Wednesday, March 28, 2007

മരണ വീട്ടിലേക്കൊരു യാത്ര


ഒരു സംഭവകഥയാണ്.ഇതു നടക്കുന്നത് 5 വര്‍‌ഷം മുന്‍പാണ്. ഞാന് ഡിഗ്രിക്കു പഠിക്കുന്ന സമയം. കോളേജ് ജീവിതം മറ്റെല്ലാവര്‍‌ക്കും പറയാനുള്ളതു പോലെ രസകരമായിരുന്നു, എനിക്കും.

ആയിടെ ഒരു സംഭവം ഉണ്ടായി. ഞങ്ങളുടെ ജൂനിയര് ആയിരുന്ന ഒരു കുട്ടി മരിച്ചു.(അത് രസകരമായ സംഭവമാണെന്നല്ല ഞാന് പറഞ്ഞത്). നേരിട്ടു പരിചയം ഒന്നും ഇല്ലാതിരുന്നതിനാല് ഞങ്ങള് മിക്കവരും കാണാന് പോയില്ല, എന്നാല് ഞങ്ങളുടെ ജൂനിയേഴ്സ് ആയ ചിലര് (മരിച്ച കുട്ടിയുടെ ക്ലാസ്സില് പഠിക്കുന്നവരല്ല) സംസ്കാരത്തിന്റെ അന്ന് കോളേജ് അവധി കൂടി ആയിരുന്നതിനാല് ആ കുട്ടിയുടെ വീട്ടില് പോകാന് തീരുമാനിച്ചു. ആ കുട്ടിയുടെ നാട് കുറെ ദൂരെ ആയിരുന്നു. ഇവര് മൂന്നു നാലു പേര് ബൈക്കിലാണ് യാത്ര തിരിച്ചത്. പോകുന്ന വഴി ചില ഷാപ്പുകളിലെല്ലാം നിറുത്തി മാന്യമായി മിനുങ്ങിയായിരുന്നു യാത്ര. (ഞാന് പര്‍ഞ്ഞല്ലോ, മരിച്ച കുട്ടി ഇവരുടെ ക്ലാസ്സിലുമായിരുന്നില്ല. നേരിട്ടു കാര്യമായ പരിചയവും ഉണ്ടായിരുന്നില്ലെന്നാണ് ഞങ്ങള് അറിഞ്ഞത്. എങ്കിലും ഒരു ട്രിപ്പ് തരപ്പെടുമല്ലോ എന്നു കരുതിയാവണം യാത്ര തിരിച്ചത്.).

അവസാനം, ആരോടൊക്കെയോ ചോദിച്ചു വഴിയെല്ലാം മനസ്സിലാക്കി ആ മരണവീട്ടിലെത്തി. ആവിടെ എത്തിയപ്പോള് ആരോ പറഞ്ഞു, ബോഡി പള്ളീയിലേക്കു കൊണ്ടു പോയെന്നും ഉടനേ ചെന്നാല് കാണാമെന്നും. ഇതു കേട്ട് ഉടന് തന്നെ അവര് പള്ളീയിലേക്കു വച്ചു പിടിച്ചു. ശവസംസ്കാരം നടക്കുന്ന പള്ളി അന്വേഷിച്ച് ഒടുവില് പള്ളീറ്യില് എത്തിയപ്പോഴേക്കും അവിടെ ചടങ്ങുകള് എല്ലാം ഏതാണ്ടു തീര്‍‌ന്നു. കല്ലറക്കു ചുറ്റും ഏതാനും ചിലര് അടുത്തു നിന്ന് കരയുന്നുമുണ്ട്.

നമ്മുടെ കഥാനായകന്‍‌മാരും മോശമാക്കിയില്ല. വേഗം അടുത്തു ചെന്ന് എണ്ണിപ്പെറുക്കി കരയാന് തുടങ്ങി. (സാമാന്യം ഫോമിലായിരുന്നല്ലോ). ഇവരുടെ കരച്ചിലും മറ്റും കണ്ട് മദ്ധ്യവയസ്കനായ ഒരാള് പതുക്കെ ഇവരുടെ അടുത്തെത്തി, ചോദിച്ചു” ആരാ, മനസ്സിലായില്ലല്ലോ. മരിച്ചയാളെ എങ്ങനാ പരിചയം?”

വളരെ വിഷമത്തില് നിന്ന നായകന്‍‌മാര് കുറച്ചില്ല. “ ഞങ്ങള്‍‌ക്കു നല്ല പരിചയമുണ്ടായിരുന്നു. ഞങ്ങള് ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. ഇനി പറഞ്ഞിട്ടെന്താ?”

ആദ്യം വന്നയാള് അത്ര രസിക്കാതെ പറ്ഞ്ഞു “പിള്ളേരെ, നിങ്ങള്‍‌ക്ക് ആളു മാറി. ഇവിടെ മരിച്ചത് എന്റെ അമ്മയാണ്. 80 വയസ്സുണ്ടായിരുന്നു. പിന്നെങ്ങനാ നിങ്ങളുടെ കൂടെ പഠിക്കുന്നേ?”

മുഴുവന് കേള്‍‌ക്കാന് നില്‍‌ക്കാതെ നമ്മുടെ കഥാനായകന്‍‌മാര് സ്ഥലം വിട്ടെന്നു പറഞ്ഞാല് മതിയല്ലോ.

“സത്യത്തില് അന്നു രണ്ടു പള്ളികളില് സംസ്കാരം ഉണ്ടായിരുന്നു!”

Tuesday, March 27, 2007

♫ പ്രാര്‍‌ത്ഥന ♫

♫തൊഴുകയ്യാല്‍ നിന്‍ മുന്നില്‍ പ്രാര്‍‌ത്ഥിക്കാം ഞാനെന്നും
സത്യത്തിന്‍ നേര്‍‌വഴി കാട്ടേണമേ…
ഒരുപാടു ദൂരം ഇനി മുന്നോട്ടു പോകുവാന്‍
തിരിനാളം എന്നില്‍ തെളിക്കേണമേ…

സത്യസ്വരൂപനേ സര്‍‌വ്വസ്വാത്മാവേ
ഉലകത്തിനെല്ലാം പരമ്പൊരുളേ…
ജീവന്റെ ജീവനാം പരിശുദ്ധാത്മാവേ നിന്‍‌
നാമത്താലെന്‍ മനം ഭക്തിമയം…

ഭൂലോകനാഥനേ കാരുണ്യമൂര്‍‌ത്തേ
കൈവല്യദാതാവേ കൈ തൊഴുന്നേന്‍
അടിയനിലെന്നും നീ കരുണ ചൊരിയണേ
നേര്‍വഴിക്കെന്നും നടത്തേണമേ… ♫

Saturday, March 24, 2007

♫ഇന്നലെ എന്റെ ബാല്യം♫

പെയ്തൊഴിയാത്തൊരു മഴയുടെ ഓര്‍മ്മകള്‍
വിങ്ങും മനസ്സിന്റെ തേങ്ങലുകള്‍...
ഓര്‍മ്മ തന്‍ വീഥിയിലെന്നോ കൈവിട്ട
താരാട്ടു പാട്ടിന്‍ സംഗീതമായ്...


ഓര്‍മ്മകള്‍ തേടിയെത്തുന്നു മെല്ലെ
മറവി തന്‍ മൂടല്‍ മഞ്ഞലിഞ്ഞൂ...
വ്യക്തമല്ലെങ്കിലും കേള്‍ക്കാമെനിയ്ക്കേതോ
തംബുരു തന്‍ ശോകഗാനം...


സ്മൃതി നിലാവിലെ നിഴലുകള്‍ മാത്രമായ്
പോയകാലത്തിന്റെ കാല്‍പ്പാടുകള്‍...
ഇന്നലെയെന്നിലോ മൊട്ടിട്ട സ്വപ്നങ്ങള്‍
ഇനിയും വിടരാത്ത പുഷ്പങ്ങളായ്...


ഉത്രാടരാത്രിയില്‍ ഉല്ലാസവേളയില്‍
ഓണനിലാവിന്റെ ഓര്‍മ്മകളില്‍...
ഇന്നെന്റെയാത്മാവില്‍ കേവലം സ്പന്ദനം
മാത്രമായ് തിര്‍ന്നൊരെന്‍ ബാല്യകാലം...

Sunday, March 11, 2007

♫ ഓര്‍‌മ്മയില്‍‌ ഒരു താരാട്ട് ♫

എങ്ങോ കേട്ടു മറന്നൊരാ പാട്ടിന്‍‌
ഈണം മനസ്സിന്റെ താളമായി
താരാട്ടു പാട്ടിന്റെ ഈണം കേള്‍‌ക്കാത്ത
എന്റെ മനസ്സിന്റെ താളമായി...

ഓര്‍‌മ്മകള്‍‌ക്കെന്നില്‍‌ പുനര്‍‌ജ്ജനി നല്‍‌കിയ
പാട്ടിന്റെ പല്ലവി പാടുമോ നീ
ഉണര്‍‌ന്നെഴുന്നേല്‍‌ക്കുമെന്‍‌ മനസ്സിന്റെ കോണിലെ
മോഹവിളക്കിന്‍‌ തിരിനാളമായ്...

ഓമല്‍‌ക്കിടാവിന്റെ താരാട്ടു പാടുമൊ-
രമ്മ തന്‍‌ പൊന്‍‌മുഖമോര്‍‌ത്തിടുമ്പോള്‍‌
ഞെട്ടിയുണര്‍‌ന്നൊരെന്‍‌ ബാല്യസ്വപ്നത്തിന്റെ
നേര്‍‌ത്ത സ്വരങ്ങളും കേള്‍ക്കാതെയായ്...

Saturday, March 10, 2007

കാലത്തിന്റെ മണിമുഴക്കങ്ങള്‍‌

ഉച്ചയൂണു കഴിഞ്ഞ് അയാള്‍‌ തന്റെ ചാരുകസേരയില്‍ ആസനസ്ഥനായി. ആ വലിയ വീട്ടില്‍ അയാളെയും വേലക്കാരനെയും കൂടാതെ മറ്റാരും ഇല്ലാത്തതു കൊണ്ടാവാം ഉച്ച നേരങ്ങളില്‍‌ വലിയ വിരസതയാണ്‍. ഉച്ചക്ക് ഉറങ്ങി ശീലമില്ലാത്തതിനാൽ അയാൾ‌ കണ്ണടയെടുത്തു വച്ച് ഒരിക്കല്‍‌ കൂടി പത്രം വായിക്കാന്‍‌ തുടങ്ങി. വായനയില്‍ മുഴുകിയിരിക്കെയാണ് അതിലെ നിര്യാതരായി എന്ന കോളത്തിലെ ഒരു ചിത്രം അയാളുടെ ശ്രദ്ധയില്‍‌ പെട്ടത്. 60 വയസ്സോളം പ്രായം തോന്നിപ്പിക്കുന്ന ആസ്ത്രീയുടെ ചിത്രത്തിലേക്ക് അയാള്‍‌ സൂക്ഷിച്ചു നോക്കി. അതിനടിയിലെ ‘രാധികാ ശ്രീധരന്‍‌‘ എന്ന പേര്‍ അയാളുടെ സംശയം ദൂരീകരിച്ചു. ‘രാധിക” പിറുപിറുത്തു കൊണ്ട് അയാള്‍ തന്റെ ചാരുകസേരയിലേക്ക് ചാഞ്ഞു കിടന്നു. മനസ്സില്‍‌ എവിടെയോ എന്തോ നീറുന്നതു പോലെ അയാള്‍ പതുക്കെ കണ്ണട ഊരി മറ്റി വച്ച് കണ്ണുകളടച്ചു. താനറിയാതെ അയാള്‍‌ തന്റെ ഭൂതകാലത്തിലേക്കു ഊളിയിടുകയായിരുന്നു.


ഓര്‍‌മ്മകള്‍‌ അതിവേഗം പുറകോട്ടു സഞ്ചരിച്ചു. താന്‍‌ ആദ്യമായി അവളെ കണ്ട ദിവസം. ആദ്യ ദര്‍‌ശനാനുരാഗം എന്നൊക്കെ പറയാമോ എന്തോ ആദ്യമായി കണ്ട മാത്രയില്‍‌ തന്നെ തനിക്ക് അവളോട് എന്തോ ഒരു ആകര്‍‌ഷണം തോന്നിയിരുന്നു. വളരെ പെട്ടെന്നു തന്നെ തങ്ങള്‍‌ ഇരുവരും തമ്മിലടുത്തു കോളേജിലെ ഓരോ മണല്‍‌ത്തരിക്കു പോലും സുപരിചിതമായ ബന്ധം. ഒഴിവു സമയങ്ങളില്‍‌ തങ്ങള്‍‌ ഒരുപാടു സംസാരിക്കുമായിരുന്നു.
Made for each other’ എന്നായിരുന്നു തങ്ങളെക്കുറിച്ച് സുഹൃത്തുക്കള്‍‌ എന്തിന്‍ അദ്ധ്യാപകര്‍‌ വരെ പറഞ്ഞിരുന്നത്. ആ ക്യാമ്പസ്സിലെ അംഗീകൃത പ്രണയജോടികളില്‍‌ ഒന്ന്


നാലഞ്ചു വര്‍‌ഷങ്ങള്‍‌ അതിവേഗം കടന്നു പോയി. പഠനം കഴിഞ്ഞിറങ്ങിയ ഉടനേ അവള്‍‌ക്ക് വീട്ടില്‍‌ വിവാഹാലോചന തുടങ്ങി. ഒരു ജോലി പോലുമില്ലാതെ അന്യജാതിക്കരനായ താനെങ്ങനെ പെണ്ണു ചോദിക്കും? എങ്കിലും സുഹൃത്തുക്കളുടെ പ്രചോദനത്തോടെ ഒരു ശ്രമം നടത്തി നോക്കി
പരാജയപ്പെട്ടു. ആ പരാജയം ഒരു വാശിയായി. അവളെ സ്വന്തമാക്കാന്‍‌ ഒരു ജോലി കൂടിയേ തീരൂ. ജോലി തേടി നാടു വിടാന്‍‌ തന്നെ തീരുമാനിച്ചു. യാത്ര പറയും മുമ്പ് അവള്‍‌ പറഞ്ഞു “ഞാന്‍‌ കാത്തിരിക്കും”. യാത്രാമംഗളങ്ങള്‍‌ നേര്‍‌ന്നു നില്‍‌ക്കുന്ന അവളുടെ മുഖവും മനസ്സിലേറ്റി യാത്ര തിരിച്ചു.


വീണ്ടും നാലഞ്ചു വര്‍‌ഷങ്ങള്‍‌ കൂടി… അതിനിടയില്‍‌ തമ്മില്‍‌ ഒരു വിധത്തിലും ബന്ധപ്പെടാന്‍‌ കഴിഞ്ഞില്ല. ഉയര്‍‌ന്ന ഉദ്യോഗവുമായി നാട്ടിലേക്കു മടങ്ങുമ്പോള്‍‌ അയാളുടെ മനസ്സില്‍‌ അവള്‍‌ മാത്രമായിരുന്നു. പക്ഷേ, നാട്ടില്‍‌ വന്നിറങ്ങിയ ഉടനേ അറിയാന്‍‌ കഴിഞ്ഞത് അവളുടെ വിവാഹ വാര്‍‌ത്തയായിരുന്നു. അയാള്‍‌ പോയ ശേഷം വീട്ടുകാരുടെ നിര്‍‌ബന്ധത്തിനു വഴങ്ങി അവള്‍‌ ഒരു ഗള്‍‌ഫുകാരനെ വിവാഹം കഴിച്ചത്രെ

എന്തോ, അയാള്‍‌ പിന്നീടവളെ പറ്റി അന്വേഷിച്ചില്ല. ഒരിക്കല്‍‌ പോലും കാണാന്‍‌ ശ്രമിച്ചില്ല. സ്വന്തം വിധിയേപ്പോലും പഴിച്ചില്ല.

കാലം കടന്നു പോയി. ഈ സംഭവ പരമ്പര കഴിഞ്ഞിട്ട് ഇപ്പോള്‍‌ നാല്പതു വര്‍‌ഷത്തിനു മേല്‍‌ ആയിരിക്കുന്നു. ഇന്ന് അയാള്‍‌ അവിവാഹിതനായ ഒരു റിട്ട. ഉദ്യോഗസ്ഥനാണ്‍. ഇത്രയും കാലം അയാള്‍‌ ഒറ്റപ്പെട്ട ഒരു ജീവിതം നയിക്കുകയായിരുന്നു.

ഒരു നെറ്റുവീര്‍‌പ്പോടെ അയാള്‍‌ ഓര്‍‌മ്മകളുടെ ലോകത്തു നിന്നും തിരിച്ചു വന്നു. കയ്യിലിരിക്കുന്ന പത്രത്തിലേക്കു ഒന്നു കൂടെ നോക്കി. അവളുടെ മുഖം അയാള്‍‌ ശ്രദ്ധിച്ചു. നാല്പതു വര്‍‌ഷങ്ങള്‍‌ക്കു ശേഷവും തനിക്ക് ഒറ്റ നോട്ടത്തില്‍‌ അവളുടെ മുഖം തിരിച്ചറിയാന്‍‌ കഴിഞ്ഞിരിക്കുന്നു. മുഖത്ത് ചുളിവുകള്‍‌ വന്നിരിക്കുന്നു. കുറെ നര കയറിയിട്ടുമുണ്ട്. കണ്ണുകളിലെ ആ പഴയ തിളക്കവും നഷ്ടപ്പെട്ടു കഴിഞ്ഞു. എങ്കിലും…


എന്തോ ഓര്‍‌ത്തിട്ടെന്ന പോലെ അയാള്‍‌ എഴുന്നേറ്റു. കണ്ണടയെടുത്തു മുഖത്തു വച്ച് അയയില്‍‌ കിടന്ന ജൂബ്ബയുടെ പോക്കറ്റില്‍‌ കയ്യിട്ട് തന്റെ പേഴ്സ് പുറത്തെടുത്തു. യാന്ത്രികമായി അയാളുടെ വിരലുകള്‍‌ അതിലെ ഒരു രഹസ്യ അറയിലേക്കു നീങ്ങി. അതില്‍‌ നിന്നും നിറം മങ്ങി പഴകിയ ഒരു പാസ്പോര്‍‌ട്ടു സൈസ് ഫോട്ടോ
അയാള്‍‌ പുറത്തെടുത്തു.

ആ ഫോട്ടോ അവളുടേതായിരുന്നു. കോളേജില്‍‌ പഠിച്ചിരുന്ന കാലത്ത് അവളുടെ പക്കല്‍‌ നിന്നും അയാള്‍‌ വാങ്ങിയ ഫോട്ടോ. അതെടുത്ത ശേഷം അയാള്‍‌ ആ പേഴ്സ് തിരികെ വച്ചു.


കണ്ണു നീര്‍‌ വന്ന് കണ്ണു നിറഞ്ഞപ്പോള്‍‌ കണ്ണട ഊരി, അയാള്‍‌ കണ്ണുകള്‍‌ ഒപ്പി. അയാള്‍‌ ഒരു തീപ്പെട്ടി തപ്പിയെടുത്തു. പതിയെ തീപ്പെട്ടിയുരച്ച് ആ ഫോട്ടൊയ്ക്കു തീ കൊളുത്തി അത് താഴേയ്ക്കിട്ട ശേഷം അയാള്‍‌ ആ കസേരയിലേക്കു വീണു. ഹൃദയത്തില്‍‌ നിന്നും എന്തോ പറിഞ്ഞു പോകും പോലെ… കണ്ണുകളില്‍‌ ഇരുട്ടു കയരുന്നു.അയാള്‍‌ കണ്ണുകള്‍‌ ഇറുക്കി അടച്ചു. സമയം ഇഴഞ്ഞു നീങ്ങി…


പിന്നീടൊരിക്കലും അയാള്‍‌ ആ കണ്ണുകള്‍‌ തുറന്നില്ല. അയാളുടെ ജീവനും അവള്‍‌ക്കു പിന്നാലെ സ്വര്‍‌ഗ്ഗത്തിലേക്കു യാത്രയായിരുന്നു. ഈ സമയം ദൂരെയെവിടെ നിന്നോ ‘വിവാഹം സ്വര്‍‌ഗ്ഗത്തില്‍‌ വച്ചു നടക്കുന്നു’ എന്നര്‍‌ത്ഥം വരുന്ന ഒരു ഗാനം ഉയരുന്നുണ്ടായിരുന്നു…