Saturday, July 31, 2021

തിളക്കമാർന്ന ഒരായിരം സൂര്യന്മാർ

പുസ്തകം : തിളക്കമാർന്ന ഒരായിരം സൂര്യന്മാർ

രചന : ഖാലിദ് ഹോസൈനി

പ്രസാധകർ : ഡി സി ബുക്ക്സ്

പേജ് : 336

വില : 195

"One could not count the moons that shimmer on her roofs, Or the thousand splendid suns that hide behind her walls."

കാബൂളിനെ പറ്റി പതിനേഴാം നൂറ്റാണ്ടിൽ Saib-e-Tabrizi എഴുതിയ കവിതയിൽ നിന്നുള്ള ഈ വരികൾ ആണ് ഇത്.

1950 കളുടെ അവസാനം മുതൽ 2000 ങ്ങളുടെ ആദ്യ പകുതിയോളം നീണ്ടു നിൽക്കുന്ന അമ്പതു വർഷങ്ങൾക്കിടയിലുള്ള  അഫ്ഘാനിസ്ഥാനിലെ സ്ത്രീ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ ആണ് ഖാലിദ് ഹോസൈനിയുടെ 'തിളക്കമാർന്ന ഒരായിരം സൂര്യന്മാർ' എന്ന നോവലിന്റെ ഇതിവൃത്തം.

ശാന്തമായ അന്തരീക്ഷത്തിൽ തുടങ്ങുന്ന കഥ പിന്നീട് യുദ്ധത്തിന്റെയും  ഭീകരാവസ്ഥയുടെയും നടുക്കുന്ന വിവരണങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്നു. മുജാഹിദീനുകളും താലിബാനും എല്ലാം അവിടുത്തെ ജനജീവിതത്തെ എത്രത്തോളം നശിപ്പിച്ചു എന്നും ഓരോ ദിവസവും ഉണരുമ്പോൾ ജീവൻ നഷ്ടമാകുമോ, ഉറ്റവരെ നഷ്ടപ്പെടുമൊ, വീട് നഷ്ടമാകുമോ... കഴിയ്ക്കാൻ ഭക്ഷണം ഉണ്ടാകുമോ എന്നു പോലും ഭയന്ന് ജീവിയ്ക്കേണ്ട അവസ്ഥകളിലേയ്ക്ക് തകർന്നു പോകുന്ന ആ ഒരു ജനതയുടെ നടുവിൽ യാഥാസ്ഥിതിക കുടുംബങ്ങളിൽ ജനിച്ച് വളർന്ന അഫ്ഘാൻ സ്ത്രീകളുടെ പ്രതീകങ്ങളായ  മറിയത്തിന്റെയും ലൈലയുടെയും കഥയാണ് ഇത്.

അക്കാലത്തെ സ്ത്രീ സമൂഹം അനുഭവിക്കേണ്ടി വന്ന  നരക യാതനകളൂടെയും കഷ്ടപ്പാടുകളുടെയും നേർ ചിത്രമാണ് ഈ നോവൽ. സ്വന്തം കുടുംബത്തിൽ ഭർത്താവിന്റെ ചൊ ൽപ്പടിയ്ക്ക് ജീവിയ്ക്കേ ണ്ടി വരുന്ന ഈ രണ്ടു സ്ത്രീ ജീവിതങ്ങളെ അക്കാലത്തെ അഫ്ഗാനിലെ രാഷ്ട്രീയ സാമൂഹ്യ  വ്യവസ്ഥിതി കൂടുതൽ ദുഷ്കരമാക്കുന്നു. ക്രൂരവും മനുഷ്യത്വ രഹിതവുമായ ഭരണകൂടത്തിന്റെ നിയമങ്ങൾക്ക് ഒപ്പം സ്ത്രീയ്ക്ക് തുണ ആകേണ്ട ഭർത്താവിൽ നിന്ന് തന്നെ അതി ക്രൂരമായി പീഡിപ്പിയ്ക്കപ്പെടേണ്ടി വരുമ്പോഴും അയാൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയാതെ അടിമയെ പോലെ ഭയന്ന് ജീവിയ്ക്കേണ്ടി വരുന്ന സ്ത്രീകളെ ഈ  നോവലിൽ കാണാം. ഭരണകൂട ഭീകരതയും പുരുഷാധിപത്യവും ആൺ പെൺ വിവേചനവും പട്ടിണിയും ദാരിദ്ര്യവും എല്ലാം തന്റെ അസാധാരണമായ രചനാശൈലിയിൽ ഖാലിദ് ഹൊസൈനി ആവിഷ്കരിച്ചിരിക്കുന്നു....

1959 ൽ ജലീൽ എന്ന ഒരു പണക്കാരന് തന്റെ വേലക്കാരിയിൽ പിറക്കുന്ന,  "ഹറാം പിറന്നവൾ" എന്ന് വിളിയ്ക്കപ്പെടുന്ന മറിയം... അവളൊടൊപ്പം ആണു കഥ ആരംഭിയ്ക്കുന്നത്. അവളുടെ കഷ്ടതകൾ നിറഞ്ഞ ജീവിതവും ഒരേയൊരാശ്രയമായ അമ്മയുടെ മരണവും പതിനഞ്ചാം വയസ്സിൽ നാല്പത്തഞ്ച്കാരനായ റഷീദ് എന്ന വിഭാര്യനുമായി  നിർബന്ധിതമായി നടത്തപ്പെടുന്ന വിവാഹവും തുടർച്ചയായി അലസിപ്പോകുന്ന ഗർഭവും തുടർന്ന് ഭർത്താവിന്റെ അവഗണനകളും എല്ലാം നമുക്ക് നേരിൽ കാണും പോലെ അനുഭവേദ്യമാകുന്നുണ്ട്.

അതെ സമയം മരിയത്തെ അപേക്ഷിച്ചു കുറേകൂടി മെച്ചപ്പെട്ട ചുറ്റുപാടുകളിൽ ജീവിച്ചു,  നല്ല വിദ്യാഭ്യാസം ലഭിച്ച ലൈലയുടെ  അവസ്ഥ വളരെ പെട്ടെന്ന് ആണ് തകിടം മറിയുന്നത്. യുദ്ധത്തിന്റെ ഭീകരാന്തരീക്ഷത്തിൽ ആദ്യം കളിക്കൂട്ടുകാരൻ താരിഖിനു നാട് വിട്ടു പോകേണ്ടി വരുമ്പോൾ പിന്നാലെ ഒരു സ്ഫോടനത്തിൽ അവൾക്ക് അച്ഛനമ്മമാരെയും സ്വന്തം കിടപ്പാടം വരെയും നഷ്ടപ്പടുന്നു. 

പരിക്ക് പറ്റി കിടന്ന ലൈലയെ സ്വന്തം വീട്ടിൽ എടുത്തു കൊണ്ടു വന്ന, അപ്പോഴെയ്ക്കും അറുപതുകാരൻ ആയ റഷീദിനെ പരിക്ക് ഭേദമാകുമ്പോൾ  വിവാഹം ചെയ്യാൻ പതിനഞ്ചു കാരി ആയ അവൾക്ക് തീരുമാനമെടുക്കേണ്ടി വരുന്നു.  

 തുടർന്ന് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത് മറിയവും ലൈലയും ഒരുമിച്ചാണ്. അവരിരുവർക്കും ഇടയിൽ ആദ്യം ഉടലെടുക്കുന്ന സ്പർദ്ധ ലൈലയുടെ കുഞ്ഞിന്റെ ജനനത്തോടെ പതിയെ പതിയെ അലിഞ്ഞലിഞ്ഞു ,  പിരിയാനാവാത്ത ബന്ധമായി രൂപപ്പെടുന്നു.

പക്ഷെ, ചുരുങ്ങിയ കാലത്തിനുള്ളിൽ അവർ ഒരുമിച്ചു അനുഭവിയ്ക്കേണ്ടി വരുന്ന കണക്കില്ലാത്ത യാതനകൾ... പട്ടിണി, മർദ്ദനം അവയുടെ അവസാനം...അനിവാര്യമായ വേർപാടുകൾ, കൂടിച്ചേരലുകൾ...   സുഖകരമെന്ന് പറയാവുന്ന പരിസമാപ്തി.

 ഹൃദയ സ്പർശിയായ വായനാനുഭവമാണ് തിളക്കമാർന്ന ഒരായിരം സൂര്യന്മാർ വായനക്കാർക്ക് നൽകുക എന്ന് നിസ്സംശയം പറയാം.


-ശ്രീ