Wednesday, January 26, 2011

ഒരു നഴ്സറിക്കാലം

നഴ്സറിയില്‍ ചേരുന്ന കാലത്ത് പഠനം എന്നു വച്ചാല്‍ എന്തോ മലമറിയ്ക്കുന്നത്ര വല്യ സംഭവം ആണെന്നായിരുന്നു കരുതിയിരുന്നത്. കുഞ്ഞായിരുന്ന നാളുകളില്‍, പ്രത്യേകിച്ചും സ്ലേറ്റും പുസ്തകവും ചോറുപാത്രവും പെട്ടിയിലില്‍ വച്ച് (ആദ്യകാലങ്ങളില്‍ ബാഗിനു പകരം അലൂമിനിയം പെട്ടിയായിരുന്നു) വാട്ടര്‍ ബോട്ടിലും കഴുത്തിലിട്ട് ചേട്ടനും കൂട്ടുകാരും പോകുന്നത് കാണുമ്പോഴുള്ള ഒരു.. ഒരു കൊതി. എങ്ങനെ എങ്കിലും സ്കൂളില്‍ പഠിയ്ക്കാന്‍ പോയാല്‍ മതി എന്നായിരുന്നു അന്നൊക്കെ ചിന്ത. മാത്രമല്ല, ചേട്ടനും കൂടി സ്കൂളില്‍ പോയാല്‍ പിന്നെ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാകുകയും ചെയ്യും. അന്ന് എന്റെ പ്രായത്തിലുള്ള കളിക്കൂട്ടുകാരൊന്നും അയല്‍പക്കങ്ങളിലുണ്ടായിരുന്നുമില്ല. (അല്ല, കുറച്ചകലെ ഉണ്ടെങ്കില്‍ തന്നെ അച്ഛനുമമ്മയും അങ്ങോട്ടേയ്ക്കൊന്നും കളിയ്ക്കാന്‍ വിടുകയുമില്ല)

അവസാനം ആറ്റുനോറ്റിരുന്ന സമയം സമാഗതമായി. എന്നെയും നഴ്സറി സ്കൂളില്‍ ചേര്‍ക്കുവാന്‍ തീരുമാനമായി. [ഈ സമയമായപ്പോഴേയ്ക്കും ഞങ്ങള്‍ കൊരട്ടിയില്‍ അച്ഛന്റെ ക്വാര്‍ട്ടേഴ്സിലേയ്ക്ക് താമസം മാറിയിരുന്നു. പിന്നെ മൂന്നു വര്‍ഷം അവിടെയായിരുന്നു]. അതിന്റെ ഭാഗമായി അല്ലറ ചില്ലറ പര്‍ച്ചേസിങ്ങ് കൂടി. പുതിയ ബാഗ്... പുതിയ സ്ളേറ്റ്... പുതിയ ഉടുപ്പ്... പുതിയ ചെരുപ്പ്... പുതിയ കുട... (കുട ഉണ്ടായിരുന്നോ ആവോ. ഒരു താളത്തിന് അങ്ങ് പറഞ്ഞെന്നേയുള്ളൂ) ഞാനും പെരുത്ത് ഹാപ്പി.

അങ്ങനെ ഞാനും സ്കൂളിലേയ്ക്ക് ചേട്ടന്റെ കൂടെ യാത്രയായി. പക്ഷേ സ്കൂളില്‍ ചെന്നെത്തിയതോടെ ആകെ പകച്ചു. പ്രതീക്ഷിച്ചതു പോലെ ഒന്നുമല്ല. ആകെ ബഹളമയം. ഒച്ചയും ബഹളവും ഒപ്പം കരച്ചിലും ഓട്ടവും ഓടിച്ചിട്ടു പിടുത്തവും. ഇതെല്ലാം കണ്ടും കേട്ടും ഞാന്‍ കരയണോ വേണ്ടയോ എന്നറിയാതെ പകച്ചു നിന്നു. അപ്പോഴേയ്ക്കും അമ്മയും വേറേ രണ്ടു മൂന്നു ചേച്ചിമാരും ( അതവിടുത്തെ ടീച്ചര്‍മാരായിരുന്നു എന്ന് പിന്നീടറിഞ്ഞു) ചേര്‍ന്ന് എന്നെപ്പിടിച്ച് ഒരു മുറിയില്‍ കൊണ്ടിരുത്തി. ഞാന്‍ കരുതിയിരുന്നത് സ്കൂളെന്ന് പറയുന്നത് നമ്മുടെ വീടു പോലെ സുന്ദരമായ ഒരു കളിസ്ഥലമാണെന്നായിരുന്നു. പിന്നെ പഠിയ്ക്കാന്‍ ചേട്ടന്റെ കൂടെ പോകാമെന്ന് പറഞ്ഞപ്പോഴും ചേട്ടന്റെ ക്ലാസ്സില്‍ ചേട്ടന്റെ അടുത്തിരുന്ന് പഠിച്ചാല്‍ മതി എന്നൊക്കെയായിരുന്നു. അങ്ങനെയുള്ള എല്ലാ പ്രതീക്ഷകളും തെറ്റിപ്പോയെന്ന് മനസ്സിലാക്കുന്നത് അവിടെ ചെന്നപ്പോള്‍ മാത്രമാണ്.

നഴ്സറി ക്ലാസ്സില്‍ അങ്ങനെ എടുത്തു പറയാനും മാത്രം കൂട്ടുകാരെ ഒന്നും കിട്ടിയിരുന്നില്ല. ഭൂരിഭാഗം പേരും വന്നിരുന്നത് അവരവരുടെ അമ്മമാരുടെ കൂടെയായിരുന്നു. മാത്രമല്ല, മിക്കവാറും ദിവസം ക്ലാസ്സുകള്‍ ഉച്ച വരെ മാത്രവും. ഇന്നത്തെ LKG UKG പോലെയൊന്നുമല്ല, എഴുതാനും വായിയ്ക്കാനും എല്ലാം പഠിപ്പിയ്ക്കുക എന്നതു മാത്രമായിരുന്നു നഴ്സറി ക്ലാസ്സിന്റെ ലക്ഷ്യം. ഒപ്പം കൂട്ടമായി കുറേ പാട്ടുകളും കളികളും. ഇടയ്ക്ക് ബ്രേയ്ക്കിന് അവരവര്‍ കൊണ്ടു വന്നിട്ടുള്ള ബിസ്‌കറ്റും പാലും മറ്റും കഴിയ്ക്കാനുള്ള സമയവും കിട്ടും. ഇതൊന്നുമല്ല, അന്ന് ഏറ്റവും കൊതിയോടെ കാത്തിരുന്നത് (ഇന്നും ഓര്‍മ്മകളില്‍ കൊതിയോടെ ഓര്‍ക്കുന്നത്) ഓരോ ദിവസത്തേയും ക്ലാസ്സിന്റെ അവസാനം ലഭിച്ചിരുന്ന ഒരു ഉരുള ഉപ്പുമാവിനു വേണ്ടിയായിരുന്നു. ചെറു ചൂടോടെ അന്നത്തെ കുഞ്ഞിക്കൈ നിറയുമായിരുന്ന വിധത്തിലുള്ള ആ ഉപ്പുമാവിന്റെ രുചി ഒരിയ്ക്കലും നാവില്‍ നിന്നും പോകുമെന്ന് തോന്നുന്നില്ല. അതു കൊണ്ടൊക്കെ തന്നെ ക്ലാസ്സുമായി പെട്ടെന്ന് പൊരുത്തപ്പെട്ടു.

നഴ്സറി ക്ലാസ്സില്‍ സ്ളേറ്റിനു പുറമേ ഒരു പുസ്തകം കൂടി ഉണ്ടായിരുന്നു. ചിത്രങ്ങളിലൂടെ അക്കങ്ങളെയും അക്ഷരങ്ങളെയും പരിചയപ്പെടുത്തുന്ന ഒരു പുസ്തകം. ഓരോ ദിവസവും എന്തെങ്കിലും ഹോം വര്‍ക്കും കാണും. ഓരോ ദിവസവും വീട്ടിലേയ്ക്ക് വന്നെത്തിയാല്‍ ആദ്യത്തെ പരിപാടി തന്നെ ഈ ഹോംവര്‍ക്ക് ചെയ്തു തീര്‍ക്കുക എന്നതായിരുന്നു. (അത്രയും ഉത്സാഹത്തോടെ പിന്നൊരു കാലത്തും ഹോംവര്‍ക്കുകള്‍ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല) അതു കഴിഞ്ഞേ ഡ്രെസ്സ് മാറുവാനോ ചായ കുടിയ്ക്കുവാനോ പോലും പോകുമായിരുന്നുള്ളൂ.

അതു പോലെ അവിടെ അന്നും യൂണിഫോമും ടൈയും നിര്‍ബന്ധമായിരുന്നു. പിന്നെ ഫുള്‍ സ്ളീവ് ഷര്‍ട്ട് ആണെങ്കില്‍ കൈ മടക്കി വയ്ക്കാതെ അത് ഫുള്‍ സ്ളീവ് ആയി തന്നെ ബട്ടന്‍സൊക്കെ ഇട്ട് ഇടണം. അതാണെങ്കില്‍ എന്നെക്കൊണ്ട് നടക്കുന്ന സംഗതി ആയിരുന്നില്ല. അതു കൊണ്ട് ഷര്‍ട്ടിടാടാനും ഊരാനും അച്ഛനോ അമ്മയോ സഹായിയ്ക്കേണ്ടതുണ്ടായിരുന്നു. പിന്നെ പിന്നെ ഷര്‍ട്ട് അഴിച്ചു മാറ്റാന്‍ ഞാനൊരു വഴി കണ്ടു പിടിച്ചു. ഹോം വര്‍ക്കൊക്കെ കഴിഞ്ഞാല്‍ ചാടിയെഴുന്നേറ്റ് ഷര്‍ട്ടിന്റെ ബട്ടന്‍സൊക്കെ അഴിച്ച് ദേഹത്തു നിന്നും ഊരി മാറ്റി താഴെ അങ്ങ് ഇടും (അപ്പോഴും രണ്ടു കൈയുടേയും ബട്ടന്‍സുകള്‍ അഴിയ്ക്കാത്തതിനാല്‍ അതു രണ്ടും അവിടെ തന്നെ കാണും). അടുത്തതായി നിലത്തു കിടക്കുന്ന ഈ ഷര്‍ട്ടിനു മുകളില്‍ കയറി നിന്ന് ഓരോ കയ്യും ആഞ്ഞു വലിയ്ക്കും. അപ്പോള്‍ ബട്ടന്‍സ് ഇട്ട ഷര്‍ട്ടിന്റെ കയ്യില്‍ നിന്നും എന്റെ കൈകള്‍ സ്വതന്ത്രമാകും. എത്ര എളുപ്പം. ബട്ടന്‍സ് അഴിച്ചു മാറ്റാന്‍ ആരെയും കാത്തു നില്ക്കേണ്ട ആവശ്യവുമില്ല.

അങ്ങനെ ഒരു ദിവസം പതിവു പോലെ ക്ലാസ്സു കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തി. അമ്മ ചായ ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറിയ നേരം കൊണ്ട് ഞാന്‍ ഹോം വര്‍ക്കെല്ലാം ചെയ്തു തീര്‍ത്തു. അടുത്ത പടിയായി സ്ലേറ്റും പുസ്തകവുമെല്ലാം എടുത്തു വച്ചു, അന്നും ഫുള്‍സ്ലീവ് ഷര്‍ട്ട് ആയതിനാല്‍ ഷര്‍ട്ടിന്റെ ബട്ടന്‍സെല്ലാം അഴിച്ച് പതിവു പോലെ ഷര്‍ട്ട് നിലത്തെറിഞ്ഞു. അടുത്ത നിമിഷം അതിനു മുകളിലേയ്ക്ക് ചാടിക്കയറി വലത്തേ കൈ ആഞ്ഞു വലിച്ചു.

ഒരു നിമിഷം! ആ മുറിയും ഞങ്ങള്‍ താമസിയ്ക്കുന്ന ആ ബില്‍ഡിങ്ങും മാത്രമല്ല, ആ ക്വാര്‍ട്ടേഴ്സ് മൊത്തം കിടുങ്ങുമാറ് ഒരലര്‍ച്ച അവിടെ മുഴങ്ങി. ഞാന്‍ പോലും കുറച്ചു സമയമെടുത്തു ആ ശബ്ദം വന്നത് എന്റെ തന്നെ തൊണ്ടയില്‍ നിന്ന് തന്നെ ആണെന്ന് തിരിച്ചറിയാന്‍. അതെല്ലാം മനസ്സിലാക്കി വരുന്നതിനു മുന്‍പ് തന്നെ ഞാന്‍ അലറിക്കരയാന്‍ ആരംഭിച്ചിരുന്നു. അപ്പോഴേയ്ക്കും അമ്മയും അയല്‍പക്കത്തെ ചേച്ചിമാരും പതുക്കെ പതുക്കെ ആ ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ മുഴുവനും അവിടെ വന്നു ചേര്‍ന്നു. വരുന്നവരെല്ലാം എന്താണ് കാര്യമെന്ന് ചോദിയ്ക്കുന്നുണ്ടെങ്കിലും "എന്റെ കൈ ... എന്റെ കൈ..." എന്നും പറഞ്ഞ് കരയുകയല്ലാതെ മറ്റൊന്നും ഞാന്‍ പറയുന്നുമില്ല.

എങ്കിലും ഷര്‍ട്ടിനു മുകളില്‍ കയറി നിന്ന് വലതു കൈ തളര്‍ത്തിയിട്ടു കൊണ്ടുള്ള എന്റെ നില്‍പ്പില്‍ നിന്നു തന്നെ അമ്മയ്ക്ക് കാര്യമെല്ലാം മനസ്സിലായി. അന്ന് പുതിയൊരു ഷര്‍ട്ടായിരുന്നു ഞാനിട്ടിരുന്നത്. അതിന്റെ കൈയ്ക്ക് അല്‍പ്പം ഇറുക്കം കൂടുതലുമായിരുന്നു. അതായിരുന്നു എന്റെ പതിവ് നമ്പര്‍ അവിടെ ഏല്‍ക്കാതിരുന്നത്. അമ്മ അക്കാര്യം പറഞ്ഞു മനസ്സിലാക്കി നാട്ടുകാരെ എല്ലാം സമാധാനിപ്പിച്ച് അയച്ചു. വന്നവരെല്ലാം എന്റെ കൈ പരിശോധിച്ച് ഒന്നും പറ്റിയിട്ടില്ലെന്ന് വിധിച്ച് സ്ഥലം കാലിയാക്കി. അമ്മയും അയല്‍പക്കത്തെ കുറച്ചു പേരും മാത്രം അവിടെ അവശേഷിച്ചു. അതോടൊപ്പം അമ്മ ഷര്‍ട്ടിന്റെ കൈയുടെ ബട്ടന്‍സ് അഴിച്ച് എന്റെ കൈ പതുക്കെ തിരുമ്മിയും മറ്റും ശരിയാക്കാനും തുടങ്ങിയിരുന്നു. പക്ഷേ ഞാന്‍ കരച്ചില്‍ നിര്‍ത്തുന്നില്ല. മാത്രമല്ല, വലതു കൈ അനക്കുന്നുമില്ല. ആരെങ്കിലും വന്ന് കയ്യില്‍ തൊട്ടാല്‍ കരച്ചില്‍ ഉച്ചത്തിലാക്കും, അത്ര തന്നെ.

നേരം കുറേ കഴിഞ്ഞിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്താതായപ്പോള്‍ എല്ലാവര്‍ക്കും കുറേശ്ശെ പേടിയായി തുടങ്ങി. ഇനി കൈയ്ക്ക് വല്ലതും പറ്റിക്കാണുമോ? വൈകാതെ ചേട്ടനെ പറഞ്ഞയച്ച് അച്ഛനെ ഓഫീസില്‍ നിന്നും വരുത്തിച്ചു. അച്ഛന്‍ വന്ന ശേഷം അച്ഛന്റെ വകയും ഒരു പരിശോധന നടത്തി. ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നും കാണാനില്ല. അപ്പോഴേയ്ക്കും ഞാനും കരഞ്ഞു തളര്‍ന്ന് വലിയ വായിലെ കരച്ചിലെല്ലാം അവസാനിപ്പിച്ചു. പകരം ഒരു തരം മോങ്ങല്‍ മാത്രമായി. പക്ഷേ, എന്റെ കയ്യില്‍ തൊട്ടാല്‍ വിധം മാറും. പ്രധാന പ്രശ്നം എനിയ്ക്ക് കൈ അനക്കാന്‍ പറ്റുന്നില്ല എന്നതു തന്നെ. കൈ തളര്‍ത്തിയിട്ടിരിയ്ക്കുകയാണ്. ഉയര്‍ത്താന്‍ പറ്റില്ല, ഞാനോ മറ്റാരെങ്കിലുമോ ശ്രമിച്ചാല്‍ തന്നെ ഭയങ്കര വേദന. അപ്പോള്‍ ഞാന്‍ കരച്ചിലിന്റെ വോളിയം കൂട്ടും.

അവസാനം എന്നെ ഡോക്ടറുടെ അടുത്തേയ്ക് കെട്ടിയെടുക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴേയ്ക്കും ഞാനൊരു 'രോഗി' ആയിക്കഴിഞ്ഞതിനാല്‍ അച്ഛന്‍ എന്നെ എടുത്ത് തോളിലിട്ട് ഡോക്ടറുടെ അടുത്തേയ്ക്ക് വച്ചു പിടിച്ചു. കുറച്ചു ദൂരം നടന്ന് ഡോക്ടറുടെ ക്ലിനിക്കിലെത്തി. (ഇതിനിടെ വഴിയില്‍ കാണുന്ന പരിചയക്കാരെല്ലാം തന്നെ സംഭവം വന്ന് അന്വേഷിച്ചിട്ടു പോയി, എന്റെ കിടപ്പ് കണ്ടാല്‍ കരഞ്ഞു തളര്‍ന്ന് എന്തോ അത്യാഹിതം സംഭവിച്ച മാതിരി തോന്നുമല്ലോ). അവസാനം ഡോക്ടറുടെ അടുക്കലെത്തി. ഡോക്ടര്‍ തന്നെക്കൊണ്ടാകും പോലെ എല്ലാം ശ്രമിച്ചു. ഒരു പ്രശ്നവും കണ്ടെത്താനായില്ല. ഉളുക്കിന്റേതായ ലക്ഷണങ്ങളും നീരും ഒന്നും കാണാനുമില്ല. പിന്നെ, കൂടുതല്‍ വേദന തോന്നിയാല്‍ കൊടുക്കാന്‍ പറഞ്ഞ് എന്തോ മരുന്നും തന്ന് പറഞ്ഞയച്ചു. കൈ ഒരു ദിവസത്തേയ്ക്ക് അനക്കണ്ട എന്നും പിറ്റേ ദിവസത്തേയ്ക്കും മാറിയില്ലെങ്കില്‍ നഴ്സറിയിലേയ്ക്ക് അയയ്ക്കണ്ട എന്നും കൂടി ഉപദേശിച്ചു. അതു കൂടി കേട്ടപ്പോള്‍ എനിയ്ക്ക് കൂടുതല്‍ സങ്കടമായി. (അന്ന് ഒരു ക്ലാസ്സ് മുടങ്ങുന്നത് വലിയ വിഷമമുള്ള കാര്യമായിരുന്നു).

അങ്ങനെ ഞങ്ങള്‍ തിരികേ ക്വാര്‍ട്ടേഴ്സിലേയ്ക്ക് നടക്കുകയായിരുന്നു. അച്ഛന്‍ തിരികേ പോരുന്ന വഴി മുഴുവന്‍ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. സമയം ഏതാണ്ട് ഇരുട്ടിത്തുടങ്ങി. ഞാന്‍ അച്ഛന്റെ തോളില്‍ തല ചായ്ച് തളര്‍ന്ന് കിടപ്പാണ്. അപ്പോഴേയ്ക്കും കരച്ചിലൊക്കെ ഒരുമാതിരി അടങ്ങി. വഴിയില്‍ വച്ച് അച്ഛന്റെ ഒരു സഹപ്രവര്‍ത്തകനെ കണ്ടു മുട്ടി. അവര്‍ രണ്ടു പേരും സംസാരിയ്ക്കുന്നതിനിടയില്‍ എന്നെയും കൊണ്ട് ആ സമയത്ത് എങ്ങോട്ടാണ് എന്ന ചോദ്യം വന്നു. അച്ഛന്‍ കാര്യം മൊത്തം വിവരിച്ചു. അതു കഴിഞ്ഞപ്പോള്‍ ആ ചേട്ടന് എന്റെ കൈ കാണണമെന്നായി. അദ്ദേഹം പതുക്കെ എന്റെ അടുക്കലെത്തി. എന്നിട്ട് "എന്താ മോനേ പറ്റിയത്? കൈ ഉളുക്കിയോ? കാണട്ടെ, ഏത് കയ്യാണ്? എന്താ പറ്റിയത്? ഇപ്പോ എന്താ കുഴപ്പം?" ഇങ്ങനെ തുടര്‍ച്ചയായി കുറേ ചോദ്യങ്ങള്‍ എന്നോട് ചോദിച്ചു.

ഞാന്‍ പയ്യെ വിതുമ്പിക്കൊണ്ട് 'കൈ ഉളുക്കി, ഇപ്പൊ അനക്കാന്‍ പറ്റുന്നില്ല' എന്ന് പറഞ്ഞു.

"ആണോ? ഏത് കയ്യാ ഉളുക്കിയത്? ഇപ്പോ അനക്കാനേ പറ്റുന്നില്ലേ?" ആ ചേട്ടന്‍ പിന്നെയും കുറച്ച് സഹതാപത്തോടെ ചോദിച്ചു.

"ഈ കയ്യാണ് അനക്കാന്‍ പറ്റാത്തത്. ആദ്യം ഇത്രയും പൊക്കാന്‍ പറ്റുമായിരുന്നു. ഇപ്പോ ഇങ്ങനെ പൊക്കാനേ പറ്റുന്നില്ല" ഞാനെന്റെ വലത്തേ കൈ പൊക്കിപ്പിടിച്ച് അദ്ദേഹത്തെ കാണിച്ചു കൊണ്ട് വിശദീകരിച്ചു.

ഇതു കണ്ട് അച്ഛനും ആ ചേട്ടനും ഏതാനും നിമിഷങ്ങള്‍ അന്തം വിട്ട് നിന്നു, തുടര്‍ന്ന് ഒരുമിച്ച് പൊട്ടിച്ചിരിയ്ക്കാന്‍ തുടങ്ങി. എനിയ്ക്ക് കാര്യം മനസ്സിലാക്കാന്‍ പിന്നെയും കുറച്ചു സമയം കുഠെ വേണ്ടി വന്നു. കാരണം അത്രയും നേരം അനക്കുവാനോ പൊക്കിപ്പിടിയ്ക്കുവാനോ പറ്റുന്നില്ലെന്നും പറഞ്ഞ് ബഹളം വച്ചു കരഞ്ഞ അതേ കയ്യും പൊക്കിപ്പിടിച്ചു കൊണ്ടാണ് ഞാന്‍ ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്.

ഇടയ്ക്കെപ്പോഴോ എന്റെ കൈയ്യുടെ ഉളുക്കും വേദനയും നിശ്ശേഷം മാറിയിരുന്നു എന്ന സത്യം ഞാനും മനസ്സിലാക്കിയിരുന്നില്ല. ഉളുക്കിയ സമയത്ത് കൈയൊന്ന് ഇളകുമ്പോഴോ അനക്കുമ്പോഴോ ഉയര്‍ത്താന്‍ ശ്രമിയ്ക്കുമ്പോഴോ തോന്നിയിരുന്ന അസഹ്യമായ വേദന കാരണം പിന്നീട് അത്രയും നേരം ഞാനൊരു ശ്രമം പോലും നടത്താന്‍ കൂട്ടാക്കിയിരുന്നില്ലല്ലോ. എന്തു തന്നെ ആയിരുന്നാലും അത്രയും നേരത്തെ വിശ്രമം തന്നെ ആയിരുന്നു ആ ഉളുക്കിനു പറ്റിയ മരുന്നും.

അങ്ങനെ ഒരു വലിയ രോഗിയെപ്പോലെ അച്ഛന്റെ തോളത്ത് കയറിക്കിടന്ന് കരഞ്ഞു കൊണ്ടു പോയ ഞാന്‍ തിരികെ അച്ഛന്റെ കയ്യും പിടിച്ച് ഉളുക്കിക്കിടന്ന വലതു കൈയും വീശി ചിരിച്ചു കൊണ്ട് തിരികെ വീട്ടില്‍ വന്നു കയറുന്നതു കണ്ട അമ്മയും അയല്‍ക്കാരും അന്തം വിട്ടു. ഇടയ്ക്ക് വഴിയില്‍ വച്ചു നടന്ന സംഭവം മനസ്സിലാക്കാതിരുന്ന ഭൂരിഭാഗം അയല്‍ക്കാര്‍ക്കും എന്നെ ചികിത്സിച്ച ഡോക്ടറോഠുള്ള മതിപ്പും കൂടി എന്ന് പ്രത്യേകം പറയണ്ടല്ലോ.

ഇപ്പോഴും കുടുംബക്കാരെല്ലാം കൂടുന്ന ചില സദസ്സുകളില്‍ അച്ഛനുമമ്മയുമെല്ലാം ഈ പഴയ സംഭവം പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. എന്തായാലും അന്നത്തെ ആ അനുഭവത്തിനു ശേഷം പിന്നീട് കുറേ നാളുകള്‍... അല്ല, വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു വീണ്ടും ഫുള്‍സ്ലീവ് ഷര്‍ട്ടിനോടുള്ള എന്റെ ഭയം മാറിക്കിട്ടാന്‍.