Tuesday, September 30, 2008

ഒരു രക്തദാനക്യാമ്പിന്റെ ഓര്‍മ്മയ്ക്ക്...

ഞാന്‍ ആദ്യമായി രക്തദാനം നടത്തുന്നത് ഞങ്ങളുടെ ബിപിസി കോളേജില്‍ വച്ചു നടന്ന രക്തദാന ക്യാമ്പില്‍ വച്ചാണ്. കോളേജ് വിദ്യാര്‍ത്ഥികളായ എനിയ്ക്കും സുഹൃത്തുക്കള്‍ക്കും അന്ന് സമൂഹത്തോട് ചെയ്യാന്‍ പറ്റിയ ചെറിയൊരു സേവനം. അത്രയെങ്കിലും ചെയ്യാന്‍ കഴിയുമല്ലോ എന്ന സംതൃപ്തിയോടെയാണ് ഞങ്ങളെല്ലാം ആദ്യമായി രക്തദാനം നടത്തിയത്.

കോളേജില്‍ രക്തദാന ക്യാമ്പ് നടത്തിയിരുന്നത് ഞങ്ങളുടെ NSS [National Service Scheme] വിഭാഗം തന്നെയായിരുന്നു. ഞങ്ങളെല്ലാം അതിലെ ആക്ടീവ് വളണ്ടിയേഴ്സ് ആയിരുന്നതിനാല്‍ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നതിനും എല്ലാവരേയും ബോധവത്കരിയ്ക്കുന്നതിനുമെല്ലാം ഞങ്ങള്‍ തന്നെ ആയിരുന്നു മുന്‍‌പന്തിയില്‍. എങ്കിലും ആദ്യത്തെ വര്‍ഷം ക്യാമ്പ് നടത്തുമ്പോള്‍ ഞങ്ങളുടെ ക്ലാസ്സിലെ തന്നെ പലരും ഭയം കാരണം രക്തദാനം നടത്താന്‍ തയ്യാറായിരുന്നില്ല. ചിലര്‍ ഭയമാണെന്ന് തുറന്നു പറഞ്ഞപ്പോള്‍ വേറെ ചിലര്‍ മറ്റു പല മുടന്തന്‍ ന്യായങ്ങളും പറഞ്ഞ് ഒഴിവായി നിന്നു. അങ്ങനെ ആദ്യ വര്‍ഷം ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും ഞങ്ങളെ കൂടാതെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് രക്തദാനം നടത്തിയത്.

ഇതിനെല്ലാം പുറമേ, രക്തം ദാനം ചെയ്യുമ്പോള്‍ ഒറ്റയടിയ്ക്ക് അര ലിറ്ററോളം രക്തം നമ്മില്‍ നിന്നും നഷ്ടപ്പെടുന്നതിനാല്‍ നമുക്ക് കാര്യമായ എന്തോ ദോഷം സംഭവിയ്ക്കും എന്നൊരു തെറ്റിദ്ധാരണയും പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ആരോഗ്യവാനായ ഒരാളില്‍ ഏകദേശം 5 ലിറ്ററോളം രക്തം ഉണ്ടായിരിയ്ക്കും എന്നാണ് പറയപ്പെടുന്നത്. അതില്‍ നിന്നും 450 മില്ലി എടുത്താല്‍ തന്നെ അതിന്റെ ക്ഷീണമെല്ലാം മാറി അയാള്‍ നോര്‍മ്മലാകുന്നതിന് കുറച്ചു മണിക്കൂറുകളേ ആവശ്യമുള്ളൂ എന്ന് പഠനങ്ങള്‍ തെളിയിയ്ക്കുന്നു.[ രക്തത്തിലെ ഏറിയ പങ്കും വഹിയ്ക്കുന്ന ജലാംശം രണ്ടു മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പഴയ അളവിലേയ്ക്കെത്തും. അതിനാണ് രക്തദാനത്തിനു ശേഷം ജ്യൂസ് പോലെയുള്ള എന്തെങ്കിലും കുടിയ്ക്കാന്‍ ആവശ്യപ്പെടുന്നത്. ]

രക്തദാനം നടത്തിയ ഞങ്ങളുടെ അനുഭവം വിവരിച്ച ശേഷം ഇതില്‍ പലര്‍ക്കും വീണ്ടു വിചാരമുണ്ടായി. അത് തൊട്ടടുത്ത വര്‍ഷത്തെ ക്യാമ്പില്‍ പ്രതിഫലിയ്ക്കുകയും ചെയ്തു. ഞങ്ങളുടെ പ്രോത്സാഹനങ്ങളുടേയും പിന്തുണയുടേയും ധൈര്യത്തില്‍ രണ്ടാം വര്‍ഷം കൂടുതല്‍ പേര്‍ ഞങ്ങളുടെ ക്ലാസ്സില്‍ നിന്നു തന്നെ രക്തദാനത്തിനു തയ്യാറായി. രക്തദാനത്തിനു മിനിമം യോഗ്യത* ഉള്ളവരില്‍ 90 % പേരും രണ്ടാമത്തെ ക്യാമ്പില്‍ പങ്കെടുത്തു എന്നതാണ് സത്യം.

അന്ന് രക്തദാന ക്യാമ്പില്‍ ഒരു രസകരമായ സംഭവം നടന്നു. ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ആരോഗ്യം കുറഞ്ഞ (അന്ന് കഷ്ടിച്ച് 49 കിലോ തൂക്കം, 160 സെ.മീ. ഉയരം) മത്തനും ഒരു ആഗ്രഹം. അവനും രക്തം ദാനം ചെയ്യണം. സാധാരണയായി വലിയ വാചകമടി എല്ലാം ഉണ്ടെങ്കിലും ഒരു ബ്ലേഡ് കൊണ്ടു കൈ മുറിഞ്ഞ് രക്തം വരുന്നതു കണ്ടാല്‍ പോലും തല കറങ്ങി വീഴുന്നത്ര ധൈര്യശാലിയായ അവന്‍ രക്തദാനത്തിനു തയ്യാറായി മുന്നോട്ട് വന്നത് എല്ലാവരിലും ചിരിയുണര്‍ത്തി. ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്ന 55 കുട്ടികളില്‍ ഏറ്റവും ചെറിയവന്മാരില്‍ ഒരാളായിരുന്ന അവന് ആ അവസരത്തിലെങ്കിലും രക്ത ദാനം നടത്തുക എന്നുള്ളത് അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. കാരണം അന്ന് ഞങ്ങളുടെ കൂട്ടത്തില്‍ മത്തനേക്കാള്‍ അഥവാ മത്തനോടൊപ്പം ആരോഗ്യ സ്ഥിതിയില്‍ കൂട്ടുള്ളത് കുല്ലു മാത്രം. (അക്കാലത്ത് പല തവണ ഇവര്‍ തൂക്കം നോക്കാറുണ്ടെങ്കിലും 49.5 കിലോ തൂക്കമുണ്ടായിരുന്ന കുല്ലു ആ അരക്കിലോ തൂക്കക്കൂടുതലിന്റെ പേരില്‍ എപ്പോഴും അവനെ കളിയാക്കിയിരുന്നു. അല്ല; അത് മത്തന്‍ തന്നെ ചോദിച്ചു വാങ്ങിയിരുന്നു എന്നതാണ് ശരി. കാരണം, മറ്റുള്ളവരുടെ മുന്നില്‍ വച്ച് അവന്‍ കുല്ലുവിനേക്കാള്‍ ആരോഗ്യവാനാണ് താന്‍ എന്ന് തെളിയിയ്ക്കാന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം ഈ അരക്കിലോ തൂക്കക്കൂടുതലിന്റെ കാര്യം പറഞ്ഞ് കുല്ലു അവന്റെ വായടയ്ക്കാറാണ് പതിവ്)

മാത്രമല്ല, ആദ്യ വര്‍ഷത്തെ ക്യാമ്പില്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് മത്തനൊഴികെ എല്ലാവരും രക്തം ദാനം ചെയ്തിരുന്നു. രണ്ടാമത്തെ ക്യാമ്പിലും ഞങ്ങള്‍ മുന്‍‌പന്തിയില്‍ ഉണ്ടെന്നതും അവനറിയാമായിരുന്നു. ആദ്യ തവണ ആരോഗ്യ സ്ഥിതി അത്ര മെച്ചമല്ലാതിരുന്നതു കൊണ്ടു മാത്രമാണ് രക്തദാനത്തില്‍ നിന്നും അവന്‍ മാറി നിന്നതെന്ന് അവന്‍ പലരോടും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. [ആരോഗ്യം മാത്രമല്ല; അന്ന് അവനു സ്വല്പം പേടി കൂടി ഉണ്ടായിരുന്നു എന്നും കൂട്ടിക്കോ]. അതു കൊണ്ടു തന്നെ രണ്ടും കല്‍പ്പിച്ചാണ് മത്തന്‍ തയ്യാറായി വന്നത്.

പോരാത്തതിന് അത്തവണ NSS ന്റെ വളണ്ടിയര്‍ സെക്രട്ടറി ഞങ്ങളുടെ ബിമ്പു ആയിരുന്നതിനാല്‍ രക്തദാന ക്യാമ്പിനു വേണ്ട സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിരുന്നത് ഞങ്ങള്‍ എല്ലാവരും ചേര്‍ന്നായിരുന്നു. അക്കൂട്ടത്തില്‍ ഒരു ഗ്യാപ് കിട്ടിയ വേളയില്‍ മത്തന്‍ blood bank ല്‍ നിന്നു വന്ന കുറച്ചു പേരോട് കമ്പനിയായി. എന്നിട്ട് അവരില്‍ ആരാണ് രക്തദാനത്തിനു തയ്യാറായവരെ ചെക്കു ചെയ്യുന്നത് എന്നെല്ലാം അറിഞ്ഞു വച്ചു. എന്നിട്ട് തൂക്കം നോക്കുന്ന ചേട്ടനെ ആദ്യമേ ചെന്ന് മുട്ടി. മറ്റാരുമറിയാതെ രക്തദാനം തുടങ്ങുന്നതിനും മുന്‍പു തന്നെ അവന്‍അവന്റെ തൂക്കം ടെസ്റ്റ് ചെയ്യിച്ചു. കൃത്യം 49 കിലോ. അവന്റെ ആഗ്രഹമറിഞ്ഞപ്പോള്‍ ഈ തൂക്കം വച്ചു കൊണ്ട് രക്തദാനം നടത്താന്‍ അനുവദിയ്ക്കാന്‍ പാടില്ല എന്ന് ആ ചേട്ടന്‍ തീര്‍ത്തു പറഞ്ഞു.

കുറച്ചു നേരം ആലോചിച്ച ശേഷം മത്തന്‍ എന്നെയും ബിട്ടുവിനേയും വിളിച്ചു. എന്നിട്ടു അവിടുത്തെ പണികളെല്ലാം ഞങ്ങളോട് നോക്കാന്‍ ഏല്‍പ്പിച്ച് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് സുധിയപ്പനേയും വിളിച്ചു കൊണ്ട് പുറത്തേയ്ക്കു പോയി.

എന്താണ് കാര്യമെന്ന് ചോദിച്ചിട്ടും വന്നിട്ട് പറയാമെന്ന് മാത്രം പറഞ്ഞ് അവര്‍ സ്ഥലം വിട്ടു. മറ്റു കാര്യങ്ങള്‍ ശരിയാക്കേണ്ടതുള്ളതു കൊണ്ട് ഞങ്ങള്‍ അതത്ര കാര്യമായെടുത്തുമില്ല.

ഒരു പത്തു മിനുട്ട് കഴിഞ്ഞപ്പോഴേയ്ക്കും പൂര്‍വ്വാധികം സന്തോഷത്തോടെ മത്തനും സുധിയപ്പനും തിരിച്ചെത്തി. മത്തന്റെ മുഖത്ത് കുറച്ചു കൂടി ആത്മ വിശ്വാസം. അവന്‍ ഞങ്ങളേയും വിളിച്ചു കൊണ്ട് വീണ്ടും ശരീര ഭാരം ചെക്കു ചെയ്യാനെത്തി. ഇത്തവണ ചിരിച്ചു കൊണ്ടാണ് ആ ചേട്ടന്‍ അവന്റെ തൂക്കം നോക്കിയത്. ഇത്തവണ 49.5 കിലോ... ഇതെങ്ങനെ എന്ന ആശ്ചര്യത്തോടെയാണെങ്കിലും ഇത്തവണയും ചേട്ടന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

ഇവന്‍ എങ്ങനെ അരക്കിലോ കൂട്ടി എന്ന അത്ഭുതത്തില്‍ ഞങ്ങളെല്ലാം നില്‍ക്കുമ്പോള്‍ സുധിയപ്പന്‍ നേരെ മുന്നോട്ട് വന്ന് ആ ചേട്ടനോട് പറഞ്ഞു. “എന്റെ പൊന്നു ചേട്ടാ.... എങ്ങനെ എങ്കിലും ഇവനെക്കൂടി രക്ത ദാനം ചെയ്യാന്‍ സമ്മതിയ്ക്ക്. ഇപ്പോള്‍ തൂക്കം കൂടാന്‍ വേണ്ടി കാന്റീനില്‍ പോയി പൊറോട്ടയും ചിക്കനും കുറേ അടിച്ചു കയറ്റിയിട്ടാണ് ഇവന്‍ വന്നിരിയ്ക്കുന്നത്. അതു മാത്രമല്ല, ഇതു കണ്ടോ?”

സുധിയപ്പന്‍ മത്തന്റെ പാന്റ്സിന്റെ പോക്കറ്റില്‍ കയ്യിട്ട് സാമാന്യം വലിപ്പമുള്ള ഒന്നു രണ്ടു പാറക്കഷ്ണങ്ങള്‍ പുറത്തെടുത്തു കാണിച്ചു കൊണ്ട് തുടര്‍ന്നു “എങ്ങനെയെങ്കിലും 50 കിലോ തൂക്കം ഒപ്പിയ്ക്കാന്‍ വേണ്ടിയിട്ടാണ് ഇവന്‍ ഈ കഷ്ടപ്പെടുന്നത്. ചേട്ടന്‍ എങ്ങനെ എങ്കിലും ഇവന്റെ പേരു കൂടി ചേര്‍ക്കൂ”

ഇതെല്ലാം കണ്ട് ഞങ്ങള്‍ എല്ലാവരും ചിരിച്ചു പോയെങ്കിലും രക്തദാനം നടത്താനുള്ള അവന്റെ ആത്മാര്‍ത്ഥയില്‍ ഞങ്ങള്‍ക്കു വലിയ മതിപ്പു തോന്നി... ഒപ്പം അഭിമാനവും. അവസാനം ഞങ്ങളുടെ എല്ലാവരുടേയും നിര്‍ബന്ധപ്രകാരം ആ ചേട്ടന്‍ രക്തദാനം നടത്താന്‍ തയ്യാറായവരുടെ ലിസ്റ്റില്‍ മത്തന്റെ പേരും എഴുതി ചേര്‍ത്തു.

അങ്ങനെ ആ വര്‍ഷം ഞങ്ങളോടൊപ്പം മത്തനും രക്തം ദാനം ചെയ്തു, അവന്റെ ജീവിതത്തില്‍ ആദ്യമായി. എങ്കിലും രക്തദാനത്തിനു മത്തന്റെ പേരു വിളിച്ചപ്പോള്‍ അവന്റെ തൂക്കം നോക്കിയ ആ ചേട്ടന്‍ അകത്തേയ്ക്കു വന്ന് രക്തമെടുക്കാന്‍ നിന്നിരുന്ന നഴ്സിനോട് പ്രത്യേകം പറഞ്ഞ് ചെറിയ ബാഗിലാണ് അവന്റെ രക്തം എടുപ്പിച്ചത്. (ഞങ്ങള്‍ക്കെല്ലാം 450 മില്ലിയുടെ ബാഗാണ് ഉപയോഗിച്ചതെന്നും പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള 350 മില്ലിയുടെ ബാഗാണ് അവനു വേണ്ടി ഉപയോഗ്ഗിച്ചതെന്നും ആ ചേട്ടന്‍ പിന്നീട് ഞങ്ങളോട് പറയുകയുണ്ടായി. രക്തദാനത്തിനു ശേഷം മത്തനെ പ്രത്യേകം അഭിനന്ദിയ്ക്കാനും അദ്ദേഹം മറന്നില്ല). എങ്കിലും രക്തം കൊടുക്കാന്‍ കഴിഞ്ഞതില്‍ മത്തനും അതീവ സന്തുഷ്ടനായിരുന്നു.

അന്ന് ഏറ്റവും കൂടുതല്‍ കുട്ടികള്‍ രക്തദാനം നടത്തിയ ക്ലാസ് ഞങ്ങളുടേതായിരുന്നു. അങ്ങനെ ആ വര്‍ഷത്തെ രക്തദാന ക്യാമ്പ് വന്‍ വിജയമാക്കിയതിന് അന്ന് ബ്ലഡ് ബാങ്കില്‍ നിന്നും വന്ന ഡോക്ടര്‍മാരടങ്ങുന്ന ടീം ഞങ്ങളുടെ NSS അസ്സോസിയേഷനെയും ഞങ്ങള്‍ വളണ്ടിയേഴ്സിനേയും പ്രത്യേകം അഭിനന്ദിച്ചിരുന്നു. ഒപ്പം അന്നത്തെ പ്രിന്‍സിപ്പാള്‍ ബേബി സാറും NSS പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ബിജു സാറും ടിജി സാറും.

രക്തദാനം നടത്തുക എന്നത് അത്രയ്ക്ക് ഭയക്കേണ്ട സംഭവം അല്ല എന്ന ധാരണ ഞങ്ങള്‍ക്കെല്ലാം കൈവന്നത് അവിടെ വച്ചായിരുന്നു. ചെറിയ തോതിലാണെങ്കില്‍ കൂടിയും സമൂഹത്തെ നമുക്കു കഴിയുന്ന വിധമെല്ലാം സഹായിയ്ക്കാം എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത് ഞങ്ങളുടെ NSS പ്രവര്‍ത്തനങ്ങളില്‍ കൂടിയും.

* രക്തദാനം നടത്തുന്നതിന് വേണ്ട മിനിമം യോഗ്യതകള്‍:
1. പ്രായപൂര്‍ത്തി തികഞ്ഞവരായിരിയ്ക്കണം (18 വയസ്സ്)
2. ശരീര ഭാരം 50 കിലോഗ്രാമില്‍ കുറയരുത്.
3. ആരോഗ്യമുള്ളവരും കാര്യമായ അസുഖങ്ങള്‍ ഇല്ലാത്തവരുമായിരിയ്ക്കണം.
4. കഴിഞ്ഞ ആറു മാസങ്ങള്‍ക്കുള്ളില്‍ രക്തദാനം നടത്താത്തവരായിരിയ്ക്കണം.
5. പള്‍സ് റേറ്റില്‍ സ്ഥിരത ഉണ്ടായിരിയ്ക്കണം (75-100/മിനുട്ട്)


ശരിയ്ക്കും ഇക്കാര്യം എഴുതാനല്ല വന്നത്. മൂന്നാം വര്‍ഷത്തെ രക്തദാനത്തെ പറ്റിയായിരുന്നു. എന്നാല്‍ ഇനിയുമെഴുതിയാല്‍ പോസ്റ്റ് വല്ലാതെ വലുതാകും. അതു കൊണ്ട് ആ സംഭവം പിന്നീടൊരിയ്ക്കല്‍ പോസ്റ്റാക്കാം.

Friday, September 19, 2008

എന്നാലും ഇതേതാ റെജിസ്ട്രേഷന്‍?

എന്റെ സുഹൃത്തുക്കളില്‍ പലരെയും പലപ്പോഴായി ഞാന്‍ പരിചയപ്പെടുത്തിയിട്ടുള്ളതാണ്. അക്കൂട്ടത്തില്‍ തന്നെ പിള്ളേച്ചനെ പറ്റിയുള്ള കഥകള്‍ എത്ര പറഞ്ഞാലും തീരുമെന്നു തോന്നുന്നില്ല. പലപ്പോഴും ഒന്നും ആലോചിയ്ക്കാതെ എടുത്തു ചാടി പറയുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്ന ഒരാളായിരുന്നു പിള്ളേച്ചന്‍. [ആയിരുന്നു എന്നല്ല; ഇപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല].

നമ്മുടെ കൂടെ ഒരു പ്രവൃത്തി ചെയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ പോലും അതെന്താണെന്നോ എന്തിനാണെന്നോ അവന്‍ ചിലപ്പോള്‍ ആലോചിയ്ക്കാറില്ല. നമ്മള്‍ എന്തെങ്കിലും ചോദിയ്ക്കുമ്പോഴായിരിയ്ക്കും അവനും അതെപ്പറ്റി ചിന്തിയ്ക്കുന്നതു തന്നെ. അതു പോലെ സാധാരണ എല്ലാവര്‍ക്കും താല്പര്യമുള്ള കാര്യങ്ങളിലൊന്നും പിള്ളേച്ചനു താല്പര്യം കാണില്ല. അതു പാട്ടായാലും സിനിമ ആയാലും കളികള്‍ ആയാലും. (ഇന്ത്യയുടെ ക്രിക്കറ്റ് മാച്ചുകള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനെ കളിയാക്കി പറഞ്ഞതിനും എതിര്‍ ടീമുകളെ സപ്പോര്‍ട്ട് ചെയ്തു സംസാരിച്ചതിനുമെല്ലാം അവന്‍ വാങ്ങിക്കൂട്ടിയിട്ടുള്ള അടികള്‍ക്കും ചീത്തകള്‍ക്കും കണക്കില്ല. പ്രത്യേകിച്ച് ഇന്ത്യയോട് വെറുപ്പുണ്ടായിട്ടൊന്നുമല്ല; ബാക്കി ഞങ്ങളെല്ലാവരും ഇന്ത്യന്‍ ടീമിനു വേണ്ടി സംസാരിയ്ക്കുന്നതു കൊണ്ടു മാത്രം. പിന്നെ കളിയും അവനറിയില്ല കേട്ടോ. )

ആരെങ്കിലും സീരിയസായി എന്തിനെയെങ്കിലും പറ്റി സംസാരിയ്ക്കുമ്പോള്‍ ആ ഭാഗത്തേയ്ക്കേ പിള്ളേച്ചന്‍ ശ്രദ്ധിയ്ക്കാറില്ല. ഇനി അതു കേട്ടു കൊണ്ടിരുന്നാല്‍ തന്നെ അതിനു അഭിപ്രായവും പറയാറില്ല. പറയാന്‍ തുടങ്ങുന്നത് മിക്കവാറും അബദ്ധം ആയിരിയ്ക്കും എന്നറിയുന്നതു കൊണ്ടു തന്നെ ആരും അവന്റെ അഭിപ്രായം ചോദിയ്ക്കാറുമില്ല കേട്ടോ. ഇതൊക്കെ ആയാലും തനിക്കു കിട്ടാനുള്ളത് ഏതു വിധേനയും വാങ്ങി വയ്ക്കാന്‍ അവന്‍ മറക്കാറില്ല.

ഞങ്ങള്‍ തഞ്ചാവൂരില്‍ പഠിച്ചു കൊണ്ടിരിയ്ക്കുന്ന കാലം. പാചകത്തിനാവശ്യമായ അരിയും പച്ചക്കറിയും മറ്റും ആഴ്ചയിലൊരിയ്ക്കല്‍ ഒരുമിച്ച് വാങ്ങി വയ്ക്കാറാണ് പതിവ്. മിക്കവാറും ശനിയാഴ്ചകളില്‍ വൈകുന്നേരമോ മറ്റോ ഞങ്ങളെല്ലാവരും കൂടി രണ്ടു കിലോമീറ്റര്‍ അകലെയുള്ള കൊച്ചു ടൌണിലേയ്ക്കിറങ്ങും. എന്തെങ്കിലുമൊക്കെ തമാശയും പറഞ്ഞ് പരസ്പരം പാര വച്ച് തല്ലു പിടിച്ച് അങ്ങനെ നടക്കുന്നത് ഒരു പ്രത്യേക സുഖമായിരുന്നു.

അങ്ങനെ ഒരു ദിവസം പച്ചക്കറിയും മറ്റും വാങ്ങി തിരികെ വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു ഞങ്ങള്‍. തിരികെ വരുന്ന വഴി അവിടെയുള്ള ഒരു ബേക്കറിയില്‍ കയറി അവിടെ നിന്നും ഓരോ പേഡയും വാങ്ങി അതും ആസ്വദിച്ചു തിന്നു കൊണ്ടാണ് ഞങ്ങളുടെ നടപ്പ്.

അപ്പോഴാണ് പെട്ടെന്ന് ഒരു ലോറി ഞങ്ങളെ കടന്ന് പോയത്. ആ ലോറിയുടെ റജിസ്ട്രേഷന്‍ നമ്പര്‍ കണ്ട് കുറച്ചൊരു ആലോചനയോടെ സുധിയപ്പന്‍ എല്ലാവരോടുമായി ചോദിച്ചു. “അളിയാ... ഇതെവിടുത്തെയാടാ ഈ NL റെജിസ്ട്രേഷന്‍ വണ്ടി?”

മറ്റാരെങ്കിലും മറുപടി പറയുന്നതിനു മുന്‍പു തന്നെ വായിലിട്ടു ചവച്ചു കൊണ്ടിരുന്ന പേഡ പോലും മുഴുവനായി നുണഞ്ഞിറക്കാതെ പിള്ളേച്ചന്‍ ഉറക്കെ വിളിച്ചു പറഞ്ഞു “അത് ന്യൂസിലാന്റ് റെജിസ്ട്രേഷനാടാ... ന്യുസിലാന്റ്!”

കുറച്ചു നേരത്തേയ്ക്ക് എല്ലാവരും ഒന്നും പറയാനാകാതെ നിന്നു പോയി . ആദ്യം പ്രതികരിച്ചത് മത്തനായിരുന്നു... “എടാ &%@$ ... ന്യൂസിലാന്റ് റെജിസ്ട്രേഷനോ? നീ ഏത് നാട്ടുകാരനാടാ &%$#@? ”
അതിന്റെ തുടര്‍ച്ചയായി സുധിയപ്പനും ജോബിയും കൂടെ പിള്ളേച്ചനെ നിര്‍ത്തിപ്പൊരിയ്ക്കാന്‍ തുടങ്ങി.
അപകടം മനസ്സിലാക്കി, അതില്‍ നിന്നും രക്ഷപ്പെടാനായി പിള്ളേച്ചന്‍ പിന്നേയും വിളിച്ചു കൂവി.

“മതിയെടാ... നിര്‍ത്ത്... നിര്‍ത്ത്. എനിയ്ക്കൊരു അബദ്ധം പറ്റിയതാണേ... അത് ന്യൂസിലാന്റ് റെജിസ്ട്രേഷനല്ല.... ആദ്യം ഞാന്‍ ഓര്‍ക്കാതെ പറഞ്ഞു പോയതാ... അത് നേപ്പാള്‍ റെജിസ്ട്രേഷന്‍ ആണ്. ”

ഇതും കൂടെ കേട്ടപ്പോള്‍ തലയില്‍ കൈ വച്ച് മത്തന്‍ അവിടെ റോട്ടില്‍ തന്നെ ഇരുന്നു പോയി. “എന്റീശ്വരാ... ഈ കുരിശിനെ എന്തു ചെയ്താല്‍ മതിയാകും?”

ന്യൂസിലാന്റ് റെജിസ്ട്രേഷനെന്നു പറയുന്നതു കേട്ടപ്പോള്‍ അവനെ ചാടിക്കടിയ്ക്കാന്‍ ചെന്ന സുധിയപ്പനും ജോബിയുമെല്ലാം നേപ്പാളെന്നു കേട്ടതോടെ ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥയിലായി.

പിള്ളേച്ചന്റെ ഉത്തരങ്ങളും ബാക്കിയുള്ളവരുടെ പ്രതികരണവുമെല്ലാം കണ്ട് ചിരിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന ഞാനും ബിട്ടുവും ബിമ്പുവും പതിയേ പിള്ളേച്ചനോട് ചോദിച്ചു. “എടാ... സത്യത്തില്‍ അതേതാ റെജിസ്ട്രേഷനെന്ന് നിനക്കറിയില്ലേ?”

ഞങ്ങള്‍ വീണ്ടും കളിയാക്കുകയാണെന്ന് കരുതിയ പിള്ളേച്ചന്‍ ഇത്തവണ കുറച്ചു ചൂടായിട്ടാണ് മറുപടി പറഞ്ഞത്. “അത് നേപ്പാള്‍ റെജിസ്ട്രേഷനാണെന്ന് ഞാന്‍ പറഞ്ഞില്ലേടാ? പിന്നെന്താ ഇത്രയ്ക്ക് ചിരിയ്ക്കാന്‍???”

അവന്റെ മറുപടി പിന്നേയും കേട്ടതും അത്രയും നേരം ഒരു വിധത്തില്‍ കണ്‍‌ട്രോള്‍ ചെയ്ത് നിന്നിരുന്ന ബിമ്പുവിന്റെ നിയന്ത്രണം വിട്ടതും ഒരുമിച്ചായിരുന്നു. നോണ്‍സ്റ്റോപ്പായി ഡിക്ഷ്ണറിയില്‍ കാണാത്ത കുറച്ചു വാക്കുകള്‍ അവന്റെ വായില്‍ നിന്നും നിര്‍ലോഭം പ്രവഹിച്ചപ്പോഴാണ് രണ്ടാമതും തനിക്കു പിഴച്ചു എന്ന് പിള്ളേച്ചന്‍ മനസ്സിലാക്കിയത്. എന്നിട്ടും അത് നാഗാലാന്റ് റെജിസ്ട്രേഷന്‍ ആയിരുന്നു എന്നു മനസ്സിലാക്കാന്‍ അവന്‍ പിന്നെയും കുറേ നേരമെടുത്തു.

ഇപ്പോഴും ഇടയ്ക്ക് ഞങ്ങള്‍ പിള്ളേച്ചനോട് ചോദിയ്ക്കും ‘എടാ ഈ NL റെജിസ്ട്രേഷന്‍ വണ്ടി എവിടുത്തെയാടാ’ എന്ന്. അതു കേള്‍ക്കുമ്പോഴേ പിള്ളേച്ചന്‍ കൈ കൂപ്പും. ഒപ്പം ‘നിനക്കൊക്കെ എന്നെ നാണം കെടുത്തി മതിയായില്ലേടാ’ എന്നൊരു മറു ചോദ്യവും...

ഇനിയും പിള്ളേച്ചനെ ശരിയ്ക്കു മനസ്സിലാകാത്തവരുണ്ടെങ്കില്‍ ഇവിടെ ഒന്നു നോക്കുക.