിഞ്ഞു....
  അവനെ നേരിട്ടു മീറ്റു ചെയ്യേണ്ട ദിനങ്ങളുമെണ്ണി കാത്തിരിക്കുന്നു ഇന്നു ഞാന്‍‌.
  :)

 5. ശ്രീജിത്ത്‌ കെ said...

  എഴുത്ത് കൊള്ളാം കേട്ടോ, രസായി. ക്ലാസ്സ്മേറ്റ്സ് സിനിമ കാണുന്ന ഒരു സുഖം കിട്ടി. മാത്തന് പിറന്നാളാശംസകള്‍. ഒരു പോസ്റ്റ് എഴുതുക എന്നതിലുപരി മാത്തന്റെ പിറന്നാള്‍ സത്യത്തില്‍ ആഘോഷിക്കുക എന്നതാണ് ശ്രീ ആഗ്രഹിച്ചിരുന്നത് എന്ന് തോന്നുന്നു. ആത്മാര്‍ത്ഥതയുള്ള ഈ സൌഹൃദത്തിനും എന്റെ ആശംസകള്‍.

 6. SAJAN | സാജന്‍ said...

  ശ്രീ നന്നായി എഴുതിയിരിക്കുന്നു ഒരു അഭിപ്രായം പറയാമല്ലൊ.. ഇത്രയും സുഹ്രുത്തുക്കളെ ഒരുമിച്ചു പരിചയപ്പെടുത്തിയപ്പോള്‍ ആകെ കണ്‍ഫ്യൂഷനായിപോയിരുന്നു..ചാത്തനെഴുതിയത് പോലെ മാത്തന്റെ കാര്യം മാത്രം ഡീറ്റയില്‍ഡായി എഴുതിയാല്‍ മതിയാര്‍ന്നു ഈ പോസ്റ്റില്‍ എന്നു തോന്നുന്നു:)

 7. ശ്രീ said...

  ശ്രീജിത്ത് ചേട്ടാ...

  വളരെ ശരിയാണ്. പെട്ടെന്ന് തോന്നിയ ഒരു ഐഡിയയാണ് അവനൊരു പിറന്നാള്‍‌ സമ്മാനം പോലെ ഒരു പോസ്റ്റ് എന്നത്. അതിന്റേതായ കുറവുകളും വന്നിട്ടുണ്ടാകാം... എന്തായാലും കമന്റിനു നന്ദി...

  സാജന്‍‌ ചേട്ടാ....

  ചാത്തനും സാജന്‍‌ ചേട്ടനും പറഞ്ഞത് അംഗീകരിക്കുന്നു. വളരെ പെട്ടെന്ന് തട്ടിക്കൂട്ടിയതു കൊണ്ട് അപ്പോള്‍‌ അത്രയും ആലോചിച്ചില്ല.
  [ഓരോരുത്തരെയായി വിശദമായി ഇനിയും കൊണ്ടു വരുന്നുണ്ട്]
  :)

 8. Saijumon said...

  Sree, nee moolam ninte post vayikkunnavarum ninakku comments tharunnavarum enne arinju. Enikku B'day wishes vare thannu. Ellavarodum valare valare Thanks.
  njan thanne ente mail Id tharunnu. saijumonmathew@gmail.com.

  ellavarum enikku koodi mail ayakkuka. Ellavarudeum mailukal pratheekshichu kondu Kooduthal friendship ishtapedunna ningalude
  Mathan

 9. sreejith said...

  Sobhi,
  Golden Day super aayittundu. Valare rasakarama jeevithathile chila nalla muhurthangal....eniyum pratheeshikkunnu....

 10. ഉണ്ണിക്കുട്ടന്‍ said...

  ശ്രീ വിശദീകരണം വളരെ കൂടിപ്പോകുന്നു പലപ്പോഴും കണ്‍ഫ്യൂഷനും വായനാ സുഖമില്ലയ്മയും ഫലം.

 11. Eldho said...

  Nice one..!

  Thank you Sree for sharing this realistic story "തീറ്റപ്പന്തയം".I think you are shared this story when we used to meet in EKM South Railway station...

  Once again, thanks for reminding me of those days..

 12. ശ്രീ said...

  വീണ്ടും ഒരു ജൂലൈ 6. മത്തന് ജന്മദിനാശംസകള്‍!

 13. anniejuby said...

  വീണ്ടും ഒരു ജൂലൈ 6. ജന്മദിനാശംസകള്‍ to u'r friend sree...!!
  it's quite surprising that i read the blog today...!!!

 14. ജിമ്മി ജോണ്‍ said...

  “ഗോൾഡൻ ഡേ” ആഘോഷ വിവരണം കേമമായി ശ്രീക്കുട്ടാ.. എന്നാലും ഈ "ഉംചണ്‍ഹ്പഗുറ്ടടാ കആഫ്ഠര്‍മഎ?" പ്രയോഗം ഇമ്മിണി കടുത്തുപോയി.. വായിച്ചെടുക്കാൻ കഷ്ടപ്പെട്ടു.. :)

  മാത്തന് ജന്മദിനാശംസകൾ..

  ഹാപ്പി ഗോൾഡൻ ഡേ !!

 15. വിനുവേട്ടന്‍ said...

  ഹാപ്പി ഗോൾഡൻ ഡേ... :)

  (വായനാസുഖം ഇത്തിരി കുറവായിരുന്നു എന്നത് സത്യമാണ് കേട്ടോ...)

  ഓഫ് : കുട്ടിച്ചാത്തൻ എന്ന ബ്ലോഗറെ വർഷങ്ങൾക്ക് ശേഷമാണല്ലോ കമന്റ് ബോക്സിൽ കാണുന്നത്... ഇവിടെയൊന്നുമുണ്ടായിരുന്നില്ലേ കുട്ടിച്ചാത്താ...?

 16. ഡോ. പി. മാലങ്കോട് said...

  Enthaayaalum aa bhaasha kettu njaan antham vittu! ha ha

 17. അഭി said...

  ഹാപ്പി ഗോൾഡൻ ഡേ...